Tuesday, August 17, 2010

മിസ്റ്റര്‍ ജി പി എസ് - ഭാഗം 1

പുതിയ ജോലിയില്‍ കയറിയിട്ട് മാസം എട്ടൊമ്പതായെങ്കിലും വണ്ടി ട്രാക്കില്‍ വീണത് ഈ അടുത്ത കാലത്താണ്. ആയതിനാല്‍ തന്നെ ആദ്യമുണ്ടായ വിരസത, അലസത, ടെന്‍ഷന്‍, വിശപ്പില്ലായ്മ, തൊണ്ട വരളല്‍, ലേറ്റായിരുപ്പ് തുടങ്ങിയ ഉഡായിപ്പൊക്കെ നിറുത്തി അത്യാവശ്യം മനസ്സമാധാനത്തോടെ പണിയെടുത്ത്, കണ്ണൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ നയിച്ച് കൊണ്ടരാന്‍ തുടങ്ങിയതിന്റെ സമാധാനവും, സന്തോഷവും അനുഭവിക്കാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്. ഒപ്പം പഴയ പണി പോയത് എത്ര നന്നായെന്ന ഒരു മനോഭാവവും വന്ന് ചേര്‍ന്നു.

ഈ ജോലിക്ക് ജോയിന്‍ ചെയ്ത് ആദ്യ ദിവസം തന്നെ കണ്ണില്‍ പെട്ടത് ഒരു യുവകോമളനായ യുവാവിനേയായിരുന്നു. സൂര്യപ്രകാ‍ശം അടിച്ചാല്‍ ബെല്‍ജിയം മിററിനെ വെല്ലുന്ന രീതിയില്‍ അതിനെ റിഫ്ലക്റ്റ് ചെയ്യിപ്പിക്കുന്ന ക്ലീന്‍ ഷേവ്ഡ് ശിരസ്സ്. പഴനിക്ക് പോയപ്പോ വടിച്ചതല്ല, ഒന്നരാടം മുഖത്ത് ക്ഷൌരം നടത്തുന്നതിനൊപ്പം തന്നെ തലയും ക്ഷൌരം ചെയ്യുന്നതൊരു ശീലമാക്കിയിരിക്കുകയാണെന്ന് പുള്ളിയെന്ന് സംഭാഷണ മധ്യേ മനസ്സിലാക്കിയതാണ്, ഒപ്പം തന്നെ ഗള്‍ഫ് ഗേറ്റില്‍ ഒരു വിസിറ്റിങ്ങ് നടത്തേണ്ട ആവശ്യം ഇപ്പോഴില്ല എന്ന് തുറന്ന് പറഞ്ഞതു എന്നെ അല്പം കണ്‍ഫ്യൂഷനാക്കി - എന്റെ തലക്ക് ഗള്‍ഫ് ഗേറ്റിട്ട വില 1200 ദിര്‍ഹം - അവന്റെ തലക്ക് അല്പം വലുപ്പമേറിയതിനാല്‍ 1400 ദിര്‍ഹം, പക്ഷെ ഒബാമക്ക് അമേരിക്കന്‍ ഗവണ്മെന്റ് ഇട്ട വില - ഹൌ കഠിനം തന്നെ.......ഇങ്ങനേം മനുഷനെ പറ്റിക്കോ? ഒരേ സൈസ് തലക്ക് ഓരോരോര്‍ത്തര്‍ ഇടുന്ന വിലക്കൊരു സാമ്യതകൂടിയില്ല. ഇതിനെയാണ് അനീതി, അനീതി എന്ന് പറയുന്നത് എന്ന് ആരോ പറഞ്ഞ് കേട്ടത് പോലെ!

അപ്പോ പറഞ്ഞ് വന്നത് നമ്മുടെ മിസ്റ്റര്‍ ക്ലീനിനെ കുറിച്ചായത് കാരണം അതങ്ങട്ട് പൂര്‍ത്തീകരിക്കാം. പെര്‍ഫെക്റ്റ് വസ്തധാരണം, മൂന്നുപീടികയില്‍ ജനിച്ച് വളര്‍ന്നെങ്കിലും ഭക്ഷണകാര്യത്തില്‍ നല്ല സെലക്ഷന്‍, സ്കെച്ചിട്ടാലേ ജീവിതത്തില്‍ മുന്നേറാന്‍ പറ്റൂ എന്ന് എന്നെ പഠിപ്പിച്ചതും അവന്‍ തന്നെ. സ്ട്രെച്ചറില്‍ കിടന്ന് ആശുപത്രികളില്‍ അങ്ങോളം ഇങ്ങോളം ഉരുണ്ടിട്ടുണ്ടെന്നല്ലാതെ, സ്കെച്ചിടാന്‍ എനിക്കറിയില്ലായിരുന്നു. ആ എന്നെ ലൈഫിലെ സ്കെച്ചിടാന്‍ പ്രേരിപ്പിച്ചതും ഈ വിദ്വാന്‍ തന്നെ. ചുരുക്കം പറഞ്ഞാല്‍ ഒരൊന്നൊന്നര രണ്ട് മൂന്ന് മൊതല്.

വാശിയും വൈരാഗ്യവും വന്നാല്‍ മംഗലശേരി നീലകണ്ടനെ കവച്ചോ, കമഴ്ത്തിയോ വെക്കും പുള്ളിയെന്ന് മനസ്സിലാക്കി തന്ന ഒന്ന് രണ്ട് സംഭവങ്ങള് ഉണ്ടായപ്പോള്‍ തന്നെ പുള്ളി, ചില്ലറക്കാരനല്ല എന്ന് എനിക്കും എന്തിന് കമ്പനിക്ക് തന്നെ മനസ്സിലായി.

ഏറ്റുമുട്ടലാണോ, അതോ സൌഹൃദ സംഭാഷണമാണോ നല്ലത്?

എനിക്ക് തന്നെ ഒരു സംശയമായ്

നോക്കാം.

വരും, വരാതിരിക്കുമോ?
പ്രതീക്ഷമാത്രമാശ്രയം.