Wednesday, June 27, 2007

ഒത്തൊരുമ

ദില്ലിയിലെ കല്‍ക്കാജിയില്‍, സുഹൃത്തായ ഡൊമിനിയുമൊത്ത് താമസിക്കുന്ന സമയം. താമസം എന്നു പറഞ്ഞാല്‍ വെറും താമസമല്ലാ. മഹാ ആര്‍ഭാടം! ഒരേ ഒരു മുറി. അതാണ് ഞങ്ങളുടെ ഡ്രോയിങ്ങ് കം ഡൈനിങ്ങ്, കം കിച്ചന്‍ കം സ്റ്റോര്‍ റൂം, കം ഗസ്റ്റ് റൂം കം പൂജാ റൂം കം സര്‍വ്വസ്വം. പക്ഷെ ബാത്രൂം കം ടോയലറ്റ് ദൈവസഹായത്തില്‍ അതായിരുന്നില്ല, വേറെയൊരെണ്ണം ഉണ്ടായിരുന്നു. അപ്പോ പറഞ്ഞ് വന്നത് റൂമിനെ കുറിച്ച്, അതെ, വളരെ സ്പേഷ്യസ് റൂം. രണ്ട് കട്ടില് മുറിയുടെ രണ്ട് വശത്തായി‍, ഒരു മൂലക്കില്‍ മണ്ണെണ്ണയുടെ എയര്‍ അടിച്ചു കത്തിക്കുന്ന സ്റ്റൌ. മറ്റേ മൂലക്കില്‍, വെള്ളം മാത്രം തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന റെഫ്രിജറേറ്റര്‍ അഥവാ മണ്‍കൂജ, അതിന്റെ ഇടയില്‍ ബക്കറ്റ്, പാത്രങ്ങള്‍, തുടങ്ങിയ പാചക സാമഗ്രികള്‍. എന്തിനധികം പറയുന്നു, ഒരുമയുണ്ടെങ്കില്‍ ഒരു മുറി തന്നെ ധാരാളം എന്ന പോളിസി പ്രകാരം, വീക്കെന്റുകളില്‍ ഞങ്ങളുടെ പാലസിലേക്ക് രണ്ടും, മൂന്നും സുഹൃത്തുക്കള്‍ വരെ വരുകയും താമസിച്ചുപോകുകയും ചെയ്തിരുന്ന കാലം.

ജോലി ചെയ്യുന്നത് സുന്ദര്‍ നഗറില്‍. മോഡ് ഓഫ് ട്രാന്‍സ്പോര്‍ട്ട്, ദില്ലി ട്രാന്‍സ്പോര്‍ട്ടിന്റെ 425 ആം നമ്പര്‍ ബസ്സ്. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറു വരെ ജോലി. രാവിലെ 8.20 ന്റെ ബസ്സ് പിടിച്ചാല്‍ 9 മണി ആകുമ്പോഴേക്കും ഓഫീസില്‍ എത്താം. 8.20 ന്റെ ബസ്സ് പിടിച്ചില്ലെങ്കില്‍, പിന്നെ 9 മണി വരെ കാത്തു നിന്നാല്‍ മാത്രം പോര, 10 മണിയോട് കൂടി ഓഫീസില്‍ കയറി ചെന്നാല്‍ മാനേജരുടെ വായിലിരിക്കുന്ന ചീത്തവിളി മുഴുവനും, വള്ളി പുള്ളി വിടാതെ കേള്‍ക്കുകയും വേണം എന്ന ഒരേ ഒരു കാരണത്താല്‍ രാവിലെ 8.20 ന്റെ ബസ്സ് പിടിക്കുന്നതില്‍ ഞങ്ങള്‍ വിട്ടു വീഴ്ച ഒരിക്കലും വരുത്തിയിരുന്നില്ല.

വൈകീട്ട് വീട്ടില്‍ വന്നാല്‍, അവനവന്റെ ഊഴമനുസരിച്ച്, കുക്കിങ്ങ് ചെയ്യണം, ഒരു ദിവസം ഡൊമിനിയെങ്കില്‍, പിറ്റേ ദിവസം ഞാന്‍, പിന്നെ ഡൊമിനി. ഇതിനിടയില്‍ തോറ്റവണ്‍ കുക്ക് ചെയ്യണം എന്ന വ്യവസ്ഥയില്‍ മൂന്നോ, നാലോ റൌണ്ട് ശീട്ട് കളിച്ചിട്ടുണ്ടെങ്കില്‍, രണ്ടും മൂന്നും ദിവസം അടുപ്പിച്ച് ഞാന്‍ തന്നെ പാചകം ചെയ്യേണ്ടി വരും. ശീട്ടുകളിയില്‍ ഞാന്‍ അത്രക്ക് എക്സ്പര്‍ട്ടാ. അങ്ങിനെ അടുപ്പിച്ച് രണ്ടും, മൂന്നും ദിവസം കുക്കു ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍, മാനസിക സംഘര്‍ഷവും, അപകര്‍ഷതാ ബോധവും മൂലം, എണ്ണക്ക് പകരം ഡൊമിനിയുടെ ചപ്പാത്തിയില്‍ മണ്ണെണ്ണ പുരട്ടിയാലോന്നു പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് എന്നുള്ളത് മണ്ണെണ്ണ പോലെ തന്നെ മണമുള്ള സത്യം. പിന്നെ എന്റെ ശരീര ബലവും, അവന്റെ ശരീര ബലവും തമ്മില്‍ തുലനം ചെയ്യുമ്പോള്‍ അത്തരം പിശാചിന്റെ വിളികള്‍ക്ക് കാതുകൊടുക്കാതെ ഞാന്‍ ഒഴിഞ്ഞു മാറുകയാണ് പതിവ്.

കുക്കിങ്ങ് കഴിഞ്ഞ്, കരണ്ടി, പിഞ്ഞാണങ്ങള്‍, ചെമ്പുകള്‍, ചെരുവങ്ങള്‍ ചുരണ്ടി വൃത്തിയാക്കി, കഴുകി തുടച്ച് വച്ച് കഴിഞ്ഞാല്‍ അന്നത്തെ പണി തീര്‍ന്നു. അത്താഴം കഴിഞ്ഞാല്‍ എത്രയും പെട്ടെന്നുറങ്ങുക എന്നതാണ് ഡൊമിനിക്കു ശീലമെങ്കില്‍, എത്രയും വൈകി ഉറങ്ങാമോ അത്രയും വൈകിയേ ഞാന്‍ ഉറങ്ങാറുള്ളൂ. മറിച്ച് ഡൊമിനി, കൊച്ചുവെളുപ്പാന്‍ കാലത്ത് തന്നെ ഉണരും (വേണമെന്ന് കരുതിയിട്ടല്ല, ഉറക്കം കുറഞ്ഞ ജനുസ്സില്‍ പെട്ടതാ അവന്‍), ഞാനാണെങ്കില്‍ പരമാവധി വൈകി ഡൊമിനി, എഴുന്നേല്‍ക്കടാന്നു പറഞ്ഞ് വിളിച്ചാലും, തിരിഞ്ഞും, മറിഞ്ഞും അഞ്ച് പത്ത് മിനിറ്റ് കൂടി കിടന്ന്, എഴുന്നേറ്റ് കുളിച്ച് തയ്യാറാവാന്‍ വേണ്ട കൃത്യം സമയം അവശേഷിക്കുമ്പോള്‍ എഴുന്നേല്‍ക്കും. പിന്നെ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്തതുപോലെ പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ചതിനുശേഷം, ബസ്സ് സ്റ്റോപ്പിലേക്ക് പായും.

ബസ്സ് സ്റ്റോപ്പിലേക്കുള്ള എന്റെ ഓടിവരവ് കാണുമ്പോള്‍ ചിരിക്കുന്ന ചില യുവതികളുടെ കൂട്ടത്തില്‍ ഡൊമിനിയും ചിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് കലിയിളകും, പക്ഷെ കായിക ബലം ആര്‍ക്ക് എന്ന ചോദ്യം സ്വയം ചോദിക്കുമ്പോള്‍, ഇളകിയ കലി അതേ സ്പീഡില്‍ മുറുകും. എന്തൊക്കെയായാലും ബസ്സ് മിസ്സാകാറില്ല എന്നതിനാല്‍ തന്നെ മാനേജരുടെ വായിലിരിക്കുന്നത് പുറത്തേക്കധികം തെറിക്കാത്തതിനാല്‍, ശരീരത്തില്‍ കാര്യമായ തോതില്‍ പറ്റാറുമില്ല.

ചൂടുകാലം കഴിഞ്ഞു തണുപ്പു കാലം വന്നതോടുകൂടി കാലാവസ്ഥ പോലെ തന്നെ ഞങ്ങളുടേം ദിനചര്യകളൊക്കെ മാറി. വൈകുന്നേരം പാചകമെല്ലാം കഴിഞ്ഞതിനുശേഷം, മൂന്ന് ത്രിഗുണനു പിന്നാലേയാണ് അത്താഴം പതിവ്. അതിനാല്‍ തന്നെ റെജായിക്കടിയില്‍ പുതച്ച് മൂടി കിടന്നുറങ്ങിയാല്‍, രാവിലെ ആയാലും, എനിക്ക് എഴുന്നേല്‍ക്കാനേ തോന്നുകയില്ല. എങ്കിലും മാനേജരുടെ മുഖം മനതാരില്‍ തെളിയുമ്പോള്‍, ആമയുടെ തല തോടില്‍ നിന്നും വെളിയിലേക്ക് വരുന്നത് പോലെ, റെജായിക്കടിയില്‍ നിന്നും, മൊത്തം ശരീരം വെളിയിലേക്ക് വരും. ചൂടാകാലമായാലും, തണുപ്പുകാലമായാലും, ഡൊമിനി കിടക്കുന്നതും, എഴുന്നേല്‍ക്കുന്നതും ഒരേ സമയത്ത് തന്നെ.

ഞായറാഴ്ച രാത്രി അത്താഴത്തിനു മുന്‍പ്, പതിവുപോലെ ത്രിഗുണന സേവാ സമയത്ത്, അളവിനെ ചൊല്ലി ഞങ്ങള്‍ ചെറുതായി തര്‍ക്കിച്ചതിന്റെ പരിണിതഫലമായ ഈര്‍ഷ്യ ഉള്ളില്‍ ഉള്ളതിനാല്‍ തിങ്കളാഴ്ച രാവിലെ പതിവു സമയത്ത് എന്നെ ഉണര്‍ത്തുന്നതിനു പകരം അവന്‍ കട്ടന്‍ കാപ്പിയിട്ട് തന്നെ കുടിച്ചു. തലേന്നത്തെ വാശി.

പക്ഷെ ഞാന്‍ തലേന്ന് രാത്രി ഉണ്ടാക്കി വച്ച വായിലിട്ടാല്‍ അലിയുന്ന ആറു ചപ്പാത്തി വച്ച പാത്രവും, കോളിഫ്ലവറും, ഉരുളകിഴങ്ങും, സബോളയും ചേര്‍ത്ത് വഴറ്റി വഴറ്റി എന്റെ കൈപ്പുണ്ണ്യം നിറഞ്ഞ കറിയും നിറച്ച പാത്രവും എടുത്ത് ബാഗില്‍ വച്ച്, മുറിയില്‍ നിന്നിറങ്ങാന്‍ നേരം എന്റെ റെജായി വലിച്ചു നീക്കിയിട്ട് ഒരു വിളീ....

പൂയ്, കുറുമാനെ, മണി എട്ടേ അഞ്ച്. എഴുന്നേറ്റോ, ഞാന്‍ നിന്നെ ഏഴരക്ക് വിളിക്കുമ്പോള്‍, അല്പം കൂടെ ഉറങ്ങട്ടെ, അല്പം കൂടെ ഉറങ്ങട്ടെ, ഡോണ്ട് ഡിസ്റ്റര്‍ബ് മി എന്നൊക്കെയല്ലെ പറയാറ്. ഇന്നലെ ഒരു പെഗ് അധികം അടിക്കട്ടേന്നു ചോദിച്ചപ്പോ, പള്ളീല്‍ പോയി പറയാന്‍ അല്ലെ?

നീ ഇന്ന് അനുഭവിക്ക്. ബസ്സെന്തായാലും കിട്ടുകയില്ല, പകരം മാനേജരുടെ ചീത്ത കിട്ടുകേം ചെയ്യും....

പൂയ്....ഞാന്‍ ഹാപ്പി.....

അപ്പി ഹിപ്പി ഹാപ്പി, അപ്പി ഹിപ്പി ഹാപ്പി എന്നു പറഞ്ഞ് റൂമിന്റെ വാതില്‍ ചാരി അവന്‍ അവന്റെ പാട്ടിനു സമയത്തിനു ഓഫീല്‍ എത്തണം എന്ന അര്‍പ്പണ മനോഭാവത്തോടെ പോയി.

ദൈവമേ, ഒരു നിമിഷം, ദൈവത്തിന്റെ മുഖം എന്റെ മനസ്സിന്റെ ഉള്ളില്‍ പതിയുന്നതിന്നു പകരം, ചീത്ത പറയുമ്പോള്‍ തുപ്പലം തെറിക്കുന്ന കാരണം, അദ്ദേഹവുമായി സംസാരിക്കുമ്പോള്‍, മഴ കാലം അല്ലാഞ്ഞിട്ടുകൂടി, കാലന്‍ കുട നിവര്‍ത്തി പരിച പോലെ പിടിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുന്ന മാനേജരുടെ മുഖം എന്റെ മുന്നില്‍ തെളിഞ്ഞു.

പിന്നെ ഒക്കെ യാന്ത്രികമായിരുന്നു. എഴുന്നേറ്റ് ബാത്രൂമിലേക്കോടി, പോകുന്ന വഴിയില്‍ തോര്‍ത്തുമുണ്ടെടുക്കാന്‍ മറന്നില്ല. ടൂത്ത് പേസ്റ്റിന്റെ അടപ്പൂരാതെ തന്നെ ബ്രഷില്‍ ഒന്നു കുത്തി, വായില്‍ ഒന്നു തൊട്ടു, ക്ലോസറ്റിലോട്ടിരുന്നു, ഫ്ലഷ് ചെയ്തെഴുന്നേറ്റു, തോര്‍ത്ത് മുണ്ട് നനച്ച് പിഴിഞ്ഞ് റൂമിലേക്കോടിയെത്തി, ഉടുത്ത തുണി ഉരിഞ്ഞെറിഞ്ഞു, ശരീരത്താകെ, നനഞ്ഞ തോര്‍ത്തുമുണ്ടിനാല്‍ ഇസ്ത്തിരിയിട്ടു, തേച്ച് വച്ചിരിക്കുന്ന ഷര്‍ട്ടും, പാന്റും എടുത്തണിഞ്ഞു. എന്റെ സ്പ്രേ കുപ്പി എടുത്തു. അത് പണ്ടേ കഴിഞ്ഞതായിരുന്നു എന്നറിയാം. എന്നാലും കുറ്റബോധം തോന്നരുതല്ലോ. ഡൊമിനിയുടെ സ്പ്രേ കുപ്പി എടുത്ത് അടി തൊട്ട് മുടിയോളം ചാമ്പിച്ചു. ഇല്ല ഇനിയും ബാക്കിയുണ്ട്. അവന്‍ അറിയാന്‍ വഴിയില്ല എന്ന് മനസ്സില്‍ പറഞ്ഞുറപ്പിച്ചു. പാക്ക് ചെയ്ത് വച്ചിരിക്കുന്ന ലഞ്ച് ബോക്സുകള്‍ എടുത്ത് ബാഗില്‍ വച്ച്, മുറി പൂട്ടി ഭദ്രമാക്കി (ആരും ഒന്നും കട്ട് കൊണ്ടു പോകും എന്ന് കരുതിയല്ല, ബാക്കിയുള്ള മല്ലിപൊടി, മുളകുപൊടി, പച്ചമുളകുള്ളി, മസാലകളും, പച്ചരിയും, വല്ല പൂച്ചയും, പട്ടിയും വന്ന് തിന്നണ്ടാ എന്ന് കരുതി മാത്രം) ശ്വാസം ഒന്നാച്ചുപിടിച്ച്, കുട്ടികാലത്ത് കള്ളനും പോലീസും കളിക്കുമ്പോള്‍, കള്ളനാകുന്ന സമയത്ത് പോലീസ് ഓടിക്കുമ്പോള്‍ ഓടുന്നതു പോലെ, ഫുള്‍ സ്റ്റാമിനയില്‍ ബസ്സ് സ്റ്റോപ്പിലേക്ക് ഓടി.

ബസ്സ് സ്റ്റോപ്പെത്തുമ്പോഴേക്കും, നീങ്ങാന്‍ തുടങ്ങിയ ബസ്സില്‍ ചാടി കയറി. ഫുട് ബോര്‍ഡില്‍ നിന്നു തന്നെ ശവതാളത്തിലായിരുന്ന ശ്വസനത്തിന്റെ താളം ജീവതാളത്തിലേക്കെത്തിച്ചു. കയറിയതും ഇടതു വശത്തെ സീറ്റില്‍ കുറ്റിയടിച്ചിരിക്കുന്ന കണ്ടക്ടറുടെ കയ്യില്‍ നിന്നും ഒരു രൂപയുടെ ടിക്കറ്റ് കരസ്ഥമാക്കി.

പത്തു മുപ്പത്താറു സ്റ്റോപ്പുള്ള ബസ്സില്‍, ഞങ്ങളുടേ സ്റ്റോപ്പില്‍ നിന്നും കയറിയാല്‍ ഓഫീസിലേക്കുള്ള സ്റ്റോപ്പിനു മുന്‍പിലെ സ്റ്റോപ്പിലേക്ക് ഒരു രൂപയും, ഓഫീസിന്റെ സ്റ്റോപ്പ് മുതല്‍ രണ്ട് രൂപയും ആണ്. അതിനാല്‍ ഒരു സ്റ്റോപ്പ് മുന്‍പേ ഇറങ്ങി നടക്കുകയാണ് പതിവ്. പൈസയില്ലാഞ്ഞിട്ടല്ല, ആരോഗ്യം ശ്രദ്ധിക്കണ്ടേ, അതിനാല്‍ ഒരു വ്യായാമം ചെയ്യാനായി മാത്രം!

ടിക്കറ്റെടുത്ത് തണുപ്പത്തും, വിയര്‍ത്തു കുളിച്ച് കിതച്ച് നില്‍ക്കുന്ന എന്റെ മുഖത്തേക്ക് നോക്കി ഡൊമിനി പുച്ഛ ഭാവത്തില്‍ ഒരു ചിരി ചിരിച്ചു. നിനക്കിതൊന്നുമല്ലടാ, ഞാന്‍ വച്ചിരിക്കുന്നത്. ഇനി മുതല്‍ എന്റെ ജീവിതം തന്നെ നിനക്ക് പാര പണിയാനാണെന്ന ഭാവം അവന്റെ മുഖത്ത് വ്യക്തമായി നിഴലിച്ചിരുന്നത്, ആ കിതപ്പിന്നിടയിലും ഞാന്‍ തന്ത്ര പൂര്‍വ്വം മനസ്സിലാക്കി (ഞാനാരു തന്ത്രിയാ?).

അവനെങ്ങിനെ ഒരു പണി കൊടുക്കും എന്നു മാത്രമായി അന്നേരം മുതല്‍ എന്റെ ചിന്ത!

ബസ്സില്‍ കാര്യമായ തിരക്കില്ലെങ്കിലും, അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു. കയറി നാലഞ്ച് സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ അവന്‍ നിന്നിരുന്ന സീറ്റില്‍ നിന്നും ഒരു സ്ത്രീ എഴുന്നേറ്റു, ഇറങ്ങി. അവന്‍ ആ സീറ്റില്‍ ഇരുന്നു. ഒരു ഔദാര്യം പോലെ, ബാഗ് താടാ ഞാന്‍ പിടിക്കാം എന്നുള്ള ഒരു മണിയടിയും അവന്‍ നടത്തി.

ഓഹ് പിന്നെ, ഇത്രയും ദൂരം ഇത് ചുമന്ന് ഓടാമെങ്കില്‍, ഓടുന്ന ബസ്സില്‍ വെറുതെ നില്‍ക്കുമ്പോള്‍ ഇത് പിടിക്കാനും എനിക്കറിയാം എന്ന് പറഞ്ഞ് ഞാന്‍ അവനെ നിരുത്സാഹപെടുത്തി.

തണുപ്പുകാലമല്ലെ, ജനലിന്റെ ഇടയിലൂടെ നല്ല തണുപ്പ് കാറ്റ് വരുന്നുണ്ടായിരുന്നു. എന്റെ വിയര്‍പ്പെല്ലാം വലിഞ്ഞു. ഒന്നു റിഫ്രഷ് ചെയ്തതുപോലായി. ഇറങ്ങേണ്ട സ്റ്റോപ്പെത്താന്‍ വെറും ഒരു സ്റ്റോപ്പ് കൂടി മാത്രം. ഡൊമിനി ഇരിക്കുന്ന സീറ്റിലേക്ക് നോക്കിയ എന്റെ മുഖം മത്താപ്പൂ കത്തിയപോലെ പ്രകാശിച്ചത് മറ്റുള്ളവര്‍ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല, പക്ഷെ പ്രകാശിച്ചു എന്നെനിക്കറിയാം, കാരണം മറ്റൊന്നുമല്ല, തൊട്ടടുത്തിരിക്കുന്ന ഹിഡുംബിയേ പോലുള്ള ഒരമ്മായിയുടെ ചുമലില്‍ ചാരി, ബാഗ് മാറോടടുക്കി പിടിച്ച് ഡൊമിനി നല്ല ഉറക്കം.

അവനെ വിളിക്കണോ? എന്റെ മനസ്സ് എന്നോട് വെറുതെ ചോദിച്ചു.

ഒന്നു പോ മനസ്സേ, നിന്നെ ഈ ജാതി ഓടിച്ചിട്ട്, ഇപ്പോ ഒരു സഹതാപം. ഇതു തന്നെയല്ലെ, നിനക്ക് രാവിലെ അവന്‍ ചതിച്ചതിനു പകരം വീട്ടാന്‍ കിട്ടിയ അവസരം?

എനിക്കൊന്ന് പൊട്ടി ചിരിക്കണം എന്ന് തോന്നി, പക്ഷെ ചിരിച്ചില്ല, കാരണം, ഞാന്‍ ചിരിച്ചാല്‍, ഡൊമിനിയെങ്ങാനും ഉണര്‍ന്നാലോ?

പതിവായി ഇറങ്ങുന്ന ബസ്സ് സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങി, അപ്പോഴും മനസ്സില്‍ ഒരേ ഒരു പ്രാര്‍ത്ഥന മാത്രം, ദൈവമേ, അടുത്ത് സ്റ്റോപ്പിലൊന്നും അവന്‍ ഇറങ്ങരുതേ. ബസ്സിന്റെ അവസാന സ്റ്റോപ്പായ റെഡ് ഫോര്‍ട്ട് വരേയെങ്കിലും അവനെ ഉറക്ക ദേവത അനുഗ്രഹിക്കണമേ എന്ന്.

ഒമ്പത് മണിക്ക് ഓഫീസിലെത്തിയ ഞാന്‍ മാനേജരോട് ഗുഡ് മോര്‍ണിങ്ങ് പറഞ്ഞപ്പോള്‍, തിരിച്ചു അയാള്‍ ചോദിച്ചത്, ഡൊമിനി കഹാം ഹേ എന്നായിരുന്നു.

മാലൂം നഹി. അവന്‍ ഇന്നലെ വീട്ടില്‍ വന്നില്ല എന്നു ഞാന്‍ നിര്‍ദോഷമായ ഒരു കള്ളം പറഞ്ഞു.

മണി പത്തായി, പത്തരയായി, പതിനൊന്നായി, പതിനൊന്നരയായി, ഇല്ല ഡൊമിനി ഓഫീസില്‍ വന്നില്ല. എനിക്ക് ചെറുതായി വിഷമം തോന്നാന്‍ തുടങ്ങി. എന്തേ ഇത്ര വൈകുന്നു? അവസാന സ്റ്റോപ്പില്‍ ഇറങ്ങി ഇങ്ങോട്ട് തിരിച്ചു വരുന്ന ബസ്സ് പിടിച്ചാലും വരാനുള്ള സമയമായി. ദൈവമേ, ഇനിയെന്തെങ്കിലും ആപത്ത്?

ചിന്തിച്ചധികം വിഷമിക്കേണ്ടി വന്നില്ല, വിയര്‍പ്പില്‍ മുക്കിയെടുത്ത പോലെ ബാഗും പിടിച്ച് വാടി തളര്‍ന്ന് ഡൊമിനി വരുന്നത് ഞാന്‍ കണ്ടു.

അവന്റെ രൂപവും, ഭാവവും, കണ്ടിട്ടോ, എന്തോ മാനേജര്‍ അവനോട് സൌമ്യമായി ചോദിച്ചു. ക്യാ ഹുവാ ഡൊമിനി?

ഒന്നുമില്ല സര്‍. ബസ്സില്‍ ഉറങ്ങി പോയതിനാല്‍ ഓഫീന്റെ സ്റ്റോപ്പില്‍ ഇറങ്ങാന്‍ പറ്റിയില്ല, അഞ്ചെട്ട് സ്റ്റോപ്പിനപ്പുറം ധരിയാഗഞ്ചെത്തിയപ്പോള്‍, ടിക്കറ്റ് എക്സാമിനര്‍ കയറി, എന്റെ കയ്യിലാണെങ്കില്‍ ഒരു രൂപയുടെ ടിക്കറ്റും. അവിടെ എന്നെ പിടിച്ചിറക്കി, അമ്പത് രൂപ ഫൈന്‍ അടപ്പിച്ച്, പറഞ്ഞ് വിട്ടപ്പോ ഒരു സമയമായി, അതാ ലേറ്റായത്. അവന്റെ മുഖഭാവം അപ്പോള്‍ വളരെ ദൈന്യതയേറിയതായിരുന്നു.

ചിരിയമര്‍ത്തിപിടിച്ച്, ഒളിക്കണ്ണിട്ട് ഡൊമിനിയെ നോക്കികൊണ്ട്, എന്റെ ഫാസിറ്റ് ടൈപ്പ് റൈറ്ററില്‍ ഞാന്‍ അപ്പോഴും ഇന്‍വോയ്സ് ടൈപ്പ് ചെയ്തുകൊണ്ടേയിരുന്നു.

Sunday, June 24, 2007

ഡ്രൈവിങ്ങ് ടെസ്റ്റ്

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലെ ഡിസംബര്‍ മാസം. മരംകോച്ചുന്ന തണുപ്പാണ് ഡെല്‍ഹിയില്‍ നവംബര്‍, ഡിസംബര്‍, ജനുവരി കാലങ്ങളില്‍. അന്നെനിക്ക് പ്രായം മധുര പതിനേഴ് കഴിഞ്ഞിരിക്കുന്നു. എന്നാലൊട്ട് പതിനെട്ടെത്തിയിട്ടുമില്ല.

ഡെല്‍ഹിയിലെ ഈസ്റ്റ് ഓഫ് കൈലാഷിലുള്ള ഒരു ഫ്രൈറ്റ് ഫോര്‍വാര്‍ഡിങ്ങ് കമ്പനിയില്‍ ഡോക്യുമെന്റേഷന്‍ അസ്സിസ്റ്റന്റായി ജോലിക്ക് കയറിയിട്ടും അധികം മാസങ്ങളായിട്ടില്ല. എന്റെ കസിന്‍ സിസ്റ്ററുടെ കണവന്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ അളിയന്‍ ഗോപി ചേട്ടന്റെ റെക്കമെന്‍ഡേഷനോട് കൂടിയാണ് അവിടെ കയറിപറ്റിയത് തന്നെ. ഗോപി ചേട്ടന്റെ കൂട്ടുകാര്‍ നാലു പേര്‍ ചേര്‍ന്ന് നടത്തുന്ന സ്ഥാപനമായതിനാലോ, ഗോപി ചേട്ടന്‍ റെക്കമെന്റ് ചെയ്തതിനാലോ മാത്രമല്ല അവിടെ എനിക്ക് ജോലി കിട്ടിയത്. മറിച്ച് എന്റെ ചുറുചുറുക്കും, ടൈപ്പിങ്ങിലുള്ള അസാധാരണമായ വേഗതയും എന്നെ ആ സ്ഥാപനത്തില്‍ ബാലവേല ചെയ്യുവാന്‍ തിരഞ്ഞെടുക്കാനുള്ള ഒരു കാരണമായി തീര്‍ന്നു.

ഞാന്‍ താമസിക്കുന്നത് ഗോപി ചേട്ടന്റെ കൂടെ നോയിഡയില്‍ ആണു. ഗോപിചേട്ടന്‍, ചേച്ചി, രണ്ട് മക്കള്‍, ഞാന്‍ ഇത്രയും ആയാല്‍ സന്തുഷ്ട കുടുംബമായി. ആയിടക്കാണ് ഗോപിച്ചേട്ടന്‍ പുതിയ ഒരു മാരുതി കാറ് വാങ്ങിക്കുന്നത്. കാര്‍ വാങ്ങിയതുമുതല്‍ രാവിലേയും, വൈകുന്നേരവും എന്നെ പിക്കുന്നതും, ഡ്രോപ്പുന്നതും ഗോപിചേട്ടന്‍ സ്വമനസ്സാലെ ഏറ്റെടുത്തു. വൈകുന്നേരം പിക്കാന്‍ വരുമ്പോള്‍, സമയം 8 മണിയോടടുക്കും. പിന്നെ ഗോപിചേട്ടനും, ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഡയറക്ടര്‍മാര്‍ നാലുപേരും ചേര്‍ന്ന് ഒന്നൊന്നര കുപ്പി കാലിയാക്കിയതിനു ശേഷം ഒരു ഒമ്പതുമണിയോട് കൂടി വീട്ടിലേക്ക് തിരിക്കുകയാണു പതിവ്. ഇത്രയും സമയം ഞാന്‍ വെറുതെ ഓഫീസിലോ, അല്ലെങ്കില്‍ കാറിലോ ഇരുന്ന് സമയം കളയും. തണുപ്പകാലമല്ലെ, ചില്ലൊക്കെ കയറ്റി കാറില്‍ ഇരുന്ന് പാട്ടുകേള്‍ക്കുന്നത് ഒരു രസം തന്നെ. ചെറിയ ചൂടും കിട്ടും.

കാര്‍ വാങ്ങിയതു മുതല്‍, ഞായറാഴ്ച തോറും രാവിലെ, സ്വന്തം ശരീരം കുളിപ്പിച്ചെടുക്കുന്നതിനു മുന്‍പ്, ഞാനും ഗോപിചേട്ടനും കൂടി, നമ്മുടെ മാരുതിയെ കുളിപ്പിച്ചെടുക്കുന്ന ഒരു ശീലം തുടങ്ങി വച്ചതിനാല്‍, ഞായറാഴ്ച രാവിലെ, ബക്കറ്റ്, സോപ്പ്, പൈപ്പ്, കപ്പ്, തുണി, വെള്ളം മുതലായ കാര്‍ വാഷിങ്ങിനാവശ്യമായ ചേരുവകള്‍ ഒരുക്കൂട്ടുന്നത് എന്റെ ഡ്യൂട്ടിയുടെ ഭാഗമായി വന്നു.

സാധനങ്ങള്‍ ഒരുക്കി വച്ച്, ഗോപി ചേട്ടന്‍ വരുന്നത് വരെ, ഡ്രൈവിങ്ങ് സീറ്റില്‍ ഇരുന്ന്, ഗിയര്‍ മാറ്റിയും, സ്റ്റീയറിങ്ങ് വീല്‍ വെറുതെ തിരിച്ചും, വളച്ചും, ക്ലച്ചിലും ബ്രേക്കിലും കാല്‍ മാറ്റി മാറ്റി ചവിട്ടിയും, വിര്‍ച്ച്വല്‍ ഡ്രൈവിങ്ങ് നടത്തുന്ന ഒരു “ഡ്രൈവോ മാനിയ“ എന്ന മാരകമായ അസുഖം എന്നെ പിടികൂടിയത് ആയിടക്കാണ്.

ഡ്രൈവോ മാനിയ എന്ന അസുഖം പിടിപെട്ടാല്‍, ഡ്രൈവിങ്ങറിയാത്തവനും ഡ്രൈവ് ചെയ്യാന്‍ തോന്നും. ആരംഭത്തില്‍ തന്നെ ഡ്രൈവിങ്ങ് പഠിക്കുകയാണ് ഇതിനെ മറിക്കടക്കാനുള്ള ഏറ്റവും നല്ല ഉപാധി. അല്ലെങ്കില്‍ രോഗം വഷളാവും.

ഡ്രൈവിങ്ങ് പഠിക്കാന്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയാവാത്തതിനാല്‍, ഡ്രൈവോ മാനിയ പിടിച്ച എനിക്ക് ആ അസുഖത്തിന്റെ കരാള ഹസ്തങ്ങളിലേക്ക് വഴുതി വീഴാതെ നോക്കേണ്ടത് എന്റെ ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായിരുന്നു. എന്നിട്ടും, അന്നത് സംഭവിച്ചു.

ഒരു ശനിയാഴ്ച ദിവസം, എട്ടു മണിക്ക് ഗോപിചേട്ടന്‍ എന്റെ ഓഫീസിലേക്ക് വരുകയും, പതിവുപോലെ ഡയറക്ടേഴ്സുമൊത്ത് സ്മാള്‍ അടി തുടങ്ങുകയും ചെയ്തു. ഓഫീസില്‍ ഓഫീസ് ബോയിയും, ഞാനും മാത്രം. എട്ടരകഴിഞ്ഞു, എട്ടേ മുക്കാല്‍ കഴിഞ്ഞു, ഗോപിചേട്ടന്‍ ഓഫീസ് ബോയെ വിളിച്ച് മറ്റൊരു ഫൂള്‍ കൂടി വാങ്ങിവരുവാന്‍ ഏല്‍പ്പിച്ചു. ആ സമയത്താണ് ബോറടിച്ചിരിക്കുന്ന എന്നെ കാണുന്നതും, ഡാ ഇന്ന് വീക്കെന്റല്ലെ, അതാ ഒരെണ്ണം കൂടി വാങ്ങിപ്പിക്കുന്നത്. വീട്ടില്‍ പോയിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനുമില്ല. നിനക്ക് ബോറഡിക്കുന്നുണ്ടെങ്കില്‍ നീ പോയി വണ്ടിയിലിരുന്ന് വല്ല പാട്ടും കേട്ടോ എന്നും പറഞ്ഞ് വണ്ടിയുടെ ചാവി എനിക്ക് നല്‍കി.

വണ്ടിയില്‍ പോയി പാട്ടുകേട്ടിരിക്കുന്നത് തന്നെ നല്ലത് എന്നോര്‍ത്ത് കൊണ്ട് ഞാന്‍ മെല്ലെ സ്ഥലം കാലിയാക്കുകയും, വണ്ടി പാര്‍ക്കു ചെയ്തിരിക്കുന്ന സ്ഥലത്ത് ചെന്ന് മുന്നിലെ പാസഞ്ചര്‍ സീറ്റില്‍ ഇരുന്ന് ചാവിയിട്ട് തിരിച്ച് പാട്ട് കേള്‍ക്കാന്‍ തുടങ്ങി.

സമയം പിന്നേയും കൊഴിഞ്ഞു വീണു. ഒമ്പത് കഴിഞ്ഞു, ഒമ്പതരയായി. ഗോപിചേട്ടനെയാണെങ്കില്‍ കാണുന്നുമില്ല.കേട്ട് കഴിഞ്ഞ പാട്ട് വീണ്ടും പാടാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ബോറഡിക്കാന്‍ തുടങ്ങി.

വെറുതെ ഇരിക്കുന്ന മനസ്സ് ചെകുത്താന്റെ പണിപ്പുര എന്ന് പറഞ്ഞവനെ കണ്ടിരുന്നെങ്കില്‍ കെട്ടിപിടിച്ചൊന്നു കൊടുക്കാമായിരുന്നു കരണക്കുറ്റിക്ക് നോക്കി. പാസഞ്ചര്‍ സീറ്റില്‍ നിന്നും ഇറങ്ങിയ ഞാന്‍ ഡ്രൈവിങ്ങ് സീറ്റില്‍ ഇരിക്കുകയും, വണ്ടി ഓണാക്കാതെ തന്നെ. ഗിയറിലും, ക്ലച്ചിലും, ബ്രേക്കിലുമെല്ലാം യഥേഷ്ടം പോലെ പെരുമാറാന്‍ തുടങ്ങി. പത്തു മിനിറ്റ് നേരത്തെ ബ്രേക്ക്, ആക്സിലേറ്റര്‍,ഗിയര്‍ തുടങ്ങിയ സാധന സാമഗ്രികളിന്മേലുള്ള കളിക്കവസാനം, ഡ്രൈവോ മാനിയ എന്ന അസുഖം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുകയും വെറുതെ ഇരിക്കുന്ന മനസ്സായതു കാരണം ചെകുത്താന്‍ എന്റെ ശരീരത്തിലേക്കാവഹിക്കപെട്ടതിന്റെ പരിണിതഫലമായി ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

വണ്ടി സ്റ്റാര്‍ട്ടായപ്പോള്‍, ഒരു പൂതി, ഒന്നു മുന്നോട്ട് ഓടിച്ചാലെന്താ? അല്ലേലും ഞാന്‍ കഴുകി തുടപ്പിച്ചെടുക്കുന്ന കാറല്ലെ? എന്നെ ചതിക്കുമോ?

ഇല്ല ചതിക്കാന്‍ വഴിയില്ല.

മനസ്സ് ഒരു നിമിഷം ഏകാഗ്രമാക്കി, വണ്ടി ഫസ്റ്റ് ഗിയറിലിട്ടു. ക്ലച്ചില്‍ നിന്നും കാലെടുത്തതും, വണ്ടി ഒന്നു ചാടി, പിന്നെ ഓഫായി.

അതു ശരി, അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ?

ഞാന്‍ വീണ്ടും വണ്ടി സ്റ്റാര്‍ട്ട് ചെയ്തു, ഫസ്റ്റ് ഗിയറില്‍ ഇട്ടു, വീണ്ടും ക്ലച്ചില്‍ നിന്നും കാലെടുത്തു. കാര്‍ ഒന്നു മുരണ്ട് കൊണ്ട് വീണ്ടും ഓഫായി.

അന്നു ദേവാസുരം ഇറങ്ങാത്ത കാരണം, വാശിയും വീറും വന്നാല്‍ പിന്നെ കുറുമാനു കണ്ണുകാണില്ല എന്ന ഡയലോഗിനു പകരം വേറെ എന്തോ ഞാന്‍ പറഞ്ഞു എന്നാണെന്റെ ഓര്‍മ്മ. അതിനിവിടെ പ്രസക്തിയില്ലല്ലോ, അതിനാല്‍ തന്നെ വണ്ടി ഞാന്‍ മൂന്നാമതും സ്റ്റാര്‍ട്ട് ചെയ്തു.

ക്ലച്ചില്‍ നിന്നും കാലെടുത്തു, വണ്ടി ഒരു മൂന്നാലു മീറ്റര്‍ പോയപ്പോള്‍ ഗിയര്‍ മാറ്റാനുള്ള ഒരു ശ്രമത്തിനിടയില്‍ വണ്ടി വീണ്ടും ഓഫായി.

സംഭവം നല്ല രസം തന്നെ. രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ കാര്യം. ഞാന്‍ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു. തണുവുകാലമല്ലെ? സമയം ഒമ്പതര കഴിഞ്ഞിരിക്കുന്നു. റോഡെല്ലാം ഒരു വിധം കാലി.

നാലാമതും വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ക്ലച്ചില്‍ നിന്നും കാലെടുത്ത്, ആക്സിലേറ്ററില്‍ ചെറുതായി അമര്‍ത്തി. കാര്‍ മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. അനുഭവം ഗുരു.കഴിഞ്ഞ തവണ ഗിയര്‍മാറ്റാന്‍ പോയതിനാലാണല്ലോ,വണ്ടി ഓഫ് ആയത്, ആയതിനാല്‍ ഗിയര്‍ മാറ്റണ്ട എന്നു തന്നെ ഞാന്‍ തീരുമാനിച്ചു. നേരേയുള്ള റോഡിലൂടെ കാര്‍ അധികം വേഗതയില്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. ഒരു അരമുക്കാല്‍ കിലോമീറ്ററോളം ദൂരം പോയികാണും. ചെറിയ ഒരു പേടി തോന്നാന്‍ തുടങ്ങി. ഇനി വണ്ടി എങ്ങിനെ തിരികെ കൊണ്ട് വരും. നേരെയുള്ള റോഡായതിനാല്‍ വണ്ടി വലിയ പ്രശ്നമില്ലാതെ ഫസ്റ്റ് ഗിയറില്‍ പോയി. ഇനി യു ടേണ്‍ എടുത്ത് തിരികെ കൊണ്ടു വരണമല്ലോ ദൈവമേ. മുന്നിലുള്ള യു ടേണില്‍ വണ്ടി വളക്കാന്‍ പാകത്തിനു നിറുത്തി. റോഡിലൊന്നും ആരുമില്ലാത്തത് ഭാഗ്യം തന്നെ.

യൂ ടേണ്‍ എങ്ങിനെ വളക്കണമെന്ന് ഡ്രൈവിങ്ങ് പഠിച്ചവര്‍ക്കല്ലേ അറിയൂ. അപ്പോ ഡ്രൈവിങ്ങ് പഠിക്കാത്തവനു അവനവന്റെ ഐഡിയക്കനുസരിച്ച് വളക്കാം അത്ര തന്നെ.

വണ്ടിയുടെ സ്റ്റീയറിങ്ങ് ഞാന്‍ മൊത്തം വളച്ചു പിടിച്ചു. വണ്ടി ഫസ്റ്റ് ഗിയറില്‍ ഇട്ടു, ക്ലച്ച് വിട്ടതിനൊപ്പം തന്നെ ആക്സിലേറ്ററിലും കാലാഞ്ഞമര്‍ത്തി.

വണ്ടി ഉലയുന്നതും, ചാടുന്നതും വ്യക്തമായി ഞാന്‍ ഓര്‍ക്കുന്നു, അതിന്റെ തൊട്ടു പിന്നിലായി വണ്ടി എവിടേയോ ഇടിച്ചു നിന്നതും ഓര്‍മ്മയുണ്ട്. കണ്ണു തുറന്നപ്പോള്‍ ഒന്നും കാണുന്നില്ല. മൊത്തം ഇരുട്ട്. വണ്ടി ഏതോ മണല്‍ക്കൂമ്പാരത്തില്‍ ഇടിച്ച് കയറി നിന്നിരിക്കുകയാണ്. ഹൃദയം പെരുമ്പറകൊട്ടാന്‍ തുടങ്ങി. എന്തു ചെയ്യണം എന്നാലോചിക്കുന്നതിനും മുന്‍പ് ഡോര്‍ തുറന്ന് പിടിച്ച് ആരോ പറഞ്ഞു. ഉത്തറോ സാല @#$%$ !!!

ഒരു സര്‍ദാര്‍ജിയാണ്. ഹിന്ദി പോലും അറിയാത്ത എനിക്ക് സര്‍ദാര്‍ജിയുടെ പഞ്ചാബിയിലുള്ള സംസാരത്തില്‍ നിന്നും, അയാള്‍ എനിക്കും, എന്റെ വീട്ടുകാര്‍ക്കും സുഖമല്ലെ എന്നന്വേഷിക്കുന്നതാണെന്ന് മനസ്സിലായി.

വണ്ടിയുടെ ചാവി വാങ്ങിയ സര്‍ദാര്‍ജി കാര്‍ ലോക്ക് ചെയ്ത്, മണലില്‍ പുതഞ്ഞു കിടക്കുന്ന അയാളുടെ സ്കൂട്ടര്‍ പ്രയാസപെട്ട് പൊക്കി സ്റ്റാന്‍ഡില്‍ വച്ചു. കോമാങ്ങയുടെ ഷേപ്പിലുള്ള മുന്‍ വശത്തോട് കൂടിയ സ്കൂട്ടര്‍ അന്നാണു ഞാന്‍ ആദ്യമായി കണ്ടത്!!

കാര്‍ ആരുടെ, അയാള്‍ എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശേഷം, സര്‍ദാര്‍ജി ഫോര്‍വേയ്സിലേക്ക് ഗോപിചേട്ടന്റെ കയ്യില്‍ തൊണ്ടിമുതലായ എന്നെ ഏല്‍പ്പിക്കുന്നതിനായി എന്റെ കയ്യില്‍ ബലമായി പിടിച്ച് വലിച്ച് നടന്നു.

കോണിപടികള്‍ കയറി എന്നേയും കൊണ്ട് സര്‍ദാര്‍ജി ഫോര്‍വേയ്സിന്റെ ഓഫീസില്‍ കയറി. അവര്‍ തമ്മില്‍ സംസാരിച്ചത് എന്തായിരുന്നെന്നെനിക്കു മനസ്സിലായില്ലെങ്കിലും, ഡാ $#@&%$, നീ ആ ഓഫീസ് മുറിയില്‍ ഇരിക്ക്, ഞാന്‍ ഇപ്പോ വരാം എന്നു പറഞ്ഞതില്‍ നിന്നും വലിയ എന്തോ ഒരു വിപത്ത് എന്നെ കാത്തിരിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.

കയ്യില്‍ ഉണ്ടായിരുന്നത് വെറും ഇരുപത് രൂപ. ആ ഇരുപത് രൂപ വച്ച്, ഡിസംബറിലെ കൊടും തണുപ്പത്ത്, കാല്‍ക്ക - ഹൌറ എക്സ്പ്രസ്സ് തീവണ്ടി (കള്ള വണ്ടി) കയറി ജീവിതത്തില്‍ ആദ്യമായി അന്ന് ഞാന്‍ ഒളിച്ചോടി.

ഭിക്ഷക്കാരുടെ കൂടെ, ടോയിലറ്റിന്റെ ഇടയിലുള്ള ചെറിയ സ്പേസില്‍, കിടന്നും, ഇരുന്നും നടത്തിയ മനോഹരമായ യാത്ര! ആ ഓര്‍മ്മകള്‍ എന്നെ ഇന്നും പുളകം കൊള്ളിക്കുന്നു.

Wednesday, June 20, 2007

കൈതൊഴില്‍

പത്താം ക്ലാസിലെ പരീക്ഷയെല്ലാം കഴിഞ്ഞ അവധിക്കാലത്ത് ഒരോരോ ബന്ധുഗൃഹങ്ങളില്‍ മൂന്നും നാലും ദിവസം പോയി താമസിച്ച്, മൂക്കുമുട്ടെ ഭുജിച്ച്, പ്രത്യേകിച്ചും, മത്സ്യ മാംസാദികള്‍, ശരീരം കൊഴുപ്പിച്ച്, ചുരുക്കം പറഞ്ഞാല്‍ തിന്നുങ്കു കുത്തി നടന്നിരുന്ന കാലം. ഇനി പോകാന്‍ ബന്ധുഗൃഹങ്ങള്‍ ഇല്ലാതെ വന്ന അവസരത്തില്‍, അല്ലെങ്കില്‍, നമ്മളെ ഇനിയും എന്റര്‍ടെയിന്‍ ചെയ്യാനുള്ള മനോധൈര്യം ബന്ധുക്കള്‍ക്ക് മൊത്തമായി നഷ്ടപെട്ടെന്നു മനസ്സിലാക്കിയ സന്ദര്‍ഭത്തില്‍, ഊരു തെണ്ടല്‍ അവസാനിപ്പിച്ച്, പ്ലാസ്റ്റിക്ക് കവറില്‍ സ്വന്തം ഷര്‍ട്ടും, മുണ്ടും, ചുരുട്ടിപൊതിഞ്ഞ് സ്വന്തം വീട്ടിലേക്ക് ചുമരിലേക്കടിച്ച പന്തുപോലെ തിരിച്ചു വന്ന്, അച്ഛന്റെ ഭീഷണിക്കു വഴങ്ങി കടയില്‍ പോക്ക്, മോത്തിയെ കുളിപ്പിക്കല്‍, തെങ്ങിന് വെള്ളം നനക്കല്‍, തുടങ്ങിയ ബോറന്‍ പണികള്‍ ചെയ്ത് ജീവിതത്തോട് തന്നെ വിരക്തി തോന്നിതുടങ്ങിയ സമയം.

വൈകീട്ട്, പതിവുപോലെ ചായക്കൊപ്പം, വിശപ്പടക്കാന്‍ ഒന്നും കിട്ടാതിരുന്നതിനാല്‍, സ്റ്റാമിനക്ക് വേണ്ടി മാത്രമായി, രാവിലെ മിച്ചം വന്ന റബ്ബര്‍ഷീറ്റു പോലെയുള്ള മൂന്നു ചപ്പാത്തിയില്‍ ഒന്ന് മോത്തിക്ക് കൊടുത്തിട്ട് അവന്‍ കഴിക്കാതിരുന്നപ്പോള്‍ അമ്മ മാറ്റി വച്ചിരുന്ന രണ്ട് ചപ്പാത്തി വെറുതെ ചുരുട്ടി വായിലേക്ക് കുത്തിനിറച്ച് ചവച്ചരച്ചിട്ടും ഇറങ്ങാതെ വന്നപ്പോള്‍, ചൂടു ചായ തൊണ്ടയില്‍ ഒഴിച്ച് കുതിര്‍ത്തി കുത്തിയിറക്കി നേരേ വിട്ടു പാര്‍ക്കിലേക്ക്. കൂട്ടുമാരുമൊത്ത് കുത്തിമറിയാന്‍. കാല്‍നടയായല്ല, മറിച്ച്,. ടയറാണോ ട്യൂബാണോ പുറത്ത് എന്നറിയണമെങ്കില്‍ തൊട്ടുനോക്കേണ്ട അവസ്ഥയുള്ള, എന്റെ പ്രീമിയര്‍ ഹവായ് പോലെ തേഞ്ഞില്ലാതായ രണ്ട് ടയറുകളുള്ള എന്റെ ഹീറോ സൈക്കിളില്‍.

പാര്‍ക്കില്‍ എത്തി ക്രിക്കറ്റ് കളി തുടങ്ങാന്‍ പോകുന്നതിനല്പം മുന്‍പാണ്, തലമൂത്ത നേതാവൊരുത്തന്‍ കേട്ടാല്‍ അറക്കുന്ന ആ വൃത്തികേട് പറഞ്ഞത്. ഇനിമുതല്‍ പാര്‍ക്ക് ടീമില്‍ ക്രിക്കറ്റ് കളിക്കണമെങ്കില്‍, പുതിയതായി വാങ്ങാന്‍ പോകുന്ന ബാറ്റിനും, സ്റ്റംപ്സിനും, ബോളിനും മറ്റും ഷെയര്‍ നല്‍കണമെന്ന്.

ചെരുപ്പ് വാങ്ങാന്‍ തന്ന കാശെടുത്ത് സിനിമയും, കൊളമ്പോ ഹോട്ടലില്‍ കയറി രണ്ട് ദിവസം ഇറച്ചിയും പൊറോട്ടയും തിന്ന വകയില്‍ മാതാപിതാക്കളുടെ കയ്യില്‍ നിന്നും കേട്ടതിന്റെ പുളിപ്പ് ചെവിയില്‍ നിന്ന് മാറി വരുന്നതേയുള്ളൂ അതിന്റെ ഇടയിലാ ക്രിക്കറ്റ് കളിക്കാന്‍ പൈസ ചോദിക്കുന്നത്.

പൈസ കൊടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് ഒട്ട് മിക്ക സുഹൃത്തുക്കളും കയ്യും കാലും പൊക്കിയപ്പോള്‍, ഞാന്‍ ഒന്നും മിണ്ടാതെ ഒരരുകില്‍ മാറി ഈ സംഘര്‍ഷാവസ്ഥയില്‍ നിന്നും എങ്ങിനെ പുറത്തു കടക്കാം, അനുകൂലികളെ എങ്ങിനെ വിഘടിപ്പിക്കാം എന്ന തന്ത്രം തലപുകഞ്ഞാലോചിക്കുകയായിരുന്നു.

കുത്തിത്തിരുപ്പുണ്ടാക്കുന്ന കഴിവ് ജന്മനാ കിട്ടിയിട്ടുള്ളതിനാല്‍ (ഇന്‍ബോണ്‍ ടാലന്റ്), അധികം നേരം ആലോചിക്കേണ്ടി വന്നില്ല. അയല്പക്കത്ത് താമസിക്കുന്നവരും, അടുത്ത ചങ്ങാതിമാരുമായ കുറച്ച് സുഹൃത്തുക്കളെ സൈഡിലേക്ക് മാറ്റി നിറുത്തി കാര്യം അവതരിപ്പിച്ചു. ഒന്നാമത്തെ കാര്യം, ഈ സീസണില്‍ കളിക്കാന്‍ പറ്റിയത് ഫുട് ബോളാണ്, അതും അമ്പലപ്പറമ്പില്‍. രണ്ടാമത്തെ കാര്യം ഇവിടെ ഷെയര്‍ കൊടുക്കുന്ന കാശുണ്ടെങ്കില്‍ നമ്മുക്ക് എല്ലാവര്‍ക്കും കൂടി തേക്കടിക്കൊരു ടൂറു പോകാം.

ടൂറെന്ന് കേട്ടതും, പിന്മൊഴിയില്‍ നിന്നും മറുമൊഴിയിലേക്ക് കാലു മാറിയതുപോലെ, ചില ക്രിക്കറ്റ് കളിക്കാര്‍ ഫുട്ബാള്‍ കളിയിലേക്കു കളം മാറ്റി ചവിട്ടിയതിന്റെ പരിണിതഫലമായി മറുമൊഴി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് രൂപം കൊള്ളുകയും, അന്നു മുതല്‍ പാര്‍ക്കില്‍ നിന്നും മറുമൊഴി ക്ലബ്ബിന്റെ ആസ്ഥാനം അമ്പലപറമ്പിലേക്ക് മാറ്റുകയും ചെയ്തു.

ഫുട് ബോള്‍ ഒരെണ്ണം വിറകുപുരയില്‍ കിടന്നതെടുത്ത്, പഞ്ചറൊട്ടിച്ച്, കാറ്റടിച്ച്, പിറ്റേന്നു മുതല്‍ ഞങ്ങള്‍ മറഡോണയായും, പെലെയായും സങ്കല്പിച്ച് അമ്പലപറമ്പില്‍ പന്തുകളി തുടങ്ങി. ടീമിലെ അംഗസംഘ്യ ദിനം പ്രതി മറുമൊഴി പോലെ വര്‍ദ്ധിച്ചു വന്നു.

ആഴ്ച ഒന്നു കഴിഞ്ഞുകാണണം, പന്തുകളി കഴിഞ്ഞ് വിയര്‍പ്പ് പോകാന്‍ ഓലമടലില്‍ ചമ്രം പടഞ്ഞിരുന്ന് വിശ്രമിക്കുന്ന നേരത്താണ് ഒന്നുമില്ലായ്മയില്‍ നിന്നും വിഭൂതിയുണ്ടാക്കുന്ന പട്ട ഭാബയെ പോലെ, ശൂന്യതയില്‍ നിന്നും അനില്‍ എന്ന നമ്മുടെ സുഹൃത്ത് ഒരു ചോദ്യമെടുത്ത് എനിക്ക് നല്‍കിയത്. അല്ല നമ്മുടെ തേക്കടി യാത്ര എന്തായി?

കാലില്‍ കിടക്കുന്ന വെളുത്ത പുറവും, നീല അടിവശവും വാറുമുള്ള പുതിയ പാരഗണ്‍ ഹവായ് ചപ്പലില്‍ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു. ഈ ചെരുപ്പിനുള്ള കാശ് രണ്ട് ദിവസം മുന്‍പ് തന്നത് തന്നെ ഒരു മാസത്തേക്ക് അഞ്ചിന്റെ നയാ പൈസ ചോദിക്കില്ല എന്ന ഉറപ്പിന്മേലാണെന്ന കാര്യം എനിക്കല്ലേ അറിയൂ. ചോദിക്കില്ല, ചോദിക്കാതെ അടിച്ചു മാറ്റാം എന്ന കോണ്‍ഫിഡന്‍സുണ്ടായിരുന്നത് കൊണ്ട് ഇനി ഒരു മാസത്തേക്ക് അഞ്ചിന്റെ നയാ പൈസ ചോദിക്കില്ല എന്ന ഉറപ്പും അമ്മക്ക് നല്‍കി. അതിന്റെ ഇടയിലാ ഇനിയിപ്പോ തേക്കടി യാത്ര.

പത്താം ക്ലാസ്സ് കഴിഞ്ഞതിനാലും, പ്രായപൂര്‍ത്തിയെത്തിയതിനാലും, എവിടെ പോയാലും വിശക്കുമ്പോള്‍ സ്വന്തം വീട്ടിലോട്ട് വരാതെ എങ്ങോട്ട് പോകാന്‍ എന്ന തിരിച്ചറിവുള്ളതിനാലും, ഞങ്ങളുടെയെല്ലാം മാതാപിതാക്കള്ക്ക്‍, ഞങ്ങള്‍ എങ്ങോട്ടെങ്കിലും ടൂറ് പോകണമെന്ന് പറഞ്ഞാല്‍ വിടാന്‍ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. പക്ഷെ പണം ചോദിക്കരുതെന്ന് മാത്രം.

തേക്കടിയിലേക്കൊരു യാത്ര എന്നു പറഞ്ഞാല്‍ മറ്റുള്ളവര്‍ ചേര്‍ന്ന് എന്റെ യാത്രാക്കൂലിയുടെ ഒരു പങ്കെടുത്താലും, സ്വന്തമായി ഒരു അമ്പതു രൂപയെങ്കിലും വേണം കയ്യില്‍ വേണമല്ലോ. എന്തിനും വഴിയുണ്ടാക്കാം എന്ന ആത്മവിശ്വാസത്തോടെ, ആത്മബലത്തിനു കൂട്ടായി,എന്തിനും എന്നെ പിന്‍ തുണക്കുന്ന അനില്‍ എന്ന ചങ്ങാതി ഒപ്പമുണ്ടല്ലോ എന്ന ധൈര്യത്തോടെ അടുത്ത ശനിയാഴ്ച തേക്കടിയില്‍ പോകാമെന്നും, ഞായറാഴ്ച തിരിച്ചു വരാമെന്നുമുള്ള ട്രാവല്‍ അജണ്ട ആ മീറ്റിങ്ങില്‍ വച്ചു തീരുമാനിച്ച് അരക്കിട്ടുറപ്പിച്ചു.

ഒരാഴ്ച സമയമുണ്ട്. അതിന്നുള്ളില്‍ അമ്പതു രൂപ ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗം എന്താണെന്നുള്ള ചിന്ത മാത്രമായി ആ രാത്രി മുതല്‍ എന്റെ തലയില്‍.

പിറ്റേന്ന് പകല്‍ സമയം തെങ്ങിന്റെ നനയും, കിളയുമെല്ലാം കഴിഞ്ഞ് വെറുതെ ഒന്നു വിശ്രമിക്കുന്ന സമയത്താണ് അച്ഛന്‍ പറയുന്നത് കേട്ടത്. ഇങ്ങനെ വെറുതെ ഇരുന്ന് മെയ്യനങ്ങാതെ തിന്നുന്ന നേരം വല്ല കൈതൊഴിലും പഠിക്കാന്‍ പോടാ, ഭാവിയില്‍ ഗുണമുണ്ടാകും.

അച്ഛന്‍ പറഞ്ഞു നാവെടുത്തില്ല! വടക്കേ പറമ്പില്‍ തേങ്ങയൊരെണ്ണം വീഴുന്ന ഒച്ചകേട്ടതും, എന്റെ മനസ്സില്‍ ആശയം വിരിഞ്ഞു. ശരിയച്ഛാ, കൈതൊഴിലൊരെണ്ണം ഉടന്‍ തന്നെ പഠിക്കാന്‍ തുടങ്ങുന്നതാണ് എന്നു മനസ്സില്‍ കരുതുകയും ചെയ്തു.

അന്നുച്ഛക്ക് അച്ഛനും, അമ്മയും ഉച്ചമയക്കത്തിലായിരുന്ന നേരത്ത്, കൈതൊഴില്‍ പഠനത്തിന്റെ ഹരിശ്രീ ഞാന്‍ കുറിച്ചു. ഉത്ബോധനം ആദ്യം സ്വന്തം വീട്ടില്‍ നിന്നും എന്ന് പറഞ്ഞതു പോലെ തന്നെ, മോഷണവും ആദ്യം സ്വന്തം വീട്ടില്‍ നിന്നു തന്നെ. വിറകുപുരയില്‍ കൂടിയിട്ടിരുന്ന തേങ്ങകളില്‍ വിളഞ്ഞത് നോക്കി പത്തെണ്ണം ഒരു ചാക്കിലാക്കി കെട്ടിയതിനുശേഷം, തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന അനിലിനെ വിളിച്ചുകൊണ്ട് വന്ന്, ചാക്ക് കെട്ട് പൊക്കി ചുമന്ന് ഞങ്ങളുടേ പറമ്പിന്റെ തൊട്ടപ്പുറത്തെ ആള്‍താമസമില്ലാത്ത പറമ്പിലൂടെ വര്‍ഷക്കാലത്തൊഴുകുകയും, വേനല്‍ക്കാലത്ത് ഉണങ്ങി വരണ്ട് കിടക്കുകയും ചെയ്യുന്ന തോട്ടിലെ കമ്മ്യൂണിസ്റ്റ് പച്ച ചെടികള്‍ക്കിടയില്‍ ടേം ഡെപ്പോസിറ്റ് ചെയ്തു.

പൈസയുണ്ടാക്കാനുള്ള എന്റെ ഉദ്യമത്തില്‍ പങ്കാളിയായി ചേര്‍ന്ന അനിലിന് എന്റെ ടൂര്‍ ഫണ്ടിലേക്ക് എന്തെങ്കിലും ഉദാരമായി സംഭാവന ചെയ്യണമെന്ന ഉള്‍വിളി തോന്നുകയും, എന്നെ കൂട്ടി അവന്റെ വീട്ടില്‍ പോയി ആറ് തേങ്ങയുമെടുത്ത്, തോട്ടിലേക്ക് ഞങ്ങളുടെ ദൌത്യസേന വീണ്ടും ഷട്ടിലടിച്ചു.

തേങ്ങാവെട്ടുകാരന്‍ ആന്റോവിന്റെ കടയില്‍ കൊടുത്താല്‍ തേങ്ങക്കൊന്നിന്, മറ്റുള്ള തേങ്ങവെട്ടുകാര്‍ തരുന്നതിലും ഇരുപത്തഞ്ചു പൈസ കുറവേ തരൂ എങ്കിലും കാശ്, റൊക്കമായി തരുമെന്നതിനാല്‍ തേങ്ങകള്‍ എന്തായാലും ആന്റോവിന്റെ കടയില്‍ തന്നെ കൊടുക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു.

മൊത്തം തേങ്ങ പതിനാറായി. അഞ്ചാറു തേങ്ങ കൂടെ കിട്ടിയാല്‍ അമ്പത് രൂപ ഉറപ്പായി. രണ്ട് ദിവസം കഴിഞ്ഞിട്ടും ആറ് തേങ്ങക്കുള്ള മാര്‍ഗം ഞങ്ങളുടെ മുന്‍പില്‍ തെളിഞ്ഞില്ല എങ്കിലും, മൂന്നാമത്തെ ദിവസം രാവിലെ പുട്ടിന് ചിരകാന്‍ തേങ്ങയെടുക്കാന്‍ വിറകുപുരയില്‍ പോയ അമ്മയുടെ മുന്‍പില്‍ തേങ്ങകള്‍ മോഷണം പോയത് തെളിഞ്ഞു.

അതേ, നിങ്ങളൊന്നിങ്ങോട്ട് വന്നേ. അമ്മ തൊണ്ട പൊട്ടുമാറുച്ഛത്തില്‍ അച്ഛനെ വിളിച്ചു. പത്രം വായിക്കുകയായിരുന്ന അച്ഛന്‍ പത്രം മടക്കി വെച്ച്, വിറകുപുരയിലേക്ക് പാഞ്ഞു. ചെവി വട്ടം പിടിച്ച് ഒന്നുമറിയാത്തതുപോലെ ഞാന്‍ എന്റെ പല്ലില്‍ ബ്രെഷ് കൊണ്ട് ആഞ്ഞുരച്ചു.

തെങ്ങു കയറിയപ്പോ മുപ്പത് തേങ്ങ വീട്ടുചിലവിന് മാറ്റി ഇട്ടിരുന്നതാ. തെങ്ങ് കയറിയിട്ട് ആഴ്ച രണ്ടായിട്ടില്ല അപ്പോഴേക്കും ദാ ഇനി തേങ്ങ അഞ്ചാറെണ്ണമേയുള്ളൂ. നമ്മുടെ തേങ്ങയൊക്കെ ആരോ മോഷ്ടിച്ച് കൊണ്ട് പോയിട്ടുണ്ട്.

ഞാനുള്ളപ്പോ ഇവിടുന്ന് ആരു തേങ്ങ മോഷ്ടിക്കാനാടീ. നെഞ്ചു വിരിച്ചുകൊണ്ട് അച്ഛന്‍ അതു ചോദിച്ചപ്പോള്‍ എനിക്ക് ചിരി പൊട്ടിയെങ്കിലും വായില്‍ പേസ്റ്റും ബ്രഷും ഉള്ളതു കാരണം പുറത്തേക്ക് ശബ്ദം അധികം വന്നില്ല.

നിനക്ക് തെറ്റിയതായിരിക്കും അല്ലാതെ തേങ്ങയൊന്നും ആരും ഇവിടുന്ന് കൊണ്ട് പോവില്ല, അച്ഛന്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍, അമ്മക്കും ഒരു സംശയം, ഇനി തെറ്റിയതായിരിക്കുമോ. തെളിഞ്ഞു കത്താതെ, ആ തിരി എന്തായാലും അവിടെ കെട്ടു.

ദീര്‍ഘ നിശ്വാസമുതിര്‍ത്തുകൊണ്ട് ഞാന്‍ പല്ലുതേപ്പവസാനിപ്പിച്ചു.

അഞ്ചാറു തേങ്ങ കൂടി സംഘടിപ്പിക്കാതെ കൈതൊഴില്‍ പഠനം അവസാനിക്കുന്നില്ല എന്നതിനാല്‍ അന്നുച്ഛക്ക്, പതിവുപോലെ അച്ഛനും, അമ്മയും, ഉച്ചമയക്കത്തിലായിരുന്ന സമയത്ത്, ഞങ്ങളുടേയും, അനിലിന്റേയും വീടിന്റെ ബോര്‍ഡറിലുള്ള ഒരു തെങ്ങില്‍ തളപ്പിട്ട് ഞാന്‍ കയറി. അനില്‍ സെക്ക്യൂരിറ്റി കാരനെ പോലെ പരിസരം വീക്ഷിച്ചുകൊണ്ട് തെങ്ങിന്റെ അടിയിലും നിന്നു. തെങ്ങില്‍ മുന്‍പ് പലപ്പോഴും കയറിയിട്ടുള്ളതിനാല്‍ സഭാകമ്പം തീരെയില്ലായിരുന്നു. തെങ്ങിന്റെ മുകളിലെത്തി, വിളവ് അല്പം കുറഞ്ഞതാണെങ്കിലും, ഒരു കുലയില്‍ നിന്നും ആറു നാളികേരങ്ങള്‍ ഓരോന്നായി പിരിച്ചെടുത്ത്, അനിലിന്റെ പറമ്പിലേക്കെറിഞ്ഞ് ഞാന്‍ താഴെ ഇറങ്ങി.

ഞങ്ങള്‍ രണ്ടുപേരും കൂടി ആറു തേങ്ങകളും, തേങ്ങപൊളിക്കാനുള്ള കുറ്റിക്കോലും, വെട്ടുകത്തിയുമായി തോട്ടിലെത്തുകയും, തോട്ടില്‍ വച്ച് തന്നെ രണ്ട് പേരും മാറി മാറി ഉത്സാഹിച്ച് പഴയതും, ഇപ്പോഴിട്ടതും ചേര്‍ത്ത്, ഇരുപത്താറു തേങ്ങകളും പൊതിച്ച്, ഉടച്ച് വെള്ളം കളഞ്ഞ് ചാക്കിലാക്കി കെട്ടി ഭദ്രമാക്കുകയും ചെയ്തു.

കുറ്റിക്കോല്‍, വെട്ടുകത്തി എന്നിവ വീട്ടില്‍ അതാതിന്റെ സ്ഥാനത്ത് കൊണ്ട് ചെന്ന് വച്ചതിനു ശേഷം, അനിലിന്റെ സൈക്കിള്‍ തോട്ടിന്നരികിലേക്ക് കൊണ്ട് വന്ന് (അവന്റെ സൈക്കിളിന്റെ ടയര്‍ നല്ലതാ), തേങ്ങ ചാക്ക് കാരിയറില്‍ വച്ച് കെട്ടി, ഡബ്ബിള്‍ വച്ച് അന്റോവിന്റെ കടയിലേക്ക് പറന്നു.

ഞാനും അനിലും കൂടി തേങ്ങാ ചാക്കും തൂക്കിയെടുത്ത് ആന്റോവിന്റെ കടയിലേക്ക് ചെന്നു.

ചാക്കഴിച്ച് നല്ല വലുപ്പമുള്ള തേങ്ങ കണ്ടിഷ്ടപെട്ട ആന്റോ തേങ്ങായൊന്നിനു 2.25 പൈസ കണക്കില്‍ ഇരുപത്തിയാറു തേങ്ങക്ക് 58 രൂപ 50 പൈസ വില കണക്കാക്കുകയും ചെയ്തു.

അമ്പതു രൂപ പ്രതീക്ഷിച്ചു വന്ന ഞങ്ങള്‍ 58.50 പൈസ ലഭിക്കുന്നു എന്നറിഞ്ഞപ്പോള്‍, അധ്വാനത്തിന്റെ ഫലം ഈശ്വരന്‍ തരും എന്നെല്ലാവരും പറയുന്നതെത്ര ശരിയെന്നാലോചിച്ച് അത്ഭുതം കൂറി.

മക്കളെ, പൈസ വൈകീട്ട് വന്ന് വാങ്ങിക്കോ, ഞാനിപ്പോ കൊപ്രക്കളത്തിലൊന്ന് പോയിട്ട് വേഗം വരാം എന്ന് മൂന്ന് പറഞ്ഞപ്പോള്‍, എതിര്‍ത്തു പറയേണ്ട കാര്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല, കാരണം തേക്കടിക്ക് പോകുവാന്‍ ഇനിയും ദിവസം ബാക്കി.

വീട്ടിലേക്ക് തിരിച്ചു പോയി, വൈകീട്ടത്തെ ചായകുടി കഴിഞ്ഞ് പതിവുപോലെ അമ്പലപറമ്പിലെ പന്തുകളി കഴിഞ്ഞ് വിശ്രമിക്കുന്ന നേരത്താണ്, ആന്റോവിന്റെ കയ്യില്‍ നിന്നും പൈസ വാങ്ങിയില്ല ഇതുവരെ എന്ന കാര്യം എനിക്കോര്‍മ്മ വന്നത്.

അനിലിനേയും കൂട്ടി സൈക്കിളെടുത്ത് വേഗം ചവിട്ടി ആന്റോവിന്റെ കടയിലേക്ക്. സൈക്കിള്‍ സ്റ്റാന്റിലിട്ട് ഞങ്ങള്‍ കടക്കുള്ളിലേക്ക് ചെന്നു.

ആന്റോ തേങ്ങയുടെ കാശ്?

കുറുമാനേ, നിനക്കറിയാമല്ലോ, ആന്റോ പറഞ്ഞാല്‍ പറഞ്ഞതാ. ആന്റോ എന്നും കാശ് റൊക്കമായി കൊടുക്കും അല്ലാതെ കടം പറയില്ല. നിങ്ങള് വന്നപ്പോ, ഞാന്‍ കൊപ്രക്കളത്തിലേക്ക് പോകാന്‍ നിക്കുന്നത് കാരണമാ തരാഞ്ഞത്.

കൊപ്രക്കളത്തില് നില്‍ക്കുമ്പോ, നിന്റെ അച്ഛന്‍ അങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു വെളിച്ചെണ്ണ വാങ്ങാന്‍. ഞാന്‍ ആ കാശ് അപ്പോ തന്നെ നിന്റെ അച്ഛന്റെ കയ്യില് കൊടുത്തു.

കടം നിറുത്തുന്നത് ആന്റോന് പണ്ടേ ഇഷ്ടമല്ല. അതാ എന്റെ ശീലം.

ആന്റോ പറയുന്നതൊന്നും എന്റെ ചെവിയില്‍ കയറുന്നുണ്ടായിരുന്നില്ല, കാരണം വീട്ടില്‍ ചെന്നാല്‍ ചെവിക്കല്ല് അച്ഛന്‍ അടിച്ച് പൊട്ടിക്കുന്നതോര്‍ത്ത് എന്റെ ചെവി മുന്നേ തന്നെ അടഞ്ഞുപോയിരുന്നു.

Monday, June 11, 2007

മൃതോത്ഥാനം - ഭാഗം - എട്ട്

മുത്ത്വേ, മുത്ത്വോ, ഒന്നും വേഗം വാടാ, ഉച്ചയൂണു കഴിഞ്ഞു മയങ്ങുകയായിരുന്ന മുത്തു, പതിവില്ലാതെ ശിവന്‍ വിളിക്കുന്ന ശബ്ദം കേട്ടുണര്‍ന്നു.

എന്താ ശിവാ പതിവില്ലാതെ ഈ സമയത്ത്?

മുത്ത്വോ, പാടത്ത് കെട്ടിയ പശുവിനെ അഴിക്കാന്‍ പോയ തങ്കമ്മയെ പാമ്പു കടിച്ചൂന്നാ തോന്നണേ. നീ ഒന്നു വേഗം വാ.

എന്റെ ദൈവമേ, എനിക്ക് കഷ്ട കാലം തീരില്ലാന്നുണ്ടോ, ആത്മഗതമായി പറഞ്ഞു കൊണ്ട് മുത്തു ചാടിയെഴുന്നേറ്റു, പിന്നെ ശിവനേയും കൂട്ടി ഒരോട്ടമായിരുന്നു.

കൂടി നിന്നിരുന്ന ആളുകള്‍ മുത്തുവിനെ കണ്ടപ്പോള്‍ വഴിയൊതുങ്ങി നിന്നു.

തങ്കമ്മയുടെ ശരീരം നീലച്ചിരുന്നു. വായില്‍ നിന്നും നുരയും പതയും ഒഴുകുന്നുമുണ്ടായിരുന്നു. തങ്കമ്മയുടെ അടുത്ത് മുത്തു ഇരുന്നു. മൂക്കില്‍ വിരല്‍ ചേര്‍ത്തു ശ്വാസഗതി പരിശോദിച്ചു. പിന്നെ നിര്‍വ്വികാരനായി കൂടി നില്‍ക്കുന്നവരുടെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു. അവള്‍ പോയി. ഞങ്ങളെ തനിച്ചാക്കി അവള്‍ പോയി. 

സ്നേഹിക്കുന്നവരെല്ലാം തന്നെ എന്നെ വിട്ടുപോകുന്നത് എന്റെ ജീവിതത്തിൽ ഇതാദ്യമായിട്ടല്ലല്ലോ!

മുത്തു, തങ്കമ്മയുടെ ശവം എടുത്ത് ചുമലില്‍ ഇട്ടു. പിന്നെ പാടവരമ്പിലൂടെ വീട്ടിലേക്ക് നടന്നു. കൂടി നിന്നിരുന്ന ജനങ്ങളും. ഇതിനിടയില്‍ ആരോ ചിലര്‍ ശിവന്‍ പറഞ്ഞതനുസരിച്ച് സുനിലിനെ വിവരം അറിയിക്കാനും, ചിലര്‍ കോടിയും, നാളികേരവും, നെല്ലും, ചന്ദനതിരിയും മറ്റും വാങ്ങുവാനും പോയി.

മുത്തു വീട്ടിലെത്തിയപ്പോഴേക്കും, ആരെല്ലാമോ ചേര്‍ന്ന്, വാഴയിലവെട്ടി ഉമ്മറത്ത് വിരിച്ചിരുന്നു. മുത്തു ശവം വാഴയിലയില്‍ കിടത്തി. തോര്‍ത്ത് മുണ്ടെടുത്ത് തങ്കമ്മയുടേ കടവായിലൂടെ ഒഴുകിയിരുന്ന പതയും, നുരയും മുത്തു ഒപ്പി. പിന്നെ തങ്കമ്മയുടേ മുഖം മൊത്തത്തില്‍ തുടച്ച് വൃത്തിയാക്കി. ശിവന്‍ മുത്തുവിന്റെ കൂടെ തന്നെ നിന്നു.  അല്പം കഴിഞ്ഞപ്പോഴേക്കും, കോടിമുണ്ടും, മറ്റും വാങ്ങുവാന്‍ പോയിരുന്നവര്‍ വന്നു. ശവത്തിനു കോടി പുതച്ചു, തലക്കില്‍ എരിയുന്ന നിലവിളക്കും, തിരിയിട്ട് കത്തിച്ച നാളികേരമുറികളും. ഇടങ്ങഴിയില്‍ നെല്ലും, ചന്ദനതിരിയും.

ആളുകള്‍ ഒറ്റക്കായും ഇരട്ടക്കായും വന്നുകൊണ്ടേയിരുന്നു. സ്ത്രീജനങ്ങള്‍ വീടിന്റെ പിന്‍വശത്ത്, കൂട്ടം കൂടി നിന്നു. ചിലരാകട്ടെ ശവത്തിന്നരികില്‍ ഇരുന്ന് എണ്ണിപെറുക്കി കരയാനും.

സുനിലിന്റെ അലമുറയിട്ടുള്ള കരച്ചില്‍ ദൂരെ നിന്നു കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ, എണ്ണിപെറുക്കി കരഞ്ഞിരുന്ന സ്ത്രീകളുടെ കരച്ചില്‍ ഉച്ചത്തിലായി. കൂടി നില്‍ക്കുന്ന ആളുകളുടെ ഇടയിലൂടെ അലമുറയിട്ട് സുനില്‍ അമ്മയുടെ ശരീരത്തിന്നടുത്തിരുന്നു. പിന്നെ ശരീരത്തിലേക്ക് വീണു,  അലറികരഞ്ഞുകൊണ്ടവന്‍  അമ്മയുടെ മുഖത്ത് തെരു തെരെ ഉമ്മകൾ വച്ചു.

അമ്മേ, ഇനി ഞങ്ങള്‍ക്കാരുണ്ട്? അച്ഛനേം, എന്നേം, തനിച്ചാക്കിയിട്ട് എന്തിനാ അമ്മേ പോയത് എന്നെല്ലാമുള്ള അവന്റെ ചോദ്യങ്ങള്‍ അവിടെ കൂടിനില്‍ക്കുന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.

ശിവനും, മറ്റുള്ളവരും അല്പം മാറി നിന്ന് കാര്യങ്ങള്‍ ചര്‍ച്ചചെയ്തതിനു ശേഷം, മുറ്റത്ത് ബീഡിയും വലിച്ചു നില്‍ക്കുകയായിരുന്ന മുത്തുവിന്റെ അരികിലേക്ക് ചെന്നു. മുത്ത്വോ, വിഷം തീണ്ടിയതല്ലെ, കൂടുതല്‍ വച്ചിരിക്കേണ്ട. നമുക്ക് ശരീരം വേഗം തന്നെ അടക്കാം. നാട്ടുകാരെല്ലാം വന്നു കഴിഞ്ഞല്ലോ. തങ്കമ്മക്കങ്ങിനെ പറയാന്‍ ബന്ധുക്കളുമില്ല. നമുക്ക് ശരീരം ശ്മശാനത്തിലേക്കെടുത്താലോ?

ആയിക്കോട്ടെ. വച്ചിരുന്നാല്‍ അവള്‍ എഴുന്നേറ്റ് വരികയൊന്നുമില്ലല്ലോ.

ശിവന്‍ പറഞ്ഞ് വിട്ടിരുന്നവര്‍, അപ്പോഴേക്കും ശവമഞ്ചവുമായി എത്തികഴിഞ്ഞിരുന്നു. ശവമഞ്ചം ശരീരത്തിനടുത്ത് വച്ചു. സുനില്‍ ശവശരീരത്തിലെക്ക് കിടന്ന് പൊട്ടികരഞ്ഞു. ശിവനും, മറ്റുള്ളവരും, ചേര്‍ന്ന് സുനിലിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. കുതറുന്ന അവനെ, അവന്റെ സ്നേഹിതന്‍മാര്‍ ചേര്‍ന്ന് ചേര്‍ത്ത് പിടിച്ചു.

മുത്തുവേ, ശവമെടുക്കാന്‍ പോകുന്നു. അവസാനമായി കാണാം.

മുത്തു, മുറ്റത്തുനിന്നും കയറി വന്നു. ചുമലില്‍ ഇട്ടിരുന്ന തോര്‍ത്ത്കൊണ്ട് തങ്കമ്മയുടെ മുഖം ഒന്നുകൂടെ തുടച്ച് വൃത്തിയാക്കി. അകത്തുപോയി, അവളുടെ സിന്ദൂരചെപ്പുമായി വന്ന്, നെറുകയില്‍ സിന്ദൂരം തൊട്ടു, ഒപ്പം നെറ്റിയില്‍ വട്ടത്തില്‍ ഒരു വലിയ വട്ട പൊട്ടും. കുനിഞ്ഞിരുന്നു മുത്തു തങ്കമ്മയുടെ ഇരുകവിളത്തും ചുംബിച്ചു. സുനിലിന്റെ കരച്ചില്‍ ഉച്ചത്തിലായി. നിറഞ്ഞ കണ്ണുകള്‍ തോര്‍ത്തുമുണ്ടിനാല്‍ തുടച്ച് മുത്തു എഴുന്നേറ്റു. സുനിലിനെ തന്റെ ശരീരത്തിലേക്ക് ചേര്‍ത്ത് പിടിച്ചു. രണ്ടു പേരും പൊട്ടികരഞ്ഞു.

ശിവനും മറ്റു രണ്ടുമൂന്ന് പേരും ചേര്‍ന്ന് ശവശരീരത്തിന്റെ മുഖം മൂടി, ശവശരീരം കൂട്ടി കെട്ടിയതിനുശേഷം മഞ്ചത്തിലേക്ക് കയറ്റി.

തലവശത്തിന്റെ ഒരു ഭാഗം മുത്തുവും, സുനിലും ചുമന്നു, പിന്നില്‍ ശിവനും, വാസുവും. നിശബ്ദമായി ആ ശവയാത്ര മുറ്റത്തു നിന്നും വഴിയിലേക്കിറങ്ങി പാടവരമ്പിലൂടെ ശ്മശാനം ലക്ഷ്യമാക്കി നീങ്ങി, പിന്നാലെ നാട്ടുകാരായ പുരുഷന്മാരും.

ശ്മശാനത്തില്‍ ചെന്ന്  ശവം താഴെയിറക്കി വച്ചു.  ചിതയും മറ്റും അപ്പോഴേക്കും കൂട്ടിയിരുന്നു. അടുത്തുള്ള കുളത്തില്‍ പോയി, മുത്തുവും, സുനിലും മുങ്ങികുളിച്ച് ഈറനുടുത്തു വന്നു. ശവം ചിതയിലേക്ക് വക്കുന്നതിനു മുന്‍പ് അന്ത്യനമസ്കാരം ചെയ്യാനുള്ളവര്‍ക്ക് ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, ആദ്യം മുത്തുവും, പിന്നാലെ സുനിലും, നാട്ടുകാരില്‍ ചിലരും, തങ്കമ്മയുടെ കാല്‍ക്കല്‍ ഊഴമനുസരിച്ച് നമസ്കരിച്ചെഴുന്നേറ്റ് മാറി.

ശവം ചിതയിലേക്ക് വച്ചു.  മുകളിലായി പിന്നേയും വിറകുകൾ അടുക്കി.  ചിതക്ക് ചുറ്റും, ഓട്ടകുത്തിയ കുടത്തില്‍ വെള്ളവുമായി സുനില്‍ മൂന്നു തവണ പ്രദക്ഷിണം ചെയ്തു. കുടം പുറകിലേക്കെറിഞ്ഞുടച്ചു.  കത്തിച്ചുതന്ന വിറകുകൊള്ളികൊണ്ട് സുനില്‍ ചിതക്ക് തീ കൊളുത്തി. ചിത ആളിക്കത്തുതിന്നൊപ്പം തന്നെ പച്ചമാംസം കരിയുന്നതിന്റെ ഗന്ധം ചുറ്റുപാടും പരക്കാന്‍ തുടങ്ങി. ഇടക്കിടെ തലച്ചോര്‍ പൊട്ടിതെറിക്കുന്നതിന്റെ ശബ്ദവും. ആളുകള്‍ മുത്തുവിനോടും, സുനിലിനോടും മറ്റും യാത്രപറഞ്ഞ് പിരിഞ്ഞു. അല്പം സമയത്തിനു ശേഷം,  മുത്തുവും, സുനിലും, ശിവനും, വാസുവും, ശ്മശാനത്തില്‍ നിന്നുമിറങ്ങി വീട്ടിലേക്ക് നടന്നു.

വീടെത്തിയപ്പോള്‍, ശിവന്റെ ഭാര്യ ദേവകി വിളക്കെല്ലാം തെളിയിച്ചിരുന്നു. കിണറ്റില്‍ കരയില്‍ കുളിച്ച്, ഈറന്‍ മാറ്റി മുത്തുവും, സുനിലും വീട്ടില്‍ കയറി.

ദേവകിയമ്മ, ചൂടുകട്ടന്‍ കാപ്പി പകര്‍ന്ന് മുത്തുവിനും, ശിവനും നല്‍കി. കാപ്പി കുടിച്ചിരിക്കുന്നതിനിടെ ശിവന്‍ പറഞ്ഞു, ഓരോന്നോര്‍ത്ത് നീ മനസ്സു വിഷമിക്കണ്ട മുത്തു, ഒക്കെ ശരിയാകും. ഒന്നില്ലെങ്കിലും നിനക്ക് തെങ്ങടിച്ചാല്‍ പന വീഴുന്ന, നിന്നേക്കാളും ഭംഗിയായി എല്ലാ‍ പണികളും ചെയ്യുന്ന ഒരു മകനില്ലെ? എന്റെ കാര്യം നോക്കൂ. നാളെ ഞങ്ങള്‍ക്ക് വായ്ക്കരി വിടാന്‍ പോലും ആരുമില്ല.

അതെ, ഇനി അവന്‍ മാത്രമാ എനിക്കൊരു തുണ. അകത്ത് പായില്‍ കിടന്ന് ഏങ്ങലടിച്ചു കരയുകയായിരുന്ന സുനിലിന്റെ അടുത്തേക്ക് ചെന്ന് അവന്റെ അരികിലായിരുന്നുകൊണ്ട് മുത്തു സുനിലിന്റെ നെറ്റിയില്‍ മെല്ലെ തലോടി. നിനക്കിനി, ഞാനും, എനിക്കു നീയും മാത്രം മോനെ.

അച്ഛന്റെ കൈകള്‍ തന്റെ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് സുനില്‍ വിങ്ങിപൊട്ടി.

തുടരും...