Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Tuesday, July 03, 2007

അയ്യപ്പന്റെ മീന്‍ പിടുത്തം

സംഭവം നടക്കുന്നത് അഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ വച്ചാണ്. അന്ന് ഞാനും, എന്റെ നല്ല പാതിയും യാതൊരു വിധ അല്ലലുകളും ഇല്ലാതെ താമസിക്കുന്ന സുവര്‍ണ്ണ കാലഘട്ടം. ഓഫീലെ അല്ലറ ചില്ലറ പണികളൊക്കെ ചെയ്യുന്നതിനു പുറമെ ഉണ്ടായിരുന്ന ഭാരിച്ച ജോലി, സമയാ സമയത്തിനു നല്ല പാതി ഉണ്ടാക്കിതരുന്ന ഭക്ഷണം കഴിച്ച് ശരീരത്തിനെ പുഷ്ടിപെടുത്തുക എന്നത് മാത്രം. ചുരുക്കം പറഞ്ഞാല്‍, തിന്നും കുടിച്ചും, വയറിലെ മസ്സിലുകളെ ബലപെടുത്തുക അത്ര തന്നെ (അസൂയക്കാര്‍ അതിനെ കുടവയറെന്ന് പറയുന്നതെന്ത് വിഡ്ഡിത്തരമാണെന്നാലോചിച്ചിട്ട് എനിക്കിപ്പോഴും ഒരു പിടിയുമില്ല).

അന്ന് ഇന്നത്തെ പോലെ മലയാളം ബ്ലോഗിങ്ങൊന്നും ഇല്ലാതിരുന്നതിനാല്‍ നല്ല മനസ്സമാധാനം, നല്ല സുഹൃദ് ബന്ധങ്ങള്‍ (ബ്ലോഗില്‍ വന്നതിനുശേഷം ആരാ പിന്നീന്ന് കുത്ത്വാന്ന് പറയാന്‍ പറ്റാത്ത ഭീകരാവസ്ഥ, എപ്പോ എവിടുന്ന്/ആരുടേന്ന് കിട്ടീന്ന് ചോദിച്ചാല്‍ മതി), സന്തോഷകരമായ കുടുംബ ജീവിതം, ഇഷ്ടം പോലെ ഒഴിവു സമയം. നല്ല പാതിക്ക് മിച്ച സമയത്തിന്റെ ഭൂരിഭാഗവും കൊടുത്താലും അക്ഷയ പാത്രം പോലെ ഇഷ്ടം പോലെ സമയം പിന്നേം ബാക്കി.

അങ്ങനെ മിച്ചം വരുന്ന സമയങ്ങളിലെ, പ്രത്യേകിച്ചും വീക്കെന്റുകളിലെ ബോറഡി മാറ്റാന്‍ ഉതകുന്ന ഒരു ഹോബി കണ്ടുപിടിക്കേണ്ടത് അത്യാവശ്യമായി വന്ന ഒരു ഘട്ടത്തില്‍ ഞാനും എന്റെ സുഹൃത്തായ ടെരന്‍സും കൂടി ഒരു മേശക്കും, കുപ്പിക്കും അപ്പുറവും, ഇപ്പുറവുമിരുന്ന് കൂലുങ്കഷമായി ചിന്തിക്കാന്‍ തുടങ്ങി.

ഗോള്‍ഫ് - ടെരന്‍സ് ആശയം പുറത്തെടുത്തു.

ഏയ്, അതു വേണ്ട. അതൊരുജാതി കാല്‍ കാശിനു വകയില്ലാത്ത തെണ്ടിപിള്ളാരു കളിക്കണ കളി.

എങ്കില്‍ സ്നൂക്കര്‍ ആയാലോ? അടുത്ത ആശയം ടെരന്‍സ് പുറത്തെടുത്തു.

സ്നൂക്കര്‍ കുഴപ്പമില്ല, പക്ഷെ എനിക്ക് കളിക്കാന്‍ അറിയില്ല, അതിനാല്‍ അതും വേണ്ട.

ചെസ്സ് കളിക്കാം എങ്കില്‍ - മേശപുറത്തിരിക്കുന്ന കുപ്പിയെടുത്ത് അവന്റെ തലക്കടിച്ച് കൊന്നിട്ട് ജയിലില്‍ പോയാല്‍ സമയം പോകാതിരിക്കുന്ന പ്രശ്നമേ വരില്ല എന്ന് മനസ്സില്‍ തോന്നിയെങ്കിലും, വികാരത്തെ വിവേകം കൊണ്ട് അടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു, ചെസ്സ് കളിച്ചാല്‍, ബുദ്ധിയും, ഓര്‍മ്മശക്തിയും ഒക്കെ വളരെ വര്‍ദ്ധിക്കും. ഉള്ള ബുദ്ധിയും, ഓര്‍മ്മ ശക്തിയും തന്നെ പാരയായിരിക്കുന്ന സമയത്താ അവന്റെ ഒരു ചെസ്സ് കളി. അതു വേണ്ടേ വേണ്ട.

എങ്കില്‍ നീ പറ. മേശപുറത്തിരുന്ന ഗ്ലാസെടുത്ത് വായിലോട്ട് കമഴ്ത്തി അല്പം ചൂടായി തന്നെ ടെരന്‍സ് പറഞ്ഞു.

ചൂണ്ടാന്‍ പോയാലോ? അല്പം മടിച്ച് മടിച്ച് ഞാന്‍ പറഞ്ഞു .

യൂ മീന്‍ ഫിഷിങ്ങ്?

യെസ്, ഫിഷിങ്ങ്.

വൌ ഗ്രേറ്റ് ഐഡിയ! കൊടു കൈ.

ഞാനും ടെരന്‍സും അപ്പോള്‍ തന്നെ വണ്ടിയെടുത്ത് ദേറ സിറ്റി സെന്ററില്‍ (ഇപ്പോഴത്തെ കാര്‍ഫോര്‍) പോയി, ഇരുന്നൂറോളം ദിര്‍ഹം മുടക്കി രണ്ട് ഫിഷിങ്ങ് റോഡുകളും, റീലുകളും, ആവശ്യത്തിലധികം ചൂണ്ടകൊളുത്തുകളും ഒക്കെ വാങ്ങി വന്നു. ഇനിയും രണ്ട് ദിവസം കഴിയണം വീക്കെന്റാകാന്‍. രണ്ട് ദിവസത്തിന് ഏതാണ്ട് മൂന്നു മൂന്നര ദിവസത്തിന്റെ ദൈര്‍ഘ്യം അനുഭവപെട്ടെങ്കിലും വ്യാഴാഴ്ച രാത്രി വന്ന് ചേര്‍ന്നു.

വീക്കെന്റ് ക്വാട്ടയെല്ലാം കീറി, സുഭിക്ഷമായി അത്താഴവും കഴിച്ച്, രാത്രി പതിനൊന്നു മണിയോട് കൂടി അമരത്തില്‍ കൊമ്പനെ പിടിക്കാന്‍ കടലില്‍ പോകുന്ന അശോകന്റെ അതേ അഹങ്കാരത്തോടെ ചൂണ്ടയുമെടുത്ത് നല്ല പാതിയോട് യാത്ര പറഞ്ഞിറങ്ങാന്‍ നേരം, അപ്പോ ഇനി അടുത്ത ഒരാഴ്ചക്ക്, കടയില്‍ നിന്നും മീന്‍ വാങ്ങേണ്ടല്ലോ എന്ന നല്ല പാതിയുടെ ചോദ്യത്തില്‍ ആവശ്യത്തിലധികം പരിഹാസം കലര്‍ന്നിരുന്നില്ലേന്ന് ചോദിച്ചാല്‍ ഉണ്ടായിരുന്നു.

ഉം, കളിയാക്കേണ്ട, രാവിലെ വരുമ്പോള്‍ നീയൊക്കെ മനസ്സിലാക്കും മീന്‍ പിടുത്തത്തിലുള്ള എന്റെ കഴിവ്.

ശരി, ചെല്ല്, ചെല്ല്. പിന്നെ, വല്ല വലിയമീനും, ചൂണ്ടയില്‍ കൊത്തി വലിച്ചാല്‍ വെള്ളത്തിലേക്ക് വീഴാതെ നോക്കിക്കോ. ബര്‍ദുബായ് ക്രീക്കില് ഈയിടേയായി സ്രാവുകളുണ്ടെന്നാരോ പറയുന്നത് കേട്ടു. പിന്നേം കൊട്ടി പിന്നീന്ന്.

അവിടെ അധികം സമയം നിന്നാല്‍ ശരിയാവില്ല എന്ന ഉള്‍വിളി വന്നതിനാല്‍ പെട്ടെന്നു തന്നെ സ്ഥലം കാലിയാക്കി. നേരെ വിട്ടു ടെരന്‍സിന്റെ വീട്ടിലേക്ക്.

ചൂണ്ടയില്‍ മണ്ണിരക്ക് പകരം എന്തു കൊളുത്തും എന്ന് ചിന്തിച്ച് വിഷമിച്ചിരിക്കുന്ന ടെരന്‍സിന്റെ ചുമലില്‍ തട്ടി ഞാന്‍ ആശ്വസിപ്പിച്ചു. വഴിയുണ്ടാക്കാം.

പ്രതീക്ഷാ നിര്‍ഭരമായ കണ്ണുകളോടെ അവന്‍ എന്നെ നോക്കി.

പ്രതീക്ഷാനിര്‍ഭരമായ ആ ഒരൊറ്റം നേട്ടം എന്നെ ഒരു മുക്കുവന്‍ ആക്കി മാറ്റി. ചടുലമായ നീക്കങ്ങളായിരുന്നു ഞാന്‍ പിന്നീട് നടത്തിയത്. അരകിലോ ഗോതമ്പുപൊടി കുഴച്ച് മാവാക്കി ഒരു കവറില്‍ നിക്ഷേപിച്ചു. അരക്കുപ്പി മദ്യവും, ഡിസ്പോസബിള്‍ ഗ്ലാസ്സുകളും, വെള്ളക്കുപ്പിയും, ടെരന്‍സ് ആ സമയം കൊണ്ട് ബാഗില്‍ എടുത്ത് വച്ചു.

ചൂണ്ട, ഗോതമ്പ് മാവ്, കുപ്പി, ഗ്ലാസ്സ് തുടങ്ങി അവശ്യ വസ്തുക്കളും എടുത്ത് ഞങ്ങള്‍ മത്സ്യബന്ധനത്തിനായ് കാറില്‍ പുറപ്പെട്ടു!! ഗോതമ്പ് മാവ് ചൂണ്ടകൊളുത്തില്‍ കൊളുത്തി വെജിറ്റേറിയന്‍ മീനിനെ മാത്രം പിടിച്ചാല്‍ പോരല്ലോ? അതിനാല്‍ തന്നെ പോകുന്ന വഴിക്ക് നോണ്‍ വെജിറ്റേറിയന്‍ മീനിനെ പിടിക്കുവാനായി പതിനഞ്ച് ദിര്‍ഹം ചിലവാക്കി അരകിലോ ഫ്രോസണ്‍ ചെമ്മീനും വാങ്ങി വണ്ടിയില്‍ വക്കാന്‍ മറന്നില്ല.

ബര്‍ദുബായി ക്രീക്കില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ചൂണ്ടല്‍ കിറ്റുകളെടുത്തിറങ്ങി. സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. കാര്യമായാരും ക്രീക്കിലില്ല. അവിടേയും, ഇവിടേയുമായി ഒന്നു രണ്ട് പേര്‍ ചൂണ്ടുന്നുണ്ട്. അവര്‍ക്കിടക്കിടെ മീന്‍ കിട്ടുന്നുമുണ്ട്. കുറച്ച് നേരം അവര്‍ മീന്‍ പിടിക്കുന്നത് നോക്കി നിന്നപ്പോള്‍ ഞങ്ങള്‍ക്ക് ഹരം കയറി. അല്പം ദൂരെ മാറി ഞങ്ങള്‍ ഇരുപ്പുറപ്പിച്ചുകൊണ്ട് ചൂണ്ടുവാന്‍ തുടങ്ങി.

ഗോതമ്പ് മാവും, ചെമ്മീനും മാറി മാറി കുത്തി, ഈയം കെട്ടിയ ടാങ്കീസ് വലിച്ച് ദൂരെ വെള്ളത്തിലേക്കെറിഞ്ഞ് ഞങ്ങള്‍ ക്ഷമയോടെ കാത്തിരുന്നു. ചൂണ്ട പുറത്തെടുക്കുമ്പോഴോക്കെ നഗ്നമായ ചൂണ്ട കൊളുത്ത് കണ്ട് ഞങ്ങള്‍ പൂര്‍വ്വാധികം വാശിയോടെ മാവും, ചെമ്മീനും കൊളുത്തില്‍ കൊരുത്ത്, ചൂണ്ട പിന്നേയും വെള്ളത്തിലേക്കെറിഞ്ഞു. ഇടക്ക് ഒരു രണ്ട് പൊടിമീന്‍ കിട്ടിയപ്പോള്‍ ഞങ്ങളുടെ നിരാശയെല്ലാം ദേറ കടന്നു, സോറി പമ്പ കടന്നു. ചൂണ്ടലിന്റെ ഇടയില്‍ കുപ്പി കാലിയായത് ഞങ്ങളില്‍ ഒരു തരം ഡിപ്രഷനിടയാക്കിയെങ്കിലും, ആത്മവിശ്വാസത്തോടെ ഞങ്ങള്‍ വീണ്ടും ചൂണ്ടല്‍ തുടര്‍ന്നു.

ഗോതമ്പ് മാവും, ചെമ്മീനും കഴിഞ്ഞു. കിഴക്ക് പകലോന്‍ പൊങ്ങാന്‍ തുടങ്ങി. സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു. ആകെ കിട്ടിയിരിക്കുന്നത് നാലഞ്ചു പൊടിമീന്‍. കിട്ടിയമീനെ തിരികെ വെള്ളത്തിലേക്കിട്ട് ഞങ്ങള്‍ ചൂണ്ടയെല്ലാം പെറുക്കി വണ്ടിയിലിട്ടു.

ഇതെന്താ നീ വീട്ടിലേക്ക് പോകാതെ ജുമൈറ റോഡിലേക്ക് വണ്ടി വിടുന്നത്? ടെരന്‍സ് ചോദിച്ചു.

അതേ, ജുമൈറയില്‍ ഈ സമയത്ത് പോയാല്‍ ഫിഷിങ്ങ് കഴിഞ്ഞ് വന്ന ബോട്ട്കാരുടെ കയ്യില്‍ നിന്നും വളരെ ചീപ്പായി മീന്‍ കിട്ടും. മീനില്ലാതെ വീട്ടില്‍ പോയാല്‍ അതിലും വലിയ ചീപ്പാകും. തലേന്നത്തെ ഡയലോഗുകള്‍ ഞാന്‍ അവനെ പറഞ്ഞു കേള്‍പ്പിച്ചു.

ജുമൈറയില്‍ പോയി, രണ്ട് ഇടത്തരം ഐക്കൂറയും (നെയ്മീന്‍), രണ്ട് കിലോ ശേരിയും മുപ്പത്തഞ്ച് ദിര്‍ഹം നല്‍കി വാങ്ങി (ചാളയും, അയിലയും ഒന്നും ചൂണ്ടയില്‍ പെടില്ല എന്ന് വാമഭാഗത്തിനറിയാം, ഐക്കൂറയേകുറിച്ചും, ശേരിയെകുറിച്ചും വലിയ പിടിയില്ല അതിനാല്‍ മനപ്പൂര്‍വ്വം തന്നെ അത് രണ്ടും വാങ്ങി).

ടിങ്ങ് ടോങ്ങ്!

നേരം വെളുത്തപ്പോള്‍ തന്നെ കോളിങ്ങ് ബെല്ലടി കേട്ട് വാമഭാഗം വന്ന് വാതില്‍ തുറന്നപ്പോള്‍ കാണുന്നത്, ഇടത് കയ്യില്‍ ചൂണ്ടയും, വലതുകയ്യിലെ പ്ലാസ്റ്റിക് ബാഗില്‍ നിറയെ മീനുമായി വിജയ ഭാവത്തില്‍ നില്‍ക്കുന്ന എന്നേയാണ്.

പ്ലാസ്റ്റിക് ബാഗ് തുറന്ന അവള്‍ ഞെട്ടി പോയി, രണ്ട് ഐക്കൂറയും, നിറയെ ശേരിയും. അവളുടെ കണ്ണുകള്‍ തിളങ്ങി.

അയ്യോ, ഇത്ര പൈസയൊക്കെ ചിലവാക്കി ഉറക്കമൊളിച്ച് നിങ്ങള് ചൂണ്ടാന്‍ പോകുന്നൂന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയില്ലാട്ടോ നിങ്ങള്‍ക്ക് ചൂണ്ടാന്‍ അറിയാമെന്നും, ഇത്രക്കു മീന്‍ കിട്ടുമെന്നും.


ഉം....നിനക്കൊക്കെ എന്നെകുറിച്ചെന്തറിയാം. നീ വേഗം ചായയെടുക്ക്.

ദാ ഇപ്പോ തരാം. നിങ്ങള്‍ കിടന്നോളൂ. ഉറക്കമൊഴിച്ച് ക്ഷീണിച്ച് വന്നതല്ലെ.

എന്തൊരു സ്നേഹം. അമ്പത് രൂപ പോയാലെന്താ? ഭാര്യക്കെന്തൊരു സ്നേഹം.

അതേ, ഇന്ന് രാത്രി ചൂണ്ടാന്‍ പോകുന്നില്ലെ? പിന്നീട് വന്ന വ്യാഴാഴ്ച വാമഭാഗം സന്ധ്യയായപ്പോള്‍ ഇങ്ങോട്ട് കയറി ചോദിച്ചു.

ഇല്ല ഇന്ന് നല്ല മൂഡില്ല (ചൂണ്ടയില്‍ കൊരുത്താനുള്ള ചെമ്മീനിനു 15, രാവിലെ ജുമൈറയില്‍ പോയി മീന്‍ വാങ്ങാന്‍ 35, അങ്ങനെ മൊത്തം 50 ദിര്‍ഹം നഷ്ടം, കൂടാതെ രാത്രിയിലെ ഉറക്കവും, ആര്‍ക്കു മൂഡുണ്ടാകാന്‍).

ആയിടക്കാണു ഞങ്ങളുടെ ഫ്ലാറ്റിലെ, സഹമുറിയന്മാരായി, അയ്യപ്പനും, കുടുംബവും വരുന്നത്.
എന്റെ വൈഫും, അയ്യപ്പന്റെ വൈഫും വളരെ നല്ല ചങ്ങാത്തത്തിലായി തീരാന്‍ ദിവസങ്ങള്‍ അധികം എടുത്തില്ല.

ഒരു ദിവസം എന്റെ വൈഫും, അയ്യപ്പന്റെ വൈഫും തമ്മില്‍ കിച്ചണില്‍ വച്ച് നടന്ന സംഭാഷണം ഇപ്രകാരം.

അതേ നിങ്ങള്‍ എവിടുന്നാ പലചരക്കും, പച്ചക്കറികളുമൊക്കെ വാങ്ങുന്നത്?

ഞങ്ങള്‍ സണ്‍ റൈസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാ.

അത് ശരി. അപ്പോ മീനോ?

മീനോ? ദൈവം സഹായിച്ച് മീന്‍ കാശു കൊടുത്ത് വാങ്ങേണ്ടി വന്നിട്ടില്ല, ചേട്ടനും കൂട്ടുകാരും, കൂടി വ്യാഴാഴ്ച ചൂണ്ടാന്‍ പോകാറുണ്ട്.

ചൂണ്ടിയിട്ടു മീനൊക്കെ കിട്ടാറുണ്ടോ?

പിന്നില്ലെ? ചിലദിവസം വളരെ അധികം മീന്‍ കിട്ടുമ്പോള്‍ അവര്‍ തിരിച്ചത് കടലിലേക്ക് തന്നെ കളയും. അല്ലെങ്കില്‍ ഫ്രിഡ്ജിലിരുന്ന് വേസ്റ്റാവില്ലെ?

ദൈവമേ, അയ്യപ്പനും ചൂണ്ടുന്നത് ഭയങ്കര ഇഷ്ടമാ. ഇത് കേട്ടാല്‍ ഇനി അയ്യപ്പനും ചൂണ്ടാന്‍ പോകും. ഞാന്‍ അയ്യപ്പനോട് പറയട്ടെ.

ഇത് കേട്ട് നിന്ന എനിക്ക് ചെറിയ നെഞ്ചു വേദന തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

വാഴാഴ്ച വൈകുന്നേരം വാതിലില്‍ മുട്ട് കേട്ട് വാതില്‍ തുറന്ന എന്റെ മുന്നില്‍ അയ്യപ്പന്‍ പ്രത്യക്ഷപെട്ടു.

എന്താ അയ്യപ്പാ?

അതേ ചേട്ടാ, ചേട്ടന്‍ ചൂണ്ട എവിടുന്നാ വാങ്ങിയത്?

സിറ്റി സെന്ററില്‍ നിന്ന്. എന്താ അയ്യപ്പാ.

അല്ലാ, എനിക്കൊരു ചൂണ്ട വാങ്ങണമായിരുന്നു. ഇന്ന് വ്യാഴാഴ്ചയല്ലെ, നിങ്ങള്‍ ചൂണ്ടാന്‍ പോകുമ്പോള്‍ ഞാനും വരട്ടെ.

അയ്യപ്പാ, ഇന്ന് രാത്രി എനിക്കൊരു സുഹൃത്തിന്റെ വീട്ടിലാ ഡിന്നര്‍. അയ്യപ്പന്‍ വേണമെങ്കില്‍ എന്റെ ചൂണ്ട കൊണ്ട് പൊയ്ക്കോള്ളൂ എന്ന് പറഞ്ഞ്, കട്ടിലിന്റെ അടിയില്‍ പൊടി പിടിച്ചു കിടന്നിരുന്ന ചൂണ്ടയിലെ പൊടിയെല്ലാം തുടച്ച് കളഞ്ഞ് ഞാന്‍ എന്റെ ചൂണ്ട അയ്യപ്പനു കൈമാറി.

സന്തോഷപൂര്‍വ്വം ചൂണ്ട വാങ്ങി, ഐക്കൂറയും, ശേരിയും സ്വപ്നം കണ്ട് അയ്യപ്പന്‍ അന്ന് രാത്രി ചൂണ്ടാന്‍ പോയി.

പിറ്റേന്ന് അടുക്കളയില്‍ വിഷാദ ഭാവത്തില്‍ നില്‍ക്കുന്ന അയ്യപ്പപത്നിയോട് ഞാന്‍ അയ്യപ്പന് മീന്‍ കിട്ടിയോ എന്ന് തിരക്കി.

എന്റെ ശബ്ദം കേട്ടതും അയ്യപ്പന്‍ രംഗപ്രവേശനം ചെയ്തു. ചേട്ടാ, രണ്ട് മൂന്ന് മീന്‍ കിട്ടിയതായിരുന്നു. അപ്പോഴാ, പോലീസ് വന്നത്. ലൈസന്‍സില്ലാതെ ഫിഷിങ്ങ് പാടില്ലാന്നെഴുതി വച്ചിരിക്കുന്ന ബോര്‍ഡ് കണ്ടില്ലേന്ന് ചോദിച്ച്, 100 ദിര്‍ഹത്തിന്റെ ഫൈന്‍ എഴുതി തന്നതും പോരാഞ്ഞ് ചേട്ടന്റെ ചൂണ്ടയും അവര്‍ കൊണ്ട് പോയി.

ചൂണ്ടപോയാല്‍ പോട്ടെ അയ്യപ്പാ (കട്ടിലിന്റെ അടിയിലിരുന്നാലും, പോലീസ്റ്റ് സ്റ്റേഷനിലിരുന്നാലും സമാസമം).

ഇല്ല ചേട്ടാ, ഇനി ഞാന്‍ അങ്ങിനെ പിന്മാറില്ല. നാളെ ഞാന്‍ ലീവെടുക്കാന്‍ തീരുമാനിച്ചു. ഫിഷിങ്ങ് ലൈസന്‍സിനപ്ലൈ ചെയ്യണം. അത് കിട്ടിയിട്ട് ഞാന്‍ ചൂണ്ടും, ഐക്കൂറ കിട്ടുന്നത് വരെ ചൂണ്ടും. ഇതയ്യപ്പന്റെ വാക്കാ. അയ്യപ്പനൊരു വാക്കേയുള്ളൂ. അയ്യപ്പന്‍ വികാരാധീതനായി.

അയ്യപ്പന്റെ മുഖത്ത് ആത്മവിശ്വാസം ആളികത്തുന്നത് കണ്ടിട്ട് എനിക്ക് തന്നെ പേടിയായി.

പിറ്റേന്ന് ശനിയാഴ്ച സംഭവിച്ചത് ഇപ്രകാരം.

രാവിലെ പത്ത് മണിയോട് കൂടി സ്യൂട്ടൊക്കെ ധരിച്ച്, മുനിസിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന ഫിഷറീസ് ഡിപ്പാര്‍ട്ട് മെന്റിലേക്ക് അയ്യപ്പന്‍ ചെല്ലുന്നു. പി ആര്‍ ഓ വിനെ കണ്ട് ഫിഷിങ്ങ് ലൈസന്‍സിനുള്ള ഫോം എല്ലാം വാങ്ങി മുന്നിലുള്ള ടൈപ്പിങ്ങ് സെന്ററില്‍ കൊടുത്ത് ടൈപ്പ് ചെയ്യിച്ചു. മുദീറിനെ (ഓഫീസര്‍) കാണുവാന്‍ ടോക്കണ്‍ എടുത്ത് കാത്തിരുപ്പ് തുടങ്ങി.

പതിന്നൊരയായപ്പോള്‍ അയ്യപ്പന്റെ ടോക്കണ്‍ നമ്പര്‍ വിളിച്ചു.

വാതിലില്‍ മുട്ടി അയ്യപ്പന്‍ ഭവ്യതയോടെ ചോദിച്ചു, മേ ഐ കമിങ്ങ് സര്‍?

യെസ് കമ്മിങ്ങ്.

അസലാമു അലൈക്കും സര്‍

വാ അലൈക്കുമുസലാം.

യു ഇന്തി?

യെസ് സര്‍.

ബൈഠോ.

താങ്ക്യൂ സര്‍. അയ്യപ്പന്‍ ഉപവിഷ്ടനാകുന്നു.

യെസ്, തെല്‍മി വാത് യു വാന്ത്?

സര്‍, ഐ വാന്റ് റ്റു അപ്ലൈ ഫോര്‍ ഫിഷിങ്ങ് ലൈസന്‍സ്.

മാഫി മുശ്കില്‍ ഹബീബി. യു ഗോട് ദി ഫോറം തൈപ്പ്ഡ്?

യെസ് സര്‍.

വെരി ഗുദ്. യു വാന്ത് സുലൈമാനി.

നോ സര്‍. താങ്ക്യു.

ഓകെ ഗിവ് മി യുവര്‍ ആപ്ലിക്കേഷന്‍ ഫോറം.

അയ്യപ്പന്‍ ഭവ്യതയോടെ ആപ്ലിക്കേഷന്‍ ഫോം കൈമാറി.

ആപ്ലിക്കേഷന്‍ ഫോം മൊത്തം നോക്കിയ മുദീറിന്റെ മുഖഭാവം ആകെ മാറി. സൌമ്യനായി സംസാരിച്ചിരുന്ന അയാളുടെ സ്വരത്തിലെ സ്വൌമ്യത നഷ്ടപെടുന്നത് വളരെ പെട്ടെന്ന് തന്നെ അയ്യപ്പന്‍ മനസ്സിലാക്കി.

ഹൌ മനി ബോട്സ് യു ഹാവ്? വണ്‍? റ്റൂ? ത്രീ?

ഐ ഡോണ്ട് ഹാവ് എനി ബോട്ട് സര്‍!

ഡു യൂ ഹാവ് എ ഷിപ്പ് ദെന്‍?

നോ ഷിപ്പ് സര്‍!

വാട്ട് യു ഹാവ് ദെന്‍?

ഐ ഹാവ് എ ഫിഷിങ്ങ് റോഡ് സര്‍!!!

@#$%%&* @&^%$#@ ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍. കം തു വേസ്ത് മൈ റ്റൈം, ഹറാമി.

Wednesday, June 27, 2007

ഒത്തൊരുമ

ദില്ലിയിലെ കല്‍ക്കാജിയില്‍, സുഹൃത്തായ ഡൊമിനിയുമൊത്ത് താമസിക്കുന്ന സമയം. താമസം എന്നു പറഞ്ഞാല്‍ വെറും താമസമല്ലാ. മഹാ ആര്‍ഭാടം! ഒരേ ഒരു മുറി. അതാണ് ഞങ്ങളുടെ ഡ്രോയിങ്ങ് കം ഡൈനിങ്ങ്, കം കിച്ചന്‍ കം സ്റ്റോര്‍ റൂം, കം ഗസ്റ്റ് റൂം കം പൂജാ റൂം കം സര്‍വ്വസ്വം. പക്ഷെ ബാത്രൂം കം ടോയലറ്റ് ദൈവസഹായത്തില്‍ അതായിരുന്നില്ല, വേറെയൊരെണ്ണം ഉണ്ടായിരുന്നു. അപ്പോ പറഞ്ഞ് വന്നത് റൂമിനെ കുറിച്ച്, അതെ, വളരെ സ്പേഷ്യസ് റൂം. രണ്ട് കട്ടില് മുറിയുടെ രണ്ട് വശത്തായി‍, ഒരു മൂലക്കില്‍ മണ്ണെണ്ണയുടെ എയര്‍ അടിച്ചു കത്തിക്കുന്ന സ്റ്റൌ. മറ്റേ മൂലക്കില്‍, വെള്ളം മാത്രം തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന റെഫ്രിജറേറ്റര്‍ അഥവാ മണ്‍കൂജ, അതിന്റെ ഇടയില്‍ ബക്കറ്റ്, പാത്രങ്ങള്‍, തുടങ്ങിയ പാചക സാമഗ്രികള്‍. എന്തിനധികം പറയുന്നു, ഒരുമയുണ്ടെങ്കില്‍ ഒരു മുറി തന്നെ ധാരാളം എന്ന പോളിസി പ്രകാരം, വീക്കെന്റുകളില്‍ ഞങ്ങളുടെ പാലസിലേക്ക് രണ്ടും, മൂന്നും സുഹൃത്തുക്കള്‍ വരെ വരുകയും താമസിച്ചുപോകുകയും ചെയ്തിരുന്ന കാലം.

ജോലി ചെയ്യുന്നത് സുന്ദര്‍ നഗറില്‍. മോഡ് ഓഫ് ട്രാന്‍സ്പോര്‍ട്ട്, ദില്ലി ട്രാന്‍സ്പോര്‍ട്ടിന്റെ 425 ആം നമ്പര്‍ ബസ്സ്. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറു വരെ ജോലി. രാവിലെ 8.20 ന്റെ ബസ്സ് പിടിച്ചാല്‍ 9 മണി ആകുമ്പോഴേക്കും ഓഫീസില്‍ എത്താം. 8.20 ന്റെ ബസ്സ് പിടിച്ചില്ലെങ്കില്‍, പിന്നെ 9 മണി വരെ കാത്തു നിന്നാല്‍ മാത്രം പോര, 10 മണിയോട് കൂടി ഓഫീസില്‍ കയറി ചെന്നാല്‍ മാനേജരുടെ വായിലിരിക്കുന്ന ചീത്തവിളി മുഴുവനും, വള്ളി പുള്ളി വിടാതെ കേള്‍ക്കുകയും വേണം എന്ന ഒരേ ഒരു കാരണത്താല്‍ രാവിലെ 8.20 ന്റെ ബസ്സ് പിടിക്കുന്നതില്‍ ഞങ്ങള്‍ വിട്ടു വീഴ്ച ഒരിക്കലും വരുത്തിയിരുന്നില്ല.

വൈകീട്ട് വീട്ടില്‍ വന്നാല്‍, അവനവന്റെ ഊഴമനുസരിച്ച്, കുക്കിങ്ങ് ചെയ്യണം, ഒരു ദിവസം ഡൊമിനിയെങ്കില്‍, പിറ്റേ ദിവസം ഞാന്‍, പിന്നെ ഡൊമിനി. ഇതിനിടയില്‍ തോറ്റവണ്‍ കുക്ക് ചെയ്യണം എന്ന വ്യവസ്ഥയില്‍ മൂന്നോ, നാലോ റൌണ്ട് ശീട്ട് കളിച്ചിട്ടുണ്ടെങ്കില്‍, രണ്ടും മൂന്നും ദിവസം അടുപ്പിച്ച് ഞാന്‍ തന്നെ പാചകം ചെയ്യേണ്ടി വരും. ശീട്ടുകളിയില്‍ ഞാന്‍ അത്രക്ക് എക്സ്പര്‍ട്ടാ. അങ്ങിനെ അടുപ്പിച്ച് രണ്ടും, മൂന്നും ദിവസം കുക്കു ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍, മാനസിക സംഘര്‍ഷവും, അപകര്‍ഷതാ ബോധവും മൂലം, എണ്ണക്ക് പകരം ഡൊമിനിയുടെ ചപ്പാത്തിയില്‍ മണ്ണെണ്ണ പുരട്ടിയാലോന്നു പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് എന്നുള്ളത് മണ്ണെണ്ണ പോലെ തന്നെ മണമുള്ള സത്യം. പിന്നെ എന്റെ ശരീര ബലവും, അവന്റെ ശരീര ബലവും തമ്മില്‍ തുലനം ചെയ്യുമ്പോള്‍ അത്തരം പിശാചിന്റെ വിളികള്‍ക്ക് കാതുകൊടുക്കാതെ ഞാന്‍ ഒഴിഞ്ഞു മാറുകയാണ് പതിവ്.

കുക്കിങ്ങ് കഴിഞ്ഞ്, കരണ്ടി, പിഞ്ഞാണങ്ങള്‍, ചെമ്പുകള്‍, ചെരുവങ്ങള്‍ ചുരണ്ടി വൃത്തിയാക്കി, കഴുകി തുടച്ച് വച്ച് കഴിഞ്ഞാല്‍ അന്നത്തെ പണി തീര്‍ന്നു. അത്താഴം കഴിഞ്ഞാല്‍ എത്രയും പെട്ടെന്നുറങ്ങുക എന്നതാണ് ഡൊമിനിക്കു ശീലമെങ്കില്‍, എത്രയും വൈകി ഉറങ്ങാമോ അത്രയും വൈകിയേ ഞാന്‍ ഉറങ്ങാറുള്ളൂ. മറിച്ച് ഡൊമിനി, കൊച്ചുവെളുപ്പാന്‍ കാലത്ത് തന്നെ ഉണരും (വേണമെന്ന് കരുതിയിട്ടല്ല, ഉറക്കം കുറഞ്ഞ ജനുസ്സില്‍ പെട്ടതാ അവന്‍), ഞാനാണെങ്കില്‍ പരമാവധി വൈകി ഡൊമിനി, എഴുന്നേല്‍ക്കടാന്നു പറഞ്ഞ് വിളിച്ചാലും, തിരിഞ്ഞും, മറിഞ്ഞും അഞ്ച് പത്ത് മിനിറ്റ് കൂടി കിടന്ന്, എഴുന്നേറ്റ് കുളിച്ച് തയ്യാറാവാന്‍ വേണ്ട കൃത്യം സമയം അവശേഷിക്കുമ്പോള്‍ എഴുന്നേല്‍ക്കും. പിന്നെ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്തതുപോലെ പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ചതിനുശേഷം, ബസ്സ് സ്റ്റോപ്പിലേക്ക് പായും.

ബസ്സ് സ്റ്റോപ്പിലേക്കുള്ള എന്റെ ഓടിവരവ് കാണുമ്പോള്‍ ചിരിക്കുന്ന ചില യുവതികളുടെ കൂട്ടത്തില്‍ ഡൊമിനിയും ചിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് കലിയിളകും, പക്ഷെ കായിക ബലം ആര്‍ക്ക് എന്ന ചോദ്യം സ്വയം ചോദിക്കുമ്പോള്‍, ഇളകിയ കലി അതേ സ്പീഡില്‍ മുറുകും. എന്തൊക്കെയായാലും ബസ്സ് മിസ്സാകാറില്ല എന്നതിനാല്‍ തന്നെ മാനേജരുടെ വായിലിരിക്കുന്നത് പുറത്തേക്കധികം തെറിക്കാത്തതിനാല്‍, ശരീരത്തില്‍ കാര്യമായ തോതില്‍ പറ്റാറുമില്ല.

ചൂടുകാലം കഴിഞ്ഞു തണുപ്പു കാലം വന്നതോടുകൂടി കാലാവസ്ഥ പോലെ തന്നെ ഞങ്ങളുടേം ദിനചര്യകളൊക്കെ മാറി. വൈകുന്നേരം പാചകമെല്ലാം കഴിഞ്ഞതിനുശേഷം, മൂന്ന് ത്രിഗുണനു പിന്നാലേയാണ് അത്താഴം പതിവ്. അതിനാല്‍ തന്നെ റെജായിക്കടിയില്‍ പുതച്ച് മൂടി കിടന്നുറങ്ങിയാല്‍, രാവിലെ ആയാലും, എനിക്ക് എഴുന്നേല്‍ക്കാനേ തോന്നുകയില്ല. എങ്കിലും മാനേജരുടെ മുഖം മനതാരില്‍ തെളിയുമ്പോള്‍, ആമയുടെ തല തോടില്‍ നിന്നും വെളിയിലേക്ക് വരുന്നത് പോലെ, റെജായിക്കടിയില്‍ നിന്നും, മൊത്തം ശരീരം വെളിയിലേക്ക് വരും. ചൂടാകാലമായാലും, തണുപ്പുകാലമായാലും, ഡൊമിനി കിടക്കുന്നതും, എഴുന്നേല്‍ക്കുന്നതും ഒരേ സമയത്ത് തന്നെ.

ഞായറാഴ്ച രാത്രി അത്താഴത്തിനു മുന്‍പ്, പതിവുപോലെ ത്രിഗുണന സേവാ സമയത്ത്, അളവിനെ ചൊല്ലി ഞങ്ങള്‍ ചെറുതായി തര്‍ക്കിച്ചതിന്റെ പരിണിതഫലമായ ഈര്‍ഷ്യ ഉള്ളില്‍ ഉള്ളതിനാല്‍ തിങ്കളാഴ്ച രാവിലെ പതിവു സമയത്ത് എന്നെ ഉണര്‍ത്തുന്നതിനു പകരം അവന്‍ കട്ടന്‍ കാപ്പിയിട്ട് തന്നെ കുടിച്ചു. തലേന്നത്തെ വാശി.

പക്ഷെ ഞാന്‍ തലേന്ന് രാത്രി ഉണ്ടാക്കി വച്ച വായിലിട്ടാല്‍ അലിയുന്ന ആറു ചപ്പാത്തി വച്ച പാത്രവും, കോളിഫ്ലവറും, ഉരുളകിഴങ്ങും, സബോളയും ചേര്‍ത്ത് വഴറ്റി വഴറ്റി എന്റെ കൈപ്പുണ്ണ്യം നിറഞ്ഞ കറിയും നിറച്ച പാത്രവും എടുത്ത് ബാഗില്‍ വച്ച്, മുറിയില്‍ നിന്നിറങ്ങാന്‍ നേരം എന്റെ റെജായി വലിച്ചു നീക്കിയിട്ട് ഒരു വിളീ....

പൂയ്, കുറുമാനെ, മണി എട്ടേ അഞ്ച്. എഴുന്നേറ്റോ, ഞാന്‍ നിന്നെ ഏഴരക്ക് വിളിക്കുമ്പോള്‍, അല്പം കൂടെ ഉറങ്ങട്ടെ, അല്പം കൂടെ ഉറങ്ങട്ടെ, ഡോണ്ട് ഡിസ്റ്റര്‍ബ് മി എന്നൊക്കെയല്ലെ പറയാറ്. ഇന്നലെ ഒരു പെഗ് അധികം അടിക്കട്ടേന്നു ചോദിച്ചപ്പോ, പള്ളീല്‍ പോയി പറയാന്‍ അല്ലെ?

നീ ഇന്ന് അനുഭവിക്ക്. ബസ്സെന്തായാലും കിട്ടുകയില്ല, പകരം മാനേജരുടെ ചീത്ത കിട്ടുകേം ചെയ്യും....

പൂയ്....ഞാന്‍ ഹാപ്പി.....

അപ്പി ഹിപ്പി ഹാപ്പി, അപ്പി ഹിപ്പി ഹാപ്പി എന്നു പറഞ്ഞ് റൂമിന്റെ വാതില്‍ ചാരി അവന്‍ അവന്റെ പാട്ടിനു സമയത്തിനു ഓഫീല്‍ എത്തണം എന്ന അര്‍പ്പണ മനോഭാവത്തോടെ പോയി.

ദൈവമേ, ഒരു നിമിഷം, ദൈവത്തിന്റെ മുഖം എന്റെ മനസ്സിന്റെ ഉള്ളില്‍ പതിയുന്നതിന്നു പകരം, ചീത്ത പറയുമ്പോള്‍ തുപ്പലം തെറിക്കുന്ന കാരണം, അദ്ദേഹവുമായി സംസാരിക്കുമ്പോള്‍, മഴ കാലം അല്ലാഞ്ഞിട്ടുകൂടി, കാലന്‍ കുട നിവര്‍ത്തി പരിച പോലെ പിടിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുന്ന മാനേജരുടെ മുഖം എന്റെ മുന്നില്‍ തെളിഞ്ഞു.

പിന്നെ ഒക്കെ യാന്ത്രികമായിരുന്നു. എഴുന്നേറ്റ് ബാത്രൂമിലേക്കോടി, പോകുന്ന വഴിയില്‍ തോര്‍ത്തുമുണ്ടെടുക്കാന്‍ മറന്നില്ല. ടൂത്ത് പേസ്റ്റിന്റെ അടപ്പൂരാതെ തന്നെ ബ്രഷില്‍ ഒന്നു കുത്തി, വായില്‍ ഒന്നു തൊട്ടു, ക്ലോസറ്റിലോട്ടിരുന്നു, ഫ്ലഷ് ചെയ്തെഴുന്നേറ്റു, തോര്‍ത്ത് മുണ്ട് നനച്ച് പിഴിഞ്ഞ് റൂമിലേക്കോടിയെത്തി, ഉടുത്ത തുണി ഉരിഞ്ഞെറിഞ്ഞു, ശരീരത്താകെ, നനഞ്ഞ തോര്‍ത്തുമുണ്ടിനാല്‍ ഇസ്ത്തിരിയിട്ടു, തേച്ച് വച്ചിരിക്കുന്ന ഷര്‍ട്ടും, പാന്റും എടുത്തണിഞ്ഞു. എന്റെ സ്പ്രേ കുപ്പി എടുത്തു. അത് പണ്ടേ കഴിഞ്ഞതായിരുന്നു എന്നറിയാം. എന്നാലും കുറ്റബോധം തോന്നരുതല്ലോ. ഡൊമിനിയുടെ സ്പ്രേ കുപ്പി എടുത്ത് അടി തൊട്ട് മുടിയോളം ചാമ്പിച്ചു. ഇല്ല ഇനിയും ബാക്കിയുണ്ട്. അവന്‍ അറിയാന്‍ വഴിയില്ല എന്ന് മനസ്സില്‍ പറഞ്ഞുറപ്പിച്ചു. പാക്ക് ചെയ്ത് വച്ചിരിക്കുന്ന ലഞ്ച് ബോക്സുകള്‍ എടുത്ത് ബാഗില്‍ വച്ച്, മുറി പൂട്ടി ഭദ്രമാക്കി (ആരും ഒന്നും കട്ട് കൊണ്ടു പോകും എന്ന് കരുതിയല്ല, ബാക്കിയുള്ള മല്ലിപൊടി, മുളകുപൊടി, പച്ചമുളകുള്ളി, മസാലകളും, പച്ചരിയും, വല്ല പൂച്ചയും, പട്ടിയും വന്ന് തിന്നണ്ടാ എന്ന് കരുതി മാത്രം) ശ്വാസം ഒന്നാച്ചുപിടിച്ച്, കുട്ടികാലത്ത് കള്ളനും പോലീസും കളിക്കുമ്പോള്‍, കള്ളനാകുന്ന സമയത്ത് പോലീസ് ഓടിക്കുമ്പോള്‍ ഓടുന്നതു പോലെ, ഫുള്‍ സ്റ്റാമിനയില്‍ ബസ്സ് സ്റ്റോപ്പിലേക്ക് ഓടി.

ബസ്സ് സ്റ്റോപ്പെത്തുമ്പോഴേക്കും, നീങ്ങാന്‍ തുടങ്ങിയ ബസ്സില്‍ ചാടി കയറി. ഫുട് ബോര്‍ഡില്‍ നിന്നു തന്നെ ശവതാളത്തിലായിരുന്ന ശ്വസനത്തിന്റെ താളം ജീവതാളത്തിലേക്കെത്തിച്ചു. കയറിയതും ഇടതു വശത്തെ സീറ്റില്‍ കുറ്റിയടിച്ചിരിക്കുന്ന കണ്ടക്ടറുടെ കയ്യില്‍ നിന്നും ഒരു രൂപയുടെ ടിക്കറ്റ് കരസ്ഥമാക്കി.

പത്തു മുപ്പത്താറു സ്റ്റോപ്പുള്ള ബസ്സില്‍, ഞങ്ങളുടേ സ്റ്റോപ്പില്‍ നിന്നും കയറിയാല്‍ ഓഫീസിലേക്കുള്ള സ്റ്റോപ്പിനു മുന്‍പിലെ സ്റ്റോപ്പിലേക്ക് ഒരു രൂപയും, ഓഫീസിന്റെ സ്റ്റോപ്പ് മുതല്‍ രണ്ട് രൂപയും ആണ്. അതിനാല്‍ ഒരു സ്റ്റോപ്പ് മുന്‍പേ ഇറങ്ങി നടക്കുകയാണ് പതിവ്. പൈസയില്ലാഞ്ഞിട്ടല്ല, ആരോഗ്യം ശ്രദ്ധിക്കണ്ടേ, അതിനാല്‍ ഒരു വ്യായാമം ചെയ്യാനായി മാത്രം!

ടിക്കറ്റെടുത്ത് തണുപ്പത്തും, വിയര്‍ത്തു കുളിച്ച് കിതച്ച് നില്‍ക്കുന്ന എന്റെ മുഖത്തേക്ക് നോക്കി ഡൊമിനി പുച്ഛ ഭാവത്തില്‍ ഒരു ചിരി ചിരിച്ചു. നിനക്കിതൊന്നുമല്ലടാ, ഞാന്‍ വച്ചിരിക്കുന്നത്. ഇനി മുതല്‍ എന്റെ ജീവിതം തന്നെ നിനക്ക് പാര പണിയാനാണെന്ന ഭാവം അവന്റെ മുഖത്ത് വ്യക്തമായി നിഴലിച്ചിരുന്നത്, ആ കിതപ്പിന്നിടയിലും ഞാന്‍ തന്ത്ര പൂര്‍വ്വം മനസ്സിലാക്കി (ഞാനാരു തന്ത്രിയാ?).

അവനെങ്ങിനെ ഒരു പണി കൊടുക്കും എന്നു മാത്രമായി അന്നേരം മുതല്‍ എന്റെ ചിന്ത!

ബസ്സില്‍ കാര്യമായ തിരക്കില്ലെങ്കിലും, അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു. കയറി നാലഞ്ച് സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ അവന്‍ നിന്നിരുന്ന സീറ്റില്‍ നിന്നും ഒരു സ്ത്രീ എഴുന്നേറ്റു, ഇറങ്ങി. അവന്‍ ആ സീറ്റില്‍ ഇരുന്നു. ഒരു ഔദാര്യം പോലെ, ബാഗ് താടാ ഞാന്‍ പിടിക്കാം എന്നുള്ള ഒരു മണിയടിയും അവന്‍ നടത്തി.

ഓഹ് പിന്നെ, ഇത്രയും ദൂരം ഇത് ചുമന്ന് ഓടാമെങ്കില്‍, ഓടുന്ന ബസ്സില്‍ വെറുതെ നില്‍ക്കുമ്പോള്‍ ഇത് പിടിക്കാനും എനിക്കറിയാം എന്ന് പറഞ്ഞ് ഞാന്‍ അവനെ നിരുത്സാഹപെടുത്തി.

തണുപ്പുകാലമല്ലെ, ജനലിന്റെ ഇടയിലൂടെ നല്ല തണുപ്പ് കാറ്റ് വരുന്നുണ്ടായിരുന്നു. എന്റെ വിയര്‍പ്പെല്ലാം വലിഞ്ഞു. ഒന്നു റിഫ്രഷ് ചെയ്തതുപോലായി. ഇറങ്ങേണ്ട സ്റ്റോപ്പെത്താന്‍ വെറും ഒരു സ്റ്റോപ്പ് കൂടി മാത്രം. ഡൊമിനി ഇരിക്കുന്ന സീറ്റിലേക്ക് നോക്കിയ എന്റെ മുഖം മത്താപ്പൂ കത്തിയപോലെ പ്രകാശിച്ചത് മറ്റുള്ളവര്‍ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല, പക്ഷെ പ്രകാശിച്ചു എന്നെനിക്കറിയാം, കാരണം മറ്റൊന്നുമല്ല, തൊട്ടടുത്തിരിക്കുന്ന ഹിഡുംബിയേ പോലുള്ള ഒരമ്മായിയുടെ ചുമലില്‍ ചാരി, ബാഗ് മാറോടടുക്കി പിടിച്ച് ഡൊമിനി നല്ല ഉറക്കം.

അവനെ വിളിക്കണോ? എന്റെ മനസ്സ് എന്നോട് വെറുതെ ചോദിച്ചു.

ഒന്നു പോ മനസ്സേ, നിന്നെ ഈ ജാതി ഓടിച്ചിട്ട്, ഇപ്പോ ഒരു സഹതാപം. ഇതു തന്നെയല്ലെ, നിനക്ക് രാവിലെ അവന്‍ ചതിച്ചതിനു പകരം വീട്ടാന്‍ കിട്ടിയ അവസരം?

എനിക്കൊന്ന് പൊട്ടി ചിരിക്കണം എന്ന് തോന്നി, പക്ഷെ ചിരിച്ചില്ല, കാരണം, ഞാന്‍ ചിരിച്ചാല്‍, ഡൊമിനിയെങ്ങാനും ഉണര്‍ന്നാലോ?

പതിവായി ഇറങ്ങുന്ന ബസ്സ് സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങി, അപ്പോഴും മനസ്സില്‍ ഒരേ ഒരു പ്രാര്‍ത്ഥന മാത്രം, ദൈവമേ, അടുത്ത് സ്റ്റോപ്പിലൊന്നും അവന്‍ ഇറങ്ങരുതേ. ബസ്സിന്റെ അവസാന സ്റ്റോപ്പായ റെഡ് ഫോര്‍ട്ട് വരേയെങ്കിലും അവനെ ഉറക്ക ദേവത അനുഗ്രഹിക്കണമേ എന്ന്.

ഒമ്പത് മണിക്ക് ഓഫീസിലെത്തിയ ഞാന്‍ മാനേജരോട് ഗുഡ് മോര്‍ണിങ്ങ് പറഞ്ഞപ്പോള്‍, തിരിച്ചു അയാള്‍ ചോദിച്ചത്, ഡൊമിനി കഹാം ഹേ എന്നായിരുന്നു.

മാലൂം നഹി. അവന്‍ ഇന്നലെ വീട്ടില്‍ വന്നില്ല എന്നു ഞാന്‍ നിര്‍ദോഷമായ ഒരു കള്ളം പറഞ്ഞു.

മണി പത്തായി, പത്തരയായി, പതിനൊന്നായി, പതിനൊന്നരയായി, ഇല്ല ഡൊമിനി ഓഫീസില്‍ വന്നില്ല. എനിക്ക് ചെറുതായി വിഷമം തോന്നാന്‍ തുടങ്ങി. എന്തേ ഇത്ര വൈകുന്നു? അവസാന സ്റ്റോപ്പില്‍ ഇറങ്ങി ഇങ്ങോട്ട് തിരിച്ചു വരുന്ന ബസ്സ് പിടിച്ചാലും വരാനുള്ള സമയമായി. ദൈവമേ, ഇനിയെന്തെങ്കിലും ആപത്ത്?

ചിന്തിച്ചധികം വിഷമിക്കേണ്ടി വന്നില്ല, വിയര്‍പ്പില്‍ മുക്കിയെടുത്ത പോലെ ബാഗും പിടിച്ച് വാടി തളര്‍ന്ന് ഡൊമിനി വരുന്നത് ഞാന്‍ കണ്ടു.

അവന്റെ രൂപവും, ഭാവവും, കണ്ടിട്ടോ, എന്തോ മാനേജര്‍ അവനോട് സൌമ്യമായി ചോദിച്ചു. ക്യാ ഹുവാ ഡൊമിനി?

ഒന്നുമില്ല സര്‍. ബസ്സില്‍ ഉറങ്ങി പോയതിനാല്‍ ഓഫീന്റെ സ്റ്റോപ്പില്‍ ഇറങ്ങാന്‍ പറ്റിയില്ല, അഞ്ചെട്ട് സ്റ്റോപ്പിനപ്പുറം ധരിയാഗഞ്ചെത്തിയപ്പോള്‍, ടിക്കറ്റ് എക്സാമിനര്‍ കയറി, എന്റെ കയ്യിലാണെങ്കില്‍ ഒരു രൂപയുടെ ടിക്കറ്റും. അവിടെ എന്നെ പിടിച്ചിറക്കി, അമ്പത് രൂപ ഫൈന്‍ അടപ്പിച്ച്, പറഞ്ഞ് വിട്ടപ്പോ ഒരു സമയമായി, അതാ ലേറ്റായത്. അവന്റെ മുഖഭാവം അപ്പോള്‍ വളരെ ദൈന്യതയേറിയതായിരുന്നു.

ചിരിയമര്‍ത്തിപിടിച്ച്, ഒളിക്കണ്ണിട്ട് ഡൊമിനിയെ നോക്കികൊണ്ട്, എന്റെ ഫാസിറ്റ് ടൈപ്പ് റൈറ്ററില്‍ ഞാന്‍ അപ്പോഴും ഇന്‍വോയ്സ് ടൈപ്പ് ചെയ്തുകൊണ്ടേയിരുന്നു.

Sunday, June 24, 2007

ഡ്രൈവിങ്ങ് ടെസ്റ്റ്

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലെ ഡിസംബര്‍ മാസം. മരംകോച്ചുന്ന തണുപ്പാണ് ഡെല്‍ഹിയില്‍ നവംബര്‍, ഡിസംബര്‍, ജനുവരി കാലങ്ങളില്‍. അന്നെനിക്ക് പ്രായം മധുര പതിനേഴ് കഴിഞ്ഞിരിക്കുന്നു. എന്നാലൊട്ട് പതിനെട്ടെത്തിയിട്ടുമില്ല.

ഡെല്‍ഹിയിലെ ഈസ്റ്റ് ഓഫ് കൈലാഷിലുള്ള ഒരു ഫ്രൈറ്റ് ഫോര്‍വാര്‍ഡിങ്ങ് കമ്പനിയില്‍ ഡോക്യുമെന്റേഷന്‍ അസ്സിസ്റ്റന്റായി ജോലിക്ക് കയറിയിട്ടും അധികം മാസങ്ങളായിട്ടില്ല. എന്റെ കസിന്‍ സിസ്റ്ററുടെ കണവന്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ അളിയന്‍ ഗോപി ചേട്ടന്റെ റെക്കമെന്‍ഡേഷനോട് കൂടിയാണ് അവിടെ കയറിപറ്റിയത് തന്നെ. ഗോപി ചേട്ടന്റെ കൂട്ടുകാര്‍ നാലു പേര്‍ ചേര്‍ന്ന് നടത്തുന്ന സ്ഥാപനമായതിനാലോ, ഗോപി ചേട്ടന്‍ റെക്കമെന്റ് ചെയ്തതിനാലോ മാത്രമല്ല അവിടെ എനിക്ക് ജോലി കിട്ടിയത്. മറിച്ച് എന്റെ ചുറുചുറുക്കും, ടൈപ്പിങ്ങിലുള്ള അസാധാരണമായ വേഗതയും എന്നെ ആ സ്ഥാപനത്തില്‍ ബാലവേല ചെയ്യുവാന്‍ തിരഞ്ഞെടുക്കാനുള്ള ഒരു കാരണമായി തീര്‍ന്നു.

ഞാന്‍ താമസിക്കുന്നത് ഗോപി ചേട്ടന്റെ കൂടെ നോയിഡയില്‍ ആണു. ഗോപിചേട്ടന്‍, ചേച്ചി, രണ്ട് മക്കള്‍, ഞാന്‍ ഇത്രയും ആയാല്‍ സന്തുഷ്ട കുടുംബമായി. ആയിടക്കാണ് ഗോപിച്ചേട്ടന്‍ പുതിയ ഒരു മാരുതി കാറ് വാങ്ങിക്കുന്നത്. കാര്‍ വാങ്ങിയതുമുതല്‍ രാവിലേയും, വൈകുന്നേരവും എന്നെ പിക്കുന്നതും, ഡ്രോപ്പുന്നതും ഗോപിചേട്ടന്‍ സ്വമനസ്സാലെ ഏറ്റെടുത്തു. വൈകുന്നേരം പിക്കാന്‍ വരുമ്പോള്‍, സമയം 8 മണിയോടടുക്കും. പിന്നെ ഗോപിചേട്ടനും, ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഡയറക്ടര്‍മാര്‍ നാലുപേരും ചേര്‍ന്ന് ഒന്നൊന്നര കുപ്പി കാലിയാക്കിയതിനു ശേഷം ഒരു ഒമ്പതുമണിയോട് കൂടി വീട്ടിലേക്ക് തിരിക്കുകയാണു പതിവ്. ഇത്രയും സമയം ഞാന്‍ വെറുതെ ഓഫീസിലോ, അല്ലെങ്കില്‍ കാറിലോ ഇരുന്ന് സമയം കളയും. തണുപ്പകാലമല്ലെ, ചില്ലൊക്കെ കയറ്റി കാറില്‍ ഇരുന്ന് പാട്ടുകേള്‍ക്കുന്നത് ഒരു രസം തന്നെ. ചെറിയ ചൂടും കിട്ടും.

കാര്‍ വാങ്ങിയതു മുതല്‍, ഞായറാഴ്ച തോറും രാവിലെ, സ്വന്തം ശരീരം കുളിപ്പിച്ചെടുക്കുന്നതിനു മുന്‍പ്, ഞാനും ഗോപിചേട്ടനും കൂടി, നമ്മുടെ മാരുതിയെ കുളിപ്പിച്ചെടുക്കുന്ന ഒരു ശീലം തുടങ്ങി വച്ചതിനാല്‍, ഞായറാഴ്ച രാവിലെ, ബക്കറ്റ്, സോപ്പ്, പൈപ്പ്, കപ്പ്, തുണി, വെള്ളം മുതലായ കാര്‍ വാഷിങ്ങിനാവശ്യമായ ചേരുവകള്‍ ഒരുക്കൂട്ടുന്നത് എന്റെ ഡ്യൂട്ടിയുടെ ഭാഗമായി വന്നു.

സാധനങ്ങള്‍ ഒരുക്കി വച്ച്, ഗോപി ചേട്ടന്‍ വരുന്നത് വരെ, ഡ്രൈവിങ്ങ് സീറ്റില്‍ ഇരുന്ന്, ഗിയര്‍ മാറ്റിയും, സ്റ്റീയറിങ്ങ് വീല്‍ വെറുതെ തിരിച്ചും, വളച്ചും, ക്ലച്ചിലും ബ്രേക്കിലും കാല്‍ മാറ്റി മാറ്റി ചവിട്ടിയും, വിര്‍ച്ച്വല്‍ ഡ്രൈവിങ്ങ് നടത്തുന്ന ഒരു “ഡ്രൈവോ മാനിയ“ എന്ന മാരകമായ അസുഖം എന്നെ പിടികൂടിയത് ആയിടക്കാണ്.

ഡ്രൈവോ മാനിയ എന്ന അസുഖം പിടിപെട്ടാല്‍, ഡ്രൈവിങ്ങറിയാത്തവനും ഡ്രൈവ് ചെയ്യാന്‍ തോന്നും. ആരംഭത്തില്‍ തന്നെ ഡ്രൈവിങ്ങ് പഠിക്കുകയാണ് ഇതിനെ മറിക്കടക്കാനുള്ള ഏറ്റവും നല്ല ഉപാധി. അല്ലെങ്കില്‍ രോഗം വഷളാവും.

ഡ്രൈവിങ്ങ് പഠിക്കാന്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയാവാത്തതിനാല്‍, ഡ്രൈവോ മാനിയ പിടിച്ച എനിക്ക് ആ അസുഖത്തിന്റെ കരാള ഹസ്തങ്ങളിലേക്ക് വഴുതി വീഴാതെ നോക്കേണ്ടത് എന്റെ ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായിരുന്നു. എന്നിട്ടും, അന്നത് സംഭവിച്ചു.

ഒരു ശനിയാഴ്ച ദിവസം, എട്ടു മണിക്ക് ഗോപിചേട്ടന്‍ എന്റെ ഓഫീസിലേക്ക് വരുകയും, പതിവുപോലെ ഡയറക്ടേഴ്സുമൊത്ത് സ്മാള്‍ അടി തുടങ്ങുകയും ചെയ്തു. ഓഫീസില്‍ ഓഫീസ് ബോയിയും, ഞാനും മാത്രം. എട്ടരകഴിഞ്ഞു, എട്ടേ മുക്കാല്‍ കഴിഞ്ഞു, ഗോപിചേട്ടന്‍ ഓഫീസ് ബോയെ വിളിച്ച് മറ്റൊരു ഫൂള്‍ കൂടി വാങ്ങിവരുവാന്‍ ഏല്‍പ്പിച്ചു. ആ സമയത്താണ് ബോറടിച്ചിരിക്കുന്ന എന്നെ കാണുന്നതും, ഡാ ഇന്ന് വീക്കെന്റല്ലെ, അതാ ഒരെണ്ണം കൂടി വാങ്ങിപ്പിക്കുന്നത്. വീട്ടില്‍ പോയിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനുമില്ല. നിനക്ക് ബോറഡിക്കുന്നുണ്ടെങ്കില്‍ നീ പോയി വണ്ടിയിലിരുന്ന് വല്ല പാട്ടും കേട്ടോ എന്നും പറഞ്ഞ് വണ്ടിയുടെ ചാവി എനിക്ക് നല്‍കി.

വണ്ടിയില്‍ പോയി പാട്ടുകേട്ടിരിക്കുന്നത് തന്നെ നല്ലത് എന്നോര്‍ത്ത് കൊണ്ട് ഞാന്‍ മെല്ലെ സ്ഥലം കാലിയാക്കുകയും, വണ്ടി പാര്‍ക്കു ചെയ്തിരിക്കുന്ന സ്ഥലത്ത് ചെന്ന് മുന്നിലെ പാസഞ്ചര്‍ സീറ്റില്‍ ഇരുന്ന് ചാവിയിട്ട് തിരിച്ച് പാട്ട് കേള്‍ക്കാന്‍ തുടങ്ങി.

സമയം പിന്നേയും കൊഴിഞ്ഞു വീണു. ഒമ്പത് കഴിഞ്ഞു, ഒമ്പതരയായി. ഗോപിചേട്ടനെയാണെങ്കില്‍ കാണുന്നുമില്ല.കേട്ട് കഴിഞ്ഞ പാട്ട് വീണ്ടും പാടാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ബോറഡിക്കാന്‍ തുടങ്ങി.

വെറുതെ ഇരിക്കുന്ന മനസ്സ് ചെകുത്താന്റെ പണിപ്പുര എന്ന് പറഞ്ഞവനെ കണ്ടിരുന്നെങ്കില്‍ കെട്ടിപിടിച്ചൊന്നു കൊടുക്കാമായിരുന്നു കരണക്കുറ്റിക്ക് നോക്കി. പാസഞ്ചര്‍ സീറ്റില്‍ നിന്നും ഇറങ്ങിയ ഞാന്‍ ഡ്രൈവിങ്ങ് സീറ്റില്‍ ഇരിക്കുകയും, വണ്ടി ഓണാക്കാതെ തന്നെ. ഗിയറിലും, ക്ലച്ചിലും, ബ്രേക്കിലുമെല്ലാം യഥേഷ്ടം പോലെ പെരുമാറാന്‍ തുടങ്ങി. പത്തു മിനിറ്റ് നേരത്തെ ബ്രേക്ക്, ആക്സിലേറ്റര്‍,ഗിയര്‍ തുടങ്ങിയ സാധന സാമഗ്രികളിന്മേലുള്ള കളിക്കവസാനം, ഡ്രൈവോ മാനിയ എന്ന അസുഖം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുകയും വെറുതെ ഇരിക്കുന്ന മനസ്സായതു കാരണം ചെകുത്താന്‍ എന്റെ ശരീരത്തിലേക്കാവഹിക്കപെട്ടതിന്റെ പരിണിതഫലമായി ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

വണ്ടി സ്റ്റാര്‍ട്ടായപ്പോള്‍, ഒരു പൂതി, ഒന്നു മുന്നോട്ട് ഓടിച്ചാലെന്താ? അല്ലേലും ഞാന്‍ കഴുകി തുടപ്പിച്ചെടുക്കുന്ന കാറല്ലെ? എന്നെ ചതിക്കുമോ?

ഇല്ല ചതിക്കാന്‍ വഴിയില്ല.

മനസ്സ് ഒരു നിമിഷം ഏകാഗ്രമാക്കി, വണ്ടി ഫസ്റ്റ് ഗിയറിലിട്ടു. ക്ലച്ചില്‍ നിന്നും കാലെടുത്തതും, വണ്ടി ഒന്നു ചാടി, പിന്നെ ഓഫായി.

അതു ശരി, അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ?

ഞാന്‍ വീണ്ടും വണ്ടി സ്റ്റാര്‍ട്ട് ചെയ്തു, ഫസ്റ്റ് ഗിയറില്‍ ഇട്ടു, വീണ്ടും ക്ലച്ചില്‍ നിന്നും കാലെടുത്തു. കാര്‍ ഒന്നു മുരണ്ട് കൊണ്ട് വീണ്ടും ഓഫായി.

അന്നു ദേവാസുരം ഇറങ്ങാത്ത കാരണം, വാശിയും വീറും വന്നാല്‍ പിന്നെ കുറുമാനു കണ്ണുകാണില്ല എന്ന ഡയലോഗിനു പകരം വേറെ എന്തോ ഞാന്‍ പറഞ്ഞു എന്നാണെന്റെ ഓര്‍മ്മ. അതിനിവിടെ പ്രസക്തിയില്ലല്ലോ, അതിനാല്‍ തന്നെ വണ്ടി ഞാന്‍ മൂന്നാമതും സ്റ്റാര്‍ട്ട് ചെയ്തു.

ക്ലച്ചില്‍ നിന്നും കാലെടുത്തു, വണ്ടി ഒരു മൂന്നാലു മീറ്റര്‍ പോയപ്പോള്‍ ഗിയര്‍ മാറ്റാനുള്ള ഒരു ശ്രമത്തിനിടയില്‍ വണ്ടി വീണ്ടും ഓഫായി.

സംഭവം നല്ല രസം തന്നെ. രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ കാര്യം. ഞാന്‍ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു. തണുവുകാലമല്ലെ? സമയം ഒമ്പതര കഴിഞ്ഞിരിക്കുന്നു. റോഡെല്ലാം ഒരു വിധം കാലി.

നാലാമതും വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ക്ലച്ചില്‍ നിന്നും കാലെടുത്ത്, ആക്സിലേറ്ററില്‍ ചെറുതായി അമര്‍ത്തി. കാര്‍ മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. അനുഭവം ഗുരു.കഴിഞ്ഞ തവണ ഗിയര്‍മാറ്റാന്‍ പോയതിനാലാണല്ലോ,വണ്ടി ഓഫ് ആയത്, ആയതിനാല്‍ ഗിയര്‍ മാറ്റണ്ട എന്നു തന്നെ ഞാന്‍ തീരുമാനിച്ചു. നേരേയുള്ള റോഡിലൂടെ കാര്‍ അധികം വേഗതയില്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. ഒരു അരമുക്കാല്‍ കിലോമീറ്ററോളം ദൂരം പോയികാണും. ചെറിയ ഒരു പേടി തോന്നാന്‍ തുടങ്ങി. ഇനി വണ്ടി എങ്ങിനെ തിരികെ കൊണ്ട് വരും. നേരെയുള്ള റോഡായതിനാല്‍ വണ്ടി വലിയ പ്രശ്നമില്ലാതെ ഫസ്റ്റ് ഗിയറില്‍ പോയി. ഇനി യു ടേണ്‍ എടുത്ത് തിരികെ കൊണ്ടു വരണമല്ലോ ദൈവമേ. മുന്നിലുള്ള യു ടേണില്‍ വണ്ടി വളക്കാന്‍ പാകത്തിനു നിറുത്തി. റോഡിലൊന്നും ആരുമില്ലാത്തത് ഭാഗ്യം തന്നെ.

യൂ ടേണ്‍ എങ്ങിനെ വളക്കണമെന്ന് ഡ്രൈവിങ്ങ് പഠിച്ചവര്‍ക്കല്ലേ അറിയൂ. അപ്പോ ഡ്രൈവിങ്ങ് പഠിക്കാത്തവനു അവനവന്റെ ഐഡിയക്കനുസരിച്ച് വളക്കാം അത്ര തന്നെ.

വണ്ടിയുടെ സ്റ്റീയറിങ്ങ് ഞാന്‍ മൊത്തം വളച്ചു പിടിച്ചു. വണ്ടി ഫസ്റ്റ് ഗിയറില്‍ ഇട്ടു, ക്ലച്ച് വിട്ടതിനൊപ്പം തന്നെ ആക്സിലേറ്ററിലും കാലാഞ്ഞമര്‍ത്തി.

വണ്ടി ഉലയുന്നതും, ചാടുന്നതും വ്യക്തമായി ഞാന്‍ ഓര്‍ക്കുന്നു, അതിന്റെ തൊട്ടു പിന്നിലായി വണ്ടി എവിടേയോ ഇടിച്ചു നിന്നതും ഓര്‍മ്മയുണ്ട്. കണ്ണു തുറന്നപ്പോള്‍ ഒന്നും കാണുന്നില്ല. മൊത്തം ഇരുട്ട്. വണ്ടി ഏതോ മണല്‍ക്കൂമ്പാരത്തില്‍ ഇടിച്ച് കയറി നിന്നിരിക്കുകയാണ്. ഹൃദയം പെരുമ്പറകൊട്ടാന്‍ തുടങ്ങി. എന്തു ചെയ്യണം എന്നാലോചിക്കുന്നതിനും മുന്‍പ് ഡോര്‍ തുറന്ന് പിടിച്ച് ആരോ പറഞ്ഞു. ഉത്തറോ സാല @#$%$ !!!

ഒരു സര്‍ദാര്‍ജിയാണ്. ഹിന്ദി പോലും അറിയാത്ത എനിക്ക് സര്‍ദാര്‍ജിയുടെ പഞ്ചാബിയിലുള്ള സംസാരത്തില്‍ നിന്നും, അയാള്‍ എനിക്കും, എന്റെ വീട്ടുകാര്‍ക്കും സുഖമല്ലെ എന്നന്വേഷിക്കുന്നതാണെന്ന് മനസ്സിലായി.

വണ്ടിയുടെ ചാവി വാങ്ങിയ സര്‍ദാര്‍ജി കാര്‍ ലോക്ക് ചെയ്ത്, മണലില്‍ പുതഞ്ഞു കിടക്കുന്ന അയാളുടെ സ്കൂട്ടര്‍ പ്രയാസപെട്ട് പൊക്കി സ്റ്റാന്‍ഡില്‍ വച്ചു. കോമാങ്ങയുടെ ഷേപ്പിലുള്ള മുന്‍ വശത്തോട് കൂടിയ സ്കൂട്ടര്‍ അന്നാണു ഞാന്‍ ആദ്യമായി കണ്ടത്!!

കാര്‍ ആരുടെ, അയാള്‍ എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശേഷം, സര്‍ദാര്‍ജി ഫോര്‍വേയ്സിലേക്ക് ഗോപിചേട്ടന്റെ കയ്യില്‍ തൊണ്ടിമുതലായ എന്നെ ഏല്‍പ്പിക്കുന്നതിനായി എന്റെ കയ്യില്‍ ബലമായി പിടിച്ച് വലിച്ച് നടന്നു.

കോണിപടികള്‍ കയറി എന്നേയും കൊണ്ട് സര്‍ദാര്‍ജി ഫോര്‍വേയ്സിന്റെ ഓഫീസില്‍ കയറി. അവര്‍ തമ്മില്‍ സംസാരിച്ചത് എന്തായിരുന്നെന്നെനിക്കു മനസ്സിലായില്ലെങ്കിലും, ഡാ $#@&%$, നീ ആ ഓഫീസ് മുറിയില്‍ ഇരിക്ക്, ഞാന്‍ ഇപ്പോ വരാം എന്നു പറഞ്ഞതില്‍ നിന്നും വലിയ എന്തോ ഒരു വിപത്ത് എന്നെ കാത്തിരിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.

കയ്യില്‍ ഉണ്ടായിരുന്നത് വെറും ഇരുപത് രൂപ. ആ ഇരുപത് രൂപ വച്ച്, ഡിസംബറിലെ കൊടും തണുപ്പത്ത്, കാല്‍ക്ക - ഹൌറ എക്സ്പ്രസ്സ് തീവണ്ടി (കള്ള വണ്ടി) കയറി ജീവിതത്തില്‍ ആദ്യമായി അന്ന് ഞാന്‍ ഒളിച്ചോടി.

ഭിക്ഷക്കാരുടെ കൂടെ, ടോയിലറ്റിന്റെ ഇടയിലുള്ള ചെറിയ സ്പേസില്‍, കിടന്നും, ഇരുന്നും നടത്തിയ മനോഹരമായ യാത്ര! ആ ഓര്‍മ്മകള്‍ എന്നെ ഇന്നും പുളകം കൊള്ളിക്കുന്നു.

Wednesday, June 20, 2007

കൈതൊഴില്‍

പത്താം ക്ലാസിലെ പരീക്ഷയെല്ലാം കഴിഞ്ഞ അവധിക്കാലത്ത് ഒരോരോ ബന്ധുഗൃഹങ്ങളില്‍ മൂന്നും നാലും ദിവസം പോയി താമസിച്ച്, മൂക്കുമുട്ടെ ഭുജിച്ച്, പ്രത്യേകിച്ചും, മത്സ്യ മാംസാദികള്‍, ശരീരം കൊഴുപ്പിച്ച്, ചുരുക്കം പറഞ്ഞാല്‍ തിന്നുങ്കു കുത്തി നടന്നിരുന്ന കാലം. ഇനി പോകാന്‍ ബന്ധുഗൃഹങ്ങള്‍ ഇല്ലാതെ വന്ന അവസരത്തില്‍, അല്ലെങ്കില്‍, നമ്മളെ ഇനിയും എന്റര്‍ടെയിന്‍ ചെയ്യാനുള്ള മനോധൈര്യം ബന്ധുക്കള്‍ക്ക് മൊത്തമായി നഷ്ടപെട്ടെന്നു മനസ്സിലാക്കിയ സന്ദര്‍ഭത്തില്‍, ഊരു തെണ്ടല്‍ അവസാനിപ്പിച്ച്, പ്ലാസ്റ്റിക്ക് കവറില്‍ സ്വന്തം ഷര്‍ട്ടും, മുണ്ടും, ചുരുട്ടിപൊതിഞ്ഞ് സ്വന്തം വീട്ടിലേക്ക് ചുമരിലേക്കടിച്ച പന്തുപോലെ തിരിച്ചു വന്ന്, അച്ഛന്റെ ഭീഷണിക്കു വഴങ്ങി കടയില്‍ പോക്ക്, മോത്തിയെ കുളിപ്പിക്കല്‍, തെങ്ങിന് വെള്ളം നനക്കല്‍, തുടങ്ങിയ ബോറന്‍ പണികള്‍ ചെയ്ത് ജീവിതത്തോട് തന്നെ വിരക്തി തോന്നിതുടങ്ങിയ സമയം.

വൈകീട്ട്, പതിവുപോലെ ചായക്കൊപ്പം, വിശപ്പടക്കാന്‍ ഒന്നും കിട്ടാതിരുന്നതിനാല്‍, സ്റ്റാമിനക്ക് വേണ്ടി മാത്രമായി, രാവിലെ മിച്ചം വന്ന റബ്ബര്‍ഷീറ്റു പോലെയുള്ള മൂന്നു ചപ്പാത്തിയില്‍ ഒന്ന് മോത്തിക്ക് കൊടുത്തിട്ട് അവന്‍ കഴിക്കാതിരുന്നപ്പോള്‍ അമ്മ മാറ്റി വച്ചിരുന്ന രണ്ട് ചപ്പാത്തി വെറുതെ ചുരുട്ടി വായിലേക്ക് കുത്തിനിറച്ച് ചവച്ചരച്ചിട്ടും ഇറങ്ങാതെ വന്നപ്പോള്‍, ചൂടു ചായ തൊണ്ടയില്‍ ഒഴിച്ച് കുതിര്‍ത്തി കുത്തിയിറക്കി നേരേ വിട്ടു പാര്‍ക്കിലേക്ക്. കൂട്ടുമാരുമൊത്ത് കുത്തിമറിയാന്‍. കാല്‍നടയായല്ല, മറിച്ച്,. ടയറാണോ ട്യൂബാണോ പുറത്ത് എന്നറിയണമെങ്കില്‍ തൊട്ടുനോക്കേണ്ട അവസ്ഥയുള്ള, എന്റെ പ്രീമിയര്‍ ഹവായ് പോലെ തേഞ്ഞില്ലാതായ രണ്ട് ടയറുകളുള്ള എന്റെ ഹീറോ സൈക്കിളില്‍.

പാര്‍ക്കില്‍ എത്തി ക്രിക്കറ്റ് കളി തുടങ്ങാന്‍ പോകുന്നതിനല്പം മുന്‍പാണ്, തലമൂത്ത നേതാവൊരുത്തന്‍ കേട്ടാല്‍ അറക്കുന്ന ആ വൃത്തികേട് പറഞ്ഞത്. ഇനിമുതല്‍ പാര്‍ക്ക് ടീമില്‍ ക്രിക്കറ്റ് കളിക്കണമെങ്കില്‍, പുതിയതായി വാങ്ങാന്‍ പോകുന്ന ബാറ്റിനും, സ്റ്റംപ്സിനും, ബോളിനും മറ്റും ഷെയര്‍ നല്‍കണമെന്ന്.

ചെരുപ്പ് വാങ്ങാന്‍ തന്ന കാശെടുത്ത് സിനിമയും, കൊളമ്പോ ഹോട്ടലില്‍ കയറി രണ്ട് ദിവസം ഇറച്ചിയും പൊറോട്ടയും തിന്ന വകയില്‍ മാതാപിതാക്കളുടെ കയ്യില്‍ നിന്നും കേട്ടതിന്റെ പുളിപ്പ് ചെവിയില്‍ നിന്ന് മാറി വരുന്നതേയുള്ളൂ അതിന്റെ ഇടയിലാ ക്രിക്കറ്റ് കളിക്കാന്‍ പൈസ ചോദിക്കുന്നത്.

പൈസ കൊടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് ഒട്ട് മിക്ക സുഹൃത്തുക്കളും കയ്യും കാലും പൊക്കിയപ്പോള്‍, ഞാന്‍ ഒന്നും മിണ്ടാതെ ഒരരുകില്‍ മാറി ഈ സംഘര്‍ഷാവസ്ഥയില്‍ നിന്നും എങ്ങിനെ പുറത്തു കടക്കാം, അനുകൂലികളെ എങ്ങിനെ വിഘടിപ്പിക്കാം എന്ന തന്ത്രം തലപുകഞ്ഞാലോചിക്കുകയായിരുന്നു.

കുത്തിത്തിരുപ്പുണ്ടാക്കുന്ന കഴിവ് ജന്മനാ കിട്ടിയിട്ടുള്ളതിനാല്‍ (ഇന്‍ബോണ്‍ ടാലന്റ്), അധികം നേരം ആലോചിക്കേണ്ടി വന്നില്ല. അയല്പക്കത്ത് താമസിക്കുന്നവരും, അടുത്ത ചങ്ങാതിമാരുമായ കുറച്ച് സുഹൃത്തുക്കളെ സൈഡിലേക്ക് മാറ്റി നിറുത്തി കാര്യം അവതരിപ്പിച്ചു. ഒന്നാമത്തെ കാര്യം, ഈ സീസണില്‍ കളിക്കാന്‍ പറ്റിയത് ഫുട് ബോളാണ്, അതും അമ്പലപ്പറമ്പില്‍. രണ്ടാമത്തെ കാര്യം ഇവിടെ ഷെയര്‍ കൊടുക്കുന്ന കാശുണ്ടെങ്കില്‍ നമ്മുക്ക് എല്ലാവര്‍ക്കും കൂടി തേക്കടിക്കൊരു ടൂറു പോകാം.

ടൂറെന്ന് കേട്ടതും, പിന്മൊഴിയില്‍ നിന്നും മറുമൊഴിയിലേക്ക് കാലു മാറിയതുപോലെ, ചില ക്രിക്കറ്റ് കളിക്കാര്‍ ഫുട്ബാള്‍ കളിയിലേക്കു കളം മാറ്റി ചവിട്ടിയതിന്റെ പരിണിതഫലമായി മറുമൊഴി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് രൂപം കൊള്ളുകയും, അന്നു മുതല്‍ പാര്‍ക്കില്‍ നിന്നും മറുമൊഴി ക്ലബ്ബിന്റെ ആസ്ഥാനം അമ്പലപറമ്പിലേക്ക് മാറ്റുകയും ചെയ്തു.

ഫുട് ബോള്‍ ഒരെണ്ണം വിറകുപുരയില്‍ കിടന്നതെടുത്ത്, പഞ്ചറൊട്ടിച്ച്, കാറ്റടിച്ച്, പിറ്റേന്നു മുതല്‍ ഞങ്ങള്‍ മറഡോണയായും, പെലെയായും സങ്കല്പിച്ച് അമ്പലപറമ്പില്‍ പന്തുകളി തുടങ്ങി. ടീമിലെ അംഗസംഘ്യ ദിനം പ്രതി മറുമൊഴി പോലെ വര്‍ദ്ധിച്ചു വന്നു.

ആഴ്ച ഒന്നു കഴിഞ്ഞുകാണണം, പന്തുകളി കഴിഞ്ഞ് വിയര്‍പ്പ് പോകാന്‍ ഓലമടലില്‍ ചമ്രം പടഞ്ഞിരുന്ന് വിശ്രമിക്കുന്ന നേരത്താണ് ഒന്നുമില്ലായ്മയില്‍ നിന്നും വിഭൂതിയുണ്ടാക്കുന്ന പട്ട ഭാബയെ പോലെ, ശൂന്യതയില്‍ നിന്നും അനില്‍ എന്ന നമ്മുടെ സുഹൃത്ത് ഒരു ചോദ്യമെടുത്ത് എനിക്ക് നല്‍കിയത്. അല്ല നമ്മുടെ തേക്കടി യാത്ര എന്തായി?

കാലില്‍ കിടക്കുന്ന വെളുത്ത പുറവും, നീല അടിവശവും വാറുമുള്ള പുതിയ പാരഗണ്‍ ഹവായ് ചപ്പലില്‍ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു. ഈ ചെരുപ്പിനുള്ള കാശ് രണ്ട് ദിവസം മുന്‍പ് തന്നത് തന്നെ ഒരു മാസത്തേക്ക് അഞ്ചിന്റെ നയാ പൈസ ചോദിക്കില്ല എന്ന ഉറപ്പിന്മേലാണെന്ന കാര്യം എനിക്കല്ലേ അറിയൂ. ചോദിക്കില്ല, ചോദിക്കാതെ അടിച്ചു മാറ്റാം എന്ന കോണ്‍ഫിഡന്‍സുണ്ടായിരുന്നത് കൊണ്ട് ഇനി ഒരു മാസത്തേക്ക് അഞ്ചിന്റെ നയാ പൈസ ചോദിക്കില്ല എന്ന ഉറപ്പും അമ്മക്ക് നല്‍കി. അതിന്റെ ഇടയിലാ ഇനിയിപ്പോ തേക്കടി യാത്ര.

പത്താം ക്ലാസ്സ് കഴിഞ്ഞതിനാലും, പ്രായപൂര്‍ത്തിയെത്തിയതിനാലും, എവിടെ പോയാലും വിശക്കുമ്പോള്‍ സ്വന്തം വീട്ടിലോട്ട് വരാതെ എങ്ങോട്ട് പോകാന്‍ എന്ന തിരിച്ചറിവുള്ളതിനാലും, ഞങ്ങളുടെയെല്ലാം മാതാപിതാക്കള്ക്ക്‍, ഞങ്ങള്‍ എങ്ങോട്ടെങ്കിലും ടൂറ് പോകണമെന്ന് പറഞ്ഞാല്‍ വിടാന്‍ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. പക്ഷെ പണം ചോദിക്കരുതെന്ന് മാത്രം.

തേക്കടിയിലേക്കൊരു യാത്ര എന്നു പറഞ്ഞാല്‍ മറ്റുള്ളവര്‍ ചേര്‍ന്ന് എന്റെ യാത്രാക്കൂലിയുടെ ഒരു പങ്കെടുത്താലും, സ്വന്തമായി ഒരു അമ്പതു രൂപയെങ്കിലും വേണം കയ്യില്‍ വേണമല്ലോ. എന്തിനും വഴിയുണ്ടാക്കാം എന്ന ആത്മവിശ്വാസത്തോടെ, ആത്മബലത്തിനു കൂട്ടായി,എന്തിനും എന്നെ പിന്‍ തുണക്കുന്ന അനില്‍ എന്ന ചങ്ങാതി ഒപ്പമുണ്ടല്ലോ എന്ന ധൈര്യത്തോടെ അടുത്ത ശനിയാഴ്ച തേക്കടിയില്‍ പോകാമെന്നും, ഞായറാഴ്ച തിരിച്ചു വരാമെന്നുമുള്ള ട്രാവല്‍ അജണ്ട ആ മീറ്റിങ്ങില്‍ വച്ചു തീരുമാനിച്ച് അരക്കിട്ടുറപ്പിച്ചു.

ഒരാഴ്ച സമയമുണ്ട്. അതിന്നുള്ളില്‍ അമ്പതു രൂപ ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗം എന്താണെന്നുള്ള ചിന്ത മാത്രമായി ആ രാത്രി മുതല്‍ എന്റെ തലയില്‍.

പിറ്റേന്ന് പകല്‍ സമയം തെങ്ങിന്റെ നനയും, കിളയുമെല്ലാം കഴിഞ്ഞ് വെറുതെ ഒന്നു വിശ്രമിക്കുന്ന സമയത്താണ് അച്ഛന്‍ പറയുന്നത് കേട്ടത്. ഇങ്ങനെ വെറുതെ ഇരുന്ന് മെയ്യനങ്ങാതെ തിന്നുന്ന നേരം വല്ല കൈതൊഴിലും പഠിക്കാന്‍ പോടാ, ഭാവിയില്‍ ഗുണമുണ്ടാകും.

അച്ഛന്‍ പറഞ്ഞു നാവെടുത്തില്ല! വടക്കേ പറമ്പില്‍ തേങ്ങയൊരെണ്ണം വീഴുന്ന ഒച്ചകേട്ടതും, എന്റെ മനസ്സില്‍ ആശയം വിരിഞ്ഞു. ശരിയച്ഛാ, കൈതൊഴിലൊരെണ്ണം ഉടന്‍ തന്നെ പഠിക്കാന്‍ തുടങ്ങുന്നതാണ് എന്നു മനസ്സില്‍ കരുതുകയും ചെയ്തു.

അന്നുച്ഛക്ക് അച്ഛനും, അമ്മയും ഉച്ചമയക്കത്തിലായിരുന്ന നേരത്ത്, കൈതൊഴില്‍ പഠനത്തിന്റെ ഹരിശ്രീ ഞാന്‍ കുറിച്ചു. ഉത്ബോധനം ആദ്യം സ്വന്തം വീട്ടില്‍ നിന്നും എന്ന് പറഞ്ഞതു പോലെ തന്നെ, മോഷണവും ആദ്യം സ്വന്തം വീട്ടില്‍ നിന്നു തന്നെ. വിറകുപുരയില്‍ കൂടിയിട്ടിരുന്ന തേങ്ങകളില്‍ വിളഞ്ഞത് നോക്കി പത്തെണ്ണം ഒരു ചാക്കിലാക്കി കെട്ടിയതിനുശേഷം, തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന അനിലിനെ വിളിച്ചുകൊണ്ട് വന്ന്, ചാക്ക് കെട്ട് പൊക്കി ചുമന്ന് ഞങ്ങളുടേ പറമ്പിന്റെ തൊട്ടപ്പുറത്തെ ആള്‍താമസമില്ലാത്ത പറമ്പിലൂടെ വര്‍ഷക്കാലത്തൊഴുകുകയും, വേനല്‍ക്കാലത്ത് ഉണങ്ങി വരണ്ട് കിടക്കുകയും ചെയ്യുന്ന തോട്ടിലെ കമ്മ്യൂണിസ്റ്റ് പച്ച ചെടികള്‍ക്കിടയില്‍ ടേം ഡെപ്പോസിറ്റ് ചെയ്തു.

പൈസയുണ്ടാക്കാനുള്ള എന്റെ ഉദ്യമത്തില്‍ പങ്കാളിയായി ചേര്‍ന്ന അനിലിന് എന്റെ ടൂര്‍ ഫണ്ടിലേക്ക് എന്തെങ്കിലും ഉദാരമായി സംഭാവന ചെയ്യണമെന്ന ഉള്‍വിളി തോന്നുകയും, എന്നെ കൂട്ടി അവന്റെ വീട്ടില്‍ പോയി ആറ് തേങ്ങയുമെടുത്ത്, തോട്ടിലേക്ക് ഞങ്ങളുടെ ദൌത്യസേന വീണ്ടും ഷട്ടിലടിച്ചു.

തേങ്ങാവെട്ടുകാരന്‍ ആന്റോവിന്റെ കടയില്‍ കൊടുത്താല്‍ തേങ്ങക്കൊന്നിന്, മറ്റുള്ള തേങ്ങവെട്ടുകാര്‍ തരുന്നതിലും ഇരുപത്തഞ്ചു പൈസ കുറവേ തരൂ എങ്കിലും കാശ്, റൊക്കമായി തരുമെന്നതിനാല്‍ തേങ്ങകള്‍ എന്തായാലും ആന്റോവിന്റെ കടയില്‍ തന്നെ കൊടുക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു.

മൊത്തം തേങ്ങ പതിനാറായി. അഞ്ചാറു തേങ്ങ കൂടെ കിട്ടിയാല്‍ അമ്പത് രൂപ ഉറപ്പായി. രണ്ട് ദിവസം കഴിഞ്ഞിട്ടും ആറ് തേങ്ങക്കുള്ള മാര്‍ഗം ഞങ്ങളുടെ മുന്‍പില്‍ തെളിഞ്ഞില്ല എങ്കിലും, മൂന്നാമത്തെ ദിവസം രാവിലെ പുട്ടിന് ചിരകാന്‍ തേങ്ങയെടുക്കാന്‍ വിറകുപുരയില്‍ പോയ അമ്മയുടെ മുന്‍പില്‍ തേങ്ങകള്‍ മോഷണം പോയത് തെളിഞ്ഞു.

അതേ, നിങ്ങളൊന്നിങ്ങോട്ട് വന്നേ. അമ്മ തൊണ്ട പൊട്ടുമാറുച്ഛത്തില്‍ അച്ഛനെ വിളിച്ചു. പത്രം വായിക്കുകയായിരുന്ന അച്ഛന്‍ പത്രം മടക്കി വെച്ച്, വിറകുപുരയിലേക്ക് പാഞ്ഞു. ചെവി വട്ടം പിടിച്ച് ഒന്നുമറിയാത്തതുപോലെ ഞാന്‍ എന്റെ പല്ലില്‍ ബ്രെഷ് കൊണ്ട് ആഞ്ഞുരച്ചു.

തെങ്ങു കയറിയപ്പോ മുപ്പത് തേങ്ങ വീട്ടുചിലവിന് മാറ്റി ഇട്ടിരുന്നതാ. തെങ്ങ് കയറിയിട്ട് ആഴ്ച രണ്ടായിട്ടില്ല അപ്പോഴേക്കും ദാ ഇനി തേങ്ങ അഞ്ചാറെണ്ണമേയുള്ളൂ. നമ്മുടെ തേങ്ങയൊക്കെ ആരോ മോഷ്ടിച്ച് കൊണ്ട് പോയിട്ടുണ്ട്.

ഞാനുള്ളപ്പോ ഇവിടുന്ന് ആരു തേങ്ങ മോഷ്ടിക്കാനാടീ. നെഞ്ചു വിരിച്ചുകൊണ്ട് അച്ഛന്‍ അതു ചോദിച്ചപ്പോള്‍ എനിക്ക് ചിരി പൊട്ടിയെങ്കിലും വായില്‍ പേസ്റ്റും ബ്രഷും ഉള്ളതു കാരണം പുറത്തേക്ക് ശബ്ദം അധികം വന്നില്ല.

നിനക്ക് തെറ്റിയതായിരിക്കും അല്ലാതെ തേങ്ങയൊന്നും ആരും ഇവിടുന്ന് കൊണ്ട് പോവില്ല, അച്ഛന്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍, അമ്മക്കും ഒരു സംശയം, ഇനി തെറ്റിയതായിരിക്കുമോ. തെളിഞ്ഞു കത്താതെ, ആ തിരി എന്തായാലും അവിടെ കെട്ടു.

ദീര്‍ഘ നിശ്വാസമുതിര്‍ത്തുകൊണ്ട് ഞാന്‍ പല്ലുതേപ്പവസാനിപ്പിച്ചു.

അഞ്ചാറു തേങ്ങ കൂടി സംഘടിപ്പിക്കാതെ കൈതൊഴില്‍ പഠനം അവസാനിക്കുന്നില്ല എന്നതിനാല്‍ അന്നുച്ഛക്ക്, പതിവുപോലെ അച്ഛനും, അമ്മയും, ഉച്ചമയക്കത്തിലായിരുന്ന സമയത്ത്, ഞങ്ങളുടേയും, അനിലിന്റേയും വീടിന്റെ ബോര്‍ഡറിലുള്ള ഒരു തെങ്ങില്‍ തളപ്പിട്ട് ഞാന്‍ കയറി. അനില്‍ സെക്ക്യൂരിറ്റി കാരനെ പോലെ പരിസരം വീക്ഷിച്ചുകൊണ്ട് തെങ്ങിന്റെ അടിയിലും നിന്നു. തെങ്ങില്‍ മുന്‍പ് പലപ്പോഴും കയറിയിട്ടുള്ളതിനാല്‍ സഭാകമ്പം തീരെയില്ലായിരുന്നു. തെങ്ങിന്റെ മുകളിലെത്തി, വിളവ് അല്പം കുറഞ്ഞതാണെങ്കിലും, ഒരു കുലയില്‍ നിന്നും ആറു നാളികേരങ്ങള്‍ ഓരോന്നായി പിരിച്ചെടുത്ത്, അനിലിന്റെ പറമ്പിലേക്കെറിഞ്ഞ് ഞാന്‍ താഴെ ഇറങ്ങി.

ഞങ്ങള്‍ രണ്ടുപേരും കൂടി ആറു തേങ്ങകളും, തേങ്ങപൊളിക്കാനുള്ള കുറ്റിക്കോലും, വെട്ടുകത്തിയുമായി തോട്ടിലെത്തുകയും, തോട്ടില്‍ വച്ച് തന്നെ രണ്ട് പേരും മാറി മാറി ഉത്സാഹിച്ച് പഴയതും, ഇപ്പോഴിട്ടതും ചേര്‍ത്ത്, ഇരുപത്താറു തേങ്ങകളും പൊതിച്ച്, ഉടച്ച് വെള്ളം കളഞ്ഞ് ചാക്കിലാക്കി കെട്ടി ഭദ്രമാക്കുകയും ചെയ്തു.

കുറ്റിക്കോല്‍, വെട്ടുകത്തി എന്നിവ വീട്ടില്‍ അതാതിന്റെ സ്ഥാനത്ത് കൊണ്ട് ചെന്ന് വച്ചതിനു ശേഷം, അനിലിന്റെ സൈക്കിള്‍ തോട്ടിന്നരികിലേക്ക് കൊണ്ട് വന്ന് (അവന്റെ സൈക്കിളിന്റെ ടയര്‍ നല്ലതാ), തേങ്ങ ചാക്ക് കാരിയറില്‍ വച്ച് കെട്ടി, ഡബ്ബിള്‍ വച്ച് അന്റോവിന്റെ കടയിലേക്ക് പറന്നു.

ഞാനും അനിലും കൂടി തേങ്ങാ ചാക്കും തൂക്കിയെടുത്ത് ആന്റോവിന്റെ കടയിലേക്ക് ചെന്നു.

ചാക്കഴിച്ച് നല്ല വലുപ്പമുള്ള തേങ്ങ കണ്ടിഷ്ടപെട്ട ആന്റോ തേങ്ങായൊന്നിനു 2.25 പൈസ കണക്കില്‍ ഇരുപത്തിയാറു തേങ്ങക്ക് 58 രൂപ 50 പൈസ വില കണക്കാക്കുകയും ചെയ്തു.

അമ്പതു രൂപ പ്രതീക്ഷിച്ചു വന്ന ഞങ്ങള്‍ 58.50 പൈസ ലഭിക്കുന്നു എന്നറിഞ്ഞപ്പോള്‍, അധ്വാനത്തിന്റെ ഫലം ഈശ്വരന്‍ തരും എന്നെല്ലാവരും പറയുന്നതെത്ര ശരിയെന്നാലോചിച്ച് അത്ഭുതം കൂറി.

മക്കളെ, പൈസ വൈകീട്ട് വന്ന് വാങ്ങിക്കോ, ഞാനിപ്പോ കൊപ്രക്കളത്തിലൊന്ന് പോയിട്ട് വേഗം വരാം എന്ന് മൂന്ന് പറഞ്ഞപ്പോള്‍, എതിര്‍ത്തു പറയേണ്ട കാര്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല, കാരണം തേക്കടിക്ക് പോകുവാന്‍ ഇനിയും ദിവസം ബാക്കി.

വീട്ടിലേക്ക് തിരിച്ചു പോയി, വൈകീട്ടത്തെ ചായകുടി കഴിഞ്ഞ് പതിവുപോലെ അമ്പലപറമ്പിലെ പന്തുകളി കഴിഞ്ഞ് വിശ്രമിക്കുന്ന നേരത്താണ്, ആന്റോവിന്റെ കയ്യില്‍ നിന്നും പൈസ വാങ്ങിയില്ല ഇതുവരെ എന്ന കാര്യം എനിക്കോര്‍മ്മ വന്നത്.

അനിലിനേയും കൂട്ടി സൈക്കിളെടുത്ത് വേഗം ചവിട്ടി ആന്റോവിന്റെ കടയിലേക്ക്. സൈക്കിള്‍ സ്റ്റാന്റിലിട്ട് ഞങ്ങള്‍ കടക്കുള്ളിലേക്ക് ചെന്നു.

ആന്റോ തേങ്ങയുടെ കാശ്?

കുറുമാനേ, നിനക്കറിയാമല്ലോ, ആന്റോ പറഞ്ഞാല്‍ പറഞ്ഞതാ. ആന്റോ എന്നും കാശ് റൊക്കമായി കൊടുക്കും അല്ലാതെ കടം പറയില്ല. നിങ്ങള് വന്നപ്പോ, ഞാന്‍ കൊപ്രക്കളത്തിലേക്ക് പോകാന്‍ നിക്കുന്നത് കാരണമാ തരാഞ്ഞത്.

കൊപ്രക്കളത്തില് നില്‍ക്കുമ്പോ, നിന്റെ അച്ഛന്‍ അങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു വെളിച്ചെണ്ണ വാങ്ങാന്‍. ഞാന്‍ ആ കാശ് അപ്പോ തന്നെ നിന്റെ അച്ഛന്റെ കയ്യില് കൊടുത്തു.

കടം നിറുത്തുന്നത് ആന്റോന് പണ്ടേ ഇഷ്ടമല്ല. അതാ എന്റെ ശീലം.

ആന്റോ പറയുന്നതൊന്നും എന്റെ ചെവിയില്‍ കയറുന്നുണ്ടായിരുന്നില്ല, കാരണം വീട്ടില്‍ ചെന്നാല്‍ ചെവിക്കല്ല് അച്ഛന്‍ അടിച്ച് പൊട്ടിക്കുന്നതോര്‍ത്ത് എന്റെ ചെവി മുന്നേ തന്നെ അടഞ്ഞുപോയിരുന്നു.