Thursday, June 29, 2006

ഒരു അമേരിക്കന്‍ സ്വപ്നം

നെടുമ്പാശ്ശേരിയില്‍ നിന്നും നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ ഫ്ലൈറ്റില്‍, ദുബായിയില്‍ വന്നിറങ്ങി, മധ്യകുറുമാന്റെ ഫ്ലാറ്റില്‍ താമസം തുടങ്ങിയിട്ടൊരാഴ്ചയാകാറായി. വിസിറ്റ്‌ വിസയുടെ കാലാവധി മൂന്നു മാസം, അതിന്നുള്ളില്‍ പറ്റിയ ജോലി കണ്ടുപിടിക്കണം എന്നത്‌ സാധാരണക്കാര്‍ക്ക്‌ അത്ര ഈസിയായിട്ടുള്ള കാര്യമല്ല.

ഗ്രാഡുവേഷന്‍ കഴിഞ്ഞവര്‍ വരുന്നു, എഞ്ചിനീയറിംഗ്‌ കഴിഞ്ഞവര്‍ വരുന്നു, കമ്പ്യൂട്ടറില്‍ അന്നു വരേയായിറങ്ങിയ കോഴ്സുകളെല്ലാം അരച്ചു കലക്കി കുലുക്കി കുപ്പിയിലാക്കി, മൊത്തം കുടിച്ച്‌ വറ്റിച്ച ജഗജില്ലികള്‍ വരുന്നു. വരുന്നതില്‍ അറുപതുശതമാനം പേരും ജോലി കിട്ടാതെ മടങ്ങുന്നു. അഥവാ ജോലി കിട്ടിയാല്‍ ഇഷ്ടപെട്ട ജോലിയോ, വേതനമോ ലഭിക്കാതെ അസംതൃതരായ്‌ ജോലി ചെയ്യുന്നു, തുടങ്ങിയ കിംവദന്തികള്‍ വന്ന അന്നു മുതല്‍ പരിചയമില്ലാത്തവരും, പരിചയമുള്ളവരും സമയം കിട്ടുമ്പോള്‍ വന്നു പറഞ്ഞു തന്നു.

കാണാന്‍ വരുന്ന പരിചയക്കാര്‍ക്കും, അല്ലാത്തവര്‍ക്കും, ഒരേ ഒരു ഉപദേശം മാത്രം. പണ്ടത്തെ ഗള്‍ഫൊന്നുമല്ല ഇപ്പോളത്തെ, ഒരു ജോലി കിട്ട്വാന്ന് വിചാരിച്ചാല്‍ അത്ര എളുപ്പമമൊന്നുമല്ല, അതിനാല്‍ എന്തെങ്കിലും, ജോലി കിട്ടിയാല്‍ അതില്‍ കടിച്ചു തൂങ്ങി കിടന്നുകോള്ളണം, ഒരു കാരണവശാലും പിടി വിടരുത്‌. പിടിവിട്ടാല്‍ നേരെ വീഴുന്നതെവിടേക്കാണെന്നറിയാമല്ലോ?

എവിടേക്കാ? എനിക്കപ്പോഴും സംശയം മാത്രം.

നേരെ നാട്ടിലേക്കാ.

ആവൂ സമാധാനം. സന്മനസ്സുള്ള ഉപദേശികള്‍ക്ക്‌ സമാധാനം.

പക്ഷെ ഇതൊന്നും കേട്ടിട്ടൊന്നും കുറുമനൊരു കുലുക്കവുമുണ്ടായില്ലാന്നു മാത്രമല്ല, മരുഭൂമിയിലെ ഈന്തപന പോലെ ഉറച്ചങ്ങനെ നിന്നു.

ഈ പഹയന്മാര്‍ പറഞ്ഞതു മുഴുവന്‍, ഗ്രാഡുവേഷന്‍ കഴിഞ്ഞവരുടേയും, എഞ്ജിനീയറിംഗ്‌ കഴിഞ്ഞവരുടേയും, കമ്പ്യൂട്ടര്‍ കോഴ്സ്‌ മൊത്തമായും കലക്കികുടിച്ചവരുടേയും മാത്രം കാര്യം.

പക്ഷെ ഇതിന്നിടയിലൊരാള്‍ പോലും, ഒരു പ്രിഡിഗ്രിക്കാരന്‍ തിരിച്ചുപോയതിനെകുറിച്ച്‌ സൂചിപ്പിച്ചു പോലുമില്ല. എന്തൊരാശ്വാസം.

പ്രിഡിഗ്രിയെന്ന കടക്കാ കടമ്പയും, ഇമ്പോര്‍ട്സ്‌ ആന്റ്‌ എക്സ്‌ പോര്‍ട്സ്‌ മാനേജ്മെന്റിലൊരു ഡിപ്ലോമയും, മാത്രമല്ല,ഏഴെട്ടു വര്‍ഷത്തെ അസാമാന്യ എക്സ്പീരിയന്‍സും, പിന്നെ ഇന്ത്യാ മഹാരാജ്യം മൊത്തത്തില്‍ കറങ്ങിയ എക്സ്പീരിയന്‍സു കൂടാതെ, ചില യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്തു വന്ന പരിചയവും ഉണ്ട്‌. പിന്നെ ഞാനെന്തിനു പേടിക്കണം.

അല്ലെങ്കിലും എനിക്ക്‌ പേടിക്കേണ്ട ആവശ്യമില്ലല്ലോ, കാരണം, വിസ തന്നത്‌, മധ്യ കുറുമാന്‍, ടിക്കറ്റ്‌ സ്പോണ്‍സര്‍ ചെയ്തത്‌, ആദിയും, മധ്യവും കൂടി, അക്കോമഡേഷന്‍ ആന്റ്‌ ഫുഡ്‌ ഈസ്‌ സ്പോണ്‍സേര്‍ഡ്‌ ബൈ മധ്യകുറുമാന്‍, ഇനി വല്ല ഇന്റര്‍വ്യൂവും ചുളുവില്‍ തരപെട്ടാല്‍ അതിനുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ അലവന്‍സ്‌ ആള്‍സൊ പ്രൊവൈഡഡ്‌ ബൈ മധ്യകുറുമാന്‍.

ഇത്രയൊക്കെ ചെയ്ത മധ്യകുറുമാനെ, മനസ്സു തുറന്നൊന്നു സഹായിക്കേണ്ടത്‌ എന്റെ കടമയല്ലെ? ആയതിനാല്‍, ഭക്ഷണം ഹോട്ടലില്‍ നിന്നും മാത്രം കഴിച്ചിരുന്ന അവന്നായി മാത്രം ഞാന്‍ ഒറ്റമുറിയുടെ മുക്കില്‍ ഇലക്ട്രിക്ക്‌ ഹീറ്റര്‍ സെറ്റു ചെയ്തു. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം ഇഷ്ടപെട്ടിരുന്ന അവനോട്‌, നന്നായി പാചകം ചെയ്താല്‍ കോഴിയും, ആടും, മീനും തരുന്ന സ്വാദിനെ കുറിച്ചു വാതോരാതെ സംസാരിച്ച്‌, മിഷനറി പ്രവര്‍ത്തകര്‍ മതം മാറ്റുന്നതുപോലെ, നിസ്സാരമായി, നോണ്‍ വെജീറ്റേറിയനിലേക്കാകര്‍ഷിച്ചു.

സദാ സമയവും, ജാസ്മിന്‍ എയര്‍ റൂം ഫ്രഷനറുമടിച്ച്‌, ചന്ദനത്തിരിയും കത്തിച്ച്‌ ഹൃദ്യമായ വാസനയുടെ മാസ്മരിക തീര്‍ത്ത അവന്റെ മുറിക്ക്‌, വന്നിട്ടൊരാഴ്ചക്കുള്ളില്‍ സെയ്തലവിയുടെ കഫറ്റേറിയയുടെ മണമാക്കിയെടുക്കാന്‍ ഞാന്‍ കുറച്ചൊന്നുമല്ല പാടുപെട്ടത്‌.

അങ്ങനെ ഞാന്‍ വന്നിട്ടൊരാഴ്ച തികഞ്ഞൊരു വ്യാഴാഴ്ച. ഗള്‍ഫന്മാരുടെ വീക്കെന്റ്‌. വൈകുന്നേരം പണികഴിഞ്ഞു വന്ന മധ്യകുറുമാന്റെ ഒപ്പം രണ്ടു മൂന്നു സുഹൃത്തുക്കളും വന്നു. എന്നെ സന്ദര്‍ശിക്കുക, പിന്നെ ചെറുതായൊന്നു വീക്കെന്റാഘോഷിക്കുക. ഇത്രയും മാത്രമായിരുന്നു അവരുടെ ഉദ്ദേശം.

വെറുതെയിരുന്നൊരാഴ്ചയായ്‌ ടി വി മാത്രം കണ്ടു മടുത്ത എനിക്ക്‌ അവരുടെ വരവ്‌ മരുഭൂമിയിലെ മരുപച്ച പോലെ തോന്നി.

ഡാ വീക്കെണ്ട്‌ നമുക്കൊന്നടിച്ചുപൊളിക്കാമ്ന്ന് മധ്യന്റെ വായില്‍ നിന്നും പുറത്തേക്ക്‌ പൊഴിഞ്ഞ നിമിഷം, ഫ്രിഡ്ജ്‌ തുറന്ന് ഞാന്‍ ചാള, കോഴിക്കാല്‌ പായ്ക്കറ്റ്‌, സോസേജ്‌ തുടങ്ങിയ സാധനങ്ങള്‍ പുറത്തെടുത്ത്‌ വെള്ളത്തിലിട്ടു.

മധ്യകുറുമാന്‍ ബാഗില്‍ നിന്നും, അന്നു വാങ്ങികൊണ്ടു വന്ന രണ്ടു കുപ്പി സ്കോച്ചേട്ടന്‍ എടുത്ത്‌ മേശപുറത്തു വച്ചു.

കുപ്പി കണ്ടതും, വെളുത്ത വാവിലെ ചന്ദ്രനെപോലെ, എന്റെ മുഖം മൊത്തമായും തെളിഞ്ഞു. വന്നിട്ടൊരാഴ്ചയായീട്ട്‌ കള്ളിന്റെ ഒരു തുള്ളിപോലും,ദാഡാ കുടിച്ചോന്ന് പറഞ്ഞിട്ടൊരുപദേശിയും എനിക്ക്‌ തന്നിട്ടുണ്ടായിരുന്നില്ല. എന്തിനുപദേശി, എന്റെ സ്വന്തം ചേട്ടന്‍ പോലും!

കുപ്പി കണ്ടതും, ഫാസ്റ്റ്‌ ഫോര്‍വേര്‍ഡടിച്ചതുപോലെ, കുക്കുമ്പറും, സബോളയും, തക്കാളിയും, അരിഞ്ഞ്‌, പാകത്തിനുപ്പുമിട്ട്‌, നാരങ്ങ പിഴിഞ്ഞ സാലഡും,നാടന്‍ മിക്ചറിട്ട പ്ലെയിറ്റും ഗ്ലാസുകളും മേശമേല്‍ എപ്പോള്‍ വന്നൂന്ന് വന്നവരും മധ്യകുറുമാനും അലോചിച്ചു നില്ക്കുന്നതിനിടയില്‍, കുപ്പിയുടെ കഴുത്ത്‌ പിരിച്ച്‌ ഞാന്‍ ഗ്ലും, ഗ്ലുമ്ന്ന് എല്ലാ ഗ്ലാസ്സിലേക്കും പെഗ്ഗളവില്‍ വിസ്കി ഊത്തി.

പണിചെയ്യുന്നതിലുള്ള എന്റെ കാര്യക്ഷമതയും, വേഗതയും, കണ്ട അതിഥികള്‍ അപ്പോള്‍ തന്നെ പറഞ്ഞു, എന്തൊരു ഊര്‍ജ്ജസ്സ്വലത, ഇവന്‍ രക്ഷപെടും.

വീകെന്റുപാര്‍ട്ടികള്‍ പലതു കഴിഞ്ഞു. എന്റെ സി വി ഫാക്സ്‌ ചെയ്യുവാന്‍ ഫാക്സ്‌ നമ്പര്‍ ഡയല്‍ ചെയ്ത്‌, ചെയ്ത്‌ മധ്യകുറുമാന്റെ ചൂണ്ടുവിരല്‍ കാല്‍ ഭാഗം തേഞ്ഞു.

ഇടക്കിടെ ഒരോരോ ഇന്റര്‍വ്യൂകാളുകള്‍ വരും, അറ്റന്റ്‌ ചെയ്യും, അവര്‍ ഉദ്ദേശിക്കുന്ന വേതനവും, ഞാന്‍ പ്രതീക്ഷിക്കുന്ന വേതനവും തമ്മില്‍ ശുദ്ധജാതകവും, പാപജാതകവും തമ്മിലുള്ള പോലെ ചേര്‍ച്ചക്കുറവ്‌ കാരണം എല്ലാം അലസിപോയി.

മാസം ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു, യു എ യിലെ ഒട്ടുമിക്ക കമ്പനികളിലും, എന്റെ സി വി ഒരു രണ്ടു മൂന്നു പ്രാവശ്യമെങ്കിലും എത്തിചേര്‍ന്നിരിക്കണം.

അങ്ങനെ വിസയെല്ലാം റിന്യൂ ചെയ്ത മൂന്നാം മാസത്തിന്റെ ആരംഭത്തില്‍ അജ്മാനില്‍ ഉള്ള ഒരു കൊറിയന്‍ കമ്പനിയില്‍ എനിക്ക്‌ ഒരു ജോലി കിട്ടി.

ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന ആള്‍ക്ക്‌ ഇംഗ്ലീഷ്‌ വാക്കുകകള്‍ കുറച്ചു മാത്രമറിയാം. എനിക്കാണെങ്കിലോ കുറച്ചു വാചകങ്ങളും, എന്തായാലും ഇന്റര്‍വ്യൂ ഗോദായില്‍ കൊറിയക്കാരനെ ഞാന്‍ മലര്‍ത്തിയടിച്ചു.

ഇന്റര്‍വ്യൂ കഴിഞ്ഞു,

വേതനം, വേതനം, കേളികൊട്ടുയരുന്ന വേതനം.

ടേബില്‍ളിന്നപ്പുറത്ത്‌ കൊറിയന്‍, ഇപ്പുറത്ത്‌ കുറുമാന്‍, രണ്ടു പേരും ചേര്‍ന്ന് പഞ്ചഗുസ്തിക്കാരെ പോലെ, അങ്ങോട്ടും ഇങ്ങോട്ടും വേതനത്തേല്‍ പിടിക്കാന്‍ തുടങ്ങി.

പഞ്ചഗുസ്തിക്കവസാനം, പ്രതീക്ഷിക്കുന്ന വേതനത്തില്‍ നിന്നും അമ്പത്‌ ശതമാനം ഡിസ്കൌണ്ട്‌ നല്‍കാം, അതില്‍ താഴെ ഒരു നയാഫില്‍സ്‌ കുറയില്ല എന്നു ഞാന്‍ തറപ്പിച്ചൊറപ്പിച്ച്‌ പറഞ്ഞപ്പോള്‍, കൊറിയന്‍ കൊടുക്കാമെന്നുദ്ദേശിച്ചതില്‍ നിന്നും ഇരുപതു ശതമാനം വര്‍ദ്ദനവ്‌ നല്‍കാനും തയ്യാറായതിന്നൊടുവില്‍ എനിക്ക്‌ ജോലി കിട്ടി. ആ കമ്പനിക്ക്‌ സമര്‍ത്ഥനായ ഒരു തൊഴിലാളിയേയും.

അന്നേക്കന്ന് ഞാന്‍ ഷാര്‍ജയിലുള്ള മധ്യന്റെ മുറിയില്‍ നിന്നും, എന്റെ സാധനസാമാഗ്രികള്‍ ചുമന്ന്, അജ്മാനിലെ കമ്പനി അക്കോമഡേഷനില്‍ എത്തി. എനിക്കായി അനുവദിച്ച എട്ടേ ബൈ ആറുള്ള വിശാലമായ മുറിയില്‍ പ്രവേശിച്ച്‌ ആടുന്ന ചപ്രമഞ്ചത്തില്‍ കിടന്നുറങ്ങി (ആട്ടുകട്ടിലല്ല, കാലിളകിയതുകാരണം കട്ടിലാടുന്നതാണ്‌).

താമസവും, ജോലിയും ഒരേ കോമ്പൌണ്ടിലായിരുന്ന കാരണം പിറ്റേന്ന് രാവിലെ എട്ട്‌ മണിക്ക്‌ ഞാന്‍ ഐശ്വര്യമായി ജോലിയില്‍ പ്രവേശിച്ചു. എന്തു സുഖം ട്രാവലിംഗ്‌ പ്രശ്നങ്ങള്‍ ഉദിക്കുന്നതേയില്ല.

പക്ഷെ, ഒന്നിനും, രണ്ടിനും, മെസ്സില്‍ പോയി ഞണ്ണാനും, കൊച്ചുവെളുപ്പാന്‍ കാലത്ത്‌ പോയി മൂന്നാലു മണിക്കൂര്‍ ഉറങ്ങാനുമല്ലാതെ ആ കോമ്പൌണ്ടില്‍ നിന്നും ഞാന്‍ വെളിയില്‍ പോയത്‌ പതിനൊന്നാം ദിവസം ജോലി രാജിവച്ചതിന്നു ശേഷം മാത്രമായിരുന്നു.

അഞ്ചുനേരം മൃഷ്ടാന്നം ഭോജിച്ച്‌ ഉണ്ടാക്കിയെടുത്ത അറുപത്തഞ്ചു കിലോ തൂക്കം പതിനൊന്നു ദിവസം കൊണ്ട്‌ പതിനൊന്നു കിലോ കുറഞ്ഞു.

കുറുമാന്‌, കൊറിയന്‍ ചെയ്തൊരു പണിയേ.

പതിനൊന്നു ദിവസത്തെ വേതനം എന്തായാലും, വേദനയോടെ എണ്ണിതരുമ്പോഴും, അവസാനശ്രമം എന്ന പോലെ കൊറിയന്‍ ചോദിച്ചു. പണിവിടാന്‍ തന്നെ തീരുമാനിച്ചോ, ഒന്നുകൂടെ ആലോചിച്ചിട്ട്‌ പോരെ.

അയ്യോ, ഇനിയും ഞാന്‍ ഇവിടെ പണിചെയ്താല്‍, ഞാന്‍ ചോരതുപ്പുമെന്നതിന്‌ സംശയം വേണ്ടേ വേണ്ട. എനിക്ക്‌ വയ്യായേ. ഞാന്‍ പൂവ്വ്വായേ.

വീണ്ടും സാധനസാമാഗ്രികളുമായി അജ്മാനില്‍ നിന്നും ഷാര്‍ജയിലേക്ക്‌. മധ്യകുറുമന്നൊരു താങ്ങായി (ഈ താങ്ങ്‌ മറ്റേ താങ്ങ്‌, ഏത്‌? കേട്ടിട്ടില്ലെ, അവനൊരു താങ്ങ്‌ താങ്ങെന്നൊക്കെ).

ആദ്യത്തെ വിസയുടെ കാലാവധി തീര്‍ന്ന്, ഞാന്‍ ഇറാനിലുള്ള്‌, കിഷ്‌ ദ്വീപില്‍ പോയി രണ്ടാമത്തെ വിസിറ്റില്‍ തിരിച്ചെത്തി.

വീണ്ടും ക്ലാസിഫൈഡുകോളങ്ങളില്‍ പതിഞ്ഞിരിക്കുന്ന അനന്തവും, അഞ്ജാതവുമായ ജോലിക്കുവേണ്ടിയുള്ള തിരിച്ചിലിന്റെ ദിനങ്ങള്‍.

പഴയതുപോലെ, ഇന്റര്‍വ്യൂകള്‍ പലതും അറ്റന്റ്‌ ചെയ്തു. എന്നെ തിരഞ്ഞെടുക്കുന്ന കമ്പനി എനിക്കിഷ്ടപെടുന്നില്ല, എനിക്കിഷ്ടപെടുന്ന കമ്പനി എന്നെ തിരഞ്ഞെടുക്കുന്നുമില്ല.

ഡെല്‍ ഹിയിലായിരുന്നെങ്കില്‍ ഈ സമയത്തിനുള്ളില്‍ പത്തു മുപ്പത്‌ മണി മണിപോലത്തെ ജോലി കിട്ടിയേനേന്ന് ഞാന്‍ മനസ്സിലോര്‍ത്തു. പെട്ടെന്നു തന്നെ ഞാന്‍ അതു തിരുത്തി. അത്‌ ഡെല്‍ ഹിയായിരുന്നെങ്കില്‍, ഇത്‌ സ്ഥലം യു എ ഇ, അപ്പോ ഇങ്ങനേം സംഭവിക്കാം.

പിന്നേം വാരങ്ങള്‍ കൊഴിഞ്ഞുവീണു, രണ്ടാമത്തെ വിസിറ്റ്‌ വിസയില്‍ വന്നിട്ട്‌ ഒന്നരമാസം കഴിഞ്ഞതു ഞാനറിഞ്ഞില്ല. പക്ഷെ ബാങ്കിലെ സ്റ്റേറ്റ്‌ മെന്റ്‌ നോക്കിയപ്പോള്‍ മധ്യകുറുമാന്‍ അറിഞ്ഞു.

വീട്ടില്‍ വന്നിട്ട്‌ കെട്ടുപ്രായം ആയിവരുന്ന പെണ്‍പിള്ളാരെ കാണുമ്പോള്‍, എട്യേ ശാന്തേ, നിന്റെ മോള്‌ പുര നിറഞ്ഞു നില്ക്കാന്‍ തുടങ്ങിയിട്ട്‌ കാലം കൊറേയായല്ലോ? ഇനിയും കല്യാണമൊന്നും ആയില്ലേന്ന് ചില പരട്ട തള്ളകള്‍ ചോദിക്കുന്നതുപോലെ, വീട്ടില്‍ വരുന്നവരും, വഴിയില്‍ വച്ചു കാണുന്നവരും, എന്നെ കാണുമ്പോള്‍, കുറുമാനേ പണിയൊന്നും ആയില്ല്യല്ലേന്ന് ചോദിക്കാനും തുടങ്ങി.

തോര്‍ത്ത്‌ മുണ്ട്‌ തലവഴിയിട്ടാതെ പുറത്തേക്കിറങ്ങാന്‍ പറ്റാത്ത അവസ്ഥ. അഥവാ ഇടാതെ പുറത്തേക്കിറങ്ങിയാല്‍, ഗ്രോസറിക്കാരന്‍, കഫറ്റേറിയക്കാരന്‍, തുടങ്ങി പല തവണ പല സ്ഥലത്തായ്‌ ഇന്റര്‍വ്യൂവിന്ന് പോകുവാനായ്‌ കയറിയിട്ടുള്ള ആധ്യതയുള്ള ടാക്സിക്കാരന്‍ പട്ടാണി വരെ ചോദിക്കും ഒന്നും ആയില്ല്യാല്ലെ?

ശവത്തില്‍ കുത്തല്ലേടാ അല്‍സേഷന്റെ മക്കളേന്ന് പറയാന്‍ പലപ്പോഴും, എന്റെ നാവ്‌ വളഞ്ഞപ്പോളും, എന്റെ അന്നധാതാവിനെയും, അവന്റെ റെപ്പ്യൂട്ടേഷനേയും ഓര്‍ത്ത്‌ എന്റെ സ്പീക്കര്‍ ഞാന്‍ മ്യൂട്ട്‌ ചെയ്യും.

ഓരോരോ ധാന്യത്തിലും, അതു കഴിക്കാന്‍ വിധിക്കപെട്ടവന്റെ പേര്‌ മൂത്താശാരി കൊത്തിവച്ചിരിക്കും എന്ന ചൊല്ലുപോലെ, ഓരോരോ ജോലിയ്ക്കും, അത്‌ ചെയ്യാന്‍ വിധിക്കപെട്ടവന്റെ പേരും കൊത്തി വച്ചിരിക്കണം. കാരണം, അന്നുച്ചക്ക്‌ ഒരു ജര്‍മ്മന്‍ കമ്പനിയില്‍ നിന്നും, ഫോണ്‍ വന്നു, ഇം പോര്‍ട്സ്‌ ആന്റ്‌ എക്സ്പോര്‍ട്സ്‌ ഡോക്യുമെന്റേഷന്‍ എല്ലാം വശമുണ്ടൊ എന്ന് ചോദിച്ചപ്പോള്‍, ഇന്ത്യയില്‍ ഏഴെട്ടു വര്‍ഷത്തെ എക്സ്പീരിയന്‍സ്‌ കൈമുതലായുണ്ട്‌. ഇവിടെ ഇല്ല്യാന്ന് സി വി നോക്കിയാല്‍ അറിയാമല്ലോ എന്നു പറഞ്ഞപ്പോള്‍, എന്തായാലും, നാലുമണിക്ക്‌ ഇന്റര്‍വ്യൂവിന്ന് വാടാ ചെക്കാന്ന് ആ ഇംഗ്ലീഷുകാരന്‍ എന്നോട്‌ പറഞ്ഞു.

പതിവുപോലെ, പ്രതീക്ഷകളൊന്നുമില്ലാതെ ഫയലുമെടുത്ത്‌ അവരുടെ ഓഫീസ്സില്‍ പോയി. അവിടെ ചെന്നു കയറിയപ്പോള്‍, എമ്പ്ലോയ്‌മന്റ്‌ എക്സ്ചേഞ്ചില്‍ പേരു റെജിസ്റ്റര്‍ ചെയ്യാന്‍ നില്ക്കുന്ന ആളുകളുടെ വരി പോലെ, ആളുകള്‍ വരി വരിയായി നില്ക്കുന്നു (വേണമെങ്കില്‍ സൌകര്യം പോലെ കുറച്ച്‌ കുറക്കാം).

തെറിയും, സോറി, തിയറിയും, പ്രാക്റ്റിക്കലും, എല്ലാം കഴിഞ്ഞപ്പോള്‍, ടൈപ്പിംഗ്‌ സ്പീഡ്‌ ടെസ്റ്റ്‌ ചെയ്യണമെന്ന്.

അയ്യോ, പാവങ്ങള്‍ക്കറിയ്യോ, ആദിയും, ഡൊമിനിയും എനിക്കിട്ടിരുന്ന കുറ്റപേര്‍ റ്റൈപ്പും ഭൂതം/പരത്തും ഭൂതം എന്നായിരുന്നു(റ്റൈപ്‌ റൈറ്ററായാലും, കീബോര്‍ഡായാലും, കണ്ടാല്‍ എനിക്ക്‌ പ്രാന്താ.....ഷോര്‍ട്‌ ഹാന്റിലെഴുതുന്ന അത്ര സ്പീഡില്‍ ഞാന്‍ റ്റൈപ്പ്‌ ചെയ്യും അതിനാല്‍ റ്റൈപ്പും ഭൂതം എന്ന പേരും, ചപ്പാത്തി പര്‍ത്തുന്നതിലുള്ള സ്പീഡ്‌ കാരണം പരത്തും ഭൂതം എന്നും പേര്‍ വീണു).

സായിപ്പൊരു പേപ്പ്പ്പര്‍ എടുത്ത്‌ തന്നിട്ട്‌ എന്നോട്‌ ഒരു പാരഗ്രാഫടിക്കാന്‍ പറഞ്ഞ്‌ ആളു പുറത്തു പോയി അഞ്ചുമിനിട്ട്‌ കഴിഞ്ഞു വന്നപ്പൊള്‍ ഞാന്‍ റ്റൈപ്പ്‌ ചെയ്യാതെ വെറുതെ ഇരിക്കുന്നത്‌ കണ്ടിട്ട്‌ എന്തു പറ്റി എന്ന ചോദ്യത്തിന്ന്, സാറെ പാരഗ്രാഫല്ല പേപ്പര്‍ മൊത്തമായും അടിച്ചു കഴിഞ്ഞിട്ട്‌ ഒന്നര മിനിട്ടായി എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം മോണിറ്ററില്‍ വന്നൊന്ന് വായിച്ചു നോക്കി. പിന്നെ മഞ്ഞ പല്ലുകള്‍ മുഴുവന്‍ വെളിയില്‍ കാട്ടി കുലുങ്ങി കുലുങ്ങി ചിരിച്ചു.

എന്താവോ, ഇയാളിങ്ങനെ ചിരിക്കണേന്നൊരുപിടിയും കിട്ടാണ്ടങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കുമ്പോള്‍ ആ നല്ല മനുഷ്യന്‍ പറഞ്ഞു യു ആര്‍ സെലക്റ്റഡ്‌ കുറുമാന്‍.

ജസ്റ്റ്‌ വെയ്റ്റ്‌ ഔട്‌ സൈഡ്‌, ലെറ്റ്‌ മി ഇന്റര്‍വ്യൂ ദി റസ്റ്റ്‌ ഓഫ്‌ ദ കാന്റിഡേറ്റ്‌ സ്‌, ഫോര്‍ എ ഫോര്‍മാലിറ്റി.

പുറത്ത്‌ രാമനാമം ജപിച്ച്‌ ഏകദേശം ഒരു മണിക്കൂറോളം കാത്തിരുന്നപ്പോളും, ഉള്ളിലുള്ള ഒരേ ഒരു പ്രാര്‍ത്ഥന റ്റൈപ്പും ഭൂതത്തിനെ വെല്ലാന്‍ മറ്റൊരു പിശാചും ഈ ആള്‍ക്കൂട്ടത്തിന്നിടയിലുണ്ടാകല്ലേന്ന് മാത്രമായിരുന്നു.

എന്തായാലും, എന്റെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട്‌ അവസാനത്തെ കാന്റിഡേറ്റും പുറത്തുപോയപ്പോള്‍ ഞാന്‍ ശ്വാസം ഒന്നുള്ളിലേക്കാഞ്ഞു വലിച്ച്‌ പുറത്തേക്ക്‌ വിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ സായിപ്പ്‌ എന്നെ വിളിച്ച്‌ ആളുടെ കേബിനില്‍ കയറി.

പഞ്ച ഗുസ്തി പിടിക്കാനായിരിക്കുമെന്ന് പറയാതെ തന്നെ മനസ്സിലായി.

അകത്തു കയറി ഇരുന്ന ഉടനെ, എന്നോടൊരു ചോദ്യം, എത്ര പ്രതീക്ഷിക്കുന്നു.

തിളച്ച വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നു പറഞ്ഞപോലെ, കൂട്ടി പറയാന്‍ ഒരു പേടി, എന്നാലും, ഞാന്‍ പ്രതീക്ഷിക്കുന്ന ശമ്പളം പറഞ്ഞതിനൊപ്പം തന്നെ, പതിഞ്ഞ ശബ്ദത്തില്‍ അല്‍പസ്വല്‍പം അഡ്ജസ്റ്റ്‌ ചെയ്യാമെന്ന് കൂടി പറഞ്ഞു.

കുറുമാന്‍, യു ആര്‍ വെരി ടാലന്റഡ്‌ മാന്‍!!!

സായിപ്പിലും പൊട്ടനുണ്ടല്ലേന്നാണ്‌ എനിക്കാദ്യം മനസ്സില്‍ തോന്നിയത്‌. പിന്നീട്‌ അതു തിരുത്തി, ആനക്കതിന്റെ വിലയറിയില്ലാന്നാക്കി മാറ്റി. അല്‍പം കുനിഞ്ഞിരുന്നിരുന്ന ഞാന്‍ നെഞ്ചുവിരിച്ചൊന്നുയര്‍ന്നിരുന്നു.

വി വില്‍ പേ യു 0000. എന്റമ്മേ....സ്വപ്നത്തില്‍കൂടി വിജാരിക്കാത്ത വേതനമോ. എന്റെ തുടയില്‍ ഞാന്‍ ഒന്നു നുള്ളി നോക്കി. വേദനിക്കുന്നുണ്ട്‌. കുഷ്ഠമില്ല, സ്വപ്നവുമല്ല.

അപ്പോള്‍ തന്നെ, അപ്പോയ്‌മന്റ്‌ ലെറ്റര്‍ അടിച്ച്‌ സൈന്‍ ചെയ്ത്‌ കയ്യില്‍ തന്ന്‌ ശനിയാഴ്ച മുതല്‍ ജോയിന്‍ ചെയ്യാനും പറഞ്ഞു.

സന്തോഷാശ്രുക്കള്‍ എന്റെ കണ്ണില്‍ പൊടിഞ്ഞു, ഒരു നിമിഷം, എന്റെ അമ്മയേയും, അച്ഛനേയും, ആദിയേയും, മധ്യനേയും, മദ്യത്തേയും, ഞാന്‍ മനസ്സിലോര്‍ത്തു.

മുറിയില്‍ എത്തി മധ്യനെ വിളിച്ച്‌ കാര്യം പറഞ്ഞു, പിന്നെ അമ്മയേയും, അച്ഛനേയും, ആദിയേയും വിളിച്ചു. എല്ലാവരും ഹാപ്പി.

വൈകുന്നേരം, ഫ്ലാറ്റുകാരും, കൂട്ടുകാരും കൂടി ആവശ്യത്തിനാര്‍മാദിച്ചു.

ശനിയാഴ്ച കുളിച്ചൊരുങ്ങി ഓഫിസില്‍ പോയി ജോയിന്‍ ചെയ്തു. ഒരാഴ്ചക്കകം പണി അഠിച്ചു. സമര്‍ത്ഥനായി. പഴയ ഓഫീസുകളിലെന്ന പോലെ, ഓഫീസിന്റെ അവിഭാജ്യഘടകമായി.

മാസങ്ങള്‍ കടന്നു പോയി, പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ട്‌ ഏഴെട്ടുമാസം കഴിഞ്ഞു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിലെ ഒരു ഡിസംബര്‍ മാസം. റമദാന്‍ മാസം, പുണ്യ മാസം.

അറബിനാട്ടിലെങ്ങും, നോമ്പിന്റെ കാലം, പകലെങ്ങും പബ്ലിക്കായി ഭക്ഷണം കഴിക്കുകയോ, എന്തിന്‌ വെള്ളം കുടിക്കുകയോ ചെയ്യാന്‍ പാടില്ലാത്ത കാലം. ഗര്‍ഭിണികള്‍ക്കും, കുട്ടികള്‍ക്കും ഇത്‌ ബാധകമല്ല. പക്ഷെ പ്രായപൂര്‍ത്തിയായവര്‍ ചെയ്താല്‍ കട്ടപൊക.

പോലീസ്‌ കണ്ടാല്‍ പിടിച്ചുള്ളില്‍ കൊണ്ടു പോയി, കൂട്ടിലിട്ടാല്‍ വൈകുന്നേരം, നൊയമ്പു തുറക്കുമ്പോള്‍ പുറത്തുവിടും, വിടാന്‍ നേരം, നല്ലൊരു തുക പിഴയായി ഒടുക്കാന്‍ പറഞ്ഞ്‌, ഒടുക്കത്തെ ഒരു രസീതും തരും. ആയതിനാല്‍ പകലോന്‍ ഉദിച്ചു കഴിഞ്ഞസ്തമിക്കുന്നതു വരെ, വയറിന്റെ കാര്യം മഹാ കഷ്ടം.

പക്ഷെ ഡ്യൂട്ടി സമയം സാധാരണ സമയത്തേക്കാല്‍ മൂന്നു മണിക്കൂര്‍ കുറവ്‌.

ഞങ്ങളുടെ ഓഫീസ്‌ സമയം രാവിലെ എട്ടു മുതല്‍ രണ്ട്‌ വരേ മാത്രം. അതു കഴിഞ്ഞാല്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചുറക്കം (ഇതിന്നിടയില്‍ ഞാന്‍ മധ്യകുറുമാന്റെ മുറിയില്‍ നിന്നും മറ്റു സുഹൃത്തുക്കളുടെ മുറിയിലേക്ക്‌ മാറിയിരുന്നു).

റമദാന്‍ മാസങ്ങളില്‍ രാത്രികാലം ഉത്സവം പോലേയാണ്‌. എങ്ങും തോരണങ്ങളും, വര്‍ണ്ണ വെളിച്ചങ്ങളും നാട്ടിയിരിക്കും. രാത്രി മുഴുവന്‍ തീറ്റ, കുടി, പകലുറക്കം, ഇതാണ്‌ ഞങ്ങളടക്കം മിക്കവരുടേയും പരിപാടി.

അങ്ങനെ ആ റമദാന്‍ കാലത്ത്‌, ഇവിടുത്തെ ഒരേ ഒരു ടെലിക്കമ്യൂണിക്കേഷന്‍ കമ്പനിയായ എത്തിസലാത്ത്‌ ഷാര്‍ജ കോര്‍ണിഷില്‍ ഒരു ടെന്റിട്ട്‌ ഇന്റര്‍നെറ്റ്‌ കണക്ഷനോടുകൂടിയ പത്തിരുന്നൂറു കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കുകയും, ജനങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റിനെ കുറിച്ചും, അതിന്റെ അനന്തമായ സാധ്യതകളേകുറിച്ചും വിവരിച്ച്‌ ടെന്റിലേക്ക്‌ കയറ്റികൊണ്ടുപോയി, ഫ്രീയായി ബ്രൌസ്സ്‌ ചെയ്യുവാന്‍ പഠിപ്പിക്കുകയും, ആവശ്യമുള്ളവര്‍ക്ക്‌ ഇന്റര്‍നെറ്റ്‌ കണക്ഷനും ഫ്രീയായി നല്‍കാന്നും തുടങ്ങി.

ഉച്ചയുറക്കം കഴിഞ്ഞെഴുന്നേറ്റ്‌, വെറുതേയിരുന്ന് പ്രാന്തായ ഞങ്ങള്‍ നടന്ന് നടന്ന് കോര്‍ണിഷിലെത്തിയപ്പോള്‍ വര്‍ണ്ണശബളമായ ടെന്റു കണ്ടും, അവരുടെ വിവരണം കേട്ടും ഇന്റര്‍നെറ്റില്‍ ആകൃഷ്ടരാവുകയും, നോമ്പുകാലമായ ഒരു മാസക്കാലം തുടര്‍ച്ചയായ്‌ ടെന്റില്‍ പോയി ബ്രൌസു ചെയ്ത്‌, ചെയ്ത്‌ ഈയുള്ളവന്‍ ചാറ്റിങ്ങിനടിക്ഷന്‍ ആകുകയും, നൊമ്പുകഴിഞ്ഞ്‌ പെരുന്നാള്‍ വന്നപ്പോള്‍ എത്തിസലാത്ത്‌, സര്‍ക്കസുകാര്‍ പോകുന്നതുപോലെ, ടെന്റഴിച്ച്‌ അവനവന്റെ പാട്ടിനുപോകുകയും ചെയ്തപ്പോള്‍, ചാറ്റിങ്ങിനടിക്ഷനായ ഞാന്‍ അതോടുകൂടി, മയക്കുമരുന്നിനഡിക്റ്റായവന്‌ മയക്കുമരുന്നു കിട്ടാതായാലുള്ള സ്ഥിതിയിലാകുകയും ചെയ്തു.

എന്റെ ഓഫീസില്‍ ബോസ്സിന്റെ കമ്പ്യൂട്ടറില്‍ മാത്രമാണന്ന് ഇന്റര്‍നെറ്റ്‌ ഉണ്ടായിരുന്നത്‌. കൂടാതെ ഇന്നത്തെ പോലെ, ബ്രൌസ്സിംഗ്‌ സെന്ററുകളും അന്നുണ്ടായിരുന്നില്ല. ചാറ്റ്‌ ചെയ്യാതെ, ചെയ്യാതെ, എന്റെ വിശപ്പും, ദാഹവും, ഉത്സാഹവും അസ്തമിച്ചു.

പെരുന്നാള്‍ കഴിഞ്ഞതും,എത്തിസലാത്തില്‍ പോയി ഞാന്‍ ഫ്രീയായി ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തു. പക്ഷെ വീട്ടില്‍ കമ്പ്യൂട്ടറില്ലല്ലോ. എന്തു ചെയ്യും?

ആലോചനക്കൊടുവില്‍ ഐഡിയ കിട്ടി. ഓഫീസിലെ എന്റെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം, പക്ഷെ ഫോണ്‍ കണക്ഷനെന്തു ചൊയ്യും? അതിനും കിട്ടി ഐഡിയ, കമ്പനിയിലെ ഫാക്സ്‌ ഇരിക്കുന്നത്‌ എന്റെ ടേബിളിന്നടുത്താണ്‌. ചാറ്റു ചെയ്യാന്‍ തോന്നുമ്പോള്‍, ഫാക്സ്‌ ലൈന്‍ ഊരി പതുക്കെ എന്റെ കമ്പ്യൂട്ടറില്‍ കുത്താം, ആവശ്യം കഴിഞ്ഞാല്‍ ഫാക്സില്‍ തിരിച്ചു കണക്റ്റു ചെയ്യാം. എന്റെ ഒരു കാര്യമേ!! ഐഡിയക്കൊരു പഞ്ഞവുമില്ല. എന്റെ ബുദ്ധിയേകുറിച്ചോര്‍ത്ത്‌ ഞാന്‍ പുളകം കൊണ്ടു.

അങ്ങനെ പിറ്റേന്നു മുതല്‍ ചാറ്റാന്‍ മുട്ടുമ്പോള്‍, ഫാക്സ്റ്റിന്റെ വയറൂരി കമ്പ്യൂട്ടറില്‍ കുത്തി ഞാന്‍ എം എസ്‌ എന്നിലും, യാഹൂവിലും, കേരള ഡോട്ട്‌ കോമിലും, പിന്നെ ആല്‍തൂ ഫാല്‍തൂ സൈറ്റുകളിലും വെറുതെ കയറിയിറങ്ങി തേരാ പാരാ നടന്നു. എന്തൊരുന്മേഷം, എന്തൊരാനന്ദം.

സ്ഥിരമായ ഒരു ലക്ഷ്യം ഇല്ലാതിരുന്നതിനാല്‍ ചാറ്റിംഗ്‌ വെറും ഒരു സമയം കൊല്ലിമാത്രമായിരുന്ന ദിനങ്ങള്‍.

ചാറ്റുന്നതിനിടെ ഇടക്കിടെ കസ്റ്റമേഴ്സിന്റെ ഫോണ്‍ കോളുകള്‍ വരും. ഹലോ, എന്താ നിങ്ങളുടെ ഫാക്സ്‌ വര്‍ക്ക്‌ ചെയ്യുന്നില്ലേ, ഒരു മണിക്കൂറിലതികമായല്ലോ ട്രൈ ചെയ്യുന്നത്‌?

ഏയ്‌, അതു വര്‍ക്കു ചെയ്യുന്നുണ്ടല്ലോ. ഓര്‍ഡറുകള്‍ തെരു തെരേയായി വരുന്നതുകൊണ്ട്‌ ലൈന്‍ ബിസിയായതാ, ഇപ്പോല്‍ ഫ്രിയാണല്ലോ. ഒന്നു ട്രൈ ചെയ്തു നോക്കൂ. വേഗം കണക്ഷന്‍ തിരികെ കൊടുത്ത്‌ ഒന്നുമറിയാത്തവനെപോലെ ഞാന്‍ ഇരിക്കും.

അങ്ങനെ ദിവസങ്ങള്‍ പണിചെയ്തും, ചാറ്റിയും ഇരിക്കുന്നതിനിടയില്‍, എം എസ്‌ എന്‍ ന്റെ ചാറ്റുംകുളത്തില്‍, കോഴികുടല്‍ കോര്‍ത്ത എന്റെ ചൂണ്ടയുമിട്ട്‌ മീനെ പിടിക്കാന്‍ ഇരിക്കുന്നതിനിടയില്‍ ഒരു പാറ്റിയ ബ്രാല്‍ കൊത്തി.

പേര്‌ : മേരി.
സ്ഥലം : ഓഹിയോ (അതൊ ഓഹയാവോ?), യു എസ്‌ എ.
പ്രായം : മധുര മുപ്പത്തൊമ്പത്

കൊള്ളാം, സംസാരത്തില്‍ നല്ല കുലീനത.

എനിക്ക്‌ വയസ്സ്‌ ഇരുപത്തിയാറ്‌. പ്രായമിത്തിരിയേറിയാലെന്താ, സ്ഥലം അമേരിക്കയല്ലെ. കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ തയ്യാര്‍.

പിന്നീടു വന്ന ദിനങ്ങള്‍ ഫാക്സ്‌ എന്‍ഗേജിന്റേതു മാത്രമായിരുന്നു.

ഇടക്കിടെ, വല്ലപ്പോഴും മാത്രം ഫാക്സിനു ജീവന്‍ കിട്ടും. ആ സമയത്ത്‌ ഇടവപ്പാതി പെയ്യുന്നതുപോലെ ഫാക്സ്‌ മഴ. ഈ ഫാക്സ്‌ വരുന്നത്‌ വെറും ഫാക്സല്ല, കമ്പനിയുടെ മാംസവും, രക്തവുമായ ഓര്‍ഡറുകളാണ്‌. അതേ ഓര്‍ഡറുകള്‍ പ്രൊസസ്സ്‌ ചെയ്തതില്‍ നിന്നും കിട്ടുന്ന കമ്മീഷനാണ്‌ ഞാനടക്കം ഉള്ളവരുടെ ശമ്പളമായി വരുന്നതെന്ന കാര്യം ഞാന്‍ മനപ്പൂര്‍വ്വം മറന്നു.

മേരി മേരാ ജീവന്‍ ആയി തീര്‍ന്നിരുന്നതു തന്നെ കാരണം.

ഞങ്ങളുടെ പ്രേമ കുരു കുത്തിയിരുന്നത്‌, മുളച്ചു,വളര്‍ന്നു, വലുതായി. മാസങ്ങള്‍ രണ്ട്‌ കഴിഞ്ഞു.

അങ്ങനെ ഒരു ദിവസം ചാറ്റിങ്ങിനിടയില്‍ ഒരു സീരിയസ്സായ കാര്യം പറയാനുണ്ട്‌. മുന്‍പ്‌ പറയാതിരുന്നതില്‍ പിണങ്ങരുത്‌ ചക്കരേന്നും പറഞ്ഞിട്ട്‌ മേരി പറഞ്ഞ കാര്യം കേട്ട്‌ ഞാന്‍ വെട്ടി വിറച്ചു.

അവള്‍ ഡൈവോര്‍സിയാണെന്നും, അവള്‍ക്കൊരു മകനുണ്ടെന്നും.

ആദ്യം ദ്വേഷ്യം തോന്നിയെങ്കിലും, അമേരിക്കയിലെത്താന്‍ ഒരു മകനല്ല, രണ്ടോ, മൂന്നോ മക്കളുണ്ടെങ്കിലും സാരമില്ല എന്നൊരവസ്ഥയിലേക്ക്‌ ഞാന്‍ പെട്ടെന്നു തന്നെ എത്തി.

അതിനെന്താ മുത്തേ? നല്ല കാര്യമല്ലെ. എനിക്കു നിന്നോട്‌ ദ്വേഷ്യം തീരെയില്ലാന്നു മാത്രമല്ല, ഇപ്പോള്‍ സ്നേഹം കുറച്ചു കൂടി കൂടി.

ഐ ലവ്‌ യു. ഉമ്മ.....

ഐ ലവ്‌ യു സോ മച്ച്‌ കുര്‍മാന്‍. യു ആര്‍ മൈ ലൌവ്‌ ആന്റ്‌ ലൈഫ്‌. ഐ ജസ്റ്റ് കാണ്ട് ലീവ് വിതൌട്ട് യു. അവളുടെ ഹൃദയത്തില്‍ നിന്നും പ്രേമം നിറഞ്ഞ്, കര കവിഞ്ഞൊഴുകി.

പിന്നീടുള്ള ദിനങ്ങളില്‍ അവള്‍ ദിവസത്തില്‍ ഒരു നാലു തവണയെങ്കിലും എന്നോട്‌ ഫോണില്‍ സംസാരിക്കും. അവള്‍ മാത്രമല്ല അവളുടെ അമ്മയും. അവളുടെ ശബ്ദം കിളിനാദം പോലെയെനിക്കു തോന്നി.

ഞാന്‍ വീട്ടില്‍ കമ്പ്യൂട്ടര്‍ വാങ്ങി. രാത്രി മേരിയുമാറ്റി ചാറ്റിംഗ്‌ തുടങ്ങിയാല്‍ ചിലപ്പോളത്‌ പുലരും വരെ നീളും. പ്രേമത്തിന്റെ ഓരോ കളികളേ!


എനിക്കായി പതിനെട്ടു കാരറ്റിന്റെ സ്വര്‍ണ്ണമാലയും എന്റെ പേരിന്റെ ആദ്യാക്ഷരം കൊത്തിയ ലോക്കറ്റും മേരി എനിക്ക്‌ കൊരിയറായയച്ചു തന്നു.

മേരിയുടെ കയ്യും പിടിച്ച്‌ ഓഹിയോവിലെ സ്റ്റ്രീറ്റിലൂടെ നടക്കുന്നത്‌ ഞാന്‍ പല രാത്രികളിലും സ്വപ്നം കണ്ടു.

ഫാക്സ്‌ വരാതെ ബിസിനസ്സ്‌ തളര്‍ന്നപ്പോള്‍ എന്റെ പ്രേമം വളര്‍ന്നു പടര്‍ന്നു പന്തലിച്ചു.

അങ്ങനെ ഒരു ദിവസം ഉച്ചക്ക്‌ ഊണുകഴിഞ്ഞ്‌ ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍, ബോസ്‌ എന്നെ ക്യാബിനില്‍ വിളിച്ചൊരു കവര്‍ തന്നു.

ഇന്‍ക്രിമെന്റായിരിക്കുമെന്ന് കരുതി കവര്‍ തുറന്ന ഞാന്‍ ഞെട്ടിപ്പോയി.

അതിന്റെ ഉള്ളില്‍ എനിക്കുള്ള ടെര്‍മിനേഷന്‍ ലെറ്ററായിരുന്നു. വിത്‌ ഇമ്മീഡിയറ്റ്‌ അഫക്റ്റ്‌!

എന്റമ്മേ.......മേരിയുടെ പേരൊന്നു മാറ്റിയാലോന്ന് വരെ ഞാന്‍ ആ നിമിഷം ആലോചിച്ചു.

പണി പോയാല്‍ പുല്ല്. എനിക്കെന്റെ മേരിയുണ്ടല്ലോ. ഈ മരുഭൂമിയില്‍ തനിച്ചിങ്ങനെ കഷ്ടപെട്ട്‌ ജോലി ചെയ്യേണ്ട ആവശ്യം എനിക്കില്ല. അമേരിക്കക്ക്‌ എത്രയും പെട്ടെന്നു പോകുക . എന്റെ മേരിയുമൊത്ത് സുഖമായി ജീവിക്കുക. അത്ര തന്നെ.

അന്നു രാത്രി മേരിയുമായി ചാറ്റ്‌ ചെയ്യുമ്പൊല്‍ പണിപോയ കാര്യം ഞാന്‍ പറഞ്ഞു. അതിനെന്താ, നിന്നെ അമേരിക്കയില്‍ ഞാന്‍ കൊണ്ടുവരാം സ്വീറ്റ്‌ ഹാര്‍ട്ട്‌, എത്രയും പെട്ടെന്നു തന്നെ.

എന്റെ ദേഹം പിന്നേയും കുളിരുകോരി. മേരി അടുത്തുണ്ടായിരുന്നെങ്കില്‍, അവളെ എന്റെ കൈകളില്‍ കോരി ഞാന്‍ പമ്പരം കറങ്ങുന്നതുപോലെ കറങ്ങിയേനെ.

ഡൈവോഴ്സിയായെങ്കിലെന്ത്‌? ഒരു മകനുണ്ടെങ്കിലെന്ത്‌? അവള്‍ക്കെന്നോടുള്ള സ്നേഹത്തിന്റെ ആഴമല്ലെ പ്രധാനം?

ചാറ്റിങ്ങിനിടയില്‍ പണ്ടു വന്നതുപോലെ വീണ്ടും ഒരു വാചകം.

ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ പിണങ്ങരുത്‌. പ്ലീസ്‌. ഞാന്‍ മുന്‍പേ പറയണമെന്നു കരുതിയതാണ്‌. എന്റെ അമ്മയും, മകനും പറഞ്ഞു പറയേണ്ട. പിന്നീടു പറയാമെന്ന്. പക്ഷെ ഇനിയും നിന്നില്‍ നിന്നും അതെനിക്കൊളിച്ചു വക്കാനാകില്ല ഹണീ.

പറയട്ടെ.....

പറയു സുന്ദരീ,എന്റെ പ്രാണേശ്വരി

എന്റെ മോനൊരു മോളുണ്ട്‌.

എന്ത്‌?

യെസ്‌, എന്റെ മോന്റെ വിവാഹം കഴിഞ്ഞു, അവനൊരു മകളുമുണ്ട്‌.

“മേരി മുത്തി“യുടെ അവസാന വാചകം വായിച്ചപ്പോള്‍, പെട്ടെന്ന് എനിക്ക്‌ നെഞ്ചിലൊരു വേദന വന്നു. കസേരയിലേക്ക്‌ ഞാന്‍ ചാഞ്ഞിരുന്നു. മുന്നിലെ മോണിറ്ററിലെ വെളിച്ചം മങ്ങി മങ്ങി ഇല്ലാതായി.

Monday, June 26, 2006

ഇന്നേക്ക്‌ കഷ്ടാഷ്ടമി

ഇടക്കിടെ പെര്‍മനന്റായി(?) നാട്ടില്‍ വരുന്നത്‌ പെരിയ കുറുമാന്റെ ഒരു ഹോബിയായിരുന്നു. ഇത്തവണയും, പതിവുപോലെ പെര്‍മനന്റായി അമ്പാസിഡറില്‍, പെട്ടി, കിടക്ക തുടങ്ങിയ സ്ഥിരം സാധനങ്ങള്‍ കുത്തിനിറച്ച്‌ വന്നിട്ട്‌ ആഴ്ച രണ്ടു കഴിഞ്ഞു. ഇനി തിരിച്ച്‌ എങ്ങോട്ടും പോകുന്നില്ലെന്ന് ദിവസം മൂന്നു നേരം, ആന്റിബയോട്ടിക്ക്‌ കഴിക്കുന്നതുപോലെ, ഉണ്ണുന്നതിന്നു മുന്‍പോ, ഉണ്ട ശേഷമോ പെരിയോന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞതില്‍ നിന്നും, അച്ഛന്‍ ഇനി ഒരു യാത്ര ചെയ്യാന്‍ വഴിയില്ല എന്നു തന്നെ ഞാന്‍ ഉറപ്പിച്ചു.

കാലാട്ടി രസിച്ചിരുന്ന എന്റെ കാലാട്ടല്‍ നിര്‍ത്തി, മര്യാദക്ക്‌ ഒരു ജോലി ചെയ്ത്‌, ആടാത്ത കാലില്‍ നിവര്‍ന്നു നില്ക്കാനായ്‌ നല്ല ബുദ്ധി തോന്നണേന്ന്, തെച്ചികാട്ടു ഭഗോതിക്ക്‌, അമ്മ കുറുമി വഴിപാടുകള്‍ ചെയ്ത്‌ ചെയ്ത്‌, മുടക്കിയ കാശാല്‍, അമ്പലത്തിലെ ശാന്തിക്കാരന്‍, പറമ്പ്‌ വാങ്ങിയതില്‍, ആയിരത്തി അഞ്ഞൂറ്‌ സ്ക്വയര്‍ ഫീറ്റില്‍ വീടു പണി തുടങ്ങിയ കാലം.

രാവിലെ കാലാട്ടല്‍ കര്‍മ്മം കഴിഞ്ഞ്‌, ബ്രേക്ക്‌ ഫാസ്റ്റ്‌, ഫാസ്റ്റായടിച്ച്‌, ഉച്ചക്ക്‌ അതിരപിള്ളി വെള്ളച്ചാട്ടത്തിന്റരികത്തിരുന്ന് വെള്ളമടിച്ച്‌ ഒഴിവുസമയം ആനന്ദകരമാക്കാം എന്ന് തലേ ദിവസം കൂട്ടുകാരുമൊത്ത്‌ തീരുമാനിച്ചിരുന്നതിനാല്‍, കൈയ്യും കഴുകി, അമ്മേ പോട്ടേ, ചില്ലറ വല്ലതും മൊത്തമായും താ എന്ന് പറയാന്‍ വായ തുറന്നതും, ചുമരേലിരുന്ന പല്ലി എന്റെ തലയില്‍ വീണതിന്റെ ഷോക്കില്‍ തലകുടഞ്ഞപ്പോള്‍ പല്ലി താഴേക്കും വീണൂന്ന് മാത്രമല്ല, അത്‌ വാലാട്ടി അതിന്റെ വഴിക്ക്‌ മന്ദം മന്ദം ഓടിയും, ഇഴഞ്ഞും പോയപ്പോഴും, എന്താ സംഭവിച്ചേന്നറിയാണ്ട്‌ ഞാന്‍ വായും പൊളിച്ചു നിന്നു.

അപ ശകുനം. അപ ശകുനം. കാര്യം മുടങ്ങുമെന്നുള്ളതിന്നു സംശയം വേണ്ടേ വേണ്ടാ.

അമ്മേ പോട്ടേ, ചില്ലറ വല്ലതും മൊത്തമായും താ എന്നുള്ള ഡയലോഗ്ഗ്‌ റിവൈന്‍ഡ്‌ ചെയ്ത്‌ പ്ലേ ചെയ്തതും, മരണമണി പോലെ ഫോണ്‍. ക്ണിംക്ണിം, ക്ണിംക്ണിം.

ക്ണിംക്ണിം, ക്ണിംക്ണിമ്മിന്റിടയില്‍ പൈസക്കുവേണ്ടിയുള്ള എന്റെ അലമുറ അലിഞ്ഞലിഞ്ഞില്ലാതായീന്ന് മാത്രമല്ല, ഫോണില്‍ സംസാരിക്കുകയായിരുന്ന അമ്മയുടെ ശബ്ദം ഉയര്‍ന്നുയര്‍ന്നു വന്നതിന്നൊടുവില്‍,

ഡാ ഓടിവാടാ, ചേട്ടനാ.

ഏയ്‌, അമ്മക്ക്‌ ചേട്ടനൊന്നുമില്ലല്ലോ, പിന്നെയിതേതുചേട്ടന്‍ എന്നാലോചിച്ചു വശപിശകായി നില്ക്കുമ്പോള്‍ വീണ്ടും ഒരു ചീറ്റല്‍.

നീയെന്തെടുക്ക്വാ അവിടെ, ദാ മധ്യകുറുമാന്‍ വിളിക്കുന്നൂ, നിനക്ക്‌ വിസിറ്റിംഗ്‌ വിസ കിട്ടീന്ന്.

ഹാളിന്റെ നടുവിലായിരുന്ന കാരണം ചുമരില്‍ ചാരി പെട്ടെന്ന് ചടുപിടേന്നിടിക്കാന്‍ തുടങ്ങിയ എന്റെ സ്വന്തം നെഞ്ചൊന്നുഴിയാനുള്ള സമയം കൂടിയെനിക്ക്‌ കിട്ടിയില്ല. കാരണം നെഞ്ചില്‍ കൈ വച്ച്‌ മതിലിലേക്കൊരടി വക്കുന്നതിനു മുന്‍പേ തന്നെ, കോര്‍ഡ്‌ ലെസ്സ്‌ ഫോണും കൊണ്ട്‌ അമ്മ ഹാളിലെത്തി.

പൂനെല്ലു കണ്ട എലിയുടെ ചിരിയുമായ്‌ വന്ന അമ്മയെ കണ്ടപ്പോള്‍ എന്റെ നെഞ്ചു വേദന പെട്ടെന്നു കുറഞ്ഞു. അമ്മയെ അതുപോലെ ചിരിച്ചു കണ്ടിട്ട്‌ ഞാന്‍ മാസങ്ങളായതു തന്നെ കാരണം.

ഇളിച്ചുകൊണ്ടു തന്നെ ഞാന്‍ ഫോണ്‍ വാങ്ങി. ഹലോ, ചേട്ടാ പറയ്യ്‌..

ഒന്നും പറയാനില്ല, വിസിറ്റ്‌ വിസ ദേ എന്റെ വലം കയ്യില്‍ ഇരിക്കുന്നു, ഇടം കയ്യില്‍ ഫോണിന്റെ റിസീവറും. അനിയന്‍ കാലാട്ടലൊക്കെ നിറുത്തി, എന്നാ ആദ്യത്തെ ഫ്ലായറ്റെന്നു വച്ചാല്‍ കയറി പോരെ.

നേരത്തെ വന്ന് അമ്മേടെ ചിരികണ്ടപ്പോള്‍ ഒളിച്ചിരുന്ന നെഞ്ചുവേദന, ദേ കണ്ടേന്ന് പറഞ്ഞ്‌ പിന്നേം വന്നു.

അല്ല ചേട്ടാ, ഈ വിസിറ്റിംഗ്‌ വിസയില്‍ എത്ര നാളുകള്‍ക്കുള്ളില്‍ വരണം അങ്ങോട്ട്‌? ഒരു രണ്ടു മൂന്നു മാസം ഉണ്ടായിരിക്കുമല്ലെ?

പിന്നേ, ഇതെന്താ ഇന്ത്യന്‍ വിസയോ? ആര്‍ക്കു വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും കിട്ടാനും, തോന്നുമ്പോള്‍ വരാനും?

നീ ഒരാഴ്ചക്കുള്ളില്‍ ഇങ്ങോട്ട്‌ വരണം. ടിക്കറ്റ്‌ ഇന്നു തന്നെ പോയി ബുക്ക്‌ ചെയ്തോ. വിസ ഞാന്‍ ഡീന്‍സിലേക്ക്‌ ഫാക്സ്‌ ചെയ്തിട്ടുണ്ട്‌.

അതിരപിള്ളി വെള്ളച്ചാട്ടം ഞാന്‍ പോയീല്ല്യാന്ന് വിചാരിച്ച്‌ ഒഴുക്കു നിര്‍ത്താനൊന്നും പോണില്ല്യല്ലൊ, ന്നാ പിന്നെ പോണ്ട.

പക്ഷെ പല പല മോഹന സ്വപ്നങ്ങളുമായി അതിരമ്പിള്ളി വെള്ളച്ചാട്ടത്തിന്റെ അരികിലിരുന്നടിച്ചൊരരികാവാം എന്ന് സ്വപ്നം കണ്ടുറങ്ങിയ എന്റെ കൂട്ടുകാര്‍? അവരെ ഞാന്‍ എന്തു പറഞ്ഞു സമാധാനിപ്പിക്കും?

ജീവിതത്തില്‍ ഇന്നുവരേയായി തൊഴിലെടുക്കാത്ത യുവാക്കളുടെ യൂണിയനില്‍, ഏഴെട്ടു വര്‍ഷങ്ങളോളം ദില്ലിയില്‍ പണിയെടുത്ത എനിക്ക്‌ മെമ്പര്‍ഷിപ്പ്‌ സംഘടിപ്പിച്ചതു തന്നെ വളരെ പാടുപെട്ടിട്ടാണ്‌. ഇനി ഇപ്പോ അതു കാന്‍സലാക്കിയാല്‍ ജീവിതത്തില്‍ പിന്നീട്‌ ആ യൂണിയനില്‍ മെമ്പര്‍ഷിപ്പ്‌ പോയിട്ട്‌ മെമ്പര്‍ബോട്ട്‌ പോലും കിട്ടില്ല.

എന്തിനും, ഷിബുവിനേയും, ജോഷിയേയും, ഫോണ്‍ ചെയ്ത്‌, എന്റെ സ്വാതന്ത്ര്യത്തിന്റെ അന്തകന്‍, ഫാക്സ്‌ രൂപത്തില്‍ ഡീന്‍സിലെ ഇന്‍ കമിംഗ്‌ ഫാക്സ്‌ ട്രേയില്‍ കിടക്കുന്നുണ്ടെന്നും, ആയതിനാല്‍ ടിക്കേറ്റെടുക്കുവാന്‍ എറണാകുളത്തിക്ക്‌ പോകേണ്ട ആവശ്യം അവശ്യമായതിനാല്‍, അതിരപിള്ളി ആര്‍മാദപട്ടികയില്‍ നിന്നും, എന്റെ പേര്‌ വെട്ടിപോളിച്ചു മാറ്റാന്‍ റിക്വസ്റ്റ്‌ ചെയ്തു.

ഡീന്‍സിന്റെ എസ്‌ ടി ഡി ബൂത്തില്‍ കയറി, ഞാന്‍ വിസയുടെ ഫാക്സ്‌ കൈപറ്റി. എന്റെ കൈയ്യില്‍ കിടന്ന് ആ വിസാ കോപ്പി എന്നെ നോക്കി പല്ലിളിക്കുന്നതുപോലെ എനിക്ക്‌ തോന്നി.

എറണാകുളത്ത്‌ ഏയര്‍ ഇന്ത്യയുടെ ഓഫീസ്സില്‍ പോയി, ടിക്കറ്റ്‌ എന്നേക്ക്‌ ലഭ്യമാണെന്നന്വോഷിച്ചപ്പോള്‍, അന്നേക്കന്ന് വേണമെങ്കിലും തരാം എന്നവര്‍.

വെള്ളിയാഴ്ചക്കുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത്‌, മട്ടാഞ്ചേരിയിലുള്ള അമ്മാവന്റെ വീട്ടില്‍ കയറി യാത്രപറഞ്ഞ്‌ വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തി.

പിന്നീടുള്ള രണ്ടു ദിവസങ്ങള്‍,അത്യാവശ്യം വേണ്ട തുണിത്തരങ്ങളും മറ്റും വാങ്ങി പോകാനുള്ള സകല തയ്യാറെടുപ്പും ഞാന്‍ നടത്തി.

എന്തെങ്കിലും ഞണ്ണാന്‍ ഇരിക്കുമ്പോളൊക്കെ തരം പോലെ, അച്ഛനും, അമ്മയും, ഉപദേശത്തിന്റെ സഞ്ചിയഴിച്ച്‌, വെറുതെ ഓരോരോ ഉപദേശങ്ങളായി പുറത്തെടുത്തെന്റെ മുന്‍പില്‍ വക്കും.

ഞാനെത്ര ഉപദേശം കേട്ടിരിക്കുന്നു? ഈ ഉപദേശങ്ങള്‍ക്കൊന്നും, എന്റെ മുന്‍പിലിരിക്കുന്ന പ്ലെയിറ്റിലെ ഭക്ഷണത്തിന്റെ രുചിയില്‍ ഒരു സ്വാദീനം ചെലുത്താന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല, ഇനി ഗള്‍ഫില്‍ ചെന്നാല്‍ അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ പറ്റില്ല എന്ന ഭീതിമൂലം, സാധാരണ കഴിച്ചിരുന്ന അളവ്‌ ഞാന്‍ ആ ദിനങ്ങളില്‍ ഇരട്ടിയാക്കി.

മൂക്കുമുട്ടെ ഭക്ഷണം കഴിച്ച്‌ ഏമ്പക്കവും വിട്ട്‌, ഞാന്‍ എഴുന്നേല്ക്കുന്നതോടെ, അമ്മയും, അച്ഛനും, ഇവന്‍ നേരേയാകുന്ന ലക്ഷണമില്ല എന്ന് പരസ്പരം പറഞ്ഞ്‌ ഉപദേശത്തിന്റെ ആ സെക്ഷന്‍ അവസാനിപ്പിച്ചെഴുന്നേറ്റ്‌ അവനവന്റെ പണികളില്‍ വ്യാപൃതനാകും.

അങ്ങനെ ബുധന്‍ കഴിഞ്ഞപ്പോള്‍ വ്യാഴം വന്നു, വ്യാഴത്തിന്റെ തൊട്ടുപിന്നിലായി പെട്ടെന്നു തന്നെ വെള്ളിയും വന്നു.

രാവിലെ തന്നെ കുളിച്ചമ്പലത്തില്‍ പോയി വന്ന്, ആറേ ആറ്‌ ഇഡ്ഡലി കഴിച്ചപ്പോഴേക്കും, വയര്‍ നിറഞ്ഞതുപോലെ. നാടു വിട്ടു പോകുന്നതിന്റെ മനോവിഷമമാകാം ആറിഡ്ഡലിയില്‍ വയറുനിറഞ്ഞതിന്റെ അടിസ്ഥാനം കാരണം. നാടു വിട്ടാല്‍ ക്രമേണ പഴയ അപ്പിറ്റയിറ്റ്‌ തിരികെ ലഭിക്കുമായിരിക്കും എന്നാലോചിച്ച്‌ ഞാന്‍ വെറുതെ നെടുവീര്‍പ്പിട്ടു.

ഷിബു അവന്റെ വണ്ടിയുമായി, എന്നെ എയര്‍പ്പോര്‍ട്ടിലേക്ക്‌ കൊണ്ടുപോയി വിടുവാന്‍ വന്നു.

അമ്മയും അച്ഛനും, എന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. പിന്നെ നന്നായി വരും എന്റെ കുട്ടി എന്നു പറഞ്ഞ്‌ അനുഗ്രഹിച്ചു.

അമ്മയോടും, അച്ഛനോടും യാത്രപറഞ്ഞ്‌, ബാഗുമെടുത്ത്‌ ഞാന്‍ വീടിന്റെ പടി ഇറങ്ങി.

വണ്ടിയില്‍ ബാഗു വച്ചപ്പോള്‍ മനസ്സിലൊരാശ.

അവസാനമായി വീടിന്റെ അര തിണ്ണയില്‍ ഇരുന്നൊന്ന് കാലാട്ടണം.

മടങ്ങി ചെന്നു ഞാന്‍ പടികയറി എന്റെ അരതിണ്ണയില്‍ ഇരുന്ന് കണ്ണുമടച്ച്‌, കാലാട്ടി. പിന്നെ പതിയെ ഇറങ്ങി വണ്ടിയില്‍ കയറി, കയ്യുയര്‍ത്തി വീശുകയായിരുന്ന അമ്മയുടേയും, അച്ഛന്റേയും രൂപങ്ങള്‍ നേര്‍ത്ത്‌, നേര്‍ത്ത്‌ പിന്നില്‍ മറഞ്ഞു, എയര്‍പോര്‍ട്ട്‌ ലക്ഷ്യമാക്കി വണ്ടി മുന്നോട്ട്‌ പാഞ്ഞു.

എയര്‍പോര്‍ട്ടിലെത്തി, ചെക്ക്‌ ഇന്‍ ചെയ്തു, ഇമ്മിഗ്രേഷന്‍ കൌണ്ടറിന്നു മുന്‍പിലുള്ള ലൈനില്‍ എത്തി.

എന്റെ മുന്‍പില്‍ നിന്നിരുന്ന മൂന്നാലു പേരെ വിരട്ടുന്നതും, പാവങ്ങള്‍ വിരളുന്നതും, പോക്കറ്റു തപ്പുന്നതും, പേഴ്സ്‌ തുറന്ന് പച്ചനോട്ടുകള്‍ എടുത്ത്‌ പാസ്പ്പോര്‍ട്ടിന്നകത്തു തിരുകി വയ്ക്കുന്നതും, ജനങ്ങളെ സേവിക്കുവാന്‍ ഗവണ്‍മന്റ്‌ മാസശമ്പളം നല്‍കി പരിപാലിക്കുന്ന കാപാലികന്‍, യാതൊരു വിധ ഉളുപ്പുമില്ലാതെ, കാശു തിരുകിയ പാസ്പോര്‍ട്ട്‌ വാങ്ങി, കാശ്‌ എവിടേയോ തിരുകി, പാസ്പോര്‍ട്ടില്‍ സ്റ്റാമ്പടിച്ച്‌ തിരികെ നല്‍കുന്നതും കണ്ട്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഉന്നെ ഞാന്‍ വിടമാട്ടെ.
ഇന്നേക്ക്‌ കഷ്ടാഷ്ടമി
ഉന്‍ അഭിമാനത്തെ പിഞ്ചി
ഉന്‍ വേലൈ ഞാന്‍ തെറിപ്പിക്ക പോറേന്‍.ഉം.

എന്റെ ഊഴം വന്നു. കൌണ്ടറിലിരിക്കുന്ന ഉദ്യേഗസ്ഥന്‍ ഉമ്മാക്കി കാണിച്ചെന്നെ പേടിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

ആദ്യത്തെ ചോദ്യം തന്നെ എത്ര ഇന്ത്യന്‍ രൂപയുണ്ടെടാ നിന്റെ കയ്യില്‍?

രണ്ടായിരത്തി ചില്ല്വാനം.

ഉം, എന്തെടാ, നീ പാസ്പോര്‍ട്ട്‌ ഡെല്‍ഹിയില്‍ നിന്നും എടുത്തിരിക്കുന്നത്‌? എന്തോ ചുറ്റിക്കളിയുണ്ടല്ലോ?

അത്‌ സാറെ ഞാന്‍ ഡെല്‍ഹിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടെ നിന്നും എടുത്തതാ.

നിന്നെ കണ്ടാല്‍ ഒരു കള്ള ലക്ഷണമുണ്ടല്ലോടാ?

അതങ്ങന്യാ സാറെ. എന്നെ കണ്ടാല്‍ തന്നെ ഒരു കള്ള ലക്ഷണമാണെന്ന് എല്ലാവരും പറയും. ഈ ലുക്കെനിക്ക് ജന്മനാല്‍ കിട്ടിയതാ. ദേ ദിപ്പോ സാറും പറഞ്ഞു. ഈ സാറിന്റെ ഒരു കാര്യം.

സത്യം പറ ഇത്‌ നിന്റെ രണ്ടാമത്തെ പാസ്പോര്‍ട്ടല്ലെ?

അല്ല സാറെ, ഇതെന്റെ ആദ്യത്തെ പാസ്പ്പോര്‍ട്ടാ, ദൈവം തമ്പുരാനാണേ സത്യം.

മിണ്ട്യേനും പറഞ്ഞേനും, ദൈവത്തിനെ പിടിച്ച്‌ സത്യം ഇടാന്‍ ദൈവം ആരാണ്ടാ നിന്റെ അമ്മാനപ്പനോ?

നിന്റെ പാസ്പോര്‍ട്ട്‌ ഒറിജിനലാണോന്നുള്ള ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ കിട്ടാതെ നിന്നെ വിടുന്ന പ്രശ്നമില്ല. അങ്ങോട്ട്‌ മാറി നില്ക്ക്‌.

സാറെ, പ്ലീസ്‌. എന്നെ കഷ്ടപെടുത്തണത് കഷ്ടാട്ടോ.

സാരമില്ല നീ ഒരു ആയിരം രൂപ പാസ്പോര്‍ട്ടിന്റെ ഉള്ളില്‍ വച്ച്‌ ഇങ്ങോട്ട്‌ താ എന്ന് ആളു പറഞ്ഞതു കേള്‍ക്കാന്‍ ഞാന്‍ എന്റെ ചെവി ആളുടെ വായ്ക്കുള്ളിലേക്ക്‌ തള്ളി വയ്ക്കേണ്ടി വന്നു.

അയ്യോ നാട്ടാരെ, ഓടിവായൊ.
എന്റെ പോക്കറ്റില്‍ വച്ച കാശ്‌ പോക്കറ്റടിച്ചുപോയേ.
ഈ സാറിന്ന് ഞാന്‍ എങ്ങനെ ഇനി കാശുകൊടുക്കും എന്റെ ദൈവമേന്ന് തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞാന്‍ ഒരു അലറല്‍ അലറിയതും, സീലടിച്ച പാസ്പോര്‍ട്ട് എന്റെ കയ്യിലേക്ക്‌ നല്ലവനായ ഉദ്യോഗസ്ഥന്‍ തന്നതും ഒരേ സമയത്തായിരുന്നു.

Monday, June 19, 2006

ഭാഷാവരം

ആരുടേയും മതവികാരങ്ങളെ നോവിക്കുവാനല്ല ഞാന്‍ ഈ പോസ്റ്റു ചെയ്യുന്നതെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. എന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ ഞാന്‍ ഒരു പോസ്റ്റാക്കിയെന്നു മാത്രം.

***********************************************************************

ദില്ലിയിലെ അവസാനത്തെ ജോലിയും, രാജി വച്ച്‌, ഗോവയില്‍ ഒരുമാസത്തോളം ചിലവഴിച്ച്‌, കയ്യിലെ ജോര്‍ജുട്ടി തീര്‍ന്നപ്പോള്‍, കഴുത്തില്‍ ഇട്ടിരുന്ന മാലയില്‍ ഞാന്നുകിടന്ന്, ഇടവും, വലവും തൂങ്ങിയാടിയിരുന്ന കുതിര ലോക്കറ്റൂരി വിറ്റ്‌, ബസ്സു കയറി നാട്ടിലെത്തി വിശ്രമജീവിതം തുടങ്ങിയിട്ട്‌ അഞ്ചാറുമാസത്തോളമായി.

ഭാവി കരുപ്പിടിക്കാനുള്ള തത്രപ്പാടില്‍ തലൈവര്‍ കുറുമാനും, മധ്യകുറുമാനും, ദുബായിലെ ചൂടിലുരുകിയും, ആദി കുറുമാന്‍, ഫിന്‍ലാന്റിലെ മഞ്ഞിലുറഞ്ഞും ഇരുന്നപ്പോള്‍, നാട്ടില്‍ വീടിന്റെ അരതിണ്ണയില്‍ വെറുതെ ഇരുന്ന് കാലാട്ടി രസിച്ചിരുന്ന കാലം.

ആദിയും, മധ്യവും , നാട്ടിലില്ലാത്ത കാരണം, എന്റെ രസമുകളങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ഭക്ഷണം അമ്മ കുറുമി സമച്ചു തരുന്നത്‌ അഞ്ചുനേരം മൂക്കുമുട്ടെ കഴിച്ച്‌, സ്വന്തം ശരീരം പോഷിപ്പിച്ചെടുക്കുക എന്നതുമാത്രമായിരുന്നു എനിക്കുള്ള ഒരേ ഒരു ഭാരിച്ച പണി.

കോഴി കൂകിയതിന്നു ശേഷം കൃത്യം ഒന്നര മണിക്കൂര്‍ കഴിഞ്ഞാല്‍ മണി എഴായി എന്നറിയിക്കുന്ന മണി എന്റെ മുറിയിലെ ക്ലോക്കില്‍ നിന്നും ഉയരുന്നതോടെ ഞാന്‍ എഴുന്നേല്ക്കും. എന്റെ ഒരു ദിനമങ്ങിനെ ആരംഭിക്കുകയായി.

ഏഴുമണിക്കെഴുന്നേല്ക്കും എന്നു പറയുമ്പോള്‍, ന്യായമായും നിങ്ങള്‍ക്ക്‌ തോന്നും, ദെന്തിനാപ്പാ ലവനെന്നും പുലര്‍ച്ചെക്കെഴുന്നേല്ക്കണേന്ന്.

ഏയ്‌, കോളേജില്‍ പോകാനോ, ജോലിക്ക്‌ പോകാനോ ഒന്നുമല്ലന്നേ ഞാന്‍ എഴുന്നേല്ക്കുന്നത്‌. പിന്നെന്തിനാ?

പറയാം.

എഴുന്നേറ്റതും, അമ്മയുണ്ടാക്കി തരുന്ന ചൂടു ചായ, ഊതി, ഊതി കുടിക്കുന്നതിനൊപ്പം, മാതൃഭൂമി ഒന്നു ഓടിച്ചു വായിക്കും.

അതു കഴിഞ്ഞതിന്നു പിറകെ, ഒന്ന്, രണ്ട്‌, പിന്നെ കുളി. കുളി കഴിഞ്ഞു വന്നതും, തലേന്ന് രാത്രി ഇസ്തിരിയിട്ടു വച്ച ഷര്‍ട്ടും, ഡബ്ബിളുമുണ്ടും ഉടുത്ത്‌, യാര്‍ഡ്ലി പൌഡര്‍ മുഖത്ത്‌ തേച്ച്‌ പിടിപ്പിച്ച്‌, ബ്രൂട്ടിന്റെ സ്പ്രേ...ശര്‍ന്ന് മേലാകെ പൂശി ,കണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കി, ഈ മാദക സൌന്ദര്യം എനിക്കൊരു വിനയാകുമോ ദൈവമേന്ന് അലോചിച്ചൊരുനിമിഷം നില്ക്കും.

പിന്നെ വന്ന് വീടിന്റെ അരതിണ്ണയില്‍ കയറിയിരിന്ന് വെറുതെ, കാലാട്ടികൊണ്ടിരിക്കും.

അങ്ങനെ കാലാട്ടല്‍ പുരോഗമിക്കുന്നതിന്നിടയില്‍, ഒറ്റക്കും, ഈരണ്ടായും, മുമ്മൂന്നായും, നാലെണ്ണമായും, സെന്റ്ജോസഫ്സ്‌ കോളേജിലേക്കുള്ള കുമാരിമാരുടെ കാല്‍ നട ജാഥ തുടങ്ങുകയായി.


മൂന്നുപീടിക, പെരിഞ്ഞനം, എടമുട്ടം, തൃപ്രയാര്‍, കാട്ടൂര്‍, കരാഞ്ചിറ, കാറളം, കാക്കാതുരുത്തി, എടതിരിഞ്ഞി, മതിലകം തുടങ്ങി പഞ്ചായത്തുകളില്‍ താമസിക്കുന്ന പ്രിഡിഗ്രിക്കാരി മുതല്‍, പോസ്റ്റ്‌ ഗ്രാജുവേഷന്നു പഠിക്കുന്ന പെണ്‍കുട്ടികള്‍ വരെ എന്റെ വീടിന്നു മുന്‍പിലൂടെ അങ്ങനെ ഒഴുകി നീങ്ങുന്നത്‌ കണ്ട്‌ മനം കുളിര്‍ന്ത്‌ അപ്പടിയേ ഇരുന്ത്‌ ഞാന്‍ കാലാട്ടും.

ചിലരെന്നെ കണ്ടാല്‍ പരിചയഭാവം കാണിക്കും, ചിരിക്കും, ചിലപ്പോള്‍ കണ്ണിറുക്കികാണിക്കും.

പക്ഷെ ഭൂരിഭാഗവും, ഈ കോന്തന്ന്, വായേനോട്ടമല്ലാതെ വേറെ പണിയൊന്നുമില്ലേന്നുള്ള ഭാവത്തില്‍ മുഖം കോട്ടിയും, കയറ്റിപിടിച്ചും, റോഡു പണിയാന്‍ നേരത്ത്‌ കല്ലമക്കി ശരിക്കും കയറ്റാത്തതിനാല്‍, ഉറക്കാതെ, പൊളിഞ്ഞു കിടക്കുന്ന ടാറിന്റെ സ്ഥാനത്ത്‌ എന്റെ മുഖമാണെന്ന് സങ്കല്‍പ്പിച്ച്‌, അവനവന്റെ മെതിയടിയാല്‍ ടപ്പേ, ടപ്പേന്ന് ചവിട്ടി മെതിച്ചങ്ങനെ നടന്നു പോകും.

എട്ടുമണിമുതലുള്ള സ്വര, രാഗ, ഗംഗ തുടങ്ങി പേരറിയുന്നവരുടേയും, പേരറിയാത്തൊരു പെണ്‍കിടാങ്ങളുടേയും പ്രവാഹം എട്ടേമുക്കാലാകുമ്പോള്‍ നില്ക്കും.

ബേറ്ററി ഫ്യൂസ്സായ ക്ലോക്കിന്റെ പെന്‍ഡുലം പോലെ, ആടുന്ന എന്റെ കാല്‍ ഡിമ്ന്ന് സ്റ്റില്ലാകും.

ഡെയ്‌ലി പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാരം, ഏട്ടേ അമ്പതിന്ന് ഞാന്‍ ഡൈനിംഗ്‌ ടേബിളിന്റെ മുന്‍പിലെത്തും എന്നറിയാവുന്നതിനാല്‍, എട്ടേ നാല്‍പ്പത്തെട്ടിന്നു തന്നെ അമ്മ, പുട്ട്‌ - കടല, ദോശ-ചമ്മന്തി, ചപ്പാത്തി-ഉരുളകിഴങ്ങ്‌ മസാല, പൂരി-സ്റ്റ്യൂ, ഉപ്പുമാവ്‌-പഴം, കഞ്ഞി-പയറ്‌, കപ്പ പുഴുങ്ങിയത്‌-കാന്താരിയുടച്ചത്‌, തുടങ്ങിയതില്‍ ഏതെങ്കിലും ഒരൈറ്റം മേശപുറത്ത്‌ പ്ലെയിറ്റില്‍ കുന്നുകൂട്ടി വച്ചിരിക്കും.

മുഖത്തു തേച്ചപ്പോള്‍ കയ്യിലായ പൌഡര്‍ മുഴുവന്‍ തേച്ചൊരച്ച്‌ കഴുകി, കസേരയിലേക്കമര്‍ന്നാല്‍, എണ്ണം നോക്കാതെ, വയറ്റില്‍ ഒരു തുടം വെള്ളം കുടിക്കുവാനുള്ള സ്ഥലം മാത്രം ഭാക്കിയാവും വരെ മെടയുന്നതിന്നിടയില്‍ ഉച്ചക്കത്തെ മെനു ചോദിച്ചറിയും. ഉച്ചക്കത്തെ മെനുവും രാത്രിമെനുവും സെയിം പിച്ചായതിനാല്‍ അതിനേക്കുറിച്ച്‌ ചോദിച്ച്‌, കഴിച്ചുകൊണ്ടിരിക്കുന്നതിനില്‍ ഒരൊറ്റ കലോറിപോലും വേയ്സ്റ്റാക്കുവാന്‍ ഞാന്‍ മുതിരാറില്ല.

അങ്ങനെ വിഘ്നേശര കടാക്ഷത്താല്‍, വിഘ്നങ്ങളൊന്നും കൂടാതെ ലൈഫ്‌ സ്മൂത്തായി ഒഴുകുന്നതിന്നിടയില്‍, എന്റെ അമ്മ, അമ്മൂമ്മ, വലിയമ്മ, ചെറിയമ്മമാര്‍കൂടി ആ മഹാപരാധം ചെയ്യുവാന്‍ ഏകകണ്ഠം തീരുമാനമെടുത്തു.

അതായത്‌, അമ്മ വലിയമ്മമാരില്‍ വച്ച്‌ ഏറ്റവും ഇളയ അനുജത്തിയുടെ ബോമ്പേയിലുള്ള വീട്ടിലേക്ക്‌ ഒരു ടെന്‍ ഡേയ്സ്‌ ട്രിപ്പ്‌.

അവരെല്ലാവരും എവിടെപോയാലും എനിക്ക്‌ പ്രശ്നമൊന്നുമില്ല എന്നു മാത്രമല്ല, സന്തോഷമേയുള്ളൂ, പക്ഷെ ഇതിപ്പോള്‍ ഞാനിങ്ങനെ നിറവയറായിരിക്കുന്ന സമയത്ത്‌, അമ്മ എന്നെ തനിച്ചാക്കി പോക്വാന്നു പറഞ്ഞാല്‍ അതിമ്മിണി കഷ്ടം തന്നേയല്ലെ.

പ്രായപൂര്‍ത്തിയെത്തി, പുരനിറഞ്ഞു കവിഞ്ഞു നില്ക്കുന്ന ചെക്കനല്ലേന്നുള്ള പരിഗണനയൊന്നും തരാതെ, ഒരു ഞായറാഴ്ച അമ്മയും, അമ്മൂമ്മയും, മറ്റു വലിയമ്മ, ചെറിയമ്മമാരും, ജയന്തി ജനതയില്‍ കയറി ബോമ്പേയിലേക്ക്‌ പോയി.

പത്തു ദിവസത്തേക്ക്‌ സാമാന്യം തരക്കേടില്ലാത്ത ക്ഷാമബത്ത അമ്മ നല്‍കിയിരിക്കുന്നതു കൂടാതെ, അറുനൂറു ഗ്രാം മുതല്‍ രണ്ടര കിലോ വരെ ഭാരം വരുന്ന ഒന്നൊന്നര ഡസന്‍ പൂവന്‍ ആന്റ്‌ പിടാസ്‌ വീട്ടിലെ കോഴികൂട്ടില്‍ പേയിംഗ്‌ ഗസ്റ്റായി താമസിക്കുന്നുമുണ്ടായിരുന്നെന്നു മാത്രമല്ല, എന്തിന്നും ഏതിന്നും കമ്പനി തരുവാന്‍ മൂന്നാലു സുഹൃത്തുക്കള്‍ തൊട്ടയല്‍പ്പക്കക്കങ്ങളിലായി താമസിക്കുന്നുമുണ്ടായിരുന്നു.

എങ്കിലും ചന്ദ്രികേ, നാലഞ്ചുമാസമായി അടുപ്പും, തീയുമായി ഡയറക്റ്റയൊരു കോണ്ടാക്ടുണ്ടായിരുന്നത്‌, വില്‍സ്‌ കത്തിക്കാന്‍ തീപെട്ടി കാണാതെ വരുമ്പോള്‍, ഗ്യാസടുപ്പില്‍ നിന്നും കത്തിക്കുമെന്നത്‌ മാത്രമായിരുന്നു. ആയതിനാല്‍ എന്റെ ഉള്ളിലുണ്ടായിരുന്ന പാചകം എന്ന കല തുരുമ്പെടുത്തു ദ്രവിച്ചു തുടങ്ങിയിരുന്നു.

അങ്ങനെ അമ്മയെ തനിച്ചാക്കി പോയ വൈകുന്നേരം, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഗ്രൌണ്ടിന്റെ മതിലിന്മേല്‍ കാലാട്ടി ഇരിക്കുന്നതിന്നിടയില്‍, എന്റെ സുഹൃത്തുക്കളായ ജോഷിയും, ഷിബുവും ഒരാശയം ഞാനുമൊത്ത്‌ പങ്കു വെച്ചു.

പഠിപ്പു കഴിഞ്ഞ നാള്‍ മുതല്‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ, സ്വന്തം വീട്ടില്‍ വെറുതെ ഇരുന്നു മടുത്തതിനാല്‍, ആറു ദിവസത്തെ ധ്യാനത്തിനായി അവര്‍ വീടിന്നടുത്തുള്ള ഒരു ധ്യാനകേന്ദ്രത്തില്‍ പിറ്റേന്ന് പോകുന്നുണ്ട്‌, നീയും വരുന്നോഡാ ഞങ്ങക്കൂടേ?

ചോദ്യത്തിന്നു പിന്നാലെ, സേല്‍സ്‌ റെപ്സ്‌ പറയുന്നതുപോലെ നിറുത്താതെ, അതിന്റെ ഗുണഗണങ്ങളും അവര്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി.

വെറും അമ്പത്തഞ്ചുരൂപ കൊടുത്താല്‍, ആറു ദിവസം, ഫ്രീ ഫുഡ്‌ അക്കോമഡേഷന്‍, ബിജലി, പാനി ഇങ്ക്ലുസീവ്‌.

കേരളത്തിന്റെ എല്ലാ മുക്കിലും, മൂലയില്‍ നിന്നുമുള്ള പല പല കളറുകളെ കാണാന്‍ കഴിയും, കൂടാതെ, ഉണ്ണിമേരി, ഉണ്ണാത്ത മേരി, തുടങ്ങിയ പല പല പഴയ സിനിമാനടികളും അവിടെ തന്നെ സ്ഥിരം താമസമാ.

ധ്യാനത്തിന്നു പോയി പരിചയപെട്ടവര്‍ എത്രയോ പേര്‍ ഇന്ന് കല്യാണം കഴിച്ച്‌ സുഖമായി താമസിക്കുന്നുണ്ടെന്നറിയാമോ?

അവസാനമായി ഞാന്‍ ധ്യാനിച്ചത്‌, ഹരിദ്വാറില്‍ വച്ച്‌ ഒരു യോഗിയുടെ കയ്യില്‍ നിന്നും വാങ്ങിയ കഞ്ചാവുബീഡി വലിച്ചിട്ടായിരുന്നു. അന്ന് ഗംഗാതീരത്ത്‌ മണിക്കൂറുകളോളം ധ്യാനനിമഗ്നനായിരുന്നതിന്റെ ഓറമ്മകള്‍ എന്റെ ഉള്ളില്‍ ഗംഗയിലെ അലകളേ പോലെ ഓളം തല്ലി.

ഇനിയെന്താലോചിക്കാന്‍, നാളെ തന്നെ നമുക്ക്‌ ധ്യാനത്തിന്നു പോകാമെന്നും പറഞ്ഞ്‌, മൂവര്‍ സംഘം സെവന്‍ സീസില്‍ പോയി, ഒരു പൈയ്ന്റ്‌ വാങ്ങി അടിച്ച്‌, മൂക്കുമുട്ടെ ചപ്പാത്തിയും, പൊരിച്ച കോഴിയും തിന്ന് അവനവന്റെ വീട്ടിലേക്ക്‌ പോയി.

രാവിലെ മുറ്റമടിക്കാന്‍ തങ്കേച്ചി വന്നപ്പോള്‍, ഒരാഴ്ച ഞാന്‍ ഇവിടെ ഉണ്ടാകില്ലെന്നു പറഞ്ഞ്‌, കോഴിക്കൂടിന്റെം, കോഴികളുടേയും, സംരക്ഷണാവകാശം, അവര്‍ക്ക്‌ ഞാന്‍ കൈമാറി.

അന്നുച്ചക്ക്‌, തോര്‍ത്ത്‌, ചീര്‍പ്പ്‌, പൌഡറ്‌, വെളിച്ചെണ്ണ, തുടങ്ങിയ പാക്കേജില്‍ അടങ്ങിയിട്ടില്ലാത്ത സൌന്ദര്യ വര്‍ദ്ധക ഐറ്റംസ്‌ തിരുകികയറ്റിയ ബാഗുമായി, എന്റെ വീടിന്റെ പടിയില്‍ ഒരു നിമിഷം ധ്യാനനിമഗ്നനായി നിന്നതിന്നു ശേഷം ഞാന്‍ പടിയിറങ്ങി.

ഒരു പക്ഷെ ധ്യാനം കഴിഞ്ഞ്‌ തിരിച്ചീ പടി കയറാന്‍ വരുമ്പോള്‍ ഒരു യോഗിയായിട്ടെങ്ങാനുമാണോ ഞാന്‍ വരുക എന്നറിയാന്‍ പാടില്ലല്ലോ?

അങ്ങിനെ ഒരു മുക്കാല്‍ മണിക്കൂര്‍ യാത്രക്കൊടുവില്‍ ഞങ്ങള്‍ നമ്മുക്കെല്ലാം ചിരപരിചിതനായ ഒരു ബ്ലോഗറുടെ വീട്ടിന്നയല്‍പ്പക്കത്തുള്ള ധ്യാനകേന്ദ്രത്തിന്നകത്തു പാദ സ്പര്‍ശനം നടത്തി.

കൌണ്ടറില്‍ പണമടച്ചു, പേരെഴുതിയ ബാഡ്ജ്‌ കുത്താന്‍ തന്നു, കൌണ്ടമണി (കൌണ്ടറില്‍ മണി കളക്റ്റ്‌ ചെയ്യാന്‍ ഇരിക്കുന്നവന്‍ എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ) വിശാലതയിലേക്ക്‌ വിരല്‍ ചൂണ്ടി പറഞ്ഞു, മുന്നോട്ടു നടന്നോളൂ കുഞ്ഞാടുകളെ, നടന്ന് നടന്ന് കാലു കഴക്കുമ്പോളേക്കും നിങ്ങള്‍ തൊഴുത്തിലെത്തിയിരിക്കും.

ആദ്യ പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റുമായി പരിചയമില്ലാത്ത കോളേജിലെത്തിയ വിദ്യാര്‍ത്ഥിനികളെ പോലെ, ആളുകള്‍ തലങ്ങും, വിലങ്ങും, ആകെ മൊത്തം കണ്‍ഫ്യൂഷനായി നടക്കുന്ന കാഴ്ച കണ്ട്‌ ഞങ്ങള്‍ നടന്നു.

നടന്നു നടന്ന്, ചെരിപ്പു പകുതി തേഞ്ഞതിന്നൊടുവില്‍, വിശാലമായ മൂരികള്‍ക്കായുള്ള കാലിതൊഴുത്തില്‍ ഞങ്ങളെത്തി. പശുക്കളുടെ തൊഴുത്ത്‌ കുറച്ച്‌ അപ്പുറത്ത്‌ മാറിയായിരുന്നു.

വെറും വിശാലമല്ല, അതി വിശാലമായ അക്കോമഡേഷന്‍. രണ്ടു നിലയുള്ള രണ്ടായിരത്തോളം കട്ടിലുകള്‍ അച്ചടക്കത്തോടുക്കൂടി നിരന്നങ്ങിനെ കിടക്കുന്നതു കാണുമ്പോള്‍ തന്നെ ആരും ഒന്നു ധ്യാനിച്ചു പോകും.

കാസര്‍ക്കോട്‌ മുതല്‍ കന്യാകുമാരിവരേന്ന് വന്ന പതിഞ്ചിന്നും, തൊണ്ണൂറ്റിയാറിന്നും മധ്യേ പ്രായമുള്ളവര്‍ താന്താങ്ങളുടെ കട്ടിലില്‍, ഇരുന്നും, കിടന്നും, നിന്നും, പുതുതായി വരുന്ന മൂരിക്കുട്ടന്മാരെ നോക്കി.

അന്നത്തെ ദിവസം, അവിടമാകെ നോക്കി കണ്ടും, മറ്റും കഴിഞ്ഞുപോയി, എട്ടുമണിക്ക്‌ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ രാവിലെ,എട്ടുമണിക്കും, വൈകുന്നേരം ആറുമണിക്കും, അടിക്കുന്ന തിലും ഉച്ചത്തില്‍ സൈറനടിച്ചതും, അവാര്‍ഡ്‌ പടം പോലെ, മൊത്തം ചെരിപ്പുകളും, ഷൂകളും, നടന്നു നീങ്ങുന്ന ശബ്ദം മാത്രം. ഉച്ചക്കൂണുകഴിഞ്ഞിറങ്ങിയതു മുതല്‍ വയറ്റിലൊരുതുള്ളി വെള്ളം പോലും അകത്താക്കാതിരുന്നതിനാല്‍ ഞങ്ങളും, നാടോടിയതിന്റെ പിന്നാലെ ഓടി.

റെഡ്‌ ക്രോസ്സിന്റെ ഭക്ഷണവിതരണശാലക്കുമുന്‍പില്‍ സോമാലിയായിലെ ജനങ്ങള്‍ ക്യൂ നില്ക്കുന്നതുപോലെയുള്ള ക്യൂക്കിടയില്‍, സാന്റുവിച്ചിനുള്ളിലെ ചീസുപോലെ ഞങ്ങള്‍ ഒതുങ്ങിക്കൂടി നിന്നു.

നിരങ്ങി നീങ്ങുന്ന ലൈനില്‍ നിന്നു കാലു കഴച്ചു തുടങ്ങിയപ്പോഴേക്കും, ദൈവകൃപയാല്‍ ഭോജനശാലക്കുമുന്‍പില്‍ ഞങ്ങള്‍ എത്തി.

പ്ലേറ്റെടുത്തു, ഗ്ലാസെടുത്തു,വിളമ്പുന്ന ആളുടെ അരികത്തു ചെന്നു. കുട്ടികളുടെ സ്വിമ്മിംഗ്‌ പൂള്‍ വലിപ്പത്തിലുള്ള രണ്ടുമൂന്നു ചരുവത്തില്‍ നിന്നും ചോറും കറികളും പ്ലേറ്റിലേക്കൊഴിച്ച്‌ തന്നു.

കഴിക്കാനിരുന്നപ്പോള്‍ മണം കൊണ്ട്‌ മനസ്സിലായി ഒന്നു മീഞ്ചാറും, മറ്റൊന്നു ഇറച്ചി ചാറുമാണെന്ന്.

എന്തിറച്ചിയാണെന്നറിയനായി ആ കുട്ടി സ്വിമ്മിംഗ്‌ പൂള്‍ ചരുവത്തില്‍ മുങ്ങാം കുഴിയിട്ടൊന്നു നീന്തി തപ്പിയാലോ എന്നു ഞങ്ങള്‍ അലോചിക്കാതിരുന്നില്ല.

ഒരിക്കല്‍ പറ്റിയ തെറ്റ്‌ തിരുത്തുന്നതല്ലെ, വിവരമുള്ളവരും, വിദ്യാഭ്യാസമുള്ളവരും (ആര്‍ക്ക്‌ എന്നു ചോദ്യം പാടില്ല) ചെയ്യാറുള്ളത്‌. ആയതിനാല്‍ ഇനിമുതല്‍ സൈറന്‍ അടിക്കുന്നതിന്നും അഞ്ചുമിനിട്ടു മുന്‍പ്‌ തന്നെ ജെഴ്സിയും, സ്നീക്കറും അണിഞ്ഞ്‌ ഓടാന്‍ തയ്യാറായി നില്ക്കാം എന്നും ഞങ്ങള്‍ ആ രാത്രിയില്‍ തീരുമാനിച്ചുറപ്പിച്ചു.

രാവിലെ നാലരക്കടിക്കുന്ന അലാറം ശാപ്പാടിനുള്ളതല്ല എന്നും, കുളിക്കേണ്ടവര്‍ക്കെഴുന്നേറ്റ്‌ ഒന്ന്, രണ്ട്‌, മൂന്ന്, നാല്‌ ചൊല്ലി കുളിക്കാനുള്ളതാണെന്ന് പിന്നീടു വന്ന പുലരിയില്‍ ഞങ്ങള്‍ മനസ്സിലാക്കി. മനുഷ്യന്ന് അറിവു വരുന്ന ഓരോ വഴിയേ!!

എന്തായാലും, പിറ്റേന്നു മുതല്‍ അഞ്ചു ദിവസത്തേക്ക്‌ രാവിലെ മുതല്‍ വൈകുന്നേരം വരെ നിര്‍ത്താതുള്ള പ്രാര്‍ത്ഥനയും, പല പല സഹോദരന്മാരുടെ അനുഭവ കഥ പറച്ചിലും, സത്യവാങ്ങ്‌ മൂലവും എല്ലാം കൂടി ആകെ മൊത്തം ഒരു രസം.

പ്രാര്‍ത്ഥനയുടെ ചില നിമിഷങ്ങളില്‍, ഇലഞ്ഞിതറമേളം മുറുകുമ്പോള്‍ കൈ അറിയാതെ തന്നെ ഉയര്‍ത്തി കാണികള്‍ താളം പിടിക്കുന്നതുപോലെ, മൊത്തം പാര്‍ട്ടിസിപ്പന്‍സിന്റേയും കൈകള്‍ വായുവില്‍ കിടന്നാടിയതിന്നൊപ്പം തന്നെ കലേഷിന്റെ കല്യാണത്തിന്ന് നമ്മളെല്ലാം കൂടി കുരവയിട്ടതുപോലെ, ഒരു പ്രത്യേക കുരവിയിടല്‍ പരിപാടിയുമുണ്ട്‌.

ചില നിമിഷങ്ങളില്‍ ചിലര്‍ തുള്ളിവിറച്ചു, ഞങ്ങള്‍ ഇന്നുവരേയായി കേള്‍ക്കാത്ത ഭാഷയില്‍ സംസാരിച്ചു. അവരുടെ തലയില്‍ പല പല അച്ഛന്മാര്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു, പിന്നെ അവര്‍ക്ക്‌ ഭാഷാ വരം ലഭിച്ചതാണെന്നും, അവരേതു ഭാഷയിലാണ്‌ സംസാരിച്ചതെന്നും മൈക്കില്‍ കൂടി വിളിച്ചു പറഞ്ഞു.

എന്തെന്തു അത്ഭുതങ്ങള്‍. ഞാനാകെ കോരി തരിച്ചു.

അന്നു രാത്രി ഭക്ഷണം കഴിച്ച്‌ മടങ്ങി വരും വഴി ഞാന്‍ ഷിബുവിനോടും, ജോഷിയോടും പറഞ്ഞു. നാളെ ഉച്ചയോടെ ധ്യാനം അവസാനിക്കുകയല്ലെ? നാളെ എനിക്കും കിട്ടും ഭാഷാ വരം.

അതെങ്ങിനെ?

അതോക്കെ നിങ്ങള്‍ നോക്കി കണ്ടോ.

പിറ്റേന്നുച്ചക്ക്‌ സമയം എതാണ്ടൊരു പന്ത്രണ്ടുമണിയായിക്കാണും. ഇലഞ്ഞിതറമേളവും, കുരവയും, അതിന്റെ പാരതമ്യത്തിലെത്തിയ സമയം.

തുള്ളിവിറച്ചു എന്തെല്ലാമോ അലറിവിളിക്കുന്ന എന്റെ അടുത്തേക്കൊരച്ഛന്‍ ഓടി വന്നു. തലയില്‍ കൈ വച്ചു പ്രാര്‍ത്ഥിച്ചു. ചിരിയടക്കാന്‍ പാടുപെട്ടും കൊണ്ട്‌ ഞാന്‍ അവ്യക്തമായ ഭാഷയില്‍ പിറുപിറുക്കുകയും, ഉച്ചത്തില്‍ പലതും പറയുകയും ചെയ്തു.

ഇടതുകൈയില്‍ പിടിച്ചിരുന്ന മൈക്കിലൂടെ അച്ഛന്‍ വിളിച്ചു പറഞ്ഞു, ഇതാ ഒരു ഹിന്ദു സഹോദരന്നു കൂടെ ഭാഷാ വരം ലഭിച്ചിരിക്കുന്നു. ലാറ്റിന്‍ ഭാഷയിലാണീ സഹോദരന്‍ സംസാരിക്കുന്നത്‌!!

ആയിരക്കണക്കിന്നു കൈകള്‍ വായുവില്‍ അങ്ങോട്ടും ഇങ്ങോട്ടും ആടിയതിനൊപ്പം തന്നെ ഭക്തി പാരവശ്യത്താല്‍ കുരവയിടല്‍ അതിന്റെ ഉത്തുംഗശൃംഗത്തിലെത്തി.

Wednesday, June 14, 2006

പോര്‍ക്ക് വിന്താലു

തൊണ്ണൂറ്റിയാറ്‌ ഡിസംബറിലെ ദില്ലിയിലെ ഒരു പ്രഭാതം. എല്ലും തുളച്ച്‌ ശരീരത്തിനകത്തു കയറുന്ന തണുപ്പ്‌.

കുളിച്ചു എന്നു വരുത്തി കുളിമുറിയില്‍ നിന്നും പുറത്തു കടന്ന്, കോളര്‍ അന്തസ്സായ ഒരു ഷര്‍ട്ട്‌ എടുത്ത്‌ ഞാന്‍ ധരിച്ചു. നല്ല അങ്കൂറാ വൂളിന്റെ ഫുള്‍ സ്വെറ്റര്‍ ഒന്നു ഷര്‍ട്ടിന്റെ മേലണിഞ്ഞു. അതിന്മേലൊരു ലെതര്‍ ജാക്കറ്റുമിട്ട്‌ എന്റെ റോഡ്‌ കിങ്ങില്‍ കയറി ഓഫീസിലേക്ക്‌ പതിവുപോലെ പറത്തിവിട്ടു.

സര്‍, മേഡം വിളിക്കുന്നു.

ഷൈലജ വന്നു പറഞ്ഞപ്പോള്‍, കേബിനില്‍ നിന്നിറങ്ങി ഞാന്‍ സംഗീതാ മാഡത്തിന്റെ കേബിനില്‍ കയറി.

കയറിയപ്പോള്‍ തന്നെ മനസ്സിലായി, എന്തോ പന്തികേടുണ്ടെന്ന്, കാരണം, തന്ത സരേഷ്‌ ജട്മലാനിയും കേബിനില്‍ ഇരിക്കുന്നുണ്ട്‌.

കുറുമാന്‍ ഇരിക്കൂ.

ഒടുക്കത്തെ ഇരിക്കലായിരിക്കാനുള്ള സാധ്യത മണത്തതുകൊണ്ട്‌, കസേരയില്‍ മുള്ളില്ലായിരുന്നെങ്കിലും, മുള്ളിന്മേല്‍ ഇരിക്കുന്നതു പോലെ, ഹാഫ്‌ ചന്തി കസേരയിലും, ബാക്കി ചന്തി എയറിലുമായി ഇരുന്നെന്നപോലെ വരുത്തിയതിന്നു ശേഷം ഒരു ക്വസ്റ്റ്യന്‍ മാര്‍ക്ക്‌ മുഖത്തണിഞ്ഞ്‌, അവരെ രണ്ടു പേരേയും ഞാന്‍ മാറി, മാറി,നോക്കി.

ഞങ്ങള്‍ വിളിപ്പിച്ചത്‌, ആര്‍ ബി ഐ യുടെ (റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ) അവസാന ഷോ കോസ്‌ നോട്ടീസ്‌ വന്നിട്ടുണ്ട്‌ എന്നു പറഞ്ഞ്‌ ഒരു കടലാസ്സും കഷ്ണം എനിക്ക്‌ നീട്ടി.

ഔട്ട്‌ സ്റ്റാന്‍ഡിങ്ങ്‌ പേയ്മെന്റായ അര കോടിയോളം രൂപയുടെ രസീതും, ചീട്ടും, മറ്റു കാര്യ കാരണങ്ങള്‍ അടങ്ങിയ ഡോക്യുമെന്റ്സും പതിനഞ്ച്‌ ദിവസത്തിനകം കാണിച്ചില്ലെങ്കില്‍, നിങ്ങളുടെ കമ്പനി കട്ട പൊകയാക്കും എന്നു മാത്രമല്ല, കമ്പനി പൂട്ടിക്കുകയും, ഫ്രീയായി, തിഹാര്‍ ജയിലില്‍ താമസം, ഭക്ഷണം തുടങ്ങിയവ ലഭിക്കാനും സാധ്യത ഉണ്ടെന്ന് എഴുതിയ കുറിപ്പ്‌ ഞാന്‍ പലവുരു വായിച്ചു. പിന്നെ വീണ്ടും ആദ്യമായ്‌ കാണുന്നതുപോലെ അവരെ രണ്ടുപേരേയും മാറി മാറി നോക്കി.

കാര്യമെന്തൊക്കെ പറഞ്ഞാലും, ഈ ഔട്സ്റ്റാന്‍ഡിംഗ്‌ അരക്കോടി രൂപ, സിന്ധികുടുമ്പം അവരുടെ സ്വിസ്സ്‌ അക്കൌണ്ടിലേക്ക്‌ മാറ്റിയതാണെന്നത്‌ മൂന്നു തരം.

യു ഹാവ്‌ ഗോണ്‍ ആന്റ്‌, മീറ്റ്‌ ദെം ആള്‍ റെഡി ഫോര്‍ ടൈംസ്‌ ബട്‌, സ്റ്റില്‍ ദെ ആര്‍ സെന്റിംഗ്‌ അസ്‌ സച്ച്‌ മെസ്സേജസ്‌??

ഞാനൊന്നും പറഞ്ഞില്ല, പക്ഷെ മനസ്സില്‍ ആലോചിച്ചു.

ആദ്യത്തെ തവണ മുമ്പൈക്ക്‌ പോയി, ചെറിയമ്മയുടെ ആന്റോപ്പ്‌ ഹില്ലിലുള്ള ഫ്ലാറ്റില്‍ തങ്ങി, കുട്ടികളുമൊത്ത്‌ ഒരാഴ്ച ചിലവിട്ടു, അതിന്നിടയിലൊരു ദിവസം ആര്‍ ബി ഐ യുടെ മുന്‍പില്‍ പോയി. ബില്‍ഡിങ്ങ്‌ കണ്ടു. ഒരു മലയാളി റിസപ്ഷനിസ്റ്റിനെ പിടിച്ച്‌ ഒരു ഹോട്ടലില്‍ ഒരാഴ്ച തങ്ങിയതിന്റെ ബില്ലും തരപ്പെടുത്തി.

രണ്ടാമത്തെ തവണ പോയി, നേവിയില്‍ ഉദ്യേഗസ്ഥനായ വലിയമ്മയുടെ മകന്‍ സതീഷും കുടുമ്പത്തോടുമൊത്ത്‌ അവന്‍ താമസിക്കുന്ന, കൊളാബയിലെ ഫ്ലാറ്റില്‍ താമസിച്ചു, അവനുമൊത്ത്‌, നേവല്‍ ബേസ്‌ ബാറില്‍ നിരവധി തവണ കയറി, പല പല സ്ഥലങ്ങള്‍ പലതവണ കണ്ടു. ആര്‍ ബി ഐ യുടെ മുന്‍പിലുള്ള ഒരു ഹോട്ടലില്‍ കയറി അന്തസ്സായി, കോഴി ബിരിയാണി വെട്ടി വിഴുങ്ങി. ഒരു വെയ്റ്ററെ പരിചയപെട്ടു.

മുന്നാമത്തെ തവണ പോയി, ചെറിയമ്മയുടെ അവിടേയും, സതീഷിന്റെ അവിടേയും മാറി, മാറി താമസിച്ചു. മൊത്തം മുമ്പൈ കണ്ടു, കഴിഞ്ഞ തവണ ആര്‍ ബി ഐ യുടെ മുന്‍പിലെ ഹോട്ടലില്‍ വച്ച്‌ പരിചയപെട്ട വെയ്റ്ററെ കണ്ടു, അവന്റെ കെയറോഫില്‍, ആര്‍ ബി ഐയിലെ പീയൂണിനെ പരിചയപെട്ടു. സതീഷും, പീയൂണ്‍ ബാബുവും, ഞാനും കൂടി മുജിറ കാണാന്‍ പോയി.

നാലമത്തെ തവണ പോയി, ഹോട്ടലില്‍ മുറിയെടുത്തു. പീയൂണ്‍ ബാബു പറഞ്ഞതു പടി, ആര്‍ ബീ ഐയിലെ, എക്സ്പോര്‍ട്ട്‌ ഇന്‍ങ്കം ഔട്ട്സ്റ്റാന്‍ഡിംഗ്‌ സെക്ഷനിലെ മാനേജരെ കണ്ടു. പരിചയപെട്ടു. അദ്ദേഹത്തിനേയും കൂട്ടി പല പല ബാറുകള്‍ കണ്ടു. കൈക്കൂലിയായി ഒരു ലക്ഷം ഓഫര്‍ ചെയ്തു. ശരിയാക്കാം, പക്ഷെ ഒരു പെട്ടിപോര, രണ്ടു മൂന്നു പെട്ടി വേണ്ടി വരും എന്നയാള്‍ പറഞ്ഞപ്പോള്‍, നോക്കാം എന്ന് ഞാനും പറഞ്ഞു.

ഒരാഴ്ച എന്നാടൊപ്പം സായം കാലം മുതല്‍ പുലര്‍ച്ച വരെ എന്നെ തലയാക്കി അടിച്ചു പൊളിച്ചതിനൊടുവില്‍ ഒരു വെള്ളിയാഴ്ച ഇടി വെട്ടും പോലെ ആള്‍ പറഞ്ഞു.

മലയാളിയായതുകൊണ്ടു പറയുവാ, ഈ കേസില്‍ നിന്നൂരാന്‍ ഒരു വഴിയുമില്ല. ഈ കമ്പനി ഇതാദ്യമായല്ല, പല പല കേസുകളുമുണ്ടായിട്ടുമുണ്ട്‌ മുന്‍പും. ഒരു നാലഞ്ചു ലക്ഷം മുടക്കാന്‍ തയ്യാറാണെങ്കില്‍, ഫയല്‍ എപ്പോ മുക്കിയെന്നു ചോദിച്ചാല്‍ മതി എന്ന്.

സിന്ധി കമ്പനി. ഒരു പാമ്പിനേയും, സിന്ധിയേയും ഒരുമിച്ചു കണ്ടാല്‍ ആരെ ആദ്യം കൊല്ലണം എന്നു ചോദിച്ചാല്‍ സിന്ധിയേ കൊല്ലണം എന്നു പറയുന്ന ഉലകം!!


അമ്പതിനായിരത്തിന്നോ, കൂടിയാല്‍ ഒരു ലക്ഷത്തിന്നോ കേസൊതുക്കാന്‍ പറഞ്ഞിട്ട്‌ എന്നെ നാലു പ്രാവശ്യം വിട്ടതിന്നു തന്നെ കമ്പനി അമ്പതിനായിരം പൊടിച്ചു. ഇനിയിപ്പോള്‍, നാലഞ്ചു ലക്ഷമെന്നു പറഞ്ഞാല്‍ എന്റെ കിഡ്നി അവരൂരി വില്ക്കും എന്നെനിക്കുറപ്പ്‌.

എന്തായാലും ഞാന്‍ തിരികെ ദില്ലിക്ക്‌ പോയി, അഞ്ചാറു ലക്ഷം കൊടുക്കാതെ കേസില്‍ നിന്നൂരാന്‍ പറ്റില്ല എന്നു പറഞ്ഞപ്പോള്‍, ആലോചിക്കാം എന്നു പറഞ്ഞപ്പോഴും, ആ ആലോചനയുടെ റിസല്‍റ്റ്‌ കിട്ടാന്‍ മറ്റൊരു ഷോകോസ്‌ നോട്ടീസ് വേണ്ടി വരുമെന്നിപ്പോഴാണറിഞ്ഞത്‌.

സീ കുറുമാന്‍, യു ഹാവ്‌ റ്റു ഡു സംതിംഗ്‌ ദിസ്‌ റ്റൈം, ഓര്‍ എല്‍സ്‌ വി ഹാവ്‌ ടു ഫൈന്‍ഡ്‌ സം വണ്‍ എല്‍സ്‌.

ഹാവൂ. കൊതിച്ചതീശ്വരന്‍ നല്‍കിയല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ പറഞ്ഞു.

യാ, ഐ തിങ്ക്‌ ഇറ്റ്സ്‌ ബെറ്റര്‍ ഈഫ്‌ യു ഫൈന്‍ഡ്‌ സം വണ്‍ എല്‍സ്‌. അയാം റിസൈനിംഗ്‌ റ്റുഡേ.

ക്യാബിനില്‍ നിന്നും ഞാന്‍ പുറത്തു കടന്നു, എന്റെ ക്യാബിനില്‍ പോയി, റെസിഗ്നേഷന്‍ ലെറ്റര്‍ ടൈപ്പ്‌ ചെയ്തു, പ്രിന്റെടുത്തു, ഷൈലജയുടെ കയ്യില്‍ കൊടുത്തയച്ചു.

കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ട്‌ ആറുമാസം പോലുമായിട്ടില്ല. എന്ത്‌ ബോണസ്സ്‌, എന്ത്‌ ഗ്രാറ്റ്യുറ്റി?

അര മണിക്കൂറിന്നകം, ഫുള്‍ അന്റ്‌ ഫൈനല്‍ സെറ്റില്‍മന്റ്‌ വൌച്ചറില്‍ ഒപ്പിടുവിച്ച്‌, ബാക്കി പൈസ തന്ന് അക്കൌണ്ടന്റെനിക്കു ഷേക്ക്‌ ഹാന്റ്‌ തന്നു.

ഞാന്‍ ജോലി ചെയ്ത ദില്ലിയിലെ അവസാന കമ്പനിയായിരുന്നു അത്‌, അല്ലെങ്കില്‍, എന്റെ ദില്ലിയിലെ അവസാനത്തെ ജോലിയായിരുന്നു അത്‌ എന്നും പറയാം.

തിരികെ മുറിയിലെത്തി. നാട്ടില്‍ നിന്നും കച്ചവടാവശ്യത്തിനെന്നും പറഞ്ഞ്‌, ചുമ്മാ അച്ചനമ്മമാര്‍ സമ്പാദിച്ച പൈസ അവരുടെ കണ്‍ വെട്ടത്തു പെടാതെ, സ്വസ്ഥമായി ചിലവഴിക്കാനായി ദില്ലിക്ക്‌ വന്ന രണ്ടു സുഹൃത്തുക്കള്‍, മുറിയില്‍ സമയത്തിനെ കഴുത്തുമുറിച്ചാണോ, അതോ തല്ലിയാണോ കൊല്ലേണ്ടതെന്നാലോചിച്ചിരിക്കുന്ന നേരത്താണ്‌ അവരേ പോലെ തന്നെ തൊഴിലും, പണിയൊന്നുമില്ലാതായെന്നു പറഞ്ഞ്‌ ഞാന്‍ മുറിയിലെത്തുന്നത്‌.

എന്റെ പണി പോയടാ ജോണ്‍സാ, സുരേഷേ ന്ന് ഞാന്‍ പറഞ്ഞപ്പോള്‍, തൃശ്ശൂര്‍ പൂരത്തിന്നമിട്ടു പൊട്ടിവിരിയുന്നതുപോലെ അവരുടെ ചിരി വിരിഞ്ഞു. അവരേ രണ്ടു പേരേയും ഇത്രയും സന്തോഷത്തോടെ‍ അതിനു മുന്‍പും, പിന്‍പും ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല.

അന്നുച്ചയ്ക്ക്‌ ഞങ്ങള്‍ തുടങ്ങിയ ആഘോഷത്തില്‍, വൈകീട്ട്‌ ജോലി കഴിഞ്ഞെത്തിയ സുഭാഷും, രാമേട്ടനും പങ്കു ചേര്‍ന്നു.

ജോലി കിട്ടിയാല്‍ ആഘോഷം, ജോലി പോയാല്‍ ആഘോഷം. വണ്ടി ഇടിച്ചാല്‍ ആഘോഷം, മുത്തപ്പന്‍ ചത്താല്‍ ആഘോഷം. എന്തിനും ആഘോഷിച്ചിരുന്ന ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടം.

ആര്‍മാദിച്ചാഘോഷിക്കുന്നതിനിടയില്‍ എപ്പോഴോ, ക്രിസ്ത്മസ്സും, പുതു വര്‍ഷവുമെല്ലാം വരുകയല്ലേ, നമ്മള്‍ക്ക്‌ ഗോവയില്‍ പോയാഘോഷിക്കാം എന്നൊരാശയം ഞാന്‍ പറഞ്ഞപ്പോള്‍, ജോണ്‍സനും, സുരേഷും, അപ്പോള്‍ തന്നെ പോകാണമെന്നായി. പാതി രാത്രിക്ക്‌ പോകണ്ട, നാളെ പോയാല്‍ മതി എന്നവരെ കൊണ്ട്‌ സമ്മതിപ്പിക്കുവാന്‍, ഞാനും, രാമേട്ടനും വളരെ അധികം ബുദ്ധിമുട്ടേണ്ടി വന്നു.

എന്തായാലും പിറ്റേന്ന് ഉച്ചക്കുള്ള പഞ്ചാബ്‌ മെയിലില്‍ മുമ്പൈക്കും, മുമ്പെയില്‍ ചെന്നതിനു ശേഷം അവിടെ നിന്ന് ബസ്സ്‌ മാര്‍ഗം പനാജിയിലേക്കും ഞങ്ങള്‍ ചെന്നെത്തി.

പനാജിയില്‍ എത്തിയപ്പോള്‍ സമയം ഏതാണ്ട്‌ രാവിലെ നാലുമണി.

സാമ്പത്തികമായി താങ്ങാവുന്നതും, സായിപ്പുകളും, മദാമ്മകളുടേയും ഇഷ്ടപെട്ട ബീച്ചുകളിലൊന്നായ അരാമ്പോള്‍ ബീച്ചിന്നരികത്തുള്ള ഏതെങ്കിലും വീട്ടിലാകാം നമ്മുടെ താമസം എന്ന് ഞങ്ങള്‍, ലോണ്‍ലി പ്ലാനറ്റിന്റെ ഗൈഡ്‌ നോക്കി തീവണ്ടിയില്‍ വച്ചു തന്നെ തീരുമാനിപ്പിച്ചുറപ്പിച്ചിരുന്നു.

നേരിയ വിശപ്പു തോന്നിയത് ശമിപ്പിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നു വീക്ഷിക്കുന്നതിന്നിടയില്‍ തുറന്നു വച്ചിരിക്കുന്ന വുഡ്‌ ലാന്‍ഡ്സ്‌ ഹോട്ടല്‍ കാണുകയും, അതില്‍ കയറുകയും ചെയ്തു. നേരിട്ട്‌ അരാമ്പോളിലേക്ക്‌ ബസ്സില്ല എന്നും, പോകുന്ന വഴിക്കൊരു ഫെറി കടന്ന്, അവിടെ നിന്നും ബസ്സു മാറി കയറണമെന്നും, പച്ചതേങ്ങ മുക്കാല്‍ ഭാഗം മാത്രം അരച്ചു ചേര്‍ത്ത സാമ്പാറില്‍ ദോശ മുക്കി, ഞങ്ങള്‍ തിന്നുകൊണ്ടിരിക്കുന്നതിന്നിടയില്‍ സപ്ലയര്‍ പറഞ്ഞു തന്നു.

മീന്‍ കുട്ടയും, വട്ടിയുമായി, മീങ്കാരികള്‍ വണ്ടിയില്‍ ആദ്യം തന്നെ സ്ഥലം പിടിച്ചിരുന്നു. ഞങ്ങള്‍ വണ്ടിയില്‍ കയറി ബാക്ക്‌ സീറ്റില്‍ ഒരു വിധം അഡ്ജസ്റ്റ്‌ ചെയ്തിരുന്നു.

മീനിന്റെ കസ്തൂരി ഗന്ധവും, മീങ്കാരികളുടെ ഉച്ചത്തിലുള്ള നിറുത്താത്ത സംസാരവും കേട്ട്‌, ഒരൊന്നൊന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, വണ്ടിയുടെ അവസാന സ്റ്റോപ്പായ ഫെറിയുടെ മുന്‍പില്‍ വണ്ടിയെത്തിയപ്പോഴേക്കും, എനിക്ക്‌ രണ്ടിനു പോണോന്നൊരു ചിന്ന ശങ്കൈ!

ഫെറി കടന്ന് അക്കരെ ചെന്ന്, അരാമ്പോളിലേക്കുള്ള ബസ്സില്‍ കയറി ഇരുന്നു. ഫെനി മണക്കുന്ന കശുമാവിന്‍ തോപ്പിന്നിടയിലൂടെ ബസ്സ്, കയറ്റങ്ങള്‍ കയറിയിറങ്ങി യാത്ര തുടര്‍ന്നു.

രണ്ടിനു പോകൂ, പോകൂ എന്ന സന്ദേശം തുടര്‍ച്ചയായി എന്റെ തലച്ചോറില്‍ നിന്നും ശരീരത്തിലേക്ക്‌ പ്രവഹിച്ചു.

വണ്ടി മൂളി മൂളി കയറ്റം കയറുന്നതിനിടയില്‍, എന്റെ വയറ്റില്‍ നിന്നും ഫാക്സ്‌ വരുന്നെന്നറിയിക്കുന്ന ഫാക്സ്‌ ടോണ്‍ പലതു വന്നു.

വണ്ടി അരാമ്പോളെത്തി, ഞങ്ങള്‍ ഇറങ്ങി. ബീച്ചു റോഡിലൂടെ പെരിയോന്‍ ആബ്സന്റായപ്പോള്‍ നടന്നതുപോലെ ഞാന്‍ വേച്ചു വേച്ചു നടന്നു.

ഫാക്സ്‌ റിസീവ്ഡ്‌ ഇന്‍ മെമ്മറി എന്ന സന്ദേശം തുടര്‍ച്ചയായി വരുവാന്‍ തുടങ്ങി, ഒപ്പം നിര്‍ത്താതെ ഫാക്സ്‌ ടോണും.

ഇനിയും ട്രാന്‍സ്മിഷന്‍ ഓക്കെ ആക്കിയില്ലെങ്കില്‍, ആകെ ചളമാകുമെന്ന് ഞാന്‍ ജോണ്‍സണോടും, സുരേഷിനോടും പറഞ്ഞു മനസ്സിലാക്കി.

ബീച്ചെത്താറായി. സമയം ആറര കഴിഞ്ഞിട്ടേയുള്ളൂ. പകലോന്‍ മടിച്ചു മടിച്ചെണീറ്റു വരുന്നതേയുള്ളൂ.

രണ്ടു മൂന്നു വീട്ടില്‍ കയറി ബെല്ലടിച്ച്‌, മുറി ഒഴിവുണ്ടോ എന്നു ചോദിച്ചപ്പോള്‍, ഫുള്ളാണെന്ന മറുപടിയും കിട്ടി.

ഭാഗ്യത്തിന്നു, നാലാമതു കയറിയ വീട്ടില്‍ മുറി ഒഴിവുണ്ടായിരുന്നു.

പൈസയും, കാര്യങ്ങളുമൊക്കെ, നിങ്ങള്‍ പറഞ്ഞുറപ്പിക്ക്‌, ഞാന്‍ ഒന്നു ഫാക്സ്‌ ചെയ്തട്ടു വരട്ടെ എന്നു പറഞ്ഞ്‌, മുറിയില്‍ ബാഗു വച്ച്‌, പാന്റു മാറി മുണ്ടുടുത്ത്‌, പുറത്തു വന്ന് വീട്ടുടമസ്ഥയോട്‌ (ഗോവയില്‍ മിക്കവാറും വീട്ടില്‍ പെണ്‍ ഭരണമാണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌), ടോയ്‌ലറ്റ്‌ എവിടെയാണെന്നു ചോദിച്ചു.

ദെയര്‍......കൈചൂണ്ടി അവര്‍ ടോയ്‌ലറ്റ്‌ കാണിച്ചു തന്നു.

നാടു തടുക്കാം, പക്ഷെ മൂടു തടുക്കാന്‍ പറ്റുമോ?

തെങ്ങിന്നിടയിലൂടെ ഞാന്‍ ചന്തിയുന്തി നടന്നു ടോയലറ്റിലേക്ക്‌. ഓടണമെന്നു തോന്നിയെങ്കിലും, അഭദ്ധത്തില്‍ ലക്ഷ്യത്തിലെത്തുന്നതിന്നു മുന്‍പ്‌ ബാണം താഴെ വീണാലോ എന്നു കരുതി ഓടിയില്ല.

പാട്ട വാതില്‍ വലിച്ചു തുറന്നു. ഭാഗ്യം, ബക്കറ്റില്‍ വെള്ളവും, പിടിയില്ലാത്ത കപ്പുമുണ്ട്‌. വാതില്‍ ചാരി കെട്ടി വച്ചു. മുണ്ടൂരി വാതിലില്‍ ഇട്ടു.

ഇരുന്നു. ടോയലറ്റിന്നു ചുറ്റും പല പല പാതപദനങ്ങള്‍ കേട്ടതു പോലെ തോന്നി. വെറുതേ തോന്നിയതായിരിക്കും.

ഇരുന്നതും, ഫാക്സ്‌ ട്രാന്‍സ്മിഷന്‍ സക്സസ്സ്‌.

വെള്ളമെടുത്ത്‌ കഴുകാന്‍ തുനിഞ്ഞതും,പൊടുന്നനെ, മൂട്ടിലാരോ വാക്വം ക്ലീനര്‍ വച്ചതുപോലെ ഒരു എയര്‍ സക്കിങ്ങും, ഗറ്ര്‍ എന്നൊരു ശബ്ദവും.

ഇരുന്ന ഇരിപ്പില്‍ ഞാന്‍ താഴോട്ടു നോക്കിയതും, വലിയ ഒരു പന്നിമൂക്ക് എന്റെ ഭൂഗോളത്തിന്നു തൊട്ടു താഴെ. ഒരു കാലിഞ്ചു മൂക്കവന്നു മുകളിലേക്കുയര്‍ത്താന്‍ കഴിഞ്ഞിരുന്നു എങ്കില്‍, വരാഹമൂര്‍ത്തി ഭൂഗോളം മൂക്കില്‍ ഉയര്‍ത്തിനില്ക്കുന്നതുപോലെ, എന്റെ ഭൂഗാളവും അവന്‍ മൂക്കേല്‍ ഉയര്‍ത്തിയേനെ!

എന്റമ്മോ, ഞാന്‍ ഇരുന്ന ഇരുപ്പില്‍ ചാടി എഴുന്നേറ്റലറി.

എന്റെ അലര്‍ച്ച കേട്ട്‌ പന്നി അമറികോണ്ട്‌ പിന്മാറി. വിറക്കുന്ന കരങ്ങളാല്‍, കഴുകല്‍ കഴിഞ്ഞ്‌ മുണ്ടെടുത്തുടുത്ത്‌, വാതിലിന്റെ കെട്ടഴിച്ച്‌ ഞാന്‍ പുറത്തേക്കിറങ്ങി.

ഉള്ളിലെ ആന്തല്‍ മാറിയിട്ടില്ലായിരുന്നെങ്കിലും, വയറൊഴിഞ്ഞ സംതൃപ്തിയില്‍ ഞാന്‍ നടക്കുമ്പോള്‍, വയറു നിറഞ്ഞ സംതൃപ്തിയുമായി ഒരു വലിയ പന്നിയും, അവന്റെ പിന്‍പില്‍ വിശന്ന വയറുമായി മറ്റഞ്ചാറു പന്നികളും എന്റരികിലൂടെ നടന്നുപോയി. വലിയ പന്നി എന്റെ മുഖത്തു നോക്കി, കൊള്ളാം എന്നൊരമറല്‍.

എനിക്ക്‌ പിന്നാലെ, ജോണ്‍സനും, സുരേഷും ടോയലറ്റില്‍ പോയി വന്നു, അവരേയും പന്നിക്കുടുംബം അനുഗമിച്ചു. ആളുകള്‍ മുന്നിലൂടെ അപ്പര്‍ ബര്‍ത്തില്‍ കയറുന്നു, പന്നികള്‍ പിന്നിലൂടെ ലോവര്‍ ബര്‍ത്തില്‍ കയറുന്നു എന്ന ഒരൊറ്റ വിത്യാസം മാത്രം.

കുളിയെല്ലാം കഴിഞ്ഞ്‌, ഒന്നുറങ്ങി ഒരു പന്ത്രണ്ടു മണിക്ക്‌ വല്ലതും കുടിക്കുകയും, ഞണ്ണുകയും ചെയ്യാം എന്നു കരുതി ഞങ്ങള്‍ പുറത്തേക്കിറങ്ങി.

ബീച്ചിലേക്കു നടക്കുന്ന വഴിക്ക്‌, ആളുകളേക്കാള്‍ അധികം പന്നികളെ ഞങ്ങള്‍ കണ്ടു എന്നു മാത്രമല്ല, സെപ്റ്റി ടാങ്ക്‌ എന്നു പറയുന്ന സാധനം, അവിടങ്ങളിലെ ടോയലറ്റിന്നില്ല എന്നും വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ ഞങ്ങള്‍ കണ്ടു പിടിച്ചു.

ആളുകള്‍ ഡൌണ്‍ലോഡു ചെയ്യുന്നത്‌, പന്നികള്‍ ഡയറക്ട്‌ അപ്‌ ലോഡു ചെയ്യുന്ന സുന്ദര മനോഹരമായ, എക്കോ ഫ്രണ്ട്‌ ലി വേസ്റ്റ്‌ റിസൈക്ലിങ്ങ്‌ സിസ്റ്റം.

ബീച്ചിനോടു ചേര്‍ന്ന് മണല്‍തിട്ടയില്‍ കെട്ടി പടുത്ത ഒരു ബീയര്‍ ബാര്‍ കം റെസ്റ്റോറണ്ടില്‍ ഞങ്ങള്‍ കയറി.

ബീയറുകള്‍ അടിച്ച്‌ ഉള്ളിലെ ചൂടുകുറച്ചു.

വിശപ്പിന്റെ വിളി വന്നപ്പോള്‍, ഓണര്‍ കം, സപ്ലയര്‍ കം, അക്കൌണ്ടന്റിനെ വിളിച്ചു ചോദിച്ചു ഇന്നെന്താണു സ്പെഷല്‍ എന്ന്.

കൌണ്ടറില്‍ പോയി ഒരു ഹാര്‍ഡ്‌ ബോര്‍ഡില്‍ ടുഡേയ്സ്‌ സ്പെഷല്‍ എന്ന് നല്ല കയ്യക്ഷരത്തില്‍ എഴുതിയ മെനുവുമായവന്‍ വന്നു.

പോര്‍ക്ക്‌ 65
പോര്‍ക്ക്‌ ചില്ലി
പോര്‍ക്ക്‌ മപ്പാസ്‌
പോര്‍ക്ക്‌ മസാല
പോര്‍ക്ക്‌ സ്റ്റീക്ക്‌
പോര്‍ക്ക്‌ വിന്താലു.

സപ്ലയര്‍ ചോദിച്ചു, എന്താ എടുക്കേണ്ടത്.

ബില്ലെടുത്തോളൂ.

Wednesday, June 07, 2006

ഒരു വെക്കേഷന്റെ തുടക്കം

പഠിത്തത്തിലുള്ള അതീവ താത്പര്യം മൂലം, പ്രി ഡിഗ്രി പരീക്ഷ കഴിഞ്ഞതും, എന്റെ ജാതകം ഞാന്‍ തന്നെ ഹരിച്ച്‌, ഗുണിച്ച്‌, ഗണിച്ചു നോക്കിയപ്പോള്‍, വിദ്യാപരമായി, സമയം വളരെ മോശമാണെന്നും, ആസന്നേ യോഗ പരാജയേ, കേതൂ ദ്ര്യഷ്ടി ദ ശുക്രദേ (തോല്‍വി, ജയിക്കാതിരിക്കല്‍, വിജയിക്കാന്‍ രക്ഷ യാതൊന്നുമില്ലാ, തുടങ്ങീ, പരാജയപെടുവാനുള്ള യോഗം ആസന്നമാണെന്നു ചുരുക്കം), കൂടാതെ, കേതുവില്‍ ശുക്രന്റെ ദൃഷ്ടി (അതായത്‌, മകന്റെ പഠിത്തത്തില്‍, അച്ഛന്റെ ദൃഷ്ടി കാര്യമായ്‌ പതിഞ്ഞു തുടങ്ങി എന്നര്‍ത്ഥം) എന്നിവയും തെളിഞ്ഞു കണ്ടു.

പരാജയം ഒരു ശീലമാക്കൂ എന്ന എക്സ്പെന്‍സീവായ പോളിസിക്കുടമയായ എനിക്ക്‌, ആസന്നമായ പ്രി ഡിഗ്രി പരീക്ഷാഫലത്തില്‍ യാതൊരു വിധ ആശയും, തോല്ക്കുമെന്നതില്‍ യാതൊരുവിധ ആശങ്കയും ഇല്ലായിരുന്നെങ്കിലും, ഗള്‍ഫ്‌ ജീവിതം മടുത്ത, അച്ഛന്‍ കുറുമാന്‍, ഗള്‍ഫില്‍ പൂട്ടികെട്ടിയ പെട്ടിയും, കിടക്കയും, നാട്ടിലേക്ക്‌ കൊണ്ടു വന്നു പെര്‍മനന്റായി നിവര്‍ത്തിയിട്ടിരുന്നതിന്റെ ഒരു നടുക്കം, ഞെട്ടുവാതം പോലെ എന്നെ ഇടക്കിടെ ഞെട്ടിച്ചിരുന്നു.

എന്തായാലും, പരീക്ഷ കഴിഞ്ഞതല്ലേ ഉള്ളു, ഇനി എന്തായാലും,റിസല്‍റ്റ്‌ വരുവാന്‍ രണ്ടുമാസത്തോളം ഉണ്ടല്ലോ, ആ സമയം കൊണ്ട്‌ ഇതിന്നൊരു മറുമരുന്നൊപ്പിക്കാം എന്ന് ഞാന്‍ തീരുമാനിച്ചുറപ്പിച്ചു.

ഒഴിവുകാല ദിനങ്ങള്‍ പതിവുപോലെ, മീന്‍ ചൂണ്ടാന്‍ പോകുക, അമ്പല കുളത്തില്‍ ചങ്ങാടം കെട്ടി തുഴയുക, പിന്നെ, കണ്ണു കലങ്ങി ചുവന്നു പുറത്തേക്കുന്തി വരുന്നതു വരെ നീന്തികുളിക്കുക, വീട്ടില്‍ പോയി മൂക്കു മുട്ടെ ഭുജിക്കുക, കാശ്‌ തരപെട്ടാല്‍ സിനിമ കാണുക, തുടങ്ങിയ നിരുപദ്രവമായ കാര്യങ്ങള്‍ ചെയ്ത്‌ ഒന്നൊന്നരാഴ്ച കഴിഞ്ഞ ഒരു ഞായറാഴ്ച, തെണ്ടി തിരിഞ്ഞുച്ചക്ക്‌ വീട്ടിലെത്തിയപ്പോള്‍, ഡെല്‍ഹിയിലുള്ള എന്റെ കസിന്‍ സിസ്റ്ററും, കുടുംബവും വീട്ടില്‍ ഇരിക്കുന്നു.

വര്‍ത്തമാനങ്ങളെല്ലാം പറഞ്ഞിരിക്കുന്നതിനിടയില്‍ , ചേച്ചി ഒരു ചോദ്യം.

ഡാ, നിന്റെ പരീക്ഷ കഴിഞ്ഞ്‌ ഇവിടെ വെറുതെ ഇരിക്കുകയല്ലെ, ന്നാ, പിന്നെ നിനക്കൊരുമാസം ഞങ്ങളുടെ കൂടെ ഡെല്‍ഹിയില്‍ വന്നു നിന്നു കൂടെ?

ഒരു മാസത്തേക്കാണെങ്കില്‍ ഒരു മാസം, തല്ക്കാലം ഇവിടെ നിന്നൊന്നു മാറികിട്ടിയാല്‍,തിരികെ വരാതിരിക്കാനുള്ള കാരണം പിന്നീട്‌ കണ്ടു പിടിച്ചാല്‍ മതിയല്ലോ എന്നു കരുതി, ഞാന്‍ റെഡി എന്നു പറയുവാന്‍ വായ ഒന്നു പൊളിച്ചപ്പോഴേക്കും അച്ഛന്‍ പറഞ്ഞു. വേണ്ടടീ, അവനിവിടെ തന്നെ നില്ക്കട്ടെ. അവനാണെങ്കില്‍ അടുത്തമാസം ടൈപ്പിന്റെ ഹയറും, ഷോര്‍ട്‌ ഹാന്‍ഡിന്റെ ലോവറും എക്സാം ഉള്ളതാ.

അതുകേട്ടതോടെ, ചേച്ചി, അളിയന്‍, എന്റെ മരുമക്കളായ മൂന്നു വയസ്സുകാരി ചിത്ര, ഒരു വയസ്സുകാരന്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ ആ സബ്ജക്റ്റിനെ കുറിച്ചുള്ള ചര്‍ച്ച, തുടങ്ങിയ അതേ സ്പീഡില്‍ നിറുത്തിവച്ചു.

മൃഷ്ടാന്നഭോജനത്തിനുശേഷം, ചേച്ചിയും, കുടുംബവും, തിരികെ പോയപ്പോള്‍ മുതല്‍ ഞാന്‍ അമ്മയുടെ പുറകില്‍ ഒരു വാലായി കൂടി.

ഇനി മുതല്‍ സത്യമായും ഞാന്‍ പഠിക്കാം അമ്മേ, കടയിലെല്ലാം പറയുമ്പോള്‍ പോകാം, മീന്‍ ചൂണ്ടാന്‍ പോകുകയേയില്ല. കുളത്തില്‍ കുളിക്കാന്‍ പോയാല്‍ അരമണിക്കൂറിന്നകം വീടെത്താം, ചേട്ടന്മാരുമൊത്ത്‌ തല്ലു പിടിക്കുകയേയില്ല, തുടങ്ങിയ എന്നെ കൊണ്ട്‌ ചെയ്യാന്‍ പറ്റാത്ത എല്ലാ കാര്യങ്ങളും ചെയ്യാം എന്ന്, ഇലക്ഷന്‍ പ്രചരണത്തിനെത്തിയ സ്ഥാനാര്‍ത്തികളെ പോലെ, മുന്നും, പിന്പും നോക്കാതെ സധൈര്യം വിളിച്ചു പറഞ്ഞു.

ഒരു ദിവസം കഴിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു, മൂന്നു ദിവസമായിട്ടും ചെവിയില്‍ കയറിയ വണ്ടിറങ്ങുന്നില്ല എന്നു കണ്ട്‌, സഹികെട്ട്‌, നാലാം ദിവസം രാവിലെ, ഒരര ഇഡ്ഡലി, ചമ്മന്തിയില്‍ മുക്കി വായിലേക്കച്ഛന്‍ വച്ച്‌ മിണ്ടാന്‍ പറ്റാതിരിക്കുന്ന നിമിഷത്തില്‍, എനിക്കുള്ള റെക്കമെന്റേഷന്‍ ലെറ്റര്‍ അമ്മ അച്ഛന്‍ മുന്‍പാകെ സമര്‍പ്പിച്ചു.

ദേ, അവന്‍ വിനീടൊപ്പം, ഡെല്ലിക്ക്‌ പൊയ്ക്കൊട്ടേന്നേ. ഒരു മാസത്തേക്കല്ലേ ഉള്ളൂ.

വായിലിരുന്ന ഇഡ്ഡലി കഷ്ണം, നില്‍പ്പനടിക്കുന്നതുപോലെ, ഒറ്റ ഇറക്കിന്‌ അച്ഛന്‍ അകത്താക്കിയതിന്നു ശേഷം മൊഴിഞ്ഞു. അവന്‍ ഒരു സ്ഥലത്തേക്കും പോകുന്നില്ല. മര്യാദക്ക്‌ ഇവിടെ ഇരുന്ന പഠിച്ചാല്‍ മാത്രം മതി. അവനേ പോലെ തന്നെ അല്ലെ അവന്റെ രണ്ടു ചേട്ടന്മാരും?

അവനെ പോലെയവര്‍ പഠിക്കാണ്ട്‌ തെണ്ടിതിരിഞ്ഞൊന്നും നടക്കുന്നില്ലല്ലോ? ഇനി അഥവാ അവന്‌ പോകണമെങ്കില്‍, വല്ല, മാവേലി സ്റ്റോറിലോ, റേഷന്‍ കടയിലോ, ഗോതമ്പു പൊടിക്കാനോ ഒക്കെ പൊയ്ക്കോട്ടെ. എന്റെ പണിയൊന്നു കുറഞ്ഞെങ്കിലും കിട്ടുമല്ലോ?

എന്റെ ഓര്‍മ്മയിലൊന്നും കാടാമ്പുഴയില്‍ പോയി, കാടാമ്പുഴ ഭഗവതിക്ക്‌ പാര മുട്ടൊന്നും ഞാന്‍ മുട്ടിയിട്ടോ, നേര്‍ന്നിട്ടോ ഇല്ല, പിന്നെങ്ങിനെ, എന്റെ ജനനം മുതല്‍ ഏതിനും, എന്തിനും,എനിക്ക്‌ പാരയായിട്ടെന്റെ രണ്ടു ചേട്ടന്മാര്‍ തീര്‍ന്നു എന്നാലോചിച്ചിട്ടെനിക്കൊരെത്തും പിടിയും കിട്ടിയില്ല!

ഏയ്‌, ഇനി അവന്‍ നന്നായി പഠിക്കാമെന്ന് പറഞ്ഞിട്ടുണ്ട്‌. ഒരു പ്രാവശ്യത്തിക്കല്ലെ? അവിടെ ചെന്നാല്‍ അവളും ഗോപ്യേം കൂടി അവനെ ഗുണദോഷിച്ചോളും. പോക്കോട്ടവന്‍.

ഏടീ, അവന്റെ ടൈപ്പിന്റേം, ഷോര്‍ട്ട്‌ ഹാന്റിന്റേം പരീക്ഷ പോവില്ലെ?

ഓ അതടച്ച ഫീസു പോകുമെന്നല്ലേ ഉള്ളൂ. വന്നിട്ടു വീണ്ടും എഴുതാമല്ലോ?

നീയ്യാ, ഈ ചെക്കനെ ഇങ്ങനെ വഷളാക്കണെ. എളേ സന്തതിയാണെന്നു കരുതി ഞാനും കുറേ പുന്നാരിച്ചു. ഉം, ഉം.. പൊയ്ക്കോ, പൊയ്ക്കോ, പക്ഷെ, റിസല്‍റ്റ്‌ വരുന്നേനു മുന്‍പു തന്നെ ഇവിടെ തിരിച്ചെത്തിയിരിക്കണം.

അച്ഛന്റെ പൊക്കോ എന്നുള്ള അനുമതി കിട്ടിയപ്പോള്‍, റിസല്‍റ്റ്‌ വന്നപ്പോള്‍, പ്രതീക്ഷിക്കാണ്ട്‌ റാങ്കു കിട്ടിയ സന്തോഷം എനിക്കു വന്നു.

അന്നെന്റെ വീട്ടിലും, അയല്‍പ്പക്കത്തെ ഒട്ടുമുക്കാല്‍ വീട്ടിലും ഫോണ്‍ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഒറ്റ വീട്ടിലും ഫോണ്‍ ഉണ്ടായിരുന്നില്ല!

ഒമ്പതരയുടെ മൂന്നുപിടിക - കാറളം റൂട്ടിലോടുന്ന ശ്രി അയ്യപ്പ ബസ്സില്‍ കയറി ഞാന്‍ കാറളത്തെ എന്റെ അമ്മായിയുടെ വീട്ടിലെത്തി.

എനിക്ക്‌ യാത്രാനുമതി കിട്ടിയ കാര്യം ബോദിപ്പിച്ചു. എല്ലാവര്‍ക്കും സന്തോഷം.

ഇന്നു ബുധനാഴ്ച, ശനിയാഴ്ച്ചയാണവരെല്ലാവരും തിരികെ ഡെല്‍ഹിയില്‍ പോകുന്നത്‌. ടിക്കറ്റ്‌ കിട്ടുമോ എന്നുള്ള പ്രശ്നം എന്നേ വീണ്ടും കൊഞ്ഞണം കുത്തി കാണിച്ചു.

അളിയന്‍ ഗോപ്യേട്ടന്‍ അക്കാര്യം ഏറ്റെടുത്തു.

ടിക്കറ്റ്‌ ഞാന്‍ റെഡിയാക്കാം. വെയിറ്റിംഗ്‌ ലിസ്റ്റില്‍ കിട്ടിയാലും മതി. നമ്മുക്കഡ്ജസ്റ്റ്‌ ചെയ്യാം.

മൂപ്പര്‍ സ്കൂട്ടറുമെടുത്ത്‌, എന്നേയും പുറകിലിരുത്തി, തൃശൂര്‍ക്ക്‌ ആ നിമിഷം തന്നെ യാത്ര തിരിച്ചു.

തൃശ്ശൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ ചെന്ന് ടിക്കറ്റ്‌ എടുത്തു. വെയിറ്റിംഗ്‌ ലിസ്റ്റ്‌ ഒമ്പത്‌. സാരമില്ലടാ, നമുക്ക്‌ ശരിയാക്കാം.

തിരിച്ചു പോകുന്ന വഴി അരമനയില്‍ വണ്ടി സ്റ്റാന്റിലിട്ട്‌ എന്നേയും കൂട്ടി മൂപ്പരകത്തു കയറി.

ഡാ നീ ബീയറടിക്കുമോ?

വല്ലപ്പോഴും ഒരു ബീയറൊക്കെ അടിക്കുന്നതു കൂടാതെ അച്ഛന്റെ കുപ്പിയില്‍ നിന്നും ഒരൌണ്‍സ്‌ ബ്രാന്‍ഡിയോ, വിസ്കീയോ, ചിലപ്പോഴൊക്കെ ഞാന്‍ ആരുമറിയാതെ അടിച്ചുമാറ്റി അകത്താക്കിയിരുന്നെങ്കിലും, ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കേണ്ട സമയത്ത്‌ ബഹുമാനിക്കുക എന്നതെന്റെ ശീലമായതിനാല്‍, മനസ്സെതിര്‍ത്തിട്ടും, വേണ്ട എന്നു ഞാന്‍ പറഞ്ഞു.

കള്ളുകുടിയന്റെ മുഖലക്ഷണം മനപ്പാടമാക്കിയ ഗോപ്യേട്ടന്‍, എന്റെ വേണ്ട എന്ന ജല്‍പ്പനത്തിന്റെ അര്‍ത്ഥം, വേണം എന്നാണെന്നു വായിക്കുകയും, രണ്ട്‌ ബിയറിന്നും, ഒരു ബീഫ്‌ ഫ്രൈക്കും ഓര്‍ഡര്‍ നല്‍കുകയും ചെയ്തപ്പോള്‍, വരാന്‍ പോകുന്ന മധു നിറഞ്ഞ ദിനങ്ങളെ മുന്നില്‍ കണ്ട്‌, പുന്നെല്ലു കണ്ട എലിയേ പോല്‍ ഞാന്‍ ചിരിച്ചു.

വാ തുറന്നു ചിരിച്ച ചുണ്ട്‌, തിരികെ കൂടിചേര്‍ന്ന് നോര്‍മ്മല്‍ പൊസിഷനില്‍ എത്തുന്നതിനുമുന്‍പേ, അഞ്ചു മിനിട്ടു വൈകീഡാ ഗോപ്യേന്നും പറഞ്ഞ്‌ വേറൊരുവന്‍ ഞങ്ങള്‍ക്കിടയിലെ കട്ടുറുമ്പായി.

അതു സാരമില്ല, നീ ഇപ്പോള്‍ വരുമെന്നറിയാമെന്നതിനാല്‍, രണ്ടെണ്ണം ഞാന്‍ ആള്‍ റെഡി ഓര്‍ഡര്‍ ചെയ്തെന്ന് പറഞ്ഞ നിമിഷത്തില്‍, മലര്‍പൊടിക്കാരന്റെ സ്വപ്നം പോലെ, എന്റെ സ്വപ്നങ്ങള്‍ അരമനയിലെ, പൊട്ടിപൊളിഞ്ഞ തറയില്‍ വീണു ചിതറി.

ഇതാരാ, ഈ പയ്യന്‍?

ഇത്‌ ഭാര്യേടെ അമ്മാമന്റെ മോനാ, പേര്‌ കുറുമന്‍.

കൈനിട്ടിയ കട്ടുറുമ്പിന്റെ കൈയിലെന്റെ കൈ വെയ്ക്കുവാന്‍ ഞാന്‍ എഴുന്നേറ്റു നിന്നു. കൈ കൊടുത്തു. ചമ്മിയപോലെ ചിരിച്ചു.

ഞാന്‍ ജയരാജ്‌. ഇവിടുത്തെ രാമവര്‍മ്മപുരം സി ആര്‍ പി എഫ്‌ ക്യാമ്പിലെ ഡി വൈ എസ്‌ പി യാ എന്നും പറഞ്ഞു എന്റെ കൈ ആളൊന്നു പിടിച്ചു ഞരിച്ചു. (ഇത്രയും പ്രായക്കുറവുള്ള ഡി വൈ എസ്‌ പി ഉണ്ടാവുമോ എന്ന് ശങ്കിച്ച എനിക്ക്‌, എന്റെ കയ്യേലമര്‍ത്തിയതിന്റെ കരുത്തു കണ്ടപ്പോള്‍, ഇയാള്‍ക്കും ഡി വൈ എസ്‌ പി ആകാം എന്നു മനസ്സിലായി. തുടര്‍ന്നു വന്ന സംഭാഷണത്തില്‍ നിന്നും പുള്ളിക്കാരന്‍ വളരെ ചെറുപ്പത്തില്‍, സ്പോര്‍ട്സ്‌ ക്വാട്ടായില്‍ സര്‍വീസില്‍ കയറിയതാണെന്നും മറ്റും അറിഞ്ഞു. അതിന്നു ശേഷം നിരവധി തവണ, നാട്ടില്‍ വച്ചും, ഡെല്‍ ഹിയില്‍ വച്ചും, ഞങ്ങള്‍ കൂടിയിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ താമസമാക്കിയ ജയരാജേട്ടന്‍ ഇന്ന് ഐ പി എസ്‌ ഓഫീസറാണ്‌).

ഓര്‍ഡര്‍ ചെയ്ത ബിയറും, രണ്ടു ഗ്ലാസ്സുമായ്‌ സപ്ലയര്‍ വന്നു. ജയരാജേട്ടനെ കണ്ടതും ഒന്നൊതൊങ്ങി ചിരിച്ചു. പിന്നെ മൊഴിഞ്ഞു.

സാറിന്നായിരുന്നോ? ദാ അപ്രത്തെ റൂമിലേക്കിരിക്കായിരുന്നല്ലോ സാറെ.

ശരി, നീ ഇതെല്ലാമെടുത്തവിടെ വക്ക്‌. ഞങ്ങള്‍ അങ്ങോട്ടിരിക്കാം. ങാ, പിന്നെ നീ വരുമ്പോള്‍ ഒരു ഗ്ലാസ്സും കൂടി കൊണ്ടു പോര്‌.

വീണ്ടും,

ദേവദാരു പൂത്തു, എന്‍ മനസ്സിന്‍ താഴ്വരയില്‍

‍സപ്ലയര്‍ ബീഫ്‌ ഫ്രൈ കൊണ്ടു വന്നതിനോടൊപ്പം തന്നെ ഒരു ഗ്ലാസ്സും കൊണ്ടു വന്നതില്‍, ജയരാജേട്ടന്‍ ഇത്‌ ബിയറാണ്‌, നീ കുടിച്ചു ക്കൊള്‍ക എന്നും പറഞ്ഞ്‌ ഒഴിച്ചു തന്നപ്പോള്‍, മൂത്തവരുടേ വാക്കും, ബിയറും, ആദ്യം കയ്ക്കും, പിന്നെ മധുരിക്കും എന്നറിയാവുന്നതിനാല്‍, ഇടവും, വലവും, നോക്കാതെ ഒറ്റവലിക്ക്‌ ഞാന്‍ ഗ്ലാസ്‌ കാലിയാക്കി, മേശമേല്‍ കാലി ഗ്ലാസ്‌ വച്ചു, പിന്നെ രണ്ടേ രണ്ടു കഷ്ണം ബീഫ്‌ ഫ്രൈ വായിലിട്ട്‌ ചവച്ച്‌ മിണ്ടാണ്ടിരുന്നു.

പിന്നേയും, പിന്നേയും ബിയര്‍ ബോട്ടിലുകള്‍ പലതും വന്നും പോയും ഇരുന്നു. അതിന്നിടയില്‍ ചിലകുപ്പിയിലെ ബിയറിന്റെ യോഗം, എന്റെ അന്നനാളവും, ആമാശയവും കാണണം എന്നായിരുന്നതിനാല്‍, ചിലപ്പോഴൊക്കെ അവരെന്റെ ഗ്ലാസ്സും റീഫില്‍ ചെയ്തു തന്നു.

ബീഫ്‌ ഫ്രൈ തീര്‍ന്നു, ഓംലറ്റുകള്‍ അനവധി തീര്‍ന്നു, പോര്‍ക്ക്‌ ഫ്രൈ തീര്‍ന്നു, അയ്ക്കൂറ വറുത്തത്‌ വന്നതു തീര്‍ന്നു, ബിയര്‍ കുപ്പികള്‍ പലതും തീര്‍ന്നു.

പല പല തവണ ഞങ്ങള്‍ മത്സരിച്ച്‌ മൂത്രമൊഴിച്ചു തിരികെ വന്നു.

അതിനിടയിലെപ്പോളോ, എന്റെ വെയിറ്റിംഗ്‌ ലിസ്റ്റ്‌ ഒമ്പതായിരുന്ന ടിക്കറ്റ്‌ ആരേയോ വിട്ട്‌, കണ്‍ഫേമാക്കി തിരികെ വരുത്തി, സഖാവ്‌ ഡി വൈ എസ്‌ പി ജയരാജ്‌.

ഒടുക്കത്തെ ഓര്‍ഡറായ, ചിക്കന്‍ ബിരിയാണിയില്‍ അന്നത്തെ കൂടികാഴ്ച ഞങ്ങള്‍ അവസാനിപ്പിച്ചു.

സപ്ലയര്‍ ബില്ല് കൊണ്ടു വന്നു വച്ചു.

പൂച്ചക്കെന്ത്‌ പൊന്നുരുക്കുന്നിടത്തുക്കാര്യം???? ഞാന്‍ മെല്ലെ മൂത്രമൊഴിക്കാന്‍ പോയി.

ഡാ പൂവ്വ്വാ എന്ന് ഗോപ്യേട്ടന്‍ ചോദിച്ചപ്പോഴാ പോണ്ട കാര്യം ഞാന്‍ ഓര്‍ത്തതു തന്നെ. ഞാന്‍ ഒരു ലവലാ, നീ ഓടിക്ക്യോന്ന് ചോദിക്കേണ്ട താമസം, സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഞാന്‍ സ്റ്റാന്‍ഡീന്നെറക്കി.

ഡാ, നിനക്കോടിക്കാന്‍ പറ്റിയില്ലെങ്കില്‍, ഞാന്‍ ജീപ്പും ഡ്രവറേം വിട്ടു തരാം എന്ന് ജയേട്ടന്‍ പറഞ്ഞപ്പോള്‍, അതിന്റെ ഒരാവശ്യവുമില്ല എന്നു പറഞ്ഞ്‌ ഗോപ്യേട്ടനേം പിന്നിലിരുത്തി ഞാന്‍ കൂര്‍ക്കഞ്ചേരി, ഊരകം, കരുവന്നൂര്‍, മൂര്‍ക്കനാട്‌ വഴി കാളവണ്ടി പോകുമ്പോലെ, കാറളത്തെത്തിച്ചു.

അന്ന് കാറളത്തു തന്നെ തങ്ങി, പിറ്റേ ദിവസത്തെ ശ്രീ അയ്യപ്പയില്‍ ഞാന്‍ സ്വന്തം വീടെത്തി. പിന്നിടുള്ള രണ്ടു ദിവസങ്ങള്‍, ഇത്രയും നല്ല മോനായിരുന്നോ നമ്മുടെ എന്ന്‌, അച്ഛനും, അമ്മക്കും തോന്നുന്ന വിധത്തിലുള്ള പെരുമാറ്റ ചട്ടങ്ങളായിരുന്നു ഞാന്‍ നടപ്പാക്കിയത്‌.

ആരെന്തൊക്കെ ചെയ്താലും, സമയത്തിനെ തടുത്ത്‌ നിര്‍ത്താന്‍ പറ്റുകയില്ലല്ലോ?

വ്യാഴം കഴിഞ്ഞപ്പോള്‍, വെള്ളി വന്നു, വെള്ളി കഴിഞ്ഞപ്പോള്‍ ശനിയും വന്നു.

ഇരിഞ്ഞാലക്കുടയില്‍ വന്ന് എന്നെ പിക്ക്‌ ചെയ്തിട്ട്‌ ഒരുമിച്ച്‌ തൃശൂര്‍ക്ക്‌ പോകാം എന്ന് ഗോപിചേട്ടന്‍ തലേ ദിവസം വന്നപ്പോള്‍ പറഞ്ഞിരുന്നു.

വൈകീട്ട്‌ മൂന്നേ നാല്‍പ്പ്പത്തി അഞ്ചിനാണ്‌ കേരള എക്സ്പ്രസ്സ്‌ തൃശ്ശൂരില്‍ വരുന്നത്‌.

ഉച്ചക്ക്‌, അപ്പാ കുറുമനും, അമ്മാ കുറുമിയും, മൂന്നു കുറുമ കുട്ടികളും, ഒരുമിച്ചിരുന്നൂണു കഴിച്ചു.

അമ്മക്കാകെ സങ്കടം. താഴെയുള്ള മകനല്ലെ? പുന്നാര മോനല്ലെ? താഴത്തും നിലത്തും വച്ച്‌ വളര്‍ത്ത്യേതല്ലെ. ഇന്ന് വരേയായി സ്കൂളില്‍ നിന്നും ടൂറ്‌ പോകുന്ന ഒരു ദിവസമോ, അമ്മാമന്‍, അമ്മായി, വല്ല്യമ്മ, ചെറിയമ്മ തുടങ്ങിയവരുടെ വീട്ടില്‍ പോയി നില്ക്കുന്ന ഒരാഴ്ചയോ അല്ലാതെ, ഇതിന്നാ, ആദ്യമായ്‌ എന്റെ ചെക്കന്‍, ഒരുമാസത്തേക്ക്‌ വിട്ടുനില്ക്കാന്‍ പോണൂ. അതും സ്വന്തം നാടാണേല്‍ ഓക്കെ......ഇതിപ്പോ, മൈലുകള്‍ക്കപ്പുറമുള്ള ഡെല്ലിയില്‍?

അമ്മ മൂക്കു പിഴിഞ്ഞു സാരിയില്‍ തുടച്ചു.

എത്ര തന്നെ ചീത്ത പറഞ്ഞാലും, തല്ലിയാലും, തന്റെ പെറ്റായ, അരുമ പുത്രനെ ഒരു മാസത്തേക്ക്‌ കാണാന്‍ പറ്റാത്ത ദുഖം മറക്കാന്‍ വേണ്ടി അച്ഛന്‍ കുറുമാന്‍ ഒരു വില്‍സുമ്മേന്ന് മറ്റൊന്നിനു തീകൊളുത്തി പുക വെറുതെ ഊതി വിട്ടുകൊണ്ടിരുന്നു.

ആദി കുറുമാനും, മധ്യ കുറുമാനും, എന്തൊക്കെ പറഞ്ഞാലും, അവന്‍ ഞങ്ങളുടെ ഓമന അനിയനല്ലെ, തങ്ങളുടെ ഓഹരി, ഇഡ്ഡലിയും, ദോശയും, പഴം പൊരിയും, കുറച്ച്‌ അധികം തിന്നാല്‍ എന്താ, മണ്ണെണ്ണയും, ഗോതമ്പും വാങ്ങാന്‍, റേഷന്‍ കടയിലും, പാമോയില്‍ വാങ്ങാന്‍ മാവേലി സ്റ്റോറിലും എപ്പോളും പോയിരുന്നതല്ലെ, ഇനി മുതല്‍ ഒരു മാസത്തെക്കേങ്കിലും,നമ്മള്‍ തന്നെ പോകണ്ടെ എന്നാലോചിച്ചു വ്യസനിച്ചു.

പിന്നാലെ, പല അയല്‍പക്കക്കാരും, വന്നു യാത്ര പറഞ്ഞു.

എതാണ്ട്‌ നമ്മടെ ഡിക്കിന്റെ സാരഥി മുരളി വിളിച്ചുകൂട്ടുന്ന മീറ്റിങ്ങില്‍ പങ്കെടുക്കുന്നത്ര ആളുകള്‍ എന്നെ യാത്രയാക്കാന്‍ എന്റെ തിരുമുറ്റത്തുണ്ടായിരുന്നു.

ഇരച്ചു വന്നു കയറിയ അമ്പാസിഡറിന്റെ ഡിക്കിയില്‍ എന്റെ ബാഗ്‌ വച്ച്‌, ഞാനും വണ്ടിയില്‍ കയറി.

പെട്ടെന്നതാ, പൂതക്കാടന്‍ റോസില്യേച്ചി ഓടിവന്ന് (ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ആപ്പിസിന്റെ അരികില്‍ ചായകട നടത്തിയിരുന്ന), അച്ചപ്പം, കുഴലപ്പം, പഴം പൊരി എന്നിവയടങ്ങുന്ന ഒരു കവര്‍ എന്റെ കയ്യില്‍ തന്നതിന്നുശേഷം പറഞ്ഞു. എന്റെ മോനെ, നീ പോയ്യ്യാ ഈ വീടുമാത്രല്ലാട്ടാ, നമ്മുടെ എടവഴിതന്നെ ഉറങ്ങും. ന്നാലും, നീ പോയി വാടാ ന്ന്‌ പറയണ കേട്ടപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. അവര്‍ക്കും ഉണ്ടേ മൂന്നു പെണ്‍കുട്ടികള്‍, ഞാന്‍ രാക്കി കെട്ടാറുള്ള മൂന്നു പെണ്മക്കള്‍.

അങ്ങനെ ഞങ്ങടെ വണ്ടി എന്റെ മുറ്റം കഴിഞ്ഞ്‌ നീങ്ങി, തൃശ്ശൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ എത്തി. പറഞ്ഞ സമയത്തിന്നും വെറും, മൂന്നേ മൂന്നു മണിക്കൂര്‍ മാത്രം വൈകി കേരളാ എക്സ്പ്രസ്‌ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ ഫോമില്‍ വന്നു കിതച്ചു.

പെട്ടി, കുട്ടി,പിന്നെ, ചൊവ്വൂരുന്ന് വാങ്ങിയ, ആട്ടുകല്ല്‌, അമ്മിക്കല്ല്‌ തുടങ്ങിയവ ഞാനും, ഗോപ്യേട്ടനും കൂടി വണ്ടിയില്‍ കയറ്റി, ഞങ്ങളുടെ സീറ്റിന്നടിയില്‍ അഡ്ജസ്റ്റ്‌ ചെയ്ത്‌ വെച്ചു.

എല്ലാവരും സീറ്റില്‍ ഇരുന്നപ്പോഴേക്കും, അവന്‍ കരഞ്ഞു ........ കൂൂൂൂൂൂൂൂ ............. കൂൂൂൂൂൂൂൂൂൂൂൂൂൂ

Saturday, June 03, 2006

പെരിയോന്‍ ആബ്സന്റാ

ഹലോ, ഡാ ഇത്‌ ഞാനാ , ആദികുറുമാന്‍

‍ചേട്ടന്‍ പറയ്‌.

അതേ, ഞാന്‍ അടുത്ത ആഴ്ച നാട്ടിലേക്കു പോകുന്നുണ്ട്‌. കൂടെ ഒരു അഞ്ചെട്ടു സായിപ്പും, ആറേഴു മദാമ്മാസും ഉണ്ട്‌. ഗോഡ്സ്‌ ഓണ്‍ കണ്ട്രി അവര്‍ക്ക്‌ കാണണമത്രെ.

അപ്പോള്‍, ചുരുക്കം പറഞ്ഞാല്‍ ചേട്ടന്‍ അവരെ തലയാക്കി, ഓസ്സിനു നാട്ടില്‍ പോകുന്നൂന്ന് പറയ്‌.
അതത്ര തന്നെ. പിന്നെ പറ്റിയാല്‍ നീ വാ. മധ്യകുറുമാനും, ഡൊമിനിയും എല്ലാം നാട്ടിലുണ്ടല്ലോ. നമുക്കൊന്നടിച്ചു പൊളിക്കാം. എല്ലാ സ്ഥലത്തും കറങ്ങുകയും ചെയ്യാം.

അതിന്‌ ഞാന്‍ നാട്ടില്‍ പോയി വന്നിട്ട്‌ ആറുമാസം പോലും ആയില്ലല്ലോ?

അതൊന്നും സാരല്ല്യ. നീയാരാ മൊതല്‌? ഒന്നു ട്രൈ ചെയ്ത്‌ നോക്ക്‌.

ശരി നോക്കാം. എന്നാ പിന്നെ ബൈ ബൈ.

ആദി കുറുമാന്‍, വിഷം തലക്കകത്ത്‌ കുത്തിവച്ച ആ നിമിഷം മുതല്‍ എങ്ങിനെ നാട്ടില്‍ പോകണം എന്നു മാത്രമായി എന്റെ ചിന്ത.

വിഷയം കുറുമിയെ അറിയിച്ചാല്‍, കുറുമി ഇടങ്കോലിടും എന്നതിന്‌ സംശയം ബില്ക്കുല്‍ നഹി.

എങ്ങനെ സൂത്രത്തില്‍ ലീവൊപ്പിച്ച്‌ നാട്ടിലേക്ക്‌ പോകാം എന്ന് ഞാന്‍ തലപുകഞ്ഞാലോചിച്ചു. തല പുകഞ്ഞു പുകഞ്ഞു ചാരമായതു മിച്ചം.

സഹായത്തിനായി ഞാന്‍ ഗൂഗ്ളി നോക്കി, നോ രക്ഷ. വിക്കി നോക്കി. വിക്കി വിക്കി കൊഞ്ഞപ്പു വന്നതല്ലാതെ ആശയം വന്തതേയില്ലൈ.

ആദ്യമായ്‌, വിദുരരോടോ, ചാണക്യനോടോ, ശകുനിയോടോ ചോദിക്കൂ എന്ന ഒരു ബ്ലോഗില്ലാത്തതിന്റെ വിഷമം ഞാന്‍ അനുഭവിച്ചറിഞ്ഞു.

ദിവസങ്ങള്‍ രണ്ടുമൂന്നെണ്ണം കൊഴിഞ്ഞു വീണു ചിന്നി ചിതറി. എന്റെ തലയിലെ മുടികള്‍ പിന്നേയും കൊഴിഞ്ഞു വീണു.

നാട്ടിലേക്ക്‌ പോക്കും, സായിപ്പ്‌, മദാമ്മമാരുമൊത്തുള്ള കറക്കവും ഒരു നടക്കാത്ത സ്വപ്നമാകും എന്ന് ഞാന്‍ ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍, മൂട്ടില്‍ ഭയങ്കര വേദന. നടക്കുവാന്‍ ഭയങ്കര പ്രയാസം.

ഒരു ദിവസം കഴിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു, വേദന കൂടി കൂടി എനിക്ക്‌ നടക്കുവാന്‍ തന്നെ പറ്റാതായി. മൂത്രം നിറഞ്ഞിട്ടും പാമ്പേഴ്സ്‌ മാറ്റാത്ത പത്ത്‌ മാസക്കാരി കുട്ടിയെ പോലെ ഞാന്‍, വേച്ചു വേച്ചു നടന്നു.

വേദന അസഹ്യമായിരുന്നെങ്കിലും, ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ സന്തോഷിക്കുകയായിരുന്നു. മൂട്ടില്‍ കുരു ഒരു നാട്ടില്‍പോക്കാക്കി മാറ്റാം എന്ന നിഗൂഡ പദ്ധതി എന്റെ ഉള്ളില്‍ ഉരുതിരിഞ്ഞതുതന്നെ ആ സന്തോഷത്തിന്റെ ഹേതു.

അന്ന് രാത്രി, വേദന അസഹ്യമായ നേരത്ത്‌ , ഇരിക്കുകയും, നില്ക്കുകയും, കിടക്കുകയും ചെയ്യാത്ത ഒരു പൊസിഷനില്‍ ആസനം ബാലന്‍സ്‌ ചെയ്ത്‌ വണ്ടിയോടിച്ച്‌ ഞാന്‍ റാഷീദ്‌ ഹോസ്പിറ്റലില്‍ പോയി.

എമര്‍ജന്‍സിയില്‍ കയറി ഒരുപത്തു മിനിട്ടിന്നകം തന്നെ ഒരു കാപ്പിരി ഡോക്ടര്‍ (നമ്മുടേ അരവിന്ദന്റെ നാട്ടുകാരന്‍) സ്റ്റെതസ്ക്കോപ്പ്‌ കയ്യിലിട്ട്‌ കാലപാശം ചുറ്റുന്നതുപോലെ കറക്കി കറക്കി എന്റെ അരികിലേക്ക്‌ വന്നു.

അസലാമു അലൈക്കും.

വാ അലൈക്കുമുസലാം.

വാട്‌ ഈസ്‌ ദ ബ്രോബ്ലം?

പെയിന്‍ ഇന്‍ ദ ആസ്‌ ഡോക്ടര്‍.

ഔട്‌ സൈദ്‌ ഓര്‍ ഇന്‍ സൈദ്‌?

ഇന്‍ സൈഡ്‌ ഡോക്ക്ടര്‍

‍ഓകെ, നോ ബ്രോബ്ലം. റിമൂവ്‌ യുവര്‍ പാന്റ്‌ ആന്റ്‌ അണ്ടര്‍വെയര്‍ (ഇന്‍ കേസ്‌ ഇഫ്‌ യു യൂസ്‌ ഇറ്റ്‌) ആന്റ്‌ ലേ ഡൌണ്‍ ഹിയര്‍.

നവ വധുവിനേ പോലെ ഞാന്‍ നാണിച്ചു മുഖം കുനിച്ചു.

കം ഓണ്‍ ലേ ഡൌണ്‍ ഹിയര്‍. കാപ്പിരി അട്ടഹസിച്ചു.

ദൈവമേ, എന്റെ ചാരിത്ര്യം എങ്ങാനും ഈ കശ്മലന്‍ കവര്‍ന്നെടുക്കുമോ എന്ന് ശങ്കിച്ചു ശങ്കിച്ചു കൊട്ടാരത്തില്‍ ശങ്കുണ്ണിയാകുവാന്‍ സമയമില്ലാതിരുന്നതിനാല്‍, പാന്റ്‌, വി ഐ പി ഫ്രഞ്ചി (ഓട്ടയൊന്നും ഇല്ലാത്തത്‌ ധരിക്കാന്‍ തോന്നിയത്‌ ഭാഗ്യം. അല്ലെങ്കില്‍ മാനം കപ്പലിലും, ബീമാനത്തിലും കയറിയേനെ) തുടങ്ങിയ ഐറ്റംസ്‌ ഊരി മാറ്റി, അമേരിക്കന്‍ സൈന്യത്തിന്റെ കയ്യില്‍ കിട്ടിയ ഇറാക്കി ഫൌജിയെപോലെ, ടേബിളില്‍ സാഷ്ടാംഗ പ്രണാമം പൊസിഷനില്‍ കിടന്നു.

പിന്നിലെന്താണു സംഭവിക്കുക എന്നറിയാതെ, അതിലേറെ അടുത്ത നിമിഷത്തിലെന്തും സംഭവിക്കാം എന്ന തിരിച്ചറിവോടെ അതിവേഗം മിടിക്കുന്ന ഹൃദയവുമായി കിടന്നിരുന്ന ഞാന്‍ ഒറ്റ അലറല്‍......അയ്യോ‍. എന്റെ കിളി പറന്നു പറന്നു പോയി.

മൂട്ടിലെന്തോ കേറിയന്നുറപ്പ്‌. എന്താണെന്നുള്ള ആശങ്ക! തലയ്ക്കാകെ ഒരു മന്ദത. മരവിപ്പ്‌. ദൈവമേ, പത്തുമുപ്പതു വര്‍ഷം കാത്തു സൂക്ഷിച്ച ചാരിത്ര്യം കാപ്പിരിയെങ്ങാന്‍ കവര്‍ന്നെടുത്തോ?

ഹാവൂ, കയറ്റിയ സാധനം അതെന്തായാലും ശരി, കാപ്പിരി ഊരി മാറ്റി.

ഓകെ, ചെക്കിംഗ്‌ ഫിനിഷ്ഡ്‌. വെയര്‍ യുവര്‍ ക്ലോത്സ്‌ നൌ.

എഴുന്നേറ്റതും, എന്താണ്‌ എന്റെ മൂട്ടില്‍ കയറിയതെന്നറിയാന്‍ ഞാന്‍ ആകാംഷയോടെ കാപ്പിരിയെ നോക്കി.

കാപ്പിരിക്കു കാര്യം മനസ്സിലായി. കയ്യിലിരുന്ന പെന്‍ ടോര്‍ച്ചിന്റെ വലുപ്പത്തിലുള്ള ലെന്‍സ്‌ പിടിപ്പിച്ച ഒരു കുഴലയാള്‍ കാണിച്ചു തന്നു. പിന്നെ പറഞ്ഞു, ഡോണ്ട്‌ വറി. ഐ പുട്‌ ദിസ്‌ ഇന്‍സൈദ്‌.

ഹാവൂ........ആശ്വാസം. ചാരിത്ര്യം രക്ഷപെട്ടുവല്ലോ.

പാന്റിട്ടു വന്ന എന്നോട്‌ ഡോക്ക്ടര്‍ വിവരിച്ചു.പെരിയോന്‍ ആബസന്റാ, ഓപ്പറേഷന്‍ നീഡഡ്‌.

ഐ വില്‍ ഗീവ്‌ അപ്പോയിന്‍മന്റ്‌ ഫോര്‍ ഡേ ആഫറ്റര്‍ ടുമാറോ.

മൂട്ടിലെ വേദന സഹിച്ചു ഇനിയും, ഒരു രണ്ടു ദിവസം നടക്കാനുള്ള മനക്കരുത്തില്ലാതിരുന്നതിനാല്‍ ഞാന്‍ ചോദിച്ചു.

പെരിയോന്‍ ആബ്സന്റാണെങ്കില്‍, വൈക്കാണ്ട്‌ യു ഡു ഇറ്റ്‌ ഡോക്ടര്‍.

വാത്ത്‌?

ഐ മീന്‍ ഈഫ്‌ ദ സീനിയര്‍ ഡോക്ടര്‍ ഈസ്‌ ആബ്സന്റ്‌, ദെന്‍ വൈ കാണ്ട്‌ യു ഡു ദ ഓപ്പറേഷന്‍ ഡോക്ടര്‍?

അയാം ദ വണ്‍ ഹു വില്‍ ബി ദുയിംഗ്‌ യുവര്‍ ഓപ്പറേഷന്‍ മൈ ഡിയര്‍ ഫ്രന്റ്‌.

ബട്‌, യു റ്റോള്‍ഡ്‌ മി, പെരിയോന്‍ ആബ്സന്റ്‌.

ഓ ഐ ദിങ്ക്‌, യു മിസണ്ടര്‍സ്റ്റുഡ്‌ മി.

നോ വണ്‍ ഈസ്‌ ആബ്സന്റ്‌ ഹിയര്‍.

ദ റീസണ്‍ ഫോര്‍ യുവര്‍ പെയിന്‍ ഈസ്‌ പെരി അനല്‍ ആബ്സസ്സ്‌!!

എന്തായാലും, ഓപ്പറേഷനുള്ള അപ്പോയിന്മെന്റുമെടുത്ത്‌ ഞാന്‍ വീണ്ടും വണ്ടിയില്‍ കയറി, എയറില്‍ ഇരുന്ന് വീട്ടിലേക്ക്‌ വിട്ടു.

പിറ്റേന്ന് രാവിലെ പരിചയത്തിലുള്ള ഒന്നു രണ്ടു ഗഡികളെ ഫോണ്‍ ചെയ്ത്‌ കാര്യം പറഞ്ഞപ്പോള്‍, സഞ്ജയ്‌ എന്ന സുഹൃത്ത്‌ പറഞ്ഞു.

ഡാ, നിനക്കു വല്ല വട്ടുമുണ്ടാ, ഇവിടെ ഓപ്പറേഷന്‍ ചെയ്യാന്‍? അതും മൂട്ടില്‍?

എന്റെ ഒരമ്മാവനു ഇതു പോലത്തെ കുരു വന്നിട്ട്‌ ഇവിടെ ഓപ്പറേഷന്‍ കഴിഞ്ഞതിനു ശേഷം മൂപ്പര്‍ ഇപ്പോഴും പാമ്പേഴുസും കെട്ടിയാ നടത്തം. മുട്ടിയാല്‍ അപ്പോ തന്നെ തുറക്കണം, അല്ലെങ്കില്‍ ഫൌള്‍ ആകും.

നീ വല്ല നാട്ടിലും പോയിട്ട്‌ ചെയ്യാന്‍ നോക്കിക്കോ, അതാ നല്ലത്‌.

കൊള്ളാം, രോഗി ഇച്ചിച്ഛതും, വൈദ്യന്‍ കല്‍പ്പിച്ഛതും, നാട്ടില്‍ പോക്ക്‌.

രാവിലെ വേച്ച്‌ വേച്ച്‌ ഓഫീസിലേക്ക്‌ നടന്നു. എം ഡിയെ കണ്ടപ്പോള്‍ വേച്ചു വേച്ചു നടക്കുന്നതതിന്റെ പാരതമ്യത്തിലെത്തി ഞാന്‍.

എന്റെ നടപ്പു കണ്ടപ്പോള്‍, പാവം, എം ഡി തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടു കണ്ണീര്‍.

വളരെ കുറച്ചു നിമിഷങ്ങള്‍ക്കകം, എന്റെ രോഗാവസ്തയേകുറിച്ചും, ഇവിടേ ഓപ്പറേഷന്‍ ചെയ്താല്‍ ഉണ്ടായേക്കാവുന്ന മറ്റു ദുരവ്സ്തയേക്കുറിച്ചും, എനിക്ക്‌ പാമ്പേഴ്സ്‌ വാങ്ങാന്‍ കമ്പനിക്ക്‌ ഭാവിയില്‍ വരുന്ന ഭീമമായ തുകയേക്കുറിച്ചും ഞാന്‍ എം ഡീയേ പറഞ്ഞു ബോധിപ്പിച്ചു.

എന്റെ വെടി മര്‍മ്മത്തില്‍ തന്നെ കൊണ്ടതും, പതിനഞ്ചു ദിവസത്തെ സിക്ക്‌ ലീവ്‌ വിത്ത്‌ പേ ആന്റ്‌ ടിക്കറ്റ്‌ പ്ലസ്‌ മെഡിക്കല്‍ എക്സ്പെന്‍സസ് അഡ്വാന്‍സായി ഒരു മൂവായിരം ദിര്‍ഹവും സ്പോട്ടില്‍ തന്നെ പാസ്സായി.

അന്നേക്കന്ന് മൂന്ന് ടിക്കറ്റുമെടുത്ത്‌, കുറുമനും, കുറുമിയും, കൊച്ചു കുറുമിയും (അന്ന് കൊച്ചു കുറുമി ഒന്നേ ഉള്ളൂ) "ഔര്‍ ഓണ്‍ ഫ്ലൈറ്റ്‌" എയര്‍ ഇന്ത്യയില്‍ നാട്ടിലേക്ക്‌ പറന്നു.

നെടുമ്പാശേരിയില്‍, കണ്ടാരന്തറ മുത്തപ്പനെ, മനസ്സില്‍ പ്രാര്‍ത്ഥിച്ച്‌, പയലറ്റ്‌, ഫ്ലൈറ്റ്‌ ഇടിച്ചിറക്കി.

ഫുട്ബോര്‍ഡില്‍ കൈകൂപ്പി, സെവന്റി എം എം ചിരി മുഖത്തണിഞ്ഞ്‌ നിന്നിരുന്ന, സുന്ദരിയും, സുശീലയും, മദാലസയുമായ അമ്പത്തൊമ്പത്‌ വയസ്സുള്ള എയര്‍ ഹോസ്റ്റസ്‌ ശുക്രിയ പറഞ്ഞ്‌ ഞങ്ങളെ പുറത്താക്കി വാതിലിന്റെ ഓടാമ്പല ഇട്ടു!

പുറത്ത്‌ കടന്ന്, ഞങ്ങളെ കാത്തു നിന്നിരുന്ന മധ്യകുറുമാനുമൊത്ത്‌ ഞാന്‍, മാ, മേരേ പ്യാരാ മായുടെ അടുത്തേക്ക്‌ വണ്ടിയില്‍ ചീറി പാഞ്ഞു.

വീട്ടിലെത്തിയതും, കുട്ടി, പെട്ടി, കുറുമി തുടങ്ങിയവരെ വീട്ടിലുപേക്ഷിച്ച്‌ ഞാനും, മധ്യ കുറുമനും, കൂടി അതേ കാറില്‍ വെച്ചു പിടിച്ചു, തൃശ്ശൂര്‍ വെസ്റ്റ്‌ ഫോര്‍ട്ട്‌ ഹോസ്പിറ്റലിലേക്ക്‌.

ഹോസ്പിറ്റലിലുണ്ടായിരുന്ന ഉന്നത തല സ്വാദീനം യൂട്ടിലൈസ്‌ ചെയ്ത്‌ അന്നേക്കന്ന് ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാകുകയും, പിറ്റേന്ന് രാവിലെ, പത്തു മിനിട്ടു നീണ്ടു നിന്ന, മെഡിക്കല്‍ സയന്‍സ്സിലെ, അതി കോമ്പ്ലിക്കേറ്റഡായ ശസ്ത്രക്രിയയാല്‍ എന്റെ മൂട്‌ ക്ലീനാക്കി, മൂന്ന് ദിവസം ആശുപത്രിയില്‍ റസ്റ്റ്‌ ചെയ്യുവാനായി ഡോക്ക്ടര്‍ വിധിച്ചു.

വീട്ടില്‍ പോയാല്‍ ഫാനിട്ട്‌ തന്നെ കിടക്കണമെന്നിരുന്നാലും, കമ്പനി ചിലവായതിനാല്‍, ആശുപത്രിയില്‍ ഏ സി റൂം തന്നെ ഞാന്‍ തരപെടുത്തി.

ആദി കുറുമാനും സായിപ്പ്‌ മദാമ്മമാരും വരുവാന്‍ ഇനിയും അഞ്ചു ദിവസം ബാക്കി.ആശുപത്രിയിലെ, ഏ സി റൂമില്‍, മൂന്നു ദിവസം, റമ്മി കളി, കള്ളു കുടി (വേണമെങ്കില്‍ കള്ള്‌ ഹോസ്പിറ്റലിലും കുടിക്കാം, പക്ഷെ ഉന്നതതലങ്ങളില്‍ ഗോണ്ടാക്റ്റ്‌ വേണമെന്നു മാത്രം), തുടങ്ങിയ കലാപരിപാടികളുമായി, മധ്യകുറുമന്‍, ഡൊമിനി, കൂടാതെ മറ്റു ചില കസിന്‍സുമൊത്ത്‌ സസുഖം ഞാന്‍ സ്പെന്റ്‌ ചെയ്തു.

അതിന്നിടെ, ഹോസ്പിറ്റലിന്റെ ഒരു എന്‍ ആര്‍ ഐ കമ്പ്ലീറ്റ്‌ ഹെല്‍ത്ത്‌ ചെക്കിങ്ങ്‌ പാക്കേജും, കമ്പനി ചിലവില്‍ ഞാന്‍ തരമാക്കി.

ഓസ്സിന്‌ കിട്ടിയതല്ലെ എന്നു കരുതി, ത്രെഡ്‌ മില്‍ ടെസ്റ്റ്‌ ചെയ്യാന്‍ ത്രെഡ്‌ മില്ലിന്നരികില്‍ കാത്തു നിന്ന എന്നെ, തക്ക സമയത്ത്‌, ഓസ്സിനു കിട്ടിയാല്‍ ഓയല്‍മെന്റു തിന്നരുതെന്ന് പരിച സമ്പന്നനായ ഒരു ഡോക്ടര്‍ പറഞ്ഞു മനസ്സിലാക്കിയില്ലായിരുന്നെങ്കില്‍, ഇന്നും ഞാന്‍ പാമ്പേഴ്സ്‌ കെട്ടി നടക്കേണ്ട അവസ്ഥയായേനെ.