Tuesday, May 30, 2006

മോത്തിയുടെ പിതൃത്വം, ഒരന്വേഷണം

അവള്‍ ഒരു ഗ്രാമീണ സുന്ദരിയായിരുന്നു. ഗ്രാമീണതയുടെ നിഷ്കളങ്കത ഉള്‍ക്കൊണ്ട തനി ഒരു നാടന്‍ പെണ്ണ്.

നാട്ടുമ്പുറത്തെ അവളുടേ ജാതിയില്‍ തന്നെ ഉള്ള മറ്റു പെണ്ണുങ്ങളെ പോലെ, നാടുമുഴുവന്‍ അലയുകയോ , ആവശ്യമില്ലാത്ത കൂട്ടുകൂടി, വായിട്ടലച്ചു, നാട്ടുകരുടെ അപ്രീതിക്ക്‌ പാത്രമാവുകയോ അവള്‍ ഒരിക്കല്‍ പോലും ചെയ്തിട്ടില്ല.

നാലാള്‍ കൂടുന്നിടത്തവള്‍ ഒരിക്കല്‍ പോലും പോയി എത്തിനോക്കിയിട്ടില്ല, എന്നു മാത്രമല്ല, ആള്‍കൂട്ടത്തിന്റെ നാലയല്‍പ്പക്കത്തു വരെ അവള്‍ ഇന്നുവരേയായി അടുത്തിട്ടില്ല.

ആ ശാലീന സുന്ദരിയുടെ പിന്നാലെ, ഗ്രാമത്തിലെ അവളുടെ ജാതിയില്‍ പെട്ട മുഴുവന്‍ ആണുങ്ങളും തേരാ പാരാ നടന്നു. സൌമ്യതയോടെ അടുക്കാന്‍ ശ്രമിച്ചു, അടുക്കാഞ്ഞപ്പോള്‍ ഭീഷണിപെടുത്തി നോക്കി, എന്നിട്ടും അടുക്കുന്നില്ല എന്നു കണ്ടപ്പോള്‍ ആക്രമിച്ചൊതുക്കാം എന്നു കരുതി ആക്രമിക്കാന്‍ ശ്രമിച്ചു. പക്ഷെ അവളുടെ വീടിന്നടുത്ത്‌ നിന്നും ദൂരെ എങ്ങും അവള്‍ പോകാത്തതിനാല്‍, അവളുടെ വളര്‍ത്തച്ഛനോ, സഹോദരന്മാരോ എല്ലാ തവണയും അവളുടെ രക്ഷക്കെത്തി.

ആണായൊരുത്തന്‍ തന്റെ പിന്നാലെ വരുന്നുണ്ടെന്നറിഞ്ഞാല്‍ അവള്‍ എത്രയും പെട്ടെന്ന് തന്റെ വീട്ടിലേക്ക്‌ ഓടിപോകുകയാണ്‌ പതിവ്‌.

അങ്ങനെ ആ ഗ്രാമവും, ഗ്രാമ വാസികളും വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ, നീങ്ങുന്നതിനിടയില്‍ ഒരു ദിവസം, ഒരു അമേരിക്കന്‍ റിട്ടയര്‍,പണക്കാരന്‍, ആ ഗ്രാമത്തിന്റെ കാതും, ചെവിയും, കാതലുമായ ഒരു സ്ഥലം വിലക്കെടുക്കുകയും, കൊട്ടാരം പോലൊരു വീട്‌ ആ സ്ഥലത്തു വച്ച്‌ താമസം ആരംഭിക്കുകയും ചെയ്തു.

നമ്മുടെ കഥാ നായികയുടെ കൂരയില്‍ നിന്നും കഷ്ടി ഒരര നാഴികയകലെ ദൂരത്തുമാത്രമായിരുന്നു അവരുടെ കൊട്ടാരം.

പുതുപണക്കാരന്റെ വിട്ടിലെ, സായിപ്പന്‍ ചെക്കന്‍ തരം കിട്ടുമ്പോഴൊക്കെ വീട്ടില്‍ നിന്നും ചാടി ഗ്രാമം ഊരു ചുറ്റാന്‍ തുടങ്ങി.

അങ്ങനെ ചുറ്റുന്നതിനിടയില്‍ ഒരു ദിവസം അവന്‍ നമ്മുടെ കഥാനായികയെ കാണുവാന്‍ ഇടയായി.

അതിന്നുശേഷം, അവന്റെ ഉള്ളില്‍, അവള്‍, ആ ഗ്രാമീണസുന്ദരി, അവളെ എങ്ങിനെ വളക്കണം എന്നൊരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവസരം ഒത്തു കിട്ടിയപ്പോഴൊക്കെ, അവന്‍ ഗെയിറ്റ്‌ ചാടി പുറത്തുകടന്നു, അവളെ തേടി അവന്‍ ഗ്രാമം മുഴുവന്‍ അലഞ്ഞു.

പാടവരമ്പിലും, പ്ലാവിന്നടിയിലും, കുളക്കരയിലും അവളെ കണ്ടപ്പോഴെല്ലാം അവന്‍ കടകണ്ണെറിഞ്ഞിട്ടും, അവനെ കാണാത്ത പോലവള്‍ ഓടിയൊളിച്ചെങ്കിലും അവളുടെ ഉള്ളിന്റെ ഉള്ളില്‍ അവനോട്‌ എന്തോ ഒരു ഇത്‌ തോന്നിതുടങ്ങിയിരുന്നു.

കര്‍ക്കിടകം പെയ്തൊഴിഞ്ഞു, ചിങ്ങം പൂത്തുലഞ്ഞു, കന്നി മാസം വന്നു.

പാടക്കരയിലൂടെ അവള്‍ നടക്കുകയായിരുന്നു. തന്റെ ഒരിറ്റ്‌ സ്നേഹത്തിനായ്‌ പിന്നാലെ നടന്നിരുന്ന സായിപ്പിനെ കണ്ടിരുന്നെങ്കില്‍ എന്നവളുടെ മനം തേങ്ങി.

തേടിയ വള്ളി കാലില്‍ ചുറ്റി, എന്നു പറഞ്ഞതുപോലെ, അതാ അവന്‍ വരമ്പിലൂടെ തലയുയര്‍ത്തി നടന്നു വരുന്നു.

അവളുടെ അടുത്തെത്തിയ അവന്‍ ഒന്നു മുരണ്ടു, പിന്നെ അവളുടെ ചുറ്റും, രണ്ട്‌ മൂന്ന് തവണ ഒന്നു നടന്നു.

അവള്‍ തന്റെ വാല്‍ കാലിന്നിടയിലാക്കി,നമ്രമുഖിയായ്‌ നിന്നു.

കന്നിമാസത്തിലെ താരകങ്ങളെ സാക്ഷിയാക്കി, അവന്‍ അവന്റെ ബീജം അവളില്‍ നിക്ഷേപിച്ച ആ ശുഭമുഹൂര്‍ത്തത്തില്‍, ഗ്രാമവാസികളായ മറ്റു ശുനകന്മാര്‍ ഉച്ചത്തില്‍ കുരവയിട്ടു.

എല്ലാം കഴിഞ്ഞപ്പോള്‍ അവളുടെ, ഓടക്കുടിയിലേക്കവള്‍ കുറ്റബോധത്തോടെ കയറിചെന്നു.

ദിവസങ്ങള്‍, മാസങ്ങള്‍ കഴിയവെ, അവളുടെ വയര്‍ വീര്‍ത്തു, വീര്‍ത്തു വന്നു. അവള്‍ നിറവയറായി.

ഓടക്കുടിയിലെ, വിറകിന്‍പുരയില്‍, ചാരം കൂട്ടിയിട്ടിരുന്നിടത്തവള്‍, അമ്മ പെങ്ങന്മാരും,ബന്ധുക്കളും, എന്തിനു, തന്റെ ഗര്‍ഭത്തിന്നുത്തരവാദിയായ, സായിപ്പുചേട്ടന്‍ വരെ ഇല്ലാതിരുന്ന സമയം, പെറ്റു വയറൊഴിച്ചു.

നാലുപെറ്റിട്ടതില്‍ ഒരേ ഒന്നിനു മാത്രം ജീവന്‍.

ഫുട്ബാള്‍ പോലെ, ഉരുണ്ട്‌, ഉയരം കുറഞ്ഞ്‌, കറുപ്പില്‍, വെളുപ്പു കലര്‍ന്ന നിറത്തോടുകൂടിയ ഒരു സുന്ദരന്‍ കുട്ടി.

അല്‍സേഷ്യനു, തനി നാടന്‍ ചൊക്ക്ലി പട്ടിക്കുണ്ടായ അരുമയായ സന്താനം!

അവനെ ഞാന്‍ എനിക്കു കിട്ടുന്ന പൈസ ഇട്ടു വച്ചിരുന്ന, മണ്ണിന്റെ, ഭന്ധാരം പൊട്ടിച്ചു കിട്ടിയ അഞ്ചു രൂപ കൊടുത്ത്‌ വാങ്ങി വീട്ടില്‍ കൊണ്ടു വന്നു.

നാലാളെ വിളിക്കാതെ, വിളക്കു കൊളുത്താതെ,നാക്കിലയിട്ട്‌ ഗണപതിക്ക്‌ വിളമ്പാതെ, അവന്റെ അച്ചനമ്മ ബന്ധുമിത്രാതികളില്ലാതെ, വെറും ആകാശം സാക്ഷിയാക്കി, അവന്റെ ചെവിയില്‍ ഞാന്‍ പേരിട്ടു.

മോത്തി, മോത്തി, മോത്തി.

Wednesday, May 24, 2006

അങ്ങനെ ഞാന്‍ ഒരു പോക്കറ്റ്‌ റേഡിയോ വാങ്ങി

ജോലി ചെയ്യ്യാന്ന് വെച്ചാല്‍, ദേ ഇയാളെ പോലെ ചെയ്യണം, അലെങ്കില്‍ പിന്നെ ജോലി ചെയ്യരുത്‌ എന്ന്, ഈ കഴിഞ്ഞ മാര്‍ച്ച്‌ മാസം വരെ, എന്നെ ചൂണ്ടികാട്ടി, ഓഫീസ്സിലെ പല പല തലതൊട്ടപ്പന്മാര്‍, എന്തിന്‌ എം ഡി വരെ പല പല അനങ്ങാ കള്ളന്മാരോടും പറഞ്ഞു. എനിക്കതിന്റെ യാതൊരു അഹംഭാവവും ഇല്ല്യായിരുന്നു, കാരണം ആ പ്രശംസ ഞാന്‍ അര്‍ഹിച്ചിരുന്നു. ആത്മ പ്രശംസയല്ലേ എന്ന് നിങ്ങള്‍ക്കൊക്കെ ചിലപ്പോള്‍ തോന്നാം. അല്ലന്നേ.....സത്യമാ, വെറും നഗ്ന സത്യം.

രാവിലെ ഓഫീസില്‍ വരുക, സീറ്റില്‍ ഇരിക്കുക, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുക. ദീപിക ഡോട്‌ കോം ഒന്നോടിച്ചു വായിക്കുക, പണി തുടങ്ങുക, പണിയുക, പണിയുക, മെയ്യ്‌ കണ്ണാക്കി പണിയുക. ഉച്ചക്ക്‌ കുറച്ചൂണു കഴിക്കുക, വീണ്ടും വന്നിരുന്ന് പണിയുക, പണിയുക, മൂവന്തിയോളം പണിയുക, ഇതായിരുന്നു എന്റെ പണി.

അങ്ങനെ ഇത്രയും ചുണകുട്ടനായ ഒരു പണികുട്ടനെ കിട്ടിയ എന്റെ കമ്പനിയുടെ ഒരു ഭാഗ്യമേ!!

പണി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകും വഴി, ഞാനും എന്റെ ഒരു സഹപ്രവര്‍ത്തകനായ ഉറ്റ ചങ്ങാതിയും കൂടി, വീടിന്നടുത്തുള്ള, ഉത്സവ്‌, കല്‍പക, കോവളം തുടങ്ങിയ ഏതെങ്കിലും റെസ്റ്റോറന്റ്‌ കം ബാറില്‍ കയറി രണ്ടു ബിയറടിക്കുകയോ, അല്ലെങ്കില്‍ എന്റെ ഫ്ലാറ്റിന്റെ പാര്‍ക്കിങ്ങില്‍ വണ്ടി പാര്‍ക്കു ചെയ്ത്‌, അടുത്തു തന്നെ താമസിക്കുന്ന ചങ്ങാതിയുടെ വീട്ടില്‍ പോയി രണ്ട്‌ പെഗ്ഗടിക്കുകയോ ചെയ്തിട്ടേ ഒരു എട്ടെട്ടര മണിയാകുമ്പോഴേ, സാധാരണ ദിവസങ്ങളില്‍ ഞാന്‍ കൂടണയാറുള്ളൂ. രണ്ട്‌ ബബിള്‍ ഗം വായിലിട്ട്‌ ചവച്ചരച്ച്‌ വീട്ടിലെത്തുമ്പോഴേക്കും കള്ളിന്റെ മണം കുറച്ചൊന്നു കുറഞ്ഞിട്ടുണ്ടാകുമെന്നതിനാല്‍ ശ്രീമതിക്ക്‌ സംശയം തോന്നുകയുമില്ല (പൊതുവെ എന്റെ ശരീരത്തിന്ന് കള്ളിന്റെ മണമാണെന്നാണവളുടെ പറച്ചില്‍).

വായനയും, വെള്ളവും പണ്ടേയുള്ള വീക്ക്നെസ്സ്‌ ആയിരുന്നെങ്കിലും, രണ്ടും ഓഫീസ്‌ സമയത്ത്‌ ഞാന്‍ ചെയ്യാറില്ലായിരുന്നു.

എന്തിനേറെ പറയുന്നൂ, കുറച്ച്‌, ചീത്ത കൂട്ടുകെട്ടില്‍ പെട്ട്‌ പൊടുന്നനെ, എന്റെ സ്വഭാവം മാറിയതിന്റെ പരിണിതഫലമായി, ഓഫീസ്‌ സമയത്ത്‌, പണിക്കിടയില്‍ പലപ്പോഴും, മലയാള വേദി, പുഴ, തോണി, കടത്ത്‌, ചിന്ത, മോന്ത, തുടങ്ങിയ സൈറ്റുകളില്‍ ഞാന്‍ തുടരെ തുടരെ കയറിയിറങ്ങാന്‍ തുടങ്ങി. പണിമുഴുവന്‍ കഴിക്കാനായി ഓഫീസ്സില്‍ കുറച്ചു സമയം ഞാന്‍ അധികം ചിലവഴിക്കാന്‍ തുടങ്ങിയതിന്നിടയില്‍ ഒരു നാള്‍, മലയാളവേദിയില്‍ പെരിങ്ങോടന്‍ എന്ന ഒരു മഹാനുഭാവലുവിന്റെ ഒരു നൊവാള്‍ജിയന്‍ (മദപ്പാട്‌ , അല്ല കടപ്പാട് : വക്കാരിയ്ക്ക്‌) കഥ വായിക്കാനിടയാവുകയും, ആരാധനമൂത്ത്‌, കഥാകൃത്തിന്നൊരു അനുമോദന ഈമെയില്‍ അയക്കുകയും ചെയ്തു.

ചുമരിലെറിഞ്ഞ പന്തുപോലെ, എന്റെ മെയിലവിടെ കിട്ടിയതിന്നു തൊട്ടുപുറകെ അതിന്റെ മറുപടിയും എനിക്ക്‌ കിട്ടി. എന്റെ ഈ കഥയൊന്നുമല്ല കഥ, മറ്റു കഥകള്‍ വായിക്കണമെങ്കില്‍ കുറുമാനെ, മലയാളം ബ്ലോഗില്‍ വരൂ, കഥകള്‍, കവിതകള്‍, അക്ഷരശ്ലോകങ്ങള്‍, നര്‍മ്മം, ക്വിസ്, ആരോഗ്യം, ലേഖനങ്ങള്‍, കണ്ടാലും മതിവരാത്ത ഫോട്ടങ്ങള്‍, അങ്ങനെ എന്തെന്തു വിഭവങ്ങളാണെന്നോ മലയാളം ബ്ലോഗുകളില്‍.

മെയില്‍ വായിക്കേണ്ട പാതി, പണ്ട്‌, കാറളം സിന്ദു ടാക്കീസിലെ, സിനിമയുടേ നോട്ടീസിടാന്‍ വരുന്ന അംബാസ്സിഡര്‍ കാറിന്നു പിന്‍പേ ഓടിയതിലും കൂടുതല്‍ സ്പീഡില്‍, ഞാന്‍ ബ്ലോഗ്ഗിലേക്കോടി

പല പല ബ്ലോഗുകളില്‍ മാറി മാറി കയറി.

വായിച്ചു, ചിരിച്ചു, ചിന്തിച്ചു, ചിലതെല്ലാം മനസ്സിലാവാതെ, മനസ്സിലായെന്നപോലെ തലയിട്ടാട്ടി. ഒരാഴ്ചയ്ക്കുള്ളില്‍, ബ്ലോഗിനെ കുറിച്ചൊരു ചെറിയ പിടിപാടുകിട്ടിയപ്പോള്‍, സ്വന്തം പേരില്‍ ഒരു ബ്ലോഗ്‌ പണിതു. പിന്നെ ഒന്നു രണ്ട്‌ സ്ഥലത്ത്‌ ചുമ്മാ കമന്റിട്ടുനോക്കി. ഇപ്പണി കൊള്ളാം.... സന്തോഷായി ഗോപ്യേട്ടാ...

പിന്നീടുള്ള ദിനങ്ങളില്‍ പുട്ടിന്നിടയ്ക്ക്‌ തേങ്ങയിടുന്നതുപോലെ, കുറച്ച്‌ പണി, കുറച്ച്‌ ബ്ലോഗല്‍ എന്ന തോതില്‍ നീങ്ങാന്‍ തുടങ്ങി. പക്ഷെ, പണി കമ്പ്ലീറ്റായിട്ട്‌ കമ്പ്ലീറ്റ്‌ ചെയ്ത്‌, ഓഫീസ്സില്‍ നിന്നും ഇറങ്ങുമ്പോള്‍, എന്നും ഒരൊന്നൊന്നര മണിക്കൂര്‍, വൈകാന്‍ തുടങ്ങി.

അതു വിചാരിച്ച്‌, നേരിട്ട്‌ വീട്ടില്‍ പോകാന്‍ പറ്റുമോ? ഇല്ല. കാരണം രണ്ടെണ്ണം അടിക്കുക എന്നതൊരൊന്നൊന്നര വീക്ക്നെസ്സ്‌ ആയി പോയില്ലെ?

അങ്ങനെ,പണിയും, ബ്ലോഗിങ്ങും, ബീയറിങ്ങും കഴിഞ്ഞ്‌, കൂടണയും കൂടണയുമ്പോള്‍ ഒരൊമ്പതൊമ്പതര.

എന്താ നിങ്ങളീയിടേയായി ദിവസവും വൈകി വരുന്നത്‌? കുറുമിയുടെ വക ചോദ്യം.

ഭയങ്കര ട്രാഫിക്കാ, ഷേക്ക്‌ സായദ്‌ റോട്ടിലെന്നറിഞ്ഞൂടെ നിനക്ക്‌?

അതറിയാം..പക്ഷെ നിങ്ങളായോണ്ട്‌ കണ്ണടച്ചങ്ങോട്ട്‌ വിശ്വസിക്കാന്‍ പറ്റില്ല.

വലിയ കുഴപ്പമില്ലാതെ, കാര്യങ്ങള്‍ ഒക്കെ ഒന്നഡ്ജസ്റ്റ്‌ ചെയ്ത്‌ പോകുന്നതിനിടയില്‍, ഇടി വെട്ടേറ്റവനെ പാമ്പു കടിച്ചു എന്നു പറഞ്ഞ പോലെ, വായന പോരാതെ,ഞാന്‍ എഴുത്തും തുടങ്ങി!!

പോസ്റ്റും, കമന്റുകളും പണിയും ഒരുവിധം ഒരു വഴിക്കാക്കി, രണ്ട്‌ ബീയറി വിടെത്തുമ്പോഴേക്കും ഞാനും ഒരു വഴിക്കാകാന്‍ തുടങ്ങിയപ്പോള്‍, അതൊരു വഴക്കാകാനും തുടങ്ങി.

അങ്ങനെ ഒരു ദിവസം കല്‍പകയില്‍ ഇരുന്ന് ബിയറഡിക്കുന്ന സമയത്ത്‌ എന്റെ ഫോണ്‍ ആര്‍ത്തട്ടഹസിച്ചു.

ഫോണുമെടുത്ത്‌ ഞാന്‍ കുപ്പീടേം, ഗ്ലാസ്സിന്റേം, കുടിയന്മാരുടെ സംഭാഷണത്തിന്റേം ബഹളം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും ഓടി, പുറത്ത്‌ എന്റെ വണ്ടിക്കരികിലെത്തി.

നിങ്ങളെവിട്യാ മനുഷ്യാ? നേരം കൊറേയായല്ലോ ഓഫീസ്സിന്നിറങ്ങിയിട്ട്‌.

ഞാന്‍ ദേ നമ്മുടെ ബേബീ ഷോപ്പിന്റെ സിഗ്നലിലെത്തി.

എന്നാ നിങ്ങളാ ഏഷ്യാനെറ്റ്‌ റേഡിയോ ഒന്നു വെച്ച്‌ കേള്‍പ്പിച്ചേ....

ഹാവൂ, വണ്ടിക്കരികിലായതു ഭാഗ്യം. വേഗം തുറന്ന് റേഡിയോ ഓണ്‍ ചെയ്ത്‌ ശ്രീമതിയെ കേള്‍പ്പിച്ചു.

അപ്പോ നിങ്ങള്‌ വണ്ടിയില്‍ വരുന്ന വഴിക്കു തന്നെയാണല്ലെ.

അവള്‍ക്കും സന്തോഷം, എനിക്കും സന്തോഷം.

അതു കഴിഞ്ഞൊരാഴ്ച കഴിഞ്ഞില്ല, ഞാന്‍ വണ്ടി ഫ്ലാറ്റില്‍ പാര്‍ക്ക്‌ ചെയ്ത്‌, ചങ്ങാതിയുടെ വീട്ടിലേക്ക്‌ പോയി ഒരെണ്ണമടിച്ചങ്ങനെ ഇരിക്കുന്നതിന്നിടയില്‍,

ക്രാ, ക്രാ, ക്രാ, ക്രീ ക്രീ ക്രീ......എവിടുന്നാണാ ശബ്ദം? പോക്കറ്റിലെ സ്വന്തം സെല്ലില്‍ നിന്നു തന്നെ, പോരാത്തതിന്ന്, വീട്ടില്‍ നിന്നും തന്നെ.

ഹലോ, നിങ്ങളെവിടെ എത്തി?

ദേ എത്താറായി. എന്നാല്‍, ആ റേഡിയോ ഒന്നു ഓണ്‍ ചെയ്തേ.

ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ ഞാന്‍ വീട്ടിലേക്കോടി.

വീട്ടിലെത്തിയതും, കുറുമി,

എന്തേ റേഡിയോ ഓണ്‍ ചെയ്യാന്‍ പറഞ്ഞപ്പോളേക്കും, ഫോണ്‍ കട്ട്‌ ചെയ്തത്‌?

ഏയ്‌, അതു ഞാന്‍ വീടെത്താറായില്ലെ, അതുകാരണമാണ്‌ എന്നു പറഞ്ഞ്‌ ഞാന്‍ ഒരു വിധം തടി രക്ഷിച്ചു.

പക്ഷെ അവളുടെ ഈ റേഡിയോ വയ്പ്പിക്കല്‍ അത്ര പന്തിയല്ല എന്നെനിക്കു തോന്നിയതിനാല്‍, പിറ്റേ ദിവസം വൈകുന്നേരം പണികഴിഞ്ഞ്‌, പള്ളിക്കുടിയും കഴിഞ്ഞ്‌ വരുന്ന വഴി ഒരു പോക്കറ്റ്‌ റേഡിയോ ഞാന്‍ വാങ്ങി.

ഇനി വണ്ടിയിലില്ലാത്തപ്പോള്‍ ശ്രീമതി റേഡിയോ വെക്കാന്‍ പറഞ്ഞാല്‍ പുല്ല്‌. ഞാനിതൊക്കെ എത്ര കണ്ടിരിക്കുന്നു.

പിന്നീടു വന്ന രണ്ടാഴ്ചക്കുള്ളില്‍, ഒരു നാലു തവണ എന്റെ ശ്രീമതി എന്നോട്‌ ഇഷ്ട ഗാനം ആവശ്യപെട്ടപ്പോഴൊക്കെ ഞാന്‍ എന്റെ പോക്കറ്റില്‍ നിന്നും റേഡിയോ പുറത്തെടുത്ത്‌ അവളെ പാട്ടും, ന്യൂസും അതാത്‌ സമയമനുസരിച്ച്‌ കേള്‍പ്പിച്ചു.

അപ്പോഴും,അവള്‍ക്കും സന്തോഷം, എനിക്കും സന്തോഷം!

പക്ഷെ......തുടര്‍ന്നു വന്ന ഒരു വ്യാഴാഴ്ച, വണ്ടി പാര്‍ക്കിങ്ങിലിട്ട്‌ ഞാന്‍ ചങ്ങാതിയുടെ വീട്ടിലേക്ക്‌ പോയി.

ഒന്നു കഴിഞ്ഞപ്പോള്‍, രണ്ടാമത്തെ ഒഴിച്ചു. അതും കഴിഞ്ഞപ്പോള്‍, വീക്കെന്റ്‌ സ്പെഷ്യല്‍ ഒരു മൂന്നാമന്‍ ഒഴിച്ച്‌, സിപ്പുന്നതിനിടയില്‍ ഫോണ്‍ വീണ്ടും അപായമണി മുഴക്കി.

ഹലോ... എവിടെയെത്തി ചേട്ടാ?

നേരം ഇത്രയും വൈകിയിട്ടും, ഇത്ര സ്നേഹത്തോടെയുള്ള അവളുടെ ചോദ്യം കേട്ടിട്ട്‌ എനിക്ക്‌ തന്നെ അത്ഭുതം തോന്നി!

ഞാന്‍ ദേ ട്രേഡ്‌ സെന്റര്‍ എത്തിയിട്ടേ ഉള്ളൂ. ഇന്ന് ഭയങ്കര ട്രാഫിക്ക്‌.

അതേയോ? കുഴപ്പമില്ല. പതുക്കെ വന്നാല്‍ മതി. എന്തായാലും, ആ റേഡിയോ ഒന്നു വയ്ക്ക്‌.

ഞാന്‍ ഉടന്‍ തന്നെ റേഡിയോ പുറത്തെടുത്ത്‌ ഓണ്‍ ചെയ്തു.

ദാ കേട്ടോ, പാട്ട്‌. ഇപ്പോള്‍ സംശയം മാറിയില്ലേ?

എന്റെ സംശയം എപ്പോളോ മാറി. നിങ്ങള്‍ വേഗം ഒന്നു വന്നാല്‍ മാത്രം മതി.

ന്‍ഹാ, പിന്നെ വരുമ്പോള്‍ നേരിട്ട്‌ മുറിയിലേക്ക്‌ വരണ്ട. താഴെ പാര്‍ക്കിങ്ങില്‌ നിങ്ങളുടെ വണ്ട്യേം ചാരി ഒരിരുപത്‌ മിനിറ്റായിട്ട്‌ ഞാന്‍ നില്ക്കുന്നുണ്ട്‌. അങ്ങോട്ട്‌ വന്നാല്‍ മതി!!!

Monday, May 22, 2006

ഭാംഗിന്‍ പുറത്തൊരു ഹോളി

വെറുതെയിരിക്കണ നായര്‍ക്കൊരു വിളി വന്നു എന്നു എന്റെ വല്ല്യമ്മേടെ മോന്റെ അമ്മേടെ മോന്‍ ഒരു ദിവസം പറഞ്ഞതുപോലെ, പെട്ടെന്നൊരു ദിവസം, ആദി കുറുമാന്‍ ദില്ലിയും, എന്തിന്‌ ഇന്ത്യ തന്നെയും ഉപേക്ഷിച്ച്‌, സ്വന്തം കാര്യം സിന്ദാബാദാക്കി പറക്കമുറ്റാത്ത ഞങ്ങളെ, കാപട്യം നിറഞ്ഞ കിര്‍ക്കിനിവാസികളായ കാപാലികന്മാരുടെ ഇടയില്‍ നിഷ്കരുണം ഒറ്റപ്പെടുത്തി ഫിന്‍ലാന്റിലേക്ക്‌ പറന്നു പോയതിനാല്‍, കിര്‍ക്കി വില്ലേജിലെ വില്ലയില്‍ ഞങ്ങള്‍ രണ്ടാണ്‍കിളികള്‍ മാത്രം ഒറ്റപെട്ടു.

തൃമൂര്‍ത്തികളിലൊന്ന് പറന്നു പോയപ്പോള്‍, ഞങ്ങള്‍ ദ്വ്യമൂര്‍ത്തികള്‍ കുറച്ചൊന്നൊതുങ്ങി എന്ന് കരുതി, കിര്‍ക്കി ഗ്രാമവാസികള്‍, ചൊവ്വാഴ്ചകളില്‍, മന്ദിറില്‍ അര്‍ച്ചനക്കായ്‌ കൊടുക്കുന്ന ബൂന്ദിയുടേയും, ബേസന്‍ കീ ലഡുവിന്റേയും ക്വാണ്ടിറ്റി ഇരട്ടിയായ്‌ കൂട്ടി എന്നു മാത്രമല്ല, മന്ദിറില്‍ നിന്നും വരുന്ന വഴി ഞങ്ങളുടെ ഫ്ലാറ്റിനു മുന്‍പില്‍ എത്തുമ്പോള്‍ ജയ്‌ ബജ്‌ രംഗ്ബലീ ക്കീന്നുള്ള വിളിയുടെ വോള്യവും മോണോവില്‍ നിന്നും സ്റ്റീരിയോ സൌണ്ടിലേക്കുയര്‍ന്നു.

അങ്ങനെ കുറച്ചൊന്നൊതൊങ്ങി കഴിയുന്നതിനിടയില്‍, എന്റെ നാട്ടുകാരനും, സ്നേഹിതനും, വീക്കെണ്ടുകളില്‍ ഞങ്ങളുടെ മുറിയില്‍ വന്ന്, എല്ലിന്മേലുള്ള മാംസം കടിച്ചുവലി, കുടിച്ചു വലി എന്നീ മത്സരങ്ങളില്‍ മുടങ്ങാതെ പങ്കെടുക്കുന്നവനും, ജാതിയില്‍ നല്ല നമ്പൂതിരിയുമായ സുഭാഷ്‌, നിങ്ങളില്ലാതെ എന്താഘോഷം എന്നു മോഹന്‍ ലാല്‍ എവിടേയോ പറഞ്ഞ പോലെ,നിങ്ങളില്ലാതെ എന്തലമ്പ്‌ എന്ന മുദ്രാവാക്യവുമായി, പെട്ടി, കിടക്ക, ഇത്യാദി സാധന സാമഗ്രികളുമായി, ഞങ്ങളുടെ മുറിയിലേക്ക്‌ പെര്‍മനന്റായി മൈഗ്രേറ്റു ചെയ്തു.

മുറിയില്‍ വന്നതും, ഉപനയനം കഴിഞ്ഞ ആ നമ്പൂരി ചെക്കന്‍, ഇനി നെയ്യിനും, പരിപ്പിനും, സാമ്പാറിനും പകരം, സില്‍ക്കെറെച്ചി (വിശാലന്റെ സില്ക്ക്‌ തന്നെ), മുട്ടന്‍ ,പ്രാവ്‌,താറാവ്‌,കോഴി, തവള മുതലായ മിണ്ടാ പ്രാണികളുടെ മാംസമല്ലെ, അപ്പോള്‍ പിന്നെ ഇതൊരാഡംബരമല്ലേ എന്നോതിക്കൊണ്ട്‌ തന്റെ പൂണൂലൂരി അഴ (അയ അഥവാ അയക്കോല്‍) കെട്ടി.

അങ്ങനെ ഇരട്ടകള്‍ (പരട്ടകള്‍) വീണ്ടും തൃമൂര്‍ത്തികളായി. ജനതാ ഫ്ലാറ്റൊരു തീന്‍ മൂര്‍ത്തി ഭവനുമായി!

പിടിച്ചേലും ഇമ്മിണി ബല്യേത്‌ അളയില്‍ എന്നു പറഞ്ഞതുപോലെ, ആദികുറുമാനെ കവച്ച്‌ വയ്ക്കുന്ന തരത്തിലുള്ള പോക്കണം കേടാണ്‌ സുഭാഷിന്റെ കൈവശം.

എന്തായാലും അവന്റെ വരവോടെ, നാട്ടുകാര്‍ മന്ദിറില്‍ പ്രസാദം അര്‍ച്ചന ചെയ്യുന്നത്‌ അപ്പാടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കലായി വെട്ടികുറക്കുകയോ ചെയ്തെന്നു മാത്രമല്ല, വീടിന്റെ മുന്‍പിലെത്തുമ്പോഴുള്ള ജയ്‌ ബജ്‌ രംഗ്‌ ബലിക്കീന്നുള്ള വിളിക്ക്‌ കമ്പ്ലീറ്റായി ഫുള്ള്‌, ഹാഫ്‌, ക്വാര്‍ട്ടര്‍ സ്റ്റോപ്പുമിട്ടു. എങ്കിലും അവരുടെ മുഖഭാവത്തില്‍ നിന്നും, ഞങ്ങളുടെ മാവും ഒരു നാള്‍ പൂക്കുംണ്ട മക്കളേ, അപ്പോ കാണിച്ച്‌ തരാം എന്ന ഒരേ ഒരു വാചകം മാത്രമേ ഞങ്ങള്‍ക്കെപ്പോഴും വായിക്കാന്‍ കഴിഞ്ഞത്‌.

ചൂടുകാലത്തിന്റെ വരവറിഞ്ഞ, മരം കോച്ചുന്ന തണുപ്പു കാലം, തന്റെ ഈ.മ.യൌ. അടിച്ച്‌ പുറത്തിറക്കി.

ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്ന ഒരേ ഒരു വിഷമം, ഇനിയിപ്പോള്‍, പുറത്തേക്ക്‌ പോകുമ്പോഴും, ഓഫീസില്‍ പോകുവാമ്പോഴും, ധരിക്കുവാന്‍ പുതിയ ഷര്‍ട്ടുകള്‍ വാങ്ങണമെന്നായിരുന്നു. തണുപ്പുകാലം മുഴുവന്‍, പിഞ്ഞിയതും, കീറിയതും, ബട്ടന്‍സില്ലാത്തതും, എന്തിനേറെ, വെറും കോളര്‍ മാത്രം വെട്ടിയെടുത്ത്‌ സ്വെറ്ററിന്നു പുറത്തേക്ക്‌ വരത്തക്കവിധം സെറ്റ്‌ ചെയ്ത്‌ ഞങ്ങള്‍ ഓഫീസിലേക്ക്‌ ചെത്തി നടന്നു.

ദിവസവും, പുതിയ പുതിയ ഷര്‍ട്ടിട്ടു ഞങ്ങള്‍ ഓഫീസില്‍ വരുന്നത്‌ കണ്ട്‌, സഹപ്രവര്‍ത്തകരും, സഹപ്രവര്‍ത്തിനികളും അത്ഭുതം കൂറി. “ഇവര്‍ക്കിത്രയതികം ഷര്‍ട്ടുകളോ”!!!

തണുപ്പ്‌ കുറഞ്ഞതും, ഗോസായിമാര്‍, പാമ്പ് ഉറയൂരുന്നതുപോലെ, തണുപ്പുകാലത്തിന്റെ ആരംഭത്തില്‍ ശരീരത്തില്‍ കയറ്റിയ, ബനിയനുകള്‍, അതിനു മുകളില്‍ കയറ്റിയ ഹാഫ്‌ സ്വെറ്റര്‍, അതിനും മുകളിലായി കയറ്റിയ ഫുള്‍ സ്വറ്റര്‍ (പാവം ക്വാര്‍ട്ടര്‍ സ്വെറ്ററു മാത്രം ഇല്ല) തുടങ്ങിയവ, കത്തി, പിച്ചാത്തി, തുടങ്ങിയവ ഉപയോഗിച്ച്‌ മുറിച്ചും, ചുരണ്ടിയും മാറ്റി. മൂന്നാലു മാസത്തിനുശേഷം അവരില്‍ പലരും മതിവരുവോളം, ചെളി കുതിരുവോളം കുളിച്ചു. ബാക്കിയുള്ളവര്‍ ഹോളി വരുന്നത്‌ വരെ കുളി പോസ്റ്റ്‌ പോണ്ട്‌ ചെയ്തു.

ഹോളിക്കൊരുദിനം മാത്രം ബാക്കി. ഹോളിയെങ്ങനെയാഘോഷിക്കണം എന്നതിനെകുറിച്ച്‌, ഞങ്ങള്‍ മൂവര്‍സംഘവും, പിന്നെ ഞങ്ങളുടെ അഭ്യദയകാംക്ഷികളായ മറ്റ്‌ നാലു സുഹൃത്തുക്കളും കൂടി, ഹോളി തലേന്ന് മുറിയില്‍ കട്ടിലിലും, നിലത്തുമായ്‌ കുത്തിയിരുന്ന്, കുലുങ്കഷമായി ചര്‍ച്ച ചെയ്തു.

പരസ്പരം തായ്‌, തന്തൈ, അക്ക, അണ്ണന്മാരെ ബഹുമാനിക്കല്‍,അടിപിടി, മുടിയില്‍ പിടിച്ച്‌, തല ചുമരേലിടിക്കല്‍, മലര്‍ന്നു കിടന്നു തുപ്പല്‍ തുടങ്ങിയ കലാപരിപാടികള്‍ക്കൊടുവില്‍ ഹോളി അജണ്ട ഏഴില്‍ അഞ്ചു വോട്ടുകള്‍ക്കു പാസ്സായി.

മദ്യം വിഷമാണ്‌, അതു കഴിക്കുന്നത്‌ അതിലേറെ വിഷമമാണ്‌ എന്ന മഹത്തായ തത്വത്തിന്റെ അന്തഃസത്ത ഞങ്ങള്‍ക്കുള്‍ക്കൊള്ളാനായതിനാല്‍, ഹോളിക്ക്‌ മദ്യം വേണ്ട പകരം ഭാംഗ്‌ ആവാം എന്ന എന്റെ അഭിപ്രായത്തിനേഴില്‍ ഏഴു വോട്ടും കിട്ടി.

പണ്ടെങ്ങാണ്ടൊരു മൂന്നാലു തവണ പപ്പടം വില്ക്കാന്‍ നടക്കുന്ന പാപ്പഡ്‌ വാലയുടെ കയ്യില്‍ നിന്നും, ഗ്യാപ്പില്‍ രണ്ടോ, മൂന്നോ ഭാംഗിന്റെ പപ്പടം വാങ്ങി പങ്കിട്ടു തിന്നതിന്നു കിട്ടിയ ലഹരി എന്നു പറഞ്ഞാല്‍, തലക്കേറുകൊണ്ടതു പോലെ ചെറിയ ഒരു മന്ദതയും, കണ്ണുകള്‍ ഉപ്പന്റെ പോലെ ചുവന്നു തുടുത്തു പുറത്തേക്കുന്തിയതും, കൂടാതെ കാര്യമായുണ്ടായ മാറ്റം മൂന്നാലാള്‍ക്കു തിന്നേണ്ട ചോറൊറ്റയ്ക്കു തിന്നുതീര്‍ത്തു എന്നതുമാത്രമാണ്‌ ഭാംഗടിയിലെ ഞങ്ങള്‍ക്കുള്ള ഒരേയൊരു എക്സ്‌പീരിയന്‍സ്‌.

പണ്ടാരാങ്ങാണ്ട്‌, പണ്ടാറമടങ്ങാനായ്‌ പറഞ്ഞു കേട്ട ഭാംഗ്‌ റസീപ്പിയുമായി, ഞാനും, ഡൊമിനിയും, വച്ചു പിടിച്ചു ആശ്രമത്തില്‍ നിന്ന് നിസാമുദ്ദീനിലേക്ക്‌ പോകുന്ന വഴിക്കുള്ള ബോഗലിലെ ഭാംഗ്‌ കീ ടേക്കയിലേക്ക്‌ (ഭാംഗ്‌ വില്ക്കുന്ന അംഗീകൃത കട).

പണ്ട്‌ മാവേലി സ്റ്റോറില്‍ മണ്ണെണ്ണക്കു ക്യൂവില്‍ നില്ക്കുന്നതുപോലെ, ജനശതങ്ങള്‍ അവിടെ വരിവരിയായി നിരന്നു നിന്നിരുന്നതിന്റെ പിന്നില്‍ അവരിലിരുവരായ്‌ ഞങ്ങളും നിന്നു.

കാത്തിരിപ്പിന്നവസാനം കൌണ്ടറില്‍ എത്തിയപ്പോള്‍,കിത്നാ മാംഗ്താഹേ ഭായിസാബ്‌ എന്ന ചോദ്യത്തിനു മുന്‍പില്‍ പകച്ചുനില്ക്കാന്‍ സമയമില്ലാതിരുന്നതിനാല്‍, ആറുണ്ട ഭാംഗുണ്ട വാങ്ങി ഞങ്ങള്‍ കുയിലുകളും, മയിലുകളും നിറഞ്ഞ ഞങ്ങളുടെ കിര്‍ക്കി ഗ്രാമത്തിലേക്ക്‌ മടക്കയാത്ര തുടങ്ങി.

മദ്യമായാലും, ഭാംഗായാലും, ലഹരിയെന്തു തന്നെയായാലും, വാങ്ങിയതല്‍പ്പം കൂടിയാലും, കുറയരുത്‌ എന്ന പോളിസിയില്‍ ഞങ്ങള്‍ അടിയുറച്ചു വിശ്വസിച്ചിരുന്നതിനാല്‍ പോകുന്ന വഴിക്ക്‌, വണ്ടി നിറുത്തി, റസീപ്പിയിലെ മറ്റു ചേരുവകളായ, പാല്‍,കശുവണ്ടി, ബദാം, ഏലയ്ക്ക, പഞ്ചസാര തുടങ്ങിയ ഐറ്റംസ്‌ ആവശ്യം പടിയില്‍ അധികമായി തന്നെ വാങ്ങി.

പോകുന്ന വഴിക്ക്‌ ഹോളിയ്ക്ക്‌ നാട്ടുകാരെ പൂശുവാനുള്ള, തേച്ചാലും, മായ്ച്ചാലും പോകത്ത വിവിധ നിറത്തിലുള്ള ചായങ്ങള്‍, പിച്ച്ക്കാരി (പിച്ചക്കാരിയല്ല - ചാമ്പുപൈപ്പ്‌), വെള്ളം നിറച്ചെറിയാന്‍ ബലൂണുകള്‍ തുടങ്ങിയവ വാങ്ങിയതുകൂടാതെ, പോകുന്ന വഴി എന്റെ ഓഫീസില്‍ ഇറങ്ങി, ഫോട്ടോകോപ്പിയുടെ ടോണര്‍ കാര്‍ട്രിഡ്ജില്‍ നിന്നും വേയ്സ്റ്റായി പോകുന്ന ടോണാര്‍ ഒരൊന്നന്നര കിലോ ശത്രുക്കള്‍ക്ക്‌ മാത്രമായി പ്രത്യേകം, പൊതിഞ്ഞെടുത്തു (ഈ ടോണര്‍ ബക്കറ്റിലെ വെള്ളത്തില്‍ കലക്കി, ശത്രുവിന്റെ തലവഴി ഒഴിച്ചാല്‍ വെള്ളം താഴേക്കൊലിച്ചിറങ്ങുകയും, തലമുതല്‍ പാദം വരെ, രക്തസാക്ഷി കറുപ്പു നിറമായ്‌ തീരുകയും ചെയ്യും എന്നു മാത്രമല്ല, വിം, ലക്സ്‌, ലൈഫ്ബോയ്‌,റെക്സോണ,ക്ലോറോക്സ്‌ തുടങ്ങിയവ ഉപയോഗിച്ചു ആഴ്ചകളോളം കുളിച്ചാല്‍ മാത്രമേ യവന്റെ വിശ്വരൂപം തിരികെ ലഭിക്കൂ.

ഞങ്ങള്‍ തൃമൂര്‍ത്തികളും, ഞങ്ങളുടേ ഹോളി പരിപാടിയിലെ മറ്റു നാലു മെമ്പര്‍മാരും ഹോളി ദിനത്തില്‍, ഗ്രാമവാസികളെ മൊത്തം വൈവിധ്യമാര്‍ന്ന നിറത്താല്‍ അഭിഷേകം ചെയ്യുന്നത്‌ അവനവന്റെ ഭാവനയ്ക്കനുസരിച്ച്‌ സ്വപ്നം കണ്ട്‌ അന്നു രാത്രി കിടന്നുറങ്ങി.

ഓം ജയ്‌ ജഗദീശ്‌ ഹരേ
സ്വാമി ജയജഗദീശ്‌ ഹരേ
ഭക്തജനോം കീ സംങ്കട്‌,
പാപ്‌ ജനോം കീ സംങ്കട്‌
ക്ഷണ്‌ മേം ദൂര്‍ കരേ
സ്വാമി ജയജഗദീശ്‌ ഹരേ....
മന്ദിറിലെ മൈക്കിലൂടെ, ഭക്തിഗാനം ഒഴുകി, ഒഴുകി, ഞങ്ങളുടെ മുറിയിലെക്കെത്തിയപ്പോള്‍, പതിവിന്നു വിപരീതമായ്‌, റെജായ്ക്കുള്ളിലേക്ക്‌ (കംഫര്‍ട്ടര്‍) ഒന്നുകൂടെ നുഴഞ്ഞു കയറികിടക്കാതെ, ഞങ്ങള്‍ മൂവരം എഴുന്നേറ്റു.

ഒന്നുമില്ലെങ്കിലും ഹോളിയല്ലെ? എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കിടക്കുന്നു.

മൂവരും കുളിച്ച്‌, വെളുത്ത പൈജാമയും കുര്‍ത്തയും ധരിച്ചു തയ്യാറായപ്പോഴേക്കും, മറ്റു നാലു ടീമംഗങ്ങളും എത്തി ചേര്‍ന്നു.

ഭാംഗ്‌ തയ്യാറാക്കുന്ന പരിപാടി ഞാന്‍ സ്വമനസ്സാലെ ഏറ്റെടുത്തു, മറ്റുള്ളവര്‍, ബക്കറ്റുകളില്‍ ടോണര്‍, ചായം, തുടങ്ങിയവ കലക്കല്‍, ബലൂണില്‍ വെള്ളം നിറക്കല്‍,ഇത്യാദി പണികളും ഏറ്റെടുത്തു.

കുതിര്‍ത്തു വച്ച കശുവണ്ടിപരിപ്പും, ബദാമും, ഏലക്കായകുരുവും, ആറിന്നാറു ഭാംഗുണ്ടയും, മിക്സിയില്‍ ഇട്ട്‌ വെണ്ണപോലെ അടിച്ചെടുത്തതില്‍, ആറുലിറ്റര്‍ പാലും, പാകത്തിനു പഞ്ചസാരയും ചേര്‍ത്ത്‌, പാലടയെ വെല്ലുന്ന രുചിയിലുള്ള ഭാംഗ്‌ ഷേക്ക്‌ കൃത്യം ഒന്‍പതു മണിക്കകം ഞാന്‍ തയ്യാറാക്കി.

ചെറിയ ചെറിയ തിലകകുറികളണിന്യാന്യം തൊടുവിച്ചുകൊണ്ട്‌ ഞങ്ങള്‍ ഹോളി ആശംസകള്‍ നേര്‍ന്നതിന്നു തൊട്ടുപിന്നാലെയായി, ചായപോലും കുടിക്കാതെ, വെറും വയറ്റില്‍ ഒന്നും രണ്ടും ഗ്ലാസ്സ്‌ വീതം ഭാംഗ്ഷേക്ക്‌ ഞങ്ങള്‍ ഏഴുപേരും, അയല്‍ വാസികളായ മറ്റു ചില പിള്ളേര്‍സും ചേര്‍ന്നകത്താക്കി. ആഹഹാ.....എന്തൊരു സ്വാദ്‌.

മുറിക്കകത്തുനിന്നും കസേരകളെടുത്ത്‌ ഞങ്ങള്‍ വീടിന്റെ മുന്‍ വശത്ത്‌ റോഡിന്നരികിലായിട്ടു. അതിന്നടിയിലേക്ക്‌ കലക്കി വച്ചിരുന്ന ചായക്കുട്ടുകളുടെ ബക്കറ്റ്‌, ചായം കലക്കിയ വെള്ളം നിറച്ചു വച്ച ബലൂണുകള്‍, പിച്ക്കാരി തുടങ്ങിയവയും എടുത്ത്‌ വച്ചു.

നാട്ടുകാര്‍ ഉറക്കമെഴുന്നേറ്റ്‌ ഒറ്റയ്ക്കും, ഇരട്ടയ്ക്കും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

മൂന്നാലു പരിചയക്കാര്‍ ഞങ്ങളുടെ ഫ്ലാറ്റിന്നു മുന്‍പിലൂടെ കടന്നുപോയപ്പോള്‍, ഞങ്ങള്‍ അവരെ ചായം തേപ്പിച്ചു മുഖത്തിന്റെ ഛായ തന്നെ മാറ്റി വിട്ടു. കിട്ടിയ വേഗതയില്‍ സ്ഥലം കാലിയാക്കിയിരുന്നവരെ ഞങ്ങള്‍ വെള്ളം നിറച്ച ബലൂണെറിഞ്ഞ്‌ കുളിപ്പിച്ചു.

ആകെ രസം പിടിച്ചു വരുന്നതിനിടയിലും, ചെറിയ ഒരു വശപിശകില്ലേ എന്നെനിക്കൂ തോന്നി.

റെസീപ്പി പറഞ്ഞു തന്നവര്‍, ഒരു ഗ്ലാസ്‌ ഭാംഗടിച്ചാല്‍ മതി ഒരു മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും, തലയും, തലച്ചോറും, മറ്റു ചിന്തകളും ഒരു വഴിയ്ക്കാകും എന്ന്‌ പറഞ്ഞു തരാന്‍ വിട്ടുപോയതിനാലോ, അതോ മനപൂര്‍വ്വം പറഞ്ഞു തരാതിരുന്നതിനാലോ, വീണുകിട്ടിയ ഗ്യാപ്പിന്നിടയിലെല്ലാം വേണ്ടവര്‍ വേണ്ടവര്‍, മുറിക്കുള്ളിലേക്ക്‌ ചെന്നു സ്വാദേറിയ ഭാംഗ്‌ പിന്നേയും പിന്നേയും അകത്താക്കി. പൊതുവെ ആര്‍ത്തി മൂത്ത ഞാനും, ഡൊമിനിയും, ഓരോ ട്രിപ്പിലും മറ്റുള്ളവരെക്കാള്‍ അല്‍പം അതികം ഭാംഗ്‌ അകത്താക്കി.

കല്ക്കാമന്ദിറില്‍ പോയി തൊഴുത്‌ ഹോളികളിക്കാനായിറങ്ങിയ ടീമുകളുടെ തപ്പടി, തകിലടി നാദങ്ങള്‍ ദൂരെ നിന്നടുത്തടുത്തു വരാന്‍ തുടങ്ങിയപ്പോള്‍, ഞങ്ങള്‍ പുറത്തിട്ടിരുന്ന കസേരയിലേക്കമര്‍ന്നു.

ഓരോന്നു മിണ്ടിയും പറഞ്ഞും അങ്ങനെ ഞങ്ങള്‍ ഇരിക്കുന്നതിനിടയില്‍ പൊടുന്നനെ ഞാന്‍, ചിരിക്കാന്‍ തുടങ്ങി.

ആദ്യം പുഞ്ചിരിയിലാണ്‌ തുടങ്ങിയത്‌, പിന്നെ പല്ലുകള്‍ മുഴുവനും വെളിയില്‍ വരുന്നവിധത്തില്‍ ചിരിക്കാന്‍ തുടങ്ങിയതില്‍ നിന്നും ചിരി വളര്‍ന്ന്, വളര്‍ന്ന്, പൊട്ടിച്ചിരിയിലേക്കെത്തി.

എന്റെ മുഖത്തേക്ക്‌ നോക്കിയിരുന്ന ഡൊമിനിയുടെ ചിരിവള്ളിയും നിമിഷങ്ങള്‍ക്കകം പൊട്ടി.

പൊട്ടിപൊട്ടി ചിരിക്കുന്ന ഞങ്ങളെ നോക്കി, മറ്റു ഗഡികള്‍ പറഞ്ഞു.ഇവരെ നമ്മളെ പറ്റിക്കാന്‍ ചിരിക്കുന്നതാ, വാ നമുക്ക്‌ പോയി ഓരോ ഗ്ലാസ്സുംകൂടി അടിക്കാം.

മുറിയില്‍ കയറി ഭാംഗ്‌ അടിച്ചവര്‍ തിരികെ വന്നു ഞങ്ങളോടൊപ്പം ഇരിക്കുകയും, നില്ക്കുകയും ചെയ്യുമ്പോഴും, ഞാനും ഡൊമിനിയും മത്സരിച്ചുള്ള ചിരിയാണ്‌. ചിരി നിര്‍ത്താനായി ഞങ്ങള്‍ ശ്രമിക്കും തോറും ചിരിയുടെ ശക്തി കൂടി കൂടി വന്നു. മുറിയില്‍ നിന്നും തിരികെ വന്നവരില്‍ ചിലര്‍ ഞങ്ങളുടെ ചിരിയില്‍ പങ്കുചേര്‍ന്നപ്പോള്‍, മറ്റു ചിലര്‍ താടിക്കു കൈയ്യും കൊടുത്ത്‌, അഗാധചിന്തയിലാണ്ടു പോയി.

താളമേളങ്ങളോടെ, കല്ക്കാമന്ദിറില്‍ പോയി വന്നിരുന്ന ടീമിനു ഞങ്ങളെ കണ്ടതും കാര്യം വ്യക്തമായി.

കസേരയില്‍ ഇരുന്നു ചിരിക്കുകയും, ചിന്തിക്കുകയും ചെയ്യിരുന്ന ഞങ്ങള്‍ക്ക്‌ ചുറ്റും കൂടി നിന്നവര്‍ മേളം കൂടുതല്‍ ഉച്ചത്തിലാക്കി. ആളുകള്‍, മാറി മാറി ഞങ്ങളെ ചായം പൂശി, പൂശി മടുത്തപ്പോള്‍, അടുത്ത ഗലിയിലേക്കവര്‍ കൊട്ടും പാട്ടുമായ്‌ നീങ്ങിയതിന്നു തൊട്ടുപിന്‍പിലായ്‌, ഞങ്ങളുടെ ശത്രു പക്ഷത്തെ വലിയവര്‍ മുതല്‍ കൊച്ചുപിള്ളാര്‍ വരെ ഞങ്ങള്‍ക്കു ചുറ്റും കൂടി.

പ്രതികരണശേഷി നഷ്ടപെട്ടിരുന്ന് ചിന്തിക്കുകയും ചിരിക്കുകയും ചെയ്യുന്ന ഞങ്ങളെ, ഓരോരുത്തരേയായ്‌ നാട്ടുകാര്‍, ഞങ്ങള്‍ വാങ്ങിയ ചായത്താല്‍ തന്നെ ചായം പൂശുകയും, ഫോട്ടോകോപ്പി ടോണര്‍ കലക്കി വച്ചിരുന്ന ബക്കറ്റിലെ വെള്ളം ഞങ്ങളുടേ (പ്രത്യേകിച്ചും, എന്റേയും, ഡൊമിനിയുടേയും, സുഭാഷിന്റേയും) തലവഴി കമിഴ്ത്തുകയും ചെയ്തു.

ഗലിയിലെ കൊച്ചുകുട്ടികള്‍ വരിവരിയായി വന്ന്, ഞങ്ങള്‍ വെള്ളം നിറച്ചുവച്ചിരിക്കുന്ന ബലൂണ്‍ കൈക്കലാക്കി, ശബരിമല യാത്രക്കിടെ അയ്യപ്പന്മാര്‍ പമ്പാ ഗണപതിക്കു തേങ്ങയടിക്കുന്നതുപോലെ ഞങ്ങളുടേ മുഖത്തും, നെഞ്ചത്തും, പുറത്തും, ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലും യഥേഷ്ടം എറിഞ്ഞു പൊട്ടിച്ചു.

നെറികെട്ട പിള്ളാരെ കഴുത്തു ഞരിച്ചുകൊല്ലണമെന്നുള്ള ആശ ഉള്ളിലുണ്ടെങ്കിലും, വെറുതെ, പൊട്ടി പൊട്ടി ചിരിക്കാനെ ഞങ്ങള്‍ക്ക്‌ കഴിഞ്ഞുള്ളൂ.

ഞങ്ങള്‍ ചിരിക്കുകയാണെങ്കില്‍, സുഭാഷ്‌ കസേരയില്‍ ചാരിയിരുന്ന് കരയുകയാണ്‌. കയ്യിലുള്ള വെള്ളകുപ്പിയിലേക്ക്‌ നോക്കും തോറും അവന്റെ ഏങ്ങലടി കൂടുതുന്നു.

കാരണമെന്താണെന്നു ചിരിക്കിടയിലും വിക്കി വിക്കി ഞങ്ങള്‍ ചോദിച്ചപ്പോള്‍, ആ കുപ്പിയിലെ വെള്ളം തീര്‍ന്നാല്‍ ലോകാവസാനമാണത്രെ. പാവം എന്തെല്ലാം ആലോചിച്ചുകൂട്ടുന്നു. ഞങ്ങളുടെ ചിരി പിന്നേയും, കൂടി.

ചിരിച്ച്‌, ചിരിച്ച്‌, തൊണ്ട വറ്റി വരണ്ടുണങ്ങിയിട്ടും, നെഞ്ചുംകൂടു പൊളിയുന്ന വേദന തുടങ്ങിയിട്ടും, അടപ്പെളകുന്ന തരത്തിലുള്ള, പണ്ടാര ചിരിയൊന്നടക്കാന്‍ പറ്റാത്ത തരം, ഒടുക്കത്തെ ചിരി.

വെള്ളമെടുക്കാന്‍ വീട്ടിനുള്ളില്‍ കയറിപോയ വിക്കിയെ കാണാഞ്ഞ്‌ അനിയന്‍ റിങ്കു, വീടിന്നകത്തേക്ക്‌ കയറിപോയ്‌ കുറച്ചു സമയത്തിനകം മുറിയ്ക്കു പുറത്തേക്ക്‌ വരും വഴി, വീടിന്റെ ചവിട്ടുപടിയില്‍ തന്നെ ഇരുപ്പുറപ്പിച്ചു. കാര്യങ്ങള്‍ അറിയുവാന്‍ ചിരിച്ചു ചിരിച്ചുകൊണ്ടാനെണെങ്കിലും ഞങ്ങള്‍ അവിടേയും എത്തി.

ചവിട്ടുപടിയില്‍ ഇരുന്ന റിങ്കുവിന്ന്, താഴേക്കു നോക്കുമ്പോള്‍, കൊഡൈക്കനാല്‍ സൂയിസൈഡല്‍ പോയിന്റില്‍ നിന്നും താഴേക്കു നോക്കുന്ന അനുഭവം! പാവം ഇരുന്ന പടി വലിയ വായില്‍ കരച്ചില്‍ തുടങ്ങി.

പുറമെനിന്ന് മുറിയിലേക്കെത്തിനോക്കിയ ഞങ്ങള്‍ക്ക്‌, മുറിയിലെ കട്ടിലിലില്‍ കിടന്നു കൊണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും ഒഴിഞ്ഞുമാറുകയും, വെട്ടിതിരിയുകയും ചെയ്യുന്ന വിക്കിയേയാണ്‌ കാണാന്‍ കഴിഞ്ഞത്‌.

ചിരിച്ചുകൊണ്ടു തന്നെ,മുറിക്കകത്തേക്ക്‌ കയറിയ ഞങ്ങള്‍ക്ക്‌, കുറച്ചു നേരം വിക്കിയുടെ മൂമെന്റ്സും, പിന്നെ ഉത്തരത്തില്‍ കറങ്ങുന്ന ഫാനും കണ്ടപ്പോള്‍ കാര്യം മനസ്സിലായി. പറന്നു നടക്കുന്നതിനിടയില്‍, കറങ്ങുന്ന ഫാനിന്റെ ലീഫ്‌, ശരീരത്തില്‍ മുട്ടാതിരിക്കാന്‍, മലര്‍ന്നു കിടന്നു ബാലന്‍സ്‌ ചെയ്യുകയാണവന്‍.

ചിരിച്ചുകൊണ്ടു തന്നെ ഞങ്ങള്‍ മുറിക്കു പുറത്തിറങ്ങി. കരഞ്ഞു തളര്‍ന്നിരിക്കുന്ന സുഭാഷിന്നും, ചിന്തിച്ചിരിക്കുന്ന സലീം നായര്‍ക്കും, ചിരിച്ചും, ചിന്തിച്ചും, പിന്നേയും ചിരിച്ചും കൊണ്ടിരിക്കുന്ന രാജുവിന്നും അരികിലായ്‌ ഇരുപ്പുറപ്പിച്ചു, പിന്നെ, വീണ്ടും ചിരിയുടെയും, കരച്ചിലിന്റേയി, അഗാധമായ ചിന്തയുടേയും, ലോകത്തിലേക്ക്‌ അവനവന്റെ മാറുന്ന മൂഡനുസരിച്ചൂളയിട്ടു.

ചിരിക്കുകയും, കരയുകയും ചെയ്യുന്ന ഞങ്ങളെ കാണുവാന്‍ ഗലിയിലെ മൊത്തം വീടുകളിലെ ആളുകളും മുറ്റത്തും, ബാല്ക്കണിയിലുമായ്‌ അണി നിരന്നു. ചിലര്‍ ബന്ധുക്കളേയും, സ്നേഹിത, സ്നേഹിതന്മാരേയും, അടുത്ത ഗലികളില്‍ നിന്നും ഫോണ്‍ ചെയ്ത്‌ വരുത്തി, ഞങ്ങളുടെ കോപ്രായങ്ങള്‍ കാണിച്ച്‌ കൊടുത്തു.

രാവിലെ ഒരു പത്തര മുതല്‍ ഉച്ചക്കൊരു രണ്ടുമണിവരെ ഞങ്ങള്‍ ചിരിയ്ക്കുന്നതും, കരയുന്നതും, ചിന്തിക്കുന്നതും, ഭയക്കുന്നതും, എന്തിന്‌ ഞങ്ങളില്‍ ചിലര്‍ തൊണ്ട പൊട്ടി വാളുവെക്കുന്നതുവരെ, കാണാകാഴ്ച പോലെ നോക്കികണ്ട്‌ നാട്ടുകാര്‍ ചിരിച്ചു രസിച്ചു.

അന്നു മുതല്‍ ഇന്നുവരേയായി, ഭാംഗ്, എന്നു കേട്ടാല്‍ ഞങ്ങളുടെ തൊണ്ട വെറുതേ വരളും. ഇപ്പോള്‍ ഇതെഴുതി തീര്‍ന്നപ്പോള്‍ എന്റെ തൊണ്ട വല്ലാതെ വരളുന്നു. ഞാന്‍ അല്പം വെള്ളം കുടിക്കട്ടെ.

Tuesday, May 16, 2006

വികലാംഗന്‍

ഈ കഥയും, ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികമല്ലെന്നു മാത്രമല്ല. അവരെല്ലാവരും നല്ല ആരോഗ്യത്തോടുകൂടി ജീവിച്ചിരിക്കുന്നവരുമാണ്‌. ഇനിയിപ്പോ, അഥവാ ഇതിലെ കഥാപാത്രങ്ങളുമായി നിങ്ങളിലാര്‍ക്കെങ്കിലും, 'സാമ്യത' തോന്നുവെങ്കില്‍ ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ, ഇതു യാദൃശ്ചികമല്ല, മനപൂര്‍വ്വം തന്നെ എഴുതിയതാണ്‌, അനുഭവിച്ചോ.
***
ഞങ്ങള്‍ മൂന്നുപേര്‍ അതായത്‌, ആദി കുറുമാന്‍, ഡൊമിനി പിന്നെ ഞാന്‍, ദില്ലിയിലെ കല്ക്കാജിയിലെ ഒരു ഫ്ലാറ്റിന്റെ ഒന്നാം നിലയിലെ ഒരു വിശാലമായ മുറിയില്‍ വാടകക്ക്‌ താമസിക്കുന്ന കാലം.

ഫ്ലാറ്റിന്റെ പിന്നിലൂടെയുള്ള ഗലിയിലൂടെ വന്നാല്‍ കാണുന്ന ചെറിയ വാതില്‍ തുറന്നാല്‍, മുകളിലേക്ക്‌ കയറുവാന്‍ ഒരു ഇരുമ്പിന്റെ കോണി കുത്തിച്ചാരി വച്ചിട്ടുണ്ട്‌. പിന്നിലുള്ള ഇടുങ്ങിയ സ്ഥലത്ത്‌ നിന്നും ഞങ്ങളുടെ മുറിയിലേക്ക്‌ കയറുവാന്‍ മാത്രമായി കാശ്‌ ചിലവാക്കി വാങ്ങിയ ആ കോണി ചാരിവച്ചിരിക്കുകയാണെന്ന് പറയാന്‍ സാധിക്കില്ല, കാരണം അത്‌ എതാണ്ട്‌ 95 ഡിഗ്ഗ്രി കുത്തനേയാണ്‌ നിന്നിരുന്നത്‌. കള്ളു ചെത്തുകാര്‍, ചെത്തുന്ന തെങ്ങിന്മേല്‍, ചകിരി കെട്ടി വക്കുന്നതില്‍ ചവുട്ടി മുകളില്‍ കയറുന്നതുപോലെ, കോണിയുടെ ഇരുവശത്തെ കമ്പിയിലും പിടിച്ച്‌ മുകളിലേക്ക്‌ കയറുന്നതില്‍ ഞങ്ങള്‍ മൂന്നാളും, ഒരാഴ്ചക്കകം അതി വിദഗ്ദന്മാരായി.

ഒറ്റ മുറിയുടെ ഒരു മുക്ക്‌ ഞങ്ങള്‍ അടുക്കളയാക്കി മാറ്റി. ഗ്യാസ്‌ സ്റ്റൌവ്‌ നഹി നഹി, മഗര്‍ മണ്ണെണ്ണ സ്റ്റൌ ജീ ഹാം.

പാചകത്തില്‍ എനിക്കുണ്ടായിരുന്ന താത്പര്യത്തെ മുതലെടുക്കുന്നതില്‍, ആദി കുറുമനും, ഡൊമിനിയും പരമാവധി ആനന്ദം കണ്ടെത്തിയിരുന്നു. അങ്ങനെ ഒട്ടുമുക്കാല്‍ ദിനങ്ങളിലും നളന്‍ ഞാന്‍ തന്നെ. അങ്ങനെ മണ്ണെണ്ണ ഗ്യാസ് സ്റ്റൌവിന്റെ, എയര്‍ അടിച്ചടിച്ച്‌, ജിമ്മില്‍ പോകാതെ തന്നെ വളര്‍ന്നു വന്ന എന്റെ കയ്യിലെ മസിലുകള്‍ വിറപ്പിക്കുക എന്നതുമെന്റെ അക്കാലത്തെ ഒരു വിനോദമായിരുന്നു.

എന്റേയും ഡൊമിനിയുടേയും കയ്യില്‍ യെസ്ഡി റോഡ്‌ കിങ്ങും, ആദിയുടെ കയ്യില്‍ എന്‍ഫീല്‍ഡും.

ചെറുപ്പം മുതലേ വാഹനങ്ങളില്‍ കമ്പമുള്ളതിനാല്‍, എന്റെ വണ്ടി ഞാന്‍ കരോള്‍ബാഗിലുള്ള ബൈക്ക്‌ ആള്‍ട്ടറേഷനില്‍ സ്പെഷ്യലിസ്റ്റ്‌ ആയ ഒരു വര്‍ക്ക്‌ ഷോപ്പില്‍ കൊണ്ടുപോയി രൂപവം ഭാവവും മാറ്റിയതിനൊപ്പം തന്നെ സൈലന്‍സറിന്റെ ഉള്ളില്‍ നിന്നും കോറും, മഫ്ലറ്റും എല്ലാം മാറ്റി കഴിഞ്ഞപ്പോള്‍, എന്റെ ബൈക്കിന്റെ ശബ്ദം, കാലിയായ ടാറും വീപ്പയിലിട്ട്‌ പടക്കം പൊട്ടിക്കുന്നതിനേക്കാള്‍ ഉച്ചത്തിലായിരുന്നു.

ഓഫീസ്‌ കഴിഞ്ഞെത്തിയതിനുശേഷം ഞങ്ങള്‍ തൃമൂര്‍ത്തികള്‍ അന്നാന്നത്തെ മെനു അനുസരിച്ചുള്ള റോ മെറ്റീരയല്‍സ്‌ വാങ്ങുവാന്‍ ഗോവിന്ദ്‌ പുരിമാര്‍ക്കറ്റിലേക്കോ, കല്ക്കാജി മെയിന്‍ മാര്‍ക്കറ്റിലേക്കോ ഒരുമിച്ചൊരു പോക്കുണ്ട്‌. മിക്കവാറും ഒരേ വണ്ടിയില്‍ ട്രിപ്പിള്‍ വച്ച്‌, കൂടിയാല്‍ രണ്ട്‌ വണ്ടി.

വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്‌, ആവശ്യമില്ലാതെ ഫുള്‍ ആക്സിലേറ്ററില്‍ റെയ്സ്‌ ചെയ്ത്‌ അങ്ങനെ നാടു മുഴുവന്‍ ഞങ്ങള്‍ അറിയിക്കും, ഞങ്ങളുടേ വരവും പോക്കും. ചില്ലറ ചില ഫീമെയില്‍സിനെ ഞങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള വിഫലശ്രമം കൂടി ആയിരുന്നു ഈ കോലാഹലം എന്നുകൂടി വേണമെങ്കില്‍ പറയാം. കൌമാരമല്ലെ, കുറ്റം പറയാന്‍ പറ്റുമോ?

പിന്നെ ഇപ്പോഴുള്ള, ഇടിവെട്ടുകൊണ്ട തെങ്ങിന്‍ മണ്ട പോലുള്ള രൂപമൊന്നുമല്ല അന്ന്. നല്ല തുടുത്ത്‌ ചൊകന്ന്, കട്ടമീശയും, നീട്ടി വളര്‍ത്തിയ മുടിയും, ഹാ ഹ ഹ, കാണാന്‍ എന്തൊരു ചന്തായിരുന്നു. അഹങ്കാരം പറയ്യ്യാന്ന് നിങ്ങള്‌ വിചാരിച്ചാലും എനിക്കൊരു ചേതോം ഇല്ലാന്ന് മാത്രമല്ല, സത്യം സത്യമായിട്ട്‌ പറയണത്‌, എന്റെ ഒരു വീക്ക്നസ്സും കൂടിയാണെന്നും കൂട്ടിക്കോ.

ഞങ്ങളുടെ വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രം, ചില ഫിമെയില്‍സ്‌ ബാല്ക്കണിയിലെത്തിയിരുന്നത്‌ തന്നെ മാത്രം കാണാനാണെന്ന് ഞങ്ങള്‍ മൂന്നുപേരും സ്വമനസ്സില്‍ കരുതിപോന്നു.

വണ്ടി, കിടത്തി വളക്കുക, വീല്‍ ചെയ്യിക്കുക, വെറുതെ റയിസ്സ്‌ ചെയ്ത്‌ പായുന്ന വണ്ടിയെ പെട്ടെന്ന് ബ്രേക്കിട്ട്‌ നിറുത്തുക, തുടങ്ങിയ നമ്പറുകളല്ലാതെ,അതില്‍ കൂടുതലായ്‌, ദൈവത്താണെ, ഞങ്ങള്‍ മറ്റൊന്നും തന്നെ ചെയ്തിരുന്നില്ല.

എന്തായാലും, ഞങ്ങളുടെ അയല്‍പ്പക്കത്ത്‌ വീട്ടില്‍ താമസിച്ചിരുന്ന, മലയാളികളും സമപ്രായക്കാരുമായ ചിലര്‍ക്കും, ഗോസാമികളായ ചിലര്‍ക്കും, ഞങ്ങളുടെ ഈ ഷൈനിങ്ങ്‌ തീരെ പിടിച്ചിരുന്നില്ല എന്നു മാത്രമല്ല, ഞങ്ങളെ അവര്‍, ഉമ്മന്‍ ചാണ്ടി അച്ചുമ്മാമനെ കാണുന്നതുപോലെ ഒരു പ്രതിപക്ഷ മനോഭാവത്തോടെ കാണാനും തുടങ്ങി.

ഞങ്ങളുടെ ശകടങ്ങളുടെ കര്‍ണ്ണ കഠോരശബ്ദം പല പല മിടുക്കന്മാരുടേയും, മിടുക്കികളുടേയും പഠിക്കാന്‍ മാറ്റി വച്ചിരുന്ന സമയത്തിന്റെ തരക്കേടില്ലാത്ത ഒരു പങ്ക്‌ നിത്യവും പാഴാക്കികളയുന്നുണ്ടെന്നറിയുന്നത്‌ ഞങ്ങളില്‍ ഉള്‍പുളകമുളവാക്കി.

ഓരോ തവണയും ഞങ്ങളുടെ വണ്ടിയിരപ്പിച്ച്‌, പാഞ്ഞുള്ള പോക്കു കാണുമ്പോള്‍, ഈ പോക്ക്‌ വെറും പോക്കല്ല, ഒടുക്കത്തെ പോക്കാണെന്നും, അതുമല്ലെങ്കില്‍ ഒടുക്കത്തെ പോക്കായിരിക്കട്ടെയെന്നും, പ്രതിപക്ഷവും, പ്രതിപക്ഷത്തോടു ചായ്‌വുള്ള മറ്റയല്‍ക്കാരും, നിത്യേന, രാമനാമം ചൊല്ലും പോലെ ഉരുവിട്ടിരുന്നു എന്ന്, ഞങ്ങളോട്‌ ചായ്‌വുള്ള ചില നല്ല സമരിയക്കാര്‍, ഞങ്ങളുടെ ചെവിയില്‍ ഓതിയപ്പോള്‍, ഇതൊക്കെ എത്ര കണ്ടിരിക്കുന്നു, കേട്ടിരിക്കുന്നു എന്ന ഭാവത്തില്‍ ഞങ്ങള്‍ പുഛിച്ച്‌, ചവച്ച്‌, ഓക്കാനിച്ച്‌, ചിരിച്ച്‌ തുപ്പിക്കളഞ്ഞു.

ഞങ്ങളുടെ നേരെ ഓപ്പോസിറ്റിലെ പഞ്ചാബി വീട്ടുകാര്‍ക്ക്‌ (അവരുടെ താഴെയുള്ള മകള്‍ എന്റെ ബൈക്കിന്റെ പിന്നില്‍ ഇരുന്ന് പോകുന്നത്‌ ആരോ കണ്ടത്‌, നാട്ടില്‍ പാട്ടായപ്പോള്‍ മുതല്‍) ഞങ്ങള്‍ തൃമൂര്‍ത്തികളെ കാണുന്നതു തന്നെ ചതുര്‍ത്ഥിയാണ്‌.

ഞങ്ങളെ കാണുമ്പോള്‍, ആ പരട്ട തള്ള, ഒരു ജാതി പോലീസുകാര്‌ കള്ളനെ കാണുമ്പോള്‍ നോക്കുന്നപോലുള്ള ഒരു നോട്ടം നോക്കും. അതുകാണുമ്പോള്‍ ഞങ്ങള്‍ക്ക്‌ അവരോടുള്ള ബഹുമാനം ഇരട്ടിയാകും.

അങ്ങനെ പരസ്പര സ്നേഹത്തോടെ, നാട്ടുകാരുടെ ഓമനമക്കളായി കഴിയുന്നതിനിടയില്‍ ഒരു ദിവസം ഇടം കയ്യില്‍ അവരുടെ മൂത്ത മകളുടെ കുട്ടിയേയും, വലം കയ്യില്‍ പട്ടിയേയും കൊണ്ടു, നെയ്യുരുക്കിയുരുട്ടി തിന്നുണ്ടാക്കിയ ഒരലു പോലത്തെ ശരീരത്തിലെ, നെയ്യുരുക്കുവാനായി, ആ പഞ്ചാബി സ്ത്രീ നടക്കുവാനായിറങ്ങിയപ്പോള്‍, ഞങ്ങള്‍ ആ മഹത്തായ കണ്ടുപിടുത്തം നടത്തി. അതായത്‌ അവരുടെ പട്ടിക്കും, ആ തള്ളക്കും ഒരേ മുഖഛായയാണെന്ന്!!

അന്നേക്കന്നു വൈകുന്നേരം തന്നെ ഞങ്ങള്‍ മൂവരും, സ്വന്തം മുറിയില്‍ വച്ച്‌, ഒരുകുപ്പി ഓള്‍ഡ്‌ മങ്ക്‌ റമ്മിനെ സാക്ഷിയാക്കി, ആ ബഹുമാന്യയായ പഞ്ചാബി സ്ത്രീയെ വെറും തള്ള എന്ന പൊസിഷനില്‍ നിന്നും "പട്ടിതള്ള" എന്ന തസ്തികയിലേക്ക്‌ പ്രമോഷന്‍ നല്‍കി ആദരിച്ചാഘോഷിച്ചു.

അങ്ങനെ ഒരു ഞായറാഴ്ച ഉച്ചക്കൂണുകഴിഞ്ഞ്‌, മൊത്തം കല്ക്കാജി കെ ബ്ലോക്ക്‌ ഉറങ്ങിതുടങ്ങിയനേരം, ഞങ്ങള്‍ തൃമൂര്‍ത്തികള്‍ നോയിഡയിലുള്ള കസിന്‍ സിസ്റ്ററുടെ വീട്ടിലാകട്ടെ രാത്രിയിലെ അമൃതേത്ത്‌ എന്ന് തീരുമാനിച്ചുറപ്പിച്ച്‌, എന്റെ വണ്ടിയില്‍ ഞാനും ആദിയും, ഡൊമിനിയുടെ വണ്ടിയില്‍ അവന്‍ തനിച്ചും പുറപെട്ടു.

പുറപ്പെട്ടു എന്നു പറഞ്ഞാല്‍ വണ്ടിയില്‍ കയറി പുറപെട്ടു എന്നല്ല. വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട്‌ ചെയ്തു എന്നു മാത്രം.

ശത്രുമിത്രാദികള്‍ പള്ളമുഴുവന്‍ നിന്നു നിറച്ച്‌, ഏമ്പക്കവും വിട്ട്‌, പള്ളിയുറക്കമായിരിക്കും ഇപ്പോള്‍, അതിനാല്‍, നമുക്ക്‌ വണ്ടി ഒന്നു റൈസ്‌ ചെയ്ത്‌ കളിക്കാമെന്ന്, ഉച്ചക്ക്‌ പാനം ചെയ്ത സുരയുടെ വീര്യത്താല്‍ ഡൊമിനി പറഞ്ഞപ്പോള്‍, അതിനെന്താ തൊടങ്ങ്വല്ലേന്ന് ചോദിച്ച്‌ ഞാന്‍ റൈസിങ്ങ്‌ തുടങ്ങി.

രണ്ടു ബൈക്കുകളും റൈസ്‌ ചെയ്ത്‌ ചെയ്ത്‌ ഒരഞ്ചുമിനിട്ടു കഴിയുന്നതിനുമുന്‍പേ, കരയുന്ന കുട്ടിയേ ഒക്കത്തിരുത്തി പട്ടിതള്ള ബാല്‍ക്കണിയില്‍, വലിയ വായും തുറന്ന് പ്രത്യക്ഷപെട്ടു.

അരേ കമീനേലോഗ്‌, തും ലോഗോംകോ ശരം നഹീ ആതാ. ദുനിയാ സോ രഹീഹെ, ഔര്‍ തും ലോഗ്‌ ഗാഡി റൈസ്‌ കര്‍ക്കര്‍ ഘേല്‍രഹേ ഹെ. തും ലോഗ്‌ കഭീ നഹി സുദരേഗാ. ഏക്‌ ദിന്‍ തും ലോഗ്‌ കിസീ ഘാഡി കേ നീച്ചേ സരൂര്‍ ജായേഗാ. (മലയാളം അറിയാത്തവര്‍ അറിയുന്നവരോട്‌ ചോദിച്ച്‌ മനസ്സിലാക്കൂ).

ഇതൊക്കെ എത്ര കേട്ടേക്കുണൂ, നിങ്ങള്‍ പോയി നിങ്ങടെ പണി നോക്ക് തള്ളേ എന്നു മനസ്സില്‍ പറഞ്ഞ്, അവരുടെ ആശിര്‍വാദവും വാങ്ങി ഞങ്ങളുടെ വണ്ടികള്‍ നോയിഡായിലേക്ക്‌ പുറപ്പെട്ടു.

നെഹ്രുപ്ലേസ്‌ സിഗ്നലില്‍ വച്ച്‌, നേരെ പോയി ഈസ്റ്റ്‌ ഓഫ്‌ കൈലാഷ്‌ വഴി പോകണോ, അതോ വലത്തോട്ടെടുത്ത്‌, കല്ക്കാ മന്ദിര്‍ വഴി പോകണോ എന്നാലോചിക്കാന്‍ ഒരു ഫ്രാക്ഷന്‍ ഓഫ്‌ എ സെക്കന്റ്‌ മാത്രം ഞാന്‍ കൂടുതല്‍ എടുത്തു പോയ്‌.

ഡും..ഡും, ഡിം....അയ്യോ‍ ‍ഓ ഓ ഓ!!!

ചൂടില്‍ ഉരുകിതുടങ്ങിയ ടാറില്‍ കിടന്നുകൊണ്ട്‌ ഞാന്‍ തല ചെരിച്ച്‌ നോക്കി.

എന്റെ കാലില്‍ എന്റെ വണ്ടി അപ്പോഴും കിടപ്പുണ്ട്‌. ചുറ്റിലും, പകച്ചു നില്ക്കുന്ന ആദിയുടേയും, ഡൊമിനിയുടേയും അടക്കം കണ്ടുപരിചയമുള്ളതും, കാണാത്തതുമായ പല പല മുഖങ്ങള്‍.

സാമൂഹ്യദ്രോഹികളെ, നോക്കി നിക്കാണ്ട്‌ കാലുമ്മേന്ന് വണ്ടിയെടുത്ത്‌ മാറ്റടാ. ഞാന്‍ അലറി.

വീണ്ടും ഒരു ശ്രമമെന്നോണം രണ്ടുമൂന്നുപേര്‍ ചേര്‍ന്ന്, സ്റ്റാന്റിനും, വീലിന്നുമിടയില്‍ കുടുങ്ങി കിടന്നിരുന്ന എന്റെ വലതു കാല്‍പത്തി, വലിച്ച്‌ പുറത്താക്കിയതിനുശേഷം, വണ്ടി എന്റെ മുകളില്‍ നിന്നും പൊക്കിയെടുത്തു.

വേദന സഹിക്കാന്‍ പറ്റാതെ നിറഞ്ഞ കണ്ണുകളാല്‍ ഞാന്‍ എന്റെ വലത്തെ കാലില്‍ നോക്കി.

കാലില്‍ ഷൂവില്ല. ഏതാണ്ട്‌ മന്ത്‌ വന്നതുപോലെ, കാല്‍വണ്ണക്കു കീഴെ മൊത്തം നീര്‌.

അല്ലാ, ശരിക്കും എന്താ പറ്റിയേ?

ഞാന്‍ ആദിയോടും, ഡൊമിനിയോടുമായി വിക്കി, വിക്കി ചോദിച്ചു.

ദാ, അവിടെ നിര്‍ത്തിയിട്ടിരിക്കണ പച്ച ടെമ്പോ കണ്ടാ നീയ്‌? അത്‌ നിന്റെ മൂട്ടില്‍ വന്നിടിച്ചതാ. അങ്ങോട്ട്‌ വീണകാരണം ആദിക്കൊന്നും പറ്റിയില്ല, പക്ഷെ വണ്ടി നിന്റെ മേല്‍ വീണകാരണം നീ ഈ വഴിക്കായി.

ആരാന്റെമ്മക്ക്‌ പ്രാന്ത്‌ വന്നാല്‍ കാണാന്‍ എന്തു ചന്തമെന്ന് പണ്ടാരാണ്ടോ പറഞ്ഞമാതിരിയുള്ള ഡൊമിനിയുടെ ചൊറിയുന്ന വര്‍ത്തമാനം കേട്ടപ്പോള്‍, എന്റെ കാലിന്റെ വേദന ഒന്നുകൂടെ കൂടി.

എന്തായാലും, വണ്ടിയെല്ലാം ഒതുക്കി, ഒരുവഴിക്കാക്കി, എന്നെ തൂക്കിയെടുത്ത്‌ ജാംബവാന്റെ കാലത്തുള്ള ഒരു ഓട്ടോറിക്ഷയിലിട്ട്‌ ആദിയും, ഡൊമിനിയും കൂടി കൈയിലാഷ്‌ കോളനിയിലുള്ള ശര്‍മ്മാ നഴ്സിംഗ്‌ ഹോമില്‍ എത്തിച്ചു.

അവിടെ ജോലിചെയ്യുന്ന ചില നഴ്സമ്മമാര്‍ ഞങ്ങളുടെ സുഹൃത്തുക്കളായിരുന്നത്‌ കാരണം എക്സ്‌ റേ, വൈ റേ, തുടങ്ങിയവ പെട്ടെന്നെടുത്തു തീര്‍ത്തു.

എന്തിനേറെ പറയുന്നു?

ഒരു ഒന്നൊന്നര മണിക്കൂറിനുള്ളില്‍ അറുപതുകിലോ ഉണ്ടായിരുന്ന എന്നെ അവര്‍ എഴുപത്തഞ്ച്‌ കിലോ ആക്കിയെടുത്തു (അറുപതുകിലോ ശരീരഭാരം + 3കിലോ നീരു വന്നപ്പോള്‍ കോമ്പ്ലിമെന്റായികിട്ടിയത്‌ + 12 കിലോ, വലത്തേക്കാലിമേല്‍ നഖം മാത്രം പുറത്താക്കി, ഷെഡ്ഡിക്ക്‌ കീഴെ വരെ ഇട്ട നല്ല പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌, c/o, ഫ്രാന്‍സിന്റെ വകയായും).

നാട്ടിലെ പോലെ, കാലൊന്നൊടിഞ്ഞാല്‍, സ്ഥിരമായിട്ടൊന്നുമല്ലല്ലോ, അപ്പോള്‍ തല്ക്കാലത്തിന്നൊരു മുളവടി മതി, എന്ന് ചിന്തിക്കാന്‍ മാത്രം പറ്റാത്തതിനാല്‍, കയ്യിലുള്ള പൈസ റൊക്കമായും, ബാക്കി കടമായും നല്‍കി, എനിക്ക്‌ വേണ്ടി ഡൊമിനിയും, ആദിയും കൂടെ ഒരു ജോഡി ക്രെച്ചസ്സും വാങ്ങി.

അങ്ങനെ വേദനിക്കുന്ന കാലും, വിങ്ങുന്ന മനസ്സുമായ്‌, തനിക്ക്‌ താനും, എനിക്ക്‌ ക്രെച്ചസ്സും എന്ന പോലെ ശര്‍മ്മ നഴ്സിംഗ്‌ ഹോമിന്റെ പടി ഞാന്‍, ക്രെച്ചസ്സ്‌ നല്‍കിയ താളത്തിന്റെ അകമ്പടിയോടെ ഞൊണ്ടി ഞൊണ്ടി ഇറങ്ങി.

കല്ക്കാജിയിലേക്ക്‌ പോകാന്‍ ഞങ്ങള്‍ വീണ്ടും ഒരു ഓട്ടോ റിക്ഷ വിളിച്ചു. പക്ഷെ വന്നപോലെ ഓട്ടോയില്‍ എനിക്ക്‌ കയറാന്‍ പറ്റുകയില്ലല്ലോ? ആയതിനാല്‍ ഞാന്‍ എന്റെ ചന്തി സീറ്റിന്റെ അങ്ങേ തലക്കല്‍ വച്ച്‌, കാലുകള്‍ രണ്ടും, അമ്മൂമ്മ നാമം ജപിക്കുമ്പോള്‍ നീട്ടി വക്കുന്നതുപോലെ നീട്ടി ഇങ്ങേ അറ്റത്തേക്ക്‌ വച്ചു.

കാല്‍ ഭാഗം കാല്‍, അപ്പോഴും പുറത്തേക്കപ്പോഴും തള്ളി നിന്നിരുന്നു.

ആദി കൂറുമാന്‍ ഒരുവിധം പിന്‍സീറ്റില്‍ എന്നോടൊട്ടിചേര്‍ന്നഡ്ജസ്റ്റ്‌ ചെയ്തു. ഡൊമിനി, ഡ്രൈവറുടെ കൂടെ മുന്‍സീറ്റിലും ഇരുന്ന് ഞങ്ങള്‍ യാത്ര തിരിച്ചു.

വീടെത്തുവോളം എന്റെ പുറത്തേക്ക്‌ തള്ളിയിരിക്കുന്ന കാല്‍ കാല്ലിന്മേല്‍ വേറെ വണ്ടിയൊന്നും വന്നിടിക്കരുത്‌ ദൈവമേ എന്ന ഒറ്റ പ്രാര്‍ഥന മാത്രമേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ.

എന്തായാലും, പിന്നേം അപകടം ഒന്നും കൂടാതെ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ വീടിന്റെ പിന്നിലുള്ള ഗലിയിലേക്ക്‌ അമറിയമറി കയറി.

പതിവില്ലാതെ, ഓട്ടോറിക്ഷയുടെ ശബ്ദം ഗലിയില്‍ കേട്ടപ്പോള്‍, അതിഥി ആരുടെ വീട്ടിലേക്കാണെന്നറിയാന്‍ മൊത്തം വീട്ടിലെ തലകള്‍ ബാല്‍ക്കണിയിലും, താഴെയുള്ളവര്‍ ഗലിയിലുമായി അണിനിരന്നു.

ഇറങ്ങി നില്ക്കുന്ന ഡൊമിനിയുടേയും, ആദിയുടേയും മധ്യത്തിലേക്ക്‌, ക്രെച്ചസ്സിന്റെ സഹായത്താല്‍ ഞാന്‍ ഇറങ്ങി നിന്നു.

ആ കാഴ്ച കണ്ട പട്ടിതള്ള പൊട്ടി പൊട്ടി ചിരിച്ചു!

ആദ്യമായ്‌ ആ നിമിഷം സൂര്യനൊന്നസ്തമിച്ചെങ്കിലെന്ന് ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

ശത്രുക്കള്‍, ചിരിച്ചുംകൊണ്ട്‌ ഞങ്ങളുടെ അടുത്തുകൂടി.

എന്താ, എങ്ങിനെയാ, എന്നൊക്കെ അറിഞ്ഞിട്ടുവേണം അവര്‍ക്കാഘോഷിക്കാന്‍! പോകാന്‍ പറ പുല്ല്.

അതൊക്കെ പിന്നെ പറയാം എന്നു പറഞ്ഞ്‌, വാതില്‍ തുറന്ന് ഞങ്ങള്‍ ഉള്ളില്‍ കയറി.

ഈ കാലും വച്ച്‌ എങ്ങിനെ ഞാന്‍ കോണി കയറും?

മൂട്ടില്‍ തള്ളി, കയ്യാല്‍ താങ്ങി, പലവിധത്തിലും പയറ്റിയിട്ടും നോ രക്ഷ. ഈശ്വരോ രക്ഷതു.

അവസാനം ഖലാസികള്‍ പെരുമണ്‍ ദുരന്തത്തില്‍ പെട്ട ട്രെയിനിന്റെ ബോഗി കെട്ടി വലിച്ച് കയറ്റിയതു പോലെ, കയറുകെട്ടി താങ്ങി, ഒരു കാല്‍ കോണിയില്‍ വച്ച്‌, പെരിയ കാല്‍ എയറില്‍ ഞാത്തിയിട്ട്‌ , അരമണിക്കൂറിലധികമെടുത്തു ഞാന്‍, അല്ലെങ്കില്‍, എന്നെ മുകളിലെത്തിക്കാന്‍!

പിന്നെ ഒരു മൂന്നാഴ്ച മുറിയില്‍ നിന്നും ഞാന്‍ പുറത്തിറങ്ങിയത്‌ ടോയ്‌ലറ്റില്‍ പോകാന്‍ മാത്രം. അതും ഇന്ത്യന്‍ സ്റ്റെയില്‍ ടോയ്‌ലറ്റ്‌.

നാടുതടുക്കാം, പക്ഷെ മൂട്‌ തടുക്കാന്‍ പറ്റില്ല എന്നല്ലെ?

പ്ലാസ്റ്ററിട്ട കാലുമായി, ടോയ്‌ലറ്റില്‍, പോയി, പോയി, മൂന്നാഴ്ചക്കകം ഇന്നും, ഹരിദ്വോറിലോ, റിഷികേശിലോ ഉള്ള, യോഗീവര്യന്മാര്‍ക്കൊന്നുമറിയാത്ത, പലതരം യോഗ ആസന പൊസിഷനുകളും, ദൈവ നിയോഗത്താല്‍ ഞാന്‍ പഠിച്ചെടുത്തു (നെസസിറ്റി ഈസ് ദ ഫാദര്‍ ഓഫ് ഇന്‍വെന്‍ഷന്‍ എന്നല്ല്ലെ പ്രമാണം?)

Wednesday, May 10, 2006

ശേഖരന്റെ മൊബൈല്‍ ബാര്‍ബര്‍ ഷോപ്പ്

വെളുത്തിട്ട്‌ നേരം കൊറേ ആയിരുന്നെങ്കിലും, ശേഖരന്‍ ഉറക്കം കഴിഞ്ഞ്‌ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ലെന്നു മാത്രമല്ല, കല്ലേറ്റുങ്കര റെയില്‍വേ സ്റ്റേഷനിലെ ചുവന്ന സിഗ്നല്‍ കിട്ടുമ്പോള്‍, നിറുത്താനായി ജയന്തിജനത ബ്രേക്ക്‌ പിടിക്കുമ്പോള്‍, ചക്രങ്ങള്‍ പാളത്തിലൊരഞ്ഞുണ്ടാകുന്ന ജാതി ചിലമ്പിയ ശബ്ദത്തിലുള്ള അയാളുടെ കൂര്‍ക്കം വലി, ആ കുടിലും കടന്ന് പാടത്തേക്കൊഴുകുന്നുമുണ്ടായിരുന്നു.

അടുപ്പത്തിരുന്ന് വെട്ടിതിളക്കുന്ന അരിക്കലം, പഴംതുണി കൂട്ടിപിടിച്ചെടുത്ത്‌ കാര്‍ത്ത്യായനി, വെള്ളം വാരാന്‍ മറ്റൊരു പാത്രത്തില്‍ ചെരിച്ചു വച്ചു. പിന്നെ ഉണക്കമീന്‍ നാലെണ്ണമെടുത്ത്‌, വെള്ളത്തില്‍ കഴുകി, ഉപ്പും, മുളകും പുരട്ടി. വറുക്കാനായി, ചട്ടി അടുപ്പില്‍ വച്ച്‌, വെളിച്ചെണ്ണ കുപ്പ്പ്പിയെടുത്തു ചട്ടിയിലേക്ക്‌ കമഴ്ത്തി.

എണ്ണ വരുന്നില്ലല്ലോ മുത്തപ്പാ?

വീണ്ടും, വീണ്ടും, കാര്‍ത്ത്യായനി കുപ്പ്പ്പി കമഴ്ത്തി നോക്കി. കുപ്പിയുടെ മൂട്ടില്‍ കയ്യാല്‍ ഇടിച്ചു നോക്കി, പിന്നെ ചൂട്ടു വീശും പോലെ കുപ്പിയെ വീശി കുടഞ്ഞു നോക്കി. രക്ഷയില്ല, കുപ്പിയില്‍ ഒരു തുള്ളി എണ്ണ പോലും ഇല്ല.

ചെക്കന്‌ ഷ്ക്കോളില്‍ പോകാറായല്ലോ ദൈവമേ!! ഇന്നിനി അവന്‌ ചോറില്‍ കൂട്ടാന്‍ എന്താ ഞാന്‍ കൊടുത്തയക്ക്യാ?

ഉത്തരം കിട്ടാത്ത ഒരു മഹാസമസ്യയായ്‌ ആ ചോദ്യം കാര്‍ത്ത്യായനിയുടെ മുന്‍പില്‍ ക്ലോക്കിന്റെ പെന്റുലം പോലെ അങ്ങോട്ടും, ഇങ്ങോട്ടും കിടന്നാടി.

കുടിലിന്റെ വരാന്തയിലുള്ള അര തിണ്ണയില്‍ ഇരുന്ന്, തലേന്ന് രാത്രി ബാക്കി വന്ന ചോറ്‌, ചട്ടിയിലിട്ടു വെള്ളമൊഴിച്ച്‌ വച്ചിരുന്നതില്‍ (പഴം ചോറ്‌), മുറ്റത്തെ മുളകു ചെടിയില്‍ നിന്നും അപ്പോള്‍ പറിച്ചെടുത്ത കാന്താരിമുളകിട്ടു ഞരടുകയായിരുന്നു ചന്തു എന്ന സന്തോഷ്‌.

ശേഖരന്‍ - കാര്‍ത്ത്യായനി ദമ്പതികള്‍ക്ക്‌ ആണായും,പെണ്ണായും ഉള്ള ഒരേ ഒരു സീമന്ത പുത്രന്‍, ഒരേ ഒരു ബന്ധു - ചന്തു.

മോനേ ചന്ത്വോ.........കാര്‍ത്തു നീട്ടിവിളിച്ചു.

എന്താമ്മോ.......മറുവിളി അധിലും ഉച്ചത്തില്‍ മാറ്റൊലി പോലെ വന്നു.

ഡാ, ഇന്നുച്ചക്ക്‌ നിനക്ക്‌ ചോറിലൊഴിക്കാന്‍ കറിയൊന്നൂല്ല്യ. എന്നാ മൂന്നാല്‌ ഒണക്കമീന്‍ വറക്കാമ്ന്നച്ചാ എണ്ണകുപ്പി കാലി.

ഇന്നലെ രാത്രീല്‌ ഒരു തൊടം ബാക്കിയുണ്ടായിരുന്നതാ ആ കുപ്പീല്‌. പണ്ടാറമടങ്ങാനായിട്ട്‌ പാതിരാത്രിക്ക്‌, നിന്റച്ഛന്‍ അതെടുത്ത്‌ ചണ്ണക്കാലില്‍ പൊരട്ടീണ്ടാവും .

ആ കാലിനി എണ്ണ തോണ്യേ ഇട്ടു വച്ചാലും നേരേയാവില്ലാന്ന് പറഞ്ഞാ, ചട്ടുകാലന്‍ കേക്ക്വോ?

പത്തിന്റെ പൈസക്ക്‌ പണിയെടുക്കാതെ, എങ്ങാണ്ടും, വല്ല മീനേം പിടിച്ചു വിക്കുന്ന കാശും പോരാണ്ട്‌, വെളുപ്പാങ്കാലം മുതല്‍ മൂവന്തി വരെ പെടാപാട്‌ പെട്ട്‌ എനിക്കു കിട്ടുന്ന കൂലിയില്‍ മുക്കാലും പിടിച്ച്‌ വാങ്ങി, മൂക്കറ്റം കുടിച്ചും വന്നിട്ട്‌, ഒരു ഒടുക്കത്തെ എണ്ണതേപ്പാ, ആ ചണ്ണക്കാലുമ്മേ.

എത്ര പറഞ്ഞാലും, ആളു നേരാകില്ലാല്ലോ എന്റെ മുത്തപ്പാ! നീയെങ്കിലും ചന്തൂ, അമ്മക്കു വയസാങ്കാലത്തൊരു തൊണയാവണേ.

പഴംഞ്ചോറുമുണ്ട്‌, കയ്യും കഴുകി, മൂക്കേല്‍ നിന്നൊലിച്ച മൂക്കിള ചീറ്റി കളഞ്ഞ്‌, കൈ ചുമരേല്‍ തേച്ച്‌, ചന്തു കൂവി "അമ്മേ എനിക്ക്‌ സ്ക്കൂള്യേ പോവാറായി".

അതു ആദ്യമായി കേക്കുന്നവരാണെങ്കില്‍ വിചാരിക്കും, എന്തൊരുത്സാഹം ചന്തൂന്‌. പിള്ളാരായാല്‍ ഇങ്ങിനെ വേണം. സ്കൂളില്‍ പോകാന്‍ പിള്ളേര്‍ക്ക്‌ ഇങ്ങനേയും ഉത്സാഹമോ?

അപ്പ്പൊ, ഇനി എന്റെ ചന്തൂട്ടന്‍ ഉച്ചക്ക്‌ ചോറെങ്ങിന്യാ തിന്നാ?

അമ്മേ, കാശിണ്ടങ്കില്‍ ഒരമ്പത്‌ പൈസ താ, ഞാന്‍ ജോസപ്പേട്ടന്റെ കടയില്‍ നിന്നും കടലക്കറി വാങ്ങി ചോറ്‌ തിന്നാം.

എന്റെ പൊന്നു മോനേ, അമ്പത്‌ പൈസയില്ലടാ കണ്ണാ എന്റെ കയ്യില്‍, ഒരിരുപത്തഞ്ചു പൈസയുണ്ട്‌. നീ ഒരരപ്പൊതി കടല വാങ്ങി ചോറ്‌ തിന്ന്. അല്ലെങ്കില്‍, ജോസപ്പിനോട്‌, നാളെ തരാം എന്ന് പറയ്യ്‌.

അര്യേം, മുളകും, എണ്ണേം, പരിപ്പും, സോപ്പും, വാങ്ങ്യേന്റെ ബാക്കി ഒരു നൂറ്റിച്ചില്ല്യാനം രൂപ ആ നാരായണേട്ടന്റെ കടേല്‌ കൊടുക്കാനുണ്ട്‌. ആ പറ്റു തീര്‍ക്കാതെ ഇനി ഒരു നയാ പൈസയ്ക്ക്‌ സാധനം വാങ്ങാന്‍ നീയ്യിനീ വഴി വരണ്ട കാര്‍ത്ത്വാ എന്ന് ഇന്നലേം കൂടി പറഞ്ഞതാന്ന്, പതം പറഞ്ഞുകൊണ്ട്‌ കാര്‍ത്തു, അരിയിട്ടുവെച്ചിരിക്കുന്ന പാട്ടയില്‍ കൈയിട്ടു പരതി, ഒരു ഇരുപതഞ്ചു പൈസാ തുട്ടെടുത്ത്‌ ചന്തുവിനു കൈമാറി. ചന്തുവിനെ തന്റെ മാറോടടുക്കി നെറുകയില്‍ ഉമ്മവച്ചു. നിണ്ടു കണ്ണിലേക്ക്‌ വീണുകിടന്നിരുന്ന അവന്റെ തലമുടി കയ്യാല്‍ മേലേക്കൊതുക്കി വച്ചു.

പുസ്തകകെട്ടിനുമേല്‍, കറുത്ത, കാലിഞ്ചുവീതിയിലുള്ള റബ്ബര്‍ ബാന്റ്‌ രണ്ടുമടക്കില്‍ ചുറ്റിയിട്ട്‌, ഇടത്തേ തോളത്ത്‌, പുസ്തകകെട്ട്‌ വച്ച്‌, ഇടത്തേ കയ്യാല്‍ താങ്ങി, പാടവരമ്പിലൂടെ, ചന്തു, ഓടി.

ചന്തൂന്‌ വയസ്സ്‌ പന്ത്രണ്ടേ ആയിട്ടൊള്ളോ, പക്ഷെ നിങ്ങക്കറിയ്യോ, അവന്‍ അഞ്ചാം ക്ലാസ്സിലാ പഠിക്കണേ. ആറു വയസ്സായപ്പോളാ ഞാന്‍ അവനെ ഷ്ക്കോളില്‍ ചേര്‍ത്തേ, അവനെ സാറമ്മാര്‌ മൂന്നിലും, നാലിനും, ഓരോ കൊല്ലം അധികം പഠിപ്പിച്ചു. കാരണം എന്താ? നിങ്ങക്കറിയ്യോ?

സ്ഥിരമായുള്ള ഈ ചോദ്യം കേട്ടുമടുത്ത, കാര്‍ത്തുവിന്റെ ഒപ്പം പാടത്തും, പറമ്പിലും, പണിക്ക്‌ പോകുന്ന മറ്റു ചുട്ടുവട്ടത്തെ പെണ്ണുങ്ങള്‍, ഇതെത്ര കേട്ടിരിക്കുന്നു എന്ന മുഖഭാവവുമായി മിണ്ടാതിരിക്കുമ്പോ, മടിയില്‍ നിന്നും, ഒരു തുണ്ട്‌ അടക്കയെടുത്ത്‌ കാര്‍ത്തു വായിലോട്ടിടും, എന്നിട്ട്‌ വീണ്ടും പറയും. അതേ, അവന്‍ പഠിക്കാന്‍ മിടുക്കനാ. അതോണ്ടാ സാറമ്മാര്‌ അവനെ വീണ്ടും വീണ്ടും ഒരേ ക്ലാസ്സില്‌ അധികം പഠിപ്പിക്കണത്‌.

അല്ലെങ്കി നിങ്ങ പറ, ആ നങ്ങ്യാരുവീട്ടിലെ മോനുണ്ടല്ലോ, ആ ഉണ്ടകണ്ണന്‍, അവനും എന്റെ മോനേം ഒപ്പത്തിനൊപ്പമാ ഷ്ക്കൂളില്‍ ചേര്‍ത്തേ. എന്നിട്ട്‌ ആ കുട്ട്യേ മാഷമ്മാര്‌ എന്ത്യേ ഒോരോ ക്ലാസ്സിലും, ഓരോ കൊല്ലം പഠിപ്പിച്ചപ്പം, എന്റെ ചന്തൂനെ മാത്രം രണ്ടു കൊല്ലം പഠിപ്പിച്ചേ? അല്ലാ, നിങ്ങള്‍ ഒന്ന് ആലോചിച്ച്‌ നോക്കെന്റെ മാത്വേ, എന്റെ സുമത്യേ.

ങാ.....അതാ പറഞ്ഞത്‌, എന്റെ ചന്തു, മിടുക്കനാ. പഠിക്കാനും മിടുക്കനും, മീന്‍ പിടിക്കാനും മിടുക്കനാ, അവന്റെ അച്ഛനെ പോലെ ...മിടുമിടുക്കന്‍!!

കാര്‍ത്ത്വോ, ട്യേ കാര്‍ത്ത്വോ.....കിടക്കപ്പായില്‍ കിടന്നു തന്നെ ശേഖരന്‍ വിളിച്ചു.

ഇറയ്ക്കാലില്‍ ഉമിക്കരിയുമായ്‌ നിന്നു പല്ലു തേയ്ക്കുകയായിരുന്ന കാര്‍ത്തു വിളികേട്ടിട്ടും, കേള്‍ക്കാത്ത ഭാവത്തില്‍ പച്ചീര്‍ക്കിലി രണ്ടായി കീറി, നാക്കുവടിച്ചു.

രാവിലെ ഒരു തുള്ളി കാപ്പീടെ വെള്ളം അനത്തി തരാതെ, ഈ എരണം കെട്ടവള്‍ എവിടെ പോയി കെടക്കാ?

മുഖം കഴുകി, മുണ്ടിന്റെ കോന്തലകൊണ്ട്‌ മുഖം തുടച്ച്‌, കാര്‍ത്തു അകത്തേക്ക്‌ കയറി.

എനിക്കൊരു ഗ്ലാസ്സ്സ്‌ കാപ്പി തരാതെ, നീ രാവിലെ തന്നെ ആരെ കെട്ടിക്കാന്‍ പോയതാടീ?

ദേ മനുഷ്യാ, രാവിലെ തന്നെ നിങ്ങള്‌ എന്റെ വായേന്ന് വരുത്തിച്ചേ അടങ്ങൂ? ഇവിടെ കാപ്പിയിടാന്‍ കാപ്പിപൊടിയുമില്ല, പഞ്ചസാരയുമില്ല. വേണേല്‍ പോയി വല്ല കടേന്നും കടമായി കുടിച്ചൊ.

ഫ്ഫ ചൂലേ, നിന്നെ ഞാന്‍ എന്നും പറഞ്ഞ്‌, കൈയ്യോങ്ങികൊണ്ട്‌ പായില്‍ നിന്നും ശേഖരന്‍ ചാടി എഴുന്നേറ്റു, പക്ഷെ, വലിച്ചുവിട്ട സ്പ്രിങ്ങ്‌ പോലെ, തിരിച്ചും പായിലേക്ക്‌ തന്നെ വീണു.

ട്യേ, എന്റെ വടിയെവിടെ?

ഓ പിന്നെ എന്നെ തല്ലാന്‍ ഞാന്‍ തന്നെ നിങ്ങള്‍ക്ക്‌ വടിയെടുത്ത്‌ തരണം അല്ലെ?

അതിനിമ്മിണി പുളിക്കുമ്ന്ന് പറഞ്ഞ്‌ കാര്‍ത്തു, കട്ടന്‍ ചായയിടാന്‍ അടുക്കളയിലേക്ക്‌ നടന്നു.

പായില്‍ നിന്നും മുട്ടുകുത്തി ശേഖരന്‍ പതുക്കെ നടന്നു, പിന്നെ ഉമ്മറത്തെ ചുമരില്‍ ചാരി വച്ചിരുന്ന വടിയെടുത്തപ്പോഴേക്കും, കയ്യില്‍ ആവി പറക്കുന്ന ചായയുമായ്‌ കാര്‍ത്തു മുന്‍പില്‍.

ദാ ചായേന്റെ വെള്ളം കുടിച്ചോ. മധുരം നന്നേ കുറവാ. പഞ്ചസാരയില്ല. കൊടുക്കാനുള്ള കാശ്‌ കൊടുക്കാതെ ഇനി സാധനങ്ങള്‍ ഒന്നും തരില്ലാന്ന് ഇന്നലെ നാരായണേട്ടന്‍ പറഞ്ഞു.

നങ്ങ്യാരുവീട്ടിലിന്നു തെങ്ങ്‌ കയറ്റമുണ്ട്‌. വൈകുന്നേരം കിട്ടുന്ന കാശിനു കുറച്ചരീം, എണ്ണേം, കാപ്പിപൊടീം, പഞ്ചാരേം ഒക്കെ ഞാന്‍ വാങ്ങിക്കാം.

എന്റെ പൊന്നു ശേഖരേട്ടനല്ലെ, നിങ്ങടെ ഈ കുടിയൊന്നു കുറക്ക്‌. പിന്നെ രാത്രീല്‌ മുട്ടേല്‍ ഇഴഞ്ഞു വന്നിട്ടുള്ള ഒടുക്കത്തെ എണ്ണതേപ്പുണ്ടല്ലോ, അതൊന്ന് നിറുത്ത്‌. ഈ കാലുമ്മേ നിങ്ങളു പത്തു മുപ്പതുകൊല്ലായിട്ട്‌ പെരട്ടണ എണ്ണയുണ്ടായിരുന്നെങ്കില്‍, നമ്മക്കും, ഈ പേര്‍ഷ്യക്കാരെ പോലെ എണ്ണക്കിണറുണ്ടായിരുന്നേനെ.

ഇന്ന് ചെക്കനു,ഷ്ക്കോളേ കൊണ്ടോവാന്‍ രാവിലെ രണ്ടൊണക്കമീന്‍ വറുത്ത്‌ കൊടുക്കാമ്ന്ന്ച്ചിട്ട്‌ ചട്ടി വച്ചപ്പോ, എണ്ണേമില്ല, വെണ്ണേമില്ല. അവന്‍ അമ്പതു പൈസ കടലക്കറി വാങ്ങാന്‍ ചോദിച്ചപ്പോ, എന്റേലുള്ള ഇരുപത്തഞ്ചു പൈസ ഞാന്‍ കൊടുത്തു. പാവം ചെക്കന്‍. വയറുപൊരിഞ്ഞിരുന്ന് പഠിക്കണകാര്യം ആലോചിക്കുമ്പോള്‍ ചങ്കും കരളുവൊക്കെ പൊട്ടുണു.

ശേഖരേട്ടന്‍ - പ്രായം നാല്‍പ്പ്പതു കഴിഞ്ഞെങ്കിലും, കണ്ടാല്‍ ഒരു മുപ്പത്തൊമ്പതേ പറയൂ. അഞ്ചടി മൂന്നിഞ്ച്‌ ഉയരം, പ്രായത്തിന്റെ അതേ ഭാരം. പടവലങ്ങ പോലെയുള്ള ഇടത്തേ കാലും, വാടിയ മുരിങ്ങക്ക പോലത്തെ വലത്തേ കാലും. പണ്ട്‌ ശേഖരേട്ടന്‌ പത്തുവയസ്സുള്ളപ്പോള്‍, പോളീടെക്നിക്കില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ മുതല്‍ വടി സന്തത സഹചാരിയായ്‌ കൂടെ കൂടിയതാണ്‌. അതിനാല്‍ എന്തു ചെയ്യുമ്പോഴും, താന്‍ ഒറ്റയ്ക്കല്ല എന്ന ഒരു തോന്നല്‍ മൂപ്പര്‍ക്കെപ്പോഴും ഉണ്ട്‌ താനും. മൊത്തത്തില്‍ ശേഖരേട്ടനെ കാണാന്‍, കുമ്പളകണ്ടത്തില്‍ കുത്തിനിറുത്തിയ നോക്കുകുത്തി പോലെ ഉണ്ടാകും.

ശേഖരേട്ടന്റെ പണി, മീന്‍ പിടുത്തം. മീന്‍പിടുത്തമെന്ന് വച്ചാല്‍ കടലിലും, പുഴയിലുമൊക്കെ പോയി വലയിട്ടുള്ള, അമരത്തില്‍ മമ്മൂട്ടി കാണിക്കുന്ന മീന്‍ പിടുത്തമല്ല. ബ്രഹമകുളം, മഞ്ഞളിയുടെ കുളം, പാടത്തെ കുളം, നങ്ങ്യാരുവീട്ടിലെ മൂന്ന് കുളങ്ങള്‍,കനാല്‍ ബാസിന്‍ തോട്‌. ഇത്രയും സ്ഥലങ്ങളിലെ മീനുകളേ മാത്രമേ ശേഖരേട്ടന്‍ ചൂണ്ടക്കിരയാക്കൂ.

നല്ല നീണ്ട മുളക്കമ്പിന്മേല്‍ (ചൂണ്ട കണ), ടാങ്കീസ്‌ നൂല്‌ കെട്ടി, അതിന്ററ്റത്ത്‌, ചൂണ്ടകൊളുത്ത്‌ കെട്ടിയ നാടന്‍ ചൂണ്ട. അതില്‍ കോര്‍ക്കാന്‍, വൈകീട്ട്‌ ഷാപ്പീന്നെറങ്ങുമ്പോ, ആലിന്നെതിരായുള്ള, ഇടവഴിയിലുള്ള റപ്പായേട്ടന്റെ കോഴിഫാമില്‍ നിന്നും, കോഴിപണ്ടം ശേഖരിച്ച്‌, ശേഖരന്‍ നിത്യവും മുണ്ടിന്റെ കുത്തില്‍ വയ്ക്കും. കൂടാതെ, ഞാഞ്ഞൂള്‍, പാറ്റ മുതലായ വീട്ടുവളര്‍ത്തു മൃഗങ്ങളേയും തരം പോലെ, മീനിനിരയാക്കും.

പാറ്റിയ ബ്രാലിനെ പിടിക്കാന്‍ ശേഖരേട്ടനെ കഴിഞ്ഞിട്ടേ ഇരിങ്ങാലക്കുടയിലെ കണ്ടേശ്വരം, പൂച്ചക്കുളം, ചേലൂര്‍ മാവട്ടം സ്വദേശത്തെ വേറെ ആരും ഉള്ളൂ.

ബ്രാലെവിടേയെങ്കിലും പാറ്റീന്നറിഞ്ഞാ പിന്നെ ശേഖരേട്ടന്‍ ഒറ്റ വിടലാ ഇരിഞ്ഞാലക്കുട നടയിലേക്ക്‌. ബ്രാലും, കരിപ്പിടിയും, കരിമീനും വിക്കുന്ന ഷോബീടടുത്ത്‌ കാര്യം പറയും. വൈകുന്നേരം ബ്രാല്‌ കടയിലെത്തിക്കാം എന്ന ഉറപ്പിന്മേല്‍ ഇരുപത്‌ രൂപ അഡ്വാന്‍സ്‌ കൈപറ്റും.

ഷോബിക്കറിയാം, പാറ്റിയ ബ്രാലിന്ന് ശേഖരേട്ടന്‌ അഡ്വാന്‍സുകൊടുത്താല്‍ ഒറ്റ മീനുമ്മെ തന്നെ തനിക്കും, പത്തുമുപ്പതു രൂപയുടെ ലാഭം വൈകീട്ടൊറപ്പെന്ന്.

പൈസയുമായ്‌ നേരെ പോകും, ചാരായഷാപ്പിലേക്ക്‌, ഒരു നൂറ്റമ്പത്‌ അവിടെ ഇരുന്നു തന്നെ വെള്ളമൊഴിക്കാതെ അടിക്കും, പിന്നെ ഒരു മുന്നൂറ്‌ കുപ്പിയിലാക്കി, റപ്പായേട്ടന്റവിടുന്ന്, കോഴിപണ്ടം, കുടല്‍ മുതലായവ പൊതിഞ്ഞെടുത്ത്‌ മടിയില്‍ വച്ച്‌, ആരുടെയെങ്കിലും സൈക്കിളില്‍ കയറിയിരുന്ന്‌ വീടണയും.

പിന്നെ, ഫിന്നിഷ്‌ കാര്‌, ഫിഷിങ്ങ്‌ റോഡും,രണ്ടു കുപ്പി ഫിന്‍ലാന്റിയ വൊഡ്ക്കയും എടുത്ത്‌ സാല്‍മണ്‍ മല്‍സ്യത്തെ പിടിക്കാന്‍, ലാപ്‌ ലാന്റില്‍ പോകുന്നതുപോലെ, ശേഖരേട്ടന്‍, മുന്നൂറ്‌ മില്ലി, വലിയ കുപ്പിയിലാക്കി, പാകത്തിനു വെള്ളവും ചേര്‍ത്ത്‌, തന്റെ ചൂണ്ടയുമായിട്ടിറങ്ങും. ബ്രാലു പാറ്റിയ കുളത്തിനരികില്‍ ചെന്ന്, ഒരു രണ്ടു റൌണ്ട്‌ കുളത്തിനു ചുറ്റും നടക്കും.

ചുവന്ന ബ്രാലുംകുഞ്ഞുങ്ങള്‍ വെള്ളത്തിന്നു മേലെ പുളഞ്ഞുകളിക്കുന്നതുകാണുമ്പോള്‍, ശേഖരേട്ടന്റെ മനം കുളിരും. പിന്നെ സഹചാരിയായ വടിയുടെ, പൊസിഷന്‍ മാറ്റി നെഞ്ചോടുചേര്‍ത്ത്‌ പിടിച്ചതിനുശേഷം, പാമ്പ്‌ മരത്തേല്‍ ചുറ്റുന്നതുപോലെ, വലത്തേക്കാലെടുത്ത്‌ വടിയില്‍ ചുരുട്ടിപിടിച്ച്‌, ചൂണ്ടക്കണയെടുത്ത്‌, കൊളുത്തിന്മേല്‍ നല്ല ഒരു കിടിലന്‍ കഷ്ണം കോഴികുടല്‍ കുത്തും. ബ്രാലുംകുഞ്ഞുങ്ങള്‍ പുളഞ്ഞുകളിക്കുന്നതിനല്‍പം അകലേയായി, വെള്ളത്തിലെ ചണ്ടിയൊന്നു ചൂണ്ടകണയാല്‍ ക്ലം, ക്ലം എന്ന് പറഞ്ഞ്‌ വകഞ്ഞുമാറ്റും, ശേഷം ചൂണ്ട ആ കളത്തിലേക്കിട്ട്‌, കണയുടെ അറ്റം കയ്യേല്‍ പിടിച്ച്‌, പരമാവധി ദൂരെ മാറിയിരിക്കും.

ബീഡിപൊതികള്‍ ഒന്നിനുപുറകെ, ഒന്നായി, മൂന്നും നാലും തീരും, ചൂണ്ടകണ പൊങ്ങിയും, താണും, വീണ്ടും, കോഴികുടല്‍ കൊരുത്തും, മൂന്നും നാലും, ചിലപ്പോള്‍, അഞ്ചും, ആറും മണിക്കൂര്‍ ഒരേ ഇരിപ്പിരിക്കും ശേഖരേട്ടന്‍. അങ്ങിനെയിരിക്കുന്നതിന്നിടയില്‍ തലവര മാച്ചാലും, കുളിച്ചാലും പോകില്ല എന്നു പറയുന്നതുപോലെ, നമ്മടെ കഥാ നായകന്‍ ബ്രാല്‌, ക്ഷമകെട്ട്‌, ഗതികെട്ട്‌, കൊതികെട്ട്‌, ശേഖരേട്ടന്റെ കോഴിക്കുടല്‍ മിഴുങ്ങും.

ബ്ലും, ഒറ്റവലിക്ക്‌ ഒന്നരക്കിലോയില്‍ കുറയാത്ത ഭാരമുള്ള ബ്രാല്‌ കരയില്‍ കിടന്നു പിടക്കും. ആയിരക്കണക്കിനു ബ്രാലുംകുഞ്ഞുകള്‍ ആ നിമിഷം മുതല്‍ അമ്മയില്ലാ പൈതങ്ങള്‍ ആയി മാറുന്ന ആ ശുഭ മുഹൂര്‍ത്തത്തില്‍ ശേഖരേട്ടന്‍ ആര്‍ത്തു ചിരിക്കുന്നത്‌ കേള്‍ക്കാത്ത നാട്ടുകാര്‍ ആ ദേശത്തു വളരെ കുറവ്‌.

ഗ്ലാസ്സില്‍ നിന്നും ചായ മെല്ലെ മെല്ലെ ഊതി കുടിക്കുന്നതിന്നിടയില്‍ ശേഖരന്‍ ചോദിച്ചു. ഡ്യേ കാര്‍ത്ത്വോ, നീ ചായകുടിച്ചാ?

ഇല്ല, ചായപൊടിം തീര്‍ന്നു. പിന്നെ പഞ്ചാര പാട്ടേടെ അടി വടിച്ചാ നിങ്ങക്ക്‌ ഞാന്‍ ചായയിട്ടത്‌.

എന്തൊരു സ്നേഹമുള്ള ഭാര്യ. ശേഖരന്റെ കണ്ണു നിറഞ്ഞു. കണ്ണിലുരുണ്ടുകൂടിയ കണ്ണുനീര്‍മുത്തുകളെ, കാര്‍ത്തു തന്റെ മുണ്ടിന്റെ കോന്തല കൊണ്ടൊപ്പി.

ഗ്ലാസ്സില്‍ ബാക്കിയുണ്ടായിരുന്ന കാല്‍ ഗ്ലാസ്സ്‌ ചായ ശേഖരന്‍ കാര്‍ത്തുവിന്നു കൊടുത്തു.

ഇന്നാ, ഇത്‌, നീ കുടിച്ചോ. ശേഖരന്റെ കണ്ഠമിടറി.

കാര്‍ത്തു ഗ്ലാസ്സുവാങ്ങി, ബാക്കിയുള്ള ചൂടാറിയ ചായ ഒറ്റ വലിക്ക്‌ കുടിച്ചുതീര്‍ത്തു. പിന്നെ ചാണകം മെഴുകിയ നിലത്ത്‌ ശേഖരന്നരികിലായി ഇരുന്നു.

അതേ, ഞാന്‍ ഒരുകാര്യം പറഞ്ഞാല്‍ നിങ്ങളനുസ്സരിക്കുമോ?

നീ കാര്യം പറയടി കാര്‍ത്ത്വോ, എന്നിട്ടാകാം അനുസരിക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കാന്‍.

നിങ്ങളിങ്ങനെ, കരിപ്പിട്യേം, മുഷുവിനേം, ബ്രാലിനേം പിടിച്ച്‌ നടന്നാ എന്തു കിട്ടാനാ? നമ്മുടെ ചെക്കന്‍ വലുതായി വരുകയല്ലെ? അവനെ നമുക്ക്‌ പഠിപ്പിക്കണ്ടെ?

അതിനിപ്പം ഞാന്‍ എന്തു ചെയ്യണമെന്നാ നീയിപ്പോള്‍ പറയണെ?

നിങ്ങക്ക്‌ എന്തെങ്കിലും കൈതൊഴില്‍ പഠിച്ചൂടെ?

ഇനി ഈ വയസ്സാം കാലത്ത്‌, ചണ്ണക്കാലും വെച്ച്‌, ഞാന്‍ എന്ത്‌ പഠിക്കാനാ?

നിങ്ങക്ക്‌ മുടിവെട്ടാന്‍ പഠിച്ചൂടെ മനുഷ്യാ. ഒരു തലവെട്ട്യാല്‍, അഞ്ചും,എട്ടും ഉറുപ്പികയാ ഇപ്പോള്‍. ഇന്നലേം എന്റെ അനിയന്‍ വിജയന്‍ വന്നപ്പോ പറഞ്ഞു. നിങ്ങളോടൊന്ന് പറയാന്‍.

ങാ, ഞാനൊന്ന് ആലോചിക്കട്ടെ.

പല്ലു തേച്ച്‌, കൈയും മുഖവും കഴുകി, ശേഖരന്‍ ചൂണ്ടയുമായി പുറത്തേക്കിറങ്ങിയതിനൊപ്പം തന്നെ, നങ്ങ്യാരുവീട്ടിലെ വീട്ടു പണിചെയ്യാന്‍ കാര്‍ത്തുവും കുടില്‍ ചാരിയിറങ്ങി.

പാടവരമ്പിലൂടെ ആ മധ്യവയസ്ക്കരായ മിഥുനങ്ങള്‍ നടന്നുപോകുന്നത്‌ കണ്ട്‌, നെല്‍കതിരുകള്‍ പുഞ്ചിരിച്ചു.

തുടര്‍ന്നുവന്ന ദിവസങ്ങളില്‍, ശേഖരന്‍ ചൂണ്ടയിട്ടു പിടിക്കുന്ന മീന്‍ വിറ്റ്‌ കിട്ടുന്ന കാശില്‍ പകുതി കാര്‍ത്തുവിനെ ഏല്‍പ്പിക്കുകയും, ബാക്കി പകുതിയില്‍നിന്നും, ഇരുപതഞ്ചു പൈസ സ്ഥിരമായ്‌ മിട്ടായി, ഐസ്ഫ്രൂട്ട്‌ ഇത്യാദി ഈറ്റബിള്‍സ്‌ വാങ്ങാന്‍ ചന്തുവിനും നല്‍കിയതിന്നുശേഷം വരുന്ന ബാക്കി, ചാരായസേവക്കും മാറ്റിവച്ചു. മാത്രമല്ല, നിത്യേന വൈകുന്നേരം നാലുമണി മുതല്‍ ഏഴുമണി വരെ ശേഖരന്‍, പൂച്ചക്കുളത്തെ സോമന്റെ,സീമാ സലൂണിലെ ഒരു നിത്യ സന്ദര്‍ശകനായി മാറി.

ദിവസേന മൂന്നുമണിക്കൂര്‍ നേരത്തെ ഗഹനമായ വീക്ഷണത്താല്‍, പ്രാക്റ്റിക്കല്‍ ഇല്ലാതെ, ഗുരുദക്ഷിണ നല്‍കാതെ, മൂന്നേ മൂന്നാഴ്ച കൊണ്ട്‌, ശേഖരന്‍ മുടിവെട്ടിന്റെ തിയറി പഠിച്ച്‌, സീമാ സലൂണിന്റെ പടിയിറങ്ങി.

തിയറിമാത്രമല്ലെ പഠിച്ചിട്ടുള്ളൂ. ഇനി പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സെങ്ങിനെ തരപ്പ്പെടുത്തും എന്ന് ചാരായഷാപ്പിലെ ബഞ്ചിലിരുന്ന് ശേഖരന്‍ തലപുകഞ്ഞാലോചിച്ചു.

ഇരുന്നൂറു മില്ലി അകത്തു ചെന്നപ്പോള്‍, ശേഖരന്റെ മനസ്സില്‍ അതിനുള്ള പ്രതിവിധി ഉരുത്തിരിഞ്ഞു.

കൃത്യം നാലുമണിക്ക്‌ ഷാപ്പില്‍ നിന്നുമിറങ്ങി, ശേഖരന്‍, ഷാപ്പിലെ തന്റെ ബെഞ്ചുമേറ്റായ ബാലേട്ടന്റെ ടെയിലറിങ്ങ്‌ ഷോപ്പിലെത്തി.

എന്തടാ ശേഖരാ പതിവില്ലാതെ ഈ നേരത്ത്‌?

ബാലേട്ടനെനിക്കൊരു സഹായം ചെയ്യണം.ഞാന്‍ എന്തു സഹായാടാ നിനക്ക്‌ ചെയ്യണ്ടേ? നൂറുമില്ലിക്കിള്ള കാശ്‌ വേണാ?

ഏയ്‌, ഇരുന്നൂറിപ്പോ, അടിച്ചിട്ടാ ഞാന്‍ വരണേ.

പിന്നെന്താന്ന് വച്ചാ വായ്‌ തുറന്ന് പറയടാ നീ.

എനിക്കൊരു പഴേ കത്രിക വേണം.

അത്രയേള്ളോ? പഴേ കത്രിക എന്റേലിണ്ട്‌. പക്ഷെ മൂര്‍ച്ച വളരെ കുറവാ. തുണിമുറിയാണ്ടാവുമ്പോ ഞാന്‍ കത്രിക മാറ്റും. എന്തായാലും, നീ ഇതൊന്ന് മൂര്‍ച്ച കൂട്ടിക്കോന്നും പറഞ്ഞ്‌, ഡ്രോവറ്‌ തൊറന്ന് ബാലേട്ടന്‍ ഒരു തുണിമുറിക്കണ കത്രിക ശേഖരനു നല്‍കി.

പതിവിന്നു വിപരീതമായി വൈകുന്നേരം അഞ്ചുമണിക്ക്‌ തന്റെ കെട്ടിയവന്‍ മുന്‍പിലും, തലയില്‍ വലിയ ഒരു കെട്ട്‌ പ്ലാവിലയുമായ്‌ ചന്തൂട്ടന്‍ പിന്നിലുമായ്‌ പാടവരമ്പില്‍ കൂടി നടന്നു വരുന്നതു കണ്ടപ്പോള്‍ അവരുടെ കൂടെ ആടിനേയോ, ആട്ടിന്‍ കുട്ടിയേയോ കാണാതെ കാര്‍ത്തു വിഷമിച്ചു.

വീടെത്തിയതും കാര്‍ത്തു..

നിങ്ങളെന്താ പ്ലാവിലകെട്ടുമായിട്ട്‌? വല്ല ആട്ടിങ്കുട്ടിയേയും വാങ്ങ്യോ? അതോ, പ്ലാവില കച്ചോടം തൊടങ്ങ്യോ?

അതോക്കെണ്ടടി കാര്‍ത്ത്വോന്നും പറഞ്ഞ്‌, വടി ചുമരേല്‍ ചാരി ശേഖരന്‍ നിലത്തേക്കിരുന്നു.

ടാ ചന്ത്വോ, നീ ആ പ്ലാവിലകെട്ടിങ്ങോട്ടിറക്കി വക്ക്‌.

ചന്തു പ്ലാവിലകെട്ട്‌ നിലത്തോട്ടിട്ടു. അവന്നു തലകറങ്ങുന്നുണ്ടാിയിരുന്നു. അത്രയ്ക്കിണ്ടതിന്റെ ഭാരം.

ശേഖരന്‍ അരയില്‍ തിരുകിയിരുന്ന കത്രിക പുറത്തെടുത്തു, പിന്നെ പ്ലാവിലകള്‍ ഒന്നൊന്നായി വെട്ടിമുറിച്ചു.

ഒന്നും മനസ്സിലാവാതെ, കാര്‍ത്തുവും, ചന്തുവും അന്യോന്യം നോക്കി നിന്നു.

നിങ്ങക്കെന്താ പ്രാന്തായാ മനുഷ്യാ?

ഒന്നും മിണ്ടാതെ, ശേഖരന്‍ പ്ലാവില വെട്ടല്‍ നിരുപാധികം തുടര്‍ന്നു.

അതേ, നിങ്ങളോടാ ചോദിക്കണെ ഞാന്‍. നിങ്ങളുടെ നാവിറങ്ങിപോയാ? ഇതെന്താ നിങ്ങളീ കാട്ടണേന്ന്?

എടീ മണ്ടീ. പച്ച പ്ലാവില വെട്ടിയാല്‍ കത്രികയ്ക്ക്‌ മൂര്‍ച്ച കൂടും. നിന്റേന്നൊം തലേല്‌ ഒരു കുന്തോമില്ലാന്നും പറഞ്ഞ്‌ ശേഖരന്‍ പൊട്ടി ചിരിച്ചു.

അച്ഛന്റെ ബുദ്ധിയോര്‍ത്ത്‌ ചന്തുവും, കണവന്റെ അമാനുഷികമായ വിജ്ഞാനത്തെ ഓര്‍ത്ത്‌ കാര്‍ത്തുവും പൊട്ടി പൊട്ടി ശേഖരന്നൊപ്പം ചിരിച്ചു. മൂവരുടേയും ചിരികള്‍ കേട്ട്‌, പാടത്തെ നെല്‍ കതിരുകളും കൂടെ ചിരിച്ചു.

ഒന്നന്നര മണിക്കുര്‍ നേരത്തെ, പ്ലാവില വെട്ടല്‍ കഴിഞ്ഞ്‌ വെട്ടാന്‍ പ്ലാവില ഇല്ലാതായപ്പോള്‍, ശേഖരന്‍ വെട്ടല്‍ നിര്‍ത്തി എഴുന്നേറ്റു.

പിണ്ടി പെരുന്നാള്‍ കഴിഞ്ഞ സെന്റ്‌ തോമസ്‌ പള്ളിപറമ്പില്‌ കടലാസ്സുകളും, പടക്കത്തിന്റെ ഓലകളും ചിതറികിടക്കുന്ന പോലെ, ശേഖരന്റെ വീട്ടുമുറ്റമെങ്ങും പ്ലാവിലകള്‍ ചിതറികിടന്നു.

അന്നു രാത്രി കുടിക്കാതെ തന്നെ ശേഖരന്‍ കിടന്നുറങ്ങി. താന്‍ വെട്ടുന്ന തലകളെ അയാള്‍ ഉറക്കത്തില്‍ പല തവണ സ്വപ്നം കണ്ടു.

പതിവിന്നു വിപരീതമായ്‌ പകലോന്‍ വരുന്നതിനു മുന്‍പ്‌ തന്നെ ശേഖരന്‍ എഴുന്നേറ്റു. പല്ലുതേച്ച്‌, കിണറ്റിന്‍ വക്കത്ത്‌ കോരിവച്ചിരുന്ന തണുത്ത വെള്ളത്തില്‍ കുളിച്ചു.

കുളിച്ചു വന്ന ശേഖരനെ, ചൂടു കട്ടന്‍ കാപ്പിയുമായ്‌ കാര്‍ത്തു വരവേറ്റു.

നീയും കാപ്പിയെടുത്തു വാ. കാര്‍ത്തുവിന്നോട്‌ സ്നേഹത്തോടെ ശേഖരന്‍ പറഞ്ഞു.

രണ്ടുപേരും നിലത്തൊരുമിച്ചിരുന്നു കാപ്പികുടിക്കുന്നതിനിടയില്‍ ശേഖരന്‍ ആ രഹസ്യം കാര്‍ത്തുവിന്നോടറിയിച്ചു.

ഇന്നുമുതല്‍ ഞാനും മുടിവെട്ടുകാരനാകാന്‍ പോകുന്നു. ശേഖരനമ്പട്ടന്‍.......ബാര്‍ബര്‍ ശേഖരന്‍. ഓര്‍ക്കുമ്പോള്‍ തന്നെ, ശേഖരന്റേയും, കാര്‍ത്തുവിന്റേയും മേല്‍ കുളിരുകോരി!!

അല്ലാ, അതിനിപ്പോ, നിങ്ങള്‍ മുടിവെട്ടൊക്കെ ശരിക്കും പഠിച്ചോ?

പിന്നില്ലേ, മൂന്നാഴ്ച ഞാന്‍ വെറുത്യാണോ സോമന്റെ കടയില്‍ കയിലു കുത്താന്‍ പോയത്‌?

എന്നാലും, നിങ്ങള്‍ കണ്ടതല്ലെ ഉള്ളൂ, ആരുടേം മുടി വെട്ടിയില്ലല്ലോ, പിന്നെങ്ങനെ? കാര്‍ത്തുവിന്നു പിന്നേം സംശയം.

അതൊന്നും അത്ര പണിയുള്ള കാര്യമല്ലടീ. ഇന്നുമുതല്‍ ഞാന്‍ വെറും ശേഖരനല്ല. ബാര്‍ബര്‍ ശേഖരനാ.

എന്നാലും, നിങ്ങളെ ആരാ മുടിവെട്ടാന്‍ വിളിക്ക്യാ. കുറച്ചു പേരുടെ മുടിവെട്ടി പേരൊന്ന് പുറത്തറിഞ്ഞാലല്ലെ നാട്ടുകാര്‍ നിങ്ങളെ മുടിവെട്ടാന്‍ വിളിക്കൂ.

അതൊക്കെ ഞാന്‍ ശരിയാക്കാമടി കാര്‍ത്ത്വോ. നീ പോയി ചന്തൂനെ വിളിച്ചുണര്‍ത്തി കാപ്പി കൊടുത്ത്‌ ഇങ്ങോട്ട്‌ വിട്‌. സ്വന്തം വീട്ടില്‍ നിന്നു തന്നെയാകട്ടെ തുടക്കം.

അതുകേട്ട കാര്‍ത്തു ഒന്നു ഞെട്ടിയെങ്കിലും, പെട്ടെന്നു തന്നെ ഞെട്ടല്‍ മാറി.

മുഖം കഴുകി കാപ്പിയും കുടിച്ചു പുറത്തു വന്ന ചന്തുവിന്നോട്‌, രണ്ട്‌ സ്റ്റൂളെടുത്ത്‌ മുറ്റത്തിടാന്‍ ശേഖരന്‍ പറഞ്ഞു.

ഒരു സ്റ്റൂളില്‍ ചന്തുവിനെ ഇരുത്തി, മറ്റേ സ്റ്റൂളില്‍ കത്രികയും, ചീര്‍പ്പും, തന്റെ വലം കാലും ശേഖരന്‍ കയറ്റി വച്ചു. പിന്നെ ഉടുത്തിരുന്ന മുണ്ടഴിച്ചെടുത്ത്‌(അടിയില്‍ ട്രൌസറിട്ടിട്ടുണ്ട്‌), ചന്തുവിന്റെ കഴുത്തില്‍ കൂടി ചുറ്റികെട്ടി.

ഏകലവ്യന്‍ ദ്രോണാചാര്യരെ ധ്യാനിച്ചതുപോലെ, കണ്ണടച്ച്‌, ശേഖരന്‍ സോമന്‍ ബാര്‍ബറെ ധ്യാനിച്ചു, വലം കയ്യില്‍ കത്രികയും ഇടം കയ്യില്‍ ചീര്‍പ്പുമായി ശേഖരന്‍ മുടിവെട്ടുതുടങ്ങി. അരമണിക്കൂറിന്നകം ഒരുവിധം തരക്കേടില്ലാതെ, ചന്തുവിന്റെ തല ശേഖരന്‍ വെട്ടിമിനുക്കി. കണ്ടുനിന്ന കാര്‍ത്തുവിന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരയായൊഴുകി.

ചന്തുവിന്റെ കഴുത്തില്‍ ചുറ്റിയിരുന്ന മുണ്ടഴിച്ച്‌ ശേഖരന്‍ കുടഞ്ഞു, പിന്നെ കുറച്ച് പിന്നിലേക്ക് മാറി നിന്ന് ചന്തുവിനെ നോക്കി. പിന്നെ പൊട്ടി പൊട്ടി ചിരിച്ചു.

പിന്നീട്‌ വന്ന പത്തു ദിവസങ്ങള്‍ക്കുള്ളില്‍ പാടവക്കിലെ മുഴുവന്‍ വീട്ടിലെ കുട്ടികളുടേയും മുടി ശേഖരന്‍ ഫ്രീ ആയി വെട്ടി.

കുട്ടികളുടെ മുടി വെട്ടാന്‍ അമ്പട്ടന്‍ ശേഖരനെ ആളുകള്‍ വിളിക്കാന്‍ തുടങ്ങി. മുടിവെട്ടു കഴിഞ്ഞാല്‍ നാലും അഞ്ചും ഉറുപ്പിക ആളുകള്‍ ശേഖരന്നു നല്‍കി.

ക്രമേണ വലിയവരും തലവെട്ടാന്‍ ശേഖരനെ വിളിക്കാന്‍ തുടങ്ങി.

അങ്ങനെ ശേഖരന്നും ഒരു ബാര്‍ബറായി. വെറും ബാര്‍ബറല്ല, മൊബൈല്‍ ബാര്‍ബര്‍.

Sunday, May 07, 2006

നായക്കൊര്‍ണ്ണ പൊടി

ഇരിങ്ങാലക്കുട, നാഷണല്‍ ഹൈസ്ക്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയം (ആര്‌ പഠിച്ചിരുന്നു എന്ന് നിങ്ങള്‍ ചോദിക്കുന്നതിനു മുന്‍പു തന്നെ ഞാന്‍ പറയാം. സഹപാഠികള്‍ പഠിക്കുകയും, ഞങ്ങള്‍ കുറച്ചു പേര്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനും, ഭീഷണിക്കും വഴങ്ങി, പുസ്തകവും എടുത്ത്‌ രാവിലെ സ്കൂളില്‍ പോയികൊണ്ടിരിക്കുന്ന സമയം എന്നു പറയുന്നതാകും ശരി).

അലമ്പ്‌ എന്റെ കൂടപിറപ്പായിരുന്നകാരണം, ചെയ്യുന്നതെല്ലാം വക്രത്തരങ്ങളും, വികടത്തരങ്ങളും ആയിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഹിന്ദി, സംസ്കൃതം, തുടങ്ങിയ രണ്ടേ രണ്ടു വിഷയങ്ങളിലുണ്ടായിരുന്ന അതീവ താത്പര്യം മൂലം ഈ രണ്ടു വിഷയങ്ങളുടേയും പരീക്ഷകള്‍ക്ക്‌ എനിക്ക്‌ എഴുപതഞ്ചോ, അതിലതികമോ മാര്‍ക്ക്‌ എല്ലാ തവണയും ലഭിച്ചു വന്നിരുന്നതിനാല്‍, ഹിന്ദി മാഷായ അരവിന്ദാക്ഷന്‍ മാഷുടേയും, സംസ്കൃതം ടീച്ചറായ ശ്രീദേവി ടീച്ചറൂടേയും, ഒരു സപ്പോര്‍ട്ട്‌ എനിക്കുണ്ടായിരുന്നതൊഴിച്ചാല്‍, മറ്റു മാഷ്‌ മാരുടേയും, ടീച്ചര്‍മാരുടേയും,നോട്ടപുള്ളികളുടെ ലിസ്റ്റില്‍ ഞാന്‍ ഒന്നാം സ്ഥാനം എന്നും അലങ്കരിച്ചിരുന്നു.

ഞങ്ങളുടെ സ്ക്കൂളിന്റെ തൊട്ടുപുറകിലായി പി ഡബ്ല്യൂ ഗസ്റ്റ്‌ ഹൌസും, അതിനോടു ചേര്‍ന്നു മൂന്നു നാലു ഏക്കര്‍ കാടുപിടിച്ചു കിടക്കുന്ന പറമ്പുമാണ്‌. പൂങ്കാവനം എന്നാണ്‌ ഞങ്ങള്‍ കുറച്ചുപേര്‍ ഈ സ്ഥലത്തിനെ വിളിച്ചിരുന്നത്‌.

പാമ്പും, ഉടുമ്പും, കീരിയും, മുയലും, മറ്റും വിളയാടിയിരൂന്ന കാടുപിടിച്ചുകിടക്കുന്ന ഈ പറമ്പിലേക്ക്‌ പോകുവാന്‍ ഞങ്ങള്‍ കുറച്ചുപേര്‍ക്ക്‌ മാത്രമേ ധൈര്യം ഉണ്ടായിരുന്നുള്ളൂ.

ഈ പറമ്പിലാകട്ടെ, പുളി, ചാമ്പക്ക, ഓടപഴം, പേരക്ക, സപ്പോട്ട തുടങ്ങിയ വിളകള്‍ യഥേഷ്ടം കായ്ച്ചിരുന്നു. ഇന്റര്‍വെല്‍ സമയത്തും, ഉച്ചയിടവേളകളിലും, ഞങ്ങള്‍ നാലഞ്ചുപേര്‍ സ്ഥിരമായി പൂങ്കാവനത്തില്‍ പോകുകയും, സീസ്സണനുസരിച്ച്‌, വിളഞ്ഞിരുന്ന പുളി, ചാമ്പക്ക, പേരക്ക, ഓടപഴം, സപ്പോട്ട തുടങ്ങിയവ ആവശ്യാനുസരണം പറിച്ച്‌, ഭക്ഷിക്കുകയും, ബാക്കി വന്നവ, ടീച്ചര്‍മാരും, മാഷുമാരും തൊടുക്കുന്ന ചോദ്യ ശരങ്ങള്‍ക്ക്‌ മുന്‍പില്‍ നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ ഞങ്ങള്‍ പകച്ചു നില്ക്കുമ്പോള്‍, ഒരശരീരി പോലെ, മെല്ലെ ഉത്തരങ്ങള്‍ പറഞ്ഞു നല്‍കിയിരുന്ന ചില സഹപാഠികള്‍ക്കും, പിന്നെയും ശേഷിച്ചിരുന്നത്‌, ഞങ്ങളെ വീരാരാധനയോടെ വീക്ഷിച്ചിരുന്ന, സ്നേഹം വെറുതെ, കടക്കണ്ണേറില്‍ മാത്രം ഒതുക്കുന്ന ചില പെണ്‍കൊടികള്‍ക്കും മാത്രം നല്‍കി വന്നു.

പൂങ്കാവനത്തില്‍ പോകാന്‍ ധൈര്യമില്ലാത്ത ചിലര്‍,ഓടപഴത്തോടുമുള്ള കൊതിമൂലം ഞങ്ങള്‍ക്ക്‌, അണ്ണാച്ചിയുടെ കയ്യില്‍ നിന്നും, കോലൈസ്‌, പാലൈസ്‌, സേമിയ ഐസ്‌ മുതലായവ വാങ്ങിതന്ന് പകരം ചാമ്പക്ക, ഓടപഴം മുതലായവ കൈപറ്റിയിരുന്നു. കടയില്‍ ലഭിക്കാത്ത ഈ ഓടപഴത്തിന്റെ സ്വാദ്‌ ഇപ്പോളും നാവില്‍ ഉണ്ട്‌. കുരുവില്ലാത്ത നല്ല നീളമുള്ള മുന്തിരിയുടെ അത്ര വലിപ്പത്തില്‍, സ്വര്‍ണ്ണ നിറമാര്‍ന്ന ഈ പഴത്തിന്റെ ഞെട്ടി പൊട്ടിച്ചു ചെറുതായി ഞക്കിയാല്‍ ഉള്ളില്‍ നിന്നും തേനിലും മധുരമുള്ള നീര്‌ പുറത്തേക്ക്‌ വരും. അതു മുഴുവന്‍ ഞെക്കി കുടിച്ച്‌, തൊലി ഉരിഞ്ഞു കളഞ്ഞ്‌, അണ്ണാന്‍ മാങ്ങണ്ടി ചപ്പുന്നതുപോലെ കഴമ്പുള്ളത്‌ മുഴുവന്‍ ചപ്പിവലിച്ചതിനുശേഷം, വേണമെങ്കില്‍ ബ്ലേഡ്‌ എടുത്ത്‌ ആ കുരുവിന്റെ മുകള്‍ വശം അല്‍പ്പം മുറിച്ച്‌, ഉള്ളിലെ കാമ്പു ചുരണ്ടി പുറത്ത്‌ കളഞ്ഞ്‌,ചുണ്ടോടു ചേര്‍ത്ത്‌ വച്ച്‌ ഊതിയാല്‍ നല്ല കിണുക്കന്‍ വിസിലുമായി (വിസിലടിക്കാന്‍ ചൂണ്ടുവിരലും, തള്ളവിരലും ചേര്‍ത്ത്‌ കൂട്ടിപിടിച്ച്‌ വായില്‍ തിരുകി തുപ്പലില്‍ മുക്കിയെടുക്കുന്നതിനു പകരമൊരു പകരക്കാനുമായ്‌).

അങ്ങനെ ഒരു ദിവസം ഞങ്ങള്‍ ഉച്ചക്കൂണുകഴിഞ്ഞ്‌, പതിവുപോലെ, പൈപ്പിന്റെ അടിയില്‍ ഒമ്പതിലോ അതില്‍ താഴേയോ പഠിക്കുന്നവന്മാരെ തള്ളി മാറ്റിയും, പത്തില്‍ പഠിക്കുന്ന തലതെറിച്ചവന്മാരെ മുന്നില്‍ കയറ്റിവിട്ട്‌ ബഹുമാനിച്ചും,ചോറ്റുപാത്രം കഴുകി ക്ലാസ്സില്‍ കൊണ്ടു വച്ച്‌, പൂങ്കാവനത്തിലേക്ക്‌ യാത്ര തിരിച്ചു.

പുങ്കാവനത്തിലെ, കാഞ്ഞിരമരത്തിന്റെ ശിഖരങ്ങളില്‍ പടര്‍ന്ന് കിടക്കുന്ന ഓടവള്ളികളില്‍ നിന്നും ആവശ്യത്തിന്‌ ഓടപഴം പറിക്കുക എന്നതായിരുന്നു ഞങ്ങള്‍ നാല്‌വര്‍ സംഘത്തിന്റെ അന്നത്തെ അജണ്ട.

രണ്ടു പേര്‍ കാഞ്ഞിരമരത്തില്‍ കയറി പറിച്ചിടുന്ന പഴങ്ങള്‍ കീഴെ നില്ക്കുന്ന രണ്ടു പേര്‍ പറക്കുക എന്നതായിരുന്നു ഞങ്ങളുടെ പതിവ്‌.

പതിവുപോലെ ഞങ്ങള്‍ മരത്തില്‍ നിന്നും പറിച്ചിട്ടുന്ന ഓട പഴങ്ങള്‍,താഴെ നിന്നുകൊണ്ട്‌, രാജേഷും, പ്രമോദും പറക്കികൊണ്ടിരിക്കുന്ന നേരം. പെട്ടെന്ന് രാജേഷൊരു കരച്ചില്‍, അയ്യോ എന്നെ പാമ്പു കടിച്ചേ.

മേലേന്ന് നോക്കിയ ഞങ്ങള്‍ രണ്ടുപേരും, കണ്ടത്‌, താഴെ കുറ്റികാട്ടിലൂടെ ഒരു വലിയ പാമ്പ്‌ ഇഴഞ്ഞു പോകുന്നതാണ്‌.

ഒരു നിമിഷം ഞാന്‍ എന്നെ തന്നെ മറന്നു. ടാര്‍സനായി ഞാന്‍ മാറി. ഓടവള്ളിയില്‍ പിടിച്ച്‌ താഴേക്ക്‌ ഊര്‍ന്നിറങ്ങും വഴി, നിലത്തെത്തുന്നതിനുമുന്‍പേ ഓടവള്ളി പൊട്ടി, താഴേയുള്ള മുള്‍ചെടികള്‍ക്കും, ചരലുകള്‍ക്കും ഇടയിലേക്ക്‌ ഞാന്‍ കാല്‍മുട്ടില്‍ ലാന്റു ചെയ്തു. ഒപ്പത്തിനൊപ്പ്പം മരത്തില്‍ കയറിയ മറ്റേ ഗഢിയും നെഞ്ചിന്‍ തൊലി മരത്തേല്‍ തേച്ച്‌ താഴേക്കൂര്‍ന്നിറങ്ങി.

ലാന്റിങ്ങില്‍, മുട്ടുമറച്ചിരുന്ന പാന്റിന്റെ തുണികഷണം ഇരുമ്പ്‌ കാന്തത്തിനെ കണ്ടപോല്‍, നിലത്തെവിടേയോ പറ്റിപിടിച്ചു കിടന്നിരുന്നതിനാല്‍, മുട്ടില്‍ നിന്നും വന്നിരുന്ന ചോരയൊഴുക്ക്‌ പെട്ടെന്ന് തന്നെ എന്റെ കണ്ണില്‍ പെട്ടെങ്കിലും, പാമ്പുകടിയേറ്റ്‌ നിലത്തിരുന്നിരുന്ന രാജേഷിന്റെ അരികിലേക്ക്‌ ഏന്തി വലിച്ചു നടന്നു ഞാന്‍.

അയ്യോ, എന്നെ പാമ്പുകടിച്ചേ, എന്നു വലിയ വായില്‍ നിലവിളിച്ചുകൊണ്ട്‌, നിലത്തിരിക്കുന്ന രാജേഷിനുചുറ്റും, കൂടിയ ഞങ്ങള്‍ക്ക്‌, അവന്റെ കണങ്കാലിലുണ്ടായിരുന്ന നേരിയ മുറിപാടില്‍കൂടി രക്തം പൊടിയുന്നത്‌ കാണാമായിരുന്നു.

ഇനിയെന്തെന്നാലോചിക്കാന്‍ സമയമില്ലാത്തതിനാല്‍, രാജേഷിനേയും എഴുന്നേല്‍പിച്ച്‌, ഞങ്ങള്‍ അതിവേഗം സ്കൂളിലേക്ക്‌ നടന്നു. രാജേഷിനെ താങ്ങിപിടിച്ചുകൊണ്ട്‌ രണ്ടുപേരും, അവരുടെ മുന്‍പിലായി, മുട്ടുകീറിയ പാന്റിലൂടെ ചോരയൊലിപ്പിച്ചുംകൊണ്ട്‌ മുടന്തി, മുടന്തി ഞാനും.

ഞങ്ങള്‍ സ്കൂള്‍ ഗൈറ്റിലെത്തിയപ്പോഴേക്കും ഞങ്ങളുടെ ചുറ്റും, കുട്ടികളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ടായിരുന്നു.

പതിവില്ലാതെ, നിലവിളിയോടുകൂടി ഒരുകുട്ടികൂട്ടം കണ്ട്‌, സ്റ്റാഫ്‌ റൂമില്‍ ഇരിക്കുകയായിരുന്ന അരവിന്ദാക്ഷന്‍ മാഷ്‌ പെട്ടെന്നിറങ്ങിപുറത്തേക്ക്‌ വന്നപ്പോള്‍ കണ്ട കാഴ്ച, ഒരു കാല്‍ പൊക്കിപിടിച്ച്‌, രണ്ടുപിള്ളാരുടെ ചുമലില്‍ കൈവച്ച്‌, നിലവിളിച്ചു കൊണ്ടു ഞൊണ്ടി വരുന്ന രാജേഷും, മുന്നിലായി, മുടന്തി മുടന്തി വരുന്ന ഞാനും.

കാഴ്ച കണ്ടതും, കാര്യങ്ങള്‍ മുഴുവനും ഗ്രഹിച്ച പോലെ അരവിന്ദാക്ഷന്‍ മാഷെന്നോടൊരു ചോദ്യം.

ആരാരുടെ മണിയാണടോ ഇന്ന് ചവിട്ടി കലക്കിയേക്കണത്‌?

എന്റെ മാഷേ, മണിയും, കിണിയുമൊന്നുമല്ല സംഭവം, രാജേഷിനെ പാമ്പു കടിച്ചു. നിമിഷങ്ങള്‍ക്കകം, സംഭവത്തിന്റെ ഒരു ദൃക്‌സാക്ഷി വിവരണം ഞാന്‍ മാഷിന്‌ നല്‍കി.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ബയോളജിയെടുത്തിരുന്ന പ്രമോദിനി ടീച്ചര്‍ വരുന്നു, രാജേഷിന്റെ തുടക്കു താഴെ ഒരു ചരടെടുത്ത്‌ കെട്ടിടുന്നു. കാറുവിളിക്കാന്‍ കുട്ടിയെ വിടുന്നു. ആകെ എരി പൊരി ബഹളം.

മുട്ടില്‍ നിന്നും ചോരയൊഴുകിയിരുന്ന എനിക്ക്‌ കിട്ടിയതോ, കൂടിനിന്നിരുന്ന മാഷുമ്മാരുടേം, ടീച്ചര്‍മാരുടേം, കുരുത്തം കെട്ടവനെ നിനക്കുള്ളത്‌ വച്ചിട്ടുണ്ടെടാ എന്ന ഒരു നോട്ടവും!

അപ്പോഴേക്കും, തലചുറ്റി നിലത്തുവീണ രാജേഷിന്റെ നിറവും, മാറാന്‍ തുടങ്ങി. പൊതുവെ കറുത്ത അവന്റെ നിറം കുടശീല പോലെ നരക്കാന്‍ തുടങ്ങി.

കാര്‍ സ്കൂളിലെത്തിയതും, രണ്ടുമൂന്നു മാഷുമ്മാര്‍ ചേര്‍ന്ന് രാജേഷിനെ തൂക്കിയെടുത്ത്‌ കാറില്‍ കിടത്തി, അവരും കാറില്‍ കയറി പാഞ്ഞു പോയി.

രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും, രാജേഷിനൊപ്പം പോയ മാഷിലൊരാള്‍ സ്കൂളില്‍ ഫോണ്‍ വിളിച്ച്‌ കാര്യങ്ങളുടെ കിടപ്പ്‌ അപ്‌ ഡേറ്റ്‌ ചെയ്തു.

രാജേഷിനെ ആദ്യം വിഷചികിത്സാ മഠത്തിലും, അവിടെ ആളില്ലാഞ്ഞതിനാല്‍, ഇരിങ്ങാലക്കുട ഗവണ്‍മന്റ്‌ ആശുപത്രിയിലും, പക്ഷെ പ്രശ്നം ഗുരുതരമായതിനാല്‍, പ്രഥമ ശുശ്രൂഷ നല്‍കി, അവിടെ നിന്നും, മാള, കുണ്ടായിയിലെ ഒരു ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്തതുപ്രകാരം അവിടെ അഡ്മിറ്റ്‌ ചെയ്തെന്നും, കടിച്ചത്‌, അണലിയായതിനാല്‍ ജീവന്‍ തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്നുമായിരുന്നു അപ്ഡേഷന്‍.

പ്രിയ ഗഢി മരിക്കുകയാണെങ്കില്‍ ഗഢിയുടെ മരണത്തിനു നേരിട്ടല്ലെങ്കിലും, ഞാന്‍ ഒരു കാരണമായില്ലേ, എന്ന കുറ്റബോധം എന്റെ മനസ്സില്‍ ആളികത്തി. കത്തി കത്തി പുകഞ്ഞു കണ്ണുനീര്‍ പുറത്തേക്കൊഴുകിയ വേളയില്‍, സാമ്പത്തികം പോലും നോക്കാതെ (വരവറിഞ്ഞു ചിലവ്‌ ചെയ്യണം എന്ന ചൊല്ല് വകവയ്ക്കാതെ എന്നര്‍ത്ഥം), രാജേഷ്‌ മരിക്കാതിരിക്കുകയാണെങ്കില്‍, കുടല്‍മാണിക്യ സ്വാമിയ്ക്ക്‌ താമരമാലയും, വെള്ളാങ്കല്ലൂര്‍ ഹനുമാന്‌, വടമാലയും, പിന്നെ പാമ്പു മേയ്ക്കാട്ടേക്ക്‌ നൂറും പാലും പ്രത്യേകമായും നേര്‍ന്നു.

ഒരാഴ്ച കഴിഞ്ഞുപോയിട്ടും, രാജേഷിന്റെ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നുമാത്രമല്ല, അവസ്ഥ വളരെ മോശമാകുകയും ചെയ്തു.

അങ്ങനെ, സ്കൂളില്‍ നിന്നും പ്രത്യേക അനുമതി വാങ്ങി ഞങ്ങള്‍ ക്ലാസ്‌ മേറ്റുകള്‍ ഒരു ദിവസം കുണ്ടായിയിലേക്ക്‌ വണ്ടി കയറി. ആശുപത്രിയില്‍ മുക്കിലും, വായിലും, റ്റ്യൂബിട്ട്‌ അബോധാവസ്ഥയില്‍ കിടക്കുന്ന രാജേഷിനെ കണ്ട്‌ എല്ലാവരും തിരിച്ചിറങ്ങിയതിന്നു ശേഷം മാത്രമാണ്‌ ഞങ്ങള്‍ നാല്‍വര്‍ സംഘം കയറിയത്‌.

എന്നെ കണ്ടപാടെ രാജേഷിന്റെ അമ്മ പൊട്ടിക്കാരയാന്‍ തുടങ്ങി. (ഞാനും, രാജേഷും പ്രിയ ഗഢികളാണെന്നു മാത്രമല്ല, അയല്‍പക്കക്കാര്‍ കൂടിയാണ്‌)

എന്റെ മോനെ... കണ്ടോടാ എന്റെ മോന്‍ കെടക്കണ ഒരു കെടപ്പ്‌. ഒരാഴ്ച കഴിഞ്ഞല്ലോ മോനെ, എന്റെ മോന്‍ ഒന്നു കണ്ണു തുറന്നിട്ട്‌, എനിക്കെന്റെ മോനെ തായോ എന്റെ കൂടല്‍മാണിക്ക്യ സ്വാമ്യേ.

അവന്റെ അരികിലായ്‌ കട്ടിലിന്നു ചുറ്റും കൂടി നിന്നിരുന്ന ഞങ്ങള്‍ എങ്ങിനെ അവന്റെ അമ്മയെ ആശ്വസിപ്പിക്കും എന്ന് കരുതി വിഷമിച്ച്‌ നില്ക്കുമ്പോള്‍, ഞങ്ങളുടെ പ്രാര്‍ഥന ദൈവം കേട്ടതിനാലായിരിക്കണം അവന്‍ പതുക്കെ മൂളുകയും, കണ്ണുകള്‍ അല്‍പം സാവധാനത്തില്‍ തുറക്കുകയും ചെയ്തു.

മുറിയിലുണ്ടായിരുന്ന നഴ്സമ്മ, ഓടിപോയി, ഡോക്ടറേ വിളിച്ചു വന്നു. ഡോക്ടര്‍ മുറിയില്‍ വന്നതും, ഞങ്ങള്‍ ശൂന്യ മുളകുകളെ മുറിയില്‍ നിന്നും ഗെറ്റൌട്ടടിച്ചു പുറത്താക്കി.

മുറിയില്‍ നിന്നും പുറത്തിറങ്ങിയ, ഞങ്ങള്‍ എന്തായാലും, രാജേഷ്‌ ജീവിതത്തിലേക്ക്‌ തിരിച്ചു വന്നതിന്റെ ആഹ്ലാദത്തില്‍, തിരിച്ചു പോകുവാന്‍ വേണ്ടുന്ന ബസ്സുകൂലി കഴിച്ചുള്ള ബാക്കി ചില്ലറകള്‍ കൂട്ടിചേര്‍ത്ത്‌, ആശുപത്രിയുടെ മുന്നിലുള്ള ഉന്തുവണ്ടി ചായക്കടയില്‍ നിന്നും, നാലു പഴം പൊരിയും, നാലു പരിപ്പു വടയും, വാങ്ങി, നില്‍പ്പനടിച്ചതിനുശേഷം മാത്രമാണ്‌ ഇരിങ്ങാലക്കുടയക്ക്‌ വണ്ടി കയറിയത്‌.

അതുകഴിഞ്ഞ്‌ ഒരാഴ്ചക്കകം രാജേഷ്‌, ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്യപെട്ട്‌,വീണ്ടും സ്കൂളിലേക്ക്‌ വരവു തുടങ്ങി.

സ്കൂളില്‍ വന്ന ആദ്യ ദിനത്തില്‍ തന്നെ അവന്‍ ഞങ്ങളുടെ കൈയ്യില്‍ അടിച്ചു സത്യം ചെയ്തു?

"ഇനി ആരൊക്കെ പറഞ്ഞാലും, എന്തൊക്കെ സംഭവിച്ചാലും ശരി, ഞാനിനി പൂങ്കാവന്നത്തിലേക്കില്ലാ. ഇതു സത്യം, സത്യം, സത്യം".

അങ്ങനെ ഞങ്ങള്‍ പൂങ്കാവനമെന്ന വനത്തെ, ഞങ്ങളുടെ മനസ്സില്‍ നിന്നും മറയൂര്‍ ചന്ദനകാടുകളെ പോലെ വെട്ടിനിരപ്പാക്കി.

പീന്നീടാഴ്ചകള്‍ക്കകം തന്നെ ശബരിമല സീസണ്‍ വന്നുചേര്‍ന്നതും, ഞങ്ങളില്‍ ചിലര്‍ അയ്യപ്പനായും, പെണ്‍കുട്ടികള്‍ മാളികപ്പുറമായും മാറിയപ്പോള്‍, അച്ചടക്കവും, നിശബ്ദതയും, പ്രശ്നമില്ലായ്മയും മൂലം, നാഷണല്‍ ഹൈസ്കൂള്‍ ഊട്ടിയിലെ ബോര്‍ഡിംഗ്‌ സ്ക്കൂളുകളെ ഓര്‍മിപ്പിച്ചു. ഇത്തരം ദിനങ്ങളെ ഞങ്ങളുടെ ടീച്ചര്‍ മാഷുമാര്‍ വെറുത്തിരുന്നെന്ന് പിന്നീടെപ്പോഴോ പറഞ്ഞു കേട്ടിട്ടുണ്ട്‌.

മണ്ഡലപൂജയും, പടിപൂജയും, മകരവിളക്കും കഴിഞ്ഞ്‌, മലയ്ക്കുപോയപ്പോള്‍ വാങ്ങി കൊണ്ടു വന്ന അരവണയും, അഭിഷേകത്തിന്റെ ബാക്കിയുണ്ടായിരുന്ന അവസാന സ്പൂണ്‍ നെയ്യും സേവിച്ച്‌ കഴിഞ്ഞ്‌, വീട്ടുകാരെല്ലാം, പച്ചക്കറി മാസത്തില്‍ നിന്ന്, ചാളപൊള്ളിച്ചതും, പോത്തുവരട്ടിയതിലേക്കും കാലുമാറിയതിനുശേഷം വന്ന ഒരാഴ്ചയില്‍, സ്കൂളില്‍ വച്ച്‌, ഉച്ചയൂണിനുശേഷം ഞങ്ങള്‍ക്ക്‌ വീണ്ടും ഓടപ്പഴം തിന്നാന്‍ ആശ മൂത്തു!!

രാജേഷിനെ പാമ്പുകടിച്ചപ്പോള്‍ ഞാന്‍ നേര്‍ന്ന താമരമാലയും, വടമാലയും,പാമ്പുമേക്കാട്ടേക്കുള്ള നൂറും, പാലും, നേര്‍ച്ചയായിതന്നെ പെന്റിങ്ങില്‍ കിടന്നിരുന്നതിനാല്‍ രാജേഷ്‌ വരണ്ട എന്ന ഞങ്ങളുടെ എതിര്‍പ്പിനെ വാക്കുകളാല്‍ എതിര്‍ത്ത്‌ കീഴ്പെടുത്തി വീണ്ടും നാല്‍ വര്‍ സംഘം പൂങ്കാവനത്തിലേക്കെഴുന്നള്ളി.

വൃശ്ചികം, ധനു, മകരമാസങ്ങളില്‍, ഞങ്ങളുടെ പാദ സ്പര്‍ശനം ഏല്ക്കാതിരുന്നതിനാല്‍, നടവഴിയെല്ലാം പുല്ലു വന്നുമൂടിയിരുന്നു എന്നു മാത്രമല്ല, മകരകുളിരില്‍ വൃക്ഷലതാദികള്‍ കൂടുതല്‍ പടര്‍ന്ന്, പന്തലിച്ച്‌, പൂങ്കാവനത്തില്‍ പൊതുവെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

കുറച്ചേറെ നാളുകളായി പൂങ്കാവനത്തില്‍ കയറാതിരുന്നതിനാലും, ചീവീടുകളുടെ കരച്ചിലിന്റെ കനം അല്‍പം കൂടുതലായി തോന്നിയതിന്നാലും, ഞങ്ങള്‍ നാലുപേരും, പൂങ്കാവനത്തിലേക്ക്‌ ഇന്നു പോകേണ്ട, പിന്നീടൊരു ദിവസം ഓടപ്പഴം തിന്നാം എന്നും, തല്ക്കാലം,ജോസേട്ടന്റെ കടയില്‍ നിന്നും ലൂബിക്ക വാങ്ങി മനസ്സിന്റെ ആശ അടക്കാം എന്നും തീരുമാനിച്ചുറപ്പിച്ചു.

അങ്ങിനെ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയനേരത്താണ്‌, പൂങ്കാവനത്തിന്റെ അതിരിലുള്ള വേലിപടര്‍പ്പില്‍ പുളിപോലെ ഉള്ള ഒരു കായയുടെ പല പല കുലകള്‍ വിളഞ്ഞ്‌ പഴുത്തു കിടക്കുന്നത്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്‌.

ഞങ്ങളുടെ കൂട്ടത്തിലെ ഐന്‍സ്റ്റീന്‍, കുമാരന്‍ വൈദ്യരുടെ മകന്‍ വിനോദന്‍, ഉടനെ പറഞ്ഞു, അത്യേ തൊടണ്ടടക്ക, അത്‌ നായക്കൊര്‍ണ്ണ കായ്യ്യാ.

അതുന്തൂട്ട്‌ കായ്യ്യാസ്റ്റാ?

തൊട്ടുനോക്ക്‌, വിവരം അറിയും, മേലാകെ, ചൊറിയും. എതാണ്ട്‌, ചേരുമ്മെ ചാരിയ പോലേണ്ടാവും അതിന്റെ പൊടി മേല്‌ വീണാല്‍.

കുറച്ച്‌ നാളായ്‌, പരദ്രോഹം ചെയ്യാതിരുന്നതിനാല്‍ മുരടിച്ച എന്റെ മനസ്സ്‌, മോനേ, ഒരെണ്ണം പറിച്ചെടുത്താരേയെങ്കിലും ഒന്നു പരീക്ഷിക്കടാ, പരീക്ഷിക്കടാ എന്നു പലതവണ എന്നോട്‌ പറഞ്ഞു.

മനസ്സിന്റെ വിളി തടുക്കാന്‍ വയ്യാതേയായപ്പോള്‍,ഞാന്‍ കൊന്നപത്തല്‍ ഒടിച്ചെടുത്ത്‌, നായക്കൊര്‍ണ്ണകായകുലയില്‍ ആഞ്ഞു തല്ലി. കായകള്‍ അഞ്ചാറെണം അവിടേയും, ഇവിടെയുമായി തെറിച്ചു വീണു!!

കായയുടെ പുറത്ത്‌, കണ്‍പീലിയിലും കനം കുറഞ്ഞ്‌ പൊങ്ങിനില്ക്കുന്ന പൊടി കയ്യിലും മേലും ആകാതെ ചുരണ്ടിയെടുത്താല്‍ മതിയെന്ന അറിവ്‌, ഐന്‍സ്റ്റീന്‍ കുഞ്ഞ്‌ എനിക്ക്‌ പകര്‍ന്നു നല്‍കി.

പിന്നെ റോഡില്‍ പോയി കടലാസ്സ്‌ പറക്കികോണ്ടുവരുവാന്‍ രാജേഷിനെ പറഞ്ഞയച്ചു. അവന്‍ കടലാസുമായി വന്നപ്പോഴേക്കും, ഞാന്‍ നാലഞ്ചു കായകളുടെ പുറത്തുള്ള പൊടി മുഴുവന്‍ ഒരു തേക്കിന്റെ ഇലയിലേക്ക്‌ ഓട്ടിന്‍ കഷ്ണം ഉപയോഗിച്ച്‌ ചുരണ്ടിമാറ്റിയിരുന്നു.

തേക്കിന്റെ ഇലയില്‍ നിന്നും, നായക്കൊര്‍ണ്ണപൊടിയെ ഞാന്‍ രാജേഷ്‌ കോണ്ടു വന്ന മുറികടലാസ്സിലേക്ക്‌, കൂടുവിട്ടു,കൂടുമാറ്റം നടത്തിച്ചു. പിന്നെ കടലാസ്സു ഭദ്രമായി മടക്കി, പാന്റിന്റെ പോക്കറ്റില്‍ നിക്ഷേപിച്ച്‌, ലക്ഷ്യം നിറവേറ്റാന്‍ സ്കൂളിലേക്ക്‌ തിരിച്ചു.

സ്കൂളില്‍ പോയി, ആരുമറിയാതെ, പാരകളുടെ ബെഞ്ചിലും, ഡെസ്കിലും, എന്തിന്‌ ടീച്ചറുടെ കസേരയിലും, മേശയിലും വരെ നായക്കൊര്‍ണ്ണപൊടിയിട്ട്‌, അവര്‍ എല്ലാവരും, ചാടിയെഴുന്നേറ്റ്‌, നിലവിളിച്ചുകൊണ്ട്‌, കയ്യില്‍ തുടങ്ങി, ശരീരം മുഴുവന്‍ മാന്തിപൊളിക്കുന്നതും സ്വപ്നം കണ്ട്‌ നടക്കുന്നതിനിടെ, നിലവിളിച്ചുകൊണ്ട്‌ ഞാന്‍ ഓടി.

കാര്യമെന്തെന്നറിയാതെ, കൂട്ടുകാര്‍ മൂന്നുപേരും, പിന്നാലെ പാഞ്ഞെങ്കിലും, സ്കൂള്‍ കക്കൂസിന്നകത്തു കയറി വാതില്‍ കുറ്റിയിട്ട എന്നാടെന്തു പറ്റിയെന്ന ചോദ്യത്തിനു ഉത്തരം തരുന്നതിനു പകരം എന്റെ നിലവിളി മാത്രമാണ്‌ പുറത്തേക്ക്‌ വന്നത്‌.

പതിനഞ്ചുമിനിട്ടിനുശേഷം, തുടുത്തു വീര്‍ത്ത മുഖവുമായ്‌ വാതില്‍ തുറന്ന ഞാന്‍ രാജേഷിനോട്‌ ബുക്ക്‌ വൈകുന്നേരം വീട്ടിലേക്ക്‌ കൊണ്ടുവന്നാല്‍ മതിയെന്നും, ടീച്ചറോട്‌, വീട്ടില്‍ പോയെന്നും പറയാന്‍ പറഞ്ഞ്‌, പുലിപുറത്തു (എന്റെ ഹീറോ) കയറി വീട്ടിലേക്ക്‌ പാഞ്ഞു.

വീട്ടില്‍ ചെന്നതും, വെളിച്ചെണ്ണ കുപ്പിയുമെടുത്ത്‌ കുളിമുറിയില്‍ കയറിയ ഞാന്‍ വൈകുന്നേരം ആറരയ്ക്കാണ്‌ പുറത്തേക്ക്‌ വന്നത്‌. പിന്നേയും, രണ്ടു ദിവസം സ്കൂളില്‍ പോലും പോകാതെ, മുണ്ടിന്നിടയില്‍ കയ്യും തിരുകി വീട്ടിലിരുന്നു ചൊറിഞ്ഞു.

ഫ്ലാഷ്‌ ബായ്ക്ക്‌

ഞാന്‍ അന്നിട്ടിരുന്ന പാന്റിന്റെ ഇടത്തേ പോക്കറ്റ്‌, കീറിയിരുന്നത്‌ ഓര്‍മ്മയില്‍ ഇല്ലാതിരുന്നതിനാല്‍, ഇടത്തേപോക്കറ്റില്‍ നിക്ഷേപിച്ച നായക്കൊര്‍ണ്ണപൊടി,നടന്നപ്പോള്‍, ഇറങ്ങി, ഇറങ്ങി,എന്റെ പോക്കറ്റിന്റെ ഓട്ടയിലൂടെ കീഴെ ഇറങ്ങി കേന്ദ്രസ്ഥാനത്തെത്തി നിലയുറപ്പിച്ചു.

Wednesday, May 03, 2006

കുത്തിച്ചാരിയ ശവം

ഒരു വെള്ളിയാഴ്ച പുലര്‍ച്ച. സമയം ഏതാണ്ട് രണ്ടു, രണ്ടരയായി കാണണം. കരാമയിലെ ഒരു ഫ്ലാറ്റില്‍, രാത്രി ഡ്യൂട്ടിയുള്ള സെക്ക്യൂരിറ്റിക്കാരന്‍ അലി, വൈകുന്നേരം കിട്ടിയ പത്രത്തിലെ അവസാന താളും വായിച്ചു തീര്‍ത്ത്, ലുലു പാര്‍ക്കിങ്ങില്‍ നിന്നും കയറിവരുന്ന, യു എ ഇ എക്സ്ചേഞ്ചിനുമുന്‍പിലുള്ള എന്‍ട്രന്‍ന്‍സിലിട്ടിരിക്കുന്ന കസേരയില്‍ ചാരിയിരുന്ന് ചെറുതായി മയങ്ങാന്‍ തുടങ്ങുന്ന സമയം.

മൂന്നാം നിലയില്ലൊരുമിച്ചു താമസിച്ച്, ഒരേ ഓഫീസില്‍ ജോലി ചെയ്യുന്ന മൂന്ന് മലയാളി കുമാരിമാര്‍, അവര്‍ ജോലിചെയ്യുന്ന സ്ഥാപനം നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്ത്, ശീലമില്ലാതിരുന്നിട്ടും, മറ്റുള്ളവരെ കുടിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരും, മധ്യപാനികളുമായ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു സ്വമേദയാ വഴങ്ങി, അല്പത്തിലധികം ജിന്നും, മൂക്ക് മുട്ടെ ഭക്ഷണവും കഴിച്ച്, ആടിയും പാടിയും, മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം, കുന്നായ്മയും, കുനിഷ്ടും പങ്കു വച്ച് സമയം കളയുന്നതിന്നിടയിലെപ്പോഴോ, മൂന്നില്‍ ആരോ ഒരാളുടെ കണ്‍പോളകളെ ഉറക്കദേവത തലോടാന്‍ തുടങ്ങിയ നേരത്തു മാത്രമാണ് സമയത്തെകുറിച്ച് ബോധവതികളായതും, എങ്കില്‍ പിന്നെ സമയം കളയാതെ, സ്ഥലം കാലിയാക്കി, ടാക്സി പിടിച്ച് കൂടണയാം എന്ന് വോട്ടിടാതെ തന്നെ തീരുമാനിച്ചുറപ്പിച്ച്, പാതിരാകഴിഞ്ഞ നേരത്ത്, ടാക്സിയും പിടിച്ച്, കരാമ ലുലുവിന്റെ പാര്‍ക്കിങ്ങില്‍ ഇറങ്ങി എന്‍ട്രന്‍സിലൂടെ കയറി ലിഫ്റ്റിലേക്ക് നടന്നു.

പോകുന്ന വഴിക്ക്, വെറുതെ ഇരുന്നുറക്കം തൂങ്ങുകയായിരുന്ന അലിയുടെ തലയില്‍ കാക്ക ഞോണ്ടുന്നതു പോലെ ഒന്നു ഞോണ്ടിയിട്ട്, എന്തിനാ ചേട്ടാ ഇങ്ങനെ നൈറ്റ് ഡ്യൂ‍ട്ടിക്കിടയില്‍ ഉറങ്ങാതെ ഇരുന്ന് പണി ചെയ്യുന്നത് എന്നും ചോദിച്ച് കളിയാക്കാനും മൂവര്‍ സംഘം മറന്നില്ല.

ഉറക്കം തൂങ്ങുന്ന മിഴികളുമായി, ആ മുന്നു കുമാരിമാരും, ലിഫ്റ്റിന്റെ ബട്ടണമര്‍ത്തി, ലിഫ്റ്റിനായി കാത്തുനിന്നു നിമിഷങ്ങള്‍ക്കകം, ക്ണിം എന്ന ഒരു മണി ശബ്ദത്തോടുകൂടി, ലിഫ്റ്റ് മുകളില്‍ നിന്നും താഴേക്ക് വന്ന് ഗ്രൌണ്ട് ഫ്ലോറില്‍ നിന്നതും, മൂന്നുപേരും കൂടി ലിഫ്റ്റില്‍ കയറി മൂന്നാമത്തെ നിലയിലേക്കുള്ള ബട്ടണ്‍ അമര്‍ത്തികഴിഞ്ഞപ്പോഴാണ്, ലിഫ്റ്റിന്റെ മുക്കില്‍ ചാരിവച്ചിരിക്കുന്ന ഒരു ഡെഡ്ബോഡി, അതെ, ഒരു ശവത്തെ കണ്ടത്!!

പരിഭ്രാന്തിയാല്‍ എന്തു ചെയ്യണമെന്നറിയാതെ പേടിച്ച് വിറച്ചു നിന്നിരുന്ന മൂന്നുപേരില്‍ ഒരുവള്‍ എന്തും വരട്ടെ എന്നു കരുതി, ഒന്നാമത്തെ നിലയിലേക്കുള്ള ബട്ടണമര്‍ത്തി. പേടിമൂലം, വായില്‍ നിന്നും വന്ന നിലവിളി പുറത്തേക്ക് വരാതിരിക്കാന്‍ മൂന്നു പേരും കൈവിരലുകള്‍ മൊത്തമായും, ചില്ലറയായും, അവനവന്റെ വായുടെ വലിപ്പമനുസരിച്ച്, വായിലെക്ക് തിരികിവച്ചു.

ഒന്നാം നിലയില്‍ ലിഫ്റ്റെത്തിയതും, മുന്നുപേരിലുംവച്ച് ധൈര്യശാലി ഉണ്ണിയാര്‍ച്ച ഒരുവള്‍ അപായമണിയില്‍ വിരല്‍ അമര്‍ത്തിയതിനോടൊപ്പം തന്നെ, ബസ്റ്റോപ്പെത്തുന്നതിന്നു മുന്‍പേ കിളി, ബസ്സില്‍ നിന്നും ചാടിയിറങ്ങുന്നതുപോലെ, മൂന്നുപേരും ലിഫ്റ്റില്‍ നിന്നും പുറത്തേക്ക് ചാടി ഓടുന്നവഴി ലിഫ്റ്റില്‍ നിന്നുമുള്ള അപായമണി മുഴങ്ങി കേട്ടു.

മൂന്നുപേരും സെക്ക്യൂരിറ്റിയെ വിവരം ധരിപ്പിക്കാന്‍ ഗ്രൌണ്ട് ഫ്ലോറിലേക്ക് കോണിപടിയിലൂടെ, തോക്കിന്‍ കുഴലിലൂടെ പായുന്ന വെടിയുണ്ട പോലെ ചീറീ പാഞ്ഞു.

അപായമണികേട്ട് ഞെട്ടി ഉണര്‍ന്ന സെക്ക്യൂരിറ്റിക്കാരന്‍ അലി, മദയാനയുടെ മുന്‍പിലകപ്പെട്ട ശിക്കാരി ശംഭുവിനെപ്പോലെ വച്ചുപിടിച്ചു, ലിഫ്റ്റിന്നരികിലേക്ക്. നിലവിളിച്ചു കൊണ്ട് മൂവര്‍ സംഘം കോണിപടിയിലൂടെ ഓടി ചാടി താഴെ ലിഫ്റ്റിന്നരികില്‍ എത്തിയപ്പോഴേക്കും, അലിയും ലിഫ്റ്റിന്നരികിലെത്തി. നാലുപേരുടേയും മുന്‍പില്‍ വച്ചു തന്നെ, ലിഫ്റ്റ് മുകളില്‍ നിന്നും താഴേക്ക് വരുന്നുണ്ടെന്നറിയിക്കുന്ന കീഴോട്ട് ആരോമാര്‍ക്കുള്ള ലൈറ്റും കത്തി.

ലിഫ്റ്റ്, മുകളില്‍ നിന്നും താഴെ വരാന്‍ എടുത്ത കുറച്ച് നിമിഷങ്ങള്‍ക്കകം തന്നെ, മൂവര്‍ സംഘം, ലിഫ്റ്റില്‍ ചാരിവച്ചിരുന്ന ശവത്തിനെകുറിച്ച് അലിയോട്, പുഷ് പുള്‍ ട്രെയിന്‍ പോലെ, കിതച്ചും, ശ്വസിച്ചും പറഞ്ഞു തീര്‍ത്തു.

അക്ഷമയോടെ, ഉദ്യോഗത്തോടെ, ആകാംക്ഷയോടെ അതിലേറെയെല്ലാം തന്നെ ഭയപ്പാടോടെ, ലിഫ്റ്റ് കീഴെ എത്തുന്നതും കാത്ത് ശ്വാസം ഉള്ളില്‍ അടക്കിപിടിച്ചു നിന്നിരുന്ന ആ നാലുപേരുടേയും മുന്‍പില്‍ വീണ്ടും ഒരു ക്ണിം, ശബ്ദത്തോടെ ലിഫ്റ്റ് വന്നു നിന്നു. വാതില്‍ തനിയെ തുറന്നതും, എട്ടു കണ്ണുകള്‍ ശവത്തെ തേടി ലിഫ്റ്റിന്റെ മുക്കിലും, മൂലയിലും, എന്തിന് ഉത്തരത്തില്‍ വരെ അലഞ്ഞു. ശവം പോയിട്ട്, ഒരു ശവിയെ പോലും, ലിഫ്റ്റില്‍ കാണാന്‍ കഴിയാതെ, നിരാശരും, ഇളിഭ്യരുമായ് മൂവര്‍ സംഘം അന്യോന്യം മുഖത്തു നോക്കി ചോദ്യ ചിഹ്നവുമണിഞ്ഞ് നില്‍ക്കുമ്പോള്‍, തിരിഞ്ഞു നടക്കുന്ന അലി പറഞ്ഞത് അവരുടെ ചെവിയില്‍ പതിഞ്ഞു.

“പെണ്ണുങ്ങളായാല്‍ അടക്കവും, ഒതുക്കവും വേണം. ഇതിപ്പോ, നട്ട പാതിരാത്രിക്ക്, കള്ളും കുടിച്ച്, കണ്ണും കാണാതെ, മറ്റുള്ളവന്റെ ഉറക്കം കെടുത്താന്‍ ഓരോന്ന് കെട്ടിയിറങ്ങിക്കോളും.”

ഫ്ലാഷ് ബായ്ക്ക്

കാട്ടിലെ കുട്ടികൊമ്പനെ പോലെ, ഒരല്ലലുമില്ലാതെ, ചെന്നിടം വിഷ്ണുലോകമാക്കി, കൂട്ടുകാരുമൊത്ത്, യഥേഷ്ടം റമ്മി, ഇരുപത്തെട്ട്, പന്നി മലത്ത്, തുടങ്ങിയ കേരളത്തിന്റെ (അതോ ത്യശൂരിന്റേയോ) ദേശീയ കളികളും, ആവശ്യത്തിനും, അനാവശ്യത്തിനും, അല്പസ്വല്പത്തിലധികമായി മദ്യസേവയും, മറ്റുമായി നടന്നിരുന്ന കാലത്താണ് ഞാന്‍ വിവാഹിതാകുന്നത്.

വിവാഹിതനായതോടെ കാട്ടിലിട്ട ആന പിന്നെ കൂട്ടിലിട്ട ആനയായും, അതിനു ശേഷം ആദ്യ മകളുടെ ജനനത്തോടെ കൂട്ടില്‍ നിന്നും മെരുങ്ങി പുറത്തിറങ്ങിയ കൂച്ചുവിലങ്ങിട്ട ആനയായും മാറിയ കാലം.

അങ്ങനെ കുടുംബസമേതം സസുഖം വാണിരുന്നകാ‍ലത്തൊരു ബുധനാഴ്ച രാത്രി എന്റെ മൊബൈലില്‍ ഒരു വിളി.

ഹലോ, ടാ കുറുമാനെ, ഇത് ഞാനാ ശിവന്‍.

ഹെയ്, നീയെപ്പൊ വന്നിഷ്ടാ മസ്ക്ക്റ്റീന്ന്?

ഞാന്‍ ദേ ദിപ്പതന്നെ വന്നൊള്ളോ.

നീ തന്ന്യാ വന്നേക്കണെ?

ഏയ്, ഞാന്‍ തന്ന്യന്നല്ലടക്ക, ജോഷീംണ്ട്, സംജയ്യുണ്ട്.

എയ്, അതു കൊള്ളാല്ലോ. എത്രീസം ഉണ്ടിവിടെ?

ഞങ്ങള്‍ മറ്റന്നാള്, വെള്ളിയാഴ്ച പോകുടക്കെ. ങാ, പിന്നെ നമുക്കൊന്നു കൂടണംട്ടാ.

അതിനിപ്പെന്താ, നമുക്ക്, നാളെ വൈകീട്ട്, ഒന്നു പൊടിപൊടിക്കാം.

നിന്റെ പെണ്ണുമ്പിള്ള വിട്വോ?

അതൊക്കെ ഞാനേറ്റുസ്റ്റാ.

എന്നാ ശരി നാളെ വൈകുന്നേരം നീ ശ്രീശാന്തിന്റെ വീട്ടില് വാ.

ഓക്കെ....ബൈ.

ഫോണ്‍ കട്ട് ചെയ്ത് തിരിഞ്ഞുനോക്കിയപ്പോള്‍, അതാ നില്‍ക്കുന്നു എന്റെ പ്രിയതമ വലിയ ഒരു ചോദ്യ ചിഹ്നവും മുഖത്തണിഞ്ഞ്!!

ആരാ? എന്താ? എന്തേറ്റൂന്നാ പറഞ്ഞേ, തുടങ്ങിയ ചോദ്യങ്ങളുടെ ഒരു ശരവര്‍ഷം തന്നെ പത്നി തൊടുത്തുവിട്ടു.

ഏയ്, അത് നമ്മടെ ശിവനായിരുന്നു. അവന്‍ വന്നിട്ടുണ്ട്. അപ്പോ ഒന്ന് കാണണം എന്നു പറയുകയായിരുന്നു.

ഇവറ്റകള്‍ക്കൊരു പണിയും ഇല്ലേ? എടയ്ക്കിടെ കുറ്റീം പറിച്ച് വന്നോളും മസ്ക്കറ്റീന്ന്, ബാക്കിയുള്ളോന്റെ മനസമാധാനം കെടുത്താനായിട്ട്.

അവര് വന്നതിനെന്തിനാ നിന്റെ സമാധാനം പോകണേ?

അവരു വന്നേനല്ലാ, ഇനി നിങ്ങളവിടെ പോകുന്നകാര്യമാലോചിച്ചിട്ടാ ബാക്കിയുള്ളോന് തലവേദന.

എത്ര പേരെ കണ്ടിരിക്കുന്നു, ദാ അയാളെ നോക്ക്, ഇയാളെ നോക്ക്, മറ്റാളെ നോക്ക്, മറിച്ചാളെ നോക്ക്.

മറ്റൂള്ളവരേ പോലേയാ നിങ്ങള്‍?

കൂട്ടുകാരാരേങ്കിലും വന്നാല്‍, അപ്പോ എടുത്തു വച്ചു, കുപ്പീം ഗ്ലാസ്സും!! ഇവിടെ വന്നാലും ശരി, ഇനി എവിടേയെങ്കിലും പോയാലും ശരി. ഇങ്ങനേം ഒരു മനുഷ്യനുണ്ടൊ ഭൂമിയില്?

എത്ര നല്ല ആലോചന എനിക്ക് വന്നതാ, എന്നിട്ട് ഇപ്പോത്.

എന്താ ചെയ്യാ? കുട്ട്യൊന്ന് ആയില്ലെ, പോരാത്തതിനടുത്തത് വയറ്റിലും.

എങ്ങനേയിങ്കിലും ഒന്നു നാട്ടില്‍ പോയാമതിയെന്റെ ഈശ്വരാ. നിങ്ങളെനിക്കും, മോളക്കും ടിക്കറ്റെടുത്ത് തന്നിട്ട്, പോക്വേ, വര്വോ, എന്തായ്ച്ചാല്‍ ചെയ്തോ. ഇവിടെ ആര്‍ക്കും ഒരു ചേതോ ഇല്ല്യ.

എടീ, ഇങ്ങനെ എണ്ണിപറക്കാന്‍ മാത്രം ഞാനിപ്പോ എന്താ ചെയ്തേ?

ഏയ്, നിങ്ങളൊന്നും ചെയ്യാറില്ലല്ലോ ? ഒരു പുണ്യാളന്‍!!

ഇനീപ്പോ ഒരു കാര്യം ദേ ഇപ്പോ തന്നെ പറയാം. നാളെ പോകുന്നതൊക്കെ കൊള്ളാം, പക്ഷെ

ഒന്ന്, വണ്ടി കൊണ്ടു പോകുന്നില്ല.

രണ്ട്, രാത്രി അവിടെ തന്നെ തങ്ങുക.

അല്ലാതെ, രാത്രി ഭാര്യാ, പുത്രീ സ്നേഹം കൂടി ഇങ്ങോട്ടെങ്ങാനും വന്നാല്‍ വാതില് ഞാന്‍ ജന്മം പോയാല്‍ തൊറക്കില്ല. ഇത് സമ്മതമാണേല്‍ മാത്രം പോയാല്‍ മതി.

ഓ, ശരി. സമ്മതം.

അങ്ങനെ വ്യാഴാഴ്ച ഓഫ്ഫീസ്സെല്ലാം കഴിഞ്ഞ് വന്ന്, ഫ്രെഷായി, രാത്രി തിരിച്ചു വരില്ല എന്ന കുറുപ്പിന്റെ ഉറപ്പിന്മേല്‍, ചാവി പ്രിയതമക്ക് കൈമാറി, ഒരു ടാക്സിയും പിടിച്ച് ബര്‍ദുബായിലുള്ള ശ്രീശാന്തിന്റെ വീട്ടിലേക്ക് ഞാന്‍ യാത്ര തിരിച്ചു.

ടാക്സിയില്‍നിന്നും അവരുടെ ഫ്ലാറ്റിന്റെ കീഴെ ഇറങ്ങിയപ്പോള്‍ തന്നെ വളളം കളിപ്പാട്ടിന്റെ ശബ്ദഘോഷങ്ങള്‍ കേട്ടു.
അവരുടെ ഫ്ലാറ്റില്‍ കയറി അവരില്‍ ഒരാളായി ഞാന്‍ മാറി.

ടീം മാറി, മാറി ഞങ്ങള്‍ എല്ലാവരും, റമ്മികളിച്ചും, പന്നിമലത്തിയും സമയം പോയതും, കുപ്പികള്‍ പലതും ഒഴിഞ്ഞതും, ആരും ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍, ശ്രദ്ധിക്കാന്‍ പറ്റുന്ന് ഒരു കോലത്തിലായിരുന്നില്ലാരും എന്നു പറയുന്നതാവും കൂടുതല്‍ ശരി.
വയറു വിശന്നപ്പോള്‍, എന്തൊക്കേയോ കുറച്ച് വാരിക്കഴിച്ചതോര്‍മ്മയുണ്ട്.

കളിയെല്ലാം നിറുത്തി, എല്ലാവരും കിടക്കാനുള്ള തയ്യാറെടുപ്പു തുടങ്ങിയപ്പോള്‍, എന്റെ ഉള്ളില്‍ ഭാര്യാ സ്നേഹം നിറഞ്ഞു തുളുമ്പി, കരകവിഞൊഴുകി.

ഞാന്‍ പൂവ്വാടാ, എനിക്കിപ്പോ എന്റെ ഭാര്യേം, മോളേം കാണണം.

വേണ്ടടാ, ഈ പാതി രാത്രിക്ക് നീയിനി പോണ്ട. ഇവിടെ കിടന്നിട്ട് നാളെ രാവിലെ പോകാം.

വേണ്ട, എനിക്കിപ്പൊ തന്നെ പോണം. എന്റെ മോളില്ലാതെ ഒരീസം കൂടി ഞാന്‍ കെടന്നിട്ടില്ല. അറിയ്യോ നിങ്ങള്‍ക്ക്? എങ്ങിനെ അറിയാന്‍? ബാച്ചിലറല്ലെ എല്ലാരും? നിങ്ങള്‍ക്കൊന്നും അത് പറഞ്ഞാല്‍ മനസ്സിലാവില്ല. ഏത്?

കുടുംബായാല്, കൊറച്ചൊക്കെ ഉത്തരവാദിത്തം വേണം. നിങ്ങള്‍ക്കൊന്നും അതൊന്നും അറിയില്ല. അതൊക്കെ അനുഭവിച്ചു തന്നെ അറിയണം മക്കളേ.

ങാ, അതൊക്കെ പോട്ടെ. എന്നെ ഇപ്പോള്‍ ആരാ കൊണ്ട് വിട്വാ?

നിനക്ക് പോണംന്ന്ച്ചാ, ഞങ്ങള്‍ കൊണ്ടു വിടാം, പക്ഷെ ഫ്ലാറ്റിന്റെ മുന്‍പിലേ വിടൂ. എന്ന് ശിവനും, ശ്രീശാന്തും ഒരേ ശബ്ദത്തില്‍.

എന്നാ ശരി, പോകാം എന്നു പറഞ്ഞ് ഞങ്ങള്‍ താഴെ ഇറങ്ങി. ശ്രീശാന്തിന്റെ വണ്ടിയില്‍ കയറി.

ഫ്ലാറ്റെത്തിയപ്പോഴേക്കും, വണ്ടിയില്‍ ഇരുന്ന് ഉറക്കമായിരുന്ന ഞാന്‍ എത്ര വിളിച്ചിട്ടും ഉണര്‍ന്നില്ല.

രാത്രി പന്ത്രണ്ടുമണി കഴിഞ്ഞാല്‍ ഫ്ലാറ്റിലേക്കുള്ള വാതില്‍ എല്ലാം അടക്കും, പിന്നെ സെക്കൂരിറ്റി ഇരിക്കുന്ന എന്‍ട്രന്‍സിനു കീഴെയുള്ള ബേസ്മെന്റിലെ ഒരേ ഒരു ലിഫ്റ്റിലേക്കുള്ള വാതില്‍ മാത്രമേ തുറക്കൂ എന്നറിയാവുന്ന ശ്രീശാന്തും, ശിവനും, എന്നേയും താങ്ങിപിടിച്ച് ബേസ്മെന്റില്‍ ചെന്ന് ലിഫ്റ്റില്‍ എന്നെ കയറ്റി ചാരിവച്ച്, നാലാം നിലയിലേക്കുള്ള ബട്ടണും അമര്‍ത്തി, സ്ഥലം കാലിയാക്കി.

ലിഫ്റ്റില്‍ ചാരിനിന്ന് ഉറങ്ങുകയായിരുന്ന ഞാന്‍, ലിഫ്റ്റിലെ അപായമണികേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍, ലിഫ്റ്റ് മൂന്നാം നിലയില്‍ എത്തിയിരുന്നു. പെട്ടെന്നു തന്നെ ഞാന്‍ നാലാം നിലയിലേക്കുള്ള ബട്ടണ്‍ അമര്‍ത്തി.

ലിഫ്റ്റ് നാലില്‍ ചെന്നതും, ഇറങ്ങി, എന്റെ ഷെയറിങ് ഫ്ലാറ്റിന്റെ മെയിന്‍ ഡോര്‍ തുറന്ന്, പ്രിയതമ മുറിയുടെ വാതില്‍ തുറക്കില്ല എന്ന ആത്മവിശ്വാസത്തോടെ മുറിക്കു മുന്‍പില്‍ തറയില്‍ മറ്റൊരു തറയായി കിടന്നു.