Sunday, December 30, 2007

ആന്റപ്പ ചരിതം

വടക്കന്‍ എന്നത് ഒരു വീട്ടുംപേരാകുന്നു, അല്ലാതെ വടക്കെങ്ങാണ്ട് നിന്നും കുറ്റിയും പറിച്ച് വന്നതിനാല്‍ നാട്ടുകാര്‍ വെറുതെ ചാര്‍ത്തികൊടുത്ത സ്ഥാന പേരോ വിളിപേരോ അല്ല.

എന്റെ വീട്ടില്‍ നിന്നും വടക്കന്മാരുടെ വീട്ടിലേക്കെത്താന്‍ പലവിധം വഴികളുണ്ട്‍. ഒഴിഞ്ഞ് മാറി, ഓതിരം മറിഞ്ഞ്, ഇടത്തമര്‍ന്ന്, കുതിച്ച് ചാടി പോവുന്നതൊരുവഴി, പൂതക്കാടന്‍ റോസില്യേച്ചീടെ വേലിചാടി കടന്ന് അതിന്റെ അപ്പുറത്തുള്ള വെട്ടിക്കരക്കാരുടെ വേലിയും കൂടി ചാടികടന്ന് പോകുന്നത് മറ്റൊരു വഴി, നമ്പ്യാരുവീട്ടുകാരുടെ പറമ്പില്‍കൂടി കടന്ന്, പാടത്തോട്ടിറങ്ങി, വരമ്പിലൂടെ നടന്ന് ചെല്ലാവുന്നത് എളുപ്പവഴി, അതൊന്നുമല്ലാതെ, വെട്ടോഴിയിലേക്കിറങ്ങി, ശരിയായ വഴിയിലൂടെ നടന്ന് ചെല്ലാവുന്നത് നേരായ വഴി.

വടക്കന്മാരുടെ വീട്ടിലെ തലമൂത്ത കാര്‍ന്നോരായ ആന്റപ്പേട്ടന്‍ പണ്ട് പട്ടാളത്തിലായിരുന്നു എന്നതിനുള്ള തെളിവ്, ആരേ കണ്ടാലും ഓടിച്ചിട്ട് പിടിച്ച് നിറുത്തി, ഇരുത്തി തഞ്ചം പോലെ പറയുന്ന ഞാന്‍ പണ്ട് പട്ടാളത്തിലായിരുന്നപ്പോള്‍, നാഗാലാന്റില്‍ വച്ച്, ആസാമില്‍ വച്ച്, ലഡാക്കില്‍ വച്ച് എന്നു തുടങ്ങുന്ന കഥകളല്ല, മറിച്ച് മാസാദ്യത്തില്‍ ക്വാട്ടയായി കിട്ടുന്ന ത്രിഗുണ, വിസ്കി, ബ്രാണ്ടികള്‍ ആവശ്യക്കാര്‍ക്ക് ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്ഡ് എന്ന പോളിസി പ്രകാരം കരിഞ്ചന്തയില്‍ വില്‍ക്കുന്നു എന്നുള്ളത് മാത്രമാണ്.

പട്ടാള ക്വാട്ട വിറ്റുകിട്ടുന്നതില്‍ നിന്നുമുള്ള ലാഭവിഹിതം മുഴുവന്‍ ഇടവകയിലെ രണ്ട് ഷാപ്പുകളിലുമായി (ചാരായം, കള്ള്) വീതിച്ചു നല്‍കുക വഴി ആന്റപ്പേട്ടന്‍ സാമൂഹ്യസേവനം എന്ന മഹാകര്‍മ്മവും നിര്‍വ്വഹിക്കുന്നു. ഷാപ്പിലേക്ക് പട്ടാള ചിട്ടയില്‍ ലെഫ്റ്റ് റൈറ്റ് ചൊല്ലി കയ്യും വീശി നടന്നു കയറുന്ന ആന്റപ്പേട്ടന്‍ മിക്കവാറും തിരിച്ച് വരുന്നത്, ഉടുത്ത മുണ്ടുരിഞ്ഞ് തലയില്‍ കെട്ടി, റോഡിന്റെ വീതിയും നീളവും മൊത്തമായി അളന്നും, സ്വര്‍ഗ്ഗസ്ഥനായ പിതാവിന് സ്ത്രോത്രം നേര്‍ന്നുകൊണ്ടും, കൊടുങ്ങല്ലൂരമ്മയെ സ്മരിച്ചുകൊണ്ടുമാണ്.

ആന്റപ്പേട്ടന്റെ സന്ധ്യാപ്രാര്‍ത്ഥന കേട്ടു ശീലമായെങ്കിലും കഴിക്കുന്ന സാധനത്തിന്റെ അളവും, ചൊല്ലുന്ന പ്രാര്‍ത്ഥനയുടെ താളവും അനുസരിച്ച്, നാട്ടുകാരില്‍ ചിലര്‍ പുണ്യാളപട്ടം നല്‍കി ആദരിച്ചില്ലെങ്കിലും ഇടക്കെങ്കിലും ആന്റപ്പേട്ടന് ദേഹത്ത് കൈവച്ച് അനുഗ്രഹിച്ച് പോന്നു. അങ്ങനെ അനുഗ്രഹീതനാകുന്നതിനുശേഷം രണ്ടോ മൂന്നോ ദിവസത്തേക്ക് ആന്റപ്പേട്ടന്‍ സ്വന്തം വീട്ടില്‍ ധ്യാനം കൂടുകയാണ് പതിവ്.

ആന്റപ്പേട്ടന്റെ അരുമയാര്‍ന്ന ഭാര്യ മേരികുട്ടിയെ, ക്വാട്ട ഉള്ളില്‍ ചെന്നാല്‍ ആന്റപ്പേട്ടന്‍ വിളിക്കുന്ന പേര് എരുമ മേരി. മേരിചേടത്തിക്ക് തന്റെ അതേ രൂപ സാദൃശ്യമുള്ള രണ്ടെരുമകള്‍ ഉള്ളതിനാലാണോ ആന്റപ്പേട്ടന്‍ എരുമ മേരി എന്ന് വിളിക്കുന്നതെന്ന് ആദ്യമൊക്കെ ഞങ്ങള്‍ സംശയിച്ചിരുന്നെങ്കിലും മേരിചേടത്തിയുടെ അപ്പന് എരുമകച്ചവടമായിരുന്നെന്നും, മേരിചേടത്തിയുടെ ജനനം മുതല് തന്നെ തന്റെ അരുമയായ പുത്രിയെ എരുമമേരി എന്ന് മേരിചേടത്തിയുടെ അപ്പന്‍ വിളിച്ചിരുന്ന വിളിപ്പേര്, കല്യാണത്തിനു ശേഷം താന്‍ മാറ്റാന്‍ പോവാതിരുന്നതാണെന്നും ആന്റപ്പേട്ടന്‍ ഒരു ത്രിസന്ധ്യാ നേരത്ത് കലുങ്കിന്റെ മുകളില്‍ കയറി നിന്ന് അനൌണ്‍സ് ചെയ്തു.

കുട്ടികളില്ലാത്ത ആന്റപ്പന്‍, മേരി ദമ്പതികള്‍ക്ക് പട്ടികളുണ്ട് രണ്ട്. ആന്റപ്പേട്ടന്റെ പെറ്റ് കൈസറും, മേരിചേടത്തിയുടെ പെറ്റ് ടോണിയും.

ചാര്‍ജ് കൂടുതലാകുന്ന ദിവസങ്ങളില്‍ ആന്റപ്പേട്ടന്‍ കൈസറിന്റെ ചോറില്‍ എരുമനെയ്യും മീങ്കൂട്ടാനും ഒഴിച്ച് കുഴച്ച് ഉരുളയുരുട്ടിയാണ് കൈസറിനെ ഊട്ടാറ്. എത്രയായാലും പട്ടിയല്ലെ കയ്യേല്‍ കപ്പിയാലോ എന്ന് കരുതി എരുമനെയ്യും, മീങ്കൂട്ടാനും, വറുത്ത മീനിന്റെ മുള്ളും കൂടി കൂട്ടി കുഴച്ച് പാത്രത്തില്‍ ഇട്ടാണ് മേരിചേടത്തി ടോണിയെ ഊട്ടാറ്.

എന്തിനധികം പറയുന്നു, ഒരു സന്ധ്യാനേരത്ത്, കൈസറിനേം, ടോണിയേം കടക്കണ്ണെറിഞ്ഞു മയക്കാന്‍ വേലി നൂണ്ട് വന്ന ഒരു കൊടിച്ചിപട്ടിയെ, മേരിചേടത്തി സാമാന്യം തരക്കേടില്ലാത്ത ഒരു ഓട്ടുംചീളെടുത്ത് ശരീരത്തിലെ സര്‍വ്വബലവും വലതുകയ്യിലേക്കാവഹിച്ച് ആഞ്ഞൊരേറ്.

കൊടിച്ചിപട്ടിയുടെ കൈ, കൈ കരച്ചിലിപ്പം കേള്‍ക്കാം എന്ന് കരുതി വ്യാമോഹിച്ച് ചേടത്തി കേട്ടത് അയ്യോ എന്നേയാരോ കല്ലെറിഞ്ഞേ എന്ന ആന്റപ്പേട്ടന്റെ നിലവിളിയായിരുന്നു. ആന്റപ്പേട്ടന്റെ അരികിലേക്ക് മേരിചേടത്തി ഓടിചെല്ലുമ്പോള്‍ കാറ്റത്താടുന്ന വാഴകൈ പോലെ, ആടിയാടി ആന്റപ്പേട്ടന്‍ നില്‍ക്കുകയായിരുന്നു. കുടിച്ചകള്ളിന്റേയാണോ, അതോ കൊണ്ട ഏറിന്റേയാണോ ഈ ആട്ടം എന്നറിയാതെ മേരിച്ചേടത്തി ആകെ കുഴങ്ങിയെങ്കിലും , മേരി ചേടത്തിയെ കണ്ടതും ആന്റപ്പേട്ടന്റെ “ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ“ എന്നുള്ള ഒരേ ഒരു വാക്കാല്‍ തന്നെ കിട്ടിയ ഏറിന്റേയാണ് ഈ ആട്ടം എന്നത് മേരിചേടത്തിക്ക് മനസ്സിലായി.

ജീവിതത്തില്‍ ഇന്നു വരെ, പ്രത്യേകിച്ചും സന്ധ്യക്ക് ഡോസേറ്റി വരുന്ന വഴിക്ക് ദൈവങ്ങളെ അവരുടെ പിതാമഹന്മാരേയും, എന്തിന് അവരുടെ പ്രപിതാമഹന്മാരെയടക്കം ചേര്‍ത്ത് നാവടച്ച് തെറിവിളിക്കുന്ന ആന്റപ്പേട്ടനാണിപ്പോള്‍ ഈശോ മിശിഹാക്ക് സ്തുതി ചൊല്ലിയിരിക്കുന്നത്. ഏറുകൊണ്ട് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ എന്ന മേരിച്ചേടത്തിയുടെ ഭയം അതോടെ വര്‍ദ്ധിച്ചെങ്കിലും, പെന്റുലം പോലെ ആടികൊണ്ടിരിക്കുന്ന ആന്റപ്പേട്ടനെ, ഖലാസിയുടെ മെയ്‌വഴക്കത്തോടെ ഏന്തിവലിച്ച് ചുമന്ന് മേരിചേടത്തി മുറിയില്‍ കയറ്റി കട്ടിലിലേക്ക് സേഫ് ഡെപ്പോസിറ്റ് ചെയ്ത് തണ്ടലൊന്ന് നിവര്‍ത്തിയപ്പോഴേക്കും, മൂന്നരകട്ടക്ക് താളം പിടിച്ച് കൊണ്ട് ആന്റപ്പേട്ടന്‍ കൂര്‍ക്കം വലി തുടങ്ങി.

ആന്റപ്പേട്ടന്‍ ഈശോ മിശിഹാക്ക് സ്തുതി നേര്‍ന്നതിന്റേയും, തെറിയൊന്നും പറയാതെ, എരുമമേരീന്നൊരു പ്രാവശ്യം പോലും വിളിക്കാതെ, എന്തിന് ഭക്ഷണം പോലും കഴിക്കാതെ നേരത്തെ ഉറങ്ങിയതിന്റെ ഹാങ്ങോവറില്‍ മേരിച്ചേടത്തി പ്രാര്‍ത്ഥന ഓടിച്ചെത്തിച്ച്, മെഴുകുതിരി ഊതികെടുത്തി അടുക്കളയിലേക്ക് പോയി. ചോറ് പ്ലെയിറ്റിലേക്ക് വിളമ്പാതെ, കലത്തിലേക്ക് ഡയറക്റ്റായി കൂട്ടാന്‍ ഒഴിച്ച്, തോരനിട്ട് ഞെരടി ഉരുളകള്‍ എണ്ണിപിടിച്ചു. ഇനി ഒരുള പോലും കഴിച്ചാല്‍ കഴിച്ചതെല്ലാം ചുമരില്‍ എറിഞ്ഞ പന്തു പോലെ ബൌണ്‍സ് ചെയ്യുമെന്നുറപ്പായതിനാല്‍, ബാക്കിയുള്ളതില്‍ നല്ലൊരു പങ്ക് ടോണിക്കും, ബാലന്‍സ് കൈസറിനും അവനവന്റെ ഡിന്നര്‍ പ്ലേറ്റില്‍ വിളമ്പി നല്‍കിയതിനു ശേഷം ചട്ടിയും കലങ്ങളും കഴുകിവെച്ച്, പായ വിരിച്ച് മേരിചേടത്തി ചരിഞ്ഞു.

മൊബൈല്‍ ഫോണ്‍ പ്രചാരത്തിലില്ലാതിരുന്നതിനാല്‍, പുലര്‍ച്ചെ ആദ്യം കേള്‍ക്കുന്ന കോഴിയുടെ കൂവലിനെ തലയിലൂടെ പുതപ്പ് വലിച്ചിട്ട് സ്നൂസ്സ് ചെയ്ത് മേരിചേടത്തി പിന്നേം കിടക്കും. പിന്നെ തെക്കേലേം, വടക്കേലേം, പടിഞ്ഞാറേലേം കോഴികള്‍ ഒരുമിച്ച് കൂകി തുടങ്ങുന്നതോടെയാണ് മേരിചേടത്തിയുടെ ദിനം തുടങ്ങുന്നത്. ആദ്യ ഇനം വിറക് കയറ്റി ഊതിയൂതി അടുപ്പു കത്തിക്കല്‍, ഫോളോവ്ഡ് ബൈ, കടുപ്പത്തിലുള്ള കട്ടന്‍ കാപ്പി മെയ്ക്കിങ്ങ്. അത് ഒരേ ഒരാള്‍ക്ക് മാത്രം, മേരിചേടത്തിക്ക്. കാരണം, ആന്റപ്പേട്ടന്‍ സന്ധ്യക്ക് ചെലുത്തുന്ന ഡോസിന്റെ സ്വാദീനം മൂലം പെറ്റുവീണ പട്ടികുട്ടിയുടെ തരമാണ്, കണ്ണു മിഴിയില്ല അത്ര പെട്ടെന്ന്, അറ്റ് ലീസ്റ്റ് സൂര്യേട്ടന്‍ ചൂടാകുന്നത് വരെ.

കട്ടന്‍ കാപ്പി കഴിച്ചു കഴിഞ്ഞാല്‍ പാല്‍കറക്കാനുള്ള ചെറിയ ഒരു കലവും, അതൊഴിക്കാനുള്ള ഒരു ബക്കറ്റും, ചെറിയ ഒരു ഗ്ലാസ്സില്‍ ഒഴുക്ക് നെയ്യുമായി മേരിചേടത്തി എരുമതൊഴുത്തിലേക്ക് നീങ്ങും. രണ്ട് എരുമകളേയും കറന്ന്, വീട്ടിലാവശ്യമുള്ളതെടുത്തതിനുശേഷം ബാക്കി മേരിചേടത്തി തന്നെ സെന്ററിലുള്ള നാരായണേട്ടന്റെ ചായക്കടയില്‍ കൊടുത്ത് വരും. അതിന് ശേഷമാണ് കടുപ്പത്തിലുള്ള പാല്‍ ചായ കലക്കി മേരിചേടത്തി ആന്റപ്പേട്ടനെ എഴുന്നേല്‍പ്പിക്കുന്നത്.

ഞായറാഴ്ച പതിവുപോലെ എഴുന്നേറ്റ് കാപ്പികുടിയും, എരുമയെ കറക്കലും, നാരായണേട്ടന്റെ കടയിലേക്കുള്ള പാല്‍ വിതരണവും കഴിഞ്ഞ്, ഞായറാഴ്ചയല്ലെ, ആന്റപ്പേട്ടന് ചായ ഉണ്ടാക്കികൊടുത്തിട്ട് വേണം പള്ളിയില്‍ പോകാന്‍ എന്ന് കരുതി, മേരിചേടത്തി ആഞ്ഞ് വലിച്ച് നടക്കുമ്പോഴാണ് മേരിച്ചേടത്തിയെ ഞെട്ടിച്ച്കൊണ്ട് ഉജാലയുടെ പരസ്യം പോലെ വെളുത്ത മുണ്ടും, ഷര്‍ട്ടും ധരിച്ച് ആന്റപ്പേട്ടന്‍ എതിരെ നടന്നു വരുന്നത് കണ്ടത്. മേരിചേടത്തി പല തവണ കണ്ണ് ചിമ്മി തുറന്ന് ഉറപ്പാക്കി, സംശയമില്ല, ആന്റപ്പേട്ടന്‍ തന്നെ.

ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ. മേരിചേടത്തിയെ കണ്ടതും ആന്റപ്പേട്ടന്‍ വിഷ് ചെയ്തു, പിന്നെ പറഞ്ഞു, ഞാന്‍ ഒന്ന് പള്ളീലിക്ക് പൂവ്വാ.

ദൈവമേ, ഇങ്ങേര്‍ക്ക് വല്ല അച്ഛന്റേം പ്രേതം കൂടിയോ ഈശോയേ എന്ന് കരുതി കണ്ണും മിഴിച്ച് മേരിചേടത്തി നില്‍ക്കുമ്പോള്‍, കൈകള്‍ വീശി ആന്റപ്പേട്ടന്‍ ചേലൂര്‍ പള്ളി ലക്ഷ്യമാക്കി നടന്ന് നീങ്ങി.

പള്ളിയിലെത്തിയ ആന്റപ്പേട്ടനെ ആദ്യം കണ്ടത് കര്‍ത്താവ്.

പിതാവേ, ദാരപ്പത്? ആന്റപ്പനാ! പണ്ട് പണ്ട്, പത്തമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേദേശം ക്ലാസില്‍
വന്നപ്പോഴാ ആന്റപ്പനെ ഞാന്‍ അവസാനമായി കണ്ടത്. ഇപ്പോഴെങ്കിലും വരാന്‍ തോന്നിയല്ലോന്ന് ചോദിച്ച് ആന്റപ്പനെ കെട്ടിപുണരുവാന്‍ കുരിശില്‍ കിടന്ന യേശുനാഥന്‍ വെമ്പിയെങ്കിലും സാഹചര്യങ്ങളുടേയും, ആണികളുടേയും സമ്മര്‍ദ്ധം മൂലം കര്‍ത്താവ് ആ ശ്രമം ഉപേക്ഷിച്ചു.

ആന്റപ്പന്‍ പള്ളിമേടയിലേക്ക് കയറിയപ്പോള്‍ അച്ഛന്‍ അതാ എതിരെ വരുന്നു. ആന്റപ്പനെ കണ്ടതും അച്ഛന്‍ ഓടി അടുത്തേക്ക് വന്നു.

എന്താ ആന്റപ്പാ? മേരിക്കെന്തെങ്കിലും?

മേരിക്കൊരു കൊഴപ്പോല്യച്ഛോ. അവള് ചക്കക്കുരുപോലെ ഓടി നടക്ക്ണ്ട്. കുര്‍ബാനയുടെ സമയമാവുമ്പോഴേക്കും അവളിവിടെ വരും.

അല്ല പതിവില്ല്യാണ്ട് ആന്റപ്പനെന്താ പള്ളിയിലോട്ട്?

കര്‍ത്താവിന്റെ വിളി വന്നാ പിന്നെ വീട്ടിലിരിക്കാന്‍ പറ്റ്വോ അച്ഛോ? അതിനാല്‍ ഇങ്ങോട്ട് പോന്നു.

ജനങ്ങള്‍ ഒറ്റക്കും കൂട്ടമായും നാട്ടുകാര്‍ പള്ളിയിലേക്കൊഴുകിയെത്തി. ഒപ്പം ആഹ്ലാദവതിയായി മേരി ചേടത്തിയും. ആന്റപ്പേട്ടന് തോന്നിയിരിക്കുന്ന നല്ല ബുദ്ധി സ്ഥിരമായി നില്‍ക്കാന്‍ മേരിചേടത്തി കര്‍ത്താവിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.

ആന്റപ്പേട്ടനെ പള്ളിയില്‍ കണ്ട്, വന്നിരുന്ന ഭക്തജനങ്ങളുടെ കണ്ണുകള്‍ മിഴിഞ്ഞു, വായ തുറന്നു. ആന്റപ്പേട്ടന്‍ യാതൊന്നിലും ശ്രദ്ധിക്കാതെ, കര്‍ത്താവിന്റെ തിരുസ്വരൂപത്തില്‍ മാത്രം ശ്രദ്ധയര്‍പ്പിച്ച് കണ്ണടച്ച് നിന്നു.

കുറുബാന കഴിഞ്ഞു, ആളുകള്‍ അവനവന്റെ വീട്ടിലേക്ക് മടങ്ങി തുടങ്ങി. ആന്റപ്പേട്ടനെ കാത്ത് മേരിചേടത്തി പള്ളിയുടെ ഒതുക്കുകല്ലിന് താഴെ കാത്ത് നിന്നു.

നീ വീട്ടിലേക്ക് പൊയ്ക്കോ, ഞാന്‍ ഇറച്ചി ജോസിന്റെ കടേന്ന് അല്പം പോത്തിറച്ചി വാങ്ങിയിട്ട് വരാം, ആന്റപ്പേട്ടന്‍ മേരിചേടത്തിയോട് അരുളി.

ദൈവമേ വര്‍ഷങ്ങളായിട്ട് സ്വന്തം ആവശ്യത്തിനുള്ള ബീഡിയും, തീപ്പെട്ടിയും, കള്ളും അല്ലാതെ വീട്ടിലേക്കുള്ള നുള്ള് കടുക് വരെ വാങ്ങാത്ത മനുഷ്യനാ, ഇപ്പോ പോത്തിറച്ച് വാങ്ങീട്ട് വരാംന്ന് പറയണെ. ലോകാവസാനത്തില്‍ സംഭവിക്കാത്തത് പലതും സംഭവിക്കും എന്ന് കേട്ടിട്ടുണ്ട്. കര്‍ത്താവേ ലോകാവസാനമായോ? മേരിചേടത്തി മൊത്തം ആശയകുഴപ്പത്തിലായി.

പൂച്ചകുളത്തെ കടയില്‍ ഞായറാഴ്ച മാത്രമേ ജോസേട്ടന്‍ പോത്തിനെ വെട്ടൂ. ബാക്കി ദിവസങ്ങളില്‍ ജോസേട്ടന് അങ്ങാടിയില്‍ വെട്ടുണ്ട്.

ഡാ ജോസേ, നീ ഒരരക്കിലോ പോത്തെറച്ച്യടുത്തേ. നെയ്യ് ഇത്തിരി നന്നായിട്ടിട്ടോ.

ചാരായഷാപ്പില് വച്ച് നിത്യവും ജോസ്, ആന്റപ്പനെ കാണാറുണ്ടെങ്കിലും കടയില്‍ ആദ്യായിട്ടാ.

ആന്റപ്പേട്ടാ പതിവില്ലാതെ രാവിലെ എവിടാന്നാദ്?

ഒന്ന് പള്ളീ പോയതണ്ടാ.

കൈപത്തി നെറ്റിയില്‍ വെച്ചുകൊണ്ട് ജോസേട്ടന്‍ ആകാശത്തേക്ക് നോക്കി.

പോത്തെറച്ചി തരാന്‍ പറഞ്ഞപ്പോ നീയെന്തെണ്ടാ ചെക്കാ മാനത്തേക്ക് നോക്കണെ?

അല്ല, കാക്കകളെങ്ങാനും മലന്ന് പറക്കുണ്ടോന്ന് നോക്ക്യേതാ ആന്റപ്പേട്ടാ.

ഊതണ്ടറാ ശവീ. നീ എറച്ചി എട്ക്കടാ വേഗം.

നല്ല തുടയിറച്ചി അരക്കിലോ മുറിച്ച് ആവശ്യത്തിന് നെയ്യുമിട്ട് തേക്കിലയില്‍ പൊതിഞ്ഞ് ജോസേട്ടന്‍ ആന്റപ്പേട്ടന് കൈമാറി.

രണ്ടീസം കഴിഞ്ഞാല്‍ പെന്‍ഷന്‍ വാങ്ങീട്ട് കാശ് തരാം ജോസേ.

എന്റെ ആന്റപ്പേട്ടാ, ഇത് നല്ല കൂത്ത്. നിങ്ങളോടാരെങ്കിലും ഇപ്പോ കാശ് ചോദിച്ചാ. ആന്റപ്പേട്ടന്റെ സൌകര്യള്ളപ്പോ തന്നാല്‍ മതി. ഇനിയിപ്പോ തന്നീല്ല്യേല്ലും കുഴപ്പമില്ല. അപ്പോ വൈകീട്ട് കാണാംട്ടാ.

വൈകീട്ടാ? എവിടെ?

ഷാപ്പില്.

ജോസേ, നീ എറച്ചി വെട്ടാന്‍ നോക്ക്യേ. ഞാന്‍ കുടിയൊക്കെ നിറുത്തി.

ആന്റപ്പേട്ടന്‍ കുടി നിറുത്തീന്നാ.....ബൂ ഹ ഹ......ഇമ്മിണി പുളിക്കും. സന്ധ്യ കഴിഞ്ഞിട്ട് മ്മക്ക് നോക്കാം.

നോക്കിക്കൊറാ കന്നാലീ നീയ്യ്. സന്ധ്യയല്ലാ ഇനി പിണ്ടിപെരുന്നാള് വന്നാല്‍ പോലും ആന്റപ്പന്‍ കുപ്പി തൊടില്ല്യറാന്നും പറഞ്ഞ്, തേക്കിലപൊതിയുമായി ആന്റപ്പേട്ടന്‍ വീട്ടിലേക്ക് പോയി.

ദിവസങ്ങള്‍ പലതും കൊഴിഞ്ഞുപോയി. ആന്റപ്പേട്ടന്‍ ഒരു തുള്ളിപോലും കുടിച്ചില്ല.

സന്ധ്യാ സമയങ്ങളില്‍ പതിവുള്ള ആന്റപ്പേട്ടന്റെ പ്രാര്‍ത്ഥനാ/സ്തുതി ഗീതങ്ങള്‍ കേള്‍ക്കാന്‍ സാധിക്കാത്തതില്‍ സ്ഥലത്തെ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനീകളും, യുവതീ യുവാക്കളും ഒരുപോലെ ദുഃഖിതരായി.

മേരിചേടത്തിയെ സംബന്ധിച്ച് സമാധാനത്തിന്റെയും ഭക്തിയുടേയും ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളുമായിരുന്നു പിന്നീടു വന്നവ. കാരണം ആന്റപ്പേട്ടന്‍ കള്ള് കുടിച്ചില്ല, മറിച്ച്, എരുമയെ തീറ്റി, വാഴക്കും, തെങ്ങിനും തടമെടുത്ത് വെള്ളം തിരിച്ച്, പട്ടികളെ ഓമനിച്ച്, വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥനചൊല്ലി, ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയി, ഉച്ചക്ക് പോത്തിറച്ചി കൂട്ടി ചോറുണ്ട് അവരുടെ ദാമ്പത്ത്യത്തിന് പിന്നേയും ചെറുപ്പമായി. ഇണക്കുരുവികളെ പോലെ വൈകുന്നേരങ്ങളില്‍ അവര്‍ കൊക്കുരുമ്മി, കൊച്ചു വര്‍ത്തമാനം പറഞ്ഞ് ഉമ്മറകോലായിരിലിരുന്നു.

ചേലൂര്‍ പള്ളിയിലെ പിണ്ടി പെരുന്നാള്‍ കഴിഞ്ഞു, ഇടക്കുളം പള്ളിയിലെ അമ്പ് പെരുന്നാള്‍ കഴിഞ്ഞു, എന്തിന് ഇരിങ്ങാലക്കുട പള്ളിയിലെ പിണ്ടി പെരുന്നാള് പോലും കഴിഞ്ഞു പക്ഷെ ആന്റപ്പേട്ടന്‍ ഒരു തുള്ളി പോലും തൊട്ടില്ല.

ആന്റപ്പേട്ടന്‍ മൊത്തമായി മാറികഴിഞ്ഞെന്ന് പള്ളീലച്ഛനും, നാട്ടുകാരും എന്തിന് കര്‍ത്താവ് വരെ അരക്കിട്ടുറപ്പിച്ചു.

എരുമയെ തീറ്റാന്‍ പോകുമ്പോള്‍ എരുമയെ കെട്ടിയിട്ട്, പാര്‍ക്കിന്റെ മതിലിരുന്ന് ക്രിക്കറ്റ് കളികാണുന്ന ഹോബിയും ആന്റപ്പേട്ടന്‍ ഈ കാലയളവില്‍ വളര്‍ത്തിയെടുത്തു.

അന്നും പതിവുപോലെ എരുമകളെ കെട്ടിയിട്ട്, പാര്‍ക്കിന്റെ അരമതിലില്‍ ഇരുന്ന് ആന്റപ്പേട്ടന്‍ കണ്ഠേശ്വരം ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബ് വെഴ്സസ് കൊരുമ്പിശ്ശേരി ഫൈന്‍ ആര്‍ട്സ് ക്ലബ്ബുമായുള്ള വാശിയേറിയ മാച്ച് കാണുകയായിരുന്നു. രണ്ടേ രണ്ട് ബോളുകള്‍ മാത്രം അവശേഷിക്കുന്നു. കണ്ഠേശ്വരം ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബിനു ജയിക്കാനാണേല്‍ നാലു റണ്‍സും വേണം.

ബൌള്‍ ചെയ്യുന്നത് കൊരുമ്പിശ്ശേരി ഫൈന്‍ ആര്‍ട്സിലെ ലതീഷും, ബാറ്റ് ചെയ്യുന്നത് ആന്റപ്പേട്ടന്റെ പെങ്ങളുടെ മകനും, കണ്ഠേശ്വരം ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബിലെ സൂപ്പര്‍ താരവുമായ ലാസര്‍.

കാണികളായ നാട്ടുകാര്‍ എല്ലാവരും ശ്വാസമടക്കി അതീവശ്രദ്ധയോടെ പിച്ചിലേക്ക് കണ്ണും നട്ടിരിക്കുന്നു.

അതാ, ലതീഷ് ഓടി വന്ന് പന്തെറിയുന്നു, സര്‍വ്വ ശക്തിയും സംഭരിച്ചുകൊണ്ട് ലാസര്‍ ബാറ്റാല്‍ ആഞ്ഞു വീശുന്നു. ഉയര്‍ന്ന് പാഞ്ഞ പന്ത് ബൌണ്ട്രിയും ക്രോസ്സ് ചെയ്ത് ഒരുല്‍ക്ക പോലെ ആന്റപ്പേട്ടന്റെ തലയില്‍ പതിച്ചു.

കണ്ഠേശ്വരം ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ കയ്യടിയും, വിസിലടിയും നടത്തി അര്‍മ്മാദിച്ചിരുന്ന കാണികള്‍ കാറ്റത്താടുന്ന വാഴകൈ പോലെ, ആടിയാടി നില്‍ക്കുകയായിരുന്ന ആന്റപ്പനെ കണ്ടെങ്കിലും കാര്യമായെടുത്തില്ല.

എരുമയെ തീറ്റാന്‍ പോയ ആന്റപ്പേട്ടന്‍ സന്ധ്യകഴിഞ്ഞിട്ടും എത്താത്തതെന്താണാവോ കര്‍ത്താവേന്ന് ചിന്തിച്ച് മേരിചേടത്തി ഇരിക്കുമ്പോള്‍ ദൂരേന്ന് കേട്ടു ആന്റപ്പേട്ടന്റെ ദേവീ സ്മരണ. താനാരോ, തന്നാരോ തക താനാരോ തന്നാരോ... ആന്റപ്പേട്ടന്‍ പാടി നിറുത്തിയതിന്റെ തൊട്ട് പിന്നാലെ ദാ വേറെ ഒരു ശബ്ദവും ഏറ്റ് പിടിക്കുന്നു, താനാരോ, തന്നാരോ തക താനാരോ തന്നാരോ. ഇതാരടപ്പാ ഡ്യുവറ്റ് പാടുന്നതെന്ന ആശയകുഴപ്പത്തില്‍ മേരിചേടത്തി നില്‍ക്കുമ്പോള്‍ ഉടുത്ത മുണ്ടുരിഞ്ഞ് തലയില്‍ കെട്ടി, റോഡിന്റെ വീതിയും നീളവും മൊത്തമായി അളന്നും കൊണ്ട് വളവ് തിരിഞ്ഞു വരുന്ന ആന്റപ്പേട്ടനും, ആന്റപ്പേട്ടന്റെ തോളോട് തോളുരുമ്മി ഒപ്പത്തിനൊപ്പം പ്രാര്‍ത്ഥനയെത്തിക്കുന്ന ഇറച്ചി ജോസും.

Thursday, December 06, 2007

ജാതക ഫലം

സമയം സന്ധ്യയോടടുത്തു.

അപ്പുക്കുട്ടപണിക്കര്, പേരയിലയും, പുളിയിലയും, ആര്യവേപ്പിലയുമിട്ട് മരുമകള്‍ ചൂടാക്കി വച്ച വെള്ളത്തിലുള്ള കുളിയും കഴിഞ്ഞ് വേച്ച് വേച്ച് വീടിന്റെ ഉമ്മറകോലായിലെത്തി, ഏന്തി വലിഞ്ഞ് ഭസ്മതൊട്ടിയില്‍ നിന്ന് ഭസ്മം നുള്ളിയെടുത്ത് നെറ്റിയില്‍ തൊട്ടു, ആകാശത്തേക്ക് നോക്കി കൈക്കൂപ്പി സൂര്യഭഗവാനെ തൊഴുതു. മരുമകള്‍ കൊളുത്തി വച്ച നിലവിളക്ക് ഉമ്മറക്കോലായിലിരുന്നെരിയുന്നതിന്റെ അടുത്തായി ഇട്ടിരുന്ന ചാരുകസേരയിലിരുന്ന് രാമനാമം ചൊല്ലാന്‍ തുടങ്ങി.

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ...

കഞ്ഞി വെന്തുവോ? അകത്തേക്ക് നോക്കി അപ്പുക്കുട്ടപണിക്കര് വിളിച്ചു ചോദിച്ചു,

സന്ധ്യമയങ്ങിയിട്ട് അധിക സമയമായില്ലല്ലോ ദൈവമേ! ഇന്നെന്താ പതിവില്ലാതെ ഇത്രയും നേരത്തെ തന്നെ അച്ഛന്‍ കഞ്ഞി ചോദിക്കുന്നത് എന്നാലോചിച്ചുകൊണ്ട്, പുകയുന്ന വിറകുകൊള്ളി അടുപ്പിലേക്ക് തള്ളിവെച്ച്, കയ്യിലെ ഇരുമ്പ് കുഴലിലൂടെ പാര്‍വ്വതി അടുപ്പിലേക്ക് ആഞ്ഞ് ഊതി. ഉശ്...ഉശ്..... ഉയര്‍ന്നുപൊങ്ങിയ പുകചുരുളുകള്‍ വ്യത്യസ്ഥ രൂപങ്ങള്‍ സ്വീകരിച്ച് അനാഥപ്രേതങ്ങളെപോലെ ആ കൊച്ചടുക്കളയില്‍ ചുറ്റിയലഞ്ഞപ്പോള്‍ എരിഞ്ഞ കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ ഇടത് കൈത്തലം കൊണ്ട് പാര്‍വ്വതി തുടച്ച് മാറ്റി.

മോളേ പാര്‍വ്വതീ, കഞ്ഞി വെന്തോ കുട്ടീ? അപ്പുക്കുട്ടപണിക്കരുടെ ശബ്ദം വീണ്ടും കേട്ടു.

ഉവ്വച്ഛാ, കഞ്ഞി വെന്തു, ദാ കൊണ്ടു വരുന്നു. കവിടി പിഞ്ഞാണത്തിലേക്ക് കഞ്ഞി പകര്‍ന്ന്, ചമ്മന്തിയും, ചുട്ട പപ്പടവുമായി പാര്‍വ്വതി ഉമ്മറത്തെത്തി.

അച്ഛന്‍ ഇരിക്ക്യാ, ഒപ്പം കൂട്ടാന്‍ രണ്ട് പപ്പടം ചുടുകയായിരുന്നു ഞാന്‍, പാര്‍വ്വതി പറഞ്ഞു.

നിലവെളുക്ക് കെടുത്തി പാര്‍വ്വതി അകത്തേക്കെടുത്ത് വച്ചു.

ശ്രീധരനെവിടെ പോയി മോളെ?

തെക്കേ വീട്ടീന്ന് പാലിന്റെ പൈസ വാങ്ങീട്ട്, പശൂന് പിണ്ണാക്കും, പരുത്തിക്കുര്വോം വാങ്ങി വരാം എന്ന് പറഞ്ഞ് പോയതാ, ഇപ്പോള്‍ വരുമായിരിക്കും.

തെക്കേ വീട്ടീന്ന് പാലിന്റെ പൈസ വാങ്ങാന്‍ പോയോന്‍ ഇനി എന്നെ തെക്കോട്ടെടുത്തിട്ടാവും വരവ്. പൈസാന്ന് വച്ചാല്‍ ഇങ്ങനേം ഒരാര്‍ത്തീണ്ടോ മനുഷ്യന്? എന്റെ മോനായി പിറന്നൂലോ ദൈവമേ ഈ കുരുത്തം കെട്ടവന്‍‍. കെട്ടികൊണ്ട് വന്ന ഈ പെങ്കുട്ട്യേം അവന്‍ കണ്ണീര് കുടിപ്പിക്കും. ദശമൂലാരിഷ്ടം തീര്‍ന്നത് വാങ്ങാന്‍ പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു, പിണ്ണാക്കും പരുത്തിക്കുരുവും അവന്‍ വാങ്ങിവരും, കാരണം പശുവിനത് അരച്ചുകൊടുത്താല്‍ നാഴിയില്ലെങ്കിലും നാവൂരി പാലെങ്കിലും അധികം കിട്ടും. എനിക്ക് ദശമൂലാരിഷ്ടം വാങ്ങി വന്നിട്ടെന്ത് കിട്ടാന്‍? കര്‍മ്മ ഫലം, കര്‍മ്മ ഫലം, പിഞ്ഞാണത്തിലെ അവസാന വറ്റും പ്ലാവിലക്കരണ്ടിയാല്‍ വടിച്ചെടുത്ത്, അപ്പുക്കുട്ടപണിക്കര്‍ പിറുപിറുത്തു.

നല്ല വിശപ്പുണ്ട് ഇന്ന്, കഞ്ഞിയുണ്ടേല്‍ അല്പം കൂടെ ഒഴിക്ക് മോളേ.

സാധാരണ ദിവസങ്ങളില്‍ ഒഴിക്കുന്നത് തന്നെ അച്ഛന്‍ മുഴുവന്‍ കഴിക്കാറില്ല, ഇന്നിപ്പോള്‍ പതിവില്ലാതെ രണ്ടാമതും ചോദിച്ചപ്പോള്‍ സന്തോഷത്തോടെ പാര്‍വ്വതി കവിടിപിഞ്ഞാണത്തിലേക്ക് പിന്നേയും കഞ്ഞി പകര്‍ന്നു കൊടുത്തു.

പപ്പടം വേണോ അച്ഛാ ഇനി?

വേണ്ട മോളെ നെഞ്ചെരിയുന്നു. നീ രണ്ടാമതൊഴിച്ച കഞ്ഞി തന്നെ കഴിക്കാന്‍ പറ്റുമെന്ന് തോന്ന്ണില്ല്യ. ഇന്നെന്തോ ഇതെന്റെ അവസാനത്ത്യായിരിക്കും എന്നൊരു തോന്നല്‍. മോളൊന്ന് പോയി എന്റെ കട്ടിലിലെ വിരിയൊന്ന് കുടഞ്ഞ് വിരിച്ചേക്ക്. ഞാന്‍ കൈകഴുകിയിട്ടൊന്ന് കിടക്കട്ടെ.

അങ്ങനെയൊന്നും പറയണ്ട അച്ഛാ. അതൊക്കെ അച്ഛന്റെ വെറും തോന്നലാ, അച്ഛന്‍ കൈകഴുകിവന്നോളൂ, ഞാന്‍ അപ്പോഴേക്കും കിടക്ക വിരി മാറ്റിവിരിക്കാം,

പാര്‍വ്വതി കിടക്കവിരി മാറ്റിവിരിച്ച് വന്നപ്പോഴേക്കും, അപ്പുക്കുട്ടപണിക്കര് കഞ്ഞികുടിമതിയാക്കി കൈ കഴുകി വന്നിരുന്നു.

വയ്യെങ്കില്‍ അച്ഛന്‍ പോയി കിടന്നോളൂ അച്ഛാ.

ശരി, ശ്രീധരന്‍ വന്നാല്‍ ഞാന്‍ ഉറങ്ങിപോയാലും എന്നെ ഒന്ന് വിളിക്കണം. വളരെ അത്യാവശ്യമായി അവനോട് ചിലകാര്യങ്ങള്‍ പറയാനുണ്ട്.

അപ്പുക്കുട്ടപണിക്കര്‍, നെഞ്ചും തടവികൊണ്ട് അകത്തേക്ക് പോയപ്പോള്‍, അച്ഛന്‍ കഞ്ഞികുടിച്ച പാത്രമെടുത്ത് പാര്‍വ്വതി അടുക്കളവശത്തേക്ക് പോകാന്‍ തുടങ്ങിയതും, ശ്രീധരന്‍ എത്തി.

അച്ഛന്‍ ഇന്ന് നേരത്തെ ഉറങ്ങിയോ? കയ്യിലെ സഞ്ചി പാര്‍വ്വതിക്ക് കൈമാറികൊണ്ട് ശ്രീധരന്‍ ചോദിച്ചു.

ഏയ് ഇപ്പോള്‍ കഞ്ഞി കുടിച്ച് നെഞ്ചെരിയുന്നെന്നും പറഞ്ഞ് പോയതേയുള്ളൂ. നിങ്ങള്‍ വന്നാല്‍ എന്തായാലും വിളിക്കണമെന്ന് പറഞ്ഞിരുന്നു.

അച്ഛന്റെ ദശമൂലാരിഷ്ടം ഇന്ന് ഞാന്‍ വാങ്ങി കൊണ്ട് വന്നിട്ടുണ്ട്. അതച്ഛനു കൊണ്ടു കൊടുക്കാം, സന്തോഷമാകും.

എത്രനാളായി മനുഷ്യാ ആ പാവം അല്പം ദശമൂലാരിഷ്ടം വാങ്ങി കൊണ്ടുവരുവാന്‍ പറഞ്ഞിട്ട്? സ്വന്തം അച്ഛനു വേണ്ടിപോലും നയാ പൈസ ചിലവാക്കാത്ത നിങ്ങള്‍ക്ക് വെറുതെയല്ല കുട്ടികളുണ്ടാവാത്തെ! പാര്‍വ്വതിയുടെ മനസ്സിനുള്ളിലെ ദ്വേഷ്യം പുറത്ത് ചാടി.

അതേടീ, പൈസ ചിലവാക്കാന്‍ എനിക്ക് സൌകര്യമില്ല. ദശമൂലാരിഷ്ടത്തിനൊക്കെ ഇപ്പോ എന്താ വില! പടുകിളവന് വേണ്ടി അത്രയും പൈസ ചിലവാക്കാന്‍ എനിക്ക് നല്ല ദെണ്ണമുണ്ടെന്ന് തന്നെ കൂട്ടിക്കോ.

എന്താ അയാള് പറയാറ്?

തലയിരിക്കുമ്പോള്‍ വാലാടണ്ട. ഞാന്‍ ഇരിക്കുമ്പോള്‍ വീട്ടിലിരുന്ന് നീ ജ്യോതിഷോം, ഗണിതോം ഒന്നും നോക്കണ്ടാന്ന്. ഇപ്പോ നാട്ടുകാര് ആണുങ്ങളെ കൊണ്ട് ജാതകോം, മുഹൂര്‍ത്തോം, നോക്കിപ്പിച്ച് ചോദിച്ച കാശും കൊടുത്ത് നടക്കുമ്പോള്‍, ഞാനിവിടെ കഷ്ടപെട്ട് പശൂനേം തീറ്റീം, പാലില്‍ വെള്ളം ചേര്‍ത്തും, പുറത്തെവിടെയെങ്കിലും വല്ലപ്പോഴും കിട്ടുന്ന ജാതകപൊരുത്തം നോക്കലും,കല്യാണമുഹൂര്‍ത്തം കുറിക്കലും ഒക്കെ ചെയ്തുണ്ടാക്കുന്ന കാശാ. ചിലവാക്കാനിത്തിരി പ്രയാസമുണ്ടെന്ന് തന്നെ കൂട്ടിക്കോ.

ഹാവൂ, ഇപ്പോഴെങ്കിലും തോന്നിയല്ലോ നിങ്ങള്‍ക്ക്, നാട്ടുകാര് ആണുങ്ങളെകൊണ്ടാണ് നോക്കിപ്പിക്കുന്നതെന്ന്.

എരണം കെട്ടവളെ നീ എന്റേന്ന് വാങ്ങണ്ട വെറുതെ, ശ്രീധരന്‍ ചൂടായി.

കാര്യം പറയുമ്പോള്‍ ചൂടാകാതെ അച്ഛന്‍ എന്തിനാ വിളിച്ചേന്ന് പോയി ചോദിക്ക് മനുഷ്യാ.

അച്ഛാ, ദാ ദശമൂലാരിഷ്ടം കൊണ്ട് വന്നിട്ടുണ്ട്.

അച്ഛന്‍ എന്താ കാണണം എന്ന് പറഞ്ഞത്?

ആയാസപെട്ട് അപ്പുക്കുട്ടപണിക്കര്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. ദശമൂലാരിഷ്ടത്തിന്റെ (വൈനിനു തുല്യമല്ലെങ്കിലും ലഹരിയുണ്ട്‍) കുപ്പിയില്‍ നിന്നും ഔണ്‍സ് ഗ്ലാസിലേക്ക് രണ്ട് ഔണ്‍സ് പകര്‍ന്നു കുടിച്ചു. പിന്നെ നിവര്‍ന്നിരുന്നുകൊണ്ട് പറഞ്ഞു, ശ്രീധരാ, ജാതകവശാല്‍ എന്റെ ആയുസ്സ് കഴിയാറായി. എപ്പോ വേണമെങ്കിലും കാലന്‍, കാലമാടന്‍, കാലപാശവുമായി, പോത്തിന്‍ പുറത്ത് കയറിയിങ്ങെത്താം. ഞാന്‍ മരിച്ചാല്‍ കിഴക്കേപുറത്തെ ഞാന്‍ നട്ടുവളര്‍ത്തിയ മാവ് തന്നെ വെട്ടി എന്നെ ദഹിപ്പിക്കണം.

അതുകേട്ട ശ്രീധരനൊന്നുഷാറായി, കട്ടിലിന്റെ അടുത്തിരുന്നു, അച്ഛന്റെ കൈപിടിച്ച് മുഖത്ത് ശോക ഭാവം വരുത്തികൊണ്ട് പറഞ്ഞു, ഏയ് അങ്ങനെയൊന്നും സംഭവിക്കില്ലച്ഛാ. ഈ ജാതകം എന്നൊക്കെ പറയുന്നത് അന്യരുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കും, ഇങ്ങനെ സംഭവിക്കും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാനുള്ളതല്ലെ?

അവിടെയാ നീ പിഴച്ചത് ശ്രീധരാ. ഇത്രകാലവും ജ്യോതിഷം പഠിച്ചിട്ടും, പരിശീലിച്ചിട്ടും ജ്യോതിഷത്തെ നീ ശരിയായി മനസ്സിലാക്കാതെ പോകുന്നതും, അവിശ്വസിക്കുന്നതും നിനക്ക് ദോഷമേ വരുത്തൂ. ജനിച്ച സമയവും, തിയതിയും, സ്ഥലവും, ഒക്കെ ശരിയാണെങ്കില്‍ ദൈവാനുഗ്രഹമുള്ള ഒരു ജ്യോത്സന്‍ എഴുതുന്ന ജാതകം കണിശമായിരിക്കും, കൃത്യമായിരിക്കും.

ശരി, അച്ഛന്‍ കാര്യം പറ.

ദശമൂലാരിഷ്ടത്തിന്റെ കുപ്പിയെടുത്ത് അടപ്പു തുറന്ന് ഔണ്‍സ് ഗ്ലാസ് കയ്യിലെടുത്ത് അപ്പുക്കുട്ടപണിക്കര്‍ ഒരു നിമിഷം ആലോചനാ നിമഗ്നനായി, പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ ഔണ്‍സ് ഗ്ലാസ് തിരികെ വെച്ച് കുപ്പി മൊത്തമായി വായിലേക്ക് കമഴ്ത്തി. കാലികുപ്പി കട്ടിലിനടിയില്‍ വച്ചു. പിന്നെ തലയിണകീഴില്‍ നിന്നും കവിടി സഞ്ചി എടുത്ത് ശ്രീധരനു കൈമാറി കൊണ്ട് പറഞ്ഞു, ഇനി എനിക്കിതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല, നീ വച്ചുകൊള്ളൂ. ഞാന്‍ നിന്റെ ജാതകഫലം നോക്കിയിട്ടുണ്ട്. നീ നല്ല ജ്യോതിഷിയാകും, പക്ഷെ സൂര്യാസ്തമനത്തിനുശേഷം ഒരിക്കലും കവിടിനിരത്താനോ, ജാതകഫലം നോക്കാനോ പാടില്ല. നീ സമ്പത്ത് നേടും, പേരും പ്രശസ്തിയും നേടും. പാര്‍വ്വതി പാവമാ, പക്ഷെ പാര്‍വ്വതി പാ!

പറയൂ അച്ഛാ.

പാര്‍.....പാര്‍വ്വ.....പാര്‍വ്വതി.............പാ!!!!

വാക്കുകള്‍ മുഴുവനാക്കാന്‍ കഴിയുന്നതിനുമുന്‍പേ അപ്പുകുട്ടപണിക്കര്‍ കുഴഞ്ഞുവീണു, ശ്രീധരന്റെ കയ്യില്‍ മുറുകെ പിടിച്ചു, കണ്ണൂകള്‍ മുകളിലേക്ക് മിഴിഞ്ഞു, ഊര്‍ദ്ധന്‍ വലിച്ചു, മിഴിഞ്ഞ കണ്ണുകള്‍ അടഞ്ഞു, ശ്രീധരനെ പിടിച്ചിരുന്ന കൈ അയഞ്ഞു, തല ഒരു വശത്തേക്ക് ചെരിഞ്ഞു.

അച്ഛന് അവസാനമായി ഒരു തുള്ളി ഗംഗാജലം കൊടുക്കാന്‍ സാധിക്കാഞ്ഞതില്‍ ശ്രീധരന്‍ ആദ്യം പരിതപിച്ചെങ്കിലും, പകരം അതിലും മെച്ചപെട്ട ദശമൂലാരിഷ്ടം കൊടുക്കാന്‍ സാധിച്ചല്ലോ എന്നോര്‍ത്ത് പിന്നെ സമാധാനിച്ചു.

പാര്‍വ്വതിക്കൊരു ഷോക്കാതിരിക്കുവാനായി ശബ്ദമുണ്ടാക്കാതെ ശ്രീധരന്‍ അകത്തേക്ക് നടന്ന് ചെന്ന് അച്ഛന്‍ മരിച്ച കാര്യം ധരിപ്പിച്ചു. മരിച്ചുപോയ തന്റെ അച്ഛനേക്കാള്‍ അധികം അമ്മായച്ഛനെ സ്നേഹിച്ചിരുന്ന ആ മരുമകള്‍ക്ക് ആ വാര്‍ത്ത കേട്ടിട്ടൊട്ടും പിടിച്ച് നില്‍ക്കാനായില്ല, നെഞ്ചത്തടിച്ചു പാര്‍വ്വതി നിലവിളിക്കാന്‍ തുടങ്ങി.

പാര്‍വ്വതിയുടെ കരച്ചിലുയര്‍ന്ന് അയല്‍പ്പക്കത്തേക്കെത്തിയപ്പോള്‍, അച്ഛന്‍ മരിച്ചിട്ട് താന്‍ കരയാതെ നിന്നാല്‍ നാട്ടാര്‍ക്കെന്തു തോന്നും എന്ന് കരുതി ശ്രീധരനും ഒപ്പം കരഞ്ഞു. നാട്ടുകാര്‍ ഓടികൂടി, സ്ത്രീകള്‍ പാര്‍വ്വതിയെ സമാധാനിപ്പിച്ചപ്പോള്‍, പുരുഷന്മാര്‍ കരഞ്ഞു കരഞ്ഞു കണ്ണുനീര്‍ വറ്റിയ ശ്രീധരനോട് ദഹിപ്പിക്കുന്നതിന്റെ പറ്റി സംസാരിച്ചു.

കിഴക്കേപുറത്ത് അച്ഛന്‍ നട്ടുവളര്‍ത്തിയ മാവ് നല്ല കായ്ഫലമുള്ളതാകയാല്‍, അച്ഛന്റെ അന്ത്യാഭിലാഷം ശ്രീധരന്‍ സ്വന്തം മനസ്സില്‍ തന്നെ ദഹിപ്പിക്കുകയും, അച്ഛനെ ദഹിപ്പിക്കാന്‍ വടക്കേപ്പുറത്തെ കായ്ക്കാത്ത മാവ് മുറിക്കാനുള്ള ഏര്‍പ്പാടാക്കുകയും ചെയ്തു.

അച്ഛന്റെ ശരീരം ദഹിപ്പിച്ചു, പതിനാറടിയന്തിരവും കഴിഞ്ഞു. കുഴിക്കു മുകളില്‍ വച്ച വാഴ കരിയും മുന്‍പേ നാട്ടുകാര്‍ കണ്ടത്, നിങ്ങളുടെ എല്ലാവിധ ജ്യോതിഷ പ്രശ്നങ്ങള്‍ക്കും സമീപിക്കുക ജ്യോത്സ്യന്‍ ശ്രീധരപണിക്കര്‍ എന്ന ബോര്‍ഡ് ശ്രീധരന്റെ വീടിനു മുന്നില്‍ തൂങ്ങുന്നതാണ്.

ആദ്യകാലങ്ങളിലൊന്നും ആരും വരാറില്ലായിരുന്നെങ്കിലും കാലക്രമേണ അന്ധവിശ്വാസികള്‍ വര്‍ദ്ധിക്കുകയും ശ്രീധരന്റെ വീട്ടിലേക്ക്ക്ക് ജാതകവുമായി വരുന്നവരുടെ എണ്ണം കൂടുകയും ചെയ്തപ്പോള്‍ പശുക്കളെയെല്ലാം വിറ്റ് ശ്രീധരന്‍ ഫുള്‍ ടൈം ജ്യോതിഷിയാവുകയും, ആളുകളുടെ തിരക്ക് പിന്നേയും ക്രമാതീതമായി വര്‍ദ്ധിച്ചതോടെ വരുമാനവും സങ്കല്‍പ്പത്തിനതീതമായി വര്‍ദ്ധിക്കുകയും ചെയ്തു.

ശ്രീധരന്‍ പഴയ വീടിനോട് ചേര്‍ന്ന് അരയേക്കര്‍ പുരയിടം പാര്‍വ്വതിയുടെ പേരില്‍ വാങ്ങുകയും, അതില്‍ മനോഹരമായ ഇരുനിലകെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു. പഴയ വീട്ടില്‍ നിന്നും പുതിയ വീട്ടിലേക്ക് മാറി താമസിച്ചപ്പോള്‍, ജ്യോത്സ്യന്‍ ശ്രീധരപണിക്കര്‍ എന്ന പഴയ ബോര്‍ഡിനു പകരം വീട്ടുമതിലില്‍ ജ്യോതിഷരത്നം ശ്രീ ശ്രീധരപണിക്കര്‍ എന്ന് മാര്‍ബിള്‍ ഫലകത്തില്‍ പതിച്ചു. മാരുതി എസ്റ്റീം കാറ് വാങ്ങി. ഓടിക്കാനറിയാത്തതിനാല്‍, പാര്‍വ്വതിക്കിഷ്ടമില്ലാഞ്ഞിട്ടും, ശ്രീധരന്റെ അകന്ന ബന്ധത്തിലുള്ള വിക്രമനെന്ന സത്സ്വഭാവിയും, സത്യസന്ധനുമായ യുവാവിനെ ഡ്രൈവറായി നിയമിച്ചു.

പണം കൂടുന്നതിന്നനുസരിച്ച് ശ്രീധരന്റെ ആര്‍ത്തിയും കൂടി. പൂജാവിധികളും, മന്ത്ര, തന്ത്രങ്ങളും വശമുള്ള പലരേയും കൂട്ട് പിടിച്ച് വരുന്ന വിശ്വാസികളെ കൊണ്ട് ഹോമങ്ങള്‍, മാട്ട്, മാരണം, കൂടോത്രം, വിവിധ തരം ഏലസ്സുകള്‍, എന്ന് വേണ്ട നിലവിലുള്ള സര്‍വ്വ ഐറ്റംസും ചെയ്യിപ്പിച്ച് പൈസ പിഴിഞ്ഞു. കിട്ടുന്ന പണം അത്രയും ശ്രീധരന്‍ പാര്‍വ്വതിയുടെ പേരില്‍ നിക്ഷേപിച്ചു. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടി.

എനിക്ക് സ്വര്‍ണ്ണമൊന്നും വേണ്ട, നിങ്ങള്‍ അല്പം സമയം എന്റെ കൂടെ ചിലവഴിച്ചാല്‍ മതിയെന്ന പാര്‍വ്വതിയുടെ പരിഭവം ശ്രീധരന്‍ വകവച്ചില്ല. രാവിലെ മുതല്‍ പാതിരാത്രി വരെ കവിടി നിരത്തലും, പ്രശ്നം വക്കലും തന്നെ.

സൂര്യാസ്തമനത്തിനുശേഷം കവിടിനിരത്തരുത് എന്നതൊഴിച്ച് അച്ഛന്‍ പറഞ്ഞ വാക്കുകളൊക്കെ ശ്രീധരന്‍ ഇടക്കിടെ വെറുതെ ഓര്‍ത്തു.

അച്ഛന്റെ പ്രവചനം പോലെ തന്നെ ശ്രീധരന്‍ നല്ല ജ്യോതിഷിയായി, സമ്പത്ത് നേടി, പേരും പ്രശസ്തിയും നേടി.

പക്ഷെ പാര്‍വ്വതി പാ! - ഹിതെന്തു കുന്തം?

ഇടക്കിടെ ഈ വാക്കുകള്‍ മനസ്സിലേക്ക് വെറുതെ ഓടിയെത്തും.

പക്ഷെ പാര്‍വ്വതി പാ! - എന്തായിരിക്കും അച്ഛന്‍ പറയാനുദ്ദേശിച്ചതെന്നോര്‍ത്ത് ശ്രീധരന്‍ തലപുകച്ചു.

പറയാതെ പോയ ആ വാക്കുകള്‍ പൂരിപ്പിക്കാന്‍ എന്തായാലും ശ്രീധരന് അധികം നാള്‍ കാത്തിരിക്കേണ്ടി വന്നില്ല. ഗുരുവായൂരിലെ, ഒരു വീട്ടില്‍ മൂന്ന് ദിവസത്തെ ജ്യോതിഷ, ഹോമ, പൂജാധികള്‍ കഴിഞ്ഞ് മടങ്ങി വന്ന ശ്രീധരനേ കാത്ത് മേശപുറത്തൊരു കത്തുണ്ടായിരുന്നു. ഉള്ളടക്കം ഏതാണ്ടിപ്രകാരം.

ശ്രീധരേട്ടാ, മാപ്പ് ചോദിക്കുന്നില്ല കാരണം മാപ്പ് ചോദിക്കാന്‍ തക്ക തെറ്റൊന്നും ഞാന്‍ ചെയ്തു എന്നു വിശ്വസിക്കുന്നില്ല. വര്‍ഷങ്ങളായി എനിക്ക് വേണ്ടി അല്പം സമയം പോലും ചിലവഴിക്കാനോ, എന്നോടൊന്ന് കാര്യമായി സംസാരിക്കാനോ ശ്രീധരേട്ടന് കഴിയാറില്ല. എനിക്കൊരു ഉണ്ണിയെ തരാന്‍ പോലും ശ്രീധരേട്ടന് ഇത്ര നാളായിട്ടും കഴിഞ്ഞിട്ടില്ല. പക്ഷെ ഒരു കാര്യത്തില്‍ നന്ദിയുണ്ട്, ഇത്രയും നാള്‍ സമ്പാദിച്ചതെല്ലാം എന്റെ പേരില്‍ നിക്ഷേപിച്ചതില്‍.

വീടിന്റെ ആധാരം ഞാന്‍ കോപ്പറേറ്റീവ് ബാങ്കില്‍ പണയപെടുത്തി ഇത്ര ലക്ഷം രൂപ വാങ്ങി!
ബാങ്കില്‍ നിക്ഷേപിച്ചിരുന്ന രൂപയെല്ലാം ഞാന്‍ പിന്‍ വലിച്ചു!
സ്വര്‍ണ്ണപണ്ടങ്ങള്‍ എല്ലാം ഞാന്‍ കൊണ്ട് പോകുന്നു!

പിന്നെ, ഞാന്‍ എങ്ങോട്ട് പോയി എന്ന ചോദ്യത്തിനു പ്രസക്തിയില്ലാത്തതിനാല്‍ അത് പറയുന്നില്ല, പക്ഷെ ആരുടെ കൂടെ പോയി എന്ന ചോദ്യത്തിന് പ്രസക്തിയുള്ളതിനാല്‍ പറയാതിരിക്കാനാവുന്നില്ല. ശ്രീധരേട്ടന്റെ തന്നെ ബന്ധുവും, സത്സ്വഭാവിയും, സത്യസന്ധനും, ദൃഡഗാത്രനും, പുരുഷലക്ഷണമൊത്തവനുമായ (ആ ശ്ലോകം ഏതാണെന്ന് എനിക്കോര്‍മ്മ വരുന്നില്ല, ജാതകപൊരുത്തം നോക്കാന്‍ വരുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് ഈ ശ്ലോകം പലതവണ ചൊല്ലി വിവരിക്കുന്നത് കേട്ട് ശീലിച്ചതിന്റെ ഓര്‍മ്മ മാത്രമെ എനിക്കുള്ളൂ)വിക്രമനുമൊത്ത് ഞാന്‍ നാടു വിടുന്നു.

തലച്ചുറ്റിയ ശ്രീധരന്‍ തപ്പിപിടിച്ച് സോഫയിലേക്കിരുന്നപ്പോള്‍ മനസ്സിലേക്കോടിയെത്തിയത് അച്ഛന്റെ അവസാന വാക്കുകളായിരുന്നു.

നീ നല്ല ജ്യോതിഷിയാകും, പക്ഷെ സൂര്യാസ്തമനത്തിനുശേഷം ഒരിക്കലും കവിടിനിരത്താനോ, ജാതകഫലം നോക്കാനോ പാടില്ല. നീ സമ്പത്ത് നേടും, പേരും പ്രശസ്തിയും നേടും. പാര്‍വ്വതി പാവമാ, പക്ഷെ പാര്‍വ്വതി പാ!

പാര്‍.....പാര്‍വ്വ.....പാര്‍വ്വതി.............പാ!!!!

പറയാന്‍ വിട്ടുപോയ വാക്കുകള്‍ ശ്രീധരന്‍ സ്വയം പൂരിപ്പിച്ചു........

പാര്‍വ്വതി പാരയാകും!