Wednesday, September 26, 2007

തെറ്റിദ്ധരിക്കപെടുന്നവ

അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഏതോ ഒരുവന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും പ്രസവം അടുക്കാറായെന്നും പ്രസവം നോക്കാനും, പ്രസവം കഴിഞ്ഞു പെണ്ണിനേയും കുഞ്ഞിനേയും നോക്കാനും മറ്റുമായി പെണ്ണിന്റെ അമ്മായിയമ്മയെ അഥവാ പെണ്ണിന്റെ ഭര്‍ത്താവിന്റെ അമ്മയെ, അമേരിക്കയിലേക്ക് കൊണ്ടു പോകുന്നുവെന്നും കേട്ട് ഞങ്ങള്‍ ചുമ്മാ ഒന്ന് ഞെട്ടി.

വല്ലവരും അമേരിക്കയിലേക്ക് പോകുന്നുവെന്ന് കേട്ട് ഞങ്ങള്‍ എന്തിനാ ഞെട്ടുന്നതെന്ന് ഓര്‍ത്ത് നിങ്ങള്‍ ഞെട്ടിയോ?

എങ്കില്‍ നിങ്ങള്‍ ഞെട്ടാന്‍ വരട്ടെ. ഞാന്‍ പറയുന്നത് മുഴുവന്‍ കേട്ടിട്ട് ഞെട്ടുകയോ പൊട്ടുകയോ നിങ്ങളുടെ സൌകര്യം പോലെ എന്താ വേണ്ടതെന്ന് വച്ചാല്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ.

ഈ പറയുന്ന അമ്മായിയമ്മ ഞങ്ങളുടെ ഹൌസ് മെയിഡാകുന്നു അല്ലെങ്കില്‍ ആയിരുന്നു. ഇന്നോ, ഇന്നലെയോ, മിനിഞ്ഞാന്നോ മുതലല്ല അവര്‍ ഞങ്ങളുടെ ഹൌസ് മെയിഡായി ജോലി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഞങ്ങളോടൊപ്പം താമസിച്ച്, ഞങ്ങളുടെ എണ്ണ, സോപ്പ്, ഷാമ്പൂ, എന്നിവ ഉപയോഗിച്ച്, ഒരേ ഭക്ഷണം കഴിച്ച് ഒരേ കുടുംബത്തിലെ അംഗം പോലെ കഴിഞ്ഞിരുന്ന അവര്‍ ലീവിനു നാട്ടിലേക്ക് വന്നതും തിരിച്ചു വന്നതും ഞങ്ങളോടൊപ്പമായിരുന്നു.

അങ്ങനെ ഒരു കുടുംബാംഗത്തെ പോലെ കഴിഞ്ഞിരുന്ന ഒരാള്‍ ലീവ് സാലറിയും വാങ്ങി നാട്ടില്‍ പോയി ലീവു കഴിഞ്ഞു വന്നതും, ഒരു സുപ്രഭാതത്തില്‍ പറയുന്നു, അതേ, ഞാന്‍ അമേരിക്കയിലേക്ക് പൂവാണട്ടാ. ഒക്കെ പെട്ടെന്നായിരുന്നു. എന്റെ മരുമോളുടെ പ്രസവം അടുത്തു. വിസയെല്ലാം ലീവിനു ചെന്നപ്പോ ഞാന്‍ മദ്രാസില്‍ പോയി അടിപ്പിച്ചു.

അല്ല ചേച്ചി മകന്റെ കാര്യം ഞങ്ങള്‍ ചോദിക്കുമ്പോഴെല്ലാം, കഷ്ടപെട്ട് പഠിപ്പിച്ച് വളര്‍ത്തിയ ഉമ്മാനോട് അവനല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ എനിക്ക് ഈ മരുഭൂമിയില്‍ വന്ന് കഷ്ടപെടേണ്ടി വരുമായിരുന്നാ എന്ന് നാഴികക്ക് മുപ്പത്തിയൊമ്പത് തവണ പറയണ ചേച്ചി പ്രസവം നോക്കാന്‍ പെണ്ണിന്റെ അമ്മയാണ് പോകുന്നത് എന്നറിഞ്ഞപ്പോള്‍ എനിക്കങ്ങനെ ഒരു മകനുമില്ല, ഒരു മരുമോളുമില്ല എന്ന് പറഞ്ഞ ചേച്ചി, ഇപ്പോ അമേരിക്കയിലേക്ക് പെട്ടെന്ന് പോകുവാനുള്ള കാരണം?

അതാ, അത് പടച്ചവന്റെ ഓരോ കളികളല്ലെ? ആ എരണം കെട്ടവളുണ്ടല്ല, എന്റെ മരുമോളുടെ ഉമ്മ. അവളാണല്ല അമേരിക്കയിലേക്ക് പോവാന്‍ എന്നെകുറിച്ച് ഓതി ഓതി അവനെ തിരിപ്പിച്ച്, വിസാക്കുള്ള പേപ്പറും ശരിയാക്കി, ജീന്‍സും, ടോപ്പും വാങ്ങി,പെട്ട്യേം പാക്ക് ചെയ്ത് കാത്തിരുന്നത്. അവള് വീണ് കയ്യും കാലും, തണ്ടലും, എല്ലാം ഒടിഞ്ഞ് മക്കാറായി. പടച്ചവന്റെ കൃപയാല് ചുടുകാട്ടിലിക്ക് കെട്ടിയെടുക്കേണ്ടി വന്നില്ല. അപ്പോ എന്റെ മോന് ഉമ്മാനോട് സ്നേഹം തോന്നി, ഉമ്മാനോട് ഇപ്പോള്‍ തോന്നിയ സ്നേഹത്തിന്റെ കാരണോം എനിക്കറിയാം. അബടെ എണ്ണികൊടുക്കണം മണിക്കൂറിന് ഡോളറില്‍. ഞാനാകുമ്പോ ടിക്കറ്റു മാത്രം മതിയല്ല. അല്ലാണ്ടവനുണ്ടാ എന്നെ കൊണ്ട് പോകാന്‍ പോണ്. പെണ്ണുകെട്ടി ഒപ്പം കെടന്നപ്പോ തുടങ്ങിയതാ അവന് എന്നോടുള്ള ഒരകല്‍ച്ച.

പിന്നെ ഞാന്‍ പോകാന്ന് കരുതീത് തന്നെ, അമേരിക്ക കാണണം എന്ന് നല്ല് പൂതീള്ളത് കാരണാ. ജര്‍മ്മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്റ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ താമസിച്ച് ഇന്ത്യക്കാരായ പല പല ഏംബസ്സിക്കാരുടെ വീട്ടില്‍ ജോലി ചെയ്തപ്പോ തൊട്ടുള്ള പൂതിയാ അമേരിക്കക്കും, ഹജ്ജിനും ഒന്ന് പോണംന്ന്. ഹജ്ജിന് നാലഞ്ച് വര്‍ഷം മുന്‍പേ ഖത്തറിലായിരുന്നപ്പോള്‍ തന്നെ പോയി, ഇപ്പോ ദാ അമേരിക്കയില്‍ പോവാനും അവസരം വന്ന്. എല്ലാം പടച്ചവന്റെ കൃപ.

ആഹ, അത് നല്ല കാര്യം. ആകട്ടെ, ചേച്ചിക്കെപ്പോഴാ പോകേണ്ടത്?

ഇന്ന് പറ്റ്യാ ഇന്ന് തന്നെ പോകണംന്നാ എനിക്ക്. അതല്ലാ ഇനി ഇപ്പോ നിങ്ങള്‍ക്ക് വല്ല അസൌകര്യം ഉണ്ടെങ്കില്‍ രണ്ട് ദിവസം കൂടി നില്‍ക്കാം.

അല്ല ചേച്ചി, ഇപ്പോ പൊതുമാപ്പൊക്കെ പ്രഖ്യാപിച്ചിരിക്കുന്ന കാലമല്ലെ? ജോലിക്കാളെ കിട്ടാന്‍ ഭയങ്കര പ്രയാസമാ. ഇത്ര പെട്ടെന്ന് പോവുകയാണെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ എന്തു ചെയ്യും? ഞങ്ങള്‍ ജോലിക്ക് പോയാല്‍ കുട്ടികളെ ആരു നോക്കും? മൂത്തവളെ അതിരാവിലെ താഴെ പോയി സ്കൂള്‍ ബസ്സില്‍ കയറ്റിയയക്കണം. പതിനൊന്നരക്ക് തിരിച്ചു വരുമ്പോള്‍ ബസ്സ് സ്റ്റോപ്പില്‍ നിന്ന് പിക്ക് ചെയ്യണം, ഇതൊക്കെ ആരു ചെയ്യും?

എന്റെ മോനെ, അതൊക്കെ നിങ്ങളാരേലും കണ്ട് പിടിക്ക്. വേണേല്‍ ഞാന്‍ എന്റെ കൂട്ടുകാരികളിലാരോടെങ്കിലും ചോദിക്കാം വല്ലോരും ഉണ്ടോ പണിക്കെന്ന്.

എന്തൊരു സൌജന്യം. നാട്ടില്‍ വച്ച് ഒന്ന് പറഞ്ഞിരുന്നെങ്കില്‍ അവിടുന്നാരേയെങ്കിലും കെട്ടിയെടുക്കാനുള്ള വഴികള്‍ നോക്കിയിരുന്നേനെ!

ഇന്ന് വെള്ളിയാഴ്ച, എന്തായാലും ചേച്ചി ഒരു പത്ത് ദിവസത്തെ സമയം താ, അതിന്നിടയില്‍ ഞങ്ങള്‍ ആരെയെങ്കിലും കണ്ടു പിടിക്കുകയോ, അതുമല്ലെങ്കില്‍ നല്ല ഒരു ബേബി സിറ്റിങ്ങിലെങ്കിലും ഏര്‍പ്പാടാക്കാം.

അയ്യോ മോനെ, അങ്ങനെ പറഞ്ഞാല്‍ എങ്ങിനേയാ? തിങ്കളാഴ്ചത്തേക്കുള്ള ടിക്കറ്റ് വരെ ഞാന്‍ ബുക്ക് ചെയ്തു. എനിക്ക് പോണം മോനെ.

ഇത്രയും നാള്‍ കുടുംബത്തിലെ ഒരംഗത്തിനെ പോലെ കരുതി, ഭക്ഷണം വരെ ഞങ്ങള്‍ പാചകം ചെയ്തു,(അവര്‍ വക്കുന്ന ഭക്ഷണം അവരുടെ സ്വാദിനനുസരിച്ചും, അവര്‍ക്ക് പ്രഷറായതിനാല്‍ ഉപ്പെല്ലാം വളരെ കുറച്ചും ആയതിനാല്‍ രുചിയോടെ വല്ലതും കഴിക്കണമെന്നുള്ളതിനാല്‍ ഞങ്ങള്‍ തന്നെ പാചകം ചെയ്യുകയാണ് പതിവ്) ആകെപാടെ ചേച്ചിക്ക് ചെയ്യാനുണ്ടായിരുന്ന ജോലി, ബ്രേക്ക് ഫാസ്റ്റുണ്ടാക്കലും, മുറി വൃത്തിയാക്കലും, പിള്ളാരെ കുളിപ്പിക്കലും, വാഷിങ്ങ് മെഷീനില്‍ അലക്കാനുള്ള തുണികള്‍ ഇടുകയും, അത്താഴത്തിനും, മുത്താഴത്തിനും കറിയും, തോരനും വക്കാനുള്ള പച്ചക്കറികള്‍ നുറുക്കുകയും, മീന്‍ വറുക്കകയും മാത്രം, എന്നിട്ടും രണ്ട് ദിവസത്തെ നോട്ടീസില്‍ പോകണം എന്ന് പറയുന്നു. ഇത് അന്യായമല്ലെ? ചേച്ചി തിങ്കളാഴ്ചയാക്കണ്ട. ഇപ്പോള്‍ തന്നെ പൊയ്ക്കോ. വ്യാഴാഴ്ച രാത്രിമുതല്‍ വെള്ളിയാഴ്ച പുലര്‍ച്ച വരെ തേമ്പിയതിന്റെ കെട്ട് അപ്പോഴും വിട്ടിട്ടില്ലാത്തതിനാല്‍ എന്റെ കണ്ട്രോള്‍ പെട്ടെന്ന് തന്നെ കൈവിട്ട് പോയതിന്റെ ഫലമായി ഞാന്‍ പറഞ്ഞു.

ബന്ധുജനങ്ങള്‍ കടുകുപൊതി പൊട്ടി നിലത്തു വീണപോലെ ദുബായ് മൊത്തം പരന്നു നിരന്നു കിടക്കുന്നതിനാലും, ഇരിക്കുന്നതിനാലും, കേട്ടപാതി കേള്‍ക്കാത്ത പാതി, ചേച്ചി പെട്ടിയും, ബാഗുമെല്ലാം എടുത്തിറങ്ങി.

വെള്ളി ശനി ദിവസങ്ങള്‍ മുടക്കായതിനാല്‍ മെയിഡില്ലെങ്കിലും നമുക്ക് കാര്യങ്ങള്‍ ചെയ്യണമല്ലോ എന്ന മനസ്ഥിതിയോടെ പണികളൊക്കെ ഊര്‍ജിതമായി ചെയ്തു (അല്ലെങ്കിലും വ്യാഴാഴ്ച രാത്രി പോയാല്‍ മെയിഡ് വെള്ളിയാഴ്ച രാത്രിയേ തിരിച്ച് വരുക പതിവുള്ളൂ), വെള്ളി കഴിഞ്ഞു, ശനി വന്നു. പിറ്റേ ദിവസം മുതല്‍ രണ്ട് പേര്‍ക്കും ജോലിക്ക് പോകണം. പിള്ളാരുടെ കാര്യം എന്തു ചെയ്യും?

ഒന്നിടവിട്ട് ഒരാള്‍ ലീവെടുത്താലോ? വാമഭാഗം ചോദിച്ചു.

ഓ, പിന്നെ ലീവ് കഴിഞ്ഞ് വന്ന് കയറിയതേയുള്ളൂ, പണി ചെയ്യാന്‍ തുടങ്ങിയിട്ടേയുള്ളൂ. എനിക്ക് ലീവ് കിട്ടില്ല, നീ വേണമെങ്കില്‍ ജോലി രാജി വച്ചോ?

ഉവ്വ് അതിനിമ്മിണി പുളിക്കും. ഇതുപോലെ ഒരു ജോലി ഇനി ലൈഫില്‍ കിട്ടില്ല. ആഴ്ചയില്‍ നാലര ദിവസം മാത്രം ജോലി. അതില്‍ രണ്ട് ദിവസം ബോസ്സ് ഉണ്ടാകില്ല. വര്‍ഷാ വര്‍ഷം ലീവ്, ടിക്കറ്റ്, ബോണസ്സ്. നിങ്ങള്‍ ജോലി വിട്ടാലും ഞാനീ ജോലി വിടില്ല മോനെ!!

അവിടുന്നു തുടങ്ങിയ സംഭാഷണം, പഴതൊലിയില്‍ ചവിട്ടിയതുപോലെ വഴുക്കി, വഴുക്കി കലഹത്തിലേക്കെത്തി ചേര്‍ന്നപ്പോള്‍, എന്റെ ഫ്ലാറ്റില്‍ തന്നെ താമസിക്കുന്ന എന്റെ സഹപ്രവര്‍ത്തകനും, നാട്ടുകാരനുമായ നവീന്റെ അമ്മ , എന്റെ മക്കള്‍ നന്ദന വല്ല്യാന്റി എന്ന് വിളിക്കുന്ന ആന്റി, നിങ്ങള്‍ പേടിക്കണ്ട് മക്കളെ, ഇനി ഒരു മെയിഡിനെ കിട്ടുന്നത് വരെ, ഉച്ചക്ക് മോളെ സ്കൂള്‍ ബസ്സ് വരുന്ന സമയത്ത് പിക്ക് ചെയ്യാമെന്നും, കുട്ടികളുടെ കാര്യങ്ങള്‍ എല്ലാം നോക്കാം എന്നും പറഞ്ഞതിന്റെ ധൈര്യത്തില്‍ ഞങ്ങള്‍ അന്നത്തെ കലഹം അവിടെ വച്ചവസാനിപ്പിക്കുകയും, അന്നത്തെ അപ്പത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ അടുത്തുള്ള സണ്‍ റൈസ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകുകയും ചെയ്തു.

ആഴ്ചയില്‍ ഒരു ദിവസം മാത്രമേ ഇറച്ചികറി വക്കൂ, അതു വെള്ളിയാഴ്ച. വെള്ളിയാഴ്ച ഉച്ചക്ക് വക്കുന്ന കറി ശനിയാഴ്ച ഉച്ചക്ക് വരെ ഉണ്ടാകും. പിന്നീടു വരുന്ന ദിവസങ്ങളില്‍ രാത്രി വക്കുന്ന ഭക്ഷണം തന്നെയാണ് ലഞ്ചായും കഴിക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് വേറെയും. അതായത് ശരാശരി രണ്ട് പേരും വര്‍ക്ക് ചെയ്യുന്ന മരുഭൂമിയിലെ കൂലി പണിക്കാരന്റെ വീട്ടിലെ അടുപ്പ് ദിവസം രണ്ട് നേരമേ പുകയൂ എന്നര്‍ത്ഥം. രാവിലെ നാശ്തക്കും, രാത്രി അത്താഴത്തിനും. അത്താഴത്തിനു വച്ചതു തന്നെ ഉച്ചക്ക് ലഞ്ചായും ഉപയോഗിക്കുന്നു മരുഭൂമിയിലെ ഒട്ടകങ്ങളാവാന്‍ വിധിക്കപെട്ടവര്‍.

വെള്ളിയാഴ്ച പതിവുപോലെ പാര്‍ക്കും, ഷോപ്പിങ്ങ് മാളുകളും എല്ലാം കറങ്ങി അത്താഴവും കഴിഞ്ഞ് വന്നു കിടന്നുറങ്ങി. ശനിയാഴ്ച രാവിലെ എഴുന്നേറ്റപ്പോഴാണ് ഫ്രിഡ്ജില്‍ ദോശക്കോ ഇഡ്ഡലിക്കോ ഉള്ള മാവ് ഇല്ലെന്ന് തിരിച്ചറിഞ്ഞത്. പരസ്പരം മുഖം നോക്കി. കുറ്റപെടുത്തലുകള്‍ക്കര്‍ത്ഥമില്ലാത്തതിനാല്‍, ശരവണ ഭവനില്‍ വിളിച്ച് ബ്രേക്ക് ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്തു.

ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം മെയിഡില്ലാത്ത ലൈഫ് എങ്ങനെ ഓര്‍ഡറാക്കണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ച നല്ലപാതി തുടങ്ങി. സാക്ഷരതാ ക്ലാസിലെ വിദ്യാര്‍ത്ഥിയെപോലെ ഞാന്‍ എല്ലാം ശ്രവിച്ചു.

ബ്രേക്ക് ഫാസ്റ്റ് ഞാന്‍ തയ്യാറാക്കാം,ഡിന്നര്‍ ഞാന്‍ തയ്യാറാക്കാം, വീടടിച്ച് തുടക്കുന്നതു ഞാന്‍ ചെയ്യാം, തുണികള്‍ ഞാന്‍ വാഷിങ്ങ് മെഷീനിലിടാം, മോളുടെ ഹോം വര്‍ക്ക് ഞാന്‍ ചെയ്യിക്കാം, പാത്രങ്ങള്‍ എല്ലാം ഞാന്‍ കഴുകാം. നിങ്ങള്‍ ചെയ്യേണ്ടത്, രാവിലെ മോളെ പല്ലു തേപ്പിച്ച് വസ്ത്രം മാറ്റി, യൂണിഫോം ഇടുവിച്ച്, പാല്‍ തിളപ്പിച്ച്, കോണ്‍ ഫ്ലേക്സ് കൊടുത്ത്, ബസ്സ് സ്റ്റോപ്പില്‍ കൊണ്ടു പോയി ബസ്സ് കയറ്റി വിടുക, പിന്നെ വാഷിങ്ങ് മെഷീനിലിട്ട തുണികള്‍ എടുത്ത് ഉണങ്ങാന്‍ ഇടുക, രണ്ടു പേര്‍ക്കുമുള്ള ലഞ്ച് പായ്ക്ക് ചെയ്യുക അത്ര മാത്രം.

മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിങ്ങില്‍ ആ പ്രമേയം സ്പോട്ടില്‍ തന്നെ പാസ്സായി.

ശനിയാഴ്ച ഉച്ചക്ക് തന്നെ നല്ല പാതി മൂന്നാലു ദിവസത്തെക്ക് ഇഡ്ഡലിക്കും ദോശക്കുമുള്ള മാവ് മൊത്തമായരച്ചു. വൈകുന്നേരം പതിവുപോലെ കറങ്ങി തിരിഞ്ഞു വരുന്ന വഴി കറിക്കുള്ള സാധങ്ങള്‍ വാങ്ങിയും, അല്പ സ്വല്പം വഴിവക്കില്‍ നിന്നും സ്വരുക്കൂട്ടിയും കൂടണഞ്ഞു.

ഞായറാഴ്ച രാവിലെ ആറുമണിക്ക് അലാറം മരണമണിമുഴക്കിയപ്പോള്‍ എഴുന്നേല്‍ക്കുകയല്ലാതെ വേറെ ഒരു പോം വഴിയില്ലാത്തതിനാല്‍ ഞാന്‍ എഴുന്നേറ്റു. മോളെ പല്ലു തേപ്പിച്ച്, വസ്ത്രം മാറ്റി, കോണ്‍ ഫ്ലേക്സ് കൊടുത്ത്, യൂണി ഫോമിടുവിച്ച് ബാഗും മറ്റുമെടുത്ത് സ്കൂള്‍ ബസ്സില്‍ കയറ്റി വിട്ട് തിരിച്ചെത്തി. എത്തിയതും, ബാത് റൂമില്‍ കയറി, പല്ലുതേച്ചെന്നു വരുത്തി, കാക്കകുളി കുളിച്ച്, വിളക്ക് കൊളുത്തി, ചന്ദനതിരിയും കത്തിച്ച് വന്നപ്പോള്‍‍, ആവി പറക്കുന്ന ഇഡ്ഡലിയും, ചട്നിയും, എന്റെ കൊളീഗ്സ് വെടിമരുന്നെന്നു വിളിക്കുന്ന ചമ്മന്തിപൊടിയും മേശ പുറത്ത് തയ്യാര്‍. സമയമില്ലാത്തതിനാല്‍ അത് പായ്ക്ക് ചെയ്താല്‍ മതിയെന്നു പറഞ്ഞതിന്‍ പ്രകാരം അവള്‍ ഏഴിഡ്ഡലിയും, ചട്നിയും, ചമ്മന്തിപൊടിയും പായ്ക്ക് ചെയ്തു. ഒപ്പം ലഞ്ചും.

സമയം എട്ടാകുന്നു. എട്ടരക്ക് ഓഫീസിലെത്തണം. നാല്പത്തഞ്ച് കിലോമീറ്റര്‍ താണ്ടണം രാവിലെ ഓഫീസിലേക്ക്. വൈകീട്ടാണെങ്കില്‍ അമ്പത്തഞ്ചും (വൈകീട്ടാവുമ്പോള്‍ റോഡിനു വെയിലു കൊണ്ട് നീളം കൂടുന്നതല്ല, ട്രാഫിക്ക് കാരണം റൂട്ട് മാറ്റി ചവിട്ടുന്നതാണ്. മാത്രമല്ല രാവിലെ നാല് ദിര്‍ഹം ടോള്‍ കൊടുക്കണം, വൈകുന്നേരവും നാല് കൊടുക്കുന്നത് വേസ്റ്റല്ലെ?‌)

ബാഗില്‍ ബ്രേക്ക് ഫാസ്റ്റും, ലഞ്ചും കുത്തിനിറച്ച് വണ്ടിയില്‍ കയറി ചവിട്ടി വിട്ടു ജബേല്‍ അലിയിലേക്ക്. നൂറ്റിനാല്പതിലും, നൂറ്റി അമ്പതിലും ഓടിക്കുമ്പോഴും ശ്രദ്ധ മുഴുവന്‍ റഡാര്‍ എവിടെ കാണുന്നു എന്നാണ്. റഡാര്‍ ദൂരെ നിന്നു തന്നെ കാണുമ്പോഴേക്കും സ്പീഡ് നൂറ്റി പത്തില്‍ എത്തിക്കണം. ഒരു വിധം എട്ടേ നാല്പത്തഞ്ചിനു ഓഫീസില്‍ എത്തി പറ്റി. പതിവുപടി ജോലികള്‍.

വീക്കെന്റ് കഴിഞ്ഞു ഓഫിസില്‍ കയറി കമ്പ്യൂട്ടര്‍ തുറക്കുവാന്‍ മടിയാണ് , ആയിരത്തിലധികം ഒഫീഷ്യല്‍ മെയില്‍ എന്റെ ഇന്‍ബോക്സില്‍ എന്നെ കാത്തിട്ടെന്ന പോലെ കണ്ണും തുറിച്ചിരിക്കുന്നുണ്ടാവും എന്നത് തന്നെ കാരണം.

പത്ത് മണിക്ക് പതിവുപോലെ ഉറ്റ ഗഡികളായ ടെരന്‍സും, സ്റ്റീവനും, വിശാലുമൊത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പാന്‍ട്രിയിലേക്ക് നീങ്ങി.

ബാഗ് തുറന്ന് ഇഡ്ഡലി പാക്ക് ചെയ്ത പാത്രം എടുത്ത് അവനില്‍ വെച്ചു. ചട്നിയും, വെടിമരുന്നും വച്ച ബൌളുകള്‍ പുറത്ത് പ്രത്യേകം എടുത്തു വച്ചു. ഗ്ലാസില്‍ ടീ ബാഗിട്ട്, പഞ്ചസാരയിട്ട്, ചൂടുവെള്ളമൊഴിച്ചു. അവനില്‍ നിന്നും ഇഡ്ഡലി പുറത്തെടുത്തു. എല്ലാവരും അവരവരുടെ ബ്രേക്ക് ഫാസ്റ്റ് പുറത്തെടുത്തു. ചലോ സ്റ്റാര്‍ട്ട്.

ഒരു കഷണം ഇഡ്ഡലി ചട്നിയില്‍ മുക്കിയതിനൊപ്പം തന്നെ ചമ്മന്തിപൊടിയില്‍ ഒന്നു മാന്തിയതിനു ശേഷം വായിലേക്കു വച്ചു.

അബേ......തേരാ ഇഡ്ഡലി ഔര്‍ ചട്നി തോ ആജ് സെക്സി ലഗരഹേ....ബീവി നേ ബനായാ ക്യാ? (ഡാ, നീ കൊണ്ടു വന്നിരിക്കുന്ന ഇഡ്ഡലിയും ചട്നിയും കാണാന്‍ തന്നെ സെക്സിയായിരിക്കുന്നു , ഭാര്യ ഉണ്ടാക്കിയതാണോ?)

ജീ ബാബാ.... മെയിഡ് തോ ചലീ ഗയീ. ആജ് ബീവി കാ ഹാത്ത് കീ നാശ്താ.....ചലോ ഹാത്ത് ലഘാവോ. (അതേഡാ, ഹൌസ് മെയിഡ് പണിവിട്ട് പോയി, ഇന്ന് ഭാര്യ തന്നെ പ്രാതല്‍ ഉണ്ടാക്കി. വാ, നമുക്കൊരുമിച്ച് കഴിക്കാം‌) ഏഴിഡ്ഡലിയുടേയും, ചട്നിയുടേയും വെടിമരുന്നിന്റേയും വാതില്‍ അവര്‍ക്കായി ഞാന്‍ തുറന്നു വച്ചു.

വായില്‍ വച്ച ഇഡ്ഡലി പല്ലുകള്‍ക്കിടയില്‍ പിടയാന്‍ തുടങ്ങിയപ്പോഴേക്കും, പൊടുന്നനെ പാന്‍ട്രിയുടെ വാതില്‍ തുറന്നു. ക്ലീറ്റസാണ്, എന്റെ സഹപ്രവര്‍ത്തകരില്‍ ഒരുവന്‍.

കുറുമാന്‍ജീ, ഒരു അര്‍ജന്റ് ഫോണ്‍, സപ്ലൈയര്‍ ആണ്. യു കെ യില്‍ നിന്നും.

സപ്ലയറുടെ മാതാ പിതാക്കന്മാര്‍ക്ക് വന്ദനം നേര്‍ന്ന് കൊണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോടായി പറഞ്ഞു, ദാ വരുന്നു,ടിഷ്യൂവില്‍ കൈകള്‍ തുടച്ച് ഞാന്‍ പുറത്ത് പോയി. സപ്ലൈര്‍ സംസാരം തുടങ്ങി. കാര്യമായ കാര്യമൊന്നുമല്ല. കഴിഞ്ഞ ഷിപ്പ്മെന്റില്‍ ക്വാളിറ്റി മോശമായതിനെ തുടര്‍ന്ന് അയച്ച ഡെബിറ്റ് നോട്ടിന്റെ ഭാരം അല്പം കൂടുതലാണ്. അതൊന്നു കുറക്കണം. കൂടാതെ അടുത്ത ബഡ്ജറ്റില്‍ അവര്‍ക്കെത്ര ഓര്‍ഡര്‍ ഉണ്ട്, തുടങ്ങിയ സില്ലി ചോദ്യങ്ങള്‍. ഒരുവിധം സംഭാഷണം അവസാനിപ്പിച്ചു ഞാന്‍ വിശക്കുന്ന വയറോടെ പാന്‍ട്രിയിലേക്കോടി.

വൌ, അച്ഛാ ഹോ ഗയാ തുമാരാ മെയിഡ് ചലേ ഗയാ.......ക്യാ മജാ ആയാ ബ്രേക്ക് ഫാസ്റ്റ് കാ......നറം നറം ഇഡ്ഡലി, ഔര്‍ സെക്സി ചട്നി. ഗണ്‍ പൌഡര്‍ കാ തോ ജവാബീ നഹീം ഹേ....(ദൈവത്തിനു സ്തുതി, നിന്റെ മെയിഡ് പോയത് നന്നായി. എന്താ രുചി നിന്റെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍. തുമ്പപ്പൂപോലെ മൃദുവായ ഇഡ്ഡലി, സെക്സിയായ ചട്നി, വെടിമരുന്നുപോലിരിക്കുന്ന ചമ്മന്തിപൊടിയുടെ സ്വാദ് പറയാനുമില്ല)

താങ്ക്സ്.........എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ നോക്കിയപ്പോള്‍ കാണുന്നത് കഴുകി വച്ചിരിക്കുന്ന എന്റെ ബ്രേക്ക് ഫാസ്റ്റ് ഡബ്ബകള്‍ മാത്രം!!

ചമ്മിയ മുഖം മറച്ച്, പുഞ്ചിരി തൂകി, ലിപ്ടന്റെ മൂന്നു ടീ ബാഗിട്ട് കടുപ്പത്തില്‍ ഒരു ചായ തയ്യാറാക്കി ഞാന്‍ എന്റെ സീറ്റിലേക്ക് നടന്നു. ശേഷം പണികളിലേക്ക് കടന്നു. സമയം പതിനൊന്നു കഴിഞ്ഞു,പതിനൊന്നര കഴിഞ്ഞു. വയറ്റില്‍ ഇലഞ്ഞിതറ മേളം. ഫോണെടുത്തു കറക്കി ഓഫീസിലെ തന്നെ ബേക്കറിയിലേക്ക്. രണ്ട് വെജിറ്റബിള്‍ സാന്റ് വിച്ചും, ഒരു എഗ് പഫും കൊടുത്തു വിടടെ.

സീറ്റില്‍ ഇരുന്നുകൊണ്ട് തന്നെ മെയിലിനൊപ്പം ബ്രേക്ക് ഫാസ്റ്റും അകത്താക്കി കഴിഞ്ഞപ്പോള്‍ സമയം ഒന്നര.

ഭായ് ചലോ, ലഞ്ച് കര്‍ത്തേ ഹേം. (വാഡാ കൂവേ, നമുക്ക് ലഞ്ച് കഴിക്കാം)

ബ്രേക്ക് ഫാസ്റ്റ് കഴിച്ചത് വയറില്‍ എത്തിയതേ ഉള്ളൂ. പാടു പെട്ടുണ്ടാക്കിയ കറിയാണെങ്കിലും ഞാന്‍ പറഞ്ഞു, മേരാ പേഡ് തോ ഫുള്‍ ഹേ ഭായ്.....തും ലോഗ് ഖാവോ........മേരാ ലഞ്ച് ഭീ ഖാവോ പ്ലീസ്. (എന്റെ വയറ് നിറഞ്ഞിരിക്കുകയാണ് പണ്ടാരങ്ങളെ, നിങ്ങള്‍ പോയി ഞണ്ണ്, ഒപ്പം ഞാന്‍ കൊണ്ടു വന്ന ലഞ്ചും കൂടി ഞണ്ണിക്കോ) എന്റെ ലഞ്ച് ബോക്സുകള്‍ എടുത്ത് ഞാന്‍ എന്റെ സുഹൃത്തുകള്‍ക്ക് നല്‍കി.

കേട്ട പാതി കേള്‍ക്കാത്ത പാതി ലഞ്ച് ബോക്സും എടുത്തവര്‍ പാഞ്ഞു പാന്‍ട്രിയിലേക്ക്.

ഞാന്‍ എന്റെ പണിയില്‍ വ്യാപൃതനായി.

ലഞ്ച് കഴിഞ്ഞ് പതിവിലും പതിഞ്ച് മിനിറ്റ് ലേറ്റായി, കഴുകിയ പാത്രവുമായി സുഹൃത്തക്കള്‍ എത്തി.

കൈസെ രഹാ ഭായ് ലഞ്ച്? (എങ്ങിനെയുണ്ടായിരുന്നു ഗഡികളെ ലഞ്ച്?)

ബഡിയാ ഭായ്, ഏക് ദം ബഡിയാ.......മഗര്‍!! (അഡിപൊളി, ഒന്നാംതരം, പക്ഷെ!!)

മഗര്‍?? (പക്ഷെ??‌)

ജീ ഭായ്, ഫിഷ് ഫ്രൈ, ചാവല്‍, ദാല്‍ കറി സബ് ബഡിയാ ധാ. പഹലീ ബാര്‍ നാരിയല്‍ ഡാലാ ഹുവാ ദാല്‍ കറി ഖായാ. ഏക് ദം ബഡിയാ,മഗര്‍ ദാല്‍ മേം കഡീ പത്താ ബഹുത്ത് ജ്യാദാ ധാ!. കഡീ പത്താ നിഖാല്‍നേ കേലിയേ പന്ത്രഹ് മിനിറ്റ് ലഖാ. (അതേടാ കുരിശേ, മീന്‍ വറുത്തത്, ചോറ്, പരിപ്പ് കറി, എല്ലാം അടിപൊളീന്ന് വച്ചാ അടിപൊളി. ജീവിതത്തില്‍ ആദ്യമായാ തേങ്ങ അരച്ചു ചേര്‍ത്ത പരിപ്പു കറി കഴിക്കുന്നതു. എന്താ സ്വാദ്. പക്ഷെ, പരിപ്പു കറിയില്‍ കറിവേപ്പില കണ്ടമാനം ഉണ്ടായിരുന്നു. കറിവേപ്പില എടുത്തു കളയാന്‍ മാത്രം പതിനഞ്ച് മിനിറ്റെടുത്തു.)‌

അവരെ ചവിട്ടണോ ഇടിക്കണോ എന്നറിയാതെ ഞാന്‍ തലയില്‍ കൈയ്യും കൊടുത്തിരുന്നു.

വാല്‍ കഷ്ണം.

ശനിയാഴ്ച രാത്രി കരാമയില്‍ മോള്‍ക്ക് യൂണിഫോം വാങ്ങാന്‍ പോയപ്പോള്‍ കടയുടെ മുന്‍പില്‍ കണ്ട മുരിങ്ങ മരത്തില്‍ കയറി, മുരിങ്ങ തണ്ടൊടിച്ച്, പുലരും വരെ, റമ്മി കളിക്കാനായി വിരിക്കും പോലെ പേപ്പര്‍ വിരിച്ച്, ഞാനും വാമഭാഗവും കൂടി വിടര്‍ത്തിയെടുത്തിയ വിറ്റാമിന്‍ ഏ യും, സിയും സമൂലം സമ്പുഷ്ടമായ മുരിങ്ങയില, പരിപ്പും തേങ്ങയും അരച്ചു ചേര്‍ത്ത എനിക്കേറ്റവും ഇഷ്ടമുള്ള കറിയുണ്ടാക്കിയത് അവര്‍ക്ക് കൊടുത്തതേത് കഷ്ടകാല നേരത്താണെന്നാലോചിച്ച് എനിക്ക് വട്ടായി. എങ്കിലും, സീറ്റിലൊന്നിളകിയിരുന്നുകൊണ്ട് എന്റെ പണിയില്‍ ഞാന്‍ വ്യാപൃതനായി.

Wednesday, September 19, 2007

പരീക്ഷാഫലം

തിരിഞ്ഞും മറിഞ്ഞും, കിടന്നിട്ടും അവള്‍ക്ക് ഉറക്കം വരുന്നില്ലായിരുന്നു. അല്പം തുറന്ന് കിടക്കുന്ന കര്‍ട്ടന്നിടയിലൂടേ വഴിവിളക്കിന്റെ വെളിച്ചം മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. സമയം രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു. ഇടക്കിടെ വഴിനിരത്തിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ കേള്‍ക്കാം. അവള്‍ എഴുന്നേറ്റു. മേശമേല്‍ വച്ചിരുന്ന ജഗ്ഗില്‍ നിന്നും വെള്ളം ഗ്ലാസിലേക്ക് പകര്‍ന്നു കുടിച്ചു. മോള്‍ ഉറങ്ങുകയാണ്. ഉറക്കത്തില്‍ പോലും പുഞ്ചിരിച്ചുകൊണ്ടുറങ്ങുന്ന ശീലമാണവളുടേത്. വെട്ടിയിട്ട കുറുനിരകള്‍ മോളുടെ കണ്ണിനുമുകളിലേക്ക് വീണു കിടന്നിരുന്നത് അവള്‍ മാടിയൊതുക്കി. കുനിഞ്ഞുകൊണ്ട് അവളുടെ ചെറിയ നുണകുഴി വിരിഞ്ഞ കവിളിണയില്‍ അവള്‍ ഉമ്മ വച്ചു. കമ്പിളി പുതപ്പെടുത്ത് അവളെ നന്നായി പുതപ്പിച്ചു.

ഈയിടേയായി ഇങ്ങനേയാണ് ഉറക്കം. എത്ര ശ്രമിച്ചാലും ഉറങ്ങാന്‍ സാധിക്കുന്നില്ല. പുലര്‍ച്ചയുടെ വൈകിയ യാമത്തില്‍ അല്പം നേരം ഉറങ്ങിയാലായി. അതും രണ്ടോ, മൂന്നോ മണിക്കൂര്‍ നേരത്തേക്ക് മാത്രം. ഇന്നലേയും കണ്ടപ്പോള്‍ അവന്‍ പറഞ്ഞു, മൃദുലാ, നിന്റെ കണ്‍ തടങ്ങളില്‍ കറുപ്പടയാളം വീഴാന്‍ തുടങ്ങി. നിന്റെ കണ്ണുകള്‍ക്ക് പഴയ ആ കാന്തികശക്തി നഷ്ടമായികൊണ്ടിരിക്കുന്നു.

ശരിയാണ്. കണ്ണുകളുടെ കാന്തികശക്തി മാത്രമല്ല, ആത്മധൈര്യം പോലും നഷ്ടപെടാന്‍ തുടങ്ങിയിരിക്കുന്നു.

ശബ്ദമുണ്ടാക്കാതെ, പൂച്ചയുടെതു പോലെ പതിഞ്ഞ കാല്പാതങ്ങളോടെ, ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്ന് അവള്‍ പുറത്തിറങ്ങി.

ആകാശത്ത് നക്ഷത്രങ്ങള്‍ വാരിവിതറിയിക്കുന്നു. പൈന്മരങ്ങളുടെ നിഴലുകള്‍ റോഡില്‍ വീണു കിടന്നിരുന്നതിന് കുട്ടികാലത്ത് കേട്ടിരുന്ന കഥകളിലെ അസുരന്മാരുടേതുമായി രൂപസാദൃശ്യം.

ബാല്‍ക്കണിയിലെ ഗ്രില്ലില്‍ പിടിച്ചുകൊണ്ട് ദൂരേക്ക് കണ്ണും നട്ട് അവള്‍ വെറുതെ നിന്നു. തണുത്ത കാറ്റടിക്കുമ്പോള്‍ അവളുടെ തലമുടിയിഴകള്‍ കാറ്റില്‍ ഉലഞ്ഞു.

ഠേ.......(തേങ്ങയുടച്ചതല്ല) കരണം പുകച്ചുകൊണ്ട് ഒരടി കിട്ടിയത് മാത്രം എനിക്കോര്‍മ്മയുണ്ട്. ഒപ്പം ഒരു ചോദ്യവും.
ഡാ, പരീക്ഷയടുക്കാറായി, രാവിലെ അഞ്ച് മണിക്ക് അലാറം വച്ച് പഠിക്കുവാനായി നിന്നെ എഴുന്നേല്പിച്ചിട്ട് ഇതാണോ നിന്റെ പഠിത്തം?

നിന്നെയൊക്കെ സ്കൂളിലയച്ച എന്നെ വേണം തല്ലാന്‍!

ച്ലിം, ച്ലിം. ച്ലിം.

ചുമരില്‍ ട്യൂബ് ലൈറ്റിന്റെ പട്ടികക്കിടയില്‍ ഇരയെ കുരുക്കാന്‍ നാവും നീട്ടി ആക്രാന്തം മൂത്തിരുന്ന പല്ലികള്‍ ഒരുമിച്ച് ചിലച്ചു.

സത്യം.

പുസ്തകത്തിന്നിടയില്‍ നിന്നും “മ” വാരിക വലിച്ചെടുത്ത് അച്ഛന്‍ അകത്തേക്ക് പോയി.

കണ്ണില്‍ നിന്നും പൊന്നീച്ച വരിവരിയായി പറന്നുപോയതിനു തൊട്ടു പുറകിലായി നക്ഷത്രങ്ങള്‍ ചിമ്മാന്‍ തുടങ്ങി.

ശബ്ദമുണ്ടാക്കാതെ, പൂച്ചയുടെതു പോലെ പതിഞ്ഞ കാല്പാതങ്ങളോടെ അച്ഛന്‍ മുറിതുറന്ന് വന്നത് ഞാനറിഞ്ഞില്ലായിരുന്നു. അതെന്റെ തലവിധി. പുകഞ്ഞ് തിണര്‍ത്ത കവിളില്‍ കൈപടത്താല്‍ അമര്‍ത്തി തിരുമ്മി. ആഴത്തില്‍ പതിഞ്ഞ വിരല്പാടുകള്‍ ഇത്രപെട്ടെന്ന് എവിടെ പോകാന്‍?

ഋതുക്കള്‍ ഒന്നും മാറിയില്ലെങ്കിലും, ദിവസങ്ങള്‍ അധിവേഗം ബഹുദൂരം എന്ന വിധത്തില്‍ ഓടിപോയതിനാല്‍ ഹാള്‍ടിക്കറ്റ് കിട്ടി അധികം കഴിയുന്നതിനു മുന്‍പ് പത്താം ക്ലാസ്സ് പരീക്ഷയും വന്നു.

ഓരോ പരീക്ഷ കഴിഞ്ഞ് വരുമ്പോഴും അച്ഛന്‍ ചോദിച്ചു. ഇന്നത്തെ പരീക്ഷ എങ്ങനെയുണ്ടായിരുന്നു?

എളുപ്പമായിരുന്നു.

ചോദ്യങ്ങള്‍ എളുപ്പമുള്ളതായിരുന്നിരിക്കും എന്നെനിക്കറിയാം, പക്ഷെ ഞാന്‍ ചോദിച്ചത് നീ എഴുതിയ ഉത്തരങ്ങളെകുറിച്ചാ?

ചില സമയങ്ങളില്‍ മൌനമാണ് നല്ലതെന്ന് ഇന്നത്തെ പോലെ അന്ന് തിരിച്ചറിഞ്ഞിട്ടില്ലാതിരുന്നതിനാല്‍ ഞാന്‍ പറഞ്ഞു, ഉത്തരവും എളുപ്പമുള്ളതായിരുന്നു.

ആര്‍ക്ക്?

അശ്വമേദത്തിലെ ചോദ്യങ്ങള്‍ പോലെ ഒന്നില്‍ നിന്നും മറ്റൊന്നായി അച്ഛന്‍ ചോദ്യങ്ങളുടെ ബാണങ്ങള്‍ എയ്തുകൊണ്ടേയിരിക്കും എന്നറിയാമെന്നതിനാല്‍ ഒന്നും മിണ്ടാതെ ഞാന്‍ അടുക്കളയിലേക്ക് നടന്നു. വിശപ്പാദ്യം അടക്കട്ടെ, പിന്നെയാകാം വിദ്യാഭ്യാസം.

പരീക്ഷ കഴിഞ്ഞു, അവധിക്കാലം വന്നു.

അര്‍മാദത്തിന്റെ ദിനങ്ങള്‍.

അവധിക്കാലമെന്നാല്‍ മാമ്പഴക്കാലം. മാവായ മാവിലെല്ലാം കല്ലെറിഞ്ഞ് ആണ്‍കുട്ടികള്‍ കൈക്കരുത്ത് നേടിയപ്പോള്‍, കൊത്തംകല്ല് കളിച്ചും, പരദൂഷണം പറഞ്ഞും, പെണ്‍കുട്ടികള്‍ അവധിക്കാലം തള്ളിനീക്കി.

റിസല്‍റ്റ് വന്നു. സ്കൂളില്‍ വരുന്നതിനു തൊട്ട് തലേന്ന് തന്നെ നമ്പൂതിരീസ് ട്യൂട്ടോറിയല്‍ കോളേജില്‍ റിസല്‍റ്റ് വരും. അന്നു തന്നെ തോറ്റവര്‍ക്ക് അടുത്ത പരീക്ഷ എഴുതാവാനുള്ള കോച്ചിങ്ങ് കാസ്സുകള്‍ക്കായുള്ള സീറ്റു ബുക്കിങ്ങും തുടങ്ങും.

പരീക്ഷയില്‍ തോറ്റാല്‍ ഞാന്‍ തിരിച്ചു വരാതെ നാട് വിട്ടും പോകും എന്ന് ടാറ്റാ സ്റ്റീല്‍ പോലെ ഉറപ്പുണ്ടായിരുന്ന അച്ഛന്‍ വൈകുന്നേരം നമ്പൂതിരീസില്‍ റിസല്‍റ്റ് വന്നു എന്ന് കേട്ടറിഞ്ഞതും, സൈക്കിളില്‍ കയറി നമ്പൂതിരീസ് ട്യൂട്ടോറിയല്‍ ലക്ഷ്യമാക്കി ചവിട്ടി പോയി. അവന്റെ മേല്‍ ഒരു കണ്ണ് വച്ചോ, അല്ലെങ്കില്‍ അവന്‍ ബാഗെടുത്ത് സ്ഥലം വിടും എന്ന് അമ്മയോടും മധ്യ കുറുമാനോടും പോണ പോക്കില്‍ പറയാനും അച്ഛന്‍ മറന്നില്ല.

ജയിക്കില്ല എന്നുറപ്പുണ്ടായിരുന്നതിനാല്‍ കൈകൊണ്ടടിക്കുമോ, കാലുകൊണ്ട് ചവിട്ടുമോ, അതോ കൈക്കോട്ടും തായ കൊണ്ട് തൊഴിക്കുമോ, ചട്ടുകം ചൂടാക്കി തുടയിലോ ചന്തിയിലോ വച്ച് പൊള്ളിക്കുമോ തുടങ്ങി ഏതു തരം ശിക്ഷാ രീതികളാവും അച്ഛന്‍ പ്രയോഗിക്കുക എന്നറിയാതെ അച്ഛന്‍ വരുന്നത് വരെ ചിന്തിച്ച് ചിന്തിച്ച് ചിന്താവിഷ്ടനായ കുറുമാനായി ഞാന്‍ ഇരുന്നു, നടന്നു പിന്നെ കിടന്നു.

ഞാന്‍ ഇതാ വരുന്നുണ്ടെടാ നിന്റെ കഥ കഴിക്കാന്‍ എന്നറിയിക്കാനായി സൈക്കിളിന്റെ ബെല്‍ തുടരെ തുടരെ അടിച്ചിട്ടായിരുന്നു അച്ചന്റെ വരവ്.

അച്ഛന്റെ മുഖം ദ്വേഷ്യത്താല്‍ ചുമന്നിരിക്കുന്നു.

അതു കണ്ട പൊതുവെ തുടുത്ത എന്റെ മുഖം ഒന്നു കൂടെ തുടുത്ത് ചുമന്നു. പരീക്ഷാ കാലത്ത് കൊച്ചുവെളുപ്പാന്‍ കാലത്ത് പൈങ്കിളി വായിച്ചത് കണ്ടുപിടിച്ചപ്പോള്‍ കവിളില്‍ കിട്ടിയതാണ് അവസാനമായിട്ട്. പിന്നെ വളരെ ലോങ്ങ് ഗ്യാപ്പുണ്ടായിരുന്നത് നികത്താന്‍ പോകുന്നതിന്റെ മുന്നോടിയായാണ് അച്ഛന്റെ വരവെന്ന് തിരിച്ചറിഞ്ഞ ഞാന്‍ എന്റെ രണ്ട് കവിളിലും മാറി മാറി വെറുതെ തഴുകി. പാവം കവിളുകള്‍ ഇനിയെത്ര കിട്ടാന്‍ കിടക്കുന്നു.

സൈക്കിള്‍, മുറ്റത്ത് സ്റ്റാന്‍ഡിലിട്ട് അച്ഛന്‍ വേലിക്കരികിലേക്ക് നടന്നു. നല്ലൊരു ചെമ്പരത്തികൊമ്പ് ഒടിച്ച് ഇലയും മറ്റും കളഞ്ഞ് വൃത്തിയാക്കി.

മുണ്ടെങ്കില്‍ മുണ്ട്, തുടക്കും വടിക്കും ഇടയില്‍ ഒരു ചെറിയ തടയായിട്ടെങ്കിലും കിടക്കട്ടെ എന്ന് കരുതി മടക്കികുത്തിയിരുന്ന മുണ്ടിന്റെ കുത്ത് ഞാന്‍ അഴിച്ച് നിവര്‍ത്തിയിട്ടു.

ഇങ്ങോട്ടെറങ്ങടാ, മുറ്റത്ത് നിന്നുകൊണ്ട് അച്ഛന്‍ അലറി.

അറക്കാന്‍ കൊണ്ട് പോകുന്ന ആട്ടിന്‍ കുട്ടിയെ നോക്കുന്നതുപോലെ അമ്മ എന്നെ ഒന്നു നോക്കി. മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ മുറ്റത്തേക്കിറങ്ങി.

കണ്ണടച്ച് ഞാന്‍ തലകുനിച്ച് അച്ഛന്റെ മുന്‍പില്‍ നിന്നു. ഒന്ന് വീണു നല്ല കനത്തില്‍ തന്നെ തുടയില്‍.

അല്പം കഴിഞ്ഞിട്ടും അടുത്തത് വീഴുന്നത് കാണാത്തതെന്തേ എന്ന മനപ്രയാസ്സത്താല്‍ ഞാന്‍ കണ്ണു തുറന്നപ്പോള്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അച്ഛനെ കണ്ട് പകച്ചു.

അച്ഛനെന്താ വട്ടായാ? ഞാന്‍ മനസ്സില്‍ കരുതി.

ഡാ നീ ജയിച്ചടാ, 532 മാര്‍ക്കുമുണ്ട്. നിന്നെയൊന്ന് പേടിപ്പിക്കുവാനായല്ലെ ഞാന്‍ ഒന്ന് പൊട്ടിച്ചത്.

അതു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയത് കണ്ട് അമ്മയും, മധ്യകുറുമാനും ഞെട്ടി. കാരണം എട്ടുദിക്കും നടുങ്ങുമാറുള്ള ഒരൊന്നൊന്നര ഞെട്ടലായിരുന്നു അത്.

സൈക്കിളിന്റെ ബോക്സില്‍ നിന്ന് ലഡ്ഡുപൊതിയെടുത്ത് അച്ഛന്‍ നല്‍കിയപ്പോള്‍ മാത്രമാണ് ഞാന്‍ ജയിച്ചു എന്നത് സത്യമാണെന്ന് എനിക്ക് വിശ്വാസമായത്.

വാല്‍കഷ്ണം

532 മാര്‍ക്കെന്നു വായിച്ച് ഞെട്ടിയവര്‍ക്ക്.

1987ലായിരുന്നു ഞാന്‍ പത്ത് പാസ്സായത്. ആ ഒരേ ഒരു കൊല്ലം മാത്രം മൊത്തം മാര്‍ക്ക് 1200ലായിരുന്നു. തന്നേയുമല്ല, ഒരു വാരിക ഉള്ളില്‍ വക്കാന്‍ മാത്രം വലുപ്പമുള്ള പുസ്തകങ്ങളും അതേ വലുപ്പമുള്ള സര്‍ട്ടിഫിക്കറ്റും ഉള്ള ഒരേ ഒരു കൊല്ലവും 1987 ആയിരുന്നു.