Monday, May 11, 2020

വിശ്വാസങ്ങൾക്കതീതമായ സംശയങ്ങൾ

എത്ര തരം വിശ്വാസങ്ങൾ ഉണ്ടെന്ന് വല്ല കയ്യും,  കണക്കുമുണ്ടോ?  പറയു, നിങ്ങളിലാരെങ്കിലും എപ്പൊഴെങ്കിലും വിശ്വാസങ്ങളുടെ കടക്കെടുക്കാനിരുന്നിട്ടുണ്ടോ?

ഹിന്ദുമത വിശ്വാസം
ക്രിസ്തുമത വിശ്വാസം
ബുദ്ധമത വിശ്വാസം
ജൈന മത വിശ്വാസം
കപട വിശ്വാസം
ദൈവ വിശ്വാസം
ചെകുത്താൻ വിശ്വാസം
അന്ധവിശ്വാസം
ആത്മ വിശ്വാസം
ഭാര്യക്ക് ഭർത്താവിലും, ഭർത്താവിനു ഭാര്യയിലുമുള്ള വിശ്വാസം
അച്ഛനുമമ്മക്കും, മക്കളിലും, മക്കൾക്ക് തിരിച്ചുമുള്ള വിശ്വാസം
സഹോദര, സഹോദരി വിശ്വാസം.
ശിഷ്യർക്ക് ഗുരുവിലുള്ള വിശ്വാസം
ഗുരുവിനു ശിഷ്യരിലുള്ള വിശ്വാസം
രോഗിക്ക് ഡോക്ടറിലുള്ള വിശ്വാസം
ഡോക്ടർക്ക്  രോഗിയിലുള്ള വിശ്വാസം
കൊടുക്കുന്ന മരുന്നിലുള്ള വിശ്വാസം,
കഴിക്കുന്ന മരുന്നിലുള്ള വിശ്വാസം
കഴിക്കുന്ന ഭക്ഷണത്തിലുള്ള വിശ്വാസം
വിളമ്പുന്ന ആളിലുള്ള വിശ്വാസം
ഓടിക്കുന്ന വാഹനത്തിലുള്ള വിശ്വാസം
എന്തിനു, നാളെ എന്റെ പശു ഇരുപത് ലിറ്റർ പാലു തരുമെന്ന വിശ്വാസം
ഇക്കൊല്ലം മാവും, പ്ലാവും ഇത്തറ മേനി കായ്ക്കും എന്ന വിശ്വാസം
ഇന്നെന്തായാലും ഒരു രണ്ട് മൂന്ന് ശവപെട്ടിയെങ്കിലും വിറ്റു പോവും എന്ന ശവപെട്ടിക്കാരന്റെ വിശ്വാസം

വിശ്വാസങ്ങളുടെ പട്ടികയെടുത്താൽ ഒരെത്തും പിടിയും കിട്ടാത്തയത്ര വിശ്വാസങ്ങളാണു നമുക്കു ചുറ്റും,

വിശ്വാസങ്ങളെ മാറ്റി നിറുത്തികൊണ്ട് മനുഷ്യനു ഒരു നിമിഷം പോലും മുന്നോട്ട് പോവാനും കഴിയില്ല.

വിശ്വാസങ്ങളുടെ ഒരു വന്മതിൽകെട്ടിനുള്ളിൽ ബന്ധനസ്ഥരാണു നാമേവരും!  അല്ലായെന്ന് പറയുവാൻ ആർക്കു കഴിയും?

ചില വിശ്വാസങ്ങൾ അങ്ങിനെയാണു, പ്രത്യേകിച്ച് കാര്യവും കാരണവുമൊന്നും കൂടാതെ നമ്മൾ പിൻതുടരുന്നവ!

എനിക്കുമുണ്ട് ചില വിശ്വാസങ്ങൾ.   അറിഞ്ഞോ, അറിയാതേയോ പിൻ തുടർന്നു വന്നവ, അല്ലെങ്കിൽ ശീലമായ   ചില വിശ്വാസങ്ങൾ!

അതിലൊന്നാണു, ദിവസവും രാവിലെ, വണ്ടി സ്റ്റാർട്ട് ചെയ്ത് യാത്ര തുടങ്ങും മുൻപ് ഡേഷ് ബോർഡിൽ അരക്കിട്ടുറപ്പിച്ച് വച്ചിരിക്കുന്ന വിഗ്നേശ്വരനെ ഒന്ന് തൊട്ട് നെറുകയിൽ വക്കുക എന്നത്!

സംഭവം വളരെ വർഷങ്ങൾക്ക് മുൻപാണു, അന്നെന്റെ ഇളയ മകൾ വളരെ ചെറിയ കുട്ടിയാണു.

ഒരു വെള്ളിയാഴ്ച രാവിലെ തന്നെ  സകുടുംബം ഗ്രോസറി ഷോപ്പിങ്ങിനായി പുറപെട്ടു, പാർക്കിങ്ങിൽ ചെന്ന് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു.  പതിവുപോലെ തന്നെ, നമ്മുടെ വിഘേശ്വരനെ ഒന്ന് തൊട്ട് നിറുകയിൽ വച്ചു, പോവാംല്ലേന്നാ ഭാവത്തിൽ തലതിരിച്ചൊന്ന് പുറകിലേക്ക് നോക്കി.

കുഞ്ഞി കണ്ണുകളിൽ സംശയത്തിന്റെ വേലിയേറ്റം.

എന്താ മോളൂ?  എന്ത് പറ്റി?

അച്ഛാ, അച്ഛൻ എന്തിനാ എപ്പോഴും വണ്ടിയിൽ കയറുമ്പോൾ ഗണപതി ഗോഡിന്റെ തലയിൽ അടിക്കുന്നത്?

പഴവങ്ങാടി ഗണപതിക്ക് തേങ്ങയുടച്ച ഒരു എഫക്ടായിരുന്നു!

Saturday, May 09, 2020

സൃഷ്ടിപുരാണം

പണ്ട് പണ്ട്, അതായത്, ഷക്കീലചിത്രങ്ങള്‍ക്കും, ജയഭാരതി, ഉണ്ണിമേരി ചിത്രങ്ങള്‍ക്കും വളരെ പണ്ട്, ഊര്‍വ്വശി, മേനക, രംഭ, തിലോത്തമമാരുടെ മോഹിനിയാട്ടം, കുച്ചിപുടി, കരകാട്ടം എന്നിവ ഇന്ദ്രലോകത്തില്‍ പോപ്പുലറാകുന്നതിനും വളരെ വളരെ മുന്‍പ് നടന്നൊരു കഥയാണിതെന്നു വേണമെങ്കില്‍ പറയാം, അല്ലെങ്കില്‍ പറയാതിരിക്കാം. പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ഒരു കാര്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, അതെന്തെന്നാല്‍ സത്യത്തിന്റെ മുഖം എപ്പോഴും വിരൂപമായിരിക്കും, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മൂത്തവര്‍ തന്‍ വാക്കും, മുതു നെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ മധുരിക്കും.

അന്ന്, അതായത് ഈ കഥ നടക്കുന്ന സമയത്ത് ഫെമിനിസം എന്ന ശാഖ, ഇന്നത്തെ പോലെ പടര്‍ന്ന് പന്തലിച്ചിരുന്നില്ല എന്നതോ പോട്ടെ, അത് വെറും ഇത്തിള്‍കണ്ണി പോലെ ചുമ്മാ ഏതേലും മരത്തിന്റെ കൊമ്പില്‍ ചുമ്മാ കയറി ചുറ്റി പടര്‍ന്ന് പ്രണയവിവശയായ കന്യകയെ പോലെ മരത്തിന്റെ നീര് (മരനീര് പലതരം എന്നത് വിസ്മരിക്കുന്നില്ല, ആനമയക്കി മുതല്‍ ഡയസിപാം വരെ കലക്കി വരുന്ന മരനീരിന്നു സുലഭം) അല്പാല്പം നുകര്‍ന്ന് നമ്രമുഖിയായി ആരാലും അധികം ശ്രദ്ധിക്കപെടാതെ,അല്ലെങ്കില്‍ ആരുടെ വായില്‍ നിന്നും കയ്യില്‍ നിന്നും ഒന്നും ഇരന്ന് വാങ്ങാതെ നടക്കുന്ന കാലമായിരുന്നു. എന്ന് വച്ച് മെയില്‍ ഷോവനിഷ്റ്റുകള്‍ക്ക് അന്നും ഇന്നും കുറവില്ല എന്ന കാര്യവും അവിസ്മരിക്കുന്നില്ല. ഈ അവസരത്തില്‍ ഒരു സംസ്കൃത ശ്ലോകത്തിന്റെ നാല് വരി കിട്ടിയിരുന്നെങ്കില്‍ ചുമ്മാ ഇടയില്‍ കയറ്റി ആളുകളെ ഞെട്ടിപ്പിക്കാമെന്ന ഒരു ചെറിയ ആശക്ക് ഇവിടെ വിരാമം ഇടേണ്ടി വന്നത് സംസ്കൃത ശ്ലോക പദങ്ങള്‍ പോയിട്ട് മലയാളത്തിലെ തന്നെ ശ്ലോകങ്ങള്‍ തന്നെ ഒരെണ്ണം പോലും വരുന്നില്ല പകരം വരുന്നത് ശോകം മാത്രം.

പണ്ടൊക്കെ ഒരു ചൊല്ലുണ്ടായിരുന്നു ഗണപതിക്ക് വച്ചത് കാക്ക കൊണ്ടു പോയെന്ന്. ഇന്ന് ആ ചൊല്ലൊക്കെ ആകെ മൊത്തം മാറി, കാലം മാറുമ്പോള്‍ കോലം മാത്രമല്ല ചൊല്ലും മാറുമെന്നാണല്ലോ പ്രമാണം ആയതിനാല്‍ തന്നെ പുതിയ ചൊല്ല് എന്തെന്നാല്‍ ഒടുക്കത്തെ ഒത്തൊന്നര മറിഞ്ഞാ പോയി എന്നാകുന്നു എന്നാണെന്നിന്നാളാരോ എന്നോട് പറയുകയുണ്ടായി.

പറഞ്ഞ് പറഞ്ഞ് പതിവുപോലെ തന്നെ ഞാന്‍ കാടുകടന്നു (സോറി കടക്കാന്‍ കാടുകള്‍ ഇല്ല എന്ന കാര്യം ഞാന്‍ മനപ്പൂര്‍വ്വം വിസ്മരിച്ചതല്ല), എങ്കില്‍ പിന്നെ പറഞ്ഞ് പറഞ്ഞ് തോട് കടക്കാം എന്ന് പറഞ്ഞാല്‍ തോടെവിടെ മക്കളെ, പിന്നെ എന്താ കടക്ക്വാന്ന് ചോദിച്ചാലോ? ഉണ്ടല്ലോ, ഷാപ്പ്, ബാറ്, ചില്ലറവില്പനശാല അങ്ങനെ എന്തൊക്കെ ഇരിക്കുന്നു കടക്കാനായും, കിടക്കാനായും കടമ്പകള്‍.

ഈയിടെയായി മദ്യസേവക്കും, ധൂമ്രപാനത്തിനും വിരാമമിട്ടിരിക്കുന്നതിനാല്‍ മാത്രം ഇത്തവണത്തെ നാട്ടിലെ ചിലകാഴ്ചകള്‍ കണ്ടപ്പോള്‍ കോള്‍മയിര്‍ കൊണ്ടു. അക്കമിട്ട് നിരത്തുന്നതിലും എളുപ്പം സഹസ്രനാമം ചൊല്ലുന്നതായതിനാല്‍ തല്‍ക്കാലം ഈയടുത്ത് മാത്രമായി ശ്രദ്ധയില്‍ പെട്ടെതും,പണ്ട് ശ്രദ്ധയില്‍ മനപ്പൂര്‍വ്വം പെടാതിരിന്നതുമായ ഒന്നു രണ്ട് കാര്യങ്ങള്‍ തന്നെ പറയാം.

ഒന്ന് - രാവിലെ പത്ത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ, മാവേലി സ്റ്റോറിലോ, എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്യാനോ നില്‍ക്കുന്നവരുടെ എണ്ണത്തിന്റെ ഇരട്ടിയിലതികം തിരക്ക് സംസ്ഥാന സര്‍ക്കാരിന്റെ മദ്യവില്‍പ്പനശാലക്ക് മുന്‍പില്‍ മാത്രമേ കാണുവാന്‍ കഴിയൂ.

രണ്ട് - ലോട്ടറി ടിക്കറ്റിന്റെ വില്പന മാത്രമാണ് കേരള സര്‍ക്കാരിന്റെ ഏക വരുമാന സ്രോതസ്സ് എന്ന രീതിയിലാണ് സര്‍ക്കാര്‍ ടിക്കറ്റ് ഏജന്ന്റുമാരേയും, വില്പനക്കാരേയും, പ്രോത്സാഹിപ്പിക്കുന്നതും, അവര്‍ക്ക് ഇന്‍ഷുറന്‍സ് മുതലായ ആനുകൂല്യങ്ങള്‍ നല്‍കുന്നതും. ആയതിനാല്‍ തന്നെ റെജിസ്റ്റേര്‍ഡ് ഡോക്ടേര്‍സിന്റെ ക്ലിനിക്കിന്റെ മുന്‍പില്‍ പോലും ഡോക്ടര്‍ ആണ്ടിയപ്പന്‍, എം ബി ബി എസ്, എം ഡി, എഫ് ആര്‍ സി എസ്, എസ് പി, ഐ ജി, ഡി ഐജി തുടങ്ങിയ ഡിഗ്രികള്‍ക്ക് പുറമെ അടിയിലായി വലിയ അക്ഷരത്തില്‍ ലോട്ടറി ഏജന്റ് കേരള ഭാഗ്യക്കുറി എന്നും കാണാന്‍ സാധിക്കുന്നു. ക്ലിനിക്കില്‍ വരുന്ന രോഗികള്‍ക്ക് ടോക്കണ്‍ നമ്പര്‍ കുറിച്ച് കൊടുക്കുന്നത് അന്നെടുക്കുന്ന ഭാഗ്യക്കുറിയിലാണെന്നും ഈയുള്ളവന്‍ കേട്ടു.അന്നാന്നതെ ടിക്കറ്റിന്റെ പണം മുന്‍കൂറായടച്ചാല്‍ ടോക്കണ്‍ നമ്പര്‍ ടിക്കറ്റില്‍ എഴുതി അപ്പോള്‍ തന്നെ ഡോക്ടറെ കാണാനുള്ള ലൈനിലേക്ക് പ്രമോഷന്‍ നല്‍കി ആധരിക്കുന്നു. എമര്‍ജന്‍സിയായി ഡോക്ടറെ കാണണമെന്നുള്ളവര്‍ സൂപ്പര്‍ ബമ്പര്‍ ടിക്കറ്റെടുത്താല്‍ എക്സ്പ്രസ്സ് സര്‍വ്വീസ് യാനി മര്‍ഹബ സര്‍വീസും ലഭിക്കുന്നതാണ്.

വീണ്ടും പറഞ്ഞ് പറഞ്ഞ് കഥ കൈവിട്ടുപോയി. കുറേ നാള്‍ എഴുതാതിരുന്നിട്ട് പിന്നേ എന്തെങ്കിലും എഴുതണമെന്ന് കരുതി എഴുതാന്‍ ഇരുന്നാല്‍ നൂല് പൊട്ടിയ പട്ടം പോലെയോ, ആനമയക്കിയടിച്ച കുട്ടന്റെ പോലെയോ ആണവസ്ഥ, കൈവിട്ട് പോകും. പിന്നെ കാറ്റിന്നനുസരിച്ചോ അല്ലെങ്കില്‍ കാലിന്നനുസരിച്ചോ മാത്രം. അപ്പോ ഇനി കഥയിലേക്ക്.

ഹൈന്ദവപുരാണങ്ങള്‍ അഥവാ വിശ്വാസപ്രകാരം പ്രപഞ്ചത്തിന്റേയും, അതിലെ സകലവിധ ചരാചരങ്ങളുടേയും സൃഷ്ടി നിര്‍വ്വഹിച്ചിരിക്കുന്നത് നാന്മുഖന്‍ അഥവാ സര്‍വ്വശ്രീ ബ്രഹ്മാവാണെന്ന് സങ്കല്‍പ്പം. കഥയില്‍ ചോദ്യമില്ല എന്ന് നിങ്ങള്‍ക്കേവര്‍ക്കും അറിയാവുന്നതിനാല്‍ അത് ഓര്‍മ്മയില്‍ വച്ചുകൊണ്ട് മാത്രം ഇത് വായിക്കാന്‍ താത്പര്യപെടുന്നു.

ബ്രഹ്മാവിന്റെ ഭാര്യയും, മകളും ശ്രീ സരസ്വതിയാകുന്നു. അതെന്താ അങ്ങനെ, ഇന്‍സ്സ്റ്റോറിയല്‍ റിലേഷന്‍ ഷിപ്പുണ്ടായിരുന്നോ എന്നൊന്നുമുള്ള അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ മാത്രമായതുകൊണ്ടാണ് കഥയില്‍ ചോദ്യമില്ല എന്ന് ഞാന്‍ ആദ്യമെ പറഞ്ഞത്. അല്ലെങ്കില്‍ പിന്നെ ആദം,അവ്വ തുടങ്ങിയവരുടെ ബന്ധങ്ങളെല്ലാം പഠിക്കാനും,ആ ബന്ധങ്ങളെ വിശകലനം ചെയ്യാനും, അവരുടെയെല്ലാം ഡി എന്‍ എ സാമ്പിള്‍ എടുക്കാനും,പോളിഗ്രാഫ് ടെസ്റ്റെടുക്കാനും മറ്റും സി ബി ഐ കുറേ മെനക്കെടേണ്ടി വരും.

പ്രഭാതം, അതായത് ഏഴരനാഴികക്കും രണ്ട് മൂന്ന് നാഴിക മുന്‍പേ തന്നെ ബ്രഹ്മേട്ടന്‍ പള്ളിയുറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കും, പിന്നെ അല്പം സമയം ജോഗിങ്ങ്,ത്രെഡ് മില്ല്, ഡമ്പള്‍സുപയോഗിച്ച് അല്പം കസ്രത്ത്, സിറ്റ് അപ്സ്, പുഷ് അപ്സ്, ഇതൊക്കെ കഴിയുമ്പോഴേക്കും, സമയം ഏഴര നാഴിക കഴിഞ്ഞിട്ടുണ്ടാവും,അത് കഴിഞ്ഞ് മുഖങ്ങളെല്ലാം തുടച്ച് വിയര്‍പ്പാറ്റി ഒന്ന് വിശ്രമിക്കുമ്പോഴേക്കും നല്ല ഇന്ത്യന്‍ കോഫീ ഹൌസിന്റെ ഫില്‍ട്ടര്‍ കോഫിയുമായി സരസ്വത്യേടത്തി ഉമ്മറത്തെത്തിയിരിക്കും. ആവി പറക്കുന്ന നല്ല മണമുള്ള ഫില്‍ട്ടര്‍ കോഫി കയ്യില്‍ വാങ്ങുമ്പോള്‍ മനപ്പൂര്‍വ്വമല്ല എന്ന പോലെ ബ്രഹ്മന്‍ തന്നെ കയ്യിലെ മസ്സിലുകള്‍ ഒന്ന് ചുമ്മാ വിറപ്പിക്കും, അത് കാണുമ്പോള്‍ സരസ്വതിക്കിപ്പോഴും കുളിരു കോരും!

കാപ്പി കഴിഞ്ഞാല്‍ ബ്രഹ്മേട്ടന്റെ അടുത്ത പരിപാടി പല്ല് തേപ്പ്, ഷേവിങ്ങ് എന്നിവയാണ്. സാധാരണ ദേവലോകത്തുള്ളവരെല്ലാവരും; ശിവേട്ടന്‍, വിഷ്ണുവേട്ടന്‍, ഇന്ദ്രേട്ടന്‍, തുടങ്ങി കമ്പ്ലീറ്റാളുകളും ഏഴരവെളുപ്പിനെഴുന്നേല്‍ക്കുമ്പോഴും, ബ്രഹ്മേട്ടന്‍ മാത്രം ഏഴരവെളുപ്പിനു മുന്‍പ് എഴുന്നേല്‍ക്കാനുള്ള ഒരേ ഒരു കാരണം, മൂപ്പര്‍ക്ക് പല്ല് തേക്കാനും, ഷേവ് ചെയ്യാനും കൂടുതല്‍ സമയം വേണം എന്നുള്ളതാണ് കാരണം, നാലു മുഖമുള്ളത് കാരണം നാലു പേരുടെ സമയം വേണം!

കയ്യിലെത്ര കിട്ടിയാലും പണ്ടാരം, സോപ്പും ബ്ലെയിഡും വാങ്ങാന്‍ മാത്രമേ തികയൂ എന്നാണ് മാസാവസാനം സരസ്വതിയുടെ പരാതി.

പല്ലു തേപ്പ്, ഷേവിങ്ങ്, കുളി കഴിഞ്ഞാല്‍ വിശാലമായ പ്രാതല്‍ ബ്രഹ്മാവിനു നിര്‍ബന്ധം. പ്രാതല്‍ കഴിഞ്ഞാല്‍ രഥത്തിലേറി ഒറ്റ പോക്കാണ് പിന്നെ. എങ്ങോട്ടാ, എപ്പോഴാ വര്വാ, ഉച്ചക്കുണ്ണാന്‍ ഉണ്ടാവ്വോ എന്നൊക്കെയുള്ള സരസ്വതിയുടെ ചോദ്യത്തിന്, നോം സൃഷ്ടിക്കായി പോകുന്നു എന്നൊരൊറ്റ വാക്കില്‍ ഉത്തരം പറഞ്ഞ് ബ്രഹ്മാവ് സ്ഥലം കാലിയാക്കും.

പിന്നെ നേരെ കളിമണ്‍ കളത്തിലേക്കാണ് യാത്ര.

കളത്തില്‍ ചെന്നാല്‍ പിന്നെ വിശ്രമമില്ലാത്ത പണിയാണ്. കളിമണ്ണെടുത്ത് കുഴച്ച് തന്റെ യുക്തിക്കനുസരിച്ച് പ്രപഞ്ചത്തിലെ ഓരോരോ വസ്തുക്കളുടേയും സ്കെച്ച് തെയ്യാറാക്കുന്നു, മോള്‍ഡ് തയ്യാറാക്കുന്നു, പിന്നെ അതിന് ജീവന്‍ നല്‍കുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ സൃഷ്ടി സൃഷ്ടി സൃഷ്ടി. എന്തു ചെയ്യാം, സൃഷ്ടികര്‍ത്താവായിപോയില്ലെ?

വൈകുന്നേരം തളര്‍ന്ന് വീട്ടില്‍ വരുമ്പോള്‍ സരസ്വതി ചോദിക്കും, എന്താ പ്രഭോ ഇത്ര ക്ഷീണിച്ചിരിക്കുന്നത്. സൃഷ്ടിയാണല്ലോ പ്രിയേ എന്റെ തൊഴില്‍, അത് തന്നെയായിരുന്നു ചെയ്തിരുന്നതും. സരസ്വതിക്കത് കേള്‍ക്കുമ്പോള്‍ അരിശം മൂക്കിന്‍ തുമ്പിലെത്തും. ഓ പിന്നെ, നിങ്ങളും നിങ്ങളുടെ ഒരു സൃഷ്ടിയും, നിങ്ങള്‍ക്ക് മാത്രമല്ലെ സൃഷ്ടിക്കാന്‍ കഴിയൂ, വേണമെങ്കില്‍ എനിക്കും കഴിയും എന്തെങ്കിലുമൊക്കെ സൃഷ്ടിക്കാന്‍ എന്നൊക്കെ വായില്‍ തോന്നിയത് വിളിച്ച് പറയണമെന്ന് പലപ്പോഴും സരസ്വതിക്ക് തോന്നിയിട്ടുണ്ടെങ്കിലും ബ്രഹ്മനെ കോപിപ്പിക്കാന്‍ പാടില്ലല്ലോ എന്നതിനാല്‍ തന്നെ മൌനം പാലിക്കുകയാണ് പതിവു.

പിറ്റേന്നും പതിവുപോലെ ബ്രഹ്മാവ് കുളി, തേവാരം, പ്രാതല്‍ എന്നിവ കഴിഞ്ഞതിനു ശേഷം സൃഷ്ടിക്കായി പുറത്തിറങ്ങാന്‍ നേരം സരസ്വതി ചോദിച്ചു, നാഥാ,ഇന്നല്‍പ്പം നേരത്തെ വന്നാല്‍ നമുക്കൊന്ന് കറങ്ങാന്‍ പോകാമായിരുന്നു. ആ പാര്‍വ്വതിയുടേം, ലക്ഷ്മിയുടേയുമൊക്കെ വീട്ടിലേക്ക് ചെല്ലാന്‍ എത്രനാളായിട്ട് അവര്‍ വിളിക്കുന്നതാ. എപ്പോഴും അവര്‍ ഇങ്ങോട്ട് വരും, നമ്മള്‍ ആചാരമര്യാദക്കെങ്കിലും ഒന്നങ്ങോട്ട് പോകണ്ടെ?

പ്രിയേ സരസ്വതീ, സൃഷ്ടിയാണെന്റെ കര്‍മ്മം, എന്റെ ധര്‍മ്മം, എന്റെ മര്‍മ്മം. അത് കഴിഞ്ഞതിനു ശേഷം സമയം മിച്ചമുണ്ടെങ്കില്‍ ഞാന്‍ നേരത്തെയെത്താം അല്ലെങ്കില്‍ പിന്നെ മറ്റൊരിക്കലാവട്ടെ അവരുടെ വീട്ടിലേക്കുള്ള യാത്ര!

മണ്ണാങ്കട്ട, ഇയാളും ഇയാളുടെ ഒരു സൃഷ്ടിയും. എന്തോന്നാ ഇയാള്‍ വിചാരിച്ചിരിക്കുന്നത്, ഇയാള്‍ക്ക് മാത്രമേ സൃഷ്ടിക്കാന്‍ കഴിയുള്ളൂ എന്നോ? ഒന്നുമില്ലെങ്കിലും യുഗാന്തരങ്ങളായി ഇങ്ങോരുടെ കൂടെ കഴിയുന്നതല്ലേ ഞാന്‍. എനിക്കും അറിയാം സൃഷ്ടിക്കാന്‍. ഇന്ന് ഇദ്ദേഹത്തെ ഒരു പാഠം പഠിപ്പിച്ചേ തീരൂ എന്ന് മനസ്സില്‍ കരുതികൊണ്ട് (പ്രാകികൊണ്ടെന്ന് വിവക്ഷ) മുഖത്ത് സ്ത്രീയുടെ സ്വതസിദ്ധമായ പുഞ്ചിരി വരുത്തിയതിനുശേഷം പറഞ്ഞു, അങ്ങിനെയാകട്ടെ പ്രഭോ.

തേരിലേറിയ ബ്രഹ്മനേയും വഹിച്ചുകൊണ്ട് കുതിരകള്‍ കളിമണ്‍ ഫാക്ടറിയിലേക്ക് പാഞ്ഞ് പോയി. സരസ്വതിയാകട്ടെ, സാരിയൊന്നു ഉയര്‍ത്തികുത്തി രണ്ടും കല്‍പ്പിച്ച് മുറ്റത്തേക്കും.

വൈകീട്ട് പതിവിന്നു വിപരീതമായി ബ്രഹ്മന്‍ നേരത്തെ വരുന്നത് കണ്ടപ്പോള്‍ സരസ്വതിക്കത്ഭുതമായി. രാവിലെ ലക്ഷ്മിയുടേയും, പാര്‍വ്വതിയുടേയും വീട്ടില്‍ പോകണമെന്ന് പറഞ്ഞതിനാലാണോ അങ്ങിത്ര നേരത്തെ തന്നെ എഴുന്നള്ളിയത്?

അല്ല സരസൂ,എന്റെ ഇന്നത്തെ സൃഷ്ടി ഇനിയും പൂര്‍ത്തിയായിട്ടില്ല.

എങ്കില്‍ പിന്നെ എന്തേ അങ്ങ് അത് പൂര്‍ത്തീകരിക്കാതെ ഇത്രയും നേരത്തെ എഴുന്നള്ളിയത്?

അത് പൂര്‍ത്തീകരിക്കാന്‍ തന്നെയാണ് സരസൂ ഞാന്‍ നേരത്തെ എഴുന്നള്ളിയത്.

പിന്നെ പ്രഭോ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.

വളച്ചുകെട്ടാതെ കാര്യം പറയൂ സരസൂ എങ്കിലല്ലെ എനിക്ക് മനസ്സിലാവൂ.

അതെ പറയണോണ്ട് വിഷമം തോന്നരതു അങ്ങേക്ക്.

ഇല്ല പ്രിയേ എനിക്ക് വിഷമം തീരെ തോന്നുകയില്ല. അഥവാ വിഷമം തോന്നിയാല്‍ തന്റെ മുഖത്ത് കൈവിരല്‍ പാടുകള്‍ പതിയാതെ ഞാന്‍ സൂക്ഷിച്ചുകൊള്ളാം.

സത്യം?

സത്യം.

കയ്യിലടിച്ച് സത്യം ചെയ്യൂ പ്രഭോ.

ബ്രഹ്മാവ് സരസ്വതിയുടെ വലം കയ്യിലടിച്ച് സത്യം ചെയ്യുന്നു. ഇനി പറയൂ പ്രിയേ നിനക്കെന്താണ് എന്നോട് പറയാനുള്ളത്.

സാരി ഒന്നുകൂടി മുകളിലേക്ക് കയറ്റി കുത്തി സരസ്വതി ചോദിച്ചു. അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, താങ്കള്‍ക്കൊരു ധാരണയുണ്ട്, താങ്കള്‍ക്ക് മാത്രമേ സൃഷ്ടിക്കാന്‍ പറ്റൂ എന്ന്. അതൊക്കെ വെറും തോന്നലാ മാഷെ. ഒന്നുമില്ലെങ്കിലും, നമ്മളൊക്കെ കഴിക്കുന്നത് ഒരേ റേഷനരികൊണ്ടുള്ള ചോറാ, മാത്രമല്ല, നൂറോ ആയിരമോ യുഗങ്ങളൊന്നുമല്ലല്ലോ ഞാന്‍ നിങ്ങളുടെ കൂടെ കഴിയാന്‍ തുടങ്ങിയിട്ട്. കോടാനുകോടി യുഗങ്ങളായി. ഇന്നു ഞാനും സൃഷ്ടിച്ചു പ്രഭോ. ഇന്നും ഞാനും ഒരു വൃക്ഷത്തെ സൃഷ്ടിച്ചു!

മുല്ലപൂമ്പൊടിയേറ്റും കിടക്കും കല്ലിനുമുണ്ടാം സൌരഭ്യം. ബ്രഹ്മന്‍ ചുമ്മാ രണ്ട് വരി പഴം ചൊല്ല് പാടി പിന്നെ പുഞ്ചിരിച്ചു.

ഓഹ് ഒരു ജാതി ആക്കണ ചിരി ചിരിക്കല്ലെ പ്രഭോ. എന്റെ കൂടെ വാ ഞാന്‍ കാണിച്ചു തരാം എന്റെ സൃഷ്ടി. ആ വൃക്ഷത്തെ നോക്കിയിട്ട് പറ എനിക്ക് സൃഷ്ടിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന്, ബ്രഹ്മന്റെ കൈപിടിച്ച് വടക്കേപുറത്തെ കണ്ടത്തിലേക്ക് നടക്കും വഴി സരസ്വതി പറഞ്ഞു.

വടക്കേ കണ്ടത്തിലെത്തും മുന്‍പ് തന്നെ പച്ചനിറത്തോട് കൂടിയ ഇലകള്‍ നിറഞ്ഞ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന വൃക്ഷം ബ്രഹ്മാവിന്റെ കണ്ണില്‍ പെട്ടു. ബ്രഹ്മാവിന്റെ ആറുകണ്ണുകളിലും ആശ്ചര്യം പടരുന്നത് തിരിഞ്ഞു നോക്കിയ സരസ്വതി കണ്ടു (പിന്നിലെ തലയിലെ രണ്ട് കണ്ണുകളുടെ ഭാവം സരസ്വതിക്ക് മുന്നില്‍ നിന്നു നോക്കിയപ്പോള്‍ പിടികിട്ടിയില്ല). ബ്രഹ്മാവ് മരത്തിന്റെ അടുത്തെത്തി മുകളിലേക്ക് നോക്കി. ചുവന്നു തുടുത്ത പഴങ്ങള്‍ നിറഞ്ഞു തൂങ്ങി കിടകുന്നു ആ മരത്തില്‍. കൊള്ളാം സരസ്വതിക്ക് സൃഷ്ടിക്കാന്‍ അല്പമൊക്കെ കഴിവുണ്ടെന്ന് ബ്രഹ്മാവിനു മനസ്സിലായി എങ്കിലും അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടേ ഇരുന്നു.

എങ്ങിനെയുണ്ട് പ്രഭോ എന്റെ സൃഷ്ടി? ഇപ്പോള്‍ മനസ്സിലായോ താങ്ള്‍ക്ക് മാത്രമല്ല എനിക്കും സൃഷ്ടിക്കാന്‍ അറിയാമെന്ന്.താനാണ് സൃഷ്ടികര്‍ത്താവ്, താന്മാത്രമാണ് എന്നൊന്നുമുള്ള അഹംഭാവം പാടില്ല ഇനി മുതല്‍ മനസ്സിലായോ?

ഒന്നും മിണ്ടാതെ ബ്രഹ്മാവ് പൊട്ടിചിരിക്കാന്‍ തുടങ്ങി.

പ്രപഞ്ചത്തില്‍ ബ്രഹ്മാവല്ലാതെ മറ്റൊരാളും തന്നെ യാതൊരു സൃഷ്ടിയും ഇക്കാലമത്രയും നടത്തിയിട്ടില്ല,എന്നിട്ട് ആദ്യമായി ചരിത്രത്തെ തിരുത്തികുറിച്ചുകൊണ്ട് താന്‍ ഒരു സൃഷ്ടി നടത്തിയപ്പോള്‍ ബ്രഹ്മാവ് പൊട്ടിചിരിക്കുന്നു. സരസ്വതിക്ക് ദ്വേഷ്യം വന്നു എന്നു മാത്രമല്ല പൊട്ടി തെറിക്കുകയും ചെയ്തു.

താന്‍ എന്തൂട്ട് കോപ്പാ ഒരു ജാതി പൊട്ടന്‍ പൂവ് കണ്ടത് പോലെ പൊട്ടി ചിരിക്കണേ? അസൂയ, അല്ലാണ്ടെന്താ? ഇതാണ് ആണുങ്ങളുടെ ഒരു കുഴപ്പം. ഞങ്ങള്‍ പെണ്ണുങ്ങളെന്തേലും ചെയ്താല്‍ അത് നല്ലതാണെന്ന് പറഞ്ഞില്ലെങ്കിലും വേണ്ട, കുഴപ്പമില്ല, അല്ലെങ്കില്‍ കൊള്ളാം തരക്കേടില്ല എന്നെങ്കിലും പറഞ്ഞൂടെ? എവിടെ അതുപോലുമില്ല! മെയില്‍ ഷോവനിസ്റ്റ് പന്നികള്‍. സരസ്വതി അരിശം പൂണ്ടു.

പൊട്ടിചിരിയെ നിയന്ത്രിച്ചുകൊണ്ട്, ബ്രഹ്മാവ് പുഞ്ചിരിയാക്കി, പിന്നെ സരസ്വതിയെ തന്റെ ശരീരത്തോട് ചേര്‍ത്ത് നിറുത്തിയതിനു ശേഷം ഇപ്രകാരം മൊഴിഞ്ഞു.

പ്രിയേ, ഞാന്‍ നേരത്തെ വന്നപ്പോള്‍ നീ ചോദിച്ചില്ലെ ഇന്നെന്താ പ്രഭോ നേരത്തെ വന്നതെന്ന്?

ഉവ്വ്.

അപ്പോള്‍ ഞാന്‍ എന്താണ് പറഞ്ഞത്?

ഇന്നത്തെ താങ്കളുടെ സൃഷ്ടി പൂര്‍ത്തിയായിട്ടില്ല, അത് പൂര്‍ത്തീകരിക്കാനായി മാത്രമാണ് താങ്കള്‍ നേരത്തെ വന്നതെന്ന്.

അതെ. അത് തന്നെയാണ് ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ നിനക്ക് കാര്യം മനസ്സിലായോ?

ഇല്ല പ്രഭോ? തനിക്കെന്തോ അമളി പറ്റി എന്ന് സരസ്വതിക്ക് മനസ്സിലായെങ്കിലും ജന്മനാളുള്ള സ്ത്രീകളുടെ സ്വഭാവമായ തെറ്റ് സമ്മതിച്ചു കൊടുക്കാനുള്ള ആ ഒരു ഇത് സരസ്വതിക്കുമില്ലായിരുന്നു.

നീ ആദ്യമായി സൃഷ്ടിച്ച ഈ വൃക്ഷത്തിന്റെ പേരെന്താണ് പ്രിയേ?

പ്രഭോ, കശുമാവ് അല്ലെങ്കില്‍ പറങ്കിമാവ് എന്നും വിളിക്കാം.

ശരി.

പ്രത്യത്പാദനം നടക്കുന്നത് എങ്ങിനെയെന്ന് സരസുവിനറിയാവുന്നതാണല്ലോ? അതിനായി ബയോളജി ബുക്കുകള്‍ ഒന്നും റെഫര്‍ ചെയ്യേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല ഉവ്വോ?

ഇല്ല പ്രഭോ. പ്രത്യുത്പാദനം നടക്കുന്നത് എങ്ങിനെയെന്ന് എനിക്കറിയാം.

എങ്കില്‍ പറയൂ പ്രിയേ,നീ സൃഷ്ടിച്ചിരിക്കുന്ന ഈ കശുമാവില്‍ നിറയെ പഴങ്ങള്‍ തൂങ്ങി കിടക്കുന്നു. ഇതിന്റെ വിത്തെവിടെ? കുരു എവിടെ? കുരുവില്ലാതെ ഈ വൃക്ഷം എങ്ങിനെ പ്രത്യുത്പാദനം നടത്തും? കമ്പൊടിച്ച് നട്ടാല്‍ മുളക്കുമൊ? ഈ വൃക്ഷത്തിന്റെ വംശങ്ങള്‍ ഈ പ്രപഞ്ചത്തില്‍ കാലാകാലങ്ങളോളം എങ്ങിനെ നിലനില്‍ക്കും? ഈ ഒരു വൃക്ഷത്തോട് കൂടി ഇതിനു നാശം വരില്ലെ?

കയറ്റികുത്തിയ സാരിയുടെ കുത്തഴിച്ചിട്ട്, തല കുനിച്ച് കാല്‍ വിരലുകളാല്‍ സരസ്വതി നിലത്ത് ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങിയതിനൊപ്പം തന്നെ ഇടതു കയ്യിന്റെ നഖവിരലുകള്‍ കടിച്ചു തുപ്പികൊണ്ട് പറഞ്ഞു, ഞാന്‍ അതത്ര ഓര്‍ത്തില്ല പ്രഭോ.

ഇതാണ് ഞാന്‍ പറഞ്ഞത് ഇന്നത്തെ എന്റെ സൃഷ്ടി പൂര്‍ത്തിയായിട്ടില്ല, അത് പൂര്‍ത്തീകരിക്കാനായി മാത്രമാണ് ഞാന്‍ ഇന്ന് നേരത്തെ വന്നതെന്ന്. ആന മുക്കണകണ്ടിട്ട് അണ്ണാന്‍ മുക്കിയാല്‍ എന്ന് പിറുപിറുത്തുകൊണ്ട് ബ്രഹ്മന്‍ താഴെ നിന്നും അല്പം കളിമണ്ണെടുത്ത് കയ്യില്‍ ഇട്ട് കുഴച്ച് കൊണ്ട് ബ്രഹ്മാവ് സരസ്സ്വതിയോട് ചോദിച്ചു മനസ്സിലായോ?

ഉവ്വു പ്രഭോ!

കയ്യില്‍ വച്ചുരുട്ടിയെടുത്ത് ഷെയ്പ്പാക്കിയ കശുവണ്ടി (കപ്പലണ്ടി, അഥവാ കാഷ്യൂ നട്ട്) ബ്രഹ്മാവ് തൂങ്ങികിടക്കുന്ന പഴങ്ങളില്‍ വച്ച് പിടിപ്പിച്ചു.മന്ത്രം ചൊല്ലിയതിനു ശേഷം പറഞ്ഞു, ഇപ്പോഴാണ് ഈ സൃഷ്ടിയും പൂര്‍ത്തിയായയത്.

സൃഷ്ടികര്‍ത്താവായി ഈ ലോകത്ത് ഒരേ ഒരാള്‍ മാത്രം ഞാന്‍ അഥവാ ബ്രഹ്മാവ് മനസ്സിലായോ സരസ്വതീ.

മുതു നെല്ലിക്കയും, സത്യവും ആദ്യം കൈക്കും പിന്നെ മധുരിക്കും എന്ന ചൊല്ല് തികച്ചും വാസ്തവമാണെന്ന് മനസ്സിലായ സരസ്വതി അതിവിശാലമായി പുഞ്ചിരിച്ചു, ശേഷം, ഫെമിനിസം-മണ്ണാങ്കട്ട എന്ന് പിറുപിറുത്തുകൊണ്ട് ബ്രഹ്മാവിനു വേണ്ടി ഫില്‍ട്ടര്‍കോഫിയെടുക്കാന്‍ അകത്തേക്ക് നടന്നുപോയി.

(പ്രപഞ്ച സൃഷ്ടിയില്‍ കുരു പുറത്തായ, അല്ലെങ്കില്‍ സൃഷ്ടിക്ക് ശേഷം മാത്രം കുരു വച്ചുപിടിപ്പിച്ച ഒരേ ഒരു ഫലം കശുമാങ്ങ മാത്രമാണ് എന്നുമൊന്ന് ഓര്‍ക്കുക)