Tuesday, February 24, 2009

വല്ലഭ ചരിതം - ഭാഗം - 2 - അഥവാ ഒടുക്കത്തെ

ഒന്ന് അവസാനിപ്പിച്ചതിവിടെ.

ശ്രീദേവിയമ്മയുടെ നോട്ടം താങ്ങുവാനുള്ള ശേഷിയില്ലായെന്ന പോലെ തല അല്പം വെട്ടിച്ചിട്ട് പാര്‍വ്വതിയമ്മ ശ്രീദേവിയമ്മയുടെ കരം ഗ്രഹിച്ചു. നന്നായിട്ടു വരും ദേവ്യേ, എല്ലാം കണ്ഠേശ്വരത്തപ്പന്‍ നടത്തി തരും. ഒന്നുമില്ലെങ്കിലും പ്രീത മോള് എത്ര എള്ള് തിരി കത്തിച്ചതാ കണ്ഠേശ്വരത്തപ്പന്. നടത്തിതരാതിരിക്കുമൊ? ശ്രീദേവിയമ്മയുടെ കരത്തിലുള്ള പിടിവിട്ട് പൂര്‍ണ്ണ സ്വതന്ത്ര്യയാക്കിയതിനുശേഷം പാര്‍വ്വതിയമ്മ കൈക്കൂപ്പി ഒരു നിമിഷം പ്രാര്‍ത്ഥിച്ചു, ശ്രീ കണ്ഠേശ്വരത്തപ്പാ കാത്തോളണേ!

വല്ലഭ ചരിതം - ഭാഗം - 2

തങ്കപ്പന്‍ നായരും, ശ്രീദേവിയമ്മയും യാത്രപറഞ്ഞ് പടിയിറങ്ങി പോയി അല്പം കഴിഞ്ഞപ്പോഴേക്കും പടിതുറന്ന് വല്ലഭന്‍ വീട്ടിലേക്ക് പ്രവേശിച്ചു.ഒരാള് വീട്ടില്‍ വന്നാല്‍ അമ്മേ ഇതാരാ വന്നിരിക്കണേന്ന് തൊള്ളേം തൊറന്ന് നിലവിളിച്ചിട്ട് നീ ഇതെവിടെ പോയി കിടക്കുകയായിരുന്നു വല്ലഭാ? നല്ലൊരു കാര്യത്തിന് ആരെങ്കിലും വീട്ടില്‍ വന്നാല്‍ ചെക്കന് വീട്ടിലിക്കാന്‍ നേരല്ല്യ. പാര്‍വ്വതിയമ്മ പിറുപിറുത്തു.

നല്ലൊരു കാര്യോ? എന്ത് നല്ല കാര്യം? എവിടുത്തെ നല്ല കാര്യം? ആരുടെ നല്ല കാര്യം? ആര്‍ക്ക് നല്ല കാര്യം? ഞൊണ്ടി ഞൊണ്ടി ഉമ്മറ പടികള്‍ കയറുന്നതിനിടയില്‍ ചോദ്യങ്ങളുടെ ഒരു ശരവര്‍ഷം തന്നെ വല്ലഭന്‍ തൊടുത്തു.

നീയറിഞ്ഞോ, നമ്മുടെ പ്രീതേടെ കല്യാണം ഒറപ്പിച്ചൂന്ന്‍. കല്യാണം ക്ഷണിക്കാനാ തങ്കപ്പന്‍ നായരും, ശ്രീദേവിയമ്മയും വന്നത്, ആഹ്ലാദപൂര്‍വ്വം പാര്‍വ്വതിയമ്മ വിവരിച്ചു.

പ്രീതേടെ കല്യാണം ഉറപ്പിച്ചേന് ഞാനിപ്പോ എന്താ ചെയ്യേണ്ടേ? ഒടിഞ്ഞ കയ്യും കാലും വച്ച് ഞാന്‍ ഇവിടെ തിരുവാതിരക്കളി കളിക്കണോ? അല്ലെങ്കില്‍ വേണ്ട, അമ്മ ആ ദലേര്‍ മഹന്തിയുടെ പാട്ടൊന്ന് ഓണ്‍ ചെയ്തേ, ഞാന്‍ ബാംഗ്ഡ കളിക്കാം. അതാണ് കല്യാണത്തിനു ചേര്‍ന്ന കളി.

എത്രകൊല്ലായി അവള്‍ക്ക് ആലോചനകള്‍ വരുന്നു, എല്ലാം മുടങ്ങി പോവ്വല്ലേരുന്നൂ. ഒന്നൂല്ലെങ്കിലും കുട്ടിക്കാലം തൊട്ട് നിന്റെ കളിക്കൂട്ടുകാരിയായിരുന്നില്ലേടാ വളരുന്നത് വരെയെങ്കിലും? എന്നിട്ടും നീ തര്‍ക്കുത്തരം പറയ്യ്യാ?

അത് തന്ന്യാ ഞാന്‍ പറഞ്ഞതെന്റെ അമ്മേ, കളിക്കൂട്ട്കാരിയായിരുന്നൂന്ന് വച്ച് ഇപ്പോ കാലം മാറീല്ല്യേ? അടക്കയാവോളം മടിയില്‍ വക്കാം, അടക്കാമരായാലോ? ഇനിപ്പോ ഞാന്‍ എന്റെ കളിക്കൂട്ട് കാര്യായിരുന്നൂന്നൊക്കെ പറഞ്ഞ് നടന്നാ ആരേലും പറഞ്ഞ് കെട്ടാന്‍ പോണ ചെറുക്കനും വീട്ടുകാരും കേട്ട്, അവര്‍ക്കെന്തെങ്കിലും തോന്ന്യാല്ലോ? അത് പോരെ ഈ കല്യാണം മുടങ്ങാന്‍?

ങ്ഹാ, നീ പറയണതും ശരിയാ. ഞാനത്രക്കങ്ങിട് ആലോചിച്ച്യാല്ലാ.

എന്തായാലും ആക്സിഡന്റ് കഴിഞ്ഞേപിന്നെ ചെക്കന്റെ ബുദ്ധിയൊന്ന് തെളിഞ്ഞിട്ടുണ്ട് , ഉച്ചക്കൂണ് കഴിഞ്ഞ് മുറുക്കി കൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ അപ്പുനായര് പാര്‍വ്വതിയമ്മയോട് പറഞ്ഞു.

ഉം നേരാ, എനിക്കും തോന്നിയിരുന്നു. കാട്ടുപോത്തിന്റെ പോലെയുള്ള മുക്രയിടലും, എടുത്തുചാട്ടോം, തറുതല പറയലും ഒക്കെ ഒന്ന് കുറഞ്ഞിട്ടുണ്ട്. കൂട്ടുകാരുടെ കൂടെ പുറത്ത് തെണ്ടാന്‍ പോകുന്നതും ഈയിടെ നിറുത്തിയിട്ടുണ്ട്. ബുദ്ധി തെളിഞ്ഞ സ്ഥിതിക്ക് ഇനി എന്തേലും ജോലിയും കൂടെ ശരിയായാല്‍ മതിയായിരുന്നു എന്റെ ശ്രീകണ്ഠേശ്വരത്തപ്പാ.

പിന്നേ, ശ്രീ കണ്ഠേശ്വരത്തപ്പന്‍ എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്ത്വല്ലേ, നിന്റെ മോന് ജോലി കൊടുക്കാനായിട്ട്. നേരാം വണ്ണം നാല് ഇന്റര്‍വ്യൂവിനു പോയിട്ടുണ്ടോ അവന്‍? അല്പം ഇടത് ചായുവുള്ള അപ്പുമാഷ് കിട്ടിയ ചാന്‍സിന് പാര്‍വ്വതിയമ്മയുടെ അമിതഭക്തിക്കിട്ടൊന്ന് കൊട്ടി!

പിന്നെ ഇക്കണ്ട കാലമൊക്കെ ആപ്ലിക്കേഷനയച്ച് ഇന്റര്‍വ്യൂവിനെന്നും പറഞ്ഞ് എന്റേന്ന് കാശും വാങ്ങി, എറണാകുളത്തേക്കും, തിരുവന്തോരത്തേക്കും, കോയമ്പത്തൂരേക്കും, ബാംഗ്ലൂര്‍ക്കുമൊക്കെ അവന്‍, പോയത് പിന്നെ എങ്ങോട്ടാ? നിങ്ങളുടെ തറവാട്ടിലേക്കോ? എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ടാട്ടാ മാഷെ, ദൈവത്തെ പറഞ്ഞപ്പോ പാര്‍വ്വതിയമ്മക്ക് മൂക്കത്തരിശം.

രാവിലെ പുറത്ത് പോയാല്‍ ഉച്ചക്ക് ഉണ്ണാനാ വരാറ്. ഉച്ചക്കുണ്ടൊന്ന് മയങ്ങി, മൂന്നു മൂന്നരക്ക് ചായയും കടിയും കഴിച്ച് പുറത്തിറങ്ങിയാ പിന്നെ രാത്രി ഊണിന്റെ നേരത്താ വരാറ്. കുറച്ച് ആഴ്ചകളായി അടങ്ങിയൊതുങ്ങി വീട്ടില്‍ ഇരുന്നപ്പോള്‍ വിചാരിച്ചു ആക്സിഡന്റ് പറ്റിയത് കൊണ്ടാണെന്ന്. ഇതിപ്പോ കാലിലെ ഉളുക്ക് മാറിയിട്ടും, മുഖത്തെ നീരു വറ്റിയിട്ടും. കൈയ്യിലെ പ്ലാസ്റ്ററ് വെട്ടിയിട്ടും ചെക്കന്‍ എന്താ വീടിന്റുള്ളില്‍ അടയിരിക്കണേ മാഷെ?

അതങ്ങിനെയാ പാര്‍വ്വതീ. നീ കേട്ടിട്ടില്ല്യേ? കിട്ടേണ്ട സമയത്ത് കിട്ടേണ്ടത് കിട്ട്യാ തോന്നേണ്ട സമയത്ത് തോന്നേണ്ടത് തോന്നുംന്ന്?

എന്ത് കിട്ടണേന്റേം, തോന്നണേന്റേം കാര്യാ മാഷേ നിങ്ങളീ പറയണേ? എനിക്കൊന്നും മനസ്സിലാവിണില്ല്യാല്ലോ?

എന്റെ പാര്‍വ്വതീ, ഒരു കാര്യം തനിക്ക് മനസ്സിലായില്ല്യാന്ന് വച്ച് ഈ ലോകം അങ്ങട് അവസാനിക്ക്വന്നൂല്ല്യല്ലോ? ഒരു കാര്യം അങ്ങ്ട് താന്‍ അറിയാണ്ടാ പോട്ടേ, മാഷ് വിഷയം അവിടെ അവസാനിപ്പിച്ചു.

പിന്നീട് വന്ന ആഴ്ചയില്‍ വല്ലഭന് തിരുവനന്തപുരത്ത് നിന്നും ഒരു ഇന്റര്‍വ്യൂ ലെറ്റര്‍ വന്നു. ഇന്റര്‍വ്യൂവിന്റെ തലേന്ന് തന്നെ വല്ലഭന്‍ തിരുവനന്തപുരത്തേക്ക് പുറപെട്ടു. തിരുവനന്തപുരത്തെ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്ത്, തിരികെ വന്ന വല്ലഭന്‍ പടി തുറന്ന് കൊണ്ട് തന്നെ വിളിച്ചു പറഞ്ഞു, അമ്മേ അച്ഛാ ഞാന്‍ ഇന്റര്‍വ്യൂ പാസ്സായി, എനിക്ക് ജോലി കിട്ടി.

പാര്‍വ്വതിയമ്മയുടെ മുഖം വിടര്‍ന്നു കട്ടിലില്‍ നിന്നെഴുന്നേറ്റ്, കൈക്കൂപ്പി അവര്‍ പ്രാര്‍ത്ഥിച്ചു, ശ്രീ കണ്ഠേശ്വരാ നീയേ തുണ.

മോന് ജോലി കിട്ടിയെന്ന് വിളിച്ചു പറഞ്ഞിട്ടും കിടക്കുന്ന കിടപ്പില്‍ നിന്നെഴുന്നേല്‍ക്കാതെ നിസ്സംഗതനായി കിടക്കുന്ന അപ്പു മാഷിനെ നോക്കി പാര്‍വ്വതിയമ്മ ചോദിച്ചു, വല്ലഭന്‍ ഇന്റര്‍വ്യൂ പാസ്സായീന്നും, ജോലി കിട്ടീന്നും വിളിച്ച് പറഞ്ഞത് നിങ്ങള് കേട്ടില്ല്യേ?

കേട്ടു.

പിന്നെന്താ ഒന്നും മിണ്ടാതെ ഇങ്ങനെ കിടക്കണേ?

അല്ലാണ്ട് പിന്നെ ഞാന്‍ തിരുവാതിര കളിക്കണോ? അല്ലെങ്കില്‍ വേണ്ട, ആ കുന്തിയാ, ദമയന്തിയാ, മെഹന്തിയാ ആരാന്ന് വച്ചാ അയാളുടെ പാട്ട് വക്ക്, ഞാന്‍ ബാംഗ്ഡ കളിക്കാം.

ചെക്കന് ജീവിതത്തില്‍ ആദ്യായിട്ട് ഒരു ജോലികിട്ടി വന്നിരിക്കുമ്പോ ചെക്കനെ കളിയാക്കാണ്ട് ചെന്ന് അവനെ വിളിച്ചിരുത്തി വിശേഷങ്ങള്‍ ചോദിക്ക് മനുഷ്യാ.

കിട്ടേണ്ട സമയത്ത് കിട്ടേണ്ടത് കിട്ട്യാ തോന്നേണ്ട സമയത്ത് തോന്നേണ്ടത് തോന്നുംന്ന് കേട്ടിട്ടില്ലേന്ന് ഞാന്‍ ഇക്കഴിഞ്ഞ ദിവസമല്ലേ പാര്‍വ്വതീ പറഞ്ഞതെന്ന് ചോദിച്ച് അപ്പുമാഷ് കട്ടിലിലില്‍ നിന്നുമെഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു.

ഇന്റര്‍വ്യൂവിനെകുറിച്ചും, ഇന്റര്‍വ്യൂ എടുത്തിരുന്നവരുടെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി ഉത്തരം പറഞ്ഞതിനെകുറിച്ചും, ചെയ്യേണ്ട ജോലിയെകറിച്ചുമെല്ലാം, വല്ലഭന്‍ നിര്‍ലോഭം പറഞ്ഞുകൊണ്ടേയിരുന്നു. പാര്‍വ്വതിയമ്മയാണേല്‍ വിവരണങ്ങള്‍ക്കനുസരിച്ച് തലയാട്ടിയും, മിടുക്കന്‍, മിടുമിടുക്കന്‍ എന്നും പറഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അപ്പുമാഷാകട്ടെ, വെറ്റിലയിലെ ഞരമ്പ് നുള്ളുന്നതിലും, ചുണ്ണാമ്പ് തേക്കുന്നതിലും, തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു.

അപ്പോ നിനക്കെന്നാ ജോലിക്ക് ജോയിന്‍ ചെയ്യേണ്ടത്?

പത്തൊമ്പതാം തിയതി തിങ്കളാഴ്ചയാണച്ഛാ.

ഉം, അപ്പോ പ്രീതയുടെ കല്യാണത്തിന്റെ പിറ്റേന്ന്. അപ്പോ കല്യാണോം കഴിഞ്ഞ് സദ്യയും ഉണ്ടിട്ട് അങ്ങട് പോയാല്‍ മതി. രാത്രിയാവുമ്പോള്‍ അങ്ങെത്താം. ലോഡ്ജില്‍ തങ്ങി രാവിലെ ജോലിക്കും കയറാം. എന്താ?

അതച്ഛാ, കല്യാണം കഴിഞ്ഞ് പോവാംന്ന് വെച്ചാല്‍ നേരം ഒരുപാടിരുട്ടില്ലെ? രാവിലെ തന്നെ അങ്ങോട്ടിറങ്ങിയാല്‍ വൈകുന്നേരത്തിനു മുന്‍പ് എത്തിച്ചേരാം.

ഉവ്വ്, വൈകുന്നേരത്തിനു മുന്‍പ് എത്തി ചേരാം. പക്ഷെ അല്പം രാത്രിയായിട്ട് എത്തിചേര്‍ന്നൂന്ന് വച്ച് കുഴപ്പമൊന്നുമില്ല്യാല്ല്ലോ. പേടിക്കാനായിട്ട് താന്‍ പെണ്‍കുട്ടിയൊന്നുമല്ലല്ലോ. അയല്‍പ്പക്കത്തൊരു കല്യാണം ഉണ്ടായിട്ട്, നമ്മളെല്ലാരും പോയില്ലെങ്കില്‍ നാട്ടുകാര്‍ക്ക് പിന്നെ കുറച്ച് നാള്‍ പറഞ്ഞ് നടക്കാന്‍ അത് മതിയാവും. കല്യാണം കഴിഞ്ഞ് സദ്യോം ഉണ്ടിട്ട് താന്‍ പോയാല്‍ മതി തിരുവനന്തപുരത്തേക്ക്. എന്താ?

ഉവ്വ്, അങ്ങിനെ മതി.

ഉം. പിന്നെ കല്യാണവീടാണ്. പെണ്‍കുട്ടിക്കാണേല്‍ ആങ്ങളമാരൊന്നും ഇല്ല്യാനും. എല്ലാത്തിനും ഒരു സഹായത്തിനു താന്‍ ചെല്ലണം.

ശരിയച്ഛാ.

അച്ഛടക്കത്തോടെയുള്ള മകന്റെ ഉത്തരം കേട്ട് അപ്പു മാഷിന്റെ കണ്ണുകള്‍ ഒന്നു വിടര്‍ന്നതിനൊപ്പം തന്നെ ചുണ്ടത്തൊരു നറു പുഞ്ചിരിയും വിടര്‍ന്നു.

പ്രീതയുടെ കല്യാണം അടുത്തു വന്നു. പന്തലു കെട്ടാനും, അലങ്കരിക്കാനും, മേശയും, കസേരകളും നിരത്തിയിടാനും, കല്യാണ തലേന്ന് പച്ചക്കറികള്‍ അരിയാനും, തേങ്ങ ചിരവാനും അയല്‍പ്പക്കത്തെ മറ്റു യുവാക്കള്‍ക്കൊപ്പം, മുന്‍പന്തിയില്‍ തന്നെ വല്ലഭനും ഉണ്ടായിരുന്നു.

കെട്ടു കഴിഞ്ഞു, സദ്യക്കുള്ള ഇലയിട്ടു. ആദ്യത്തെയും, രണ്ടാമത്തേയും പന്തിയില്‍ ചെറുക്കന്റെ പക്ഷത്തു നിന്നുവന്നവരാണ് ഇരിക്കേണ്ടതെങ്കിലും, തിരുവനന്തപുരത്തേക്ക് പോകേണ്ടതിനാല്‍, ആദ്യ പന്തിയില്‍ തന്നെ ഇരുന്നു കളയാം എന്ന് കരുതി വല്ലഭന്‍ കൈ കഴുകി വരുമ്പോഴാണ് വല്ലഭാ ഇങ്ങോട്ട് വാ എന്നച്ഛന്‍ വിളിച്ചത്.

എന്താ അച്ഛാ?

അല്ല ചെക്കന്റേം, പെണ്ണിന്റേം കൂടെ നമ്മുടെം ഒരു കുടുംബഫോട്ടോ എടുക്കണമെന്ന്.

അപ്പുമാഷും, പാര്‍വ്വതിയമ്മയും, വല്ലഭനും കൂടി സ്റ്റേജില്‍ കയറിയപ്പോള്‍ പ്രീത കല്യാണ ചെറുക്കന് അവരെ പരിചയപെടുത്തി, ഇത് അപ്പുമാഷ്, അച്ഛന്റെ പ്രിയ സുഹൃത്തും, ഞങ്ങള്‍ക്ക് വളരെ വേണ്ടപെട്ടവരുമാണ്.

കൈകൂപ്പികൊണ്ട് വരന്‍ പറഞ്ഞു, അറിയാം! (പാര്‍വ്വതിയമ്മ സംശയദൃഷ്ടിയോടെ മാഷെ നോക്കുന്നു)

ഇത് പാര്‍വ്വതിയമ്മ.

അറിയാം, കേട്ടിട്ടുണ്ട് (പാര്‍വ്വതിയമ്മയൊന്ന് വീണ്ടും മാഷെ നോക്കുന്നു.)

ഇത് വല്ലഭന്‍. എന്റെ കുട്ടിക്കാലത്തെ സുഹൃത്തും കൂടിയാണ്. കല്യാണത്തിന് ഒരുക്കുകൂട്ടലുകള്‍ക്ക് മുന്നിലുണ്ടായിരുന്നു.

കേട്ടിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് ചെറുക്കന്‍ വല്ലഭന് കൈകൊടുത്തു. രണ്ട് പേരുടേം കണ്ണുകള്‍ ഇടഞ്ഞു. ചെറുക്കന്‍ ചെറുതായൊന്നു ചിരിച്ചു, വല്ലഭന്‍ ഒന്നു പരുങ്ങി, പിന്നെ ചിരിച്ചു (പാര്‍വ്വതിയമ്മ വീണ്ടും മാഷെ നോക്കുന്നു).

ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുത്തു കഴിഞ്ഞപ്പോഴേക്കും അടുത്ത പരിചയക്കാര്‍ സ്റ്റേജില്‍ കയറി, അപ്പുമാഷും, പാര്‍വ്വതിയമ്മയും വല്ലഭനും താഴെ പന്തലിലേക്കും ഇറങ്ങി.

ആദ്യ പന്തിക്ക് തന്നെ ഊണു കഴിഞ്ഞ് വല്ലഭന്‍ വീ‍ട്ടിലേക്കിറങ്ങിയപ്പോള്‍, വല്ലഭനെ യാത്രയയച്ച് വന്നിട്ടാകാം ഊണെന്ന് കരുതി അപ്പുമാഷും, പാര്‍വ്വതിയമ്മയും കൂടെയിറങ്ങി.

വസ്ത്രം മാറി ബാഗുമെടുത്ത് വല്ലഭന്‍ പുറത്തേക്കിറങ്ങുവോളം പാര്‍വ്വതിയമ്മ, മോനെ, പഴവങ്ങാടി ഗണപതിക്ക് തേങ്ങയുടച്ചിട്ട് വേണേ രാവിലെ ജോലിക്ക് പോവാന്‍, മുടക്ക് ദിവസങ്ങളില്‍ ശ്രീ പത്മനാഭനെ തൊഴണേ,കുളിച്ചാല്‍ തല തോര്‍ത്തണേ, ഇവിടുത്തെ പോലെ കൂട്ടുകാരെയുണ്ടാക്കി തെണ്ടി തിരിഞ്ഞ് നടക്കല്ലെ, തുടങ്ങി ഉപദേശങ്ങള്‍കൊണ്ടാറാട്ട് നടത്തിയപ്പോള്‍, വല്ലഭന് ഒരു മാസത്തേക്ക് പ്രയാസമില്ലാതെ കഴിയാനാവശ്യമായ പണം വല്ലഭന്റെ കയ്യില്‍ നല്‍കികൊണ്ട് അപ്പുമാഷ് പറഞ്ഞിതിത്രമാത്രം.

കഴിഞ്ഞതെല്ലാം കഴിഞ്ഞുവെങ്കിലും, അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ട് ഇനിയെങ്കിലും ഉത്തരവാദിത്വത്തോടെ ജീവിക്കാന്‍ പഠിക്കൂ.

എന്താണച്ഛന്‍ ഉദ്ദേശിച്ചതെന്ന് മുഴുവനായി മനസ്സിലായില്ലെങ്കിലും എന്തെല്ലാമോ ചിലത് വല്ലഭന് മനസ്സിലാവാതിരുന്നില്ല. തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍ ഇരുന്ന് യാത്രചെയ്യുമ്പോഴും, വല്ലഭന്റെ മനസ്സ് മുഴുവന്‍‍, ഫോട്ടോ എടുക്കാന്‍ സ്റ്റേജില്‍ കയറി, അച്ഛനെ പ്രീത പരിചയപെടുത്തിയപ്പോള്‍ വരന്‍ അറിയാമെന്ന് പറഞ്ഞതെങ്ങിനെയെന്നായിരുന്നു!

ക്യാമറ ഷോട്ട് ഒന്ന്

അങ്ങിനെ പ്രീതയുടെ കല്യാണം ഭംഗിയായി കഴിഞ്ഞൂല്ലെ മാഷെ? കല്യാണ വീട്ടില്‍ നിന്നും പകര്‍ത്തിയയച്ച സദ്യവട്ടങ്ങള്‍ കൂട്ടി സുഭിക്ഷമായ അത്താഴം കഴിഞ്ഞ് വിസ്തരിച്ചൊന്ന് മുറുക്കാനുള്ള തയ്യാറെടുപ്പോടെ ഉമ്മറത്ത് വന്നിരിക്കുന്ന അപ്പുമാഷക്ക്, വെറ്റിലയുടെ ഞരമ്പ് ചുരണ്ടിമാറ്റി, വാസനചുണ്ണാമ്പ് തേച്ച്, കല്യാണവീട്ടില്‍ നിന്നും കൊണ്ട് വന്ന അശോകയുടെ സുപ്പാരിയിട്ട് മടക്കിയ മുറുക്കാന്‍ കൈമാറികൊണ്ട് പാര്‍വ്വതിയമ്മ ചോദിച്ചു.

അതെ.

നമ്മുടെ ചെക്കനും ഒരു ജോലി ആയി.

അതെ.

അല്ല മാഷെ ഒരു സംശയം. ഫോട്ടോ എടുത്ത് നമ്മളെ പ്രീതമോള് പരിചയപെടുത്തുമ്പോള്‍, കല്യാണ ചെക്കന് നിങ്ങളെ അറിയാമെന്നും, എന്നെ കുറിച്ചും വല്ലഭനെ കുറിച്ചും അറിയാമെന്നും പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചിരുന്നു! എങ്ങിനെയാ മാഷെ ആ കുട്ടി നിങ്ങളെ അറിയുന്നത്?

ഒരൊന്നൊന്നര കൊല്ലം മുന്‍പ്, തുണിയലക്കുമ്പോള്‍, വല്ലഭന്റെ പോക്കറ്റില്‍ നിന്നും പ്രീതയുടെ കല്യാണം മുടക്കാനായി ആരോ ആര്‍ക്കോ എഴുതിയ ഒരു കത്ത് തനിക്ക് കിട്ടിയതോര്‍മ്മയുണ്ടോ തനിക്ക്?

ഉവ്വ്. അതും ഇതുമായി എന്താ ബന്ധം മാഷെ?

ആ കത്തെഴുതിയത് വല്ലഭനാണെന്ന് എനിക്കുറപ്പായി.

ദേ എന്റെ ചെക്കനെ കുറിച്ച് വേണ്ടാതീനം പറയല്ലെ മാഷെ.

താന്‍ തോക്കിന്റെ ഇടയില്‍ കയറി വെടിവക്കാതെ പാര്‍വ്വതി, ഞാന്‍ പറയുന്നത് മുഴുവനും കേള്‍ക്ക്. വായിലുള്ള മുറുക്കാന്‍ കോളാമ്പിയിലേക്ക് തുപ്പിയതിനു ശേഷം അപ്പുനായര്‍ തുടര്‍ന്നു.

അവന് പ്രീതയെ ഇഷ്ടമായിരുന്നിരിക്കാം. പക്ഷെ ഉത്തരവാദിത്വമില്ലാതെ, ജോലിയൊന്നും ചെയ്യാതെ നടക്കുന്നൊരുവന് ആരെങ്കിലും പെണ്ണിനെ കൊടുക്കുമോ?

അവന്‍ എത്ര ഇന്റര്‍വ്യൂവിനു പോയി? ജോലി കിട്ടാഞ്ഞത് അവന്റെ കുഴപ്പമാണോ?

അവന്‍ ഇന്റര്‍വ്യൂവിനൊന്നും പോയിരുന്നില്ല എന്നതാണ് വാസ്തവം.

എന്റെ മാഷെ നിങ്ങള്‍ക്കെന്താ വട്ടായോ?

അടങ്ങ് പാര്‍വ്വതി, ഞാന്‍ മുഴുവന്‍ പറയട്ടെ.

പ്രീതക്കെപ്പോള്‍ കല്യാണ ആലോചന വന്നാലും അതിന്റെ അടുത്ത ദിവസമോ, അല്ലെങ്കില്‍ രണ്ട് മൂന്നു ദിവസത്തിനുള്ളിലോ വല്ലഭന് ഒരു ഇന്റര്‍വ്യൂവും ഉണ്ടാകാറുണ്ടായിരുന്നു എന്ന കാര്യം അപ്രതീക്ഷിതമായാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. തന്നെയുമല്ല, പ്രീതക്ക് വരുന്ന ആലോചനകളെല്ലാം തന്നെ പ്രത്യേകിച്ചൊരു കാരണവും കൂടാതെ മുടങ്ങുകയും ചെയ്യുന്നു.

പിന്നീട് പലപ്പോഴായി അവന്റെ കൂട്ടുകാരോട് സംസാരിച്ചപ്പോഴൊക്കെയായി അവര്‍ അറിയാതെ തന്നെ വല്ലഭനാണ് കല്യാണം മുടക്കുന്നതെന്ന് എനിക്കുറപ്പായി.

അത് കേട്ടതും പാര്‍വ്വതിയമ്മ പൊട്ടിതെറിച്ചു.

ഇങ്ങനെ ഒരു പടുവിത്താണല്ലോ ശ്രീകണ്ഠേശ്വരത്തപ്പാ എന്റെ വയറ്റില്‍ ജനിച്ചത്. എന്തായാലും ആ കുട്ടീടെ കല്യാണം കഴിഞ്ഞത് നന്നായി. അല്ലെങ്കില്‍ അവന് ഞാന്‍ ചോറില്‍ വല്ല വിഷോം കൊടുത്ത് കൊന്നേനെ. കുരുത്തം കെട്ടവന്‍!

നീ ചൂടാവാതെ പാര്‍വ്വതി. ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്ക്.

അങ്ങനെ ഇരിക്കുമ്പോഴാണ് തൃശൂര് വച്ചൊരു കല്യാണത്തിന് ഞാന്‍ ട്രെയിനിങ്ങ് കാലത്തൊരുമിച്ചുണ്ടായിരുന്ന സഹദേവനെ കാണുന്നത്. അക്കാര്യം ഞാന്‍ തന്നോട് പറയുകയുണ്ടായീല്ലോ?

ഉവ്വ് ഓര്‍ക്കണ്ണ്ട്. പാലക്കാട് സെറ്റില്‍ ചെയ്തൂന്ന് പറഞ്ഞ സഹദേവന്‍ മാഷ് ല്ലെ?

അതെ, അയാളുടെ മൂത്ത ചെക്കന് പെണ്ണു നോക്കുണൂ പറ്റിയ വല്ല കുട്ടികളും ഉണ്ടെങ്കില്‍ പറയണം എന്നെന്നോട് അന്ന് പറഞ്ഞിരുന്നു. അയാളോട് ഞാനാ പ്രീതയുടെ കാര്യം പറഞ്ഞത്, പ്രീതയുടെ കാര്യം മാത്രമല്ല, നമ്മുടേ സത്പുത്രന്റെ കയ്യിലിരുപ്പും സഹദേവനോട് ഞാന്‍ തുറന്ന് പറഞ്ഞു.

അങ്ങിനെയാ ജാതകം നോക്കിയതും, പൊരുത്തം ചേര്‍ന്നതും, പെണ്ണുകാണാന്‍ വന്നതും കണ്ടിഷ്ടപെട്ടതും മറ്റും.

അപ്പോ എന്താ മാഷെ, അവര്‍ പെണ്ണുകാണാന്‍ ഇത്രടം വന്നിട്ട് ഇവിടെ വരാതിരുന്നത്? ഒരു തമാശകഥകേള്‍ക്കുന്നത് പോലെ മാഷുടെ വര്‍ണ്ണന കേട്ട് രസിച്ച പാര്‍വ്വതിയമ്മ ചോദിച്ചു.

ഞാന്‍ മുഖാന്തിരമാ ഈ കല്യാണോലോചന വന്നതെന്ന് തല്‍ക്കാലം ആരും അറിയണ്ടാന്ന് ഞാന്‍ സഹദേവനോട് പറഞ്ഞിരുന്നു. അതാ അവര്‍ ഇവിടെ വന്നപ്പോള്‍ ഇങ്ങോട്ട് കയറാതിരുന്നത്.

അതെയോ.. നന്നായി. എന്നിട്ടെന്താ സംഭവിച്ചേ?

നിനക്കോര്‍മ്മയുണ്ടോ, രണ്ട് മൂന്നാഴ്ച മുന്‍പും വല്ലഭനൊരു ഇന്റര്‍വ്യൂവിനു പോയിരുന്നു.

ഉവ്വ് എറണാകുളത്തേക്ക്. അത് കഴിഞ്ഞ് വരുന്ന വഴിക്കല്ലെ ബൈക്കീന്ന് വീണ് അവന്റെ കയ്യൊടിഞ്ഞതും, കാലുളുക്കീതും, മുഖത്ത് നീരു വന്നതും.

അതെ, അതു തന്നെ. പ്രീതയെ ഇവര്‍ പെണ്ണുകാണാന്‍ വന്നതിന്റെ രണ്ടാം ദിവസമായിരുന്നു അവന് ഇന്റര്‍വ്യൂ. നമ്മളോട് പറഞ്ഞത് എറണാകുളത്തേക്കാണെന്നാ, പക്ഷെ അവന്‍ പോയത് പാലക്കാട്ടേക്ക്.

എന്തിനാ മാഷെ?

കല്യാണം മുടക്കാന്‍ സഹദേവന്റെ വീട്ടിലേക്ക്!

എങ്ങിനെയാ മാഷെ ഇവന്‍ ഈ വരുന്നവരുടെ ഒക്കെ വിലാസോം വീടും ഒക്കെ തപ്പിപിടിക്കുന്നത്?

മിക്കവാറും വിലാസങ്ങള്‍ കണ്ടു പിടിച്ചിട്ടുള്ളത്, പെണ്ണുകാണാന്‍ വരുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് തപ്പിയെടുത്ത്, അത് ഏത് സ്ഥലത്തെയാണെന്ന് മനസ്സിലാക്കി നമ്മളോട് ഇന്റര്‍വ്യൂവിനാണെന്ന് പറഞ്ഞ് കാശും വാങ്ങി അവിടെ ചെന്ന് വണ്ടിക്കാരെ കണ്ട് വീട് മനസ്സിലാക്കി, നേരിട്ട് ചെന്നോ, ഊമകത്ത് മുഖേനയോ ഒക്കെയാണ്.

കൊള്ളാലോ സത്പുത്രന്‍.ഒന്നേ ഉള്ളുവെങ്കില്‍ ഒലക്കോണ്ടടിച്ച് വളര്‍ത്തണമെന്ന കാര്‍ന്നോന്മാരുടെ ചൊല്ല് കേള്‍ക്കാതെ ഒന്നല്ലേയുള്ളൂന്ന് കരുതി ലാളിച്ച് വളര്‍ത്തിയതിന്റെ ദോഷമാ. ജോലി കിട്ടി പോയത് നന്നായി. ഇല്ലെങ്കില്‍ ഇന്ന് തന്നെ അവനെ ഞാന്‍ അടിച്ചിറക്കിയേനെ വീട്ടില്‍ നിന്ന്, പാര്‍വ്വതിയമ്മ പിറുപിറുത്തു.

എന്നിട്ടെന്തായി മാഷെ.

പ്രീതയെ പെണ്ണുകാണാന്‍ സഹദേവനും, ഹേമയും, ചെറുക്കനായ മനോജും, താഴെയുള്ള ചെറുക്കനും കൂടി ഇവിടെ വന്ന് പോയതിന്റെ അന്ന് വൈകീട്ട് വല്ലഭന്‍ നമ്മളോട് മറ്റന്നാല്‍ എറണാകുളത്ത് ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞില്ലെ?

ഉവ്വു. അതിന്റെ പിറ്റേന്ന് നിങ്ങള്‍ എന്തോ പെന്‍ഷന്റെ കാര്യം ഉണ്ടെന്ന് പറഞ്ഞ് തൃശൂര്‍ക്ക് പോയിട്ട് വന്നത് വൈകീട്ടല്ലെ.

അതെ, അത് തന്നെ. പക്ഷെ ഞാന്‍ പോയത് തൃശൂര്‍ക്കല്ല. പാലക്കാട്ടേക്കാ. സഹദേവന്റെ വീട്ടിലേക്ക്.

അവിടെ ചെന്ന് ഞാന്‍ സഹദേവനോടും, വരനായ മനോജിനോടും കാര്യങ്ങളൊക്കെ പറഞ്ഞു. പിറ്റേന്ന് വല്ലഭന്‍ എന്തെങ്കിലും മുട്ടുമുടന്തന്‍ കാര്യങ്ങള്‍ പറഞ്ഞ് കല്യാണം മുടക്കാന്‍ വരുമെന്നും, വന്നാല്‍ ഒന്നു പെരുമാറി വിടാന്‍ മനോജിന്റെ വല്ല സുഹൃത്തുക്കളേയും ഏല്‍പ്പിക്കണമെന്നും പറഞ്ഞു. കാറിന്റെ നമ്പര്‍ പ്ലെയിറ്റ് വച്ച് തപ്പി വരാനാണ് സാധ്യത എന്ന് പറഞ്ഞപ്പോള്‍, വന്ന കാറ് മനോജിന്റെ സുഹൃത്തിന്റേയാണെന്നും, വണ്ടി പേട്ടയില്‍ തന്നെ വച്ച് കൈകാര്യം ചെയ്തയക്കാമെന്നും മനോജ് ഏറ്റു.

അത് നന്നായി മാഷെ. എന്നിട്ടെന്തുണ്ടായി. സംഭവിച്ചത് സ്വന്തം മകനായിട്ട് പോലും പാര്‍വ്വതിയമ്മക്ക് ആകാംക്ഷ അടക്കാനായില്ല.

എന്നിട്ടെന്താ ഞാന്‍ ഇങ്ങോട്ട് പോന്നു. പിറ്റേ ദിവസം നമ്മുടെ സീമന്ത പുത്രന്‍ എറണാകുളത്തിന്റര്‍വ്യൂവിനെന്നും പറഞ്ഞ് എന്റെ കയ്യീന്ന് പെന്‍ഷന്‍ കാശും വാങ്ങി ഇറങ്ങി. വൈകീട്ടായപ്പോള്‍ ഇന്റര്‍വ്യൂവും കഴിഞ്ഞ് ബൈക്ക് ആക്സിഡന്റുമായി ഞൊണ്ടി കയറി വന്നു അത്ര തന്നെ.

അത് ശരി. അപ്പോ അവന്‍ പാലക്കാട്ടേക്ക് പോയില്ലെ?

എടി മണ്ടീ. അവന്‍ ഇന്റര്‍വ്യൂവിനല്ല പോയത്. പാലക്കാട്ടേക്കാ. പാലക്കാട്ട് പേട്ടയില്‍ ചെന്ന് ഇവിടെ വന്ന വണ്ടിക്കാരനെ, അതായത് മനോജിന്റെ കൂട്ട് കാരനെ കണ്ട്, കാപ്പി കാശും കൊടുത്ത്, അവരുടെ അഡ്രസ്സ് വാങ്ങി നേരെ വീട്ടിലേക്ക് ചെന്നു. അവിടെ ചെന്ന് ഇവളെ കുറിച്ച് ഉള്ളതും, ഇല്ല്യാത്തതും എല്ലാം വിവരിച്ചു. സഹദേവനും മനോജുമാണെങ്കില്‍ എല്ലാം വിശ്വസിച്ചത് പോലെ അവനോട് പെരുമാറി, ചായയും കൊടുത്ത് പറഞ്ഞയച്ചു.

തിരിച്ച് വരണവഴിക്ക് മനോജ് ഏല്‍പ്പിച്ചിരുന്നത് പ്രകാരം അവന്റെ കൂട്ടുകാരനും മറ്റ് ടാക്സിക്കാരും ചേര്‍ന്ന് നമ്മുടെ സല്പുത്രനെ നല്ലത് പോലെ ഒന്നുഴിഞ്ഞ് വിട്ടു. അങ്ങിനെയാ അവന്റെ കയ്യൊടിഞ്ഞതും, കാലുളുക്കിയതും, മുഖത്ത് നീരു വന്നതും.

അതേതായാലും നന്നായി. ചെക്കന്‍ അതോടെ മര്യാദരാമനായല്ലോ. ചെക്കന് ഇത്ര പെട്ടെന്നെങ്ങിനെയാ ജോലി ശരിയായത് മാഷെ? എന്തോരം ആലോചിച്ചിട്ടും എനിക്കൊരു പിട്യേം കിട്ട്ണില്ല്യല്ലോ?

അതോ? എന്റെ ചെക്കനെ ഞാന്‍ എന്താ ചെയ്യാ സഹദേവാ, വീട്ടീന്നിറക്കിവിട്ടാലോന്ന് പറഞ്ഞപ്പോള്‍ സഹദേവന്‍ പറഞ്ഞത്, വെറുതെ ഇരിക്കുന്ന മനസ്സ് ചെകുത്താന്റേ പണിശാലയാവുമെടോ അപ്പൂ, പിന്നെ പ്രായത്തിന്റേതായ അല്പം കുസൃതിത്തരവും ഉണ്ടെന്ന് കൂട്ടിയാല്‍ മതി തന്റെ ചെക്കന്. അതൊന്നു മാറി ഉത്തരവാദിത്വബോധം വരണമെങ്കില്‍ എന്തെങ്കിലും ഒരു ജോലി ശരിയാവണം.

അതിനെന്തെങ്കിലും ശരിയാവേണ്ടേ സഹദേവാന്ന് ചോദിച്ചപ്പോള്‍ അതൊക്കെ ഞാന്‍ ശരിയാക്കാം എന്ന് പറഞ്ഞ് അയാള്‍ തന്നെ മുന്‍ കൈ എടുത്താണ് അടുത്ത ഒരു ബന്ധുവിന്റെ തിരുവനന്തപുരത്തുള്ള ട്രാവല്‍ ഏജന്‍സിയില്‍ വല്ലഭനെ ഇന്റര്‍വ്യൂവിനു വിളിപ്പിച്ചതും, ജോലി ശരിയാക്കിയതും!

എന്തൊക്കെയായാലും എല്ലാം മംഗളമായി തീര്‍ന്നുവല്ലോ, എന്റെ കണ്ഠേശ്വരത്തപ്പാ നീയെ തുണ. ഇനിയെങ്കിലും എന്റെ ചെറുക്കന് നല്ല ബുദ്ധി തോന്നിപ്പിക്കണേന്ന് പറഞ്ഞ് പാര്‍വ്വതിയമ്മ കൈകൂപ്പി തൊഴുതു.

ക്യാമറ ഷോട്ട് രണ്ട്

മുല്ലമൊട്ടുകള്‍ വിതറി കിടക്കുന്ന മണിയറമഞ്ചത്തില്‍ നമ്രശിരസ്കയായിരുന്നുകൊണ്ട് പ്രീത മൊഴിയുന്നു.

എന്നാലും മനോജേട്ടാ, ഇതാണ് പറയുന്നത്, ചേരേണ്ടത് എന്നായാലും ചേരും എന്ന് അല്ലെ? അല്ലെങ്കില്‍ എത്ര കല്യാണം എന്റെ മുടങ്ങിയതാ? ഇത് മാത്രം മുടങ്ങാണ്ടിരുന്നത് എനിക്ക് മനോജേട്ടനെ തന്നെ കിട്ടണം എന്ന ദൈവനിശ്ചയമൊന്നുകൊണ്ട് മാത്രമാ.

ഹ ഹ ഹ ഹ, മണ്ടി പെണ്ണേ (പ്രേം നസീര്‍ സ്റ്റൈലില്‍), ദൈവനിശ്ചയമല്ല, അപ്പുമാഷ്ടെ നിശ്ചയമൊന്നുകൊണ്ട് മാത്രം എന്ന് പറ!

Friday, February 20, 2009

വല്ലഭ ചരിതം - ഭാഗം - 1

ഭാഗം - 1

തങ്കപ്പന്‍ നായരും, ശ്രീദേവിയമ്മയും ഗെയ്റ്റ് തുറക്കുന്നത് കണ്ടപ്പോഴേക്കും, വല്ലഭന്‍ പ്രയാസപെട്ടെഴുന്നേറ്റ്, ഒടിഞ്ഞ് പ്ലാസ്റ്ററിട്ട ഇടത് കൈ നെഞ്ചോട് ചേര്‍ത്ത് വച്ച് മുറ്റത്തേക്കിറങ്ങി മുടന്തി മുടന്തി ചെന്ന് അവരെ വീട്ടിലേക്കാനയിച്ചു.

എന്താ മോനെ ഇതെന്ത് പറ്റി. നടപ്പില്‍ മുടന്ത്, കയ്യൊടിഞ്ഞിരിക്കുന്നു, മുഖത്താകെ നീര്?

കഴിഞ്ഞ ആഴ്ചയില്‍ ഒരു ബൈക്ക് ആക്സിഡന്റായി തങ്കപ്പേട്ടാ എന്ന പറഞ്ഞതിനൊപ്പം തന്നെ ചങ്ക് പൊട്ടുമാറുച്ചത്തില്‍ വിളിച്ചു പറഞ്ഞു, അമ്മേ, അച്ഛാ, ഇതാരാ വന്നിരിക്കുന്നതെന്ന് നോക്ക്യേ.

അവസാനം അങ്ങിനെ പ്രീതയുടെ കല്യാണം തീരുമാനമായി അല്ലെ? പടിക്കല്‍ നിന്നും വീടുവരെയുള്ള നൂറു മീറ്റര്‍ ചരല്‍ നിറഞ്ഞ വഴിയിലൂടെ നടക്കുന്നതിനൊടുക്കം വല്ലഭന്‍ തങ്കപ്പന്‍ നായരോടും, ശ്രീദേവിയമ്മയോടുമായി ചോദിച്ചു.

ജാതകം ചേര്‍ന്നതും, പെണ്ണിനെ വന്ന് കണ്ടതും, ഇഷ്ടായി എന്ന് ഫോണിലൂടെ അറിയിച്ചതും, കല്യാണ നിശ്ചയത്തിന്റെ ദിവസവും മുഹൂര്‍ത്തവും പുറം നാട്ടുകാരനായ കണിയാരെകൊണ്ട് കുറിപ്പിച്ചതും, തങ്കപ്പന്‍ നായരും, ശ്രീദേവിയമ്മയും, കല്യാണപെണ്ണായ പ്രീതയുമല്ലാതെ പുറത്ത് നിന്നുള്ള ഒരാളുപോലും അറിഞ്ഞിട്ടില്ല. എന്നിട്ടും എങ്ങിനെ വല്ലഭനിതറിഞ്ഞു എന്നുള്ള അതുഭതത്താല്‍ ശ്രീദേവിയമ്മ ചോദിച്ചു, മോനിതെങ്ങിനെയറിഞ്ഞു?

എന്റെ ശ്രീദേവ്യമ്മേ, ഇന്നും ഇന്നലെയുമല്ലല്ലോ ഞാന്‍ നിങ്ങളെ കാണുന്നത്? മൂന്നാലു വര്‍ഷമായിട്ട് ആ മുഖം ഞാന്‍ തെളിഞ്ഞ് കണ്ടിട്ടില്ല. ഇന്നിപ്പോ ഉദിച്ചു നില്‍ക്കുന്ന സൂര്യനേക്കാള്‍ തെളിച്ചത്തില്‍ ശ്രീദേവ്യമ്മയുടെ മുഖം തെളിഞ്ഞ് കണ്ട്ടപ്പോള്‍ തന്നെ എനിക്കൂഹിക്കാന്‍ കഴിഞ്ഞൂടെ പ്രീതയുടെ കല്യാണം ശരിയായിട്ടുണ്ടാവുമെന്ന്.

നീ അല്ലെങ്കിലും മിടുക്കനാടാ, മിടു മിടുക്കന്‍. തങ്കപ്പന്‍ നായര്‍ ചെരുപ്പഴിച്ച് ഇറയത്തേക്ക് കയറുന്നതിന്നിടയില്‍ വല്ലഭനോടായി പറഞ്ഞു.

ആരാ തങ്കപ്പാ മിടുക്കന്‍? അകത്തളത്തില്‍ നിന്നും ഇറയത്തേക്കിറങ്ങിയ അപ്പുമാഷ്, അഥവാ വല്ലഭന്റെ അച്ഛന്‍ ചോദിച്ചു.

തന്റെ മോന്‍ അല്ലാതാരാ അപ്പൂ. അവനാള് അഗ്രഗണ്യനല്ലെ? മുഖലക്ഷണം നോക്കി കാര്യം ഗണിക്കാന്‍ തന്റെ മോന് നല്ലോണം വശമുണ്ട്. നല്ല സമര്‍ത്ഥനും.

ഉവ്വുവ്വ്. സാമര്‍ത്ഥ്യം അധികമായതുകൊണ്ടാണല്ലോ ഡിഗ്രി കഴിഞ്ഞിട്ട് നാലഞ്ചു വര്‍ഷമായിട്ടും കൂട്ടുകാരുമൊത്ത് തേരാ പാരാ നടക്കുന്നു എന്നല്ലാതെ ഒരു ജോലിയും കിട്ടാത്തത്. ഇക്കണക്കിനു പോയാല്‍ അമ്പലപറമ്പില്‍ മുഖലക്ഷണം പറയുന്ന കാക്കാലത്തിമാര്‍ക്കൊപ്പം ഇരിക്കേണ്ടി വരും.

അച്ഛന്റെ വായില്‍ നിന്നു വീഴുന്ന പൊന്മുത്തുകള്‍ അധികം പെറുക്കേണ്ട എന്നു കരുതിയതിനാലാവാം, നിങ്ങള്‍ ഇരുന്ന് സംസാരിക്കൂ, ഞാന്‍ ഒന്നു പുറത്ത് പോയിട്ട് വരാം എന്ന് പറഞ്ഞ് വല്ലഭന്‍ മുടന്തി മുടന്തി സ്ഥലം കാലിയാക്കി.

ഇരിക്കൂ തങ്കപ്പേട്ടാ, ഇരിക്കൂ ദേവ്യേ, പാര്‍വ്വതിയമ്മ കസേരകള്‍ നീക്കിയിട്ട് പറഞ്ഞു.

കസേരയിലേക്കമര്‍ന്നു കൊണ്ട് തന്നെ തങ്കപ്പന്‍ നായര്‍ പറഞ്ഞു ഇരിക്കാനൊന്നും സമയമില്ലെന്നെ. ഒപ്പം ശ്രീദേവിയമ്മയും കസേരയിലേക്കമര്‍ന്നു.

എന്താ പതിവില്ലാതെ ഈ സമയത്ത് രണ്ട് പേരും കൂടി തങ്കപ്പാ?

നാല് കൊല്ലത്തെ കണ്ടക ശനി അങ്ങിനെ മാറി എന്റെ അപ്പൂ. പ്രീതക്കൊരു കല്യാണം ശരിയായി. വരുന്ന പതിനെട്ടാം തിയതി ഞായറാഴ്ച കല്യാണം. തൊട്ട വീട്, അതും എത്രയോ വര്‍ഷമായുള്ള അയല്പക്കം. ബന്ധുവിനേക്കാള്‍ സ്വന്തം അയല്‍പ്പക്കമാണെന്ന് വിശ്വസിക്കുന്നവനാ ഞാന്‍, അതിനാല്‍ തന്നെ ക്ഷണം ഇവിടെ തുടങ്ങാമെന്ന് കരുതി.

അപ്പോ നിശ്ചയമോ?

നിശ്ചയമൊന്നും അങ്ങിനെ വേണ്ടാന്ന് ചെറുക്കന് ഒരേ വാശി. പെണ്ണു കാണാന്‍ വന്നു, പോയി, തിര്‍ച്ച് ചെന്നിട്ട് ഇഷ്ടായി എന്ന് ഫോണ്‍ ചെയ്തറിയിച്ചു. നിശ്ചയമെന്നേക്കാണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു അടുത്ത ആഴ്ച അറിയിക്കാമെന്ന്. ഞങ്ങള്‍ കരുതി പതിവുപോലെ അതും ചീറ്റീന്ന്.

പക്ഷെ, പിറ്റേ ആഴ്ച ചെറുക്കന്‍ നേരിട്ട് വിളിച്ചു. ഞാനാ ഫോണ്‍ എടുത്തേ, ആരാന്ന് ചോദിച്ചപ്പോള്‍ പറയാ മരുമോനാന്ന്.. ഹ ഹ ഹ..ഹ.

ഇപ്പോഴത്തെ കുട്ടികളല്ലെ, അവര്‍ പറയുന്നതിലും കാര്യമുണ്ട്. അപ്പുമാഷ്, റിട്ടയറായെങ്കില്‍ കൂടി വീണ്ടുമൊന്ന് മാഷായി.

കുടിക്കാന്‍ ചായയോ, സംഭാരമോ എടുക്കട്ടേ?

ഒന്നും വേണ്ട പാര്‍വ്വതീ. ദേ വീട്ടീന്ന് ഇപ്പോ ഇറങ്ങിയതേയുള്ളൂ. എത്ര പേരെ വിളിക്കാന്‍ കിടക്കുന്നു. നിങ്ങള്‍ക്ക് അറിഞ്ഞൂടെ കാര്യങ്ങള്‍? മൂന്ന് വര്‍ഷമായി വന്ന കല്യാണാലോചനകളൊക്കെ മുടങ്ങിപോകുകയായിരുന്നില്ലേ? കണ്ടകശനിയുടെ അപഹാരം! ഇപ്പോ ഒക്കെ ഒന്നു തെളിഞ്ഞു. ഇത്തിരി വൈകിയാലും എന്റെ കുട്ടീടെ കല്യാണം ഒറച്ചൂല്ലോ, ആ ഒരു സന്തോഷാ ഇപ്പോള്‍ ഞങ്ങള്‍ക്ക്.

കല്യാണത്തിനു നാടടച്ച് വിളിക്കണം. ആണായും, പെണ്ണായും ആകെ ഒന്നേയുള്ളൂ. ദേ, ഈ ഉറച്ചത് നല്ല അസ്സല്‍ തറവാടികളാ. എന്റെ മോള്‍ക്ക് എന്ത് കൊണ്ടും ചേരുന്നവന്‍. സൌന്ദര്യമുണ്ട്, പഠിപ്പുമുണ്ട്, നല്ല ജോലിയുമുണ്ട്, പണവുമുണ്ട്, തറവാടാണെങ്കിലോ...........

ദേവ്യേ.........

തങ്കപ്പന്‍ നായരുടെ വിളിയുടെ ശബ്ദവും, നീളവും, ഗഹനവും അളന്ന ശ്രീദേവിയമ്മ വാചകം പകുതിക്ക് വെച്ച് നിറുത്തി ശബ്ദം മ്യൂട്ട് ചെയ്തു.

ക്ഷണക്കത്ത് പാര്‍വ്വതിയമ്മക്ക് കൈമാറികൊണ്ട് ചടങ്ങായിട്ട് തന്നെ തങ്കപ്പന്‍ നായരും, ശ്രീദേവിയമ്മയും ഒരുമിച്ച് പറഞ്ഞു അപ്പോ ഈ വരുന്ന പതിനെട്ടാം തിയതി ഞായറാഴ്ച ഞങ്ങളുടേ ഒരേ ഒരു മകള്‍ പ്രീതയുടെ കല്യാണം, എല്ലാരും വരണം മാത്രമല്ല, എല്ലാ കാര്യത്തിനും സഹായവും വേണം.

ക്ഷണിച്ചതിനുശേഷം ഒരു കമേഴ്സ്യല്‍ ബ്രേക്കിലെന്ന പോലെ മുണ്ടിന്റെ കോന്തല കൊണ്ട് ശ്രീദേവിയമ്മ കണ്ണുനീരിറ്റു വീഴാന്‍ തുടങ്ങിയ കണ്ണുകള്‍ തുടച്ച് വെടുപ്പാക്കി. പിന്നെ വിഷാദമായ ഭാവത്തോടെ പാര്‍വ്വതിയമ്മയെ നോക്കി.

ശ്രീദേവിയമ്മയുടെ നോട്ടം താങ്ങുവാനുള്ള ശേഷിയില്ലായെന്ന പോലെ തല അല്പം വെട്ടിച്ചിട്ട് പാര്‍വ്വതിയമ്മ ശ്രീദേവിയമ്മയുടെ കരം ഗ്രഹിച്ചു. നന്നായിട്ടു വരും ദേവ്യേ, എല്ലാം കണ്ഠേശ്വരത്തപ്പന്‍ നടത്തി തരും. ഒന്നുമില്ലെങ്കിലും പ്രീത മോള് എത്ര എള്ള് തിരി കത്തിച്ചതാ കണ്ഠേശ്വരത്തപ്പന്. നടത്തിതരാതിരിക്കുമൊ? ശ്രീദേവിയമ്മയുടെ കരത്തിലുള്ള പിടിവിട്ട് പൂര്‍ണ്ണ സ്വതന്ത്ര്യയാക്കിയതിനുശേഷം പാര്‍വ്വതിയമ്മ കൈക്കൂപ്പി ഒരു നിമിഷം പ്രാര്‍ത്ഥിച്ചു, ശ്രീ കണ്ഠേശ്വരത്തപ്പാ കാത്തോളണേ!

Tuesday, January 20, 2009

മെയിഡ് ഇന്‍ യു എ ഇ

ഏകദേശത്തോളമൊരു വര്‍ഷത്തോളമായി ഞങ്ങളുടെ വീട്ടില്‍ ജോലി ചെയ്ത്, മക്കളെ സ്വന്തം മക്കളായി തന്നെ ഊട്ടിയുറക്കി, കുടുംബത്തിലെ തന്നെ ഒരംഗമായി മാറികഴിഞ്ഞിരുന്ന മെയിഡിന് സ്വന്തം വീട്ടിലെ സ്വത്ത് ഭാഗം വയ്പ്പും, അതിനോടനുബന്ധമായി കോമ്പ്ലിമെന്റായി വരുന്ന തര്‍ക്കവും പ്രമാണിച്ച്, മൂന്ന് നാലു മാസത്തേക്ക് നാട്ടിലേക്ക് പോവണം എന്ന് രാത്രി പിറ്റേന്നേക്കുള്ള ലഞ്ച് പായ്ക്ക് ചെയ്യുന്നതിനിടയില്‍ പറഞ്ഞപ്പോള്‍, നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഞങ്ങള്‍ മറ്റൊരു മെയിഡിനെ കണ്ടെത്താം അതിനുശേഷം പോയാല്‍ പോരേ ചേച്ചീ എന്ന് വാമഭാഗം ചോദിച്ചപ്പോള്‍, അതായാലും മതിയെന്ന മുഖഭാവം ധരിച്ച് നിന്നിരുന്ന മെയിഡിനോട്, മറ്റൊരു മെയിഡിനെ കിട്ടാതെ അവര്‍ പോവില്ല എന്ന അമിതമായ ആത്മവിശ്വാസത്തിനടിമപ്പെട്ട്, ഏയ് അടുത്ത മെയിഡ് വരുന്നത് വരെയൊന്നും നിങ്ങള് കാക്കണ്ട ചേച്ചീ. നാളെയോ മറ്റന്നാളോ എപ്പോള്‍ വേണമെങ്കിലും പൊയ്ക്കൊള്ളൂ എന്ന് ഞാന്‍ ഒരല്പം അഹങ്കാരത്തോടെ പറഞ്ഞപ്പോഴും, പിറ്റേന്ന് രാവിലെ ടിക്കറ്റ് ബുക്ക് ചെയ്ത് അന്ന് രാത്രി തന്നെ ഞങ്ങളേം കുട്ടികളേം തനിച്ചാക്കി അവര്‍ യാത്രപറഞ്ഞ് പോകുമെന്ന് ഞാന്‍ സ്വപ്നേപി പോലും കരുതിയില്ല.

ഭാഗം വെപ്പിനു ശേഷം പെരുവഴിയിലായില്ലെങ്കില്‍ നാട്ടിലെ പ്രശ്നങ്ങള്‍ ഒരു വഴിക്കാക്കി, ഒന്നോ, രണ്ടോ, മൂന്നോ കൂടിയാല്‍ നാലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ തിരിച്ചുവരും, വന്നിരിക്കും, ഇത് സത്യം, സത്യം സത്യം എന്ന് മൂന്ന് തവണ സത്യം ചെയ്തിട്ടാണ് പെട്ടിയെടുത്ത് നാട്ടിലെ സ്വത്തിന്റെ പ്രമാണം വാങ്ങാന്‍ അവര്‍ യാത്രയായത്.

നവംബര്‍ ഇരുപത്തേഴാം തിയതി വ്യാഴാഴ്ച രാത്രി അവര്‍ പോയപ്പോള്‍, വെള്ളിയാഴ്ചയും, ശനിയാഴ്ചയും എനിക്കും കുറുമിക്കും ജോലിക്ക് അവധിയായതിനാലും, ആദി കുട്ടികുറുമിക്ക് സ്കൂളവധിയായതിനാലും മെയിഡില്ലാത്ത ടെന്‍ഷന്‍ എനിക്കത്ര കാര്യമായി ഫീല്‍ ചെയ്തില്ലയെന്ന് മാത്രമല്ല രണ്ട് ദിവസത്തെ അവധിക്കുള്ളില്‍ എങ്ങിനെയെങ്കിലും ഏതെങ്കിലും മെയിഡിനെ കിട്ടാതിരിക്കില്ല എന്ന അമിതമായ ആത്മവിശ്വാസവും എന്റെയുള്ളില്‍ തിരപോലെ അലയടിച്ചിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ പതിനൊന്ന് പതിനൊന്നരക്ക് പള്ളിയുറക്കവും, പല്ലുതേപ്പും കുളിയും കഴിഞ്ഞ് പള്ളിപ്രാതല്‍ തയ്യാറായോ പ്രിയതമേ എന്നുരചെയ്തപ്പോള്‍ ഇന്ന് പള്ളിപട്ടിണി കിടക്കൂ നാഥാ എന്നവള്‍ വിനയപുരസ്സരം മറുപടി നല്‍കി. പ്രാതല്‍ ഇല്ലെങ്കില്‍ വേണ്ട ഉച്ചക്കെന്താന്ന് ചോദിച്ചപ്പോള്‍ എന്താ ഇഷ്ടമുള്ളതെന്ന് വച്ചാല്‍ സണ്‍റൈസ് സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്ന് വാങ്ങികൊണ്ട് വന്ന് വച്ച് കഴിച്ചോളൂ എന്ന് മറുപടി പറഞ്ഞപ്പോള്‍ അപ്പോള്‍ നിനക്കും കുട്ട്യോള്‍ക്കുമൊ എന്നൊരു ചോദ്യം ഒരവസാന ശ്രമം പോലെ ഫലിക്കില്ലാന്നറിഞ്ഞിട്ടും തൊടുത്തു നോക്കി.

ഞങ്ങള്‍ കഞ്ഞി വച്ച് കുടിച്ചോണ്ട്, നിങ്ങളെപോലെ ഇന്നത് വേണമൊന്നും ഞങ്ങള്‍ക്കില്ലേ എന്നവള്‍ പറഞ്ഞപ്പോള്‍, ചലോ, ഭക്ഷണ കാര്യമല്ലെ, എങ്ങിനെയെങ്കിലും മാനേജ് ചെയ്യാം എന്ന് കരുതി, സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകാന്‍ വിശന്ന വയറോടെ വസ്ത്രം മാറുന്നതിനിടയില്‍, അതേ, സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുമ്പോള്‍ അവിടുത്തെ ഷെല്‍ഫീന്ന് നല്ലത് നോക്കി ഒരു മെയിഡിനേം എടുത്തോളൂ. പുതിയ ജോലിയും ഓഫീസുമാ, എനിക്ക് ലീവെടുക്കാന്‍ പറ്റില്ലാ. നാളെ കഴിഞ്ഞാല്‍ ഞാന്‍ ഓഫീസിലേക്ക് പോകും,മെയിഡിനെ കിട്ടുന്നതു വരെ കുട്ടികളേം നോക്കി നിങ്ങള്‍ വീട്ടിലിരുന്നോയെന്ന ആറ്റം ബോമ്പവള്‍ ഇട്ടപ്പോള്‍ മാത്രമാണ്, ഏയ് അടുത്ത മെയിഡ് വരുന്നത് വരെയൊന്നും നിങ്ങള് കാക്കണ്ട ചേച്ചീ. നാളെയോ മറ്റന്നാളോ എപ്പോള്‍ വേണമെങ്കിലും പൊയ്ക്കൊള്ളൂ എന്ന് രണ്ട് നാള്‍ മുന്‍പ് അഹങ്കാരത്തോടെ ഞാന്‍ പറഞ്ഞതിന്റെ ആഫ്റ്റര്‍ എഫക്റ്റ് അഥവാ ഞാന്‍ കുഴിച്ച കുഴിയില്‍ ഞാന്‍ തന്നെ വീണു എന്ന അവസ്ഥ സംജാതമായെന്ന തിരിച്ചറിവെനിക്കുണ്ടായത്! തന്നേയുമല്ല, അവശേഷിച്ച ലീവെല്ലാം പെറുക്കിയെടുത്ത് ഒപ്പം അല്പം വിത്തൌട്ട് പേയും ചേര്‍ത്ത് നവംബറില്‍ തനിച്ച് നാട്ടില്‍ പോയി ഞാന്‍ അര്‍മ്മാദിച്ച് വന്നതിന്റെ കലിപ്പും വാമഭാഗത്തിന്റെ വാചകത്തില്‍ മുഴച്ച് നിന്നിരുന്നു.

ദൈവമേ, ഇതൊരു കൊലച്ചതിയായല്ലോ? വാമഭാഗമാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ രജനീകാന്തിന്റെ പെങ്ങളായി മാറും. ഒരു തവണ സൊന്നാ നൂറു തവണ സൊന്നമാതിരി!

മെയിഡിനുവേണ്ടി പത്രത്തില്‍ പരസ്യം കൊടുക്കണമെങ്കില്‍ ശനിയാഴ്ചയാകണം. ശനിയാഴ്ച പത്രത്തില്‍ കൊടുത്താലും മൂന്ന് ദിവസം കഴിഞ്ഞ്, ചൊവ്വാഴ്ചയോ, ബുധനാഴ്ചയോ മാത്രമെ പരസ്യം പത്രത്തില്‍ പ്രത്യക്ഷപെടുകയുള്ളൂ. ഇനി പത്രത്തില്‍ പരസ്യം പത്രത്തില്‍ പ്രത്യക്ഷപെട്ടാല്‍ തന്നേയും, ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മെയിഡുകള്‍ പ്രത്യക്ഷപെടണമെന്നില്ലാന്ന് മാത്രമല്ല ചിലപ്പോള്‍ ഒരാഴ്ചകഴിഞ്ഞാലും ആരും പ്രത്യക്ഷപെട്ടില്ലാന്നും വരാം. അത്രയും ദിവസം മെയിഡില്ലാതെ എന്ത് ചെയ്യും? റെസഷന്‍ കാലമാ, ലീവെടുക്കല്‍ പോയിട്ട് “ലി“ എന്നു പറഞ്ഞാല്‍ തന്നെ ജോ“ലി” പോകുന്ന അവസ്ഥ!

സൂപ്പര്‍മാര്‍ക്കറ്റിലേക്ക് നടക്കുന്ന വഴിക്കാണ് കുട്ടികളെ ശരിക്കും നോക്കാത്തകാരണം മാസാമാസം മെയിഡുമാരെ മാറ്റുന്ന (പൊടികുഞ്ഞിനെ നോക്കാന്‍ എക്സ്പര്‍ട്ടൈസ് ആയ മെയിഡ് തന്നെ വേണം) കൊളീഗായ ജോണ്‍ ജോണ്‍സന്റെ പേരോര്‍മ്മ വന്നത്. ഉടന്‍ തന്നെ വിളിച്ചു.

ഹലോ ജോണേ..

പറയടാ കുറൂ.

ഡാ, നിന്റെ വീട്ടില്‍ ഇപ്പോള്‍ മെയിഡുണ്ടോ?

മെയിഡ് പോയിട്ട് ഞങ്ങള്‍ വരെ ഉണ്ടിട്ടില്ല. മെയിഡ് ഊണ് തയ്യാറാക്കുന്നതേയുള്ളൂ. എന്നാത്തിനാടാ ഈ പതിനൊന്നേമുക്കാല്‍ നേരത്ത് ഉണ്ടോ എന്നന്വേഷിക്കണെ?

ഹെന്റമ്മേ, എന്നെ കൊല്ല്! മെയിഡ് ഊണുകഴിച്ചോന്നല്ലഡാ ചോദിച്ചത്. നിന്റെ വീട്ടില്‍ മെയിഡുണ്ടാന്ന്.

എങ്കില്‍ അങ്ങിനെ ചോദിക്കേണ്ടേടാ. എന്റെ വീട്ടില്‍ ഇപ്പോള്‍ ഒരു മെയിഡുണ്ട്.

എത്രനാളായിഡാ ഈ മെയിഡ് നിന്റെ വീട്ടില്‍?

രണ്ട് മൂന്നാഴ്ചയായടാ, പക്ഷെ ഇതും കണക്കാ ഉടന്‍ തന്നെ മാറ്റേണ്ടി വരുമെന്നാ തോന്നത്. എന്നാ പറ്റീടാ കുറൂ. എന്നാത്തിനാ ചോദിച്ചേ?

അതൊക്കെ പറയാം. നീ എന്നാ മെയിഡിനു വേണ്ടി അവസാനമായി പരസ്യം കൊടുത്തത്? രണ്ട് മൂന്നാഴ്ചയായികാണും. എന്നാതാടാ?

എന്റെ മെയിഡ് അത്യാവശ്യമായി നാട്ടില്‍ പോയി. എനിക്കൊരു മെയിഡ് അത്യാവശ്യമായി വേണം. നിന്റെ കമ്പ്യൂട്ടറില്‍ അവസാനം കൊടുത്ത പരസ്യത്തിനു റെസ്പോന്‍ഡ് ചെയ്ത മെയിഡുമാരുടെ ഡാറ്റാബേസുണ്ടെങ്കില്‍ എനിക്കൊന്നയച്ചു താഡാ.

അതിനെന്നാതാടാ, ഞാന്‍ ഇപ്പോള്‍ തന്നെയയക്കാം.

താങ്ക്യൂവും ബൈയും പറഞ്ഞ് സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍പില്‍ എത്തിയപ്പോഴേക്കും പന്ത്രണ്ടാകാറായിരിക്കുന്നു. വെള്ളിയാഴ്ചയല്ലെ കടയുടെ മുന്‍വശത്തെ ഷട്ടറ് താഴ്ത്താന്‍ തുടങ്ങുന്നു. ഒരുവിധം മുതലക്കൂപ്പടിച്ച് ഉള്ളില്‍ കയറി തിടുക്കത്തില്‍ സാധനങ്ങളെല്ലാം എടുത്ത് ബില്ലുമടച്ച് അവിടെ ജോലിചെയ്യുന്ന പരിചയക്കാരോടൊക്കെ അവരുടെ അറിവില്‍ വല്ല മെയിഡുമാരും ജോലി നോക്കുന്നുണ്ടെങ്കില്‍ പറയാന്‍ പറഞ്ഞേല്‍പ്പിച്ച് ഫ്ലാറ്റിലേക്ക് വരുന്ന വഴിക്ക് ഫ്ലാറ്റിലെ സെക്യൂരിറ്റിക്കാരോടും പറഞ്ഞേല്‍പ്പിച്ചു വല്ലവരും മെയിഡിന്റെ ജോലി തപ്പി വന്നാല്‍ ഒന്ന് പറഞ്ഞേക്കണേയെന്ന്.

വീട്ടില്‍ എത്തിയതും സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ സാന്റ് വിച്ച് കഴിച്ച് വിശപ്പടക്കിയതിനുശേഷം വസ്ത്രം മാറി പോത്തിറച്ചിയുടെ കവറുമായി പാചകശാലയിലേക്ക് വലം കാലു വച്ച് കയറുന്നതിനുമുന്‍പ് അവസാനശ്രമമെന്നോണം അല്പം ശബ്ദമുയര്‍ത്തി തന്നെ ചോദിച്ചൂ. ഡ്യേ, മെയിഡിനെ ആരേങ്കിലും കിട്ട്വോന്ന് നോക്കാന്‍ എനിക്ക് കുറേ ഫോണ്‍ വിളിക്കാനുണ്ട്, പോത്ത് നീ വയ്ക്ക്ണ്ടാ, അതോ ഞാന്‍ വയ്ക്കണാ?

ഞാന്‍ ഇവിടെയൊക്കെ ഒന്ന് അടിച്ച് വാരി തുടച്ച് വൃത്തിയാക്കിയിട്ട് കുട്ടികളെ കുളിപ്പിക്കട്ടെ. പോത്താ, ആടാ, കോഴ്യാ, എന്താന്ന്ച്ചാല്‍ നിങ്ങള് തന്നെ വച്ചാല്‍ മതി. അല്ലെങ്കില്‍ വേണ്ട, ഇനി ഞാന്‍ വച്ച് വിളമ്പി തന്നില്ലാന്ന് പറയണ്ട, നിങ്ങള്‍ ഇവിടെ അടിച്ച് വാരി തുടച്ച് വൃത്തിയാക്കി കുട്ടികളെ കുളിപ്പിക്ക്, പാചകം ഞാന്‍ തന്നെ ചെയ്യാം.

ശ്ശെടാ, ഞാന്‍ ചുമ്മാ പറഞ്ഞതല്ലെ. ചങ്കില്‍ കുത്തുന്ന രീതിയിലുള്ള വര്‍ത്തമാനം പറയാണ്ട് പോയി നീ നിന്റെ പണി നോക്കടീ, പാചകം ഒക്കെ ഞാന്‍ തന്നെ ചെയ്തോണ്ട്. വെള്ളിയാഴ്ച പാചകം ചെയ്തില്ലെങ്കില്‍ എനിക്കെന്തോ മുടക്ക് ദിവസം പോലേയേ തോന്നില്ല എന്നു മുറുമുറുത്തുകൊണ്ട് ഞാന്‍ അടുക്കളയിലേക്ക് വലിഞ്ഞു.

ഇടക്ക് വന്ന് ജോണ്‍ ഇമെയില്‍ ചെയ്ത ഡാറ്റാബേസിലുള്ള മെയിഡുമാരേയെല്ലാം വിളിച്ച് നോക്കി. പകുതിയിലധികം പേരുടെ ഫോണ്‍ സ്വിച്ചോഫ്, പിന്നെയുള്ളതില്‍ പകുതി ഫോണ്‍ എടുക്കുന്നില്ല, ശേഷിച്ചവരൊക്കെ തന്നെ ജോലിയില്‍ പ്രവേശിച്ചു പോലും.

പാചകത്തിനിടയില്‍ അഞ്ചാറ് വര്‍ഷങ്ങളോളമായി ഞങ്ങളുടെ വീട്ടില്‍ നിന്നിട്ടുള്ള മെയിഡുമാര്‍ക്കും, മറ്റ് പരിചയത്തിലുള്ളവര്‍ക്കും ഫോണ്‍ ചെയ്ത് വിളിച്ച് അത്യാവശ്യമായി ഒരു മെയിഡിനെ ആവശ്യമുണ്ടെന്നും, പരിചയത്തിലാരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കാനും പറഞ്ഞേല്‍പ്പിച്ചു.

പാചകം കഴിഞ്ഞ് ഊണും കഴിഞ്ഞ് ഉറക്കത്തിലേക്ക് വഴുതിവീഴാന്‍ തുടങ്ങിയനേരം ഒരു മിസ്സ് കാള്‍.

ഉറക്കത്തിനു ഭംഗം വന്ന ഈര്‍ഷ്യയില്‍ ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍ വിളിച്ചിരിക്കുന്നത് പണ്ട് ഞങ്ങളുടെ വീട്ടില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍, അമേരിക്കയിലുള്ള മകന്റെ ഭാര്യയുടെ പ്രസവം നോല്‍ക്കാന്‍ അമേരിക്കയില്‍ പോയി ഒരു കൊല്ലത്തോളം അവിടെ നിന്ന് തണുപ്പ് പറ്റാതെ തിരിച്ച് വന്ന് ഞങ്ങളുടെ തന്നെ അടിയിലുള്ള ഫ്ലാറ്റില്‍ ജോലി നോക്കുന്ന ആന്റിയാണ്. ഒര് രണ്ട് മണിക്കൂര്‍ മുന്‍പ് പലരേയും വിളിച്ച കൂട്ടത്തില്‍ ആന്റിയേയും വിളിച്ച് പറഞ്ഞിരുന്നു വല്ല മെയിഡുമാരുമുണ്ടെങ്കില്‍ പറയാന്‍.

നമ്പര്‍ ഡയല്‍ ചെയ്തു.

ആന്റി പറയൂ.

മോനെ, മോന്‍ പറഞ്ഞില്ലെ മെയിഡിനെ വേണംന്ന്. ഇപ്പോഴാ എനിക്കോര്‍മ്മ വന്നത്. ഒരാളുണ്ട്. നന്നായി പണി ചെയ്യുമെന്നാ അവര്‍ എന്നോട് പറഞ്ഞിട്ടുള്ളത്. അവരുടെ ഹസ്ബന്റും ഇവിടെ അജ്മാനിലാ. അവര്‍ക്ക് കുട്ടികളില്ല. കരാമയിലുള്ള ഒരു വീട്ടിലാ എട്ടൊമ്പത് മാസമായിട്ട് അവര്‍ ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഞാന്‍ കരാമ സെന്ററില്‍ വച്ച് കണ്ടിട്ടുള്ള പരിചയമാ.

അപ്പോള്‍ എന്താ അവര്‍ ജോലി ചെയ്യുന്ന വീട് വിടുന്നത്?

ആ വീട്ടുകാര്‍ ശരിയല്ലാത്രെ. ഒരു മിനിറ്റു പോലും റെസ്റ്റെടുക്കാന്‍ സമ്മതിക്കില്ലാന്ന്.

എങ്കില്‍ ആന്റി അവരോട് വരാന്‍ പറയൂ വൈകീട്ട് എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

കണ്ണുതുറന്ന് എന്റെ ഡയലോഗുകള്‍ ശ്രദ്ധിച്ചുകിടക്കുന്ന വാമഭാഗത്തിനോടായി ഞാന്‍ പറഞ്ഞു, നീയെന്താ പറഞ്ഞേ സണ്‍റൈസിലേക്ക് പോകുമ്പോള്‍? ഷെല്‍ഫില്‍ നല്ല മെയിഡിരിക്കുന്നുണ്ടേല്‍ ഒരെണ്ണമെടുത്തോന്ന്! എന്നിട്ടിപ്പോ നോക്ക്, ഒരു മെയിഡ് പോയപ്പോഴേക്കും അടുത്ത മെയിഡ്, അതും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍.

ഉം മെയിഡാദ്യം വരട്ടെ എന്നിട്ട് നമുക്ക് നോക്കാം.

ഉറക്കം കഴിഞ്ഞെഴുന്നേറ്റ് കടുപ്പത്തിലുള്ള ചായയും കുടിച്ചിരിക്കുന്ന നേരത്താണ് കോളിങ്ങ് ബെല്ലടിക്കുന്നത് കേട്ടത്.

ധ്രുതഗതിയില്‍ പുറത്തേക്ക് പോയി വാതില്‍ തുറന്ന ഭാര്യ പൊട്ടിയ ചിരി താഴെ വീണ് പൊട്ടിചിതറാതിരിക്കാന്‍ കൈകൊണ്ട് വായ്പൊത്തികൊണ്ട് എന്റെ അടുത്ത് വന്ന് പറഞ്ഞു, ആന്റി പറഞ്ഞ മെയിഡ് വന്നിട്ടുണ്ട്. നല്ല ഗ്ലാമറുണ്ട്. സാറിനേയാ ചോദിച്ചത്? സാറ് ചെല്ല്, ചെന്ന് ഉള്ളിലേക്കാനയിക്ക്.

ഞാന്‍ പുറത്തേക്ക് ചെന്നു. വാതില്‍ തുറന്നതും, കണ്ണില്‍ ഗ്ലെയറടിച്ച് എന്റെ കണ്ണ് മഞ്ഞളിച്ചു. ഒപ്പനക്കെന്ന പോലെ തിളങ്ങുന്ന സീക്വന്‍സും, മുത്തുമെല്ലാം വച്ച മഴവില്ലിലെ നിറങ്ങളെ വെല്ലുന്ന കടുത്ത നിറത്തിലുള്ള സാരിയുടുത്ത്, ഡെന്റ് തീര്‍ക്കാന്‍ പുട്ടിയിടുന്നത് പോലെ മുഖത്ത് പൌഡര്‍ തേച്ച് പിടിപ്പിച്ച് ഒരു സ്ത്രീ നില്‍ക്കുന്നു, പിന്നില്‍ തന്നെ ഒരു പുരുഷനും; ഹസ്ബന്റായിരിക്കണം.

വരൂ, ആതിഥ്യ മര്യാദ ഒട്ടും കുറയാതെ ഉള്ളിലേക്ക് ക്ഷണിച്ചു.

വീടിനുള്ളില്‍ വന്ന് കാന്‍ഡിഡേറ്റും ഹസ്ബന്റനും ആസനസ്ഥരായപ്പോള്‍ ഇന്റര്‍വ്യൂ തുടങ്ങി.

പേര്?

ഓമന ( ദൈവമേ!!! ഓമനത്തം ഏഴയലത്തൂടെ പോലും പോയിട്ടില്ലല്ലോയെന്ന ആത്മഗതം)

നാട്ടില്‍ എവിടെ?

തിരുവന്തോരത്താ സാറെ.

പാചകമൊക്കെ അറിയുമൊ?

പിന്നെന്താ സാറെ, പാചകമൊക്കെ ശരിക്കും അറിയാം.

ഞാന്‍ അടുത്ത ചോദ്യമെറിയുന്നതിനുമുന്‍പേ, ഹസ്ബന്റ് ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ പറഞ്ഞ് ശ്രദ്ധ തിരിച്ചതിനുശേഷം പറഞ്ഞു, എന്റെ വൈഫായതിനാല്‍ പറയുന്നതല്ല സാറെ, ഇവള്‍ക്ക് നല്ല കൈപുണ്യമാ. ഭക്ഷണമൊക്കെ, ഇറച്ചിയായാലും, മീനായാലും, പച്ചക്കറിയായാലും നല്ല പോലെ വെക്കും. അത് കഴിച്ചാല്‍ സാറും, മേഡവും ഞെട്ടും!

അതുകേട്ടതും പുന്നെല്ല് കണ്ട എലിയുടേത് പോലെ എന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. ഭക്ഷണകാര്യം ഒകെയായാല്‍ പിന്നെ എനിക്ക് ആരായാലും, എന്തായാലും പ്രശ്നമില്ല.

ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് എത്രനാളായി? എന്താ അവിടെ നിന്നും ജോലി വിടുന്നത്?

ഒമ്പത് മാസമായി സാറെ അവിടെ. അവര് ആഴ്ചയിലൊരു ദിവസം പോലും അവധി തരില്ല സാറെ. തന്നെയുമല്ല, ചേട്ടന്‍ അജ്മാനില്‍ നിന്ന് ഇവിടെ വരെ ബസ്സും പിടിച്ച് വന്നാലും ഒന്ന് കാണാന്‍ പോകും സമ്മതിക്കില്ല.

എന്നിലെ ദയാലു ഉണര്‍ന്നു, കഷ്ടം തന്നെ!

എന്ന് തൊട്ട് ഇവിടെ വരാന്‍ പറ്റും?

സാറെ നാളെ ഇരുപതൊമ്പത്, മറ്റന്നാള്‍ മുപ്പത്, അത് കഴിഞ്ഞിട്ട് ഒന്നാം തിയതി തൊട്ട് വരാം.

അയ്യോ മുപ്പതാം തിയതി ഞായറാഴ്ചയാണല്ലോ? ഞങ്ങള്‍ക്കോഫീസിലേക്കും, മോള്‍ക്ക് സ്കൂളിലേക്കും പോണമല്ലോ? മുപ്പതാം തിയതി തൊട്ട് വരാന്‍ പറ്റില്ലെ?

“അയ്യോ സാറെ, മുപ്പതാം തിയതി ഒരു ദിവസം സാറും മേഡവും കൂടി ഒന്നഡ്ജസ് ചെയ്തേരെ!“

ശമ്പളം കിട്ടുക മുപ്പതാം തിയതി വൈകീട്ടാ. വൈകീട്ട് ശമ്പളം കിട്ടി കഴിഞ്ഞാല്‍ ഞാന്‍ വിളിക്കാം, അപ്പോ സാറ് വണ്ടി കൊണ്ട് വന്നാല്‍ മതി ഞാന്‍ വരാം.

ശമ്പളം കിട്ടിയതും ഇറങ്ങിവരാംന്ന് പറഞ്ഞതിലും, വണ്ടി കൊണ്ട് വന്ന് പിക്ക് ചെയ്യാന്‍ പറഞ്ഞതിലും എന്തോ പന്തികേടെനിക്ക് തോന്നിയെങ്കിലും, ആവശ്യക്കാരന് ഔചിത്യത്തിന്റെ ആവശ്യമില്ലാത്തതിനാല്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ചിരി മുഖത്ത് വരുത്തികൊണ്ട് ഡിസംബര്‍ ഒന്നാം തിയതി മുതല്‍ ജോലിക്ക് ഹാജരായികൊള്ളാനും, മുപ്പതാം തിയതി വൈകീട്ട് ശമ്പളം കിട്ടിയതിനുശേഷം വിളിച്ച് പറഞ്ഞാല്‍ വന്ന് പിക്ക് ചെയ്യാമെന്നും അറിയിച്ചു.

മുപ്പതാം തിയതി, ഞായറാഴ്ച രാവിലെ മകളെ സ്കൂള്‍ ബസ്സില്‍ കയറ്റി അയച്ചാലും ഉച്ചക്ക് വരുമ്പോള്‍ പിക്ക് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അന്ന് സ്കൂളില്‍ വിട്ടില്ല, പകരം രാവിലെ തന്നെ കുട്ടികുറുമികള്‍ രണ്ടിനേയും ബര്‍ദുബായിലുള്ള കസിന്‍ സിസ്റ്ററിന്റെ വീട്ടിലാക്കി ഞാന്‍ പതിവുപോലെ ജോലിക്ക് പോയി.

വൈകുന്നേരം തിരികെ വരുന്ന വഴി വാമഭാഗത്തിന്റെ ഫോണ്‍ വന്നു. ശമ്പളകണക്കെല്ലാം തീര്‍ത്ത് മെയിഡ് തയ്യാറായി നില്‍ക്കുന്നുണ്ട്, വരുന്ന വഴിക്ക് പിക്ക് ചെയ്തോളൂ.

മെയിഡ് താമസിക്കുന്ന ബില്‍ഡിങ്ങിന് കീഴെ പാര്‍ക്കിങ്ങ് ലഭിക്കാത്തതിനാല്‍ വണ്ടി ഒരു വശത്ത് ഒതുക്കിയിട്ട് ഹസാര്‍ഡ് ലൈറ്റുമിട്ട് ഞാന്‍ മെയിഡിനു ഫോണ്‍ ചെയ്തു.

ഹലോ...ചേച്ചി, ഞാന്‍ ദാ നിങ്ങള് താമസിക്കുന്ന ബില്‍ഡിങ്ങിന്റെ അടിയിലെത്തിയിട്ടുണ്ട്. ചേച്ചി വേഗം വാ. പാര്‍ക്കിങ്ങില്ല ഇവിടെ.

സാറെ, എന്റെ കയ്യില്‍ പെട്ടിയും രണ്ട് ബാഗുമുണ്ട് സാറെ. ഒറ്റക്ക് അത് കൊണ്ട് വരാന്‍ പറ്റത്തില്ല, സാറ് മുകളില്‍ ഇരുനൂറ്റിപത്തിലോട്ട് വാ, നമുക്കൊരുമിച്ച് ഇത് താഴെയിറക്കിയേച്ചും പോവാം!!

@$%^&%$@!! ഹെന്റമ്മേ...ഇതൊരു മെയിഡല്ല, ഒന്നൊന്നര മെയിഡ് തന്നെ. ആവശ്യക്കാരന് ഔചിത്യത്തിന്റെ ആവശ്യമില്ല എന്ന ചിന്ത വീണ്ടും മനസ്സില്‍ ഉദിച്ചതിനാല്‍ ഇരുന്നൂറു ദിര്‍ഹം ഫൈന്‍ കിട്ടിയാല്‍ കിട്ടട്ടെ എന്ന്‍ കരുതി ലിഫ്റ്റില്ലാത്ത ബില്‍ഡിങ്ങിനെ രണ്ടാം നിലയിലേക്ക് ഓടി കയറി. പൂട്ടികിടക്കുന്ന ഇരുനൂറ്റിപത്താം നമ്പര്‍ മുറിയുടെ മുന്നില്‍ രണ്ട് ബാഗുകള്‍ക്കിടയിലായി വച്ചിരിക്കുന്ന പെട്ടിപുറത്ത് ഓമനേച്ചി ഇരിക്കുന്ന ഇരിപ്പോന്ന്‍ കാണേണ്ടത് തന്നെ. വേഷഭൂഷാദികള്‍ പഴയത് പോലെ ഒപ്പനകളിക്കാരികളുടേത് തന്നെ!

എന്നെ കണ്ടതും ബഹുമാനപുരസ്സരം എഴുന്നേറ്റ് ചിരിക്കാന്‍ ശ്രമിച്ച് പരാജയമടഞ്ഞു. ചിരി ഒരിക്കലും വിരിയാത്ത ഓമനത്വമുളള മുഖമാണതെന്ന് മനസ്സിലായത് പിന്നീടാണ്.

സാറ് ഈ പെട്ടിയും, ഒരു ബാഗും മാത്രം എടുത്താല്‍ മതി, ഈ ബാഗും എന്റെ ഹാന്‍ബാഗും ഞാന്‍ എടുത്തോളാം!

എന്തൊരു വിശാലമനസ്കത!

രണ്ടാമത്തെ ഫ്ലോറില്‍ നിന്നും ഗ്രൌണ്ട് ഫ്ലോറിലേക്ക് എടുത്തെറിഞ്ഞാലോ എന്നൊരു നിമിഷം ആലോചിച്ചെങ്കിലും, പത്ത് മുതല്‍ പൂജ്യം വരെ എണ്ണി ഞാന്‍ എന്റെ തല തണുപ്പിച്ചതിനുശേഷം പെട്ടിയും ബാഗുമെടുത്ത് കോണിപടികളെണ്ണികൊണ്ട് വേച്ചു വേച്ച് താഴോട്ടിറങ്ങി. എന്നെ അനുഗമിച്ചുകൊണ്ട് ഹാന്റ്ബാഗ് തോളത്തും, ചെറിയ ഒരു എയര്‍ബാഗ് കയ്യിലുമായി ഓമനയും!

ബൂട്ട് തുറന്ന് ബാഗുകളും പെട്ടികളും ഉള്ളില്‍ വച്ച്, ഓമനേച്ചിയേം കൂട്ടി എന്റെ ഫ്ലാറ്റിലെത്തി. ചുമട്ട് കാരനെപോലെ പെട്ടിയും ഭാഗും ചുമന്ന് വരുന്ന എന്നെ കണ്ടപ്പോള്‍ കുറുമിക്ക് ചിരിപൊട്ടിയെങ്കിലും എന്റെ മുഖത്ത് നിന്ന് സംഗതിയുടെ വശപിശക് മനസ്സിലാക്കിയതിനാല്‍ അവള്‍ മൌനം പൂണ്ടു.

രാത്രിക്കുള്ള ഭക്ഷണം തയ്യാറാക്കാന്‍ തുടങ്ങുകയായിരുന്ന വാമഭാഗത്തിനു, ഓമനയെ ഇന്‍ഡക്ഷനായി ഹാന്റ് ഓവര്‍ ചെയ്ത് ഞാന്‍ എന്റെ തടിയൂരി.

വാമഭാഗം - ചേച്ചി ഡ്രസ്സ് മാറ്റിയിട്ട് വന്നോളൂ, ഞാന്‍ അടുക്കളയും, സാധങ്ങള്‍ വച്ചിരിക്കുന്ന സ്ഥലങ്ങളുമൊക്കെ കാണിച്ച് തരാം. രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കുകയും ചെയ്യാം.

ഓമന - അതിന് ഞാന്‍ നാളെമുതലല്ല് ജോലി തുടങ്ങുന്നത്.

എങ്കില്‍ ചേച്ചി ഒരു കാര്യം ചെയ്യ് അകത്ത് കയറി ഇരിക്ക്. മക്കളേ, ആ കാര്‍ട്ടൂണ്‍ നിറുത്തിയിട്ട് ചേച്ചിക്ക് ഇഷ്ടമുള്ള സീരിയല്‍ ഒന്ന് വച്ച് കൊടുക്കൂ. പിന്നെ ചേച്ചി, ചേച്ചിക്ക് രാത്രി എന്താ കഴിക്കാന്‍ വേണ്ടതെന്ന് വച്ച് പറഞ്ഞാല്‍ എനിക്കുണ്ടാക്കാമായിരുന്നു. ചപ്പാത്തിയോ? ചോറോ?

അല്ല മാഡം ഞാന്‍ ചുമ്മാ പറഞ്ഞതല്ല്. ഈ വസ്ത്രങ്ങളൊക്കെ ഒന്ന് മാറ്റിയിട്ട് ഞാന്‍ ദോണ്ടെ വരുന്ന്.

അന്ന് ഭക്ഷണം വാമഭാഗം തയ്യാറാക്കി, സഹായത്തിനായി ഓമന കട്ടക്ക് കട്ടക്ക് നിന്നു എന്ന് പിന്നീട് പറഞ്ഞറിഞ്ഞു.

രാത്രി ഭക്ഷണത്തിനുശേഷം കുറുമി ഓമനേച്ചിക്ക് എത്രമണിക്കാണ് എഴുന്നേല്‍ക്കണ്ടതെന്നും, ആദി കുട്ടികുറുമിയെ രാവിലെ 6.20 നു എഴുന്നേല്‍പ്പിച്ച്, തയ്യാറാക്കി കോണ്‍ഫ്ലേക്സ് കൊടുത്ത് 6.50 നു ബസ്സില്‍ കയറ്റി കൊണ്ട് വിട്ട് വന്നതിനു ശേഷം 7.50 നു ഓഫീസില്‍ ഞങ്ങള്‍ പോകുന്നതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കിയതിനുശേഷം പിറ്റേ ദിവസം രാവിലെ ഒപ്പം കുറുമിയും എഴുന്നേറ്റ് എല്ലാം കാണിച്ചു തരാം എന്ന് പറഞ്ഞ് ശുഭരാത്രി നേര്‍ന്നു കൊണ്ട് പിറ്റേന്ന് രാവിലെ അവര്‍ക്കെഴുന്നേല്‍ക്കാന്‍ 5.45നു അലാം വച്ച് എല്ലാവരും കിടന്നു.

പിറ്റേന്ന് രാവിലെ 5.45നു അലാം അടിച്ചത് ഞങ്ങള്‍ കേട്ടു, ഉണര്‍ന്നു, അവരുടെ ബെഡിന്റെ അടുത്ത് പോയി അലാം ഓഫ് ചെയ്ത് അവരെ എഴുന്നേല്‍പ്പിക്കാന്‍ കുറുമി ബുദ്ധിമുട്ടിയത് ചില്ലറയല്ല. എഴുന്നേല്‍പ്പിച്ച് എല്ലാ പണിയും കുറുമി തന്നെ ചെയ്ത്, മോളേയും, ഓമനയേയും കൂട്ടി താഴെ പോയി മോളെ സ്കൂള്‍ ബസ്സില്‍ കയറ്റി വിട്ട്, ബ്രേക്ക് ഫാസ്റ്റുണ്ടാക്കി, അന്തി കുറുമിയെ അവരെ ഏല്‍പ്പിച്ച് ഞങ്ങള്‍ ഓഫീസിലേക്കിറങ്ങി. ഇറങ്ങാന്‍ നേരവും, ആദി കുറുമി സ്കൂള്‍ കഴിഞ്ഞ് വരുന്നത് 1.20 നാണെന്നും താഴെ പോയി രാവിലെ വിട്ട അതേ സ്ഥലത്ത് തന്നെ പോയി പിക്ക് ചെയ്യണമെന്നും മറ്റും പറഞ്ഞേല്‍പ്പിച്ചു.

അതൊന്നും നിങ്ങള്‍ പ്യാടിക്കേണ്ട. ഞ്യാന്‍ നോക്കികൊള്ളാം.

ഉച്ചക്ക് രണ്ടേകാല്‍ ആയപ്പോള്‍ എനിക്കൊരു ഫോണ്‍. ഇന്ത്യന്‍ സ്കൂളില്‍ നിന്നാണ്, ബസ്സ് അഞ്ച് മിനിറ്റ് കാത്തു നിന്നിട്ടും ആരും വരാഞ്ഞതിനാല്‍, കുട്ടിയെ ഇറക്കാതെ സ്കൂളിലെത്തിച്ചിട്ടുണ്ട്. സ്കൂളില്‍ വന്ന് കുട്ടിയെ നാലു മണിക്ക് മുന്‍പ് പിക്ക് ചെയ്യണമെന്ന് പറഞ്ഞ് ക്ലാസ്സ് ടീച്ചര്‍ വിളിച്ചതായിരുന്നു.

ഓഫീസില്‍ നിന്നും അമ്പത്തിയേഴ് കിലോമീറ്റര്‍ ദൂരം വണ്ടിയോടിച്ച് മൂന്നുമണിക്ക് ഇന്ത്യന്‍ സ്കൂള്‍ ജൂനിയറിലെത്തി, ഭക്ഷണമൊന്നും കഴിക്കാതെ വാടി നില്‍ക്കുന്ന മോളെ പിക്ക് ചെയ്ത് വീട്ടിലെത്തിച്ചതിനുശേഷം, ഓമനയോട് ഓമനത്വത്തോടെ ചോദിച്ചു, എന്താ ചേച്ചി അവളെ പിക്ക് ചെയ്യാതിരുന്നത്?

ഞാന്‍ ചെറുതിനേം കൂട്ടി താഴെ പോയി നിന്നാരുന്നു. വണ്ടി വന്നില്ല. ഒരു മണിക്കൂര്‍ കാത്ത്. പിന്നെ വരാതിരുന്നപ്പോള്‍ ഇങ്ങാട്ട് കേറി പോന്ന്!

എങ്കില്‍ ഞങ്ങളെ ഫോണ്‍ വിളിച്ച് പറയാമായിരുന്നില്ലെ?

നിങ്ങളെയെനന്തരിന് വിളിച്ച് ടെന്‍ഷനടിപ്പിക്കണത്? സ്കൂള്‍ ബസ്സല്ല്. അവര്‍ തിരിച്ചും കൊണ്ട് വരുമല്ല.

മയങ്ങുകയായിരുന്ന അന്തികുറുമി, എന്റെ ശബ്ദം കേട്ട് വാടിയ മുഖവുമായി എന്റെ അടുത്തേക്ക് ഓടി വന്നു. അവളെ ഒക്കത്തെടുത്ത് ഞാന്‍ അവരോട് ചോദിച്ചു, ഇവള്‍ക്കെന്തെങ്കിലും കൊടുത്തോ ചേച്ചി?

ച്യോറ് കൊടുത്ത്, പുള്ള കഴിച്ചില്ല. കുറേ പറഞ്ഞ് നോക്കി, പിന്നേം കഴിച്ചില്ല. പിന്നെ കൊണ്ട് കുപ്പേല്‍ തട്ടി. പാല് ചോദിച്ചപ്പം കാച്ചികൊടുത്ത് സാറെ. പുള്ള മഹാ മൊടയാ!

!@#$%%^^&&^%%$#$#@!

രണ്ട് പിള്ളാരേം കൂട്ടി ചൈന ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ പോയി അവര്‍ക്കും എനിക്കും ഇഷ്ടമുള്ള സൂപ്പും, സിസ്ലേഴ്സും കഴിച്ച് അവരെ വീട്ടില്‍ കൊണ്ട് ചെന്നാക്കി ഞാന്‍ ഓഫീസില്‍ പോയി.

കുറുമിയെ വിളിച്ച് കാര്യം പറഞ്ഞു.

ഓഹ്, നിങ്ങളായി കൊണ്ടു വന്നതല്ലെ. എന്തായിരുന്നു ഡയലോഗ്? ഒരു മെയിഡ് പോയപ്പോഴേക്കും അടുത്ത മെയിഡ്, അതും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍. അന്നേ ഞാന്‍ കരുതിയതാ ഇതിങ്ങനെയേ ആകൂന്ന്.

ഡീ ശവത്തില്‍ കുത്താതെ. ഇവരെ പറഞ്ഞ് നീ മനസ്സിലാക്ക്. അടുത്ത മെയിഡ് കിട്ടുന്ന വരേയെങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്യിപ്പിക്ക്.

നോക്കാം.

ഓഫീസ് വിട്ട് ഞാന്‍ വന്നപ്പോല്‍ പതിവുപോലെ എട്ട് കഴിഞ്ഞിരുന്നു. ലിഫ്റ്റ് ഇറങ്ങിയതും, പതിവുപോലെ രണ്ട് പേരും ഓടി അടുത്ത് വന്ന് ഉമ്മ തന്ന് ഓടിപോയി കൂട്ടുകാരികളോടൊപ്പം കളിക്കാന്‍ തുടങ്ങി.

റൂമില്‍ കയറിയപ്പോള്‍, കുറുമിയുടെ ഇഷ്ട സീരിയല്‍ ടി വിയില്‍ ഓടുന്നുണ്ട്. പക്ഷെ കുറുമിയെ കാണാനില്ല. കുറുമിയെ കാണാഞ്ഞ് അടുക്കളയില്‍ ചെന്നപ്പോള്‍ കുറുമി ചപ്പാത്തി ചുടുന്നു. ഓമന ചപ്പാത്തി പരത്തുന്നു.

എന്നെ കണ്ടതും, കുറുമി കത്തുന്ന ഒരു നോട്ടം നല്‍കികൊണ്ട് ഗ്യാസ് സ്റ്റൌവ് ഓഫ് ചെയ്ത് എന്റെ പിന്നാലെ മുറിയിലേക്ക് വന്നു.

ഷര്‍ട്ടും, പാന്റും ഊരി നില്‍ക്കുകയായിരുന്ന എന്നെ നോക്കി അവള്‍ പൊട്ടിതെറിച്ചു. നിങ്ങളിവിടെ ഇങ്ങനെ സുമോ ഗുസ്തിക്കാരനെ പോലെ നിന്നോ. എന്നെകൊണ്ടൊന്നും പറ്റില്ല ഈ പണ്ടാരത്തിനെ അക്കോമഡേറ്റ് ചെയ്യാന്‍?

എന്താ പറ്റിയത് ഡിയര്‍?

ഇനി എന്ത് പറ്റാനാ? മോളെ സ്കൂള്‍ ബസ്സില്‍ നിന്ന് സമയത്തിന് പിക്ക് ചെയ്യാന്‍ വൈകിയത്, അവര് മെയ്ക്കപ്പ് ചെയ്ത് തീര്‍ന്നപ്പോ വൈകിയതാണെന്ന് അപ്പുറത്തെ റൂമിലെ മേഘ പറഞ്ഞു. ഇപ്പോ ഞാന്‍ രാത്രിക്ക് ചപ്പാത്തിയുണ്ടാക്കാന്‍ പറഞ്ഞപ്പോള്‍ പറഞ്ഞത്, ഒന്നുകില്‍ ഞാന്‍ പരത്താം മേഡം ചപ്പാത്തി ചുട്, അല്ലെങ്കില്‍ ഞാന്‍ ചുടാം, മേഡം പരത്തിയേര് എന്നാ. അവരെ മൊത്തമായി ചുടാന്‍ തോന്നി, പക്ഷെ കുട്ടികളെ ഓര്‍ത്തും റെസഷന്‍ കാലമായതിനാല്‍ ഉള്ള ജോലി കളയണ്ടാന്നും കരുതിയാ.

നീയൊന്നടങ്ങ് കണ്മണീ. നമുക്ക് ശരിയാക്കാം.

ഭക്ഷണം ഒമ്പത് മണിക്ക് തയ്യാറായി. അവര്‍ തന്നെ ഡൈനിങ്ങ് ടേബിളില്‍ കൊണ്ട് വന്ന് വച്ചപ്പോള്‍ ഞാന്‍ ഒരു പുസ്തകം വായിക്കുകയായിരുന്നു.

സാറെ, ഭക്ഷണം റെഡിയായി. വേഗം കഴിച്ചോളൂ. എന്നിട്ട് വേണം പാത്രങ്ങള്‍ കഴുകി വച്ച് എനിക്ക് കിടക്കാന്‍. ഞാന്‍ നിന്നിരുന്ന വീട്ടില്‍ അവരൊക്കെ ഒമ്പതിനു കിടക്കുമായിരുന്നു. ഇവിടെ ഒരമ്പൊതരക്കെങ്കിലും കിടക്കണം. ഷുഗറുള്ളതാണെ. അതിന്റെ മരുന്ന് കഴിച്ചാല്‍ ഉറക്കം തനിയെ വരും.

ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു, ഒമ്പതരക്ക് തന്നെ കിടക്കുകയും ചെയ്തു ( ആവശ്യക്കാരനു ഔചിത്യബോധം ആവര്‍ത്തിക്കുന്നില്ല എന്ന ചൊല്‍ മനസ്സില്‍ വീണ്ടും).

പിറ്റേന്ന് മുതല്‍ അവര്‍ക്ക് ഭക്ഷണകാര്യത്തിലുള്‍പ്പടെയുള്ള എല്ലാ കാര്യത്തിലും ഫുള്‍ സ്വാതന്ത്ര്യം നല്‍കി.

പിറ്റേന്ന് ഞങ്ങള്‍ വരുന്നതിനും മുന്‍പ് തന്നെ അവര്‍ ഭക്ഷണം തയ്യാറാക്കിയിരുന്നു.

വൌ.

വീട്ടില്‍ വന്ന് വസ്ത്രം മാറി, കൈ കാല്‍ കഴുകി, പ്രാര്‍ത്ഥിച്ച് ഒരു ബുക്കുവായിക്കാനായി ഇരുന്നപ്പോഴേക്കും ഓമനേച്ചി വന്നു.

സാറെ ഭക്ഷണം കൊണ്ടു വരട്ടെ?

പിന്നെന്താ ചേച്ചീ, കൊണ്ട് വന്നോളൂ.

അവര്‍ അടുക്കളയിലേക്ക് പോയ തക്കത്തില്‍ ഞാന്‍ കുറുമിയോട് പറഞ്ഞു, കണ്ടോടീ ഇതാ പറയുന്നത് ഒരാള്‍ക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ രണ്ടുമൂന്ന് ദിവസം കൊടുക്കണം എന്ന്. ഇപ്പോള്‍ കണ്ടാ ഭക്ഷണം എല്ലാം തയ്യാറാക്കിയത്.

അതെ, അഡ്ജസ്റ്റ് ചെയ്യാന്‍ സമയം കൊടുക്കണം, നമുക്ക് ഭക്ഷണം കഴിക്കാം, മേശപുറത്ത് ഓമനേച്ചി ഭക്ഷണമൊക്കെ നിരത്തിയല്ലോ!

പ്ലെയിറ്റില്‍ രണ്ട് ചപ്പാത്തിയിട്ട് കറി പാത്രം തുറന്നപ്പോള്‍ മോര് കാച്ചിയത്! വേറെ കറി പാത്രങ്ങളൊന്നും മേശപുറത്തൊട്ടില്ല താനും.

കുറുമി ചിറികോട്ടി ചിരിക്കുന്നത് കണ്ടില്ല എന്ന് നടിച്ച് മോരു കറി പ്ലെയിറ്റില്‍ വിളമ്പി. മോരൊവശത്തേക്കൊഴുകി, കൈകൊണ്ട് പിഴിഞ്ഞ തക്കാളിചണ്ടി പ്ലെയിറ്റില്‍ മൂന്നിന്റന്ന് പൊന്തിയ ശവം പോലെ നിര്‍ജീവമായി കിടക്കുന്നത് കണ്ട് ഞാന്‍ ഞെട്ടി! പെട്ടെന്നോര്‍മ്മവന്നത്, ഓമനയുടെ ഭര്‍ത്താവ് പറഞ്ഞ ഡയലോഗാണ്. എന്റെ വൈഫായതിനാല്‍ പറയുന്നതല്ല സാറെ, ഇവള്‍ക്ക് നല്ല കൈപുണ്യമാ. ഇറച്ചിയായാലും, മീനായാലും, പച്ചക്കറിയായാലും നല്ല പോലെ വെക്കും. അത് കഴിച്ചാല്‍ സാറും, മേഡവും ഞെട്ടും!

സത്യം. അയാള്‍ പറഞ്ഞത് തന്നെ സംഭവിച്ചിരിക്കുന്നു. ഞാന്‍ ഞെട്ടി!

ഓമനേച്ചി വച്ച് വിളമ്പിയ കറിയുടെ സ്വാദു മൂലം ആദ്യത്തെ രണ്ട് ദിവസത്തെ കറിവെപ്പോടെ തന്നെ കറിവെപ്പിന്റെ ഉത്തരവാദിത്വം കുറുമി സ്വമേദയാ ഏറ്റെടുത്തു, മാത്രമല്ല പിന്നീട് വന്ന ദിവസങ്ങളിലെല്ലാം തന്നെ ജോലി കഴിഞ്ഞ് ഞാന്‍ ഫ്ലാറ്റിലെത്തുമ്പോഴൊക്കെ കുറുമി അടുക്കളയില്‍ പച്ചക്കറിയരിയുകയോ, ചപ്പാത്തിചുടുകയോ, കറിവക്കുകയോ മറ്റോ ആയിരുന്നു.

പൊതുവെ ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടികുറുമികള്‍ രണ്ടും ഇവര്‍ വന്നതോടെ ഉച്ച ഭക്ഷണം ഏതാണ്ട് നിറുത്തിയ മട്ടായി, ശരീരം ക്ഷീണിച്ചു എന്ന് മാത്രമല്ല എണ്ണകാണാതെ കുഞ്ഞി തലകളില്‍ ജഢ കെട്ടാനും തുടങ്ങി!

മെയിഡും വാമഭാഗവും തമ്മില്‍ തട്ടലും മുട്ടലും സ്വരച്ചേര്‍ച്ചയില്ലാത്തതുമായി ആഴ്ചകള്‍ രണ്ട് മൂന്നെണ്ണം കൊഴിഞ്ഞുപോയി. ഓമന ഒരു പൊടിക്ക് പോലും മാറിയില്ലെങ്കിലും, ഞങ്ങള്‍ ഓമനയുടെ ദിനചര്യകളോടും, മുരട്ട് സ്വഭാവത്തിനോടുമൊപ്പം അല്പമെങ്കിലും താതാത്മ്യം പ്രാപിച്ചു എന്നു മാത്രം.

ഓഫീസില്‍ ഒരു ദിവസം ഉച്ചയൂണു കഴിക്കുന്നതിന്നിടയില്‍, പതിവില്ലാതെ കാന്റീനില്‍ നിന്നും ഭക്ഷണം എടുത്ത് വരുന്ന ജോണിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. എന്താ ജോണേ? വീട്ടീന്ന് ഭക്ഷണമൊന്നും കൊണ്ടു വരാറില്ലെ ഈയിടെയായി?

ഉവ്വ് കുറൂ, ഇന്നലെ വരെ കൊണ്ടു വന്നിരുന്നു. ഞാന്‍ നിന്നെ ഫോണ്‍ ചെയ്യണമെന്ന് കരുതിയിരിക്കുകയായിരുന്നു. ഇപ്പോഴെന്തായാലും കണ്ടത് നന്നായി. ഞാന്‍ ഇന്നലെ വൈകീട്ട് ഉണ്ടായിരുന്ന മെയിഡിനെ പറഞ്ഞ് വിട്ടു. അവള്‍ക്ക് ആഴ്ചയില്‍ മൂന്നാല് ദിവസമെങ്കിലും ലീവ് വേണമെന്ന്. നിനക്ക് മെയിഡിനെ കിട്ടിയോ കുറൂ?

ഉവ്വ് എനിക്ക് ഒരു മെയിഡിനെ കിട്ടിയിട്ടുണ്ട്. മിക്കവാറും അതിനെ ഉടന്‍ തന്നെ പറഞ്ഞ് വിടേണ്ടി വരുന്ന ലക്ഷണമാ.

അതെന്താ?

ഭക്ഷണം പാചകം ചെയ്യാന്‍ അവര്‍ക്കറിയില്ല. കുട്ടികളെ നോക്കാന്‍ മഹാ ബുദ്ധിമുട്ടാണെന്ന്. ക്ലീനിങ്ങൊക്കെ ഭയങ്കര പ്രായാസമുള്ള പണിയാണത്രെ! നന്നായി ചെയ്യാനറിയാവുന്നത് സമയത്തിനു ആഹാരം കഴിക്കാനും ഉറങ്ങാനും മാത്രം.

എങ്കില്‍ പറഞ്ഞ് വിട്ട് വേറെ ആരെയെങ്കിലും എടുക്ക് കുറൂ. ഞാന്‍ രാവിലെ തന്നെ വിളിച്ച് പരസ്യം കൊടുത്തിട്ടുണ്ട്, രണ്ട് ദിവസം കഴിഞ്ഞാലെ പത്രത്തില്‍ വരൂ.

മെയിഡില്ലാതെ എങ്ങിനെ മാനേജ് ചെയ്യും ജോണേ രണ്ട് മൂന്ന് ദിവസം?

രണ്ട് ദിവസം പെമ്പ്രന്നോത്തി ലീവെടുത്തിട്ടുണ്ട്. അതിനുള്ളില്‍ കിട്ടിയില്ലെങ്കില്‍ രണ്ട് ദിവസം ഞാനും ലീവെടുക്കണം.

ശരി, പേപ്പറില്‍ പരസ്യം കൊടുത്ത് നല്ല മെയിഡിനെ വല്ലതും കിട്ടിയാല്‍, നീയെടുത്ത് ബാക്കി വന്നാല്‍ ഒന്ന് ഞങ്ങള്‍ക്കും തരണേ ജോണേ എന്ന് പറഞ്ഞ് ഊണവസാനിപ്പിച്ച് ഞാന്‍ എഴുന്നേറ്റു.

പതിവുപോലെ ഉരസലുകളും, മുറുമുറുപ്പുകളുമായി ആഴ്ച ഒന്ന് പിന്നേയും കടന്ന് പോയി. വീക്കെന്റ് വന്നു. വെള്ളിയാഴ്ച രാവിലെ പോയിട്ട് വൈകുന്നേരം വരുന്ന ഓമന രാത്രി എട്ടായിട്ടും വന്നില്ല പകരം രാത്രി ഒമ്പതര പത്ത് മണിക്ക് എന്റെ മൊബൈലിലേക്ക് ഫോണ്‍ ചെയ്ത് പറഞ്ഞു, സാറെ ഞാന്‍ ഇന്ന് വരത്തില്ല കെട്ടോ. നാളെ വൈകീട്ടേ ഞാന്‍ ഇനി വരത്തുള്ളൂ. ക്ടിം ഫോണ്‍ ഓമന കട്ട് ചെയ്തുതിനാല്‍, എന്താ, എങ്ങിനെയാ, ഏതിനാ എന്നൊന്നും ചോദിച്ച് സമയം കളയേണ്ടി വന്നില്ല.

ഫോണ്‍ കട്ട് ചെയ്തതും കുറുമിയോട് ഞാന്‍ കാര്യം പറഞ്ഞതിനുശേഷം പറഞ്ഞു, ഇത് ശരിയാവുമെന്ന് തോന്നുന്നില്ല, നമുക്കെന്തായാലും നാളെ പേപ്പറില്‍ ഒരു പരസ്യം കൊടുക്കാം മുപ്പത്തൊന്നാം തിയതിക്കുള്ളില്‍ ആരെയെങ്കിലും കിട്ടാതിരിക്കില്ല. എന്തായാലും മെയിഡിനെ കിട്ടിയിട്ട് ഓമനക്ക് നോട്ടീസ് കൊടുത്താല്‍ മതി എന്നും ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു.

പിറ്റേന്ന് രാവിലെ തന്നെ ഗള്‍ഫ് ന്യൂസില്‍ വിളിച്ച് പരസ്യം കൊടുത്തു. മൂന്നാം ദിവസമേ പരസ്യം പത്രത്തില്‍ പ്രത്യക്ഷപെടുകയുള്ളൂ.

ശനിയാഴ്ച ഭക്ഷണമെല്ലാം കഴിഞ്ഞ്, കുറുമി പാത്രങ്ങളൊക്കെ കഴുകി വച്ച്, ഉറങ്ങാനുള്ള തയ്യാറെടുപ്പിന്റെ ഇടയിലാണ് ഒപ്പനവേഷത്തില്‍ അന്നനടയായി ഓമന വന്നണഞ്ഞത്!

എന്താ ചേച്ചി, ഇന്നലെ വന്നില്ല്യാന്നുള്ളത് പോട്ടെ, ഇന്ന് വൈകീട്ട് വരാമെന്ന് പറഞ്ഞിട്ട് ഈ പാതിരാത്രിക്ക് കയറി വന്നിരിക്കുന്നത്? ഒരു മര്യാദയൊക്കെ വേണ്ടെ?

ഓഹ് എനിക്കിത്രയൊക്കെയുള്ളൂ മര്യാദ. വേണോങ്കി സഹിച്ചേച്ചാല്‍ മതി. ഇല്ലെങ്കില്‍ ദോണ്ടെ ഒന്നാം തിയതി മുതല്‍ ഞാന്‍ പോവുകയാ. എനിക്ക് ജോലി കിട്ടാനാണോ പ്രയാസം? പണിയറിയുന്നോനെവിടെ പോയാലും പണി കിട്ടും.

ഉവ്വവ്വ്, പണിയറിയുന്നോന് മാത്രമല്ല, പണിയറിയാത്തവനും മര്യാദക്കല്ലെങ്കില്‍ പണികിട്ടും, ഓമന ഒരു കാര്യം ചെയ്തേക്ക്, ഒന്നാം തിയതിയൊന്നും ആക്കണ്ട ഇന്നു തന്നെ പൊയ്ക്കോ.

അതിനെന്നെതാ സാറെ. എന്റെ പൈസ കണക്ക് തീര്‍ത്ത് തന്നാല്‍ ഞാന്‍ ദോണ്ടെ ഈ നിമിഷം തന്നെ പോയേക്കാം.

ങ്ഹേ! ഇത്രചങ്കുറപ്പോടെ ഈ രാത്രി നേരം അവര്‍ ഇങ്ങനെ പറയുമെന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്നില്ല. മാസാവസാനം ഇനി അവര്‍ക്കുള്ള കാശ് എവിടെന്നെടുത്ത് കൊടുക്കാന്‍ ദൈവമേ! ഒരാവേശത്തിനു പറഞ്ഞും പോയി. ഇനിയിപ്പോ എന്ത് ചെയ്യും?

ഓമന പെട്ടിയും, ബാഗുമൊക്കെ എടുത്ത് തയ്യാറായിക്കോ, ഞാന്‍ അടിയില്‍ പോയി കാശെടുത്ത് ഇപ്പോ വരാം. അടിയിലിറങ്ങി എ ടി എമ്മിലുണ്ടായിരുന്ന നക്കാപിച്ച വലിച്ചെടുത്ത്, റോഡ് മുറിച്ച് കടന്ന് നടന്നു എന്റെ റിസര്‍വ്വ് ബാങ്കായ ടെരന്‍സിന്റെ വീട്ടിലേക്ക്. ബാക്കി വേണ്ടുന്ന തുക കടം വാങ്ങി തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും, ഓമന പെട്ടിയും, ബാഗുമൊക്കെ തയ്യാറാക്കി പുറത്ത് വച്ചിരുന്നു. അവരെ കൂട്ടികൊണ്ട് പോവാന്‍ അവരുടെ ഹസ്ബന്റും പുറത്ത് കാത്ത് നില്‍പ്പുണ്ടായിരുന്നു. അന്നുവരെയുള്ള ശമ്പളത്തുക കൃത്യമായി എണ്ണി നല്‍കിയതും ആ മെയിഡും പടിയിറങ്ങി.

ജനുവരി മൂന്ന് വരെ കുട്ടികുറുമിക്ക് വിന്റര്‍ വെക്കേഷനാണ്. ആയതിനാല്‍ തന്നെ ഇനിയൊരു മെയിഡിനെ കിട്ടുന്ന വരെ കുട്ടികുറുമികളെ രണ്ടിനേം രാവിലെ കസിന്‍ സിസ്റ്ററിന്റെ വീട്ടില്‍ ആക്കി ജോലിക്ക് പോവാം എന്ന് തീരുമാനിച്ചുറപ്പിച്ചു.

പിറ്റേന്ന്‍ ഓഫീസില്‍ വെച്ച് ജോണിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ജോണേ, പത്രത്തില്‍ പരസ്യം കൊടുത്തിട്ട് നിനക്ക് വല്ല മെയിഡിനേം കിട്ടിയോ?

ഉവ്വടാ കുറൂ. എനിക്കൊരു മെയിഡിനെ കിട്ടി. ഇന്ന് മുതല്‍ വരാന്‍ പറഞ്ഞപ്പോ, പറ്റില്ല, ഒന്നാം തിയതി മുതല്‍ വരാമെന്നാ അവള് പറഞ്ഞിരിക്കുന്നത്. സംസാരവും, പെരുമാറ്റവുമൊക്കെ നോക്കിയിട്ട് നല്ലതാണെന്നാ തോന്നുന്നത്. എന്തായാലും ഒന്നാം തിയതി വരെ, ഞാനും പെമ്പ്രന്നോത്തിയും ഓരോ ദിവസം ഇടവിട്ട് മാറി മാറി കുട്ടികളെ നോക്കേണ്ടി വരുമെന്നാ തോന്നുന്നത്?

നിന്റെ പുതിയ മെയിഡെങ്ങിനെയുണ്ടടാ കുറൂ?

ഗദ്,ഗദ്! എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി! എന്റെ മെയിഡ് ഞങ്ങളെയിട്ടെറിഞ്ഞ് പോയിഡാ ജോണേ!

നിന്റെ പുതിയ പരസ്യത്തിന് റെസ്പോന്‍ഡ് ചെയ്ത മെയിഡുമാരുടെ ഡാറ്റാ ബേസൊന്ന് അയക്കടാ പ്ലീസ്.

അതിനെന്നാ കുറൂ, സീറ്റില്‍ ചെന്നതും ഞാന്‍ അയക്കാം.

ജോണ്‍ തന്ന ഡാറ്റാ ബേസ് പരതി പലരേം വിളിക്കുന്നതിനിടയില്‍ ഒരു മലയാളി സ്ത്രീ പറഞ്ഞു, സാറെ, എന്റെ കൂടെ താമസിക്കുന്ന പ്രായമായ സ്ത്രീയുണ്ട്, അവര്‍ രണ്ട് മാസമേ ആയുള്ളൂ ദുബായില്‍ വന്നിട്ട്. തമിഴ് നാട്ടുകാരിയാണ്, തമിഴും, ഹിന്ദിയും സംസാരിക്കും, വയസ്സ് അറുപതായിട്ടുണ്ട്. അവര്‍ മതിയോ?

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി. ഭാഷയേതായാലും മെയിഡ് നന്നായാല്‍ മതി!

ചേച്ചി നമ്പര്‍ താ, ഞാന്‍ വിളിച്ച് സംസാരിക്കട്ടെ അവരോട്. അവര്‍ തന്ന നമ്പര്‍ നോട്ട് ചെയ്ത് ഞാന്‍ കുറുമിയെ വിളിച്ചു. തമിഴെന്നു കേട്ടപ്പോള്‍ എന്റെ കയ്യില്‍ നിന്നും നമ്പര്‍ വാങ്ങിയിട്ട് ഒരക്ഷരം ഉരിയാടാതെ കുറുമി ഫോണ്‍ കട്ട് ചെയ്തു. പിന്നെ എന്നെ തിരിച്ച് വിളിച്ചത് വൈകീട്ട് ആറ് മണിക്ക് വീട്ടിലെ ഫോണില്‍ നിന്നാ! ഫോണെടുത്ത് ഹലോ പറഞ്ഞതും,

അതേ, നല്ല സ്ത്രീട്ടോ. ചെന്നെയില്‍ നിന്നാ. പാചകമൊക്കെ നന്നായി ചെയ്യുമത്രെ. ഡയറക്ടര്‍ മണിവണ്ണന്റെ വീട്ടില്‍ വരെ ജോലി ചെയ്തിട്ടുണ്ടന്നേ. അവരുടെ മോനും, മോള്‍ക്കും ഒക്കെ മക്കളുണ്ടെന്നേ. അവരുടെ പേരകുട്ടികളെ അവര്‍ ഒരുപാട് മിസ്സ് ചെയ്യുന്നതിനാലാണത്രെ, കുട്ടികള്‍ ഉള്ള വീട്ടിലേ നില്‍ക്കൂ എന്ന് ശഠിച്ചത്. വേണമെങ്കില്‍ അവര്‍ ഇന്ന് തൊട്ട് തന്നെ വരാമെന്നും പറഞ്ഞു.

അവരോട് വരാന്‍ പറയട്ടെ?

ശമ്പളമെത്രയാ?

ഓമനക്ക് കൊടുത്തിരുന്നതിലും ഇരുന്നൂറ് കൂടുതല്‍.

ശരി ശരി വരാന്‍ പറഞ്ഞോ പക്ഷെ ഒരു കാര്യം, നമുക്ക് പറ്റില്യാന്ന് തോന്നിയാല്‍ പത്ത് ദിവസത്തെ നോട്ടീസ് നമ്മളും അവര്‍ക്ക് പറ്റില്ല്യാന്ന് തോന്നിയാല്‍ പത്ത് ദിവസത്തെ നോട്ടീസ് പിരീഡ് ഇങ്ങോട്ടും തരണം എന്ന് പറഞ്ഞേക്ക്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തമിഴത്തി ആന്റി ജോയിന്‍ ചെയ്ത് കഴിഞ്ഞിരുന്നു. തുടര്‍ന്ന് വന്ന രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ഞങ്ങള്‍ക്ക് സ്വന്തം അമ്മയെപോലെയായി എന്ന് പറയാം.

കുട്ടികളെ സ്വന്തം പേരക്കുട്ടികളെന്ന പോലെ നോക്കുന്നു. നല്ല ഐശ്വര്യം, നല്ല വൃത്തി, നല്ല ഭക്ഷണം. എന്തായാലും ഇത്രയും നല്ലൊരു മെയിഡിനെ കിട്ടിയതിനു ഞങ്ങള്‍ ദൈവത്തിനു നന്ദി പറയുന്നു.

വാല്‍ കഷ്ണം:

ന്യൂ ഇയര്‍ അവധിയും മറ്റും കഴിഞ്ഞ് ഓഫീസിലേക്ക് ചെന്ന ദിവസം, ഉച്ചയൂണ് സമയത്ത് തന്റെ ലഞ്ചുമായി ജോണും ഞങ്ങള്‍ക്കൊപ്പം ഇരുന്നു.

എങ്ങനെയുണ്ടെടാ കുറൂ നിന്റെ പുതിയ മെയിഡ്?

ദൈവം സഹായിച്ച് വളരെ നല്ലൊരു സ്ത്രീ. നിന്റെ മെയിഡോ ജോണേ?

മാറ്റേണ്ടി വരുമെന്നാ തോന്നുന്നത്? പിള്ളാരെയൊന്നും നോക്കത്തില്ലടാ!

ഭക്ഷണം ഷെയര്‍ ചെയ്തു കഴിക്കുന്നതിനിടയില്‍ ഞാന്‍ ജോണിന്റെ മോരു കറിയല്‍പ്പം എന്റെ ചോറിലേക്കൊഴിച്ചു. മോരൊരുവശത്തേക്കൊഴുകി, കൈകൊണ്ട് പിഴിഞ്ഞ തക്കാളിചണ്ടി ചോറിന്റെ മുകളില്‍ മൂന്നിന്റന്ന് പൊന്തിയ ശവം പോലെ കിടന്നു!

എന്റെ മന്‍സ്സില്‍ സംശയത്തിന്റെ നുരകള്‍ പൊന്തി. കണ്‍ഫര്‍മേഷനായി, മോരുകറി കൂട്ടി ഞാന്‍ ഒരുസ്പൂണ്‍ ചോറുണ്ടു. സംശയമില്ല, സംശയിച്ചത് സത്യം തന്നെ!

ഡാ ജോണേ, നിന്റെ മെയിഡിന്റെ പേര് ഓമന എന്നാണോ?

അതേല്ലോ കുറൂ. എന്നാ പറ്റി?

പറ്റാനുള്ളത് പറ്റികഴിഞ്ഞു ജോണേ ഇതിലേറെ എന്ത് പറ്റാനാ!!!

വാലിന്റെ വാല്‍ കഷ്ണം:

പിറ്റേന്ന് വൈകീട്ട്: കൊടുത്ത പരസ്യത്തിന്റെ തുടര്‍ച്ചയായി പല മെയിഡുകളും ഫോണ്‍ വിളിച്ചതിന്റെ ഇടയിലായി ഫോണില്‍ പരിചയമുള്ള ഒരു നമ്പര്‍ തെളിഞ്ഞു; മെയിഡ് ഓമന!

ഹലോ, സാറെ മെയിഡിനെ വേണോന്നുള്ള പരസ്യം കണ്ട് വിളിക്കുന്നതാ, മെയിഡിനെ കിട്ടിയാ?

ഇതാണ് ജോലി ചെയ്യുന്ന വീട്ടിലെ ആളുകളുടെ നമ്പറുകള്‍ ഫോണില്‍ രക്ഷിച്ചു വച്ചില്ലെങ്കില്‍ പറ്റുന്ന അമളി എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും ഒരു മലയാളിയല്ലെ എന്ന കാരുണ്യത്താല്‍ ഞാന്‍ പറഞ്ഞു, സോറി മെയിഡിനെ കിട്ടി.