Sunday, July 29, 2007

ഔട്ട് സോഴ്സിങ്ങ്

അലാറം അടിച്ചതിന്നനുസരിച്ച് ശ്രീകണ്ഠേശ്വര ശിവക്ഷേത്രത്തിലെ പാട്ടുപെട്ടിയുടെ ചുമതലക്കാരന്‍ വിനയന്‍ രാവിലെ അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റ് തലേന്ന് ടേപ്പ് റെക്കോര്‍ഡറില്‍ ഇട്ട് വച്ചിരുന്ന കാസറ്റ് പ്ലേ ചെയ്തു, , കോളാംബി മൈക്കിലൂടെ ദേശമെങ്ങും പരമാവധി ഉച്ചത്തില്‍ സുബ്ബു ലക്ഷ്മിയമ്മയുടെ വെങ്കിടേശ്വര സുപ്രഭാതം അലയടിച്ചു.

കൌസല്യാ സുപ്രജാ രാമപൂര്‍വ്വാ സന്ധ്യാ പ്രവര്‍ത്തതേ
ഉത്തിഷ്ഠ നരശാര്‍ദ്ധൂല കര്‍ത്തവ്യം ദൈവം അഹ്നികം.

ദേശത്തിലെ ജനങ്ങള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, പാട്ടുകേട്ടതും കണ്ണു ചിമ്മി തുറന്നു, മൂരിനിവര്‍ത്തി, പിന്നെ മടക്കി, കോട്ടുവായിട്ടു, ആണുങ്ങളില്‍ ചിലര്‍ അഴിഞ്ഞുപോയ മുണ്ട് തപ്പിപിടിച്ച് ഉടുത്ത് തിരിഞ്ഞുകിടന്ന് വീണ്ടും ഉറങ്ങി. പെണ്ണുങ്ങളില്‍ ചിലരാകട്ടെ, മുണ്ട് നെഞ്ചോട് ചേര്‍ത്ത് കെട്ടി, രാത്രിയില്‍ അഴിച്ചെറിഞ്ഞിരുന്ന തുണികള്‍ തപ്പി എടുത്ത് വീണ്ടും ഉടുത്തു, പിന്നെ കോട്ടുവായിട്ടുകൊണ്ട് ദിനചര്യയിലേക്ക് നടന്നു കയറി.

സ്ത്രീകള്‍ മുറ്റമടിക്കാനും, പശുവിനേയും, ആടിനേയും, കറക്കാനും തുടങ്ങിയപ്പോള്‍, പുരുഷന്മാരാകട്ടെ, ബീഡിയും വലിച്ച് ലോട്ടയുമെടുത്ത് രണ്ടിന് പോയി. അപ്പുറത്തേയും, ഇപ്പുറത്തേയും വേലിക്കരുകില്‍ കുന്തിച്ചിരുന്ന് അവര്‍ രാഷ്ട്രീയം പറഞ്ഞു, ശേഷം ഉമിക്കരിയാല്‍ പല്ലു തേച്ച്, ഈര്‍ക്കിലി രണ്ടായി പകുത്ത് നാക്ക് വടിച്ചു.

കിഴക്കു ഭാഗത്ത് സൂര്യേട്ടന്‍ ബീഡിയും പുകച്ച്, വരണയോ, വേണ്ടയോ എന്ന് അമാന്തിച്ച് നില്‍ക്കുന്ന അഞ്ചരമണി സമയമായപ്പോഴേക്കും, വിഴുപ്പുമായി സ്ത്രീകളും, തോര്‍ത്ത് മുണ്ടുടുത്ത് പുരുഷന്മാരും ബ്രഹ്മകുളം ലക്ഷ്യമാക്കി നടത്തം തുടങ്ങി.

ബ്രഹ്മകുളം എന്നാല്‍ വെറും ഒരു കുളം മാത്രമല്ല, ഒരു സ്ഥലനാമം കൂടിയാണത്.

ഒരു ശ്രീകൃഷ്ണ ക്ഷേത്രം, അതിനോട് ചേര്‍ന്ന് ഒന്നര ഏക്കര്‍ വലുപ്പമുള്ള വിശാലമായൊരു കുളം, അതും നല്ല തെളിനീരോട് കൂടിയത്, അവിടെ ഇവിടെയായി കടകള്‍ ഒന്നും തന്നെ ഇല്ല. തെങ്ങും തോപ്പുകളും, നെല്പാടങ്ങളും, കവുങ്ങുകളും,കശുമാവുകളും ഇടതിങ്ങി വളര്‍ന്ന, നായര്‍, ഈഴവ, ക്രൈസ്തവ കുടുംബങ്ങള്‍ ഇടതിങ്ങി ഞെരുങ്ങിയല്ലെങ്കില്‍ പോലും ഒരു കുടുംബം പോലെ താമസിച്ചിരുന്നിരുന്നു ബ്രഹ്മകുളം ദേശത്ത്. ആണുങ്ങളില്‍ അധികവും, ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരോ , കൂലിപണിക്കാരോ ആയിരുന്നു. ചുരുക്കം ചിലര്‍ ഗള്‍ഫ് കാരും. അതിന്നപവാധം ഡേവിസേട്ടനും കുടുംബവും മാത്രം. അവര്‍ അമേരിക്കയിലായി പോയി.

അമ്പലത്തില്‍ നിന്നിറങ്ങുന്ന ഭാഗത്തുള്ള കിഴക്കേ കടവ്, നമ്പ്യാരുവീടിന്റെ വഴിയോട് ചേര്‍ന്ന തെക്കേ കടവ്, പാടത്തിനോട് ചേര്‍ന്ന വഴിയിലുള്ള വടക്കേ കടവ് ഇങ്ങനെ മൂന്ന് കടവുകളായിരുന്നു ബ്രഹ്മകുളത്തിനുണ്ടായിരുന്നത്. പടിഞ്ഞാറെ കടവില്ലാതെ പോയത് അത് മുരടനായ മഞ്ഞളി മാപ്ലയുടെ (തൃശൂരില്‍ മാപ്ല എന്നാല്‍ സത്യ ക്രിസ്ത്യാനി എന്നര്‍ത്ഥം) പറമ്പായതിനാലും, അവിടെ ആള്‍ താമസം ഇല്ലാത്തതിനാലും മാത്രമായിരുന്നു. പക്ഷെ, മീന്‍ പിടിക്കുന്നവര്‍ക്കും, കുളത്തെ മൊത്തമായും വീക്ഷിക്കേണ്ടവര്‍ക്കും സൌകര്യം പടിഞ്ഞാറെ ഭാഗം ആയതുകാരണമാവം ആള്‍താമസമില്ലാത്ത, മഞ്ഞളി മാപ്ലയുടെ പറമ്പില്‍ ഏറ്റവും അധികം ആള്‍പെരുമാറ്റം ഉണ്ടായത്!

സൂര്യോദയത്തിനു മുന്‍പെ കിഴക്കെ കടവില്‍ മുഷിഞ്ഞ തുണിയാല്‍ കല്ല് പൊട്ടിക്കാന്‍ സ്ത്രീകള്‍ പെടാ പാടു പെടുമ്പോള്‍, തെക്കേ കടവില്‍ ആണുങ്ങള്‍ നീന്തി തുടിച്ച് തല തുവര്‍ത്തി കരകയറി വീട്ടിലേക്ക് തിരിക്കും.

കല്ലടിച്ചുപൊട്ടിക്കുന്ന സ്ത്രീകള്‍ ഒരു നിമിഷം കല്ലടി നിറുത്തി കരയിലേക്ക് കയറുന്നത്, ലാമ്പി സ്കൂട്ടറിന്റെ ശബ്ദം കേള്‍ക്കുമ്പോഴാണ്. ലാമ്പി സ്കൂട്ടറില്‍ വരുന്നതോ, ശ്രീകണ്ടേശ്വരം ക്ഷേത്രത്തിലെ പൂജാരി ചെറുപ്പക്കാരനായ ശ്രീ രാമന്‍ നമ്പൂതിരി (BA/MA, English Lit) വരുമ്പോഴാണ്. രാമന്‍ നമ്പൂതിരി വന്ന് കടവില്‍ ഇറങ്ങുമ്പോള്‍ തോര്‍ത്തുമുണ്ടുടുത്ത പെണ്ണുങ്ങള്‍ തിരിഞ്ഞു നില്‍ക്കും. അദ്ദേഹം കുളിച്ച് കയറിയിട്ടേ പിന്നെ അവര്‍ ഇറങ്ങുകയുള്ളൂ. രാമന്‍ നമ്പൂതിരിയാകട്ടെ, മൂന്നു മുങ്ങി ഗായത്രി ചൊല്ലി കണ്ണടച്ച് കിഴക്കോട്ട് നോക്കി പ്രാര്‍ത്ഥിച്ച് കണ്ണു തുറക്കുമ്പോള്‍ നിത്യവും കാണുന്നത്, തോര്‍ത്തുമുണ്ടിനുള്ളിലൂടെ കാണുന്ന നിരവധി നാരീ പൃഷ്ടങ്ങളാണ്. നമ്പൂതിരി പിന്നേം മുങ്ങും ഒരു മൂന്ന്. പിന്നേം പൃഷ്ട ദര്‍ശനം, പിന്നെ മുങ്ങാതെ കുറച്ച് നേരം കണ്ണും തുറന്ന് പ്രാര്‍ത്ഥിച്ച് നില്‍ക്കും. അതു കഴിഞ്ഞാല്‍ പതിവിന്‍ പടി ചൊല്ലും ശിവ ശിവ, നമ്പൂതിരി കല്ലില്‍ വച്ച കവറില്‍ നിന്നും എടുത്ത വി ഐ പി എടുത്ത് ധരിച്ച്, ഉണങ്ങിയ തോര്‍ത്തുമുണ്ടുടുത്ത് വീണ്ടും മുകളിലേക്ക് തന്റെ ലാമ്പി ലക്ഷ്യമാക്കി യാത്ര തിരിക്കും.

സ്ത്രീകള്‍ വീണ്ടും തങ്ങളുടെ അലക്ക് തുടരുമ്പോഴായിരിക്കും, സഞ്ചിയും തൂക്കി പ്രാഞ്ചി പ്രാഞ്ചി ശങ്കരന്‍ നമ്പൂതിരിയുടെ വരവ്. പാവം പത്തറുപത്തഞ്ചു വയസ്സായി. ആണിരോഗം കാരണം നടക്കാന്‍ തന്നെ പ്രയാസം. കുടുംബത്തിലെ പ്രാരാബ്ദത വേറെയും.

ശങ്കരന്‍ നമ്പൂതിരി വരുമ്പോഴും പെണ്‍സംഘം അലക്ക് നിറുത്തി കരയില്‍ കയറും. നമ്പൂതിരി മൂന്നു മുങ്ങും, ഗായത്രി ചൊല്ലും, കിഴക്കോട്ട് തിരിഞ്ഞു നിന്നാല്‍ പൃഷ്ടദര്‍ശനമാണു ഫലം എന്നറിയാവുന്ന നമ്പൂതിരി രീതി തെറ്റിച്ച് പടിഞ്ഞാട്ട് മഞ്ഞളിയുടെ കുളം നോക്കി ഗായത്രി ചൊല്ലും, പിന്നെ പടവില്‍ കയറി, കോണകം അഴിച്ച് നനച്ച് പിഴിഞ്ഞുടുത്ത്, തോര്‍ത്ത്മുണ്ട് ചുറ്റി പ്രാഞ്ചി പ്രാഞ്ചി അമ്പലത്തിലേക്ക് നടക്കും.

ബ്രഹ്മകുളത്തില്‍ നീന്തിതുടിച്ച് കുളിക്കാറുള്ള ദേശത്തെ സ്ത്രീകള്‍ക്കൊന്നും തന്നെ വയറിന്റെ ഇരുവശവും പാഡ് കെട്ടിവച്ചതു പോലെ മടക്കുകളോ, ഞൊറികളോ ഉണ്ടായിരുനില്ല എന്നു മാത്രമല്ല, നല്ലൊരു ഛായാ ചിത്രം പോലെ അഴകുറ്റവുരും ആയിരുന്നു ദേശക്കാര്‍.

ബ്രഹ്മകുളത്തിന്റെ കുളിസമയത്തിനു ആണ്‍ പെണ്‍ വിത്യാസമില്ലാതെ ദേശക്കാര്‍ സ്വയം എഴുതിയ സമയ പട്ടിക ഉണ്ട്.

ജോലിയും വേലയും ഉള്ളവര്‍ - പുലര്‍ച്ചക്ക് കുളിക്കാം, സന്ധ്യക്കും കുളിക്കാം, എപ്പോ വേണമെങ്കിലും കുളിക്കാം. കാശുള്ളോനെ ചോദിക്കാന്‍ ഏത് ദേശത്താ ആള്‍ക്കാര്‍ മുതിരുക?

ജോലിയും വേലയും ഇല്ലാത്തവര്‍ - പത്തു മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ എപ്പോ വേണമെങ്കിലും. ഇവര്‍ക്ക് വേണമെങ്കില്‍ പുലര്‍ച്ചക്ക് വന്നുകുളിക്കാം. ആരും ചോദിക്കില്ല. പക്ഷെ രാവിലെ കുളിച്ച് ചന്ദനവും തൊട്ടിട്ട് പെണ്ണുകാണാന്‍ പോവാനും, പണിക്ക് പോവാനും ഒന്നും ഇല്ലാത്തതിനാല്‍ ഈ ഗ്രേഡില്‍ പെട്ടവര്‍ 9 മണിക്ക് മുന്‍പ് എഴുന്നേല്‍ക്കാറില്ല എന്നതാണ് സത്യം.

സ്കൂളില്‍ പഠിക്കുന്ന ബാലന്മാര്‍/ബാലികമാര്‍ - വൈകുന്നേരം നാലര മുതല്‍ ആറു വരെ. ഇവര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. പക്ഷെ 9 അടിക്കുമ്പോള്‍ സ്കൂളില്‍ എത്തണമെങ്കില്‍ കിണറ്റിലെ വെള്ളം തന്നെ ശരണം. വൈകുന്നേരം വന്നാല്‍ അര്‍മ്മാദിക്കാമല്ലോ എന്ന മുടന്തന്‍ ന്യായം അവര്‍ക്കൊപ്പം.

കോളേജ് കുമാരന്മാര്‍/കൌമാരക്കാര്‍ - സമയമില്ല. കോളേജില്‍ മിക്കവാറും സമരം,അല്ലെങ്കില്‍ പുറത്താക്കല്‍, അപ്പോ പിന്നെ ഇവന്മാര്‍ക്കൊരു സമയം ആരു കൊടുക്കാന്‍.

വൈകുന്നേരം നാലര മുതല്‍ അമ്പലത്തിലെ ധീപാരാധനയുടെ സമയമായ അഞ്ചേമുക്കാല്‍ ആറുമണി വരെ, കുളം നിറയെ ജനങ്ങളാണ്. കൂലി വേല കഴിഞ്ഞു വന്ന പെണ്ണുങ്ങളും, ആണുങ്ങളും, സ്കൂള്‍ കോളേജ് വിട്ട് വന്ന ആണ്‍ കുട്ടികളും, പെണ്‍കുട്ടികളും, എല്ലാം ഉള്‍പ്പടെ ഒരു ബഹളം. അതിന്നിടയില്‍ മലക്കം മറിച്ചില്‍, ചാഞ്ഞു കിടക്കുന്ന തെങ്ങിന്‍ മുകളിലും, കുളവക്കത്തുള്ള പ്ലാവ്, മാവ്, ഇലഞ്ഞി, ഐനി കശുമാവ് തുടങ്ങിയ മരങ്ങളില്‍ നിന്നും അവനവന്റെ കപ്പാസിറ്റിയനുസരിച്ചുള്ള ഉയരത്തില്‍ നിന്നുള്ള ചാടല്‍, മുങ്ങാം കുഴിയിടല്‍, മലര്‍ന്നും കമഴ്ന്നും നീന്തല്‍ എന്നിവ സ്വന്തം അഭിരുചിക്കനുസരിച്ച് പ്രാക്റ്റീസ് ചെയ്യുന്ന കായിക താരങ്ങള്‍.

ഈ നീന്തി മറിയുന്ന കുട്ടി ചെകുത്താന്മാര്‍ക്ക് ഒരു കോച്ചോ മറ്റോ ഉണ്ടായിരുന്നെങ്കില്‍, ഇന്ത്യന്‍ ടീം ഒരു കോര്‍മ്പ സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കിയേനെ എന്ന് ചൂണ്ടയിടുന്ന, ബാര്‍ബര്‍ ശേഖരേട്ടന്‍ നിത്യേന പറയുന്നത് കേള്‍ക്കാമായിരുന്നു!

ചുരുക്കി പറഞ്ഞാല്‍ ബ്രഹ്മകുളത്തില്‍ ഉദയം മുതല്‍ അസ്തമനം വരെ ആളുകള്‍ കുളിക്കാനായി വന്നിരുന്നു. പണിയില്ലാത്ത ചെറുപ്പക്കാര്‍ കുളത്തിനു ചുറ്റുമുള്ള പൊന്തക്കാടുകളിലിരുന്ന് ബീഡി വലിച്ച് രസിച്ചു.

എന്തിനധികം പറയുന്നു? തൊട്ടപ്പുറത്തെ ദേശക്കാരുടെ കണ്ണുതട്ടിയതോ, അതോ ദൈവഹിതമോ എന്തു തന്നെയായാലും, അവിടെയും, ഇവിടേയും ആയി ബ്രഹ്മകുളത്തിലെ തെളിനീരില്‍ പൊങ്ങി കിടന്നിരുന്ന നാലോ അഞ്ചോ ചണ്ടികള്‍ (ആഫ്രിക്കന്‍ പായല്‍) ചിക്കുന്‍ ഗുനിയ പോലെ പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ തുടങ്ങുകയും, മുയല്‍ പെറുന്ന പോലെ പെറ്റുകൂട്ടുകയും ചെയ്ത് ഏതാണ്ട് ഏപ്രില്‍ മാസമായതോടെ കുളം മൊത്തമായി ചണ്ടി അഥവാ ആഫ്രിക്കന്‍ പായല്‍ നിറഞ്ഞ്, വെള്ളം കാണാതായി.

ദൂരെ നിന്നു നോക്കിയാല്‍ ഒന്നര ഏക്കര്‍ സമചതുരത്തില്‍ ഒരു പരവതാനി വിരിച്ചതുപോലെ ബ്രഹ്മകുളം ചത്തു പച്ചപുതച്ച് കിടന്നു.

രാമന്‍ നമ്പൂതിരിയും, ശങ്കരന്‍ നമ്പൂരിയുമൊഴികെയുള്ളവര്‍ ബ്രഹ്മകുളത്തില്‍ കുളിക്കാന്‍ വരാതേയായി. രാമന്‍ നമ്പൂതിരിക്കും ശങ്കരന്‍ നമ്പൂതിരിക്കും മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ചണ്ടി തള്ളിമാറ്റി പേരിനൊന്ന് മുങ്ങി കയറി സ്ഥലം കാലിയാക്കുകയാണു പതിവ്.

നാട്ടിലെ ജനങ്ങള്‍ക്ക് നീന്തലല്ലാതെ മറ്റു വ്യായാമ മുറകള്‍ അറിഞ്ഞുകൂടായിരുന്നതിനാല്‍, മേദസ്സ് അവരുടെ ശരീരത്തില്‍ അടിഞ്ഞുകൂടി. സ്ത്രീകളുടെ പള്ളയില്‍ മടക്കുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ അയല്പക്കത്തെ പുരുഷന്മാര്‍ ആശങ്കാകുലരായി. ഒപ്പം യുവാക്കളും.

ആള്‍സഞ്ചാരമില്ലാതെ, ബീഡിപുകയേല്‍ക്കാതെ, കുളത്തിന്റെ ചുറ്റുമുള്ള പൊന്തക്കാടുകള്‍ തഴച്ചു വളര്‍ന്നു. പൊന്തക്കാടുകളില്‍ പാമ്പുകള്‍ ഇണചേര്‍ന്നു, മുട്ടയിട്ടടയിരുന്നു പാമ്പുകുഞ്ഞുങ്ങളെ വിരിയിച്ചെടുത്തു. ദേശത്തെ യുവാക്കള്‍ ഒന്നും ചെയ്യാനില്ലാതെ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഇരുന്ന് ബീഡിപൊതികള്‍ വലിച്ചു തള്ളി, പിന്നെ ചുമച്ചു തുപ്പി.

നാട്ടുകൂട്ടം ചേര്‍ന്ന് അമ്പലകമ്മറ്റിയെ സമീപിച്ചു ആവശ്യം ഉന്നയിച്ചു. കുളത്തിലെ ചണ്ടി വാരണം. ജനങ്ങള്‍ നീന്തികുളിക്കാതെ വിഷമിക്കുന്നു. ദുര്‍മ്മേദസ്സ് സ്ത്രീകളുടെ ശരീര സൌന്ദര്യത്തിനെ കാര്‍ന്നു തിന്നുന്നു. യുവാക്കള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ചുവരുകള്‍ക്കുള്ളില്‍ മാത്രം ഇരിക്കുന്നു.

അമ്പലകമ്മിറ്റി യോഗം ചേര്‍ന്നു തീരുമാനം എടുത്തു, ചണ്ടി വാരിക്കണം.

ടെണ്ടറിനപേക്ഷ ക്ഷണിച്ചു.

അപേക്ഷ വന്നതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു കാരണം ചണ്ടി വാരാനുള്ള ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് വരെ പന്ത്രണ്ടായിരം രൂപയാണ്. അമ്പലത്തിലെ വിഗ്രഹം ഇളക്കി വിറ്റാല്‍ പോലും ഇത്രയും പൈസ കിട്ടില്ല. ഒരേഴെട്ടായിരമാണെങ്കില്‍ ഓക്കെ. ഇതിപ്പോ പന്ത്രണ്ടായിരം എന്നൊക്കെ പറഞ്ഞാല്‍!!

അമ്പലക്കമ്മറ്റിക്കാര്‍ പ്രതിസന്ധിയിലായി. മേട ചൂടില്‍ കിണറുകളിലെ വെള്ളം വറ്റാന്‍ തുടങ്ങിയിരിക്കുന്നു. അലക്കും, കുളിയും നേരാം വണ്ണം നടക്കാതെ തരുണീമണികള്‍ അതിലേറെ പ്രതിസന്ധിയിലായി. യുവാക്കള്‍ മൌനത്തിന്റെ അറയിലേക്ക് സ്വയം വലിഞ്ഞു കയറി. ബ്രഹ്മകുളത്തിലെ പായലിന്റെ മുകളില്‍കൂടി ചേരപാമ്പുകള്‍ പാഞ്ഞ് നടന്നു.

ബ്രഹ്മകുളം ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ആസ്ഥാനകേന്ദ്രം അമ്പലപറമ്പാക്കിയിരുന്ന ഞങ്ങള്‍ ആറ് യുവാക്കള്‍ അമ്പലക്കമ്മിറ്റിയുടെ ശോചനീയാവസ്ഥ മണത്തറിഞ്ഞു. വിഷു പ്രമാണിച്ച് സംഘമായുള്ള ഒരു ടൂര്‍ മനസ്സില്‍ ഓടി വന്നപ്പോള്‍ ഞങ്ങള്‍ കമറ്റിക്കാരെ നേരില്‍ സന്ദര്‍ശിച്ചു. ചണ്ടി ഞങ്ങള്‍ വാരാം. കുളം ഞങ്ങള്‍ വൃത്തിയാക്കി തരാം. എണ്ണായിരം രൂപ തന്നാല്‍ മതി.

പതിന്നാലു വയസ്സു പോലും തികയാത്ത, ഈര്‍ക്കിലിയില്‍ മച്ചിങ്ങകുത്തിയ പോലെയുള്ള സ്തൂല ശരീര പ്രകൃതിയുള്ള ആറ് പിള്ളാരെ നമ്പാന്‍ നമ്പ്യാര്‍ തലവനായുള്ള അമ്പലകമ്മിറ്റിക്ക് കുറച്ച് സമയം എടുത്തു. വാഗ്വാദങ്ങള്‍ക്കും, തര്‍ക്കങ്ങള്‍ക്കും, സമന്വയങ്ങള്‍ക്കും അപ്പുറം ആറായിരം രൂപക്ക് കോണ്ട്രാക്ട് ബ്രഹ്മകുളം ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിനു കിട്ടി. ആയിരം രൂപ മുന്‍കൂര്‍ നല്‍കും. ബാക്കി അയ്യായിരം രൂപ ചണ്ടി വാരിയതിനു ശേഷം.

സമ്മതിച്ചു. ആറായിരം പോയിട്ട് അറുനൂറ് രൂപക്ക് വകയില്ലാത്തവരാണ് ആറില്‍ ആറുപേരും. കോണ്ട്രാക്ട് എടുക്കുകയും മുന്‍കൂര്‍ പണം വാങ്ങുകയും ചെയ്തു. ഇനി പിന്മാറിയാല്‍ നാട്ടുകാര്‍ ഓടിച്ചിട്ടടിക്കും എന്നത് മൂന്നല്ല മുപ്പത് തരം.

ആയിരം രൂപ കയ്യിലുണ്ടല്ലോ, എന്തിനും വാ, കൊളംബോ ഹോട്ടലില്‍ പോയി ഇറച്ചിയും പൊറോട്ടയും കഴിച്ച് തീരുമാനിക്കാം, സംഘതലവനായ ഞാന്‍ പറഞ്ഞതേവര്‍ക്കും സമ്മതമായിരുന്നു.

ഇറച്ചിയും പൊറോട്ടയും കടുപ്പത്തിലുള്ള ചൂടു ചായയും ഉള്ളില്‍ ചെന്നപ്പോള്‍ തലച്ചോറ് ചൂടാവാന്‍ തുടങ്ങിയതിന്റെ ഫലമായി ആശയം എന്റെ തലയില്‍ ഉദിച്ചുയര്‍ന്നു. പൊറോട്ട ഇറച്ചിയുടെ മുപ്പത്തിയെട്ടു രൂപ അമ്പത് പൈസ ബില്ലുകൊടുത്ത് നേരിട്ട് പോയി സെന്റ് ആന്റണീസ് പ്രിന്റിങ്ങ് പ്രസ്സില്‍. 100 നോട്ടീസടിക്കാന്‍ പറഞ്ഞ് മാറ്റര്‍ അപ്പോള്‍ തന്നെ എഴുതി നല്‍കി.

പ്രിയപെട്ടവരെ,

ബ്രഹ്മകുളം ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് , ഈ വരുന്ന ഏപ്രില്‍ 9നു ഞായറാഴ്ച, ചണ്ടി ചങ്ങാടം തുഴയുന്ന മത്സരം സംഘടിപ്പിക്കുന്നു. പച്ച പരവതാനി വിരിച്ചു കിടക്കുന്ന ബ്രഹ്മകുളമാണ് മത്സരവേദി. രാവിലെ 10 മണിക്ക് മത്സരം തുടങ്ങും.

ചണ്ടിയും, ഓലമടലും, കയറും ഉപയോഗിച്ച് ചങ്ങാടം ഉണ്ടാക്കി തുഴഞ്ഞ് അക്കരെ ഇക്കരെ പോയി ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് - സമ്മാനം 1000 രൂപ, രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 750 രൂപ, മൂന്നാം സ്ഥാനമെത്തുന്ന ടീമിന് 500 രൂപ.

പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 50 രൂപ കെട്ടിവക്കണം. ഈ തുക മത്സരത്തിനുശേഷം തിരിച്ചു നല്‍കുന്നതായിരിക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപെടുക

സെക്രട്ടറി
ബ്രഹ്മകുളം ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്
ബ്രഹ്മകുളം,
ഇരിങ്ങാലക്കുട.

ഇരിങ്ങാലക്കുട,മാപ്രാണം, കാറളം, പൊറത്തിശ്ശേരി, കീഴ്ത്താണി, മൂന്നുപീടിക, നടവരമ്പ് എന്ന് വേണ്ട പത്ത് കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ ക്ലബ്ബുകള്‍ക്കും നോട്ടിസ് നല്‍കി.

നോട്ടീസിനുള്ള പ്രതികരണം വിചാരിച്ചതിലപ്പുറമായിരുന്നു. പന്ത്രണ്ടോളം ക്ലബ്ബുകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സന്നദ്ദരായി. കെട്ടുകാശ് നല്‍കി അവര്‍ മത്സരത്തില്‍ പ്രവേശനം ഉറപ്പിച്ചു.

ചണ്ടി തെങ്ങിനിടാന്‍ നല്ല വളമായതിനാല്‍ നമ്പ്യാരുവീട്ടുകാര്‍ വാരുന്ന ചണ്ടി കരയില്‍ നിന്നും എടുപ്പിക്കാമെന്നും, ചണ്ടിയുടെ പണമായി 750 രൂപ തരാമെന്നും ഏറ്റു, 100 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു.

കാത്തിരിപ്പിനൊടുവില്‍ ഏപ്രില്‍ ഒമ്പത് വന്ന് ചേര്‍ന്നു. പടപടാ മിടിക്കുന്ന ഹൃദയവുമായി ഞങ്ങള്‍ ആറുപേരും, നാട്ടുകാരില്‍ ഭൂരിഭാഗവും ഒമ്പതുമണിക്ക് തന്നെ ബ്രഹ്മകുളത്തിന്റെ കരയില്‍ വന്നു ചേര്‍ന്നു. വരാതിരുന്നവര്‍, ഓരോരുത്തരായി വന്നുകൊണ്ടേ ഇരുന്നു. മാസങ്ങള്‍ക്ക് ശേഷം നിരവധി കാല്പതനങ്ങള്‍ മണ്ണിന്റെ കുലുക്കത്തിലൂടെ സ്പര്‍ശിച്ചറിഞ്ഞ പാമ്പുകള്‍ തൊലിയുരിഞ്ഞ് ചണ്ടിക്കു മുകളിലൂടെ പാഞ്ഞ് കരകയറി നടന്നു വരുന്ന നാട്ടുകാരുടെ കാലിന്റെ ഇടയിലൂടെ പാ‍ടത്തേക്ക് പാഞ

പന്ത്രണ്ട് ക്ലബ്ബിലേയും അംഗങ്ങള്‍ സന്നിഹിതരായി. ആറും, എട്ടും അംഗങ്ങള്‍ വീതം ഓരോ ക്ലബ്ബിലും. സമയം പത്തായി. എല്ലാവരും കുളത്തിലേക്കിറങ്ങി. ഓലമടലും, വാഴപിണ്ടിയും, കൂട്ടികെട്ടി അതിന്റെ മുകളില്‍ ചണ്ടി വാരി വലിച്ചിട്ട് ചങ്ങാടം തയ്യാറാക്കാന്‍ തുടങ്ങി. പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ അവശേഷിച്ച ഓരോ ചണ്ടിക്കും വേണ്ടി മത്സരാര്‍ത്ഥികള്‍ മുങ്ങാം കുഴിയിട്ട് നടന്നു. ഒരു ചണ്ടി പോലും കുളത്തിലില്ല. വെള്ളം തെളിഞ്ഞു കിടന്നു.

അവനവന്റെ ചങ്ങാടത്തില്‍ തുഴയാന്‍ ആരംഭിച്ചു. പൊറത്തിശ്ശേരി ക്ലബ് ഒന്നാം സ്ഥാനവും, പടിയൂര്‍ ക്ലബ്ബ് രണ്ടാം സ്ഥാനവും, കണ്ടേശ്വരം ആര്‍ട്സ് & എഴുത്ത് സംഘം മൂന്നാം സമ്മാനവും നേടി.

വിജശ്രീളിതരായിവന്നവരെ അനുമോദിക്കാന്‍ ജനസമുച്ഛയം മുന്നോട്ട് വന്ന സമയത്ത്, ഞാനടക്കമുള്ള ക്ലബ്ബ് അംഗങ്ങള്‍ അമ്പലക്കമ്മറ്റിക്കാരുടെ കയ്യില്‍ നിന്ന് പ്രൈസ് കൊടുക്കാനുള്ള സംഘ്യ ഒപ്പിക്കാന്‍ പെടാപാട് പെടുകയായിരുന്നു. സംഘ്യ കിട്ടിയതും, ബ്രഹ്മകുളത്തിന്റെ കരയില്‍ വിജയത്തിന്റെ വെന്നികൊടി പാറിച്ച ടീമംഗങ്ങള്‍ക്ക് സമ്മാനദാനം നടത്തുന്നതിനായി ബ്രഹ്മകുളം ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് അംഗങ്ങള്‍ എത്തിചേര്‍ന്നു. 1000, 750, 500 എന്നിങ്ങനെ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിച്ചവര്‍ക്ക് വാഗ്ദാനതുക കൈമാറി.

ആളുകള്‍ പിരിഞ്ഞു പോയി, കിഴക്കേ കടവില്‍ പന്ത്രണ്ടു ചണ്ടി ചങ്ങാടങ്ങള്‍ അനാഥമായി കിടന്നു.

പന്ത്രണ്ട് ചങ്ങാടങ്ങളിലെ ചണ്ടികള്‍ ചുമന്ന് കരയിലെത്തിക്കാന്‍ അറുപത് രൂപ വച്ച് ഞങ്ങള്‍ ഏല്‍പ്പിച്ച ആറ് പെണ്ണുങ്ങള്‍ ചങ്ങാടം പൊളിച്ച് ചണ്ടി കരക്ക് കയറ്റിയിട്ടു.

ബ്രഹ്മകുളം തെളിഞ്ഞ് കിടന്നു. പരല്‍ മീനുകളും, മുഷുകളും, ബ്രാലുകളും തെളിഞ്ഞ വെള്ളത്തില്‍ നീന്തി തുടിക്കുന്നത് കരയില്‍ അവശേഷിച്ച ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കുമായിരുന്നു.

പരവതാനി ചുരുട്ടിമാറ്റപെട്ട ബ്രഹ്മകുളം തെളിഞ്ഞു, നാട്ടുകാരുടെ മനസ്സും!

ബ്രഹ്മകുളക്കരയിലെ പൊന്തക്കാടുകളില്‍ ആളനക്കം തുടങ്ങി. കടവുകളില്‍ നീന്തികുളിക്കുന്നവരുടെ തിരക്കും.

Saturday, July 21, 2007

മൃതോത്ഥാനം - ഭാഗം - ഒമ്പത് (അവസാനിച്ചു)

അമ്മയുടെ മരണശേഷം, സുനില്‍ കോളേജില്‍ പോകുന്നത് വല്ലപ്പോഴും മാത്രമായി. വീട്ടില്‍ വെറുതെ ഇരിക്കുകയോ, അല്ലെങ്കില്‍ അച്ഛന്റെ കൂടെ പറമ്പു പണികള്‍ക്കും മറ്റും പോകുന്നതും സുനില്‍ ശീലമാക്കി. ശവം വാരാനും സുനില്‍ അച്ഛന്റെ കൂടേയും,  ചിലപ്പോഴെല്ലാം,  അച്ഛനു പകരക്കാരനായും പോകുവാന്‍ തുടങ്ങി.  ഉയരമുള്ള മരങ്ങളില്‍ മുത്തുവിനേക്കാള്‍ സമര്‍ത്ഥമായി കയറുന്നതില്‍ സുനില്‍ മിടുക്കനായിരുന്നു. എന്നാല്‍ വെള്ളത്തില്‍ മുങ്ങി തപ്പുന്നതില്‍ മുത്തുവിനെ വെല്ലാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. സുനില്‍ ശവം വാരാന്‍ സഹായത്തിനു വരുന്നതും, അല്ലെങ്കില്‍ പകരം പോകുന്നതും മുത്തുവിന് ഇഷ്ടമില്ലാത്ത കാര്യമായിരുന്നു. എങ്കിലും സുനിലിന്റെ നിര്‍ബന്ധത്തിനു വഴങ്ങി എതിര്‍ക്കാറില്ല എന്നു മാത്രം.

ആയിടക്കാണ് ബോമ്പേയില്‍ ഇലക്ട്രിക്ക് കട നടത്തുന്ന സുനിലിന്റെ ഒരു സുഹൃത്ത് നാട്ടിലേക്ക് വന്നതും, സുനിലിനോട് താത്പര്യമുണ്ടെങ്കില്‍ ബോമ്പേയിലേക്ക് വരാന്‍ പറഞ്ഞതും. ഇലക്ട്രിക്ക് പണിയും പഠിക്കാം, കാശും കിട്ടും. താമസമെല്ലാം അവന്റെ കൂടെ.

സുനില്‍ ആശയം അച്ഛനുമുന്‍പില്‍ അവതരിപ്പിച്ചു.

മകന്‍ ബോമ്പേക്കു പോയാല്‍ താന്‍ തനിച്ചാകുമെങ്കിലും, അവനു പണി പഠിക്കാം, ഭാഷയും പഠിക്കാം. ഭാവിയില്‍ അവനതൊരുപകാരവുമാകും. . പോകാതിരുന്നാല്‍ പ്രത്യേകിച്ചെന്ത്  നേട്ടം?  ശവം വാരി മുത്തുവിന്റെ മകൻ ശവം വാരി സുനില്‍ എന്ന പേരില്‍ ശിഷ്ട കാലം മുഴുവന്‍ ജീവിച്ച് തീർക്കാം എന്നല്ലാതെ!

നീ ഒന്നും ആലോചിക്കണ്ട മോനെ. പോയി പണി പഠിച്ച്, നല്ല ജോലിയൊക്കെ ചെയ്ത് സുഖമായി ജീവിക്ക്.

അപ്പോ അച്ഛന്‍ ഇവിടെ തനിച്ചാവില്ലെ?

ഹ ഹ ഹ, അച്ഛന്‍ തനിച്ചൊരുപാടു ജീവിച്ചതാ മോനെ. തനിച്ചു തന്നെയാ വളര്‍ന്നതും. നീ അതൊന്നും കാര്യമാക്കണ്ട.

മുത്തുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സുനില്‍ ബോമ്പേയിലേക്ക് യാത്ര തിരിച്ചു.

ബോംബേ ജീവിതവുമായി വളരെ പെട്ടെന്ന് തന്നെ സുനില്‍ ഇണങ്ങി ചേരുകയും, ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇലക്ട്രിക്ക് പണികളെല്ലാം പഠിച്ചെടുക്കുകയും ചെയ്തു.

ശവശരീരങ്ങൾ ഇറക്കിയും, വാരിയും, മറ്റു പണികള്‍ ചെയ്തും മുത്തുവിന്റെ ജീവിതം യാതൊരു വിധ മാറ്റങ്ങളുമില്ലാതെ മുന്നോട്ട് പോയി.  തനിച്ചുള്ള ജീവിതം മുത്തുവിന് വളരെ അസഹനീയമായി തോന്നിതുടങ്ങിയപ്പോഴാണ് സുനിലിനെ കല്യാണം കഴിപ്പിക്കുന്നതിനെ കുറിച്ച് മുത്തു ചിന്തിക്കാന്‍ തുടങ്ങിയത്. അവന് ഇരുപത്തഞ്ചു വയസ്സോളം ആയിരിക്കുന്നു. പണിയെല്ലാം പഠിച്ച അവനു വേണമെങ്കിൽ നാട്ടിലും ഇഷ്ടം പോലെ പണി കിട്ടും.  പുതിയതായി എത്രയെത്ര വീടുകളാണു കെട്ടിപൊക്കുന്നത് എല്ലായിടത്തും.

സുനിലിന്റെ കത്തുകള്‍ മാസത്തില്‍ രണ്ട് തവണയെങ്കിലും വരാറുണ്ട് പക്ഷെ പോയിട്ട് നാലു വര്‍ഷത്തോളം കഴിഞ്ഞിരിക്കുന്നു ഒരിക്കല്‍ പോലും നാട്ടിലേക്ക് വന്നിട്ടില്ല.

കല്യാണത്തെ കുറിച്ച് ചിന്തിക്കേണ്ട പ്രായമായെന്നും, ഉടന്‍ തന്നെ നാട്ടിലെത്താനും പറഞ്ഞ് മുത്തു അന്നു തന്നെ സുനിലിനു കത്തെഴുതി അയച്ചു.

മുത്തുവിന്റെ കത്ത് ലഭിച്ച് പതിനഞ്ച് ദിവസത്തിനകം തന്നെ സുനില്‍ നാട്ടിലെത്തി.

മുത്തുവിന്റേയും സുനിലിന്റേയും, നീണ്ട നാലു വര്‍ഷത്തിനു ശേഷമുള്ള കൂടിക്കാഴ്ച വളരെയേറെ ആഹ്ളാദകരമായിരുന്നു. ബോംബേ വിശേഷങ്ങള്‍ ചോദിച്ചിട്ട് മുത്തുവിനും, പറഞ്ഞിട്ട് സുനിലിനും തീരുന്നുണ്ടായിരുന്നില്ല.  സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു പിന്നീട് വന്നതെല്ലാം.

ഇതിന്നിടയില്‍ ഒരു ദിവസം മുത്തു മകനോട് കല്യാണത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ സുനില്‍ പറഞ്ഞു. അച്ഛാ ഞാന്‍ അവിടെ മലയാളിയായ പെണ്‍കുട്ടിയുമായി സ്നേഹത്തിലാണ്.  മൃദുല എന്നാണവളുടെ പേരു.   അവളുടെ തറവാടും തൃശൂരാണു. അവളും, അവളുടെ അച്ഛനും അമ്മയും, അടുത്ത ആഴ്ച നാട്ടില്‍ വരുന്നുണ്ട്. വന്നതിനു ശേഷം നമുക്ക് പോയി കണ്ടിട്ട് പിന്നീട് തീരുമാനിക്കാമച്ഛാ.

ഉം.  നമുക്കാലോചിക്കാം.  ഒന്നിരുത്തി മൂളിയതിന്നു ശേഷം മുത്തു പറഞ്ഞു.

സുനിൽ വന്ന് രണ്ടാഴ്ചയിലധികം കഴിഞ്ഞ്  കാണണം, അതിരാവിലെ ആരോ ചിലർ വന്ന് ശവം വാരാന്‍ വിളിച്ചപ്പോള്‍, സുനിലിനോട് പറഞ്ഞ് മുത്തു പുറത്ത് പോയി. ശവമെല്ലാം വാരി ഉച്ചയോടെ മുത്തു മടങ്ങിയെത്തിയപ്പോള്‍ സുനില്‍ പറഞ്ഞു,  ഇനിയെങ്കിലും ഈ ശവം വാരല്‍ നിറുത്തിക്കൂടെ അച്ഛാ?  ഞാന്‍ ആവശ്യത്തിനു സമ്പാദിക്കുന്നുണ്ടല്ലോ, ഇനിയും അച്ഛന്‍ ശവം വാരാന്‍ പോകുന്നത് ശരിയല്ല. സുനിലിന്റെ സ്വരത്തില്‍ അല്പം ഈര്‍ഷ്യ നിറഞ്ഞിരുന്നു.

ശവം വാരിയല്ലേടാ, ഞാന്‍ വളര്‍ന്നതും, നിന്നേ വളര്‍ത്തിയതും, ഇനിയും അങ്ങനെ തന്നെ പോകട്ടെ.

അതല്ല അച്ഛാ. എന്റെ കല്യാണം കഴിയുന്നത് വരെയെങ്കിലും അച്ഛന്‍ ഇനി ശവം വാരരുത്. അവര്‍ നാളെ നാട്ടില്‍ എത്തും, നമുക്ക് പോയി കണ്ട് അത് ഉറപ്പിച്ച്, ഉടന്‍ തന്നെ കല്യാണവും നടത്താം.

മോനെ സുനീ, ശവം വാരാന്‍, ഞാനല്ലാതെ മറ്റൊരാളെ തപ്പേണ്ട ആവശ്യം വർഷങ്ങളായ ഈ ദേശക്കാര്‍ക്ക് വേണ്ടി വന്നിട്ടില്ല. നീ ഒരു ബോംബേക്കാരി പെണ്ണിനെ കെട്ടാന്‍ പോകുന്നു എന്നു കരുതി ഈ തൊഴില്‍ നിറുത്തുവാന്‍ എന്തായാലും എനിക്കുദ്ദേശമില്ല. അല്പം കടുപ്പിച്ച് തന്നേയായിരുന്നു മുത്തു അത് പറഞ്ഞത്.

സ്നേഹിച്ചു കഴിഞ്ഞിരുന്ന അച്ഛനും മകനും തമ്മില്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ സ്നേഹബന്ധത്തിനു വിലങ്ങുതടിയാവാന്‍ വെറും ഒരു നിസ്സാര പ്രണയം മാത്രം മതിയായിരുന്നു!

**********************

പ്രണയിനിയും കുടുംബവും നാട്ടില്‍ എത്തി എന്നും, എത്രയും പെട്ടെന്ന് ഈ കല്യാണം നടത്തി തിരിച്ചു പോകണം, ബിസിനസ്സ് നോക്കാന്‍ ആരും ബോംബേയില്‍ ഇല്ല എന്നും പറഞ്ഞ പ്രകാരം, അവര്‍ വന്ന അടുത്ത ദിവസം തന്നെ , സുനിലിന്റെ നിര്‍ബന്ധപ്രകാരം,  മുത്തു, സുനിലേനേയും, വാസുവിനേയും, ശിവനേയും കൂട്ടി,  രാവിലെ തന്നെ, പെണ്ണു കാണാന്‍ ഇറങ്ങി.

കാര്‍ പൂങ്കുന്നത്തെ അവരുടെ വീട്ടു പടിക്കല്‍ ചെന്നു നിന്നു. സുനില്‍ ഇറങ്ങി, അച്ഛനും, മറ്റുള്ളവർക്കുമായി പുറകിലെ, ഡോര്‍ തുറന്നു പിടിച്ചു, മുത്തുവും, വാസുവും, ശിവനും, പുറത്തിറങ്ങി.

ഇതാണോടാ വീട്?

അതെ അച്ഛാ.

കൊള്ളാം. നല്ല വീടാണല്ലോ? കാശുകാരാണെന്നു തോന്നുന്നു.

തരക്കേടില്ല. അത്യാവശ്യം നല്ല ബിസിനസ്സ് ഉണ്ട് ബോംബേയില്‍. ഇലക്ട്രിക്ക് കടയും, കോണ്‍ട്രാക്ട് വര്‍ക്കും ഒക്കെ ഉണ്ട്. വളരെ സന്തോഷത്തോടെ സുനില്‍ പറഞ്ഞു.

എന്തിനും മകന്‍ നല്ല വീട്ടിലെ പെണ്ണിനെ തന്നെ കെട്ടാന്‍ പോകുന്നല്ലോ എന്ന സന്തോഷത്തോടെ മുത്തു വീട്ടിലേക്ക് കയറി.

ചെറുക്കനേയും, ചെറുക്കന്റെ അച്ഛനേയും കൂട്ടരേയും,  വരവേല്‍ക്കാന്‍, പെണ്ണിന്റെ അച്ഛനും, അമ്മയും വീടിന്റെ മുറ്റത്തേക്കിറങ്ങി.

വരൂ, വരൂ, പെണ്ണിന്റെ അച്ഛന്‍ അവരെ അകത്തേക്കാനയിച്ചു, അമ്മ തൊട്ടു പിന്നിലായും.

സുനില്‍ ചെരിപ്പഴിച്ചു വച്ച് വീടിന്റെ ഉള്ളിലേക്ക് കാലെടുത്തു വച്ചു, തിരിഞ്ഞു നോക്കിയപ്പോള്‍ പടിയിറങ്ങി പോകുന്ന അച്ഛനേയും, കൂട്ടരേയുമാണു കണ്ടത്.

അവനൊന്നും മനസ്സിലായില്ല എങ്കിലും, അച്ഛനു പിന്നാലെ അവനും പടിയിറങ്ങി.

കാറില്‍ അക്ഷമനായിരിക്കുന്ന അച്ഛനോട് അവന്‍ ചോദിച്ചു, എന്താ അച്ഛാ പ്രശ്നം.

സുകൂ, നീ വണ്ടി വിട്. മുത്തു ഡ്രൈവറോടായി പറഞ്ഞു. ടൌണില്‍ എത്തിയപ്പോള്‍ മുത്തു വണ്ടി നിറുത്തിച്ച് ഇറങ്ങി, ഒപ്പം ശിവനു, വാസുവും.  പിന്നെ പറഞ്ഞു, സുനിയേ, നീ വീട്ടില്‍ പൊക്കോ, ഞാന്‍ വന്നോളാം.

വീട്ടിലെത്തിയ സുനിലിന്, എന്താണ് സംഭവിച്ചത്, അച്ഛന്‍ എന്തിനാണ് ഒന്നും പറയാതെ തിരികെ ഇറങ്ങി വന്നത് എന്നൊന്നും ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. എന്തിനും അച്ഛന്‍ വരട്ടെ, വന്നാല്‍  നേരിൽ ചോദിക്കാം എന്ന് കരുതി സുനില്‍ കാത്തിരുന്നു.

ഉച്ച കഴിഞ്ഞു, രാത്രിയായി, ഭക്ഷണം പോലും കഴിക്കാതെ അച്ഛന്‍ ഇപ്പോള്‍ വരും എന്ന് കരുതി വഴിയിലേക്ക് കണ്ണുംനട്ട് സുനില്‍ ഇരുന്നു.

നേരം ഒരുപാട് വൈകിയപ്പോഴാണ് മുത്തു വീട്ടില്‍ എത്തിയത്.  പതിവിലേറെ മദ്യപിച്ചിട്ടുമുണ്ടായിരുന്നു.   വീട്ടിലെത്തിയതും,  ഒരു ബീഡിക്കു തീ കൊളുത്തി ഉമ്മറത്ത് ഇരുട്ടിലേക്ക് കണ്ണും നട്ട് മുത്തു ഇരുന്നു.

ഈ അവസ്ഥയില്‍ ചോദിക്കണ്ടാ എന്നു കരുതിയെങ്കിലും ആകാംക്ഷമൂലം സുനിലിനു ചോദിക്കാതിരിക്കാനായില്ല. അച്ഛാ, പെണ്ണുകാണാന്‍ പോയിട്ട് പെണ്ണിനെ ഒരു നോക്ക് പോലും നോക്കാതെ അച്ഛന്‍ ഇറങ്ങി പോന്നതെന്താ?

എന്തെങ്കിലും കാരണം ഇല്ലാതെ അച്ഛന്‍ അങ്ങിനെ ചെയ്യുമെന്ന് നിനക്ക് തോന്നുണ്ടോ?

അതില്ല, പക്ഷെ കുട്ടിയെ ഒരു നോക്കു പോലും കാണാതെ അച്ഛന്‍ അങ്ങനെ ചെയ്തത് ശരിയായില്ല.

പെൺകുട്ടിക്കെത്ര വയസ്സായിട്ടുണ്ട് സുനീ?

അതച്ഛാ, എന്നെക്കാളും ഒന്നോ, രണ്ടോ വയസ്സിനു മൂത്തതാണവൾ.

നിന്റെ അച്ഛനമ്മമാർ ആരാണെന്നും, അച്ഛനു ജോലിയെന്താണെന്നും അവർ നിന്നോട് ചോദിച്ചിരുന്നില്ലെ? 

ഉവ്വ്,  പേരും, വിവരങ്ങളുമെല്ലാം ഞാൻ മാറ്റിയാണു പറഞ്ഞിരുന്നത്.   ശവം വാരുന്ന ജോലിയാണച്ഛനെന്നെനിക്ക് പറയാൻ കഴിയില്ലല്ലോ. 

ഈ കല്യാണം നടക്കില്ല.  മുത്തു പറഞ്ഞു;.

അതങ്ങിനെ അച്ഛന്‍ തീരുമാനിച്ചാല്‍ പോരല്ലോ?  സുനിലിന്റെ ശബ്ദം അല്പം ഉയര്‍ന്നു.

മതി, ഞാന്‍ മാത്രം തീരുമാനിച്ചാല്‍ മതി. ഈ കല്യാണം നടക്കില്ല എന്നു പറഞ്ഞാല്‍ നടക്കില്ല.

ഞങ്ങള്‍ ഒളിച്ചോടിയാല്‍ അച്ഛന്‍ എന്ത് ചെയ്യും?

എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. പക്ഷെ,  നീ അതു ചെയ്യരുത്. എത്രയോ പെണ്‍കുട്ടികളുണ്ട് ഈ ലോകത്തില്‍ ഇവളല്ലാതെ. അവരില്‍ ആരെ വേണമെങ്കിലും നീ കല്യാണം കഴിച്ചോ, പക്ഷെ ഈ കുട്ടിയെ മാത്രം നീ കല്യാണം കഴിക്കരുത്.

അച്ഛന്‍ കാരണമെന്താണെന്ന് തെളിച്ച് പറയൂ, അല്ലാതെ വെറുതെ, ഈ കല്യാണം നടക്കില്ല, പാടില്ല എന്നൊന്നും വിഡ്ഢിത്തം വിളിച്ചു പറയാതിരിക്ക്.

കാരണം പറയാതെ, ഈ കല്യാണം നടക്കാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ നീ അനുസരിക്കില്ലെ?

പ്രയാസമാണ്. അച്ഛന്‍ എന്തായാലും തെളിച്ച് പറയൂ. അത് കേട്ടിട്ട് ഞാന്‍ തീരുമാനിക്കാം ഈ കല്യാണം വേണ്ടയോ വേണോ എന്ന്.

കാരണം അറിഞ്ഞേ തീരൂ? അല്ലാതെ നിനക്ക് പിന്മാറിക്കൂടെ?

ഇല്ല, കാരണം അറിയാതെ ഒരു കാരണവശാലും ഞാന്‍ പിന്മാറുകയില്ല. രണ്ട് മൂന്നു വർഷത്തിലധികമായുള്ള  പ്രണയമാണ് ഞങ്ങളുടേത്.  കാരണമില്ലാതെ അച്ഛന്‍ അരുത് എന്ന് പറഞ്ഞാല്‍ എനിക്ക് പിന്മാറാന്‍ കഴിയുന്ന തരത്തിലുള്ള ബന്ധവുമല്ല ഞങ്ങള്‍ തമ്മിലുള്ളത്.

ശരി, ഞാന്‍ പറയാം.

അരക്കെട്ടില്‍ തിരുകിയിരുന്ന കുപ്പി എടുത്ത് മുത്തു വായിലേക്ക് കമഴ്ത്തി. മറ്റൊരു ബീഡിക്ക് തീകൊളുത്തി  ഇരുട്ടിലേക്ക് തുറിച്ച് നോക്കികൊണ്ട്  മുത്തു പറയാന്‍ തുടങ്ങി.

നാരായണന്‍ നായരും കുടുംബവുമായുണ്ടായിരുന്ന അടുപ്പം, അവരുടെ മകള്‍ സരളയെ പ്രണയിച്ചത്. ശപിക്കപെട്ട ഒരു നിമിഷത്തില്‍ സരളയുമായി, നമ്മൾ ഇരിക്കുന്ന ഈ വീട്ടിൽ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടത്, സരളയുടെ ബന്ധുവായ മനുവുമായി സരളയുടെ കല്യാണം ഉറപ്പിക്കുന്നു എന്നറിഞ്ഞ് സരള വീട്ടിലേക്കോടി വന്നത്, അവളുടെ കുളി തെറ്റി എന്ന് പറഞ്ഞ് കരഞ്ഞത്, പെട്ടെന്ന് നടന്ന അവളുടെ കല്യാണം, പിന്നെ നാരായണന്‍ നായരും കുടുംബവും ഹോട്ടലെല്ലാം വിറ്റു പെറുക്കി ബോംബേക്ക് പോയത്. ഒമ്പതാം മാസത്തില്‍ സരള ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു എന്നും  മൃദുല എന്നാണ് ആ കുട്ടിക്ക് പേരിട്ടിരിക്കുന്നതെന്നും പറഞ്ഞ് ആദ്യമായും, അവസാനമായും വന്ന  സരളയുടെ കത്ത്, ഒടുവിലിതാ ഇന്ന് പെണ്ണുകാണാന്‍ പോയപ്പോള്‍ സരളയെ കണ്ടത് വരെയുള്ള കാര്യങ്ങള്‍ മുത്തു പറഞ്ഞു തീര്‍ത്തു.

കുപ്പിയില്‍ അവശേഷിച്ചിരുന്ന മദ്യം മുത്തു വീണ്ടും വായിലേക്കൊഴിച്ചു. പിന്നെ ചുമരില്‍ ചാരിയിരുന്ന് കിതച്ചു.

താന്‍ ഇത്രയും നാള്‍ പ്രണയിച്ചിരുന്നത് സ്വന്തം സഹോദരിയേയായിരുന്നു എന്നറിഞ്ഞ സുനില്‍  പൊട്ടിക്കരഞ്ഞു.

മുത്തു ഒന്നും പറയാതെ, സുനിലിനെ ഒന്നു സമാധാനിപ്പിക്കാന്‍ പോലും ആകാതെ, ചുട്ടു നീറുന്ന മനസ്സുമായി ഇരുട്ടിലേക്ക് തുറിച്ച് നോക്കി ആ ഇരുപ്പ് തുടര്‍ന്നു.

സുനില്‍ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു. പിന്നെ മുറ്റത്തേക്കിറങ്ങി, വഴിലേക്കിറങ്ങി ഇരുട്ടില്‍ നടന്നപ്രത്യക്ഷനായി.

സുനില്‍ പുറത്തിറങ്ങി പോകുന്നത് മുത്തു കണ്ടെങ്കിലും, ഒന്നും പറയാന്‍ പോയില്ല. ഒന്നും പറയാനുള്ള ഒരു മാനസികാവസ്ഥയിലുമായിരുന്നില്ല മുത്തു.

രാതിയുടെ ഏതോ യാമത്തില്‍ മുത്തു ഉമ്മറത്ത് വെറും തറയിൽ കിടന്നുറങ്ങി. കാലന്‍ കോഴികളുടെ കരച്ചിലും, കുറുക്കന്റെ ഓരിയിടലും കേട്ട് മുത്തു ഞെട്ടിയുണര്‍ന്നു. പിന്നെ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.

മുത്ത്വേട്ടാ, മുത്ത്വേട്ടാ, രാവിലെ ആരോ തന്നെ വിളിക്കുന്നത് കേട്ടിട്ടാണ് മുത്തു കണ്ണ് ചിമ്മി തുറന്നു. രണ്ട് പോലീസുകാരണാണ്. സൂര്യന്‍ പ്രകാശിച്ച് നില്‍ക്കുന്നു. സമയം ഒമ്പതെങ്കിലും കഴിഞ്ഞിരിക്കണം. മുത്തു എഴുന്നേറ്റിരുന്നു.

എന്താ സാറമ്മാരെ രാവിലെ തന്നെ?

മുത്തൂ, ഒരു ശവം ഇറക്കാനുണ്ട്.

എവിടേയാ? ഞാന്‍ ദാ കുളിച്ചിട്ട് വരാം.

നെടുപുഴ ആലിന്റെ മുകളിലാ, അതിനാല്‍ കാശല്പം കൂടുതലായിരിക്കും അല്ലെ?

ദൈവമേ, നെടുപുഴ ആലിന്റെ മുകളിലോ? മുത്തുവിന്റെ ശബ്ദം പുറത്തേക്ക് വന്നില്ല, തൊണ്ടയില്‍ തന്നെ കുരുങ്ങി.

എത്ര കാശ് വേണം മുത്ത്വേട്ടാ?

ഈ ശവം ഇറക്കാന്‍ കാശ് വേണ്ട,  മുത്തു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

അതെന്താ മുത്ത്വേട്ടാ പതിവില്ലാതെ, കാശില്ലാതെ ഒരു ശവമിറക്കല്‍.

നെടുപുഴ ആലിന്റെ മുകളില്‍ കയറാന്‍ പാങ്ങുള്ള രണ്ടേ രണ്ടാളുകളേ  ഈ ദേശത്ത്  ഉള്ളൂ, അതുകൊണ്ട് തന്ന വേണ്ട സാറന്മാരെ.

അതാരാ മുത്തുവേ ഈ രണ്ടാമന്‍?

കാണാന്‍ പോണ ശവം ആരുടെയെന്ന് കണ്ടിട്ട് അറിഞ്ഞാല്‍ പോരെ സാറമ്മാരെ?

കുളി കഴിഞ്ഞ് ഈറന്‍ പോലും മാറ്റാതെ മുത്തു പോലീസുകാരോടോപ്പം നടന്നു, നെടുപുഴ ആല്‍ ചുവട്ടിലേക്ക്. ജനങ്ങള്‍ ആല്‍ചുവട്ടില്‍ കൂടി നില്‍ക്കുന്നു. പോലീസിനേം മുത്തുവിനേം കണ്ടപ്പോള്‍ ആളുകള്‍ അവര്‍ക്ക് നല്‍കുവാന്‍ വഴി നല്‍കി.

മുത്തു താഴെ നിന്നുകൊണ്ട് വളരെ അധികം ഉയരമുള്ള ആ കൂറ്റന്‍ അരയാലിന്റെ മുകളിലേക്ക് നോക്കി. അങ്ങ് ഉയരത്തില്‍, ഏറ്റവും മുകളിലുള്ള കൊമ്പില്‍ ഒരു ശവം തൂങ്ങി നില്‍ക്കുന്നുണ്ട്. ആരാണെന്നൊന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. അത്രയും ഉയരത്തിലാണ് ശവം തൂങ്ങി നില്‍ക്കുന്നത്.

അതു താന്‍ കരുതിയ ആളുടെ ശവമായിരിക്കല്ലെ എന്ന് മുത്തു ഒരു നിമിഷം വെറുതെയെങ്കിലും പ്രാര്‍ത്ഥിച്ചു. പിന്നെ ആലില്‍ കയറാനുള്ള തയ്യാറെപ്പു തുടങ്ങി.

ശവം കെട്ടിയിറക്കാനുള്ള കയര്‍ പോലീസുകാരന്‍ മുത്തുവിനു കൈമാറി. വേണ്ട, കയര്‍ മുത്തു വാങ്ങിയില്ല.

ആല്‍ മരത്തിന്റെ കടയിലും, താഴെ മണ്ണിലും തൊട്ട് നിറുകയില്‍ വച്ച് മുത്തു ആലില്‍ കയറാന്‍ തുടങ്ങി. അല്പം കയറിയ മുത്തു തിരിച്ചിറങ്ങി വന്ന് പോലീസു കാരന്റെ കയ്യില്‍ നിന്നും കയര്‍ വാങ്ങി, വീണ്ടും മുത്തു ആലില്‍ കയറാന്‍ തുടങ്ങി. ആരുടെ ശവമായിരിക്കും അതെന്നറിയാതെ ആകാക്ഷാഭരിതരായ നാട്ടുകാര്‍ അടിയില്‍ അക്ഷമയോടെ കാത്ത് നിന്നു.

മുത്തു കയറി കയറി ആലിന്റെ മുകളില്‍ ശവശരീരത്തിനടുത്തെത്തിയപ്പോള്‍ ചുവട്ടില്‍ കൂടി നിന്നിരുന്ന അക്ഷമരായ നാട്ടുകാര്‍ വിളിച്ചു ചോദിച്ചു. മുത്ത്വേട്ടാ, ആരുടേ ശവമാ മുത്ത്വേട്ടാ.

മുത്തു ഒരക്ഷരം മിണ്ടിയില്ല. പകരം കയ്യിലുണ്ടായിരുന്ന കയര്‍ ശവം ഞാന്നു കിടക്കുന്ന കൊമ്പില്‍ കെട്ടി, മറ്റേ അറ്റത്തൊരു കുരുക്കും തീര്‍ത്തു.

താഴെ നിന്നിരുന്ന നാട്ടുകാര്‍ക്ക് എന്താ സംഭവിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.

മുത്ത്വേട്ടാ, ആരുടെ ശവമാ മുത്ത്വേട്ടാ, നാട്ടുകാര്‍ വീണ്ടും താഴെ നിന്നും ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.

മുത്തു ഒരു നിമിഷം മനസ്സിലോര്‍ത്തു, ആദ്യം വാരിയ ശവം തന്റെ അമ്മയുടെ,  പിന്നെ ഭാര്യ പോയി.   ഇപ്പോള്‍ ഇതാ തന്റെ മകനും,  ഇനിയും ശവം വാരാന്‍ വയ്യ ഇനിയീ ജീവിതത്തിൽ.

തൂങ്ങി കിടക്കുന്ന ശവശരീരത്തിന്റെ ഉടലില്‍ പിടിച്ച് മുത്തു തന്റെ ശരീരത്തോടടുപ്പിച്ചു. തുറന്നിരിക്കുന്ന കണ്ണുകളെ തഴുകി അടച്ചു. ശവശരീരത്തിന്റെ കവിളിലും, നെറ്റിയിലും, ചുംബിച്ചു.  കയ്യിലെ കുരുക്ക് കഴുത്തില്‍ ഇട്ടു. താഴെ നില്‍ക്കുന്നവരുടെ ആരവങ്ങള്‍ക്ക് ചെവികൊടുക്കാതെ, മുത്തു കൈവിട്ട് താഴേക്ക് ചാടി.  കുരുക്കില്‍ കുടുങ്ങി പല തവണ പിടഞ്ഞു. പിന്നെ നിശ്ചലമായി.

ആലിൻ മുകളില്‍, ഒരേ കൊമ്പില്‍ ഞാന്നു കിടക്കുന്ന രണ്ട് ശവശരീങ്ങളേയും നോക്കി, നാട്ടുകാർ, കീഴെ വിറങ്ങലിച്ച് നിന്നു!


ശുഭം.

“എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” - ക്ഷണപത്രംപ്രിയപ്പെട്ട സുഹൃത്തുക്കളെ,

"എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍" എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ആഗസ്റ്റ് 5ന്, വൈകീട്ട് 4 മണി മുതല്‍ 6 മണി വരെ എറണാകുളം യുവറാണി റെസിഡെന്‍സിയില്‍ വെച്ച് നടക്കുന്ന വിവരം ഏവരേയും അറിയിക്കുന്നു. പ്രശസ്ത നടനും എഴുത്തുകാരനുമായ ശ്രീ വി കെ ശ്രീരാമന്‍ ആദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ആലപ്പുഴ എസ് പി ശ്രീ. ഇ ജെ ജയരാജ് (ഐ പി എസ് ) മുഖ്യാതിഥിയായിരിക്കുന്നതാണ്. പ്രസാധകരായ റെയിന്‍ബോ ബുക്സിന്റെ മുഖ്യസാരഥി രാജേഷ് പങ്കെടുക്കുന്ന ചടങ്ങില്‍ പ്രശസ്ത കഥാകാരന്‍ ശ്രീ വൈശാഖന്‍ പുസ്‌തകം ശ്രീമതി സാറാ ജോസഫിന് കൈമാറി പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നതായിരിക്കും.


ചടങ്ങിലെ കാര്യപരിപാടികള്‍ താഴെ പറയും വിധം
-----------------------------------------
1) പ്രാര്‍ഥനാഗീതം - വിപുല്‍ മുരളി (വില്ലൂസ്)

2) സ്വാഗത പ്രസംഗവും, പുസ്തക അവതരണവും - ശ്രീ. കുമാര്‍

3) അദ്ധ്യക്ഷപ്രസംഗം - ശ്രീ. വി കെ ശ്രീരാമന്‍

4) പ്രകാശനം - ശ്രീ. വൈശാഖന്‍ & ശ്രീമതി. സാറാ ജോസഫ്

5) ആശംസകള്‍
- (a) ശ്രീ. രാജേഷ് (റെയിന്‍ബോ)
- (b) ശ്രീ. ഇ ജെ ജയരാജ് IPS (ആലപ്പുഴ എസ് പി)
- (c) ശ്രീ. നൌഫല്‍ മുബാറക് (ഇക്കാസ്)

6) മറുപടി പ്രസംഗം - കുറുമാന്‍

പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാ ബ്ലോഗേഴ്സിനേയും സാദരം ക്ഷണിച്ചുക്കൊള്ളുന്നു.

Thursday, July 05, 2007

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - കവര്‍ ഡിസൈന്‍
പ്രിയ സുഹൃത്തുക്കളേ, "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍“ എന്ന അനുഭവകുറിപ്പ്, റെയിന്‍ബോ ബുക്സ് ആഗസ്റ്റില്‍ പബ്ലിഷ് ചെയ്യുന്നു എന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.

ബ്ലോഗില്‍ എഴുതിയ കൃതിക്ക്, അത് പുസ്തകരൂപത്തിലാക്കുമ്പോള്‍ , കവര്‍ ഡിസൈന്‍ ചെയ്യുന്നതും ഒരു ബ്ലോഗര്‍ തന്നെ ആകണം എന്നൊരു ആശ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ആയതിനാല്‍ ഗ്രാഫിക്സ് അറിയാവുന്ന പല ബ്ലോഗര്‍മാരുമായും ഞാന്‍ ബന്ധപെട്ടു. ചില സുഹൃത്തുക്കള്‍ ഞാന്‍ ചോദിക്കാതെ തന്നെ സ്വമനസ്സാലെ ഇതിന്റെ കവറിനു വേണ്ടി പരിശ്രമിച്ചു.

അയച്ചു തന്ന കവര്‍ ഡിസൈനില്‍ ഏറ്റവും ഇഷ്ടപെട്ടത്, അല്ലെങ്കില്‍ മൊത്തം യൂറോപ്പിനെ ഉള്‍കൊണ്ടു എന്നു തോന്നിയ കവര്‍ ഡിസൈന്‍ അയച്ചു തന്നത് നമ്മുടെ ഇടയിലെ പഴയ ബ്ലോഗറായ ശ്രീ. കുമാര്‍ ആണ് (തോന്ന്യാക്ഷരം). അദ്ദേഹത്തിന് നന്ദി രേഖപെടുത്തുവാന്‍ കൂടി ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. അദ്ദേഹം ഡിസൈന്‍ ചെയ്ത കവര്‍ പേജാണ് ഇത്.

പ്രസാധകരുടെ പേര്, ലോഗോ, പുസ്തകത്തിന്റെ ഉള്ളടക്കം എന്നിവ കൂടെ ഇതിന്റെ ബാക്ക് പേജില്‍ ആഡ് ചെയ്യേണ്ടി വരും. അത് ഈ ആഴ്ച തന്നെ ചെയ്യുന്നതാണ്.

“എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍“ അദ്ധ്യായം ഒന്ന് എഴുതാന്‍ തുടങ്ങിയ അന്നു മുതല്‍ ഇപ്പോള്‍ പുസ്തക പ്രസാധനത്തിന്റെ ഘട്ടത്തിലെത്തി നില്‍ക്കുന്ന സമയം വരെ, കമന്റുകളിട്ടും, ഫോണിലൂടേയും, ഈമെയിലിലൂടേയും അഭിപ്രായങ്ങള്‍ അറിയിച്ച് എന്നെ പ്രോത്സാഹിപ്പിച്ച ഏവര്‍ക്കും ഈ അവസരത്തില്‍ ഞാന്‍ നന്ദി പറയുന്നു.

ഇനി തുടര്‍ന്നും നിങ്ങളുടെ ഏവരുടേയും, സഹകരണങ്ങള്‍, പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Tuesday, July 03, 2007

അയ്യപ്പന്റെ മീന്‍ പിടുത്തം

സംഭവം നടക്കുന്നത് അഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ വച്ചാണ്. അന്ന് ഞാനും, എന്റെ നല്ല പാതിയും യാതൊരു വിധ അല്ലലുകളും ഇല്ലാതെ താമസിക്കുന്ന സുവര്‍ണ്ണ കാലഘട്ടം. ഓഫീലെ അല്ലറ ചില്ലറ പണികളൊക്കെ ചെയ്യുന്നതിനു പുറമെ ഉണ്ടായിരുന്ന ഭാരിച്ച ജോലി, സമയാ സമയത്തിനു നല്ല പാതി ഉണ്ടാക്കിതരുന്ന ഭക്ഷണം കഴിച്ച് ശരീരത്തിനെ പുഷ്ടിപെടുത്തുക എന്നത് മാത്രം. ചുരുക്കം പറഞ്ഞാല്‍, തിന്നും കുടിച്ചും, വയറിലെ മസ്സിലുകളെ ബലപെടുത്തുക അത്ര തന്നെ (അസൂയക്കാര്‍ അതിനെ കുടവയറെന്ന് പറയുന്നതെന്ത് വിഡ്ഡിത്തരമാണെന്നാലോചിച്ചിട്ട് എനിക്കിപ്പോഴും ഒരു പിടിയുമില്ല).

അന്ന് ഇന്നത്തെ പോലെ മലയാളം ബ്ലോഗിങ്ങൊന്നും ഇല്ലാതിരുന്നതിനാല്‍ നല്ല മനസ്സമാധാനം, നല്ല സുഹൃദ് ബന്ധങ്ങള്‍ (ബ്ലോഗില്‍ വന്നതിനുശേഷം ആരാ പിന്നീന്ന് കുത്ത്വാന്ന് പറയാന്‍ പറ്റാത്ത ഭീകരാവസ്ഥ, എപ്പോ എവിടുന്ന്/ആരുടേന്ന് കിട്ടീന്ന് ചോദിച്ചാല്‍ മതി), സന്തോഷകരമായ കുടുംബ ജീവിതം, ഇഷ്ടം പോലെ ഒഴിവു സമയം. നല്ല പാതിക്ക് മിച്ച സമയത്തിന്റെ ഭൂരിഭാഗവും കൊടുത്താലും അക്ഷയ പാത്രം പോലെ ഇഷ്ടം പോലെ സമയം പിന്നേം ബാക്കി.

അങ്ങനെ മിച്ചം വരുന്ന സമയങ്ങളിലെ, പ്രത്യേകിച്ചും വീക്കെന്റുകളിലെ ബോറഡി മാറ്റാന്‍ ഉതകുന്ന ഒരു ഹോബി കണ്ടുപിടിക്കേണ്ടത് അത്യാവശ്യമായി വന്ന ഒരു ഘട്ടത്തില്‍ ഞാനും എന്റെ സുഹൃത്തായ ടെരന്‍സും കൂടി ഒരു മേശക്കും, കുപ്പിക്കും അപ്പുറവും, ഇപ്പുറവുമിരുന്ന് കൂലുങ്കഷമായി ചിന്തിക്കാന്‍ തുടങ്ങി.

ഗോള്‍ഫ് - ടെരന്‍സ് ആശയം പുറത്തെടുത്തു.

ഏയ്, അതു വേണ്ട. അതൊരുജാതി കാല്‍ കാശിനു വകയില്ലാത്ത തെണ്ടിപിള്ളാരു കളിക്കണ കളി.

എങ്കില്‍ സ്നൂക്കര്‍ ആയാലോ? അടുത്ത ആശയം ടെരന്‍സ് പുറത്തെടുത്തു.

സ്നൂക്കര്‍ കുഴപ്പമില്ല, പക്ഷെ എനിക്ക് കളിക്കാന്‍ അറിയില്ല, അതിനാല്‍ അതും വേണ്ട.

ചെസ്സ് കളിക്കാം എങ്കില്‍ - മേശപുറത്തിരിക്കുന്ന കുപ്പിയെടുത്ത് അവന്റെ തലക്കടിച്ച് കൊന്നിട്ട് ജയിലില്‍ പോയാല്‍ സമയം പോകാതിരിക്കുന്ന പ്രശ്നമേ വരില്ല എന്ന് മനസ്സില്‍ തോന്നിയെങ്കിലും, വികാരത്തെ വിവേകം കൊണ്ട് അടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു, ചെസ്സ് കളിച്ചാല്‍, ബുദ്ധിയും, ഓര്‍മ്മശക്തിയും ഒക്കെ വളരെ വര്‍ദ്ധിക്കും. ഉള്ള ബുദ്ധിയും, ഓര്‍മ്മ ശക്തിയും തന്നെ പാരയായിരിക്കുന്ന സമയത്താ അവന്റെ ഒരു ചെസ്സ് കളി. അതു വേണ്ടേ വേണ്ട.

എങ്കില്‍ നീ പറ. മേശപുറത്തിരുന്ന ഗ്ലാസെടുത്ത് വായിലോട്ട് കമഴ്ത്തി അല്പം ചൂടായി തന്നെ ടെരന്‍സ് പറഞ്ഞു.

ചൂണ്ടാന്‍ പോയാലോ? അല്പം മടിച്ച് മടിച്ച് ഞാന്‍ പറഞ്ഞു .

യൂ മീന്‍ ഫിഷിങ്ങ്?

യെസ്, ഫിഷിങ്ങ്.

വൌ ഗ്രേറ്റ് ഐഡിയ! കൊടു കൈ.

ഞാനും ടെരന്‍സും അപ്പോള്‍ തന്നെ വണ്ടിയെടുത്ത് ദേറ സിറ്റി സെന്ററില്‍ (ഇപ്പോഴത്തെ കാര്‍ഫോര്‍) പോയി, ഇരുന്നൂറോളം ദിര്‍ഹം മുടക്കി രണ്ട് ഫിഷിങ്ങ് റോഡുകളും, റീലുകളും, ആവശ്യത്തിലധികം ചൂണ്ടകൊളുത്തുകളും ഒക്കെ വാങ്ങി വന്നു. ഇനിയും രണ്ട് ദിവസം കഴിയണം വീക്കെന്റാകാന്‍. രണ്ട് ദിവസത്തിന് ഏതാണ്ട് മൂന്നു മൂന്നര ദിവസത്തിന്റെ ദൈര്‍ഘ്യം അനുഭവപെട്ടെങ്കിലും വ്യാഴാഴ്ച രാത്രി വന്ന് ചേര്‍ന്നു.

വീക്കെന്റ് ക്വാട്ടയെല്ലാം കീറി, സുഭിക്ഷമായി അത്താഴവും കഴിച്ച്, രാത്രി പതിനൊന്നു മണിയോട് കൂടി അമരത്തില്‍ കൊമ്പനെ പിടിക്കാന്‍ കടലില്‍ പോകുന്ന അശോകന്റെ അതേ അഹങ്കാരത്തോടെ ചൂണ്ടയുമെടുത്ത് നല്ല പാതിയോട് യാത്ര പറഞ്ഞിറങ്ങാന്‍ നേരം, അപ്പോ ഇനി അടുത്ത ഒരാഴ്ചക്ക്, കടയില്‍ നിന്നും മീന്‍ വാങ്ങേണ്ടല്ലോ എന്ന നല്ല പാതിയുടെ ചോദ്യത്തില്‍ ആവശ്യത്തിലധികം പരിഹാസം കലര്‍ന്നിരുന്നില്ലേന്ന് ചോദിച്ചാല്‍ ഉണ്ടായിരുന്നു.

ഉം, കളിയാക്കേണ്ട, രാവിലെ വരുമ്പോള്‍ നീയൊക്കെ മനസ്സിലാക്കും മീന്‍ പിടുത്തത്തിലുള്ള എന്റെ കഴിവ്.

ശരി, ചെല്ല്, ചെല്ല്. പിന്നെ, വല്ല വലിയമീനും, ചൂണ്ടയില്‍ കൊത്തി വലിച്ചാല്‍ വെള്ളത്തിലേക്ക് വീഴാതെ നോക്കിക്കോ. ബര്‍ദുബായ് ക്രീക്കില് ഈയിടേയായി സ്രാവുകളുണ്ടെന്നാരോ പറയുന്നത് കേട്ടു. പിന്നേം കൊട്ടി പിന്നീന്ന്.

അവിടെ അധികം സമയം നിന്നാല്‍ ശരിയാവില്ല എന്ന ഉള്‍വിളി വന്നതിനാല്‍ പെട്ടെന്നു തന്നെ സ്ഥലം കാലിയാക്കി. നേരെ വിട്ടു ടെരന്‍സിന്റെ വീട്ടിലേക്ക്.

ചൂണ്ടയില്‍ മണ്ണിരക്ക് പകരം എന്തു കൊളുത്തും എന്ന് ചിന്തിച്ച് വിഷമിച്ചിരിക്കുന്ന ടെരന്‍സിന്റെ ചുമലില്‍ തട്ടി ഞാന്‍ ആശ്വസിപ്പിച്ചു. വഴിയുണ്ടാക്കാം.

പ്രതീക്ഷാ നിര്‍ഭരമായ കണ്ണുകളോടെ അവന്‍ എന്നെ നോക്കി.

പ്രതീക്ഷാനിര്‍ഭരമായ ആ ഒരൊറ്റം നേട്ടം എന്നെ ഒരു മുക്കുവന്‍ ആക്കി മാറ്റി. ചടുലമായ നീക്കങ്ങളായിരുന്നു ഞാന്‍ പിന്നീട് നടത്തിയത്. അരകിലോ ഗോതമ്പുപൊടി കുഴച്ച് മാവാക്കി ഒരു കവറില്‍ നിക്ഷേപിച്ചു. അരക്കുപ്പി മദ്യവും, ഡിസ്പോസബിള്‍ ഗ്ലാസ്സുകളും, വെള്ളക്കുപ്പിയും, ടെരന്‍സ് ആ സമയം കൊണ്ട് ബാഗില്‍ എടുത്ത് വച്ചു.

ചൂണ്ട, ഗോതമ്പ് മാവ്, കുപ്പി, ഗ്ലാസ്സ് തുടങ്ങി അവശ്യ വസ്തുക്കളും എടുത്ത് ഞങ്ങള്‍ മത്സ്യബന്ധനത്തിനായ് കാറില്‍ പുറപ്പെട്ടു!! ഗോതമ്പ് മാവ് ചൂണ്ടകൊളുത്തില്‍ കൊളുത്തി വെജിറ്റേറിയന്‍ മീനിനെ മാത്രം പിടിച്ചാല്‍ പോരല്ലോ? അതിനാല്‍ തന്നെ പോകുന്ന വഴിക്ക് നോണ്‍ വെജിറ്റേറിയന്‍ മീനിനെ പിടിക്കുവാനായി പതിനഞ്ച് ദിര്‍ഹം ചിലവാക്കി അരകിലോ ഫ്രോസണ്‍ ചെമ്മീനും വാങ്ങി വണ്ടിയില്‍ വക്കാന്‍ മറന്നില്ല.

ബര്‍ദുബായി ക്രീക്കില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ചൂണ്ടല്‍ കിറ്റുകളെടുത്തിറങ്ങി. സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. കാര്യമായാരും ക്രീക്കിലില്ല. അവിടേയും, ഇവിടേയുമായി ഒന്നു രണ്ട് പേര്‍ ചൂണ്ടുന്നുണ്ട്. അവര്‍ക്കിടക്കിടെ മീന്‍ കിട്ടുന്നുമുണ്ട്. കുറച്ച് നേരം അവര്‍ മീന്‍ പിടിക്കുന്നത് നോക്കി നിന്നപ്പോള്‍ ഞങ്ങള്‍ക്ക് ഹരം കയറി. അല്പം ദൂരെ മാറി ഞങ്ങള്‍ ഇരുപ്പുറപ്പിച്ചുകൊണ്ട് ചൂണ്ടുവാന്‍ തുടങ്ങി.

ഗോതമ്പ് മാവും, ചെമ്മീനും മാറി മാറി കുത്തി, ഈയം കെട്ടിയ ടാങ്കീസ് വലിച്ച് ദൂരെ വെള്ളത്തിലേക്കെറിഞ്ഞ് ഞങ്ങള്‍ ക്ഷമയോടെ കാത്തിരുന്നു. ചൂണ്ട പുറത്തെടുക്കുമ്പോഴോക്കെ നഗ്നമായ ചൂണ്ട കൊളുത്ത് കണ്ട് ഞങ്ങള്‍ പൂര്‍വ്വാധികം വാശിയോടെ മാവും, ചെമ്മീനും കൊളുത്തില്‍ കൊരുത്ത്, ചൂണ്ട പിന്നേയും വെള്ളത്തിലേക്കെറിഞ്ഞു. ഇടക്ക് ഒരു രണ്ട് പൊടിമീന്‍ കിട്ടിയപ്പോള്‍ ഞങ്ങളുടെ നിരാശയെല്ലാം ദേറ കടന്നു, സോറി പമ്പ കടന്നു. ചൂണ്ടലിന്റെ ഇടയില്‍ കുപ്പി കാലിയായത് ഞങ്ങളില്‍ ഒരു തരം ഡിപ്രഷനിടയാക്കിയെങ്കിലും, ആത്മവിശ്വാസത്തോടെ ഞങ്ങള്‍ വീണ്ടും ചൂണ്ടല്‍ തുടര്‍ന്നു.

ഗോതമ്പ് മാവും, ചെമ്മീനും കഴിഞ്ഞു. കിഴക്ക് പകലോന്‍ പൊങ്ങാന്‍ തുടങ്ങി. സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു. ആകെ കിട്ടിയിരിക്കുന്നത് നാലഞ്ചു പൊടിമീന്‍. കിട്ടിയമീനെ തിരികെ വെള്ളത്തിലേക്കിട്ട് ഞങ്ങള്‍ ചൂണ്ടയെല്ലാം പെറുക്കി വണ്ടിയിലിട്ടു.

ഇതെന്താ നീ വീട്ടിലേക്ക് പോകാതെ ജുമൈറ റോഡിലേക്ക് വണ്ടി വിടുന്നത്? ടെരന്‍സ് ചോദിച്ചു.

അതേ, ജുമൈറയില്‍ ഈ സമയത്ത് പോയാല്‍ ഫിഷിങ്ങ് കഴിഞ്ഞ് വന്ന ബോട്ട്കാരുടെ കയ്യില്‍ നിന്നും വളരെ ചീപ്പായി മീന്‍ കിട്ടും. മീനില്ലാതെ വീട്ടില്‍ പോയാല്‍ അതിലും വലിയ ചീപ്പാകും. തലേന്നത്തെ ഡയലോഗുകള്‍ ഞാന്‍ അവനെ പറഞ്ഞു കേള്‍പ്പിച്ചു.

ജുമൈറയില്‍ പോയി, രണ്ട് ഇടത്തരം ഐക്കൂറയും (നെയ്മീന്‍), രണ്ട് കിലോ ശേരിയും മുപ്പത്തഞ്ച് ദിര്‍ഹം നല്‍കി വാങ്ങി (ചാളയും, അയിലയും ഒന്നും ചൂണ്ടയില്‍ പെടില്ല എന്ന് വാമഭാഗത്തിനറിയാം, ഐക്കൂറയേകുറിച്ചും, ശേരിയെകുറിച്ചും വലിയ പിടിയില്ല അതിനാല്‍ മനപ്പൂര്‍വ്വം തന്നെ അത് രണ്ടും വാങ്ങി).

ടിങ്ങ് ടോങ്ങ്!

നേരം വെളുത്തപ്പോള്‍ തന്നെ കോളിങ്ങ് ബെല്ലടി കേട്ട് വാമഭാഗം വന്ന് വാതില്‍ തുറന്നപ്പോള്‍ കാണുന്നത്, ഇടത് കയ്യില്‍ ചൂണ്ടയും, വലതുകയ്യിലെ പ്ലാസ്റ്റിക് ബാഗില്‍ നിറയെ മീനുമായി വിജയ ഭാവത്തില്‍ നില്‍ക്കുന്ന എന്നേയാണ്.

പ്ലാസ്റ്റിക് ബാഗ് തുറന്ന അവള്‍ ഞെട്ടി പോയി, രണ്ട് ഐക്കൂറയും, നിറയെ ശേരിയും. അവളുടെ കണ്ണുകള്‍ തിളങ്ങി.

അയ്യോ, ഇത്ര പൈസയൊക്കെ ചിലവാക്കി ഉറക്കമൊളിച്ച് നിങ്ങള് ചൂണ്ടാന്‍ പോകുന്നൂന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയില്ലാട്ടോ നിങ്ങള്‍ക്ക് ചൂണ്ടാന്‍ അറിയാമെന്നും, ഇത്രക്കു മീന്‍ കിട്ടുമെന്നും.


ഉം....നിനക്കൊക്കെ എന്നെകുറിച്ചെന്തറിയാം. നീ വേഗം ചായയെടുക്ക്.

ദാ ഇപ്പോ തരാം. നിങ്ങള്‍ കിടന്നോളൂ. ഉറക്കമൊഴിച്ച് ക്ഷീണിച്ച് വന്നതല്ലെ.

എന്തൊരു സ്നേഹം. അമ്പത് രൂപ പോയാലെന്താ? ഭാര്യക്കെന്തൊരു സ്നേഹം.

അതേ, ഇന്ന് രാത്രി ചൂണ്ടാന്‍ പോകുന്നില്ലെ? പിന്നീട് വന്ന വ്യാഴാഴ്ച വാമഭാഗം സന്ധ്യയായപ്പോള്‍ ഇങ്ങോട്ട് കയറി ചോദിച്ചു.

ഇല്ല ഇന്ന് നല്ല മൂഡില്ല (ചൂണ്ടയില്‍ കൊരുത്താനുള്ള ചെമ്മീനിനു 15, രാവിലെ ജുമൈറയില്‍ പോയി മീന്‍ വാങ്ങാന്‍ 35, അങ്ങനെ മൊത്തം 50 ദിര്‍ഹം നഷ്ടം, കൂടാതെ രാത്രിയിലെ ഉറക്കവും, ആര്‍ക്കു മൂഡുണ്ടാകാന്‍).

ആയിടക്കാണു ഞങ്ങളുടെ ഫ്ലാറ്റിലെ, സഹമുറിയന്മാരായി, അയ്യപ്പനും, കുടുംബവും വരുന്നത്.
എന്റെ വൈഫും, അയ്യപ്പന്റെ വൈഫും വളരെ നല്ല ചങ്ങാത്തത്തിലായി തീരാന്‍ ദിവസങ്ങള്‍ അധികം എടുത്തില്ല.

ഒരു ദിവസം എന്റെ വൈഫും, അയ്യപ്പന്റെ വൈഫും തമ്മില്‍ കിച്ചണില്‍ വച്ച് നടന്ന സംഭാഷണം ഇപ്രകാരം.

അതേ നിങ്ങള്‍ എവിടുന്നാ പലചരക്കും, പച്ചക്കറികളുമൊക്കെ വാങ്ങുന്നത്?

ഞങ്ങള്‍ സണ്‍ റൈസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാ.

അത് ശരി. അപ്പോ മീനോ?

മീനോ? ദൈവം സഹായിച്ച് മീന്‍ കാശു കൊടുത്ത് വാങ്ങേണ്ടി വന്നിട്ടില്ല, ചേട്ടനും കൂട്ടുകാരും, കൂടി വ്യാഴാഴ്ച ചൂണ്ടാന്‍ പോകാറുണ്ട്.

ചൂണ്ടിയിട്ടു മീനൊക്കെ കിട്ടാറുണ്ടോ?

പിന്നില്ലെ? ചിലദിവസം വളരെ അധികം മീന്‍ കിട്ടുമ്പോള്‍ അവര്‍ തിരിച്ചത് കടലിലേക്ക് തന്നെ കളയും. അല്ലെങ്കില്‍ ഫ്രിഡ്ജിലിരുന്ന് വേസ്റ്റാവില്ലെ?

ദൈവമേ, അയ്യപ്പനും ചൂണ്ടുന്നത് ഭയങ്കര ഇഷ്ടമാ. ഇത് കേട്ടാല്‍ ഇനി അയ്യപ്പനും ചൂണ്ടാന്‍ പോകും. ഞാന്‍ അയ്യപ്പനോട് പറയട്ടെ.

ഇത് കേട്ട് നിന്ന എനിക്ക് ചെറിയ നെഞ്ചു വേദന തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

വാഴാഴ്ച വൈകുന്നേരം വാതിലില്‍ മുട്ട് കേട്ട് വാതില്‍ തുറന്ന എന്റെ മുന്നില്‍ അയ്യപ്പന്‍ പ്രത്യക്ഷപെട്ടു.

എന്താ അയ്യപ്പാ?

അതേ ചേട്ടാ, ചേട്ടന്‍ ചൂണ്ട എവിടുന്നാ വാങ്ങിയത്?

സിറ്റി സെന്ററില്‍ നിന്ന്. എന്താ അയ്യപ്പാ.

അല്ലാ, എനിക്കൊരു ചൂണ്ട വാങ്ങണമായിരുന്നു. ഇന്ന് വ്യാഴാഴ്ചയല്ലെ, നിങ്ങള്‍ ചൂണ്ടാന്‍ പോകുമ്പോള്‍ ഞാനും വരട്ടെ.

അയ്യപ്പാ, ഇന്ന് രാത്രി എനിക്കൊരു സുഹൃത്തിന്റെ വീട്ടിലാ ഡിന്നര്‍. അയ്യപ്പന്‍ വേണമെങ്കില്‍ എന്റെ ചൂണ്ട കൊണ്ട് പൊയ്ക്കോള്ളൂ എന്ന് പറഞ്ഞ്, കട്ടിലിന്റെ അടിയില്‍ പൊടി പിടിച്ചു കിടന്നിരുന്ന ചൂണ്ടയിലെ പൊടിയെല്ലാം തുടച്ച് കളഞ്ഞ് ഞാന്‍ എന്റെ ചൂണ്ട അയ്യപ്പനു കൈമാറി.

സന്തോഷപൂര്‍വ്വം ചൂണ്ട വാങ്ങി, ഐക്കൂറയും, ശേരിയും സ്വപ്നം കണ്ട് അയ്യപ്പന്‍ അന്ന് രാത്രി ചൂണ്ടാന്‍ പോയി.

പിറ്റേന്ന് അടുക്കളയില്‍ വിഷാദ ഭാവത്തില്‍ നില്‍ക്കുന്ന അയ്യപ്പപത്നിയോട് ഞാന്‍ അയ്യപ്പന് മീന്‍ കിട്ടിയോ എന്ന് തിരക്കി.

എന്റെ ശബ്ദം കേട്ടതും അയ്യപ്പന്‍ രംഗപ്രവേശനം ചെയ്തു. ചേട്ടാ, രണ്ട് മൂന്ന് മീന്‍ കിട്ടിയതായിരുന്നു. അപ്പോഴാ, പോലീസ് വന്നത്. ലൈസന്‍സില്ലാതെ ഫിഷിങ്ങ് പാടില്ലാന്നെഴുതി വച്ചിരിക്കുന്ന ബോര്‍ഡ് കണ്ടില്ലേന്ന് ചോദിച്ച്, 100 ദിര്‍ഹത്തിന്റെ ഫൈന്‍ എഴുതി തന്നതും പോരാഞ്ഞ് ചേട്ടന്റെ ചൂണ്ടയും അവര്‍ കൊണ്ട് പോയി.

ചൂണ്ടപോയാല്‍ പോട്ടെ അയ്യപ്പാ (കട്ടിലിന്റെ അടിയിലിരുന്നാലും, പോലീസ്റ്റ് സ്റ്റേഷനിലിരുന്നാലും സമാസമം).

ഇല്ല ചേട്ടാ, ഇനി ഞാന്‍ അങ്ങിനെ പിന്മാറില്ല. നാളെ ഞാന്‍ ലീവെടുക്കാന്‍ തീരുമാനിച്ചു. ഫിഷിങ്ങ് ലൈസന്‍സിനപ്ലൈ ചെയ്യണം. അത് കിട്ടിയിട്ട് ഞാന്‍ ചൂണ്ടും, ഐക്കൂറ കിട്ടുന്നത് വരെ ചൂണ്ടും. ഇതയ്യപ്പന്റെ വാക്കാ. അയ്യപ്പനൊരു വാക്കേയുള്ളൂ. അയ്യപ്പന്‍ വികാരാധീതനായി.

അയ്യപ്പന്റെ മുഖത്ത് ആത്മവിശ്വാസം ആളികത്തുന്നത് കണ്ടിട്ട് എനിക്ക് തന്നെ പേടിയായി.

പിറ്റേന്ന് ശനിയാഴ്ച സംഭവിച്ചത് ഇപ്രകാരം.

രാവിലെ പത്ത് മണിയോട് കൂടി സ്യൂട്ടൊക്കെ ധരിച്ച്, മുനിസിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന ഫിഷറീസ് ഡിപ്പാര്‍ട്ട് മെന്റിലേക്ക് അയ്യപ്പന്‍ ചെല്ലുന്നു. പി ആര്‍ ഓ വിനെ കണ്ട് ഫിഷിങ്ങ് ലൈസന്‍സിനുള്ള ഫോം എല്ലാം വാങ്ങി മുന്നിലുള്ള ടൈപ്പിങ്ങ് സെന്ററില്‍ കൊടുത്ത് ടൈപ്പ് ചെയ്യിച്ചു. മുദീറിനെ (ഓഫീസര്‍) കാണുവാന്‍ ടോക്കണ്‍ എടുത്ത് കാത്തിരുപ്പ് തുടങ്ങി.

പതിന്നൊരയായപ്പോള്‍ അയ്യപ്പന്റെ ടോക്കണ്‍ നമ്പര്‍ വിളിച്ചു.

വാതിലില്‍ മുട്ടി അയ്യപ്പന്‍ ഭവ്യതയോടെ ചോദിച്ചു, മേ ഐ കമിങ്ങ് സര്‍?

യെസ് കമ്മിങ്ങ്.

അസലാമു അലൈക്കും സര്‍

വാ അലൈക്കുമുസലാം.

യു ഇന്തി?

യെസ് സര്‍.

ബൈഠോ.

താങ്ക്യൂ സര്‍. അയ്യപ്പന്‍ ഉപവിഷ്ടനാകുന്നു.

യെസ്, തെല്‍മി വാത് യു വാന്ത്?

സര്‍, ഐ വാന്റ് റ്റു അപ്ലൈ ഫോര്‍ ഫിഷിങ്ങ് ലൈസന്‍സ്.

മാഫി മുശ്കില്‍ ഹബീബി. യു ഗോട് ദി ഫോറം തൈപ്പ്ഡ്?

യെസ് സര്‍.

വെരി ഗുദ്. യു വാന്ത് സുലൈമാനി.

നോ സര്‍. താങ്ക്യു.

ഓകെ ഗിവ് മി യുവര്‍ ആപ്ലിക്കേഷന്‍ ഫോറം.

അയ്യപ്പന്‍ ഭവ്യതയോടെ ആപ്ലിക്കേഷന്‍ ഫോം കൈമാറി.

ആപ്ലിക്കേഷന്‍ ഫോം മൊത്തം നോക്കിയ മുദീറിന്റെ മുഖഭാവം ആകെ മാറി. സൌമ്യനായി സംസാരിച്ചിരുന്ന അയാളുടെ സ്വരത്തിലെ സ്വൌമ്യത നഷ്ടപെടുന്നത് വളരെ പെട്ടെന്ന് തന്നെ അയ്യപ്പന്‍ മനസ്സിലാക്കി.

ഹൌ മനി ബോട്സ് യു ഹാവ്? വണ്‍? റ്റൂ? ത്രീ?

ഐ ഡോണ്ട് ഹാവ് എനി ബോട്ട് സര്‍!

ഡു യൂ ഹാവ് എ ഷിപ്പ് ദെന്‍?

നോ ഷിപ്പ് സര്‍!

വാട്ട് യു ഹാവ് ദെന്‍?

ഐ ഹാവ് എ ഫിഷിങ്ങ് റോഡ് സര്‍!!!

@#$%%&* @&^%$#@ ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍. കം തു വേസ്ത് മൈ റ്റൈം, ഹറാമി.