Wednesday, January 20, 2016

ചാത്തനേറ്

കഥ നടക്കുന്നത് പണ്ട് പണ്ട് ഒരു പത്തുമുപ്പത് കൊല്ലം മുൻപാണു. മൊബൈൽ ഫോൺ പോയിട്ട് കറണ്ട് തന്നെ ദുർലഭമായി ലഭിച്ചിരുന്ന കാലം.


നമ്മുടെ കഥാപാത്രം - ശ്രീ ജയറാമൻ - തെങ്ങടിച്ചാൽ പനവീഴ്ത്തി വിരാജിച്ചിരിക്കുന്ന കാലം.  അനന്തപുരിയിൽ ഒരു പ്രമുഖ പത്രത്തിൽ ജോലി ചെയ്തിരുന്ന ടിയാനു കോട്ടയത്തേക്ക് സ്ഥലം മാറ്റം കിട്ടിയതിനാൽ, കൂടും കുടുക്കയുമൊക്കെ എടുത്ത് കോട്ടയത്തേക്കുള്ള ബസ്സ് പിടിച്ച് ഒരു ത്രിസന്ധ്യാ നേരത്ത് പത്രമോഫീസിൽ ചെന്നെത്തി. കള്ള കർക്കിടകം പെയ്ത് തിമിർത്ത് കൊണ്ടിരിക്കുന്ന ആ സന്ധ്യാനേരത്ത് ജോലിക്ക് ജോയിൻ ചെയ്തുവെങ്കിലും, പിറ്റേന്ന് രാത്രിമുതൽ ജോലിക്ക് വന്നാൽമതി എന്നുള്ള സഹപ്രവർത്തകരുടെ കരുണയോടുകൂടിയ ഉപദേശം മനസ്സാൽ സ്വീകരിച്ച്, ഒരു ചൂടുകട്ടൻ ചായയൊക്കെ കുടിച്ച് തണുപ്പിനൊരറുതി വരുത്തി അവിടെ നൈറ്റ് ഷിഫ്റ്റിലുണ്ടായിരുന്ന എല്ലാവരേയും പരിചയപെട്ടു.


ഇനിയങ്ങോട്ടുള്ള കഥയുടെ ഒഴുക്കിനായി ജയറാമെന്ന കഥാപാത്രത്തെ ഞാൻ എന്നിലേക്കാവാഹിക്കുന്നു.


ഓഫീസിൽ മൊത്തം മൂന്നു ബ്യാച്ചികളാണുണ്ടായിരുന്നത്. എന്റെ വരവോടെ അത് നാലായി.  ബ്യാച്ചിലറായിട്ടുള്ളവർക്ക് താമസം പത്രമോഫീസ് തന്നെയാണു കൊടുക്കുന്നത്.  താമസിക്കാൻ പോകുന്ന വീടിനെകുറിച്ചുള്ള ഒരു ചെറിയ ധാരണ മറ്റുമൂന്നുപേരും ചേർന്ന് എനിക്കു നൽകി.    പത്രമോഫീസിൽ നിന്നും അഞ്ചാറുകിലോമീറ്റർ ദൂരെയായി ഒരു പാടത്തിന്റെ അരികിലായുള്ള ചെറിയൊരു വീടാണു നൽകിയിരിക്കുന്നത്, രണ്ട് മുറികളും, ചായ്പ്പും, അടുക്കളയും, ബാത്രൂമും.  നാലാൾക്ക് കിടക്കാനുള്ള കട്ടിലുകളും, പാചകം ചെയ്യാനുള്ള സാമഗ്രികളുമൊക്കെ വീട്ടിൽ ഉണ്ട്.  ആകെയുള്ള ഒരു പ്രശ്നം കരണ്ട് വല്ലപ്പോഴും മാത്രമേ വരു എന്ന് മാത്രം.  ബ്യാച്ചിലർമാരുടെ ഡ്യൂട്ടിയെല്ലാം കൂടുതലും നൈറ്റ് ഷിഫ്റ്റായതിനാൽ കറണ്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നമില്ല എന്നതാണു അവസ്ഥ.  പാചകമൊക്കെ തഥൈവ.  മാക്സിമം ഒരു കട്ടൻ ചായയോ, കാപ്പിയോ മണ്ണെണ്ണ സ്റ്റൌവിൽ വച്ചാലായി.  ബാക്കി പ്രാതലും, ഉച്ചയൂണും, അത്താഴവുമൊക്കെ പത്രമോഫീസിനു തൊട്ടുള്ള ജോസപ്പേട്ടന്റെ ചായക്കടയിൽ നിന്നും. 


ഒന്നു തോർന്നിരുന്ന മഴ വീണ്ടും കനക്കാൻ തുടങ്ങി.  സമയം എട്ടായപ്പോഴേക്കും ജോസപ്പേട്ടന്റെ കടയിൽനിന്നും രാത്രിയിലേക്കുള്ള അത്താഴമെത്തി. ചുടു കഞ്ഞിയും പയറും, ചുട്ടമുളകിന്റെ ചമന്തിയും പപ്പടവും.  


തോരാത്ത മഴയും, നല്ല തണുപ്പുമുള്ളപ്പോൾ ചൂടുകഞ്ഞികുടിക്കാൻ നല്ല സുഖം.  കഞ്ഞികുടിയെല്ലാം കഴിഞ്ഞ് അവരുവരുടേതായ പണികളിൽ മുഴുകുന്നതിനു മുൻപ് ഡ്രൈവറെ വിളിച്ച് എന്നെ വീട്ടിലേക്കാക്കാൻ അവർ ചട്ടം കെട്ടി.  രാവിലെ കാണാമെന്നു പറഞ്ഞ് വീടിന്റെ ചാവിയും നൽകി.  വീടിന്നു കഷ്ടി അരകിലോമീറ്റർ അകലെവരേയെ വണ്ടി ചെന്നെത്തൂ, പിന്നെ പാടവരമ്പത്തുകൂടെ നടന്നുവേണം വീടെത്താൻ.  ആയതിനാൽ തന്നെ മഴയല്പം തോർന്നിട്ട് പോയാൽ മതി എന്നു ഡ്രൈവർ പറഞ്ഞപ്പോൾ ഞാൻ ഒരു കസേരയിലേക്ക് ചടഞ്ഞിരുന്നു.


ഒന്നൊന്നരമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു മഴയൊന്നു തോരാൻ.  സമയം ഏതാണ്ട് പത്താകാറായിരിക്കുന്നു.  ബാഗെല്ലാം ജീപ്പിലെടുത്ത് വച്ച് ഡ്രൈവർക്കൊപ്പം ജീപ്പിലേക്ക് കയറി.  അല്പം ദൂരം പോയപ്പോഴേക്കും കറണ്ട് പോയതിനാലാകാം വഴിവിളക്കുകൾ ഒന്നും തന്നെ കത്തുന്നുണ്ടായിരുന്നില്ല. കഷ്ടിച്ച് പതിനഞ്ച് മിനിറ്റിനകം വണ്ടി സ്ഥലത്തെത്തി.


ദാ, ലവിടെ ആ മങ്ങിയ വിളക്കിന്റെ വെളിച്ചം കാണുന്ന വീടെത്തുന്നതിന്നും തൊട്ടുമുൻപുള്ള വീടാണു സാറെ.  കറണ്ട് ഇനി ഇന്നു വരുമെന്നു തോന്നുന്നില്ല.  സാറ് ഈ പെൻ ടോർച്ച് കയ്യിൽ വച്ചോ.  വീടു തുറന്നാൽ മേശപുറത്ത് മണ്ണെണ്ണവിളക്ക് കാണും, അത് തെളിയിച്ചാൽ മതി എന്നും പറഞ്ഞ് ഡ്രൈവർ വണ്ടിയെടുത്ത് അങ്ങേരുടെ വഴിക്ക് പോയി.


ബാഗെടുത്ത് തോളത്തിട്ട് ടോർച്ചും തെളിച്ച് ഞാൻ പാടവരമ്പത്ത്കൂടെ നടന്നു. കൂറ്റാകൂറ്റിരുട്ടത്ത് പെൻടോർച്ചിന്റെ വെളിച്ചം കൊണ്ടെന്താവാൻ?  അറിയുന്ന സ്ഥലമാണെങ്കിൽ തരക്കേടില്ല.  ഇതിപ്പോ ആദ്യമായി വരുന്നതാണു.  തവളകളുടേയും ചീവീടുകളുടേയും കരച്ചിൽ കേട്ടപ്പോൾ മനസ്സിൽ ചെറുതായെങ്കിലും പേടിതോന്നാൻ തുടങ്ങി.  പകലെത്തുന്ന രീതിയിൽ വന്നാൽ മതിയായിരുന്നു. അതുമല്ലെങ്കിൽ രാത്രി പത്രമോഫീസിൽ തന്നെ അവരുടെ കൂടെ ഇരുന്നാലോ കിടന്നാലോ മതിയായിരുന്നു!  ചെയ്ത വിഡ്ഢിത്തരമോർത്ത് സ്വയം ശപിച്ചുകൊണ്ട്  മങ്ങിയ വെളിച്ചം കാണുന്ന വീടിനെ ലക്ഷ്യമാക്കി നടന്നു. 




പാടവരമ്പത്തിരുന്ന തവളകൾ ഞാൻ അടുത്തെത്തുമ്പോൾ വെള്ളത്തിലേക്കെടുത്തു ചാടുമ്പോളുണ്ടാവുന്ന ഓരോ ശബ്ദവും എന്റെ നെഞ്ചിൻകൂട്ടിൽ വീഴുന്ന ചുറ്റികപ്രഹരങ്ങളായിരുന്നു.


ഒരുവിധം ഡ്രൈവർ പറഞ്ഞ മങ്ങിയ വെളിച്ചം കാണുന്ന വീട്ടിനും തൊട്ടു മുൻപുള്ള വീട്ടിന്റെ പടികടന്ന് വീട്ടിലെത്തി. ടോർച്ചടിച്ച് വീടിനു ചുറ്റുമൊന്നു നിരീക്ഷിച്ചു. ചുറ്റും മരങ്ങൾ വളർന്ന് നിൽക്കുന്നതിനാൽ ഒന്നും തന്നെ കാണുന്നുണ്ടായിരുന്നില്ല.    പോക്കറ്റിൽ നിന്നും ചാവിയെടുത്ത്  ടോർച്ചടിച്ച് വീടിന്റെ വാതിൽ കണ്ട്പിടിച്ച് തുറന്ന് ഉള്ളിൽ കയറി.  വാതിൽ തിരികെ സാക്ഷയിട്ട് ബാഗ് നിലത്ത് വച്ച് ഞാൻ മുറി മൊത്തമായൊന്നു ടോർച്ചിന്റെ വെളിച്ചത്താൽ നോക്കി.  മണ്ണെണ്ണവിളക്കൊരെണ്ണം മേശപുറത്തിരിക്കുന്നുണ്ട്.  പോക്കറ്റിൽ നിന്നും തീപ്പെട്ടിയെടുത്ത് വിളക്ക് കത്തിച്ച് തിരിയുയർത്തി. ഹാവൂ. മണ്ണെണ്ണവിളക്കിന്റെയാണെങ്കിലും വീടിന്റെ അകത്ത് വെട്ടം തെളിഞ്ഞപ്പോൾ മനസ്സുമൊന്ന് തെളിഞ്ഞു.




വിളക്കിന്റെ തിരി നന്നേ താഴ്ത്തിവച്ചുകൊണ്ട് വസ്ത്രങ്ങൾ മാറാൻ പോലും നിൽക്കാതെ തന്നെ  കട്ടിലിൽ ചെന്ന് കിടന്നു.  പുറത്ത് വീണ്ടും മഴ കനക്കുന്നു.  


മഴയുടെ ശക്തികൂടി കൂടി വരുന്നതിനൊപ്പം ആർത്തലക്കുന്ന പോലെ കാറ്റും!  മഴതുള്ളികൾ വീടിന്നുപുറത്ത് വീശുന്ന ശബ്ദവും, കാറ്റുമൂലം ജനലുകൾ കിടുങ്ങുന്ന ശബ്ദവും ചേർന്നപ്പോൾ എനിക്ക് വീണ്ടും പേടിതോന്നാൻ തുടങ്ങി. പൊടുന്നനെ വീടിനുമുകളിലേക്ക് ആരോ ഒരു വലിയ കരിങ്കൽ എറിഞ്ഞപോലെയൊരു ശബ്ദം.  അല്പം നേരത്തേക്ക് പിന്നെ ശബ്ദമൊന്നും ഉണ്ടായില്ല.


ദാ പിന്നേയും ആരോ കല്ലെറിയുന്നു. ഒന്നിടവിട്ടും, ഒരുമിച്ചുമായി തുടരെ തുടരെ കല്ലുകൾ വീട്ടിനുമുകളിൽ പതിക്കുന്നു.  ഇത് ചാത്തനേറു തന്നെ!  അമ്മൂമ്മ പണ്ട് പറഞ്ഞു തന്നിട്ടുള്ള ചാത്തൻ കഥകൾ ഓർമ്മവന്നു. 


ഭയം മൂലം മുട്ടുകൾ കൂട്ടിയിടിക്കാൻ തുടങ്ങി.  കിടാക്കാൻ പറ്റുന്നില്ല.  എഴുന്നേറ്റ് ഞാൻ കട്ടിലിൽ ഇരുന്നു. പുരക്കുമുകളിലേക്കുള്ള കല്ലേറുകൾ നിൽക്കുന്നില്ല.  അർജുനൻ പത്ത് ചൊല്ലിയാൽ പേടി മാറുമെന്നമ്മൂമ്മയും, അമ്മയും പറഞ്ഞിട്ടുള്ളതോർമ്മ വന്നു.  പക്ഷെ പേടിച്ച് വിറക്കുന്നത് കാരണം അർജുനൻ, പാർത്ഥൻ അല്ലാതെ തുടർന്നങ്ങോട്ട് പേരുകളും, പര്യായങ്ങളുമൊന്നും ഓർമ്മ വരുന്നില്ല.  അർജുനൻ രണ്ട് ചൊല്ലിയാൽ പേടിയൊട്ടു മാറത്തുമില്ല എന്നു തിരിച്ചറിഞ്ഞ നേരം!   ദൈവമേ കാത്തോളണേ....


കാറ്റും മഴയും പിന്നെയും കൂടുന്നു. വീടിന്നുമുകളിൽ കല്ല് വന്ന് വീഴുന്നതിന്റെ അഥവാ ചാത്തനേറിന്റെ ഫ്രീക്വൻസി കൂടി കൂടി വരുന്നു.  മരണത്തെ മുൻപിൽ കണ്ടുകൊണ്ടു തന്നെ കട്ടിലിൽ കിടന്ന് തലവഴി മുണ്ട് മൂടിപുതച്ച് കാലുകൾക്കിടയിൽ കൈകൾ തിരുകി കിടന്നു.  നട്ടപാതിരക്കോ അതോ പുലർച്ചക്കോ, കാറ്റും മഴയും ശമിച്ചവേളയിലെപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.


സൂര്യപ്രകാശം മുറിയിലേക്കെത്തിയപ്പോൾ ഉറക്കമുണർന്ന് ജനവാതിൽ തുറന്നൊന്നു പുറത്തേക്ക് നോക്കി.  കണ്ട കാഴ്ച!  ഒരു കൂനിതള്ള കയ്യിൽ പറക്കുട്ടയുമായി വീട്ടിൽനിന്നും പാടവരമ്പിലേക്കിറങ്ങി പ്രാഞ്ചി പ്രാഞ്ചി നടന്നു പോകുന്നു!  മൊത്തത്തിൽ ദുരൂഹത.


ജോലിയെല്ലാം വലിച്ചെറിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോയാൽ മതിയെന്നായി.  ജനവാതിൽ അടച്ച് തിരികെ കട്ടിലിൽ വന്നിരുന്നൊപ്പോഴേക്കും വാതിലിൽ വീണ്ടും മുട്ട്.  പേടിച്ച് വിറച്ച് വാതിൽ ചെന്നു തുറന്നപ്പോൾ സഹപ്രവർകർ മൂന്നുപേരും ജോലി കഴിഞ്ഞ് വന്നിരിക്കുന്നു.  അവരെ കണ്ടതും ആശ്വാസമായി.


എങ്ങിനെയുണ്ട് പുതിയവീട്ടില്ലെ താമസം?  സുഖമായി ഉറങ്ങിയില്ലെ?  മൂന്നുപേരും ചോദിച്ചത് ഒരുമിച്ചായിരുന്നു.


ഇല്ല.  സത്യമായും ഉറങ്ങിയില്ല.  രാത്രി മുഴുവൻ പുരക്ക് മുകളിലേക്ക് ചാത്തനേറായിരുന്നു.  പുലർച്ചവരെ ഭയന്നുവിറച്ചിരുന്നതിന്നൊടുവിൽ എപ്പോഴോ ഒന്നു മയങ്ങി!  അത്ര തന്നെ.  രാവിലെ എഴുന്നേറ്റ് ജനൽ തുറന്നപ്പോൾ കണ്ടതോ?   ഒരു കൂനിതള്ള ഇവിടെ നിന്നും ഇറങ്ങിപോകുന്നതും! എനിക്ക് വയ്യപ്പാ....ഞാൻ ഇന്നു തന്നെ നാട്ടിലേക്ക് മടങ്ങുന്നു.  ജോലിയും വേണ്ട കൂലിയും വേണ്ട.  ജീവൻ കിട്ടിയതു തന്നെ അമ്മയമ്മൂമ്മമാരുടെ പ്രാർത്ഥനകൊണ്ട്!


നിങ്ങൾ എങ്ങിനെ ഈ വീട്ടിൽ താമസിക്കുന്നു?


എന്റെ ചോദ്യത്തിനുത്തരം അവരുടെ പൊട്ടിച്ചിരിയായിരുന്നു.  ചിരിയായിട്ടല്ല അട്ടഹാസമായിട്ടാണെനിക്കത് തോന്നിയത്. 


വീടിനോട് ചേർന്ന് വളർന്നു പടർന്നു പുരക്കു മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന കുടമ്പുളിമരത്തിൽ നിന്നും കാറ്റും മഴയുമുള്ളപ്പോൾ കുടമ്പുളികൾ വീടിനുമുകളിലേക്ക് വീണു താഴെയുള്ള തകരപാത്തിയിലൂടെയുരുണ്ട് താഴെ വീഴുന്ന ശബ്ദമാണതെന്നും, അപ്പുറത്തെ വീട്ടിലെ അമ്മൂമ്മ  എന്നും രാവിലെ കുടമ്പുളി പറക്കാൻ വരാറുണ്ടെന്നും അവർ പറഞ്ഞപ്പോൾ പകച്ചു പോയെന്റെ കൌമാരം!