Thursday, July 16, 2020

ബാല്യകാല സ്മരണകളും, പോത്തോട്ടോണവും

ഭാഗം ഒന്ന് - സ്മരണ

ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസു വരേയുള്ള പഠനകാല സ്മരണകൾ വാസ്ഥവത്തിൽ ചിലരുടെയെല്ലാം ജീവിതത്തിൽ ഒരിക്കൽ പോലും മറക്കാൻ പറ്റാത്തയത്രയും അടയാളങ്ങൾ കടുത്ത വർണ്ണങ്ങളാൽ രേഖപെടുത്തിയിട്ടുള്ളതായിരിക്കും.  മറ്റു ചിലർക്ക് ആ കാലഘട്ടം തന്നെ സ്മൃതിപടലത്തിൽ ഉണ്ടാവുകയേയില്ല!

ശാസ്ത്രീയമായി കാരണങ്ങൾ പലതുമുണ്ടാകാം.  പക്ഷെ ഈ പോസ്റ്റിന്റെ ഉദ്ദേശം,  എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നു എന്ന് അന്വേഷിച്ച് കണ്ടുപിടിക്കാനുള്ളതല്ല മറിച്ച് , നിങ്ങളിലെത്ര പേർക്ക് നിങ്ങളുടേ അഞ്ച് വയസ്സ് മുതൽ പത്ത് വയസ്സ് വരെ സംഭവിച്ച കാര്യങ്ങൾ ഓർമ്മയിൽ ഇപ്പോഴുമുണ്ട് എന്നറിയാനുള്ള ഒരു കൗതുകം കൊണ്ട് മാത്രം എഴുതുന്നതാണു.

എന്റെ കാര്യമാണെങ്കിൽ, കഴിഞ്ഞ ആഴ്ച കണ്ട സിനിമയോ, രണ്ടാഴ്ച മുൻപ് വായിച്ച പുസ്തകത്തിലെ കഥയോ മറന്നു പോകുന്ന അവസ്ഥയാണു. കഥാപാത്രങ്ങളുടെ പേരോ, കഥയിലെ സന്ദർഭങ്ങളോ,  കഥയുടെ/നോവലിന്റെ പേരോ, ഒരുപക്ഷെ മുഴുവൻ കഥയോ/നോവലോ തന്നെ, അല്ലെങ്കിൽ സിനിമയുടെ പേരു തന്നെ തികച്ചും വിസ്മൃതിയിലേക്കാണ്ടു പോകുന്ന മൊളൂഷ്യം അവസ്ഥ അഥവാ ടൈപ് ഒഫ് അംനേഷ്യ ബാധിച്ചിരിക്കുന്നു. 

പക്ഷെ നാല്പത്ത് വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട, പല കാഴ്ചകളും ഇന്നലെയെന്നത് പോൽ എനിക്കോർത്തെടുക്കാൻ കഴിയുന്നു. എന്റെ കണ്മുന്നിൽ വളരെ വ്യക്തതയോടെ, ഒരു സിനിമ കാണുന്നയത്ര മിഴിവോടെ.

ഇതിൽ മറ്റൊരു കാര്യം കൂടെ എടുത്ത് പറയേണ്ടതായിട്ടുണ്ട്.  ജിപ്സികളുടെ പോലെയുള്ള ജീവിതമായിരുന്നു ഇതുവരേയും.  പത്ത് വയസ്സു വരെ, തൃശൂർ ജില്ലയിലെ കാറളത്ത്.  പത്തിനുശേഷം പതിനെട്ട്  വയസ്സ് വരെ, ഇരിങ്ങാലക്കുടയിൽ പല പല സ്ഥലങ്ങളിലായി.  പതിനെട്ട് വയസ്സുമുതൽ ഇരുപത്തഞ്ച് വയസ്സു വരെ ദില്ലിയിൽ.   ഇരുപത്താറു വയസ്സ് മുതൽ ദുബായിൽ.  ഇതിനിടക്ക് എനിക്ക് ഒരു മുപ്പത്തിയഞ്ച് വയസ്സുള്ളപ്പോൾ അച്ഛനുമമ്മയും മറ്റും ഇരിങ്ങാലക്കുടയിലെ വീടെല്ലാം വിറ്റ് തൃശൂർ ചിയ്യാരത്തേക്ക് മാറി.  ആയതിനാൽ തന്നെ  പതിനെട്ടു വയസ്സിനിപ്പുറം പലപ്പോഴായി പരിചയപെട്ട പല അയൽപ്പക്കക്കാരുമായും കാര്യമായ ബന്ധമില്ല താനും.  പിന്നെ പത്ത് വയസ്സ് വരെ താമസിച്ച കാറളത്തുള്ളവരുമായുള്ള ചെറുപ്പത്തിലേയുള്ള ആ ബന്ധം, ഓർമ്മകൾ അത്ര മാത്രം.  പിന്നീട് ഈ പത്ത് മുപ്പത്തെട്ട് വർഷത്തിനിടക്ക്  കാറളം  സന്ദർശിച്ചിരിക്കുന്നത് വളരെ ദുർലഭമായി, വിരലിലെണ്ണാവുന്ന തവണകൾ മാത്രം.  കാവിലെ ഉത്സവത്തിനോ, അച്ഛൻ പെങ്ങളെ കാണുവാനോ ആയി മാത്രം.

അമ്മയുടെ വീടായ മട്ടാഞ്ചേരിയിലെ ആശുപത്രിയിൽ ജനിച്ച് , തൃശൂരിലെ, കാറളം പഞ്ചായത്തിലുള്ള അച്ഛന്റെ തറവാട്ട് വീട്ടിൽ വളർന്ന എനിക്ക്, ലോവർ പ്രൈമറി അഥവാ ഒന്നു മുതൽ നാലു വരെ പഠിച്ച കാലഘട്ടത്തിന്നിടക്ക് സംഭവിച്ച ചില കാര്യങ്ങളെല്ലാം, ഒരു സിനിമ കാണുന്നത് പോലെ വളരെ മിഴിവോടെ, തികച്ചും വ്യക്തതയോടെ മനക്കണ്ണിൽ ഇപ്പോഴും കാണുവാനാകുന്നുണ്ട്.

പഴയ കോലത്തിലുള്ള, അതായത് പണത്തിന്റെ കൊഴുപ്പടിയും മുൻപുള്ള  കുമരഞ്ചിറ ക്ഷേത്രവും, അവിടുത്തെ തിരുമേനിയേയും, ചെമ്പട്ടുടുത്ത്, ഇടം കയ്യിൽ പള്ളി വാളും, വലം കയ്യിൽ ചിലമ്പും പിടിച്ച്, മുടി നീട്ടി വളർത്തിയ,  തടിച്ച് കുറുകിയ, വെളിച്ചപ്പാടിനേയും, ചെറിയൊരു ഓറഞ്ചിന്റെ വലുപ്പത്തിലുള്ള പൊക്കിളുള്ള ഷാരടിയമ്മാനേയും എനിക്ക് കാണാനാവുന്നുണ്ട്.  തെളിവുള്ള വെള്ളം നിറഞ്ഞ കുമരഞ്ചിറക്കുളവും എനിക്ക് തെളിവോടെ കാണാം.

മരത്തിന്റെ ഫ്രെയിമുകളുള്ള സ്ലേറ്റും, നീലയും, ചുവപ്പും, കള്ളി കള്ളിയായ ഡിസൈനുള്ള കടലാസിൽ പൊതിഞ്ഞു വരുന്ന സ്ലേറ്റു പെൻസിലും എനിക്കിന്ന് വ്യക്തമായി ഓർമ്മയുണ്ട്.   സ്ലേറ്റ് മായ്ക്കുവാൻ ഉപയോഗിക്കുന്ന മഷിതണ്ടും, മുള്ളുള്ള കള്ളിചെടിയും, ആ കള്ളിചെടി നിന്നിരുന്ന പറമ്പും എനിക്ക് വ്യക്തമായി ഓർക്കാൻ കഴിയുന്നു.  ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ, അന്ന് മൂന്നിലോ, രണ്ടിലോ പഠിക്കുകയായിരുന്ന, വല്ലത്തെ, സന്ധ്യ എന്ന പെൺകുട്ടിയേയും എനിക്ക് ഓർക്കാൻ കഴിയുന്നുണ്ട്.

പനമ്പട്ട നെയ്ത തട്ടികയാൽ മറച്ച കാറളം ലോവർ പ്രൈമറി സ്കൂളിലെ ക്ലാസു മുറികളും, പുറകിലുണ്ടായിരുന്ന ബദാം മരങ്ങളും, മുന്നിലെ ചരൽ നിറഞ്ഞ ചെറിയ കളിസ്ഥലവും എനിക്കോർമ്മയുണ്ട്.  സ്കൂളിന്നു മുൻപിലുണ്ടായിരുന്ന സർക്കാർ വക കിണറും, അതിന്റെ തൊട്ടരികിലുള്ള അംഗൻവാടിയും എനിക്കോർമ്മയുണ്ട്.    സ്കൂളിന്റെ തൊട്ടരികിലായുള്ള സുകുമാരന്റെ പെട്ടിക്കടയും, അവിടെ വിൽപ്പനക്ക് വച്ചിരിക്കുന്ന, വട്ട് മിട്ടായി, കപ്പലണ്ടി മിട്ടായി, പച്ചനിറമുള്ള പ്ലാസിക് പേപ്പറുകൊണ്ട് പൊതിഞ്ഞ ഡെക്കാൺ  മിട്ടായി, നാരങ്ങ അല്ലിയുടെ കളറും നിറമുള്ള നാരങ്ങ സത്ത് എന്ന് പറയുന്ന മിട്ടായി, എന്നിവയൊക്കെ ഇട്ട് വച്ച കുപ്പികളും,  പുറത്ത് ചെറിയ ഒരു മേശമേൽ വെച്ചിരുക്കുന്ന പച്ചനിറത്തിലുള്ള ഗോലി സോഡാ കുപ്പികളും, മഞ്ഞ നിറത്തിലുള്ള, പകുതിയോളം വെള്ളം നിറച്ച പ്ലാസ്റ്റിക് ബേസിനും, അതിനുള്ളിൽ വച്ചിരിക്കുന്ന, ചെറിയൊരു പച്ചനിറമാർന്ന അല്പം വലുപ്പമേറിയ ചില്ലു ഗ്ലാസുകളും, മരത്തിന്റെ  നാരങ്ങ ഞെക്കിയും,  എല്ലാമെല്ലാം ഓർമ്മയിലുണ്ട്.

കാറത്തെ അന്നത്തെ ഏറ്റവും വലിയ വീടായ ചാമ്പറമ്പിലെ, മാത്തിരി വല്യമ്മൂമ്മയേയും,  കൊച്ചൗസേപ്പേട്ടനേയും, സെലീന ചേച്ചിയേയും, അവരുടെ മക്കളായ, രാജു (മധ്യകുറുമാന്റെ ക്ലാസ്സ് മേറ്റായിരുന്നു..ഒരുപാട് വർഷങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തു‌), ജീനാമ്മ, നിഷ, എന്തിനു അന്ന് എലക്ട്രിസിറ്റി ബോർഡിൽ എഞ്ജിനീയറായ കൊച്ചൗസേപ്പേട്ടന്റെ  കറുത്ത നിറത്തിലുള്ള , രാജ് ദൂത് മോട്ടോർ സൈക്കിൾ വരെ എന്റെ കണ്മുന്നിലിപ്പോഴുമുണ്ട്.

തൊട്ടയൽപ്പക്കമായ ശ്രീധരൻ എമ്പ്രാന്തിരിയേയും, എന്നെക്കാളും രണ്ടോ മൂന്നോ വയസ്സ് മൂപ്പുള്ള മകൻ ശ്രീനിവാസനേയും ഓർക്കുന്നു.  അവരുടെ വീട്ടിൽ നിന്നും  കുടിച്ച കരിപ്പെട്ടി കാപ്പിയുടേയും, ചുട്ട പപ്പടത്തിന്റേയും രുചി ഇപ്പോഴും നാവിലുണ്ട്.   ശ്രീനിവാസൻ നന്നേ ചെറുപ്പത്തിൽ തന്നെ ആത്മഹത്യചെയ്തെന്നറിഞ്ഞു.  ശ്രീനിവാസനൊരു അനുജത്തിയുണ്ടായിരുന്നു, നിഷ.  എന്റെ പ്രായമായിരുന്നു.  എവിടെയാണോ എന്തോ?

ജാനുവമ്മായിയേയും, മൂത്ത മകനായ, കുമരഞ്ചിറക്കുളത്തിൽ  എന്നെ നീന്താൻ പഠിപ്പിച്ച ഇരിങ്ങാലക്കുട കച്ചേരിയിൽ ജോലിയുണ്ടായിരുന്ന മോഹനേട്ടനേയും, സെറിബ്രൽ പാഴ്സ്ലിയോടൊപ്പം, ഊമയും,  ബുദ്ധി വളർച്ചയുമില്ലാതിരുന്ന, കാക്കി ട്രൗസർ മാത്രം ധരിച്ചു കണ്ടിട്ടുള്ള  മോഹനേട്ടന്റെ അനുജൻ ദാസപ്പേട്ടനേയും ഓർമ്മ വരുന്നു.  ഇവർ മൂന്നു പേരും എത്രയോ വർഷങ്ങൾക്ക് മുൻപേ കാലയവനികക്കുള്ളിൽ മറഞ്ഞ് പോയി!  അവരുടെ മാവിൽ വളർന്നിരുന്ന പാഷൻ ഫ്രൂട്ടിന്റെ രുചിയും നാവിൽ തുമ്പത്തുണ്ടിപ്പോഴും.  ഗിരിജേച്ചിയേയും, ഉഷേച്ചിയേയും, ഗംഗേച്ചിയേയും, ശിവശങ്കരേട്ടനേയും മറക്കുന്നില്ല ഇപ്പോഴും.

തൊട്ടടുത്തുള്ള കാറളം സിന്ധു എന്ന സിനിമ കൊട്ടകയും, അതിലെ മുൻ നിരയിലുള്ള വെറും മരക്കാലിൽ പലകയിട്ട ഇരിപ്പിടങ്ങളും, തൊട്ടു പുറകിലായുള്ള ഇരുമ്പിന്റെ കസേരകളും, ബാൽക്കണി എന്ന് വിശേഷിപ്പിക്കുന്ന അല്പം പഞ്ഞി നിറച്ച നീല നിറത്തിലുള്ള റെക്സിൻ കവർ ചെയ്ത കസേരകളും, സ്ക്രീന്നിന്നിരുവശത്തുമായി , മണൽ നിറച്ച് തൂക്കിയിട്ടിരിക്കുന്ന ചുവന്ന പെയിന്ററ്റിച്ച ഇരുമ്പിന്റെ ബക്കറ്റുകളും എനിക്കിന്നോർമ്മയുണ്ട്.  പനന്തട്ടികകൊണ്ടുള്ള വാതിലുകളും,  എക്സിറ്റ് എന്ന് ചുവന്ന അക്ഷരത്തിൽ കത്തുന്ന വാതിലിന്നു മുകളിലുള്ള ലൈറ്റുകളും എനിക്കിന്നോർമ്മയുണ്ട്.

സതിയമ്മായിയുടെ വീട്ടുപറമ്പിലെ കണ്ടത്തിൽ,  മണ്ണു കുഴച്ച്, സോപ്പ് പെട്ടി ഉപയോഗിച്ചുണ്ടാക്കിയ മണ്ണിഷ്ടകകളും, അവിടുത്തെ തന്നെ കശുമാവുകളിൽ നിന്നും പറിച്ച് കഴിക്കുന്ന മഞ്ഞ നിറത്തിലും, ചുവന്ന നിറത്തിലുമുള്ള കശുമാങ്ങകളും എനിക്കോർമ്മയുണ്ട്.  വാസന്ത്യേച്ചി വച്ചു തന്ന ചായയുടെ രുചി ഇപ്പോഴും നാവിലുണ്ട്. 

കുട്ടൻ നായരുടെ ജനതാ ഹോട്ടലും, കണ്ണാടി അലമാരയിൽ വെട്ട് കേക്കും, ബോണ്ടയും, സുഖിയനും എപ്പോഴുമുണ്ടായിരുന്നൊരു പേരോർമ്മയില്ലാത്തൊരു ചായക്കടയും ഓർമ്മയുണ്ട്.

ആദികുറുമാനും, ജയനും, പ്രസാദനും, ഹരിയും, മറ്റും ചേർന്ന്  സിന്ധു കൊട്ടകയിൽ നിന്നും കട്ട് ചെയ്ത് മാറ്റിയ ഫിലിം പെറുക്കിയെടുത്ത് കൊണ്ടു വന്നു,  സതിയമ്മായിയുടെ വീട്ടിലെ തൊഴുത്തിലെ ചുവരിൽ വെള്ളമുണ്ട് വലിച്ച് കെട്ടി, ഫ്യൂസായ ബൾബിൽ വെള്ളം നിറച്ച്, അതിനു മുകളിൽ കാവടിയിൽ നിന്നും മറ്റും ഉതിർന്ന് വീണ, നിറമുള്ള പ്ലാസ്റ്റിക്കിന്റെ വർണ്ണ കടലാസു ചുറ്റി, പൊട്ടിയ കണ്ണാടിയുപയോഗിച്ച്, ഫിലിം ബൾബിനു മുന്നിൽ പ്രദർശിപ്പിച്ച്, അതിന്റെ റിഫ്ലക്സൻ വലിച്ച് കെട്ടിയ മുണ്ടിലേക്ക്  വീഴ്ത്തി വലുതായി കാണുന്ന ജയനേയും, പ്രേം നസീറിനേയും, ഷീലയേയും ഓർമ്മയുണ്ട്.

ഈർച്ചവാളിന്റെ ശബ്ദം എപ്പോഴും ഉയരുന്ന, പൈലി മാപ്പിളയുടെ,  മരകമ്പനിയും, തൊട്ടെതിരെയുള്ള നെല്ലുകുത്തുന്ന മില്ലും ഓർമ്മയുണ്ട്. 

കാറളം നടയിൽ അന്നാകെയുണ്ടായിരുന്ന ഗോവിന്ദങ്കുട്ടിയുടേ തട്ട് നിരത്തിയ പലചരക്ക് കടയും, അതിന്റ ഉള്ളിൽ നിരത്തി വച്ചിരിക്കുന്ന  അരിയും, പരിപ്പും, പയറും, വറ്റൽ മുളകും, ശർക്കരവെല്ലവും, പഞ്ചസാരയും തുടങ്ങി എല്ലാ പലവ്യഞ്ജനങ്ങളും നിറച്ച് വച്ചിരിക്കുന്ന ചണത്തിന്റെ ചാക്കുകളും, മുൻവശത്തായി തൂക്കിയിട്ടിരിക്കുന്ന തുലാസും, അഞ്ച്, മൂന്ന്, രണ്ട്, അര, ഇരുന്നൂറു, നൂറു, അമ്പത് ഗ്രാം കട്ടികളും ഓർമ്മയിലുണ്ട്.   മഞ്ഞനിറത്തിലുള്ള കവറോട് കൂടിയ നീളമുള്ള 501  വാറസോപ്പും, ചുവന്ന കവറിലുള്ള ലൈഫ്ബോയ് സോപ്പും, പിങ്ക് കളറിലുള്ള ലക്സ് സോപ്പുകളും ഓർമ്മയിലുണ്ട്.  കടയുടേ തിണ്ണയിൽ ഒരരികത്തായി, കടയിലെ നിരപ്പിട്ടാലും പുറത്ത് കിടക്കാൻ വിധിക്കപ്പെട്ട കാലപ്പഴക്കത്താൽ കറുത്ത് പോയ കല്ലുപ്പിട്ട് വക്കുന്ന പത്തായം പോലത്തെ പെട്ടിയും ഓർമ്മയിലുണ്ട്.  മുൻ വശത്തെ തിണ്ണയിൽ തന്നെ ഇട്ടിരിക്കുന്ന മേശമേൽ നിരത്തിവച്ചിരിക്കുന്ന നാലഞ്ച് കുപ്പികളും, അതിൽ ഇട്ട് വച്ചിരിക്കുന്ന കുപ്പിക്കായ, മരത്തിന്റെ പമ്പരം, അതിന്നു മേൽ മുകളിൽ ഉത്തരത്തിൽ ഞാത്തിയിട്ടിരിക്കുന്ന, മഞ്ഞയും, ചുവപ്പും നിറത്തിലുള്ള പമ്പരം കറക്കാൻ ഉപയോഗിക്കുന്ന ചാട്ട എന്നിവയും വളരെ വ്യക്തമായി തന്നെ ഓർക്കുന്നുണ്ട്!  മേശക്ക് പുറകിലായിട്ടിരിക്കുന്ന സ്റ്റൂളേൽ ഇരുന്ന് മേശമേൽ വച്ചിരിക്കുന്ന പറ്റ് പുസ്തകത്തിലോ, വെറും കടലാസിലോ കണക്കെഴുതുകയോ, അല്ലെങ്കിൽ സാധനം വാങ്ങാൻ വരുന്ന ആളുകളുടെ ലിസ്റ്റ് നോക്കിയോ, അവർ പറയുന്നതിന്നനുസരിച്ചോ, അമ്പത് മുളക്,  നൂറു  മല്ലി, ഇരുന്നൂറു പഞ്ചസാര,   അരകിലോ ഉപ്പ്, അമ്പത് വെളിച്ചെണ്ണ, അമ്പത് ചായെല, അമ്പത് പൈസക്ക് കാരം, എന്നൊക്കെ പറയുന്ന ഗോവിന്ദൻ കുട്ടിയേയും, അദ്ദേഹം പറയുന്നതിന്നനുസരിച്ച്, പത്രക്കടലാസ് കുമ്പിൾ കുത്തി അതിൽ സാധനങ്ങൾ കോരിയിട്ട് തുലാസിൽ കട്ടകൾ മാറ്റി മാറ്റി  തൂക്കം നോക്കി, തൂക്കിയിട്ടിരിക്കുന്ന ചാക്കുനൂൽ ഉണ്ടയിൽ നിന്നും നൂൽ വലിച്ച് കെട്ടുന്ന വേലായുധനേയും നല്ലത് പോലെ തന്നെ ഞാൻ ഓർക്കുന്നുണ്ട്.  ഗോവിന്ദങ്കുട്ടിയുടെ ഇടത് വശത്തുള്ള തിണ്ണയിൽ വച്ചിരിക്കുന്ന വള്ളികൊട്ടയിൽ ഇട്ട് വച്ചിരിക്കുന്ന തളിർവെറ്റിലയും, പഴുത്ത പാക്കും, മേശപ്പുറത്തിരിക്കുന്ന പുകലക്കെട്ടും ഇതാ എന്റെ കണ്മുന്നിൽ ഇപ്പോഴുമുണ്ട്.

കാറളം സെന്ററിലേക്ക് പോകുന്ന വഴിക്കുള്ള  സിദ്ധാർത്ഥൻ വൈദ്യരുടെ ആയുർവ്വേദ ക്ലിനിക്കും, നിറച്ചും സമചതുരത്തിലുള്ള അറകളുള്ള ഡൈനിങ്ങ് ടേബിളിന്റെ വലുപ്പത്തിലുള്ള മരത്തിന്റെ വലിയ മേശയും അതിൽ നിറഞ്ഞിരിക്കുന്ന വേരുകളും, മരത്തൊലികളും, മറ്റു പച്ച മരുന്നുകളും, അതിന്റെ ഭാരം നോക്കാൻ ഉപയോഗിക്കുന്ന റൂളർ പോലെ പിടിയുള്ള , നടുവിൽ ചെറിയ ഒരു ചരട് ബന്ധിച്ചിട്ടുഌഅ ഒരു ഭാഗത്ത് മാത്രം ചിരട്ടയുടേ വലുപ്പത്തിലുള്ള മരത്തിന്റെ രക്തചന്ദനനിറത്തിലുള്ള ഒരു ബൗളുള്ള തുലാസും ഓർമ്മയുണ്ട്.  സിദ്ധാർത്ഥൻ വൈദ്യരുടെ അനുജൻ നകുലനേയും ഓർക്കുന്നു.

ഗബ്രിയേലിന്റെ പച്ചക്കറിക്കടയും, അവിടെ നിരത്തി വച്ചിക്കുന്ന പച്ചക്കറികളും, ഉണക്കമീൻ കുട്ടകളും ഓർമ്മയിലുണ്ട്. 

കാറളം സെന്ററിലന്നുണ്ടായിരുന്ന റേഷൻ കടയും, വീപ്പയിൽ തുളുമ്പിതെറിക്കുന്ന നീല നിറമാർന്ന മണ്ണെണ്ണയും ഓർമ്മയിലുണ്ട്.

കുമരഞ്ചിറ ക്ഷേത്രത്തിനു മുൻപിൽ അന്ന് ശാഖ നടത്തിയിരുന്നു.  ഞാനും പോകുമായിരുന്നു.  നടത്തിയിരുന്ന പ്രധാൻ കള്ള് ചെത്ത്കാരനായ രാജപ്പേട്ടനായിരുന്നെന്നും ഓർക്കുന്നു.   ദ്വജ പ്രണാം ഏക് ദോ തീൻ.!   ആദ്യമായി കള്ളിന്റെ രുചി അറിഞ്ഞത്, കരുവന്നൂർ പുഴയിൽ കുളിക്കാൻ പോകുമ്പോൾ, അദ്ദേഹത്തിന്റെ വീട്ടിൽ കയറിയപ്പോൾ ആരോ ഒരു കരണ്ടി വായിലേക്കിറ്റിച്ചതായിരുന്നു!  അദ്ദേഹം വർഷങ്ങൾക്ക് മുൻപേ കൊലചെയ്യപ്പെട്ടതായറിഞ്ഞു.   ഒരു രാഷ്ട്രീയ കൊലപാതകം!  ജാതിവെറിയുടെ ബാക്കി പത്രം!

കാറളത്തേക്ക് അന്ന് വന്നിരുന്നത് രണ്ടേ രണ്ട് ബസ്സുകൾ മാത്രം, ശിവവിലാസും, ശ്രീ അയപ്പയും, അതും ഓർമ്മയിലുണ്ടിന്നും.   കാറളം - പെരിഞ്ഞനം-ഇരിങ്ങാലക്കുട റൂട്ടിലായിരുന്നു ആ രണ്ട് ബസ്സുകളും ഓടിയിരുന്നതെന്നും ഓർക്കുന്നു.  ഡ്രൈവറുടെ പേരോർമ്മയില്ലെങ്കിലും ക്ലീനറായിരുന്നത് ഒരു രാജപ്പനാണു. വർഷങ്ങൾക്ക് ശേഷം ഞാൻ കോളേജിൽ പോകുന്ന സമയത്ത് എനിക്കായി സ്റ്റോപ്പില്ലാത്ത സ്ഥലത്ത് പോലും  ബസ്സ് നിറുത്തിയിരുന്നതും രാജപ്പൻ എന്ന കിളി മൂത്ത് ഡ്രൈവറായവനാണു.

അന്നൊക്കെ രണ്ടേ രണ്ട് ടാക്സികളേ കാറളത്തോടിയിരുന്നുള്ളൂ, ഒന്നു ഭരതന്റേയും, ഒന്നു ശിവനുണ്ണിയുടേയും.  ഓട്ടോറിക്ഷയൊന്നും അന്നുണ്ടായിരുന്നില്ല.

പിന്നെ ഓർമ്മയിലുള്ള  പേരും മുഖവും, രാഷ്ട്രീയത്തിലുണ്ടായിരുന്ന പൊഴേക്കടവിൽ രാഘവന്റേയും. 

ഇവരിലിലാരൊക്കെ  ഇപ്പോൾ ജീവിച്ചിരുപ്പുണ്ട്, ആരൊക്കെ മരിച്ചു,  എന്നുമെനിക്കറിയില്ല.   അറിയാൻ ശ്രമിച്ചിട്ടുമില്ല

എന്റെ ക്ലാസിൽ തന്നെ പഠിച്ചിരുന്ന മുരളിയുടേ അച്ഛൻ ചാത്തനായിരുന്നു ഞങ്ങളുടെ പറമ്പിലെ കണ്ടത്തിൽ പോത്തുകളേയും കൊണ്ട്അ പൂട്ടാൻ വന്നിരുന്നത്.  സീസൺ അനുസരിച്ച് നെല്ലും, കൊയ്ത്ത് കഴിഞ്ഞാൽ വീണ്ടും പൂട്ടി കളവും, തിണ്ടുമൊരുക്കി പയറും, മുതിരയും, കൊള്ളിയുമെല്ലാം പാടത്തും വരമ്പിലും നട്ടിരുന്നു. 

പറമ്പിലുണ്ടാണ്ടായിരുന്ന മാവുകളിലൊക്കെയും വിരിഞ്ഞു വിളയുന്ന,  തിന്നാലും തീരാത്ത മാമ്പഴങ്ങളൊക്കെയും വെറുതെ കളയരുതെന്ന് കരുതി, മാവുകൾ പൂക്കുമ്പോൾ തന്നെ കരാറെടുത്തിരുന്ന മരക്കച്ചവടക്കാരനായിരുന്ന ഇബ്രാഹിം ഹാജിയേയും എനിക്കോർമ്മയുണ്ട്.  അദ്ദേഹം പണിയിച്ചു തന്ന മരയലമാരിയും, ബുക്ക് ഷെൽഫും ഇന്നും ഞങ്ങളുടേ വീട്ടിൽ കിടപ്പുണ്ട്!

ഞങ്ങളൊക്കെ കൊടും വേനൽ കാലത്ത് കരുവന്നൂർ പുഴയിലേക്ക് കുളിക്കാനായി നടന്നു പോകുമ്പോൾ മുരളി അവന്റെ ഒരു പോത്തിന്റെ പുറത്തിരുന്ന് മറ്റൊരു പോത്തിന്റെ കയറും പിടിച്ച്, വായിലൂടേ ഒരു  ക്ലിം ചിക്ക് എന്ന പ്രത്യേക ശബ്ദമുണ്ടാക്കി, നട പോത്തേ എന്ന് കയ്യിലെ ചാട്ടവാർ ചുഴറ്റിയടിച്ച് ശബ്ദമുണ്ടാക്കി  പോകുന്നത് കണ്ട് ആരാധനയോടെ എത്രയോ തവണ അവനെ നോക്കി നിന്നിട്ടുണ്ട്!

ഞാൻ നാലാം ക്ലാസിലെത്തിയപ്പോൾ, സ്കൂളിലൊക്കെ വല്ലപ്പോഴും മാത്രം വന്നിരുന്ന, ആയതിനാൽ തന്നെ പല തവണ തോറ്റ് എന്റെ ക്ലാസിലായിരുന്ന സത്യനേയും, സത്യന്റെ അച്ഛൻ ഇത്തൾ വാറ്റുന്ന കറപ്പനേയും എനിക്ക് ഓർക്കാൻ കഴിയുന്നുണ്ട്.  കറപ്പനെ ഓർക്കാൻ കാരണം തന്നെ, കറപ്പനന്ന് ഇത്തൾ നീറ്റലായിരുന്നു പണി.  നാലഞ്ചടിയോളം താഴ്ചയുള്ള കിണറുപോലത്തെ ഒരു കുഴിയിലാണു കറപ്പൻ ഇത്തൾ വാറ്റിയിരുന്നത് (കക്ക).  അവിടുന്ന് വാറ്റിയ ഇത്തൾ വാങ്ങിയിട്ടാണു, അന്ന് കാറളത്തെ എല്ലാ വീടുകളും വെള്ള പൂശിയിരുന്നത്!

പ്രായത്തിൽ  സത്യൻ എന്നേക്കാളും രണ്ടോ മൂന്നോ വയസ്സ് മൂത്തതാണെങ്കിലും എന്റെ കൂട്ടുകാരനായിരുന്നു അവൻ.   എന്തിനും ഏതിനും സത്യൻ തയ്യാറായിരുന്നു.   സത്യനോട് ചോദിക്കാനും, പറയാനും, കുട്ടികൾ പോയിട്ട്,  ടീച്ചർമാരും, മാഷുമാരും വരെ പോയിരുന്നില്ല.

ആയിടക്കൊരു ദിവസമാണത് സംഭവിച്ചത്.   ഇന്റർവെൽ സമയത്തോ മറ്റോ, ഞാൻ അഞ്ച് പൈസക്ക് മിട്ടായി വാങ്ങാൻ സുകുമാരന്റെ കടയിൽ ചെന്നപ്പോൾ സത്യനുമവിടെയെത്തി.  മിട്ടായി വാങ്ങി കഴിക്കുന്നതിന്നിടയിൽ, സത്യൻ ഞാത്തിയിട്ടിരുന്ന പഴക്കുല പിടിച്ചൊന്നു കുലുക്കി.  പഴുത്ത് നിൽക്കുന്ന കുലയിൽ നിന്നും അഞ്ചെട്ട് പഴങ്ങൾ  ഉരിഞ്ഞ് താഴെ വീണു.  എന്തടാ സത്യാ നീ ചെയ്തേന്ന് സുകുമാരൻ ചോദിച്ചപ്പോൾ, എനിക്കിഷ്ടമുള്ളത് ചെയ്യും, താനാരാ ചോദിക്കാൻ എന്ന് പറഞ്ഞ് സത്യൻ നേരെ സ്കൂളിലേക്ക് പോയി.  പാവം സുകുമാരൻ!  മെല്ലെ ഇരുന്ന് പഴമെല്ലാം പെറുക്കി ഉപ്പുസോഡയുണ്ടാക്കുന്ന മേശമേൽ വച്ചു.  ഉരിഞ്ഞ് വീണത് കാരണം പഴത്തിന്റെ അഗ്രഭാഗത്തെല്ലാം മണ്ണ് പുരണ്ടിരുന്നു.  വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോഴാണു അത് സംഭവിച്ചത്, സത്യന്റെ അച്ചൻ കറുപ്പൻ വന്ന് സത്യന്റെ കോളറിൽ പിടിക്കുന്നു, പിന്നെ നേരെ സുകുമാരന്റെ കടയിലേക്ക് നടക്കുന്നു.  ആകാംക്ഷ അടക്കാൻ വയ്യാതെ, ഞങ്ങൾ ഒപ്പം.  കടയിലെത്തിയതും, കറപ്പൻ, സത്യന്റെ പെരടിക്കൊരടി, എന്നിട്ടൊരു കൽപ്പന, കുലുക്കടാ പഴക്കുല! അടികിട്ടിയ വേദനയിൽ സത്യൻ പഴക്കുലയിൽ പിടിച്ച് അച്ചന്റെ മുഖത്തേക്ക് ദയനീയമായി സത്യൻ നോക്കുന്നു. അടുത്ത് അടി കരണകുറ്റിക്ക്. കുലുക്കടാ...സത്യൻ കുല കുലുക്കുന്നു, പഴം പൊഴിയുന്നു.  പറക്കടാ പഴം. സത്യൻ പഴം പെറുക്കുന്നു. കഴിക്കടാ.  മൂന്ന്, നാലു, അഞ്ച്, ആറു, സത്യനു പഴം കഴിക്കാൻ പറ്റുന്നില്ല.  വായിൽ പഴം നിറഞ്ഞ് ഹനുമാന്റെ പോലെ മുഖമായി.  ദേ വീണ്ടും അടി പെരടിക്ക്.

കുലുക്കടാ സത്യാ കുല. 

അച്ഛാ, ഇനി എനിക്ക് പഴം വേണ്ട  അച്ഛാ.

പറ്റില്ലട ചാന്തങ്കുട്ടീ, കരിഞ്ചാത്താ, നീ കുലുക്കടാ പഴക്കുല!

സത്യൻ വീണ്ടും പഴക്കുല മെല്ലെ കുലുക്കുന്നു..രണ്ട് മൂന്ന് പഴം  താഴെ വീഴുന്നു. 

ഉറക്കെ കുലുക്കടാ...സത്യൻ മടിച്ച് നിൽക്കുന്നു.  വീണ്ടും കരണകുറ്റിക്കടി.. കുലുക്കടാ....ഹിസ്റ്റീരിയ ബാധിച്ചത് പോലെ സത്യൻ പഴക്കുല കുലുക്കുന്നു..പഴങ്ങൾ കൊഴിഞ്ഞ് വീഴുന്നു...പെറുക്കടാ..സത്യൻ വീണ്ടും പഴം പെറുക്കുന്നു..കഴിക്കടാ...കരച്ചിൽ തുടങ്ങിയ സത്യൻ അച്ഛനോട് മാപ്പിരക്കുന്നു,  ഇനി അടിക്കല്ലേയെന്ന് പറയുന്നു...എന്നോടല്ലടാ, അധ്വാനിക്കുന്ന, ഈ സുകുമാരേട്ടനോട് മാപ്പ് പറയടായെന്ന് പറഞ്ഞ് സത്യന്റെ പെരടിക്ക് വീണ്ടും അടി കറുപ്പൻ വക.

വേണ്ട  കറുപ്പാ, പിള്ളാരല്ലേന്ന് സുകുമാരൻ പറഞ്ഞപ്പോഴേക്കും, അടുത്ത അടി സത്യന്റെ ചെകിടത്ത് വീണു കഴിഞ്ഞിരുന്നു.

സത്യൻ, സുകുമാരേട്ടനോട് ഇനി ഞാൻ പഴക്കുല കുലുക്കില്ല സത്യായിട്ടും സുകുമാരേട്ടാ എന്ന് പറഞ്ഞതും, കറുപ്പന്റെ വക അടുത്ത അടി സത്യന്റെ കരണത്ത്, പിന്നെ പിടിച്ച് ഒരു തള്ളും. സത്യൻ മുന്നിലേക്ക് മുഖമടിച്ച് കമിഴ്ന്ന് വീണു.  മടിയിൽ നിന്നും കാശെടുത്ത് സുകുമാരന്റെ പഴത്തിന്റെ കണക്ക് തീർത്ത് കറപ്പൻ സത്യനേയും കൊണ്ട് പോയി.

പിന്നീട് സത്യൻ സ്കൂളിൽ വന്നിട്ടില്ല. അന്നവസാനിച്ചതാണവന്റെ വിദ്യാഭ്യാസം!

ഒന്നിന്റേയും, രണ്ടിന്റേയും, മൂന്നിന്റേയും, നാണയതുട്ടുകൾ ഓർമ്മയിലുണ്ട്.   അഞ്ചിന്റേയും, പത്തിന്റേയും ഇരുപതിന്റേയും നാണയതുട്ടുകൾ സ്വന്തമായി വിനിമയം ചെയ്തതും ഓർമ്മയിൽ തെളിഞ്ഞ് നിൽപ്പുണ്ട്. അതോടൊപ്പം തന്നെ ഇരുപത് പൈസയുടെ ചെമ്പിന്റെ നാണയതുട്ടും.  ഇരുപതു പൈസയുടെ ചെമ്പിന്റെ നാണയം കൊണ്ട് മോതിരമുണ്ടാക്കി അണിഞ്ഞിരുന്ന ചില ചങ്ങാതിമാരുമുണ്ടായിരുന്നെനിക്ക്.

തിരുവോണക്കാലത്ത് കുമ്മാട്ടി കെട്ടുന്നതും, ഞങ്ങളുടെ തന്നെ ഇടവഴിയിലുള്ള എല്ലാ വീടുകളിലും പോയി കളിക്കുന്നതുമന്നൊക്കെ അന്നൊക്കെ പതിവായിരുന്നു.  ഇന്നത്തെ പോലെ അത് എന്റെ വീട്, ഇത് നിന്റെ വീടെന്നുമുള്ള വിവേചനമൊന്നും അന്നധികം ഉണ്ടായിരുന്നില്ല.  എല്ലാ പിള്ളേരും എല്ലാ വീട്ടിലേയുമാണു.    ഏതു വീട്ടിലും എപ്പോഴും കയറാം, വെള്ളം കുടിക്കാം, പുളിയോ, മാങ്ങയോ പറിക്കാം,  കയറി ചെല്ലുന്ന സമയത്തിനന്നുസരിച്ച്, ചായയോ, കാപ്പിയോ, ഇഡ്ഡലിയോ, ദോശയോ, ചക്കയോ, മാങ്ങയോ എന്താണവിടെ ഉള്ളതെന്നു വച്ചാൽ അതിലൊരു പങ്ക് കയറി ചെല്ലുന്നവനുമുണ്ട്. കഴിക്കാം. കിടക്കാം, ഉറങ്ങാം.   കാരണം എല്ലാവീട്ടുകാരും ഒന്നായിരുന്നു. 

പലയമ്മ പെറ്റവരൊറ്റവീട്ടിൽ!

ഉച്ചക്കൂണു കഴിഞ്ഞാൽ ഞങ്ങൾ പിള്ളേർ സംഘം കർത്താങ്കട പാടത്തോ, തെക്കേലെ ഗൗരിക്കുട്ട്യേച്ചിയുടെ വീട്ടിലെ വിശാലമായ പറമ്പിലോ പോയാണു കുമ്മാട്ടി കെട്ടുന്നത്.  ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനൊക്കെ അന്ന് പൊടിപിള്ളാർ.  മൂന്നിലോ, നാലിലോ പഠിക്കുന്നവർ... എട്ടിലും, ഒമ്പതിലുമൊക്കെ പഠിക്കുന്ന ആദികുറുമാനും,  പോലീസ് ജയനും, ഷാരത്തെ കണ്ണനും, നന്ദനനും, ഹരിയും, പ്രസാദനും, വിജയനും, അങ്ങിനെ പ്രായത്തിൽ മൂത്തവരുടെയൊരു നിര തന്നെയാണു എല്ലാത്തിനും മുൻപിൽ.  കുമ്മാട്ടി കെട്ടുന്നത്, ഇരുമ്പൻപുളിയുടെ ഇലകളും, ഉണങ്ങിയ വാഴയിലകളുമൊക്കെകൊണ്ടാണു.   ശരീരം മൊത്തം കഴുത്തു മുതൽ കാൽ വരെ ഇലകളും, വാഴയിലയുമൊക്കെ വച്ച് ഒരു കുട്ടിയുടെ ശരീരത്തിൽ വാഴനാരുപയോഗിച്ച് കെട്ടും.  മുഖത്ത് ഷേപ്പിൽ വെട്ടിയെടുത്ത കവുങ്ങിൻ പാളകൊണ്ടുള്ള മാസ്കും.  കയ്യിൽ ഒരു വടിയിൽ കടിത്തുമ്പയുടെ ഇലകൾ കൂട്ടി ചേർത്ത് കെട്ടി അതും കുമ്മാട്ടി കയ്യിൽ പിടിക്കും.  കാരണം, ആരാണു കുമ്മാട്ടി എന്നറിയാനുള്ള ജിഞ്ജാസയിൽ എല്ലാ വീട്ടിലേയും, അമ്മമാരും, ചേച്ചിമാരുമൊക്കെ മുഖം മൂടി വലിച്ച് മാറ്റാൻ ശ്രമിക്കും. അപ്പോൾ കയ്യിലിരിക്കുന്ന കടിതുമ്പകെട്ടിയിട്ടുള്ള വടി വച്ചവരെ തടയും.  കടിതുമ്പയുടെ ചൊറിച്ചിലിലും നല്ലത് കുമ്മാട്ടികെട്ടിയിരിക്കുന്നതാരാന്നറിയാതിരിക്കുന്നതാണെന്ന് എല്ലാവരും തീരുമാനിക്കുകയും ചെയ്യും.

കൈകൊട്ടി കുമ്മാട്ടിയെ അനുഗമിച്ച് പാട്ടേറ്റു പാടാൻ ഞങ്ങൾ ജൂനിയേഴ്സ്.. ഞാൻ, ഗോപൻ, ശശി, ഷാരത്തെ ജയകൃഷ്ണൻ (ദില്ലിയിൽ വച്ചൊരിക്കൽ 1990 കളിൽ യേശുദാസിന്റെ ഗാനമേളയുമായി ബന്ധപെട്ടുണ്ടായ കശപിശക്ക് ശേഷം അപ്രത്യക്ഷനായതാണവൻ എന്റെ ഒന്നു മുതൽ അഞ്ചാം ക്ലാസുവരെ ക്ലാസ് മേറ്റായിരുന്നവൻ.....ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്നു പോലും ഇന്നുമറിയില്ല, അവന്റെ ചേട്ടൻ കണ്ണൻ കാനഡയിൽ സെറ്റിൽഡാണു വർഷങ്ങളായിട്ട് -  ഇന്നും അനുജൻ വരുമെന്നോർത്ത് കാത്തിരിക്കുന്നുണ്ട്.  ഇടക്കിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുമിടുന്നുണ്ടായിരുന്നു കഴിഞ്ഞ കുറേയേറെ വർഷങ്ങൾ വരെ)

ചില പാട്ടുകളുടെ വരികളെനിക്കിപ്പോഴും ഓർമ്മയുണ്ട്.

അഞ്ഞൻ നായരു കുഞ്ഞൻ നായരു മഞ്ഞകാട്ടിൽ പോയാലോ,
മഞ്ഞക്കാട്ടിൽ പോയാൽ പിന്നെ മഞ്ഞക്കിളിയെ പിടിക്കാലോ,
മഞ്ഞക്കിളിയെ പിടിച്ചാൽ പിന്നെ പപ്പും തോലും പറിക്കാലോ,
പപ്പും തോലും പറിച്ചാൽ പിന്നെ ഉപ്പും മുളകും പുരട്ടാലോ,
ഉപ്പും മുളകും പുരട്ടിയാൽ പിന്നെ
ചട്ടിലിട്ടു വറക്കാലോ,
ചട്ടീലിട്ടു വറത്താൽ പിന്നെ
കള്ളും കൂട്ടി അടിക്കാലോ.

ആറാപ്പേ, ഹോയ്, ഹോയ്, ഹോയ്.

പഴോം പപ്പടൊം തന്നില്ലെങ്കിൽ പടിക്കൽ തൂറും കുമ്മാട്ടി.

എല്ലാ വീട്ടിന്നും  ഇരുപത്തഞ്ച്, അമ്പത് പൈസകൾ,  ഒരു രൂപ, ചിലപ്പോൾ രണ്ട് രൂപയും കിട്ടാറുണ്ട്.  പിന്നെ ചാക്ക് നിറയെ, പഴവും, കായ വറുത്തതും, ശർക്കര വരട്ടിയും.  കൂടി വന്നാൽ  പത്തോ, പതിനഞ്ചോ രൂപ കാണും.    പൈസയെല്ലാം പങ്കിട്ട് മുതിർന്നവർ എടുക്കും.  വറവുകളെല്ലാം ഞങ്ങൾ ജൂനിയേഴ്സിനാണു.  വീട്ടിൽ ഇഷ്ടം പോലെ ഉണ്ടെങ്കിലും, കളിച്ച് കിട്ടിയ വറവുകൾ ട്രൗസറിന്റെ രണ്ട് പോക്കറ്റിലും നിറച്ചിട്ട് കൊറിച്ച് കൊണ്ട് നടക്കുന്നതിന്റെ രസമൊന്ന് വേറെ തന്നെ.

ഓണത്തിരക്കൊക്കെ കഴിഞ്ഞ് ഗ്രാമം പതിയെ സാധാരണ നിലയിലേക്ക് മടങ്ങും. 

കന്നി മാസം വരുകയായി

ഭാഗം  രണ്ട്  - പോത്തോട്ടോണം (ചരിത്രം‌)

കന്നിമാസത്തിലെ തിരുവോണത്തിന് പോത്തുകളെ ആരാധനാ പൂര്‍വ്വം കെട്ടിയെഴുന്നള്ളിച്ച് വിവിധ ദേശക്കാര്‍ പോത്തോട്ടക്കല്ലിന് ചുറ്റും വലംവച്ചോടുന്ന ചടങ്ങുണ്ട്. ഈ സമയത്ത് മഹാശിലായുഗകാലത്തെ ശേഷിപ്പുകളായ നാട്ടുകല്ലുകള്‍ക്ക് സമാനമായ കല്ലിനു മുകളില്‍ കയറിനിന്ന് ഈ ചടങ്ങിന് നായകസ്ഥാനം വഹിക്കുന്നത് പുലയസമുദായക്കാരനായ വള്ളോനാണ്. അധികാരചിഹ്നങ്ങളായ കുടയും വടിയുമായാണ് നെല്‍ക്കതിരിനു മുകളില്‍ വള്ളോന്റെ നില്‍പ്പ്. ആ കാര്‍ഷികോത്സവം സൂചിപ്പിക്കുന്നത് പഴയ ബൗദ്ധരുടെ ഭൂമിയിലുള്ള അധികാരവും സാമൂഹ്യപദവിയുമാണ്. വിത്തും വിളവും കൈമാറുന്ന ഈ ചടങ്ങില്‍ നായര്‍ സമുദായങ്ങള്‍ക്കു വരെ പങ്കാളിത്തമുണ്ട്. പറയ സമുദായക്കാരാണ് പൗരോഹിത്യം വഹിക്കുക. പ്ലാവില കൊണ്ട് പോത്തിന്റെ രൂപമുണ്ടാക്കി ഓണത്തപ്പനെ വച്ച് തൊഴുത്തിലും മുറ്റത്തും ഓണംകൊള്ളുന്ന ചടങ്ങ് പോത്തോട്ടോണത്തിന്റെ സവിശേഷതയാണ്. ചാത്തന്റെ വാഹനം പോത്താണ്. പോത്ത് കേരളത്തിലെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ഒരു മൃഗമാണ്. ചാത്തന്‍ എന്ന പേര് ഇവിടത്തെ കാര്‍ഷികവൃത്തി നടത്തുന്ന സമുദായങ്ങളിലിന്നും സജീവമായി നിലനില്‍ക്കുന്നു (കടപ്പാട് - എം ആർ രാജിക - http://utharakalam.com/2015/08/19/13395.html)

പോത്തോട്ടോണം  - ഇനി കഥയിലേക്ക്

പോത്തോട്ടോണത്തിൽ പങ്കെടുക്കുന്ന പോത്തിനെ ഊരു ചുറ്റിക്കുക എന്നൊരു ചടങ്ങുണ്ട്. 

പങ്കെടുക്കുന്ന പോത്തുകളെ രാവിലെ കാവിൽ കൊണ്ട് വന്ന് തൊഴുത്, കഴുത്തിൽ മാല ചാർത്തി പിന്നെ ഊരു ചുറ്റിച്ച് വീടുകളിലേക്ക് മടക്കം! 
ഊരു ചുറ്റിക്കാൻ വന്ന പോത്തുകളിലൊന്നിനെ പിടിച്ചിരുന്നവരിലൊരുവൻ സത്യൻ..അന്ന് പഴക്കുല കുലുക്കൽ കേസ് കഴിഞ്ഞവനെ പിന്നീട് കാണുന്നതന്നാണു.     മറ്റൊരു പോത്തിനെ പിടിച്ചിരിക്കുന്നതിൽ ഒരുവൻ മുരളി!  അതെ, എന്റെ ക്ലാസിൽ പഠിക്കുന്ന മുരളി.

ഊരു ചുറ്റിനുശേഷം അവനവന്റെ കുടിയിലേക്ക് കൊണ്ട് പോകുന്ന പോത്തിനു,  കാടിയിൽ നിറയെ ചാരായവും, കറുപ്പും കലക്കി  കുടിപ്പിച്ച് ഫുൾ ഫിറ്റായാണു പോത്തുകൾ അന്നത്തെ ദിവസം ഉച്ചക്ക് ഒരു മൂന്ന് മണിയോടെ പോത്തോട്ടോണ തറയിൽ വരുന്നതും,  നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതും. 

ഞങ്ങൾ ഇടവഴിയിലുള്ളവരെല്ലാം ചേർന്നാണു കാറളം സെന്റർ കഴിഞ്ഞ് പിന്നേയും  ഒരു കിലോമീറ്ററോളം മാറിയുള്ള പോത്തോട്ടോണ തറയിലേക്ക് പോകുന്നത്.  കുട്ടികളുടെ കൈ പിടിച്ച് അമ്മമാരും, ചേച്ചിമാരും, അച്ഛന്മാരും, അമ്മാവന്മാരുമൊക്കെ കൂടെയുണ്ടാകും.  നമ്മുടെ  ഇടവഴിയിലെ  ടീമിൽ തന്നെ അടിക്കുന്ന കാരണവന്മാരൊക്കെ അടിച്ച് കിണ്ടിയായി അന്ന് പോത്തിനെ മൂച്ചേറ്റുവാൻ മുൻ നിരയിൽ പോയി നിൽക്കും (ബാർസലോണയിലെ കാളപ്പോരിനെപ്പോലൊരു സംഭവമാണിതും എന്നെനിക്ക് മനസ്സിലായത് വർഷങ്ങൾ കഴിഞ്ഞാണു)

പോത്തോട്ടോണ പറമ്പിനു ചുറ്റും ഞങ്ങൾ ആകാംഷയോടെ നിൽക്കുന്നു.

അതാ, വലിയ നാട്ടുകല്ലിനു മുകളിൽ കുടയും വടിയും, കഴുത്തിലൊരു ജമന്തിമാലയുമണിഞ്ഞ് കറപ്പൻ!

ചെണ്ടമേളങ്ങൾ മുറുകുകയായി. ചെണ്ടമേളത്തിനൊരു പ്രത്യേക താളമുണ്ട്.

ടണ്ടുമുണ്ടും ടണ്ടും, ടങ്കിടമുണ്ടും ടണ്ടും, ടണ്ടും, ടണ്ടും, ടണ്ടും ഡും. ഇതാണു താളം.  ഒപ്പം കുഴലുമുണ്ട്.. രൗദ്രതാളത്തിൽ തന്നെ.

പോത്തുകൾ ഓരോന്നായി വരവായി.  ഓരോ പോത്തിനേയും കൊണ്ട് വരുന്നത് മൂന്നും നാലും അഞ്ചും ആളുകൾ ചേർന്നാണു.

ആദ്യത്തെ പോത്ത് വന്നു, രണ്ടും മൂന്നും, നാലും അഞ്ചും പോത്തുകൾ വന്നു.

കറുപ്പൻ തന്റെ ചിഹ്നമായ വടിയുയർത്തുന്നു.. കൈ പുറകിലേക്ക് കാണിക്കുമ്പോൾ സത്യൻ പൂക്കൾ കൈകളിലേക്ക് നൽകുന്നു. 

ചാത്തന്റെരിപ്പിടം പോയി വാ മക്കളേ......ചാത്തൻ പൂക്കൾ പറമ്പിലേക്കെറിയുന്നു..

പോത്തുകളും, പോത്തിനെ പിടിച്ച ആളുകളും പായുന്നു, കല്ലിനു ചുറ്റും വലം വക്കുന്നു....ആദ്യത്തെ ചുറ്റ് അല്പം പതുക്കെ, പിന്നത്തേത്, അല്പം വേഗതയിൽ, പിന്നെ വേഗത നിയന്ത്രണാതീതം....

പോത്തുകൾ   സർവ്വ ബലവും സംഭരിച്ചോടുന്നു...കാണികളുടെ ഇരമ്പൽ ഉയരുന്നു...

പോത്തുകൾ പായുന്നു....

ആളുകൾ ചിതറുന്നു നാനാ ദിശകളിലേക്കുമായി,

ദൂരേക്ക് ദൂരേക്ക് ദൂരേക്ക്...

പോത്തുകൾ  പിന്നേയും പായുന്നു... താളമേളങ്ങൾ കൊഴുക്കുന്നു.

ടണ്ടുമുണ്ടും ടണ്ടും, ടങ്കിടമുണ്ടും ടണ്ടും, ടണ്ടും, ടണ്ടും, ടണ്ടും ഡും!

5 comments:

കുറുമാന്‍ said...

ബാല്യകാല സ്മരണകളും, പോത്തോട്ടോണവും

Russel said...

Balyakalathiloode onnu kayari irangi vannu...
super nostu.

Muralee Mukundan , ബിലാത്തിപട്ടണം said...

അസ്സലായിട്ടുള്ള ഒരു പോത്തോട്ട ഫ്ലാഷ് ബാക്ക്

kanakkoor said...

Enjoyed it... Thanks kurumaan

Rathish said...

സിന്ധു തിയറ്ററും മരകമ്പിനിയുമൊന്നുമിപ്പോ അവിടെയില്ല ,ഞാനൊരു കാറളം കാരൻ ആണ് നല്ല അവതരണം