സംഭവം നടക്കുന്നത് തൊണ്ണൂറ്റി മൂന്നിലാണ്. അതും തലസ്ഥാനത്ത്.
ഇന്നത്തെ ദില്ലി പോലെ, എവിടെ തിരിഞ്ഞു നോക്കിയാലും ഫ്ലൈ ഓവറുകളും, ഷോപ്പിങ്ങ് മാളുകളും, മെട്രോയും, പബ്ബുകളും, ഡിസ്കോതെക്കുകളും (തെക്കാണോ അതോ വടക്കോ) നിരത്തിലൂടെ നിറഞ്ഞൊഴുകുന്ന ലക്ഷ്വറി കാറുകളും, കെ എഫ് സിയും, പിസ ഇന്നും മറ്റും അന്നുണ്ടായിരുന്നില്ല മറിച്ച്, ഏക്സിലേറ്ററൊന്നു മുഴുവന്‍ കൊടുക്കും മുന്‍പേ വണ്ടി നിറുത്തേണ്ടിയിടേണ്ടി വരുന്ന സിഗ്നലുകളും, അവിടേയും, ഇവിടേയും കാണുന്ന ഗോള്‍ ചക്കര്‍ എന്ന പേരില്‍ അറിയപെടുന്ന റൌന്ഡ് അബൌട്ടുകളും, ഡോറില്‍ അടിച്ച് ശബ്ദമുണ്ടാക്കികൊണ്ട് ആളുകളെ കയറ്റിയും, ഉന്തിയിറക്കിയും നിരത്തിലൂടെ ചീറിപാഞ്ഞ് പോകുന്ന ബ്ലൂ ലൈന്‍, റെഡ് ലൈന്‍ ബസ്സുകളും, ആര്‍ക്കോ വേണ്ടിയെന്നതു പോലെ നിരത്തിലൂടെ നിരങ്ങി നീങ്ങുന്ന ഡി ടി സി ബസ്സുകളും, നവരസ ഭാവങ്ങളിലുള്ള മാരുതി, അമ്പാസിഡര്‍, കോണ്ടസ, പത്മിനികള്‍ നിറഞ്ഞതായിരുന്നു അന്നത്തെ ദില്ലി. പബ്ബുകളും, ഡിസ്കോതെക്കു-വടക്കുകളുമെല്ലാം ആവശ്യത്തിനുണ്ടായിരുന്നെങ്കിലും സാധാരണക്കാരന് കൈയ്യെത്തിച്ച് പിടിക്കാന്‍ പറ്റാത്ത ഉയരത്തിലായിരുന്നതിനാല്‍, ദാരിദ്ര്യരേഖയെ കെട്ടിപിടിച്ച് ജീവിക്കുന്ന ഞാനടക്കമുള്ള സാധാരണക്കാരായ ആളുകള്‍ ഫാസ്റ്റ് ഫുഡായി കഴിച്ചിരുന്നത്, ബ്രെഡ് പക്കോറയും, മരത്തിന്റെ തണലില്‍ നിറുത്തിയിട്ടിരിക്കുന്ന ഉന്തുവണ്ടിയില്‍ വില്‍ക്കുന്ന ഛോലേ കുല്‍ച്ചായും, ഉദ്ദിഷ്ടകാര്യത്തിന് റീടെയില്‍ തീര്‍ത്ഥകുളങ്ങളേയും, കുളത്തിനോട് ചുറ്റി പറ്റിയുള്ള, ഢാബകള്‍, ജ്യൂസുകടകള്‍ എന്നിവയേയുമാണ് ആശ്രയിച്ചിരുന്നത്.
ഞാന്‍ അന്ന് താമസിച്ചിരുന്നത് ഡൊമിനിയോടൊപ്പം സൌത്ത് ദില്ലിയില്‍, മാളവീയ നഗറിനോട് ചേര്‍ന്ന് കിടക്കുന്ന കിര്‍ക്കി ഗ്രാമത്തിലെ ജനതാ ഫ്ലാറ്റിലാണ്. തൊട്ടടുത്ത ഫ്ലാറ്റുകളില്‍ താമസിക്കുന്ന കുടുംബങ്ങളുമായി വളരെ നല്ല അടുപ്പമായിരുന്നതിനാല്‍, മുടക്ക് ദിവസങ്ങളില്‍ അതിഥികള്‍ ഇല്ല എങ്കില്‍ സാധാരണയായി ഞങ്ങള്‍ക്ക് ഉച്ച ഭക്ഷണം പാകം ചെയ്യേണ്ടി വരാറില്ല, അടുത്തുള്ള ഏതെങ്കിലും ഒന്ന് രണ്ട് വീടുകളില്‍ നിന്നു കാര്യമായി എന്തെങ്കിലും വിഭവങ്ങള്‍ തടയുക എന്നത് ഞങ്ങളുടെ തലേലെഴുത്തിന്റെ ഭാഗമായിരുന്നു.
സാധാരണ വീക്കെന്റുകളില് അര്‍മ്മാദിക്കുവാനായി ഒന്നുകില്‍ വികാസ് പുരിയില്‍ താമസിക്കുന്ന സുഭാഷ്, രാമേട്ടന്, നാരായണന്, കല്‍ക്കാജിയിലുള്ള മോട്ടു സുരേഷ്, തുടങ്ങിയ ചങ്ങാതികള്‍ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വരുകയോ, അല്ലെങ്കില്‍ ഡൊമിനി ഡൊമിനിയുടെ ഓഫീസിലുള്ള പിള്ള സാറിന്റെ വീട്ടിലേക്കും, ഞാന്‍ നോയിഡയിലുള്ള എന്റെ കസിന് സിസ്റ്ററിന്റെ വീട്ടിലേക്കോ, വികാസ് പുരിയിലുള്ള സുഭാഷിന്റെ ഫ്ലാറ്റിലോ, കല്‍ക്കാജിയിലുള്ള മോട്ടു സുരേഷിന്റെ ഫ്ലാറ്റിലേക്കോ പോകുകയാണ് ചെയ്യാറ്.
വീക്കെന്റിലുള്ള അര്‍മ്മാദത്തിന് ഇന്നതേ ചെയ്യാവൂ എന്ന ലിഖിത നിയമങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍, സിനിമ കാണല്‍, ടൂറ് പോക്ക്, ശീട്ടുകളി, തീര്‍ത്ഥപാനം, തീര്‍ത്ഥപാനത്തിന്റെ ലെവലനുസരിച്ച് കയ്യാങ്കളി, തുടങ്ങിയ എന്തും ഏതും അവനവന്റെ മനോധര്‍മ്മത്തിനനുസരിച്ചും, സാഹചര്യത്തിനനുസരിച്ചും ഞങ്ങള്‍ നടത്തി പോന്നു.
മുകളില്‍ പറഞ്ഞത് പോലെ അടുത്തുള്ള വീട്ടുകളില്‍ നിന്നും ഫുഡ് ഐറ്റംസ് തടയുന്നത് ഞങ്ങളുടെ തലേലെഴുത്തിന്റെ ഭാഗമായിരുന്നെങ്കില്‍, കയ്യിലിരുപ്പിന്റെ ഭാഗമായി അതിലപ്പുറവും തടഞ്ഞിട്ടുള്ള സാഹചര്യങ്ങള്‍ അപൂര്‍വ്വമാണെങ്കിലും അത്യപൂര്‍വ്വമൊന്നുമല്ല!. അത്തരുണത്തില്‍ തലേലെഴുത്തിന്റെ ഭാഗമല്ലാതെ, ചെലുത്തിയ തീര്‍ത്ഥത്തിന്റെ അളവ് താങ്ങാവുന്നതിലും എറിപോയതിനാല്‍, തലച്ചോര്‍ റോങ്ങ് മെസ്സേജ് പാസ്സു ചെയ്യുകയും തദ്വാര തീപന്തത്തില്‍ തെള്ളിപൊടി എറിഞ്ഞപോലെ ആത്മരോഷം ആളികത്തുകയും ചെയ്ത ഒരപൂര്‍വ്വ നിമിഷത്തില്‍ സംഭവിച്ച ഈ സംഭവം ഒരൊന്നൊന്നര സംഭവമായിരുന്നു.
ഇപ്പോഴും ഇടക്കിടെ അന്ന് നടന്ന ആ സംഭവത്തെ മനസ്സിന്റെ ഡി വി ഡി പ്ലെയറിലിട്ട് റിവൈന്‍ഡ് അടിച്ച് പ്ലേ ചെയ്യുമ്പോഴെല്ലാം നടുക്കത്തില്‍ തുടങ്ങി പുഞ്ചിരിയില്‍ അവസാനിക്കുന്ന നവരസ ഭാവങ്ങളിലൊന്നും പെടാത്ത ഒരു പ്രത്യേക ഭാവം (കണ്ടക ഭാവം) മുഖത്ത് വിരിയുകയും പതിവാണ്. കണ്ടക ഭാവത്തിനും കണ്ടകശനിക്കും തമ്മില്‍ നേരിയ ഒരു വിത്യാസമേയുള്ളൂ. കണ്ടകശനി കൊണ്ടേ പോവൂ എന്നാണെങ്കില്‍ കണ്ടക ഭാവം, പോയികഴിഞ്ഞ്, കൊണ്ടും കഴിഞ്ഞിട്ടാണ് വിരിയുക എന്ന് മാത്രം.
അന്നൊരു ഏഴാം തിയതിയായിരുന്നു, പോരാത്തതിനു ശനിയാഴ്ചയും! തൊണ്ണൂറ്റി മൂന്നില്‍ നടന്ന ഒരു സംഭവത്തിന്റെ തിയതിയും, ആഴ്കയും വരെ ഇത്ര കൃത്യമായി ഓര്‍മ്മ വക്കുന്നതെങ്ങിനെ? ഓര്‍മ്മ വക്കേണ്ട ആവശ്യമെന്ത്? ചുമ്മാ വെച്ച് കീറുന്നതായിരിക്കും എന്നൊക്കെ വായനക്കാര്‍ക്ക് തോന്നുന്നത് സ്വാഭാവികം. പക്ഷെ ആ ദിവസവും, ആഴ്ചയും ഓര്‍മ്മവക്കാന്‍ അതിന്റേതായ കാര്യമുണ്ട്, കാരണമുണ്ട്! അത് വഴിയെ.
കര്‍ക്കടമാസം പഞ്ഞമാസം എന്നാണ് ചൊല്ലെങ്കിലും, ഞങ്ങളെ സംബദ്ധിച്ചിടത്തോളം അങ്ങനെ ഒരു പ്രത്യേക മാസം മാത്രമായിരുന്നില്ല പഞ്ഞ മാസം മറിച്ച് എല്ലാ മാസങ്ങളും പഞ്ഞ മാസങ്ങള്‍ തന്നെ ആയിരുന്നു. പ്രത്യേകിച്ചും എല്ലാ മാസത്തിലേയും അവസാന ആഴ്ചയും അതു കഴിഞ്ഞു വരുന്ന മാസത്തിലെ ആദ്യത്തെ ആഴ്ചയും.
ഏഴാം തിയതി രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച്, കുറിതൊട്ട്, കുരിശ് വരച്ചും, ചുമന്നും ഓഫീസിലേക്ക് പോകുവാന്‍ എനിക്കെന്നല്ല പ്രൈവറ്റ് സെക്റ്ററില്‍ ജോലി ചെയ്യുന്ന ഒരു വിധം എല്ലാവര്ക്കും പതിവില്‍ കവിഞ്ഞ ശുഷ്കാന്തിയായിരുന്നു. കാരണം ഏഴാം തിയതിയായിരുന്നു അന്നൊക്കെ പ്രൈവറ്റ് സെക്റ്ററില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ശമ്പളം കിട്ടുന്നത്.
അന്നു രാവിലെ കുളിച്ചൊരുങ്ങി, കാറ്റുപോയ ബലൂണ്‍ പോലെയുള്ള പഴ്സുമെടുത്ത് അവനവന്റെ ഓഫീസിലേക്ക് പോകാനിറങ്ങുമ്പോള്‍ ഞാനും, ഡൊമിനിയുമെല്ലാം ഉത്സാഹവാന്മാരായിരുന്നു കാരണം ഏഴാം തിയതിയായിരുന്നു അന്ന് പോരാത്തതിന് ശനിയാഴ്ചയും! ശനിയാഴ്ചയെന്നാല്‍ വീക്കെന്റ്. വീക്കെന്റെന്നാല്‍ സന്ധ്യ മയങ്ങുന്നതിനൊപ്പം തന്നെ ഞങ്ങള്‍ക്കും മയങ്ങാം. പക്ഷെ ഞങ്ങളുടെ ഉത്സാഹത്തിന്റെ മൂക്കില്‍ പഞ്ഞി തിരുകി, കോടി പുതപ്പിച്ചുകൊണ്ട് ആ ഓര്‍മ്മ പെട്ടെന്ന് ഓടികിതച്ചെത്തി!!
ഏക് ഔര്‍ സാത്ത് താരീഖ് കോ ടേക്ക ബന്ദ് ഹേ (ഗവണ്മെന്റ് ജീവനക്കാരുടെ ശമ്പളദിവസമായ ഒന്നാം തിയതിയും, പ്രൈവറ്റ് ജീവനക്കാരുടെ ശമ്പള ദിവസമായ ഏഴാം തിയതിയും തീര്‍ത്ഥ കടക്ക് അവധി).
സാധാരണ ഒന്നിനും ഏഴിനും മുന്‍പ്, പ്രത്യേകിച്ചും ആ തിയതികള്‍ ശനിയാഴ്ചയാണ് വരുന്നതെങ്കില്‍ ആവശ്യമുള്ള ക്വാട്ട തലേന്ന് തന്നെ വാങ്ങി സ്റ്റോക്ക് ചെയ്യുന്ന പതിവു ഇക്കുറി തെറ്റാന്‍ തന്നെ കാരണം ഞങ്ങള്‍ കടം വാങ്ങാറുള്ള ചങ്ങാതിമാര്‍ വരെ ഞങ്ങളോട് കടം ചോദിച്ച വാരമായിരുന്നു അത് എന്നത് മാത്രമാണ്.
ഇതിനൊരു തീരുമാനമുണ്ടാക്കാതെ ഓഫീസില്‍ എങ്ങനെ പോകും എന്നാലോചിച്ച് ഞാനും ഡൊമിനിയും ഹിരണ്യകശിപുവിനെപോലെ (ഇങ്ങനെ ഒരാളില്ലെ? നമ്മുടെ നരസിംഹം വയറ് കീറിയത്) വീടിന്റെ അകത്തും, പുറത്തുമല്ലാതെ കട്ടിളപടിയില്‍ നിന്നു തല പുകച്ചതിന്റെ ഫലമായി സമസ്യക്കുത്തരം കിട്ടി.
രാത്രി ഒമ്പത് മണികഴിയുമ്പോഴും, ഒന്ന് , ഏഴ് തുടങ്ങിയ തിയതികളിലും, ദില്ലിയിലെ തീര്‍ത്ഥകുളം വറ്റിവരളുമ്പോള്‍, വരള്‍ച്ചയെ ഞങ്ങള്‍ നേരിടുന്നത്, ദില്ലി-ഹരിയാന ബോര്‍ഡറിലുള്ള സൂരജ് കുണ്ടിലോ, ദില്ലി-യുപി ബോര്‍ഡറിലുള്ള നോയിഡയിലോ ഉള്ള തീര്‍ത്ഥകുളത്തില്‍ പോയി അവിടെ തന്നെ മുങ്ങുകയോ,അല്ലെങ്കില്‍ ആവശ്യത്തിന് തീര്‍ത്ഥം കമണ്ടലുവില് നിറച്ച് വരുകയാണ് പതിവ്. ഇന്നും അത് പോലെ തന്നെ സൂരജ് കുണ്ടിലോ, നോയിഡയിലോ പോയി തീര്‍ത്ഥം സംഘടിപ്പിക്കാം ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു. പിന്നെ അവനവന്റെ വഴിക്ക് പിരിഞ്ഞു.
വൈകുന്നേരം നാല് മണിയായപ്പോള്‍ സുഭാഷിന്റെ ഫോണ്‍. കുറുമാനെ, ഇന്ന് ഇങ്ങോട്ട് വികാസ് പുരിയിലേക്ക് വാ, നമുക്കിവിടെ കൂടാം. ഞാന്‍ ഡൊമിനിയേം വിളിച്ച് പറഞ്ഞിട്ടുണ്ട്.
അതിന് ഇന്ന് ഏഴാം തിയതിയല്ലേടാ? പിന്നെ വന്നിട്ടെന്ത് കാര്യം?
ഒരു വെടിക്കുള്ള മരുന്നൊക്കെ ഞങ്ങള്‍ ഇന്നലെ തന്നെ വാങ്ങി വച്ചിട്ടുണ്ട്. ബാക്കി നമുക്ക് രാത്രി ഉത്തം നഗറില്‍ പോയി വാങ്ങാം.
ശരി, വൈകീട്ട് ഞങ്ങള്‍ വികാസ് പുരിയിലെത്തിക്കൊള്ളാം.
ഡൊമിനിക്ക് ഫോണ്‍ ചെയ്തപ്പോള്‍ ജോലി കഴിഞ്ഞാല്‍ നേരിട്ട് വികാസ് പുരിയില്‍ എത്താം എന്ന് പറഞ്ഞതിനെ തുടര്‍ന്ന് , ഐ ഒ യു വാങ്ങിയത് മുഴുവന്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ വെട്ടി കിഴിച്ച് എക്കൌണ്ടന്റ് നല്കിയ, തൊഴിലുണ്ടായിട്ടും തൊഴില്ലില്ലായ്ന്മ വേതനത്തോളം പോന്ന വേദനം (വേതനം) പോക്കറ്റില്‍ തിരുകി ഓഫീസില്‍ നിന്നിറങ്ങി എന്റെ യെസ്ഡി റോഡ് കിങ്ങില്‍ കയറി വികാസ്പുരിയിലേക്ക് തിരിച്ചു.
സുഭാഷിന്റെ ഫ്ലാറ്റില്‍ ഞാന്‍ ചെന്ന് കയറുമ്പോള്‍, ഡൊമിനിയും, സുഭാഷും, നാരായണനും, രാമേട്ടനും ഒക്കെ ചേര്‍ന്ന് കലാപരിപാടികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇതിനെയാണ് ടൈമിങ്ങ് എന്നു പറയുന്നത്. തൊണ്ട ഭാഗ്യം, തൊണ്ട ഭാഗ്യം. അല്പം വൈകിയിരുന്നെങ്കില്‍ അളവില്‍ അറുപത് കുറഞ്ഞേനെ!!
റം കുടിച്ച് റമ്മികളിച്ചിരുന്ന് റം കഴിഞ്ഞൂന്ന് മനസ്സിലായത് റമ്മിന്റെ കുപ്പി കമിഴ്ത്തിയിട്ടും റം ഗ്ലാസ്സിലേക്ക് വീഴാതിരുന്നപ്പോഴാണ്. സമയം എട്ടരയാകുന്നതേയുള്ളൂ.
ഇനിയെന്ത് ചെയ്യും?
ഉത്തംനഗറില്‍ ബ്ലാക്കില്‍ കിട്ടുന്ന സ്ഥലത്ത് പോയി ഞാന്‍ വാങ്ങി വരാം. സുഭാഷ് പറഞ്ഞു. എങ്കില്‍ ഒപ്പം ഞാനും വരാം. രണ്ട് മൂന്നെണ്ണം ഉള്ളില്‍ ചെന്നാല്‍ പിന്നെ എനിക്കും സുഭാഷിനും എന്ത് കാര്യത്തിനും ചൊറുചൊറുക്കും, ഉത്സാഹവും ഒക്കെ ഇത്തിരി കൂടുതലാ!
ബൈക്കെടുത്ത് ഉത്തം നഗറില്‍ പോയെങ്കിലും ഞങ്ങളുടെ ടൈം ഉത്തമമല്ലാതിരുന്നതിനാല്‍, കരിചന്ത വിതരണക്കാരെ പോലീസ് പൊക്കിയെന്ന വാര്‍ത്ത അറിഞ്ഞ് വെറും കയ്യോടെ തിരിച്ച് ഫ്ലാറ്റിലേക്ക് വരേണ്ടി വന്നു.
ഇനിയെന്ത് എന്ന ചോദ്യം ഡെമോക്ലസ്സിന്റെ വാളുപോലെ ഞങ്ങളുടെ മുന്പില് കിടന്നാടി. വാള് കിടന്നാടിയതു കൊണ്ട് കാര്യമില്ലല്ലോ? വാള് വെക്കാനായി നമ്മളായിട്ടെന്തെങ്കിലും ചെയ്യണ്ടെ?
ടാസ്ക് ഫോഴ്സ് പോളിസി പ്രകാരം ഇത്തരം ക്ര്യൂഷ്യല്‍ ഘട്ടങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പെട്ടെന്നായിരിക്കണമെന്ന തത്വം കണക്കിലെടുത്ത് അഞ്ച് മിനിറ്റിനകം തന്നെ തീരുമാനമെടുത്തു. എല്ലാര്ക്കും കിര്‍ക്കി ഗാവില്‍ പോകാം. അവിടെ റൂമിലെത്തിയിട്ട് നറുക്കെടുത്തതിനുശേഷം, നറുക്ക് വീഴുന്ന രണ്ട് പേര് സൂരജ് കുണ്ടില്‍ പോയി ആവശ്യത്തിനുള്ള തീര്‍ത്ഥം വാങ്ങി വരുക.
രണ്ട് ബൈക്കുകളിലായി അഞ്ചു പേരും വികാസ് പുരിയില്‍ നിന്നും കിര്‍ക്കി ഗ്രാമത്തിലേക്ക് വണ്ടി നീങ്ങി. എന്റെ വണ്ടിയില്‍ രണ്ട് പേരും, ഡൊമിനിയുടെ വണ്ടിയില്‍ മൂന്നു പേരും. വണ്ടി നീങ്ങി കൊണ്ടിരിക്കെ, ജനക് പുരി റൌണ്ട് അബൌട്ടെത്തിയപ്പോള്‍ ഡൊമിനിയുടെ വണ്ടി സഡ്ഡന്‍ ബ്രേക്കിട്ടു. തൊട്ടു പിന്നാലെ ഞാനും.
എന്തേ? ഞാനും, എന്റെ വണ്ടിയിലിരുന്ന രാമേട്ടനും ഒരുമിച്ച് ചോദിച്ചു.
അതെ, ഇവിടെ ദാ കാണുന്ന ഗലിയില്‍ ബ്ലാക്കില്‍ കൊടുക്കുന്ന ഒരു സ്ഥലമുണ്ട്. നിങ്ങളിവിടെ നില്ക്ക് ഞാന്‍ പോയി നോക്കിയിട്ട് വരാം. സുഭാഷ് പറഞ്ഞു.
എങ്കില്‍ വേഗം ചെല്ല്, സൂരജ് കുണ്ട് വരെ പോകാണ്ട് കഴിക്കാമല്ലോ.
പത്ത് മിനിറ്റിനകം കയ്യില്‍ ഒരു പൊതിയും വാ നിറയെ ചിരിയുമായി സുഭാഷ് വരുന്നത് കണ്ടപ്പോള്‍ തന്നെ അവന്റെ ചിരി ഞങ്ങളിലേക്കും പടര്‍ന്നു.
വീട്ട്യേ പൂവല്ലെ? ഡൊമിനി വണ്ടി സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് ചോദിച്ചു.
വേണ്ടടാ. വീട്ടില്‍ പോയാല്‍ എന്തായാലും അത്താഴം കഴിക്കാന്‍ പുറമേക്കിറങ്ങണം, അല്ലെങ്കില്‍ പാഴ്സല്‍ വാങ്ങണം. നമുക്ക് പോകുന്ന വഴി ധൌളാകുവാനിലുള്ള ഡാബയില്‍ കയറാം. അവിടേയാവുമ്പോള്‍ തീര്‍ത്ഥോം കുടിക്കാം, നല്ല തന്തൂരി ചിക്കനും കഴിക്കാം.
എല്ലാവര്ക്കും വെറും സമ്മതമല്ല, പരിപൂര്‍ണ്ണ സമ്മതം.
വണ്ടി ധൌളാകുവാനില്‍ ഞങ്ങള്‍ കഴിക്കാറുള്ള ഡാബക്കു മുന്പില് നിറുത്തി എല്ലാവരും ഡാബക്ക് മുന്പില് ഇട്ടിരിക്കുന്ന മേശ കസേരകളില്‍ ഇരുന്ന് കഴിക്കാനുള്ള സാധനങ്ങള്‍ക്കോര്‍ഡര്‍ കൊടുത്തു.
സ്റ്റീല്‍ ഗ്ലാസുകളും മൂളിയും, ഉള്ളിയും, മുളകും, ചെറുനാരങ്ങ മുറിച്ചതും വന്നു. സമയം ഒമ്പതര ആകാറായിരിക്കുന്നു. ചുറ്റുവട്ടം ഞങ്ങള്‍ ഒന്നു വീക്ഷിച്ചു. ആ ഡാബക്ക് മുന്നില്‍ മാത്രമല്ല തൊട്ടിടവും, വലവും ഉള്ള ഡാബകള്‍ക്ക് മുന്നിലിരിക്കുന്നവരൊക്കെ തന്നെ കുടിക്കുന്നത് തീര്‍ത്ഥം തന്നെ. എന്തൊരു ഭക്തി!!
തമാശയും, ചിരിയും, കളിയും, കോഴിക്കാലാല്‍ പല്ല് മസ്സാജുമൊക്കെയായി സംഭവം അങ്ങട് മൂച്ചായി വരുന്നതിനിടക്കാണ്
മൂന്നാല് പേര് മുളവടിയും മറ്റുമായി അവിടെ എത്തി ഡാബകളിലും ഇരിക്കുന്നവരോടായി ഉറക്കെ ഇപ്രകാരം അരുളിയത്.
ഓയ്, ടൈം ദസ് ബജ് ഗയാ. ധാരു സാരു പീനേ കാ ജഗഹ് നഹീം ഹേ യെഹ്...
ചലോ സബ് ലോഗ് ഔര്‍ ഗര്‍ ജാവോ. ജല്ദീ ജല്ദീ.
അവരുടെ അലര്‍ച്ച കേട്ടപ്പോള്‍ പലരും ഇരിക്കുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റു ബില്ലുകൊടുത്ത് പോകാന്‍ തുടങ്ങി.
ഡൊമിനിയും കൂട്ടരും എന്നോടായി പറഞ്ഞു, നിറുത്തഡാ ഇനി നമുക്ക് മുറിയില്‍ പോയി കഴിക്കാം.
തീര്‍ത്ഥം തലക്ക് പിടിച്ചിരുന്ന എനിക്കുണ്ടോ വല്ല കൂസലും? ഞാന്‍ പറഞ്ഞു. ഒന്നു മിണ്ടാതിരിക്കിഷ്ടാ. ഈ ഹരിയാന ജാട്ട് മാരുടെ കളി ഞാന്‍ കുറേ കണ്ടിട്ടുള്ളതല്ലെ. അവരീ ഗുഡ് ഗാവില്‍ നിന്നും വന്ന് വെറുതെ ഷൈന്‍ ചെയ്യുകയാ. ഒന്ന് പോയി പണി നോക്കട്ടെ അവര്‍.
ഗ്ലാസുകളിലേക്ക് ഞാന്‍ വീണ്ടും പകര്‍ന്നു. മടിച്ച് മടിച്ചിട്ടാണെങ്കിലും ഡൊമിനിയും മറ്റുള്ളവരും ഗ്ലാസെടുത്ത് ഒറ്റ വലിക്ക് കഴിച്ചവസാനിപ്പിച്ചു.
ഞാന്‍ എന്റെ ഗ്ലാസ് കയ്യില്‍ പിടിച്ച് അവന്മാരെന്തൊക്കെയാ ചെയ്യുന്നതെന്ന് ഒരു പുച്ഛരസത്തോട് കൂടി നോക്കിയിരുന്നു. എന്റെ നോട്ടം കണ്ട് ദഹിക്കാഞ്ഞിട്ടാണെന്ന് തോന്നുന്നു ആറടിയോളം ഉയരമുള്ള ഒരുവന് ഞങ്ങളിരിക്കുന്ന മേശക്കരികിലേക്ക് വന്നു പറഞ്ഞു; ക്യാ സുനായി നഹീം ദേത്താ തും ലോഗോം കോ? ഹം ലോഗ് ചില്ലാ ചില്ലാക്കര്‍ ബോല്‍ രഹാ ഹൂം കി ഇദര്‍ ധാരു മത് പീയോ, ധാരു മത് പിയോ, ഔര്‍ തും ലോഗ് ഇദര്‍ അരാം സേ ബൈഠ്കര്‍ പീരഹീ ഹേ. ചലോ ബസ്സ് കരോ.
ഡൊമിനിയും, സുഭാഷും, രാമേട്ടനും, നാരായണനും, എഴുന്നേറ്റു. പക്ഷെ ലഹരി തലക്ക് പിടിച്ചിരിക്കുന്ന എനിക്കയാള് പറഞ്ഞതങ്ങോട്ട് പിടിച്ചില്ല എന്നതിനാല്‍ എഴുന്നേറ്റില്ല എന്ന് മാത്രമല്ല, മേശപുറത്തിരിക്കുന്ന ഗ്ലാസ്സ് എടുത്ത് ഒന്ന് സിപ്പ് ചെയ്ത് ഗ്ലാസ്സ് മേശപുറത്ത് തിരിച്ചു വച്ചു.
ഡും.....ക്ടക്........ചില്.....ആ ഗുണ്ട മേശ എടുത്തെറിഞ്ഞതിന്റെ ശബ്ദമായിരുന്നു അത് എന്ന് മനസ്സിലാക്കുവാന്‍ അല്പം സമയം എടുത്തു.
അതുകൂടി കണ്ടതോടെ എന്റെ കണ്ട്രോള് കൈവിട്ട് പോയി. ഞാന്‍ കയര്‍ക്കാന്‍ തുടങ്ങി.
തും കോന്‍ ഹേ പൂച്ച്നേ കേലിയേ? തും ലോഗ് ക്യാ സമജ് രഖാ ഹേ അപ്നാ ആപ് കോ? ക്യാ ഇദര്‍ കാ ദാദ ഹോ ക്യാ തും?
എന്റെ സംസാരം കേട്ട് അയാളോടൊപ്പമുള്ള മൂന്ന് പേരും കൂടി സംഭവ സ്ഥലത്തെത്തി.
എന്നെ അനുനയിപ്പിക്കാനായി ഡൊമിനിയും മറ്റും അരികത്തു വന്നപ്പോള്‍ ആ ഗുണ്ട അവരോട് കുറേ കയര്‍ത്തു, പിന്നെ പറഞ്ഞു, ഇസ്നേ തോ ബഹുത് പീ രഖാ ഹേ, ലേ ജാവോ ഇസ്കോ ഘര്‍ പര്, നയീം തോ ഹം ലോഗ് ഇസ്കാ ഹഡ്ഡീ തോഡ്കര്‍ ഹാദ് മേം ദേഗാ.
അത് കേട്ടതും ഞാന്‍ എന്നെ തന്നെ മറന്നു. അത് ശരി നിങ്ങള്‍ എന്റെ എല്ലൊടിച്ച് കയ്യില്‍ തരുമല്ലെ. ഫ പുല്ലെ. അതൊന്ന് കാണട്ടെ.
എന്നെ അനുനയിപ്പിക്കാന്‍ ഡൊമിനിയും മറ്റും ശ്രമിച്ചെങ്കിലും തലക്ക് തീപിടിച്ചിരിക്കുന്ന എന്നിലെ രോഷം അണക്കാന്‍ അവര്‍ക്കായില്ല.
ഇവന്മാരേ ഇന്നൊരു പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം. ഞാന്‍ ആര് കെ പുരം പോലീസ് സ്റ്റേഷനില്‍ പോയിട്ട് ഇവര്‍ക്കെതിരെ ഒരു കമ്പ്ലയിന്റെഴുതി കൊടുക്കാന്‍ പോകുന്നു.
അത് വേണോ കുറുമാനെ? ഡൊമിനിയും മറ്റും ചോദിച്ചു.
വേണം. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. നട്ടപാതിരക്ക് ആളുകളെ വിരട്ടാനായിട്ട് ഇതെന്താ വെള്ളരിക്കാ പട്ടണമോ? സുഭാഷേ നീ ദാ ആ ടാക്സി ഇങ്ങോട്ട് വിളിക്ക്.
ക്യാ ബക്താ ഹേ യേ സാല? മറ്റൊരു ഗുണ്ട ഡൊമിനിയോട് ചോദിച്ചു.
മേം പോലീസ് സ്റ്റേഷന് മേം ജാ രഹാ ഹൂം. തും ലോഗോം കാ ബാരേ മേം കമ്പ്ലയിന്റ് ലിഖ്നേ കേലിയെ (ചോദ്യം ഡൊമിനിയോടായിരുന്നെങ്കിലും ഉത്തരം എന്റേതായിരുന്നു)
അച്ഛാ ചലോ ഫിര്‍? ആറടി ഉയരമുള്ള ഗുണ്ട എന്നോട് പറഞ്ഞതും, സുഭാഷ് വിളിച്ച ടാക്സി വന്ന് നിന്നതും ഒപ്പമായിരുന്നു.
എന്തായാലും, പോലീസ് സ്റ്റേഷനിലേക്കല്ലെ, തനിച്ച് പോകേണ്ട എന്നു കരുതി ഡൊമിനിയെ കൂടി കൂട്ട് വിളിച്ചു. ഡൊമിനിയും ഞാനും മുന്നില്‍ കയറിയപ്പോള്‍ ആറടി ഉയരമുള്ള ഗുണ്ടയും, മറ്റൊരു ഗുണ്ടയും പിന്നില്‍ കയറി.
ചലോ ആര് കെ പുരം പോലീസ് സ്റ്റേഷന് ഞാന്‍ ഡ്രൈവറോട് പറഞ്ഞു.
വണ്ടിയിലുടനീളം ഞാന്‍ ഗുണ്ടകളേയും, ഗുണ്ടായിസത്തേയും, ജാട്ടുകളുടെ മുരടന്‍ സ്വഭാവത്തേയും, പച്ച മലയാളത്തില്‍ പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു.
വണ്ടി ആര് കെ പുരം പോലീസ് സ്റ്റേഷനില്‍ എത്തി.
തും ലോഗ് പൈസ ദേക്കര്‍ ആവോ. ഹം ലോഗ് അന്തര്‍ വെയിറ്റ് കരേഗാ.
ടാക്സികാരനു പൈസ കൊടുത്ത് പോലീസ് സ്റ്റേഷനില്‍ എസ് ഐഓട് എന്ത് പറയണം, എങ്ങിനെ പറയണം എന്നൊക്കെ മനസ്സില്‍ ഒരു രൂപ രേഖ ഉണ്ടാക്കിയതിനുശേഷം ഡൊമിനി പുറത്ത് നില്ക്കാം എന്ന് പറഞ്ഞതിന് പ്രകാരം ഞാന്‍ സ്റ്റേഷനകത്തേക്ക് കയറി ചെന്നു.
പുറത്ത് കവാത്ത് നിന്നിരുന്ന പോലീസ് കാരനോട് പറഞ്ഞു, എസ് ഐയെ കാണണം.
അന്തര്‍ ജാവോ.
ഉള്ളില്‍ ചെന്നപ്പോള്‍ മറ്റ് രണ്ട് മൂന്ന് പോലീസുകാരിരിക്കുന്നു ഉള്ളില്‍. ഒരു വക്രിച്ച ചിരിയുമായി ഗുണ്ടകളില്‍ ഒരുവന് നില്‍ക്കുന്നുമുണ്ട് അവരുടെ ഇടയില്‍.
ഉം ക്യാ ബാത് ഹേ? ഒരു പോലീസു കാരന് എന്നോട് ചോദിച്ചു.
എസ് ഐസേ മില്നാ ഹേ. ഏക് കമ്പ്ലയിന്റ് ദേനാ ഹേ.
ഠീക്ക് ഹേ ബാഹര്‍ വെയിറ്റ് കരോ. എസ് ഐ സാബ് അഭി ആയേഗാ.
പോലീസ് സ്റ്റേഷനില്‍ കാലെടുത്തു വച്ചപ്പോള്‍ ഉണ്ടായിരുന്ന ലഹരിയും പോയി. സമയം അഞ്ച് മിനിറ്റ് കഴിഞ്ഞു, പത്ത് മിനിറ്റ് കഴിഞ്ഞു, പോലീസും കമ്പ്ലയിന്റും ഒന്നും വേണ്ട എന്ന് തോന്നിയ സമയത്താണ് ഒരു പോലീസുകാരന് വന്ന് എസ് ഐ വിളിക്കുന്നു എന്ന് പറഞ്ഞത്.
മേ ഐ കമിന് സര്? മനക്കരുത്താര്‍ജിച്ചുകൊണ്ട് ഞാന്‍ എസ് ഐ യുടെ മുറിയുടെ അരവാതിലില്‍ തട്ടി ചോദിച്ചു,
യെസ് കമിന് - പരുഷമായ സ്വരം ഉള്ളില്‍ നിന്നുയര്‍ന്നു.
മിടിക്കുന്ന നെഞ്ചുമായി ഞാന്‍ അരവാതില് തള്ളിതുറന്നകത്ത് കയറി.
കാക്കിയുടുപ്പിന്റെ ചുമലില്‍ നക്ഷത്രങ്ങള്‍ അണിഞ്ഞ്, മേശപുറത്ത് വലം കയ്യാല്‍ പേപ്പര്‍ വെയിറ്റ് കറക്കികൊണ്ട്, വളരെ ഗൌരവഭാവത്തോട് കൂടി ഇരിക്കുന്നു നമ്മുടെ ആറടി ഉയരമുള്ള ഗുണ്ട!!!!
മിടിക്കുന്ന ഹൃദയവും, വിറക്കുന്ന മുട്ടുകളുമായി സിംഹത്തിന്റെ മുന്പില് അകപെട്ട പേടമാന്റെ കണ്ണുകളോടെ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.
എന്താടോ തന്റെ പ്രശ്നം?
എസ് ഐ യില്‍ നിന്നും ആ ചോദ്യം, അതും പച്ചമലയാളത്തില്‍ കേട്ടതും, കാറിലിരുന്ന് അങ്ങേരേയും കൂട്ടരേയും മലയാളത്തില്‍ പ്രകീര്‍ത്തിച്ചിരുന്ന വാക്കുകള്‍ എനിക്കോര്‍മ്മ വന്നതും എന്റെ ബോധം മറഞ്ഞതും ഒരുമിച്ചായിരുന്നു.
Tuesday, February 26, 2008
Monday, February 11, 2008
മണല്കാട്ടില് നിന്നും ആനപുറത്തേക്ക്
കഴിഞ്ഞ മാസം, കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തിയെട്ട് ജനുവരി എട്ടാം തിയതി രാത്രി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും, നല്ലപാതിയേയും, രണ്ട് മക്കളേയും എയര്‍ അറേബ്യയില്‍ കൊയമ്പത്തൂര്‍ക്ക് അളിയന്റെ കല്യാണം പ്രമാണിച്ച് കയറ്റിയയച്ചപ്പോള്‍ മനസ്സിലുണ്ടായിരുന്ന ഒരേ ഒരു ചിന്ത പതിനെട്ടാം തിയതി നാട്ടിലേക്ക് പോകുന്നത് വരെ, ഒരേ ഒരാഴ്ച ബ്യാച്ചിലര്‍ ലൈഫ് കൂട്ടുകാരുമൊത്ത് റമ്മിയും, ഇരുപത്തെട്ടും കളിച്ചും, തെണ്ടിതിരിഞ്ഞും, ആസ്വദിക്കാമെന്ന് മാത്രമായിരുന്നു. പക്ഷെ എയര്‍പ്പോര്‍ട്ടില്‍ നിന്നും തിരികെ ഫ്ലാറ്റിലെത്തിയപ്പോള്‍ ആകെ ഒരു ശൂന്യത അനുഭവപെട്ടു. അപ്പോള്‍ തന്നെ മനസ്സിലൊരു തീരുമാനമെടുത്തു, പിറ്റേ ദിവസം ഓഫീസില്‍ പോയി ലീഫ് ഒരാഴ്ചക്ക് കൂടി സംഘടിപ്പിച്ച് വെള്ളിയാഴ്ച തന്നെ ഞാനും നാട്ടിലേക്ക് പോകുമെന്ന്.
ബുധനാഴ്ച ഓഫീസിലെത്തിയതും മാനേജരെ കണ്ട് കാര്യം പറഞ്ഞു. ഇത് പീക്ക് സീസനല്ലെ, സമ്മര്‍ ബയിങ്ങ് മീറ്റ് തുടങ്ങിയതല്ലെ ഉള്ളൂ, സ്പ്രിങ്ങിന്റെ ഡെലിവറിയെല്ലാം ഡിലേയാണ്, താന്‍ ആഗസ്റ്റിലല്ലേ ഒരു മാസത്തേക്ക് നാട്ടില്‍ പോയി വന്നത്, അന്ന് താന്‍ പറഞ്ഞില്ലെ ജനുവരിയില്‍ ഒരാഴ്ചക്കേ പോകുന്നുള്ളൂ എന്ന്, എന്നിട്ടിപ്പോഴെന്താ രണ്ടാഴ്ചക്ക് പോകണം എന്ന് പറയുന്നത്, തുടങ്ങിയ ചോദ്യങ്ങളുടെ ഒരു പട്ടിക തന്നെ അദ്ദേഹം നിരത്തി.ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമായ ഉത്തരങ്ങള്‍ നല്കിയതിനാല്, മറുത്തൊന്നും പറയാന്‍ കഴിയാതെ അദ്ദേഹം ലീവ് ആപ്ലിക്കേഷനില്‍ മുദ്ര ചാര്‍ത്തി തന്നു. അതു മായി അടുത്ത കടമ്പ കൂടി കടക്കുവാനായി ഫിനാന്‍സ് മാനേജരുടെ അരികിലേക്ക് പാഞ്ഞു. ജെബലലി ഫ്രീസോണിലെ അക്കൌണ്ട്സില്‍ വിളിച്ച് അദ്ദേഹം ലീവ് ഡീറ്റേയിത്സ് ചോദിച്ചതും ഒമ്പത് പേജിലായി ഒമ്പത് വര്‍ഷത്തെ ലീവ് എടുത്ത വിവരങ്ങള്‍ ഈമെയിലില്‍ വന്നു ചേര്‍ന്നു.
ഗുണിക്കാതെയും, പെരുക്കാതേയും, കിഴിക്കാതെയും തന്നെ ഒറ്റ നോട്ടത്തില്‍ അദ്ദേഹം പറഞ്ഞു, കുറുമാനെ ഒമ്പത് വര്‍ഷമായി ഇവിടെ താന്‍ പണി ചെയ്തിട്ടും ഇനി തനിക്ക് ബാക്കിയുള്ള ലീവ് വെറും പത്ത് ദിവസത്തിന്റെ. തന്റെ ലീവ് ആപ്ലിക്കേഷനാണെങ്കില്‍ പതിനാലു ദിവസത്തിന്റേയും. എന്തു ചെയ്യണം? ടു ബി അഡ്ജസ്റ്റഡ് എഗേയ്ന്സ്റ്റ് ആന്വല്‍ ലീവ് ഓര് ലോസ് ഓഫ് പേ?
തെണ്ടാന്‍ പോകാന്‍ തോന്നുന്നത് എപ്പോഴാണെന്നറിയാത്തതിനാലും, അഥവാ തോന്നിയാല്‍ പിന്നീട് ലീവില്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞ് എന്റെ യാത്ര മുടക്കാന്‍ അവര്‍ക്ക് ഒരു അവസരം നല്കാതിരിക്കാനുമുള്ള മുന്‍ കരുതലായി ഞാന്‍ പറഞ്ഞു, ലോസ് ഓഫ് പേ.
അപ്രൂവ്ഡ്.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മുന്‍പ് ബുക്ക് ചെയ്തിരുന്ന എയര്‍ അറേബ്യയുടെ ടിക്കറ്റ് ഇരുന്നൂറ്റിച്ചില്ലാനം ദിര്‍ഹം അധികം നല്കി പതിനെട്ടാം തിയതിയില്‍ നിന്നും പതിനൊന്നാം തിയതി വെള്ളിയാഴ്ച രാവിലേക്കാക്കി. കാര്യമായൊന്നുമില്ലെങ്കിലും വാങ്ങുവാനുള്ള സാധനങ്ങളുടേ ലിസ്റ്റൊരുക്കി. ഓഫീസ് കഴിഞ്ഞ് വീട്ടില്‍ വന്നതും എന്റെ ബ്യാച്ചി അവസ്ഥ മനസ്സിലാക്കി, പ്രത്യേകിച്ചും, വ്യാഴാഴ്ച ഇസ്ലാമിക്ക് പുതുവര്‍ഷദിനം പ്രമാണിച്ച് ഓഫീസുകള്‍ക്കെല്ലാം അവധിയായതിനാല്‍ ചേട്ടനടക്കം ചില സുഹൃത്തുക്കള്‍ വന്നു ചേര്‍ന്നു. , ശീട്ടും, പാട്ടും, കലാപരിപാടികളുമായി സമയം പോയതറിഞ്ഞില്ല. ഉറങ്ങാന്‍ കിടന്നപ്പോള്‍ സമയം വെളുപ്പിന് മൂന്നര. കിടന്നത് മാത്രമേ ഓര്‍മ്മയുള്ളൂ, പിന്നെ കണ്ണ് തുറന്നപ്പോള്‍ സമയം വ്യാഴാഴ്ച രാവിലെ പത്ത്. പുതുവര്‍ഷ ദിനം പ്രമാണിച്ച് കടകളൊക്കെ രാവിലെ തുറക്കുമോ എന്നുള്ള സംശയത്താല്‍, വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റെടുത്ത് ബര് ദുബായ് കാര്‍ഫോറിലേക്ക് വണ്ടിയെടുത്ത് പാഞ്ഞു. നാട്ടിലെ എസ് പി ആയ ചങ്ങാതിക്ക് വേണ്ടി രണ്ട് പെന്‍ ഡ്രൈവ് വാങ്ങണം. പിന്നെ മറ്റൊരു മുംബൈ ബ്ലോഗര്‍ക്ക് ഡിജി ക്യാമറ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ആദ്യം വിലയറിയണം. പിന്നെ സ്വന്തം വീട്ടിലേക്ക് അല്പസ്വല്പം ഏതൊരു ഗള്‍ഫനും കൊണ്ടു പോകുന്ന സോപ്പ്, ഷാമ്പൂ, നിവിയ, വാസ്ല്ലിന്‍, ബദാം,നിഡോ, ടാങ്ങ്, തുടങ്ങിയ ലൊട്ട് ലൊടുക്ക് സാധനങ്ങള്‍. വാങ്ങാനുള്ള സാധനങ്ങള്‍ അരമണിക്കൂറിനുള്ളില്‍ വാങ്ങി (കുടുംബിനിയുമായി പോയാല്‍ ഒരു ദിവസത്തെ ഷോപ്പിങ്ങാണ് അരമണിക്കൂറില്‍ തീര്‍ത്തതെന്നോര്‍ക്കണം), ക്യാമറയുടെ വിലവിവരങ്ങളും എഴുതിയെടുത്ത് വീണ്ടും വീട്ടിലേക്ക്. വീട്ടിലെത്തിയതും, അയല്‍പ്പക്കത്തെ നന്ദന വല്ല്യാന്റി (എന്റെ നാട്ടുകാര്‍, അവരുടെ മകന് നവീന്‍ എന്റെ ഓഫീസില്‍ ജോലി ചെയ്യുന്നു) ഇഡ്ഡലിയും, സാമ്പാറും, ചട്നിയും നല്കിയതിനാല് പ്രാതലും കഴിഞ്ഞു.
ഇനിയെന്ത്? പാക്കിങ്ങ് മാത്രം. അത് പിന്നെ ചെയ്യാം വെളുപ്പിന് നാലഞ്ചുമണിക്ക് എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ മതി. ഫ്ലൈറ്റ് രാവിലെ ഏഴുമണിക്കാണ്. അപ്പോഴാണോര്‍ത്തത്, ക്യാമറയുടെ വില വിവരം നല്‍കിയാലേ നുമ്മടെ മുംബൈ ബ്ലോഗര്‍ക്ക് ക്യാമറ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകൂ. ഉടന്‍ കമ്പ്യൂട്ടറില്‍ കയറി, പച്ചയുടുപ്പെടുത്തിട്ടു. അദാ ചുവന്ന അങ്കിയണിഞ്ഞ് നുമ്മടെ ബ്ലോഗര്‍ ക്യാമറ വിലക്കായ് നെറ്റോര്‍ത്തിരിക്കുന്നു.
നമസ്കാരം ഭായ്, ക്യാമറയുടെ വില തപ്പി എടുത്തു, ഈ മോഡലിന് ഇത്ര വില, ആ മോഡലിന് അത്ര വില, ഏത് വേണം?
പൊന്നിഷ്ടാ, സാധനം എനിക്ക് വേണ്ടിയല്ല. എന്റെ ഒരു ബന്ധുവിന് വേണ്ടിയാ. ഈ വിലക്ക് സാധനം വാങ്ങിയാല്‍ ചിലപ്പോള്‍ എന്റെ കയ്യില്‍ പെടും. അതിനാല്‍ ആ സാനം അവടെ ഷെല്‍ഫില്‍ തന്നെ ഇരിക്കട്ടെ.
എനിക്കും അത് തന്നെ സമാധാനം. വാങ്ങിയ മോഡല്‍ ശരിയാണോ, മെമ്മറി കാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ടോ എന്നൊന്നും ആലോചിച്ച് ടെന്‍ഷാനടിക്കണ്ടല്ലോ.
അപ്പോ സ്തുതി. നാട്ടില്‍ എത്തിയിട്ട് വിളിക്കാം.
ഓഹ് ശരി.
ഇനിയെന്ത് ചെയ്യും എന്നാലോചിച്ചു നില്‍ക്കുന്നതിനിടെ, പച്ചയുടുപ്പിട്ട മറ്റൊരു ബ്ലോഗര്‍ ഒരു ചോദ്യമെറിഞ്ഞു.
എന്തരപ്പീ ഇന്ന് പരിപാടി? ഫ്രീയാണാ?
അതെ കൈപ്പള്ളീ, ഫ്രീ തന്നെ.
മരുഭൂമിയിലൊന്നു കറങ്ങിയാലോ? കുഴൂരും, ദില്ബനും, വരാമെന്നു പറഞ്ഞിട്ടുണ്ട്. അഞ്ചല്‍ക്കാരന്റെ കാര്യം സംശയമാ.
നാളെ വെളുപ്പിന് നാട്ടില്‍ പോകണം മാഷെ. പായ്ക്കിങ്ങ് ഒക്കെ ബാക്കിയാ. മരുഭൂമിയില്‍ നേരത്തെ പോയാല്‍ നേരത്തെ തന്നെ, അതായത് സന്ധ്യയാവുമ്പോഴേക്കും തിരിച്ച് വരില്ലെ?
പോ ചെല്ല, ഇത് വെറും നാലഞ്ച് മണിക്കൂറിന്റെ ട്രിപ്പ്.
ഞാന്‍ എന്റെ പജീറോ എടുക്കുന്നുണ്ട്. നീ നിന്റെ പാത്ത് ഫൈന്‍ഡര്‍ എടുത്താല്‍ ഞാന്‍ മരുഭൂമിയിലെ മണല്‍ തിട്ടയില്‍ വണ്ടിയുമായി ചെയ്യാവുന്ന കുറച്ച് അഭ്യാസം പഠിപ്പിച്ചു തരാം.
നല്ലത് കൈപ്പള്ളീ. പക്ഷെ ഇന്ന് ഞാന്‍ എന്റെ വണ്ടി എടുത്ത് അഭ്യാസം പഠിക്കാന്‍ വരുന്നില്ല, കാരണം നാളെ വെളുപ്പിന് നാട്ടിലേക്ക് പോവാനുള്ളതാ. അഭ്യാസം ഞാന്‍ പിന്നീട് പഠിക്കാം. തല്ക്കാലം ഞാന്‍ ഇത് വരെ പഠിച്ച അഭ്യാസങ്ങള്‍ വച്ച് അഡ്ജസ്റ്റ് ചെയ്തോളാം.
ശരി തമ്പീ. ഞാനും ദില്ബനും, ഒരു രണ്ട് മണിയാകുമ്പോ നിന്റെ ഫ്ലാറ്റില്‍ എത്താം. വിത്സന് നിന്റെ ഫ്ലാറ്റിലോട്ട് നേരിട്ട് ലാന്റ് ചെയ്യാമെന്നാ പറഞ്ഞത്.
ഒക്കെ.
കിട്ടിയ ഗ്യാപ്പില്‍ ഒന്നു മയങ്ങിയെഴുന്നേറ്റപ്പോഴേക്കും നന്ദന വല്ല്യാന്റി, ചെമ്മീന്‍ കറിയും, ഐക്കൂറ വറുത്തതും, ചോറും പാത്രത്തിലാക്കി ഞങ്ങളുടേ ഗ്യാസടുപ്പിന്റെ മുകളില്‍ ഭദ്രമായി അടച്ചു വച്ചിരിക്കുന്നു. അതെല്ലാം കഴിച്ച് പാത്രം കഴുകി വെച്ച് വന്ന് ഞാന്‍ വിത്സനെ വിളിച്ചു.
ഡാ നീ എവിടേയാ?
ഞാന്‍ സിമ്രാന് ആപ്പ കടയില്‍ ലഞ്ച് കഴിക്കുന്നു. ഒരു പത്ത് പതിഞ്ച് മിനിറ്റിനുള്ളില്‍ വരാം.
അടുത്ത വിളി അഞ്ചല്ക്കാരന്. എവിടേയാ മാഷെ? എന്താ മരുഭൂമിയില്‍ മണലില്‍ കുത്തിമറിയാന്‍ വരുന്നില്ലെ?
വരാന്‍ പറ്റില്ലാന്ന് കരുതിയതാ. പക്ഷെ ഇപ്പോ വരാമെന്നായിരിക്കുന്നു. ദാ ഞാന്‍ ഒരര മണിക്കൂറിനുള്ളില്‍ തന്റെ ഫ്ലാറ്റില്‍ എത്താം.
കൃത്യം രണ്ട് മണി ആയപ്പോഴേക്കും കൈപ്പള്ളിയും, ദില്ബനും എന്റെ ഫ്ലാറ്റില്‍ എത്തി ചേര്‍ന്നു. തൊട്ടു പിറകെ വിത്സനും, അഞ്ചല്‍ക്കാരനും.
രണ്ടര വരെ നാട്ടുകാര്യവും, വീട്ടുകാര്യവും സംസാരിച്ചിരുന്നു എല്ലാവരും. പന്ത്രണ്ട് മണിക്ക് മൂന്ന് ബര്‍ഗര്‍ കഴിച്ചതാ, പിന്നെ ഈ നേരം വരെ ഒന്നും കഴിച്ചിട്ടില്ലാട്ടോ എന്ന് ദില്ബന് ഇടക്കിടെ ഓര്‍മ്മപെടുത്തികൊണ്ടിരുന്നു.
കൃത്യം രണ്ടരക്ക്, കൈപ്പള്ളിയുടെ വണ്ടിയില്‍, കൈപ്പള്ളി, ദില്ബന്, അഞ്ചല്ക്കാരന്, കുഴൂര്‍ വിത്സന്, ഞാന്‍ മുതലായവര്‍കയറുകയും ഡെസര്‍ട്ട് ഡ്രൈവ് നടത്താവുന്ന അല്‍വര്‍ക്ക എന്ന സ്ഥലത്തേക്ക് യാത്ര തിരിക്കുകയും ചെയ്തു.
കൈപ്പള്ളിയുടെ വണ്ടിയില്‍ ജി പി എസ് (ഗ്ലോബല്‍ പൊസിഷിനിങ്ങ് സിസ്റ്റം) ഘടിപ്പിച്ചിട്ടുള്ളതിനാലും, മരുഭൂമിയിലെ വഴികള്‍ കൈപ്പള്ളിക്ക് ഒരു വിധം പിടിപാടുള്ളതിനാലും പിറ്റേന്ന് പുലര്‍ച്ചക്ക് നാട്ടിലേക്ക് പോകാന്‍ സാധിക്കും എന്ന് എനിക്കുറപ്പുണ്ടായിരുന്നു.
ചെറിയ തോതില്‍ പാട്ടുകളും, വിത്സന്റെ കവിതാ പാരായണവും, ദില്ബന്റെ ഭക്ഷണങ്ങളുടെ സ്വാദിനെ കുറിച്ചും, സമയാസമയത്ത് ഭക്ഷണം കഴിക്കേണ്ട ആവശ്യകതയെ കുറിച്ചുള്ള ചര്‍ച്ചകളും, അഞ്ചല്‍ക്കാരന്റെ ബ്ലോഗ് നിരീക്ഷണ ചര്‍ച്ചകളുമായി ഞങ്ങള്‍ അല്‍വര്‍ക്കയെ ലക്ഷ്യമാക്കി നീങ്ങി. വഴിക്ക് ഒരു പെട്രോള്‍ പമ്പ് കണ്ടപ്പോള്‍ ദില്ബന് അലറി. വണ്ടി ഉള്ളില്‍ കയറ്റൂ. പെട്രോളടിക്കാനാണെങ്കില്‍ കൈപ്പള്ളിയല്ലെ വണ്ടി പമ്പില്‍ കയറ്റേണ്ടത്? ഇതിപ്പോ കയറ്റാന്‍ പറഞ്ഞത് ദില്ബനും. എല്ലാവര്ക്കും കാര്യം പെട്ടെന്നോടി. സ്റ്റാര്‍ മാര്‍ട്ടില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കാന്‍ തന്നെ.
ബര്‍ഗറുകള്‍, സാന്റ് വിച്ചുകള്‍, ചിപ്സുകള്‍, ജ്യൂസുകള്‍ , ഫ്രൂട്ട് സലാഡ് തുടങ്ങിയ ഈറ്റബിള്‍ ഐറ്റംസ് ആവോളം വാങ്ങി ഞങ്ങള്‍ യാത്ര തുടരുകയും, മൂന്നരയോട് കൂടി അല്‍വര്‍ക്കയിലെത്തി ചേരുകയും ചെയ്തു.
മരുഭൂമിയിലെ മണല്‍തിട്ടകളിന്മേലൂടെ കയറിയിറങ്ങി മരുഭൂമിയുടെ ഉള്‍ഭാഗം ലക്ഷ്യമാക്കി ഞങ്ങളുടെ വണ്ടി യാത്ര തുടങ്ങിയതും, പൂഴിയില്‍ ചക്രങ്ങള്‍ പുതഞ്ഞ് ഇനിയെന്തു ചെയ്യേണ്ടൂ ഞാന്‍ എന്ന ഭാവമണിഞ്ഞ് നിന്നിരുന്ന ഒരു അറബി പയ്യന്റെ വണ്ടിയുടെ മുന്പില് വണ്ടി നിറുത്തി കൈപ്പള്ളി പുറത്തിറങ്ങിയപ്പോള്‍ ഞങ്ങളും ഒപ്പം ഇറങ്ങി.
ടയറിന്റെ പ്രഷര്‍ കുറക്കാതെയാണോഡെ ചെല്ലം മരുഫൂമിയില്‍ കറങ്ങാന്‍ വന്നിരിക്കുന്നത്?
പയ്യന്റെ ഉത്തരത്തിനു കാത്ത് നിക്കാതെ, കൈപ്പള്ളി വണ്ടിയില്‍ സൂക്ഷിച്ചിരുന്ന റോപ്പ് എടുത്ത് ആദ്യം സ്വന്തം വണ്ടിയിലും, പിന്നെ പൂഴിയില്‍ പുതഞ്ഞ വണ്ടിയിലുമായി കുരുക്കിയതിനു ശേഷം തന്റെ ഡ്രൈവിങ്ങ് സീറ്റില്‍ കയറി ഒന്ന് റേസ് ചെയ്ത് വണ്ടി മുന്നോട്ടെടുത്തു, പൂഴിയില്‍ പുതഞ്ഞ വണ്ടി പൂഴിയില്‍ നിന്നും കരകയറി. റോപ്പ് വിടുവിച്ച് വണ്ടിയിലിട്ട് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.
ചെങ്കുത്തായ മണല്‍തട്ടിലൂടെ വണ്ടി ഇരപ്പിച്ച് കയറ്റിയും, ഇറക്കിയും ഞങ്ങള്‍ മരുഭൂമിയിലൂടെയുള്ള ഡ്രൈവിങ്ങ് ആസ്വദിച്ചു. ശേഷം ആളുകള്‍ ഒഴിഞ്ഞ, ഒരു വിധം നിരപ്പായ ഒരു മണ്‍തിട്ടക്ക് മുകളില്‍ വണ്ടി നിറുത്തിയതിനു ശേഷം, വണ്ടിയിലുണ്ടായിരുന്ന ഒരു പതിനഞ്ച് പേര്‍ക്ക് ഇരുന്ന് ഊണുകഴിക്കാവുന്ന അത്രയും വലുപ്പമുള്ള പായ എടുത്ത് മണലില്‍ വിരിച്ചു.
പായ വിരിച്ചില്ലേലും കുഴപ്പമില്ല, ആദ്യം ഭക്ഷണം ഇങ്ങോട്ടെടുക്ക്, ദില്ബന് തന്റെ നിലപാടറിയിച്ചു.

ഭക്ഷണപാനീയങ്ങളുടെ കവറുകള്‍ പായ്ക്കുമേല്‍ നിരന്നിരുന്നു, അതിനു ചുറ്റുമായി ഞങ്ങളും.

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍, എല്ലാവരും സ്വെറ്ററുകള്‍ എടുത്ത് ധരിച്ചു. കുറച്ചപ്പുറം മാറി, ഒട്ടകങ്ങളേയും ആടുകളേയും വളര്‍ത്തുന്ന ഫാമുകള്‍ക്ക് ചുറ്റും വേലികെട്ടി തിരിച്ചിരിക്കുന്നു.

തണുപ്പിന് ഒരു ആശ്വാസമേകാനായ് ഞാനും വിത്സനും ഓരോ ഹാഫ് ഏ കൊറോണക്ക് സോറി ഓരോ ബെന്‍സണ്‍ ആന്റ് ഹെഡ്ജസിനു തീ കൊളുത്തി. പുക ആസ്വദിച്ച് കൊണ്ട് വിത്സന് ആട്ടിന്‍ കൂട്ടത്തെ ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി.

ചാന്‍സ് കിട്ടിയാല്‍ ഒരാടിനെ പൊക്കിയെടുത്ത് പോരെ വിത്സേട്ടാ നമുക്ക് ചുട്ട് തിന്നാം, ദില്ബന് പുറകില്‍ നിന്ന് വിളിച്ച് പറഞ്ഞു. എന്തിനാ ആടാക്കുന്നത് ഒട്ടകം തന്നെയായിക്കോട്ടേന്ന് അഞ്ചല്ക്കാരന് തിരുത്തി. വിശപ്പിന്റെയും ഭക്ഷണത്തിന്റേയും കാര്യത്തില്‍ താന്‍ ദില്‍ബനേക്കാള്‍ ഒരു പടി മുന്പില് ആണെന്ന് അദ്ദേഹം കിട്ടിയ അവസരത്തിലൊക്കെ തെളിവോട് കൂടി ഞങ്ങള്‍ക്ക് വ്യക്തമാക്കി തന്നുകൊണ്ടിരുന്നു.

ബര്‍ഗറുകള്‍ മുഴുവന്‍ തിന്നു കഴിയുന്നതു വരെ ദില്ബന്റെ ശ്രദ്ധ കഴിക്കുന്ന ഭക്ഷണത്തില്‍ മാത്രമായിരുന്നു. ബര്‍ഗര്‍ കഴിഞ്ഞപ്പോഴാണ് ദില്ബന് ഫ്രൂട്ട് സലാഡിനു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയത്. എത്ര തപ്പിയിട്ടും കാണുന്നില്ല, ദില്ബന് ടെന്‍ഷനാകാന്‍ തുടങ്ങി. അപ്പോഴാണ് കൈപ്പള്ളി ടൂത്ത് പിക്കറാല്‍ ഫ്രൂട്ട് സലാഡ് ഓരോ കഷ്ണങ്ങളായി വായിലേക്ക് തിരുകുന്നത് കണ്ടത്.

എന്റെ ഫ്രൂട്ട് സലാഡ് എടുത്ത് കഴിക്കാന്‍ കൈപ്പള്ളിക്കത്ര ധൈര്യമോ എന്ന് ചോദിച്ച് കൊണ്ട് ഒരു ഇഷ്ടികയുമായി കൈപ്പള്ളിയെ ആക്രമിച്ച് കീഴടക്കാന്‍ ദില്ബന് ഓടി വന്നു. ദില്ബന് ഓടിവരാന്‍ എടുത്ത ആ ഹ്രസ്വ സമയത്തിനുള്ളില്‍ ഞാന്‍ താഴെ നിന്നും മറ്റൊരു ഇഷ്ടിക കൈക്കലാക്കിയതിനാല്‍ കൈപ്പള്ളിയുടെ നേര്‍ക്കുള്ള ദില്ബന്റെ ഇഷ്ടികപ്രഹരത്തെ തടുക്കുവാനും അതോടൊപ്പം തന്നെ സൂര്യപ്രകാശത്തില്‍ വെട്ടി തിളങ്ങിയിരുന്ന എന്റെ തല പൊട്ടിപിളരാതെ സംരക്ഷിക്കാനും എനിക്ക് കഴിഞ്ഞു.
ഞാനും, അഞ്ചല്‍ക്കാരനും തക്ക സമയത്ത് ഇടപെട്ടതിനാല്‍ തുടര്‍ന്നങ്ങോട്ട് കയ്യാങ്കളികളൊന്നും ഉണ്ടാകാതെ രക്ഷപെട്ടു.
എങ്ങും ഇരുട്ട് പരക്കാന്‍ തുടങ്ങി, ഒപ്പം എല്ലു തുളക്കുന്ന തരത്തിലുള്ള തണുത്ത കാറ്റും. ഇനി എന്തായാലും മടങ്ങാം. ബാക്കിയുള്ള അര്‍മാദം ഇനി എന്റെ ഫ്ലാറ്റില്‍ ചെന്നിട്ടാകാം എന്ന് തീരുമാനിച്ചുറപ്പിച്ച് ഞങ്ങള്‍ മരുഭൂമിയില്‍ നിന്നും കരാമയിലേക്ക് മടക്കയാത്ര ആരംഭിക്കുകയും, ഏഴരയോടെ കരാമയില്‍ എത്തിചേരുകയും ചെയ്തു.
ദാഹം തീര്‍ക്കാന്‍ ദാഹശമനിയുണ്ട് ഞാന്‍ മൊഴിഞ്ഞു.
ഞങ്ങള്‍ക്ക് ദാഹിക്കാറില്ലാത്തതിനാല്‍ ദാഹശമനിയില്‍ ഞങ്ങള്‍ തത്പരരല്ല. പക്ഷെ ഞങ്ങള്‍ക്ക് വിശപ്പ് താങ്ങാന്‍ കഴിയില്ല. ഞങ്ങളുടെ വിശപ്പ് മാറ്റാന്‍ എന്തുണ്ട്? ദില്ബനും, അഞ്ചല്‍ക്കാരനും ചോദ്യം തൊടുത്തു.
വിശപ്പ് മാറ്റാന്‍ തല്ക്കാലം ഇവിടെ ഒന്നുമില്ല, നമുക്ക് സംഘടിപ്പിക്കാം എന്ന് പറഞ്ഞപ്പോള്‍ അവര്‍ രണ്ട് പേരും ഒന്നടങ്ങി.
ദാഹശമനിയും, കബാബും, ചിക്കന്‍ ലോളി പോപ്പും ചിപ്സും, ജ്യൂസും ചര്‍ച്ചയുമൊക്കെയായി സമയം കടന്നു പോയതറിഞ്ഞില്ല. പത്തര മണി കഴിഞ്ഞപ്പോള്‍ എല്ലാവരും യാത്ര പറഞ്ഞ് പിരിഞ്ഞു. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നാണ് എന്റെ ഫ്ലറ്റ്. ചെക്ക് ഇന്‍ ചെയ്യേണ്ടത് പുലര്‍ച്ചെ നാല് മണിക്ക്. നവീന്‍ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞിരുന്നതിനാല്‍ ആ സമയത്ത് ടാക്സി തപ്പേണ്ട ടെന്‍ഷന്‍ ഒഴിവായി. പക്ഷെ പായ്ക്കിങ്ങ് ഒന്നും ചെയ്തിട്ടില്ല.
ഇപ്പോള്‍ പായ്ക്കിങ്ങ് ചെയ്ത് കഴിഞ്ഞാല്‍ ഉറങ്ങിപോകാനുള്ള ചാന്‍സ് അധികവും, ഉറങ്ങിപോയാല്‍ എഴുന്നേല്‍ക്കാനുള്ള ചാന്‍സ് വളരെ കുറവും ആയതിനാല്‍ പാക്കിങ്ങ് പിന്നീട് ചെയ്യാം എന്ന് ഞാന്‍ തീരുമാനിച്ചു.
മറ്റൊരു ഡ്രിങ്ക് കൂടി എടുത്ത്, ഇനി എന്ത് ചെയ്യും എന്നാലോചിച്ചിരിക്കുന്നതിനിടയില്‍ കമ്പ്യൂട്ടര്‍ കൂക്കി വിളിക്കാന്‍ തുടങ്ങി. ചെന്ന് നോക്കിയപ്പോള്‍ ചുമന്ന കുപ്പായമണിഞ്ഞ് ദേവദാസാണ്.
പുറപെടാറായില്ലെഡോ?
ഇല്ല്യ ഗഡീ മൂന്നാല് മണിക്കൂര്‍ കൂടി കഴിയണം.
പാക്കിങ്ങ് ഒക്കെ കഴിഞ്ഞാ?
എവിടെ കഴിയാന്‍? തുടങ്ങിയാലല്ലേ കഴിയുക?
എങ്കില്‍ താന്‍ അതൊക്കെ പാക്ക് ചെയ്യാന്‍ നോക്ക്.
അതൊക്കെ ഞാന്‍ പായ്ക്ക് ചെയ്യാം, പക്ഷെ നീ ഇപ്പോ ഒരു ഹെല്പ് ചെയ്യ്.
എന്ത് ഹെല്‍പ്പ്?
തത്ക്കാലം നീ വോയ്സ് ചാറ്റില്‍ വാ. നമുക്ക് ഒരു രണ്ട് മൂന്ന് മണിക്കൂര്‍ നേരം കത്തിയും, കോടാലിയും ഒക്കെ വച്ചങ്ങിരിക്കാം. അല്ലെങ്കില്‍ ഞാന്‍ ഉറങ്ങി പോവും. ഇന്നത്തെ ഈ കണ്ടീഷണില്‍ ഞാന്‍ ഉറങ്ങിപോയാല്‍ ആന കുത്തിയാലും അറിയില്ല.
ആനയൊക്കെ അതാതിന്റെ സമയത്ത് കുത്തിക്കോളും, താനിപ്പോള്‍ ജീ ടാക്കില്‍ വാ.
മൈക്കെല്ലാം തപ്പിയെടുത്ത് ഞാന്‍ സ്റ്റേജിനു മുന്നില്‍ സോറി ജി ടാക്ക് വിന്റോക്ക് മുന്പില് ഹാജരായി.
ആഫ്രിക്കയിലെ പട്ടിണിയെകുറിച്ചും, അമേരിക്ക ഇറാക്കിലുള്ള സ്വന്തം സൈന്യത്തിനു വേണ്ടി ദിനം തോറും ചിലവഴിക്കുന്ന കോടികളെകുറിച്ചും, ആസ്ട്രേലിയായിലെ കംഗാരുവിന്റെ വര്‍ദ്ധനെയെകുറിച്ചും, ഗ്ലോബല്‍ വാമിങ്ങ് മൂലം ആര്‍ട്ടിക്കിലും, അന്റാര്‍ട്ടിക്കയിലും ഉരുകികൊണ്ടിരിക്കുന്ന മഞ്ഞുപാളികളെകുറിച്ചും, ബ്ലോഗില്‍ നടമാടുന്ന അനോണി തേര്‍വാഴ്ചകളെ കുറിച്ചും മറ്റും ചര്‍ച്ച ചെയ്ത് ചെയ്ത് ഒരു രണ്ടര മൂന്ന് മണിക്കൂറോളം ഞങ്ങള്‍ തള്ളി നീക്കിയതിനൊടുവില്‍ ഇനി സംസാരിക്കാന്‍ ലോകത്തിന് കീഴെ യാതൊന്നും ബാക്കിയില്ല എന്ന ഘട്ടത്തില്‍ ഇനി ഞാന്‍ ഉറങ്ങട്ടെ, താന്‍ തന്റെ പെട്ടിയും വട്ടിയുമെല്ലാം പായ്ക്ക് ചെയ്യ് എന്ന് പറഞ്ഞ് ദേവദാസ് കമ്പ്യൂട്ടര്‍ നിഷ്കരുണം സ്വിച്ച് ഓഫ് ചെയ്ത് പോയപ്പോള്‍ ആ കൊച്ചു വെളുപ്പാന്‍ കാലത്ത്, അസ്ഥിയിലൂടെ അരിച്ചിറങ്ങുന്ന തണുപ്പത്ത് എന്റെ വീട്ടില്‍ ഞാന്‍ തനിച്ചായി.
അടിച്ച സാധനത്തിന്റെ ഗുണവും തരിപ്പും മൂലം, അല്പം സമയം ഏകാന്തയുടെ അപാര തീരം എന്ന പാട്ട് പാടി നോക്കിയെങ്കിലും, ട്രാക്ക് ശരിയാവാത്തതിനാല്‍ ആ ശ്രമം അവിടെ ഉപേക്ഷിച്ചു.
സമയം രണ്ടര കഴിഞ്ഞിരിക്കുന്നു. നാല് മണിക്കാണ് ചെക്ക് ഇന്‍ ടൈം. ആ സ്ഥിതിക്ക് ഒരു നാല് മണിക്കെങ്കിലും വീട്ടില്‍ നിന്നിറങ്ങണം.
ഒരു മണിക്കൂര്‍ കഷ്ടിയേ ഉള്ളൂ ഇനി. വാര്‍ഡ് റോബില്‍ നിന്ന് വസ്ത്രങ്ങള്‍ എല്ലാം വലിച്ച് വാരി ബെഡിലിട്ടു. രാവിലെ ഷോപ്പ് ചെയ്ത മറ്റ് സാധനങ്ങളും ബെഡില്‍ ചിതറികിടക്കുന്നുണ്ട്. എല്ലാം വാരി പെട്ടിയിലിട്ടു, പെട്ടി നിറഞ്ഞപ്പോള്‍ പെട്ടി പൂട്ടി . അവശേഷിച്ച സാധനസാമഗ്രികള്‍ ഒരു ബാഗിലിട്ടു, ബാഗും പൂട്ടി. ഹാവൂ എന്തരാശ്വാസം. വെറും പതിനഞ്ച് മിനിറ്റുനുള്ളില്‍ പായ്ക്കിങ്ങ് കഴിഞ്ഞു.
ഒന്ന് കുളിച്ചാലോ എന്നൊരു ചിന്ത നിമിഷ നേരത്തേക്കെന്റെ മനസ്സില്‍ വന്നതും, പിന്നെ ഈ കൊച്ച് വെളുപ്പാന്‍ കാലത്ത്, കോച്ചി വിറക്കുന്ന തണുപ്പത്ത് കുളിച്ച് കുറി തൊട്ട് പോകുന്നത് ഗുരുവായൂര്‍ അമ്പലത്തിലേക്കൊന്നുമല്ലല്ലോ? ഷാര്‍ജ എയര്‍പോര്‍ട്ടില്‍ പോയി എയര്‍ അറേബ്യയില്‍ കയറാനല്ലെ. കുളിക്കേണ്ട ആവശ്യം തീരെ ഇല്ല എന്ന് ഞാന്‍ തന്നെ തിരുത്തി. ഈ ആവശ്യമില്ലാത്ത വൃത്തികെട്ട ചിന്തകള്‍ക്കൊക്കെ വരാന്‍ കണ്ട ഒരു സമയം ഞാന്‍ മനസ്സില്‍ കരുതി. വസ്ത്രങ്ങള്‍ മാറാനുള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോള്‍ ഒരു ഫോണ്‍, ചേട്ടാ, ഞാന്‍ സിയയാ.
എന്തേ സിയാ ഈ അസമയത്ത്?
അല്ല ഇന്നലെ ഓണ്‍ലൈനില്‍ കണ്ടപ്പോള്‍ പറഞ്ഞിരുന്നില്ലെ? നാളെ വെളുപ്പിന് കുറുവിനെ ഒന്ന് ഫോണ്‍ ചെയ്ത് എണീപ്പിക്കാന്‍? ഇത്രവേഗം അത് മറന്നുപോയോ?
അയ്യോ, അത് ശരിയാണല്ലോ? തിരക്കില്‍ ഞാന്‍ മറന്നു പോയി സിയാ. നന്ദി.
നന്ദി കയ്യില്‍ വച്ചേക്ക്. ഫോണ്‍ ചെയ്തതിന്റെ ബില്ല് ഇങ്ങോട്ട് ഡ്രാഫ്റ്റായി അയച്ചാല്‍ മതി എന്ന് പറഞ്ഞ് സിയ ഫോണ്‍ കട്ട് ചെയ്തു.
തൊട്ട് പിറകെ മറ്റൊരു ഫോണ്‍. കുറുമയ്യാ ഞാനാ ദില്ബന്. എഴുന്നേല്‍ക്കയ്യ. രാവിലെ വിളിച്ചെഴുന്നേല്പ്പിക്കാന് പറഞ്ഞിരുന്നതിനാല്‍ ഉറങ്ങാതെ ഇരുന്ന് വിളിച്ചതാ ഞാന്‍.
എന്റമ്മേ, എത്രപേരോടൊക്കെ ഇനി എന്നെ വിളിച്ചെഴുന്നേല്പ്പിക്കാന് പറഞ്ഞിട്ടുണ്ടോ ആവോ?
വസ്ത്രങ്ങള്‍ മാറി തയ്യാറായപ്പോഴേക്കും, വാതിലില്‍ മുട്ട് കേട്ടു ഒപ്പം ചേട്ടാ എഴുന്നേറ്റില്ലേ എന്ന ചോദ്യവും. നവീനാണ്. അവന് പറഞ്ഞ സമയത്ത് തന്നെ ഉണര്‍ന്ന്, എന്നെ എയര്‍പോര്‍ട്ടില്‍ വിടാന്‍ തയ്യാറായി വന്നിരിക്കുന്നു.
ഇല്ല നവീനേ, എഴുന്നേറ്റില്ല. കിടന്നാലല്ലെ എഴുന്നേല്ക്കാന് പറ്റൂ എന്ന മുഖവുരയോടെ ഞാന്‍ വാതില്‍ തുറന്നു. പെട്ടിയും ബാഗുമെടുത്ത് പുറത്ത് വെച്ച് വാതില്‍ പൂട്ടി. നേരെ ഷാര്‍ജ എയര്‍പോര്‍ട്ടിലേക്ക്.
നാലേ മുക്കാല്‍ ആയപ്പോഴേക്കും ഷാര്‍ജ എയര്‍പോര്‍ട്ടിലെത്തി. എന്നെ ഡ്രോപ്പ് ചെയ്ത് നവീന്‍ തിരികെപോയി. ഞാന്‍ എയര്‍പോര്‍ട്ടിനുള്ളിലേക്കും. ഫോര്‍മാലിറ്റികളൊക്കെ കഴിഞ്ഞ് ബോര്‍ഡിങ്ങ് പാസ്സുമായി വെയിറ്റിങ്ങ് റൂമില്‍ കാത്തിരുപ്പ് തുടങ്ങി.
ഏഴേകാലിനാണ് ഫ്ലൈറ്റ്. ഇനിയും രണ്ട് മണിക്കൂറിലധികം സമയമുണ്ട്. എന്ത് ചെയ്യും? ഇവിടെ ഇരുന്നുറങ്ങുന്നതില്‍ അര്‍ത്ഥമില്ല. കാരണം ഫ്ലൈറ്റില്‍ കയറിയാല്‍ ഉറങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. (ബഡ്ജറ്റ് എയര്‍ലൈന്‍സാ, അതും ഷാര്‍ജയുടെ - പണം കൊടുത്താല്‍ പോലും ഹോട്ട് ഡ്രിങ്ക്സ് കിട്ടില്ല). നേരം വെളുത്തിരുന്നുവെങ്കില്‍ ചായയോ കാപ്പിയോ കുടിക്കാമായിരുന്നു. ഇതിപ്പോ നേരം പുലര്‍ന്നിട്ടുമില്ല, രാത്രിയൊട്ട് കഴിഞ്ഞിട്ടുമില്ല എന്ന രണ്ടും കെട്ട അവസ്ഥ. ഉച്ച മുതല്‍ അല്പം മുന്‍പ് എയര്‍പോര്‍ട്ടിലേക്ക് പുറപെടുന്നതിന് തൊട്ടു മുന്‍പ് വരെ കഴിച്ചിരുന്ന ദാഹശമനിയുടെ രാസപ്രവര്‍ത്തന ഫലമായി തലച്ചോറിലുണ്ടായിരുന്ന അലയിളക്കത്തിന് ചെറുതായൊരു മന്ദത സംഭവിച്ചോ എന്ന് ശങ്കിച്ചിരിക്കുന്ന സമയത്താണ് ഞാന്‍ ഇരുന്നതിന്റെ നേരെ മുന്പില് അല്പം വലതു വശത്തായി കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ മുങ്ങികുളിച്ചു നില്ക്കുന്ന ആ ബോര്‍ഡ് കണ്ടത് “ഡുഫ്രി”. പൂന്നെല്ല് കണ്ട എലിയെ പോലെ ഞാന്‍ പുഞ്ചിരിച്ചു, ശേഷം എഴുന്നേറ്റ് കാലുകള്‍ വലിച്ച് വച്ച് നടന്നു ഡുഫ്രിയിലേക്ക്.
നാട്ടിലേക്കുള്ള കുപ്പികള്‍ കൊച്ചിന് ഡ്യൂട്ടി ഫ്രീയില്‍ നിന്നും വാങ്ങാം എന്ന് തീരുമാനിച്ചിരുന്നതിനാല്‍, കണ്ണില്‍ കണ്ട ഷെല്ഫുകളില് പരതാതെ, നേരെ ചെന്നെടുത്തു ആറിന്റെ ഒരു ഹൈനക്കന് വല. ബോര്‍ഡിങ്ങിനുള്ള അറിയിപ്പ് വരുന്നത് വരെ അതുമായി വെയിറ്റിങ്ങ് റൂമിന്റെ ഏറ്റവും പുറക് വശത്തായി ഒരു മണ്ടക്കൊതുങ്ങികൂടി.
എട്ടുമണിക്ക് ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ ഞാന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു. ബെല്‍റ്റ് മുറുക്കാനുള്ള ഇന്‍ഫ്ലൈറ്റ് അനൌണ്സ് മെന്റ് കേട്ട് കണ്ണു തുറന്നപ്പോള്‍ ഫ്ലൈറ്റ് കൊച്ചിയില്‍ ലാന്റ് ചെയ്യാന്‍ പോകുന്നു. ഇന്ത്യന്‍ സമയം ഒന്നരയാകുന്നു.
ഫ്ലൈറ്റ് ലാന്റ് ചെയ്ത് നേരെ കൊച്ചി ഡ്യൂട്ടി ഫ്രീയില്‍ കയറി. കാര്യമായൊന്നും വാങ്ങാനില്ല. ആറേ ആറു കുപ്പി മാത്രം വാങ്ങി. അത് കണ്ടതും സേല്സ് സ്റ്റാഫ് പറഞ്ഞു, സാറെ ആറു കുപ്പിക്ക് മൂന്ന് പാസ്പോര്‍ട്ട് വേണം. എന്റേയും, എന്റെ കസിന്റേയും ചേര്‍ത്താല്‍ രണ്ട് പാസ്റ്റ്പോര്‍ട്ട്. ബാക്കി ഒരു പാസ്റ്റ്പോര്‍ട്ട് ഞാന്‍ ആരുടെ സംഘടിപ്പിക്കും ദൈവമേ? എന്റെ പഴയതും, പുതിയതും കൂടി ചേര്‍ത്ത് സ്റ്റാപ്പിള്‍ ചെയ്തിരിക്കുന്നത് വിടുവിച്ചാല്‍ മതിയോ?
അതു പോര സാറെ, മൂന്ന് വിത്യസ്ത വ്യക്തികളുടെ പാസ്പോര്‍ട്ട് തന്നെ വേണം.
അതില്ലെങ്കിലോ?
എങ്കില്‍ ഒന്നുകില്‍ സാര്‍ നാല് കുപ്പിയെടുക്കുക അല്ലെങ്കില്‍ അധികമുള്ള കുപ്പിക്ക് ഡ്യൂട്ടി അടക്കുക.
വെറുതെ ആവശ്യമില്ലാത്ത ഓരോ വയ്യാവേലിയില്‍ കൊണ്ട് തലവച്ചു ഇനിയിപ്പോള്‍ തര്‍ക്കിച്ച് നില്ക്കാന് സമയമില്ലാത്തതിനാല്‍ ഡ്യൂട്ടി അടക്കാമെന്നേറ്റു.
സാര്‍ ഒന്നുകൂടെ തീരിമാനിക്കൂ. ഒരിക്കല്‍ ബില്ലടിച്ചാല്‍ പിന്നെ സാധനങ്ങള്‍ ഞങ്ങള്‍ തിരിച്ചെടുക്കില്ല.
ഉവ്വു. തീരുമാനിച്ചു. പാറപോലുറച്ച തീരുമാനമാണിത്. ഇനി ഈ തീരുമാനത്തില്‍ നിന്നും കടുകുമണിക്ക് പോലും വ്യതിചലനമുണ്ടാകില്ല.
ബില്ല് പേ ചെയ്ത് കഴിഞ്ഞപ്പോള്‍ കുപ്പികള്‍ക്ക് പകരം അവര്‍ എനിക്കൊരു ബില്ല് നല്‍കിയതിനു ശേഷം പറഞ്ഞു, സര്, ഇത് കൊണ്ട് പോയി കസ്റ്റംസില്‍ കൊടുത്താല്‍ അവര്‍ ഡ്യൂട്ടി അടക്കാനുള്ള തുക പറയും, അത് കഴിഞ്ഞ് ഡ്യൂട്ടി അടച്ച രസീതിയുമായി വന്നാല്‍ ഞങ്ങള്‍ കുപ്പി തരാം.
ഇതിപ്പോ കയ്യിലിരിക്കണ കാശും പോയി, ഷെല്‍ഫിലിരിക്കണ കുപ്പ്യേം കിട്ടീല്ലാന്ന് പറഞ്ഞതുപോലെയായല്ലോ ദൈവമേ! മര്യാദക്ക് ഷാര്ജായില് നിന്നും ആവശ്യത്തിനുള്ള കുപ്പികളും വാങ്ങി ബാഗിലോ പെട്ടിയിലോ വെച്ച് മര്യാദ രാമനായി ഗ്രീന്‍ ചാനലിലൂടെ പോയാല്‍ മതിയായിരുന്നു.
കസ്റ്റംസ് ഓഫീസറുടെ കയ്യില്‍ ബില്ല് കൊണ്ട് പോയി കൊടുത്തു. നാല് കുപ്പി അനുവദനീയം. ബാക്കിയുള്ള രണ്ട് കുപ്പിക്ക് പണ്ടാരക്കാലന് ചുമത്തിയ നികുതി ആയിരത്തി അഞ്ഞൂറ്റി ഇരുപത്തിനാല് രൂപ! കുപ്പിയുടെ ഇരട്ടി വില നികുതി. കൊള്ളാം നല്ല സര്‍ക്കാര്‍.
നാട്ടിലാണെങ്കില്‍ മര്യാദക്ക് ഒരു റോഡ് പോലുമില്ല. ഈ വാങ്ങി കൂട്ടുന്ന നികുതിയൊക്കെ ഗ്രഹണി പിടിച്ചവന് ഹോര്‍ലിക്സ് കുടിച്ചാലെന്നതുപോലെ എവിടേയുമെത്താതെ പോകുന്നു.
ലോകത്തിന്റെ ഏത് മൂലക്ക് കിട്ടുന്നതിനേക്കാളും വളരെ നഷ്ടത്തില്‍ വിദേശ കറന്‍സി മാറ്റി, നികുതിയടച്ച് പെട്ടി, ബാഗ്, കുപ്പികളുമായ് ട്രോളിയുമുന്തി പുറത്തിറങ്ങിയപ്പോള്‍ സമയം രണ്ടരയാകുന്നു.
കാത്ത് നിന്ന് മുഷിഞ്ഞ ഒരു ജോഡികണ്ണുകള്‍ എന്റെ കണ്ണുകളുമായി ഉടക്കി. കണ്ണുകള്‍ക്ക് പുറകില്‍ ഇക്കാസിന്റെ തല!! ഇക്കാസിന്റെ തലക്ക് കോമ്പ്ലിമെന്റായി മറ്റൊരു തല. ആദ്യം മനസ്സിലായില്ല, പക്ഷെ ഇക്കാസ് പരിചയപെടുത്തിയപ്പോള്‍ മനസ്സിലായി. അത് വിധു. വില്ലൂസിന്റെ അനുജന്.
ഞാന്‍ ഇക്കാസിന്റെ ബൈക്കില്‍ കയറി, പിന്നാലെ ടാക്സിയില്‍ എന്റെ ലഗ്ഗേജുകളുമായി വിധുവും, കണ്‍വോയ് ആയുള്ള യാത്ര ചെന്നവസാനിച്ചത് അങ്കമാലി സൂര്യാ ഇന്റര്‍നാഷണലിന്റെ മുന്‍പിലാണ്.
വിശപ്പ് അണ് സഹിക്കബിള്‍. വിശപ്പടക്കുവാനായി അല്പം ഭക്ഷണ സാധനങ്ങളും, ദാഹത്തിനുള്ള ദാഹ ശമനിയും ഓര്‍ഡര്‍ ചെയ്ത് ഞങ്ങള്‍ ചര്‍ച്ചകളിലേക്ക് കൂപ്പ് കുത്തി.
സ്മാര്‍ട്ട് നീഡ്സ് എന്ന ഒരു സംരംഭം അവര്‍ ഉടന്‍ തുടങ്ങുന്നുവെന്നും , പ്രവാസിയായ മലയാളികള്‍ക്ക് ഇഷ്ടപെട്ട പുസ്തകങ്ങള്‍, സി ഡികള്‍ മുതലായവ ഓര്‍ഡര്‍ ചെയ്താല്‍ പോസ്റ്റ്, കൊരിയര്‍ ആയി അവ ഓര്‍ഡര്‍ ചെയ്തവന് ലഭിക്കുമെന്നും, വായനാക്കാരന്റെ ദാഹം എത്രയും പെട്ടെന്ന് തന്നെ സ്മാര്‍ട്ട് നീഡ്സ് ഭുജിപ്പിക്കുമെന്നും ഇക്കാസ് പറഞ്ഞപ്പോള്‍ ഇത്ര പെട്ടെന്ന് അവര്‍ അത് പ്രാവര്‍ത്തികമാക്കും എന്ന് ഞാന്‍ കരുതിയില്ല.
ഇടക്കൊരു ഫോണ്‍.
ഹലോ ഇക്കാസേ, കുറുമാന് ഫോണ്‍ കൊട്...........
ഹലോ, ഇത് ഞാനാ കുമാറാ, ഇന്ന് വരാന്‍ പറ്റിയില്ല........അടുത്ത ആഴ്ച ഇങ്ങോട്ട് വാ, അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ട്. ഇന്നെന്തായാലും മുടിയിലൈ...നമുക്ക് പിന്നെ കാണാം.......
ഒക്കെ ശരി...
പിന്നേയും ഫോണ്‍...........
ചേട്ടാ ഇത് പച്ചാളമാ.............ഇന്ന് വരാന്‍ പറ്റിയില്ല കാരണം ഈ സമയത്ത് വന്നാല്‍ ജഡ്ജി എന്നെ തൂക്കി കൊല്ലാന്‍ വിധിക്കും.
ഓഹ് ശരി.....നമുക്ക് പിന്നീട് കാണാം, അടുത്ത ഫോണ്‍ സജ്ജീവേട്ടന്റെ. കുറുമാനെ ഇന്ന് ഓഫീസില്‍നിന്ന് സ്കിപ്പ് ചെയ്യാന്‍ അല്പം പ്രയാസമാ. എറണാകുളത്ത് വരാന്‍ പറ്റുമോ, എങ്കില്‍ ഒരുമണിക്കൂര്‍ നമുക്കൊന്ന് തകര്‍ക്കാം. അയ്യോ സജീവേട്ടാ, മറ്റൊരു ദിവസം ഞാന്‍ എറണാകുളത്ത് വരാം എന്ന് പറഞ്ഞ് ആ ഫോണും കട്ട് ചെയ്തു. ശേഷം സുഹൃത്തായ ഷിബുവിനെ വിളീച്ച് ഞാന്‍ നാട്ടിലെത്തി, അങ്കമാലി സൂര്യയില്‍ ഇരിക്കുന്നുണ്ട്, വണ്ടിയുമായി പെട്ടെന്ന് വരാമോ എന്നും ചോദിച്ചു.
ഡാ, ഞാന്‍ വേഗം വണ്ടിയുമായി എത്താം എന്ന് പറഞ്ഞ് അവന് ഫോണ്‍ കട്ട് ചെയ്തു..
സംസാരത്തിനിടെ ഞാന്‍ എസ് പിക്ക് ഫോണ്‍ ചെയ്തു. ചേട്ടാ, സാധനം കയ്യിലുണ്ട്. കൊരിയര്‍ അയച്ചാല്‍ മതിയോ?
വേണ്ടഡോ, താന്‍ കൊരിയര്‍ ആയി അയക്കേണ്ട. ഞാന്‍ ആളെ പറഞ്ഞ് വിടാം.
ഞങ്ങള്‍ കലാപരിപാടികള്‍ തുടരുന്നതിടെ ഷിബു വണ്ടിയുമായി വന്ന് ചേര്‍ന്നു. ബില്ലെല്ലാം സെറ്റില്‍ ചെയ്ത് പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഒരു ഫോണ്‍, സര്, സാറിനു എന്തോ സാധനം കൊണ്ട് വന്നിട്ടില്ലെ. ഞങ്ങള്‍ ഇവിടെ താഴെ വെയിറ്റ് ചെയ്യുന്നുണ്ട്.
ശരി ദാ വരുന്നു. ബാഗെല്ലാം എടുത്ത് ഞങ്ങള്‍ താഴെ ഇറങ്ങി.
അതാ ഒരു ഹൈവേ പെട്രോള്‍ വണ്ടി എനിക്കായി കാത്തു നില്ക്കുന്നു. അതില്‍ നാലു പോലീസുകാരും ഇരിക്കുന്നുണ്ട്.
കൈ കൊടുത്ത് പരിചയപെട്ടു. വാരി വലിച്ച് പായ്ക്ക് ചെയ്തതിനാല്‍ പെന്‍ ഡ്രൈവുകള്‍ കിടക്കുന്നത് പെട്ടിയിലാണോ, അതോ ബാഗിലാണോ എന്ന് യാതൊരുവിധ പിടിപാടുമില്ല.
പോലീസ് വാനിന്റെ അരികിലായി പെട്ടി ഫുട് പാത്തില്‍ വച്ച് ഞാന്‍ തുറന്നു. കയ്യിട്ട് എത്ര തപ്പിയിട്ടും സാധനം കിട്ടുന്നില്ല. സാധനങ്ങള്‍ വലിച്ച് വാരി പുറത്തെടുത്തിട്ടായി അടുത്ത തിരച്ചില്‍. ചുറ്റും കൂടി നില്ക്കുന്ന പോലീസുകാര്‍ക്കും, ഇക്കാസിനും, ഷിബുവിനും മറ്റും ഇടയില്‍ നിലത്ത് കുന്തിച്ചിരുന്നുകൊണ്ട് ഞാന്‍ സാധനങ്ങള്‍ പുറത്തേക്ക് വാരിവലിച്ചിടുന്നത് കണ്ടപ്പോള്‍ ഏതോ കള്ളകടത്തുകാരനെ പോലീസ് കയ്യോടെ പിടികൂടുന്നത് കാണുവാന്‍ അതിലൂടെ കടന്നു പോയ ആളുകള്‍ മൊത്തം കൂടി തുടങ്ങി. മയക്കുമരുന്നാവാനാ ചാന്‍സ്, ഏയ് ഡോള്ളറാവും, അതൊന്നുമല്ല സ്വര്‍ണ്ണ ബിസ്കറ്റാവാനാ വഴി, കൂടിയവര്‍ കൂടിയവര്‍ അവരുടെ യുക്തിക്കനുസരിച്ച് കമന്റുകള്‍ പുറത്ത് വിടുന്നത് കേട്ടപ്പോള്‍ ഒപ്പം ഉണ്ടായിരുന്ന എസ് ഐക്ക് കലിയിളകി.
സാറെ സാറ് ആ പെട്ടിയും ബാഗും എടുത്ത് വണ്ടിയില്‍ കയറിയിരുന്ന് തപ്പ്. അല്ലേല്‍ ഇവിടെ കൂടുന്നവരെ പിരിക്കാന്‍ ഞങ്ങള്‍ക്ക് ലാത്തിചാര്‍ജ് നടത്തേണ്ടി വരും.
ഹായ്. ഈ ബുദ്ധി എനിക്കോ, നിങ്ങള്‍ക്കോ എന്താ ആദ്യം തോന്നാതിരുന്നത് എന്ന ചിന്താഗതിയോടെ ഞാന്‍ പോലീസ് വാനിലേക്ക് കയറി, സീറ്റിലേക്ക് ബാഗും, പെട്ടിയും മൊത്തമായി കമഴ്ത്തിയിട്ട് പെന്‍ ഡ്രൈവുകള്‍ പുറത്തെടുത്ത് എസ് ഐക്ക് കൈമാറിയ ശേഷം പെട്ടിയും, ബാഗും പായ്ക്ക് ചെയ്ത് ഇക്കാസിനോടും മറ്റും യാത്രപറഞ്ഞ് ഷിബുവിന്റെ വണ്ടിയില്‍ തൃശൂരിലേക്ക് യാത്ര തിരിച്ചു.
വീട്ടിലെത്തിയപ്പോള്‍ കസിന്‍സായ അനൂപും, പ്രവീണുമെല്ലാം അവിടെ എത്തിയിട്ടുണ്ട്. അച്ചനോടൊപ്പം ഇരുന്ന് ചെറുതായൊന്നു കൂടി, ഉച്ചഭക്ഷണത്തിന്റെ സമയം കഴിഞ്ഞിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നെങ്കിലും, അമ്മയുടെ കൈകൊണ്ട് പാചകം ചെയ്ത അവിയലും, ചാളപൊള്ളിച്ചതും, തോരനും, പപ്പടവും എല്ലാം കൂട്ടി വയറു നിറയെ ചോറുണ്ടു (സ്വാദില്ലെങ്കിലും വയറ് നിറയാതെ ഭക്ഷണം കഴിപ്പ് നിറുത്തുന്ന പതിവ് പണ്ടേ ഇല്ല).
ഊണുകഴിഞ്ഞതും, വിയ്യൂരുള്ള കസിനായ സതീഷിന്റെ വീട്ടിലേക്ക് അനൂപിന്റേയും പ്രവീണിന്റേയും കൂടെ ബൈക്കില്‍ ട്രിപ്പിള്സടിച്ച് വിട്ടു. പോകുന്ന വഴിക്ക് റോഡിന്നരുകിലായി നെറ്റിപട്ടം കെട്ടിയ മൂന്നാനകള്! എന്നിലെ ആനസ്നേഹി ഉണര്‍ന്നു.
നിറുത്തടാ അനൂപേ വണ്ടി.
എന്താ ചേട്ടാ വാളു വക്കാനാ?
ഏയ്, നീ ആനേനെ കണ്ടില്ലെ സൈഡില്‍? ഒന്നു തോട്ടി വയ്ക്കാനാ.
ചേട്ടന്റെ ആനകമ്പം ഇത് വര്യായിട്ട് പോയിട്ടില്ലെ?
ആന കമ്പം പോവാനാ? അത് ജന്മനാലുള്ളതാണ്ട. അങ്ങനെയൊന്നും പോവില്ല. നീ വണ്ടി തിരിക്ക്.
വണ്ടി തിരിച്ച് അനൂപ് റോഡിനെതിര്‍വശത്ത് പാര്‍ക്ക് ചെയ്തു.
അത് ശരി, പൂരവും, അമ്പും, ചന്ദനക്കുടവും എഴുന്നള്ളത്തുമൊന്നുമല്ല സംഭവം. ഒരു ജ്വല്ലറിയുടെ ഉത്ഘാടനമാ. ദൈവമേ, കാലം പോയ പോക്കേ. കള്ളു ഷാപ്പുത്ഘാടനത്തിനു വരെ നെറ്റിപട്ടം കെട്ടിയ ആനയാ ഫാഷന്‍.
ജ്വല്ലറിക്ക് സൈഡിലായുള്ള പച്ചക്കറി കടയില്‍ നിന്നും മൂന്ന് പൈനാപ്പിള്‍ വാങ്ങി ആനകള്‍ക്ക് നല്കി. രണ്ട് വലിയ ആനകളും ഒരു കുട്ടിയാനയുമാണ്. ഉള്ളതില്‍ വലുപ്പമേറിയ ആനയുടെ പാപ്പാന്റെ അരികില്‍ ചെന്നു. പോക്കറ്റില്‍ നിന്നും നൂറു രൂപയെടുത്ത് നല്കി.
പാപ്പാന്റെ മുഖത്ത് പൂത്തിരി കത്തി.
എന്തൂട്ടാ പേര്?
രാമന് നായര്‍.
ചേട്ടന്റെ പേരല്ല ചേട്ടാ, ആനേടെ പേര്?
ഒല്ലൂക്കര ജയറാം.
ഞാന്‍ ജയറാമിന്റെ കാലിലും, തുമ്പിയിലുമൊക്കെയൊന്ന് കയ്യിലുമൊക്കെ ഒന്ന് തലോടി, പിന്നെ ചോദിച്ചു, രാമന്നായരെ, ഇവന് ആളെങ്ങിനെ?
കുഴപ്പമില്ല.
എങ്കില്‍ ആ കാരക്കോലും, തോട്ടീം ഇങ്ങട് താ, ഞാന്‍ ഒര് രണ്ട് പടം പിടിക്കട്ടെ.
ഓ അതിനെന്താ, ദാ പിടിച്ചോളൂ.
കാരക്കോലും, തോട്ടീം കൂട്ടി പിടിച്ചിട്ട് ആനേടെ വലത്തെ കാലില്‍ അങ്ങനെ തലോടി നിന്നപ്പോള്‍ അനൂപ് റോഡിന്റെ അപ്പുറത്ത് നിന്ന് കൊണ്ട് (ആനേടടുത്ത് എപ്പോഴും ഒരു ഡിസ്റ്റന്‍സ് പാലിക്കുന്ന കൂടത്തിലാ അവന്) ഇടക്കിടെ ചീറി പായുന്ന വണ്ടികള്‍ക്കിടയിലൂടെ ഒരു തരത്തില്‍ ചില ചിത്രങ്ങള്‍ പകര്‍ത്തി. ഇന്നേരമൊക്കെയും ജയറാം. തുമ്പികൈയുയര്‍ത്തി എന്റെ അരികില്‍ കൊണ്ട് വന്ന് ശ്ശ്, ശ്ശ് എന്ന ശബ്ദമുണ്ടാക്കി.

എന്റെ മണം പിടിക്കുകയോ അതോ പൈനാപ്പിള്‍ ഇനിയും പോരട്ടെ ചേട്ടാന്ന് അവന്റെ ഭാഷയില്‍ പറയുകയോ ആയിരിക്കണം അവന് ചെയ്തത്. അതോ കാരക്കോലിലും, തോട്ടിയിലും കൂട്ടിപിടിച്ച് കൊണ്ട് എന്നെ തൊട്ടുകൊണ്ടുള്ള ഞളിഞ്ഞുള്ള ഈ കളി വേണ്ടാന്നോ?

മനുഷ്യനല്ലെ, ഒരാശ നിറവേറുമ്പോള്‍ അടുത്ത ആശ. അത് കഴിയുമ്പോള്‍ മറ്റൊന്ന്. ഗ്രൌണ്ട് ലവലിലുള്ള ഫോട്ടോ ഷൂട്ട് കഴിഞ്ഞപ്പോള്‍ എനിക്കൊരു പൂതി, ആനപുറത്ത് കയറിയിട്ട് കൊല്ലം കുറച്ചായി, ഇപ്പോഴാണെങ്കില്‍ ദാ ആന തൊട്ടരികെ. ആന പുറത്തൊന്ന് കയറിയാലോ?
രാമന്നായരെ, ആനപുറത്ത് കേറിയാലോന്നൊരു പൂതി.
അതിനെന്താ, കയറിക്കോളൂ.
പൊക്കാനെ കാല്. രാമന്നായര് പറഞ്ഞതും, ആന പിറകുവശത്തെ വലത്തേ കാല് അല്പം പൊക്കി. വാലില്‍ മുറുകെ പിടിച്ച് കൊണ്ട് ഞാന്‍ കാലില്‍ ചവിട്ടി കാലിലേക്ക് കയറിയ ആതെ സ്പീഡില്‍ തന്നെ അടി തെറ്റിയ ഞാന്‍ താഴേക്ക് ചാടി.
അങ്ങനെ വിട്ടാല്‍ ശരിയാവില്ലല്ലോ? വീണ്ടും ആനവാലില്‍ മുറുകെ പിടിച്ചു കൊണ്ട് ഞാന്‍ ആനയുടെ കാലില്‍ ചവിട്ടി കയറി. ആന കാല് പരമാവധി പൊക്കിയൊപ്പോള്‍ വാല് ചുരുട്ടി വച്ച്, കാലില്‍ നിന്നും ചവിട്ട് മാറ്റി വാലിലേക്കാക്കുകയും , ആനയുടെ അതിലോലമായ ശരീരഭാഗങ്ങളില്‍ അള്ളിപിടിച്ചും, നുള്ളി പിടിച്ചും (കടിച്ചില്ല എന്നു മാത്രം) ഒരു വിധം ആനപുറത്തേറുകയും ചെയ്തു. തലക്ക് മുകളിലൂടെ പോകുന്ന ഇലക്ട്രിക്ക് ലൈനുകള്‍ക്കിടയിലൂടെ നൂണ്ട് ഒരു വിധം ഞാന്‍ ആനയുടെ കഴുത്തിലെത്തി. കയറിന്നിടയില്‍ കയ്യും കാലും കുരുക്കി നിലയുറപ്പിച്ചു.

അനൂപും, പ്രവീണും ഫോട്ടോ സെഷന്റെ രണ്ടാം ഭാഗമായ ആനപുറത്തേറുന്നതും, ആനപുറത്തിരിക്കുന്നതുമായ ഭാഗങ്ങള്‍ വീഡിയോവായും, സ്റ്റില്ലായും പകര്‍ത്തുന്നതില്‍ വ്യാപൃതരായിരുന്നു.
ദൂരെ നിന്നു തന്നെ തുടര്‍ച്ചയായി ഹോണടിച്ച് കൊണ്ട് ഒരു ബസ്സ് മറ്റൊരു ബസ്സിനെ ഓവര്‍ ടേക്ക് ചെയ്ത് പോയതും, ജയറാമൊന്ന് ഇളകി. ഒപ്പം ഒരു ചിന്നം വിളിയും.
രാമന്നായരെ എന്നെ ഒന്നിറക്ക് നായരെ.
ഓ സാറിറങ്ങിക്കോളൂ. മുന്നീക്കൂടെ ഇറങ്ങിയാല്‍ മതി. ചെവിയേല് പിടിച്ച്.
പൊക്കാനെ കാല്, നായര്‍ ആഞ്ജാപിച്ചു.
ജയറാമന് പൊട്ടനെ പോലെ ആ കമന്റ് ഇഗ്നോര്‍ ചെയ്തു.
പൊക്കാനെ കാല്, നായര്‍ പിന്നേം ഒന്നു കമന്റ്റി.
ഓഹ്, പിന്നെ താന്‍ പറയണത് എല്ലായ്പ്പോഴും ഞാന്‍ കേള്‍ക്കണമെന്നൊന്നുമില്ലല്ലോ എന്നമട്ടില്‍ ജയറാം പിന്നേം സൈലന്റ് മോഡില്‍ നിന്നു.
ടേ... രാമന്നായരുടെ കയ്യിലുള്ള കാരവടി ആനയുടെ കാലില്‍ പതിച്ചു.
ആന ഒന്നുകൂടെ ഉറക്കെ ചിഹ്നം വിളിച്ചു. പിന്നെ മുന്പിലെ റോഡിലേക്ക് രണ്ട് മൂന്നടി ചുമ്മാതങ്ങ് കയറി. അതേ സമയത്തു തന്നെ അന്നു വെളുപ്പിന് ദേവദാസുമായുള്ള സംസാരം എന്റെ മനസ്സിലൂടെ ഒരു സ്ക്രീന്‍ ഷോട്ട് പോലെ മിന്നി മറഞ്ഞു (തത്ക്കാലം നീ വോയ്സ് ചാറ്റില്‍ വാ. നമുക്ക് ഒരു രണ്ട് മൂന്ന് മണിക്കൂര്‍ നേരം കത്തിയും, കോടാലിയും ഒക്കെ വച്ചങ്ങിരിക്കാം. അല്ലെങ്കില്‍ ഞാന്‍ ഉറങ്ങി പോവും. ഇന്നത്തെ ഈ കണ്ടീഷണില്‍ ഞാന്‍ ഉറങ്ങിപോയാല്‍ ആന കുത്തിയാലും അറിയില്ല.
ആനയൊക്കെ അതാതിന്റെ സമയത്ത് കുത്തിക്കോളും, താനിപ്പോള്‍ ജീ ടാക്കില്‍ വാ)
ദൈവമേ ഇതാണോ അവന് പറഞ്ഞ ആനയൊക്കെ അതാതിന്റെ സമയത്ത് കുത്തിക്കോളും എന്ന പറഞ്ഞ സമയം? എന്റെ ചിന്തയെ ഒന്നുകൂടെ കൊഴുപ്പിക്കാന്‍ താഴെ റോഡിനപ്പുറത്ത് നിന്നു കൊണ്ട് അനൂപും പ്രവീണും, ചേട്ടാ പേടിക്കാനൊന്നുമില്ല, ഇവന് വെറും മൂന്നാളെ മാത്രമേ കൊന്നിടട്ടുള്ളൂ ഇതുവരേയായി എന്ന വാചകവും. ദൈവമേ.
എന്റെ ഉള്ളിലെ കിളി പറന്ന് പറന്ന് പോയി. ഹൃദയം പെരുമ്പറകൊട്ടുന്നു.
ചില ആനകള്‍ക്ക് പരിചയമില്ലാത്തവര്‍ മുന്നിലൂടെ ഇറങ്ങുന്നത് ഇഷ്ടമല്ല എന്ന് കേട്ടിട്ടുണ്ട്. ഇനി ജയറാമിന് അത്തരം ദുസ്വഭാവമെങ്ങാനും ഉള്ളതിനാലാണോ എന്തോ ഈ മൊട! എന്തായാലും ആനപുറത്ത് നിന്ന് ഉടന്‍ ഇറങ്ങിയില്ലേല്‍ ആനപുറത്തിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു എന്ന വാര്‍ത്ത പിറ്റേന്നത്തെ പത്രങ്ങളില്‍ ചിത്ര സമേതം വരുന്നത് ഞാന്‍ മനക്കണ്ണില്‍ കണ്ടതും, കഴുത്തില്‍ നിന്നും പിന് വശത്തേക്ക് ഞാന്‍ നിരങ്ങി നീങ്ങി.
രാമന്നായരെ, ഞാന്‍ പിന് കാലില്‍ കൂടെ ഇറങ്ങാം, ഒന്ന് കാല് പൊക്കാന്‍ പറയ്.
പൊക്കാനെ കാല്.
ഇത്തവണ ജയറാം നല്ല കുട്ടിയായി കാല് പൊക്കി. വാലില്‍ പിടിച്ചു കൊണ്ട് ഞാന്‍ സ്ലോ മോഷനില്‍ താഴേക്കിറങ്ങി. പകുതിയോളം കാല് താഴ്ന്നതും ഞാന്‍ താഴേക്ക് ചാടി, ആനയില്‍ നിന്നും വളരെ അകലത്തില്‍ മാറി നിന്നു.
ശ്വാസം ഉള്ളിലേക്കാഞ്ഞാഞ്ഞെടുത്തതിനു ശേഷം രാമന്നായരെ കൈകാട്ടി വിളിച്ചു.
അല്ല രാമന്നായരെ, ഇവന് ആളെങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ താനല്ലെ പറഞ്ഞത് കുഴപ്പമില്ലാന്ന്. എന്നിട്ടിപ്പോ എന്താ അവനൊരു മൊട റോള്‍?
അത് സാറെ. ഉള്ള സത്യം പറയാമല്ലോ. ഇവന് നീരിലായിരുന്നു. നീര് മാറി ഇന്ന് അഴിച്ചതേയുള്ളൂ. നീരുള്ള സമയത്ത് ഞാന്‍ പോലും അവന്റെ അരികിലെങ്ങാന്‍ ചെന്നാല്‍ പട്ടയെടുത്ത് വീക്കുമായിരുന്നു!!!
ജീവന് തിരിച്ചു കിട്ടിയതിന് ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ വണ്ടിയിലേറി എന്റെ യാത്ര തുടര്‍ന്നു.

Subscribe to:
Posts (Atom)