Monday, November 11, 2013

"ഒരു പിറന്നാൾ ചിന്ത"


വെളുപ്പാൻ കാലത്തേതാണ്ടൊരു നാലുമണിയായപ്പോഴേക്കും പതിവില്ലാതെ ഉറക്കത്തിൽ നിന്നെഴുന്നേറ്റു.  കമ്പിളിപുതപെടുത്ത് വലിച്ച് തലയിലൂടെയിട്ട് തിരിഞ്ഞും, മറിഞ്ഞും കിടന്നു നോക്കി.  ഇല്ല!  എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നതേയില്ല.


ഫോണെടുത്ത് ഓൺലൈനിൽ ഒന്നു രണ്ട് പത്രങ്ങൾ ഓടിച്ചു വായിച്ചു.  ബസ്സിൽ വന്നിട്ടുള്ള പോസ്റ്റുകളൊക്കെ ഒന്ന് ഓടിച്ചു നോക്കി, പരിചയക്കാർക്കൊക്കെ പോസ്റ്റിയതെന്താണെന്നു പോലും നോക്കാതെ ലൈക്ക് അടിച്ചു!  പ്ലസ്സിൽ നിന്നിറങ്ങി ഫേസ്ബുക്കിൽ കയറി....അവിടേം സേം, ഇവിടേം സേം...ചിലതിനൊക്കെ ലൈക്കടിച്ചു, എന്റെ പ്രൊഫൈൽ വായിച്ച് എന്നിൽ ഭ്രമിച്ച്, അനുരാഗവിലോചനയായി, എന്നെകുറിച്ച് കൂടുതലായി അറിയാൻ താത്പര്യപെട്ട്, ആഫ്രിക്കയിൽ നിന്നും കുട്ടിയുടുപ്പിട്ട ഫീമെയിലുകളുടെ ഈമെയിൽ അയക്കില്ലെ കണ്ണാ, കാർമുകിൽ വർണ്ണാ, കഷണ്ടിതലയാ എന്ന ടൈപ്പിലുള്ള മെയിലുകളൊക്ക് ഓരോന്നായി ഡിലീറ്റി കഴിഞ്ഞപ്പോഴും സമയം അഞ്ച് കഴിഞ്ഞിട്ടേയുള്ളൂ.


കുശിനിയിൽ കയറിയപ്പോൾ ഒരല്പം കട്ടനടിച്ചാലോ എന്നൊരാശ.  പതിവില്ലാത്തതാണ്.. എന്നാലും സമയം കളയണ്ടെ എന്നു കരുതി, അല്പം കട്ടനിട്ട് കുടിച്ച് കഴിഞ്ഞപ്പോഴേക്കും, എമർജൻസി ലാന്റിങ്ങ് വാർണിങ്ങ് മെസ്സേജ് മെമ്മറിയിൽ ലഭിച്ചതു പ്രകാരം, കഴിഞ്ഞ വെള്ളിയാഴ്ചയിലെ ഫ്രൈഡേയെടുത്ത് ശൗച്യാലയത്തിലേക്ക് കയറി എമർജൻസി എക്സിറ്റ് ഡോർ തുറന്നു വിശാലമായിരുന്നുകൊണ്ട്  പാചകകുറിപ്പുകളും ചിത്രങ്ങളുമൊക്കെ നോക്കി . കട്ടനഫക്റ്റിൽ ഒരു ക്രാഷ് ലാന്റിങ്ങ് പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും സ്മൂത്ത് & സേഫ് ലാന്റിങ്ങായിരുന്നു.


പല്ലുതേച്ച്, മുഖമൊക്കെ കഴുകി തുടച്ച് പുറത്ത് വന്നപ്പോൾ, അത്ഭുത ഭാവത്തോടെ നല്ലപാതിയുടെ വക ചോദ്യം..   ഇതെന്താ പതിവില്ലാതെ വെളുപ്പാൻ കാലത്ത് തന്നെ ഒരു പല്ലുതേപ്പ്?  പിറന്നാൾ ആയതിനാലാണോ?


ഏയ്...ഞാൻ ആ ടൈപ്പല്ല.. നാലുമണിയായപ്പോൾ എന്താന്നറിയില്ല ഉറക്കം പോയ്..അപ്പോ ചുമ്മാ എഴുന്നേറ്റതാ....


പിള്ളാർ രണ്ടുപേരും എഴുന്നേറ്റ് വന്നെന്നെ കണ്ടപ്പോഴും നല്ലപാതിയുടെ മുഖത്ത് കണ്ട അതേ അത്ഭുത ഭാവം തന്നെ മുഖത്ത്.


പത്ത്നാല്പത്തൊന്ന് വർഷമായിട്ട് മെയ്യനങ്ങാതെ ഇരുന്ന് തിന്നുന്ന ഒരേയൊരു വ്യായാമമല്ലാതെ മറ്റൊരു രീതിയിലുള്ള വ്യായമവും ശരീരത്തിനു നൽകിയിട്ടില്ല...എന്തായാലും ഇന്നു മുതൽ വ്യായാമം ചെയ്യുക തന്നെ....പിറന്നാൽ/പുതുവർഷ റെസലൂഷൻസൊരെണ്ണം സ്പോട്ടിൽ പിറന്നു.


ഷോർട്ട്സും, ഷൂസും തിരുകികേറ്റി  പാർക്കിൽ പോയി അല്പം നടന്നിട്ടു വരാം എന്ന് പറഞ്ഞ് വാതിൽ ചാരിയപ്പോൾ, എത്രദിവസത്തേക്കുണ്ടാവും ഈ ആരംഭശൂരത്വം എന്ന വാമഭാഗത്തിന്റെ ചോദ്യം കേട്ടില്ലാന്നു നടിച്ച് വാതിൽ ഞാൻ അമർത്തിയടച്ചു.


ഹൗ സമയം അഞ്ചരയായിട്ടേയുള്ളൂ..പാർക്കിനു ചുറ്റും നടക്കാം..ആരുമുണ്ടാവില്ല ഈ കൊച്ചുവെളുപ്പാൻ കാലത്ത് എന്ന് കരുതി പാർക്കിലെത്തിയപ്പോൾ ഞാൻ കണ്ട കാഴ്ച!!  താറാവുംകൂട്ടത്തെപോലെ നിരനിരയായി, വരിവരിയായ് ആയിരങ്ങൾ നടക്കുകയും, ഓടുകയും ചെയ്യുന്നു!


ആ താറാവുംകൂട്ടത്തിന്റെ ഇടയിലേക്ക് ഞാൻ തലയും കുമ്പിട്ട് നൂണ്ട് കയറി...പിന്നെ കൈകൾ വീശി ഒരേ നടത്തം....റൗണ്ട് ഒന്നു കഴിഞ്ഞു, രണ്ട് കഴിഞ്ഞു, മൂന്നു കഴിഞ്ഞു, നാലുകഴിഞ്ഞു.  കാലിന്റെ വണ്ണ വേദനിക്കാൻ തുടങ്ങിയെങ്കിലും, അഞ്ചാം റൗണ്ടും ഞാൻ നടന്നെത്തിച്ചു...തലയിലൂടെ, കഴുത്തിലൂടെ വിയർപ്പുചാലുകൾ ഒഴുകാൻ തുടങ്ങി.....ശ്വസനത്തിന്റെ വേഗത വല്ലാതെ വർദ്ധിച്ചിരിക്കുന്നു, ചുരുക്കം പറഞ്ഞാൽ പട്ടികിതയ്ക്കണത് പോലെ കിതയ്ക്കാൻ തുടങ്ങി എന്നിട്ടും തളർന്നില്ല ഞാൻ....ആറാം റൗണ്ടും പൂർത്തിയാക്കി!  ആറുറൗണ്ട് റെസ്റ്റെടുക്കാതെ കൈവീശി നടക്കുക.......ഹൗ ഭീകരം.  എന്നെയും എന്റെ സ്റ്റാമിനയും സമ്മതിക്കണം..


സ്റ്റാർട്ടിങ്ങ് പോയന്റിൽ നിന്നും ഫിനിഷിങ്ങ് പോയന്റിലേക്ക് ഒരു റൗണ്ട് അടിച്ചാൽ 400 മീറ്റർ കഷ്ടി.. മൊത്തത്തിൽ രണ്ടരകിലോമീറ്ററിൽ കുറവ് നടന്നപ്പോഴേക്കും പഴന്തുണി പരുവമായ എന്റെ സ്റ്റാമിനയെകുറിച്ചോർത്തപ്പോൾ തന്നെ  ബി പി കൂടിയോന്നൊരു സംശയം.  സമയം ആറാകുന്നു....ഒലിച്ചിറങ്ങിയ വിയർപ്പുചാലുകൾ ചൂണ്ടുവിരലാൽ വടിച്ചെടുത്ത് ഞൊടിച്ച് കളഞ്ഞു..


വീട്ടിലെത്തിയപ്പോഴേക്കും പിള്ളാർക്ക് സ്കൂളിലേക്കിറങ്ങാനുള്ള സമയമായിരുന്നതിനാൽ വാമഭാഗം എന്നെ ഗൗനിച്ചതേയില്ല....ഇത്രയും കടുത്ത വ്യായാമം കഴിഞ്ഞ് വന്ന എന്നെ അവൾ ഗൗനിക്കാതിരുന്നത് എന്നിൽ അല്പം ഈർഷ്യ ഉണ്ടാക്കി എങ്കിലും അതിലേറെ എന്നെ വിഷമിപ്പിച്ചത്, വ്യായാമം ചെയ്തു തളർന്നു വന്ന എനിക്ക് ഒരു ഗ്ലാസ്സ് ബോൺവിറ്റ പോലും കലക്കി തരാഞ്ഞതിലാണ്!


കുളികഴിഞ്ഞ് ഓഫീസിൽ പോകാൻ വസ്ത്രം മാറി വന്നപ്പോഴേക്കും, ആവി പറക്കുന്ന ഇഡ്ഡലിയും, ചുവന്ന ചട്നിയും മേശമേൽ വന്നു കഴിഞ്ഞിരുന്നു ഒപ്പം ഇഞ്ചിയും, ഏലക്കാതരിയും ചേർത്ത നല്ല ചൂടു ചായ!  സമയകുറവു മൂലം ആറേ ആറിഡ്ഡലി മാത്രം കഴിച്ച് ദന്തവ്യായാമം നിറുത്തി ഞാൻ എഴുന്നേറ്റു,


ലഞ്ച്ബോക്സെല്ലാമെടുത്ത് ഇറങ്ങാൻ നേരം ഫോൺ ബെല്ലടിക്കുന്നു...


പിറന്നാൾ ആശംസകൾ മോനെ....
താങ്ക്യൂ താങ്ക്യൂ....(നാട്ടിൽ നിന്നും അച്ഛനാണു).


ഇന്നെന്താ സ്പെഷ്യൽ സദ്യയൊക്കെയുണ്ടോ?


പിന്നെ ഗംഭീര സദ്യയല്ലെ...ഇന്നലെ വൈകീട്ട് വച്ച അയല വറുത്തരച്ച കറിയും, ചാള വറുത്തതും, ഉലുവയില തോരനും പായ്ക്ക് ചെയ്തിട്ടുണ്ട്....


ദേ അമ്മക്ക് ഫോൺ കൊടുക്കാം....


മോനെ പിറന്നാൾ ആശംസകൾ, ദൈവം നല്ലത് വരുത്തട്ടെ....
താങ്ക്യൂ അമ്മാ...

ശരിക്കും പിറന്നാളിനു അമ്മയും, അച്ഛനും മക്കളെ വിളിച്ച് ഇങ്ങോട്ട് ആശംസിക്കുകയല്ല വേണ്ടത്....

മറിച്ച്


പത്ത്മാസം ചുമന്ന്, പേറ്റ് നോവനുഭവിച്ച്,  പ്രസവിച്ച്,  കഷ്ടപെട്ട് വളർത്തി വലുതാക്കി ഇന്നത്തെ ലെവലാക്കിയ മാതാപിതാക്കൾക്കല്ലെ മക്കൾ അങ്ങോട്ട് വിളിച്ച്  ആശംസകൾ നേരേണ്ടത്? അല്ലെങ്കിൽ നന്ദി പറയേണ്ടത്?

Thursday, September 26, 2013

"ജീ" സ്പോട്ട്

പണ്ട് പണ്ട് പണ്ടൊരിക്കല്‍...

കൃത്യമായി പറഞ്ഞാൽ, ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയേഴിൽ....

അല്പം കൂടെ വ്യക്തമായി പറഞ്ഞാൽ .... ദില്ലിയിലെ ഏഴെട്ടു വർഷത്തെ ജീവിതവും കഴിഞ്ഞ്, യൂറോപ്പ് സ്വപ്നം മടക്കികെട്ടി നാട്ടിൽ വന്ന് കാലാട്ടിയിരിക്കാറുള്ള ആ കാലഘട്ടത്തിൽ ആകുന്നു മനസ്സിനെ ഒരുപാടൊരുപാട് വിഷമിപ്പിച്ച അതിനേക്കാളേറെ ചിന്തിപ്പിച്ച ഈ സംഭവം നടക്കുന്നത്!

എന്നത്തേയും പോലെ, പല്ലുതേപ്പ്, കുളി, ചായകുടി, പ്രാതൽ എന്നിവക്കുശേഷം ഉമ്മറക്കോലായിലിരുന്ന് കാലാട്ടികൊണ്ടുള്ള പത്രപാരായണം അവസാനിപ്പിച്ചത് പുണ്യാളൻ തോമസേട്ടന്റെ കോളേജിലേക്കുള്ള അവസാന മാടപ്രാവും പറന്നു പോയതിനുശേഷമാണു.

സമയം ഒമ്പതാകുന്നതേയുള്ളൂ. ഇന്നത്തെ പരിപാടികൾ എന്ത്?  മനസ്സിന്റെ അറകൾ മൊത്തം അരിച്ചുപെറുക്കി, ഡയറി തപ്പിയെടുത്ത് മലർത്തി നോക്കി.  ഉച്ചക്കുള്ള ഊണു, വൈകീട്ട്, മാടപ്രാക്കളുടെ പടിഞ്ഞാട്ടിറക്കസമയത്തുള്ള കാപ്പികുടി, രാത്രിയിലെ അത്താഴം.  ഇത്രയുമെ ഡയറിയിൽ കുറിച്ചുവച്ചിട്ടുള്ളൂ...കുറിക്കാനും അത്രയുമേയുള്ളൂ.

ഇനി മുന്നോട്ടെന്ത്?  ഉച്ചയൂണു വരെയുള്ള സമയം എങ്ങിനെ കളയും?  ആലോചിക്കും തോറും കണ്ണിൽ ഇരുട്ട് പടരാൻ തുടങ്ങി....വായ അനങ്ങികൊണ്ടിരുന്നാൽ കണ്ണിലിരുട്ടുപകരുന്നതിനൊരുശമനം വരുമെന്ന് ശ്രീ ശ്രീ അനുഭവ് ഗുർ പറഞ്ഞതു പ്രകാരം മൂടൂം തട്ടി കോലായിൽ നിന്നെഴുന്നേറ്റു മുറിയിലേക്ക് നടക്കും വഴി ഡൈനിങ്ങ് ടേബിളിൽ അടച്ചു വച്ചിരുന്ന ഇഡ്ഡലിപാത്രത്തിൽ നിന്നും ഒരേ ഒരു ഇഡ്ഡലി ചട്നിയിൽ കൂട്ടി അണ്ണാക്കിലേക്ക് തട്ടി...

ഹൗ എന്തൊരെരിവ്!!

രാവിലെ എട്ടൊമ്പത് ഇഡ്ഡലി ചട്നിയിൽ ആറാട്ടുമുങ്ങി എഴുന്നള്ളിച്ചപ്പോൾ തോന്നാത്ത എരിവ് ഇപ്പോൾ എന്താണാവോ എന്ന് ശങ്കിയ്ക്കാൻ തുടങ്ങിയപ്പോഴേക്കും ഈച്ചയാർക്കാതിരിക്കാൻ പ്ലാസ്റ്റിക്ക് കൂടകൊണ്ടു മൂടിവച്ചിരിക്കുന്ന 24 കാരറ്റ് തങ്കതനിമയാർന്ന നേന്തപഴപടല കണ്ണിലുടക്കി...കണ്ണുവിടർന്നു...പൊതുവെ പുറത്തേക്കുന്തിയ കണ്ണുകൾ ഒന്നുകൂടെ പുറത്തേക്ക് തള്ളി.

ഘർ കാ മുർഗീ ദാൽ ബരാബർ....ജൂം ബരാബറു ജൂം ബരാബർ.........പടലയിൽ നിന്നും ഒരു നേന്ത്രനെ മെല്ലെ അടർത്തിയെടുത്ത് തൊലിയുരിച്ച് മെല്ലെ മെല്ലെ ആസ്വദിച്ചങ്ങിനെ കടിച്ചരച്ചിറക്കുന്നതിനിടയിൽ ഗേറ്റിൽ നിന്നും ബൈക്കുകളുടെ നിറുത്താത്ത ഹോണടി....

സ്വസ്ഥമായൊരു നേന്ത്രപഴം കഴിക്കാൻ പോലും സ്വാന്തന്ത്ര്യമില്ലല്ലോ ഭഗവാനേയെന്ന ആത്മനോടൊപ്പം പഴത്തേ മൊത്തത്തിലണ്ണാക്കിലേക്ക് തള്ളിയിറക്കി....അടച്ചുവച്ചിരിക്കുന്ന കരിങ്ങാലിവെള്ളം ഗ്ലാസിലേക്കൊഴിച്ച് ഒരിറക്ക് കഴിച്ച് പഴത്തിനെ ആമാശയത്തിലേക്കുള്ള വഴിയിലേക്ക് യാത്രയാക്കിയതിനുശേഷം ഗേറ്റിലേക്ക് നടന്നു.

ആഹാ...എല്ലാരുമുണ്ടല്ലോ...ജോഷി, സഞ്ജയ്, ശിവൻ, ദീപക്ക്, കാംബ്ലി!!  എന്താ രാവിലെ തന്നെ?

നമുക്കിന്നു ഈച്ച്യേ പോയാലോന്നൊരാലോചന...പൂവല്ലേ?

പീച്ചിലിക്കാ? ഈ വെളുപ്പാൻ കാലത്താ? 

പീച്ച്യല്ലഡാ...ബീച്ച്യേ പൂവാന്ന്.....

ഇപ്പോഴല്ലാ....എല്ലാരടേം വീട്ടിലൊക്കെ പോയി തോര്‍ത്തുമുണ്ടൊക്കെ എടുത്ത് വരുമ്പോഴേക്കും മണി പതിനൊന്നു കഴിയും...

എങ്കില്‍ പൂവാം..ഞാന്‍ റെഡി.....ദേ ഞാന്‍ തോര്‍ത്ത്മുണ്ടെടുത്തിട്ടിപ്പോ വരാം.......

നീ ഉള്ള്യേ പോവാന്‍ വരട്ടെ..........കയ്യിലെത്ര ജോര്‍ജൂട്ടിണ്ട്?  അഞ്ച് പേരും ഒരുമിച്ചായിരുന്നു ചോദ്യമെറിഞ്ഞത്?  എന്തൊരൊരുമ!!

ഒരു പത്തിരുന്നൂറുറുപ്യ കാണും.....

അമ്മോട് ചോദിച്ച് ഒരഞ്ഞൂറൊപ്പിക്കറാ........വീണ്ടും കോറസ്സ്...

ഉവ്വവ്വാ....കയ്യിലിരിക്കണ ഇരുന്നൂറു തന്നെ മില്‍മക്കാരന്‍ വന്നാല്‍ കൂപ്പണ്‍ വാങ്ങാനായി തന്നിട്ടുള്ളതാ....

വീട്ട്യേകേറി തോര്‍ത്തുമുണ്ടൊക്കെയെടുത്ത് കവറിലിട്ടു..... ഇനി അണ്ടനൊരെണ്ണം വേണം.  ഹൗ തുളയില്ലാത്ത ഒരെണ്ണം കിട്ടാൻ പെട്ട പാട്!  ഇതിലും ഭേദം കിണറ്റിനുമുകളിൽ പ്ലാവില വീഴാതിരിക്കാൻ കെട്ടിയിരിക്കുന്ന വലയുടെ കഷ്ണം മുറിച്ചു കയ്യിൽ കരുതകയാ!

അമ്മേ ഞാന്‍ ബീച്ചുവരെയൊന്നു പോയിട്ട് വരാംട്ടാ...

രാവിലെ തന്നെ തെണ്ടാന്‍ ഇറങ്ങിക്കോ...ഇന്നലെ തൊട്ട് കടയില്‍ പോവാന്‍ പറഞ്ഞിട്ട് നീ പോയാ?  കടേപോയി വന്നിട്ട് പോയാല്‍ മതി എങ്ങട്ടാച്ചാ....

ഒരു നല്ലകാര്യത്തിനു പോകുമ്പോ പിന്നീന്ന് വിളിക്കാന്‍ പാടില്യാന്നറിയില്ല്യേ അമ്മേന്നും ചോദിച്ച് ഞാന്‍ സ്കൂട്ടായി.

വെശ്ക്കൂണു, വെശ്ക്കൂണൂ, എന്തൂട്ടാമ്മേ കഴിക്കാന്‍ ന്ന് ചോദിച്ച് നീ ഇങ്ങട്ട് വാ....ഇന്ന് പച്ചച്ചോറുണ്ട് കിടക്കാം മോന് എന്ന അമ്മയുടെ ഭീഷണി കേള്‍ക്കാത്തത് പോലെ ഗെയിറ്റടച്ച് പുറത്തിറങ്ങി.

ഓരോരുത്തരുടേയായി വീടുകളിൽ കയറി, തോര്‍ത്തുമുണ്ടും, അമ്മമാരെ മണിയടിച്ച് അത്യാവശ്യം കാശും മറ്റും സംഘടിപ്പിച്ച് പെരിഞ്ഞനം കടപ്പുറത്തേക്കൂള്ള യാത്രതിരിച്ചു.

മൂന്നുപീടികയിലെത്തിയപ്പോഴേക്കും സമയം പന്ത്രണ്ടാകുന്നു.....നല്ല ചൂട്...........

മൂന്നുപീടികയിലെത്തിയാൽ, ദാഹശമനിയടിച്ചിട്ടാവാം  ബീച്ചിലോട്ടുള്ള യാത്ര എന്ന് മുന്നേ തീരുമാനിച്ചിരുന്നത് പ്രകാരം ബൈക്കുകൾ എല്ലാം തന്നെ തണ്ണീർപന്തലിന്നു പുറത്തെ മതിലിന്നരികിൽ ഒതുക്കി വച്ച് ആറുപേരുടെ കയ്യിലുള്ള പൈസയെല്ലാം ഒന്നുകൂടെ എണ്ണിതിട്ടപെടുത്തി..  .കൊള്ളാം, ദാഹം മാറ്റാൻ മാത്രമല്ല അത്യാവശ്യം വിശപ്പിനും ശാന്തിവരുത്താം.

ദാഹത്തിനൊരു ശമനവും, വിശപ്പിനൊരു ശാന്തിയും കൈവരിച്ചപ്പോഴേക്കും സമയം മൂന്നര!! ബില്ലൊക്കെ സെറ്റിൽ ചെയ്ത് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത് ഒരു ഇരുന്നൂറുമീറ്റർ തികച്ചോടിയിട്ടില്ല.....അതാ വളവിൽ നീട്ടിയ ഒരു കൈ!  കയ്യിൽ നിന്നും കണ്ണുകൾ മുകളിലോട്ട്.......കാക്കിയിട്ട, തൊപ്പി വച്ച മനുഷ്യൻ!  അതിനു പിൻപിലായി കാക്കിയിട്ട മൂന്നാലു മനുഷ്യന്മാർ വേറെയും...ബാക്ക് ഗ്രൗണ്ടായി ഒരു നീല ജീപ്പ്!!  സംശയമില്ല, പോലീസ് തന്നെ!
  
പണ്ടാരം!!

ബാറിനുമുന്നിലുള്ള വളവിൽ നിൽക്കുന്നവർക്ക് ബാറിൽ നിന്നിറങ്ങിവരുന്നവരെ കാണാം, പക്ഷെ ഇറങ്ങിവരുന്നവർക്ക് വളവിൽ നിൽക്കുന്നവരെ കാണാൻ പറ്റില്ല....സ്കോട്ട്ലാന്റ് യാർഡ് പോലീസിനുപോലും അറിയാത്ത വിദ്യകളാ മ്മടെ കേരള പോലീസിന്റെ കയ്യിൽ!

വണ്ടിയൊതുക്ക്....

പിന്നിലിരുന്ന ഞാനടക്കമുള്ള മൂന്ന് പേർ വണ്ടിയിൽ നിന്നിറങ്ങി ഒതുങ്ങിനിന്നു...

വണ്ടിയോടിച്ചിരുന്ന മൂന്നു പേർ വണ്ടിയൊതുക്കി സ്റ്റാന്റിട്ട് സൈഡായി...
വണ്ടീടെ പേപ്പറും, ലൈസസൻസുകളുമൊക്കെ വാങ്ങി എല്ലാം ശരിയാണെന്നുറപ്പായപ്പോൾ....വണ്ടിയുടേ ചാവികൾ ഊരിയെടുത്തു.  ശരി എല്ലാരും മതിലകം പോലീസ് സ്റ്റേഷനിലേക്ക് വാ, ബാക്കി സാറു തീരുമാനിക്കും (ഇപ്പോഴാണെങ്കിൽ ജോപ്പന്റെയോ, ജിക്കുവിന്റേയോ എന്തിനു മുഖ്യന്റെ പേരെങ്കിലും പറഞ്ഞു തടിതപ്പാമായിരുന്നു).

ജീപ്പിൽ കയറി ഏമാന്മാർ അവരുടെ പാട്ടിനു പോയി.....

ദൈവമേ പണിയായല്ലോ?  ഓട്ടോ പിടിച്ച് മതിലകം സ്റ്റേഷനിൽ പോകാനുള്ള കാശുണ്ട്.  പോകാതിരിക്കാനാകില്ലല്ലോ? 

രണ്ട് ഓട്ടൊ പിടിച്ച് ഞങ്ങൾ നേരെ സ്റ്റേഷനിലേക്ക് വിട്ടു. 

സ്റ്റേഷനിൽ ചെന്നപ്പോൾ വണ്ടിയുടെ ചാവിയെടുത്ത ഏമാന്മാരൊക്കെ തന്നെ അവിടെയുണ്ട്....ഞങ്ങളെ കണ്ടതും പറഞ്ഞു, സാറിവിടില്ല....  പുറത്ത് വെയിറ്റ് ചെയ്യ്.

കാത്തിരുന്തേൻ കാത്തിരുന്തേൻ എന്ന പാട്ട് പലകുറി പാടിയിട്ടും, നേരമേറെയായിട്ടും......കണ്ണനവൻ വന്നില്ല തോഴിമാരെ....

എല്ലാരും വാ....വിളിവന്നു...

ദേ സാറിന്റെ മുറിയിലേക്ക് കയറിക്കോ....

തലപരമാവധി കുനിച്ച് (തൊപ്പിയില്ലായിരുന്നു ഊരാൻ) ഭവ്യതയോടെ ഞങ്ങളാറുപേരും ഉള്ളിൽ കയറി.

എസ് ഐ ഏമാനെ ഞാൻ ഏറുകണ്ണിട്ടൊന്നു നോക്കി....

ഹാവൂ ആശ്വാസം...

സുമുഖൻ, സുന്ദരൻ, സൗമ്യശീലൻ അതുമല്ലെങ്കിൽ പ്രസന്നൻ ഇവയിലേതെങ്കിലുമാവും പേരെന്നുറപ്പാ...

വെള്ളമടിച്ചിട്ടാണോടാ നീയൊക്കെ വണ്ടിയോടിക്കുന്നേ....സൗമ്യമായി തന്നെയാണു ചോദ്യം.

അത് സാറെ....ലവന്മാർ അഞ്ച് പേരും നിന്നു പരുങ്ങി....

കണ്ട്രി ഫെല്ലാസ്..

സൗമ്യശീലനെ കയ്യിലെടുക്കാൻ അത്രക്ക് പ്രയാസം വരില്ല....ദില്ലിയിൽ പോലീസുകാരുമായുള്ള ഇടപഴകലിൽനിന്നൊക്കെ നേടിയ പരിജ്ഞാനം വച്ച് ഞാൻ കരുതി, ചെറുതായൊന്നു മന്ദഹസിച്ചുകൊണ്ടു ഞാൻ അദ്ദേഹത്തെ നോക്കി...പോക്കറ്റിനുമുകളിൽ ഉള്ള ബാഡ്ജിൽ പേരെഴുതിയിരിക്കുന്നു.  രാജീവ്. ഒന്നു പയറ്റുക തന്നെ, മാത്രമല്ല ലവന്മാരുടെ മുൻപിൽ എന്റെ ഹിന്ദി ആക്സന്റ് ഒന്നു വിളമ്പാൻ കിട്ടിയ അവസരം കളയരുതല്ലോ?

രാജീവ് ജീ, അത് ഞങ്ങൾ....

പ്ഫ പുല്ലേ....@#$%%%$$#  മോനെ....ആരാണ്ടാ നിന്റെ രാജീവ്ജി? 

അവന്റെ@@### ഒരു ജീ!

ദൈവമേ.. ഈ "ജീ" ചേർത്തുള്ള വിളി ഇത്ര മോശമായിരുന്നെങ്കിൽ പാവം ഗാന്ധിജി എന്തോരം വിഷമിച്ചിട്ടുണ്ടാകും എന്നാത്മൻ!!
 

Thursday, September 12, 2013

ഭാഷാ നൈപുണ്യം


രംഗം - ഒന്ന്


ലൊക്കേഷൻ - ഡ്രാഗൺമാർട്ട്

 ദുബൈ മാളിൽ കയറി അന്തവും കുന്തവുമില്ലാതെ നടക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ടാകുന്നു. ഒരു ചെറിയ അക്വേറിയവും, അതിലിട്ടു വളർത്താൻ മൂന്നു നാലു നീലതിമിംഗലങ്ങളും, രണ്ടോ മൂന്നോ സ്രാവുകളും വാങ്ങുക എന്നത് മാത്രമാണു ആഗമനോദ്ദേശം!

കാലു കഴച്ച്, ശരീരം കുഴഞ്ഞു തുടങ്ങിയപ്പോൾ ഒരു ബഞ്ചിൽ ഇരുപ്പുറപ്പിച്ചു. നടന്നു തളർന്ന മുഖവുമായിരുന്ന കുട്ടികുറുമിയുടെ മുഖത്ത് പെട്ടെന്ന് മേശപ്പൂ കത്തുന്നത് പോലെ പ്രകാശം പരന്നത് കണ്ട് അവളുടെ കണ്ണുകളെ പിൻ തുടർന്നു പാഞ്ഞ എന്റെ കണ്ണുകൾ നിന്നത് ഒരു പാവകടയിൽ. ക്ഷീണമൊക്കെ മറന്ന് അവൾ ഞങ്ങളെ എഴുന്നേൽപ്പിച്ച് പാവകടയിലേക്ക് നടന്നു.

കടയിലാകെ നിരന്നിരിക്കുന്ന, കിടക്കുന്ന, കുത്തിചാരിവച്ചിരിക്കുന്ന, കെട്ടിതൂങ്ങി മരിച്ച്, പുനർജന്മം കാത്ത് കിടക്കുന്ന പാവകൾ, വർണ്ണവൈവിധ്യമാർന്ന ഒട്ടനവധി കളിപാട്ടങ്ങൾ,മനോഹരമായ പാട്ടുപാടുന്ന ഒരു പാവ - അതിന്റെ അരയ്ക്കു കീഴെയുള്ള ഭാഗം കുടപോലെ നിവർത്താം..നിവർത്തിയാൽ വിരിഞ്ഞ പാവാട. കാണാൻ നല്ല ചന്തം. അവൾക്കത് തന്നെ മതി.

ഹൗ മച്ച് ഫോർ ദിസ് ഡോൾ?

കടയിലിരിക്കുന്ന ബ്രൂസിലിയുടെ അനന്തിരവനോട് ഞാൻ ചോദിച്ചു.

ദിസ് സിക്സ് ഫയ് - സിത്തിഫായ് -

വെരി എസ്ക്പെൻസീവ്, ഐ വിൽ പേ ഫോർട്ടിഫൈവ്

നോ...ടൂ സ്മാൽ - ലാസ്റ്റ് പ്രൈസ് - ത്രീ ഫായ് - തേത്തിഫായ്

ദൈവമേ...നാല്പത്തിയഞ്ച് തരാം എന്നു പറഞ്ഞിട്ട് പറ്റില്ല എന്നു പറഞ്ഞപ്പോൽ അൻപതിനെങ്കിലുമ് കിട്ടുമോ എന്നു നോക്കാം എന്നു കരുതിയപ്പോൾ ചീനിയുടെ ഓഫർ മുപ്പത്തിയഞ്ചിനു!

പൈസയും കൊടുത്ത് പാവവാങ്ങി തിരിച്ചു നടക്കുമ്പോൾ മോൾ ചിരിക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ തലയിൽ അപ്പോഴും ആശയകുഴപ്പമായിരുന്നു!!



രംഗം - രണ്ട്

ലൊക്കേഷൻ - മീഞ്ചന്ത, അജ്മാൻ

ഒരാഴ്ചത്തേക്കുള്ള മത്സ്യമൊക്കെ വാങ്ങി, വൃത്തിയാക്കി മുറിച്ച് കവറിലാക്കിയതുമായി, ഓരോ ഗ്ലാസ്സ് ഫ്രഷ് കരിമ്പിൻ ജ്യൂസും കുടിച്ച് വണ്ടിയിലേക്ക് നടക്കുമ്പോഴാണ് ഒരു അലങ്കാര മത്സ്യത്തിന്റെ കടയും, ചുവരിൽ പതിപ്പിച്ച പരസ്യകടലാസും കണ്ടത്.

"അലങ്കാര മത്സ്യങ്ങൾക്ക് അറബ് ഐക്യ നാടുകളിൽ വച്ചേറ്റവും വിലകുറവുള്ള കട"

ഡ്രാഗൺ മാർട്ടിൽ നിന്നും ഏഴ് മസ്ത്യങ്ങൾ വാങ്ങി കൊണ്ടു വന്നതിൽ ഒരെണ്ണം പാവം ചത്തുപോയിരുന്നു. എരട്ട അക്കങ്ങളായി വരുന്നയത്ര അലങ്കാരമത്സ്യങ്ങളെ വീട്ടിൽ വളർത്തുന്നത് ഫെങ്ങ് ഷൂയി പ്രകാരം നല്ലതല്ലെന്നും, ഒറ്റയക്കങ്ങൾ വരുന്നത്ര മത്സ്യങ്ങളെ വളർത്തുന്നതാണു നല്ലത്, മാത്രമല്ല ഒമ്പെതെണ്ണം ആണെങ്കിൽ അത്യുത്തമം എന്നും ഫാര്യ!

ആയതിനാൽ നമുക്കൊരു മൂന്നു മത്സ്യങ്ങളെ കൂടെ വാങ്ങി കൊണ്ടു പോയി ഫെങ്ങ് ഷൂയി പ്രകാരം വളർച്ചയുടെ ഏണിപടികൾ നടന്നുകയറാതെ സെർഗെ ബുബ്കയെ പോലെ ഒറ്റയടിക്ക് കുതിച്ച് ചാടി ഐശ്വര്യാ റായി ആകാമെന്നും അവൾ എന്നെ പ്രലോഭിപ്പിച്ചു.

പലതരം മത്സ്യങ്ങൾ പുളക്കുന്ന കണ്ണാടികൂട്ടിൽ നിന്നും വയറുന്തിയ സ്വർണ്ണമത്സ്യങ്ങൾ പുളക്കുന്ന കണ്ണാടികൂട്ടിലേക്ക് കണ്ണുറപ്പിച്ച് കടക്കാരനായ ബംഗാളി ഭൊയ്യയോട് ഞാൻ ചോദിച്ചു...

ഇസ്ക്കാ കിത്ത്നാ ഹേ ഭായ്?

ജോറാ പാഞ്ച് ദിറം

കേട്ടത് പാതി കേൾക്കാത്ത പാതി നല്ല പാതി ഒറ്റ കീറ്....

നഹീ നഹീ ബഹുത് മേംഗോ ഹെ...വെരി എക്സ്പൻസീവ് (പത്തുരൂപേടെ ചാള വാങ്ങീട്ട് നന്നാക്കാനായി ഇരുപത് രൂപ കൊടുത്ത് വന്നിട്ടിപ്പോ അഞ്ച് രൂപക്ക് രണ്ടെണ്ണം തരാംന്നു പറഞ്ഞ ബംഗാളീടടുത്തെ വിലപേശല്ലെ ഫാര്യേന്നുള്ള എന്റെ വാചകം മീൻ തുപ്പിയ കുമിള പോലെ പൊട്ടി പോയി).

എന്തെങ്കിലുമാവട്ടെ എന്നുകരുതി മിണ്ടാണ്ട് നിന്ന എന്നെ അവളുടെ അടുത്ത വാചകം ഞെട്ടിപ്പിച്ച് കളഞ്ഞു...

ദസ് ദിറം ദേഗാ...തീൻ ദിയോ!!!!