Monday, November 11, 2013

"ഒരു പിറന്നാൾ ചിന്ത"


വെളുപ്പാൻ കാലത്തേതാണ്ടൊരു നാലുമണിയായപ്പോഴേക്കും പതിവില്ലാതെ ഉറക്കത്തിൽ നിന്നെഴുന്നേറ്റു.  കമ്പിളിപുതപെടുത്ത് വലിച്ച് തലയിലൂടെയിട്ട് തിരിഞ്ഞും, മറിഞ്ഞും കിടന്നു നോക്കി.  ഇല്ല!  എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നതേയില്ല.


ഫോണെടുത്ത് ഓൺലൈനിൽ ഒന്നു രണ്ട് പത്രങ്ങൾ ഓടിച്ചു വായിച്ചു.  ബസ്സിൽ വന്നിട്ടുള്ള പോസ്റ്റുകളൊക്കെ ഒന്ന് ഓടിച്ചു നോക്കി, പരിചയക്കാർക്കൊക്കെ പോസ്റ്റിയതെന്താണെന്നു പോലും നോക്കാതെ ലൈക്ക് അടിച്ചു!  പ്ലസ്സിൽ നിന്നിറങ്ങി ഫേസ്ബുക്കിൽ കയറി....അവിടേം സേം, ഇവിടേം സേം...ചിലതിനൊക്കെ ലൈക്കടിച്ചു, എന്റെ പ്രൊഫൈൽ വായിച്ച് എന്നിൽ ഭ്രമിച്ച്, അനുരാഗവിലോചനയായി, എന്നെകുറിച്ച് കൂടുതലായി അറിയാൻ താത്പര്യപെട്ട്, ആഫ്രിക്കയിൽ നിന്നും കുട്ടിയുടുപ്പിട്ട ഫീമെയിലുകളുടെ ഈമെയിൽ അയക്കില്ലെ കണ്ണാ, കാർമുകിൽ വർണ്ണാ, കഷണ്ടിതലയാ എന്ന ടൈപ്പിലുള്ള മെയിലുകളൊക്ക് ഓരോന്നായി ഡിലീറ്റി കഴിഞ്ഞപ്പോഴും സമയം അഞ്ച് കഴിഞ്ഞിട്ടേയുള്ളൂ.


കുശിനിയിൽ കയറിയപ്പോൾ ഒരല്പം കട്ടനടിച്ചാലോ എന്നൊരാശ.  പതിവില്ലാത്തതാണ്.. എന്നാലും സമയം കളയണ്ടെ എന്നു കരുതി, അല്പം കട്ടനിട്ട് കുടിച്ച് കഴിഞ്ഞപ്പോഴേക്കും, എമർജൻസി ലാന്റിങ്ങ് വാർണിങ്ങ് മെസ്സേജ് മെമ്മറിയിൽ ലഭിച്ചതു പ്രകാരം, കഴിഞ്ഞ വെള്ളിയാഴ്ചയിലെ ഫ്രൈഡേയെടുത്ത് ശൗച്യാലയത്തിലേക്ക് കയറി എമർജൻസി എക്സിറ്റ് ഡോർ തുറന്നു വിശാലമായിരുന്നുകൊണ്ട്  പാചകകുറിപ്പുകളും ചിത്രങ്ങളുമൊക്കെ നോക്കി . കട്ടനഫക്റ്റിൽ ഒരു ക്രാഷ് ലാന്റിങ്ങ് പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും സ്മൂത്ത് & സേഫ് ലാന്റിങ്ങായിരുന്നു.


പല്ലുതേച്ച്, മുഖമൊക്കെ കഴുകി തുടച്ച് പുറത്ത് വന്നപ്പോൾ, അത്ഭുത ഭാവത്തോടെ നല്ലപാതിയുടെ വക ചോദ്യം..   ഇതെന്താ പതിവില്ലാതെ വെളുപ്പാൻ കാലത്ത് തന്നെ ഒരു പല്ലുതേപ്പ്?  പിറന്നാൾ ആയതിനാലാണോ?


ഏയ്...ഞാൻ ആ ടൈപ്പല്ല.. നാലുമണിയായപ്പോൾ എന്താന്നറിയില്ല ഉറക്കം പോയ്..അപ്പോ ചുമ്മാ എഴുന്നേറ്റതാ....


പിള്ളാർ രണ്ടുപേരും എഴുന്നേറ്റ് വന്നെന്നെ കണ്ടപ്പോഴും നല്ലപാതിയുടെ മുഖത്ത് കണ്ട അതേ അത്ഭുത ഭാവം തന്നെ മുഖത്ത്.


പത്ത്നാല്പത്തൊന്ന് വർഷമായിട്ട് മെയ്യനങ്ങാതെ ഇരുന്ന് തിന്നുന്ന ഒരേയൊരു വ്യായാമമല്ലാതെ മറ്റൊരു രീതിയിലുള്ള വ്യായമവും ശരീരത്തിനു നൽകിയിട്ടില്ല...എന്തായാലും ഇന്നു മുതൽ വ്യായാമം ചെയ്യുക തന്നെ....പിറന്നാൽ/പുതുവർഷ റെസലൂഷൻസൊരെണ്ണം സ്പോട്ടിൽ പിറന്നു.


ഷോർട്ട്സും, ഷൂസും തിരുകികേറ്റി  പാർക്കിൽ പോയി അല്പം നടന്നിട്ടു വരാം എന്ന് പറഞ്ഞ് വാതിൽ ചാരിയപ്പോൾ, എത്രദിവസത്തേക്കുണ്ടാവും ഈ ആരംഭശൂരത്വം എന്ന വാമഭാഗത്തിന്റെ ചോദ്യം കേട്ടില്ലാന്നു നടിച്ച് വാതിൽ ഞാൻ അമർത്തിയടച്ചു.


ഹൗ സമയം അഞ്ചരയായിട്ടേയുള്ളൂ..പാർക്കിനു ചുറ്റും നടക്കാം..ആരുമുണ്ടാവില്ല ഈ കൊച്ചുവെളുപ്പാൻ കാലത്ത് എന്ന് കരുതി പാർക്കിലെത്തിയപ്പോൾ ഞാൻ കണ്ട കാഴ്ച!!  താറാവുംകൂട്ടത്തെപോലെ നിരനിരയായി, വരിവരിയായ് ആയിരങ്ങൾ നടക്കുകയും, ഓടുകയും ചെയ്യുന്നു!


ആ താറാവുംകൂട്ടത്തിന്റെ ഇടയിലേക്ക് ഞാൻ തലയും കുമ്പിട്ട് നൂണ്ട് കയറി...പിന്നെ കൈകൾ വീശി ഒരേ നടത്തം....റൗണ്ട് ഒന്നു കഴിഞ്ഞു, രണ്ട് കഴിഞ്ഞു, മൂന്നു കഴിഞ്ഞു, നാലുകഴിഞ്ഞു.  കാലിന്റെ വണ്ണ വേദനിക്കാൻ തുടങ്ങിയെങ്കിലും, അഞ്ചാം റൗണ്ടും ഞാൻ നടന്നെത്തിച്ചു...തലയിലൂടെ, കഴുത്തിലൂടെ വിയർപ്പുചാലുകൾ ഒഴുകാൻ തുടങ്ങി.....ശ്വസനത്തിന്റെ വേഗത വല്ലാതെ വർദ്ധിച്ചിരിക്കുന്നു, ചുരുക്കം പറഞ്ഞാൽ പട്ടികിതയ്ക്കണത് പോലെ കിതയ്ക്കാൻ തുടങ്ങി എന്നിട്ടും തളർന്നില്ല ഞാൻ....ആറാം റൗണ്ടും പൂർത്തിയാക്കി!  ആറുറൗണ്ട് റെസ്റ്റെടുക്കാതെ കൈവീശി നടക്കുക.......ഹൗ ഭീകരം.  എന്നെയും എന്റെ സ്റ്റാമിനയും സമ്മതിക്കണം..


സ്റ്റാർട്ടിങ്ങ് പോയന്റിൽ നിന്നും ഫിനിഷിങ്ങ് പോയന്റിലേക്ക് ഒരു റൗണ്ട് അടിച്ചാൽ 400 മീറ്റർ കഷ്ടി.. മൊത്തത്തിൽ രണ്ടരകിലോമീറ്ററിൽ കുറവ് നടന്നപ്പോഴേക്കും പഴന്തുണി പരുവമായ എന്റെ സ്റ്റാമിനയെകുറിച്ചോർത്തപ്പോൾ തന്നെ  ബി പി കൂടിയോന്നൊരു സംശയം.  സമയം ആറാകുന്നു....ഒലിച്ചിറങ്ങിയ വിയർപ്പുചാലുകൾ ചൂണ്ടുവിരലാൽ വടിച്ചെടുത്ത് ഞൊടിച്ച് കളഞ്ഞു..


വീട്ടിലെത്തിയപ്പോഴേക്കും പിള്ളാർക്ക് സ്കൂളിലേക്കിറങ്ങാനുള്ള സമയമായിരുന്നതിനാൽ വാമഭാഗം എന്നെ ഗൗനിച്ചതേയില്ല....ഇത്രയും കടുത്ത വ്യായാമം കഴിഞ്ഞ് വന്ന എന്നെ അവൾ ഗൗനിക്കാതിരുന്നത് എന്നിൽ അല്പം ഈർഷ്യ ഉണ്ടാക്കി എങ്കിലും അതിലേറെ എന്നെ വിഷമിപ്പിച്ചത്, വ്യായാമം ചെയ്തു തളർന്നു വന്ന എനിക്ക് ഒരു ഗ്ലാസ്സ് ബോൺവിറ്റ പോലും കലക്കി തരാഞ്ഞതിലാണ്!


കുളികഴിഞ്ഞ് ഓഫീസിൽ പോകാൻ വസ്ത്രം മാറി വന്നപ്പോഴേക്കും, ആവി പറക്കുന്ന ഇഡ്ഡലിയും, ചുവന്ന ചട്നിയും മേശമേൽ വന്നു കഴിഞ്ഞിരുന്നു ഒപ്പം ഇഞ്ചിയും, ഏലക്കാതരിയും ചേർത്ത നല്ല ചൂടു ചായ!  സമയകുറവു മൂലം ആറേ ആറിഡ്ഡലി മാത്രം കഴിച്ച് ദന്തവ്യായാമം നിറുത്തി ഞാൻ എഴുന്നേറ്റു,


ലഞ്ച്ബോക്സെല്ലാമെടുത്ത് ഇറങ്ങാൻ നേരം ഫോൺ ബെല്ലടിക്കുന്നു...


പിറന്നാൾ ആശംസകൾ മോനെ....
താങ്ക്യൂ താങ്ക്യൂ....(നാട്ടിൽ നിന്നും അച്ഛനാണു).


ഇന്നെന്താ സ്പെഷ്യൽ സദ്യയൊക്കെയുണ്ടോ?


പിന്നെ ഗംഭീര സദ്യയല്ലെ...ഇന്നലെ വൈകീട്ട് വച്ച അയല വറുത്തരച്ച കറിയും, ചാള വറുത്തതും, ഉലുവയില തോരനും പായ്ക്ക് ചെയ്തിട്ടുണ്ട്....


ദേ അമ്മക്ക് ഫോൺ കൊടുക്കാം....


മോനെ പിറന്നാൾ ആശംസകൾ, ദൈവം നല്ലത് വരുത്തട്ടെ....
താങ്ക്യൂ അമ്മാ...

ശരിക്കും പിറന്നാളിനു അമ്മയും, അച്ഛനും മക്കളെ വിളിച്ച് ഇങ്ങോട്ട് ആശംസിക്കുകയല്ല വേണ്ടത്....

മറിച്ച്


പത്ത്മാസം ചുമന്ന്, പേറ്റ് നോവനുഭവിച്ച്,  പ്രസവിച്ച്,  കഷ്ടപെട്ട് വളർത്തി വലുതാക്കി ഇന്നത്തെ ലെവലാക്കിയ മാതാപിതാക്കൾക്കല്ലെ മക്കൾ അങ്ങോട്ട് വിളിച്ച്  ആശംസകൾ നേരേണ്ടത്? അല്ലെങ്കിൽ നന്ദി പറയേണ്ടത്?

17 comments:

Ammu said...

Pirannal Ashamsagal!!

jayanEvoor said...

കടുകുവറുത്തൊരായിരം ആശംസകൾ!

Binu said...

പിറന്നാൾ ആശംസകൾ

jaikishan said...

അരികും മൂലയും ഒക്കെ ചെത്തി മിനുക്കിയാല്‍ കഥ അവസാനത്തെ ഒരു വരിയില്‍ പറയാം .നന്നായിരിക്കുന്നു

ajith said...

പത്ത്മാസം ചുമന്ന്, പേറ്റ് നോവനുഭവിച്ച്, പ്രസവിച്ച്, കഷ്ടപെട്ട് വളർത്തി വലുതാക്കി ഇന്നത്തെ ലെവലാക്കിയ മാതാപിതാക്കൾക്കല്ലെ മക്കൾ അങ്ങോട്ട് വിളിച്ച് ആശംസകൾ നേരേണ്ടത്? അല്ലെങ്കിൽ നന്ദി പറയേണ്ടത്?>>>>അതെയല്ലോ!!

Cv Thankappan said...

പിറന്നാള്‍ ആശംസകള്‍

ബൈജു മണിയങ്കാല said...

ചോദ്യം പ്രസക്തമാണ് അത് കൊണ്ട് ഉത്തരമില്ല
പിറന്നാൾ ആശംസകൾ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആശംസകള്‍

ഫൈസല്‍ ബാബു said...

തിരിച്ചു വന്നതില്‍ സന്തോഷം,നന്നായിരിക്കുന്നു,

ചിതല്‍/chithal said...
This comment has been removed by the author.
ചിതല്‍/chithal said...

പിറന്നാളാശംസകൾ! ഒപ്പം ഈ പോസ്റ്റിനും നന്ദി! അവസാനഭാഗം നന്നായി

വിനുവേട്ടന്‍ said...

പിറന്നാൾ ആശംസകൾ കുറുമാൻ‌ജി... വേറിട്ട ചിന്ത ചിന്തനീയം തന്നെ...

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ ഈ വഴിക്ക് വരാറില്ല. താങ്കളുടെ ലിങ്ക് അന്വേഷിച്ച് വന്നതാണ്. ഇന്ന് വൈകുന്നേരം എന്താ പരിപാടി.. ബൂസാനുള്ള പ്രോഗ്രാം ഉണ്ടോ..?

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ആദ്യമായാണ് ഇവിടെ ,,നല്ല സന്ദേശം ..ഇനിയും സജീവമായി ബ്ലോഗിങ്ങില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

Manoj Vellanad said...

belated birthday wishes...
ippozhum nadakkan pokunnundo?

Unknown said...

നല്ല സന്ദേശം

Muralee Mukundan , ബിലാത്തിപട്ടണം said...

പിന്നിട്ട രണ്ട്മൂന്ന് പിറന്നാളാശംസകൾ കേട്ട്റ്റൊ ഭായ്