Monday, August 25, 2014

പുതിയ മദ്യനയം - നാടിന്റെ വളർച്ചക്ക് അത്യന്താപേക്ഷികം

ബാറുകളെന്നാൽ കേരളമണ്ണിൽ
കേവലമൊരുപിടി വേസ്റ്റല്ലോ!!

സംസ്ഥാനത്തെ ബാറുകൾ പൂട്ടുന്നതിനെതിരെ പ്രതിഷേധിക്കുന്നവരെ, നിങ്ങൾ അറിയുന്നില്ലേ, സ്വർഗ്ഗരാജ്യം വരവായി എന്ന്?  ഇനിയുള്ള നാളുകൾ നിങ്ങളുടേതാകുന്നു.  നിങ്ങളുടേത് മാത്രം!
ഇത്രയും കാലം ഗോഡ്സ് ഓൺ കൻട്രി എന്നു പറഞ്ഞതും പരസ്യങ്ങൾ ചെയ്തതും, സായിപ്പിനെ പറ്റിക്കാനുള്ള വെറും ഉഡായിപ്പായിരുന്നു തന്ത്രമായിരുന്നു, കുതന്ത്രമായിരുന്നു!  വാസ്ഥവത്തിൽ  ഇനിയുള്ള നാളുകളിൽ മാത്രമാകുന്നു നമ്മുടെ കേരളം ദൈവത്തിന്റെ
സ്വന്തം നാടാകാൻ പോകുന്നത്.

അതെ, ഇനിയുള്ള നാളുകളിൽ നമ്മുടെ പുഴകളിൽ വീഞ്ഞൊഴുകും, വാറ്റൊഴുകും!  വഴികളിലെങ്ങും വാളൊഴുകും.

മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്.... എന്ന് കുഞ്ഞുനാളിൽ ചൊല്ലിപടിച്ച പദ്യം മൊത്തം മാറും.....
മേരിക്കുമാത്രമല്ല, ജാനുവിനും, ജെസികയ്ക്കും, സെറീനയ്ക്കും, മാധവിക്കും, സുഹറയ്ക്കും, തുടങ്ങി കേരളത്തിലെ ഏല്ലാവീടുകളിലും, ആടും കോഴിയും മാടും ഉണ്ടായിരിക്കും. നമ്മുടെ നാടിന്റെ കാർഷിക, ജൈവിക വ്യവസ്ഥതന്നെ മൊത്തം ഈ മദ്യനയം മൂലം
മാറിമറിയും.

അതെ നാട്ടുകാരെ.....ആ സുദിനമിങ്ങടുത്ത് എത്തികഴിഞ്ഞിരിക്കുന്നു.

നമ്മുടെ സർക്കാർ, പൊതുജന നന്മ എന്ന സദുദ്ദേശത്തോടെ എന്ത് നല്ല കാര്യം നടപ്പിലാക്കാൻ
തുനിഞ്ഞാലും അതിൽ കുറ്റവും കുറവും മാത്രം കണ്ടുപിടിക്കുന്ന ദോഷൈകദൃക്കുകളെ, നിങ്ങളാകുന്നു യഥാർത്ഥത്തിൽ ഈ കൊച്ചു സാക്ഷരകേരളത്തിന്റെ ശാപം. നിങ്ങൾ യൂദാസിന്റെ പിന്തുടർച്ചക്കാരാകുന്നു...നാലുകാശിനു, സോറി നാലു പെഗ്ഗിനു നാടിനെ ഒറ്റികൊടുക്കുന്നവർ.

ബാറുകൾ നിറുത്തലാക്കുക എന്ന തീരുമാനത്തോടെ നമ്മുടെ കൊച്ചുകേരളത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ച്, ജനലക്ഷങ്ങൾക്ക് ലഭ്യമാകാൻ പോകുന്ന തൊഴിൽ സാധ്യതകളെകുറിച്ച്, മാറ്റിമറിക്കപെടാൻ പോകുന്ന സമ്പദ് വ്യവസ്ഥയെകുറിച്ച്, ജനങ്ങളുടെ ഉയരാൻപോകുന്ന ജീവിതനിലവാരത്തെകുറിച്ച്.....ഇതിനെകുറിച്ചൊന്നും അല്പം പോലും ചിന്തിക്കാതെ, കാളപെറ്റെന്നു കേൾക്കുമ്പോൾ തന്നെ കയറെടുത്ത് പായുന്ന നിങ്ങളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് വിഷമമുണ്ട് സഹോദരങ്ങളെ, ഒരുപാടൊരുപാട് വിഷമമുണ്ട്!

ബാറുകൾ ( പഞ്ചനക്ഷത്രങ്ങളൊഴിച്ച് ) നിറുത്തലാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ നമുക്കൊന്ന് അക്കമിട്ട് നിരത്തിനോക്കാം.

1) ബാറുകൾ നിറുത്തലാക്കുന്നതോടെ, വൈകുന്നേരം വീട്ടിൽ വരുന്നതിനു മുൻപ് ബാറിൽ കയറി രണ്ടോ, മൂന്നോ അടിച്ച് വീട്ടിൽ വന്നിരുന്ന ആളുകൾ ഒന്നുകിൽ;

a) പച്ചക്ക്, ദീപാരാധന തൊഴാൻ പോകുന്നവരുടേതിനൊപ്പമോ, അല്പം ഏറേയോ നൈർമ്മല്യത്തോടെ വീട്ടിലേക്ക് വരും.  - കുടുംബത്തിൽ സന്തോഷം കളിയാടാൻ തുടങ്ങും.  ആട്ടവിളക്ക് കഴുകിതേച്ച് മിനുക്കി വയ്ക്കാൻ മറക്കരുത്.

b) ബിവറേജസിൽ നിന്നും വാങ്ങി വീട്ടിൽ കൊണ്ടുവന്നടിക്കാൻ സൗകര്യവും, സന്ദർഭവും ഉള്ളവർ, ക്വാർട്ടറോ, പൈന്റോ, ഫുള്ളോ, ലിറ്ററോ, അവനവന്റെ പോക്കറ്റിന്റെ അവസ്ഥയ്ക്കനുസരിച്ച് വാങ്ങി വീട്ടിൽകൊണ്ടുവന്ന് ഒന്നോ രണ്ടോ, ഭക്ഷണത്തിനുമുൻപടിച്ച് ഭക്ഷണവും കഴിച്ച് സൈഡായികൊള്ളൂം. - ഇവിടേയും സന്തോഷത്തിന്റെ കളിയാട്ടത്തിൽ കുറവൊന്നും സംഭവിക്കുന്നില്ല

മേല്പറഞ്ഞ രണ്ടുവിഭാഗങ്ങളെകൊണ്ട് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിനു മദ്യനിരോധനം മൂലം യാതൊരുഗുണവും ലഭിക്കുന്നില്ല (വീട്ടുകാർക്ക് ഗുണം ലഭിക്കണ്മെന്ന കാര്യത്തിൽ സംശയമില്ല - ബട്ട് ഹു കെയർസ്?)

ഇനി പുതിയമദ്യനയം കൊണ്ട് ഗുണം ലഭിക്കുന്നതെങ്ങിനെ, ആർക്കൊക്കെ, ഏത് വഴിക്ക് എന്നൊക്കെ നമുക്കൊന്ന് കൊത്തിപരത്തി ചികഞ്ഞു നോക്കാം!

***

വീട്ടിൽ മദ്യപാനത്തിനു അവസരം ലഭിക്കാത്ത വിഭാഗക്കാരെല്ലാം നാടിന്റെ വളർച്ചക്ക് പൊതുവായി സംഭാവനചെയ്യുന്ന വിഭാഗക്കാർ/കോണ്ട്രിബ്യൂട്ടേഴ്സ് എന്നീ ഗണത്തില്പെട്ടവരാകുന്നു. ഇവരെ ഇങ്ങനെ തരം തിരിക്കാം.

a) വിദ്യാർത്ഥി/വിദ്യാർത്ഥിനികൾ - കോളേജിലൊക്കെ പോകാൻ തുടങ്ങിയ പരുവം.  വല്ലപ്പോഴും ഷെയറിട്ട് ഗ്യാപ്പിൽ പോയി തലയിൽ മുണ്ടിട്ടോ, അല്ലെങ്കിൽ അത്യാവശ്യം സ്റ്റാൻഡേർഡ് ബാർഹോട്ടലിൽ പോയി ബർത്ത്ഡേ തുടങ്ങിയ ആഘോഷങ്ങൾക്കൊപ്പം
മധുനുകരുന്നവർ.  സ്വന്തം വീട്ടിലോ, സുഹൃത്തുക്കളുടെ വീട്ടിലോ പോയി അടിക്കാൻ ഒട്ടും സാധിക്കാത്ത ഗണത്തിലുള്ളവർ.

b) മാതാപിതാക്കളെ സ്നേഹിക്കുന്നവർ, ഭയബഹുമാനമുള്ളവർ -  പ്രായമായ അച്ചനുമമ്മയ്ക്കും മുൻപിൽ വച്ച് കള്ളുകുടിക്കാൻ സാധിക്കാത്തവർ, ഇത്തരക്കാർ ബാറിലോ, പുറത്ത് മറ്റെവിടെയെങ്കിലുമോ കഴിച്ച്, വീട്ടിലേക്കിഴഞ്ഞ് വന്നാല്പോലും മാതാപിതാക്കന്മാരുടെ മുൻപിൽ വച്ച്, മദ്യം കൈകൊണ്ട് തൊടാത്തവർ.

c) സഹോദരീ-സഹോദര ഭയബഹുമാനമുള്ളവർ - കൂട്ടുകുടുംബങ്ങളിലാണു ഈവിഭാഗക്കാർ കൂടുതലായും കാണപെടുന്നത്.

d) മക്കളേയും/മരുമക്കളേയും പേടിക്കുന്നവർ - പ്രത്യേകിച്ച് ജോലിയും, കൂലിയൊന്നുമില്ലാത്തവർ, റിട്ടയർ ചെയ്തവർ, സ്വന്തം സ്വത്തുവകകൾ മക്കളുടെ പേരിലേക്ക് മാറ്റിയെഴുതികൊടുത്തവർ, ഗൾഫിൽ ജോലിചെയ്യുന്ന മകന്റെ കാശിൽ നിന്നും മകന്റെ ഭാര്യയെടുത്ത് കുടുംബചിലവ് നടത്തുന്ന ഗൃഹങ്ങളിൽ വസിക്കുന്നവർ തുടങ്ങിയ സാധുക്കൾ ഈ വിഭാഗത്തിൽ പെടുന്നു.

e) ബി പി പേഷ്യൻറ്റ്സ് അഥവാ ഭാര്യയെ പേടിക്കുന്നവർ - വീട്ടിലെങ്ങാനും കുപ്പികണ്ടാൽ പെണ്ണുമ്പിള്ള എടുത്ത് കമിഴ്ത്തികളയുന്ന സാഹചര്യം, അടിക്കുന്നതെങ്ങാനും കണ്ടാൽ കൂമ്പിനിടി, പട്ടിണിക്കിടൽ, വീട്ടിലെ പാചകം നിറുത്തി, പെട്ടിയും, കുട്ടിയേയുമെടുത്ത് സ്വന്തം വീട്ടിൽ പോകൽ തുടങ്ങി ക്രിയാത്മകമായ ഭീഷണിമുറകളാൽ കാലങ്ങളായി മനനം ചെയ്ത് മെരുക്കിയെടുക്കപ്പെട്ട ഒരു വിഭാഗമാളുകൾ ഈ വിഭാഗത്തില്പെടുന്നു. മൊത്തം കേരളത്തിന്റെ ഇനിയങ്ങോട്ടുള്ള വളർച്ചക്ക് കോണ്ട്രിബ്യൂഷൻ ചെയ്യുന്നവരുടെ മൊത്തം എഴുപത് ശതമാനത്തോളം ഈ വിഭാഗത്തില്പെടുന്നവരാകുന്നു.

എങ്ങിനെയൊക്കെയാണു ഈ മുകളിൽ പറഞ്ഞ ആളുകൾ കേരളത്തിന്റെ വളർച്ചക്ക് സംഭാവന ചെയ്യുന്നതെന്ന് നോക്കാം.

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും
ഓംകാരമൂര്‍ത്തി ഓച്ചിറയില്‍.

ഓച്ചിറയിലെ ഓംകാരമൂർത്തിക്ക് ആൽത്തറ മതിയായിരിക്കും, പക്ഷെ മദ്യപന്മാരായ മലയാളിമക്കൾക്ക് ആൽത്തറയൊന്നും പോര...അവർ തറവാടിയാകുന്നു.  ആയതിനാൽ തന്നെ അവർക്ക് ബാറില്ലെങ്കിൽ, കുടിക്കാൻ ബാറിനേക്കാൾ സെറ്റപ്പിലുള്ള സ്ഥലങ്ങൾ വേണം, കൊറിക്കാനും, കടിക്കാനും, ചവക്കാനും, കിടക്കാനും സ്ഥലങ്ങളും സൗകര്യവും വേണം.

അങ്ങിനെ വരുമ്പോൾ ആളുകൾ എന്ത് ചെയ്യും?

താന്താങ്ങളുടേ നിലവാരമനുസരിച്ച് ആളുകൾ ഒറ്റൊക്കൊറ്റയ്ക്കും, ഇരട്ടയായും, മൂവർസംഘമായും, നാൽക്കാലികളായും മറ്റും സംഘങ്ങൾ ചേർന്ന് മദ്യപിക്കാൻ മാത്രമായി വീടുകൾ വാടകക്കെടുത്തിടും! ഫലമോ?  കേരളത്തിൽ ഒരൊറ്റവീടുപോലും
കാലിയായികിടക്കേണ്ടിവരില്ല.   കേരളത്തിലുടനീളം, ഗ്രാമീണപഞ്ചായത്തുകളുൾപ്പടെ, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളുടെ വിത്യാസമില്ലാതെ, എല്ലായിടത്തും ഹോംസ്റ്റേകൾ ലഭ്യമാകും.  വാടകകുത്തനെകൂടും.  ഒന്നോ, ഒന്നിലധികമോ വീടുകളുള്ളവന്റെ വരുമാനം
ഗണ്യമായി വർദ്ധിക്കും.

ഒരേയൊരു വീടുമാത്രമുള്ളവർ, അവരുടെ താമസം ആട്ടിൻകൂട്ടിലേക്കോ, പട്ടിക്കൂട്ടിലേക്കോ, എറിവന്നാൽ തന്നെ വീട്ടിലുള്ള ഒരു ചായ്പിലേക്കോ മാറ്റിയിട്ട് ബാക്കിശേഷിച്ച മുറികൾ മണിക്കൂർ വ്യവസ്ഥയിലോ, ദിവസ, വാര, മാസവ്യവസ്ഥയിലോ വാടകയ്ക്ക്
നൽകും.  ഫലമോ....സാധാരണക്കാരന്റെ വരെ ജീവിതനിലവാരം ഉയർന്നുയർന്നു മാനം മുട്ടും.  യെസ് മാനം മുട്ടുകമാത്രമല്ല ചിലപ്പോൾ പൊട്ടുകയും ചെയ്യും.

ഇനി വീടുകൾ വാടകക്ക് കൊടുക്കാൻ ഇല്ലാത്തവരുടെയും, ബാറിൽ തൊഴിൽ ചെയ്തിരുന്നവരുടേയും കാര്യം നോക്കാം.

വീടുവാടകയ്ക്കെടുത്തവർക്ക് മദ്യപിക്കാനായി മുട്ട, മത്സ്യ, കോഴി, താറാവാടുമാമ്ത്സാദികൾ ആരുവെച്ചുകൊടുക്കും?  യെസ്..ഓരോ വീട്ടിലും ഒന്നോ രണ്ടോ കുക്ക്!!  വീട്ടിൽ വരുന്ന ഗസ്റ്റുകൾക്ക് ഭക്ഷണം വെച്ച് നൽകുക എന്നത് വഴി, അവർ വിശക്കുന്നവനു അന്നധാനം നടത്തി കാശു സമ്പാദിക്കൽ മാത്രമല്ല ഒപ്പം അവർക്ക്പുണ്യവും ലഭിക്കുന്നു.  യെസ്, വൺ വെടി ടു പക്ഷീസ്.

കഴിഞ്ഞില്ല...ഓർഗാനിക്ക് ഫാമിങ്ങിന്റെ നാളുകളാണു ഇനി വരാനിരിക്കുന്നത്.  ഓരോ വീട്ടിലും സ്വന്തം വീട്ടാവശ്യത്തിനുള്ള (ഗസ്റ്റുകളുടേ വരവനുസരിച്ച്) കോളിവളർത്തൽ, മുട്ടയുല്പാദനം, മുയൽ, ആടു, കോഴി, പശു, പന്നി വളർത്തലുകൾ....പച്ചക്കറിയുല്പാദനം.

ഹോ!  എന്റെ ഹരിതകേരളമേ ഇനിയങ്ങോട്ട്

ഉണ്ണിക്കാല്‍ വളരു വളരു വളരു തളയിട്ട്‌ വളയിട്ട്‌ മുറ്റത്തു പൂവിട്ടു തിരുവോണ തുമ്പി തുള്ളാന്‍ വളരു വളരു!!

എന്താ ചേട്ടാ നമ്മക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞേ?


എല്ലാത്തിനും അതിന്റേതായ ഒരോ സമയം ഉണ്ട് ആണ്ടീ!!

6 comments:

കുറുമാന്‍ said...

പുതിയ മദ്യനയം - നാടിന്റെ വളർച്ചക്ക് അന്ത്യന്താപേക്ഷികം

ajith said...

ചില ബുദ്ധിമാന്മാര്‍ പണക്കൊയ്ത്ത് നടത്താനുള്ള യോഗവും കാണുന്നുണ്ട്

vettathan said...

വ്യാജ വാറ്റൊഴുകും. വൈന്‍ ബിയര്‍ പാര്‍ലറുകള്‍ ഓരോ പഞ്ചായത്തിലും വരാം.എന്നാലും വിദ്യാര്‍ത്ഥികളുടെ മദ്യപാനശീലം കുറയാന്‍ ചാന്‍സുണ്ട്

Unknown said...

നല്ല എഴുത്ത് ..ആശംസകള്‍ !!!

ഇ.എ.സജിം തട്ടത്തുമല said...

ബിവറേജുകൾ മതിയല്ലോ ആവോളം കുടിക്കാൻ! ക്യൂ നിൽക്കാൻ നാണക്കേടുള്ളവരെ സഹായിക്കാൻ എത്രയെങ്കിലും ആളുകളുണ്ട്! ബാറുണ്ടെങ്കിലും ഇല്ലെങ്കിലും കുടിനടക്കും. നിരോധിച്ചാൽ സാഹസികർക്ക് (വ്യാജമദ്യവിതണക്കാർക്ക്) വേഗം പണക്കാറാകുകയോ ജയിലിൽ കിടക്കുകയോ ചെയ്യാം.

Muralee Mukundan , ബിലാത്തിപട്ടണം said...

‘താന്താങ്ങളുടേ നിലവാരമനുസരിച്ച് ആളുകൾ ഒറ്റൊക്കൊറ്റയ്ക്കും, ഇരട്ടയായും, മൂവർസംഘമായും, നാൽക്കാലികളായും മറ്റും സംഘങ്ങൾ ചേർന്ന് മദ്യപിക്കാൻ മാത്രമായി വീടുകൾ വാടകക്കെടുത്തിടും! ഫലമോ? കേരളത്തിൽ ഒരൊറ്റവീടുപോലും
കാലിയായികിടക്കേണ്ടിവരില്ല. കേരളത്തിലുടനീളം, ഗ്രാമീണപഞ്ചായത്തുകളുൾപ്പടെ, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളുടെ വിത്യാസമില്ലാതെ, എല്ലായിടത്തും ഹോംസ്റ്റേകൾ ലഭ്യമാകും. വാടകകുത്തനെകൂടും. ഒന്നോ, ഒന്നിലധികമോ വീടുകളുള്ളവന്റെ വരുമാനം
ഗണ്യമായി വർദ്ധിക്കും.‘‘

ശരിയാണ്
കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ഒരു
ഒന്നാന്തരം വീട്ടിലായിരുന്നു ‘ഒത്ത് കുടി‘ നടന്നിരുന്നത്...
നല്ല കുക്കും ,സൂപ്പർ ഭക്ഷണവും ബാറുകളേക്കാൾ സകലതും വളരെ ചീപ്പും...!
പിന്നെന്ത് വേണം..അല്ലേ