Friday, March 16, 2018

കാശിയാത്ര അഥവാ കാശിക്കൊരു യാത്ര!

കുഞ്ഞായിരുന്നന്ന്
പക്ഷെ
അത്ര പൊടികുഞ്ഞൊന്നുമല്ല
അടക്കയായാൽ മടിയിൽ വക്കാം
പക്ഷെ, അടക്കാമരമായോലോ?
എന്നൊരു പരുവം!

അച്ഛമ്മ ഊർദ്ധം വലിക്കുന്നുവത്രെ!

അമ്മ അപ്പുറത്തും ഇപ്പുറത്തും
കൂകിയും, കാറിയും അറിയിച്ചു.

തൊട്ടപ്പുറം താമസിക്കുന്ന മകളും,
മരുമക്കളും, കാറ്റിൽ അപ്പൂപ്പൻ താടിയെന്ന കണക്ക്‌
പാഞ്ഞെത്തി, പറന്നെത്തി!

ഗംഗാജലം കരുതിയ ചെമ്പിന്റെ ചെറിയ
പാത്രത്തിൽ നിന്നും ഓരോരുത്തരായ്‌
വെള്ളം ഇറ്റിച്ചു.
ബുദ്ധിമുട്ടിക്കാതെ അങ്ങോട്ടെടുക്കണേ!

ഊർദ്ധ്വൻ വലി നിന്നു.
ഹാവൂ!
കൂടിയവർ എല്ലാവരും ഒന്നാഞ്ഞു വലിച്ചു.

അച്ഛമ്മ ഒന്നു ചുമച്ചുവോ?
എല്ലാരും നോക്കി നിൽക്കെ അച്ഛമ്മ ചുമച്ചു.
പിന്നെ കൈകൾ തിരുമ്മി
പിന്നെ ആയാസപെട്ടെഴുന്നേറ്റിരുന്നു.

ആളുകൾ ചുറ്റിനും!
കണ്ണു കലങ്ങി.
തൊണ്ണുറ്റാറാം വയസ്സിലും
പത്തൊൻപതിന്റെ ശൗര്യം!

കട്ടിലിൽ അച്ഛമ്മ അതേ പടി,
അരികിൽ അമ്മയും മൂന്നു കുറു മക്കളും!

പലപ്പോഴായ്‌‌ ആവർത്തിച്ചപ്പോൾ
ഗംഗാ ജലം കഴിഞ്ഞ്‌
ഭാരത പുഴയിലെയായി
കരുവന്നൂർ പുഴയിലേയും
പിന്നീട്‌ വീട്ടിലെ കിണറ്റിലേയുമായി.

വർഷങ്ങൾ ഒന്നോ രണ്ടോ
പിന്നേം കഴിഞ്ഞു
ഞങ്ങൾ അങ്ങ്‌ കാറളത്തും നിന്ന്
ഇരിങ്ങാലക്കുടയിലേക്ക്‌
മൈഗ്രേറ്റ്‌ ചെയ്തിരുന്നു.

ഞാൻ അന്നഞ്ചിലാ!
നാഷണൽ ഉസ്ക്കൂളിൽ.

മുറ്റത്ത്‌ മണ്ണാത്തിക്കുളം
ചാടുക, മറിയുക
കണ്ണുകൾ ഉപ്പന്റെ പോലെ
ചുവക്കോളം നീന്തും.

ഇന്നോ? കണ്ണു ചുവക്കുന്നോളം
കുടിക്കും.
ഇല്ല ചുവക്കില്ല,
മഞ്ഞക്കും, പിത്തത്തിന്റെ നിറം!

പക്ഷെ ഇപ്പോളോർക്കുന്നു
അപ്പോഴും കുമരഞ്ചിറക്കുളം
തന്നെയായിരുന്നു നെഞ്ചിൽ.

കുഞ്ചുവല്ല്യമ്മ മരിച്ചു.
ശിവനുണ്ണിയുടെ അംബാസിഡറിൽ
വന്നിറങ്ങിയിട്ട്‌ രവിചേട്ടൻ പറഞ്ഞു.

ഹേയ്‌, വലിക്കയാണോ?
അല്ല, പോയി!

ഇതാരൊക്കെ ചോദിച്ചു എന്നെനിക്ക്‌
ഓർമ്മയില്ല
ഞാനൊന്നൊരു കുട്ടിയല്ലെ!

സൗകര്യത്തിനു കാറിൽ ഒരു യാത്ര
അച്ഛൻ മുന്നിൽ
പിന്നെ അമ്മയും ഞങ്ങൾ മൂന്നും പിന്നിൽ
സംഭവത്തിന്റ് ഗൗരവം ഓർത്താകണം
ഏട്ടന്മാർ രണ്ടും ഒന്നും മിണ്ടിയില്ല!
സൈഡ്‌ സീറ്റ്‌ എനിക്ക്‌ തന്നെ.

കാരുകുളങ്ങര പാടം, കീഴ്ത്താണി ആൽ
പുല്ലത്തറ പാടം
തണുത്ത കാറ്റ്‌
എന്തൊരു സുഖം.

കുമരഞ്ചിറ ഭഗോതീ
എന്നെ ഒരു ടാക്സി ഡ്രൈവറാക്കണെ.

അയ്യോ
ആനയെ വേണം!
പാപ്പാനാദ്യം, പിന്നെ ഡ്രൈവർ.

കാറളം സ്കൂൾ ഗ്രൗണ്ടെത്തിയപ്പോൾ
തല അമ്മയുടെ മടിയിൽ തിരുകി
അവിടെയാണത്രെ ഹീനന്മാരെ
കുഴിച്ചിടുന്നത്‌!

പിന്നെ സെന്റർ കഴിഞ്ഞു
സിദ്ധാർത്ഥൻ വൈദ്യരുടെ
മെഡിക്കൽ കോളേജും കടന്നു!

കാറളം ടൗണിലെ ഗോവിന്നക്കുട്ട്യേട്ടന്റെ
സൂപ്പർ മാർക്കറ്റിനുമുന്നിലൂടെ
ശിവനുണ്ണി അംബാസിഡർ വീശിയൊടിച്ചു
ഇടത്തോട്ട്‌!

തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക്ക്‌ മുന്തിരിക്കുലകൾ
ആടി,
സുകുമാരേട്ടന്റെ പെട്ടികട
സിന്ധു തിയറ്റർ!

ഇടത്‌ വശത്ത്‌ കൊട്ടാരം
ചാമ്പറമ്പിലെ
കൊച്ചൗസപ്പേട്ടനും മറ്റും?

വേണ്ട വീട്ടിൽ പോവാം
അമ്മ പറഞ്ഞു.

ഗംഗാജലം കുടിച്ച്‌ വറ്റിച്ചിട്ടായാലും
പോയിട്ടാ ഉണ്ണ്യേട്ടാ ഇത്തവണ.
ആരോ അച്ഛനോട്‌ പറയുന്നത്‌ ഞാൻ കേട്ടു.
ഫ്ഫ റാസ്കൽ.
ചവിട്ടി നിന്റെ നടുവൊടിക്കും!

ആരാ അത്‌ പറഞ്ഞതെന്നറിയൂല്ല
അറിഞ്ഞാലും പറയില്ല!

അച്ഛമ്മ മരിച്ചു!
കാലുഴിയിച്ചിരുന്നച്ഛമ്മ കരിക്കിടീച്ചു.
മരിച്ച്‌ കിടന്നപ്പോൾ പോലും കരിക്കിടീച്ചു!

മാവു വെട്ടി
ഉശിരൻ മാവ്‌
പൂങ്കാവനമാവും മാവ്‌
നൂറ്റിരുപത്‌‌ രൂപക്ക്‌
ഇബ്രാഹിൻ റാവുത്തർ മുൻ വിളി
വിളിച്ച മാവ്‌!

ഉറങ്ങുകയായിരുന്നു ഞാൻ
കേട്ടത്‌ ഒന്നു മാത്രം
അപ്പോ, അങ്ങട്‌ കാശിക്ക്‌ പോകാനുള്ളോർ
പോവാല്ലോല്ലെ?

നിറുത്താതെ അലറി കരഞ്ഞു ഞാൻ
എനിക്കും പോണം കാശിക്ക്‌

വേണ്ട കണ്ണാ, തണുപ്പാണു,
കുളിരാണു, തണുക്കും നിനക്ക്‌
മെയ്യാകെ മരക്കും!

ഞാൻ പോവും, കാശിക്ക്‌ പോവും. അച്ഛന്റേം, ഏട്ടന്മാരുടേം കൂടി പോവും.

ഏട്ടമാർ പോവുന്നില്ലല്ലോ?

ഇല്ലെ? ആഹ.

ഞാൻ തന്നെ പോവും. അച്ഛന്റെകൂടെ പോവും.

വാശിക്കെന്ത്‌ മറു മരുന്നു?

എന്നാ വാ, നീയും വാ!

അച്ഛൻ എന്റെ കൈ പിടിച്ച്‌ ഒപ്പം നിറുത്തി.

ഓല കുട നിവർത്തി അച്ഛനു നൽകി കർമ്മിയും.

ഒപ്പം നടന്നു, കരുവന്നൂർ പുഴ വരെ,

കർമ്മി പറഞ്ഞു ഒപ്പം നടക്കാ. ഇത്തിരി വേഗാവാം.

അച്ഛമ്മക്‌ വേണ്ടി, കാശിയിലാണെന്ന് സങ്കൽപ്പിക്ക്വാ!

മൂന്ന് മുങ്ങ്വാ.

ഒന്ന്, രണ്ട്‌ , മൂന്ന്

മഹാ കുളിരു!

പോകണം കാശിക്ക്‌
ബലി തർപ്പണം ചെയ്യണം
മരിച്ചവർക്കായല്ല.

ജീവിച്ചിരിക്കുന്നവർക്കായി,
വെറുതെ,
ജീവിക്കാനായി മാത്രം
ജീവിക്കുന്നവർക്ക്‌!

അച്ഛമ്മ, അമ്മൂമ്മ, അമ്മായി, അച്ഛൻ എല്ലാവർക്കുമായി
ഈ പിതൃതർപ്പണം

6 comments:

കുറുമാന്‍ said...

ഇടക്കൊക്കെ ഒരനക്കം വേണമല്ലോ!

Sathees Makkoth said...

Athe.ezhuthooo...

സുധി അറയ്ക്കൽ said...

സതീശേട്ടനും..

Anonymous said...

ലോല പറഞ്ഞിട്ടുവന്നതാ... എഴുത്തുവഴി എത്ര കൃത്യം..

MINI P said...

ലോല എന്റെ ഫ്രണ്ട് അല്ല. യാദ്ര്യശ്ചികമായി ലോലയുടെ പ്രൊഫൈൽ നോക്കാൻ ഇടയായി. ഈ ബ്ലോഗ് link കണ്ടു. ചുമ്മാ ഒന്നു നോക്കി പോകാമെന്നു വിചാരിച്ചു. നോക്കിയത് പോരാ ഒന്നുടെ നല്ലോണ്ണം നോക്കണം എന്നൊരു തോന്നൽ. നോക്കിയടത്തോളം ഇഷ്ട്ടമായി.

Unknown said...

ഒന്നു ശ്രെമിച്ചു നോക്കിയാലോ