Friday, August 18, 2006

മാപ്രാണം കള്ളുഷാപ്പ്‌ ഒരു അയവിറക്കല്‍

രാവിലെ എട്ടു മണിക്ക്‌ തന്നെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു വരുന്നതു കണ്ടപ്പോള്‍, അമ്മയുടെ കണ്ണു തള്ളി. പിന്നെ ചോദിച്ചു, എന്താടാ പറ്റിവില്ലാതെ ഇത്ര നേരത്തെ തന്നെ എഴുന്നേറ്റത്‌? അമ്പലത്തിലത്തില്‍ പോകാനായിരിക്കുമല്ലെ?

ഏയ്‌. അമ്പലത്തില്‍ പോകാനൊന്നുമല്ല അമ്മേ. മാപ്പ്രാണം കള്ളു ഷാപ്പ്‌ വരെ ഒന്നു പോകണം. അതികം വൈകിയാല്‍ കള്ള്‌ മൂത്ത്‌ പോകും, പുളി കൂടും. അതു കേട്ടതും അമ്മയുടെ കണ്ണ്‌ വീണ്ടും തള്ളി.

കുളി കഴിഞ്ഞ്‌ വന്നപ്പോഴേക്കും, ചൂടുള്ള ദോശയും, ചട്നിയും മേശപ്പുറത്ത്‌ തയ്യാര്‍. കള്ള്‌ വലിച്ചു കയറ്റാനുള്ളതല്ല എന്നു കരുതി, അര വയര്‍ നിറഞ്ഞപ്പോള്‍ ദോശ തീറ്റ നിറുത്തി.

ഗല്‍ഫില്‍ നിന്നും വന്നതാണെന്ന്‌ നാല്‌ പേര്‍ക്ക്‌ തോന്നണ്ടെ എന്നു കരുതി (കാണുന്നവര്‍ ഷാപ്പില്‍ കള്ളുകുടിക്കാന്‍ വരുന്നതരായാലും) അര ഇഞ്ചു കനത്തില്‍ പൌഡര്‍ മുഖത്ത്‌ വാരി പൊത്തി. പാണ്റ്റും, ഷര്‍ട്ടും വലിച്ചു കയറ്റി. അര കുപ്പി സ്പ്രേ ദേഹമാസകലം പൂശി. ശ്‌ ശ്‌ എന്ന്‌ ശബ്ദം തുടര്‍ച്ചയായി കേട്ടപ്പോള്‍ അച്ഛന്‍ താഴെ നിന്നും വിളിച്ചു പറഞ്ഞു, മോനേ, മേലത്തെ പൈപ്പങ്ങാനും പൊട്ടിയോന്നൊന്നു നോക്കാന്‍! ഏയ്‌ പൈപ്പൊന്നും പൊട്ടിയിട്ടില്ല അച്ഛാ ഞാന്‍ സ്പ്രേ പൂശുന്നതാ എന്നു വിളിച്ചു പറഞ്ഞ്‌ അച്ഛനെ സമാധാനിപ്പിച്ചു. പിന്നെ, മെയ്ക്കപ്പിണ്റ്റെ ബാക്കിയായ മോതിരങ്ങള്‍, വാച്ച്‌ തുടങ്ങിയവ എടുത്ത്‌ ധരിച്ചു. കണ്ണാടിയില്‍ പോയി മുഖം നോക്കി. ഇല്ല മാല പുറത്തേക്ക്‌ കാണുന്നില്ല. ഷര്‍ട്ടിണ്റ്റെ രണ്ടു ബട്ടണ്‍സ്‌ തുറന്നിട്ടു. ഇപ്പോള്‍ സ്വര്‍ണ്ണമാല വെളിയില്‍ കാണാം. ഇടം കയ്യില്‍ ബെന്‍സണ്‍ സിഗററ്റും, ലൈറ്ററും, വലം കയ്യില്‍ മൊബൈല്‍ ഫോണും പിടിച്ച്‌ പുറത്തേക്കിറങ്ങി. ഫുള്‍ ഗെറ്റപ്പ്‌ വരണമെങ്കില്‍ ഷൂ കൂടി ഇടണം. പുറത്ത്‌ മഴ ചാറുന്നുണ്ട്‌. വേണ്ട, വിലപിടിച്ച ഷൂ മഴയത്തിട്ടു നശിപ്പിക്കണ്ട. ചെരുപ്പ്‌ മതി. ചെരുപ്പിട്ട്‌ കഴിഞ്ഞപ്പോഴേക്കും, സുഹൃത്ത്‌ ബോണി തണ്റ്റെ ഹീറോ ഹോണ്ടായില്‍ വീടിണ്റ്റെ പുറത്തെത്തി ഹോണടി തുടങ്ങി. ഗെയിറ്റ്‌ തുറന്ന്‌ പുറത്തിറങ്ങിയ എന്നെ കണ്ടതും ബോണി ഒറ്റ ചോദ്യം. എന്താടാ നിണ്റ്റെ മുഖം ഡെണ്റ്റ്‌ തീര്‍ത്ത വണ്ടിയില്‍ പുട്ടി പുരട്ടിയപോലെയുണ്ടല്ലോ?

ചാറ്റല്‍ മഴയില്‍ മുഖത്തു പൂശിയിരുന്ന പൌഡര്‍ ഇളകി പോയെന്ന നഗ്ന സത്യം ഞാന്‍ ഞെട്ടലോടെ മനസ്സിലാക്കി. ബോണീ ഒരു മിനിറ്റ്‌ വെയിറ്റ്‌ ചെയ്യ്‌, ഞാന്‍ ദാ വന്നു എന്നു പറഞ്ഞ്‌ വീട്ടിലേക്ക്‌ ഞാന്‍ കയറി. മുഖം സോപ്പിട്ട്‌ കഴുകി. പാണ്റ്റ്സ്‌ ഊരി തിരികെ അലമാരയിലേക്ക്‌ വച്ചു. ഒരു ഡബ്ബിള്‍ മുണ്ടെടുത്തുടുത്തു. ഷര്‍ട്ടിണ്റ്റെ ബട്ടണ്‍സ്‌ മുഴുവനും ഇട്ടു. മുണ്ട്‌ മടക്കി കുത്തി. കണ്ണാടിക്കു മുന്‍പില്‍ ചെന്നു നിന്നു സ്വന്തം ശരീരത്തെ വീക്ഷിച്ചു. നല്ലൊരു കള്ളുകുടിയന്‍ ലുക്ക്‌. അതെ, എണ്റ്റെ ശരിയായ വിശ്വരൂപം തന്നെ.

ബോണിയുടെ ബൈക്കില്‍ കയറി, രാവിലെ ഒമ്പതര ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. മാപ്രാണം കള്ളു ഷാപ്പിലേക്ക്‌ ബൈക്ക്‌ പാഞ്ഞു. പത്തു മിനിട്ടിനുള്ളില്‍ തന്നെ ഞങ്ങള്‍ മാപ്രാണം കള്ളു ഷാപ്പിലെത്തി. ഓടു മേഞ്ഞ പഴയ ഒരു കെട്ടിടം. ചുറ്റും പനമ്പ്‌ കെട്ടി മറച്ചിരിക്കുന്നു. ഞങ്ങള്‍ അകത്തേക്ക്‌ കയറി. അഞ്ചാറു ബെഞ്ചും ഡെസ്കും പല സ്ഥലത്തായി ഇട്ടിരിക്കുന്നു. നടുവില്‍ ഒരു വലിയ മേശമേല്‍ അലുമിനിയ ഉരുളികളില്‍ ഷാപ്പ്‌ സ്പെഷലായ, കപ്പ, വാള തല കറി, പലിഞ്ഞീല്‍ വറുത്തത്‌, ഐക്കൂറ വറുത്തത്‌, കരിമീന്‍ പൊള്ളിച്ചത്‌, ഞണ്ട്‌, കക്ക, കല്ലുമ്മക്കായ, ആടിണ്റ്റെ തല, തലച്ചോര്‍ തോരന്‍, ബോട്ടി, പോത്തിറച്ചി ഉലത്തിയത്‌, മലത്തിയത്‌ വേറെ, താറാവ്‌, മുയലിറച്ചി, കാട, ഇരണ്ട ചിക്കിയത്‌, ഞവിണിക്ക തുടങ്ങിയ സാധനങ്ങള്‍ കണ്ടതും, എണ്റ്റെ വായില്‍ വെള്ളം ഊറാന്‍ തുടങ്ങി.

പനമ്പിണ്റ്റെ അരികിലായിട്ടിരുന്ന ഒരു ഡെസ്കിണ്റ്റെ അപ്പുറവും, ഇപ്പുറവുമായി ഞങ്ങള്‍ ഇരുപ്പുറപ്പിച്ചു. രണ്ട്‌ മണ്‍ കുടുക്ക കള്ള്‌ ഞങ്ങളുടെ മുന്‍പിലെ ഡെസ്കിണ്റ്റെ മുകളില്‍ എത്തി. ഒരു ഗ്ളാസ്‌ നിറയെ കള്ളു നിറച്ച്‌ ഞാന്‍ ഒറ്റ വലിക്കകത്താക്കി. തണുത്ത, ചെറിയ മധുരമുള്ള നല്ല ഇളം കള്ള്‌. കഴിക്കുവാനായി മുയലും, കപ്പയും, പലിഞ്ഞീനും, കക്കയിറച്ചിയും ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. ചെറിയ ഇലക്കീറുകളില്‍, ഹൃദ്യമായ മണത്തോടുകൂടി ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഞങ്ങളുടെ മുന്‍പില്‍ നിരന്നു. ഞങ്ങളുടെ ഗ്ളാസ്സുകള്‍ നിറഞ്ഞും, ഒഴിഞ്ഞും ഇരുന്നു. ചാറി കൊണ്ടിരുന്ന മഴക്ക്‌ ശക്തി കൂടി. മഴയോടൊപ്പം വന്ന കാറ്റില്‍ മഴതുള്ളികള്‍ തെറിച്ച്‌ ഞങ്ങളെ ചെറുതായെങ്കിലും നനച്ചിരുന്നത്‌ ഒരു സുഖമുള്ള അനുഭൂതിയായി മാറി.

ഞങ്ങള്‍ വന്നല്‍പ്പം സമയത്തിനുള്ളില്‍ തന്നെ എല്ലാ ബെഞ്ചുകളും ഫുള്‍. മദ്യപാനികള്‍ക്ക്‌ എന്നും ആഘോഷം തന്നെ. സമയവും, കാലവും, ചാവും, പേറും ഒന്നും ഒരു പ്രശ്നമേയല്ല. അമ്മാമ്മ ചത്താല്‍ കുടിക്കണം, മോള്‍ പ്രസവിച്ചാല്‍ കുടിക്കണം. ജോലി കിട്ടിയാലും, പോയാലും കുടിക്കണം. എന്തിനും, ഏതിന്നും, ഒരേ ഒരു പരിഹാരം. മദ്യപാനം!

പ്രായമേറിയ ചിലര്‍ വന്ന്‌ കള്ളു കുടുക്ക വാങ്ങി ഒറ്റ ഇറക്കിന്‌ കാലിയാക്കി പോകുന്ന കാഴ്ച എന്തു നയനാനന്ദകരമാണെന്നോ? അതും രാവിലെ ഒമ്പതൊമ്പതരക്ക്‌!

ഞങ്ങളുടെ കള്ളു കുടുക്കകള്‍ കാലിയാകും തോറും, പുതിയ നിറ കുടുക്കകള്‍ വന്നു കൊണ്ടേയിരുന്നു. സമയം പതിനൂനു കഴിഞ്ഞു. കള്ളിന്‌ മധുരം മാറി ചെറിയ പുളിപ്പായി തുടങ്ങി. തലയില്‍ ലഹരിയുടെ ഓളങ്ങള്‍ ചെറുതായിളകാന്‍ തുടങ്ങി.

അങ്ങേ മൂലക്കിലെ ബെഞ്ചിലിരുന്ന്‌ തനിയെ കള്ളു കുടിക്കുകയും, കേള്‍ക്കാന്‍ ഇമ്പമുള്ള തെറികള്‍ ഉച്ചത്തില്‍ പറയുകയും ചെയ്തിരുന്ന മനുഷ്യനെ വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതാണ്‌. അയാളിതെ ബഞ്ചില്‍ നിന്നും പൊടുന്നനെ താഴേക്ക്‌ വീണിരിക്കുന്നു. ഷാപ്പിലിത്‌ സ്ഥിരം സംഭവമായതിനാലാവണം, ആരും ചെന്നെഴുന്നേല്‍പ്പിക്കാനൊന്നും പോയില്ല. വീണ അതേ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ അയാളെഴുന്നേറ്റു, വേച്ച്‌ വേച്ച്‌ ഞങ്ങളുടെ അടുത്തേക്ക്‌ വന്നു. ഒരു സിഗററ്റ്‌ തരുമോ എന്നു ചോദിച്ചു. തരാം എന്നു ഞാന്‍ പറയുന്നതിന്നുമുന്‍പു തന്നെ മേശപ്പുറത്തിരുന്ന സിഗററ്റു പായ്ക്കെറ്റെടുത്ത്‌ രണ്ട്‌ സിഗററ്റെടുത്തു. ഒന്നയാള്‍ ചുണ്ടില്‍ വച്ചു. മറ്റൊന്ന്‌ ചെവിയിലും തിരുകി.

ഒരു കുടുക്ക കള്ള വാങ്ങി തരൂ മക്കളെ എന്നായി അയാളുടെ പിന്നത്തെ ഡിമാണ്റ്റ്‌. അതിനെന്താ, വാങ്ങി കുടിച്ചോളൂ, പൈസ ഞങ്ങള്‍ കൊടുക്കാം എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍, അതു ശരിയാകില്ല നിങ്ങള്‍ തന്നെ വാങ്ങി താ എന്നയാള്‍ ശഠിച്ചു. ആയാള്‍ക്കു വേണ്ടി ഞങ്ങള്‍ ഒരു കുടുക്ക ഓര്‍ഡര്‍ ചെയ്തതും, ഷാപ്പുകാരന്‍ ജോണിചേട്ടന്‍ ഞങ്ങളുടെ അരികിലേക്ക്‌ വന്നിട്ട്‌ പറഞ്ഞു. പൊറിഞ്ചുവേട്ടനിന്നിനി കള്ളില്ല. അതു കേട്ടതും, പൊറിഞ്ചു, ജോണി ചേട്ടണ്റ്റെ അച്ഛനും, അമ്മക്കും, സുഖമല്ലേന്നന്വേഷിച്ചു.

ടിം. പൊറിഞ്ച്വേട്ടണ്റ്റെ കരണത്ത്‌, ജോണി ചേട്ടണ്റ്റെ കൈതലം പതിഞ്ഞു. എല്ലാവരേയും, പുലഭ്യം പറഞ്ഞ്‌, വേച്ചു വേച്ചു നടാന്നിരുന്ന പൊറിഞ്ചുവേട്ടന്‍, ഒന്നു കിട്ടിയതും, സ്റ്റഡിയായി, പട്ടാളക്കാരന്‍ നടക്കുന്നതു പോലെ, ആ ചാറ്റല്‍ മഴയിലേക്കിറങ്ങി അപ്രത്യക്ഷനായി.

നിറഞ്ഞ രണ്ടു കുടുക്കകളും, ഇലച്ചീന്തില്‍ കഴിക്കുവാനുള്ള മറ്റു പല സാധനങ്ങളും ഞങ്ങളുടെ മുന്‍പില്‍ ജോണ്യേട്ടന്‍ കൊണ്ടു വന്നു വെച്ചു. പിന്നെ ഞങ്ങളുടെ ബഞ്ചില്‍ ഇരുന്ന്‌ പൊറിഞ്ചുവേട്ടണ്റ്റെ കൈയിലിരിപ്പിനേകൂറിച്ച്‌ പറഞ്ഞ്‌ ജോണ്യേട്ടന്‍ വാചാലനായി.

ഒരുമണിക്കൂറിനകം പൊറിഞ്ചുവേട്ടണ്റ്റെ രസകരമായ പല കയ്യിലിരിപ്പുകളും ജോണ്യേട്ടന്‍ ഞങ്ങള്‍ക്ക്‌ പറഞ്ഞു തന്നു. ഈയടുത്തായി പൊറിഞ്ചുവേട്ടന്‍ ചെയ്ത ഒരു നമ്പര്‍ നിങ്ങളുമൊത്ത്‌ ഞാന്‍ പങ്കുവെക്കാം.

പൊറിഞ്ചുവേട്ടണ്റ്റെ നമ്പര്‍

ഒരു ഞായറാഴ്ച പതിവു പോലെ തന്നെ ഒമ്പതു മണിക്ക്‌ പൊറിഞ്ചുവേട്ടന്‍ ഷാപ്പില്‍ വന്നു ഒരു കുടുക്ക കള്ള്‌ വാങ്ങി. ഒരു കുടുക്കയില്‍ തന്നെ പൊറിഞ്ചുവേട്ടന്‍ നല്ല ഫിറ്റാകും എന്നതിനാല്‍, ഒരു കുടുക്കയിലും കൂടുതല്‍ കള്ളു കൊടുക്കരുതെന്ന്‌ പൊറിഞ്ചുവേട്ടണ്റ്റെ മകന്‍ ഷാപ്പില്‍ ശട്ടം കെട്ടിയിട്ടുണ്ട്‌.

വാങ്ങിയ ഒരു കുടുക്ക കഴിഞ്ഞപ്പോഴേക്കും, പൊറിഞ്ചുവേട്ടന്‍ മകുടിയില്ലാതെ തന്നെ ആടി തുടങ്ങി. ഞായറാഴ്ചയല്ലെ, ഒന്ന്‌ നല്ല പോലെ മിനുങ്ങിയില്ലെങ്കില്‍, പോത്തിറച്ചി കൂട്ടി ഉച്ചക്ക്‌ നന്നായി ഭക്ഷണം കഴിക്കുന്നതെങ്ങിനെ? വീണ്ടും ഒരു കുടുക്കക്കായ്‌ പൊറിഞ്ചുവേട്ടന്‍ ഓര്‍ഡര്‍ ചെയ്തു. പൊരിഞ്ചുവേട്ടണ്റ്റെ മകണ്റ്റെ നിരോധന നിയമം നിലവില്‍ നില്‍ക്കുന്നതിനാല്‍, രണ്ടാമത്തെ കുടുക്ക കള്ളിനുള്ള ഓര്‍ഡര്‍ റിജക്റ്റായി.

അറിയാവുന്ന സൌമ്യ ഭാഷകള്‍ മുഴുവനും പ്രയോഗിച്ചിട്ടും കള്ള്‌ കിട്ടില്ല എന്നുറപ്പായപ്പോള്‍, പതിവുപോലെ, അപ്പനമ്മമ്മാരുടേയും, മറ്റു കുടുംബാങ്ങളുടേയും സൌഹൃദാന്വേഷണത്തിലേക്ക്‌ പൊറിഞ്ചുവേട്ടന്‍ കടന്നു. പതിവുപോലെ തന്നെ, ക്ടിം, കിട്ടി കരണത്തൊരെണ്ണം. സാധാരണ പോലെ പൊറിഞ്ചുവേട്ടന്‍ ഡീസണ്റ്റായില്ലാ എന്നു മാത്രമല്ല, പതിവിന്നു വിപരീതമായി വെല്ലു വിളിയും തുടങ്ങി. ഇന്ന്‌ എനിക്ക്‌ മതിവരുവോളം കള്ളു കുടിക്കണം. നിങ്ങള്‍ തന്നില്ലെങ്കിലും ഇന്നു ഞാന്‍ കുടിച്ചിരിക്കും. ഒൌസേപ്പു പുണ്യാളനാണെ, വേളാങ്കണ്ണി മാതാവാണെ സത്യം.

മാപ്രാണം ഷാപ്പീന്ന്‌ ഇന്നിനി കള്ള്‌ കിട്ടില്ല പൊറിഞ്ചുവേട്ടാ, വേഗം സ്ഥലം കാലിയാക്കാന്‍ നോക്ക്‌.

വാശി മൂത്ത പൊറിഞ്ചുവേട്ടന്‍ മുണ്ട്‌ മടക്കി കുത്തി, ആടിയാടി ഷാപ്പിന്നു പുറത്തേക്കിറങ്ങി ഷാപ്പിണ്റ്റെ തൊട്ട പറമ്പിലേക്ക്‌ നടന്നു. അവിടെ ചെത്തുന്ന തെങ്ങിലൊന്നില്‍ കെട്ടിവെച്ചിരിക്കുന്ന ചകിരിതൊണ്ടില്‍ ചവിട്ടി, തെങ്ങിണ്റ്റെ മുകളിലേക്ക്‌ കയറാന്‍ തുടങ്ങി. നടക്കാന്‍ കഴിയുന്ന സ്ഥിതിയിലുള്ള പൊറിഞ്ചുവേട്ടന്‍ തെങ്ങില്‍ കയറുന്നത്‌ കണ്ട്‌, അതൊരു സ്ഥിരം കാഴ്ചയല്ലാത്തതിനാല്‍, ഷാപ്പിലുള്ളവര്‍ എല്ലാം തന്നെ പുറത്തിറങ്ങി തെങ്ങിന്‍ ചുവട്ടിലേക്ക്‌ നടന്നു.

താന്‍ കരാറെടുത്ത്‌ ചെത്തുന്ന തെങ്ങില്‍, കള്ളെടുക്കാനായ്‌, പൊറിഞ്ചുവേട്ടന്‍ കയറുന്നൂ എന്ന വാര്‍ത്ത നിമിഷങ്ങള്‍ക്കകം, അവിടെ അടുത്ത ഒരു കടയില്‍ നിന്നിരുന്ന രാമകൃഷ്ണണ്റ്റെ ചെവിട്ടില്‍ എത്തിയതും, ഓടി പാഞ്ഞ്‌ രാമകൃഷ്ണന്‍ സംഭവ സ്ഥലത്തെത്തി.

രാമകൃഷ്ണനും, മറ്റു നാട്ടുകാരും പല തവണ അനുനയ സ്വരത്തില്‍ പറഞ്ഞിട്ടും, പൊറിഞ്ചു തെങ്ങില്‍ നിന്നും താഴെ ഇറങ്ങാന്‍ തയ്യാറായില്ല എന്നു മാത്രമല്ല, നാട്ടുകാരെ മൊത്തമായ്‌ തെറിയും വിളിച്ചു.

തണ്റ്റെ ചെത്താന്‍ ഉപയോഗിക്കുന്ന വീതി കൂടിയ കത്തി ഊരി കയ്യില്‍ പിടിച്ച്‌ രാമ കൃഷ്ണന്‍ തെങ്ങില്‍ കയറാന്‍ തുടങ്ങിയതും, മുകളില്‍ നിന്നും പൊറിഞ്ചു വിളിച്ചു പറഞ്ഞു, രാമകൃഷ്ണാ നീ കയറരുത്‌.

ചെത്തു കത്തി ഉയര്‍ത്തി കാട്ടി, തന്നെ ഇന്നു ഞാന്‍ തുണ്ടം തുണ്ടമാക്കുമെടോ എന്നും പറഞ്ഞ്‌ രാമകൃഷ്ണന്‍ ഒരോ ചകിരിയിലും, ചവിട്ടി, തെങ്ങിണ്റ്റെ മുകളിലേക്ക്‌ കയറികൊണ്ടേ ഇരുന്നു.

രാമ കൃഷ്ണന്‍ തെങ്ങിണ്റ്റെ പകുതിയോളം എത്തിയതും, പൊറിഞ്ചു, ടാ രാമകൃഷ്ണാ, നീ ഇനി ഒരടി മുകളിലേക്ക്‌ കയരിയാല്‍ ഞാന്‍ താഴേക്ക്‌ ചാടും എന്നു പറഞ്ഞ്‌ തെങ്ങിണ്റ്റെ മണ്ടയില്‍ ഇരുന്നു കൊണ്ടു തന്നെ ആദ്യ പടിയായി തണ്റ്റെ ഉടുമുണ്ടുരുഞ്ഞി താഴേക്കിട്ടു.

കീഴെ പകച്ചു നിന്ന നാട്ടുകാര്‍ക്ക്‌ രംഗം വഴളാകുമോ എന്ന ഭീതി തോന്നി തുടങ്ങി. ആളുകള്‍ രാമകൃഷ്ണനോട്‌ കീഴെ ഇറങ്ങുവാന്‍ ആവശ്യപെട്ടു. കള്ളു ചെത്തുന്നതല്ലാതെ, കള്ള്‌ കുടിക്കാത്ത രാമകൃഷ്ണന്‍ തണ്റ്റെ കത്തി അരയില്‍ തിരുകി താഴേക്കിറങ്ങി.

താഴെ നിന്നും ആളുകള്‍ വീണ്ടും വിളിച്ചു പറഞ്ഞു, പൊറിഞ്ചുവേട്ടാ താഴെ ഇറങ്ങി. നമുക്ക്‌ പരിഹാരം ഉണ്ടാക്കാം.

ഇല്ലട പു...... മക്കളെ, ഞാന്‍ താഴേക്കിറങ്ങില്ല, ചാടുകയേയുള്ളൂ. താഴോട്ടിറങ്ങിയിട്ട്‌ വേണം രാമകൃഷ്ണനെന്നെ വെട്ടി കൊല്ലാന്‍. ആ പുതി മനസിലിരിക്കട്ടടാ മക്കളെ.

എത്ര പറഞ്ഞിട്ടും പൊറിഞ്ചുവേട്ടന്‍ താഴെ ഇറങ്ങുന്നില്ല എന്നു കണ്ടപ്പോള്‍, ആളുകള്‍ ചോദിച്ചു, പൊറിഞ്ചുവേട്ടന്‍ താഴെ ഇറങ്ങുവാന്‍ ഞങ്ങളെന്താ ചെയ്യേണ്ടെ?

നിങ്ങള്‍ പോയി പോലീസിനെ വിളിച്ചു കൊണ്ടു വന്നാല്‍ ഞാന്‍ ഇറങ്ങാം. അലെങ്കില്‍ ഞാന്‍ ചാടും.

ഇത്രയും രാവിലെ ഒരു മനുഷ്യ ശരീരം താഴെ വീണ്‌ ചിതറുന്നതു കാണാന്‍ കരുത്തില്ലാത്ത നാട്ടുകാര്‍, ഗതികെട്ട്‌, പോലീസ്‌ സ്റ്റേഷനില്‍ വിളിച്ച്‌ വിവരം പറഞ്ഞറിയിച്ചതിനെ തുടര്‍ന്ന്‌, പത്ത്‌ മിനിട്ടിനകം തന്നെ രണ്ട്‌ പോലീസുകാര്‍ ഓട്ടോയില്‍ സംഭവ സ്ഥലത്തെത്തിച്ചേര്‍ന്നു.

താഴെ പോലീസുകാരെ കണ്ടതും, പൊറിഞ്ചുവേട്ടന്‍ ഉഷാറായി, പിന്നെ, സധൈര്യം കീഴ്പ്പോട്ടിറങ്ങാന്‍ തുടങ്ങി.

ഇറങ്ങി ഇറങ്ങി, മണ്ണില്‍ ലാണ്റ്റു ചെയ്തതും, പോലീസുകാര്‍ പൊറിഞ്ചുവേട്ടണ്റ്റെ ഇളം ശരീരത്തില്‍ നാഗസ്വരം വായിച്ചു. രാമകൃഷ്ണനേയും പോലീസുകാര്‍ ഒന്നു വിരട്ടി.

രാവിലെ തന്നെ ഒരു കളി കണ്ട സന്തോഷത്തില്‍, പോലീസുകാര്‍ പോലീസിണ്റ്റെ വഴിക്കും, നാട്ടുകാര്‍ നാട്ടുകാരുടെ വഴിക്കും, കുടിയന്‍മാര്‍ ഷാപ്പിലേക്കും മടങ്ങി.

മഴയില്‍ കുതിര്‍ന്ന്‌, താഴെ ചെളിപുരണ്ട്‌ കിടന്നിരുന്ന മുണ്ടെടുത്തുടുത്ത്‌ പൊറിഞ്ചുവേട്ടന്‍ വീണ്ടും ഷാപ്പിലെത്തി.

ടാ ജോണ്യേ, ഒരു കുടുക്ക കള്ളു താടാ. തെങ്ങില്‍ കയറ്റവും, പോലീസിണ്റ്റെ ഇടിയും കൂടിയായപ്പോള്‍ രാവിലെ കുടിച്ച കള്ളെല്ലാം ഇറങ്ങി.

പൊറിഞ്ചുവേട്ടന്‍ പറയുന്നത്‌ സത്യമാണെന്ന്‌ മനസ്സിലായ, ജോണിചേട്ടന്‍, ഒരു കുടുക്ക കള്ള്‌ പൊറിഞ്ചുവേട്ടന്‌ നല്‍കി. കോമ്പ്ളിമെണ്റ്റായി ഒരു പ്ളെയ്റ്റ്‌ ഏട്ട തലക്കറിയും.

എന്തു ചെയ്തിട്ടായാലും, കള്ള്‌ കുട്ടിച്ചെന്ന ആത്മസംത്പ്തിയോടെ, കുടുക്ക കാലിയാക്കി പൊറിഞ്ചുവേട്ടന്‍ വേച്ചു വേച്ചു ഷാപ്പില്‍ നിന്നും ഇറങ്ങി നടന്നു.

കഥ കേട്ട ഞങ്ങളും.