Tuesday, July 18, 2006

അയ്യര്‍ ദ ചീപ് - ഭാഗം - 1

ഭാഗം - 1

ഞങ്ങളുടെ ഫിനാന്‍സ് മാനേജര്‍ മനീന്ദറിന്നു പ്രമോഷന്‍ കം ട്രാന്‍സ്ഫര്‍!! നല്ല കാര്യം, പക്ഷെ അദ്ദേഹം പോയാല്‍ ആരായിരിക്കും ആ സ്ഥാനത്തു വരുന്നത് എന്നായിരുന്നു ഫിനാന്‍സും അതിനോടനുബന്ധിച്ച ഇമ്പോര്‍ട്സ് അന്റ് ക്ലിയറന്‍സ് സെക്ഷനില്‍ ജോലി ചെയ്യുന്നവരുടേയും ജിഞ്ജാസ.

ട്രാന്‍സ്ഫര്‍ കിട്ടിപോകാന്‍ പോകുന്ന മനീന്ദര്‍‍, കാണാന്‍ ആജാനു ഭാഹുവാണെങ്കിലും (ആറടി ഉയരം, നൂറ്റി ചില്ല്വാനം കിലോ ഭാരം), അദ്ദേഹം നിര്‍മ്മലനും, നര്‍മ്മബോധമുള്ളവനുമാണെന്നു മാത്രമല്ല, സാധാരണ ഫിനാന്‍സ് മാനേജര്‍ മാരെ പോലെ, കാലണയ്ക്ക് കടിപിടികൂടാന്‍ നില്‍ക്കുന്നവനല്ല എന്നുള്ളതാണ് സര്‍വ്വപ്രധാനം.

തന്റെ കീഴില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും, അവരവരുടെ ഗ്രേഡനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും കമ്പനിയില്‍ നിന്നും വസൂലാക്കി കൊടുക്കുവാന്‍ അദ്ദേഹം കാണിച്ചിരുന്ന പ്രത്യേക താത്പര്യം മാത്രം മതി, എല്ലാ സ്റ്റാഫിന്നും അദ്ദേഹത്തിനോട് ആദരവ് തോന്നാന്‍.

അങ്ങനെ മൊത്തം സ്റ്റാഫിന്റേയും കണ്ണിലുണ്ണിയായ പൊന്നുംകുടമാണ് പ്രമോഷന്‍ കം ട്രാന്‍സ്ഫര്‍ ആയി പോകാന്‍ പോകുന്നത്.

കമ്പനി ചിലവില്‍, കേക്കും, സമൂസയും, സാന്‍ഡ് വിച്ചും, പ്ലാച്ചിക്കോളയും കണ്ണില്‍ കണ്ട്, അഡ്മിനിസ്ട്രേഷന്‍ സെക്ഷനില്‍ ജോലി ചെയ്യുന ചിലര്‍ അദ്ദേഹത്തിന് ഒരു ഒഫീഷ്യല്‍ യാത്രയപ്പ് നല്‍കാന്‍ തീരുമാനിക്കുകയും, തദ് ദിവസം വൈകുന്നേരം എല്ലാവരും വലിയ കോണ്‍ഫറന്‍സ് ഹാളില്‍ തീറ്റ സാധനങ്ങള്‍ക്കു ചുറ്റുമായ് ചിതറിനില്‍ക്കുകയും ചെയ്തു.

നല്ല മനുഷ്യന്ന് നല്ലതു വരണമെന്ന് ആഗ്രഹിക്കുന്ന സ്റ്റാഫുകള്‍ അദ്ദേഹത്തിന്ന് ജീവിതത്തില്‍ ഉന്നതവിജയവും, ആയുരാരോഗ്യവും നേര്‍ന്നു.

താന്‍ ദൂരേക്കൊന്നുമല്ലല്ലോ പോകുന്നത്, ഗ്രൂപ്പിന്റെ തന്നെ മറ്റൊരു കണ്‍സെപ്റ്റിലേക്ക് മാറുന്നു എന്നു മാത്രം. അതും ഒരേ ബില്‍ഡിങ്ങില്‍, ഒരു ഫ്ലോര്‍ താഴെ മാത്രം. നിങ്ങളുടെ എന്താവശ്യത്തിനും ഞാന്‍ ഉണ്ടാകും മാത്രമല്ല മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ഫിനാന്‍സ് മാനേജരയായി സുന്ദര്‍ അയ്യര്‍ ചാര്‍ജെടുക്കുകയും ചെയ്യുമെന്ന് ഗദ്ഗദത്തോടെ അദ്ദേഹം രണ്ടു വാചകത്തില്‍ പറഞ്ഞവസാനിപ്പിച്ചു.

ടിഷ്യൂവില്‍ കണ്ണും മൂക്കും തുടച്ച് ആളുടെ പങ്ക് ഈറ്റബിള്‍സെടുത്ത് അദ്ദേഹം കോണ്‍ഫറന്‍സ് മുറിയില്‍ നിന്നും പുറത്തേക്ക് നടന്നു.

മേശമേല്‍ നിരന്നിരിക്കുന്ന തീറ്റസാമാഗ്രികളുടെ മുന്‍പില്‍ അയ്യരേയും, പട്ടരേയും എല്ലാവരും തീര്‍ത്തും അവഗണിച്ചു, ശേഷം പ്ലെയിറ്റില്‍ കിട്ടാവുന്നതെല്ലാം വാരി നിറച്ച്, പ്ലാച്ചി കോള ക്യാനുകള്‍ ഒന്നിനു പകരം രണ്ടും മൂന്നും എടുത്ത് എല്ലാവരും അവനവന്റെ സീറ്റിലേക്ക് ഗമിച്ചു.

തമിഴന്മാര്‍ ചിലര്‍, ആദ്യം നിറച്ച പ്ലേറ്റ് തന്റെ മേശപുറത്തും, ഡ്രോവറിന്നകത്തും കൊണ്ട് ചെന്ന്‍ വച്ച്, ഒന്നുമറിയാത്തവനേപോലെ, രണ്ടാം റൌണ്ടിനായി കോണ്‍ഫറന്‍സ് മുറിയിലേക്ക് തള്ളികയറി.

അങ്ങനെ ആ ഫിനാന്‍സ് മാനേജറോടൊപ്പം ജോലി ചെയ്യാന്‍ അവസാനമായി ലഭിച്ച ആ ദിവസവും കഴിഞ്ഞു പോയി.

അടുത്ത ഫിനാന്‍സ് മാനേജര്‍ സുന്ദര്‍ അയ്യര്‍. കല്യാണം കഴിക്കാത്ത നാല്പതു വയസ്സുമാത്രം പ്രായമുള്ള ചെറുപ്പക്കാരനാണെന്നും മറ്റോ ആരോ പറഞ്ഞെല്ലാവരും അറിഞ്ഞു.

സുന്ദര്‍ അയ്യര്‍ - എന്ത് നല്ല പേര്‍? പട്ടരില്‍ പൊട്ടനില്ലാന്നാണല്ലോ പ്രമാണം. പേരുപോലെ തന്നെ ആളും സുന്ദരനായിരിക്കും. കെട്ടുപ്രായം കഴിഞ്ഞ് നില്‍ക്കുന്ന ഞങ്ങളുടെ ഓഫീസിലുള്ള ഇരുപത്തഞ്ചു വയസ്സുമുതല്‍ - നാല്പത്തഞ്ചു വയസ്സുവരേയുള്ള പെണ്ണുങ്ങള്‍ പിന്നീടുവന്ന ദിനങ്ങളില്‍ പരസ്പരം കുശുകുശുത്തത് ഈ ഒരു കാര്യം മാത്രം.

ശമ്പളം ലഭിച്ചിട്ട് ഒരാഴ്ചയോളം പോലുമാകാത്തതിനാല്‍, എല്ലാവരുടേയും, ബാഗില്‍ മാസപകുതികഴിഞ്ഞാല്‍ ഉള്ളതിന്നു വിപരീതമായി, നൂറിന്റേയും, ഇരുന്നൂറിന്റേയും നോട്ടുകള്‍ കരസ്പര്‍ശനമാഗ്രഹിച്ച് കിടന്നിരുന്നതെടുത്ത്, എല്ലാവരും പുതിയ വസ്ത്രങ്ങള്‍, ചുണ്ടില്‍ പുരട്ടാന്‍ ചായം, കാതില്‍ തെരു തെരെ കുത്തിയിരിക്കുന്ന എല്ലാ ഓട്ടകളിലും ഇടാന്‍ പറക്കാട്ടു ജ്വല്ലറിയില്‍ നിന്നും പൊലിപ്പുള്ള ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ കമ്മലുകള്‍, കാശി മാലകള്‍ തുടങ്ങിയവ നിര്‍ലോഭം വാങ്ങി.

അയ്യരല്ലേ, ഒന്നു നാടനായ് കളയാം എന്നു കരുതി, ജീന്‍സും, മൈക്രോ മിനിയും, റ്റോപ്പും എല്ലാം അലമാരിയിലേക്ക് തിരിച്ച് വച്ച്, കാഞ്ചീപുരം കസവു സാരി ചുറ്റി, മുല്ലപ്പൂ തലയില്‍ ചൂടി ചില തമിള്‍ മങ്കമാര്‍ ഓഫീസിലേക്ക് വരുന്ന കാഴ്ച കണ്ട് ഞങ്ങള്‍ ആണ്‍ പ്രജകള്‍ കോരി തരിച്ചു.

വിവാഹിതരെങ്കിലും, ഇടക്കൊക്കെ ഞങ്ങളോട് കൊച്ച് വര്‍ത്തമാനം പറയാറുള്ള മങ്കകള്‍ ഞങ്ങളെ കാണുമ്പോള്‍ തലതിരിച്ച് നടന്നു പോകുമ്പോള്‍ ഞങ്ങളാണുങ്ങള്‍ക്ക് സുന്ദര്‍ അയ്യരോട് അസൂയയും, ദ്വേഷ്യവും തോന്നി.

അങ്ങനെ മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ് പോയി. നാലാം ദിവസം വന്നു.

ഓഫീസിലെത്തിയ ഞങ്ങള്‍ ആണുങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി. ഒട്ടു മിക്ക സ്ത്രീകളും, സാരിയില്‍. എല്ലാവരും, മുല്ലപ്പൂ ചൂടി, പൌഡര്‍ പൂശി, വലിയ ചാന്ത് പൊട്ട് കുത്തി, കണ്ണെഴുതി, കാശി, രാമേശ്വര,വൈശാലി, സില്‍ക്ക് തുടങ്ങിയ പേരുകളിലറിയപെടുന്ന മാലകളും, അയ്യപ്പന്‍ വിളക്കിന് കുരുത്തോല ഞാത്തുന്നതുപോലെ, കാതില്‍ കാലിഞ്ച് മുതല്‍ ആറിഞ്ച് വരെ നീളം വരുന്ന കമ്മലുകളും ഞാത്തി, വിലയേറിയ സുഗന്ദ ദ്രവ്യങ്ങള്‍ മേലാകെ പുരട്ടി, ചുണ്ടിലൊരു പുഞ്ചിരിയുമണിഞ്ഞ് അവനവന്റെ ഇരിപ്പിടത്തില്‍ ഇരിക്കുന്ന ആ കാഴ്ച, ദൈവമേ ഒന്നു കാണേണ്ട കാഴ്ച തന്നെ.

സുന്ദരയ്യര്‍ ഏതു നിമിഷവും വരാം. അക്ഷമരായ പെണ്‍ പ്രജകളും, ഈ മൊതലിനെ ഒന്നു കാണാനുള്ള കൊതിയില്‍ ആണ്‍ പ്രജകളും.

എല്ലാവരും വലിയ കോണ്‍ഫറന്‍സ് റൂമിലേക്ക് വരണമെന്ന് റിസപ്ഷനിസ്റ്റ് വന്ന് പറഞ്ഞപ്പോള്‍, കാര്യം മനസ്സിലായി, സുന്ദര്‍ അയ്യര്‍ എത്തി കഴിഞ്ഞു.

ഒടുക്കത്തെ സസ്പന്‍സിന് അറുതി വരാന്‍ പോകുന്നു. എല്ലാവരും കോണ്‍ഫറന്‍സ് മുറിയിലേക്ക് പാഞ്ഞു.

വാതില്‍ തുറന്നെല്ലാവരും അകത്തു കടന്ന് കോണ്‍ഫറന്‍സ് ടേബിളിന്നു ചുറ്റും നിരന്നു നിന്നു. കോണ്‍ഫറന്‍സ് റ്റേബിളിന്റെ അങ്ങേ തലക്കല്‍ ആജാനു ഭാഹുവായ എക്സ് എഫ് എം മനിന്ദര്‍ നില്‍പ്പുണ്ട്. എവിടെ സുന്ദര്‍ അയ്യര്‍? ഞങ്ങള്‍ പരസ്പരം അങ്ങോട്ടും, ഇങ്ങോട്ടും നോക്കി.

ഹായ് ഫ്രണ്ട്സ്. മീറ്റ് മിസ്റ്റര്‍ സുന്ദര്‍ അയ്യര്‍, യുവര്‍ ന്യൂ ഫിനാന്‍സ് മാനേജര്‍ എന്ന് മനിന്ദര്‍ പറഞ്ഞപ്പോള്‍,
എല്ലാവരുടേയും സസ്പെന്‍സവസാനിപ്പിച്ചു കൊണ്ട്, മനിന്ദറിന്റെ പിന്‍പില്‍ നിന്നും ഒരു രൂപം മുന്നിലേക്ക് വന്നു.

ആ രൂപത്തെ കണ്ടതും, ഇരുട്ടടി കൊണ്ടതുപോലെ, എല്ലാ പെണ്ണുങ്ങളും ഞെട്ടുന്നത് കണ്ട് പുറത്തേക്ക്
വന്ന ചിരി ഞങ്ങള്‍ ആണ്‍ പ്രജകള്‍ അടക്കിപിടിച്ചു.

ഞാന്‍ റീ കണ്‍ഫേം ചെയ്യുന്നതിനായി ആ രൂപത്തിന്റെ പേര്‍ ഒന്നുകൂടി ചോദിച്ചു.

അയാം സുന്ദര്‍ അയ്യര്‍.

അയ്യോ, പാവം. സൌന്ദര്യ ദേവതയെങ്ങാനും ആ വഴിക്ക് വന്നിരുന്നെങ്കില്‍, സുന്ദര്‍ എന്ന പേരിനെ അപമാനിക്കുന്നതിനാല്‍ ആ രൂപത്തിനെ ഇടം വലം നോക്കാതെ പെരുമാറിയേനെ.

അഞ്ചടി രണ്ടിഞ്ച് ഉയരം. തടിച്ചുരുണ്ടതും, കറുത്തിരുണ്ടതുമായ ശരീരം. ചിരിക്കുമ്പോള്‍, നോക്കുന്നവന്റെ കണ്ണില്‍ ഗ്ലയറടിക്കുന്നതരത്തില്‍ വെളുത്തതും, തിളക്കമേറിയതുമായ പല്ലുകള്‍. അദ്ദേഹത്തിന്റെ പെട്ട തലക്കുമുന്‍പില്‍ എന്റെ പെട്ട തല വെറും നിഷ്പ്രഭം. ഇടത്തേ പുരികം അവസാനിക്കുന്ന സ്ഥലത്തു നിന്നും കീഴോട്ടിറങ്ങി താഴെ മൂക്കിന്റെ മുക്കാല്‍ ഭാഗത്തോളം ചെന്ന് തിരിച്ച് മുകളിലേക്ക് കയറി വലത്തേ പുരികം അവസാനിക്കുന്ന സ്ഥലം വരെ ഇട്ടിരിക്കുന്ന ഒരു കളഭക്കുറി (ഇംഗ്ലീഷിലെ യു അക്ഷരം പോലെ), നെറ്റിക്ക് ഒത്ത നടുവില്‍ ഒരു ചുമന്ന പൊട്ട്. കഴുത്തില്‍ പട്ടിക്ക് ബെല്‍റ്റിട്ടപോലെയുള്ള ഒരു കറുത്ത ചരട്, മഡ്രാസ് ചെക്കുകളുള്ള ഷര്‍ട്ട്, വെളുത്ത പാന്റ് (കറുത്ത ശരീരത്തിന്നെന്തു മ്യാച്ച്), വലം കയ്യില്‍ കെട്ടിയിട്ടിരിക്കുന്ന ഒരു ചെറിയ മഞ്ഞ സഞ്ചിയില്‍ തന്റെ വലം കൈ നിക്ഷേപിച്ചിരിക്കുന്നു (ഇത്തരക്കാരെ ബര്‍ ദുബായ് അമ്പലത്തില്‍ മുന്‍പ് പലപ്പോഴും കണ്ടിട്ടില്ലായിരുന്നെങ്കില്‍, പാവത്തിന്റെ കൈപത്തി ഏതോ അപകടത്തില്‍ നഷ്ടപെട്ടതാണെന്ന് ഞാന്‍ കരുതിയേനെ). ഇതാണ് സുന്ദര്‍ അയ്യറുടെ ഒരു ബ്രീഫ് സ്കെച്ച്. (ഇനി മുതല്‍ ഞാന്‍ ഈ കഥാ പാത്രത്തെ വെറും അയ്യര്‍ എന്നു വിളിക്കുന്നതാകുന്നു).

അടുത്തതായി ഓരോരുത്തരേയായി അദ്ദേഹത്തിന്ന് പരിചയപെടുത്തുന്ന സംഭവമാണ്.

മീറ്റ് കുറുമാന്‍, എറ്റവും അരികില്‍ നില്‍ക്കുന്ന എന്നെ തന്നെ ആദ്യം വിളിച്ചു പരിചയപെടുത്താന്‍ മനീന്ദര്‍ തുനിഞ്ഞു.

ഹസ്തദാനത്തിനായി ഞാന്‍ കൈനീട്ടി, പാമ്പ് മാളത്തിന്റെ ഉള്ളില്‍ നിന്നും പുറത്തു വരുന്നതുപോലെ, സഞ്ചിയില്‍ നിന്നും അയ്യരുടെ കൈ പുറത്തേക്ക് വന്നു. പിന്നെ സഞ്ചിയോടെ തന്നെ മുകളിലേക്ക് പൊന്തി, എനിക്ക് ഹസ്തദാനം തന്നു. പിന്നെ പറഞ്ഞു, ഹരേ രാമ:.

എന്റെ ദൌത്യം കഴിഞ്ഞ സന്തോഷത്തില്‍ ഞാന്‍ കോണ്‍ഫറന്‍സ് മുറിയില്‍ നിന്നും എന്റെ ഇരിപ്പിടത്തിലേക്ക് തിരിഞ്ഞു നടന്നു. കോണ്‍ഫറന്‍സ് റുമില്‍ നിന്നും ഹരേ രാമ വിളികള്‍ അലയടിച്ചുകൊണ്ടേ ഇരുന്നു.

തുടരും............

29 comments:

കുറുമാന്‍ said...

അയ്യര്‍ ദ ചീപ് - ഭാഗം - 1

ഒരു തുടരന്‍ എഴുതി പരിചയമില്ല, താത്പര്യവുമില്ല, പക്ഷെ ജോലി തിരക്കിനിടയില്‍ എന്തു ചെയ്യാന്‍? എഴുതിയതത്രയും ഒരൊന്നാം ഭാഗമായി പോസ്റ്റ് ചെയ്യുന്നു.

തമാശകള്‍ കാര്യമായി പ്രതീക്ഷിക്കരുത്. രണ്ടാം ഭാഗം സമയം ലഭിക്കുന്നതിന്നനുസരിച്ച് പോസ്റ്റ് ചെയ്യുന്നതായിരിക്കും.

ഉമേഷ്::Umesh said...

ഇതാണോ തമാശയില്ലെന്നു പറഞ്ഞതു്? തമാശയില്ലെന്നു വിചാരിച്ചു് ഓഫീസ്‌മുറിയുടെ വാതിലടയ്ക്കാതെ ഇതു വായിച്ച എന്നെ പറഞ്ഞാല്‍ മതി...

K.V Manikantan said...

സുഖകരമായ ബ്ലോഗ്‌ ജീവിതത്തിന്‌ വിട്ടുവീഴ്ചകള്‍ വളരെ വളരെ അനിവാര്യമാണ്‌ കുറുജീ.......

തുടരനെങ്കില്‍ തുടരന്‍.....

Visala Manaskan said...

പതിവുപോലെ രസകരം തന്നെ.
അടുത്ത ഭാഗം, അധികം വച്ച് താമസിപ്പിക്കേണ്ട.

Rasheed Chalil said...

അയ്യരുടെ ആഗമനം അതിഗംഭീരം..
മഞ്ഞസഞ്ചിയില്‍ പൂഴ്ത്തിയ കയ്യുമായെത്തുന്ന സുന്ദരനല്ലാത്ത സുന്ദരയ്യരുടെ കൂടുതല്‍

വിശേഷങ്ങള്‍ക്കായി കാത്തിരിക്കാം

Adithyan said...

കുറുമാനേ, കൊള്ളാം.. :)
തമാശകള്‍ ആവശ്യത്തിനുണ്ടല്ലോ...

സ്വാര്‍ത്ഥന്‍ said...

അടൂത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

ഇടിവാള്‍ said...

കുറുജി: തമാശയില്ലെന്നാരാ പറഞ്ഞേ.. ആ അയ്യര്‍ ബ്രീഫിങ്ങ് ഉഗ്രന്‍ ! കൈകൊടുത്തത് അത്യുഗ്രന്‍ !

പിന്നെ പട്ടരില്‍ പൊട്ടനില്ല എന്നല്ല ഞങ്ങളുടെ നാട്ടില്‍ പറയുക !

പട്ടരില്‍പൊട്ടനൊക്കെയുണ്ട്.. പക്ഷേ ആ പൊട്ടനാ നമ്മുടെ ജില്ലാ കലക്റ്റര്‍ ! ;)

അഭയാര്‍ത്ഥി said...

കുറുമാനെ കഥ തുടരനായതിനാല്‍ കമെന്റും ഒന്നാം ഭാഗം.

പേരും ആളും തമ്മിലുള്ള കൊണ്ട്രാഡിക്ഷന്‍സിനെ പറ്റി പണ്ടൊരു ഡിബേറ്റ്‌ ബ്ലോഗില്‍ നടന്നിരുന്നു. വീണ്ടും ഇതാ സുന്ദരം അയ്യരെന്ന സുന്ദരന്‍ അയ്യേ!!!!.

പേരും ആളും തമ്മില്‍ ഒരു സാമ്യവും സാധാരണ ഉണ്ടാകില്ല.

അങ്ങിനെയാണെങ്കില്‍ ത്രേതാ യുഗത്തിലെ രാമചന്ദ്രനും കലിയുഗത്തിലെ രാമചന്ദ്രനും ഒരു പോലെ ഇരുന്നേനെ.

എന്നാല്‍ കലിയുഗത്തിലെ രാമചന്ദ്രന്‍ രോമചന്ദ്രനായി മാറി.
അതായതു തലയില്‍ നിന്നും രോമം കൊഴിഞ്ഞു ചന്ദ്രമണ്ടലമായിരിക്കുന്നു.
സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ചു ഭൂമണ്ടലത്തില്‍ പ്രകാശം ചൊരിയുന്നു. തലക്കുള്ളിലും വെളിയിലും നീലവെളിച്ചവും ചൂടും പ്രസരിപ്പിക്കുന്നു.
ഗന്ധര്‍വനും പേരുമായി ഈ സാംഗത്യം മാത്രമെ ഉള്ളു ഇപ്പോള്‍.
എന്തായലും പതിവു ഹാസ്യതിന്റെ ഗ്രാഫ്‌ ഒട്ടും താഴ്‌നിട്ടില്ല പുതിയ മേമ്പോടികള്‍ ഉണ്ടു താനും .. "eg.പ്ലാച്ചി കോള ക്യാനുകള്‍ ഒന്നിനു പകരം രണ്ടും മൂന്നും"

ബാക്കി കമന്റ്‌ രണ്ടാം ഭാവത്തില്‍ അല്ല ഭാഗത്തില്‍.

സു | Su said...

ഹരേ രാമ

എന്നാലും പെണ്‍പ്രജകളെ ഇത്രയും ഒരുക്കി എന്ന് പറഞ്ഞ സ്ഥിതിയ്ക്ക് അയ്യരുടെ മുന്‍പില്‍പ്പെട്ട് തിളക്കം പോകാതിരിക്കാന്‍ ആണ്‍പ്രജകള്‍ എന്തൊക്കെ ചെയ്തു എന്നും കൂടെ പറയണമായിരുന്നു.

രാജ് said...

‘പറക്കുംതളികയിലെ’ സുന്ദരാന്നുള്ള വിളി ഓര്‍മ്മവരുന്നു ;) ബാക്കിയെപ്പോഴാ എഴുതുന്നതു്?

അരവിന്ദ് :: aravind said...

കലക്കി കുറൂജീ..എനിക്ക് ചിരിക്കാന്‍ ഇത്രയും തമാശ ധാരാളം!! :-))
അടുത്ത ഭാഗം വേഗം പോരട്ടെ!

കുറുമാന്‍ said...

അയ്യര്‍ ദ ചീപ് വായിച്ച്, തമാശകണ്ടെത്തി കമന്റിട്ട എല്ലാവര്‍ക്കും എന്റെ നന്ദി രേഖപെടുത്തികൊള്ളുന്നു.

ഉമേഷ്ജീ : നന്ദി. ഓഫീസ് മുറിയുടെ വാതിലടക്കാന്‍ മാത്രമുള്ള രസതന്തുക്കള്‍ ഇതിലുണ്ടോ മാഷെ?

സങ്കുചിതന്‍ : നന്ദി. അതു തന്നെ, തുടരനെങ്കില്‍ തുടരന്‍.....എഴുത്ത് നിര്‍ത്താന്‍ വയ്യാ..അഡിക്ഷനായി പോയി......ബ്ലോഗും, ബൂലോകരും ഇല്ലാതെ എന്തു ജീവിതം?

വിശാലോ : താങ്ക്സ്. അടുത്ത ഭാഗം ഇന്ത വാരം തന്നെ റിലീസ് പണ്ണിടലാം

ഇത്തിരിവെട്ടമേ : നന്ദി

ആദിത്യോ : നന്ദി.....ഇതിലും തമാശ കണ്ടെത്തിയതിന്നു വളരെ നന്ദി

സ്വാരത്ഥന്‍ : നന്ദി. ഉടന്‍ തരുന്നതാണ് (അടുത്ത ഭാഗം)

ഇടിവാളെ : നന്ദി. ചൊല്ലില്‍ മാത്രം പട്ടരില്‍ പൊട്ടനില്ല, പക്ഷെ യഥാര്‍ത്ഥത്തില്‍, പട്ടരില്‍ മിക്കവരും പൊട്ടന്മാരല്ലെങ്കിലും, ആനെന്ന് നടിക്കുന്നവരാണ്

അ ദമനകന്‍ : നന്ദി

ഗന്ദര്‍വ്വരെ : നന്ദി. അടുത്ത കമന്റിനായി ഉടന്‍ ഒരുങ്ങികൊള്ളുക

സൂ : വളരെ കാലം കൂടിയാണല്ലോ, എന്റെ ബ്ലോഗിലേക്ക് വന്നത്. സ്വാഗതം, നന്ദി, നമസ്കാരം. ആണ്‍പ്രജകള്‍ എല്ലാം ചുള്ളന്മാരല്ലെ (മാത‘ക സൌന്ദര്യം!!)

പെരിങ്ങോടാ : നന്ദി. അടുത്ത റിലീസ് വെള്ളി/ശനി

അരവിന്ദോ : നന്ദി. അതു ശരി, സെയിം പിച്ച്. എനിക്കും ചിരിക്കാന്‍ പ്രത്യേകിച്ച് തമാശയൊന്നും കിട്ടേണ്ട. ആരെങ്കിലും എന്നെ തല്ലിയാല്‍ പോലും ഞാന്‍ ചിരിക്കും. മറ്റുള്ളവര്‍ക്ക് തല്ലു കൊള്ളുന്നത് കാണുമ്പോള്‍ പൊട്ടി പൊട്ടി ചിരിക്കുകയും ചെയ്യും.

മുസാഫിര്‍ said...

കുറുമാന്‍ജീ ! (ഇനി എല്ലാ ബ്ലോഗങളേയും , ബഹു വചനം,ജീ ചേര്‍ത്തെ വിളിക്ക്കുന്ന് തീരുമാനിച്ചിരിക്കയാണു- സൂ എങിനെ പ്രതികരിക്കുമെന്നു അറിയില്ല )
ഞന്‍ ഓഫിസില്‍ ഇന്നു അര മണിക്കൂര്‍ നേരത്തെ എത്തി.ബൂലോകം തുറന്നു നോക്കിയപ്പൊള്‍ ദെ കിടക്കുന്നു . കുറുമാ‍ഞിയുടെ അയ്യര്‍ ദെ ഗ്രെറ്റ്,ഏന്നാല്‍ ഇതു വായിച്ചിട്ടു ഐശ്യ്ര്യമായി ദിവസം തുടങാം എന്ന് കരുതി.
അയ്യരുടെ വിവരണങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു കാലാടി ശബ്ദം.തല പൊന്തിച്ചപ്പോള്‍ മുന്നില്‍ ബോസ്സ് നില്‍ക്കുന്നു.
എന്റെ കാബിനില്‍ കയറാതെ എന്നെ പുള്ളീയുടെ കാബിനിലേക്കു വിളിപ്പിച്ചു.
എന്റെ അടുത്തു വന്നിരുന്നെങ്ക്കില്‍ സകല ഇമേജും പോയെനെ.
ഏതായാലും ഇനി കാലത്തു കുറുമാ‍ന്‍‌ജിയുടെ പോസ്റ്റ് കണ്ടാല്‍ ഞന്‍ വഴി മാറി നടക്കും.

Kalesh Kumar said...

കുറുമഗുരോ, ബാക്കി കഥയ്ക്കായി അക്ഷമനായി കാത്തിരിക്കുന്നു!
ഒന്നാം ഭാ‍ഗം കിടിലം!

myexperimentsandme said...

കുറുമയ്യാ, തകര്‍ത്തു. പണ്ട് അതുല്ല്യേച്ചി പറഞ്ഞതോര്‍മ്മ വരുന്നു:

കുഞ്ഞുമോനിപ്പം വരും, കുളിക്കുവാ എന്ന് കേട്ട് കുഞ്ഞുമോനേം നോക്കിയിരുന്നപ്പോള്‍, ദേ കുളിമുറിയുടെ വാതിലും തുറന്ന്, തലയും തോര്‍ത്തിക്കൊണ്ട് വരുന്നു, തൊണ്ണൂറു വയസ്സായ ഒരപ്പൂപ്പന്‍ (ഫുള്‍ കഃട്, അതുല്ല്യേച്ചി).

ഞങ്ങളുടെ നാട്ടില്‍ ബസ് ഡ്രൈവര്‍മാര്‍ അപ്പൂപ്പന്മാരെ ബൈജുവേ എന്നും അമ്മൂമ്മമാരെ ഷേര്‍ളിയേ എന്നുമാണ് വിളിച്ചുകൊണ്ടിരുന്നത്.

ആരുടെയോ ഏതോ പോസ്റ്റില്‍ ഇങ്ങിനത്തെ വിളികളെപ്പറ്റി ദേവേട്ടനും അതുല്ല്യേച്ചിയും രസകരമായി കുറെ പറഞ്ഞിരുന്നു.

കുറുമന്റെ കുമ്പസാരം ഇവിടേറ്റില്ല. ചിരിച്ചുപോയി :)

നെക്കസറ്റ് പ്ലീസ്....

സു | Su said...

കുറുമാന്‍,
ഞാന്‍ എന്റെ ബ്ലോഗില്‍ത്തന്നെ എത്തിനോക്കിയിട്ട് നാളുകള്‍ കഴിഞ്ഞിരുന്നു. വായിക്കാറുണ്ട്. പുലികളുടെ കമന്റിനിടയില്‍ക്കയറി അഭിപ്രായം പറയേണ്ട എന്ന് വിചാരിച്ചാണ്.

മുസാഫിര്‍, എന്തിനാ ഒരു ജി ?

മുസാഫിര്‍ said...

സൂ,

ബഹുമാനം കൊണ് ആണു ;-)

ബിന്ദു said...

ബാക്കി വേഗാവട്ടെ ട്ടോ.. :)

Satheesh said...

അടുത്ത ഭാഗം വായിച്ചിട്ടേ കംന്റൂ എന്നും കരുതി ബലം പിടിച്ചിരിക്കുകയാണ് ഞാന്‍! വേഗം പോരട്ടേ...
ഇപ്പഴേ കേറി പട്ടരെ ഒന്നും പറയുന്നില്ല.. ആളുടെ സ്വഭാവം കൂടി അറിയട്ടെ!

Anonymous said...

നന്നായി എന്നെ ദുബായിലോട്ട് കെട്ടിക്കാഞ്ഞത്..
അല്ലെങ്കില്‍ പിന്നെ ദുബായ് മീറ്റില്‍ ഒക്കെ വന്ന് കറുത്ത് പൊക്കം കുറഞ്ഞ് മൂകൊക്കെ വളഞ്ഞ്
സൌന്ദര്യമില്ലാണ്ടിരിക്കുന്നെ എന്നെ ഒക്കെ എങ്ങിനെ വിവരിച്ചു കളഞ്ഞേനെ ഈ ചേട്ടായി..
എനിക്ക് വയ്യ!..ആ മഞ്ഞ സഞ്ചി ഞാന്‍ അമ്മയാണെ വിശ്വസിക്കൂല്ല..അതു നുണ..!!:)

സൂര്യോദയം said...

നന്നായിട്ടുണ്ട്‌.

ഒരു സിനിമയില്‍ ദിലീപ്‌ 'സുന്ദരാ..' എന്ന് വിളിക്കുമ്പൊള്‍ ഹരിശ്രീ അശോകന്‍ ഓടി വരുന്ന കണ്ടിട്ട്‌ ഇന്‍സ്പെക്ടര്‍ ആയ കൊച്ചിന്‍ ഹനീഫ ദിലീപിന്റെ ചെകിടത്ത്‌ അടിച്ചിട്ട്‌ 'ഇവനെയാണോടാ സുന്ദരാ എന്നു വിളിച്ചത്‌' എന്നു ചോദിക്കുന്ന രംഗം ഓര്‍മ്മ വന്നു. :-)

ചില നേരത്ത്.. said...

കുറുജീ..
ഒന്നാം ഭാഗം സൂപ്പര്‍ഹിറ്റ്!!!
സത്യം പറഞ്ഞാല്‍ ഒരു ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയില്‍ പോയപ്പോള്‍ കണ്ട കോണ്ട്രാക്റ്റ്സ് മാനേജരെ പോലെ തന്നെ കുറുമാന്റെ അയ്യരും..
വീകെന്‍ഡല്ലെ..രണ്ടാം ഭാഗം ഞായറാഴ്ച പ്രതീക്ഷിക്കുന്നു..

പട്ടേരി l Patteri said...

കുറുജീ.........
.. കലക്കി....
അടിപൊളി....ആസ്‌ യൂഷ്വല്‍....
പിന്നെ.....പാര്‍ട്ട്‌ 2 എവിടെ?..

പട്ടേരി l Patteri said...

പിന്നെ ആ അയ്യരുടെ ഫോട്ടോ ഇട്ടാല്‍ കുരുജീയുടെ പൊടിപ്പും തൊങ്ങലിന്റെയും അളവ്‌ അറിയാം ആയിരുന്നു . :D

മുല്ലപ്പൂ said...

"മഡ്രാസ് ചെക്കുകളുള്ള ഷര്‍ട്ട്, വെളുത്ത പാന്റ് (കറുത്ത ശരീരത്തിന്നെന്തു മ്യാച്ച്), വലം കയ്യില്‍ കെട്ടിയിട്ടിരിക്കുന്ന ഒരു ചെറിയ മഞ്ഞ സഞ്ചിയില്‍ തന്റെ വലം കൈ നിക്ഷേപിച്ചിരിക്കുന്നു"

ചിരിനില്‍ക്ക്ണില്ലല്ലോ... കുറുമാനേ...

തല്‍ക്കെട്ടില്‍ ഒരു ചെറിയ പ്ര്സ്നം ഇല്ലേ..
അതോ വരും ഭാഗങ്ങളില്‍ അതു അര്‍ത്ഥവത്തകുമൊ?

myexperimentsandme said...

അയ്യരുടെ ഫോട്ടമല്ലേ പട്ടേരി, കുറുമന്റെ പ്രൊഫൈലില്‍ കിടക്കുന്നത്. ഇതൊക്കെ കുറുമന്റെ ആത്‌മകഥാംശം തുളുമ്പുന്ന അനുഭവക്കുറിപ്പുകളല്ലേ :)

Ajith Krishnanunni said...

കുറുമേട്ടാ അയ്യരുടെ രൂപവര്‍ണ്ണന കലക്കി..

വര്‍ണ്ണമേഘങ്ങള്‍ said...

ജയ്‌ ഹനുമാന്‍ എന്ന്‌ തിരിച്ച്‌ വിഷ്‌ ചെയ്താല്‍ മതിയായിരുന്നു കുറുജീ.
അമൃതാനന്ദമയി കോളേജില്‍ പഠിക്കുന്ന എന്റെ കൂട്ടുകാരന്‌ പറ്റ്‌ പറ്റി.
അവിടെ എല്ലാം 'നമ: ശിവായ' മയമാ..
എന്തിനും ഏതിനും അതല്ലാതെ വേറൊന്നും ഉപയോഗിക്കന്‍ പാടില്ലത്രേ...
എന്റെ കൂട്ടുകാരന്‍ സദ്സ്വഭാവിയും,സര്‍വ്വഗുണ സമ്പന്നനും, സാത്വികനും ആയവന്‍.
കൂടെ നിന്ന്‌ പെണ്‍കുട്ടികളെ വായില്‍ നോക്കുന്നതിനിടയില്‍ തനിക്കിട്ട്‌ നല്ലോണം പാര വെച്ച കൂട്ടു റോമിയോയെ നോക്കി ഒരു മുഴുത്ത വാല്മീകം പ്രയോഗിക്കാന്‍ തീരുമാനിച്ച്‌
'ഫ്ഭാ..' ന്ന് ഉച്ചത്തില്‍ പറഞ്ഞ്‌തും മുന്നില്‍ പ്രിന്‍സിപ്പാള്‍..
പിന്നത്‌..
'ഫ്ഭാ... നമ:ശിവായ' ആയി.