Wednesday, July 26, 2006

ചേലൂക്കാവ്‌ താലപ്പൊലി

ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്ന രണ്ട്‌ കമ്പങ്ങളിലൊന്ന്, തീറ്റ കമ്പവും, മറ്റൊന്ന് ആന കമ്പവുമാണ്‌

ആനയും ചെണ്ടയും എവിടെ ഉണ്ടൊ, അടുത്തുപുറത്തെന്നല്ല, ഒരു പത്തുപതിഞ്ച്‌ കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ അമ്പലത്തിലും ഞാന്‍ പോയിരിക്കും. അതിപ്പോ, ഉത്സവമായാലും ശരി, താലപ്പൊലിയായാലും ശരി, വേലയായാലും ശരി, വിളക്കായാലും ശരി, എന്തിന്‌ അമ്പ്‌ പെരുന്നാളും, ചന്ദനക്കുടമായാലും ശരി.

അതൊക്കെ പഴയ കഥ. ആന കഥ പറയാന്‍ ഒരുപാടുണ്ട്‌, ഇവിടെ ഞാന്‍ അതൊന്നും പറയുന്നില്ല, പക്ഷെ, ഒരു ചെറിയ അനുഭവം നിങ്ങളോടൊത്ത്‌ പങ്കുവയ്ക്കാം.

എണ്‍പത്തിയൊമ്പതുമുതല്‍ നാട്‌ വിട്ട്‌ ദില്ലിയിലായിരുന്ന കാരണം, നാട്ടില്‍ നടക്കുന്ന ഉത്സവങ്ങളൊക്കെ നഷ്ടപെട്ടു. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ ഒരുത്സവം കിട്ടിയാലായി. അങ്ങനെ ആനകളുമായും, ഉത്സവപറമ്പുകളുമായുള്ള എന്റെ ദൃഡ ബന്ധം മുറിഞ്ഞു നാശകോശമായി.

ദില്ലിയിലുള്ള ഏഴ്‌ വര്‍ഷത്തിന്റെ ജീവിതത്തിന്റെ ഇടയിലും, അതിന്നിടെ പുറത്ത്‌ രാജസ്ഥാനിലും, ഉത്തര്‍പ്രദേശിലും മറ്റും ഒരുപാട്‌ തവണ പോയപ്പോഴും ആനകളെ കാണുമ്പോഴുന്നൊം പഴയ ആനകമ്പം എനിക്ക്‌ ഒരിക്കല്‍ പോലും പുറത്ത്‌ വന്നില്ല.

കാരണം, കണ്ട ആനകളെല്ലാം, നാട്ടിലെ ആനകളെ പോലെ, രണ്ടോ, മൂന്നോ പാപ്പാന്മാര്‍ ചേര്‍ന്ന്, കാരക്കോലും, കുന്തവും, കൂച്ചുവിലങ്ങും മറ്റും കൊണ്ട്‌ നടക്കുന്നപോലെയുള്ള തലയെടുപ്പുള്ള, ചീവി നീട്ടിയ കൂര്‍ത്ത കൊമ്പുള്ള, കറുത്തഴകുള്ള, തുമ്പികൈമേലും, ചെവിയേല്‍ തോട്ടിയിട്ട്‌ പിടിച്ചുണ്ടായ ചെറിയ കുറച്ച്‌ ഓട്ടകളുമുള്ള ,തവിട്ടു/പിങ്ക്‌ നിറത്തിലുള്ള ചെറിയ കുത്തുകള്‍ നിറന്‍ഞ്ഞ ആനകളായിരുന്നില്ല.

മറിച്ച്‌, ചെളി വാരിയെറിഞ്ഞ്‌, ശരീരം മുഴുവന്‍ ചാരനിറത്തിലായ, വെട്ടി മുറിച്ച്‌, വെള്ളികെട്ടിയ കൊമ്പുള്ള, പുറത്ത്‌ വച്ചു കെട്ടിയ കട്ടിലില്‍ ഇരുന്ന് പാപ്പാന്‍ പോകാനുള്ള സ്ഥലപേരു പറയുമ്പോള്‍, റൂട്ടറിയുന്ന ഡ്രവറെപോലെ, പറഞ്ഞ സ്ഥലത്തേക്ക്‌ പതുക്കെ നടന്ന്, ട്രാഫിക്‌ സിഗ്നലിലെ ചുവന്ന സിഗ്നല്‍ കിട്ടുമ്പോള്‍ നില്‍ക്കുകയും, പച്ച കിട്ടുമ്പോള്‍ നടക്കുകയും ചെയ്യുന്ന ആനയാകളേയോ, അല്ലെങ്കില്‍, പശുവിന്റെ കഴുത്തില്‍ കെട്ടുന്നതുപോലെ കയറുകെട്ടി, ആ കയറേല്‍ പിടിച്ച്‌ പാപ്പാന്‍ നടക്കുമ്പോള്‍ അനുസരണയോടെ നടക്കുന്ന ആനകളേയോ ആണ്‌ ഞാന്‍ കണ്ടിട്ടുള്ളത്‌.

അങ്ങനെ ദില്ലിജീവിതം ഉപേക്ഷിച്ച്‌, യൂറോപ്പ്‌ പര്യടനവും കഴിഞ്ഞ്‌, ഗതി കിട്ടാ പ്രേതം പോലെ തിരികെ നാട്ടില്‍ വന്ന് കാലാട്ടലും, ചെണ്ടപ്പുറത്ത്‌ കോലുവയ്ക്കുന്ന അമ്പലങ്ങളായ അമ്പലങ്ങളില്‍ മുഴുവന്‍ പോയി ആനകള്‍ക്കു മുന്‍പിലും, മേളക്കാര്‍ക്ക്‌ പിന്‍പിലുമായി നിന്ന് താളത്തിനൊത്ത്‌ കയ്യാട്ടലുമായി, അല്ലലില്ലാതെ പോയിരുന്ന ദിനങ്ങള്‍.

ആരാണാവോ, ഈ നട്ടുച്ചക്ക്‌? പിരിവുകാരായിരിക്കും. കോളിങ്ങ്‌ ബെല്ലടിക്കുന്നത്‌ കേട്ട്‌ ഹാളിലേക്ക്‌ നടക്കുമ്പോള്‍ ആത്മഗതമായി പറഞ്ഞതും ചുമരേല്‍ റ്റ്യൂബ്‌ ലൈറ്റിന്റെ പട്ടികക്കിടയില്‍ പ്രാണിയെ കാത്തിരുന്ന് ബോറഡിച്ച പല്ലി വെറുതെ ചിലച്ചു, ച്ലിം ച്ലിം.

വാതില്‍ തുറന്നതും, സത്യം, പിരിവുകാര്‍ തന്നെ. ചേലൂക്കാവമ്പലത്തിലെ വെളിച്ചപ്പാടും, അമ്പല കമ്മിറ്റിക്കാരുമാണ്‌.

എല്ലാവരുമുണ്ടല്ലോ വെളിച്ചപ്പാടേ? ഉത്സവപിരിവായിരിക്കും ല്ലെ? എന്തായാലും കയറി ഇരിക്ക്യാ. പുറത്ത്‌ ചൂടല്ലെ, ഞാന്‍ അമ്മയെ വിളിക്കാം.

വെളിച്ചപാടടക്കം നാലുപേരും വീട്ടിലേക്ക്‌ കയറി ഇരുന്നു.

അമ്മേ, ഞാന്‍ അടുക്കളദിശയിലേക്ക്‌ നോക്കി നീട്ടി വിളിച്ചു.

സാരിതലപ്പില്‍ കൈതുടച്ച്‌ കൊണ്ട്‌ അമ്മ വന്നു. രാവിലെ കാവില്‍ പോയപ്പോള്‍ തൊട്ട മഞ്ഞള്‍ക്കുറി ഉച്ചയായിട്ടും മായാതെ അമ്മയുടെ നെറ്റിയിലുണ്ടായിരുന്നു.

ഇക്കുറി താലപ്പൊലി ഗംഭീരമാക്കുണൂന്ന് കേട്ടല്ലോ വെളിച്ചപ്പാടെ?

അതേ അംബ്യമ്മേ, ഇത്തവണ ഗംഭീരമാക്കണമ്ന്നാ ആഗ്രഹം. നാട്ടുകാരും കൂടെ സഹായിക്കണം ഗംഭീരമാക്കണമെങ്കില്‍.

ഞാന്‍ കുറച്ച്‌ സംഭാരം എടുക്കാമ്ന്ന് പറഞ്ഞ്‌ അമ്മ അടുക്കളയിലേക്ക്‌ പോയി.

അല്ലാ വെളിച്ചപ്പാടെ, ഗംഭീരമ്ന്ന് പറഞ്ഞാല്‍ ഇക്കുറി ആന അഞ്ചെണ്ണം തന്ന്യാവില്ലല്ലോ?

അല്ലടോ, ഏഴാനയാ ഇക്കുറി. കണ്ടമ്പുള്ളി ബാലനാരായണന്‍, ചേങ്ങോത്ത്‌ പത്മനാഭന്‍ തുടങ്ങി എണ്ണം പറഞ്ഞ ആനകളേയാ ഇത്തവണ ഏല്‍പ്പിച്ചിരിക്കുന്നത്‌.

അത്‌ നന്നായി വെളിച്ചപ്പാടെ. അനകളുടെ എണ്ണം എത്രയും കൂട്യാലും എനിക്ക്‌ സന്തോഷാ.

അതിപ്പോ താന്‍ പറയണോടോ. വള്ളി ട്രൗസറിട്ട്‌ നടക്കുമ്പോ തൊട്ട്‌ ഉത്സവക്കാലമായാല്‍ ആനേടെ പിന്നാലെ താന്‍ നടക്കണത്‌ ഞാന്‍ എത്ര കണ്ടിട്ടുള്ളതാ!

അമ്മ സംഭാരവുമായി വന്നു. എല്ലാവരും കുടിച്ച്‌ ഗ്ലാസ്‌ തിരികെ ഏല്‍പ്പിച്ചു.

അപ്പോ അംബ്യമ്മേ, ഒരു അഞ്ഞൂറ്റൊന്ന് എഴുതട്ടെ?

അഞ്ഞൂറ്റൊന്നോ, ആയിരത്തിയൊന്നോ എത്രയാന്ന് വച്ചാല്‍ നിങ്ങളെഴുതിക്കോളൂ. ഭഗവതീടെ കാര്യത്തിനല്ലെ? പക്ഷെ ഞാന്‍ ഇരുന്നൂറ്റിയമ്പത്തൊന്നേ തരൂ. അമ്മ നിലപാടറിയിച്ചൂ.

അമ്മ വഴിപാടായ്‌ നല്ലൊരു സംഖ്യ മാസാമാസം അമ്പലങ്ങളില്‍ കൊടുക്കുന്നുണ്ടെന്നറിയാവുന്നതിനാലും, ഇനിയിപ്പോ എത്രയധികം നേരം സംസാരിച്ചാലും, കൂടുതലായൊന്നും കിട്ടാന്‍ വഴിയില്ലാന്നുള്ള തിരിച്ചറിവുള്ളതിനാലും, രശീതി എഴുതി വെളിച്ചപ്പാട്‌ അമ്മയുടെ കൈയ്യില്‍ നല്‍കി.

അകത്ത്‌ പോയി കാശുമെടുത്ത്‌ അമ്മ വെളിച്ചപ്പാടിനു നല്‍കി. പിരിവുകാര്‍ അടുത്ത വീട്ടിലേക്ക്‌ നടന്നു നീങ്ങി.

പതിനഞ്ചു ദിവസം കടന്നുപോയതറിഞ്ഞില്ല. ചേലൂര്‍ക്കാവിലെ താലപ്പൊലിയായി. തെങ്ങിന്‍ തോപ്പിന്റെ നടുവിലായാണ്‌ ചേലൂക്കാവ്‌ അമ്പലം. ദേവിയാണ്‌ പ്രതിഷ്ട. തെങ്ങിന്‍ തോപ്പിന്റെ ഇടയിലായതുകാരണം, ഏതു വഴിയിലൂടേയും അമ്പല കോമ്പൗണ്ടിലേക്ക്‌ കയറാം. ഒരു വശത്ത്‌ പാടമാണ്‌.

കൂട്ടുകാരുമൊത്ത്‌ പോയി രാവിലത്തെ ശീവേലി കണ്ടു. മേളം കേട്ടു. ആനകളുടെ അരികത്ത്‌ പോയി, കഴുത്തില്‍ കെട്ടിയിട്ടുള്ള തകിടില്‍ നിന്നും പേരുവിവരം വായിച്ചെടുത്തും, ആനച്ചന്തം ആസ്വദിച്ചും നിര്‍വൃതി കൊണ്ടു. തിരിച്ച്‌ വീട്ടില്‍ പോകാമ്ന്നേരം പഴുത്തുചീഞ്ഞുണങ്ങിയ, ഈച്ചകള്‍ കൂമ്പാരമായി വന്നിരിക്കുന്ന ഈന്തപഴം ഒരരക്കിലോ വാങ്ങി. പിന്നെ ഒരു പായ്ക്കറ്റ്‌ പൊരിയും, ഉഴുന്നാടയും.


വീടെത്തി പിരിയാന്‍ നേരം കൂട്ടുകാരോട്‌ പറഞ്ഞു, അപ്പോ രാത്രി ഒമ്പത്‌ മണിക്ക്‌ തന്നെ പോവോട്ടോ.

ഊണുകഴിഞ്ഞ്‌ വിശാലമായി കിടന്നുറങ്ങി. ഉത്സവം പ്രമാണിച്ച്‌ നാലുമണിക്ക്‌ കോളേജ്‌ വിടുന്ന സമയത്ത്‌ മൈതാനം നിരങ്ങാന്‍ പോകേണ്ടാ എന്നു തീരുമാനിച്ചിരുന്നതിനാല്‍ ആറരക്കാണ്‌ ഉറക്കം മതിയാക്കി എഴുന്നേറ്റത്‌.

കുളിയും ഭക്ഷണവും കഴിച്ച്‌ എട്ടരയ്ക്ക്‌ തന്നെ തയ്യാറായി.

അമ്മേ ഒരു നൂറുരൂപ വേണം.

ദേ ചെക്കാ എന്റെ കയ്യീന്ന് വെറുതെ വീക്ക്‌ വാങ്ങണ്ടാ.

താലപ്പൊലി കമ്മറ്റിക്കാര്‍ ചോദിച്ചപ്പോഴേക്കും ഇരുന്നൂറ്റമ്പത്തൊന്ന് എണ്ണ്‍ ഇകൊടുത്തൂലോ? ഇതിപ്പോ മോന്‍ ചോദിച്ചപ്പോ ഇല്ല്യാന്ന്. ഇതെന്തു ന്യായം? ഇതെന്തു നീതി? പറയൂ പറയൂ നാട്ടാരെ? ഞാന്‍ ഏകനായി നിന്ന് മുദ്രാവാക്യം വിളിച്ചു.

അതമ്പലത്തിലെ ഉത്സവത്തിനല്ലെ ഞാന്‍ കാശ്‌ കൊടുത്തത്‌. നീയിപ്പോ കാശ്‌ ചോദിക്കണത്‌, ബ്രാണ്ടി വാങ്ങികുടിക്കാനും. തരില്ല ഞാന്‍.

എത്ര കാശുണ്ടായിരുന്ന പോക്കറ്റാ ദില്ലിയില്‍ ജോലി ചെയ്തിരുന്നപ്പോ, ഇതിപ്പോ വെറും കാലി. പോക്കറ്റില്‍ തൊട്ട്‌ ഞാന്‍ ദുഖമഭിനയിച്ചു.

അതാ പറയുന്നത്‌, സമ്പത്ത്‌ കാലത്ത്‌ കാ പത്ത്‌ വച്ചാല്‍ ആപത്ത്‌ കാലത്ത്‌ കാ പത്ത്‌ തിന്നാന്ന് പഴയവര്‍ പറയണത്‌. അന്ന് ദില്ലീല്‌ ജോലി ചെയ്തിട്ട്‌ ഇന്നാ അമ്മേ ഇത്‌ അമ്മക്ക്ന്ന് പറഞ്ഞിട്ട്‌ ഒരു നൂറുരൂപപോലും നീ എനിക്ക്‌ തന്നിട്ടില്ലല്ലോ?

അതമ്മേ, ഞാന്‍......അത്‌ പിന്നെ....

ഉരുളണ്ട മോനെ പൊടിയാവും. ന്നാ ഇത്‌ വച്ചോന്ന് പറഞ്ഞ്‌ ഉള്ളം കൈയ്യില്‍ ഞാന്‍ പോകുമ്പോ തരാന്‍ വേണ്ടി വച്ചിരുന്ന നൂറു രൂപ അമ്മ എനിക്ക്‌ തന്നു.

അഞ്ചു മിനിട്ടു കഴിയുന്നതിന്നുമുന്‍പേ, റോട്ടില്‍ വിസിലടികേട്ടു. കൂട്ടുകാരെത്തിയെന്നറിയിച്ചുകൊണ്ടുള്ള സിഗ്നലാണ്‌.

ഗയിറ്റടച്ച്‌ പുറത്തിറങ്ങി. പുറത്ത്‌, ഷിബുവും, പ്രമോദും, വിനോദും കാത്ത്‌ നില്‍പ്പുണ്ടായിരുന്നു.

കാലുകള്‍ വലിച്ച്‌ വെച്ച്‌ നേരെ വിട്ടു സെവന്‍സീസ്‌ ബാറിലേക്ക്‌. ബെയറര്‍ വന്നപ്പോള്‍, ഒരു ഫുള്ള്‌ ബാഗ്പൈാപ്പറും സോഡയും പറഞ്ഞു.

കഴിക്കാനെന്താ വേണ്ടെ? കഴിക്കാന്‍ അച്ചാറ്‌ ഒരു വലിയ പ്ലെയിറ്റില്‍ കൊണ്ടു വന്നോളൂ.

കുപ്പി വന്നു, സോഡ വന്നു, അച്ചാറു വന്നു, ബില്ലു വന്നു, അവസാനത്തെ കഷ്ണം അച്ചാറും എടുത്ത്‌ വായിലിട്ട്‌ ഞാന്‍ എന്റെ ഷെയര്‍ നല്‍കി, മറ്റുള്ളവര്‍ അവരുടേയും. ബാക്കി വന്ന പൈസ പോക്കറ്റില്‍ തിരുകി ഒരു ഓട്ടോയില്‍ കയറി ചേലൂക്കാവിലേക്ക്‌ നീങ്ങി.

മെയിന്‍ റോഡില്‍ ഓട്ടോയിറങ്ങി, പൊടിമണ്ണിലൂടെ, ജനതിരക്കിന്നിടയിലൂടെ, വള, മാല, പൊരി, ഈന്തപ്പഴം, അലുവാ കച്ചവടക്കാരുടെ താല്‍ക്കാലിക കടകള്‍ക്കുമുന്‍പിലൂടെ നടന്നു അമ്പലപറമ്പിലേക്ക്‌.

കുഴിച്ചിട്ട മുളകളില്‍ വച്ചുകെട്ടിയ റ്റ്യൂബ്‌ ലൈറ്റുകള്‍ പ്രകാശം പരത്തുന്നു. മുളകളില്‍ നിന്നും മുളകളിലേക്ക്‌ കെട്ടിയിരിക്കുന്ന കയറിന്മേല്‍,കുരുത്തോല തോരണങ്ങള്‍.

അമ്പലമുറ്റത്ത്‌ അടക്കാമരത്തൂണുകളില്‍ ഉയര്‍ത്തിയ നടപന്തലില്‍ നിറയെ തോരണങ്ങളും, മാലബള്‍ബുകളും. കാണാന്‍ നല്ല ചന്തം.

പകല്‍, പച്ചക്ക്‌ വന്നപ്പോ ഇതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു. ഇപ്പോ നാലെണ്ണം ചെന്നപ്പോള്‍ ആസ്വാദനത്തിന്റെ നിലവാരം ഉയര്‍ന്നു.

നടപ്പന്തലിലേക്ക്‌ കയറിനിന്ന് അടഞ്ഞുകിടക്കുന്ന ശ്രീകോവിലിലേക്ക്‌ നോക്കി കൈ കൂപ്പി പ്രാര്‍ത്ഥിച്ചു. എന്റെ, ചേലൂക്കാവിലമ്മേ, കാത്തോളണേ.

അമ്പലപറമ്പ്‌ മൊത്തം അരിച്ചു പെറുക്കാന്‍ തുടങ്ങി. ഭഗവാന്മാരുടേം, ഭഗവതിമാരുടേം കലണ്ടറുകളായിരുന്നു പണ്ട്‌ കുട്ടിക്കാലത്ത്‌ അമ്പലപ്പറമ്പില്‍ വില്‍ക്കാന്‍ വയ്ക്കുന്നത്‌ കണ്ടിരിക്കുന്നതും, വാങ്ങിച്ചിരുന്നതും. ഇന്നിപ്പോള്‍, ഷാറൂക്ക്‌ ഖാനും, സുസ്മിതാ സെന്നും, മോഹന്‍ലാലും, മമ്മൂട്ടിയും, ഷക്കീലയുടേയും മറ്റും കലണ്ടറുകളാണ്‌ നിലത്ത്‌ വിരിച്ച്‌ വച്ച്‌ വില്‍ക്കുന്നത്‌. അതിനാണത്രേ ഡിമാന്റ്‌.

ബലൂണ്‍കാരുടേയും, മറ്റും ഇടയിലൂടെ പാടം തുടങ്ങുന്ന സ്ഥലത്ത്‌ ഒരു ചെറിയ ആള്‍ക്കുട്ടം നിലത്ത്‌ കുനിഞ്ഞ്‌ ഇരിക്കുകയും, നില്‍ക്കുകയും ചെയ്യുന്നത്‌ കണ്ട്‌ ഞങ്ങള്‍ അങ്ങോട്ട്‌ ചെന്നു.

ആനമയിലോട്ടകം കളിക്കാരനാണ്‌. കയ്യിലുള്ള പാട്ടയില്‍ ഇട്ടിരിക്കുന്ന മൂന്ന് കട്ടകളും (ഡെയ്സ്‌) കുലുക്കി, കുലുക്കി കട കട ശബ്ദമുണ്ടാക്കി അയാള്‍ വിളിച്ചു പറയുന്നുണ്ട്‌. ഒന്നു വച്ചാല്‍ മൂന്ന്. ആര്‍ക്കും വെക്കാം ഏതിലും വെക്കാം. കട കട കടാാാ.

ചിലര്‍ക്കൊക്കെ പൈസ കിട്ടുന്നുണ്ട്‌, പലര്‍ക്ക്‌ പോകുന്നുമുണ്ട്‌.

എന്റെ കണ്ട്രോള്‍ കൈവിട്ടുപോയി, വച്ചു ഒരു പത്ത്‌ മയിലില്‍. കട കട കടാ.. പാട്ട അയാള്‍ ഷീറ്റിലേക്ക്‌ കമഴ്ത്തി. ദാ ആനക്കടിച്ചിരിക്കുന്നു. ആന കാലി, അപ്പോ കമ്പനിക്ക്‌.

വീണ്ടും പത്ത്‌ രുപാ വച്ചു, ആനയില്‍....അടിച്ചതൊട്ടകത്തിന്ന്.

പിന്നേം പോക്കറ്റില്‍ കയ്യിട്ട്‌ പത്ത്‌ രൂപയെടുത്ത്‌ വച്ചു മയിലില്‍. കട കട കടാ ഡിം. ദാ വീണ്ടും ഒട്ടകത്തിന്നടിച്ചിരിക്കുന്നു. ഒട്ടകം കാലി, അപ്പോ കമ്പനിക്ക്‌.

വാശിമൂത്ത ഞാന്‍ വീണ്ടും പോക്കറ്റില്‍ കൈയിട്ടു, പോക്കറ്റ്‌ മുഴുവന്‍ പരതി നോക്കി. കാശില്ല. എവിടുന്നുണ്ടാവാന്‍? മുപ്പത്‌ രൂപയുണ്ടായിരുന്നത്‌ ആനേം, ഒട്ടകോം എത്ര പെട്ടെന്നാ തിന്നുതീര്‍ത്തത്‌. ഏതാണ്ട്‌ നില്‍പ്പനടിക്കുന്നതുപോലെ!

കീഴ്‌ പന്തലില്‍ മേളം തുടങ്ങി കഴിഞ്ഞു.

കാശില്ലാതെ കളികണ്ടു നിന്നട്ടെന്തു കാര്യം? ഞാന്‍ എഴുന്നേറ്റു, കൂട്ടുകാരോടൊത്ത്‌ കീഴ്‌ പന്തലിലേക്ക്‌ നടന്നു.

കത്തുന്നപന്തത്തിനുമുന്‍പില്‍ സ്വര്‍ണ്ണനെറ്റിപട്ടം കെട്ടി നില്‍ക്കുന്ന ഗജവീരന്മാരെ കാണാന്‍ എന്തു ഭംഗി.

എത്ര കണ്ടാലും കൊതിതീരാത്ത ആ കാഴ്ചയും, മുറുകുന്ന മേളവും കേട്ട്‌ ഞാന്‍ എന്നെ തന്നെ മറന്നുപോയി.

കീഴ്‌ പന്തലില്‍നിന്നും ഇറങ്ങി മേളക്കാരും, ആനകളും, നടുപന്തലിലേക്ക്‌ നടന്നു, ഒപ്പം ജനസഹസ്രങ്ങളും.

നടുപന്തലില്‍ മേളം ഓരോതാളങ്ങളും കൊട്ടി കയറി. കാണാന്‍ നില്‍ക്കുന്നവരുടെ കൈകള്‍ മേളത്തിനൊത്ത്‌ ഉയര്‍ന്നുതാണു. മേളം തകര്‍ത്തു മുറുകുന്നു, എല്ലാവരും അതില്‍ ലയിച്ച്‌ നില്‍ക്കുന്നു.

ഗറ്ര്‍..........ഒറ്റ അലര്‍ച്ചയും ചങ്ങലകിലുക്കവും മാത്രമേ കേട്ടുള്ളൂ. ആനവിരണ്ടേ......അരോ വിളിച്ചു പറഞ്ഞു.

ആളുകള്‍ നാനാപാടും ചിതറിയോടി. ഞാനും. ഓടുന്നതിന്നിടയില്‍ തിരിഞ്ഞൊന്നു നോക്കിയപ്പോള്‍, നടപന്തല്‍ വലിച്ച്‌ ആന താഴെ ഇടുന്നതാണ്‌ കണ്ടത്‌. ഒപ്പം കറണ്ടും പോയി. കൂരാക്കൂരിരുട്ട്‌. കുട്ടികളുടേയും, സ്ത്രീകളുടേയും കരച്ചില്‍ അമ്പലപ്പറമ്പിലാകെ മുഴങ്ങികേട്ടു.

ഞാന്‍ ഇടം വലം നോക്കാതെ അസ്ത്രം കണക്കേ പാഞ്ഞു. ഓടുന്നതിന്നിടയില്‍ പലരേയും കൂട്ടിമുട്ടി. ആനയുടെ ചങ്ങലകിലുക്കം പിന്നില്‍ നിന്നും കേള്‍ക്കുന്നുണ്ടായിരുന്നു.

ഇരുട്ടില്‍ തപ്പി തടഞ്ഞ്‌ ജീവന്‍ രക്ഷിക്കാന്‍ ഓടുന്നതിന്നിടയില്‍ ഞാന്‍ ഒരുകുട്ടിയെ ഇടിച്ച്‌ നിലത്തിട്ടു.

എത്രയായാലും, കുട്ടിയല്ലെ? സ്വന്തം ജീവന്‍ മാത്രം നോക്കി ഓടിരക്ഷപെടാന്‍ മനസ്സാക്ഷി അനുവദിച്ചില്ല.

കുനിഞ്ഞ്‌ താഴെ വീണു കിടന്നിരുന്ന കുട്ടിയെ എടുത്ത്‌ തോളത്തിട്ടു. വീണ്ടും ഓട്ടം തുടര്‍ന്നു.

വിക്രമാദിത്യന്റെ കഴുത്തില്‍ വേതാളം പിടിമുറുക്കുന്നതുപോലെ, ആ കുട്ടി എന്റെ കഴുത്തില്‍ മുറുക്കിപിടിച്ച്‌ കിടന്നു. പേടികൊണ്ടായിരിക്കണം. കുട്ടിയാണെങ്കിലും എന്ത്‌ ഭാരം. ഓടുന്നതിനിടയില്‍ എന്റെ കാലുകള്‍ ഇടക്കിടെ വേച്ചുപോയി.

മണ്ണിട്ട വഴി കഴിഞ്ഞ്‌ മെയിന്‍ റോട്ടിലെത്താറായി. ചങ്ങലകിലുക്കം കേള്‍ക്കാനില്ല, എന്നിരുന്നാലും, ജനങ്ങള്‍ ഓടികൊണ്ടേയിരിക്കുന്നു. ചിലര്‍ നടന്നു തുടങ്ങി.

കിതച്ചുകൊണ്ട്‌ ഞാന്‍ എന്റെ ഓട്ടത്തിന്റെ വേഗത കുറച്ചു, പിന്നെ തോളിലിരിക്കുന്ന കുട്ടിയുടെ രക്ഷിതാക്കളെ എങ്ങിനെ കണ്ടുപിടിക്കുമെന്നാലോചിക്കാന്‍ തുടങ്ങി. കിതപ്പൊന്നടങ്ങിയിട്ട്‌ കുട്ടിയോട്‌ ചോദിക്കാമെന്നു കരുതി ഞാന്‍ നടക്കാന്‍ തുടങ്ങി.

കഴുത്തില്‍ മുറുകിപിടിച്ചിരുന്ന കുട്ടിയുടെ കൈ അയഞ്ഞതും, മത്താപ്പ്‌ കത്തുന്നതുപോലെ ശിം എന്നൊരു ശബ്ദത്തോടുകൂടി ഒരു വെളിച്ചം എന്റെ മുഖത്ത്‌ വന്നു.

ഞെട്ടിതെറിച്ച ഞാന്‍ തലചെരിച്ച്‌ നോക്കിയപ്പോള്‍, എന്റെ തോളിലിരുന്ന് ബീഡിക്ക്‌ തീകൊളുത്തിയിരിക്കുന്നൊരു കുള്ളന്‍!!

രണ്ടര അടി ഉയരമുള്ള, ആന, മയിലൊട്ടകം കളിച്ച്‌ എന്റെ കയ്യില്‍ നിന്നും കാശുപിടുങ്ങിയ അതേ കുള്ളന്‍!

53 comments:

കുറുമാന്‍ said...

ചേലൂക്കാവ്‌ താലപ്പൊലി

Sreejith K. said...

ചുമട്ട്കൂലിയായി അപ്പൊ തന്നെ ആ മുപ്പത് രൂപയും പലിശയും കയ്യോടെ വാങ്ങണ്ടേ എന്റെ കുറുമാനേ.

കഥ രസകരം. ഇഷ്ടായി.

ഇടിവാള്‍ said...

ഹ ഹ .. ശ്രീജിത്തിന്റെ ചോദ്യം തന്നെ എനിക്കും ! പിന്നെ, അംബ്യമ്മേടെ നിലപാടു കലക്കി !


അഞ്ഞൂറ്റൊന്നോ, ആയിരത്തിയൊന്നോ എത്രയാന്ന് വച്ചാല്‍ നിങ്ങളെഴുതിക്കോളൂ. ഭഗവതീടെ കാര്യത്തിനല്ലെ? പക്ഷെ ഞാന്‍ ഇരുന്നൂറ്റിയമ്പത്തൊന്നേ തരൂ.

Unknown said...

അപ്പൊ തന്നെ അടുത്ത് കണ്ട ചാലിലേക്ക് എറിയണ്ടേ സാധനത്തിനെ.

കഴിക്കാന്‍ അച്ചാര്‍ ഓര്‍ഡര്‍ ചെയ്തത് ഇഷ്ടപ്പെട്ടു. കഥ എയിമായിട്ടുണ്ട്.

സു | Su said...

പരോപകാരമേ പുണ്യം എന്ന് കേട്ടിട്ടില്ലേ? പൈസ കൂടാതെ എന്തോ ഒന്ന് അയാള്‍ക്കായിട്ട് വെച്ചിട്ടുണ്ടായിരുന്നു. ഒക്കെ വീടിക്കഴിഞ്ഞു ;)
പിന്നെ പെണ്‍കുള്ളി ഒന്നും അല്ലല്ലോന്ന് സമാധാനിക്ക്. ഇല്ലെങ്കില്‍ ഈ കഥ പറയാന്‍ കുറുമാന്‍ ഇവിടെ ഉണ്ടാവുമായിരുന്നോ ;)

സു | Su said...

ച്ഛെ! കുള്ളി എന്ന് മാത്രം മതി അല്ലേ? പെണ്‍ എന്ന് വേണ്ട. ഉമേഷ്‌ജി കണ്ടാല്‍ ...

Visala Manaskan said...

'വിക്രമാദിത്യന്റെ കഴുത്തില്‍ വേതാളം പിടിമുറുക്കുന്നതുപോലെ, ആ കുട്ടി എന്റെ കഴുത്തില്‍ മുറുക്കിപിടിച്ച്‌ കിടന്നു. പേടികൊണ്ടായിരിക്കണം. കുട്ടിയാണെങ്കിലും എന്ത്‌ ഭാരം. ഓടുന്നതിനിടയില്‍ എന്റെ കാലുകള്‍ ഇടക്കിടെ വേച്ചുപോയി'

‘എന്തിറ്റണ്ടാ ഇവനേ നീ ഇന്ന് കഴിച്ചേ??‘

എന്നൊരു ചോദ്യം ഓട്ടത്തിനിടയില്‍ ചോദിച്ചിരുന്നെങ്കില്‍... ആ ചുമടെടുപ്പ് ഒഴിവായിക്കിട്ട്യേനെ..ല്ലെ??

ചിരിച്ചു ഗഡീ..!

Anonymous said...

ഹായ്..ഇത് എനിക്ക് നല്ലോണം ഇഷ്ടായി..
സെവെന്‍ സീസ് ബാര്‍ ഒഴിച്ചാല്‍ ബാക്കി എല്ലാടേം കുറുമന്‍ ചേട്ടന്റെ വിരലും പിടിച്ച് ഞാനും ഉണ്ടായിരുന്നു...
നന്നായിട്ടുണ്ട്..ഇതു...എനിക്ക് ഒത്തിരി ഇഷ്ടായി..എനിക്കും ആനേനെ ഇഷ്ടാണ്..

ബിന്ദു said...

"ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്ന രണ്ട്‌ കമ്പങ്ങളിലൊന്ന്, തീറ്റ കമ്പവും, മറ്റൊന്ന് ആന കമ്പവുമാണ്‌"
തീറ്റകമ്പം വന്നാല്‍ തന്നെ ആനയായിക്കോളും. ;)

അതൊരു കുട്ടിയാണെന്നു കരുതി എടുത്തു കൊണ്ടോടിയില്ലെ, നല്ലൊരു മനസ്സാണത്‌.:)

രാജ് said...

കുറുമാനുമായുള്ള സ്വകാര്യം. ഇന്നലെ പറഞ്ഞതില്‍ നിന്നും മാറ്റി അവസാനം എക്സ്ട്രാ ചേര്‍ത്ത വരി ഉഗ്രന്‍. ഞാന്‍ കരുതിയതിനേക്കാളും നന്നായി വന്നു കഥ. അപ്പോള്‍ ചിയേഴ്സ്.

അരവിന്ദ് :: aravind said...

നല്ല ഒന്നാന്തരം സിനിമാ ക്വാളിറ്റി തമാശ..
ആ ഓട്ടം ഒന്നു സങ്കല്‍‌പ്പിച്ചു നോക്ക്യേ..ചിരിക്കാന്‍ വേറെ വല്ലതും വേണോ? :-)

ഞാന്‍ ഊഹിച്ചു വല്ല ഉയരം കുറഞ്ഞ മുത്തിത്തള്ളയേം എടുത്തോണ്ടാരിക്കും പാച്ചില്‍ ന്ന്..:-)

Adithyan said...

ഉത്സവം പ്രമാണിച്ച്‌ നാലുമണിക്ക്‌ കോളേജ്‌ വിടുന്ന സമയത്ത്‌ മൈതാനം നിരങ്ങാന്‍ പോകേണ്ടാ എന്നു തീരുമാനിച്ചിരുന്നതിനാല്‍...

ഹ്മ്മ്ം ശരി ശരി :))

കുറുമാനേ കൊള്ളാം... ഒരു സിനിമ കാണുന്നതു പോലെ... നല്ല വിവരണം...

myexperimentsandme said...

നന്നായി ആസ്വദിച്ചു, കുറുമാനേ...

അരവിന്ദ് :: aravind said...

അതേയതെ..
പെരിങ്ങോടര് സ്പോയില്‍‌സ്പോര്‍ട്ട് കളിച്ചു.
അതിന്റെ പിന്നാലേ ദേ, മനസ്സിലാകാത്തോര്‍ക്ക് മനസ്സിലാക്കാന്‍ വഴിപോക്കന്റെ വിസ്തരിച്ച കമന്റും.

ഇപ്പോ ഇന്‍‌ഡൈറക്റ്റ്ലി ഞാനും.

വേണ്ടായിരുന്നു.

K.V Manikantan said...

കുറു ഗുരോ....

അല്ലാ അവിടെയൊന്നും പൊട്ടക്കിണര്‍ ഉണ്ടയിരുന്നില്ലേ? ഇത്രയ്ക്ക്‌ ആന ഓടിയിട്ടും ആരും കിണറ്റില്‍ വീണില്ലേ.....?

കുറൂ, വിവരണങ്ങള്‍ തെളിനീരു പോലെ ശുദ്ധം.

പിരിവുകാര്‍ വന്നപ്പോള്‍ അടുക്കള ദിശയില്‍ നോക്കിയുള്ള അമ്മേ വിളി.....

നെറ്റിയില്‍ മാഞ്ഞുപോകാത്ത കളാഭവും....

ലോകത്തുള്ള എല്ലാ അമ്മമാരും മക്കളോട്‌ ചോദിക്കുന്ന ആ ചോദ്യവും,:.....

>>>അന്ന് ദില്ലീല്‌ ജോലി ചെയ്തിട്ട്‌ ഇന്നാ അമ്മേ ഇത്‌ അമ്മക്ക്ന്ന് പറഞ്ഞിട്ട്‌ ഒരു നൂറുരൂപപോലും നീ എനിക്ക്‌ തന്നിട്ടില്ലല്ലോ?

ഗംഭീരം കുറൂ......

ലുട്ടാപ്പി !!! said...

ഹി, ഹി, ബെസ്റ്റ്‌ വിറ്റ്‌.

prapra said...

കുറുമാനെ, അടിപൊളി.
ആന ഓടും എന്ന് ഉറപ്പുള്ളതു കൊണ്ടാണോന്ന് അറിയില്ല. നമ്മുടെ നാട്ടിലെ ഉത്സവ സമയങ്ങളില്‍ ഇമ്മാതിരി കുരുത്തക്കേടുകള്‍ ഒക്കെ നടക്കുന്നത്‌ പെട്രോ മാക്സിന്റെ (ഇതിന്‌ തെക്കന്‍ കേരളത്തില്‍ എന്താണോ പറയുക?) വെളിച്ചത്തിലാ.

രാജ് said...

അരേ/വഴി സത്യത്തില്‍ എന്താ പ്രശ്നം? എനിക്കു മനസ്സിലായില്ല. കുറുമാന്‍സ് എന്നോടു കഥ പറഞ്ഞപ്പോഴും അവസാന വരി പറഞ്ഞിരുന്നില്ല, പറഞ്ഞിരുന്നെങ്കില്‍ ഈ കഥയ്ക്കു്, ഈ ബ്ലോഗില്‍, എനിക്കെന്തു പുതുമ? കാശുതട്ടിച്ച കുള്ളനാണു് ഈ കുള്ളന്‍ എന്നു പറഞ്ഞതിലൂടെ കുറുമാന്‍ എനിക്കു കഥ ആസ്വദിക്കുവാന്‍ വീണ്ടും അവസരമൊരുക്കി എന്നാ ഉദ്ദേശിച്ചതു്.

ക്രെഡിബിളിറ്റിയോ, സ്പോയിലറോ സത്യത്തിലെന്താ സംഭവിച്ചതു് :D

സഞ്ചാരി said...

നന്നായിട്ടുണട് കുറുമനെ!!
മനസ്സിനെ ബാല്യ,കൌമാര ദിശയിലെക്കു തിരിച്ചുവിട്ടു.ഒന്നുവെച്ചാല്‍ രണടു കിട്ടും ഒന്നുംവെക്കാത്തവനു കോഴി മുട്ടകിട്ടും.(കാഞ്ഞങ്ങട് ഭാഗത്ത് ഉത്സവപറന്‍പുകളില്‍ കേള്‍ക്കുന്നത്)ഉപമയു അവധരണ രീതിയും വളരെ വളരെ നന്നയിട്ടുണട്. ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി.

ഉമേഷ്::Umesh said...

അത്ര പൊട്ടിച്ചിരിപ്പിച്ചില്ലെങ്കിലും സംഗതി കൊള്ളാം. ഈ വയസ്സുകാലത്തും കറക്കിക്കുത്തു വിട്ടിട്ടില്ല, അല്ലേ?

എല്ലാം മനസ്സിലായി. അപ്പോള്‍ അരവിന്ദന്റെ ശാരദമ്മായീടെ മോനാണു കുറുമാന്‍ അല്ലേ? അപ്പോള്‍ അരവിന്ദനും കുറുമാനും മച്ചുണന്മാര്‍. ചുമ്മാതല്ല....

Adithyan said...

അംബ്യമ്മ എങ്ങനെ ശാരദമ്മായി ആയി?

ഉമേഷ്::Umesh said...

എല്ലാം ഒന്നുതന്നെ ആദിത്യാ. ലളിതാസഹസ്രനാമം വായിച്ചിട്ടില്ല അല്യോ? (കല്യാണപ്രായമായ ആമ്പിള്ളേര്‍ വായിക്കുന്നതു നല്ലതാണു്...)

കൊട്ടാരത്തില്‍ ശങ്കുണ്ണി പറഞ്ഞ ഫലിതം:

ഇന്ദിരാ ലോകമാതാ
ഭാര്‍ഗ്ഗവീ ലോകജനനീ

എന്നു വെച്ചാല്‍?

ആ ലോകത്തിന്റെ മാതാവും, ഈ ലോകത്തിന്റെ ജനനിയും...


:-)

ശനിയന്‍ \OvO/ Shaniyan said...

അതു കൊട്ടാരത്തില് ശങ്കുണ്ണി അല്ലല്ലോ ഉമേഷ്ജീ പറഞ്ഞത്? ആള് അത് ഐതീഹ്യമാലയില് എഴുതിയെന്നല്ലേ ഉള്ളൂ?

Adithyan said...

ആഹാ ഇതിവിടെ ഒരു സ്തിരം പതിവാക്കാനുള്ള പണിയാണോ?
എന്തേലും ചോദിച്ചാല്‍ ഒടനെ സംസ്‌കൃതത്തില്‍ ഒരു ശ്ലോകം ചൊല്ലുക, എന്നിട്ട് അതിന്റെ അര്‍ത്ഥമാണെന്നും പറഞ്ഞ് ആളെ കളിയാക്കുക.
ജ്യോതിച്ചേച്ചിയേ ഓടി വായോ, രക്ഷിയ്ക്കോ... ഈ സംസ്ക്കാര ശൂന്യനായ സംസ്‌കൃത പണ്ഠിതന്റെ അടുത്ത് ചേച്ചിനെ വിളിച്ചിട്ടേ കാര്യമുള്ളു;

ഹന്ത! അഹോ!!

Adithyan said...

സ്ഥിരം
സ്ഥിരം
സ്ഥിരം
സ്ഥിരം
സ്ഥിരം

പണ്ഡിതന്‍
പണ്ഡിതന്‍
പണ്ഡിതന്‍
പണ്ഡിതന്‍
പണ്ഡിതന്‍

ബിന്ദു said...

ആദിയേ.. ഇതെന്നാ പറ്റി??:D

ഉമേഷ്::Umesh said...

KS (ഗോപാലകൃഷ്ണണ്ണന്‍ അല്ല, കൊട്ടാ. ശങ്കു.) ഉറക്കെ പറഞ്ഞുകൊണ്ടാണു് എഴുതിയിരുന്നതു്. ചിലപ്പോള്‍ പറഞ്ഞുകൊടുത്തെഴുതിക്കുകയും ചെയ്തിരുന്നു. അറിയില്ലേ ശനിയാ :-)

ആരു് ആദ്യം പറഞ്ഞെന്നു ചോദിച്ചാല്‍ മൂകാംബികയിലെ ത്രിമധുരം ശ്രീകോവിലില്‍ കയറി കട്ട മുട്ടസ്സുനമ്പൂതിരി ആണെന്നു തോന്നുന്നു. ഞാന്‍ കേട്ടതു കൊ. ശ. പറഞ്ഞാണേ...

(അപ്പോ ആ അപ്പാപ്പാറാവുവിന്റെ ആപ്പിളിന്റെയും പൈനാപ്പിളിന്റെയും ഫലിതം ആരു പറഞ്ഞതാണെന്നാ പറഞ്ഞതു്? അരവിന്ദന്‍ പറഞ്ഞെന്നു ബൂലോഗര്‍. ഉമേഷ് പറഞ്ഞ്ഞെന്നു യൂണിക്കോഡ് വായിക്കാനറിയാത്ത പോര്‍ട്ട്ലാന്‍ഡുകാര്‍. ആരാണാദ്യം പറഞ്ഞതെന്നു ദൈവത്തിനറിയാം...)

ആദിത്യോ, ഞാന്‍ പറഞ്ഞതു ശ്ലോകമൊന്നുമല്ല. ശ്ലോകവും ഫലിതവും തിരിച്ചറിയാത്ത ഈ പൊട്ടനെക്കൊണ്ടു തോറ്റു...

Adithyan said...

ഓഹോ അപ്പൊ അത് സംസ്‌കൃതം പോലുമല്ലെ? സംസ്‌കൃതത്തിലാണല്ലോ ചീത്ത വിളിച്ചേ എന്ന് സമാധാനിച്ചിരിക്കുവാരുന്നു. :(

അതു ബിന്ദൂട്ടിയേച്ചിയേ, ഏതായാലും ഗുരു തെറ്റു കണ്ടു പിടിയ്ക്കും, എന്നാ പിന്നെ അതിന്റെ മുന്നെ അങ്ങ് എഴുതിയേക്കമെന്നു വെച്ചതാ..

ഉമേഷ്::Umesh said...

സ്ഥിരം, പണ്ഡിതന്‍ എന്നിവ നൂറ്റെട്ടു തവണ വീതം എഴുതിയാല്‍ സ്ഥിരം പണ്ഡിതനാകുമെന്നു് ആരോ ആദിത്യനെ പറഞ്ഞു പറ്റിച്ചതാ ബിന്ദുവേ...

ഇനി എല്‍‌ജിയും എഴുത്തു തുടങ്ങും ... :-)

ബിന്ദു said...

എന്നാലും അതാരായാലും ആദിയെ ഇങ്ങനെ പറ്റിക്കേണ്ടായിരുന്നു ട്ടോ. :)

Unknown said...

കുറുമാ,
കലക്കി. കിലുക്കി കുത്തിന്റെ ‘കട കട‘ ശബ്ദം ചെവിയില്‍ മുഴങ്ങുന്നു!


പകല്‍, പച്ചക്ക്‌ വന്നപ്പോ ഇതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു. ഇപ്പോ നാലെണ്ണം ചെന്നപ്പോള്‍ ആസ്വാദനത്തിന്റെ നിലവാരം ഉയര്‍ന്നു.

നടപ്പന്തലിലേക്ക്‌ കയറിനിന്ന് അടഞ്ഞുകിടക്കുന്ന ശ്രീകോവിലിലേക്ക്‌ നോക്കി കൈ കൂപ്പി പ്രാര്‍ത്ഥിച്ചു. എന്റെ, ചേലൂക്കാവിലമ്മേ, കാത്തോളണേ.


കള്ളു കുടിച്ച് ആടി ആടി ഏകാഗ്രമായി പ്രാര്‍ത്ഥിക്കുന്ന നിഷ്കളങ്കന്‍ കുറുമനെ മനസ്സില്‍ കാണുന്നു!


അങ്ങനെ ഒരു താലപ്പൊലി കണ്ടു!നന്ദി കുറുമാ!

ദിവാസ്വപ്നം said...

"അപ്പോ അംബ്യമ്മേ, ഒരു അഞ്ഞൂറ്റൊന്ന് എഴുതട്ടെ?

അഞ്ഞൂറ്റൊന്നോ, ആയിരത്തിയൊന്നോ എത്രയാന്ന് വച്ചാല്‍ നിങ്ങളെഴുതിക്കോളൂ. ഭഗവതീടെ കാര്യത്തിനല്ലെ? പക്ഷെ ഞാന്‍ ഇരുന്നൂറ്റിയമ്പത്തൊന്നേ തരൂ. അമ്മ നിലപാടറിയിച്ചൂ"


ആ ഭാഗം എനിക്ക് പ്രത്യേകമായി ഇഷ്ടപ്പെട്ടു.

നന്നായി കുറുമാനേ.. ആസ്വദിച്ചു.

അഭയാര്‍ത്ഥി said...

വോള്‍ടാസിലെ ആപ്പീസറുദ്യോഗം രാജി വെച്ചൊഴിഞ്ഞു പോകുന്ന ബാലസുബ്രമണ്യം എന്തൈഡിയക്കാണ്‌ തുനിയുന്നതെന്ന്‌ ഞങ്ങള്‍ക്കാര്‍ക്കും പിടികിട്ടിയില്ല.

വളരെ രസ്കരമായ സ്വഭാവ വിശേഷങ്ങളുള്ള ഈ പട്ടരെ എനിക്കൊരുപാടിഷ്ടമായിരുന്നു. ഇതു ചീപ്പ്‌ ആയ അയ്യരല്ല സ്നേഹസ്മ്പന്നനായ പീശുക്ക്‌ തൊട്ടു തീണ്ടാത്ത അഡ്വെഞ്ചറസ്‌ പട്ടര്‍.

ഒരിക്കല്‍ ഫ്ലേറ്റില്‍ കുളികഴിഞ്ഞു സ്ഥിരം പരിപാടിയായ പഴയ രാജാവിന്റെ വസ്ത്രം ധരിച്ച്‌( രാജവു --- ആണെന്ന്‌ കുട്ടി പറഞ്ഞ) മുറിയില്‍ കണ്ണാടിയില്‍ നോക്കി പവ്ഡര്‍ അഭിഷേകം നടത്തുമ്പോള്‍ അതാ കണ്ണാടിയില്‍ തെളിയുന്നു രണ്ട്‌ കരിനീല കണ്ണുകള്‍ - അയല്‍പക്കത്തെ മധ്യവയസ്കയുടേത്‌. ഞാനിത്‌ സ്ഥിരമായി കാണാറുണ്ടെന്ന്‌ അവര്‍ ബാലയോടു കാച്ചി- പിന്നെ ഇതിന്റെ പിന്നിലെ മനശ്ശാസ്ത്രവും നടന്നതുമൊക്കെ വിസ്മ്രുതിയിലായിരിക്കുന്നു ഗന്ധര്‍വന്‌.

ആ ബാല രാജി വച്ചതെന്തിന്‌. രാജി വച്ച്‌ നാട്ടില്‍ പോയി.
കുറേ നാള്‍ കഴിഞ്ഞ്‌ നാട്ടില്‍ പോയ സുഹ്രുത്തുക്കള്‍ നൂറണിയില്‍ ഇയാളെ തേടിച്ചെന്നു. അന്ന്‌ അവിടെ ഉത്സവമായിരുന്നു. വീട്ടില്‍ ചെന്ന കൂട്ടുകാരോട്‌
"കാലയിലെ അമ്പലത്തുക്കു പോയിരുക്ക്‌ "എന്നു അച്ചന്‍ പട്ടര്‍.

അമ്പലപ്പറമ്പില്‍ ചെന്ന അവര്‍ ഇയാളെ തേടി അലഞ്ഞു തിരിഞ്ഞു. എവിടേയും കണ്ടെത്താനായില്ല. എഴുന്നള്ളിപ്പിന്റെ സമയം . അല്ലാ ആനപ്പുറത്തിതാര്‌ രണ്ടു കയ്യിലും വെഞ്ചാമരവും വീശി കട്ടപ്പല്ലും കാട്ടി വശ്യമായ ചിരിയോടെ സാക്ഷാല്‍ ബാല സുബ്രമണ്യം.

ഇപ്പോള്‍ ഇയാള്‍ ഏതോ കമ്പനിയുടെ വൈസ്‌ പ്രെസിഡന്റ്‌ ആണെന്ന്‌ കേള്‍ക്കുന്നു.

ഈ സംഭവം എന്നെ ഓര്‍മിപ്പിക്കുന്നു കുറുമാന്റെ കഥ വായിച്ചപ്പോള്‍.

ചേലൂക്കാവില്‍ അമ്പലത്തിലെ പൂരം.
അവിടാനമയിലൊട്ടകത്തിന്റെ കാലം.
കുറുമന്‍ ചേട്ടനുണ്ടെ
ആനയിടഞ്ഞാല്‍ പുറകിലേറാന്‍
വേതാള ഭൂപതിയുണ്ടേ..

മതി....

കണ്ണൂസ്‌ said...

ഗന്ധര്‍വര്‌ പറഞ്ഞപ്പോഴാ ഓര്‍മ്മ വന്നത്‌. എന്റെ അച്ഛന്റെ ബോസ്സ്‌ ആയി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു എക്സക്യുട്ടീവ്‌ എഞ്ചിനീയര്‍ ഉണ്ടായിരുന്നു. ശരിയായ ആന പ്രാന്തന്‍ ആയിരുന്നുവത്രേ കക്ഷി. മീറ്റിംഗുകള്‍ക്ക്‌ പോകുമ്പോള്‍ വരെ വഴിയില്‍ ആനയെ കണ്ടാല്‍ ജീപ്പ്‌ നിര്‍ത്തി, സുഖ വിവരം ഒക്കെ അന്വേഷിച്ച്‌, എന്തെങ്കിലും വാങ്ങിക്കൊടുത്തിട്ടേ പോവുകയുള്ളുവായിരുന്നത്രേ. സമയം ഉണ്ടെങ്കില്‍ ജീപ്പ്പ്‌ നിര്‍ത്തിച്ച്‌ ആള്‍ ആനയുടെ കൂടെ കുറെ നടക്കുകയും ചെയ്തിരുന്നു.

ഹാവിംഗ്‌ സെഡ്‌ ദാറ്റ്‌, (കട: വിശാലന്‍) എനിക്കും അത്ര കുറവല്ല ആനപ്രാന്ത്‌. ഒരു കാലത്ത്‌, പാലക്കാട്‌ , തൃശ്ശൂര്‍ ജില്ലകളിലുള്ള സകല ആനകളും പാപ്പാന്‍മാരും എന്റെ സുഹൃത്തുക്കളായിരുന്നു.

അതൊക്കെ നില്‍ക്കട്ടെ, കുറുമാനേ, കഥക്ക്‌ എന്തോ, എവിടെയോ ഒരു പുള്ളിംഗ്‌ കുറവ്‌ ഉണ്ട്‌. കുറുമാന്റെ കഥയായതോണ്ട്‌ പറഞ്ഞതാണേ.

WV : ooooe

അരവിന്ദ് :: aravind said...

ഏയ്..ഞാന്‍ പെരീടെ കമന്റ് വായിച്ചപ്പോ അവസാന വരി കുറൂജി ബിറ്റിട്ടതാണോ എന്നൊരു സംശം വന്നു.
അതാ പറഞ്ഞേ.
:-))

കുറുമാന്‍ said...

താലപ്പൊലിയില്‍ പങ്കെടുത്ത് കമന്റാര്‍ച്ചന നടത്തിയ എല്ലാ ഭക്തജനങ്ങളേയും ചേലുക്കാവ് ഭഗവതി അനുഗ്രഹിക്കട്ടെ.

ശ്രീജിത്തേ : നന്ദി.....പാവം കുള്ളന്‍ പൈസയും, കിടുക്കികുത്ത് ബോര്‍ഡും, പാട്ടയും എല്ലാം ഇട്ടെറിഞ്ഞോടിയതല്ലെ, ജീവിച്ചുപോട്ടേന്ന് വിജാരിച്ചിട്ടാ, വലിച്ച് എറിയാഞത്.

ഇടിവാളെ : നന്ദി

ദില്‍ബൂ : താങ്ക്സ്.......ഉത്തരം മേല്പറഞ്ഞത് തന്നെ

സൂ : നന്ദി. സൂ പറഞ്ഞതാണതിന്റെ ശരി, വല്ല കുള്ളിയോ, ചുള്ളിയോ ആയിരുന്നെങ്കില്‍ കുറുമാന്‍ പീഡനത്തിന്റെ പേരില്‍ ഐസ്ക്രീം കഴിച്ച് കിളിയൂരിരുന്ന് കണ്ടരര്, കണ്ടരര്, മോഹനീ, കണ്ടവരാര്‍ എന്നു ജപിച്ച് കാലം കഴിക്കേണ്ടി വന്നേനെ.

വിശാലോ : നന്ദി. ഓടുന്നതിന്റെ ഇടയില്‍ എന്തൂട്ടാണ്ടാ ശവീ നീ കഴിച്ചേന്ന് ചോദിക്കാമായിരുന്നു ജസ്റ്റ് കപ്പിനും ലിപ്പിനും ഇടയില്‍ (കട് : വിശാലനു തന്നെ) മിസ്സായി :)

LG :ഹായ് എനിക്കൊരു ആനകമ്പക്കാരി അനുജത്തീന്യേം കൂടി കിട്ടീലോ.....

ബിന്ദു : നന്ദി. ഹാവൂ ഒരാളെങ്കിലും മനസ്സിലാക്കിയല്ലോ എന്റെ നല്ല മനസ്സ്. ആശ്വാസം.. ദേവ്യേ.....നീ തന്നെ രക്ഷ

പെരിങ്ങോടാ : നന്ദി. പറയുന്നതല്ല എഴുതുമ്പോള്‍ വരുക, എഴുതുന്നതല്ല പറയുമ്പോള്‍ വരിക.....അതൊക്കെ അങ്ങനെ.....എഴുതിയപ്പോ വന്നതാ അവസാനം കുള്ളന്‍ തന്നെ ആനമയിലൊട്ടകക്കാരനായത്

അരവിന്ദോ : നന്ദി. നല്ല ഒന്നാന്തരം സിനിമാ ക്വാളിറ്റി തമാശ..അത്രക്കും വേണമായിരുന്നോ? :)

ആദിയേ : നന്ദി.......ഉം....മൈതാനം നിരക്കം ശ്രദ്ധിച്ചൂല്ലെ?

വഴിപ്പോക്കാ : നന്ദി

വക്കാരി : നന്ദി & സന്തോഷം

സങ്കുവേ : നന്ദി, നമസ്കാരം, സന്തോഷം

ലുട്ടാപ്പി : നന്ദി.....

പ്രാപ്രാ : നന്ദി... ശരിയാ, പെട്രോമാക്സിന്റെ വെളിച്ചത്തിലാ ഇത്തരം പരിപാടികള്‍ കൂടുതലും, മാത്രമല്ല, ചിലപ്പോള്‍ പോലീസു വരുമ്പോള്‍ എല്ലാം ഇട്ടെറിഞ്ഞിവര്‍ ഓടുകയും ചെയ്യും.

സഞ്ചാരി : നന്ദി

ഉമേഷ്ജീ : നന്ദി. എന്നെ വയസ്സാന്നുവിളിച്ചോടോ വയസ്സാ?

ശനിയോ : നന്ദി

സപ്തവര്‍ണ്ണങ്ങളേ : നന്ദി....സന്തോഷം, സാഫല്യം

ദിവാസ്വപ്നമേ : ശുക്രിയാ.....ആപകാ അഗലാ പോസ്റ്റ് കബ് ഡാലേഗാ

ഗന്ദര്‍വ്വരേ : നന്ദി.....ബാലസുബ്രമണ്യ പട്ടരെന്നു പറഞ്ഞപ്പോള്‍ പെട്ടെന്നോര്‍മ്മ വന്നത് ബാലുവിനേയാ.

കണ്ണൂസ് : അതൊക്കെ നില്‍ക്കട്ടെ, കുറുമാനേ, കഥക്ക്‌ എന്തോ, എവിടെയോ ഒരു പുള്ളിംഗ്‌ കുറവ്‌ ഉണ്ട്‌. കുറുമാന്റെ കഥയായതോണ്ട്‌ പറഞ്ഞതാണേ - ഒരുപാടൊരുപാട് നന്ദി. സത്യസന്ദമായ വിമര്‍ശനങ്ങള്‍ എഴുത്തിന്ന് വയാഗ്രയുടെ കരുത്ത് നല്‍കും.....

അപ്പോ വണ്ടി വിടട്ടെ.....ആരും കേറാന്‍ ഇല്ലാല്ലോ?

Visala Manaskan said...

കുറു മേന്നേ..

'കപ്പിനും ലിപ്പിനും' പ്രയോഗം സാക്ഷാല്‍ ശ്രീ. ശ്രീ. ശ്രീ. വക്കാരിയുടെ യാകുന്നു.

ദുബായില്‍ നിന്നും ജെബല്‍ അലിക്ക് പോന്ന ആ ക:ട് ഞാന്‍ നേരെ ജപ്പാനിലേക്ക് തിരിച്ചുവിടുന്നു.

myexperimentsandme said...

യ്യോ.. കപ്പിലിപ്പ് എന്റെ തന്നെ? ങാ.. കിടക്കട്ട് :)

കുറുമാന്‍ said...

അയ്യോ വക്കാരീ മ്യാപ്പ്.....ഇതാണ് ബ്ലോഗില്‍ എത്താന്‍ വൈകിയതിന്റെ ഒരു സൈഡ് അഫക്റ്റ്. വിശാലന്റെ ഒരു കഥയില്‍ അമ്മൂമ്മയുടെ സെഞ്ചുറി കപ്പിനും ലിപ്പിനുമിടക്ക് വച്ച് മിസ്സായത് വായിച്ചപ്പോള്‍ ഞാന്‍ കരുതി..........

വിശാലോ, എന്തായാലും ആ നന്ദി ജാപ്പാനിലേക്കയച്ചതിനൊരു നന്ദി

വക്കാരിക്ക് രണ്ട് നന്ദി, ഒരു പ്ലേറ്റ് സൂഷി, പിന്നെ ചുട്ട കൊള്ളിയും,ചക്കക്കുരുവും ഓരോ പ്ലേറ്റ് വീതം.......നടക്കട്ടെ രാത്രി ഒരു വെടിക്കെട്ട്

Kalesh Kumar said...

കുറുദേവാ, ഞാനീ കഥ ദാ ഇപ്പഴാ വായിച്ചത്!
കുള്ളനെയും കൊണ്ട് ആ ഓട്ടം ബാറിലേക്കായിരുന്നോ?

myexperimentsandme said...

കുന്നത്തെ ഷഡ്ഡിക്കഥയാണെങ്കില്‍ കഃട് വിശാലനു തന്നെ. ഞാനന്നേരം ബ്ലോഗുലോകത്തെ ബാലപ്പാക്കരന്‍ മാത്രം. പിച്ചവെച്ച് പിച്ചവെച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

പക്ഷേ വിശാലന്‍ എനിക്ക് കനിഞ്ഞ് കുനിഞ്ഞ് തന്നതുകാരണം ഇനി വിശാലന്‍ ചോദിച്ചാല്‍ പോലും ഞാന്‍ രണ്ടാലോചിക്കും. എന്നിട്ടൊന്നുകൂടി ആല് ലോജിക്കും. എന്നിട്ടങ്ങ് കൊടുക്കും.

എന്തായാലും വന്നതല്ലേ. വാക്കത്തിപ്രയോഗം-പൊട്ടിത്തെറി: ഞാന്‍ ചന്തയില്‍ അരിവാങ്ങാന്‍ പോയപ്പോള്‍ എന്നെ ഒരു പൊട്ടി തെറിപറഞ്ഞു. ഞാനല്ലേ മോന്‍. കേട്ടോണ്ടിങ്ങു പോന്നു.

(കുറുമയ്യാ, ഓഫിനു മാഫ്)

കുറുമാന്‍ said...

ഇനി ഞാനായിട്ടും ഒരോഫടിക്കാം..

വാക്ക്യത്തില്‍ പ്രയോഗിക്കുക

പ്രതികരണം : ജയില്‍ കാണാന്‍ വന്ന (പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍) മന്ത്രിയെ, കൊലക്കേസിലെ പ്രതി,കരണം നോക്കി അടിച്ചു

Anonymous said...

kurma,

than oru star material aanedo..
naattil pokandenne ulsavam kandu..

പട്ടേരി l Patteri said...

താലപ്പൊലിയില്‍ പങ്കെടുത്ത് കമന്റാര്‍ച്ചന നടത്തിയ എല്ലാ ഭക്തജനങ്ങളേയും ചേലുക്കാവ് ഭഗവതി അനുഗ്രഹിക്കട്ടെ.
"Ithum enikku ishattappettu...katha pole thanne..... :)
Cheers

Kumar Neelakandan © (Kumar NM) said...

വളരെ രസകരമായിട്ടുണ്ട് കുറുമാനേ, ഈ താലപ്പൊലി.
ഉത്സവപ്പറമ്പിലെത്താന്‍ താമസിച്ചതില്‍ ക്ഷമാപണം. (ചെക്കോ ഡ്രാഫ്റ്റോ അല്ല )

സൂര്യോദയം said...

ഇത്തിരി നീണ്ട സംഭവമായതിനാല്‍ അല്‍സ്പം ഓവര്‍സ്പ്പീഡില്‍ ആണ്‌ വായിച്ചത്‌... ചില പ്രയോഗങ്ങല്‍ ഒറിജിനല്‍... അവസാനം ചിരിച്ചൂ കുറുജീ...

Ajith Krishnanunni said...

ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്ന രണ്ട്‌ കമ്പങ്ങളിലൊന്ന്, തീറ്റ കമ്പവും, മറ്റൊന്ന് ചിക്കന്‍ കമ്പവുമാണ്‌ കുറുമേട്ടാ..

: )

മുസാഫിര്‍ said...

കുറുമാന്‍ ജി,

ഓഫീസില്‍ ഇരുന്ന് കുറുമാന്‍ ജിയുടെയും വിശാല്‍ജിയുടെയും കഥകള്‍ വായിക്കരുതെന്നു സ്വയം തീരുമാനിച്ചിരുന്നതു കൊണ്ടാണു ഈ കുറിപ്പ് എഴുതാന്‍ വൈകിയത്.അതു കൊണ്ടെന്താ ഹരി കൃഷ്ണന്‍സു പോലെ ക്ലൈമാക്സ് സംവാദവും വായിക്കാന്‍ പറ്റി.ഇനി നാട്ടില്‍ പോകുമ്പോള്‍ ചേലുക്കാവ് പോയി നോക്കാം , അവിടെ പുല്ലു മുളച്ചോ എന്നറിയാന്‍.
“പകല്‍, പച്ചക്ക്‌ വന്നപ്പോ ഇതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു. ഇപ്പോ നാലെണ്ണം ചെന്നപ്പോള്‍ ആസ്വാദനത്തിന്റെ നിലവാരം ഉയര്‍ന്നു. “

ഇനിക്ക് ഇതു ക്ഷ പിടിച്ചു.

മനൂ‍ .:|:. Manoo said...

“പകല്‍, പച്ചക്ക്‌ വന്നപ്പോ ഇതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു. ഇപ്പോ നാലെണ്ണം ചെന്നപ്പോള്‍ ആസ്വാദനത്തിന്റെ നിലവാരം ഉയര്‍ന്നു. “

എല്ലാവര്‍ക്കും ഇങ്ങനൊക്കെത്തന്നെ ല്ലേ??? ;)

...........

രസകരമായിട്ടുണ്ടു കുറുമാനേ... അമ്മയുടെ നിലപാടറിയിയ്ക്കല്‍ തകര്‍ത്തു :)

മുല്ലപ്പൂ said...

സ്ഥിരം ശൈലിയില്‍ നിന്നു അല്പം വിത്യസമുണ്ടു..
സംഭാഷണങ്ങള്‍ ... നന്നായി ട്ടുണ്ടൂ‍..
ചിരിക്കു മാത്രം ഒരു കുറവുമില്ല..

ഒരു ഉത്സവം കൂടിയ പ്രതീതി...

Satheesh said...

കുറുമാനേ, കഥ നന്നായിട്ടുണ്ട്!
ഞാന്‍ കഴിഞ്ഞാഴ്ച അപ്പന്‍ മാഷുടെ ഒരു ലേഖനം വായിച്ചതിന്റെ ഊക്കില്‍ നാലു നിരൂപണ വിമര്‍ശനങ്ങള്‍(!) കാച്ചട്ടെ..
ചില വാചകങ്ങളില്‍ ‘കോമ’കളുടെ അതിപ്രസരമാണ്. അന്തമില്ലാതെ അങ്ങനെ കിടക്കുന്നൂ ചില വാചകങ്ങള്‍..വായിച്ച് അവസാനമാവുമ്പോഴെക്ക് തുടങ്ങിയതെവിടെയാണെന്ന് മറന്നുപോകുന്നു (ഇനി ഇത് എന്റെ കുഴപ്പമാണോ എന്തോ!)

നിരൂ‍പണം മതി.. അതു വിവരമുള്ളവര്‍ക്ക് വിടാം..
പണ്ട് നാട്ടില്‍ ഉത്സവത്തിന് ആന വിരണ്ടപ്പോള്‍, നാട്ടിലെ ഒരു മാന്യദേഹം ഏകദേശം ഇതുപോലെ ഓടി. ഇരുട്ടത്ത് ചുറ്റമ്പലത്തിന്റെ മതില്‍ ഹൈജമ്പ് ചാടി ഓടാന്‍ നോക്കുമ്പോള്‍ ദേ വീണ്ടും മതില്‍! ഇതാരപ്പാ ചുറ്റമ്പലത്തിനു രണ്ടു മതില്‍ കെട്ടിയതെന്നോര്‍ത്ത് അതും ചാടി! പാവം രണ്ടാമത് ചാടിയത് കല്യാണേച്ചിയുടെ പറമ്പിലെ കിണറിന്റെ ആള്‍മറയായിരുന്നു!

രാജീവ് സാക്ഷി | Rajeev Sakshi said...

ഒരു ഉത്സവപ്പറമ്പ് ഇതിലും നന്നായി എങ്ങനെ വരച്ചുകാട്ടും. എല്ലാം ജീവനുള്ള ഒരു ക്യാന്‍വാസിലെന്ന വണ്ണം കാണുന്നു. അതിലെ ഓരോ ദൃശ്യങ്ങളും ജീവിക്കുന്നുണ്ട് നമ്മോട് സംസാരിക്കുന്നുണ്ട്.

നന്ദി, ഓര്‍മ്മകളുടെ കാര്‍മേഘങ്ങള്‍ ബൂലോഗത്തില്‍ പെയ്തൊഴിച്ചതിന്. ഈ മഴയില്‍ നനഞ്ഞ് എത്ര നേരം വേണമെങ്കിലും നിന്നുകൊള്ളാം.

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.അതിനെ എടുത്തൊരേറു കൊടുക്കാൻ മേലായിരുന്നോ????!?!!?