തിരിഞ്ഞും മറിഞ്ഞും, കിടന്നിട്ടും അവള്‍ക്ക് ഉറക്കം വരുന്നില്ലായിരുന്നു. അല്പം തുറന്ന് കിടക്കുന്ന കര്‍ട്ടന്നിടയിലൂടേ വഴിവിളക്കിന്റെ വെളിച്ചം മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. സമയം രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു. ഇടക്കിടെ വഴിനിരത്തിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ കേള്‍ക്കാം. അവള്‍ എഴുന്നേറ്റു. മേശമേല്‍ വച്ചിരുന്ന ജഗ്ഗില്‍ നിന്നും വെള്ളം ഗ്ലാസിലേക്ക് പകര്‍ന്നു കുടിച്ചു. മോള്‍ ഉറങ്ങുകയാണ്. ഉറക്കത്തില്‍ പോലും പുഞ്ചിരിച്ചുകൊണ്ടുറങ്ങുന്ന ശീലമാണവളുടേത്. വെട്ടിയിട്ട കുറുനിരകള്‍ മോളുടെ കണ്ണിനുമുകളിലേക്ക് വീണു കിടന്നിരുന്നത് അവള്‍ മാടിയൊതുക്കി. കുനിഞ്ഞുകൊണ്ട് അവളുടെ ചെറിയ നുണകുഴി വിരിഞ്ഞ കവിളിണയില്‍ അവള്‍ ഉമ്മ വച്ചു. കമ്പിളി പുതപ്പെടുത്ത് അവളെ നന്നായി പുതപ്പിച്ചു.
ഈയിടേയായി ഇങ്ങനേയാണ് ഉറക്കം. എത്ര ശ്രമിച്ചാലും ഉറങ്ങാന്‍ സാധിക്കുന്നില്ല. പുലര്‍ച്ചയുടെ വൈകിയ യാമത്തില്‍ അല്പം നേരം ഉറങ്ങിയാലായി. അതും രണ്ടോ, മൂന്നോ മണിക്കൂര്‍ നേരത്തേക്ക് മാത്രം. ഇന്നലേയും കണ്ടപ്പോള്‍ അവന്‍ പറഞ്ഞു, മൃദുലാ, നിന്റെ കണ്‍ തടങ്ങളില്‍ കറുപ്പടയാളം വീഴാന്‍ തുടങ്ങി. നിന്റെ കണ്ണുകള്‍ക്ക് പഴയ ആ കാന്തികശക്തി നഷ്ടമായികൊണ്ടിരിക്കുന്നു.
ശരിയാണ്. കണ്ണുകളുടെ കാന്തികശക്തി മാത്രമല്ല, ആത്മധൈര്യം പോലും നഷ്ടപെടാന്‍ തുടങ്ങിയിരിക്കുന്നു.
ശബ്ദമുണ്ടാക്കാതെ, പൂച്ചയുടെതു പോലെ പതിഞ്ഞ കാല്പാതങ്ങളോടെ, ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്ന് അവള്‍ പുറത്തിറങ്ങി.
ആകാശത്ത് നക്ഷത്രങ്ങള്‍ വാരിവിതറിയിക്കുന്നു. പൈന്മരങ്ങളുടെ നിഴലുകള്‍ റോഡില്‍ വീണു കിടന്നിരുന്നതിന് കുട്ടികാലത്ത് കേട്ടിരുന്ന കഥകളിലെ അസുരന്മാരുടേതുമായി രൂപസാദൃശ്യം.
ബാല്‍ക്കണിയിലെ ഗ്രില്ലില്‍ പിടിച്ചുകൊണ്ട് ദൂരേക്ക് കണ്ണും നട്ട് അവള്‍ വെറുതെ നിന്നു. തണുത്ത കാറ്റടിക്കുമ്പോള്‍ അവളുടെ തലമുടിയിഴകള്‍ കാറ്റില്‍ ഉലഞ്ഞു.
ഠേ.......(തേങ്ങയുടച്ചതല്ല) കരണം പുകച്ചുകൊണ്ട് ഒരടി കിട്ടിയത് മാത്രം എനിക്കോര്‍മ്മയുണ്ട്. ഒപ്പം ഒരു ചോദ്യവും.
ഡാ, പരീക്ഷയടുക്കാറായി, രാവിലെ അഞ്ച് മണിക്ക് അലാറം വച്ച് പഠിക്കുവാനായി നിന്നെ എഴുന്നേല്പിച്ചിട്ട് ഇതാണോ നിന്റെ പഠിത്തം?
നിന്നെയൊക്കെ സ്കൂളിലയച്ച എന്നെ വേണം തല്ലാന്‍!
ച്ലിം, ച്ലിം. ച്ലിം.
ചുമരില്‍ ട്യൂബ് ലൈറ്റിന്റെ പട്ടികക്കിടയില്‍ ഇരയെ കുരുക്കാന്‍ നാവും നീട്ടി ആക്രാന്തം മൂത്തിരുന്ന പല്ലികള്‍ ഒരുമിച്ച് ചിലച്ചു.
സത്യം.
പുസ്തകത്തിന്നിടയില്‍ നിന്നും “മ” വാരിക വലിച്ചെടുത്ത് അച്ഛന്‍ അകത്തേക്ക് പോയി.
കണ്ണില്‍ നിന്നും പൊന്നീച്ച വരിവരിയായി പറന്നുപോയതിനു തൊട്ടു പുറകിലായി നക്ഷത്രങ്ങള്‍ ചിമ്മാന്‍ തുടങ്ങി.
ശബ്ദമുണ്ടാക്കാതെ, പൂച്ചയുടെതു പോലെ പതിഞ്ഞ കാല്പാതങ്ങളോടെ അച്ഛന്‍ മുറിതുറന്ന് വന്നത് ഞാനറിഞ്ഞില്ലായിരുന്നു. അതെന്റെ തലവിധി. പുകഞ്ഞ് തിണര്‍ത്ത കവിളില്‍ കൈപടത്താല്‍ അമര്‍ത്തി തിരുമ്മി. ആഴത്തില്‍ പതിഞ്ഞ വിരല്പാടുകള്‍ ഇത്രപെട്ടെന്ന് എവിടെ പോകാന്‍?
ഋതുക്കള്‍ ഒന്നും മാറിയില്ലെങ്കിലും, ദിവസങ്ങള്‍ അധിവേഗം ബഹുദൂരം എന്ന വിധത്തില്‍ ഓടിപോയതിനാല്‍ ഹാള്‍ടിക്കറ്റ് കിട്ടി അധികം കഴിയുന്നതിനു മുന്‍പ് പത്താം ക്ലാസ്സ് പരീക്ഷയും വന്നു.
ഓരോ പരീക്ഷ കഴിഞ്ഞ് വരുമ്പോഴും അച്ഛന്‍ ചോദിച്ചു. ഇന്നത്തെ പരീക്ഷ എങ്ങനെയുണ്ടായിരുന്നു?
എളുപ്പമായിരുന്നു.
ചോദ്യങ്ങള്‍ എളുപ്പമുള്ളതായിരുന്നിരിക്കും എന്നെനിക്കറിയാം, പക്ഷെ ഞാന്‍ ചോദിച്ചത് നീ എഴുതിയ ഉത്തരങ്ങളെകുറിച്ചാ?
ചില സമയങ്ങളില്‍ മൌനമാണ് നല്ലതെന്ന് ഇന്നത്തെ പോലെ അന്ന് തിരിച്ചറിഞ്ഞിട്ടില്ലാതിരുന്നതിനാല്‍ ഞാന്‍ പറഞ്ഞു, ഉത്തരവും എളുപ്പമുള്ളതായിരുന്നു.
ആര്‍ക്ക്?
അശ്വമേദത്തിലെ ചോദ്യങ്ങള്‍ പോലെ ഒന്നില്‍ നിന്നും മറ്റൊന്നായി അച്ഛന്‍ ചോദ്യങ്ങളുടെ ബാണങ്ങള്‍ എയ്തുകൊണ്ടേയിരിക്കും എന്നറിയാമെന്നതിനാല്‍ ഒന്നും മിണ്ടാതെ ഞാന്‍ അടുക്കളയിലേക്ക് നടന്നു. വിശപ്പാദ്യം അടക്കട്ടെ, പിന്നെയാകാം വിദ്യാഭ്യാസം.
പരീക്ഷ കഴിഞ്ഞു, അവധിക്കാലം വന്നു.
അര്‍മാദത്തിന്റെ ദിനങ്ങള്‍.
അവധിക്കാലമെന്നാല്‍ മാമ്പഴക്കാലം. മാവായ മാവിലെല്ലാം കല്ലെറിഞ്ഞ് ആണ്‍കുട്ടികള്‍ കൈക്കരുത്ത് നേടിയപ്പോള്‍, കൊത്തംകല്ല് കളിച്ചും, പരദൂഷണം പറഞ്ഞും, പെണ്‍കുട്ടികള്‍ അവധിക്കാലം തള്ളിനീക്കി.
റിസല്‍റ്റ് വന്നു. സ്കൂളില്‍ വരുന്നതിനു തൊട്ട് തലേന്ന് തന്നെ നമ്പൂതിരീസ് ട്യൂട്ടോറിയല്‍ കോളേജില്‍ റിസല്‍റ്റ് വരും. അന്നു തന്നെ തോറ്റവര്‍ക്ക് അടുത്ത പരീക്ഷ എഴുതാവാനുള്ള കോച്ചിങ്ങ് കാസ്സുകള്‍ക്കായുള്ള സീറ്റു ബുക്കിങ്ങും തുടങ്ങും.
പരീക്ഷയില്‍ തോറ്റാല്‍ ഞാന്‍ തിരിച്ചു വരാതെ നാട് വിട്ടും പോകും എന്ന് ടാറ്റാ സ്റ്റീല്‍ പോലെ ഉറപ്പുണ്ടായിരുന്ന അച്ഛന്‍ വൈകുന്നേരം നമ്പൂതിരീസില്‍ റിസല്‍റ്റ് വന്നു എന്ന് കേട്ടറിഞ്ഞതും, സൈക്കിളില്‍ കയറി നമ്പൂതിരീസ് ട്യൂട്ടോറിയല്‍ ലക്ഷ്യമാക്കി ചവിട്ടി പോയി. അവന്റെ മേല്‍ ഒരു കണ്ണ് വച്ചോ, അല്ലെങ്കില്‍ അവന്‍ ബാഗെടുത്ത് സ്ഥലം വിടും എന്ന് അമ്മയോടും മധ്യ കുറുമാനോടും പോണ പോക്കില്‍ പറയാനും അച്ഛന്‍ മറന്നില്ല.
ജയിക്കില്ല എന്നുറപ്പുണ്ടായിരുന്നതിനാല്‍ കൈകൊണ്ടടിക്കുമോ, കാലുകൊണ്ട് ചവിട്ടുമോ, അതോ കൈക്കോട്ടും തായ കൊണ്ട് തൊഴിക്കുമോ, ചട്ടുകം ചൂടാക്കി തുടയിലോ ചന്തിയിലോ വച്ച് പൊള്ളിക്കുമോ തുടങ്ങി ഏതു തരം ശിക്ഷാ രീതികളാവും അച്ഛന്‍ പ്രയോഗിക്കുക എന്നറിയാതെ അച്ഛന്‍ വരുന്നത് വരെ ചിന്തിച്ച് ചിന്തിച്ച് ചിന്താവിഷ്ടനായ കുറുമാനായി ഞാന്‍ ഇരുന്നു, നടന്നു പിന്നെ കിടന്നു.
ഞാന്‍ ഇതാ വരുന്നുണ്ടെടാ നിന്റെ കഥ കഴിക്കാന്‍ എന്നറിയിക്കാനായി സൈക്കിളിന്റെ ബെല്‍ തുടരെ തുടരെ അടിച്ചിട്ടായിരുന്നു അച്ചന്റെ വരവ്.
അച്ഛന്റെ മുഖം ദ്വേഷ്യത്താല്‍ ചുമന്നിരിക്കുന്നു.
അതു കണ്ട പൊതുവെ തുടുത്ത എന്റെ മുഖം ഒന്നു കൂടെ തുടുത്ത് ചുമന്നു. പരീക്ഷാ കാലത്ത് കൊച്ചുവെളുപ്പാന്‍ കാലത്ത് പൈങ്കിളി വായിച്ചത് കണ്ടുപിടിച്ചപ്പോള്‍ കവിളില്‍ കിട്ടിയതാണ് അവസാനമായിട്ട്. പിന്നെ വളരെ ലോങ്ങ് ഗ്യാപ്പുണ്ടായിരുന്നത് നികത്താന്‍ പോകുന്നതിന്റെ മുന്നോടിയായാണ് അച്ഛന്റെ വരവെന്ന് തിരിച്ചറിഞ്ഞ ഞാന്‍ എന്റെ രണ്ട് കവിളിലും മാറി മാറി വെറുതെ തഴുകി. പാവം കവിളുകള്‍ ഇനിയെത്ര കിട്ടാന്‍ കിടക്കുന്നു.
സൈക്കിള്‍, മുറ്റത്ത് സ്റ്റാന്‍ഡിലിട്ട് അച്ഛന്‍ വേലിക്കരികിലേക്ക് നടന്നു. നല്ലൊരു ചെമ്പരത്തികൊമ്പ് ഒടിച്ച് ഇലയും മറ്റും കളഞ്ഞ് വൃത്തിയാക്കി.
മുണ്ടെങ്കില്‍ മുണ്ട്, തുടക്കും വടിക്കും ഇടയില്‍ ഒരു ചെറിയ തടയായിട്ടെങ്കിലും കിടക്കട്ടെ എന്ന് കരുതി മടക്കികുത്തിയിരുന്ന മുണ്ടിന്റെ കുത്ത് ഞാന്‍ അഴിച്ച് നിവര്‍ത്തിയിട്ടു.
ഇങ്ങോട്ടെറങ്ങടാ, മുറ്റത്ത് നിന്നുകൊണ്ട് അച്ഛന്‍ അലറി.
അറക്കാന്‍ കൊണ്ട് പോകുന്ന ആട്ടിന്‍ കുട്ടിയെ നോക്കുന്നതുപോലെ അമ്മ എന്നെ ഒന്നു നോക്കി. മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ മുറ്റത്തേക്കിറങ്ങി.
കണ്ണടച്ച് ഞാന്‍ തലകുനിച്ച് അച്ഛന്റെ മുന്‍പില്‍ നിന്നു. ഒന്ന് വീണു നല്ല കനത്തില്‍ തന്നെ തുടയില്‍.
അല്പം കഴിഞ്ഞിട്ടും അടുത്തത് വീഴുന്നത് കാണാത്തതെന്തേ എന്ന മനപ്രയാസ്സത്താല്‍ ഞാന്‍ കണ്ണു തുറന്നപ്പോള്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അച്ഛനെ കണ്ട് പകച്ചു.
അച്ഛനെന്താ വട്ടായാ? ഞാന്‍ മനസ്സില്‍ കരുതി.
ഡാ നീ ജയിച്ചടാ, 532 മാര്‍ക്കുമുണ്ട്. നിന്നെയൊന്ന് പേടിപ്പിക്കുവാനായല്ലെ ഞാന്‍ ഒന്ന് പൊട്ടിച്ചത്.
അതു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയത് കണ്ട് അമ്മയും, മധ്യകുറുമാനും ഞെട്ടി. കാരണം എട്ടുദിക്കും നടുങ്ങുമാറുള്ള ഒരൊന്നൊന്നര ഞെട്ടലായിരുന്നു അത്.
സൈക്കിളിന്റെ ബോക്സില്‍ നിന്ന് ലഡ്ഡുപൊതിയെടുത്ത് അച്ഛന്‍ നല്‍കിയപ്പോള്‍ മാത്രമാണ് ഞാന്‍ ജയിച്ചു എന്നത് സത്യമാണെന്ന് എനിക്ക് വിശ്വാസമായത്.
വാല്‍കഷ്ണം
532 മാര്‍ക്കെന്നു വായിച്ച് ഞെട്ടിയവര്‍ക്ക്.
1987ലായിരുന്നു ഞാന്‍ പത്ത് പാസ്സായത്. ആ ഒരേ ഒരു കൊല്ലം മാത്രം മൊത്തം മാര്‍ക്ക് 1200ലായിരുന്നു. തന്നേയുമല്ല, ഒരു വാരിക ഉള്ളില്‍ വക്കാന്‍ മാത്രം വലുപ്പമുള്ള പുസ്തകങ്ങളും അതേ വലുപ്പമുള്ള സര്‍ട്ടിഫിക്കറ്റും ഉള്ള ഒരേ ഒരു കൊല്ലവും 1987 ആയിരുന്നു.
Wednesday, September 19, 2007
Subscribe to:
Posts (Atom)
