Monday, July 31, 2006

പാതാള കാഴ്ചകള്‍

രംഗം ഒന്ന്

പൂയ്, പൂയ്, ടോ, നില്‍ക്കടോ മാവേലീ അവിടെ. ഭീമസേനന്‍ വലിയവായില്‍ കൂകി വിളിച്ചു.

ഗതകാല സ്മരണകളില്‍ ലയിച്ച്, പരിസരം മറന്ന് കാലുകള്‍ വലിച്ച് വച്ച് ഓടുകയുമല്ല, നടക്കുകയുമല്ലാത്ത രീതിയില്‍ പോയിരുന്ന മാവേലിയുടെ കാലുകള്‍ ഭീമസേനന്റെ ഇടിവെട്ടുപോലുള്ള ശബ്ദം കേട്ടപ്പോള്‍ പൊടുന്നനെ നിന്നുപോയി.

മാവേലി തിരിഞ്ഞ് നോക്കി.

ഭീമസേനന്‍ നിലക്കടല കൊടിച്ചുകൊണ്ടതാ നടന്നു വരുന്നു.

എന്താ മാവേലീ തന്നെ ഈയിടേയായി ജിമ്മിലേക്കൊന്നും കാണുന്നില്ലല്ലോ?

എന്തു പറയ്യാനാ ഭീമാ, ഓണം അടുത്തില്ലെ? മാളോരെ കാണാന്‍ പാതാളം വഴി, ഭൂമിയില്‍ പോകണം. ഇങ്ങനെ മെലിഞ്ഞുണങ്ങിയിരുന്നാല്‍ ജനങ്ങള്‍ക്ക് എന്നെ കണ്ടാല്‍ തിരിച്ചറിയില്ല എന്നുമാത്രമല്ല, മാവേലിയാണെന്നു ഞാന്‍ പറഞ്ഞാല്‍ ആള്‍മാറാട്ടത്തിന്ന് കേസെടുത്തൂള്ളിലിട്ട് എന്റെ പരിപ്പിളക്കും. മാത്രമല്ല, പഴയതിലും ഉഷാറിലല്ലേ, ഈയിടേയായി കസ്റ്റഡി മരണം നടക്കുന്നത്. ആയതിനാല്‍, കേരളത്തില്‍ പോകുന്നതിന്നുമുന്‍പ് വയറുവീര്‍പ്പിക്കാനുള്ള തത്രപാടിലാണ്. വെറും വയറല്ല, നല്ല എണ്ണം പറഞ്ഞ കുടവയര്‍‍.

അല്ല മാവേലി, താനെന്താ പെണ്ണാണോ ടപ്പ്ന്നങ്ങനെ വയറു വീര്‍പ്പിക്കാന്‍?. അതിനൊക്കെ കുറേ മാസങ്ങള്‍ വേണ്ടേ?

വിദ്യാഭ്യാസമില്ലെങ്കിലും, വിവരം വേണംന്ന് പറയണത് വെറുതേയല്ല ഭീമാ. എനിക്ക് നിന്റെ പോലെ ആനയുടെ ശരീരമൊന്നും വേണ്ട. തലകുനിച്ച് നോക്ക്യാ, താഴെ സ്വന്തം ശരീരഭാഗങ്ങള്‍ കാണരുത്. അത്ര തന്നെ.

എന്നാലും, അത്രക്കും വയറെങ്ങിനെ വീര്‍പ്പിക്കും താന്‍?

ആ വഴിക്കാ ഞാന്‍ പോകുന്നത്. ദിവസം ഉച്ചക്കൊരു മൂന്ന്, കൂടിയാല്‍ നാല് പൈന്റ് ബീയര്‍. രാത്രിയില്‍ അത് നാലോ അഞ്ചോ ആകും പിന്നെ കഴിക്കാന്‍ ഉരുളകിഴങ്ങ് പുഴുങ്ങിയത്, ചക്കക്കുരു ചുട്ടത്, കെ എഫ് സി, അങ്ങനെ വായുകോപമുളവാക്കുന്നതും, വയറ് സ്തംഭിപ്പിക്കുന്നതായ ഭക്ഷണങ്ങള്‍ മാത്രം. പിടികിട്ട്യോ ഭീമാ തനിക്ക്?

ഒവ്വൊവ്വേ, പിടികിട്ടി.

ഭീമനും, മാവേലിയും വര്‍ത്തമാനം പറഞ്ഞുകൊണ്ടങ്ങനെ നടക്കുന്നതിന്നിടയില്‍ മാവേലിയുടെ പാദാരവിന്ദത്തില്‍ പൊടുന്നനെ ഒരസ്ത്രം വന്നു തറച്ചു നിന്നു.

അയ്യോ, മാവേലിയും, ഭീമനും ഒരൊറ്റ ചാട്ടം.

ഭീമനും, മാവേലിയും അമ്പരന്നുകൊണ്ട് തല തിരിച്ചന്യോന്യം നോക്കി. പിന്നെ തല കിഴക്കോട്ടും, പടിഞ്ഞാട്ടും, വടക്കോട്ടും തിരിച്ചു നോക്കി...ഇല്ല ആരേയും കാണാനില്ല. ഇതാരുടെ പണിയാവോ, പണ്ടാരം, മാവേലി പറഞ്ഞു.

പേടിക്കേണ്ടടോ, തെക്കുഭാഗത്തുനിന്നും വന്ന ശബ്ദം കേട്ട് രണ്ടു പേരും തിരിഞ്ഞു നോക്കി.

ദാ, ജീന്‍സും, ടീ ഷര്‍ട്ടുമിട്ട് ഇടം കയ്യില്‍ വില്ലും, വലം കയ്യിലമ്പുമായി, ദ്രോണാചാര്യര്‍ വരുന്നു. നീണ്ട താടി വളര്‍ന്നു പൊക്കിളോളമെത്തിയിരിക്കുന്നു. തല മൊട്ടയടിച്ചിരിക്കുകയാണ്. ഇടത്തേ കാതിലിട്ടിരിക്കുന്ന ഒരൊറ്റ കടുക്കന്‍, സൂര്യപ്രകാശത്തില്‍ വെട്ടി തിളങ്ങുന്നുണ്ട്.

ടോ തന്നോടിതെത്രം പ്രാവശ്യം പറഞ്ഞിരിക്കുന്നു, ഇങ്ങിനെ പഴയ കളികളൊന്നും കളിക്കരുതെന്ന്. ആ ഏകലവ്യനെ കണ്ട് പഠിക്ക്, അമ്പും വില്ലുമൊക്കെ പണ്ടേ തൂക്കി വിറ്റ്, പുതിയ ഒരു എ കെ 47 വാങ്ങി. ഇപ്പോ അതിലിട്ടാ കമ്പ്ലീറ്റ് അഭ്യാസം. ഉന്നം അണുകിട പോലും തെറ്റാതെ, സ്വന്തം റിസ്കിന്മേല്‍ ആരേലും ഒരാപ്പിള് തലയില്‍ വച്ച് നിന്നാല്‍, ഒരൊറ്റ വെടി, ആപ്പിള്‍ പീസ് പീസായി അപ്പുറത്ത് വച്ച പ്ലെയിറ്റില്‍ അടുക്കിവച്ച പോലെ വീഴും. ടച്ചിങ്ങിന്നു ബെസ്റ്റ്, മാവേലി തന്റെ അനുഭവം സാക്ഷ്യപെടുത്തി.

ങ്ഹാ, അവന്ന് പണ്ടേ പണ്ടാരമടങ്ങിയ ഉന്നമാ, അതല്ലെ ഞാന്‍ അവന്റെ പെരു വിരല്‍ മുറിച്ച് വാങ്ങിയത്. ദ്രോണാചാര്യര്‍ മൊഴിഞ്ഞു.

അവര്‍ മൂവരും വര്‍ത്തമാനം പറഞ്ഞു നടക്കുന്നതിന്നിടയില്‍ ഒരു ഈര്‍ക്കിലി കോര്‍മ്പയില്‍ ഫ്രെഷായി പിടിച്ച മീനും, ചൂണ്ടയുമായി അര്‍ജുനന്‍ എതിരേ നടന്നുവരുന്നത് കണ്ടു ഭീമന്‍ ചോദിച്ചു.

ഡാ അര്‍ജുനാ, ഇന്നെന്താ സ്പെഷ്യല്‍?

കുറച്ച് ബ്രാലും, കരിപ്പിടിയും കിട്ടിയിട്ടുണ്ട്. ബ്രാല് നല്ല കൊടമ്പുളിയിട്ട് കറിവെക്കാം, കരിപ്പിടി വറക്കാം.

ഉം ദ്രൌപതിയോട് പറയ്യ്, നല്ലോണം എരിവിട്ട് വക്കാന്‍, ഞാന്‍ സന്ധ്യാവുമ്പോഴേക്കും അങ്ങോട്ട് വരാം.

ഓ പള്ളീല്‍ പോയി പറഞാല്‍ മതി. ദ്രൌപതി അടുക്കളേ കേറീട്ട് മൂന്ന് നാളായി. അവള്‍ക്ക് കേറാന്‍ പാടില്ല്യ, തീണ്ടാരിയാ. അതിന്ന് ചേട്ടനെങ്ങിനെ അറിയാനാ, ഈയിടേയായി വീട്ടിലേക്ക് വരുന്നത് തന്നെ ആണ്ടിന്നും സംക്രാന്തിക്കുമല്ലെ? പൊറുതി മുഴുവന്‍ ആ രാക്ഷസ്സീടെ കൂടെ അല്ലെ. അര്‍ജുനന്‍ മുഖം കയറ്റിപിടിച്ചു.

പോട്ടഡാ കുഞ്ഞാ, ചേട്ടന്‍ വേഗം എത്താം എന്നും പറഞ്ഞ്, പോക്കറ്റീന്ന് ഒരു കഞ്ചാവുബീഡിയെടുത്ത് ഭീമന്‍ അര്‍ജുനന് നല്‍കി.

സന്തോഷത്താല്‍ അര്‍ജുനന്റെ മുഖം തിളങ്ങി. എന്നാ ശരി ചേട്ടാ, വൈകുന്നേരം കാണാംന്ന് പറഞ്ഞു അര്‍ജുനന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും ഭീമന്‍ വിളിച്ചു പറഞ്ഞു.

ദാ പിന്നേ, ഞാനാ ബീഡി തന്നേന്ന് യുധീഷ്ടരേട്ടന്‍ അറിയണ്ടാട്ടോ, പിന്നെ ഓരോ പുക, നകൂന്നും, സഹൂന്നും കൊടുത്തോ. നല്ല നീല ചടയനാ.

രംഗം രണ്ട്.

മാവേലിയും, ഭീമസേനനും, ദ്രോണാചാര്യരും പാതാളത്തിലെ ബാറിലരുന്ന് ബീയറടിക്കുന്നു.
സ്റ്റേജില്‍ സില്‍ക്കു സ്മിതയും, സൌന്ദര്യയും, ഖജരാരേ, ഖജരാരെ, തൂം ആരേ ആരേ നൈനാ എന്ന പാട്ടിന്നൊത്ത് ചുവടുവെച്ച് നൃത്തം ചെയ്യുന്നു.

മാവേല്യേ, താന്‍ യോഗം ചെയ്തവനാണടോ, തനിക്ക് വര്‍ഷത്തില്‍ പതിനൊന്നു മാസമെങ്കിലും, പാതാളത്തിലിരിക്കാന്‍ അവസരം കിട്ടുന്നുണ്ടല്ലോ? എന്താ രസം? ഞങ്ങളുടെ കാര്യം അതുപോലേയാണോ? ദ്രോണരും, ഭീമനും ഒരേ ശബ്ദത്തില്‍ മൊഴിഞ്ഞു.

എന്നും ആ രംഭേം, മേനകേം, തിലോത്തമേം, ശരീരം ഏതാണ്ട് മുഴുവന്‍ മറക്കണ വസ്ത്രം ധരിച്ച് ഡാന്‍സ് ചെയ്യണ കണ്ടാല്‍ തന്നെ കുടിച്ചുകൊണ്ടിരിക്കുന്ന സുര ഗ്ലാസ്സെടുത്ത്, മോന്തേമ്മെ എറിയാന്‍ തോന്നും. അശ്രീകരങ്ങള്. ഒന്നിന്നും ഒരു ആത്മാര്‍ത്ഥതയുമില്ല ചെയ്യുന്ന തൊഴിലിന്നോട്!

പാതാളത്തിലേക്കാണെങ്കില്‍ ദേവലോക വാസികള്‍ക്ക് ഒരു വിസ കിട്ടാന്‍ എന്താ പാട്. അഥവാ കിട്ടിയാല്‍ തന്നെ, മേക്സിമം ഒരു മാസത്തെ സിങ്കിള്‍ എന്റ്ട്രി വിസയും. വി ഐ പിയായ, വാമനനും, ഇന്ദ്രനും, പെര്‍മനന്റ് വിസയാ‍യ കാരണം തോന്നുമ്പോള്‍ പൊകുകയും, വരികയും ചെയ്യാം. ന്ഹാ, കലികാലം, കലികാലം. ഭീമന്‍ ഉവാച!

രംഗം മൂന്ന്

ബാറില്‍ നിന്നിറങ്ങി വേച്ച് വേച്ച് നടന്നു വരുന്ന മാവേലിയും, ദ്രോണരും, ഭീമസേനനും........
മൂന്നും കൂടിയ കവലയിലെ കലുങ്കിലിരുന്ന് കഞ്ചാവു ബീഡു പുകച്ച് നാട്ടുവര്‍ത്തമാനം പറയാന്‍ തുടങ്ങിയതും, ഒരു പുലി അലറിപാഞ്ഞു വരുന്നു. പുറത്ത് മണികണ്ഠനുമിരിപ്പുണ്ട്.

കലുങ്കിന്നരുകില്‍, ബ്രേക്കിട്ട് പുലിപ്പുറത്തിരുന്നുകൊണ്ട് തന്നെ മണികണ്ഠന്‍ ചോദിച്ചു, എന്താ സ്വാമിമാരെ നേരം പോയ നേരത്ത് വീട്ടില്‍ പോകാതെ ഇവിടിരുന്ന് കഞ്ചനടിക്കണേ?

വീട്ടില്‍ പോയിട്ടെന്തു ചെയ്യനാ സ്വാമീ? മനസ്സമാധാനം കിട്ടാന്‍ ബെസ്റ്റിതു തന്നെ.

തന്നെ, തന്നെ.

അല്ലാ, സ്വാമിയെന്താ ഈ വഴി. ദ്രോണര്‍ ചോദിച്ചൂ.

ഒന്നും പറയേണ്ട ആചാര്യോ. കഴിഞ്ഞ മാസം, ആ ജയമാലേം, കൂട്ടരും കൂടി എന്നെ തൊട്ടൂ പിടിച്ചൂന്നും പറഞ്ഞ് ആകെ പൊല്ലാപ്പാക്കി. ഒക്കെ പ്രി പ്ലാന്‍ഡാ. ഞാന്‍ ഒന്നും അറിഞ്ഞില്ല, കേട്ടില്ലാന്നും നടിച്ച്, ഇരുന്ന ഇരിപ്പില്‍ നിന്നനങ്ങിയില്ല.

ഇതെല്ലാം കേട്ടി, മുട്യേം കെട്ടിവച്ച്, മാളികപ്പുറത്തിന്നവള് വന്നൂ. എന്തായിരുന്നു ആ വരവ്? കണ്ണില്‍ നിന്നും തീപ്പൊരി പാറുകയായിരുന്നു. വെട്ടുകൊള്ളാഞ്ഞത് ഭാഗ്യം. ഒരു വിധം ഞാന്‍ അവളെ പറഞ്ഞ് മനസ്സിലാക്കി. അങ്ങനെ പ്രശ്നമൊക്കെ ഒന്നൊതുങ്ങിയതായിരുന്നു.

ഇപ്പോള്‍ കണ്ടില്ലെ, നേരാം വണ്ണം തന്ത്രം അറിയാവുന്ന മുന്‍ തലമുറക്കാരായ തന്ത്രിമാരുടെ രീതി പിന്തുടരാതെ, കണ്ടില്ലേ, ആ അണ്ടരര് അടകോടരര് എന്താ ചെയ്തു കൂട്ട്യേന്ന്.

ബ്രഹ്മചാരിയായ ഞാന്‍ എന്റെ കണ്ട്രോള്‍ വിട്ടുപോകുന്നതിന്നും മുന്‍പ്, എന്റെ പുല്യേം കൂടി ഇങ്ങോട്ട് പോന്നു. ഇനി രണ്ടിലൊന്നറിയാതെ ഞാന്‍ അങ്ങോട്ടില്ല.

മണികണ്ഠന്‍ പുലിപുറത്ത് നിന്നിറങ്ങി അവരുടെ കൂടേ കലുങ്കേല്‍ ഇരുന്നു. ദ്രോണര്‍ ഒരു നിറബീഡി മണികണ്ഠനും നല്‍കി.


രംഗം നാല്

നട്ടപാതിര നേരത്ത് കിടപ്പുമുറിയാകെ പ്രകാശപൂരിതമാക്കികൊണ്ട് എന്റെ മോണിറ്റര്‍ ഓണായി. കുറുമിയും, കുറുമികുട്ടികളും അഗാധമായ നിദ്രയിലായതുകാരണം, തലവഴി കമ്പിളി മൂടാതെ തന്നെ സധൈര്യം മേല്‍ എഴുതിയ മൂന്നു രംഗങ്ങളും എഴുതുകയായിരുന്നു.

ഏ സിയുടെ ഗര്‍ ശബ്ദത്തിന്നിടയിലും, ടക്, ടക്, ടക് എന്ന കീ ബോര്‍ഡില്‍ വിരല്‍ പതിയുന്ന ശബ്ദം മുറിയില്‍ മുഴങ്ങി കൊണ്ടിരുന്നു.

പൊടുന്നനെ എ സിയുടേയും, കീബോര്‍ഡില്‍ റ്റൈപ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തേയും, നിര്‍വീര്യമാക്കികൊണ്ട്, കുട്ടികുറുമി ഉറക്കമുണര്‍ന്ന് വലിയവായില്‍ നിലവിളി തുടങ്ങി.

ഗാഢനിദ്രയ്ക്കു ഭംഗം വന്നതില്‍ അസ്വസ്ഥയായി, കുട്ടികുറുമിക്കുള്ള പാലെടുക്കാന്‍, കുറുമി എഴുന്നേറ്റപ്പോള്‍ കണ്ടത്, സ്വയം മറന്ന് ഞാന്‍ കീബോഡില്‍ കൊട്ടികൊണ്ടിരിക്കുന്നതാണ്.

ശേഷം ചിന്ത്യം.

Wednesday, July 26, 2006

ചേലൂക്കാവ്‌ താലപ്പൊലി

ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്ന രണ്ട്‌ കമ്പങ്ങളിലൊന്ന്, തീറ്റ കമ്പവും, മറ്റൊന്ന് ആന കമ്പവുമാണ്‌

ആനയും ചെണ്ടയും എവിടെ ഉണ്ടൊ, അടുത്തുപുറത്തെന്നല്ല, ഒരു പത്തുപതിഞ്ച്‌ കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ അമ്പലത്തിലും ഞാന്‍ പോയിരിക്കും. അതിപ്പോ, ഉത്സവമായാലും ശരി, താലപ്പൊലിയായാലും ശരി, വേലയായാലും ശരി, വിളക്കായാലും ശരി, എന്തിന്‌ അമ്പ്‌ പെരുന്നാളും, ചന്ദനക്കുടമായാലും ശരി.

അതൊക്കെ പഴയ കഥ. ആന കഥ പറയാന്‍ ഒരുപാടുണ്ട്‌, ഇവിടെ ഞാന്‍ അതൊന്നും പറയുന്നില്ല, പക്ഷെ, ഒരു ചെറിയ അനുഭവം നിങ്ങളോടൊത്ത്‌ പങ്കുവയ്ക്കാം.

എണ്‍പത്തിയൊമ്പതുമുതല്‍ നാട്‌ വിട്ട്‌ ദില്ലിയിലായിരുന്ന കാരണം, നാട്ടില്‍ നടക്കുന്ന ഉത്സവങ്ങളൊക്കെ നഷ്ടപെട്ടു. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ ഒരുത്സവം കിട്ടിയാലായി. അങ്ങനെ ആനകളുമായും, ഉത്സവപറമ്പുകളുമായുള്ള എന്റെ ദൃഡ ബന്ധം മുറിഞ്ഞു നാശകോശമായി.

ദില്ലിയിലുള്ള ഏഴ്‌ വര്‍ഷത്തിന്റെ ജീവിതത്തിന്റെ ഇടയിലും, അതിന്നിടെ പുറത്ത്‌ രാജസ്ഥാനിലും, ഉത്തര്‍പ്രദേശിലും മറ്റും ഒരുപാട്‌ തവണ പോയപ്പോഴും ആനകളെ കാണുമ്പോഴുന്നൊം പഴയ ആനകമ്പം എനിക്ക്‌ ഒരിക്കല്‍ പോലും പുറത്ത്‌ വന്നില്ല.

കാരണം, കണ്ട ആനകളെല്ലാം, നാട്ടിലെ ആനകളെ പോലെ, രണ്ടോ, മൂന്നോ പാപ്പാന്മാര്‍ ചേര്‍ന്ന്, കാരക്കോലും, കുന്തവും, കൂച്ചുവിലങ്ങും മറ്റും കൊണ്ട്‌ നടക്കുന്നപോലെയുള്ള തലയെടുപ്പുള്ള, ചീവി നീട്ടിയ കൂര്‍ത്ത കൊമ്പുള്ള, കറുത്തഴകുള്ള, തുമ്പികൈമേലും, ചെവിയേല്‍ തോട്ടിയിട്ട്‌ പിടിച്ചുണ്ടായ ചെറിയ കുറച്ച്‌ ഓട്ടകളുമുള്ള ,തവിട്ടു/പിങ്ക്‌ നിറത്തിലുള്ള ചെറിയ കുത്തുകള്‍ നിറന്‍ഞ്ഞ ആനകളായിരുന്നില്ല.

മറിച്ച്‌, ചെളി വാരിയെറിഞ്ഞ്‌, ശരീരം മുഴുവന്‍ ചാരനിറത്തിലായ, വെട്ടി മുറിച്ച്‌, വെള്ളികെട്ടിയ കൊമ്പുള്ള, പുറത്ത്‌ വച്ചു കെട്ടിയ കട്ടിലില്‍ ഇരുന്ന് പാപ്പാന്‍ പോകാനുള്ള സ്ഥലപേരു പറയുമ്പോള്‍, റൂട്ടറിയുന്ന ഡ്രവറെപോലെ, പറഞ്ഞ സ്ഥലത്തേക്ക്‌ പതുക്കെ നടന്ന്, ട്രാഫിക്‌ സിഗ്നലിലെ ചുവന്ന സിഗ്നല്‍ കിട്ടുമ്പോള്‍ നില്‍ക്കുകയും, പച്ച കിട്ടുമ്പോള്‍ നടക്കുകയും ചെയ്യുന്ന ആനയാകളേയോ, അല്ലെങ്കില്‍, പശുവിന്റെ കഴുത്തില്‍ കെട്ടുന്നതുപോലെ കയറുകെട്ടി, ആ കയറേല്‍ പിടിച്ച്‌ പാപ്പാന്‍ നടക്കുമ്പോള്‍ അനുസരണയോടെ നടക്കുന്ന ആനകളേയോ ആണ്‌ ഞാന്‍ കണ്ടിട്ടുള്ളത്‌.

അങ്ങനെ ദില്ലിജീവിതം ഉപേക്ഷിച്ച്‌, യൂറോപ്പ്‌ പര്യടനവും കഴിഞ്ഞ്‌, ഗതി കിട്ടാ പ്രേതം പോലെ തിരികെ നാട്ടില്‍ വന്ന് കാലാട്ടലും, ചെണ്ടപ്പുറത്ത്‌ കോലുവയ്ക്കുന്ന അമ്പലങ്ങളായ അമ്പലങ്ങളില്‍ മുഴുവന്‍ പോയി ആനകള്‍ക്കു മുന്‍പിലും, മേളക്കാര്‍ക്ക്‌ പിന്‍പിലുമായി നിന്ന് താളത്തിനൊത്ത്‌ കയ്യാട്ടലുമായി, അല്ലലില്ലാതെ പോയിരുന്ന ദിനങ്ങള്‍.

ആരാണാവോ, ഈ നട്ടുച്ചക്ക്‌? പിരിവുകാരായിരിക്കും. കോളിങ്ങ്‌ ബെല്ലടിക്കുന്നത്‌ കേട്ട്‌ ഹാളിലേക്ക്‌ നടക്കുമ്പോള്‍ ആത്മഗതമായി പറഞ്ഞതും ചുമരേല്‍ റ്റ്യൂബ്‌ ലൈറ്റിന്റെ പട്ടികക്കിടയില്‍ പ്രാണിയെ കാത്തിരുന്ന് ബോറഡിച്ച പല്ലി വെറുതെ ചിലച്ചു, ച്ലിം ച്ലിം.

വാതില്‍ തുറന്നതും, സത്യം, പിരിവുകാര്‍ തന്നെ. ചേലൂക്കാവമ്പലത്തിലെ വെളിച്ചപ്പാടും, അമ്പല കമ്മിറ്റിക്കാരുമാണ്‌.

എല്ലാവരുമുണ്ടല്ലോ വെളിച്ചപ്പാടേ? ഉത്സവപിരിവായിരിക്കും ല്ലെ? എന്തായാലും കയറി ഇരിക്ക്യാ. പുറത്ത്‌ ചൂടല്ലെ, ഞാന്‍ അമ്മയെ വിളിക്കാം.

വെളിച്ചപാടടക്കം നാലുപേരും വീട്ടിലേക്ക്‌ കയറി ഇരുന്നു.

അമ്മേ, ഞാന്‍ അടുക്കളദിശയിലേക്ക്‌ നോക്കി നീട്ടി വിളിച്ചു.

സാരിതലപ്പില്‍ കൈതുടച്ച്‌ കൊണ്ട്‌ അമ്മ വന്നു. രാവിലെ കാവില്‍ പോയപ്പോള്‍ തൊട്ട മഞ്ഞള്‍ക്കുറി ഉച്ചയായിട്ടും മായാതെ അമ്മയുടെ നെറ്റിയിലുണ്ടായിരുന്നു.

ഇക്കുറി താലപ്പൊലി ഗംഭീരമാക്കുണൂന്ന് കേട്ടല്ലോ വെളിച്ചപ്പാടെ?

അതേ അംബ്യമ്മേ, ഇത്തവണ ഗംഭീരമാക്കണമ്ന്നാ ആഗ്രഹം. നാട്ടുകാരും കൂടെ സഹായിക്കണം ഗംഭീരമാക്കണമെങ്കില്‍.

ഞാന്‍ കുറച്ച്‌ സംഭാരം എടുക്കാമ്ന്ന് പറഞ്ഞ്‌ അമ്മ അടുക്കളയിലേക്ക്‌ പോയി.

അല്ലാ വെളിച്ചപ്പാടെ, ഗംഭീരമ്ന്ന് പറഞ്ഞാല്‍ ഇക്കുറി ആന അഞ്ചെണ്ണം തന്ന്യാവില്ലല്ലോ?

അല്ലടോ, ഏഴാനയാ ഇക്കുറി. കണ്ടമ്പുള്ളി ബാലനാരായണന്‍, ചേങ്ങോത്ത്‌ പത്മനാഭന്‍ തുടങ്ങി എണ്ണം പറഞ്ഞ ആനകളേയാ ഇത്തവണ ഏല്‍പ്പിച്ചിരിക്കുന്നത്‌.

അത്‌ നന്നായി വെളിച്ചപ്പാടെ. അനകളുടെ എണ്ണം എത്രയും കൂട്യാലും എനിക്ക്‌ സന്തോഷാ.

അതിപ്പോ താന്‍ പറയണോടോ. വള്ളി ട്രൗസറിട്ട്‌ നടക്കുമ്പോ തൊട്ട്‌ ഉത്സവക്കാലമായാല്‍ ആനേടെ പിന്നാലെ താന്‍ നടക്കണത്‌ ഞാന്‍ എത്ര കണ്ടിട്ടുള്ളതാ!

അമ്മ സംഭാരവുമായി വന്നു. എല്ലാവരും കുടിച്ച്‌ ഗ്ലാസ്‌ തിരികെ ഏല്‍പ്പിച്ചു.

അപ്പോ അംബ്യമ്മേ, ഒരു അഞ്ഞൂറ്റൊന്ന് എഴുതട്ടെ?

അഞ്ഞൂറ്റൊന്നോ, ആയിരത്തിയൊന്നോ എത്രയാന്ന് വച്ചാല്‍ നിങ്ങളെഴുതിക്കോളൂ. ഭഗവതീടെ കാര്യത്തിനല്ലെ? പക്ഷെ ഞാന്‍ ഇരുന്നൂറ്റിയമ്പത്തൊന്നേ തരൂ. അമ്മ നിലപാടറിയിച്ചൂ.

അമ്മ വഴിപാടായ്‌ നല്ലൊരു സംഖ്യ മാസാമാസം അമ്പലങ്ങളില്‍ കൊടുക്കുന്നുണ്ടെന്നറിയാവുന്നതിനാലും, ഇനിയിപ്പോ എത്രയധികം നേരം സംസാരിച്ചാലും, കൂടുതലായൊന്നും കിട്ടാന്‍ വഴിയില്ലാന്നുള്ള തിരിച്ചറിവുള്ളതിനാലും, രശീതി എഴുതി വെളിച്ചപ്പാട്‌ അമ്മയുടെ കൈയ്യില്‍ നല്‍കി.

അകത്ത്‌ പോയി കാശുമെടുത്ത്‌ അമ്മ വെളിച്ചപ്പാടിനു നല്‍കി. പിരിവുകാര്‍ അടുത്ത വീട്ടിലേക്ക്‌ നടന്നു നീങ്ങി.

പതിനഞ്ചു ദിവസം കടന്നുപോയതറിഞ്ഞില്ല. ചേലൂര്‍ക്കാവിലെ താലപ്പൊലിയായി. തെങ്ങിന്‍ തോപ്പിന്റെ നടുവിലായാണ്‌ ചേലൂക്കാവ്‌ അമ്പലം. ദേവിയാണ്‌ പ്രതിഷ്ട. തെങ്ങിന്‍ തോപ്പിന്റെ ഇടയിലായതുകാരണം, ഏതു വഴിയിലൂടേയും അമ്പല കോമ്പൗണ്ടിലേക്ക്‌ കയറാം. ഒരു വശത്ത്‌ പാടമാണ്‌.

കൂട്ടുകാരുമൊത്ത്‌ പോയി രാവിലത്തെ ശീവേലി കണ്ടു. മേളം കേട്ടു. ആനകളുടെ അരികത്ത്‌ പോയി, കഴുത്തില്‍ കെട്ടിയിട്ടുള്ള തകിടില്‍ നിന്നും പേരുവിവരം വായിച്ചെടുത്തും, ആനച്ചന്തം ആസ്വദിച്ചും നിര്‍വൃതി കൊണ്ടു. തിരിച്ച്‌ വീട്ടില്‍ പോകാമ്ന്നേരം പഴുത്തുചീഞ്ഞുണങ്ങിയ, ഈച്ചകള്‍ കൂമ്പാരമായി വന്നിരിക്കുന്ന ഈന്തപഴം ഒരരക്കിലോ വാങ്ങി. പിന്നെ ഒരു പായ്ക്കറ്റ്‌ പൊരിയും, ഉഴുന്നാടയും.


വീടെത്തി പിരിയാന്‍ നേരം കൂട്ടുകാരോട്‌ പറഞ്ഞു, അപ്പോ രാത്രി ഒമ്പത്‌ മണിക്ക്‌ തന്നെ പോവോട്ടോ.

ഊണുകഴിഞ്ഞ്‌ വിശാലമായി കിടന്നുറങ്ങി. ഉത്സവം പ്രമാണിച്ച്‌ നാലുമണിക്ക്‌ കോളേജ്‌ വിടുന്ന സമയത്ത്‌ മൈതാനം നിരങ്ങാന്‍ പോകേണ്ടാ എന്നു തീരുമാനിച്ചിരുന്നതിനാല്‍ ആറരക്കാണ്‌ ഉറക്കം മതിയാക്കി എഴുന്നേറ്റത്‌.

കുളിയും ഭക്ഷണവും കഴിച്ച്‌ എട്ടരയ്ക്ക്‌ തന്നെ തയ്യാറായി.

അമ്മേ ഒരു നൂറുരൂപ വേണം.

ദേ ചെക്കാ എന്റെ കയ്യീന്ന് വെറുതെ വീക്ക്‌ വാങ്ങണ്ടാ.

താലപ്പൊലി കമ്മറ്റിക്കാര്‍ ചോദിച്ചപ്പോഴേക്കും ഇരുന്നൂറ്റമ്പത്തൊന്ന് എണ്ണ്‍ ഇകൊടുത്തൂലോ? ഇതിപ്പോ മോന്‍ ചോദിച്ചപ്പോ ഇല്ല്യാന്ന്. ഇതെന്തു ന്യായം? ഇതെന്തു നീതി? പറയൂ പറയൂ നാട്ടാരെ? ഞാന്‍ ഏകനായി നിന്ന് മുദ്രാവാക്യം വിളിച്ചു.

അതമ്പലത്തിലെ ഉത്സവത്തിനല്ലെ ഞാന്‍ കാശ്‌ കൊടുത്തത്‌. നീയിപ്പോ കാശ്‌ ചോദിക്കണത്‌, ബ്രാണ്ടി വാങ്ങികുടിക്കാനും. തരില്ല ഞാന്‍.

എത്ര കാശുണ്ടായിരുന്ന പോക്കറ്റാ ദില്ലിയില്‍ ജോലി ചെയ്തിരുന്നപ്പോ, ഇതിപ്പോ വെറും കാലി. പോക്കറ്റില്‍ തൊട്ട്‌ ഞാന്‍ ദുഖമഭിനയിച്ചു.

അതാ പറയുന്നത്‌, സമ്പത്ത്‌ കാലത്ത്‌ കാ പത്ത്‌ വച്ചാല്‍ ആപത്ത്‌ കാലത്ത്‌ കാ പത്ത്‌ തിന്നാന്ന് പഴയവര്‍ പറയണത്‌. അന്ന് ദില്ലീല്‌ ജോലി ചെയ്തിട്ട്‌ ഇന്നാ അമ്മേ ഇത്‌ അമ്മക്ക്ന്ന് പറഞ്ഞിട്ട്‌ ഒരു നൂറുരൂപപോലും നീ എനിക്ക്‌ തന്നിട്ടില്ലല്ലോ?

അതമ്മേ, ഞാന്‍......അത്‌ പിന്നെ....

ഉരുളണ്ട മോനെ പൊടിയാവും. ന്നാ ഇത്‌ വച്ചോന്ന് പറഞ്ഞ്‌ ഉള്ളം കൈയ്യില്‍ ഞാന്‍ പോകുമ്പോ തരാന്‍ വേണ്ടി വച്ചിരുന്ന നൂറു രൂപ അമ്മ എനിക്ക്‌ തന്നു.

അഞ്ചു മിനിട്ടു കഴിയുന്നതിന്നുമുന്‍പേ, റോട്ടില്‍ വിസിലടികേട്ടു. കൂട്ടുകാരെത്തിയെന്നറിയിച്ചുകൊണ്ടുള്ള സിഗ്നലാണ്‌.

ഗയിറ്റടച്ച്‌ പുറത്തിറങ്ങി. പുറത്ത്‌, ഷിബുവും, പ്രമോദും, വിനോദും കാത്ത്‌ നില്‍പ്പുണ്ടായിരുന്നു.

കാലുകള്‍ വലിച്ച്‌ വെച്ച്‌ നേരെ വിട്ടു സെവന്‍സീസ്‌ ബാറിലേക്ക്‌. ബെയറര്‍ വന്നപ്പോള്‍, ഒരു ഫുള്ള്‌ ബാഗ്പൈാപ്പറും സോഡയും പറഞ്ഞു.

കഴിക്കാനെന്താ വേണ്ടെ? കഴിക്കാന്‍ അച്ചാറ്‌ ഒരു വലിയ പ്ലെയിറ്റില്‍ കൊണ്ടു വന്നോളൂ.

കുപ്പി വന്നു, സോഡ വന്നു, അച്ചാറു വന്നു, ബില്ലു വന്നു, അവസാനത്തെ കഷ്ണം അച്ചാറും എടുത്ത്‌ വായിലിട്ട്‌ ഞാന്‍ എന്റെ ഷെയര്‍ നല്‍കി, മറ്റുള്ളവര്‍ അവരുടേയും. ബാക്കി വന്ന പൈസ പോക്കറ്റില്‍ തിരുകി ഒരു ഓട്ടോയില്‍ കയറി ചേലൂക്കാവിലേക്ക്‌ നീങ്ങി.

മെയിന്‍ റോഡില്‍ ഓട്ടോയിറങ്ങി, പൊടിമണ്ണിലൂടെ, ജനതിരക്കിന്നിടയിലൂടെ, വള, മാല, പൊരി, ഈന്തപ്പഴം, അലുവാ കച്ചവടക്കാരുടെ താല്‍ക്കാലിക കടകള്‍ക്കുമുന്‍പിലൂടെ നടന്നു അമ്പലപറമ്പിലേക്ക്‌.

കുഴിച്ചിട്ട മുളകളില്‍ വച്ചുകെട്ടിയ റ്റ്യൂബ്‌ ലൈറ്റുകള്‍ പ്രകാശം പരത്തുന്നു. മുളകളില്‍ നിന്നും മുളകളിലേക്ക്‌ കെട്ടിയിരിക്കുന്ന കയറിന്മേല്‍,കുരുത്തോല തോരണങ്ങള്‍.

അമ്പലമുറ്റത്ത്‌ അടക്കാമരത്തൂണുകളില്‍ ഉയര്‍ത്തിയ നടപന്തലില്‍ നിറയെ തോരണങ്ങളും, മാലബള്‍ബുകളും. കാണാന്‍ നല്ല ചന്തം.

പകല്‍, പച്ചക്ക്‌ വന്നപ്പോ ഇതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു. ഇപ്പോ നാലെണ്ണം ചെന്നപ്പോള്‍ ആസ്വാദനത്തിന്റെ നിലവാരം ഉയര്‍ന്നു.

നടപ്പന്തലിലേക്ക്‌ കയറിനിന്ന് അടഞ്ഞുകിടക്കുന്ന ശ്രീകോവിലിലേക്ക്‌ നോക്കി കൈ കൂപ്പി പ്രാര്‍ത്ഥിച്ചു. എന്റെ, ചേലൂക്കാവിലമ്മേ, കാത്തോളണേ.

അമ്പലപറമ്പ്‌ മൊത്തം അരിച്ചു പെറുക്കാന്‍ തുടങ്ങി. ഭഗവാന്മാരുടേം, ഭഗവതിമാരുടേം കലണ്ടറുകളായിരുന്നു പണ്ട്‌ കുട്ടിക്കാലത്ത്‌ അമ്പലപ്പറമ്പില്‍ വില്‍ക്കാന്‍ വയ്ക്കുന്നത്‌ കണ്ടിരിക്കുന്നതും, വാങ്ങിച്ചിരുന്നതും. ഇന്നിപ്പോള്‍, ഷാറൂക്ക്‌ ഖാനും, സുസ്മിതാ സെന്നും, മോഹന്‍ലാലും, മമ്മൂട്ടിയും, ഷക്കീലയുടേയും മറ്റും കലണ്ടറുകളാണ്‌ നിലത്ത്‌ വിരിച്ച്‌ വച്ച്‌ വില്‍ക്കുന്നത്‌. അതിനാണത്രേ ഡിമാന്റ്‌.

ബലൂണ്‍കാരുടേയും, മറ്റും ഇടയിലൂടെ പാടം തുടങ്ങുന്ന സ്ഥലത്ത്‌ ഒരു ചെറിയ ആള്‍ക്കുട്ടം നിലത്ത്‌ കുനിഞ്ഞ്‌ ഇരിക്കുകയും, നില്‍ക്കുകയും ചെയ്യുന്നത്‌ കണ്ട്‌ ഞങ്ങള്‍ അങ്ങോട്ട്‌ ചെന്നു.

ആനമയിലോട്ടകം കളിക്കാരനാണ്‌. കയ്യിലുള്ള പാട്ടയില്‍ ഇട്ടിരിക്കുന്ന മൂന്ന് കട്ടകളും (ഡെയ്സ്‌) കുലുക്കി, കുലുക്കി കട കട ശബ്ദമുണ്ടാക്കി അയാള്‍ വിളിച്ചു പറയുന്നുണ്ട്‌. ഒന്നു വച്ചാല്‍ മൂന്ന്. ആര്‍ക്കും വെക്കാം ഏതിലും വെക്കാം. കട കട കടാാാ.

ചിലര്‍ക്കൊക്കെ പൈസ കിട്ടുന്നുണ്ട്‌, പലര്‍ക്ക്‌ പോകുന്നുമുണ്ട്‌.

എന്റെ കണ്ട്രോള്‍ കൈവിട്ടുപോയി, വച്ചു ഒരു പത്ത്‌ മയിലില്‍. കട കട കടാ.. പാട്ട അയാള്‍ ഷീറ്റിലേക്ക്‌ കമഴ്ത്തി. ദാ ആനക്കടിച്ചിരിക്കുന്നു. ആന കാലി, അപ്പോ കമ്പനിക്ക്‌.

വീണ്ടും പത്ത്‌ രുപാ വച്ചു, ആനയില്‍....അടിച്ചതൊട്ടകത്തിന്ന്.

പിന്നേം പോക്കറ്റില്‍ കയ്യിട്ട്‌ പത്ത്‌ രൂപയെടുത്ത്‌ വച്ചു മയിലില്‍. കട കട കടാ ഡിം. ദാ വീണ്ടും ഒട്ടകത്തിന്നടിച്ചിരിക്കുന്നു. ഒട്ടകം കാലി, അപ്പോ കമ്പനിക്ക്‌.

വാശിമൂത്ത ഞാന്‍ വീണ്ടും പോക്കറ്റില്‍ കൈയിട്ടു, പോക്കറ്റ്‌ മുഴുവന്‍ പരതി നോക്കി. കാശില്ല. എവിടുന്നുണ്ടാവാന്‍? മുപ്പത്‌ രൂപയുണ്ടായിരുന്നത്‌ ആനേം, ഒട്ടകോം എത്ര പെട്ടെന്നാ തിന്നുതീര്‍ത്തത്‌. ഏതാണ്ട്‌ നില്‍പ്പനടിക്കുന്നതുപോലെ!

കീഴ്‌ പന്തലില്‍ മേളം തുടങ്ങി കഴിഞ്ഞു.

കാശില്ലാതെ കളികണ്ടു നിന്നട്ടെന്തു കാര്യം? ഞാന്‍ എഴുന്നേറ്റു, കൂട്ടുകാരോടൊത്ത്‌ കീഴ്‌ പന്തലിലേക്ക്‌ നടന്നു.

കത്തുന്നപന്തത്തിനുമുന്‍പില്‍ സ്വര്‍ണ്ണനെറ്റിപട്ടം കെട്ടി നില്‍ക്കുന്ന ഗജവീരന്മാരെ കാണാന്‍ എന്തു ഭംഗി.

എത്ര കണ്ടാലും കൊതിതീരാത്ത ആ കാഴ്ചയും, മുറുകുന്ന മേളവും കേട്ട്‌ ഞാന്‍ എന്നെ തന്നെ മറന്നുപോയി.

കീഴ്‌ പന്തലില്‍നിന്നും ഇറങ്ങി മേളക്കാരും, ആനകളും, നടുപന്തലിലേക്ക്‌ നടന്നു, ഒപ്പം ജനസഹസ്രങ്ങളും.

നടുപന്തലില്‍ മേളം ഓരോതാളങ്ങളും കൊട്ടി കയറി. കാണാന്‍ നില്‍ക്കുന്നവരുടെ കൈകള്‍ മേളത്തിനൊത്ത്‌ ഉയര്‍ന്നുതാണു. മേളം തകര്‍ത്തു മുറുകുന്നു, എല്ലാവരും അതില്‍ ലയിച്ച്‌ നില്‍ക്കുന്നു.

ഗറ്ര്‍..........ഒറ്റ അലര്‍ച്ചയും ചങ്ങലകിലുക്കവും മാത്രമേ കേട്ടുള്ളൂ. ആനവിരണ്ടേ......അരോ വിളിച്ചു പറഞ്ഞു.

ആളുകള്‍ നാനാപാടും ചിതറിയോടി. ഞാനും. ഓടുന്നതിന്നിടയില്‍ തിരിഞ്ഞൊന്നു നോക്കിയപ്പോള്‍, നടപന്തല്‍ വലിച്ച്‌ ആന താഴെ ഇടുന്നതാണ്‌ കണ്ടത്‌. ഒപ്പം കറണ്ടും പോയി. കൂരാക്കൂരിരുട്ട്‌. കുട്ടികളുടേയും, സ്ത്രീകളുടേയും കരച്ചില്‍ അമ്പലപ്പറമ്പിലാകെ മുഴങ്ങികേട്ടു.

ഞാന്‍ ഇടം വലം നോക്കാതെ അസ്ത്രം കണക്കേ പാഞ്ഞു. ഓടുന്നതിന്നിടയില്‍ പലരേയും കൂട്ടിമുട്ടി. ആനയുടെ ചങ്ങലകിലുക്കം പിന്നില്‍ നിന്നും കേള്‍ക്കുന്നുണ്ടായിരുന്നു.

ഇരുട്ടില്‍ തപ്പി തടഞ്ഞ്‌ ജീവന്‍ രക്ഷിക്കാന്‍ ഓടുന്നതിന്നിടയില്‍ ഞാന്‍ ഒരുകുട്ടിയെ ഇടിച്ച്‌ നിലത്തിട്ടു.

എത്രയായാലും, കുട്ടിയല്ലെ? സ്വന്തം ജീവന്‍ മാത്രം നോക്കി ഓടിരക്ഷപെടാന്‍ മനസ്സാക്ഷി അനുവദിച്ചില്ല.

കുനിഞ്ഞ്‌ താഴെ വീണു കിടന്നിരുന്ന കുട്ടിയെ എടുത്ത്‌ തോളത്തിട്ടു. വീണ്ടും ഓട്ടം തുടര്‍ന്നു.

വിക്രമാദിത്യന്റെ കഴുത്തില്‍ വേതാളം പിടിമുറുക്കുന്നതുപോലെ, ആ കുട്ടി എന്റെ കഴുത്തില്‍ മുറുക്കിപിടിച്ച്‌ കിടന്നു. പേടികൊണ്ടായിരിക്കണം. കുട്ടിയാണെങ്കിലും എന്ത്‌ ഭാരം. ഓടുന്നതിനിടയില്‍ എന്റെ കാലുകള്‍ ഇടക്കിടെ വേച്ചുപോയി.

മണ്ണിട്ട വഴി കഴിഞ്ഞ്‌ മെയിന്‍ റോട്ടിലെത്താറായി. ചങ്ങലകിലുക്കം കേള്‍ക്കാനില്ല, എന്നിരുന്നാലും, ജനങ്ങള്‍ ഓടികൊണ്ടേയിരിക്കുന്നു. ചിലര്‍ നടന്നു തുടങ്ങി.

കിതച്ചുകൊണ്ട്‌ ഞാന്‍ എന്റെ ഓട്ടത്തിന്റെ വേഗത കുറച്ചു, പിന്നെ തോളിലിരിക്കുന്ന കുട്ടിയുടെ രക്ഷിതാക്കളെ എങ്ങിനെ കണ്ടുപിടിക്കുമെന്നാലോചിക്കാന്‍ തുടങ്ങി. കിതപ്പൊന്നടങ്ങിയിട്ട്‌ കുട്ടിയോട്‌ ചോദിക്കാമെന്നു കരുതി ഞാന്‍ നടക്കാന്‍ തുടങ്ങി.

കഴുത്തില്‍ മുറുകിപിടിച്ചിരുന്ന കുട്ടിയുടെ കൈ അയഞ്ഞതും, മത്താപ്പ്‌ കത്തുന്നതുപോലെ ശിം എന്നൊരു ശബ്ദത്തോടുകൂടി ഒരു വെളിച്ചം എന്റെ മുഖത്ത്‌ വന്നു.

ഞെട്ടിതെറിച്ച ഞാന്‍ തലചെരിച്ച്‌ നോക്കിയപ്പോള്‍, എന്റെ തോളിലിരുന്ന് ബീഡിക്ക്‌ തീകൊളുത്തിയിരിക്കുന്നൊരു കുള്ളന്‍!!

രണ്ടര അടി ഉയരമുള്ള, ആന, മയിലൊട്ടകം കളിച്ച്‌ എന്റെ കയ്യില്‍ നിന്നും കാശുപിടുങ്ങിയ അതേ കുള്ളന്‍!

Friday, July 21, 2006

അയ്യര്‍ ദ ചീപ് - ഭാഗം 2

ഓഫീസിലെ പെണ്‍പക്ഷികളെല്ലാം പഴയതുപോലെ അലമാരയില്‍നിന്നും, മൈക്രോ മിനിയും, റ്റോപ്പും
എല്ലാം എടുത്തണിഞ്ഞ് പിറ്റേ ദിവസം മുതല്‍ ഓഫീസില്‍ എത്തി തുടങ്ങി. അയ്യരുടെ മുറിയിലേക്കുള്ള
പോക്ക് പരമാവധി ഒഴിവാക്കി അവര്‍ ദിനങ്ങള്‍ തള്ളി നീക്കി.

പക്ഷെ ഫിനാന്‍സ് മാനേജരുടേ കീഴില്‍ വരുന്ന ഇമ്പോര്‍ട്സ് ആന്റ് ക്ലിയറന്‍സിലുള്ള ചെറുപ്പക്കാര്‍/ചെറുപ്പക്കാരികളുടെ കാര്യമോ?

എന്തിനും, ഏതിനും അവസാന വാക്ക് അയ്യരുടെ തന്നെ, അതിനാല്‍ ക്യാബിനില്‍ പോകാന്‍ നിര്‍ബന്ധിതരായ നിസ്സഹായരായ അവരെ ഓരോരുത്തരേയും പലപ്പോഴായി, അയ്യര്‍, ക്യാബിനില്‍ വിളിച്ചു വരുത്തി. അയ്യരുടെ പോസ്റ്റിന്റെ വിലയെ കണക്കാക്കി, കൈ പിണച്ച് നിന്ന ഓരോ ജൂനിയര്‍ സ്റ്റാഫിനേയും അദ്ദേഹം കസേരയില്‍ ഇരിക്കൂ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു.

അയ്യരുടെ ആദ്യത്യ മര്യാദയും ജൂനിയര്‍ സ്റ്റാഫിനോടുള്ള ഭവ്യതയും കണ്ട് കസേരയില്‍ ഇരുന്നവര്‍ക്കു മുന്‍പില്‍ (ഞാനടക്കം) അയ്യര്‍ അയാളുടെ വിജ്ഞാനത്തിന്റെ അമരകോശം തുറന്ന് പകുത്ത് നല്‍കി. വിവേകാനന്ദനും, പരമഹംസരും വിഡ്ഡികളായിരുന്നെന്നും, അവര്‍ എഴുതിയ പുസ്തകങ്ങള്‍ ചവറുകളാണെന്നും, ടി വി കാണല്‍ ഉപേക്ഷിച്ചില്ലെങ്കില്‍, മനുഷ്യന്മാര്‍ ഒന്നടങ്കം നശിച്ചു നാറാണകല്ലാകും, ക്രിഷ്ണനേയും, രാമനേയും ജപിക്കൂ. കലിയുഗ മോക്ഷ പ്രാപ്തിക്കുള്ള ഒരേ ഒരു വഴി രാമ നാമ ജപമാണെന്നും അയ്യര്‍ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ ഓഫീസ് സമയങ്ങളില്‍ മുഴുവന്‍ വിശ്രമമില്ലാതെ പരിശ്രമിച്ചു. ഒരു തവണ അയ്യരുടെ ക്യാബിനിലെ കസേരയില്‍
ഇരുന്നുപോയാല്‍, ഒരു സെഷന്‍ പ്രഭാഷണം കഴിയുമ്പോഴേക്കും നാല്പത്തഞ്ചു മിനിട്ടു മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം എടുക്കും.

പെണ്‍പ്രജകളാണ് ക്യാബിനിലേക്ക് വിളിപ്പിക്കപെട്ടതെങ്കില്‍, മുകളില്‍ പറഞ്ഞ പ്രഭാഷണത്തിന്നവസാനം, മംഗളം പാടി അവസാനിപ്പിക്കുന്നതിന്നു മുന്‍പായി, ഇങ്ങനെ കുട്ടി സ്കര്‍ട്ടും, റ്റോപ്പും ഇട്ട ശരീര പ്രദര്‍ശനം നടത്തുന്നത് പാപമാണെന്നും, നരകത്തിലേക്ക് പോകുവാനായി എന്തിനിങ്ങനെ സ്വയം വഴിയൊരുക്കുന്നു എന്നും അയ്യര്‍ ആത്മാര്‍ത്ഥമായി ചോദിച്ചു.

പുറത്തേക്കിറങ്ങിയ ഇരകളെല്ലാം തന്നെ, ഇത്രയും സമയം പണി ചെയ്യാതെ, പ്രഭാഷണം കേട്ടിരുന്ന് സമയം പാഴായി പോയതിനാല്‍ ‍, പെന്റിങ്ങായ വര്‍ക്കിനേക്കുറിച്ചാലോചിച്ച് വിലപിച്ച്, ഓഫീസ് സമയം കഴിഞ്ഞിട്ടും, അതികം സമയം അവനവന്റെ സീറ്റില്‍ ഇരുന്ന്മ് പെന്റിങ്ങ് വര്‍ക്ക് തീര്‍ത്ത്, കമ്പനി ബസ്സ് പോയതിനാല്‍ റൂട്ട് ബസ്സ് കാത്ത് നിന്ന് കൈയ്യില്‍ നിന്നും പൈസകൊടുത്ത് വീട്ടിലേക്ക് പോയി.

ആരും ഒന്നും ആരോടും പറഞ്ഞില്ല. ഫിനാന്‍സ് മാനേജറല്ലെ. പോരാത്തതിന്ന് രണ്ടു മാസത്തിന്നകം ഇന്‍ങ്ക്രിമെന്റിന്റെ സമയവും. ഈശ്വരോ രക്ഷതു.

ഇമ്പോര്‍ട്സ് സെക്ഷനിലെ പത്തു പതിന്നാലു സ്റ്റാഫുകളും ഊഴമനുസരിച്ച്, ദിവസത്തില്‍ അരമണിക്കൂറിലതികം അയ്യരുടെ ക്യാബിനില്‍ പോയി കുത്തിയിരുന്ന് തിരിച്ചു വരുന്നത് നിത്യവുമുള്ള കാഴചയായി.

ഡയറക്ടര്‍ ബോര്‍ഡിലുള്ളവരെ ഉപദേശിച്ചു നേരെയാക്കാന്‍ അയ്യര്‍ ഒരുങ്ങിയില്ലാത്തതിനാലോ എന്തോ, സ്റ്റാഫിനോടുള്ള സീനിയര്‍ മാനേജ് മെന്റിന്റെ പേഴ്സണല്‍ ഇന്ററാക്ഷന്‍ ഇത്തരത്തിലാവണമെന്ന് ഡയറക്ടര്‍ ബോര്‍ഡിലുള്ളവര്‍ വരെ സംസാരിച്ചു തുടങ്ങി.

ഉച്ചക്കൂണു കഴിക്കാന്‍ പാന്റ്രിയില്‍ ഇരിക്കുമ്പോള്‍, കഷ്ടകാലത്തിനെങ്ങാനും അയ്യര്‍ ഭക്ഷണം കഴിക്കാന്‍ ആ സമയത്ത് വന്നാല്‍ അയാളിരിക്കുന്നതിന്റെ അരികിലും, എതിര്‍വശത്തുമായി ഇരിക്കുന്നവരുടെ കാര്യം കഷ്ടം. കോഴിക്കാലോ, മീന്‍ കഷണമോ, എന്തിന് കോഴിമുട്ട വരെ കഴിക്കുന്നത് കണ്ടാല്‍ തുടങ്ങും. റാം, റാം ഇവരോട് പൊറുക്കണമേ. പിന്നെ അതിനെ കുറിച്ചൊരു പ്രഭാഷണം. അതു കേള്‍ക്കുമ്പോള്‍ കൊണ്ടുവന്നിരിക്കുന്ന കറിയെടുത്ത് പണ്ടാരക്കാലന്റെ മുഖത്ത് തേമ്പാന്‍ പലപ്പോഴും എന്റെ കൈ തരിച്ചപ്പോഴും, കോഴിക്കാലില്‍ പിടിമുറുക്കി പത്തില്‍ നിന്നും പൂജ്യം
വരെ ഞാന്‍ കീഴ്പ്പോട്ടെണ്ണി.

അങ്ങനെ ദിവസങ്ങളും, ആഴ്ചകളും പിന്നിട്ട ഒരു വ്യാഴാഴ്ച ദിവസം വൈകുന്നേരം എന്റെ ഫോണില്‍ റിങ്ങടിച്ചു.

ഹലോ. കുറുമാന്‍

ഇത് ഞാനാ?

കോടാനുകോടി ജനങ്ങളുള്ള ഈ ബൂലോഗത്തില്‍ നിന്നും ഒരു മനുഷ്യന്‍ ഫോണ്‍ ചെയ്ത് ഇത് ഞാനാണെന്ന് പറഞ്ഞാല്‍ എനിക്കെങ്ങനെ മനസ്സിലാവും ഞാനെ? (അയ്യരാണെന്നറിഞ്ഞു കൊണ്ട് തന്നെ ഞാന്‍ വെറുതെ പറഞ്ഞു)

അയ്യോ എന്റെ ശബ്ദം മനസ്സിലായില്ലെ? ഞാന്‍ സുന്ദര്‍ അയ്യരാ.

അയ്യോ സാര്‍.......ക്ഷമിക്കണം. മനസ്സിലായില്ലായിരുന്നു.

അത് കുറുമാന്‍, ഇന്ന് എന്റെ വീട്ടില്‍ ഒരു ഭജന നടക്കുന്നുണ്ട്. മറ്റ് സ്റ്റാഫുകള്‍ എല്ലാവരും തന്നെ വരുന്നുണ്ട്. കുറുമാനും വരണം. ഏഴു മണിക്കാണ്‍് ഭജന. അതു കഴിഞ്ഞാല്‍ ഭക്ഷണവും വീട്ടില്‍ നിന്നു തന്നെ കഴിച്ചിട്ട് പോകാം.

മറ്റുള്ള സ്റ്റാഫെല്ലാം വരുന്നകാരണം ഞാനും ഒന്നു പോയി തലകാണിച്ച് വരാം എന്ന് കരുതി, ശരി സാര്‍, ഞാന്‍ വരാം എന്ന്‍ പറഞ്ഞത് അബദ്ദമായെന്ന് മനസ്സിലാക്കാന്‍ അതികം സമയം വേണ്ടി വന്നില്ല. രാത്രി ഭക്ഷണം തയ്യാറാക്കാന്‍ തുനിഞ്ഞ കുറുമിയോട് ഞാന്‍ പറഞ്ഞു, ഇന്നെനിക്കൊന്നും വേണ്ടടീ, അയ്യരുടെ വീട്ടിലാണിന്നു ഭക്ഷണം. പച്ചക്കറിയായാലും കലക്കാതിരിക്കില്ല.

ഒന്നുമില്ലെങ്കിലും ഫിനാന്‍സ് മാനേജരല്ലെ, മാത്രമല്ല, ഓഫീസിലെ എല്ലാവരും വരുന്നുമുണ്ടല്ലോ.

വീട്ടില്‍ നിന്നും നടക്കുകയാണെങ്കില്‍ അയ്യരുടെ ഫ്ലാറ്റിലെത്താന്‍ അഞ്ച് മിനിട്ട് മതി, പക്ഷെ വണ്ടിയെടുക്കുകയാണെങ്കില്‍ പത്ത് മിനിട്ടിലതികം എടുക്കും. അപ്പോ യാത്ര നടന്നു തന്നെ മതി.

ഏഴുമണിക്ക് തന്നെ ഞാന്‍ അയ്യരുടെ ബില്‍ഡിങ്ങിന്റെ എന്ട്രന്‍സില്‍ എത്തി. റൂം നമ്പര്‍ ചോദിക്കാന്‍ മറന്നുപോയിരുന്നു എന്നപ്പോഴാണ് ഓര്‍മ്മ വന്നത്. അയ്യരേ ഒന്നു വിളിച്ചു റൂം നമ്പര്‍ ചോദിച്ച് കളയാം എന്നു കരുതി ഫോണ്‍ എടുത്ത് നമ്പര്‍ ഡയല്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍, കോണിപടികളും താണ്ടി പുറത്തേക്ക് മണിയടിയൊച്ച കേട്ടു. മണിയടി ശബ്ദത്തിന്റെ ഉറവിടമാകണം അയ്യരുടെ ഫ്ലാറ്റെന്നെനിക്കുറപ്പായതിനാല്‍, മണിയടി ശബ്ദത്തിന്റെ ഉറവിടം തേടി ഞാന്‍ കോണിപടികള്‍ നടന്നു കയറി. രണ്ട് നിലമാത്രമുള്ള ഫ്ലാറ്റാണ്. ഒന്നാം നിലയിലെത്തിയപ്പോള്‍ മണിയടി വരുന്നത്
രണ്ടാം നിലയില്‍ നിന്നാണെന്നറിഞ്ഞു, വീണ്ടും പടികള്‍ കയറി മുകളിലേക്ക് രണ്ടാം നിലയില്‍ എത്തുന്നത്തിനുമുന്‍പ് തന്നെ മണിയടി ശബ്ദം നിലച്ചു. ഫോണ്‍ വിളിക്കുന്നതിന്നു മുന്‍പ് എന്തായാലും രണ്ടാം നിലയിലെ ഫ്ലാറ്റുകള്‍ ഒന്നു നോക്കാം എന്ന് കരുതി നീണ്ടു കിടക്കുന്ന കോറിഡോറിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഞാന്‍ നടക്കാന്‍ തുടങ്ങി.

അതികം നടക്കുന്നത്തിന്നു മുന്‍പ് തന്നെ ഒരു വാതിലിന്നു മുന്‍പില്‍ കോലം വര്‍ച്ചിരിക്കുന്നത് കണ്ണില്‍ പെട്ടു. പിന്നെ വാതിലിന്റെ മുകളിലുള്ള ഫ്രെയിമില്‍, ഒരു പച്ച മുളക്, ഒരു ചെറു നാരങ്ങ, പിന്നേം ഒരു പച്ച മുളക്, പിന്നേം ഒരു ചെറു നാരങ്ങ, വീണ്ടും ഒരു പച്ചമുളക്, വീണ്ടും ഒരു ചെറു നാരങ്ങ - ഈ സീരീസ്സില്‍ അനവധി പച്ചമുളകുകളും, ചെറുനാരങ്ങകളും കോര്‍ത്ത് മാലയാക്കി ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ബന്ധിച്ചിരിക്കുന്നു. കഴിഞ്ഞില്ല, അതിന്നും മുകളില്‍ ഉണങ്ങിയ മാവിന്റെ ഇലയുടെ (പണ്ട് പച്ചിലയായിരുന്നിരിക്കണം) ഒരു മാല, അതിന്നും മുകളിലായി ഹരേ രാമ : ഹരേ കൃഷ്ണ എന്നെഴുതിയ വര്‍ണ്ണശബളമായ വേറേയും ഒരുമാല. സംശയമില്ല ഇത് തന്നെ അയ്യരുടെ വീട്.

ബെല്ലടിച്ചു, വാതില്‍ തുറന്നത് ഓഫീസിലെ ഇമ്പോര്‍ട്സ് സെക്ഷനില്‍ ജോലി ചെയ്യുന്ന നാരായണനായിരുന്നു. ഞാന്‍ ഉള്ളിലേക്ക് കടന്നു. കടന്നു ചെല്ലുന്ന ഹാളിന്റെ ഒരറ്റത്ത് ചെറുതും, വലുതുമായ വിഗ്രഹങ്ങളുടേ ഒരു നിര. അതിന്നു മുന്‍പില്‍ കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്ക്.

അതിന്നടുത്തായിരിക്കുന്ന ബുക്ക് ഷെല്‍ഫില്‍ നിറയെ ബുക്കുകള്‍ അടുക്കി വച്ചിരിക്കുന്നു. വായിച്ചാല്‍ മോക്ഷം ഗ്യാരണ്ടി നല്‍കുന്ന ബുക്കുകളാണെല്ലാം.

റ്റി വിയോ, സി ഡി പ്ലേയറോ പോയിട്ട് ഒരു റേഡിയോ പോലും അയാളുടെ വീട്ടില്‍ ഇല്ല. ഇയാള്‍ എങ്ങിനെ ചാര്‍ട്ടേഡ് അക്കൌണ്ടന്റായി? അല്ലെങ്കില്‍ എന്തിനായി? ആര്‍ക്കുവേണ്ടിയായി എന്നുള്ള ചോദ്യങ്ങള്‍ എന്റെ ഉള്ളില്‍ അലതല്ലിയലറി.

ഓഫീസില്‍ ഇമ്പോര്‍ട്സ് സെക്ഷനില്‍ ഡയറക്ടായി അയ്യരുടെ കീഴില്‍ ജോലിചെയ്യുന്ന ആറേഴു സ്റ്റാഫ് മാത്രമാണ് ഭജനക്കായി വന്നെത്തിയിട്ടുള്ളത്. അപ്പോള്‍ ഈ കാലമാടന്‍ എന്നോട് ഓഫീസിലെ എല്ലാവരും വരുന്നു എന്ന് പറഞ്ഞത് നുണ. ചതിയന്‍. നല്ലൊരു വീക്കെന്റ് കുട്ടിച്ചോറാക്കിയ ആ ചെകുത്താനെ ഞാന്‍ എന്റെ കണ്ണാല്‍ ഇടവും വലവും തിരഞ്ഞു.

ദാ വരുന്നൂ അകത്തെ മുറിയില്‍ നിന്നും കുട്ടിസ്രാങ്ക്. ഒരു ചുമന്ന ചെറിയ തോര്‍ത്ത് മുണ്ട് മാത്രമാണ് വേഷം. നെറ്റിയിലെ കറുപ്പ് മറക്കാനോ എന്തോ, മൊത്തമായും നെറ്റിയില്‍ ചന്ദനം പൂശിയിരിക്കുന്നു. ശരീരത്തില്‍ അങ്ങിങ്ങായി അണ്ണാന്റെ ശരീരത്തിലെ വര പോലെ, നിറയെ ഭസ്മക്കുറികള്‍. ചെവിട്ടില്‍ പൂവിന്റെ ഇതളുകള്‍ തിരുകി വച്ചിരിക്കുന്നു (ചെമ്പരത്തിപ്പൂവായിരിന്നു കൂടുതല്‍ യോജിക്കുക).

എല്ലാവരും ഇവിടെ മുന്‍പോട്ട് വന്നിരുന്നുകൊള്ളൂ. തറയിലേക്ക് കൈചൂണ്ടി അയ്യര്‍ പറഞ്ഞു. പിന്നെ വിളക്കിനുമുന്‍പില്‍ സ്വയം ഇരുന്നു. കുറുകിയ കൈ നീട്ടി ഷെല്‍ഫില്‍ നിന്നൊരു മോക്ഷം വലിച്ചെടുത്തു.

ഗതികെട്ടാല്‍ പുലി പുല്ല് തിന്നും എന്ന് മാത്രമല്ല, ജൂനിയര്‍ സ്റ്റാഫ് ഭജനക്കും വരും എന്ന് എനിക്കന്ന് മനസ്സിലായി.
മുജ്ജന്മ കര്‍മ്മഫലം എന്ന് കേട്ടിട്ടുണ്ടായിരുന്നു, പക്ഷെ ഇന്നിവിടെ വരാന്‍ തോന്നിയത് മുജ്ജന്മ പാപഫലമായിട്ടാണെന്നെനിക്ക് തോന്നി.

രാമന്‍ കാട്ടില്‍ പോയി, ലക്ഷ്മണന്‍ ചോക്കെടുത്ത് നിലത്ത് വരച്ചു. ഹനുമാന്‍ ലങ്കയില്‍ പോയി,
രാവണന്‍ ആള് ശരിയല്ല, സീത തീയില്‍ ചാടി, തുടങ്ങി കുട്ടിക്കാലം മുതല്‍ കേട്ടിട്ടുള്ള വസ്തുവകകള്‍ തന്നെ. സ്കൂളില്‍ പഠിക്കുന്ന കാലം കഴിഞ്ഞതിന്നു ശേഷം, മൂവന്തിനേരത്ത് ആദ്യമായ് ഉറക്കം തൂങ്ങിയതന്നായിരുന്നു. നാല്പത്തഞ്ചു മിനിട്ട് നീണ്ട പ്രഭാഷണത്തിന്നൊടുവില്‍ രാമനാമം ചൊല്ലി ഭജന അവസാനിപ്പിച്ചു.

അയ്യര്‍ക്കതികം സംസാരിക്കാനുള്ള അവസരം കൊടുക്കാതെ, അടിപൊളി വെജിറ്റേറിയന്‍ ഭക്ഷണം അകത്താക്കാനായി ഞാന്‍ ചോദിച്ചു.ഞാന്‍ പോകട്ടെ? പങ്കെടുത്ത എല്ലാവരുടെ മുഖത്തും നിസ്സഹായത ഓളം വെട്ടിയിരുന്നു. (എന്റേതടക്കം),

ആരും പോകരുത്. ഭജന കഴിഞ്ഞാല്‍ ഭക്ഷണം കഴിച്ചേ പോകാവൂ. “അന്നദാനം മഹാപ്രദാനംന്നാ”.
ഇരിക്കൂ, ഞാന്‍ ഭക്ഷണം കൊണ്ട് വരാം.

ഭക്ഷണം എടുക്കാനായ് അയ്യരുള്ളില്‍ പോയി. ലാവിഷായ ഒരു വെജിറ്റേറിയന്‍ ഡിന്നറിന്റെ പ്രതീക്ഷ എല്ലാവരുടെ മുഖത്തും മൊട്ടിട്ടു.

അയ്യര്‍ അകത്തു പോയി തിരിച്ചു വന്നപ്പോള്‍ കയ്യില്‍ സ്നാക്സ് വിളമ്പുന്ന ചെറിയ പ്ലേറ്റുണ്ടായിരുന്നു. എല്ലാവര്‍ക്കും ഓരോ പ്ലേറ്റ് വച്ച് അയ്യര്‍ തന്നെ നല്‍കി, പിന്നെ ബാക്കി വന്ന പ്ലേറ്റ് തിരിച്ച് കൊണ്ടുപോയി.

ചെറിയ കടലാസ്സ് പ്ലേറ്റ് കയ്യില്‍ കിട്ടിയപ്പോള്‍ ഞാനടക്കമുള്ളവര്‍ ഹാപ്പിയായി.

അയ്യരാളുകൊള്ളാമല്ലോ. വെജിറ്റേറിയന്‍ ഡിന്നറായാലെന്താ? തുടക്കം തന്നെ സ്റ്റാര്‍ട്ടേഴ്സിലല്ലെ?

കട് ലറ്റും, ഫ്രൈഡ് പനീറും, മറ്റുമായിരിക്കും സ്റ്റാര്‍ട്ടേഴ്സ്. എന്തായിരിക്കും വെജിറ്റെറിയന്‍ മെനു എന്നാലോചിച്ചു നില്‍ക്കുന്നതിന്നിടയില്‍.........ദാ വരുന്നു അയ്യര്‍, ഇടം കയ്യില്‍ ഒരു ബ്രെഡിന്റെ പാക്കറ്റും, വലം കയ്യില്‍ ഒരു അലുമിനിയ പാത്രവുമായി.

ഹരേ രാമ, ഹരെ കൃഷ്ണ. രാമ ഭക്തന്മാരെ, ഞാന്‍ വിളമ്പിതരാം, പ്ലേറ്റുകള്‍ മുന്‍പിലേക്ക് നീട്ടൂ....

വേറെ നിവൃത്തിയില്ലാത്തതിനാല്‍ ഞാനടക്കം എല്ലാവരും കടലാസ്സു പ്ലേറ്റ് മുന്‍പിലേക്ക് നീട്ടി. റബ്ബര്‍ പാല്‍ കുടിച്ചതുപോലെ, അയ്യര്‍ ഓടി ചാടി എല്ലാവരുടേയും പ്ലേറ്റില്‍ ഈരണ്ടു പീസ് ബ്രെഡ് വിളമ്പിയതിന്നൊപ്പം, കയ്യിലെ അലുമിനിയ പാത്രത്തില്‍ നിന്നും ഉണങ്ങി വരണ്ട ദാല്‍ (പരിപ്പു വേവിച്ചത്) വിളമ്പി. പിന്നെ പറഞ്ഞൂ, എല്ലാവരും വയറു നിറയെ കഴിക്കൂ, ദാല്‍ ഇനിയും അടുക്കളയിലുണ്ട്, ബ്രെഡ്ഡും. അന്നദാനം, മഹാദാനം.

കഴിച്ചവര്‍ കുറച്ചുപേരും, ഭാക്കിയുള്ള കഴിക്കാത്തവരും കടലാസ്സ് പ്ലെയിറ്റ് ചുരുട്ടി ചവറ്റുകൊട്ടയിലിട്ടു.

നന്ദി സാര്‍, ഗുഡ് നൈറ്റ്.

ഹരേ റാമ, ഹരേ കൃഷ്ണ, അടുത്ത വ്യാഴാഴ്ചയും നിങ്ങള്‍ വരണം. ഭക്ഷണത്തിന്റെ കാര്യം നിങ്ങള്‍ പേടിക്കേണ്ട. ഭക്ഷണം ഇവിടെ ഞാന്‍ തരും. അന്നദാനം, മഹാദാനം.

ശരി സാര്‍.........എല്ലാവരും പറഞ്ഞു (ഞാന്‍ പറഞ്ഞില്ല)

നടന്നു വീട്ടില്‍ ചെന്നെത്തി. കുറുമീ, ഭക്ഷണം എന്തെങ്കിലും ഉണ്ടോ?

ഇല്ല മനുഷ്യാ. താങ്കള്‍ അല്ലെ പറഞ്ഞത് , ഇന്നെനിക്കൊന്നും വേണ്ട, അയ്യരുടെ വീട്ടില്‍ നല്ല ഭക്ഷണം കിട്ടും എന്ന്.

തെറ്റുപറ്റിപോയി പ്രിയേ, അയ്യര്‍ വെറും അയ്യരല്ല, ഒരു ചെറ്റ അയ്യരാ..

ഉം...പൊന്നുമോനെ, ഞാന്‍ തമിള്‍ നാട്ടില്‍ ജനിച്ചു വളര്‍ന്നതല്ലേ. അയ്യര്‍ ഓടിയാല്‍, മോഡേണ്‍ ബ്രെഡ് വരെ എന്നെനിക്കറിയാം, അതിനാല്‍ ദാ ദമയന്തിയില്‍ നിന്നും കബാബും, മറ്റും ഞാന്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയിട്ടുണ്ട്.
വരൂ, കഴിക്കാം.

പ്രിയതമയുമൊത്ത് കബാബും, ടിക്കയും മറ്റും വളരെ നാളുകള്‍ക്കുശേഷം ഞാന്‍ ഒരുമിച്ചിരുന്നു കഴിച്ചു. പിറ്റേ ദിവസം ഓഫീസില്‍ പോകാന്‍ എന്റെ പ്രിയ സുഹൃത്തിനെ പിക്ക് ചെയ്യാനായ് ഞാന്‍ അവന്‍ കയറുന്ന സ്ഥലത്തു വണ്ടി നിറുത്തി കാത്തു നില്‍ക്കുമ്പോള്‍, ദാ വരുന്നൂ കുട്ടിസ്രാങ്ക്.

കുറുമാനെ, ദൈവം എല്ലാ കാണുന്നു എന്നു പറയുന്നത് ശരിയാണെന്നെനിക്കു മനസ്സിലായിട്ടു കുറച്ചു നാളുകളായെങ്കിലും, തെളിവ് കിട്ടിയതിപ്പോള്‍.

അതെന്താ?

ഇത്രയും ദിവസം എന്നെ, കമ്പനി വക വണ്ടി പിക്ക് ചെയ്ത്, തിരിച്ച് ഡ്രോപ്പ് ചെയ്തിരുന്നു. പക്ഷെ ഇന്നലെ, ലീഗല്‍ മാനേജര്‍ വിളിച്ച് പറഞ്ഞു, കമ്പനി വക വണ്ടിയില്‍ യാത്ര ചെയ്താല്‍ ട്രാവല്‍ അലവന്‍സായ രണ്ടായിരത്തി അഞ്ഞൂറു രൂപ കിട്ടില്ല എന്ന്.

എങ്ങനെ ഇനി ഓഫീസില്‍ പോകും എന്നാലോചിച്ചുനില്‍ക്കുമ്പോള്‍ ദാ കുറുമാന്റെ വണ്ടി കണ്മുന്‍പില്‍. എന്നെ കുറുമാന്‍ രാവിലേയും, വൈകുന്നേരവും പിക്ക് ചെയ്യൂ. നല്ല ഒരു തുക ഞാന്‍ തരാം. അത്, കുറുമാനൊരു എക്സ്റ്റ്രാ ഇന്‍ കം ആവുകയും ചെയ്യും.

പണത്തിന്നുമീതെ പരുന്തും പറക്കും എന്നല്ലേ? ശരി, ഞാന്‍ പിക്ക് ചെയ്യാം അയ്യരേ.

അങ്ങനെ പിറ്റേ ദിവസം മുതല്‍ രണ്ട് കിലോമീറ്റര്‍ ദൂരം കറങ്ങി ഞാന്‍ അയ്യരെ പിക്ക് ചെയ്യാന്‍ തുടങ്ങി.

ആദ്യ ദിവസം അയ്യര്‍ വണ്ടിയില്‍ കയറിയപ്പോള്‍ കഷ്ട കാലത്തിന്ന് ഞാന്‍ വിഷ്ണു സഹസ്രനാമത്തിന്റെ കാ‍സറ്റ് ഇട്ട് കേള്‍ക്കുകയായിരുന്നു., കുറുമാനെ, ഇത് തന്നെയാണ് യുവാക്കള്‍ കേള്‍ക്കേണ്ടത്. അല്ലാതെ ന്യൂസും, സംഗീതവും ഒന്നുമല്ല. പിറ്റേ ദിവസം അയ്യരെ കാത്ത് ഏഷ്യാനെറ്റ് ന്യൂസ് കേട്ട് ഞാന്‍ വണ്ടിയില്‍ ഇരുന്നു. അയ്യര്‍ വന്നു, ഓടുന്ന വണ്ടിയില്‍ ഇരുന്ന അയ്യര്‍ പറഞ്ഞു കുറുമാനെ, വിഷ്ണു സഹസ്രനാമം ഇടൂ. ഞാന്‍ ഇട്ടു.

അന്നുമുതല്‍ പിന്നെ ഒരു മാസക്കാലത്തോളം ഞാന്‍ അയ്യര്‍ക്കുവേണ്ടി എന്റെ സ്വന്തം വണ്ടിയില്‍ ന്യൂസും, പാട്ടും നിര്‍ത്തി എന്നു മാത്രമല്ല, അയ്യരേയും കാത്ത് ചിലപ്പോള്‍ പത്ത് പതിനഞ്ചു മിനിട്ട് അയാളുടേ ഫ്ലാറ്റിന്നുമുന്‍പില്‍ നില്‍ക്കേണ്ടി വന്ന അവസ്ഥയും വന്നു.

അങ്ങനെ മാസം ഒന്നു കഴിഞ്ഞു, അയ്യര്‍ എനിക്ക് നയാ പൈസ തന്നില്ല. പക്ഷെ എന്നും എന്റെ വണ്ടിയില്‍ കയറി വിശാലമായി പിന്‍സീറ്റില്‍ ഇരുന്ന്‍ ഓഫീസിലേക്ക് അയാള്‍ യാത്ര ചെയ്തു. എന്റെ സഹനശക്തിയുടെ നെല്ലിപലക ഇളകി. അന്ന് വൈകുന്നേരം ഓഫീസ് കഴിഞ്ഞ് വരുന്ന നേരത്ത് ഞാന്‍ അയ്യരോട് പറഞ്ഞു, അയ്യരേ, ട്രാന്‍സ്പോര്‍ട്ടിങ് അലവന്‍സ് മൂവായിരം ദിര്‍ഹത്തോളം കിട്ടുന്ന താങ്കള്‍ എനിക്കൊന്നും തന്നില്ലല്ലോ ഇതുവരേയായി.

കുറുമാന്‍ പേടിക്കേണ്ട, ഞാന്‍ വാക്കു പറഞ്ഞാല്‍ വാക്കാ. ഇന്നു ഞാന്‍ തന്റെ ഇതുവരേയായുള്ള കണക്കു തീര്‍ക്കാം.
മനസ്സില്‍ ഞാന്‍ കരുതി, ഇന്നു വ്യാഴാഴ്ച, വീക്കെന്റ്‌. അയ്യരുടെ കാശു കിട്ടിയാല്‍ ഗ്യാപ്പില്‍ മുജിറ കാണാന്‍ പോകാം.

അയ്യര്‍ പറഞ്ഞു തുടങ്ങി. ഞാന്‍ ജോയിന്‍ ചെയ്തിട്ട് ഒന്നരമാസമായി. അതില്‍ നാലു ദിവസം ഞാന്‍ ലീവെടുത്തു, പിന്നെ മൂന്ന് ദിവസം താനും ലീവെടുത്തു. വെള്ളിയും, ശനിയും മുടക്കം വേറെ. ഗവണ്മെന്റ് ലീവ് രണ്ട്. കൂടാതെ എന്നെ പിക്കു ചെയ്യാതെ സമയത്തിന്ന് ഓഫീസില്‍ നിന്നും താന്‍ പോയത് ഈ മാസത്തില്‍ ആറു ദിവസം. രാവിലെ എന്നെ കാത്ത് നിന്നിട്ട് കാണാതെ പോയത് നാലു ദിവസവും.

കരാമയില്‍ നിന്നും ഓഫീസിലേക്ക്, ബസ്സുകൂലി ഒരു രൂപ അമ്പതു പൈസ. അപ്പോ തന്റെ വണ്ടിയില്‍ വന്നാല്‍ ഒന്നര രൂപ മള്‍ട്ടിപ്ലൈഡ് ബൈ.

എനിക്കൊന്നും തന്നെ മനസ്സിലായില്ല, പക്ഷെ അയ്യര്‍ പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോ മൊത്തം ഞാന്‍ കുറുമാനു തരാനുള്ളത് ഇപ്പോള്‍ പറഞ്ഞു തരാം.

അയ്യര്‍ പോക്കറ്റില്‍ നിന്നും ഒരു പേപ്പര്‍ പുറത്തെടുത്തു, പിന്നെ തന്റെ ലാപ് ടോപ്പ് ഓണ്‍ ചെയ്തു.

കിഴിച്ചും, കൂട്ടിയും, ഹരിച്ചും, ഗുണിച്ചും, അവസാനം ഒരു എഴുപത് ദിര്‍ഹം എന്റെ കയ്യില്‍ തന്നിട്ടു പറഞ്ഞു, ഒരു നാല് ദിര്‍ഹം എനിക്ക് തിരിച്ച് തരൂ.

പകുതി വഴിയില്‍ വച്ച് അയ്യരതുപറഞ്ഞപ്പോള്‍ എന്റെ രക്തം തിളച്ചു. വണ്ടി ഞാന്‍ ഹസാര്‍ഡ് ലൈറ്റ് ഇട്ട് സൈഡാക്കി. പിന്നെ, ഡോര്‍ തുറന്ന് അയ്യരുടെ കോളറിന്നു പിടിച്ച് വണ്ടിയില്‍ നിന്നും തൂക്കിയെടുത്ത് പുറത്തേക്ക് നിറുത്തി.

ഹരേ രാമ : ഹരേ കൃഷ്ണ,താന്‍ ഇവിടെ തന്നെ നിന്നോ, എന്നും പറഞ്ഞ് വണ്ടിയില്‍ കയറി ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

Tuesday, July 18, 2006

അയ്യര്‍ ദ ചീപ് - ഭാഗം - 1

ഭാഗം - 1

ഞങ്ങളുടെ ഫിനാന്‍സ് മാനേജര്‍ മനീന്ദറിന്നു പ്രമോഷന്‍ കം ട്രാന്‍സ്ഫര്‍!! നല്ല കാര്യം, പക്ഷെ അദ്ദേഹം പോയാല്‍ ആരായിരിക്കും ആ സ്ഥാനത്തു വരുന്നത് എന്നായിരുന്നു ഫിനാന്‍സും അതിനോടനുബന്ധിച്ച ഇമ്പോര്‍ട്സ് അന്റ് ക്ലിയറന്‍സ് സെക്ഷനില്‍ ജോലി ചെയ്യുന്നവരുടേയും ജിഞ്ജാസ.

ട്രാന്‍സ്ഫര്‍ കിട്ടിപോകാന്‍ പോകുന്ന മനീന്ദര്‍‍, കാണാന്‍ ആജാനു ഭാഹുവാണെങ്കിലും (ആറടി ഉയരം, നൂറ്റി ചില്ല്വാനം കിലോ ഭാരം), അദ്ദേഹം നിര്‍മ്മലനും, നര്‍മ്മബോധമുള്ളവനുമാണെന്നു മാത്രമല്ല, സാധാരണ ഫിനാന്‍സ് മാനേജര്‍ മാരെ പോലെ, കാലണയ്ക്ക് കടിപിടികൂടാന്‍ നില്‍ക്കുന്നവനല്ല എന്നുള്ളതാണ് സര്‍വ്വപ്രധാനം.

തന്റെ കീഴില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും, അവരവരുടെ ഗ്രേഡനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും കമ്പനിയില്‍ നിന്നും വസൂലാക്കി കൊടുക്കുവാന്‍ അദ്ദേഹം കാണിച്ചിരുന്ന പ്രത്യേക താത്പര്യം മാത്രം മതി, എല്ലാ സ്റ്റാഫിന്നും അദ്ദേഹത്തിനോട് ആദരവ് തോന്നാന്‍.

അങ്ങനെ മൊത്തം സ്റ്റാഫിന്റേയും കണ്ണിലുണ്ണിയായ പൊന്നുംകുടമാണ് പ്രമോഷന്‍ കം ട്രാന്‍സ്ഫര്‍ ആയി പോകാന്‍ പോകുന്നത്.

കമ്പനി ചിലവില്‍, കേക്കും, സമൂസയും, സാന്‍ഡ് വിച്ചും, പ്ലാച്ചിക്കോളയും കണ്ണില്‍ കണ്ട്, അഡ്മിനിസ്ട്രേഷന്‍ സെക്ഷനില്‍ ജോലി ചെയ്യുന ചിലര്‍ അദ്ദേഹത്തിന് ഒരു ഒഫീഷ്യല്‍ യാത്രയപ്പ് നല്‍കാന്‍ തീരുമാനിക്കുകയും, തദ് ദിവസം വൈകുന്നേരം എല്ലാവരും വലിയ കോണ്‍ഫറന്‍സ് ഹാളില്‍ തീറ്റ സാധനങ്ങള്‍ക്കു ചുറ്റുമായ് ചിതറിനില്‍ക്കുകയും ചെയ്തു.

നല്ല മനുഷ്യന്ന് നല്ലതു വരണമെന്ന് ആഗ്രഹിക്കുന്ന സ്റ്റാഫുകള്‍ അദ്ദേഹത്തിന്ന് ജീവിതത്തില്‍ ഉന്നതവിജയവും, ആയുരാരോഗ്യവും നേര്‍ന്നു.

താന്‍ ദൂരേക്കൊന്നുമല്ലല്ലോ പോകുന്നത്, ഗ്രൂപ്പിന്റെ തന്നെ മറ്റൊരു കണ്‍സെപ്റ്റിലേക്ക് മാറുന്നു എന്നു മാത്രം. അതും ഒരേ ബില്‍ഡിങ്ങില്‍, ഒരു ഫ്ലോര്‍ താഴെ മാത്രം. നിങ്ങളുടെ എന്താവശ്യത്തിനും ഞാന്‍ ഉണ്ടാകും മാത്രമല്ല മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ഫിനാന്‍സ് മാനേജരയായി സുന്ദര്‍ അയ്യര്‍ ചാര്‍ജെടുക്കുകയും ചെയ്യുമെന്ന് ഗദ്ഗദത്തോടെ അദ്ദേഹം രണ്ടു വാചകത്തില്‍ പറഞ്ഞവസാനിപ്പിച്ചു.

ടിഷ്യൂവില്‍ കണ്ണും മൂക്കും തുടച്ച് ആളുടെ പങ്ക് ഈറ്റബിള്‍സെടുത്ത് അദ്ദേഹം കോണ്‍ഫറന്‍സ് മുറിയില്‍ നിന്നും പുറത്തേക്ക് നടന്നു.

മേശമേല്‍ നിരന്നിരിക്കുന്ന തീറ്റസാമാഗ്രികളുടെ മുന്‍പില്‍ അയ്യരേയും, പട്ടരേയും എല്ലാവരും തീര്‍ത്തും അവഗണിച്ചു, ശേഷം പ്ലെയിറ്റില്‍ കിട്ടാവുന്നതെല്ലാം വാരി നിറച്ച്, പ്ലാച്ചി കോള ക്യാനുകള്‍ ഒന്നിനു പകരം രണ്ടും മൂന്നും എടുത്ത് എല്ലാവരും അവനവന്റെ സീറ്റിലേക്ക് ഗമിച്ചു.

തമിഴന്മാര്‍ ചിലര്‍, ആദ്യം നിറച്ച പ്ലേറ്റ് തന്റെ മേശപുറത്തും, ഡ്രോവറിന്നകത്തും കൊണ്ട് ചെന്ന്‍ വച്ച്, ഒന്നുമറിയാത്തവനേപോലെ, രണ്ടാം റൌണ്ടിനായി കോണ്‍ഫറന്‍സ് മുറിയിലേക്ക് തള്ളികയറി.

അങ്ങനെ ആ ഫിനാന്‍സ് മാനേജറോടൊപ്പം ജോലി ചെയ്യാന്‍ അവസാനമായി ലഭിച്ച ആ ദിവസവും കഴിഞ്ഞു പോയി.

അടുത്ത ഫിനാന്‍സ് മാനേജര്‍ സുന്ദര്‍ അയ്യര്‍. കല്യാണം കഴിക്കാത്ത നാല്പതു വയസ്സുമാത്രം പ്രായമുള്ള ചെറുപ്പക്കാരനാണെന്നും മറ്റോ ആരോ പറഞ്ഞെല്ലാവരും അറിഞ്ഞു.

സുന്ദര്‍ അയ്യര്‍ - എന്ത് നല്ല പേര്‍? പട്ടരില്‍ പൊട്ടനില്ലാന്നാണല്ലോ പ്രമാണം. പേരുപോലെ തന്നെ ആളും സുന്ദരനായിരിക്കും. കെട്ടുപ്രായം കഴിഞ്ഞ് നില്‍ക്കുന്ന ഞങ്ങളുടെ ഓഫീസിലുള്ള ഇരുപത്തഞ്ചു വയസ്സുമുതല്‍ - നാല്പത്തഞ്ചു വയസ്സുവരേയുള്ള പെണ്ണുങ്ങള്‍ പിന്നീടുവന്ന ദിനങ്ങളില്‍ പരസ്പരം കുശുകുശുത്തത് ഈ ഒരു കാര്യം മാത്രം.

ശമ്പളം ലഭിച്ചിട്ട് ഒരാഴ്ചയോളം പോലുമാകാത്തതിനാല്‍, എല്ലാവരുടേയും, ബാഗില്‍ മാസപകുതികഴിഞ്ഞാല്‍ ഉള്ളതിന്നു വിപരീതമായി, നൂറിന്റേയും, ഇരുന്നൂറിന്റേയും നോട്ടുകള്‍ കരസ്പര്‍ശനമാഗ്രഹിച്ച് കിടന്നിരുന്നതെടുത്ത്, എല്ലാവരും പുതിയ വസ്ത്രങ്ങള്‍, ചുണ്ടില്‍ പുരട്ടാന്‍ ചായം, കാതില്‍ തെരു തെരെ കുത്തിയിരിക്കുന്ന എല്ലാ ഓട്ടകളിലും ഇടാന്‍ പറക്കാട്ടു ജ്വല്ലറിയില്‍ നിന്നും പൊലിപ്പുള്ള ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ കമ്മലുകള്‍, കാശി മാലകള്‍ തുടങ്ങിയവ നിര്‍ലോഭം വാങ്ങി.

അയ്യരല്ലേ, ഒന്നു നാടനായ് കളയാം എന്നു കരുതി, ജീന്‍സും, മൈക്രോ മിനിയും, റ്റോപ്പും എല്ലാം അലമാരിയിലേക്ക് തിരിച്ച് വച്ച്, കാഞ്ചീപുരം കസവു സാരി ചുറ്റി, മുല്ലപ്പൂ തലയില്‍ ചൂടി ചില തമിള്‍ മങ്കമാര്‍ ഓഫീസിലേക്ക് വരുന്ന കാഴ്ച കണ്ട് ഞങ്ങള്‍ ആണ്‍ പ്രജകള്‍ കോരി തരിച്ചു.

വിവാഹിതരെങ്കിലും, ഇടക്കൊക്കെ ഞങ്ങളോട് കൊച്ച് വര്‍ത്തമാനം പറയാറുള്ള മങ്കകള്‍ ഞങ്ങളെ കാണുമ്പോള്‍ തലതിരിച്ച് നടന്നു പോകുമ്പോള്‍ ഞങ്ങളാണുങ്ങള്‍ക്ക് സുന്ദര്‍ അയ്യരോട് അസൂയയും, ദ്വേഷ്യവും തോന്നി.

അങ്ങനെ മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ് പോയി. നാലാം ദിവസം വന്നു.

ഓഫീസിലെത്തിയ ഞങ്ങള്‍ ആണുങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി. ഒട്ടു മിക്ക സ്ത്രീകളും, സാരിയില്‍. എല്ലാവരും, മുല്ലപ്പൂ ചൂടി, പൌഡര്‍ പൂശി, വലിയ ചാന്ത് പൊട്ട് കുത്തി, കണ്ണെഴുതി, കാശി, രാമേശ്വര,വൈശാലി, സില്‍ക്ക് തുടങ്ങിയ പേരുകളിലറിയപെടുന്ന മാലകളും, അയ്യപ്പന്‍ വിളക്കിന് കുരുത്തോല ഞാത്തുന്നതുപോലെ, കാതില്‍ കാലിഞ്ച് മുതല്‍ ആറിഞ്ച് വരെ നീളം വരുന്ന കമ്മലുകളും ഞാത്തി, വിലയേറിയ സുഗന്ദ ദ്രവ്യങ്ങള്‍ മേലാകെ പുരട്ടി, ചുണ്ടിലൊരു പുഞ്ചിരിയുമണിഞ്ഞ് അവനവന്റെ ഇരിപ്പിടത്തില്‍ ഇരിക്കുന്ന ആ കാഴ്ച, ദൈവമേ ഒന്നു കാണേണ്ട കാഴ്ച തന്നെ.

സുന്ദരയ്യര്‍ ഏതു നിമിഷവും വരാം. അക്ഷമരായ പെണ്‍ പ്രജകളും, ഈ മൊതലിനെ ഒന്നു കാണാനുള്ള കൊതിയില്‍ ആണ്‍ പ്രജകളും.

എല്ലാവരും വലിയ കോണ്‍ഫറന്‍സ് റൂമിലേക്ക് വരണമെന്ന് റിസപ്ഷനിസ്റ്റ് വന്ന് പറഞ്ഞപ്പോള്‍, കാര്യം മനസ്സിലായി, സുന്ദര്‍ അയ്യര്‍ എത്തി കഴിഞ്ഞു.

ഒടുക്കത്തെ സസ്പന്‍സിന് അറുതി വരാന്‍ പോകുന്നു. എല്ലാവരും കോണ്‍ഫറന്‍സ് മുറിയിലേക്ക് പാഞ്ഞു.

വാതില്‍ തുറന്നെല്ലാവരും അകത്തു കടന്ന് കോണ്‍ഫറന്‍സ് ടേബിളിന്നു ചുറ്റും നിരന്നു നിന്നു. കോണ്‍ഫറന്‍സ് റ്റേബിളിന്റെ അങ്ങേ തലക്കല്‍ ആജാനു ഭാഹുവായ എക്സ് എഫ് എം മനിന്ദര്‍ നില്‍പ്പുണ്ട്. എവിടെ സുന്ദര്‍ അയ്യര്‍? ഞങ്ങള്‍ പരസ്പരം അങ്ങോട്ടും, ഇങ്ങോട്ടും നോക്കി.

ഹായ് ഫ്രണ്ട്സ്. മീറ്റ് മിസ്റ്റര്‍ സുന്ദര്‍ അയ്യര്‍, യുവര്‍ ന്യൂ ഫിനാന്‍സ് മാനേജര്‍ എന്ന് മനിന്ദര്‍ പറഞ്ഞപ്പോള്‍,
എല്ലാവരുടേയും സസ്പെന്‍സവസാനിപ്പിച്ചു കൊണ്ട്, മനിന്ദറിന്റെ പിന്‍പില്‍ നിന്നും ഒരു രൂപം മുന്നിലേക്ക് വന്നു.

ആ രൂപത്തെ കണ്ടതും, ഇരുട്ടടി കൊണ്ടതുപോലെ, എല്ലാ പെണ്ണുങ്ങളും ഞെട്ടുന്നത് കണ്ട് പുറത്തേക്ക്
വന്ന ചിരി ഞങ്ങള്‍ ആണ്‍ പ്രജകള്‍ അടക്കിപിടിച്ചു.

ഞാന്‍ റീ കണ്‍ഫേം ചെയ്യുന്നതിനായി ആ രൂപത്തിന്റെ പേര്‍ ഒന്നുകൂടി ചോദിച്ചു.

അയാം സുന്ദര്‍ അയ്യര്‍.

അയ്യോ, പാവം. സൌന്ദര്യ ദേവതയെങ്ങാനും ആ വഴിക്ക് വന്നിരുന്നെങ്കില്‍, സുന്ദര്‍ എന്ന പേരിനെ അപമാനിക്കുന്നതിനാല്‍ ആ രൂപത്തിനെ ഇടം വലം നോക്കാതെ പെരുമാറിയേനെ.

അഞ്ചടി രണ്ടിഞ്ച് ഉയരം. തടിച്ചുരുണ്ടതും, കറുത്തിരുണ്ടതുമായ ശരീരം. ചിരിക്കുമ്പോള്‍, നോക്കുന്നവന്റെ കണ്ണില്‍ ഗ്ലയറടിക്കുന്നതരത്തില്‍ വെളുത്തതും, തിളക്കമേറിയതുമായ പല്ലുകള്‍. അദ്ദേഹത്തിന്റെ പെട്ട തലക്കുമുന്‍പില്‍ എന്റെ പെട്ട തല വെറും നിഷ്പ്രഭം. ഇടത്തേ പുരികം അവസാനിക്കുന്ന സ്ഥലത്തു നിന്നും കീഴോട്ടിറങ്ങി താഴെ മൂക്കിന്റെ മുക്കാല്‍ ഭാഗത്തോളം ചെന്ന് തിരിച്ച് മുകളിലേക്ക് കയറി വലത്തേ പുരികം അവസാനിക്കുന്ന സ്ഥലം വരെ ഇട്ടിരിക്കുന്ന ഒരു കളഭക്കുറി (ഇംഗ്ലീഷിലെ യു അക്ഷരം പോലെ), നെറ്റിക്ക് ഒത്ത നടുവില്‍ ഒരു ചുമന്ന പൊട്ട്. കഴുത്തില്‍ പട്ടിക്ക് ബെല്‍റ്റിട്ടപോലെയുള്ള ഒരു കറുത്ത ചരട്, മഡ്രാസ് ചെക്കുകളുള്ള ഷര്‍ട്ട്, വെളുത്ത പാന്റ് (കറുത്ത ശരീരത്തിന്നെന്തു മ്യാച്ച്), വലം കയ്യില്‍ കെട്ടിയിട്ടിരിക്കുന്ന ഒരു ചെറിയ മഞ്ഞ സഞ്ചിയില്‍ തന്റെ വലം കൈ നിക്ഷേപിച്ചിരിക്കുന്നു (ഇത്തരക്കാരെ ബര്‍ ദുബായ് അമ്പലത്തില്‍ മുന്‍പ് പലപ്പോഴും കണ്ടിട്ടില്ലായിരുന്നെങ്കില്‍, പാവത്തിന്റെ കൈപത്തി ഏതോ അപകടത്തില്‍ നഷ്ടപെട്ടതാണെന്ന് ഞാന്‍ കരുതിയേനെ). ഇതാണ് സുന്ദര്‍ അയ്യറുടെ ഒരു ബ്രീഫ് സ്കെച്ച്. (ഇനി മുതല്‍ ഞാന്‍ ഈ കഥാ പാത്രത്തെ വെറും അയ്യര്‍ എന്നു വിളിക്കുന്നതാകുന്നു).

അടുത്തതായി ഓരോരുത്തരേയായി അദ്ദേഹത്തിന്ന് പരിചയപെടുത്തുന്ന സംഭവമാണ്.

മീറ്റ് കുറുമാന്‍, എറ്റവും അരികില്‍ നില്‍ക്കുന്ന എന്നെ തന്നെ ആദ്യം വിളിച്ചു പരിചയപെടുത്താന്‍ മനീന്ദര്‍ തുനിഞ്ഞു.

ഹസ്തദാനത്തിനായി ഞാന്‍ കൈനീട്ടി, പാമ്പ് മാളത്തിന്റെ ഉള്ളില്‍ നിന്നും പുറത്തു വരുന്നതുപോലെ, സഞ്ചിയില്‍ നിന്നും അയ്യരുടെ കൈ പുറത്തേക്ക് വന്നു. പിന്നെ സഞ്ചിയോടെ തന്നെ മുകളിലേക്ക് പൊന്തി, എനിക്ക് ഹസ്തദാനം തന്നു. പിന്നെ പറഞ്ഞു, ഹരേ രാമ:.

എന്റെ ദൌത്യം കഴിഞ്ഞ സന്തോഷത്തില്‍ ഞാന്‍ കോണ്‍ഫറന്‍സ് മുറിയില്‍ നിന്നും എന്റെ ഇരിപ്പിടത്തിലേക്ക് തിരിഞ്ഞു നടന്നു. കോണ്‍ഫറന്‍സ് റുമില്‍ നിന്നും ഹരേ രാമ വിളികള്‍ അലയടിച്ചുകൊണ്ടേ ഇരുന്നു.

തുടരും............

Wednesday, July 12, 2006

പരേഡ് സാവധാന്‍

എട്ടാം ക്ലാസിലേക്ക്‌ പതിവുപോലെ നല്ല മാര്‍ക്കോടെ (?) ജയിച്ച്‌, സ്കൂള്‍ തുറന്ന് ഒരു മാസത്തോളം കഴിഞ്ഞുകാണണം. ഉച്ചക്കൂണു കഴിഞ്ഞ്‌ പതിവുപോലെ, വെറുതെ പെണ്‍കുട്ടികളുടെ വായില്‍ നോക്കുവാന്‍ പല പല ക്ലാസ്സുകളുടെ മുന്‍പിലൂടെ നടക്കുന്നതിനിടയിലാണ്‌ നോട്ടീസ്‌ ബോര്‍ഡില്‍ പതിപ്പിച്ചിരിക്കുന്ന ആ നോട്ടീസ്‌ ശ്രദ്ധയില്‍ പെട്ടത്‌.

എന്‍ സി സിയില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ നാലുമണിക്ക്‌ സ്കൂള്‍ വിട്ടതിന്നു ശേഷം ഗ്രൗണ്ടില്‍ വരുക.

ആ നോട്ടീസുകണ്ടതും, അലക്കി തേച്ച, കാക്കി ഷര്‍ട്ടും, ട്രൗസറും, ചുമന്ന പന്തു വച്ച ചട്ടി തൊപ്പിയും, ചുമന്ന ബൂട്ട്സുമിട്ട്‌ ഏക്‌, ദോ, ഏക്‌ എന്നുള്ള അലറലലിന്നൊപ്പം തന്നെ അച്ചടക്കത്തോടെ നടന്നുപോകുന്ന സീനിയര്‍ ചേട്ടന്മാരുടെ മുഖങ്ങള്‍ എന്റെ മനസ്സിലേക്കും, ഇലയില്‍ ചുരുട്ടി പൊതിഞ്ഞ വുഡ്ലാന്‍സിലെ മസാലദോശയുടെ മണം എന്റെ നാസാരന്ധ്രത്തിലേക്കും വെറുതെ കയറി വന്നു.

നാലുമണിക്ക്‌ ബെല്ലടിച്ചതും, പുസ്തകെട്ടുമെടുത്ത്‌ ഞാന്‍ ഗ്രൗണ്ടിലേക്ക്‌ പാ‍ഞ്ഞു.

ഓടി പിടച്ച്‌ ഗ്രൗണ്ടിലെത്തിയപ്പോള്‍, അവിടെ ഒരു വലിയനിര തന്നെ നിരന്നുനില്‍ക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ചയാണ്‌ ഞാന്‍ കണ്ടതെന്നുമാത്രമല്ല, ആ നിരന്നു നില്‍ക്കുന്നവരെല്ലാം അമ്പരചുമ്പികളായവര്‍. അവിടെ കൂടി നിന്നിരുന്നവരുടെ കഴുത്തിനൊപ്പം മാത്രം എന്റെ ഉയരം. എന്നാ തടിയോ.....എന്ത്‌ തടി? എല്ലുംകൂടത്തിന്മേല്‍ തുകല്‍പൊതിഞ്ഞ പോലേയുള്ള ശരീരവും.

ഉയരം കുറഞ്ഞാലും, ജിമ്മെടുത്തെടുത്ത്‌, നല്ല കട്ട (മോഷ്ടിച്ചതാണെന്നല്ല) ശരീരത്തിന്റെ ഉടമയായ അരവിന്ദാക്ഷന്‍ മാഷാണ്‌ എന്‍ സി സി മാഷ്‌. അദ്ദേഹവും, രണ്ടു പട്ടാളക്കാരും കൂടിനിന്ന് ഹിന്ദിയില്‍ എന്തെല്ലാമോ സംസാരിക്കുന്നതിന്നടുത്ത്‌, അവര്‍ സംസാരിക്കുന്നതെല്ലാം മനസ്സിലാവുന്നുണ്ട്‌ എന്ന മുഖഭാവവുമായി എന്‍ സി സി ലീഡറായ അനിലും നില്‍ക്കുന്നുണ്ട്‌.

എന്തായാലും, അടക്കാമരം പോലെ നിവര്‍ന്നു നില്‍ക്കുന്ന ഇത്രയും ആളുകളുടെ ഇടയില്‍ നിന്നും കുരുട്ടടക്ക പോലേയുള്ള എന്നെ എന്തായാലും തിരഞ്ഞെടുക്കാന്‍ ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. എന്റെ ഉള്ളിലെ ആഴ്ചയില്‍ രണ്ടുദിവസം ഓസിന്നു മസാലദോശതിന്നാം എന്ന ആശ അതോടെ പുകയില്ലാതെ തന്നെ കെട്ടടങ്ങി.

ആശകള്‍ എരിഞ്ഞടങ്ങി എന്ന പാട്ടും പാടി, ദുഖഭാരം ചുമക്കുന്ന ദുശ്ശകുനക്കാരന്റെ മുഖഭാവത്തോടെ ഞാന്‍ ഗ്രൗണ്ടില്‍ നിന്നും തിരിച്ചു നടക്കാന്‍ തുടങ്ങിയതും പിന്നില്‍ നിന്നും ഒരു വിളി.

ഡോ, കുറുമാനെ, ഇവിടെ വാടോ.

ഞാന്‍ തിരിഞ്ഞ്‌ നടക്കാന്‍ നിന്നില്ല, പകരം, തിരിഞ്ഞോടി, കാരണം ആ വിളി അരവിന്ദാക്ഷന്‍ മാഷുടേതായിരുന്നു.

പഠിക്കാനുള്ള വിഷയങ്ങളില്‍ വളരെ നല്ല നിലയില്‍ മാര്‍ക്ക്‌ വാങ്ങിച്ചിരുന്ന രണ്ടേ രണ്ടു സബ്ജക്റ്റില്‍ ഒന്നു ഹിന്ദിയും, മറ്റേത്‌ സംസ്കൃതവുമായിരുന്നു. എന്റെ ആ ഹിന്ദി താത്പര്യമായിരിക്കുമോ മാഷുടെ വിളിക്കു പിന്നിലുള്ള പ്രചോദനം എന്നാലോചിച്ച്‌ മുഴുവനാകും മുന്‍പെ ഞാന്‍ മാഷുടേയും, ധീര ജവാന്മാരുടേയും അരികിലെത്തിചേര്‍ന്നിരുന്നതിനാല്‍ കാടുകടന്ന ആലോചനക്കവിടെ വിരമാമിട്ടു.

എന്താടോ, താന്‍ തിരിച്ച്‌ പോയത്‌?

അല്ല മാഷെ, നല്ല ഉയരവും, വണ്ണവും ഉള്ള ഇത്രയും പിള്ളേര്‍ ഇവിടെ നിരന്നു നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ എന്തിനു വെറുതെ സമയം കളയണം എന്നാലോചിച്ചപ്പോള്‍ തന്നെ തിരിഞ്ഞുപോയതാ.

ടോ മണ്ടാ, ഉയരത്തിലൊന്നും കാര്യമില്ല. ഉത്സാഹത്തിലാണ്‌ കാര്യം.

താന്‍ ഗൂര്‍ഖാ റെജിമന്റ്‌ എന്നു കേട്ടിട്ടുണ്ടോ?

ഒരു ഗൂര്‍ഖ വിസിലടിച്ച്‌, വടി നിലത്തടിച്ച്‌ ശബ്ദമുണ്ടാക്കി , അരയിലൊരു കത്തിയും ഞാത്തി, എല്ലാ മാസവും, ഒന്നാം തിയതി പട്ടാപകല്‍ നേരത്ത്‌ പൈസവാങ്ങാന്‍ വീട്ടില്‍ വരുമ്പോള്‍ കണ്ടിട്ടുണ്ടെന്നതല്ലാതെ വേറെ ഗൂര്‍ഖാ റെജിമെന്റിനെ ഞാന്‍ കേട്ടിട്ടില്ലാന്നു പോയിട്ട്‌ കണ്ടിട്ടു കൂടിയില്ല.

എടോ തന്നൊടോക്കെ ഇത്തരം ചോദ്യം ചോദിക്കാന്‍ പോയ എന്നെ തല്ലണം.

വാസ്തവം. വാസ്തവം!!

അപ്പോ പറഞ്ഞ്‌ വന്നത്‌, കടുകുമണി നിലത്ത്‌ വീണതുപോലെ ഓടി നടക്കുന്ന തന്റെ സ്വഭാവവും, പിന്നെ എരുമ കരയുന്നതുപോലെയുള്ള തന്റെ ശബ്ദവും കൂടിയായാല്‍ നല്ല ഒരു എന്‍ സി സിക്കാരനാകാം. ജവാനും.

എന്തായാലും, ഇവരോട്‌ പറഞ്ഞ്‌ തന്നെ ഞാന്‍ ചേര്‍ത്തുകൊള്ളാം എന്ന് മാഷെന്നോടു പറ‍ഞ്ഞതിന്നുശേഷം ഹിന്ദിയില്‍ ധീര ജവാന്മാരോട്‌ എന്തൊക്കെയോ സംസാരിച്ചു. എല്ലാം മനസ്സിലായെങ്കിലും ഒന്നും മനസ്സിലാവാത്തതുകൊണ്ട്‌ ഞാന്‍ മിണ്ടാതെ നിന്നു.

കയ്യിലിരുന്ന റെജിസ്റ്ററില്‍ ആദ്യ റിക്ക്രൂട്ടിന്റെ പേര്‌ മാഷെഴുതിചേര്‍ത്തു - കുറുമാന്‍.

വരിയായി നിരന്നു നില്‍ക്കുന്ന അടക്കാമരത്തോളം പോന്ന മസാലദോശ ഓസിയില്‍ തടയുമോ, ഇല്ലയോ എന്നാലോചിച്ച്‌ ടെന്‍ഷനടിച്ചു നില്‍ക്കുന്ന പിള്ളേരെ നോക്കി ഞാന്‍ വായ മുഴുവന്‍ തുറന്ന് ചിരിച്ചു കാണിച്ചു. പിന്നെ മനസ്സില്‍ കരുതി, ഭാഗ്യം ഹിന്ദിയെങ്കിലും നന്നായി പഠിക്കാന്‍ തോന്നിയത്‌. ഭാഗ്യം എന്റെ ശബ്ദം എരുമ കരയുന്നതു പോലെ ആയത്‌.

പിന്നീടു വന്ന രണ്ടു വര്‍ഷങ്ങളില്‍ ഗവണ്‍മന്റ്‌ ചിലവില്‍ മസാലദോശയും, പൊറോട്ടയും, ബണ്ണും കഴിച്ച്‌ നല്ല എന്‍ സി സി കാഡേറ്റെന്ന പേരും ഞാന്‍ സമ്പാദിച്ചു. അതിനിടെ രണ്ടു മൂന്ന് ക്യാമ്പുകളിലും ഞാന്‍ പങ്കെടുത്തു.

മൂന്നാം വര്‍ഷം, എന്‍ സി സി ക്യാപറ്റന്‍ സ്ഥാനം എനിക്ക്‌ അരവിന്ദാക്ഷന്‍ മാഷ്‌ ചാര്‍ത്തി തന്നപ്പോള്‍, പൊതുവെ വിരിഞ്ഞ നെഞ്ച്‌ ഒന്നുകൂടി വിരിപ്പിച്ച്‌ ഞാന്‍ നടന്നു.

ച്ചൊവ്വാഴ്ചകളിലും, വെള്ളിയാഴ്ചകളിലും, എന്റെ പരേഡ്‌ സാവധാന്‍, വിശ്രാം, ആഗേ മുഡ്‌, പീച്ഛേ മുഡ്‌ തുടങ്ങിയ അലറലുകള്‍ ഗ്രൗണ്ടും കടന്ന് പടിഞ്ഞാറ്‌ കണ്ടേശ്വരം മുതല്‍ കിഴക്ക്‌ ബസ്‌ സ്റ്റാന്‍ഡു വരെ ചെന്നെത്തി.

കിട്ടിയ അവസരം മുതലെടുത്ത്‌, എന്നോട്‌ താത്പര്യമില്ലാത്ത, അല്ലെങ്കില്‍ എനിക്ക്‌ താത്പര്യമില്ലാത്തെ കാഡറ്റുകളെ, തൊപ്പി ശരിക്കും വച്ചില്ല, ബെല്‍റ്റിന്റെ ബക്കിള്‍ ബ്രാസ്സോ ഇട്ട്‌ വെളുപ്പിച്ചില്ല, മടക്കി വച്ചിരിക്കുന്ന കൈക്ക്‌ നാല്‌ വിരല്‍ വീതിയല്ല, മൂന്നോ, അഞ്ചോ വിരല്‍ വീതിയാണ്‌, പരേഡ്‌ ചെയ്യുമ്പോള്‍ തെറ്റിപോയി എന്നെല്ലാമുള്ള മുട്ടു മുടന്തന്‍ കാരണങ്ങള്‍ കണ്ടെത്തി ഞാന്‍ ഗ്രൗണ്ടില്‍ തലങ്ങും വിലങ്ങും ഓടിച്ചു.

മുപ്പതിഞ്ചിന്റെ ബാരലും, ഒന്‍പതര പൗണ്ട്‌ ഭാരവുമുള്ള പോയിന്റ്‌ മുന്ന് പൂജ്യം മുന്ന്‌ (.303) റൈഫിളുപയോഗിക്കാനും, ബയണറ്റുപയോഗിച്ച്‌ ശത്രുവാണെന്നു നിനച്ച്‌ മണലും ചാക്കുകള്‍ കുത്തിക്കീറാനും, ഞാന്‍ നല്ലവണ്ണം പരിശീലിച്ചു. പിന്നേയും, ഒന്നു രണ്ട്‌ ക്യാമ്പുകളില്‍ പങ്കെടുത്തു. ദേശസ്നേഹം എന്നില്‍ ആളികത്തുമ്പോഴെല്ലാം ലീഡറെന്ന ലേബലുപയോഗിച്ച്‌ ഒരു മസാലദോശക്കു പകരം രണ്ടും മൂന്നും മസാലദോശകള്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്ത്‌ വിഴുങ്ങി.

ഒരു ജവാനാകണം, ദേശത്തെ സംരക്ഷിക്കണം എന്നെല്ലാമുള്ള സദ്‌ ചിന്തകള്‍ എന്റെ മനസ്സില്‍ ഇടക്കിടെ കുരുത്തു.

കാലം ആരേയും കാത്തുനില്‍ക്കില്ലല്ലോ, എസ്‌ എസ്‌ സി പരീക്ഷ (ഞങ്ങളുടെ ബാച്ചിനു മാത്രം ഒരെല്ല് കുറവായിരുന്നെങ്കിലെന്താ, മുറം പോലെയുള്ള സര്‍ട്ടിഫിക്കറ്റല്ലെ ലഭിച്ചത്‌), അടുക്കാറായി. എന്റെ ബൂട്സും, യൂണിഫോമും, തൊപ്പിയും, ബെല്‍റ്റുമെല്ലാം എന്‍ സി സി മുറിയില്‍ തിരിച്ച്‌ വച്ച്‌, സങ്കടത്തോട്‌ കൂടി ഞാന്‍ എന്‍ സി സിയോട്‌ വിട പറഞ്ഞു.

പരീക്ഷ കഴിഞ്ഞു, റിസല്‍റ്റ്‌ വന്നു. പ്രതീക്ഷിച്ച റാങ്ക്‌ കിട്ടിയില്ല എന്നറിഞ്ഞപ്പോള്‍ ഒരുപാട്‌ സങ്കടം തോന്നിയെങ്കിലും, അഞ്ഞൂറ്റി മുപ്പത്തിരണ്ടു മാര്‍ക്കോടെ ഞാന്‍ പാസ്സായതില്‍ ഞാനും, എന്നേക്കാളധികം എന്റെ മാതാ പിതാ ഗുരുക്കന്മാരും സന്തോഷിച്ചു ( അഞ്ഞൂറ്റി മുപ്പത്തിരണ്ടു മാര്‍ക്കെന്നുകേട്ടിട്ടാരും ഞെട്ടേണ്ട, എല്ലില്ലാത്ത പരീക്ഷക്ക്‌ മൊത്തം മാര്‍ക്ക്‌ അറുനൂറെന്നുള്ളത്‌ മാറ്റി ആയിരത്തി ഇരുന്നൂറാക്കി).

ഉന്നതമായ മാര്‍ക്ക്‌ ലഭിച്ചതുകാരണം, പ്രി ഡിഗ്രിക്ക്‌ പഠിക്കാന്‍ പേരും, പെരുമയുമേറിയ കോളേജുകളില്‍ നിന്നും ആപ്ലിക്കേഷന്‍ വാങ്ങി വീട്ടുകാരുടെ കാശ്‌ ഞാന്‍ വെറുതെ ചിലവാക്കിയില്ല, പകരം ഉന്നതിയുടെ ഉത്തുംഗശൃംഗത്തില്‍ എത്തിയിരുന്ന എന്‍ എസ്‌ എസ്‌ ആര്‍ട്സ്‌ കോളേജില്‍ ( പാരലല്‍ ) ബുദ്ധിമുട്ടി, കഷ്ടപെട്ട്‌, ഉന്നതങ്ങളില്‍ സ്വാദീനം ചെലുത്തി ഒരു സീറ്റൊപ്പിച്ചെടുത്തു.

ക്ലാസ്സു തുടങ്ങി ഒരാഴ്ചക്കകം ആര്‍ട്സ്‌ എന്നാല്‍, പന്നിമലത്ത്‌, മുച്ചീട്ട്‌, കൊള്ളിമോഷണം (കപ്പ), തേങ്ങയെറിഞ്ഞുവീഴ്ത്തല്‍ തുടങ്ങിയയാണെന്ന് ഞാന്‍ പഠിച്ചു.

ജന്മസിദ്ധമായ എന്റെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ പറ്റിയ ഗുരുകുലത്തില്‍ തന്നെ എത്തിപെട്ടതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.

ആദ്യം വര്‍ഷം കഴിഞ്ഞ്‌, രണ്ടാം വര്‍ഷം പകുതിയായപ്പോള്‍ മലയാളത്തിലെ ന്യൂസ്‌ പേപ്പറായ പേപ്പറുകളില്‍ മുഴുവന്‍ പരസ്യം.

മിലിട്ടറിയിലേക്ക്‌ നോണ്‍ ടെക്നിക്കല്‍ വിഭാഗത്തിലേക്ക്‌ പതിനേഴിനും ഇരുപത്തൊന്നിനും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ്‌ പാസായ ആളുകളെ തിരഞ്ഞെടുക്കുന്നു. അഞ്ചടി അഞ്ചിഞ്ച്‌ ഉയരം, നാല്‍പത്തിയഞ്ചുകിലോ തൂക്കം, കണ്ണിനു സാധാരണകാഴ്ച ശക്തി തുടങ്ങിയ മറ്റു സ്ഥിരം നമ്പറുകളും പരസ്യത്തില്‍ പറന്‍ഞ്ഞിരുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും, മറ്റ്‌ രേഖകളുമായി കോഴിക്കോട്‌ വെസ്റ്റ്‌ ഹില്ലിലുള്ള മിലിറ്ററി റിക്രൂട്ടിങ്ങ്‌ കേന്ദ്രത്തിലേക്ക്‌ ഇരുപതാം തിയതി രാവിലെ എട്ടുമണിക്ക്‌ തന്നെ എത്തേണ്ടതാണ്‌.

കോളേജിലൊരുമിച്ച്‌ ആര്‍ട്സ്‌ പഠിക്കുന്ന (പന്നിമലത്ത്‌ കളിക്കുന്ന) എന്റെ കൂട്ടുകാരായ പ്രമോദ്‌, ഷിബു, വിശ്വംഭരന്‍ എന്നിവരും രാജ്യത്തെ സ്നേഹിക്കാനും, സേവിക്കുവാനുമായി പട്ടാളത്തില്‍ ചേരാം എന്നു സമ്മതിച്ച്‌ എന്റെ കൂടെ കോഴിക്കോട്ടേക്ക്‌ വരാമെന്നേറ്റു.

ഭാരം അല്‍പം കുറവാണോ എന്ന സംശയം ഉണ്ടായിരുന്നതിനാല്‍, അന്നു മുതല്‍ ഭക്ഷണം കഴിക്കുന്നതിന്റെ അളവ്‌ ഞാന്‍ ഇരട്ടിയാക്കിയത്‌ കൂടാതെ, കോഴിമുട്ട, പുഴുങ്ങിയ നേന്ത്രപഴം എന്നിവയും, ഞാന്‍ അഡീഷനലായി മെനുവില്‍ കയറ്റി.

പിന്നീടുള്ള ദിവസങ്ങളില്‍ എന്റെ സ്വപ്നങ്ങളില്‍ മുഴുവന്‍ പട്ടാളജീവിതമായിരുന്നു. കബാബ്‌ കമ്പിയില്‍ കോര്‍ക്കുന്നതുപോലെ, പാക്ക്‌ ജവാന്മാരെ എന്റെ തോക്കിന്റെ ബയണറ്റില്‍ കുത്തികോര്‍ക്കുന്നതും, കല്ലെറിഞ്ഞ്‌ മാങ്ങ വീഴ്ത്തുന്നതുപോലെ പാക്കിഭടന്മാരുടെ തലകള്‍ വെടിവെച്ചിടുന്നതും സ്വപ്നം കണ്ട്‌ ഞാന്‍ പൊട്ടിചിരിച്ചു. ഇടക്കിടെ സ്വപനത്തില്‍ പാക്ഭടന്മാരുടെ ഗ്രെനേഡേറില്‍ നിന്നും രക്ഷപെടുവാനായ്‌ ട്രെഞ്ചിലൊളിക്കുന്നതിനായ്‌ ഞാന്‍ ഉറക്കത്തില്‍ തന്നെ കട്ടിലില്‍ നിന്നുമിറങ്ങി, കട്ടിലിന്റെ അടിയില്‍ ചെന്നുകിടന്നു.

പറമ്പിലെ തെങ്ങിനെ വെള്ളം തിരിച്ചുവിടുന്നതിനിടയില്‍ ഉച്ചത്തില്‍ പരേഡ്‌ സാവധാന്‍, വിശ്രം എന്നെല്ലാം അലറിവിളിച്ച്‌ എന്റെ എന്‍ സി സി ഓര്‍മ്മകള്‍ ഞാന്‍ പുതുക്കി.

എന്റെ നടത്തം മുഴുവനായും മാര്‍ച്ച്‌ പാസ്റ്റ്‌ രീതിയിലായെന്നു മാത്രമല്ല, ഏക്‌ ദോ ഏക്‌, ഏക്‌ ദോ ഏക്‌ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഞാന്‍ നടന്നിരുന്നത്‌.

സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ പട്ടിക്കേറുകൊണ്ടതുപോലെ വീടിനു ചുറ്റും കിടന്ന് ഞാന്‍ ഓടി.

അതു കണ്ട എന്റെ അമ്മ ഏതു പട്ടാളക്കാരന്റെ പ്രേതമാണോ എന്റെ മോന്റെ ശരീരത്തില്‍ കയറിയത്‌ എന്റെ കൂഡല്‍മാണിക്യമേ എന്ന് താടിക്ക്‌ കൈയും കൊടുത്ത്‌ കഷ്ടം വെച്ചു.

പത്തൊമ്പതാം തിയതി ഞാനും, പ്രമോദും, ഷിബുവും, വിശ്വംഭരനും, കോഴിക്കോട്ടേക്ക്‌ യാത്രതിരിച്ചു. കോഴിക്കോടെത്തി വെസ്റ്റ്‌ ഹില്‍ മിലിട്ടറി റിക്രൂട്ടിങ്ങ്‌ ക്യാമ്പില്‍ നിന്നും അതികം ദൂരെയല്ലാത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തു, പിന്നെ ഞങ്ങള്‍ നഗരം ചുറ്റി കറങ്ങാന്‍ ഇറങ്ങി.

മധുരപതിനേഴുകാരായ നാലു ചുണക്കുട്ടന്മാരെ കണ്ട്‌ മിട്ടായിയും, കപ്പലണ്ടിയുമായ്‌ പല പല അപ്പൂപ്പന്മാര്‍ ഞങ്ങളുടെ ചങ്ങാത്തം കൂടാന്‍ ശ്രമിച്ചപ്പോഴൊക്കെയും, ഞങ്ങളുടെ ചാരിത്ര്യം രക്ഷിക്കാന്‍ ഞങ്ങള്‍ സമര്‍ത്ഥമായി ഒഴിഞ്ഞുമാറി.

ഇരുപതാം തിയതി രാവിലെ ആറുമണിക്ക്‌ തന്നെ എഴുന്നേറ്റു. കുളിച്ച്‌ ഈശ്വരനേ പ്രാര്‍ത്ഥിച്ച്‌, താമസിക്കുന്നതിന്റെ താഴേയുള്ള ഹോട്ടലില്‍ ചെന്ന് വെള്ളേപ്പവും, മുട്ടറോസ്റ്റും ഓര്‍ഡര്‍ ചെയ്തത്‌ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍, ഹോട്ടലിന്റെ മുതലാളി ഞങ്ങളോടൊരു ചോദ്യം.

മിലിട്ടറിയില്‍ ചേരാന്‍ ബന്നതാണോ?

അതെ, എന്ന് ഞങ്ങള്‍ നാലുപേരും ഒരുമിച്ച്‌ പറ‍ഞ്ഞു.

പിന്നെ എന്നോട്‌ മാത്രമായൊരു ചോദ്യം. അനക്കതിന്‌ നാല്‍പത്തഞ്ചുകിലോ തൂക്കം ഉണ്ടോ?

ഉണ്ടെന്നു തോന്നുന്നു.

തോന്നിയാല്‍ പോര, നാല്‍പത്തഞ്ചുകിലോ തൂക്കം ചുരുങ്ങിയത്‌ ബേണം.

ഇജ്ജ്‌ ങ്ങട്‌ ബരീന്‍, ഈ മെസീനില്‍ കേറി തൂക്കം നോക്ക്‌.

കാഷ്‌ കൗണ്ടറിന്നരികില്‍ വച്ചിരിക്കുന്ന വെയിങ്ങ്‌ മെഷീനില്‍ ഞാന്‍ കയറി നിന്നു. ഭാരം നാല്‍പത്തിമൂന്നര.

ഈ തൂക്കം ബച്ച്‌ അനക്ക്‌ മിലിട്ടറിയില്‍ ചേരാന്‍ കഴിയൂല. പച്ചേങ്കില്‌, ബേറൊരു വഴീണ്ട്‌. നോക്കണാ?

അതെന്തു വഴി? ഞാന്‍ അതിശയോക്തി പൂണ്ടു.

ജ്ജ്‌ അബടെ കുത്തിയിരി. എല്ലാം ഞാന്‍ ശരിയാക്കാം എന്നും പറഞ്ഞ്‌, ആള്‍ ഒറ്റ വിളി ഡാ സലീമേ, ഒരു രണ്ടുകിലോ കൂട്ടണം.

ഒരു പത്ത്‌ മിനിട്ട്‌ കഴിഞ്ഞപ്പോള്‍ ഒരു വലിയ പാത്രത്തില്‍ അഞ്ചാറു പുഴുങ്ങിയ നേന്ത്രപഴം, നാലഞ്ചു പുഴുങ്ങിയ മുട്ട, ഒരു ലോട്ട നിറയെ പാല്‌ തുടങ്ങിയ സാധനങ്ങള്‍ സലീം എന്റെ മുന്‍പില്‍ കൊണ്ടു വന്നു വച്ചതു കണ്ടപ്പോള്‍ എന്റെ പൊതുവെ പുറത്തേക്ക്‌ തള്ളിയ കണ്ണ് ഒന്നുകൂടെ തള്ളിവന്നത്‌ കണ്ട്‌, ഷിബുവും, പ്രമോദും, വിശ്വംഭരനും ചിരിച്ചു.

കടയുടെ മുതലാളി എന്റെ അരികിലേക്ക്‌ വന്നു, പിന്നെ പറഞ്ഞു, ജ്ജ്‌ മെനക്കെട്ടായാലും, ഇത്‌ മുയുമനും തിന്നോ. രണ്ടല്ല, രണ്ടരകിലോ കൂടികൊള്ളും.

അരമണിക്കൂര്‍ പ്രയത്നത്തിനൊടുവില്‍ അഞ്ച്‌ പുഴുങ്ങിയ നേന്ത്രപഴവും, നാലു മുട്ടയും, അര ലോട്ട പാലും വയറ്റിലാക്കി.

ഇനി തൂക്കം നോക്കിക്കോളീന്ന് അയാള്‍ പറഞ്ഞപ്പോള്‍, ചെന്ന് തൂക്കം നോക്കി നാല്‍പത്തിയഞ്ചുകിലോ അറുന്നൂറ്‌ ഗ്രാം ഭാരം. ആവൂ ആശ്വാസം.

നല്ലൊരു തുക ബില്ലുകൊടുത്ത്‌, ഞങ്ങള്‍ വെസ്റ്റ്‌ ഹില്‍ റിക്രൂട്ടിങ്ങ്‌ സെന്ററിലേക്ക്‌ നടന്നു. മറ്റുള്ളവര്‍ മര്യാദക്ക് നടന്നപ്പോള്‍, ഞാന്‍ പത്തുമാസം ഗര്‍ഭിണി നടക്കുന്നതുപോലെ, വയറ്റില്‍ കൈ വച്ച്‌, ഏന്തിയേന്തി നടന്നു.

ഇടക്കിടെ വന്ന ഏമ്പക്കം ഞാന്‍ അടക്കിപിടിച്ചു. ഇനി ഭാരമെങ്ങാനും കുറഞ്ഞാലോ?

മലകയറി റിക്രൂട്ടിങ്ങ്‌ സെന്ററില്‍‍ ചെന്ന് ലൈനില്‍ നിന്ന് ആദ്യ കടമ്പയായ, ആപ്ലിക്കേഷന്‍ പൂരിപ്പിച്ച്‌ നല്‍കി. പിന്നെ അവിടെ ഇരുന്നിരുന്ന പട്ടാളക്കാരന്‍ എന്റെ സെര്‍ട്ടിഫിക്കറ്റ്‌ വാങ്ങി നോക്കി,പിന്നെ മറ്റൊരു കടലാസ്സ്‌ കയ്യില്‍ നല്‍കി. ഇനി അടുത്ത കടമ്പ കണ്ണിന്റെ കാഴ്ച പരിശോധന. അതും കടന്നു. പിന്നെ വന്നത്‌, ഉയരം അളന്ന് നോക്കല്‍, അതും കടന്നു, പിന്നീട്‌ വന്നത്‌ നെഞ്ചളവ്‌ - വിരിച്ചു നിന്ന നെഞ്ചിന്റെ അളവെടുക്കാന്‍ അയാളുടെ കയ്യിലെ ടേപ്പിന്റെ നീളം തികയുമായിരുന്നില്ലാത്തതിനാല്‍ അതും കടന്നു. അടുത്തത്‌ ഭാരം നോക്കല്‍ - ദൈവമേ, മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ എനിക്കവസരം നല്‍കണമേ എന്ന് പ്രാര്‍ത്ഥിച്ച്‌ വെയിംഗ്‌ മെഷീനില്‍ ഞാന്‍ കയറി നിന്നു.

ദൈവം കാത്തു. അതിലും പാസ്‌. എന്റെ സന്തോഷത്തിനതിരില്ലാതിരുന്ന നിമിഷം. നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു?

അവിടെ നിന്നും മറ്റൊരു ശീട്ടെഴുതി തന്നു. എന്നിട്ട്‌ ഗ്രൗണ്ടിന്റെ മറ്റേ അറ്റത്തുള്ള കൗണ്ടറില്‍ പോകാന്‍ പറന്‍ഞ്ഞു. വയറു നിറഞ്ഞിട്ട്‌ ശ്വാസം പോലും മര്യാദക്ക്‌ ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒന്ന് രണ്ടിനുപോയി, എവിടേയെങ്കിലും കുറച്ചു നേരം കിടന്നാല്‍ ശരിയാകുമായിരിക്കും.

ഓരോ അടി മുന്നോട്ട്‌ വെക്കുമ്പോഴും, അടിയിലുള്ള പ്രഷര്‍ കൂടി കൂടി വന്നു. നടന്ന് നടന്ന് അടുത്ത കൗണ്ടറില്‍ എത്തിയപ്പോഴേക്കും ഒരടികൂടി മുന്നിലേക്ക്‌ വക്കാന്‍ പറ്റാത്ത അവസ്ഥ.

അടുത്ത കൗണ്ടറില്‍ എത്തി പേപ്പര്‍ വാങ്ങി നോക്കി എന്നിട്ട്‌ പറഞ്ഞു, ഗ്രൗണ്ടിലേക്ക്‌ പൊയ്ക്കൊള്ളൂ. ഇനി കായിക ബലപരിശോധനയാണ്‌. അതായത്‌, ഓട്ടം ചാട്ടം തുടങ്ങിയവ.

എന്റെ ദൈവമേ, ഓടാന്‍ പോയിട്ട്‌ നേരാം വണ്ണം നടക്കാന്‍ കൂടി പറ്റാത്ത എന്നോട്‌ ചാടാന്‍ പറഞ്ഞാലുള്ള അവസ്ഥയെ ഞാന്‍ ഒന്ന് വിഷ്വലൈസ്‌ ചെയ്ത്‌ നോക്കി.

റെഡി വണ്‍, റ്റൂ, ത്രീ....ഞാന്‍ ചാടാന്‍ തുടങ്ങുന്നു. വയറിലുള്ള മൊത്തം പ്രഷറും മൂട്ടിലേക്കിറങ്ങുന്നു. ഞാന്‍ ചാടുന്നതും, ശ്രീഹരിക്കോട്ടയില്‍ റോക്കറ്റിന്റെ മൂട്ടില്‍ തീകൊളുത്തുമ്പോള്‍ റോക്കറ്റ്‌ കുതിക്കുന്നതുപോലെ, എല്ലാം പ്രഷറും റിലീസായി ഞാന്‍ വായുവിലേക്ക്‌ കുതിച്ചുയരുന്നു, പിന്നെ തലയും കുത്തി താഴെവീണ്‌ കഴുത്തൊടിഞ്ഞ്‌ മരിക്കുന്നു.

ഇല്ല അതൊരിക്കലും വീരമൃത്യുവാകില്ലെന്നു മാത്രമല്ല, പകരം ഒരു നാറിയ മൃത്യവുമാകും അത്‌.

വേണ്ട, എനിക്ക്‌ പട്ടാളത്തില്‍ ചേരേണ്ട. ഭാരതാമ്പയെ കാക്കാന്‍ വേറേയും ആണ്‍കുട്ടികള്‍ ഈ ഭാരതഭൂമിയിലുള്ളപ്പോള്‍, എന്തിന്ന് വല്ല പാക്ക്‌ ഭടന്റേയും വെടിയുണ്ടക്ക്‌ ഞാന്‍ ഇരയാകണം?

ഞാന്‍ പട്ടാളത്തില്‍ ചേരുന്നില്ല എന്ന വിവരം ഒഫീഷ്യലായി ഓഫീസര്‍മാരേയും, പിന്നെ എന്റെ കൂട്ടുകാരേയും ഞാന്‍ അറിയിച്ചു.

ഞാന്‍ ചേരുന്നില്ല എന്നറിഞ്ഞതോടെ, എന്നാല്‍ പിന്നെ ഞങ്ങളും ചേരുന്നില്ല എന്ന് മറ്റു മൂന്നു പേരും പറഞ്ഞ് എന്റെ തീരുമാനത്തില്‍ പങ്കാളികളായി.

ഞങ്ങള്‍ നാലുപേരും തിരിച്ചു നടക്കുമ്പോള്‍, കൊമ്പന്‍ മീശ വച്ച ധീര ജവാന്റെ ഹിന്ദിയിലുള്ള തെറി ഞങ്ങള്‍ക്ക്‌ പുറകിലായി‍ മുഴങ്ങി കേട്ടു.

Tuesday, July 04, 2006

ജമാല്‍ക്കോട്ട

ഒരുമയുണ്ടെങ്കില്‍ എരുമയിറച്ചിയും തിന്നാം, എന്ന പോളിസി പ്രകാരം, ഹിന്ദു, മുസ്ലീം, കൃസ്ത്യാനി, തുടങ്ങി നാനാ മതക്കാരായ, കേരളം മുതല്‍ കാശ്മീര്‍ താഴ്വരകളില്‍ നിന്നും വന്നവര്‍ കൂടാതെ, ഐക്യ അറബ് നാടുകള്‍ തുടങ്ങി, സൌത്താഫ്രിക്ക, ഈജിപ്ത്, ഇംഗ്ലാണ്ടാദി സ്ഥലങ്ങളില്‍ നിന്നും വന്നവര്‍ വരെ ഒരേ ഓഫീസില്‍, ഒരേ കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ കീഴില്‍, പല പല ക്യൂബിക്കിളുകളില്‍ ഇരുന്നായിരുന്നു പണി ചെയ്യ്തിരുന്നതെങ്കിലും, ഓഫീസിലെ ഒരേ ഒരു ഫ്രിഡ്ജില്‍. അവനവന്റെ വീട്ടില്‍ നിന്നും കൊണ്ടു വരുന്ന പ്രാതല്‍, ഉച്ച ഭക്ഷണം, ജ്യൂസുകള്‍, ലബാന്‍ അപ് (മോര് - നാട്ടിലെ ഫ്രൂട്ടി പോലെ കടലാസ്സ് പാക്കറ്റിലാണിത് ലഭിക്കുന്നത്), പഴങ്ങള്‍, ഇത്യാദി ഈറ്റബിള്‍സ് രാവിലെ കയറ്റി വച്ച് വയറിന്റെ ആവശ്യാനുസരണം പല പല സമയങ്ങളിലായി കഴിച്ച് നിര്‍വൃതിയടഞ്ഞു പോരുന്നതിന്നിടയിലൊരു ദിവസം, രാത്രിയിലെ ആര്‍മാദത്തിന്റെ പരിണിതഫലമായി, ശരീരത്തിലെ ജലാംശം വറ്റി ദാഹം, ദേഹത്തെ കീഴടക്കി, തൊണ്ട വര‍ണ്ടുണങ്ങിയ നേരത്ത്, രാവിലെ കൊണ്ടു വന്ന് ഫ്രിഡ്ജില്‍ തണുപ്പിക്കാന്‍ വച്ചിരുന്ന ലെബാന്‍ അപ് കുടിച്ചു ദാഹശമനം വരുത്താം എന്നുകരുതി ഫ്രിഡ്ജ് തുറന്ന്, നോക്കിയിട്ടും ലെബാന്‍ അപ് മാത്രം കാണുന്നില്ല.

മോര് പോയാല്‍ ഫ്രീസറിലും തപ്പണം എന്നാരും പറഞ്ഞിട്ടില്ലെങ്കിലും, ഫ്രീസര്‍ മുതര്‍ ഫ്രിഡ്ജിന്റെ ഉള്ളിലെ ഓരോരോ ഭാഗവും ഞാന്‍ സൂക്ഷിച്ച് സൂക്ഷമ പരിശോധന നടത്തിയിട്ടും, ലെബാന്‍ അപ് പോയിട്ട് അതിന്റെ കവറ് പോലും ഫ്രിഡ്ജിലെന്നല്ല, പാന്ട്രിയില്‍ എങ്ങും തന്നെ കണ്ടെത്തിയില്ല.

ദാഹത്താല്‍ വലഞ്ഞ് തൊണ്ട വരണ്ടുണങ്ങി ഒരു വഴി, പെരുവഴിക്കായ ഞാന്‍, തണുത്ത വെള്ളം കുടിച്ച് ദാഹശമനം നടത്തി. ആരെങ്കിലുംദാഹിച്ചപ്പോള്‍ എടുത്തു കുടിച്ചതായിരിക്കൂം എന്ന ഒരാത്മഗതത്തോടെ എന്റെ ക്യുബിക്കിളിലേക്ക് ചേക്കേറി.

ആ ആഴ്ചയിലും, തുടര്‍ന്ന് വന്ന ആഴ്ചയിലും, രണ്ടുമൂന്നു തവണ എന്റെ ലെബാന്‍ അപ് അപ്രത്യക്ഷമായി. ബുധനാഴ്ച ഏതാണ്ടൊരു പന്ത്രണ്ടുമണിയോടടുത്ത നേരത്ത്, ദാഹം മൂര്‍ച്ചിച്ഛ നേരം, രാവിലെ കൊണ്ടു വച്ച, ലെബാന്‍ അപ് കുടിക്കുവാന്‍ ഫ്രിഡ്ജില്‍ തപ്പിയ എനിക്ക് വീണ്ടും മോഷണത്തിന്നിരയാകേണ്ടി വന്നു!

എന്തായാലും, കാര്യങ്ങള്‍ ഒന്നു ഉറ്റ സഹപ്രവര്‍ത്തകരും, അതിലേറെ കൂട്ടുകാരുമായവരോടൊന്നു ഡിസ്കസ്സ് ചെയ്യാമെന്നു ഞാന്‍ മനസ്സില്‍ കരുതി. ഉച്ചക്കുണ്ണാനായി ഏറ്റവും വൈകി ഒരു രണ്ടു രണ്ടരക്ക് ഡൈനിങ് റുമില്‍ പോകുന്നത് ഷെര്‍ലിയും, ബിന്ദുവും, സ്റ്റീവനും,ടെരന്‍സും, കെവിനും, വിനോദും, നാരായണനും, ഞാനുമാണ്.

അവനവന്റെ ഭക്ഷണം ചൂടാക്കി പ്ലെയിറ്റിലോ, കൊണ്ടു വന്ന ഐസ്ക്രീം ഡബ്ബയില്‍ തന്നേയുമോ, സ്പൂണും, മുന്നു കൊമ്പുള്ള ഫോര്‍ക്കും ഉപയോഗിച്ച് മറ്റുള്ളവര്‍ കഴിക്കുമ്പോള്‍, ഞങ്ങള്‍ കേരള പുത്രന്മാര്‍ അഞ്ച് കൊമ്പുള്ള കൈസ്പൂണ്‍ ഉപയോഗിച്ച് വായിലേക്ക് ഉരുള ഉരുട്ടി വിഴുങ്ങുന്നതിനിടയില്‍ ഞാന്‍ ലെബാന്‍ അപ് മോഷണം പോകുന്നതിനെകുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു.

എന്റെ ലെബാന്‍ മോഷണം പോകുന്നത് ഞാന്‍ അവതരിപ്പിച്ചതും, മറ്റു പലരും ഇതേ മോഷണത്തിന്നിരയായിട്ടുണ്ടെന്നും, അമ്പത് ഫിത്സിന്റെ കാര്യമായതിനാല്‍ പറയാതെ മനസ്സിന്റെ കോണില്‍ ഒളിപ്പിച്ചു വച്ചതാണെന്നും പറഞ്ഞു.

ഒരിക്കല്‍ മാത്രമല്ല, മുന്‍പ് പലപ്പോഴും ഇത് സംഭവിച്ചിട്ടുണ്ടെന്ന്,എല്ലാവരും സമ്മതിച്ചപ്പോള്‍, അമ്പത് ഫിത്സിന്റെ കാര്യമല്ല അവനവന്‍ കൊണ്ടു വരുന്ന സാധനം, ചോദിക്കാതെ, മോഷ്ടിക്കുന്ന, ഈ മോരുകള്ളനെ പിടിക്കാന്‍ ഒരു പദ്ധതി ഒരുക്കണമെന്ന പ്രമേയം ഞാന്‍ അവതരിപ്പിച്ചു.

പിന്നീടുള്ള ചര്‍ച്ച ആരായിരിക്കും ഈ ലെബാന്‍ അപ് കക്കാന്‍ സാധ്യതയുള്ളതെന്നു മാത്രമായിരുന്നു.

ഭക്ഷണം കഴിക്കാന്‍ മാത്രമായി ജനിച്ചതാണോ എന്ന് മറ്റുള്ളവരില്‍ സംശയം ധ്വനിപ്പിക്കുന്ന അന്‍വറോ?

ഡയറി പ്രൊഡക്റ്റെന്റെ വീക്നെസ്സാണെന്നു പറഞ്ഞ് ഏതു സമയവും, യോഗര്‍ട്ട് തിന്നു നടക്കുന്ന ഹാറൂണോ?

ദിവസവും രാത്രി അമിതമായി വെള്ളമടിച്ച്,ദിനം മുഴുവന്‍ ഡീ ഹായ്ഡ്രേറ്റഡായ ശരീരം ചുമക്കുന്ന ആന്‍ഡ്ര്യൂവോ?

അഞ്ചക്കം ശമ്പളം കിട്ടിയിട്ടും, ഒരു ദിര്‍ഹത്തിന്റെ നൂഡില്‍ മൂന്നായ് പകുത്ത്, മൂന്നു നേരം കഴിക്കുന്ന കൊല്‍ക്കത്തക്കാരി, മുപ്പത്തിയേഴു വയസ്സുകാരി, സ്ഥിരമായി ഡയറ്റിങ്ങിലുള്ള, സ്തൂല ശരീര, സ്വപ്നയോ?

എത്ര വയറു നിറഞ്ഞാലും, മറ്റുള്ളവര്‍ കഴിക്കുന്നതിന്നിടയില്‍ വന്ന്, ഇന്നെന്താ കൊണ്ടുവന്നിരിക്കുന്നത്? എനിക്കൊരു സ്പൂണ്‍ കഴിക്കാമോ എന്നു ചോദിക്കുന്ന സന്ദീപോ?

ആരിലും കുറ്റം ചാരാന്‍ പറ്റാത്ത അവസ്ഥ. എന്തായാലും കക്കുന്നവനെ പിടിക്കണം എന്നു തന്നെ ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു.

അന്ധ വിശ്വാസിയും, ചാത്തന്‍ സേവയില്‍ വിശ്വാസമുള്ളവനും, അക്കാരണത്താല്‍ കാശു കുറേ കളഞ്ഞിട്ടുള്ളവനും, എന്റെ നാട്ടുകാരനുമായ വിനോദ് പറഞ്ഞു.

നമുക്ക് ചാത്തന്‍ സ്വാമിക്കൊരു വഴിപാടു നേര്‍ന്നാലോ? കട്ടു കുടിക്കുന്നവന്‍ വയറിളകി ഒരു വഴിക്കാകും. ചെറിയൊരു കുരുതിയോ, ചുറ്റുവിളക്കോ മതി!

അതു കേട്ടതും എനിക്കോര്‍മ്മ വന്നത്, മലയാളത്തിലെ ഒട്ടുമിക്ക മാ വാരികകളിലും പ്രത്യക്ഷപെടുന്ന കണ്ണാടി കുട്ടി ചാത്തന്റെ പരസ്യമാണ് പെട്ടെന്ന് ഓര്‍മ്മവന്നത്.

ഉദ്ദിഷ്ടകാര്യസാധ്യത്തിനും, ശത്രു സംഹാരത്തിന്നും ജാതി മത ഭേദമന്യ എല്ലാവര്‍ക്കും സന്ദര്‍ശിക്കാം. തൃശൂരില്‍ നിന്നും വരുന്നവര്‍ ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ ബസ്സില്‍ കയറി പെരിങ്ങോട്ടുകരയിലിറങ്ങുക. അവിടെ നിന്ന് പടിഞ്ഞാട്ട് ഒന്നരകിലോമീറ്റര്‍ യാത്ര ചെയ്താല്‍ അതിപുരാതനമായ ക്ഷേത്രം കാണാം. (ഒന്നര വര്‍ഷം മുതല്‍ ഏഴെട്ടു വര്‍ഷം പഴക്കമുള്ള കോണ്‍ക്രീറ്റ് മന്ദിരങ്ങളേയും അതിപുരാതനം എന്നു പറയാം അല്ലെ?)

ചതിയില്‍ വഞ്ചിതരാകാതിരിക്കുക, എന്നും പരസ്യത്തിന്റെ അടിയില്‍ കാണാം. കാരണം മറ്റൊന്നുമല്ല. കണ്ണാടി കുടുമ്പം നിലത്തു വീണ് പൊട്ടി ചിതറി, തരിപ്പണമായപ്പോള്‍, കുടുമ്പത്തിലെ ഒരോ അംഗവും, ഓരോ കണ്ണാടി കഷ്ണവും പെറുക്കി അമ്പലം കെട്ടി, അവനവന്റെ ചാത്തനെ പ്രതിഷ്ടിച്ചു. അപ്പോള്‍ മൂത്ത ചാത്തന്റെ കൈവശാവകാശി, കൊടുക്കുന്ന പരസ്യത്തിന്റെ വരികളാണവ.

തൊഴില്‍ ലഭിക്കാതെ വിഷമിക്കുന്നവര്‍ക്കും(സ്കൂളിന്റെ പഠി കണ്ടിട്ടില്ലാന്നതോ പോട്ടെ, ജോലി വേണം എന്നു കരുതി പ്രയത്നിച്ചാലെങ്കിലുമല്ലെ ഒരു ജോലി കിട്ടൂ)

വിവാഹം നടക്കാതെ വിഷമിക്കുന്നവര്‍ക്കും(വല്ലവന്റെ കൂടേയും ഡിഗ്രിക്ക് പടിക്കുമ്പോള്‍ മോള്‍ ഓടിപോയി ഒന്നര മാസം കഴിഞ്ഞപ്പോ തിരികെ വന്നൂന്നെന്നൊരു തെറ്റല്ലെ എന്റെ മോള്‍ ചെയ്തുള്ളൂ, അതിലിത്ര പ്രശ്നമുണ്ടോ, എന്നിട്ടും എന്റെ മോള്‍ക്ക് കുടികാത്ത, വലിക്കാത്ത, തറവാട്ടില്‍ പിറന്ന ഒരു ചെക്കന്റെ പോലും ആലോചന വരുന്നില്ല)

എത്രയെടുത്തിട്ടും ലോട്ടറിയടിക്കാതെയിരികുന്നവര്‍ക്കും (ആരാന്റെ കയ്യിലിരിക്കുന്ന കാശ് എന്തു പണ്ടാരം ചെയ്താ‍യാലും, എത്ര ചെലവു ചെയ്താലും,തന്റെ കയ്യില്‍ വന്നാല്‍, ആഹാ, ജീവിതം എത്ര ധന്യം)

ശത്രു മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കും (പാവം ശത്രു. ഈ പരിപാടിക്കിറങ്ങിയവനേ സഹായിച്ച് സഹായിച്ച് സ്വന്തം ജീവിതം ജീവിക്കാന്‍ മറന്നുപോയി എന്നോര്‍മ്മ വന്നൊരവസരത്തില്‍, ഇന്ത കൈ ഒരു സഹായമായ് ഒന്നര ലക്ഷമൊ അതില്‍കൂടുതലോ, കുറവൊ ചോദിച്ചപ്പോള്‍ കയ്യിലില്ലാത്തതിനാല്‍, കയ്യിലില്ലാന്നൊരു സത്യം പറഞ്ഞപ്പോള്‍ പാവം ശത്രുവായി)അവസാന ആശ്രയം ശ്രീ കണ്ണാടി ചാത്തന്‍ സ്വാമി. വന്നു കണ്ടു കാര്യം പറഞ്ഞ് തൊഴുതാല്‍ ഭക്തരുടെ കാര്യങ്ങള്‍ നിറവേറ്റുന്നവന്‍ സ്വാമി.

മുന്‍പറഞ്ഞ പരസ്യം കണ്ട്, മോഹിച്ച്, കമ്പ്ലിറ്റ് പ്രശനങ്ങള്‍ക്കും പരിഹാരം കാണാമെന്നു കരുതി, കുട്ടി ചാക്കില്‍, വഴിപാടിനായുള്ള കാശും കൊണ്ട് അവിടെയെത്തുന്ന കപട ഭക്തന്മാര്‍ക്കാദ്യം പറ്റുന്ന പറ്റ്, ഏതു ചാത്തന്റെ അരികിലേക്കാണ് താന്‍ വന്നു എന്നുള്ളതാണ്. പറയുന്ന സ്റ്റോപ്പില്‍ നിന്നും പടിഞ്ഞാട്ടുപോയാല്‍ മൈല്‍കുറ്റി കുത്തി വച്ചിരിക്കുന്നതുപോലെ, ഇടക്കിടെ ചാത്തന്റെ അമ്പലങ്ങള്‍. എല്ലാം കണ്ണാടി. കണ്ണാടിയുടെ ഈ ലക്കത്തിലേക്ക് സ്വാഗതം ചെയ്യുവാന്‍ കമ്മീഷന്‍ ഏജന്റുമാരായി, റ്റാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍, ചായക്കടക്കാര്‍, മീന്‍ വില്‍ക്കുന്നവര്‍ തുടങ്ങി റോഡിലെ കലുങ്കിലിരുന്ന് കാജാ ബീഡി വലിക്കുന്നവര്‍ വരെ.

അങ്ങനത്തെ സിറ്റുവേഷനിലെത്തുമ്പോള്‍ ഭക്തജനങ്ങള്‍,

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ ചാത്താ, എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന പാട്ടും പാടി ചാത്തനെ മനസ്സില്‍ ധ്യാനിച്ച് വാക്ചാതുര്യം അതികം പ്രകടിപ്പിച്ച ഏജന്റിന്റെ കൂടെ അയാള്‍ നയിക്കുന്ന ചാത്തന്‍ മഠത്തിലേക്ക് ചെല്ലുന്നു.

ചുറ്റുവിളക്ക്, കുരുതി, തിറ വെള്ളാട്ട് തുടങ്ങിയ വഴിപാടുകള്‍ക്കുള്ള പണം ഭക്തരുടെ പോക്കറ്റിന്റെ കനം മനസ്സിലക്കി മഠാധിപതി കൈപറ്റുന്നു. പരിപാടികള്‍ക്കു ശേഷം എല്ലാം നടക്കും എന്ന ആത്മ വിശ്വാസത്തോടെ ഭക്തന്‍ സ്വന്തം വീട്ടിലേക്ക് മോഹന പ്രതീക്ഷകളോടെ പോകുമ്പോള്‍, ഇരയെ കൊണ്ടു വന്ന ഏജന്റിനു കമ്മീഷന്‍ കൊടുത്ത്, അവനെ അടുത്ത ഇരയേ പിടിക്കാനായ് പറഞ്ഞയിക്കുന്നു.

അതിന്നുശേഷം മഠാധിപതി, ഉമ്മറത്തിട്ടിരിക്കുന്ന ചാരുകസേരയിലേക്കിരുന്ന്, അരികില്‍ ടീപ്പോയിയില്‍ വച്ചിരീക്കുന്ന വെറ്റില താമ്പാളം തുറക്കുന്നു. രണ്ട് വെറ്റില വലം കയ്യാലെടുത്ത് ഇടം കയ്യില്‍ പിടിച്ച്, വലതു ചൂണ്ടു വിരലും, തള്ളവിരലും ചേര്‍ത്ത് പിടിച്ച്, അതിന്റെ ഞെട്ടി നുള്ളി കളഞ്ഞ്, നടു വിരലിനാല്‍ ഞരമ്പ് ഞരടി കളഞ്ഞ്, വാസന ചുണ്ണാമ്പു വെറ്റിലയില്‍ തേച്ച്, കളിയടക്കയും, കൂടാതെ വാസന സുപ്പാരിയും അതിലേക്കിട്ട്,പുകയില ഞട്ടൊന്നു മുറിച്ച് അതില്‍ വച്ച്, കൂട്ടി മടക്കി വായിലേക്ക് തിരുകി, ചാരുകസേരയിലേക്ക് ചാഞ്ഞു കിടന്ന് നെഞ്ചോട് ചേര്‍ന്നൊട്ടി കിടക്കുന്ന പത്തു പതിനഞ്ചുപവന്റെ സ്വര്‍ണ്ണ ചങ്ങലയില്‍ കിടക്കുന്ന ചാത്തന്റെ ലോക്കറ്റ് കണ്ണിലേക്ക് ചേര്‍ത്തുപിടിച്ച് ഒരാത്മഗതം “ ഈ വീടിന്റേയും,എന്റേയും, സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതന്‍ ശ്രീ കുട്ടി ചാത്തന്‍“. വിഷ്ണുമായേ നമഹ:

എന്തായാലും വിനോദേ, ചാത്തന്‍ വേണ്ട, വയറിളക്കാന്‍ വേറേയും വഴിയുണ്ട്. എന്തായാലും ആശയത്തിന്നു നന്ദി. ഒരു ദിവസത്തെ സമയം എനിക്കു തരൂ, പകരം കള്ളനോ, അഥവാ കള്ളിയേയോ, ഞാന്‍ നിങ്ങള്‍ക്ക് കണ്ടുപിടിച്ചു തരാം എന്ന് പറഞ്ഞപ്പോള്‍, എങ്ങിനെ, എന്നുള്ള ചോദ്യം പലരില്‍ നിന്നും വന്നപ്പോഴും, കാണാനുള്ള പൂരത്തിന്റെ സുഖം കേട്ടറിഞ്ഞാല്‍ കിട്ടില്ല എന്ന് മാത്രം പറഞ്ഞ് ലഞ്ച് സെക്ഷന്‍ അവിടെ അവസാനിപ്പിച്ചു.

അന്നു വൈകുന്നേരം ഓഫീസ് കഴിഞ്ഞ് പോകും വഴി ഞാന്‍, ലോകത്തില്‍ വച്ചേറ്റവും കൂടുതല്‍ തുകയ്ക്ക് കുതിരപന്തയം നടത്തുന്ന ദുബായിലെ, നാദില്‍ ഷിബ (എന്റെ ഓഫീസില്‍ നിന്നും വെറും മൂന്നു കിലോമീറ്റര്‍ അകലെ)റെയ്സ് കോഴ്സിലെ, സ്റ്റാബിളില്‍ വര്‍ക്കു ചെയ്യുന്ന എന്റെ സഹപാഠിയെ കാണാന്‍ ചെന്നു.

അവനേയും കൂട്ടി നാദില്‍ ഷിബായിലെ ബാറില്‍ ചെന്നിരുന്ന്‍ രണ്ട് ബിയറടിക്കുന്നതിന്നിടയില്‍ കാര്യം പറഞ്ഞപ്പോള്‍ ജമാല്‍ക്കോട്ടപോലെയുള്ള (വടക്കേ ഇന്ത്യയില്‍ മനുഷ്യന്നു വയറിളക്കാന്‍ തരുന്ന ഗുളിക), കുതിരകള്‍ക്ക് വയറിളക്കാന്‍ കൊടുക്കുന്ന അതേ പേരു തന്നെയുള്ള ഒരു ഗുളിക സംഘടിപ്പിച്ചു തരാം എന്നും പറഞ്ഞ്,സ്റ്റാബിളില്‍ കൊണ്ടുപോയി എനിക്കൊരു ഗുളിക തന്നു. ഇതിന്ന് മണവും, രുചിയും ഒന്നും ഇല്ലത്രേ!!

എന്തായാലും, ജമാല്‍ക്കോട്ടയും വാങ്ങി, വരുന്ന വഴിക്ക് രണ്ടു ലെബാന്‍ അപ്പും വാങ്ങി ഞാന്‍ എന്റെ വീട്ടിലെത്തി.

ലെബാനപ്പിന്റെ പായ്ക്കറ്റിന്റെ ഒരു വശം പതുക്കെ തുറന്ന്, ഞാന്‍ ജമാല്‍ക്കോട്ട അതിലേക്കിട്ടു, പിന്നെ കവര്‍ കൂട്ടിപിടിച്ച് നന്നായി ഇളക്കിയതിന്നു ശേഷം, പശ ഉപയോഗിച്ച് വീണ്ടും ഒട്ടിച്ചു. ശരിക്കും കമ്പനി പാക്കേജിങ് തന്നെ.

പിറ്റേന്ന് രാവിലെ പതിവിലും ഉഷാറോടെ ഞാന്‍ ഓഫീസിലെത്തി. ലഞ്ചുബോക്സും, ലബാനപ്പും ഫ്രിഡ്ജില്‍ വച്ചു. പിന്നെ കൂട്ടുകാരായ സഹപ്രവര്‍ത്തകരോട് കാര്യം പറഞ്ഞു.

പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍! മണി പത്ത് കഴിഞ്ഞു, പതിന്നൊന്നു കഴിഞ്ഞു. ഇല്ലാ എന്റെ ലബാന്‍ അവിടെ തന്നെ ഉണ്ട്. ചീറ്റുമോ ചാത്താ? ഓരോ അരമണിക്കൂറിലും ഞാന്‍ ഫ്രിഡ്ജില്‍ പോയി നോക്കുമ്പോഴും, എന്റെ ലബാന്‍ അവിടെ തന്നെ ഉണ്ട്.

അതിന്നിടയില്‍ ഒരു പതിന്നൊന്നരക്ക് കമ്പനിയുടെ എം ഡി ഞങ്ങളെല്ലാവരേയും മീറ്റിങ്ങിന്നു വിളിച്ചു.

മീറ്റിങ്ങിന്നിടയില്‍ എം ഡി യുടെ പ്രഭാഷണം നടക്കുന്നതിന്നിടയില്‍ സ്വപ്ന എക്സ് ക്യൂസ് മി പറഞ്ഞ് , മീറ്റിങ്ങിന്നു പുറത്ത് പോയി.

ഒരു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ സ്വപ്ന വീണ്ടും തിരിച്ചെത്തി.

വീണ്ടു ഒരു പത്തു മിനിറ്റിനു കഴിഞ്ഞപ്പോള്‍ എക്സ് ക്യൂസ് മി - പുറത്തേക്ക്,

തിരിച്ചൊരു പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി

വീണ്ടു ഒരു എട്ടു മിനിറ്റിനു കഴിഞ്ഞപ്പോള്‍ എക്സ് ക്യൂസ് മി - പുറത്തേക്ക്,

തിരിച്ചൊരു പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി

വീണ്ടു ഒരു അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ എക്സ് ക്യൂസ് മി - പുറത്തേക്ക്,

മീറ്റിങ്ങിന്നിടയില്‍ ഇത്രയും ഇന്റര്‍വെല്‍ സ്വപ്ന എടുക്കാന്‍ കാരണം എന്തെന്ന് എം ഡി ചോദിച്ചപ്പോള്‍ കാര്യ കാരണ സഹിതം ഞങ്ങള്‍ വിവരിച്ചു.

തിരിച്ചൊരു പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ സ്വപ്ന തിരിച്ചെത്തി. പക്ഷെ സ്വപ്ന എത്തിയത് സ്വയമായി വന്നതല്ല, ചുമരില്‍ ചാരി നടക്കുന്നതു കണ്ട് അസിസ്റ്റന്റാ‍യ കീര്‍ത്തി താങ്ങി പിടിച്ചു കൊണ്ടു വന്നതായിരുന്നു.

എന്തായാലും, തിരിച്ചു വന്ന സ്വപ്നക്ക്, ലെബാന്‍ മോഷ്ടിക്കുന്ന ഒരു വീക്നെസ്സുണ്ടെന്ന് എം ഡി പബ്ലിക്കായി പറഞ്ഞതും, വീണ്ടും ഒരു എക്സ് ക്യൂസ് മി പറഞ്ഞു പോയ സ്വപ്നയേ ഞങ്ങള്‍ അതിന്നു ശേഷം ഇന്നിതുവരേയായി കണ്ടിട്ടില്ല.