Thursday, June 11, 2020

ചരിത്രം വഴിമാറുമ്പോൾ

ദില്ലി സ്മരണകൾ

ചരിത്രം വഴിമാറുമ്പോൾ

വരൂ വായനക്കാരെ, നിങ്ങളെ ഞാൻ കൈപിടിച്ച് ദില്ലിയിലേക്ക് കൊണ്ടുപോകാം.  ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലേക്ക്. 

ഇതൊരു സീരീസായി എഴുതാനാണുദ്ദേശം.  ഓരോ കഥയും വ്യത്യസ്ഥമായിരിക്കും,  ആയതിനാൽ തന്നെ ഇടയിൽ ഒന്ന് വിട്ട് പോയാലോ, വായിക്കാതിരുന്നാലോ കാര്യമായൊന്നും സംഭവിക്കുകയുമില്ല.   പക്ഷെ  ഇനി ഈ സീരിസിൽ വരുന്ന ഭൂരിഭാഗം കഥകളുടേയും  ലൊക്കേഷൻ ഈ കിർക്കി ഗ്രാമം തന്നെയായിരിക്കും.  ആയതിനാൽ പ്രിയ വായനക്കാരോട്  താഴെ പറയുന്ന കിർക്കി ഗ്രാമത്തിലെ ഞങ്ങളുടെ വില്ലയും, മറ്റു വില്ലകളും, ലൊക്കേഷനുകളുമെല്ലാം ഒന്ന് മനസ്സിൽ കുറിച്ച് വക്കാൻ അഭ്യർത്ഥിക്കുന്നു.

*******************************************************************************

മുൻപത്തെ കഥകളിലൊക്കെ പ്രതിപാദിച്ചിരുന്നത് പോലെ തന്നെ,  ആദികുറുമാൻ, ഡൊമിനി, പിന്നെ ഞാനും ചേർന്ന  തൃമൂർത്തികൾ ദില്ലിയിലെ കിർക്കി ഗ്രാമത്തിൽ  പൂണ്ടു വിളയാടിയിരുന്ന അതിമനോഹരമായ കാലം.

സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർ താമസിച്ചു വന്നിരുന്ന കിർക്കി ഗ്രാമത്തിലെ ഡി ഡി എ ജനതാ ഫ്ലാറ്റുകളെന്നാൽ ഒരു വലിയ ഹാൾ, ഒരു ബെഡ് റൂം, ഒരു കിച്ചൻ, ഒരു സ്റ്റോർ റൂം, ഒരു ബാത്രൂമ് കം ടോയലറ്റ്, ഒരു വർക്കേരിയ, ഇത്രയും സ്ഥലങ്ങൾ  ഉണ്ടെന്ന് നാം സങ്കൽപ്പിച്ച് ജീവിക്കേണ്ട ഒരു ചെറിയ  ഒറ്റമുറിയാകുന്നു.  ആ മുറിയുടേ ഒരു മൂലക്ക് ചെറിയ ഒരു  ഓപ്പൺ കിച്ചനും, മറ്റേ മൂലക്ക് ഓപ്പണായോ, അല്ലാതേയോ നമുക്കുപയോഗിക്കാവുന്ന ടോയ്ലറ്റും ഉണ്ട്.  മുറിയൊന്നായാലും  എന്റ്രൻസ് രണ്ടുണ്ട്, ഒരു മുൻ വാതിലും, ഒരു പിൻ വാതിലും! 

താഴത്തെ നിലയിൽ ഒരു വീട് മുകളിൽ ഒരു വീട് അങ്ങിനെ സിംഗിൾ സ്റ്റോറി ബിൽഡിങ്ങുകളാണു. നാലു വീടുകൾ അടിയിലും, നാലു വീടുകൾ മുകളിലും,   മുകളിലെ നാലുവീടുകളിലേക്കും കയറി പോകാൻ ഒറ്റ ഗോവണി. അങ്ങനെ എട്ട് വീടുകളുടെ ഒരു ശൃംഖലയാണൊരു  ബ്ലോക്ക്.   ഞങ്ങളുടെ ഗലിയിൽ/വീഥിയിൽ ഞങ്ങൾ താമസിക്കുന്ന വരിയിൽ മുകളിലും താഴെയുമായി 12 വീടുകളും, എതിർവശത്ത് 20 വീടുകളുമാണു.  ഞങ്ങളുടെ വരിയിൽ വീടുകൾ കഴിഞ്ഞാൽ അതി വിശാലമായ ഒരു മൈതാനമാണു.   ആദ്യം ഞങ്ങൾ താമസിച്ചിരുന്നത്  മൈതാനത്തിനു നേരെ എതിർവശത്തുള്ള മുറിയിലായിരുന്നു.  വാടക കൂട്ടി ചോദിച്ചതിഷ്ടപെടാതെ ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വില്ലയിലേക്ക് അടുത്തിടെ മാറിയതാണു (ഇതെല്ലാം ഇനി വരുന്ന കഥകളിൽ ആവശ്യം വരുന്നത് കാരണം എഴുതിയതാണു).

ജനതാ ഫ്ലാറ്റുകളുടെ നിരവധി ബ്ലോക്കുകൾ കഴിയുന്നിടത്ത് ഒരു ഹനുമാന്റെ ചെറിയ ക്ഷേത്രം.  അത്  കഴിഞ്ഞാൽ   ടീ ജങ്ക്ഷൻ. വലത്തോട്ട് തിരിഞ്ഞാൽ മാളവീയ നഗറിലേക്ക് പോകുന്ന റോഡായി, ഡി പി എസ് സ്കൂളായി, തിക്കായി, തിരക്കായി, തിരവാതിരക്കളിയായി.  ഇടത്തോട്ട് തിരിഞ്ഞാലോ,  തനി ഗ്രാമവും.  ഹരിയാന ജാട്ടുകൾ, എരുമയും, ആടുകളുമൊക്കെയൊത്ത് താമസിക്കുന്ന തനി നാടൻ ഹരിയാന ടൈപ്പ് കൊച്ച് കൊച്ച് ഓടുമേഞ്ഞതോ, തകരം മേഞ്ഞതോ ആയ വീടുകൾ, അതും താണ്ടി പോയാൽ സാകേത്തിലേക്കും, ഷെയ്ക് സറായിലേക്കും പോകുന്ന റോഡായി.

അതിരാവിലെ കോഴികളുടെ കൂവലുകളോ, കുയിലുകളുടെ കളകൂജനമോ അല്ല ഞങ്ങളെ വിളിച്ചുണർത്തിയിരുന്നത്, മറിച്ച് പുത്തൂരം വീട്ടിൽ ജനിച്ച, പൂ പോലഴകുള്ള ആണുങ്ങളും, അത്ര വലിയ ചന്തമൊന്നുമില്ലാത്ത പെണ്ണുങ്ങളും, ആണായാലും, പെണ്ണായാലും ശബ്ധ സൗകുമാര്യത്തിൽ നമ്മുടെ ശങ്കരാഭരണത്തിൽ ബ്ബ്രൊച്ചേ വാ റവ വറത്തുകൊണ്ട് വാ എന്ന് പറഞ്ഞ് പഠിപ്പിക്കുന്നില്ലെ ഒരു സംഗീത വിദ്വാൻ, നമ്മടെ സോമയാജലു അവർകൾ  ചീത്ത പറഞ്ഞ് കണ്ണുപൊട്ടിക്കുന്ന ആ വിദ്വാൻ, അത് തന്നെ.  അദ്ദേഹത്തിന്റെ സ്വരത്തിനേക്കാളും അലമ്പ് ശബ്ദത്തിലാണു  നമ്മടെ ദേശീയ പക്ഷിയായ മയിൽ,  കൂട്ടത്തോടെ, ഞങ്ങൾ കിർക്കി ഗ്രാമവാസികളെ,  കോഴികളെ പോലെ സമയനിഷ്ഠയൊന്നുമില്ലാതെ,  തന്നിഷ്ടത്തിനു, കർണ്ണകഠോരമായ ശബ്ദകോലാഹലങ്ങളോടെ വിളിച്ചുണർത്തിയിരുന്നത്.  കിർക്കി ഗ്രാമത്തിലെ ഉൾഭാഗങ്ങളിലെ ജാട്ട് വിഭാഗങ്ങൾ വളർത്തിയിരുന്ന എരുമകൾക്ക് വരെ മയിലുകളെ  അമറി/കാറി തോൽപ്പിക്കാൻ പറ്റിയിരുന്നില്ല.  അജ്ജാതി ഡോൾബി കാറലാകുന്നു മയിലുകളുടേത്.

ഞങ്ങളുടെ താമസം ഗ്രൗണ്ട് ഫ്ലോറിൽ, ഞങ്ങളുടെ തൊട്ട് മുകളിലെ വീട്ടിൽ  മറ്റൊരു മലയാളി കുടുംബം.  നഴ്സായ  റീത്ത ചേച്ചിയും, രണ്ട് പൊടി പിള്ളാരും. കെട്ടിയോൻ, ജോണച്ചായൻ അങ്ങ് കുവൈറ്റിലാണു.    ഞങ്ങളുടേ ഓപ്പോസിറ്റ് താമസിക്കുന്നത് ഒരു ബംഗാളി ഫാമിലിയാണു, അവരുടേ മുകളിൽ ഒരു സർദാർ കുടുംബവും.   എല്ലാ കുടുംബങ്ങളേയും സൗകര്യം പോലെ ഞാൻ ഇവിടെ പരിചയപെടുത്തുന്നുണ്ട്.

ഞങ്ങളുടെ വീടുകളുടെ വരികൾക്കും എതിർവശത്തുള്ള വീടുകളുടെ വരികൾക്കുമിടയിൽ ടാർ ചെയ്ത ഒരു ഒരു റോഡുണ്ട്, അതിലൂടെയാണു പച്ചക്കറി/കപ്പലണ്ടി/കരിമ്പ്/തുണിത്തരങ്ങൾ/ആലൂ ടിക്കി/സമോസ വിൽപ്പനക്കാരൊക്കെ  നമ്മുടെ നാടോടിക്കാറ്റിൽ മോഹൻലാൽ  ഉന്തുവണ്ടിയുന്തി, ആലൂ, പ്യാജ്, ലസ്സൻ, അദരക്ക്, ടിണ്ട, ബിണ്ടി, ഗോബി, എന്നൊക്കെ കൂകി വിളിച്ച് പറഞ്ഞ് പോകുന്നത്.   ഇതേ റോഡിന്റെ അരികിലായും, അടുക്കളയുടെ ഗ്രില്ലിലുമൊക്കെയായാണു, ഞങ്ങളടക്കം സകലമാന കുടുംബങ്ങളും,  തലങ്ങും വിലങ്ങും കയറുകളുപയോഗിച്ച് അഴകൾ കെട്ടി തുണികൾ അലക്കി ഉണക്കാൻ വിരിക്കുന്നതും.

പത്തുമുപ്പത് കുടുംബങ്ങളുള്ള ആ ഗലിയിലെ പത്തിരുപത്തിരപത്തിരണ്ടു കുടുംബങ്ങളുടെ കണ്ണിലുണ്ണിയാണു ഞങ്ങൾ മൂവർ, ബാക്കിയുള്ള അഞ്ചെട്ട് കച്ചറ കുടുംബങ്ങളുടെ കണ്ണിലെ കരടും.   പത്തിരുപത് കുടുംബങ്ങളിലായി പത്തെഴുപത് പിള്ളാരിൽ കുറയാതെ തന്നെയുണ്ട്.  മുറിയൊന്നായാലും ചിലർക്ക് കുഞ്ഞുങ്ങൾ എട്ട് പത്തെണ്ണമൊക്കെയാണു.  അതും ചന്തിയിലെ ചുവപ്പ് മാറാത്ത പൊടികുഞ്ഞുങ്ങൾ മുതൽ മധുരപതിനേഴും, പതിനെട്ടും എത്തിയവർ വരെയുണ്ട്.  അക്കാലത്തൊക്കെ ഒരു മുറിയിൽ എങ്ങിനെ മാതാപിതാക്കളും, ഇത്രയുമധികം പിള്ളാരും, ചിലപ്പോൾ മാതാപിതാക്കളുടെ മാതാപിതാക്കളും വരെ കഴിയുന്നതെന്നും റിപ്രൊഡക്ഷൻ നടത്താനുള്ള പ്രൈവസി എങ്ങിനെയെന്നുമൊക്കെ ആലോചിച്ച് ഞങ്ങൾ തികച്ചും ഡിപ്രഷനടിച്ചിരുന്നിട്ടു പോലുമുണ്ട്.  പിന്നെ സമാധാനിക്കും, പിള്ളാരെത്ര വീട്ടിലുണ്ടെങ്കിലും ആവശ്യക്കാരനെന്ത് ഔചിത്യം.  അതൊക്കെ ദൈവ വിധിപോലെ!

ആ ഗലിയിലുള്ള  അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന, പഠിത്തത്തിൽ അതീവ തത്പരരായിരുന്ന, പത്ത് പന്ത്രണ്ട് പിള്ളാർക്ക് ഫ്രീയായി ട്യൂഷൻ എടുത്തിരുന്നത് ഞങ്ങൾ മൂന്നു പേരുമാണു! ഒരുതരത്തിൽ പറഞ്ഞാൽ ഫ്രീയാണു ട്യൂഷൻ എടുക്കുന്നത് എന്ന് പറഞ്ഞാലും, ഒരു തരം ബാർട്ടർ സമ്പ്രദായം ഞങ്ങളും മറ്റു പിള്ളാരുടെ കുടുംബങ്ങളുമായുണ്ടായിരുന്നു.   വിദ്യാർത്ഥികളുടെ അമ്മമാർ, ചേച്ചിമാർ, ചിറ്റമാർ, അമ്മൂമ്മമാർ തുടങ്ങിയവർ,  പല നേരങ്ങളിലും അവരവരുടെ വീട്ടുകളിൽ വക്കുന്ന ഭക്ഷണങ്ങൾ, പാത്രങ്ങളിൽ പകർന്ന് പിള്ളാരുടെ കയ്യിൽ കൊടുത്തയച്ച് ഞങ്ങൾക്ക് പ്രത്യുപകാരം ചെയ്ത് പോന്നു.  പ്രത്യേകിച്ചും ഞായറാഴ്ചകളിൽ  മലബാറി, ബംഗാളി, പഞ്ചാബി, ഹരിയനവി, രാജസ്ഥാനി, ബിഹാറി എന്നീ ഭക്ഷണ വിഭവങ്ങളാൽ ഞങ്ങളുടെ ഡൈനിങ്ങ് ഫ്ലോർ  (കിടക്കുന്ന സ്ഥലത്ത് പായ മടക്കി പേപ്പർ വിരിച്ചാൽ ഡൈനിങ്ങ് ഫ്ലോറായി) സമ്പുഷ്ടമായിരുന്നു.

ആദി കുറുമാൻ ഇംഗ്ലീഷും,  സയൻസും ട്യൂഷൻ എടുത്തിരുന്നപ്പോൾ, ഡൊമിനി കണക്കും, ഞാൻ ഹിന്ദിയും അത് പോരാതെ ചരിത്രവും കൂടെ പഠിപ്പിച്ചിരുന്നു. 

എന്റെ ചരിത്ര  അധ്യാപനത്തെ കുറിച്ച് ഡൊമിനിയുടേയും, ആദി കുറുമാന്റേയും വാക്കുകളിൽ പറഞ്ഞാൽ ചരിത്രത്തിന്റെ ചാരിത്ര്യം നശിപ്പിച്ചവരിൽ പ്രധാന പങ്കുവഹിച്ചവരിൽ പ്രാധാനിയാകുന്നു ഞാൻ!

ചരിത്രം പഠിപ്പിക്കാൻ തുടങ്ങിയാൽ പിന്നെ എനിക്ക് എന്നെ തന്നെ പിടിച്ചാൽ കിട്ടില്ല.   അത്രയും വാചാലനായി മാറുമായിരുന്നു.  എന്റെ ചരിത്ര ക്ലാസ് അറ്റൻഡ് ചെയ്യാൻ പിള്ളാരുടെ ഒരു ഇടിയും തള്ളലും ഒന്നു കാണേണ്ട കാഴ്ച തന്നെ!

ഷക്കീല പടത്തിനു അമ്മാവന്മാർ വരുന്നത് പോലെയായിരുന്നു.  അജ്ജാതി തിരക്കാണു.

ഒരു ദിവസം ആദിയും, ഡൊമിനിയും കൂടെ ഞായറാഴ്ച പുറത്തെങ്ങോ പോയി തിരികെ വന്നപ്പോൾ മുറിയിൽ  ഞാൻ പിള്ളാരെ തകർത്ത് പഠിപ്പിക്കുകയാണു.

ഒരറ്റത്തുള്ള കട്ടിലിൽ ഞാൻ ഇരിക്കുന്നു.  താഴെ നിലത്ത് ഭാവി കരുപ്പിടിക്കാനുള്ള വ്യഗ്രതയോടെ,  റാങ്ക് കിട്ടാതെയെവിടെ പോവാൻ എന്നുള്ള സെൽഫ് കോൺഫിഡൻസോടേ  മൂന്നാലു പിള്ളാർ ഉത്സാഹത്തോടെ എന്റെ മുഖത്തേക്കും,  എന്റെ  വായിൽ നിന്നും സരസ്വതീ കടാക്ഷത്താൽ ഉതിർന്ന് വീഴുന്ന ചരിത്ര സംഭവങ്ങളിലേക്കും മാത്രം ശ്രദ്ധിച്ചിരിക്കുന്നു.

പഠിപ്പിക്കാൻ തുടങ്ങിയാൽ ഞാൻ എന്നെ തന്നെ മറക്കും.  ഭാവാഭിനയത്തോടെ, പഠിപ്പിക്കുന്ന ചരിത്ര സംഭവങ്ങളുടേ സിറ്റുവേഷൻ അനുസരിച്ച്, കട്ടിലിൽ ഇരുന്നും, നിന്നും, നിലത്തിറങ്ങിയുമൊക്കെയാകും എന്റെ പഠിപ്പിക്കൽ.  ഏതാണ്ട് ഒരു നാടകം കാണുന്നത് പോലുള്ള ഫീലാണൂ  എന്റെ സ്റ്റുഡൻസിനും.

ഞാനാണെങ്കിൽ പണ്ട് എന്നെ നമ്പൂതിരീസിൽ പഠിപ്പിച്ചിരുന്ന വാമനൻ നമ്പൂതിരി മാഷുടെ (ഇരിങ്ങാലക്കുടക്കാർക്കറിയാം) ശിഷ്യനായിരുന്നതിന്റെ അഹങ്കാരത്തിൽ, അദ്ദേഹത്തെ പോലെ, ട്യൂഷനു വന്ന പിള്ളാരുടെ കയ്യിൽ  നിന്നും ട്യൂഷൻ തുടങ്ങുന്നതിനു മുൻപ് പുസ്തകമൊന്ന് വാങ്ങി വായിക്കും.  ഒറ്റ തവണ  ഓടിച്ചൊന്ന് വായിച്ചാൽ മതി പിന്നെ അതെന്റെ മനസ്സിൽ പതിഞ്ഞു കിടക്കും. അജ്ജാതി മെമ്മറിയും പ്രൊസസ്സറുമായിരുന്നു  ആ യൗവ്വന സുരഭില കാലത്തെനിക്കുണ്ടായിരുന്നത്. 

അന്നും ഞാൻ കത്തി കയറുകയാണു, മറാഠ സാമ്രാജ്യത്തേകുറിച്ച്  അതി വാചാലനായി,  അതിലേറെ രസാവഹമായി എന്റെ ക്ലാസ് അങ്ങിനെ മുന്നോട്ട് പോകുകയാണു. ആകാംഷയാൽ സഹിക്കവയ്യാതെ പിള്ളാർ ഇരുന്നിടത്ത് നിന്നും മുന്നോട്ടും, പിന്നോട്ടും ചാഞ്ഞും ചരിഞ്ഞും എന്നോട് കൂടെ തന്നെയുണ്ട്.

കുതിരപ്പുറത്തിരുന്നുകൊണ്ട്, ഒരു കയ്യിൽ കടിഞ്ഞാണും, മറുകയ്യിൽ വാളുമായി മുഗളന്മാരുടെ തലകൾ കൊയ്ത് കൊയ്തങ്ങിനെ പോയിക്കൊണ്ടിരിക്കമ്പോഴാണു പെട്ടെന്ന്,

രോക്കോ എന്ന ഗർജ്ജനം കേട്ടത്! 

ആരാണവിടെ രണാങ്കണത്തിൽ അസമയത്ത് രണഭേരി മുഴക്കുന്നത്!  ഔറംഗസീബാണോ?

കുതിരപ്പുറത്ത് നിന്ന് തലയുയർത്തി നോക്കിയപ്പോൾ വാതിൽ തുറന്ന് രണാങ്കണത്തിൽ പ്രവേശിച്ചിരിക്കുന്ന ആദികുറുമാനും, ഡൊമിനിയും!

രസാഹവമായി മുന്നോട്ട് പോയിരുന്ന ക്ലാസ് പെട്ടെന്ന് മുടങ്ങിയ സങ്കടത്തിൽ പിള്ളാരും,  ആത്മാർത്ഥതയോടെ പഠിപ്പിച്ചിരുന്ന ക്ലാസിനു ഭംഗം വന്ന ദ്വേഷ്യത്താൽ വിറച്ച്  ഞാനും!

ഇന്നെന്തൂട്ടാണ്ടാ ക്ലാസ്സ്?  ആദിയും ഡൊമിനിയും കോറസ്സായി എന്നോട്

ചരിത്രം.

അത് മനസ്സിലായി.  ചരിത്രത്തിലെ ഏത് സംഭവം? എന്ത് സംഭവം?

മറാഠാ സാമ്രാജ്യത്തേയും, ശിവാജി ഗണേശനേയും കുറിച്ച്.

ഞങ്ങൾ കരുതി നീ കട്ടബൊമ്മൻ സിനിമയെകുറിച്ചാണു  പിള്ളാർക്ക് ക്ലാസെടുക്കുന്നതെന്ന്.

ശിവാജി ഗണേശനല്ലടാ   ഊ**ൻ  ഗണേശാ!

ഛത്രപതി ശിവജി  ഭോൺസ്ലെ!

2 comments:

കുറുമാന്‍ said...

അങ്ങിനെ ഒരു പുതിയ പോസ്റ്റിവിടെ പിറന്നു :)

Muralee Mukundan , ബിലാത്തിപട്ടണം said...

പോരട്ടെ വമ്പൻ ദില്ലി സമരണകൾ ...