Tuesday, June 23, 2020

ശ്ലോകാന്ത്യം അഥവാ ശോകാന്ത്യം


തൃശൂർ ജില്ലയിലെ കാറളത്ത്, അച്ഛന്റെ വീട്ടിലായിരുന്നു, പത്ത് വയസ്സ് വരെ ഞങ്ങൾ താമസിച്ചിരുന്നത്.   ഓർമ്മ വക്കുന്ന കാലം മുതൽക്കേ, നീന്താൻ പഠിച്ചുവെന്നും, കുമരഞ്ചിറക്കുളത്തിലും, കരുവന്നൂർ പുഴയിലുമൊക്കെ മുങ്ങാം കുഴിയിട്ട് നീന്തിതുടിക്കുന്നതിൽ നിപുണനായിരുന്നു ഈ ഞാനെന്നും  പറഞ്ഞാൽ, മറ്റേ സിൽമാ നടി തള്ളിമറിച്ചത് പോലെ തള്ളുന്നതായിരിക്കുമെന്ന് നിങ്ങൾ കരുതുമായിരിക്കും.  ഐ ജസ്റ്റ് ഡോണ്ട് കെയർ! 

കുതിരസവാരി പഠിച്ചത്  എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണു!  ,  കാറളം എൽ പി സ്കൂളിന്റെ തൊട്ടെതിർ വശത്ത്,  കാറളം സിന്ധു ടാക്കീസിന്റെ തൊട്ടരികിലുള്ള അംഗൻവാടിയിലെ മരക്കുതിരമേൽ!   കുതിരസവാരി കൂടാതെ അവിടെ നിന്ന് ഞാൻ അഭ്യസിച്ച മറ്റൊരു വിദ്യ, ചോളപൊടികൊണ്ടുള്ള പശപോലെയൊട്ടുന്ന ഉപ്പുമാവ്, തൊണ്ട തൊടാതെ വിഴുങ്ങാനുമായിരുന്നു.

ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ പഠിച്ചത് കാറളം എൽ പി സ്കൂളിലായിരുന്നു.  ആ കാലഘട്ടത്തിലൊരിക്കലാണു, സ്കൂളിലേക്ക് ഒരു മാന്ത്രികൻ വരുന്നതും, പല പല ചെപ്പടി വിദ്യകൾ കാട്ടിയതിന്നൊടുവിൽ,  വരാന്തയുടെ മുറ്റത്ത് മുൻനിരയിൽ നിന്നിരുന്ന എന്നെ വിളിച്ച് ചേർത്തരികിൽ നിറുത്തി എനിക്ക് വായ്ക്കരിയിട്ടതും,   സോറി ഒരു പിടി  പൂഴി വാരി എന്റെ അണ്ണാക്കിലോട്ട് തള്ളിയതും!   പൊതുവേ തുറിച്ചുന്തി നിൽക്കുന്ന എന്റെ കണ്ണുകൾ പുറത്തേക്ക് തെറിക്കുന്നതിനു മുൻപ് എന്നോട് മണൽ ആളുടെ കയ്യിലുള്ള ബൗളിലേക്ക് തുപ്പാൻ പറഞ്ഞപ്പോൾ ഞാൻ തുപ്പിയതത്രയും പഞ്ചസാര!   എന്നിലെ പഞ്ചാര കുഞ്ചുവിനെ  ആ മാന്ത്രികൻ  അന്നേ തിരിച്ചറിഞ്ഞിരുന്നു!

നാലാം ക്ലാസിൽ റാങ്കോട് കൂടി ഉന്നത വിജയം നേടിയ എന്നെ മൂന്നാലു കിലോമീറ്റർ ദൂരത്തുള്ള കാറളം ഹൈസ്കൂളിൽ ഉപരി പഠനത്തിനായ് കൊണ്ടമ്മ ചേർത്തു.  എന്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന വിജയലക്ഷ്മിയോടുള്ള പ്രണയം  ഇനിയും പറയാതെ ഇരുന്നാൽ എന്റെ മാനസിക നില തെറ്റുമെന്ന ഭീകരമായ അവസ്ഥ സംജാതമായപ്പോഴാണു കാൽ കൊല്ല പരീക്ഷ വന്നതും, പരീക്ഷ കഴിഞ്ഞ് ചെറിയ അവധി ലഭിക്കുന്നതും.

അവധിക്കാലം തീരും മുന്നേ, എന്റെ മനസ്സിലെ പ്രണയത്തിന്റെ കാർമേഘങ്ങളെ പെയ്തൊഴിക്കാൻ സമയം കിട്ടും മുൻപേ, ഞങ്ങൾ കാറളത്ത് നിന്നും താമസം ഇരിങ്ങാലക്കുടക്ക് മാറ്റിയിരുന്നു.   കാറളം ഹൈസ്കൂളിൽ നിന്നും വാങ്ങിയ ടി സി കൊടുത്ത്, പുഷ്പം പോലെ എന്നെ ഇരിങ്ങാലക്കുടയിലെ പ്രശസ്ഥമായ നാഷണൽ ഹൈസ്കൂളിൽ ചേർത്തു.  അതെ, പ്രശസ്ഥരായ, ഇന്നസെന്റും, ഭാവഗായകൻ ജയചന്ദ്രനും ഒക്കെ പഠിച്ച, അത്ഭുതവാനരന്മാർ ഫെയിം കെ വി രാമനാഥൻ മാസ്റ്ററും, ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ അധ്യാപകനുമായ അതേ നാഷണൽ ഹൈസ്കൂൾ തന്നെ.

സംഭവം കാറളം ഒരു ഗ്രാമമായിരുന്നുവെന്നതിനാലും, ഇരിങ്ങാലക്കുട തരക്കേടില്ലാത്ത പട്ടണമായിരുന്നതിനാലും, ആ പട്ടണപ്രവേശം എന്നിലെ കലാകാരന്റെ വളർച്ചയെ  ഒരുപാടൊരുപാട് സ്വാധീനിച്ചു എന്ന് പറയുകയായിരിക്കും ഭംഗി. 

എവിടെ നോക്കിയാലും, സംഗീതം, കല!  താളമേളലയമീ ജീവിതം എന്ന ലെവലിലേക്കായിരുന്നു കാര്യങ്ങളുടെ പോക്ക്.

സ്കൂളിലിൽ നിന്നും  മണ്ണാത്തിക്കുളം റോഡിലൂടെ ഇറങ്ങിയെത്തുമ്പോഴേക്കും, അക്ഷരശ്ലോകത്തിന്റെ വരികളായിരിക്കും  കാതുകളിൽ.  കൂടൽ മാണിക്യം അമ്പലത്തിന്റെ കിഴക്കേ നടയിലൂടേയാണു പോകുന്നതെങ്കിൽ, കൊരുമ്പ് സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും, ശിഷ്യഗണങ്ങളുടേയും മൃദംഗവായനയായിരിക്കും  ഉള്ളിൽ നിറച്ചും.  ഇനി തെക്കേ നടയിലൂടെയാണു കടന്ന് പോകുന്നതെന്തിൽ  ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ നിന്നുള്ള കഥകളി പദകളും, ചെണ്ടവാദ്യത്തിന്റേയും മാസ്മരവലയത്തിലകപ്പെട്ടിട്ടുണ്ടാവും, അതും കഴിഞ്ഞ് പടിഞ്ഞാറേ നടയിലേക്കിടവഴിയിലൂടെ നടന്നെത്തുമ്പോഴേക്കും ബ്രാഹ്മണിയമ്മയുടെ തിരുവാതിരക്കളി പാട്ടുകളും, നിറഞ്ഞ് കവിഞ്ഞങ്ങൊഴുകാൻ തുടങ്ങും.   ചാക്യാർക്കൂത്തും, നങ്ങ്യാർകൂത്തും, ഓട്ടൻ തുള്ളലും, പാഠകവുമൊക്കെ മേമ്പൊടിയായി വേറേയും.

അഞ്ചാം ക്ലാസ് മുതൽ ഞാനെടുത്ത വിഷയം സംസ്കൃതമായിരുന്നു.  ഇഷ്ടപെട്ട വിഷയങ്ങളാകട്ടെ ഹിന്ദിയും, സംസ്കൃതവും.  സംസ്കൃതം വിഷയമായുള്ള കുട്ടികളിൽ കൂടുതലും "ഡിവിഷൻ - എ" യിൽ ആയിരുന്നു.  ഞാനും.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു ഞങ്ങളുടെ സ്കൂൾ മിക്സഡ് ആക്കുന്നത്. ട്രയൽ & ഇറർ ബേസിൽ സ്റ്റാർട്ട് ചെയ്തത് കാരണം, പെൺകുട്ടികൾക്കുള്ള  അഡ്മിഷൻ അഞ്ചാം ക്ലാസിലേക്കും, എട്ടാം ക്ലാസിലേക്കും മാത്രം.  ആദ്യത്തെ മിക്സഡ് വർഷമല്ലെ, പെൺകുട്ടികളൊക്കെ എണ്ണത്തിൽ മഹാ കുറവായിരുന്നു.  പത്ത് പതിനാലു പെൺകുട്ടികളോളം അക്കൊല്ലം ഞങ്ങളുടേ സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നു.  അഞ്ചാം ക്ലാസിൽ ചേർന്ന വിദ്യാർത്ഥിനികളുടെ എണ്ണമറിയാൻ ഞങ്ങക്ക് താത്പര്യം തീരെയില്ലായിരുന്നു.  എട്ടിൽ ചേർന്ന പെൺകുട്ടികളിൽ ചിലരൊക്കെ ഞങ്ങളെ പഠിപ്പിച്ചിരുന്ന ടീച്ചർമാരുടെ മക്കളായിരുന്നു എന്ന ഒരു ഭീഷണി ഞങ്ങളുടെ മുൻപിൽ  എപ്പോഴുമുണ്ടായിരുന്നു. 

ദൈവഹിതത്തെ ആർക്ക് തടുക്കാൻ പറ്റും?   പുതുതായി ചേർന്ന പെൺകുട്ടികളെ " 8 എ"ഡിവിഷനിലേക്കാണിട്ടത്.  അവരിൽ ചിലരാകട്ടെ സംസ്കൃതം പഠിക്കുന്നവരും.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ,  ഹെഡ്മാഷ് ശ്രീ രാധാകൃഷ്ണൻ മാഷാണു.    രാധാകൃഷ്ണൻ മാഷാണെങ്കിൽ കട്ട സഖാവും, മഹാ കണിശക്കാരനും.  പിന്നിലേക്ക് ചേർത്ത് മറച്ചുപിടിച്ച കൈകളിൽ മുഴുത്ത ചൂരലുമായാണു എപ്പോഴും റോന്ത്!  ക്ലാസിൽ ടീച്ചറൊന്ന് വരാൻ വൈകിയാൽ അപ്പോൾ തുടങ്ങും പിള്ളാരുടെ ബഹളം.  മാഷാണെങ്കിൽ ഇടക്കിടെ അദ്ദേഹത്തിന്റെ മുറിയിൽ നിന്നും മിന്നൽ പരിശോധനക്കായിറങ്ങും.  ശബ്ദമുണ്ടാക്കുന്ന പിള്ളാർ, അത് ക്ലാസിനുള്ളിലാകട്ടെ, പുറത്താകട്ടെ, മാഷുടെ കണ്മുന്നിൽ പെട്ടാൽ തുടപൊളിയുന്ന, അല്ലെങ്കിൽ ചന്തി പൊള്ളക്കുന്ന അടിയുറപ്പാണു.  സംഭവം മാഷൊരു സ്നേഹനിധിയാണെന്നൊക്കെ പറയുമെങ്കിലും, പിള്ളാർക്കങ്ങേരെന്നുമൊരു പേടിസ്വപ്നം തന്നെ.

സംസ്കൃതം പഠിപ്പിക്കുന്ന ശ്രീദേവി ടീച്ചറും, കണിശത്തിന്റെ കാര്യത്തിൽ അത്ര പിന്നിലൊന്നുമല്ല,  ചോദ്യത്തിനുത്തരം നൽകാതിരുന്നാലോ, തെറ്റിയാലോ, ചൂരൽകഷായം പിള്ളാർക്കുറപ്പാണു.

സംസ്കൃതം പിരിയഡിൽ, മലയാളം വിഷയമായിട്ടുള്ള കുട്ടികൾ വേറെ കാസിലേക്കും, അവിടെ നിന്ന് സംസ്കൃതം വിഷയമായിട്ടുള്ള പിള്ളാർ ഞങ്ങളുടേ ക്ലാസിലേക്കും വരുകയാണു പതിവ്.  ഞങ്ങളുടെ ക്ലാസ്സ് സ്ഥിതി ചെയ്യുന്നത് സ്റ്റേജിന്റെ മുകളിലായാണു.  താഴെ നിന്നു വരുന്നവർക്ക് പെട്ടെന്ന്  തന്നെ മുകളിലുള്ള ക്ലാസിൽ എന്താണു നടക്കുന്നത് എന്ന് കണ്ടു പിടിക്കാൻ എളുപ്പമാണു താനും.

അങ്ങിനെ മിക്സഡ് ക്ലാസ്സ് തുടങ്ങിയ വർഷം. ഞാനടക്കമുള്ള  സകലമാന പിള്ളാരും, അസ്ത്രങ്ങളൊക്കെ മൂർച്ചകൂട്ടി ആവനാഴിയിലിട്ടാണു സ്കൂളിലേക്കുള്ള വരവും, നടപ്പും, എന്തിനു പഠിത്തം പോലും.  പുതിയതായി വന്നതിന്റെ ഒരങ്കലപ്പൊന്നും പെണ്ണുങ്ങൾക്കില്ലായിരുന്നു. ഒരെണ്ണം പോലും, അമ്പിനും, വില്ലിനും അടുക്കുന്നുമില്ല.   എങ്കിലും തോറ്റു പിന്മാറാൻ മനസ്സുള്ളവരായിരുന്നില്ല ഞാനും, എന്റെ സതീർത്ഥ്യന്മാരും.   എപ്പോഴാണു, ആരാണു, എങ്ങിനെയാണു ചൂണ്ടയിൽ കൊത്തുക എന്ന് പ്രവചിക്കാൻ കഴിയില്ലല്ലോ.

അങ്ങിനെയിരിക്കെ ഒരു ക്ലാസിൽ  ശ്രീദേവി ടീച്ചർ പഠിപ്പിച്ചത് - ജഗദ്ഗുരു ശ്രീ ആദിശങ്കരാചാര്യർ രചിച്ച ഭജഗോവിന്ദമെന്ന ശ്ലോകമാണു.   വരുന്ന രണ്ട് ദിവസങ്ങളിൽ ടീച്ചർ അവധിയായതു കാരണം, അന്ന് സ്പെഷലായി ഒരു എക്സ്ട്രാ ക്ലാസ്സും കൂടിയെടുത്താണു ടീച്ചർ  ശ്ലോകം പഠിപ്പിച്ച് തീർത്തത്.  ക്ലാസ്സ് കഴിഞ്ഞ് പോകാൻ നേരം, എല്ലാവരോടും ശ്ലോകം മുഴുവനായും പഠിക്കണമെന്നും, അടുത്ത ക്ലാസ്സിൽ ചോദ്യോത്തരങ്ങളുണ്ടായിരിക്കുമെന്നും ഭീഷണി മുഴക്കി.

പെൺപിള്ളാരുടെ മുൻപിൽ ഷൈൻ ചെയ്യാൻ പറ്റിയ അവസരം  ഇത് തന്നെ.  ഭജഗോവിന്ദം ശ്ലോകം അരച്ച് കലക്കി കുടിക്കുക, ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ എല്ലാ ഉത്തരങ്ങളും മണി മണി പോലെ പറഞ്ഞ് ഷൈൻ ചെയ്യുക.   അത് മാത്രമാണിനി ഇവളുമാരെ കയ്യിലെടുക്കാനുള്ള ഒരേയൊരു പ്രതിവിധി.

പിന്നീട് വന്ന രണ്ട് ദിവസങ്ങൾ സാധകത്തിന്റേതായിരുന്നു.   പറമ്പ് നനക്കാനായി മോട്ടറടിച്ചു നിറച്ചിടുന്ന വാട്ടർ ടാങ്കിൽ കഴുത്തൊപ്പം വെള്ളത്തിൽ ഇരുന്നും, അടുക്കള മേശമേൽ ഇരുന്നും, എന്തിനു, കട്ടിലിൽ കമ്പിളി പുതച്ച് മൂടി കിടന്ന് വരെ ഞാൻ ഭജഗോവിന്ദം സാധകം ചെയ്തു.   പാടി പാടി എന്റെ തൊണ്ട വരണ്ടു, എന്നിട്ടും തോറ്റു കൊടുക്കാൻ എനിക്ക് മനസ്സില്ലായിരുന്നു.  ശ്ലോകം മൊത്തം കാണാതെ ഉരുവിട്ടുരുവിട്ടു പഠിച്ചു.

പ്രതീക്ഷിച്ചത് പോലെ തന്നെ ടീച്ചർ ക്ലാസിൽ വന്നു.  കുശലാന്വേഷണത്തിലേക്കൊന്നും കടക്കാതെ നേരിട്ട്  ചോദ്യോത്തരവേള!

ദ്രൗപതീസ്വയം വരത്തിനുപോയ അർജുനൻ, ഞാത്തിയിട്ട ചാളയുടെ കണ്ണു മാത്രം കണ്ടത് പോലെ!

എന്റെ മനസ്സിൽ മറ്റൊന്നുമില്ല , എന്റെ ശ്വാസത്തിൽ  പോലും ആദി ശങ്കരനും, ഭജഗോവിന്ദവും മാത്രം.  തികഞ്ഞ ഏകാഗ്രത..

ബ്രീത്ത് ഇൻ.....

ബ്രീത്ത് ഔട്ട്!

എന്താണു ചോദ്യമെന്നോ, ആരോടാണോ ചോദിച്ചതെന്നോ, എവിടെ അവസാനിപ്പിച്ചുവെന്നോ, ഒന്നും കേൾക്കാതെ എന്റെ മനസ്സ് എന്റെ പേരു വിളിക്കായി മാത്രം കാതും കൂർപ്പിച്ചിരുന്നു.

കുറുമാൻ പറയൂ

എന്റെ പേരു വിളിക്കുന്നത് കേട്ടതും, തൊണ്ട ശരിയാക്കി എഴുന്നേറ്റ് നിന്നു.  കൈപ്പത്തികൾ ഡസ്കിൽ കുത്തി, കണ്ണുകൾ അടച്ച് പിടിച്ച്, മുന്നോട്ടും, പിന്നോട്ടും ചെറുതായൊന്നാടികൊണ്ട് ഒരൊറ്റ കീറായിരുന്നു. 

അമ്പലത്തിലൊക്കെ മുഴങ്ങികേട്ടുള്ള സുബ്ബലക്ഷ്മിയമ്മയുടെ അതേ ട്യൂണിൽ,  അതിലും ശബ്ദഗാംഭീര്യത്തോടെ!

ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ
സംപ്രാപ്തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുകൃഞ്ജുകരണേ

നാരീസ്തന ഭര നാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്‍മാംസവസാദി വികാരം

നിറുത്തടോ തന്റെ ഒരു വികാരം!  ഉച്ചത്തിലുള്ള ഒരലർച്ചയും, ഡെസ്കിൽ ചൂരലുകൊണ്ടടിക്കുന്ന ശബ്ദവും കേട്ട്  ഞെട്ടിപിടഞ്ഞ്  കണ്ണുകൾ തുറന്നപ്പോൾ,  മുൻപിൽ ശ്രീദേവി ടീച്ചർ മാത്രമല്ല, ചൂരലുമേന്തി തൊട്ടടുത്ത് രാധാകൃഷ്ണന്മാഷുമുണ്ട്!

ആൺപെൺ വിത്യാസമില്ലാതെ ക്ലാസിലുള്ളവരുടെ അന്നത്തെ ആ കൂട്ടചിരിയിൽ ഒന്നു തിരിഞ്ഞു പോലും നോക്കാതെ ഇറങ്ങി പോയതാണെന്റെ സംഗീത വാസന!

2 comments:

കുറുമാന്‍ said...

ശ്ലോകാന്ത്യം അഥവാ ശോകാന്ത്യം

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നാലും ഇങ്ങനൊക്കെ പാടാവൊ ...