Saturday, June 20, 2020

പത്മിനി മാഹാത്മ്യം

ദില്ലി സ്മരണകൾ - 2

ആ ദിവസത്തെ, കൂലിപണിയൊക്കെ കഴിഞ്ഞ് ആദി കുറുമാനും, ഞാനും കിർക്കി ഗ്രാമത്തിലെ ഞങ്ങളുടെ വില്ലയിൽ എത്തിയപ്പോൾ, പൂത്തിരി കത്തിയപോലുള്ള ചിരിയോട് കൂടി നിൽക്കുന്ന ഡൊമിനിയേയാണു കണ്ടത്.
എന്താ ഡൊമിന്യേ നിന്റെ മുഖത്തിന്നൊരു ച്യവന പ്രകാശം... പൂക്കുല ലേഹ്യം ഒറ്റക്കടിച്ചതിന്റേയാവുംല്ലേ?
ഡാ, അച്ഛനു ഡ്രൈവിങ്ങ് ലൈസൻസ് കിട്ടി, കാറിന്റെ!
അത് പെടച്ചു. അഭിനന്ദനങ്ങൾ. അപ്പോൾ ചിലവെപ്പോഴാ?
കുനിഞ്ഞ് കട്ടിലിന്റെ കീഴെ നിന്ന് പഴയൊരു സന്യാസി (OLD MONK) അഥവാ ത്രിഗുണന്റെ ഫുൾ ബോട്ടിൽ വലിച്ച് കയ്യിലെടുത്ത് ഞങ്ങൾക്ക് മുൻപിൽ പ്രദർശിച്ചുകൊണ്ടവൻ പറഞ്ഞു. ഡംണ്ടഡേൺ!
കുപ്പി കണ്ടതും അവനേക്കാളും പ്രകാശമാനമായി ആദിയുടേം, എന്റേയും വദനങ്ങൾ!
വസ്തങ്ങളൊക്കെ പെട്ടെന്ന് തന്നെ മാറി, ഇന്നിനി കുക്കിങ്ങൊന്നും വേണ്ട. നമുക്ക് ചാച്ചയുടെ ഡാബയിലെങ്ങാനും പോയി കഴിക്കാം, അല്ലെങ്കിൽ അവിടെ നിന്ന് പാഴ്സൽ വാങ്ങി വരാം, കാശ് നീ കൊടുത്താൽ മതി. ഡൊമിനിക്ക് മറിച്ചൊന്ന് ചിന്തിക്കാൻ പോലും അവസരം നൽകാതെ തീരുമാനം ഞങ്ങളറിയിച്ചു.
*******
ബാങ്ക് മാനേജരായിരുന്നെങ്കിലും , റിട്ടയർമെന്റിനു വെറും മൂന്നേ മൂന്ന് മാസം ബാക്കിയുള്ളപ്പോൾ മാത്രമാണു, ഡൊമിനിയുടെ അച്ഛൻ, ശ്രീ, വാസുദേവനവർകൾക്ക് ഡ്രൈവിങ്ങ് പഠിക്കാൻ തോന്നിയതും, ആ ഡെഡിക്കേഷനു മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് ടെസ്റ്റ് പാസ്സാക്കി, ഡ്രൈവിങ്ങ് ലൈസൻസ് കൊടുക്കാൻ, വെഹിക്കിൾ ഇൻസ്പെക്ടർക്ക് തോന്നിയതും.
ഡ്രൈവിങ്ങ് ലൈസൻസ് കിട്ടിയ അന്നു മുതൽ ഉറക്കത്തിലും, ഊണിലും വരെ അദ്ദേഹം ദർശിച്ചിരുന്നത്, വലുപ്പത്തിൽ ലോകത്തെ മറ്റേത് റൗണ്ടബൗട്ടിനേയും വെല്ലുന്ന തൃശൂർ റൗണ്ടിൽ തന്റെ കാറുമായി വിലസുന്നതും, വീശിയൊടിക്കുന്നതും, മാത്രമാണു.
പഴയ സന്യാസിയുമൊത്ത് മിണ്ടീം പറഞ്ഞും ഞങ്ങൾ ഇരിക്കുന്നതിന്നിടയിലാണു , ഇരുക്കയ്യനോ, മുക്കയ്യനോ ആയാലും വേണ്ടില്ല, ചുളുവിലക്ക്, ഒരു നല്ല കാർ എത്രയും പെട്ടെന്ന് വാങ്ങണം അച്ഛനു വേണ്ടി എന്ന് ഡൊമിനി ഞങ്ങളോടുര ചെയ്തത്!
കേട്ടതും ഞങ്ങൾ ഞെട്ടി!
അച്ഛനു കാർ വാങ്ങാനാ? നീയാ? ബാങ്കുകളൊന്നും അടുത്തിടെ കൊള്ളയടിച്ചതായി പത്രത്തിലൊന്നും കണ്ടില്ലല്ലോ! കാശെവിടുന്നാ?
കാശൊക്കെ അച്ഛൻ അയച്ച് തരാമെന്ന് പറഞ്ഞിട്ടുണ്ടിഷ്ടാ. നമുക്ക് ഒരു കാർ എത്രയും പെട്ടെന്ന് കണ്ട് പിടിച്ച് വാങ്ങണം.
കാറെങ്കിൽ കാർ, വാങ്ങിയിട്ട് തന്നെ കാര്യം.
ബാസ്കറ്റ് ബോൾ, നെറ്റിലേക്കിടുന്നത് പോലെ, കാലിയായ കുപ്പി അടുക്കളയുടെ മുകളിലെ സ്ലാബിലേക്ക് മയത്തിലൊന്നെറിഞൊതുക്കി, ചാച്ചയുടെ ഡാബയിൽ പോയി തന്തൂരി ചിക്കനും, തന്തൂരി റൊട്ടിയും, കഡായ് പനീറൂം കഴിച്ച്, ഒരു ദമ്മുമടിച്ച്, തിരികെ വന്ന് സുഖമായി ഞങ്ങൾ കിടന്നുറങ്ങി.
പിറ്റേന്ന് മുതല്‍ ഞങ്ങൾ മൂവരും അവരവുരേതായ കോണ്ടാക്ട്സ് മൊത്തത്തിൽ ഉപയോഗിച്ച് യൂസ്ഡ് കാറിനായുള്ള വേട്ട തുടങ്ങി.
തൊണ്ണൂറ്റി രണ്ടാണ് കാലഘട്ടം. സെക്കന്റ് ഹാന്റ് മാരുതികളുടെ വില്പന അത്ര പ്രചുര പ്രചാരത്തിലില്ല. ഉള്ളതിനാണെങ്കില്‍ ഹോസ്പിറ്റല്‍ സ്വന്തമായുള്ള ഡോക്ടറായ അച്ഛന്റെ ഡോക്ടറായ മകന്‍ കല്യാണ കമ്പോളത്തില്‍ വില്പനക്കായി എത്തിപെട്ടപോലെയും. മുടിഞ്ഞ ഡിമാന്റ്! ആര്, എപ്പോൾ കൊത്തികൊണ്ട് പോയെന്ന് ചോദിച്ചാല്‍ മാത്രം മതി.
അംബാസഡറിന്റെ കാര്യമാണെങ്കിലോ? എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും കാണുന്നതെല്ലാം വില്പനക്ക്! അംബൻ കരുത്തനാണെങ്കിലും, ഡൊമീനീടച്ഛന് അംബനോട് താത്പര്യമൊട്ടില്ല താനും.
പിന്നെയുള്ളത് അക്കാലഘട്ടത്തിലെ, ഡോക്ടർമാരുടെയൊക്കെ ഫേവറിറ്റായ പത്മിനിയാണു. അവളാണെങ്കിലോ എണ്ണത്തില്‍ തുച്ഛവും.
എന്തായാലും ഡൊമിനിയുടെ അച്ഛനു ചേര്‍ന്നതും കൈപ്പിടിയില്‍ ഒതുങ്ങന്നതും പത്മിനി തന്നെ എന്ന് ഒരാഴ്ചക്കൂള്ളിലെ മാര്‍ക്കറ്റ് റിസേര്‍ച്ചില്‍ ഞങ്ങള്‍ കണ്ടെത്തി. പിന്നെയങ്ങോട്ട് പത്മിനിയെ ചുറ്റിപറ്റിയായി ഞങ്ങളുടെ അന്വേഷണം.
ഐ എന്‍ എ മാര്‍ക്കറ്റിലായാലും, സരോജിനി നഗര്‍ മാര്‍ക്കറ്റിലായാലും, ആര്‍ കെ പുരം അയ്യപ്പ മന്ദിറിലായാലും, പാര്‍ക്കിങ്ങിലായാലും, പാര്‍ക്കിന്റെ മുന്‍പിലായാലും, സിനിമാ തിയറ്ററിനു മുന്‍പിലായാലും, എന്തിന് ബാറിന്റെ മുന്‍പില്‍ വച്ചു പോലും പത്മിനിയെ കണ്ടാല്‍ ഞങ്ങള്‍ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ അടുത്ത് ചെന്ന് തൊട്ടു നോക്കി, മെല്ലെ ഉഴിഞ്ഞു. ശരീരത്തില്‍ സ്ട്രെച്ച് മാർക്കുകൾ ഉണ്ടോയെന്ന് ചാഞ്ഞും, ചരിഞ്ഞും നോക്കി.
ഗൾഫ് കാരൻ പയ്യൻ പെണ്ണുകാണാൻ പോവാറുള്ളത് പോലെ, പലതിനേം കണ്ടു, ഇഷ്ടപെടുകയും ചെയ്തു. പക്ഷെ ഗൾഫിലല്ലേ, നിങ്ങൾക്ക് തരാൻ താത്പര്യമില്ല ലൈനിലായിരുന്നു കൂടുതലും. സൗന്ദര്യവും, കുലമഹിമയും, ഒത്ത് ചേർന്ന്, എല്ലാം കൊണ്ടും ഞങ്ങൾക്കിഷ്ടപെട്ട്, കുടുംബത്തിലേക്ക് കൂട്ടികൊണ്ടുവരാൻ പറ്റിയ ചരക്ക് എന്ന് തോന്നിയ നന്നേ ചുരുക്കം പത്മിനികളുടെയാണേൽ ജാതകവും ചേർന്നില്ല (അജ്ജാതി വിലയാണു അവന്മാർ ചോദിച്ചത്).
ദിനങ്ങളും വാരങ്ങളും കൊഴിഞ്ഞു വീണുകൊണ്ടേ ഇരുന്നു. ഡൊമിനിയുടെ അച്ഛന്‍ ഞങ്ങള്‍ക്ക് ചെയ്യുന്ന എസ് ടി ഡി കോളുകളുടെ എണ്ണങ്ങൾ ക്രമാതീതമായി വർദ്ധിച്ചു വന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ദിവസം ഡൊമിനിയുടെ അച്ഛന്റെ ഫോണ്‍ വന്നപ്പോള്‍ ഡൊമിനിയുടെ ഫോണിലൂടെയുള്ള സംസാരം കേട്ട് ഞങ്ങള്‍ ഞെട്ടി.
ഹലോ, ങ്ഹാ അച്ഛാ.
കാറാ, ഉവല്ലോ, ശരിയായിട്ടുണ്ട്.
മാരുതിയാണോന്നാ? ഏയ് പത്മിനിയാ.
നല്ല കണ്ടീഷനാണോന്നാ? ചോദിക്കാനുണ്ടോ, അടിപൊളി. ഇജ്ജാതി ഒരു വണ്ടി ഇനി കിട്ടാൻ ചാൻസേയില്ലച്ഛാ. എന്തായാലും അച്ഛന്‍ ഒരു അമ്പതിനായിരം അയക്ക്.
ഫോണ്‍ കട്ട് ചെയ്ത് ഡൊമിനി ഞങ്ങളെ ദയനീയമായി നോക്കി. ഇനിയെന്ത് എന്നര്‍ത്ഥത്തില്‍.
സാരമില്ല നമുക്ക് നമ്മുടെ വേട്ട ഒന്നുകൂടി കൊഴുപ്പിക്കാം എന്ന് പറഞ്ഞ് ഡൊമിനിയെ ഞങ്ങള്‍ സമാധാനിപ്പിച്ചെങ്കിലും, അഞ്ചാം പക്കം ഡൊമിനിയുടെ ബാങ്ക് അക്കൌണ്ടില്‍ അമ്പതിനായിരത്തി ഇരുന്നൂറ്റി പതിനേഴു രൂപ ബാലന്‍സ് കണ്ടപ്പോള്‍ (അമ്പതിനായിരം അച്ഛന്‍ അയച്ചതും, ഇരുന്നൂറ്റി പതിനേഴു രൂപ അവന്റെ സ്വന്തം സമ്പാദ്യവും) ഡൊമിനിയുടെ ടെന്‍ഷന്‍ കൂടി.
അങ്ങനെ ഫുള്‍ പ്രെഷറില്‍ ഇരിക്കുന്ന സമയത്താണ് ഡൊമിനീടച്ഛന്‍ കൊതിച്ചതും പത്മിനി, ആദികുറുമാന്റെ ബോസ്സ്, സന്ദീപ് ആനന്ദ് വില്‍ക്കാന്‍ പോകുന്നു എന്ന് കല്‍പ്പിച്ചതും പത്മിനി!
നിറമല്‍പ്പം കുറവായാലെന്താ, ഫീൽഡിറങ്ങിയപ്പോൾ, സോറി റോഡിലിറങ്ങിയപ്പോള്‍ മുതല്‍ ഒരേ ഒരാൾ മാത്രം കൈവശം വച്ച പത്മിനി! അന്യനൊരാള്‍ അവളുടെ മടിയിൽ അഥവാ ഡ്രൈവിങ്ങ് സീറ്റിൽ പോലും ഒന്നു കയറിയിട്ടില്ല. രണ്ടാമതൊരാള്‍ അവളുടേ ഹോണില്‍ പോലുമൊന്ന് ഞെക്കിയിട്ടില്ല.
കുലീന, ഉത്തമ കുടുംബിനി, പതിവ്രത, അവളെ കിട്ടിയാല്‍ ഭാഗ്യമാ. ഞാന്‍ പറഞ്ഞാല്‍, റേറ്റൊക്കെ അല്പസ്വല്പം അഡ്ജസ്റ്റ് ചെയ്യും. ബോസിന്റെ പദ്മിനിയെകുറിച്ച് ആദി കുറുമാൻ വാ തോരാതെ സംസാരിച്ചു.
ആദിയുടെ സംസാര രീതി വച്ച് പുള്ളിക്കാരന് ഈ ഡിലിങ്ങില്‍ വല്ല കമ്മീഷനും ഉണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കാതിരുന്നില്ല.
എന്തായാലും ശരി, ആദ്യം പത്മിനിയെ കാണട്ടെ, എന്നിട്ട് ആലോചിക്കാം, അവൾ വേണോ വേണ്ടയോ എന്ന തീരുമാനത്തിന്‍ പ്രകാരം വ്യാഴാഴ്ച ഓഫീസില്‍ നിന്നും ആദി കുറുമാന്‍ ഫോണ്‍ ചെയ്തത് പ്രകാരം, സൂര്യന്‍ അസ്തമിക്കാന്‍ രണ്ട് മൂന്നു മണിക്കൂര്‍ നേരമുള്ളപ്പോള്‍ തന്നെ ഓഫീസില്‍ നിന്നും നേരത്തേ വലിഞ്ഞ്, ഞാനും ഡൊമിനിയും ഗ്രേറ്റര്‍ കൈലാഷിലേക്ക് പാഞ്ഞു (വാങ്ങാനായി വണ്ടി നോക്കണമെങ്കില്‍ സൂര്യപ്രകാശത്തിന്റെ വെളിച്ചത്തില്‍ തന്നെ നോക്കണം എന്ന് ഞാന്‍ അന്നേ പഠിച്ചിരുന്നു).
ചെന്നു, കണ്ടു, കീഴടക്കി. എന്തൊരു മുഖശ്രീ. എന്തൊരു ഐശ്വര്യം. പ്രായമിത്രയായിട്ട് കൂടി , ഒരു സ്ട്രെച്ച് മാർക്ക് പോലും പള്ളയിലോ മറ്റെവിടേയുമില്ല. പിൻഭാഗവും, മുൻഭാഗമൊക്കെ അങ്ങിനെ അതേ ഷേപ്പിൽ. യാതൊരിടിവുമില്ല. വൗ. ജസ്റ്റ് വൗ...മനോഹരം. ആക്സിഡന്റ് ഫ്രീ, നോ സ്ക്രാച്ച് ഓർ ഡെന്റ്!
അഞ്ചെട്ട് വര്‍ഷമായി വെയില് കൊള്ളുന്നതിനാല്‍ നിറം അല്പമൊന്ന് മങ്ങിയിട്ടുണ്ടെന്നതൊഴിച്ചാൽ, എന്തുകൊണ്ടും കുടുംബത്തിലേക്ക് വലത് ടയർ വച്ച് കയറ്റുവാൻ യോഗ്യതയുള്ളവൾ തന്നെ.
ഇഷ്ടപെട്ട സ്ഥിതിക്ക് ഇനി വിലയുറപ്പിക്കണമല്ലോ! പേശി, പേശി നാല്പതിനായിരം രൂപക്ക് ഡീല്‍ ഉറപ്പിച്ചു. കയ്യോടെ തന്നെ അഡ്വാന്‍സും കൊടുത്തു. പിറ്റേന്ന് വെള്ളിയാഴ്ച ഓഫീസില്‍ പേരിനൊന്ന് പോയിട്ട്, ലീവെടുത്ത് വരാം എന്നും, അതിനുശേഷം വണ്ടിയുടെ റെജിസ്ട്രേഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് പറഞ്ഞുറപ്പിച്ചതിനുശേഷം സന്തോഷപൂര്‍വ്വം ഞങ്ങള്‍ ഫ്ലാറ്റിലേക്ക് നീങ്ങി.
പത്മിനിയെ കണ്ടു കിട്ടിയ സന്തോഷം പങ്കിടാന്‍, പോകുന്ന വഴിക്ക്, ഷെയ്ക്ക്സറായില്‍ നിന്ന് ഒരു ത്രിഗുണനേയും കൂടെ കൂട്ടി.
ത്രിഗുണനുമൊത്തിരുന്ന് സംസാരിക്കുന്നതിനിടയില്‍ പത്മിനി നാളെ ഉച്ചയോടെ വീട്ടിലെത്തിയാൽ, പോകേണ്ട ട്രിപ്പിനെ കുറിച്ച് മൂന്ന് പേരും തര്‍ക്കമായി. ഹരിദ്വാര്‍ മതിയെന്ന് ഡൊമിനി, വേണ്ട മസൂറി മതിയെന്ന് ആദിയും, ജയ്പ്പൂര്‍ മതിയെന്ന് ഞാനും. തര്‍ക്കം മൂത്തപ്പോള്‍, പതിവുപോലെ തന്നെ നറുക്കെടുക്കാം എന്നൊത്തുതീര്‍പ്പില്‍ എത്തിയത് മൂലം നറുക്കെടുത്തു. നറുക്ക് വീണത് മസൂറിക്ക്. പോകാനുള്ള സ്ഥലത്തിനൊരു തീരുമാനമായതിനാല്‍ ബാക്കിയുള്ള കാര്യങ്ങളിലേക്ക് ചര്‍ച്ച കടന്നു.
ശനിയാഴ്ച എല്ലാവരും ലീവെടുക്കുകയാണെങ്കില്‍, വെള്ളിയാഴ്ച രാത്രി തന്നെ മസൂറിക്ക് പോകാം, ശനിയാഴ്ച രാവിലെ പത്ത് പതിനൊന്നു മണിയോടെ എന്തായാലും മസൂറിയിലെത്തും, അന്നവിടെ തങ്ങി, പിറ്റേന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മടങ്ങിയാല്‍ പാതിരാത്രിയോടെ വീട്ടിലെത്തി ചേരാം, പിറ്റേന്ന് ജോലിക്കും പോകാം, ഞാന്‍ നയം വ്യക്തമാക്കി.
എന്റെ അഭിപ്രായത്തിനെ രണ്ട് പേരും അനുകൂലിച്ചതിനാല്‍ അന്നത്തെ ചര്‍ച്ച അവിടെ തീര്‍ന്നു. ചര്‍ച്ചമൂലം അത്താഴം ഒന്നും വക്കാത്തതിനാലും, വണ്ടി വാങ്ങിയതിന്റെ ട്രീറ്റ് വേണമെന്ന് ഞങ്ങള്‍ നിര്‍ബന്ധിച്ചതിനാലും, സ്കൂട്ടാവാന്‍ വേറെ യാതൊരു നിവൃത്തിയില്ലാത്തിനാലും ഡൊമിനി സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ഞങ്ങളെ സാക്കേത്തിലെ, ഗുരുചരണ്‍ സിങ്ങിന്റെ ഡാബയിലേക്ക് നയിച്ചു. ത്രിഗുണബലത്താല്‍, വെറും അര മുക്കാൽ മണിക്കൂര്‍ നേരത്തെ ആശ്രാന്ത പരിശ്രമത്തിനുശേഷം മോശമല്ലാത്തൊരു ബില്ല് ഡൊമിനിയെകൊണ്ട് കൊടുപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ള ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ ഫ്ലാറ്റിലേക്ക് മടങ്ങി.
വെള്ളിയാഴ്ച രാവിലെ പതിവുപോലെ ഞാനും ഡൊമിനിയും ഒരോഫീസിലേക്കും, ആദി, ആദിയുടെ ഓഫീസിലേക്കും പോയി.
ഞാനാകട്ടെ, അല്പം പണികള്‍ ചെയ്തതിനു ശേഷം, പുറം പണിക്കായി ഇറങ്ങുന്നതിനു മുന്‍പ്, മാനേജരായ പിള്ള സാറിനോട്, ശനിയാഴ്ച, അമ്മായിയുടെ മോളുടെ മോന്റെ ചോറൂണായതിനാല്‍ (ആറ് വയസ്സ് കഴിഞ്ഞ അവന്‍ ഉണ്ണാന്‍ തുടങ്ങിയിട്ട് വര്‍ഷം അഞ്ചര കഴിഞ്ഞിരുന്നു അപ്പോള്‍)‌ അവധി വേണമെന്നും പറഞ്ഞ് അവധിയും വാങ്ങി പുറത്തിറങ്ങി.
ടെക്സ്റ്റൈയിൽ കമ്മിറ്റിയിലും, അപ്പാരല്‍ എക്പോര്‍ട്ട് പ്രമോഷന്‍ കൌണ്‍സിലിലും മറ്റും ചെയ്യാനുണ്ടായിരുന്ന അത്യാവശ്യ പണികള്‍ എല്ലാം പെട്ടെന്ന് തന്നെ ചെയ്ത് തീര്‍ത്തു. ബാക്കി അവശേഷിച്ചിരുന്ന പണികള്‍ അവിടെ ഉള്ള സുഹൃത്തുക്കളെ പറഞ്ഞേൽപ്പിച്ചു. പന്ത്രണ്ട് മണിയോട് കൂടി ഞാൻ ആര്‍ ടി ഓഫീസിലെത്തിയപ്പോൾ ആദിയുടെ ബോസ്സ് അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
പന്ത്രണ്ടേ കാലായിട്ടും ഡൊമിനിയെ കാണുന്നില്ല. ഇന്ന് റെജിസ്ട്രേഷന്‍ നടന്നില്ലെങ്കില്‍ പിന്നെ രണ്ട് ദിവസം അവധിയാണ്, അങ്ങിനെ വന്നാല്‍ മസൂറി ട്രിപ്പ് ഗോപിയാകും എന്ന് മാത്രമല്ല എടുത്ത ലീവ് വീട്ടിലിരുന്ന് മുഷിഞ്ഞ് തീര്‍ക്കേണ്ടിയും വരും.
പ്ലാന്‍ ചെയ്ത പ്രകാരം പത്തര പതിനൊന്ന് മണിയോട് കൂടി ഡൊമിനിക്ക് ശക്തമായ വയറുവേദനയും അതിനെ തുടര്‍ന്ന് നിലക്കാത്ത വയറിളക്കവും വരേണ്ടതാണ്. വേദനയും വയറിളക്കവും സഹിക്കാന്‍ വയ്യാതെ വരുമ്പോള്‍ പതിനൊന്നര പതിനൊന്നേ മുക്കാലോട് കൂടി ഡോക്ടറെ കാണുവാനായി അവന്‍ ഓഫീസില്‍ നിന്ന് ഇറങ്ങേണ്ടതും, പന്ത്രണ്ട്, പന്ത്രണ്ടേകാലോട് കൂടി ആർ ടി ഓഫീസിലെത്തേണ്ടതുമാണു.
ദൈവമേ, ഇനി പ്ലാനിങ്ങ് എങ്ങാനും പൊളിഞ്ഞോ? ലോല ഹൃദയനായ പിള്ളസാറെങ്ങാനും, വേദനിക്കുന്ന ഡൊമിനിയുടെ അവസ്ഥ കാണുവാനുള്ള മനശക്തിയില്ലാതെ, അവനെ കൂട്ടി ഡോക്ടറുടെ അടുത്തേക്കെങ്ങാനും പോയോ?
ഞാനും, ആദിയുടെ ബോസ്സും അക്ഷമരായി നില്‍ക്കുന്ന സമയത്ത്, ബൈക്ക് പാര്‍ക്ക് ചെയ്ത് പണസഞ്ചിയും തൂക്കി വിജയശ്രീ-ലളിതമാരുടെ മുഖഭാവത്തോടെ ഡൊമിനി നടന്നു വരുന്നത് കണ്ടതും, ഞങ്ങളാക്കാശ്വാസമായി.
ബോസ്സിന് മുഴുവന്‍ പണവും എണ്ണികൊടുത്തുതിന് ശേഷം, ആർ ടി ഓഫീസിലെ ദല്ലാളിനെ കണ്ട് കൈമടക്കെല്ലാം കൊടുത്തത്തിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ പത്മിനിയുടേ ഉടമസ്ഥാവകാശം ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടി.
ആദിയുടെ ബോസ്സ് താക്കോൽകൂട്ടം ഡൊമിനിക്ക് കൈമാറി, ഞങ്ങളിരുവർക്കും ഹസ്തദാനം നൽകി, പിന്നെ പറഞ്ഞു, സൂക്ഷിച്ചോടിക്കണം, നല്ലത് പോലെ നോക്കണം, ആദ്യമായി വാങ്ങിയ വണ്ടിയാണു കൈമറിഞ്ഞ് പോകുന്നത്. അതിന്റെ വിഷമം കൊണ്ട് പറയുന്നതാ! പിന്നെ മറ്റൊരു കാര്യം കൂടെ. കുറച്ച് നാളായി ഓടാതെ കിടക്കുന്നതാണു. എഞ്ചിൻ ഓയിലും, റേഡിയേറ്ററിലെ വെള്ളവുമൊക്കെ ഒന്ന് ചെക്ക് ചെയ്യിച്ചോളൂ.
കാർ ഡ്രൈവിങ്ങ് അറിയാത്തതിനാല്‍, ഡ്രൈവിങ്ങ് അറിയുന്ന എനിക്ക് താക്കോൽ കൂട്ടം ഒരാരാധനയോടെ ഡൊമിനി കൈമാറി. പത്മിനിയില്‍, രണ്ടാമതൊരുവൻ ഇന്നുവരേയായി കയറി ഇരിക്കാത്ത ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന്, വലിയ ഗമയില്‍ ഫ്ലാറ്റിലേക്ക് ഞാൻ വണ്ടി വിട്ടു. ഇടക്കിടെ റിയര്‍വ്യൂ മിററിലൂടെ,എന്റെ പുറകിലായി, ഡൊമിനി അവന്റെ റോഡ് കിങ്ങ് ബൈക്കില്‍ വരുന്നുണ്ട് എന്ന് ഉറപ്പാക്കി അല്പം അഹങ്കാരത്തോടെ സീറ്റില്‍ ഞാന്‍ ഇളകിയിരുന്നു.
വീട്ടിനു മുന്‍പില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നെഞ്ച് വിരിച്ച് ഞാന്‍ പുറത്തിറങ്ങി. ബൈക്ക് സ്റ്റാന്റിലിടുകയായിരുന്ന ഡൊമിനിയുടെ അടുത്തേക്ക് കീചെയിന്‍ കയ്യിലിട്ട് ചുഴറ്റികൊണ്ട് ഞാൻ ചെന്നു.
ഉം, എന്തിനാ ഡൊമിനീ നീ വണ്ടി സ്റ്റാൻഡിലിട്ടത്?
പിന്നല്ലാതെ? ഇന്നലെയല്ലെ സന്യാസി വാങ്ങിയതും, മൂക്കുമുട്ടെ, എന്റച്ഛന്റെ ട്രൗസർ കീറെ, ഫുഡടിച്ചതും?
ഡാ, ത്രിഗുണനും, ഫുഡുമൊന്നുമല്ല വിഷയം.
പിന്നെ?
ആദിയുടെ ബോസ്സ് പറഞ്ഞത് കേട്ടില്ലെ? വണ്ടിയിലെ വെള്ളവും, ഓയിലുമൊക്കെ ചെക്ക് ചെയ്യണമെന്ന്.
ഒരോയൽ ചേഞ്ച് ആർക്കാണിഷ്ടമല്ലാത്തത്?
അതിന് വര്‍ക്ക് ഷോപ്പില്‍ പോകേണ്ടേ?
വണ്ടിയോടിക്കാമെന്നറിമെന്നല്ലാതെ, വണ്ടിയുടെ ആന്തരികാവയവങ്ങളേകുറിച്ച് യാതൊരുവിധ ധാരണയും എനിക്കില്ലായിരുന്നുവെങ്കിലും, ഡൊമിനിയുടെ മുന്‍പില്‍ ആളാവാന്‍ പറ്റിയ സന്ദര്‍ഭം നഷ്ടപെടുത്താന്‍ അഹങ്കാരം മൂലം തയ്യാറായിരുന്നില്ലാത്തതിനാല്‍ ഞാന്‍ പറഞ്ഞു, ഹ ഹ, ഇത്ര ചെറിയ കാര്യത്തിന് വര്‍ക്ക് ഷോപ്പോ? നിന്റെ പൈസയൊന്നുമല്ലല്ലോ, അച്ഛൻ അയച്ച പൈസയല്ലെ? Save the money where ever and when ever you can! സമ്പത്ത് കാലത്ത് കാ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം! എന്നൊക്കെ നീ കേട്ടിട്ടില്ലേ?
എന്നാ, നീ രണ്ട് മാസമായിട്ട് മെസ്സിന്റെ പൈസ തന്നിട്ടില്ല, അതൊന്ന് താ, എനിക്ക് കുറച്ച് ഡ്രെസ്സ് വാങ്ങണം, ഡൊമിനി മൊഴിഞ്ഞു.
ഏയ്, ചുമ്മാടാ, നീ ഇങ്ങനെ ചൂടാവാതെ.
ഈ ഓയൽ ചേഞ്ചൊക്കെ നിസ്സാരം. ഒരൊറ്റ കയ്യിൽ ഓയിൽ ചെയ്ഞ്ച് ചെയ്യണ എന്നോടാ നീ വർക്ക്ഷോപ്പിൽ പോണമെന്ന് പറയുന്നത്?
അസംഭവ്!
ഓയിൽ ചേഞ്ചൊക്കെ ഞാൻ ചെയ്തോളാം.
നീ പോയി ഒരു രണ്ട് ലിറ്റര്‍ എഞ്ചിന്‍ ഓയില്‍ വാങ്ങിയിട്ട് വാ. നല്ല മുന്തിയത് തന്നെ വാങ്ങിക്കോ.
അല്ല കുറുമാനെ, നമുക്ക് വര്‍ക്ക് ഷോപ്പില്‍ പോയി ചെയ്താല്‍ പോരെ, അവസാനമായി അവൻ ചോദിച്ചു.
ആനയേ വാങ്ങിയെന്ന് കരുതി ഒരു ദിവസം കൊണ്ട് വാങ്ങിയ ആള്‍ക്ക് ആ ആനയുടെ പാപ്പാന്‍ ആകാന്‍ കഴിയുമോ ഡൊമിനീ?
ഇല്ല.
എന്താ? എനിക്കറിയില്ല?
ഞാൻ പറയാം. ആനയെ വീണ്ടും ചട്ടം പടിപ്പിക്കണം എന്ന് ഞാൻ പറയുന്നില്ല, പക്ഷെ ചട്ടം പഠിച്ച ആനയുടെ പാപ്പാൻ പോയാൽ പുതിയതായി വരുന്ന പാപ്പാനു, അവനെ വരുതിക്ക് നിറുത്തണമെങ്കിൽ വാട്ടണം. അതൊക്കെ ഇത്തിരിപണി പിടിച്ച പണിയാ...
നീ പ്രായത്തിൽ മാത്രമേ എന്നേക്കാളും രണ്ട് മൂന്ന് വയസ്സിനു മൂത്തതായുള്ളൂ ..പക്ഷെ ലോക പരിചയത്തിൽ മഹാ പിന്നിലാ!
നീ പറഞ്ഞു വരുന്നതെന്താന്ന് വച്ചാൽ പറഞ്ഞു അവസാനിപ്പിക്കിഷ്ടാ...ഇങ്ങനെ പരത്തി പറയാതെ.
എങ്കില്‍ ആന പോലെ തന്നെയാണു ഈ വണ്ടിയുടെ കാര്യവും.
വണ്ടി നീ വാങ്ങിയെന്നത് നേര്. പക്ഷെ ലൈസന്‍സില്ലാത്ത, ഡ്രൈവിങ്ങ് അറിയാത്ത നിനക്ക്, വണ്ടി കിട്ടിയിട്ടെന്തു കാര്യം?
നിശ്ശബ്ദനായി ഡൊമിനി ബൈക്കുമെടുത്ത് പോയി. അരമണിക്കൂറിനകം, എഞ്ചിന്‍ ഓയിലും വാങ്ങി വന്നു.
വണ്ടി സ്റ്റാന്‍ഡില്‍ വച്ച് ഓയില്‍ എന്റെ കയ്യില്‍ നല്‍കിയപ്പോഴേക്കും ഞാന്‍ അടുത്ത കല്‍പ്പന പുറപ്പെടുവിച്ചു, ഇനി പോയി ഒരു ബക്കറ്റ് വെള്ളം കൊണ്ട് വാ.
നിവൃത്തിയേതുമില്ലാത്തതിനാല്‍ പല്ലിറുമ്മികൊണ്ട് ഡൊമിനി മുറിയിലേക്ക് പോയി ബക്കറ്റിൽ വെള്ളവുമായി തിരികെ വന്നു. ബക്കറ്റ് നിലത്ത് വെച്ചപ്പോള്‍ തുള്ളിതെറിച്ച വെള്ളത്തില്‍ നിന്നും ഡൊമിനിക്ക് എന്നോടുള്ള ദ്വേഷ്യത്തിന്റെ ആഴം മനസ്സിലായെങ്കിലും ഞാന്‍ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
ഓയിലും വെള്ളവും ഒഴിക്കണമെങ്കില്‍ വണ്ടിയുടെ ബോണറ്റ് തുറക്കണം. അതിനായി ഞാന്‍ വണ്ടിയുടെ ഉള്ളില്‍ കയറി. തുറക്കാനുള്ള സുനയും, ലിവറും തപ്പി തപ്പി പത്ത് മിനിറ്റായിട്ടും സംഭവം കണ്ട് കിട്ടുന്നില്ല.
എന്താടാ, വണ്ടിയില്‍ ഇരുന്ന് നീ ഉറങ്ങിയാ?
ഡൊമിനി പകരം വീട്ടാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ മസ്തിഷ്കം എനിക്ക് സിഗ്നല്‍ തന്നു.
ചാഞ്ഞും, ചരിഞ്ഞും, നിലത്തിരുന്നും, സീറ്റില്‍ കിടന്നും പത്മിനിയുടേ ആന്തരികാവയങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് പുറത്തേക്ക് നീണ്ടിരിക്കുന്ന അല്പം വളഞ്ഞ ഒരു കമ്പി കഷ്ണം കണ്ടപ്പോള്‍ വെറുതെ പിടിച്ചൊന്ന് വലിച്ചു.
ക്ടിം, വണ്ടിയുടെ മുന്നില്‍ നിന്നൊരു ശബ്ദം കേട്ടു.
തുറന്നൂഡാ എന്ന് ഡൊമിനി വിളിച്ച് പറഞ്ഞ പറഞ്ഞപ്പോള്‍ ബോണറ്റ് തുറക്കാനുള്ള സുനാള്‍ട്ട് കാണാതെ കൂരച്ച് തുടങ്ങിയ നെഞ്ച് വീണ്ടും വിരിച്ച് ഞാന്‍ പുറത്തിറങ്ങി.
അല്പം തുറന്ന് കിടക്കുന്ന ബോണറ്റിന്നിടയിലൂടെ കയ്യിട്ട് മുൻഭാഗം മൊത്തം ഞാൻ തപ്പി. പരതി, പരതി അവസാനം ബോണറ്റ് തുറന്നു.
ബോണറ്റ് തുറന്നതും ആദ്യം തന്നെ ശ്രദ്ധയില്‍ പെട്ടത് തിരിച്ച് തുറക്കാവുന്ന ഒരടപ്പാണ്.
ചലോ, ഇത് തന്നെ വെള്ളമൊഴിക്കാനുള്ള സ്ഥലം. ഇടം വലം നോക്കാതെ, മറ്റൊന്നും ചിന്തിക്കാതെ, ബക്കറ്റില്‍ നിന്ന് ഒരു കപ്പ് വെള്ളമെടുത്ത് ഒഴിച്ചു. രണ്ടാമത്തെ കപ്പൊഴിക്കാന്‍ തുടങ്ങിയപ്പോഴേക്കും, തുളയില്‍ നിന്ന് കറുത്ത ഓയില്‍ നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുകാന്‍ തുടങ്ങി.
എനിക്കും, കണ്ടു നിന്ന ഡൊമിനിക്കും സംഭവം പെട്ടെന്നോടി. എഞ്ചിന്‍ ഓയിലൊഴിക്കേണ്ടിടത്താണ് ഞാന്‍ വെള്ളം ഒഴിച്ചിരിക്കുന്നത്!
എന്തിനും പത്മിനിയെ ഒന്ന് വാമാക്കാം എന്ന് കരുതി ഞാൻ അവളുടെ മടിയിൽ ഇരുന്നു, താക്കോലാൽ ഇക്കിളി കൂട്ടി, ഒരു തവണ, രണ്ട് തവണ, മൂന്നായി.
കറ ഘറ, കറ ഘറ, കറ ഘറ, കറ ഘറ ഘറ ഘറ എന്ന ശബ്ദമല്ലാതെ പത്മിനി ചൂടാവുന്നുമില്ല, സ്റ്റാർട്ടുമാവുന്നില്ല. ഹോർമോണൽ ചേഞ്ച് വരാൻ പാകത്തിനാണേൽ വയസ്സായിട്ടുമില്ല!
അഹങ്കാരം നഷ്ടപെട്ട്,അഹംഭാവം തെല്ലുമില്ലാതെ വണ്ടിയില്‍ നിന്ന് ഞാൻ പുറത്തിറങ്ങിയതും, ഡൊമിനിയുടെ കമന്റ്, ഭാഗ്യം, റേഡിയേറ്ററില്‍ ഓയില്‍ ഒഴിച്ചില്ലല്ലോ!
ശവത്തില്‍ കുത്തരുതെന്ന് പോലും പറയാനാകാതെ നിശബ്ദനായി ഞാന്‍ നിന്നു.
ഇനിയെന്താ നമ്മള്‍ ചെയ്യുക? ഡൊമിനിയോട് ഞാന്‍ ചോദിച്ചു.
നമ്മള്‍ അല്ല, ഇനിയെന്താ നീ ചെയ്യുക എന്ന് ചോദിക്ക് ആദ്യം, ഡൊമിനി വീണ്ടും എനിക്കിട്ട് താങ്ങി.
ശരി, ഇനിയെന്താ ഞാന്‍ ചെയ്യുക?
താക്കോൽ കൂട്ടം നിന്റേലല്ലെ? വണ്ടി ഇവിടെ കിടക്കുന്നില്ലേ? നിന്റെ ബൈക്കിവിടെ ഇരിക്കുന്നില്ലേ? വര്‍ക്ക് ഷോപ്പില്‍ പോയി, മെക്കാനിക്കിനെ വിളിച്ച് കൊണ്ട് വന്ന് ശരിയാക്കിക്ക്, അത്ര തന്നെ. ഡൊമിനി മൊത്തം മൊട!
കാശ്?
അതും നീ കൊടുക്കണം. അല്ലാണ്ട് പിന്നെ?
ഡാ എന്റേല് പൈസയില്ലടാ ഡൊമിനി. സത്യായിട്ടും, നൂറ്റിപത്തുറുപ്പ്യ ഉണ്ടായിരുന്നത് രാവിലെ AEPC (Apparel export promotion council) പോയപ്പോൾ ഷെയറിട്ട് അടിച്ചു!
പൈസ ഞാന്‍ കടമായിട്ട് തരാം. നീ ആദ്യം വര്‍ക്ക് ഷോപ്പില്‍ പോയിട്ട് മെക്കാനിക്കിനെ കൂട്ടീട്ട് വാ, സമയം കളയാതെ. അച്ഛനയച്ച കാശിന്റെ ബാക്കി കയ്യിലുള്ളത് അവനെ ഒരു ബൂർഷ്വാ മുതലാളിയാക്കി മാറ്റി!
വണ്ടിയുടെ താക്കോൽ എടുക്കാന്‍ മുറിക്കുള്ളിലേക്ക് കയറുമ്പോള്‍, ആനയെ വാങ്ങീന്ന് വച്ച് പാപ്പാനാവാന്‍ പറ്റോ? വര്‍ക്ക് ഷോപ്പില്‍ പോയി ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, ഇത്രയും ചെറിയ കാര്യത്തിന് വര്‍ക്ക് ഷോപ്പോ, എന്തൊക്കെയായിരുന്നു കുറൂന്റെ ഡയലോഗുകൾ! ഇപ്പോ മിണ്ടാട്ടം പോലുമില്ല്യാണ്ടായി തുടങ്ങിയ കമന്റുകള്‍ ഡൊമിനി നിര്‍ലോഭം പുറത്തിറക്കി.
എന്റെ ചരിത്രം, ഹിന്ദി സ്റ്റുഡൻസിന്റെ മുൻപിലാണവന്റെ അഭ്യാസം. എന്റെ മാനം കപ്പലു കയറി!
ചരിത്രം കഴിഞ്ഞിട്ട് വേണം പിള്ളാരെ, ഡ്രൈവിങ്ങ് പഠിപ്പിക്കാൻ എന്ന് കണക്ക് കൂട്ടിയിരുന്ന എന്നെ അവൻ അന്നവിടെ തോല്പിച്ചു.
മറ്റൊരു വഴിയുമില്ലാതിരുന്നതിനാൽ, വര്‍ക്ക് ഷോപ്പില്‍ പോയി മെക്കാനിക്കിനേം കൂട്ടി വന്ന് ഞാൻ കാര്യം പറഞ്ഞു.
എഞ്ചിനോയില്‍ ഒഴിക്കേണ്ട സ്ഥലത്ത് വെള്ളമൊഴിച്ചത് അബദ്ധം. അതു പോരാതെ നിങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചത് ശുദ്ധ അബദ്ധം.
ഇത്തരം അവസ്ഥയില്‍ വണ്ടി സ്റ്റാര്‍ട്ടാവില്ല, കഷ്ടകാലത്തിനെങ്ങാനും ഇനി അഥവാ എഞ്ചിന്‍ സ്റ്റാര്‍ട്ടായിരുന്നുവെങ്കില്‍, ഇപ്പോ പുതിയ എഞ്ചിന്‍ വാങ്ങി വക്കേണ്ടി വന്നേനെ!
ആരാണീ പണി ചെയ്തത്?
ശുദ്ധ പോക്രിത്തരം!
മെക്കാനിക്ക് നിറുത്താനുള്ള ഭാവമില്ല. എരിതീയിൽ എണ്ണയൊഴിക്കലോടൊഴിക്കൽ. പണ്ടാരം, ഇറാക്കിലെ എണ്ണ കിണറു ഇജ്ജാതി കത്തിക്കണത് സദ്ദാം പോലും കണ്ടിട്ടുണ്ടാവില്ല.
ആത്മാഭിമാനം എനിക്കെന്നും ചാരിത്ര്യത്തിനേക്കാൾ വിലപ്പെട്ടതായിരുന്നതിനാൽ, ഞാൻ പതിയെ റൂമിലേക്ക് വലിഞ്ഞു.
അല്ല മാഷെ, ഇനിയിപ്പോ എന്താ ചെയ്യാ? അക്ഷമനായ ഡൊമിനി ചോദിച്ചു.
ഇനിയിപ്പോ ഇതിലുള്ള വെള്ളം കലര്‍ന്ന എഞ്ചിനോയില്‍ കളയണം. എഞ്ചിനില്‍ ഒരു തുള്ളി വെള്ളം പോലും ഇരുന്നാല്‍ എഞ്ചിന്‍ സീസാകാൻ അതു മതി. എന്തായാലും, കരി ഓയില്‍ ഒഴിച്ച് ആദ്യം എഞ്ചിന്‍ വൃത്തിയാക്കണം. അതിനുശേഷം പിന്നെ കരിയോയില്‍ മാറ്റി മാറ്റി ഒരു രണ്ട് മൂന്ന് പ്രാവശ്യമെങ്കിലും ഒഴിച്ച് എഞ്ചിൻ ഫ്ലഷ് ചെയ്യണം. അതിനു ശേഷം, പുതിയ ഓയില്‍ ഒഴിച്ച് ഒന്നൊന്നര മണിക്കൂറോളം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് വച്ച് സെറ്റാക്കണം.
എന്തായാലും ഇന്നിനി ഇതൊന്നും ചെയ്യാൻ പറ്റില്ല. വണ്ടി കെട്ടി വലിച്ച് വർക്ക് ഷോപ്പിൽ കൊണ്ട് പോകേണ്ടി വരും. ഞാന്‍ നാളെ രാവിലെ വരാം.
ഏകദേശം, എത്ര രൂപയോളം ആവും ചേട്ടാ? ഡൊമിനിയുടെ ചോദ്യം മുറിയുടെ വാതിലിന്നു പുറകിൽ പതുങ്ങി നിന്നു ഞാൻ കേട്ടു.
ഒരായിരം, ആയിരത്തിയഞ്ഞൂറ് രൂപയോളം എന്തായാലും ആവും! അതിലും കൂടിയാലേയുള്ളൂ.
മസൂറി ട്രിപ്പ് ക്യാന്‍സല്‍ഡ്. ഡൊമിനി സ്പോട്ടിൽ തന്നെ ഡിക്ലയര്‍ ചെയ്തു.
പിറ്റേ ദിവസം രാവിലെ ആദികുറുമാനും, ഡൊമിനിയും അവനവന്റെ ഓഫീസിലേക്ക് പോയപ്പോള്‍, പിണങ്ങി പോയ പെണ്ണിനെ മുടിയിൽ കുത്തി പിടിച്ച് കൊണ്ടു പോകുന്ന വൃത്തികെട്ട പുരുഷനെപോലെ, പത്മിനിയേം കെട്ടിവലിച്ച്, മെക്കാനിക്ക്, പോകുന്നതിന്നു പിന്നാലെ, റോഡ് കിങ്ങ് ബൈക്കിൽ, ആയിരത്തിയഞ്ഞൂറു രൂപയുടെ കട ബാധ്യതയുമായി, വർക്ക് ഷോപ്പിലേക്ക് ഞാൻ പിൻ തുടർന്നു! മറ്റൊരു വഴിയുമുണ്ടായിരുന്നില്ല താനും!

2 comments:

കുറുമാന്‍ said...

ദില്ലി സ്മരണകൾ - 2

Muralee Mukundan , ബിലാത്തിപട്ടണം said...

അയ്യേ ഓയില് മാറ്റാനുള്ള
ഓട്ട പോലും തിരിച്ചറിയാത്ത മണ്ടന്മാർ ...!