വലിക്കാനെടുത്ത സിഗററ്റെല്ലാം അതേ വേഗതയില്‍ തിരികെ കൂട്ടില്‍ തിരുകി ഞങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്ന വെളിച്ചത്തിലേക്കു കണ്ണുകള്‍ നട്ട് നിന്നു. ഓടണോ, വേണ്ടയോ? ഓടിയാല്‍ എവിടെ വരെ? വണ്ടിയെടുക്കാതെ ഓടിയിട്ടും എന്ത് കാര്യം. എന്തായാലും വരുന്നത് വരുന്നിടത്തു വച്ചുകാണാം എന്നൊരു തീരുമാനത്തോടെ ഞങ്ങള്‍ അവിടെ ഉറച്ച് നിന്നു, ഉറച്ച് പോയി എന്നു പറയുന്നതാവും അതിന്റെ ഒരു ശരി.
വെളിച്ചം അടുക്കും തോറും കാര്യങ്ങള്‍ അല്പാല്പം വ്യക്തമായിതുടങ്ങി. കാരണം വെളിച്ചത്തിന്റെ ഉറവിടം ഒരു ടോര്‍ച്ചാണെന്നും, ആ ടോര്‍ച്ചിനു കീഴെയായി കാണുന്നത് നാല് മനുഷ്യ കാലുകള്‍ ആണെന്നും ഞങ്ങള്‍ക്ക് നഗ്ന നേത്രത്താല്‍ കാണാന്‍ സാധിച്ചു.
ദൈവമേ കാലിനു മുകളിലുള്ള ഉടല്‍ കാണുന്നില്ലല്ലോ? എന്തായാലും മനുഷ്യരാണെങ്കില്‍ അവര്‍ രണ്ട് പേരേ ഉള്ളൂ, ഞങ്ങളോ നാല് പേരും. മല്ലന്മാരായാല്‍ പോലും അരകൈയ്യോ, മുക്കാല്‍ കയ്യോ നോക്കാം.
അല്പം കഴിഞ്ഞപ്പോള്‍ നടക്കുന്നവരുടെ ശരീരപുഷ്ടിയും വെളിപെട്ടു. ഞങ്ങള്‍ നാലുപേരുടെ ആവശ്യമൊന്നും ഇല്ല. രണ്ടുക്ക് രണ്ട്. അത്രമാത്രം. എന്തായാലും ഇത്രയും ദൂരെ നിന്നു തന്നെ അവരുടെ ശരീരപുഷ്ടി കാണിച്ചു തന്ന സൂര്യനെപോലെ പ്രകാശിക്കുന്ന വെളിച്ചം! ഇത്രയും വെളിച്ചം വേണമെങ്കില്‍ ടോര്‍ച്ച് നല്ല ഗുണമേന്മയുള്ളതായിരിക്കണം!
ജീപാസ് ആണെന്ന് തണുപ്പന്‍.
അല്ല ബ്രൈറ്റ് ലൈറ്റ് ആയിരിക്കുമെന്ന് ഞാന്‍!
ടോര്‍ച്ചിലല്ല കാര്യം, ബാറ്ററിയുടെ ഗുണമാണ് വെളിച്ചത്തിന്റെ ഉറവിടം എന്നും,എവറഡിയുടെ ബാറ്ററിയാരിക്കും ആ ടോര്‍ച്ചിലെന്ന് ബാബു.
തീരുമാനിക്കാന്‍ വരട്ടെ വെളിച്ചം അടുത്തെത്തുമ്പോള്‍ നമുക്ക് ബ്രാന്റ് വായിച്ച് നോക്കി അറിയാമല്ലോ എന്ന് ഫസലു! (ബോധമുള്ള ഒരുത്തനെങ്കിലും ഉണ്ടെന്ന് വ്യക്തം).
വെളിച്ചം അടുത്തെത്തികൊണ്ടിരിക്കുന്നു. ചെമ്പട കഴിഞ്ഞു. ഇനി കൊട്ടികയറി കലാശത്തിലേക്ക് കയറാം.
ഹലോ, നിങ്ങളാരാ? പത്തടി ദൂരം അകലെ നിന്ന് ടോര്‍ച്ചിന്‍ വെളിച്ചം മുഖത്തേക്കടിച്ച് കൊണ്ട് കള്ളിമുണ്ടുടുത്ത ഒരു മനുഷ്യന്‍ ചോദിച്ചു.
ബൂ ഹ ഹ. അതെന്ത് ചോദ്യം ചേട്ടാ? ഇങ്ങോടടുത്ത് വാ, തണുപ്പന്‍ പറഞ്ഞു.
അവര്‍ ഒരഞ്ചടികൂടി അടുത്തേക്ക് വന്നു, അതെ നിങ്ങളെങ്ങിന്യാ ഇങ്ങോട്ട് കേറ്യേ? ഗെയിറ്റടച്ചിട്ടണ്ടായിരുന്നല്ലോ?
ചേട്ടാ, ഞങ്ങള്‍ അതിന്റെ സൈഡിലുള്ള കല്ലുകളില്‍ രണ്ടേ രണ്ടെണ്ണം മാറ്റി ഇങ്ങോട്ട് കടന്നു. ചേട്ടന്‍മാര്‍ വാ, ഇങ്ങോട്ടിരിക്ക്, മ്മക്ക് രണ്ടെണ്ണം അടിക്കാമെന്നേ.
ദേ ഒരു ജാതി മറ്റേതിലെ വര്‍ത്തമാനം പറയരുത്,
അതേ, പള്ളീല്‍ പോയി പറഞ്ഞാല്‍ മതി. നിങ്ങള് അതിക്രമിച്ച് കയറീട്ട് ഞങ്ങളെ വിളിച്ചിരുത്തി കുടിക്കാനും കുടിപ്പിക്കാനുമുള്ള ഭാവമാ? നടക്കില്ലാട്ടാ, ഈനാശൂന്റടുത്ത് (സാങ്കല്പിക നാമം) ആപ്പരിപാടി നടക്കില്ല (ഒരു ലോഡ് തൃശ്രൂര്‍ സ്പെഷല്‍ തെറി)
അല്ല ഈനാശ്വേട്ടാ, ഞങ്ങള്‍ എന്ത് തെറ്റാ ചെയ്തത് ?
പിന്നേം അര ലോഡ് തെറി, അതിന്നു പുറകെ, നിങ്ങള്‍ എന്ത് തെറ്റാ ചെയ്തേന്നാ?
ഒന്നാമത് ഡേഷോളേ, ഇവിടെ വൈകീട്ട് ആറു കഴിഞ്ഞാല്‍ ആരേം കടത്തില്ല, രണ്ടാമത്തേത്, ഗെയിറ്റടച്ചാ ഒരു ഡേഷോളും ഇവിടെ വന്നിട്ടില്ലാ. പിന്നെ നിങ്ങളെന്തു ഡേഷിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്? അതും പോട്ടെ, വന്നിട്ട് സൌകര്യായിട്ട് നിന്റമ്മായമ്മടെ വീട്ടിലെ പോലെയല്ലെ ഇരുന്ന് ജ്യൂസു കുടിക്കണത്.
പോട്ടെ ഈനാശ്വേട്ടാ, ഒരു തെറ്റ് പറ്റിപോയി. ഞങ്ങള് ഗെയിറ്റിലെ കല്ലൊക്കെ മാറ്റി വന്നിട്ട് നേരിട്ട് ദാ നിങ്ങളുടെ ക്വാര്‍ട്ടേഴ്സില്‍ വന്ന് വാതിലില്‍ തട്ടി വിളിക്കുകയാ ചെയ്തത്. ആരും തുറന്നില്ല. പിന്നേം, പിന്നേം തട്ടി. ആരും തുറന്നില്ല. അപ്പോഴല്ലെ, ഞങ്ങള്‍ ഇവിടെ വന്നിരുന്നത്.
അതൊന്നൊമറിയേണ്ട കാര്യല്ല്യസ്റ്റാ. നിങ്ങള്‍ ഇവിടെ കയറി വന്നത് അസമയത്ത്! അതും ഗേറ്റിലല്ലാണ്ട്, പണ്ടത്തെ സൈഡ് റോഡിലൂടെ. ഇതൊക്കെ മതി നിങ്ങളെ ഒരു വഴിക്കാക്കാന്‍.
ഞാന്‍ ഇപ്പോ പോലീസിനെ വിളിക്കും.
ചേട്ടാ, കളിക്കല്ലെ, ഇങ്ങോട്ടിരി, രണ്ടെണ്ണം അടി.
ഒരു തേങ്ങേം വേണ്ടറാ.
എന്നാ ഇത് വക്ക് (ഒരു ഇരുന്നൂറു രൂപ ചുരുട്ടി കൊടുത്തു)
പൊന്നു മക്കളേ, പൈസ വാങ്ങാനും, കള്ളുകുടിക്കാനും ഒന്നും ഈനാശുവില്ല. പാതിരാത്രിയില്‍ മനുഷ്യനെ മെനക്കെടുത്താണ്ട് നിങ്ങള്‍ ഒന്ന് പോയി തര്വോ?
ചേട്ടാ, ദേ ഇങ്ങോട്ട് നോക്കിയേ, കഴിച്ച് വച്ചിരിക്കുന്ന ഈ ഭക്ഷണങ്ങള്‍ ഞങ്ങള്‍ കഴിച്ചിട്ട് പെട്ടെന്ന് പോകാം.
അതേ, ഞാന്‍ പറഞ്ഞു നിങ്ങളോട്, ഇവിടുന്ന് പോകാന്‍. അല്ലെങ്കില്‍ എനിക്ക് പോലീസിനെ വിളിക്കേണ്ടി വരും. അദ്ദേഹം പിന്നേയും പഴയ ചാക്കില്‍.
ഞങ്ങള്‍ക്കൊരുമിച്ചാണ് തീ പിടിച്ചത്.
എന്നാല്‍ താന്‍ വിളിക്കറോ, ഞങ്ങള്‍ ഇവിടെ രണ്ട് മൂന്ന് മണിക്കൂറായി ഇരിക്കുന്നു. ബോദോധയം കിട്ടിയപോലെ താന്‍ എവിടുന്നു പൊട്ടി മുളച്ചു എന്ന് ഞങ്ങള്‍ക്കൊന്നറിയണമല്ലൊ? ആരാണാദ്യം ഈ വാചകം പറഞ്ഞതെന്നോര്‍മ്മയില്ല.
ആ വാചകത്തോട് കൂടി അദ്ദേഹം ഒന്ന് തണുത്തു.
അല്ല അനിയന്മാരെ, ബാക്കിയുള്ളോന്റെ ഉറക്കം പോയത് പോയി. ഇനി ഈ അസമയത്ത് വഴക്കിനും വയ്യാവേലിക്കൊന്നും നിക്കണ്ട. നിങ്ങള്‍ പരിപാടി മതിയാക്കി ഒന്ന് പോയിതര്വോ?
ന്യായം. പക്കാ ന്യായം. അതിക്രമിച്ചുള്ളില്‍ കടന്ന സാമൂഹ്യവിരുദ്ധരോട് ഇതിലേറെ മര്യാദയില്‍ ഒരു ദൈവം തമ്പുരാനും പറയാന്‍ കഴിയില്ല.
വിരിച്ച പേപ്പറില്‍ നിരത്തിവച്ച് കഴിച്ച് വച്ചിരുന്ന സാധനങ്ങള്‍ പേപ്പറോടെ ചുരുട്ടിയെടുത്ത് വേസ്റ്റ്ബിന്നില്‍ ഇട്ടു. ജ്യൂസും, ഗ്ലാസ്സും എടുത്ത് വണ്ടിയില്‍ വച്ചു.
പോട്ടെ ചേട്ടാ, അസമയത്ത് ഇവിടെ വന്ന് കയറി ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കുക. ഞങ്ങള്‍ പോകുന്നു.
വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല അനിയന്മാരെ. പണിപോകുന്ന കാര്യമാ. നിങ്ങള്‍ പകല്‍ വാ നമുക്കിവിടെയൊക്കെ കാണാം, സംസാരിക്കാം ഡ്യൂട്ടികഴിഞ്ഞാല്‍ വേണേല്‍ കൂടുകയും ചെയ്യാം.
നന്ദിപറഞ്ഞ് കൊണ്ട് വണ്ടിയെടുത്ത് ഞങ്ങള്‍ ഇറങ്ങി. താഴെ തൃശ്രൂര്‍ പട്ടണം കല്യാണം കഴിഞ്ഞ കല്യാണവീടുപോലെ അവിടെയും ഇവിടെയും കത്തിക്കൊണ്ടിരിക്കുന്ന ഓരോ ലൈറ്റുകളുമായി മയങ്ങുന്നു.
സമയം ഒന്നൊരയായിരിക്കുന്നു. ദാഹവും വിശപ്പും ശമിച്ചിട്ടുമില്ല.
വരുമ്പോള്‍ പാഴ്സല്‍ വാങ്ങിയ തട്ടുകട കവലയിലേക്ക് വണ്ടി വിട്ടു തണുപ്പന്‍. അവിടെ ചെന്ന് അവശേഷിച്ചിരുന്നതെല്ലാം പൊതിഞ്ഞ് കെട്ടിയെടുത്തതിനുശേഷം വണ്ടി എന്റെ വീട് ലക്ഷ്യമാക്കി വിട്ടു. പോകുന്ന വഴിക്ക് റോഡില്‍ അവിടേയും ഇവിടേയുമൊക്കെ നിറുത്തി എഞ്ചിന്‍ റിച്ചാര്‍ജ് ചെയ്തു. വീട്ടിന്നു മുന്‍പില്‍ വണ്ടി നിറുത്തി.
ലെയിറ്റെല്ലാം അണച്ചിരിക്കുന്നു. ഗെയിറ്റ് താഴിട്ട് പൂട്ടിയിരിക്കുന്നു. കള്ളന്മാര്‍ക്ക് ചെടിച്ചട്ടികളായായാലും മതി എന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉറങ്ങുന്നതിനു മുന്‍പ് ഗെയിറ്റ് താഴിട്ട് പൂട്ടുക എന്നത് അച്ഛന്റെ ശീലമാണ്. നായകള്‍ എന്റെ ഒപ്പമുള്ളവരെ കണ്ടതിനാല്‍ ഉണ്ടചോറിന്റെ നന്ദി കാണിക്കാന്‍ വേണ്ടി വെറുതെ കുരച്ച്കൊണ്ടിരുന്നു. കുരകേട്ടിട്ടാകണം പോര്‍ച്ചിലെ വെളിച്ചം തെളിഞ്ഞു. വാതില്‍ തുറന്ന് അച്ഛന്‍ ചോദിച്ചു, ആരാ പടിക്കല്‍?
അച്ഛാ ഞങ്ങളാ.
ഓഹ് വരാറായാ എന്നുള്ള മുഖവുരയോടെ ചാവിയുമായി വന്ന് ഗെയിറ്റ് തുറന്നു. വണ്ടി ഞാനെടുത്തുള്ളില്‍ ഇട്ട് ഗെയിറ്റ് പൂട്ടി. അച്ഛന്‍ എല്ലാവരേയും പരിചയപെട്ടു. അപ്പോഴേക്കും ഉമ്മറത്ത് അമ്മയും പ്രത്യക്ഷപെട്ടു.
സമയത്തിന് വരില്ലെങ്കില്‍ ഒന്ന് വിളിച്ചു പറഞ്ഞൂടെ മോനെ. നാട്ടില്‍ കള്ളമാരുടെ ശല്യം അല്ലെങ്കിലേ കൂടുതലാ. നിങ്ങള്‍ക്കൊക്കെ ഇപ്പോഴും കുട്ടികളിയാ. പേപ്പറില്‍ ദിവസവും വായിക്കുന്ന ഓരോ വാര്‍ത്തകള്‍, ഹൌ എന്ത് കാലമപ്പാ. എന്നിട്ടാ നട്ടപാതിരക്ക് വണ്ടിയില്‍ കറങ്ങി നടക്കണത്. വര്‍ത്തമാനത്തിന്റെ ഇടയില്‍ തന്നെ വണ്ടിയില്‍ നിന്നും പൊതികളൊക്കെ എടുത്ത് ഞങ്ങള്‍ ചെരിപ്പൊക്കെ അഴിച്ച് വച്ച് ഉള്ളില്‍ കയറി.
നിങ്ങള്‍ ഭക്ഷണം കഴിച്ചോ? (മാതൃസ്നേഹം, നട്ടപ്പാതിരക്കും, കൊച്ചുവെളുപ്പാന്‍ കാലത്തുമൊക്കെ കയറിവരുന്നവരോട് അങ്ങനെ ചോദിക്കാനുള്ള ക്ഷമ ഭാര്യമാര്‍ക്ക് പോലും ഉണ്ടാവില്ല).
ഇല്ലമ്മെ.
ഞാന്‍ ചോറെടുത്ത് ചൂടാക്കി വിളമ്പാം, നിങ്ങള്‍ വസ്ത്രങ്ങളൊക്കെ മാറ്റി കയ്യും കാലും കഴുകി വാ.
വേണ്ടമ്മെ, അമ്മയും അച്ഛനും കിടന്നോളൂ. ഞങ്ങള്‍ പാഴ്സല്‍ കൊണ്ട് വന്നിട്ടുണ്ട്.
എങ്കില്‍ രാവിലെ വരെ സംസാരിച്ചിരിക്കാണ്ട് വേഗം കഴിച്ചുറങ്ങാന്‍ നോക്ക് - അച്ഛന്റെ വക.
അവര്‍ അവരുടെ മുറിയിലേക്ക് പോയി, ഞങ്ങള്‍ എന്റെ മുറിയിലേക്കും.
പൊതിഞ്ഞുകൊണ്ട് വന്ന ഭക്ഷണമൊക്കെ നിലത്ത് വട്ടമിട്ടിരുന്ന് കഴിച്ച് തുറന്നെടെത്ത് കഴിച്ചു. വിശപ്പുണ്ടായിരുന്നതിനാല്‍ നല്ല സ്വാദ് തോന്നി. അല്ലെങ്കിലും തട്ടുകടയിലെ സ്വാദ് ഫൈസ്റ്റാര്‍ ഫുഡിനും കിട്ടില്ലല്ലോ!
ഭക്ഷണ ശേഷം സ്ഥലം വൃത്തിയാക്കി നിലത്ത് കിടക്ക വിരിച്ചു. രണ്ട് പേര്‍ കട്ടിലിലും രണ്ട് പേര്‍ താഴെയും കിടന്നു. കിടന്നതേ ഓര്‍മ്മയുള്ളൂ. പിന്നെ കണ്ണു തുറന്നത്, ഡാ എണീക്കടാ, മണി ഒമ്പത് കഴിഞ്ഞു, പല്ലുതേച്ച് കുളിച്ച് പ്രാതല്‍ കഴിക്കാന്‍ വാ എന്ന അച്ഛന്റെ വിളികേട്ടാണ്.
എല്ലാവരും എഴുന്നേറ്റു. പല്ലുതേപ്പും, കുളിയും ചടുപിടാന്ന് കഴിച്ച്, വസ്ത്രങ്ങള്‍ മാറി വന്നപ്പോഴേക്കും, ആവി പറക്കുന്ന ഇഡ്ഡലിയും, തേങ്ങാ ചട്നിയും, സാമ്പാറും, ചായയും ഡൈനിങ്ങ് ടേബിളില്‍ തയ്യാര്‍. എല്ലാരും ഒത്ത് പിടിച്ച് പാത്രം കാലിയാക്കി എഴുന്നേറ്റ് കൈ കഴുകി.
തണുപ്പനും, ബാബുവും, ഫസലുവും അച്ഛനുമമ്മയേയും കാര്യമായി പരിചയപെട്ടു.
ഡോക്ടേഴ്സല്ലെ!
സംഭാഷണം അച്ഛന്റെ കഴിഞ്ഞ ബൈപാസ് സര്‍ജറിയെകുറിച്ചും, അമ്മയുടെ വലതുകാല്പത്തിയിലെ തള്ളവിരലിലെ എല്ല് വളര്‍ച്ചയെകുറിച്ചുമൊക്കെയായി.
അമ്മക്കൊരു ഫുള്‍ മെഡിക്കല്‍ ചെക്കപ്പ് വേണമെന്ന് ഞാന്‍ ശഠിച്ചു.
നീ ഒന്ന് മിണ്ടാതിരുന്നേ ചെക്കാ, ദൈവം സഹായിച്ച് എനിക്കൊരു കുഴപ്പവുമില്ല. അറുപതാകാറായി. നിങ്ങളൊക്കെ സ്വന്തം ആരോഗ്യം കളയാണ്ട് നടന്നാല്‍ മതി.
തണുപ്പന്‍ അപ്പോള്‍ തന്നെ വിളിച്ച്, തൃശൂരിലെ പ്രമുഖമായ രണ്ട് ഹോസ്പിറ്റലിലെ ഡോക്ടേഴ്സുമായി സംസാരിച്ചു. ഫുള്‍ മെഡിക്കല്‍ ചെക്കപ്പിനു എപ്പോള്‍ വേണമെങ്കിലും ചെല്ലാം എന്നറിയിക്കുകയും ചെയ്തു. അവരുടെ നമ്പറുകളും കുറിച്ച് അച്ഛന്റെ കയ്യില്‍ നല്‍കി.
അച്ഛാ ഇപ്രാവശ്യമെങ്കിലും അമ്മയെകൊണ്ട് പോയൊന്ന് ചെക്ക് ചെയ്യിക്കൂ എന്ന ഞാന്‍ പറഞ്ഞപ്പോള്‍ അമ്മ വീണ്ടും പറഞ്ഞു, എനിക്ക് ദൈവം സഹായിച്ച് ഒരു കുഴപ്പവുമില്ല, എട്ട് വയസ്സ് തൊട്ട് രാവിലെ നാലരക്ക് എഴുന്നേല്‍ക്കുന്നതാ, ഇപ്പോഴും അത് തന്നെ. കേട് വരാണ്ട് നിങ്ങള് മക്കളൊക്കെ സ്വന്തം ശരീരം നോക്ക്യാ മതി. ഇത്രയൊക്കെ ആയില്ലെ. ഇനി അങ്ങോട്ട് വിളിച്ചാല്‍ പോകാന്‍ ഞാന്‍ തയ്യാറാ. പറക്കമുറ്റാത്തപിള്ളാരൊന്നുമല്ലല്ലോ നിങ്ങള്‍, അച്ഛനും നല്ല ആരോഗ്യം, ഇനി ഞാന്‍ പോയാലും ഒരു കുഴപ്പോം ഇല്ല.
അമ്മയോടെന്ത് പറയാന്‍? ഒല്ലൂക്കാവ്, കാരമുക്ക്, വടക്കുംനാഥന്‍, പാറമേക്കാവ്, തിരുവമ്പാടി, ഇവിടുത്തെ മൊത്തം പ്രതിഷ്ടയായ ദേവാ ദേവികളെല്ലാം തന്നെ അമ്മയുടെ ഒപ്പമാണെന്ന് അമ്മ വിശ്വസിക്കുന്നു.
അമ്മയുടെ വിശ്വാസം അമ്മയെ പൊറുപ്പിക്കട്ടെ.
ഞങ്ങള്‍ പുറത്ത് പോകുന്നു, അമ്മയോടും അച്ഛനോടും പൊതുവായി പറഞ്ഞു.
ഉച്ചക്ക് ഉണ്ണാന്‍ ഉണ്ടാകുമോടാന്ന് അമ്മ ചോദിച്ചപ്പോള്‍ പറഞ്ഞു,
ഇല്ല.
രാത്രിക്കോന്ന് അച്ഛന്‍.
ഉണ്ടെങ്കില്‍ വിളിച്ചറിയിക്കാമെന്ന് പറഞ്ഞ് ഗെയിറ്റ് തുറന്ന് വണ്ടി പുറത്തിറക്കി ഞങ്ങള്‍ പുറത്തിറങ്ങി.
വണ്ടി ഓടിച്ചുകൊണ്ടിയിരുന്ന എനിക്കെതിരെ ജിബു ഒരു ചോദ്യം എറിഞ്ഞു. കുറുമാനെ യാത്രയെങ്ങോട്ടാ? കേട്ട് പരിചയം ഉള്ള മാപ്രാണം ഷാപ്പിലേക്കല്ലെ?
എന്തൊരു മന:പൊരുത്തം!
അതെ വണ്ടി മാപ്രാണം ഷാപ്പിലേക്ക് തന്നെ. പത്തര, പതിനൊന്നിനുശേഷം ചെന്നാല്‍ നല്ല കള്ള് വല്ലതും ശേഷിച്ചിട്ടുണ്ടെങ്കില്‍ അതും പുളിക്കും.
എങ്കില്‍ വേഗം വിട്ടോ, പിന്നില്‍ നിന്ന് വന്ന ശബ്ദം ഡ്യൂയറ്റായിരുന്നു.
വണ്ടി അരമണിക്കൂറിന്നകം മാപ്രാണം ഷാപ്പില്‍ പാര്‍ക്ക് ചെയ്ത് ഉള്ളില്‍ കയറി. ജോയിയേട്ടന്‍ കല്‍പ്പിച്ചരുളിയ ബെഞ്ചില്‍ ഇരുപ്പുറപ്പിച്ചു.
സ്പെഷല്‍ കുടം കള്ള് നാലെണ്ണം ഡെസ്കില്‍ നിരന്നു. കഴിക്കാനായി പതിവുപോലെ, ഞണ്ട്, കാട, മീന്‍ മുട്ട, ഒലത്തിയത്, മലത്തിയത്, പൊരിച്ചത്, വറുത്തത്, ചുട്ടത് മുതലായവയും എത്തി.
കഴിക്കുന്നവരൊത്ത് പാട്ട് പാടിയും, കവിതചൊല്ലിയും, ചുമ്മാ കയറി ഉരസിയും ഒക്കെ ഓരോ നിമിഷങ്ങളും ഞങ്ങള്‍ ആസ്വദിച്ചു.
റഷ്യയിലൊന്നും ഇത്ര സുഖമില്ല ബാറില്‍ എന്ന കമന്റ് ഫസലു ഇടക്ക് പറയുന്നത് ഞങ്ങള്‍ കണക്കിലെടുത്തതേയില്ല. അതേ കമന്റ് ഇടക്ക് ബാബുവും, തണുപ്പനും പറഞ്ഞത് ഞാനും കണക്കിലെടുത്തില്ല.
രണ്ട് മൂന്ന് റൌണ്ട് കഴിഞ്ഞു. സമയം ഒന്നര കഴിഞ്ഞു. ഇനി അല്പം കാറ്റേറ്റു വിശ്രമം അത്യാവശ്യം എന്നൊരു തീരുമാനത്താല്‍ ഞാന്‍ പറഞ്ഞു. ഇവിടെ കുറച്ചധികമായില്ലെ, ഇനി ബാക്കി കോന്നിലം പാടത്തെ ഷാപ്പില്‍. അതും ജോയിയേട്ടന്റെ ഷാപ്പ് തന്നെ.
എങ്കില്‍ ശരി അങ്ങോട്ട്.
എല്ലാരും തയ്യാറായി.
ബില്ലെത്രയായി?
കാശ് പെട്ടിയില്‍ ചോക്കാല്‍ കുറിച്ചിട്ടാ കോഡ് ഭാഷ വരമൊഴിയിലേക്കാക്കിയതിനുശേഷം പിന്നെ യൂണീക്കോഡിലാക്കി പറഞ്ഞു വെറും എണ്ണൂറ്റിനാല്പത്തിനാലുറുപ്പ്യ.
ബില്ല് കൊടുത്ത് ജോയിയേട്ടനോട് പറഞ്ഞു, ഇനി കോന്നിലം പാടത്തേക്കാ. അവിടെ വല്ലോം കിട്ട്വോ കൊറിക്കാന്‍?
ഇവിടെയുള്ളതെല്ലാം അവിടേം കിട്ടും. മൂന്നിലൊന്ന് അവിടേക്കും, രണ്ടും ഭാഗം ഇങ്ങോട്ടും അതാ പതിവ്. അവിടെ തിരക്ക് കുറവല്ലെ? മനുഷ്യര്‍ നടക്കാത്ത വഴിയില്‍ എന്ത് കച്ചവടമിഷ്ടാ?
ഇനിയും വരാമെന്നുറപ്പോടെ യാത്രപറഞ്ഞുകൊണ്ട് ഞങ്ങള്‍ വണ്ടിയില്‍ കയറി. ഡ്രൈവിങ്ങ് സീറ്റില്‍ ഞാനും.
ഇനി എങ്ങോട്ട്?
കോന്നിലം പാടത്തേക്കെന്നല്ലേ കുറുമാനെ ജോയിയേട്ടനോട് പറഞ്ഞത്?. മൂവരും ഒരുമിച്ച് ചോദിച്ചു.
അതെ. കോന്നിലം പാടത്തേക്ക് തന്നെയാന്നാ പറഞ്ഞത്.
സമയം ഒന്നര കഴിഞ്ഞതല്ലെയുള്ളൂ, എങ്കില്‍ വണ്ടി അങ്ങോട്ട് വിട്. എന്താ സംഗതി എന്ന് നോക്കാമല്ലോ?
കോന്നിലം പാടം ലക്ഷ്യമാക്കി ഞാന്‍ വണ്ടിയെ പായിച്ചു.