നേരം പരപരാന്ന് വെളുത്ത് തുട്രങ്ങിയിട്ട് പോലുമില്ല,
ഹാളിൽ നിന്നും കരച്ചിലിന്റെ ശബ്ദം കേട്ട് ഞാൻ വന്നപ്പോ, കുത്തിച്ചാരി വച്ചതുപോലെയിരുന്നു പൊട്ടികരയുന്ന വാമം! എന്താ, എന്താ, എന്നൊന്നും ചോദിച്ചിട്ടൊന്നും യാതൊരു മറുപടിയുമില്ല! കരച്ചിലോട് കരച്ചിൽ മാത്രം.
ദൈവമേ, ഇന്നലെ വ്യാഴവും, വെള്ളിയുമൊന്നുമല്ലായിരുന്നല്ലോ! ഇനി അബദ്ധവശാൽ പൂക്കുറ്റിയായി ഞാൻ എന്തേലും പറഞ്ഞ് വിഷമിപ്പിച്ചിരിക്കാനുള്ള സാധ്യതയും തീരെ ഇല്ല. കാരണം ഇന്ന് തിങ്കളാഴ്ചയാണു.
കരച്ചിലിന്റെ ഇടയിലും അവളുടെ കയ്യീന്ന് ഫോൺ വാങ്ങി നോക്കി, ഇല്ല വെളുപ്പാൻ കാലത്ത് പോയിട്ട് ഇന്നലെ രാത്രി പോലും നാട്ടിൽ നിന്നോ, അവളുടെ വീട്ടിൽ നിന്നോ, ഫോണുകളൊന്നും വന്നിട്ടില്ല. വാട്സാപ്പിലും മെസ്സേജുകൾ പുതിയതായൊന്നും കാണുന്നില്ല.
ബെഡ്റൂമിൽ പോയി നോക്കി. പിള്ളാർ രണ്ടും മൂടി പുതച്ച് കിടന്നുറങ്ങുന്നുണ്ട്. എന്റെ ബോഡിയൊന്നും അവിടെ കാണാനുമില്ല. ഡ്രെസ്സിങ്ങ് ടേബിളിനു മുൻപിൽ പോയി, ഞാൻ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ലൈറ്റുകളുടെ പ്രകാശം തലയിലേക്കടിച്ചപ്പോൾ കണ്ണഞ്ചിപോയെന്നൊഴിച്ചാൽ മുഖം എന്റേതു തന്നെ. ഗ്ലാമറിനൊന്നും യാതൊരു കുറവുമില്ല! തുടയിൽ പിച്ചി നോക്കി, വേദനിക്കുന്നുണ്ട്. ഇല്ല, ഞാനും മരിച്ചിട്ടില്ല!
വീണ്ടും ഹാളിലേക്ക്. അവളുടെ കരച്ചിലിനൊരു ശമനവുമില്ല. മൂക്കു പിഴിയുന്ന ടിഷ്യൂ, മുറക്ക്, വലത്തേക്കയ്യിൽ നിന്നും ഇടത്തേ കയ്യിലേക്ക് മാറ്റി ചുരുട്ടി പിടിച്ചുകൊണ്ടാണു കരച്ചിൽ.
പതം പറച്ചിലില്ല, എന്നാലൊട്ട് എന്തിനാണു കരയുന്നതെന്ന എന്റെ ചോദ്യത്തിനുത്തരവുമില്ല!
എന്ത് പണ്ടാരകെട്ടാണിതെന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. കൺഫ്യൂഷനടിച്ച് എന്ത് ചെയ്യണമെന്നറിയാതെ ചിന്തിച്ചിരിക്കുന്നതിന്നിടയിലാണു എന്റെ ശ്രദ്ധ ടേബിളിൽ തലയുയർത്തി നിന്ന് പ്രകാശിക്കുന്ന എന്റെ കമ്പ്യൂട്ടറിൽ ചെന്നെത്തിയത്.
ശ്ശെടാ, ഇന്നലെ രാത്രി ഉറങ്ങാൻ നേരത്ത് ഷട്ട് ഡൗൺ ചെയ്ത്, അടച്ച് വച്ചിരുന്നതായിരുന്നല്ലൊ! ഇതിപ്പോൾ രാവിലെ എങ്ങിനെ ഓണായി!
ദൈവമേ, ഉറക്കം വരാതെ ഇരുന്നപ്പോൾ, ഇവൾ അതെങ്ങാനും ഓണാക്കി എഫ് ബിയിലോ മറ്റോ കയറിയപ്പോൾ ഏതെങ്കിലും അമ്മായി, അമ്മൂമ്മ, നാത്തൂന്മാരാരെങ്കിലും, , ഞാനാണെന്ന് കരുതി കുറുങ്ങാൻ വന്നതെങ്ങാനും കണ്ടിട്ടാണോ ഈ കരച്ചിൽ!
ചാൻസില്ല, തീരെയില്ല!
അങ്ങിനെ വല്ലതുമാണെങ്കിൽ തന്നെ പെണ്ണുമ്പിള്ള കരയാനായി ഒരു സാധ്യതയുമില്ല. പൊട്ടിചിരിക്കുകയേയുള്ളൂ. മാൻഡ്രേക്കിന്റെ തലപോലെ എങ്ങിനെ ഈ കുരിശ് ഒഴിവാക്കണമെന്ന് തലപുകഞ്ഞാലോചിച്ചിട്ടും, ഏഴരശനി പോലെ, കൊണ്ടേ പോകൂ എന്നുള്ള അവസ്ഥയിൽ, ആരേലും ഇങ്ങോട്ട് ഇടിച്ച് കയറി വന്ന്, അതിനി എഫ് ബിയിൽ ആയിക്കോട്ടെ, വാറ്റ്സാപ്പിൽ ആയിക്കോട്ടെ, ഇങ്ങ് തന്നേക്കൂ എന്ന് പറഞ്ഞാൽ പടച്ച തമ്പുരാനായാലും സന്തോഷം തോന്നും, പൊട്ടിച്ചിരിച്ചിരിക്കും. കൈമാറും എന്നല്ലാതെ പൊട്ടിക്കരയാനുള്ള സാധ്യത ലവലേശമില്ല.
അപ്പോ, അതുമല്ല ഹേതു.
ങേ! എന്റെ ജി മെയിൽ തുറന്ന് കിടക്കുന്നു. അതിൽ വന്നിരിക്കുന്ന ഒരു ഇമെയിലും.
സംഭവം പിടികിട്ടി. കരച്ചിലിന്റെ കാരണവും!
തേടിയ ഇമെയിൽ കണ്ണിൽ പെട്ടു. കഴിഞ്ഞയാഴ്ച വന്ന ഒരു മെയിലാണു കരച്ചിലിന്റെ പിന്നിൽ.
ലാപ്പ്ടോപ്പെടുത്ത് ലാപ്പിൽ വച്ച്, മെയിലെടുത്ത് ഞാൻ വായന തുടങ്ങി.
കരച്ചിലിന്റെ അത്ഭുതകരമായ 17 ഗുണഗണങ്ങൾ! അക്കമിട്ട് നിരത്തി, അതിമനോഹരമായി വിവരിച്ചിരിക്കുന്നു.
കൊള്ളാം! തലക്കെട്ട് തന്നെ കലക്കി കടുക് വറുത്ത്, കറിവേപ്പിലേം, വറമുളകും ഇട്ടിട്ടുണ്ട്. കാണാൻ മനോഹരമാണെന്ന് മാത്രമല്ല, സുഗന്ധപൂരിതവുമാണു.
1) മാനസിക സമ്മർദ്ധം കുറക്കുവാൻ കരച്ചിൽ സഹായിക്കുന്നു. (It helps release stress)
2) സ്വരുക്കൂട്ടി വെച്ചിരിക്കുന്ന, വികാര വിക്ഷോഭങ്ങളെ പുറത്തേക്ക് തള്ളുവാൻ കരച്ചിൽ സഹായകമാണു. (It's a sign that a pent up emotion is being let out)
3)നിങ്ങൾക്കുണ്ടായിട്ടുള്ള മാനസിഘാതത്തിൽ നിന്നും കരകയറുവാൻ കരച്ചിൽ ചെയ്യുന്ന സഹായം ചില്ലറയല്ല ( It helps your body bounce back from trauma)
4)നിങ്ങൾക്ക് സഹായസഹകരണങ്ങൾ ആവശ്യമുണ്ടെന്ന് മറ്റുള്ളവർക്ക് നൽകുന്ന ഒരു അടയാളമായിട്ടും കരച്ചിലിനെ കണക്ക് കൂട്ടാം (It signals to others that you need support)
5) കരച്ചിൽ ഒരു വേദന സംഹാരികൂടിയാകുന്നു (It soothes physical pain)
6) ശരീര ശുദ്ധീകരണത്തിനും കൂടി കരച്ചിൽ സഹായിക്കുന്നുവത്രെ (It's cleansing)
7) കരച്ചിൽ നിങ്ങളെ സന്തോഷവാനായിരിക്കുവാൻ സഹായിക്കുന്നു (It allows you to be happy, too)
8)അതിവേഗം, ബഹുദൂരം (It's the fastest way to move on)
9)മനുഷ്യപറ്റില്ലാത്ത ടൈപ്പ് മനുഷ്യന്മാരെ പോലും കരച്ചിൽ അടുപ്പിക്കുമത്രെ (It brings people closer together)
10) കണ്ണുകൾ വൃത്തിയാക്കുന്നതിനു കരച്ചിനിലുള്ള പങ്കിനെ ഇനിയെങ്കിലും കുറച്ച് കാണരുതേ (It keeps your eyes clean)
11) കരച്ചിൽ രോഗവിമുക്തി നേടുവാൻ പ്രകൃതിദത്തമായി നിങ്ങളെ സഹായിക്കുന്നു (It's a natural part of the healing process)
12) മാനസികാവസ്ഥ സംതുലനം ചെയ്യുന്നതിലും കരച്ചിൽ നല്ലൊരു പങ്ക് വഹിക്കുന്നു (It alters your mood)
13)മൂക്കടപ്പ് തുടങ്ങി, മൂക്കിലെ മറ്റ് തടസ്സങ്ങളൊക്കെ കരച്ചിൽ ക്ലിയർ ചെയ്യും (It clears out our nasal passage)
14)വിഷാദത്തിനെ തടുക്കുവാനും കരച്ചിൽ സഹായിക്കുന്നു (It can prevent depression)
15)ആരോഗ്യവാനും, ആരോഗവതികളുമാരിക്കുവാനും കരച്ചിൽ സഹായിക്കുന്നു (It helps you stay healthy)
16)ഗഹനമായ ഉറക്കത്തിനും കരച്ചിൽ സഹായിക്കുന്നു (It helps you sleep more soundly)
17) ബ്ലഡ് പ്ലഷർ കുറക്കുവാനും കരച്ചിൽ സഹായിക്കുന്നു (It lowers blood pressure)
വായിച്ച് വന്നപ്പോൾ, ഇതെല്ലാം അറിയാൻ വൈകിപ്പോയല്ലോയെന്നാലോചിച്ചപ്പോൾ എനിക്കും കരച്ചിലടക്കാനായില്ല. വാമഭാഗത്തെ ചേർത്ത് പിടിച്ച് ഞാനും വിതുമ്പാൻ തുടങ്ങി. എന്റെ ചുമലിൽ തല ചായ്ച്ച് വച്ചവൾ ഏങ്ങിയേങ്ങി, കരഞ്ഞു. ഏങ്ങലടിച്ചുള്ള അവളുടെ കരച്ചിലു കണ്ടപ്പോൾ വിതുമ്പുന്ന ഞാനും ടോണൊന്നു മാറ്റി ഉച്ചത്തിൽ കരയുവാൻ തുടങ്ങി.
ഞങ്ങളൂടെ രണ്ടുപേരുടേയും കരച്ചിൽ കേട്ട് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന കുറുമി കുട്ടികൾ കാരണമെന്തെന്നറിയാതെ ഞങ്ങളുടെ ഇടതും വലതുമായിരുന്നു. കാര്യമായെന്തോ സംഭവിച്ചു എന്ന് മാത്രം മനസ്സിലായ അവർ, മറ്റു കാര്യകാരണങ്ങളൊന്നും ചികയാതെ തന്നെ ഞങ്ങളുടെ കരച്ചിലിൽ പങ്ക് ചേർന്നു. പരസ്പരം കെട്ടിപിടിച്ച്കൊണ്ട് ഞങ്ങൾ നാലു പേരും പൊട്ടി പൊട്ടി, അലമുറയിട്ട് കരഞ്ഞുകൊണ്ടേയിരുന്നു!
കൂടുതൽ വായനക്ക് - https://bestlifeonline.com/benefits-of-crying/
2 comments:
വരൂ നമൊക്കൊന്ന് പൊട്ടിക്കരയാം
കരയിപ്പിക്കാറെയുള്ളൂ ..,
ഇത്രയതികം ബെൻഫിറ്റുകൾ ഉണ്ടെങ്കിൽ , ഇനി ശരിക്കൊന്ന് കരയണം ..!
Post a Comment